

സേലം, ആര്‍ക്കാട് ജില്ലകളിലെ അധഃസ്ഥിത ഗ്രാമീണര്‍ നവജാതശിശു പെണ്ണാണെങ്കില്‍ ഉടന്‍, കുഞ്ഞിന്റെ കരച്ചില്‍ പുറത്തുവരാനനുവദിക്കാതെ ശ്വാസം മുട്ടിച്ചോ വെള്ളത്തില്‍ മുക്കിയോ കൊല്ലുന്നു എന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ വാര്‍ദ്ധക്യത്തിലേക്കു കടന്നുകഴിഞ്ഞ വിദ്യാസമ്പന്നയും ജീവിക്കാന്‍ ബുദ്ധിമുട്ടില്ലാത്തവരുമായ ഒരു നമ്പൂതിരിസ്ത്രീ പറഞ്ഞു: ''ഞങ്ങളൊക്കെ വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതാ ഭേദമെന്നു തോന്നും. ഒന്നും അറിയേണ്ടല്ലോ.''
അര നൂറ്റാണ്ടിനു മുന്‍പ് നമ്പൂതിരിപ്പെണ്‍കുട്ടികള്‍ വളര്‍ന്നുവന്ന സാഹചര്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്തവര്‍ അപ്പോള്‍ അന്തംവിട്ട മാതിരി ചോദിച്ചു:
''നമ്പൂതിരിമാരെപ്പറ്റി ഒരുപാടു കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഞെക്കിക്കൊന്നിരുന്നു എന്ന് ഒരാളും പറഞ്ഞുകേട്ടിട്ടില്ല.''
ശരിയാണ്, അന്തര്‍ജ്ജനം തുടര്‍ന്നു. കൊന്നില്ല എന്നതിനുദാഹരണമാണല്ലോ ഞങ്ങളൊക്കെ. ഒരു കണക്കിന് നിത്യജീവിതത്തില്‍ അത്രയ്‌ക്കൊന്നും കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടില്ലാത്ത എനിക്കുകൂടി ഇന്നാലോചിക്കുമ്പോള്‍ തമിഴത്തിക്കൊച്ചുങ്ങളായിരുന്നു ഭാഗ്യവതികളെന്ന് തോന്നുന്നുണ്ട്. ഒരു നല്ല ശതമാനം മാതാപിതാക്കള്‍ പെണ്ണിനെ വളര്‍ത്താന്‍ കഴിവില്ലാത്തവരായിരുന്നു. വീട്ടിനും നാട്ടിനും ഭാരമായൊരു പെണ്ണുണ്ടാവുന്നതില്‍ ഭേദം, സ്‌നേഹിക്കാനോ സ്‌നേഹിക്കപ്പെടാനോ ആകും മുന്‍പ് ഇങ്ങനെയൊരവസരമുണ്ടാക്കുകയല്ലേ എന്നവര്‍ക്ക് തോന്നിയിരിക്കാം.
സാമ്പത്തിക ഭദ്രതയും കാലാനുസൃതമായ സാമൂഹ്യബോധവുമുണ്ടായിരുന്ന ഒരച്ഛന്റെ മകളായി ജനിച്ച ശ്രീദേവി അന്തര്‍ജ്ജനം തന്റെ കാര്യം മാത്രം ഓര്‍ത്തുനോക്കി. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഋതുമതിയായി. തിരണ്ടു തീണ്ടാരി തുടങ്ങിയ ഒരു നമ്പൂതിരിപ്പെണ്‍കുട്ടിയെ നാനാജാതിമതക്കാരുമടങ്ങിയ സ്‌കൂളിലയയ്ക്കുന്നതിന് സകലരും എതിരായിരുന്നു. യോഗക്ഷേമ സഭാപ്രവര്‍ത്തകരായിരുന്ന ബന്ധുക്കള്‍ കൂടി അത്ര പരിഷ്‌കാരം വേണ്ടെന്ന പക്ഷമായിരുന്നു. അച്ഛന്റെ വാശി ഒന്നുകൊണ്ടു മാത്രം ശ്രീദേവി ഹൈസ്‌കൂളിലെത്തി. സാമ്പത്തിക സ്വാശ്രയത്വമുള്ള ഇയാളോട് എതിരിടാനുള്ള ശക്തി സമുദായത്തിനില്ലാതിരുന്നതുകൊണ്ട് അത് സ്വയം പത്തി താഴ്ത്തി. പക്ഷേ, സ്‌കോളര്‍ഷിപ്പോടുകൂടി ഒന്നാം ക്ലാസ്സില്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ശ്രീദേവിയുടെ ഡോക്ടറാകാനുള്ള മോഹം മുളയിലേ നുള്ളിക്കളയേണ്ടിവന്നു. ''അത്നെ പഠിപ്പിച്ചിട്ടാര്‍ക്കാ. എന്താ. വല്ലോടത്തേക്കും പിടിച്ചു കൊടുക്കേണ്ടതല്ലേ അത്ന് വേണ്ടി നീം പണം ചെലവാക്ക്ച്ചാ വിഡ്ഢിത്തം ന്നേ പറയാനുള്ളു.'' സമുദായം ഏകപക്ഷീയമായി തീരുമാനിച്ചു. ''രണ്ടുണ്ണ്യോള് ഇല്ലേ. വേണങ്കില്‍ ഡോക്ടറോ, എന്‍ജിനീയറോ എന്തുവേണമെങ്കിലാക്കിക്കോട്ടെ.''
പലപ്പോഴും ഒരു ചെറിയ ഭാഗ്യം ശ്രീദേവിയെ നോക്കി മന്ദഹസിച്ചു. അവളെ വേളികഴിച്ച നമ്പൂതിരി ഒരു സ്‌കൂളിന്റെ ഉടമയും അദ്ധ്യാപകനുമായിരുന്നു. ഒരാളുടെയെങ്കിലും ശമ്പളം പുറത്തുകളയേണ്ടന്നോര്‍ത്ത് ശ്രീദേവിയെ ടി.ടി.സി കഴിപ്പിച്ച് അദ്ധ്യാപികയാക്കി.
ആദ്യം തന്റെ അമ്മ, അച്ഛന്‍, സഹോദരങ്ങള്‍, പിന്നെ ഭാര്യ, മക്കള്‍ ഇതൊക്കെയാണല്ലോ മനുഷ്യര്‍ സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന വര്‍ഗ്ഗം എന്നാല്‍ നമ്പൂതിരി എന്ന പേരില്‍ ഏതാണ്ട് പത്തുപതിനെട്ടു നൂറ്റാണ്ടായി കേരളത്തില്‍ കണ്ടുവരുന്ന 'കേരള ബ്രാഹ്മണര്‍' എന്ന വര്‍ഗ്ഗത്തിന്, മുമ്പു പറഞ്ഞ വ്യക്തികളേക്കാളൊക്കെ ഏറെ സ്‌നേഹം ജനിച്ച തറവാടിനോടായിരുന്നു. തറവാടില്ലെങ്കില്‍ താനുണ്ടോ എന്നാണയാളുടെ ചോദ്യം. സ്വജാതിയില്‍നിന്നു വേളി കഴിച്ചു കുടുംബമായി കഴിഞ്ഞുകൂടുന്നവരുടെ കാര്യത്തില്‍ നമുക്കല്പം വിട്ടുവീഴ്ച ചെയ്യുക. യാതൊരു പണിയുമെടുക്കാനറിയാത്ത, അനുവദിക്കാത്ത കുട്ടികള്‍ വലുതാകുമ്പോള്‍ ഉണ്ണാന്‍ നെല്ലു പെറുന്നൊരു പത്തായം വേണ്ടേ? തറവാടില്ലെങ്കില്‍ അതെവിടെ കിട്ടും? എന്നാല്‍, വിജാതിയില്‍ സംബന്ധം ചെയ്തുണ്ടാകുന്ന കുട്ടികള്‍ക്ക് 'അദ്യം' എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നതു പോകട്ടെ, തനിക്കുകൂടി അവകാശപ്പെട്ട തന്റെ തറവാട്ടുസ്വത്തുക്കളില്‍ നിന്നൊരു പൈസ പോലും ആ വിജാതിയിലുള്ള മക്കള്‍ക്ക് കിട്ടിപ്പോകരുതെന്ന് എല്ലാ അപ്ഫ (മൂത്ത മകന്റെ താഴെ ജനിക്കുന്ന പുരുഷപ്രജകള്‍)ന്മാര്‍ക്കും വളരെ നിര്‍ബന്ധമായിരുന്നു. ബ്രിട്ടീഷ് മലബാറിലെ നമ്പൂതിരി കുടുംബാംഗങ്ങള്‍ക്ക് തറവാട്ടുസ്വത്ത് ആളോഹരി ഭാഗം വയ്ക്കാന്‍ അനുവാദം നല്‍കുന്ന നമ്പൂതിരി ആക്റ്റിനു അനുവാദം കൊടുക്കാതിരിക്കാന്‍ കൊച്ചി രാജാവിനെ നിര്‍ബന്ധിച്ചവരില്‍ വലിയൊരു ശതമാനം രാജകുടുംബത്തിലടക്കം സംബന്ധം ചെയ്തിരുന്ന നമ്പൂതിരിമാരായിരുന്നത്രെ. തങ്ങളുടെ സ്വത്ത്, തങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്നതിനെക്കാള്‍ അവര്‍ക്കിഷ്ടം തറവാടു കൊണ്ടുനടക്കുന്ന 'മഹന്‍ മൂസ്സില്' അതു കിട്ടലായിരുന്നു എന്നര്‍ത്ഥം.
എന്നാല്‍, നമ്പൂതിരി യോഗക്ഷേമസഭ ഏതാണ്ട് അതിന്റെ അവസാനഘട്ടത്തില്‍ (1973-1947 കാലം) ചെയ്ത സത്കര്‍മ്മങ്ങളിലൊന്നായ നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യം ചെവിക്കൊണ്ട ചെറുപ്പക്കാരായ അപ്ഫന്മാരായിരുന്നു ആളോഹരി സ്വത്തവകാശം അനുവദിക്കുന്ന നമ്പൂതിരി ബില്ലിനുവേണ്ടി ശബ്ദമുയര്‍ത്തിയത്. തറവാട് എന്ന സ്ഥാപനത്തിനെതിരെ ആദ്യം പൊട്ടി വെടി. ആ വെടിയില്‍ നാലുകെട്ടും പടിഞ്ഞാറ്റയും തകര്‍ന്നു. അല്ലെങ്കില്‍ അത് വിദേശസഞ്ചാരികള്‍ക്ക് താമസിക്കാനുള്ള 'ഹെറിറ്റേജ്' ഹോട്ടലായി. പക്ഷേ, ആ തറവാടിനോടൊപ്പം അതില്‍ ജനിച്ചുവളര്‍ന്ന നമ്പൂതിരിപ്പെണ്‍കുട്ടികള്‍ മാത്രം സ്വന്തം അച്ഛനമ്മ(?)മാരുടെ കൂടി അവഗണനയ്ക്കു പാത്രമായി ഇന്നും കഴിയുന്നു. (അമ്മമാര്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണ് എന്നു പറയുകയാണ് ശരി) അവള്‍ പിറന്നതേ കഷ്ടം. കൊല്ലാന്‍ പാടില്ലാത്തതുകൊണ്ടു വളര്‍ത്തുന്നു - വളരുന്നു. ആദ്യം കണ്ടെത്തിയ ആണിന് പിടിച്ചുകൊടുത്തു ഭാരം ഒഴിവാക്കുന്നു.
അംഗീകരിക്കപ്പെടുന്ന അര്‍ത്ഥത്തിലൊരു ചരിത്രഗവേഷകനല്ലെങ്കിലും എന്തും ഗ്രഹിക്കാനുള്ള ബുദ്ധിയും ജന്മസിദ്ധമായ അന്വേഷണത്വരയുമുണ്ടായിരുന്ന കാണിപ്പയ്യൂര്‍ ശങ്കരന്‍നമ്പൂതിരിപ്പാട് പറയാറുണ്ട്, നമ്പൂതിരിമാരില്‍ ഒരു സ്വഭാവമെന്നോണം കാണപ്പെടുന്ന പുരുഷപക്ഷപാതത്തിന് ഈ വര്‍ഗ്ഗത്തിന്റെ ഉത്ഭവചരിത്രത്തോളം പഴക്കമുണ്ടെന്ന്. അദ്ദേഹത്തിന്റെ പക്ഷം മൂത്ത പുത്രന്‍ മാത്രം വിവാഹം കഴിക്കുക എന്ന നിയമമുണ്ടാക്കിയത് സമുദായത്തില്‍ ആണുങ്ങളുടെ എണ്ണത്തോളം സ്ത്രീകളില്ലാതിരുന്ന കാലത്തായിരിക്കണമെന്നാണ്. അനുജന്മാരൊക്കെ വിജാതിസ്ത്രീകളെ സംബന്ധം ചെയ്യുന്ന രീതി ബ്രാഹ്മണ സംസ്‌കാരത്തിനു നിരക്കാത്തതാണ്. (നമ്പൂതിരി ഒഴിച്ചുള്ളവരില്‍ മറ്റൊരു ബ്രാഹ്മണ വര്‍ഗ്ഗവും ഈ രീതി സ്വീകരിച്ചിട്ടില്ല.) അതു സമൂഹം അനുവദിച്ചിരുന്നില്ല. ആജീവനാന്ത ബ്രഹ്മചര്യമാണ് വിധിക്കപ്പെട്ടിരുന്നത്. ഗൃഹസ്ഥാശ്രമം കഴിയാത്തവന് സന്ന്യാസം നിഷേധിച്ചിരുന്നു. പക്ഷേ, ഭരണാധികാരികളായ ക്ഷത്രിയരും സാമന്തന്മാരും സ്ഥാനികളും അവരുടെ വംശപരമ്പരകള്‍ക്ക് ബ്രാഹ്മണര്‍ പിതൃത്വം വഹിക്കണമെന്ന മോഹം സാക്ഷാത്കരിക്കാന്‍ വേണ്ടി നമ്പൂതിരി അതിനു വഴങ്ങിയപ്പോഴാണ് അനുലോമ (താണജാതിസ്ത്രീയെ വിവാഹം ചെയ്യല്‍) നിയമാനുവാദമുണ്ടായത്. അതുപോലെ ഗൃഹസ്ഥാശ്രമം ഒഴിവാക്കി നേരിട്ട് സന്ന്യാസത്തിലേക്ക് കടക്കാന്‍ 'പ്രായശ്ചിത്തം' എന്ന എളുപ്പമാര്‍ഗ്ഗം കണ്ടുപിടിച്ചതും അങ്ങനെ തന്നെ.
ഇപ്പറഞ്ഞതിനു നേരെ വിപരീതമാര്‍ഗ്ഗമാണ് നമ്പൂതിരിപ്പാടിന്റെ പക്ഷത്തില്‍, ബഹുഭാര്യാത്വത്തിനും വഴിതെളിച്ചത്. ജ്യേഷ്ഠന്‍ വിവാഹം കഴിക്കാതിരിക്കെ അനുജനു വിവാഹം ചെയ്തുകൂടാ. പരിവേദനം എന്ന ആചാരധ്വംസനമാണതിന്റെ ഫലം. (സ്വജാതിവിവാഹത്തിന്റെ കാര്യം മാത്രമാണിതെന്നു മറക്കരുത്.) ജ്യേഷ്ഠന്‍ വേളി കഴിച്ച് ഗൃഹസ്ഥനായാല്‍ അനുജനെ റാഞ്ചിക്കൊണ്ടുപോകാന്‍ കോവിലകങ്ങളുടെ ഏജന്റന്മാര്‍ വലവീശാന്‍ തുടങ്ങി. രണ്ടാമന്‍ ആ വലയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ അയാള്‍ക്ക് താഴെയുള്ള ആര്‍ക്കും വേളികഴിക്കാന്‍ സമുദായം അനുവദിക്കില്ല. ക്രമേണ അവരും സംബന്ധക്കാരാകുന്നു.
ഇതേസമയത്ത് മഹന്‍ മൂസ്സിന്റെ അന്തര്‍ജ്ജനത്തിനു പെണ്‍കുട്ടികളുണ്ടായിക്കൊണ്ടിരിക്കുന്ന കാര്യം സമുദായം ഗൗനിച്ചില്ല. കുറച്ചുകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത്, പത്തില്ലങ്ങളില്‍ വേളികഴിക്കാനുള്ള ആണുങ്ങളുടെ എണ്ണം പത്ത്. വേളികഴിച്ചു കൊടുക്കേണ്ട പെണ്‍കുട്ടികളുടെ എണ്ണം നാല്‍പ്പത്. എന്തുചെയ്യും? ഋതുമതിയായ പെണ്‍കിടാവ്. നെടുമംഗല്യം ചാര്‍ത്തും മുമ്പു മരിച്ചുപോയാല്‍ ഭഗവാന്റെ കഠിനമായ ശാപമേല്‍ക്കുമെന്ന വിശ്വാസം രൂഢമൂലമായതുകൊണ്ട്, പെണ്ണിനു വയസ്സ് പതിനാലാകുമ്പോഴേയ്ക്കും ജാതകവുമെടുത്തു പുറപ്പാടായി. ''ആയുസ്സിനു ക്ഷതം വരരുത്. ഉടുക്കാനും ഉണ്ണാനുമുണ്ടാവണം.'' ഒരു നമ്പൂതിരിപ്പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍, തന്റെ മകളുടെ പ്രതിശ്രുത വരനുണ്ടാവാനാഗ്രഹിക്കുന്നതത്രമാത്രം. പെണ്‍കിടാങ്ങള്‍ക്കാവശ്യമായത്ര ആണുങ്ങളെ കിട്ടാനില്ലാത്തതുകൊണ്ട് ഒരോ ആണിനും രണ്ടും മൂന്നും പെണ്ണുങ്ങളെ കൊടുക്കേണ്ടിവന്നു. പുരുഷന്റെ പ്രായവും ആരോഗ്യവും അയാളുടെ വീട്ടിലെ ജീവിതസൗകര്യവും സാഹചര്യവും ആരും നോക്കാറില്ല. ഒരേസമയത്ത് മൂന്നു ഭാര്യമാരിലധികം പാടില്ലെന്നൊരലിഖിത നിയമമുണ്ട്. മൂന്നിലൊന്ന് മരിച്ചാല്‍ വീണ്ടും വേളി കഴിക്കാം. അങ്ങനെ ആറു വേളികഴിച്ച മാന്യനെ എനിക്കറിയാം. സ്ത്രീധനം ഒരു നിര്‍ബന്ധമായിരുന്നു. പെണ്ണിന്, കല്ല്യാണം കഴിയുന്നതോടെ പിറന്ന വീടുമായുള്ള സകലബന്ധങ്ങളും അവകാശങ്ങളും ഛേദിക്കപ്പെടുന്നുവെന്നും ഭാര്യയായി ചെല്ലുന്ന കുടുംബത്തിലെ ഒരു സമ്പൂര്‍ണ്ണ അംഗമായി സ്വീകരിക്കപ്പെടുന്നുവെന്നുമാണ് സങ്കല്പം. അതിനാല്‍ ജനിച്ച വീട്ടിലെ സ്വത്തിന്റെ ഒരു ഓഹരി അവകാശം മാതിരി സ്ത്രീധനത്തെ കണക്കാക്കിപ്പോരുന്നു. അതു രൊക്കം പണമായി കൊടുക്കുകയും വേണം. ഒരു വണ്ടി നെയ്യിനും (സുമാര്‍ 55 കി.ഗ്രാം) 1000 തേങ്ങയ്ക്കും പതിനഞ്ച് - ഇരുപത് രൂപ (ഒരു പവനും അതേ വില. സമൂഹത്തിന്റെ സമ്പദ്ഘടന ഉറച്ചതാണെന്നതിനു തെളിവാണത്രെ ഈ മൂന്നിനും ഏതാണ്ടൊരുവില നിലവാരം വരുന്നത്.)യുള്ള കാലത്ത് മൂവായിരവും നാലായിരവും സ്ത്രീധനം കൊടുക്കല്‍ എളുപ്പമായിരുന്നില്ലല്ലോ. അവിടെ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് മാറ്റക്കല്യാണം. മാറ്റമെന്നു വച്ചാല്‍ എന്റെ പെങ്ങള്‍ക്ക് മാറ്റമായി വരന്റെ പെങ്ങളെ ഞാന്‍ വേളികഴിക്കുക. ഇല്ലം പൊളിച്ചുപണിയാനും കുളം കുത്താനും മുന്‍ഭാര്യയിലുണ്ടായ ഉണ്ണിയുടെ ചോറൂണിനോ ഉപനയനത്തിനോ പാനേങ്കളി നടത്താനോ ഒക്കെ വേണ്ടി വേളികഴിക്കല്‍ സര്‍വ്വസാധാരണമായിരുന്നു. സ്വജാതിയില്‍ രണ്ടു ഭാര്യമാരും ധാരാളം കുട്ടികളുമുള്ളപ്പോള്‍, അയല്‍വക്കത്തുള്ള സുന്ദരിപ്പെണ്ണില്‍ ഭ്രമം കൂടി അവളെ സംബന്ധം ചെയ്യുകയും അവള്‍ക്കു താമസിക്കാന്‍ ബംഗ്ലാവു പണിയാന്‍ വേണ്ടി മൂന്നാം വേളി കഴിക്കുകയും ചെയ്ത വിദ്വാന്മാര്‍ നമ്പൂതിരി സമുദായത്തിലല്ലാതെ കാണുമോ? കുപ്പായം ഇടുകയും ഊരുകയും ചെയ്യുന്ന മാതിരി പെണ്ണുകെട്ടുകയും 'മൊഴിചൊല്ലുക'യും ചെയ്യല്‍ സാധാരണയായിരുന്ന മുസ്ലിം സമുദായം ഒരുപക്ഷേ ഒരടി മുന്നില്‍ നില്‍ക്കുന്നുവെങ്കിലും.
എന്റെ കുട്ടിക്കാലത്ത് അമ്പത് അമ്പത്തഞ്ച് കൊല്ലം മുമ്പ്, മുപ്പതും മുപ്പത്തഞ്ചും വയസ്സായ, അവിവാഹിതരായ നമ്പൂതിരിപ്പെണ്ണുങ്ങള്‍ പുരനിറഞ്ഞിരിക്കുന്ന ഇല്ലങ്ങള്‍ എന്റെ നാട്ടില്‍ത്തന്നെയുണ്ടായിരുന്നു. വല്ല കാട്ടമ്പലങ്ങളിലും ശാന്തി കഴിച്ചു കിട്ടുന്ന ഉണക്കലരികൊണ്ട് കഞ്ഞി കുടിച്ചുനടന്ന കുടുംബങ്ങളില്‍ സ്ത്രീധനം കൊടുത്ത് പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനെപ്പറ്റി ആലോചന തന്നെ വരില്ല. അവിടെ വന്നിരുന്നു; ചില 'ധര്‍മ്മവേളിക്കാര്‍.' ശാപ്പാടിനു മുട്ടിപ്പോന്ന ഇല്ലങ്ങളിലെ വേളികഴിക്കാന്‍ നിയമതടസ്സമില്ലാതിരുന്ന അപ്ഫന്മാര്‍ക്ക് പത്തറുപതുവയസ്സായി പല്ലും എല്ലും കൊഴിയുമ്പോള്‍ ഒന്നു 'വേട്ടാ'ലെന്തെന്നു മോഹം ജനിക്കുന്നു. വയസ്സുകാലത്ത് നോക്കാനൊരാളാകും. അബദ്ധത്തിലെങ്ങാനും ഒരു ഉണ്ണിയുണ്ടായാല്‍ പിണ്ഡകര്‍ത്താവാകയും ചെയ്യും. അത്തരക്കാര്‍ക്ക് സ്ത്രീധനം വേണ്ട. ആരോഗ്യമുള്ള പെണ്ണു മാത്രം. അതാണെങ്കില്‍ പുരനിറഞ്ഞിരിക്കണം. ഏജന്റുമാര്‍ ധര്‍മ്മവേളിയെപ്പറ്റി പറയുമ്പോള്‍ പെണ്ണിന്റെ ഇല്ലക്കാര്‍ക്ക് പെരുത്തു സന്തോഷം. ഒന്നിന്റെ ഭാരമൊഴിഞ്ഞുവല്ലോ. ഉണ്ണാനും ഉടുക്കാനും വിഷമിക്കണ്ട. സുരക്ഷിതമായി കിടക്കാന്‍ നാലുകെട്ട്. പിന്നെന്തുവേണം? അങ്ങനെ ഒരു മുതുക്കനു വേളികഴിച്ചു കൊടുക്കുന്നു. ഒന്നോ രണ്ടോ കൊല്ലം നെടുമംഗല്യവുമായിരുന്നാല്‍ ഭാഗ്യം. അതിനപ്പുറമൊന്നും ആരും ആലോചിക്കാറില്ല. തറവാട്ടുഭരണം നടത്തുന്ന മൂസ്സാമ്പൂരിമാര്‍ക്കിത്തിരി മനസ്സാക്ഷിയുണ്ടെങ്കില്‍ ചാകുംവരെ മുത്തശ്ശിക്ക് പട്ടിണി കിടക്കണ്ട. ഇല്ലെങ്കില്‍? അതാരും ആലോചിക്കാറില്ല.
1939-1940കളില്‍ നമ്പൂതിരിപ്പെണ്‍കിടാങ്ങളെ വേളികഴിക്കാനായി ദക്ഷിണ കന്നഡയില്‍ നിന്നൊരു പട തന്നെ വരികയുണ്ടായി. മൂകാംബിയിലും ഗോകര്‍ണ്ണത്തിനും ഭജനമിരിക്കാന്‍ പോയ ചിലരായിരുന്നു അതിന്റെ ഇടനിലക്കാര്‍. പെണ്‍വീട്ടുകാര്‍ ഒന്നും അറിയണ്ട. പെണ്ണിനു ആരോഗ്യം വേണം. വിരൂപിയാവരുത് അത്രമാത്രം നിബന്ധന. മദ്ധ്യകേരളത്തിലെ ദരിദ്രനമ്പൂതിരിക്കുടുംബങ്ങളില്‍നിന്നു ഒട്ടേറെ പെണ്‍കിടാങ്ങളെ ഇങ്ങനെ നാടുകടത്തുകയുണ്ടായി. പയ്യന്റെ കുടുംബക്കാര്‍ മാന്യരാണെങ്കില്‍ പെണ്ണിന്റെ കൂടെ അവളുടെ ബന്ധുക്കളെ ആരെയെങ്കിലും കൊണ്ടുപോയിരുന്നു. ഭാഷയും വേഷവും ഭക്ഷണവും അറിയാത്ത നാട്ടില്‍ കുറച്ചുദിവസം പാര്‍ത്തു കൈനിറച്ചു പണവുമായി മടങ്ങിവന്ന 'ബന്ധുക്കളെ'പ്പറ്റി കേട്ടിട്ടുണ്ട്. ദുര്‍ല്ലഭം ചിലര്‍ പെണ്ണിനെ മാത്രം വണ്ടികയറ്റി കൊണ്ടുപോയി. സ്വന്തം മകളെ കൊല്ലാനാണോ പോറ്റാനാണോ കൊണ്ടുപോകുന്നതെന്നറിയാതെ കണ്ണീരും കൈയുമായി കഴിഞ്ഞ പല അമ്മമാരെയും എനിക്ക് നേരിട്ടറിയാം. വളരെ വളരെ ദുര്‍ല്ലഭമായി പിറന്ന വീടുകാണാന്‍ ഭര്‍ത്താവ് പെണ്ണുമൊത്ത് നാട്ടില്‍ വന്ന ചരിത്രമുണ്ട്. അമ്പതുകളുടെ അവസാനം ശിര്‍ദ്ധി, സിദ്ധാപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ലേഖകന്‍ നടത്തിയ അന്വേഷണത്തില്‍ നിന്നൊന്നു മനസ്സിലായിരുന്നു. പലരും ഭയപ്പെട്ടിരുന്നപോലെ ഹൂഗ്ലിയിലേയും ധാര്‍വാറിലേയും ചുവന്ന തെരുവിലേക്ക് കയറ്റി അയയ്ക്കപ്പെട്ടവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. നല്ലൊരു ശതമാനം പേര്‍ പാടത്തും പറമ്പിലും കൃഷിപ്പണിയെടുത്തു ജീവിക്കുന്നു. കുറേപ്പേര്‍ ടൈഫോയ്ഡ്, ക്ഷയം തുടങ്ങിയ രോഗം ബാധിച്ചു മരിച്ചുപോയി. 1941-ല്‍ എന്റെ അയല്‍പക്കത്തുനിന്നും പോയ ഒരു സ്ത്രീയെങ്കിലും വളരെ ഉയര്‍ന്ന നിലയില്‍ അടുത്തകാലം വരെ ജീവിച്ചിരുന്നതായി മനസ്സിലായിട്ടുണ്ട്.
ഇതൊക്കെയും ദരിദ്രകുടുംബങ്ങളിലെ കാര്യമാണെന്നു പറയാം. സ്ത്രീധനം കൊടുക്കാനാകാതെ ഇരുന്നു നരച്ചുപോകുന്ന പെണ്‍മക്കളെ കെട്ടിച്ചുകൊടുക്കാന്‍ ഒരു പാങ്ങുമില്ലാഞ്ഞിട്ടു ചെയ്ത കടുംകൈയായി കണക്കാക്കുക. എന്നാല്‍, സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുടുംബങ്ങളിലും പെണ്‍കുട്ടികള്‍ അവഗണനയ്ക്ക് പാത്രമായിരുന്നുവെന്ന കാര്യം അത്ഭുതത്തിനു വഴിയൊരുക്കുന്നു. ഏതു ധനിക കുടുംബമായാലും ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ അമ്മമാരും മുത്തശ്ശിമാരും ഉപദേശിക്കുക ഒരൊറ്റക്കാര്യമായിരുന്നു. ''നല്ലോണം പ്രാര്‍ത്ഥിച്ചോളൂട്ടോ, പിന്നെ പറഞ്ഞിട്ടു കാര്യമില്ല, അനുഭവിക്കാന്‍ നമ്മള്തന്നേണ്ടാവൂ.'' ഈ പ്രാര്‍ത്ഥന താന്‍ പെറുന്നത് ഉണ്ണിയാവണേയെന്ന്. ഒരു നമ്പൂതിരിപ്പെണ്ണിന്റെ വയറ്റില്‍ ഉണ്ണിയേ ഉണ്ടാവൂ. അല്ലെങ്കില്‍ ഉണ്ടാകാവൂ എന്നുറപ്പിക്കുന്നൊരു കര്‍മ്മമുണ്ട് ഗര്‍ഭകാലത്തു ചെയ്യാന്‍. 'പുംസവനം' എന്നാണതിനുപേര്‍. പുണ്യാഹവും ഹോമപ്പുരയും ബ്രാഹ്മണര്‍ക്ക് ദക്ഷിണയും വാങ്ങിയശേഷം ഭര്‍ത്താവ് ഭാര്യയ്ക്ക് കഴിക്കാന്‍ ഒരു 'ഔഷധം' കൊടുക്കുന്നു. അതു സേവിക്കുമ്പോള്‍ ഭാര്യയോടു ചോദിക്കും: ''കിം പിബസി'' (എന്തു കുടിക്കുന്നു?) ''പുംസവനം'' (പുരുഷബീജത്തെ സേവിക്കുന്നു എന്നു സാരം) എന്നു ജപിച്ച് അതവള്‍ക്കു കൊടുക്കുന്നു. മന്ത്രതന്ത്രങ്ങളെക്കൊണ്ടൊന്നും രൂപം മാറാന്‍ തയ്യാറില്ലാത്ത ഗര്‍ഭസ്ഥശിശു തന്റെ രൂപത്തില്‍ പുറത്തുവന്നാല്‍ സകല ശാപങ്ങളുമേല്‍ക്കാന്‍ ദുര്‍ഭാഗ്യയായ അമ്മ വിധിക്കപ്പെട്ടിരിക്കുന്നു. ആ നിമിഷം മുതല്‍ ആ അമ്മയും സ്വന്തം വയറ്റില്‍ ജനിച്ച കുഞ്ഞ്, പെണ്ണാണെന്ന കാരണത്താല്‍ വെറുക്കാന്‍ തുടങ്ങുന്നു. ചുരുങ്ങിയപക്ഷം സ്‌നേഹിക്കാതിരിക്കാനെങ്കിലും.
അതുകൊണ്ടാണല്ലോ ആണ്‍കുഞ്ഞിനു തളയും കിങ്ങിണിയും വളയും പൊന്നിലുണ്ടാക്കുമ്പോള്‍, പെണ്ണിനുള്ളതൊക്കെ വെള്ളിയിലാക്കുന്നത്. മകന്റെ ചോറൂണിന് സത്രവും പാനേങ്കളിയും നടത്തുമ്പോള്‍ മകളുടേത് 'ക്രിയയ്ക്കുവേണ്ടത്ര' ആളെമാത്രം വിളിച്ച് നടത്തുന്നു. ഉണ്ണിയുടെ പിറന്നാള്‍ ഗംഭീരസദ്യയും വേട്ടയ്‌ക്കൊരുമകന്‍ പാട്ടുമൊക്കെയായി കൊണ്ടാടുമ്പോള്‍ പെണ്ണിന്റെ കല്യാണം പോലും മത്തങ്ങമോരൊഴിച്ച കൂട്ടാനും പിണ്ടിപ്പായസവും മാത്രമായി നടത്തുന്നു. ഒരാള്‍ക്കും ഇതിലൊന്നും ഒരാക്ഷേപവുമില്ല. 1963-ല്‍ ഇതെഴുതുന്നയാളുടെ അനിയത്തിയുടെ കല്ല്യാണം വലിയ സദ്യയും പാട്ടുകച്ചേരിയുമൊക്കെയായി നടത്തിയപ്പോള്‍ എത്ര മുഖങ്ങള്‍ ചുളിയുന്നതു ഞാന്‍ കണ്ടെന്നോ! 'ധൂര്‍ത്ത്' എന്നാണതിന് ഞാനേറ്റ ശകാരം.
ലേഖനാരംഭത്തില്‍ ശ്രീദേവി അന്തര്‍ജ്ജനം സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് വളരെയേറെ മാറ്റം വന്നിട്ടുണ്ട്. 'ന്യൂക്ലിയര്‍ കുടുംബ' വ്യവസ്ഥയ്ക്ക് സ്വാധീനം വന്നപ്പോള്‍, സന്താനനിയന്ത്രണം പാലിക്കാന്‍ പുറപ്പെട്ടപ്പോള്‍ കുഞ്ഞ് ആണായാലും പെണ്ണായാലും തങ്ങളുടേതുതന്നെ എന്ന ബോധത്തിനു പ്രചാരമുണ്ടായിട്ടുണ്ട്. ആണ്‍കുട്ടി ജനിക്കുംവരെ പെറാന്‍ പുതിയ അമ്മമാര്‍ തയ്യാറല്ല. അച്ഛന്മാരതു നിര്‍ബന്ധിക്കാറുമില്ല.
എങ്കിലും അടിസ്ഥാനപരമായി പഴയ നമ്പൂരിത്തം കുറുകിക്കൂടിയിരിക്കുന്ന ഇടങ്ങളില്‍ ഇപ്പോഴും ആ പുരുഷപക്ഷപാതമുണ്ട്. വല്ലവര്‍ക്കും പിടിച്ചുകൊടുക്കേണ്ട പെണ്ണിനുവേണ്ടി എന്തിനിത്ര കാശു ചെലവാക്കുന്നു എന്ന ചോദ്യം ചിലരെങ്കിലും സ്വയം ചോദിക്കുന്നതു കേള്‍ക്കാം.
ഫെമിനിസ്റ്റുകള്‍ ആ പഴയ നാലുകെട്ടിലേക്കൊന്നു നോക്കാന്‍ വൈകിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates