ചില മനുഷ്യര്‍ അങ്ങനെയാണ്, കണ്‍മുന്‍പിലുള്ളതല്ല അവര്‍ കാണുന്നത്. അവരുടെ കണ്ണുകള്‍ നിഷ്ഠമായിരിക്കുന്നത് ചക്രവാളം തിരശ്ശീല താഴ്ത്തി മറച്ചിരിക്കുന്ന ഏതോ വിദൂരലക്ഷ്യങ്ങളിലാണ്. എല്ലാ നാദങ്ങളും ഒരു മഹാസംഗീത ശില്പത്തിന്റെ ഭാഗമായി ഇണങ്ങിച്ചേരുകയും എല്ലാം ദൃശ്യങ്ങളും മഴവില്ലണിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഒരു ലോകത്തെ സ്വപ്നസന്നിഭമായ മാനസികാവസ്ഥയില്‍ അവര്‍ ദര്‍ശിക്കുന്നു. മഹാ പ്രതിഭകളെക്കുറിച്ചെഴുതിയ ഗ്രന്ഥത്തിന് ആര്‍തര്‍ കോയ്സ്ലര്‍ 'നിദ്രാടകര്‍' എന്നു പേരിട്ടത് അതുകൊണ്ടാണ്. ആത്മാവു കടഞ്ഞുയിര്‍പ്പിച്ച അഗ്‌നിനാളത്തിന്റെ തെളിവെട്ടത്തില്‍ അവര്‍ ആ ലക്ഷ്യത്തിലേക്കു നടക്കുന്നു; ആ ദര്‍ശനത്തിനൊത്ത് അവര്‍ ജീവിക്കുന്നു. അതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി സ്വയം അര്‍പ്പിക്കുന്നു. മനുഷ്യരാശിയുടെ മുഴുവന്‍ നന്മയ്ക്കുവേണ്ടി ബലിയായിത്തീരാന്‍ വേണ്ടിയാണ് അവര്‍ ഭൂമുഖത്ത് അവതരിക്കുന്നത്. ഏകലക്ഷ്യോന്മുഖമായ ആ യാത്രയ്ക്കിടയില്‍ ജീവിതത്തിന്റെ ലളിത സൗഖ്യങ്ങള്‍ ആസ്വദിക്കാനോ ഈ നെടുംപാതയിലെ ഇടത്താവളങ്ങളില്‍ ഇളകൊള്ളാനോ അവര്‍ സന്നദ്ധരല്ല. ആ യാത്രയ്ക്കു തടസ്സമായി വരുന്നതെന്തും അവരെ അലോസരപ്പെടുത്തും. എല്ലാവരും ലക്ഷ്യങ്ങളില്‍ എത്തിക്കൊള്ളണമെന്നില്ല. എവിടെ എത്തി എന്നതല്ല, എന്തു ലക്ഷ്യം വച്ചു എന്നതാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. ആശാന്‍ പറയുന്നതുപോലെ നക്ഷത്രത്തെ നോക്കി പറക്കാന്‍ കഴിയുന്ന പുഴുവാണ് മനുഷ്യന്‍ - എല്ലാ മനുഷ്യരുമല്ല. ഒരു ചെറു ന്യൂനപക്ഷം. നക്ഷത്രങ്ങള്‍ എന്നും അപ്രാപ്യമായിരിക്കുമെന്നറിഞ്ഞ് ഓടയിലെ പുഴുവായി ജീവിച്ചാല്‍ മതിയെന്ന് തീരുമാനിക്കുന്ന ഭൂരിപക്ഷത്തിന്റെ നോട്ടത്തില്‍ ലക്ഷ്യമെത്താതെ കുഴഞ്ഞുവീഴുന്നവരുടെ ആത്മാവിലെ സ്വപ്നത്തിന്റെ ദീപ്തി യാഥാര്‍ത്ഥ്യമല്ല. പ്രായോഗികതയെ വേദാന്തമാക്കുന്ന സ്വാര്‍ത്ഥമതികളുടെ ശരാശരി ലോകം ഈ ആദര്‍ശശാലികളെ ജീവിക്കാനറിഞ്ഞുകൂടാത്ത ബുദ്ധിശൂന്യരായി എണ്ണുന്നു. തങ്ങള്‍ തന്നെയാണ് ബുദ്ധിമാന്മാര്‍ എന്നു തെളിയിക്കാന്‍ വേണ്ടി ശരാശരി മനുഷ്യര്‍ മഹത്തുക്കളുടെ ജീവിതം ദുസ്സഹമാക്കാന്‍ ആവുന്നതെന്തും ചെയ്യും. ടോള്‍സ്റ്റോയി തന്റെ 'യുദ്ധവും സമാധാനവും' എന്ന നോവലില്‍ അമര്‍ഷത്തോടെ ഇങ്ങനെ കുറിച്ചിട്ടു:
''ചെറ്റകള്‍ക്ക് മഹത്വം മനസ്സിലാവുകയില്ല; കാരണം, അവര്‍ക്ക് മഹത്വത്തെക്കുറിച്ച് ചെറ്റയായ സങ്കല്പമാണുള്ളത്.''
മനസ്സും ശരീരവും ഒരുപോലെ ശരാശരി അളവില്‍ തീര്‍ത്തിറങ്ങിയ നമ്മള്‍ വിണ്‍വെളിച്ചങ്ങള്‍ പരിവേഷമണച്ച് ആദരിക്കുന്ന സത്വോദാരതയെ അപമാനിച്ചും അവഗണിച്ചും പീഡിപ്പിച്ചും പ്രതികാരം ചെയ്യുന്നു. മഹത്വത്തെ നമുക്കു ഭയമാണ്. നന്മയോടു നമുക്കു പുച്ഛമാണ്; ശുദ്ധിയോടു നമുക്കു വെറുപ്പാണ്.
ടി. പത്മനാഭന്റെ ചെറുകഥകളില്‍ ഒരു വിഭാഗം ഈ സത്യത്തെ അമര്‍ഷത്തോടും വേദനയോടും കൂടി ആവിഷ്‌കരിക്കുന്നു. അതോടൊപ്പം മഹത്വത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും ഭിന്നമാത്രകള്‍ മര്‍ത്ത്യാകാരത്തില്‍ സന്നിവിഷ്ഠമാകുന്നതെങ്ങനെയെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ആത്മാവിന്റെ മുറിവുകള്‍, മറ്റൊരിന്ത്യാക്കാരന്‍, സ്റ്റോര്‍സ് ഓഫീസര്‍ ഗോപാലന്‍ നായരെക്കുറിച്ച് ഒരു പ്രഭാഷണം, സുനന്ദയുടെ അച്ഛന്‍, 'നിധി ചാലാ സുഖമാ' എന്നിങ്ങനെയുള്ള കഥകളില്‍ പ്രത്യക്ഷമായും വേറെ അനേകം കഥകളില്‍ മറ്റു ഭാവങ്ങള്‍ക്ക് ഉപസ്മാരകമായും ഇതു കാണുന്നു.
പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരുടെ അന്ത്യമാണ് 'ആത്മാവിന്റെ മുറിവുകളു'ടെ പശ്ചാത്തലം. ഇക്കാര്യം ടി. പത്മനാഭവന്‍ ചില സംഭാഷണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ടതാകയാല്‍ അവയ്ക്ക് സ്വകാര്യമായ അറിവിന്റെ സംവരണാവകാശമില്ല. ഏതു കഥയുടെയും ഉറവിടം തേടിപ്പോയാല്‍ ഏതെങ്കിലും യഥാര്‍ത്ഥ സംഭവത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കും. കഥയും യഥാര്‍ത്ഥ സംഭവവും തമ്മിലുള്ള ബന്ധം പത്മനാഭന്റെ കഥകളില്‍ ചിലപ്പോള്‍ വിശദാംശങ്ങളിലേക്കു തന്നെ വ്യാപിച്ചുകിടക്കുന്നുണ്ടെന്നും വരാം. ആഖ്യാനം ഉത്തമപുരുഷനിലായാല്‍ കഥാകൃത്തിന്റെ ആത്മകഥ തന്നെയാണ് കഥ എന്നു വിചാരിക്കാന്‍ പോന്ന മൗഢ്യവും വിമര്‍ശനത്തിന്റെ കണക്കില്‍ നാം കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും കഥാസ്വാദനത്തിന് ആവശ്യമില്ല. ഇത്തരം അറിവുകള്‍ കഥാസ്വാദനത്തെ സഹായിക്കുന്നുമില്ല. യഥാര്‍ത്ഥ ജീവിത ചിത്രീകരണം എന്ന വിശേഷണം കഥയുടെ കലാമേന്മയെ സംബന്ധിച്ച യാതൊരുറപ്പും നല്‍കുന്നില്ല. എങ്കിലും കെ.സി.എസ്. പണിക്കരെപ്പോലെയുള്ള ഒരു മഹാപുരുഷന്റെ വ്യക്തിത്വം പ്രമേയമായി സ്വീകരിച്ചപ്പോള്‍ ടി. പത്മനാഭന്‍ അതുകൊണ്ട് എന്തു ചെയ്തു, എന്തു സാധിച്ചു എന്ന അക്ഷാന്തമായ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ വയ്യ.
'പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കര്‍' എന്ന് എഴുതുമ്പോള്‍ നാം അദ്ദേഹത്തെ വളരെ ചെറുതാക്കുകയാണ് ചെയ്യുന്നത്. പൊന്നാനി ഗ്രാമങ്ങളുടെ സരളലാവണ്യം പ്രസന്നോജ്വലമധുരമായി ആവിഷ്‌കരിക്കുന്ന തണ്ണീര്‍ച്ചായചിത്ര പരമ്പരയുടെ കാലം മുതല്‍ ഗംഭീരധ്വനികള്‍ മുഴക്കുന്ന മന്ത്രങ്ങളുടെയും പ്രതീകങ്ങളുടെയും സന്തുലിത വിന്യാസ വൈചിത്ര്യങ്ങള്‍ സാധിക്കുന്ന സംരചനകളുടെ കാലംവരെ അനേകം ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് ആധുനിക ഭാരതീയ ചിത്രകലയ്ക്ക് വിശ്വകലാവേദിയില്‍ അഭിമാനോദ്ധതമായ ഒരു സ്ഥാനം നേടിക്കൊടുത്ത ആലേഖ്യകാരനാണ് പണിക്കര്‍. പക്ഷേ, അദ്ദേഹം ഇതിനേക്കാളൊക്കെ എത്രയോ വലിയ ആളായിരുന്നു! ഇന്ത്യയിലെ ചിത്രകാരന്മാരുടെ സ്വാശ്രയബോധവും ആത്മാഭിമാനവും ക്ഷതമേല്‍ക്കാതെ പരിപാലിക്കപ്പെടാനായി അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികള്‍, അവ നടപ്പിലാക്കാന്‍ വേണ്ടി സ്വാര്‍ത്ഥം വെടിഞ്ഞ് അനുഷ്ഠിച്ച കര്‍മ്മ പരിപാടികള്‍, അനുഭവിച്ച ക്ലേശങ്ങള്‍ - ഇതെല്ലാം രോമഹര്‍ഷത്തോടെ കലാസ്‌നേഹികള്‍ ഓര്‍ക്കുന്നതാണ്. എന്നിട്ട് 'ചോഴമണ്ഡലം' പണിക്കരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി എന്ന് ആശ്വസിക്കാവുന്ന വിധമാണോ വളര്‍ന്നെത്തിയത്? അവിടെ ചേക്കേറിയ കലാകാരന്മാര്‍ കലയുടെ അഭിമാനം കാക്കാന്‍ ആത്മനൊമ്പരങ്ങള്‍ ഏറ്റുവാങ്ങാന്‍ സന്നദ്ധരായോ? എല്ലാ മഹാന്മാരും ദുരന്തത്തിന്റെ ബീജവും പേറിയാണ് ലോകത്തില്‍ വരുന്നത്. സ്വന്തം സങ്കല്പങ്ങളും സ്വകാര്യ നേട്ടങ്ങളുടെ വിപുലസാദ്ധ്യതകള്‍ കൈവിട്ടു വളര്‍ത്തിയെടുത്ത പ്രസ്ഥാനവും ഉതിര്‍മണ്ണില്‍ പടുത്ത സൗധങ്ങള്‍ പോലെ അടര്‍ന്നുവീഴുന്നതുകണ്ട് ആത്മവേദന അനുഭവിച്ചുകൊണ്ടാണ് കെ.സി.എസ്. പണിക്കര്‍ കാലസീമ മുറിച്ചുകടന്നത്.
ആത്മാവിന്റെ മുറിവുകളില്‍ നാലു ഘടകങ്ങളുണ്ട്. ഈ നാന്മുഖ ചിത്രത്തിന്റെ ജൈവ സമന്വയത്തിലാണ് ഈ കഥ മഹത്വം ആര്‍ജിക്കുന്നത്. ഇതൊരു കഥയായിത്തീരുന്നതുതന്നെ, മഹാനായ ഒരു കലാകാരനെക്കുറിച്ചുള്ള പഠനമോ അനുസ്മരണമോ എന്ന നിലവിട്ട് കലാസൃഷ്ടിയാവുന്നത് ഈ സമന്വയം കൊണ്ടാണ്.
'അദ്ദേഹ'ത്തിന്റെ ചിത്രങ്ങളെ മാത്രം അറിയുകയും ആരാധിക്കുകയും ചെയ്യുന്ന 'ഞാന്‍' ആണ് കഥയുടെ ആഖ്യാതാവ്. എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ; അദ്ദേഹത്തെ പരിചയം പോലുമില്ല. പക്ഷേ, ചിത്രങ്ങള്‍ പരിചിതമാണ്. അവയുടെ വര്‍ണ്ണസംവിധാനങ്ങള്‍, രൂപസംരചനകള്‍, രേഖകളുടെ ഒഴുക്ക് എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അപഗ്രഥന വിധേയമല്ലാത്ത, നിര്‍വചനാതീതമായ, ഭാവപ്രപഞ്ചം. ഓര്‍മ്മകളിലൂടെ, വാക്കുകളിലൂടെ, വര്‍ണ്ണരൂപങ്ങള്‍ മഹോത്സവം ആഘോഷിക്കുകയും നിഗൂഢധ്വനികള്‍ ഉണ്‍മയുടെ ഗാഢതലത്തില്‍ എരിയുന്ന ചൈതന്യകേന്ദ്രത്തിനു നേരെ പ്രജ്ഞയെ തിരിച്ചു നിര്‍ത്തുകയും ചെയ്യുന്ന ആ ചിത്രങ്ങളുടെ ലോകം നമ്മെ പരിചയപ്പെടുത്തുന്നു. എന്നാല്‍, ശ്രീധരന് ചിത്രങ്ങളെയല്ല ചിത്രകാരനെയാണ് അറിയാവുന്നത്. 'അദ്ദേഹം' സ്വപ്നങ്ങളില്‍ ജീവിച്ച ആളാണ്. ലക്ഷങ്ങള്‍ വില നല്‍കി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആളുകളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അവ വില്‍ക്കാന്‍ തയ്യാറായില്ല. ശ്രീധരന്‍ ഓര്‍മ്മിക്കുന്നു.
''...നിങ്ങളറിയുമോ, കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം തന്റെ ചിത്രങ്ങള്‍ ആര്‍ക്കും വില്‍ക്കാറുണ്ടായിരുന്നില്ല. അമേരിക്കക്കാരും ജര്‍മന്‍കാരും ഇംഗ്ലീഷുകാരുമൊക്കെ എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ വന്നു. പക്ഷേ, അദ്ദേഹം പറഞ്ഞു: ഇല്ല ഇവയൊന്നും വില്‍ക്കാന്‍ വേണ്ടി വരച്ചതല്ല. ഇവ എന്റെ ആത്മാവിന്റെ മുറിവുകളാണ്... മൊട്ടുകള്‍, അംശങ്ങള്‍... ഇവ എന്റെ കൂടെത്തന്നെ കിടക്കട്ടെ.'' അവര്‍ പോയാല്‍ അദ്ദേഹം ആരോടെന്നില്ലാതെ പറയും: ''ഇവര്‍ക്ക് ഒന്നും മനസ്സിലാവുകയില്ല. എന്റെ ചിത്രങ്ങളെക്കുറിച്ച് ഇവര്‍ക്ക് ഒന്നും അറിയില്ല. ആരുടെ ചിത്രങ്ങളെക്കുറിച്ചും ഇവര്‍ക്ക് ഒന്നും അറിയില്ല. പക്ഷേ, ഇവരുടെ കയ്യില്‍ പണമുണ്ട്. അതുകൊണ്ട്, ഇവര്‍...''
ഇങ്ങനെ ആരുടെ ചിത്രത്തെക്കുറിച്ചും ഒന്നും അറിയാത്ത, കയ്യില്‍ പണമുള്ളതുകൊണ്ട് ധാടിക്കുവേണ്ടി ചിത്രങ്ങള്‍ വാങ്ങുകയും ചിത്രകാരനെ വാലാട്ടി കൂടെ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന പണക്കാരന്റെ പാകം നോക്കി പാടുകിടക്കുന്ന അഭിമാനം കെട്ട കലാകാരന്റെ പുതുതലമുറയെ സന്ധിക്കാനും നമുക്ക് അവസരമൊരുക്കിയിട്ടുണ്ട്. പണക്കാരന്‍ വിദേശിയുടെ മുന്‍പില്‍നിന്ന് സ്വന്തം ചിത്രങ്ങളുടെ മേന്മ പ്രസംഗിക്കാനും പെയിന്റിംഗും ഡ്രോയിംഗും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചഗല്‍ പറഞ്ഞത് ഉദ്ധരിച്ച് മേനിനടിക്കാനും ഒപ്പം പണിക്കാരന്റെ ആട്ടു വാങ്ങാനും മടിക്കാത്ത അലി അഹമ്മദിന്റേതാണ് പുതിയ തലമുറ. മനസ്സിലാകാത്തവന് എത്ര പണം കിട്ടിയാലും ചിത്രം കൊടുക്കുകയില്ലെന്ന അഭിമാനത്തിന്റെ ഗംഭീരാകാരം ഒരു വശത്ത്. അലി അഹമ്മദിന്റെ ഭാവമോ? കഷ്ടം. ഈ പ്രകരണത്തില്‍ ഉച്ചരിക്കാന്‍ കൊള്ളാത്ത പദമേ ഈ ഭാവത്തെ വിശേഷിപ്പിക്കാനുള്ളൂ. ഒന്നും പറയാതെ പറയാനുള്ളതു കേള്‍പ്പിക്കാനുള്ള ടി. പത്മനാഭന്റെ വൈഭവം ഇവിടെയും ഓര്‍ക്കാം.
രംഗരാജനും അലി അഹമ്മദും ശിവസുബ്രഹ്മണ്യവും മറ്റും ചേര്‍ന്ന ഈ കോളനിയെക്കുറിച്ചാണ് അദ്ദേഹം വലിയ സ്വപ്നങ്ങള്‍ നെയ്തിരുന്നത്. ശ്രീധരന്റെ ഓര്‍മ്മയെത്തന്നെ നമുക്ക് ആശ്രയിക്കാം.
''...ഈ കോളനി സ്ഥാപിക്കുന്ന കാലത്ത് രണ്ടു മൂന്നു തവണ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്തൊരുത്സാഹമായിരുന്നു അന്നദ്ദേഹത്തിന്?... ഇതദ്ദേഹത്തിന്റെ ഒരു ചിരകാലസ്വപ്നമായിരുന്നു. ആരുടെ അലട്ടും കൂടാതെ കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഒരു സ്ഥലം. അവരുടെ വീടുകളും ഗാലറികളും മാത്രമുള്ള അവരുടെ ഒരു കോളനി. ഒരു കുടുംബമെന്ന പോലെ എല്ലാവരും സ്‌നേഹത്തോടും വിശ്വാസത്തോടും കൂടി ജീവിക്കുന്ന...''
ശരാശരി മനുഷ്യന്‍ - ശരാശരി കലാകാരന്മാരും - മഹാപുരുഷന്മാരുടെ സങ്കല്പത്തിനൊത്ത് ജീവിക്കുകയില്ലെന്ന് അറിയാന്‍ കഴിയാതെ പോയതാണോ, മറ്റുള്ളവരും തനിക്കു തുല്യരാണ് എന്ന് ധരിച്ച ഉദാരവിശുദ്ധിയാണോ 'അദ്ദേഹ'ത്തിന്റെ മോഹഭംഗത്തിനു കാരണം?
ഈ വിരുദ്ധഭാവങ്ങള്‍ ആത്മാവിന്റെ മുറിവുകളില്‍ മേളിക്കുന്നു.
''ആചാരത്തിന്റെയും മണ്‍കുടത്തിന്റെ കഷണങ്ങളുടെയും മുന്‍പില്‍ വളരെനേരം കടലിന്റെ ഇരമ്പവും കാറ്റിന്റെ ദുഃഖശ്രുതിയും കേട്ടുകൊണ്ട് നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സംതൃപ്തി എനിക്കനുഭവപ്പെട്ടു. ഞാന്‍ വിചാരിച്ചു: ഇങ്ങനെയായിരിക്കും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക.
ഞങ്ങള്‍ മടങ്ങി.
വഴിയില്‍ ഞങ്ങള്‍ ഒന്നും സംസാരിക്കുകയുണ്ടായില്ല.''
എന്ന് ആത്മാവിന്റെ മുറിവുകള്‍ അവസാനിക്കുന്നു. എന്തുകൊണ്ടാണ് ഈ സംതൃപ്തി അനുഭവപ്പെട്ടത്? കാറ്റാടി മരങ്ങളുടെ അപ്പുറത്ത് കടല്‍ത്തീരത്തായിരിക്കാം അദ്ദേഹത്തെ സംസ്‌കരിച്ചിട്ടുണ്ടാവുക എന്ന ഊഹം ശരിയായതിലുള്ള സന്തുഷ്ടിയോ? കാറ്റാടി മരങ്ങള്‍ക്കപ്പുറത്ത് കോളനിയില്‍ രംഗരാജന്മാരുടെ വീടുകള്‍ ഉയരുകയായിരുന്നു. വീടുകള്‍ മാത്രമല്ല, വീടിനുചുറ്റും മതില്‍, മതിലിന്മേല്‍ കൂര്‍ത്ത കണ്ണാടിച്ചില്ലുകള്‍! അവ ക്രൂരമായ പരിഹാസം പൊഴിക്കുന്നത് 'അദ്ദേഹം' പടുത്തുയര്‍ത്തിയ സ്വപ്നങ്ങളുടെ നേരെയാണ്. ആ സ്വപ്നങ്ങള്‍ക്കു മുറിവേറ്റ് ചോര വാര്‍ന്നിട്ടല്ലേ അദ്ദേഹം വേദനിച്ചത്. സാഗരതുല്യമായ ആ വ്യക്തിത്വത്തിന് അന്ത്യവിശ്രമത്തിന് ഇടമൊരുക്കാന്‍ കടല്‍ത്തീരത്തിനു തന്നെയല്ലേ അവകാശം? വൈയാകരണന്റെ ശവസംസ്‌കാരം (Grammarian's Funeral) എന്നൊരു കവിതയുണ്ടല്ലോ, റോബര്‍ട്ട് ബ്രൗണിങ്ങ് എഴുതിയത്. ആ ശവമഞ്ചവും വഹിച്ചുകൊണ്ട് ശിഷ്യന്മാര്‍ കുന്നുകയറുകയാണ്. അറിവിന്റെ ആധിത്യകയിലെത്താന്‍ ജീവിതം പോക്കിയവന് അന്ത്യവിശ്രമത്തിന് താഴ്വരകള്‍ പോരാ, കുന്നിന്‍ നെറുകതന്നെ വേണം. അതുകൊണ്ടാണ് അവര്‍ ക്ലേശിച്ച് കുന്നു കയറുന്നത്. അതുപോലെ മലിനജീവികള്‍ കുപ്പിച്ചില്ലുകള്‍ പാകി സ്വാര്‍ത്ഥമുറപ്പിക്കുന്ന കോളനിയിലല്ല മഹാസാഗരത്തീരത്താണ് അദ്ദേഹം വിശ്രമം കൊള്ളേണ്ടത്! ഇതൊക്കെ നമ്മുടെ വ്യാഖ്യാനം. പത്മനാഭന്‍ തരുന്ന സൂചന ചെറുതാണ് - ''എന്തെന്നില്ലാത്ത ഒരു സംതൃപ്തി എനിക്ക് അനുഭവപ്പെട്ടു'' എന്നു മാത്രം. വാക്കുകള്‍ കുറുകിയുറയുമ്പോള്‍ അര്‍ത്ഥം കനക്കുമെന്ന് ആത്മാവുകൊണ്ട് അറിയുന്ന ഒരെഴുത്തുകാരന്‍ അര്‍ത്ഥമല്ല അര്‍ത്ഥങ്ങളുടെ ഒരു ലോകമാണ് നമുക്കു നല്‍കുക. ആ ലോകത്തെ ശ്രുതികള്‍ ഹൃദയസ്പന്ദനത്തെ താളപ്പെടുത്തുമ്പോള്‍ മഹത്വത്തിന്റെ ദര്‍ശനം നമുക്കു ലഭിക്കുന്നു; ആ ദര്‍ശനം മായാതെ നില്‍ക്കുന്നിടത്തോളം നേരം നമ്മുടെ ജീവിതത്തെ ഭരിക്കുന്ന തുച്ഛതകള്‍ പിന്‍വാങ്ങി ആത്മശുദ്ധിയുടെ ഒരു കിരണം ഉള്ളില്‍ പ്രവേശിച്ച അനുഭവം ഉണ്ടാകുന്നു. 'ആത്മാവിന്റെ മുറിവുകള്‍' ഈ അനുഭവം നല്‍കുന്നു. അവിടെ വാക്കുകള്‍ പിന്‍വാങ്ങുന്നു; മൗനം മുഴങ്ങുന്ന സാന്നിദ്ധ്യമായിത്തീരുന്നു. ''വഴിയില്‍ ഞങ്ങള്‍ ഒന്നും സംസാരിക്കുകയുണ്ടായില്ല'' എന്ന വാക്യം ഈ മൗനത്തിലേക്കും അതില്‍ സ്വയമേവന്നു നിറയുന്ന വിശുദ്ധമായ അര്‍ത്ഥങ്ങളിലേക്കുമുള്ള ക്ഷണമാണ്.
നിങ്ങള്‍ക്ക് ജോണ്‍ വിറ്റേക്കറെ അറിയുമോ? അറിയാന്‍ വഴിയില്ല. ഭാരത് കെമിക്കല്‍സ് കോര്‍പ്പറേഷനില്‍ത്തന്നെ അദ്ദേഹത്തെ അറിയുന്നവര്‍ ചുരുക്കമാണ്. നന്നായി അറിയുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ജോലിയില്‍നിന്നു പിരിയാറായ ചില തൊഴിലാളികള്‍ക്ക് അദ്ദേഹത്തെ ഓര്‍മ്മയുണ്ട്, പിരിഞ്ഞുപോയ തൊഴിലാളികളുടെ മക്കളില്‍ ചിലര്‍ക്ക് ആ പേരുകേട്ട ഓര്‍മ്മയുണ്ട്. പക്ഷേ, കമ്പനിയുടെ ഭരണം കൈയാളുന്നവര്‍ക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ. എങ്ങനെ അറിയാനാണ് കാലം മാറിയില്ലേ?
കാലം മാറുന്നതിനു മുന്‍പായിരുന്നു ജോണ്‍ വിറ്റേക്കര്‍ ഇവിടെ വന്നത്. പെരിയാറിന്റെ തീരം അന്ന് ഇവിടെ മുള്‍ച്ചെടികളും തരിശുഭൂമിയും മാത്രം. ഈ ശൂന്യതയിലേക്കാണ് അദ്ദേഹം വന്നത്. തലയില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. താന്‍ ഒരു ലോകം കെട്ടിപ്പടുക്കാന്‍ പോകുന്നു. അദ്ദേഹം കൂടെ കൊണ്ടുവന്നിട്ടുള്ള എം. അനന്തരാമന്‍ എന്ന ടെക്നിക്കല്‍ അസിസ്റ്റന്റിന് ഈ സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ ബോംബെയിലെ സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് ഈ ശൂന്യതയിലേക്കു പോരാന്‍ അദ്ദേഹം സന്നദ്ധനായത്. പതുക്കെ, ആ സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ ഇരിപ്പിടം കിട്ടി. മുള്‍ക്കാടുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ വിറ്റേക്കര്‍ സായിപ്പു പറയുമായിരുന്നു: അവിടെ ജോലിക്കാര്‍ക്കുള്ള പാര്‍പ്പിടങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍... റോഡുകളുടെ ഇരുവശത്തും പൂമരങ്ങള്‍, മരത്തില്‍ കിളികള്‍...
ഇന്ന് വിറ്റേക്കര്‍ സായിപ്പില്ല. ഭാരത് കെമിക്കല്‍സ് കോര്‍പ്പറേഷനിലെ ജോലി കഴിഞ്ഞ് അദ്ദേഹം മടങ്ങിപ്പോയി. ഒടുവില്‍ അമേരിക്കയിലെ കെന്റക്കിയില്‍വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അനന്തരാമന് എഴുതി:
''അനന്തരാമന്‍, ഒടുവില്‍ അതും സംഭവിച്ചു. ഇന്നലെ രാത്രി ഞാന്‍ അരികില്‍തന്നെ ഉണ്ടായിരുന്നു. തികച്ചും സന്തോഷവാനായാണ് എന്റെ ജോണ്‍ പോയത്. എന്റെ പ്രിയപ്പെട്ട അനന്തരാമന്‍, എന്തൊരു സമാധാനപൂര്‍ണ്ണമായ അന്ത്യമായിരുന്നു അത്! എന്റെ കൈ പിടിച്ചു പതുക്കെ തടവിക്കൊണ്ടു പറഞ്ഞു: മോളീ, എല്ലാവര്‍ക്കും എഴുതണം ഞാന്‍ അവരെയൊക്കെ ഓര്‍ത്തിരുന്നുവെന്ന്... പിന്നെ ഒരു കാര്യം വളരെ പ്രധാനപ്പെട്ട ഒരു കാര്യം... എന്റെ ശരീരം ഒരു കുഴിയില്‍ ഇട്ടു മൂടുന്നത് എനിക്കിഷ്ടമല്ല. ദഹിപ്പിച്ചുകളയണം. എന്നിട്ട് ചാരം ഇന്ത്യയില്‍ അനന്തരാമന് അയച്ചുകൊടുക്കുക. എന്താണുവേണ്ടതെന്ന് അനന്തരാമന് അറിയാം. അവിടെ ഞങ്ങള്‍ ആദ്യമായി പണിത ഒരു ഫാക്ടറിയുണ്ട്. അതിന്റെ മുന്‍പിലുള്ള പുഴയില്‍...''
അനന്തരാമന്‍ വന്നിരിക്കുന്നത് അതിനാണ്. ഒരു പിടി ചാരം ഉള്ളടക്കിയ തിളങ്ങുന്ന ചെമ്പുപാത്രം നിധിപോലെ ശരീരത്തോടു ചേര്‍ത്തുപിടിച്ച്, കഴുത്തില്‍ മഫ്‌ലര്‍ ചുറ്റി. ഇടയ്ക്കിടെ ചുമച്ച് ആ വൃദ്ധന്‍ കാത്തുനിന്നു. മുന്‍കൂട്ടി എഴുതി തിട്ടപ്പെടുത്തിയിട്ടു വന്നതാണ്. വരുന്നതെന്തിനെന്നും എഴുതിയിരുന്നു. എന്നിട്ടും ഭാരത് കെമിക്കല്‍സ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ക്ക് ഒഴിവുകിട്ടിയില്ല. അദ്ദേഹം തിരക്കിലാണ്. ഏതോ ആഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയോടു സല്ലപിക്കാനും അല്‍സേഷ്യന്‍ നായയെ ലാളിക്കാനുമുള്ള തിരക്കില്‍! അദ്ദേഹം ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടത്രേ! വേണ്ടവര്‍ക്കു പങ്കെടുക്കാമെന്ന സൗജന്യത്തോടെ ഒരു ബുള്ളറ്റിന്‍ - അതാണ് ഏര്‍പ്പാടുകള്‍.
'മറ്റൊരിന്ത്യക്കാരന്‍' എന്ന കഥയുടെ കാര്യമാണ് നാം പറയുന്നത്. എവിടെ നിന്നോ വന്ന ഒരു സായിപ്പ്, ഇവിടെ വന്ന്, ഈ മണ്ണില്‍ ഒരു സ്ഥാപനം വളര്‍ന്നുവരുന്നത് കിനാവുകണ്ട്, ആ കിനാവ് ഫാക്ടറിയായും ടൗണ്‍ഷിപ്പായും തണല്‍വിരിക്കുന്ന വൃക്ഷങ്ങളായും വൃക്ഷത്തലപ്പില്‍ പാടുന്ന കിളികളായും യാഥാര്‍ത്ഥ്യമായിത്തീരുന്നതിനിടയില്‍, ആ കിനാവുകള്‍ പങ്കുവയ്ക്കാന്‍ കൂടെനിന്ന ചെറിയ മനുഷ്യരെ സ്‌നേഹിച്ച് മറ്റൊരിന്ത്യാക്കാരനായിത്തീര്‍ന്ന ജോണ്‍ വിറ്റേക്കറുടെ കഥയാണ് ടി. പത്മനാഭന്‍ പറയുന്നത്. കാലം മാറി; സ്വപ്നങ്ങളുടെ ദിനങ്ങള്‍ അവസാനിച്ചു. ഇന്നു പ്രായോഗിക ബുദ്ധികളായ സമര്‍ത്ഥന്മാര്‍ ജയിക്കുന്ന കാലമാണ്. അമേരിക്കന്‍ തത്ത്വചിന്തകനായ ജോര്‍ദ് സന്തായന ഒരിക്കല്‍ എഴുതി:
സത്കര്‍മ്മങ്ങള്‍ സമര്‍പ്പിച്ച കിറുക്കാണ് സുബോധം; നിയന്ത്രിതമായ സ്വപ്നമാണ് ജാഗ്രദ് ജീവിതം.
ഈ കിറുക്കുകളുടെ കാലം അസ്തമിച്ചിരിക്കുന്നു.
''ഭ്രാന്തരാവുക നാമു, മതിനാല്‍
സ്വപ്നങ്ങള്‍ തന്‍
കാന്തരാവുക കണികണ്ടതിന്‍
നേട്ടം വാങ്ങാന്‍''
എന്ന് അയ്യപ്പപ്പണിക്കര്‍ എഴുതിയത് ഇതു കേള്‍ക്കാന്‍ ആരുമില്ലാതായ കാലത്താണ് ജീവിക്കുന്നത് എന്ന ഉള്‍ക്കിടിലത്തോടെയാണ്. നാം ഉയിര്‍ക്കൊള്ളുന്നത് - നാം നാമാകുന്നത് - ''നാം പുണരും കിനാവിന്റെ ദിവ്യനാഭിയി''ലാണെന്നു ആത്മാവുകൊണ്ട് അറിയുകയും മനോവാക്കായ കര്‍മ്മങ്ങളില്‍ ആ അറിവിനെ സഫലീകരിക്കുകയും ചെയ്യുന്ന, ഈ ഉണ്‍മയുടെ നിറവിനു വേണ്ടി ഉഴവുചാലില്‍ വീണ വിത്തുപോലെ അഴിഞ്ഞില്ലാതാകാന്‍ സന്നദ്ധമാകുന്ന മനുഷ്യനു മാത്രമേ ഇതു സാദ്ധ്യമാകൂ. ജോണ്‍ വിറ്റേക്കര്‍ ആ ജനുസ്സില്‍പ്പെട്ട ആളായിരുന്നു; അനന്തരാമന്‍ ആ മഹത്വം തിരിച്ചറിഞ്ഞ് ആദരിക്കാന്‍ കഴിയുന്ന ആളായിരുന്നു. നേട്ടങ്ങളുടെയും ലാഭങ്ങളുടെയും പിന്നാലെ ഓടുന്നവര്‍ ഇത് അറിയുന്നില്ല.
താന്‍ പണ്ട് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്ന സ്ഥലത്ത് തന്റെ ഭൗതികാവശിഷ്ടം ചെന്നുചേരണമെന്ന ആഗ്രഹം മാത്രമാണോ ജോണ്‍ വിറ്റേക്കറെക്കൊണ്ട് 'ഇതൊരു പ്രധാന കാര്യം' എന്നു ചിന്തിപ്പിച്ചത്? അവിടംകൊണ്ട് ആലോചന നിര്‍ത്തിയാല്‍ അപകടമൊന്നുമില്ല; 'മറ്റൊരിന്ത്യാക്കാരന്‍' അപ്പോഴും ആസ്വാദ്യകരമായ കഥ തന്നെ. പക്ഷേ, പരസ്പരം ദൃഷ്ടികോര്‍ക്കുന്ന ചില സൂചനകള്‍ കഥയിലുണ്ട്. ഫാക്ടറി പണിയാനുള്ള സ്ഥലം ചുറ്റിനടന്നു കാണുന്നതിനിടയില്‍.
'പുഴക്കരയില്‍ എത്തിയപ്പോള്‍ വിറ്റേക്കര്‍ സായ്പ്പു പറഞ്ഞു: പക്ഷേ, അനന്തരാമന്‍, ഇതെന്റെ സ്ഥാലമല്ല, നിങ്ങളുടെ സ്ഥലമാണ്; നിങ്ങളുടെ പിതാമഹന്മാരുടെയും അവരുടെ പിതാമഹന്മാരുടെയും സ്ഥലം. ഞാന്‍ ഒരു സാക്ഷി മാത്രമാണ്. ഒരു നിമിത്തം... നിങ്ങള്‍ പഴയ പുസ്തകങ്ങളില്‍ പറയുന്നതുപോലെ... അതുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പിതാമഹന്മാരോടും നിങ്ങളുടെ ദൈവങ്ങളോടും... എല്ലാം മംഗളമായി ഭവിക്കട്ടെ...''
അനന്തരാമന്‍ പ്രാര്‍ത്ഥിച്ചു. ചുറ്റും നില്‍ക്കുന്ന ആരെയും അയാള്‍ കാണുന്നുണ്ടായിരുന്നില്ല. 'മുന്‍പില്‍ വിറ്റേക്കര്‍ സായ്പ്പ് മാത്രമായിരുന്നു - സായ്പ്പിന്റെ വിടര്‍ന്ന മുഖവും ജ്വലിക്കുന്ന കണ്ണുകളും' മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനന്തരാമനും ഒരു മൂര്‍ച്ഛയിലായിരുന്നു. വിറ്റേക്കര്‍ സായ്പ്പ് ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നോ? കഥയില്‍ ഒന്നും പറയുന്നില്ല. പക്ഷേ, ആ പശ്ചാത്തല വിവരണം സംശയിക്കാന്‍ ഇടനല്‍കുന്നില്ല. അരിസോണയിലെ ഈ സായ്പ്പ് ഇന്ത്യാക്കാരനായിത്തീര്‍ന്ന ജ്ഞാനസ്‌നാനത്തിന്റെ - 'ഉപനയത്തിന്റെ' എന്നു നിങ്ങള്‍ക്കു പറയണമോ, പറഞ്ഞുകൊള്ളൂ - മുഹൂര്‍ത്തമായിരുന്നു അത്. കാലം പോകെ, ഭാരത് കെമിക്കല്‍ കോര്‍പ്പറേഷന്‍ ഗവണ്‍മെന്റ് ഏറ്റെടുത്തതിനുശേഷം തുടങ്ങിയ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിന്റെ ചിത്രം വിസിറ്റേഴ്സ് റൂമിന്റെ ഭിത്തിയില്‍ തൂങ്ങുന്നത് അനന്തരാമന്‍ കണ്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗവും അവിടെ എഴുതിവച്ചിരുന്നു:
''ഈ നദിയുടെ കരയിലാണ് നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ശ്രീ ശങ്കരന്‍ ജനിച്ചത്. തന്റെ ബുദ്ധിപരമായ എല്ലാ കഴിവുകളും മാനവരാശിയുടെ നന്മയ്ക്കുവേണ്ടി നല്‍കിയ മഹാപുരുഷനായിരുന്നു ശ്രീ ശങ്കരന്‍. ഇവിടെ അദ്ദേഹം ഒട്ടേറെ ക്ഷേത്രങ്ങളും പണിതു... പുതിയൊരിന്ത്യ സൃഷ്ടിക്കുവാനാണ് നാം ഇന്നു ശ്രമിക്കുന്നത്... ഈ പുതിയ ഇന്ത്യയില്‍ പുതിയ ക്ഷേത്രങ്ങളും വേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് നാമിന്നിവിടെ ആരംഭിച്ചിട്ടുള്ളത്.''
അനന്തരാമന്‍ ഈ വാക്കുകള്‍ വീണ്ടും വീണ്ടും വായിച്ചു. ''എല്ലാ ജഡതകളെയും അകറ്റുന്ന അത്യന്തം ദീപ്തമായ ഒരു തീനാളം ആത്മാവില്‍ ആവാഹിച്ചെടുക്കുന്നതുപോലെ, പവിത്രമായ ഒരു മന്ത്രം ഉരുവിട്ട് ഉറപ്പിക്കുന്നതുപോലെ...'' വായിച്ചു വിറ്റേക്കറുടെ സങ്കല്പത്തിനു വാഗ്രൂപം ലഭിച്ച അനുഭവമല്ലേ അനന്തരാമനുണ്ടായത്? ഈ ചിത്രത്തിലും വാക്കുകളിലും മാറാല പടരുമ്പോള്‍ താന്‍ പങ്കുപറ്റിയ ഏതോ മഹാസങ്കല്പത്തിന് അവഗണനയേറ്റതുപോലെയാണ് അനന്തരാമന് തോന്നിയത്. പരിഭവമേല്‍ക്കുന്ന സങ്കല്പങ്ങളാണ്. മടുപ്പിക്കുന്ന കാത്തിരിപ്പല്ല അയാളെ അസ്വസ്ഥനാക്കുന്നത്.
വിറ്റേക്കറുടെ വാക്കുകള്‍ക്കും പ്രധാനമന്ത്രിയുടെ പ്രസംഗത്തിനും അതതു സന്ദര്‍ഭത്തില്‍ തികഞ്ഞ ഔചിത്യവും പ്രസക്തിയുമുണ്ട്. എന്നാല്‍, അവ ഉണര്‍ത്തുന്ന അനുരണനങ്ങള്‍ ആശ്ലേഷിച്ചൊന്നാകാന്‍ നാം നമ്മുടെ മനസ്സിനെ അനുവദിക്കുമ്പോള്‍ ഈ പെരിയാര്‍ കടവ് തീര്‍ത്ഥസ്ഥാനമായി മാറുന്നു. കെന്റിക്കിയില്‍ കിടന്നു മരിച്ച സായ്പ്പിന്റെ ചിതാഭസ്മം കോടിയുടുത്ത ഈ ബ്രാഹ്മണന്‍ തിരകളൊതുക്കി വിനയം കാട്ടിയ ഈ നദിയില്‍ അര്‍പ്പിക്കുമ്പോള്‍ മറയാന്‍ പോകുന്ന സൂര്യബിംബത്തില്‍ ജോണ്‍ വിറ്റേക്കറുടെ രൂപം എങ്ങനെ തെളിയാതിരിക്കും?
ഗോപാലന്‍ നായര്‍ മഹാനായിരുന്നില്ല. ഒരു സാധാരണ മനുഷ്യന്‍; സ്റ്റോര്‍സ് ഓഫീസര്‍. അദ്ദേഹം കമ്പനിയില്‍നിന്നു പിരിയുകയാണ്. കാളിയപ്പ ചെട്ടിയാരുടെ കടയില്‍നിന്നു നൂറുറുപ്പികയ്ക്കു വാങ്ങിയ ഒരു നിലവിളക്കും ഭാവി ജീവിതം പ്രകാശമാനമായിരിക്കട്ടെ എന്ന ആശംസയും കൂട്ടത്തില്‍ പൊള്ളയായ കുറെ പ്രശംസകളും സമര്‍പ്പിച്ച് ചടങ്ങു തീര്‍ക്കുന്ന പതിവു പരിപാടിയാണ് നടക്കുന്നത്. അക്കൂട്ടത്തിലെ അവസാന പ്രസംഗത്തിന്റെ രൂപത്തിലാണ് കഥ- 'സ്റ്റോര്‍സ് ഓഫീസര്‍ ഗോപാലന്‍ നായരെക്കുറിച്ച് ഒരു പ്രഭാഷണം.' കമ്പനിയുടെ തുടക്കത്തില്‍ തന്നോടൊപ്പം ജോലിക്കു ചേര്‍ന്നവനാണ് ഗോപാലന്‍ നായര്‍. അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ചു പറയാന്‍ തനിക്ക് അവകാശമുണ്ട്. യാത്രയയപ്പു യോഗത്തിലെ പതിവു വാചകങ്ങളും പൊള്ളയായ പ്രശംസകളും കേട്ട് ചിരിച്ചുപോകുന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഈ പ്രഭാഷകന്‍ വ്യത്യസ്തനാണ്. അങ്ങനെ വെറും സാധാരണക്കാരനായ ഗോപാലന്‍ നായരുടെ അസാധാരണത്വത്തിന്റെ ചിത്രം പ്രഭാഷകന്‍ പുറത്തിടുന്നു. ഇദ്ദേഹം സത്യസന്ധനാണ്; കൈക്കൂലി വാങ്ങാത്തവനാണ് വേണമെന്നുവച്ചാല്‍ ധാരാളം വാങ്ങാന്‍ അവസരമുള്ള പ്രേരണയും നിര്‍ബന്ധവും തന്നെയുള്ള വകുപ്പില്‍ ജോലിചെയ്തുകൊണ്ട് ആര്‍ഭാടങ്ങളില്ലാതെ, സ്വന്തം വറുതികളോടു സമരസപ്പെട്ടുകൊണ്ട് ഗോപാലന്‍ നായര്‍ ജീവിച്ചു. പക്ഷേ, സത്യസന്ധതയും സ്വഭാവശുദ്ധിയും പോലെ ഭയപ്പെടേണ്ട ഒന്നില്ലെന്ന് നന്നായി അറിയാവുന്ന മിടുക്കന്മാരായിരുന്നു ചുറ്റിലുമുണ്ടായിരുന്നത്. അവര്‍ സമര്‍ത്ഥമായി കരുനീക്കി. നൂറ്റി ഇരുപതു രൂപ വിലയുള്ള ഒരു സോഫ ഗോപാലന്‍ നായര്‍ കൈക്കൂലി വാങ്ങി എന്ന് ആരോപണം വന്നു. പിന്നെ സസ്പെന്‍ഷന്‍, അന്വേഷണം, സി.ബി.ഐ. കേസ് - കാലമേറെ കഴിഞ്ഞപ്പോള്‍ കേസു തള്ളി. ഗോപാലന്‍ നായര്‍ തിരികെ വന്നു. ഇന്നിതാ ജോലിയില്‍നിന്നു പിരിയുന്നു. അന്ന് അദ്ദേഹത്തെ കുടുക്കാന്‍ കെണിവച്ചവര്‍ ഇന്ന് ഓട്ടുവിളക്കും പ്രശംസാ വാക്യങ്ങളുമായി ഒത്തുകൂടിയിരിക്കുന്നു! പരിഹാസത്തിന്റെയും ക്രൂരമായ വിമര്‍ശനത്തിന്റെയും ധര്‍മ്മരോഷത്തിന്റെയും നിറങ്ങള്‍ ചേര്‍ത്ത് ടി. പത്മനാഭന്‍ കേവലമായ മനഃശുദ്ധിയുടെ ചിത്രം ഈ കഥയില്‍ അവതരിപ്പിക്കുന്നു. മറ്റു കഥകളെക്കാള്‍ ഋജുവാണ് ഇതിന്റെ ഘടന.
സുനന്ദയുടെ അച്ഛന്‍, നിധി പാല സുഖമാ തുടങ്ങിയ കഥകള്‍ ഈ മട്ടില്‍ ഘടനാപരമായ സാരള്യം കാണിക്കുന്നില്ല. മറ്റു ചില ഭാവങ്ങളോടു ചേര്‍ന്ന് പൂജ്യപൂജാവ്യതിക്രമം കാണിക്കുന്ന കാലവിപര്യയം പ്രകാശനം നേടുന്നു എന്നേ പറയേണ്ടൂ. അതുകൊണ്ടുതന്നെ ഈ കഥകള്‍ സ്റ്റോര്‍സ് ഓഫീസര്‍ ഗോപാലന്‍ നായരെക്കുറിച്ചൊരു പ്രഭാഷണം എന്ന കഥയേക്കാള്‍ ആന്തരസമ്പന്നത കാണിക്കുന്നു.
''നിങ്ങളുടെ അച്ഛനെ എനിക്കു ബഹുമാനമാണ് എന്നറിയാമല്ലോ. ബഹുമാനിക്കുന്നത് അദ്ദേഹം ആരാണ്, അദ്ദേഹത്തിന്റെ പഴയകാലം എന്തായിരുന്നു എന്നൊക്കെ അറിയുന്നതുകൊണ്ടാണ്. അദ്ദേഹത്തെപ്പോലെയല്ലെങ്കിലും ഞാനും ഒരു കാലത്ത്...''
എന്ന് ബുക്സ്റ്റാള്‍ നടത്തുന്നയാള്‍ സുനന്ദയോടു പറയുന്നതില്‍ നിന്നാണ് അച്ഛന്റെ പ്രഭാവിതമായ ഭൂതകാലത്തെക്കുറിച്ച് നമുക്കു ചില സൂചനകള്‍ കിട്ടുന്നത്. അവ്യക്തമായ സൂചനകള്‍ മാത്രം. അതിന്റെ സ്വഭാവം എന്തെന്നറിയുക കഥാസ്വാദനത്തിന് ആവശ്യമില്ലെന്നാണ് കഥാകൃത്തിന്റെ നിലപാടും. അതു ശരിയാണുതാനും. നമുക്കു വിശദാംശങ്ങള്‍ വിവരിച്ചുതന്ന് വ്യക്തതയുള്ള ഒരു ചിത്രം സമ്മാനിക്കുന്നുവെന്ന് വിചാരിക്കുക. അപ്പോള്‍ കഥയും അതിന്റെ ഭാവവും മാറും. പറയുന്നതില്‍ മാത്രമല്ല പറയാതിരിക്കുന്നതില്‍ക്കൂടിയാണ് കലയുടെ തത്വം പ്രകാശിതമാകുന്നത്. ഔചിത്യം പറയാതെ വിട്ടതിലാണ് തേടേണ്ടതെന്നു തോന്നുന്നു. ഔചിത്യമെന്നാല്‍ ഭാവാനാനുസാരിത്വം എന്ന് അര്‍ത്ഥം.
രണ്ടാം ബാല്യത്തിലെത്തിയ ആളാണ് സുനന്ദയുടെ അച്ഛന്‍. ഏതൊക്കെയോ ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച് കുടുംബകാര്യങ്ങള്‍ വിസ്മരിച്ച ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ട്. ''എനിക്കറിയാം നിന്റെ അമ്മയോടും നിന്നോടുമൊന്നും നീതിചെയ്യുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ നിന്റെ അമ്മ രോഗിയായിത്തീര്‍ന്നതും. എനിക്ക് ഇതിലൊന്നും കുറ്റബോധമില്ലെന്ന് എന്റെ മോള്‍ ഒരിക്കലും ധരിക്കരുതേ... എനിക്കു സംഭവിച്ചത്... ഈ ഏറ്റുപറച്ചില്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. വേറെ ചില സംഭവങ്ങളുടെ അനുബന്ധമാണ്. ആ താളുകള്‍ മറിച്ചു നോക്കുന്നതില്‍ ഒരു കുട്ടിയെപ്പോലെ ആഹ്ലാദം കൊള്ളുന്നു. എത്രാമത്തെ തവണയാണ് ഇത് സുന്ദനയോട് ആവര്‍ത്തിക്കുന്നതെന്ന് ഓര്‍ക്കാന്‍ കഴിയുകയുമില്ല. പഴയ കഥകളോ അദ്ദേഹത്തിന്റെ മഹത്വമോ അറിയാനോ ആദരിക്കാനോ ഇന്നാരുണ്ട്. അങ്ങനെയാണ് ടൗണ്‍ഹാളിലെ യോഗത്തിനു മുന്‍നിരയില്‍ പോയി ഇരുന്നതും ഏതോ വിശിഷ്ടാതിഥിക്കുവേണ്ടി റിസര്‍വു ചെയ്തിരുന്ന സീറ്റില്‍നിന്ന് ഇറക്കിവിട്ടതും. അതിനിടയില്‍ അദ്ദേഹത്തിന്റെ കുപ്പായം കീറിയതും മറ്റും. പക്ഷേ, കഥയുടെ ഒരംശമേ ആകുന്നുള്ളൂ. അച്ഛനെക്കുറിച്ചുള്ള സുനന്ദയുടെ വേവലാതികളുടെ രൂപത്തിലാണ് ഈ കഥയുടെ ആഖ്യാനം. അതിന് ആക്കം കൊടുക്കുന്ന അനേകം ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഈ അവമതിയുടെ ചിത്രം. എന്നാല്‍, സുനന്ദയുടെ ദൈന്യതയുടെ മധ്യത്തിലും അവള്‍ അച്ഛനെ അറിയുന്നു. ആദരിക്കുന്നു. ആ ആദരവ് മറ്റുള്ളവര്‍ കാണിക്കാത്തതില്‍ അവള്‍ക്ക് പരിഭവമൊന്നുമില്ല. പരിഭവിക്കേണ്ട കാര്യമെന്തിരിക്കുന്നു? അവര്‍ക്കറിയുമോ പഴയ കഥകള്‍! ഇങ്ങനെ വാര്‍ദ്ധക്യത്തിന്റെ പരാധീനതയും അതു തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും അതേസമയം കര്‍മ്മധന്യമായ ഒരു ഭൂതകാലത്തിന്റെ അഭിമാന നിര്‍ഭരമായ ഓര്‍മ്മ തേട്ടിവരുന്നതും ഇവയെല്ലാം സ്വന്തം ബദ്ധപ്പാടുകളുടെ ഭാരം ചുമക്കുമ്പോള്‍ പരാതിയില്ലാതെ, സ്‌നേഹത്തോടും സഹഭാവത്തോടും കൂടി സുനന്ദ ഏറ്റുവാങ്ങുന്നതുമാണ് 'സുനന്ദയുടെ അച്ഛ'നില്‍ കാണുന്നത്.
പ്രവാചകനെയാണോ ജീനിയസിനെയാണോ സമൂഹം ആദ്യം ബഹിഷ്‌കരിക്കുക? ഇവരെ വേര്‍തിരിക്കുന്ന രേഖയ്ക്ക് എന്തു കനം വരും. അങ്ങനെയൊന്ന് ഉണ്ടോ എന്നുതന്നെ ആര്‍ക്കറിയാം. 'നിധി ചാല സുഖമാ' എന്ന ചെറുകഥയിലെ രാമനാഥന്‍ അക്ഷരാര്‍ത്ഥത്തില്‍ ജീനിയസ്സാണ്. തഞ്ചാവൂരിലെ സംഗീതത്തിന്റെ ഈണം ഒഴിയാത്ത അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന്, സംഗീതജ്ഞനാകാന്‍ കൊതിച്ചിട്ടും അച്ഛന്റെ നിര്‍ബന്ധത്തിന് എന്‍ജിനീയറായി. എന്‍ജിനീയറായപ്പോള്‍ അതിലെ അതിവിരള ജനുസ്സില്‍പ്പെട്ട് പ്രശസ്തിയാര്‍ജ്ജിച്ച രാമനാഥന്‍. പക്ഷേ, അദ്ദേഹത്തിന് ഒട്ടെറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. പണം അദ്ദേഹത്തിന്റെ ആകര്‍ഷണ കേന്ദ്രമായിരുന്നില്ല. ''ഞാനൊരിക്കലും പണത്തിനുവേണ്ടി ജോലി ചെയ്തിട്ടില്ല. ചെയ്ത ജോലിക്കു പണം വാങ്ങിയിട്ടുണ്ട്. പക്ഷേ, അതും പണത്തിനുവേണ്ടി ജോലി ചെയ്യുന്നതും രണ്ടാണ്...'' ഇതാണ് അദ്ദേഹത്തിന്റെ വീക്ഷണം. അതുകൊണ്ടാണ് അന്താരാഷ്ട്ര പ്രശസ്തങ്ങളായ സ്ഥാപനങ്ങള്‍ കനത്ത പ്രതിഫലം നല്‍കി ക്ഷണിച്ചിട്ടും അദ്ദേഹം അതൊക്കെ നിരസിച്ചത്. പക്ഷേ, സാധാരണ തൊഴിലാളിയോടൊപ്പം നിലത്തു പടിഞ്ഞിരുന്നു വെല്‍ഡു ചെയ്യാന്‍ മടിയില്ലാത്ത രാമനാഥന്‍ മാനേജിങ്ങ് ഡയറക്ടറുടെയോ ചെയര്‍മാന്റെയോ മന്ത്രിയുടെയോ മുന്‍പില്‍ മൃദുവാക്കല്ല. അക്ഷോഭ്യമായ ഗാംഭീര്യത്തോടെ അപ്രിയസത്യം പറയാന്‍ അദ്ദേഹത്തിനു മടിയില്ല. തന്റെ നിലപാടിലെ ശരിയുടെ ബലം മന്ദമായ, പതറാത്ത, സൗമ്യമായ ആ ശബ്ദത്തിന് നടുക്കുന്ന മുഴക്കം നല്‍കുന്നു. അങ്ങനെയാണ് രാമനാഥന്‍ രാജികൊടുത്ത് ഇറങ്ങിപ്പോരേണ്ടിവന്നത്.
പക്ഷേ, കമ്പനിക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം വേണ്ടിവന്നിരിക്കുന്നു. ഇടുക്കിയില്‍നിന്നു വന്ന കനേഡിയന്‍ എക്സ്പെര്‍ട്ടിനോ ലെയ്ലെന്റില്‍ നിന്നുവന്ന ബ്രിട്ടീഷ് എക്സ്പെര്‍ട്ടിനോ നേരെയാക്കാന്‍ കഴിയാത്തത് രാമനാഥന് കഴിയും എന്ന വിശ്വാസത്താല്‍ കുമാര്‍ അദ്ദേഹത്തെ തേടിയെത്തിയതാണ്. നീക്കുപോക്കുകളുടെയും വിട്ടുവീഴ്ചകളുടേയും പ്രായോഗികത നല്‍കുന്ന നേട്ടങ്ങള്‍ വലിച്ചെറിഞ്ഞ് ഇനി, മതി. എല്ലാറ്റിനും ഒരു കാലമുണ്ട് എന്ന് വിചാരിച്ച് ജോലിയില്‍ നിന്നെല്ലാം വിരമിച്ച് മദിരാശിയിലെ പാരിസ് കോര്‍ണറിലെ ഒരു ഇടുങ്ങിയ മുറിയില്‍ രാമനാഥന്‍ ആശുപത്രിയില്‍ കിടക്കുന്ന തന്റെ പഴയ സ്‌നേഹിതനെ സഹായിക്കാന്‍ അയാളുടെ കടയുടെ ചുമതല ഏറ്റെടുത്തു നടത്തുന്നു. ഹാനോവറില്‍, അമേരിക്കയില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും ജപ്പാനില്‍നിന്നും വന്ന എന്‍ജിനീയറന്മാരുടെ മുന്‍പില്‍ പ്രബന്ധം വായിച്ച് അഭിനന്ദനം ഏറ്റുവാങ്ങിയപ്പോള്‍ രാമനാഥന് ഇപ്പോള്‍ തോന്നിയ ചാരിതാര്‍ത്ഥ്യമേ ഉണ്ടായുള്ളൂ. അതാണു രാമനാഥന്‍! ലോകം മുഴുവന്‍ പ്രേയസ്സുകളുടെ പിന്നാലെ നെട്ടോട്ടമോടുമ്പോള്‍ രാമനാഥന്‍ മൂളിപ്പാട്ടും പാടി ശ്രേയസ്സിന്റെ വഴിയില്‍ മന്ദചാരിയായി നീങ്ങുന്നു. മഹത്വത്തിന്റെ നിരാടോപവും ഒപ്പം അധിഷ്യവുമായ രൂപത്തെയാണ് നിധി ചാല സുഖമാ... എന്ന കഥയില്‍ ടി. പത്മനാഭന്‍ വരഞ്ഞിടുന്നത്.
നമ്മുടെ കഥാസാഹിത്യത്തില്‍ അമൃതതുല്യമായ നന്മയുടെ സാന്നിദ്ധ്യം ഈ അളവില്‍ അധികം കാണുകയില്ല. ദുഃഖത്തിന്റെയും പരാജയങ്ങളുടെയും നിഴല്‍ വരയ്ക്കുമ്പോള്‍ ടി. പത്മനാഭന്‍ ഒരു കാര്യം ഓര്‍ക്കുന്നു: ഈ ശ്യാമസാന്ദ്രത മനുഷ്യത്വത്തിന്റെ കിരണങ്ങള്‍ക്കുള്ള പശ്ചാത്തലം മാത്രം; മനുഷ്യന്റെ കൊച്ചു ജീവിതം നക്ഷത്രങ്ങളില്‍ തൊടുക്കേണ്ടതാണ്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates