Archive: ഒരു പ്രതിഭാഷാ പാഠപുസ്തകം; മേതില്‍ രാധാകൃഷ്ണന്‍ എഴുതുന്നു

1997 ജൂലൈ 18 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
Maythil Radhakrishnan
മേതില്‍ രാധാകൃഷ്ണന്‍ എഴുതിയ ലേഖനം Maythil Radhakrishnan file
Updated on

1997 ജൂലൈ 18 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ഒന്നാം അദ്ധ്യായം: വാഗ്മിയാകുന്ന കൊഞ്ഞന്‍

താക്കീത്: നരവംശ ശാസ്ത്രജ്ഞനായ ലെവിസ്ട്രോസ് തൊട്ട് തുടങ്ങുന്നതും സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ ഒരു ദുരാചാരമെന്ന് പേരെടുത്തതുമായൊരു കീഴ്വഴക്കത്തിന് മനഃപൂര്‍വം വഴങ്ങിക്കൊടുത്തുകൊണ്ടാണ് ഞാന്‍ തുടങ്ങുന്നത്. പ്രതിഭാഷയെക്കുറിച്ച് എഴുതുന്നൊരാള്‍ ദുരാചാരങ്ങളെ പേടിക്കരുതെന്നു മാത്രമല്ല, അവയില്‍ ചിലതിനെ ആദരിക്കുക കൂടി വേണം. ദുരാചാരമെന്ന് ഞാന്‍ പറഞ്ഞത് ചില സാമൂഹിക ശാസ്ത്ര സങ്കല്പങ്ങള്‍ വിശദീകരിക്കാന്‍ ഗണിതശാസ്ത്ര ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായത്തെയാണ്. ഇത് ഒരേ സമയത്ത് അനാശാസ്യവും ആശാസ്യവുമാണെന്ന് കാണാം-

അനാശാസ്യം: കാരണം, പാഠത്തില്‍ ഉപയോഗിക്കപ്പെടുന്ന ഗണിതശാസ്ത്ര ചിഹ്നങ്ങളും അവയുടെ ഗണിതശാസ്ത്ര ധര്‍മ്മവും തമ്മില്‍ ഗണിതശാസ്ത്രപരമായ ബന്ധം കാണില്ല.

ആശാസ്യം: മേല്പറഞ്ഞ അനാശാസ്യതക്കെതിരെ, പാഠത്തില്‍ വിവരിക്കപ്പെടുന്ന സാമൂഹിക സങ്കല്പങ്ങള്‍ പുതിയൊരു അര്‍ത്ഥതലത്തിലേയ്ക്കു പ്രവേശിക്കുന്നു. ഇത് കീമപ്പണി (അല്‍കെമി) തന്നെയാണ്. കീമപ്പണിയുടെ നിഗൂഢതയും ആഭിചാരവാസനയും ഇതില്‍ കാണാം. ഒപ്പം കീമപ്പണിയിലെ മാന്ത്രികതയും (സ്വര്‍ണം ഉണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കീമപ്പണിക്കാര്‍ അവരുടെ സമവാക്യങ്ങളെ മന്ത്രമാക്കുന്നതില്‍ പരാജയപ്പെട്ടില്ലെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രതിഭാഷയില്‍ അല്‍കെമിയുടെ ഘടകങ്ങള്‍ കാണാമെന്ന് ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്.)

ശരി, തുടരുക.

ഭാഷ/പ്രതിഭാഷ, സമൂഹം/പ്രതിസമൂഹം എന്നീ ദ്വന്ദ്വങ്ങള്‍ ഒരു സമീകരണ പദ്ധതിയില്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ചുരുക്കെഴുത്ത് ഇങ്ങനെയാവും-

സ:ഭാ::പ്രസ:പ്രഭാ

സ:പ്രസ::ഭാ:പ്രഭാ

ഈ ചുരുക്കെഴുത്ത് വിശദീകരിച്ചാല്‍: സമൂഹത്തിന് ഭാഷയെന്തോ അതാണ് പ്രതിസമൂഹത്തിന് പ്രതിഭാഷ, ആകയാല്‍, സമൂഹത്തിന് പ്രതിസമൂഹമെന്തോ അതാണ് ഭാഷയ്ക്ക് പ്രതിഭാഷ (ഹാലിഡേ). ഇപ്പോള്‍ ഇത്രയും മതി, പക്ഷേ, ഈ ചുരുക്കെഴുത്ത് ഒരു ന്യൂനോക്തി കൂടിയാണെന്ന് പിന്നീട് കാണാം.

താക്കീത്: ഇവിടംതൊട്ട് ഞാന്‍ രണ്ടാമതൊരു സാമൂഹിക ശാസ്ത്ര ദുരാചാരത്തിനുകൂടി കീഴ്പ്പെടാന്‍ പോകയാണ്. ഒരു സാമൂഹിക ചിഹ്നവ്യവസ്ഥ (സോഷ്യല്‍ സെമിയോട്ടിക്) എന്ന നിലയ്ക്ക് ഭാഷയെ പരിഗണിക്കുന്ന സമ്പ്രദായമാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്. ഇത് സ്വയം ഒരു ദുരാചാരമല്ല. പക്ഷേ, അതിന്റെ യഥാര്‍ത്ഥ നിര്‍വഹണത്തിനിടയില്‍, 'സാമൂഹികം' എന്ന സങ്കല്പം മനുഷ്യന്റെ ആവിര്‍ഭാവത്തിനു മുന്‍പേത്തന്നെ പ്രസക്തമായിരുന്നൊരു ഭൗമികസങ്കല്പമാണെന്ന വസ്തുത മറക്കപ്പെടുന്നു, മറയ്ക്കപ്പെടുന്നു. അങ്ങനെ, ഫലത്തിലത് ജൈവ വിനിമയ ചരിത്രത്തിന്റെ ഒരു തര്‍ക്കബിന്ദുവില്‍നിന്ന് തുടങ്ങുന്ന ആഖ്യാനമായിത്തീരുന്നു. കാരണം, ജീവനുള്ള എന്തിന്റെയും ചേഷ്ടകളും വ്യാപാരങ്ങളും പോലെ, മനുഷ്യഭാഷയും ഒരു ഇക്കോളജിക്കല്‍ നിര്‍മ്മിതിയാണ്. ഇതു സ്ഥാപിക്കുക എളുപ്പമാണ്, പക്ഷേ, അതിനുവേണ്ടി കൂടുതല്‍ എഴുതേണ്ടിവരുന്ന പുറങ്ങളുടെ എണ്ണം അമ്പരപ്പുണ്ടാക്കുന്നു. അതുകൊണ്ട്, മുന്‍പറഞ്ഞ തര്‍ക്കബിന്ദുവെ സൗകര്യബിന്ദുവായെടുത്ത്, സാമൂഹിക ചിഹ്നശാസ്ത്രം തന്നെയാണ് ഭാഷാശാസ്ത്രമെന്ന മട്ടില്‍ മുന്നോട്ടുപോകാം. ഈ പാഠപുസ്തകത്തെ സംബന്ധിച്ചിടത്തോളം വളരെ സ്വീകാര്യവും ധാരാളവുമായൊരു സങ്കല്പമാണത്.

ഇനി, നേരത്തേ സൂചിപ്പിച്ച ന്യൂനോക്തിയെ നമുക്ക് മിതോക്തിയാക്കാം: സമൂഹത്തിന് ഭാഷയെന്തോ അതില്‍ക്കൂടുതല്‍ പലതുമാണ്. പ്രതിസമൂഹത്തിന് പ്രതിഭാഷ.

Maythil Radhakrishnan
Archives|ബഷീറിന്റെ വിശ്വാസം; ഒരോര്‍മ്മക്കുറിപ്പ്

എവിടെയാണ് പ്രതിഭാഷകള്‍?

പ്രതിഭാഷ തേടി സാഹിത്യലോകത്തിലേയ്ക്കു കടക്കാനുള്ള ഭീകര പ്രലോഭനം ഞാന്‍ ചെറുത്തു നില്‍ക്കട്ടെ. പക്ഷേ, തികച്ചും സാമൂഹികമായൊരു പ്രസക്തിയില്‍ ചില എഴുത്തുകാരെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഗോര്‍ക്കിയോ, മയക്കോഫ്സ്‌കിയോ എഴുതിയത് പ്രതിഭാഷയായിരുന്നില്ല. പാരീസിലെ കഫേകളിലിരുന്ന് സാഹിത്യത്തിലെയും ദൃശ്യകലകളിലെയും മറ്റും ആധുനിക ആചാര്യന്മാരോട് നര്‍മ്മസല്ലാപങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത്, വ്യവസ്ഥാപിതത്വത്തെ ഏതെങ്കിലും വിധത്തില്‍ എതിര്‍ക്കുന്നവരുടെയെല്ലാം 'എസ്പെരാന്‍ ഡോ' ആകുമായിരുന്നൊരു പ്രതിഭാഷയുടെ അവ്യക്ത സാധ്യത അത്രയും അവ്യക്തമായി ലെനിന്‍ സംശയിച്ചിരിക്കാമെന്ന് ഞാന്‍ സംശയിക്കുന്നു. പക്ഷേ, ചക്രവര്‍ത്തി സാറിന്റെ നാട്ടില്‍ തിരിച്ചെത്തിയ ലെനിന്‍ തന്റെ അണികളോട് സംസാരിച്ചത് പ്രതിഭാഷയിലല്ല. ബോള്‍ഷെവിക്കുകളുടേത് ഒരു പ്രതിസമൂഹമായിരുന്നില്ല. സാങ്കല്പികമെങ്കിലും തികച്ചും സ്പൃശ്യമായൊരു ആഗോള സമൂഹത്തിന്റെ റഷ്യന്‍ ശാഖയായിരുന്നു അവരുടെ സമൂഹം. അതിന്റെ ഭാഷ തൊഴിലാളി വര്‍ഗ എസ്പെരാന്‍ഡോ ആയിരുന്നു. അതിന് താക്കോല്‍ വാക്കുകള്‍ നല്‍കിയത് സാഹിത്യാഭിരുചിയില്‍ ഒരു തികഞ്ഞ അരിസ്റ്റോക്രാറ്റായിരുന്ന മാര്‍ക്സിന്റെ ശബ്ദകോശമായിരുന്നു. ഇല്ല. കമ്യൂണിസ്റ്റുകള്‍ക്ക് പ്രതിഭാഷ സാധ്യമല്ല. മറിച്ച്, ഫ്രാന്‍സില്‍ തറവടക്കകത്തിരുന്ന് ഷെനെ എഴുതിയത് ചിലപ്പോഴെങ്കിലും പ്രതിഭാഷയിലായിരുന്നു. അമേരിക്കയിലെ അധോലോക കലാകാരന്മാര്‍ക്കിടയില്‍ ഗുരുസ്ഥാനം നേടിയ വില്യം ബറോസ് എഴുതിയത് പ്രതിഭാഷയായിരുന്നു. ലോക പോപ്പ് സംഗീതത്തിന്റെ നട്ടും ബോള്‍ട്ടും മാറ്റിയ ബോബ് ഡീലന്‍ എഴുതിയ നോവല്‍ ('Tarantula') പ്രതിഭാഷയാണ്. പക്ഷേ, ബോബിന്റെ പാട്ടുകള്‍ പള്ളിക്കൂടത്തിലെ പാഠപുസ്തകങ്ങള്‍ വരെയെത്തി. നേര്‍വരകള്‍ വക്രരേഖകളെക്കാള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു സാമൂഹിക സാങ്കേതിക വരപ്പാണിത്. പക്ഷേ, ഇതില്‍ വളരെ സ്പഷ്ടമായുള്ളത് പ്രതിഭാഷയുടെ ക്രിമിനല്‍ സ്പര്‍ശമാണ്. എന്റെ ഇതിവൃത്തം ക്രിമിനലുകളുടെയും അര്‍ദ്ധ ക്രിമിനലുകളുടെയും പ്രതിഭാഷയാണ്; ജയിലുകളിലും റിഫോമേറ്ററികളിലും പുറത്തുള്ള അധോലോകത്തിലും കഴിയുന്ന പ്രതിസമൂഹപൗരന്മാരുടെ ഭാഷ. ഇതിന്നൊരുദാഹരണം ആഡം പോഡ്‌ഗോറെക്കിയുടെ വിദഗ്ദ്ധപഠനത്തിനു വിഷയമായ പോളിഷ് അധോലോകഭാഷയാണ്-

ഗ്രൈപ് സെര്‍ക്ക.

പോളിഷ് ഭാഷയിലെ ഒരു പടുവാക്കാണ് 'ഗ്രൈപ്' തടവറകളില്‍നിന്ന് പുറത്തേക്കും. മറിച്ചും, കള്ളക്കടത്തായി സഞ്ചരിക്കുന്ന എഴുത്തുകളെ കുറിക്കാനാണ് പോളണ്ടിലെ അധോലോകം ഈ വാക്ക് ഉപയോഗിക്കുന്നത്. ഗ്രൈപ് സെര്‍ക്ക എന്ന പ്രയോഗത്തിന്റെയും സങ്കല്പത്തിന്റെയും ധാതു ഗ്രൈപയാണ്.

ഇവിടെ ധൃതിപിടിച്ച് എടുത്തുപറയേണ്ടൊരു കാര്യമുണ്ട്. ഗ്രൈപ എഴുത്താണെങ്കിലും ഗ്രൈപസെര്‍ക്കയുടെയും മറ്റു കാരാഗൃഹ/അധോലോകഭാഷകളുടെയും ദീര്‍ഘ വ്യാപാരങ്ങളും ആത്മാവും സംഭാഷണങ്ങളിലാണ്. എഴുതപ്പെട്ട പാഠങ്ങള്‍ക്കപ്പുറത്ത് ഭാഷകളും പ്രതിഭാഷകളും ഒരേപോലെ സംഭാഷണങ്ങളിലൂടെ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പിന്നീട് പരിശോധിക്കാം. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കാം. അന്തേവാസികളുടെ സംഭാഷണങ്ങള്‍ ഒരര്‍ത്ഥത്തില്‍ പ്ലാറ്റോണിക് ഡയലോഗുകളാണ്.

പ്ലാറ്റോയുടെ ഏറ്റവും കേന്ദ്രീയവും പ്രശസ്തവുമായ ബിംബം ഒരു ഗുഹയിലെ തടവുകാരാണെന്നതിലെ യാദൃച്ഛികതക്കപ്പുറത്തെ കാഴ്ചയാണിത്. ഏകാധിപത്യ രാഷ്ട്രീയത്തിന്റെ പേരില്‍ നമ്മുടെ ആദര്‍ശ റിപ്പബ്ലിക്കുകളില്‍ നിന്നു പുറത്താക്കപ്പെട്ട ഈ കുലീന വര്‍ഗ ചിന്തകന്റെ ഡയലോഗ് സങ്കല്പത്തെക്കാള്‍ ഗംഭീരമായൊരു സംഭാവന ഒരു ജനാധിപത്യയുഗത്തിന് മറ്റൊരാളില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ തുറന്ന സംവാദങ്ങളിലും ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ഡയലോഗുകളുടെ ആശാന്‍ സ്മരിക്കപ്പെടുന്നില്ലെങ്കില്‍ (ലജ്ജാവഹം!) അദ്ദേഹം തന്റെ താത്വിക ബിംബത്തില്‍നിന്ന് നേരിട്ടൊരു കാരാഗൃഹത്തിലേക്കിറങ്ങിവരട്ടെ.

പ്ലാറ്റോ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ പ്രസ്താവന അദ്ദേഹത്തെ ഞെട്ടിക്കുമായിരുന്നു. പ്രതിഭാഷകളുടെ കൂത്തരങ്ങുകളായ സംഗീതശാലകളെയും നാടകശാലകളെയും അദ്ദേഹത്തെക്കാള്‍ വെറുത്തവരാരുണ്ട്! പക്ഷേ, കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും തെരുവുതെണ്ടികളുടെയും ഗുഹാജീവിതത്തിന്റെ അതിജീവനമന്ത്രമായ സംഭാഷണങ്ങളില്‍ പ്ലാറ്റോയെ അദ്ദേഹത്തിന്റെ ഏറ്റവും ഉദാത്തമായ നിമിഷങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കയെന്ന ആഭിചാരത്തിന് ഞാന്‍ സാഹസപ്പെടുകയാണ്.

എല്ലാം ദൈവമയമായ പ്ലാറ്റോയുടെ പ്രപഞ്ചത്തിലെ ദൈവം, ഇന്ന് ക്രോസ്വേഡിനു മുന്നിലിരിക്കുന്നവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സദാ ജ്യാമിതീയ പ്രശ്‌നങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരാളാണ്. കാരണം, 'സിന്ധുഭൈരവി'യിലെ സുഹാസിനിയെപ്പോലെ 'ഏടറിയേ എഴുത്തറിയേ' എന്ന് അഭിമാനപൂര്‍വ്വം പാടാന്‍ കഴിയുന്നൊരു ദൈവമാണത്. അഭിമാനപൂര്‍വ്വം, തീര്‍ച്ചയായും. രാജാവും ദൈവവുമായ തമൂസ് ഇതിനുള്ള കാരണം പറയും. ത്യൂത്തെന്നും തോത്തെന്നും ഹെര്‍മസെന്നും അറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ദേവത (പ്ലാറ്റോയുടെ തന്നെ മതമനുസരിച്ച് സംഖ്യകളും ഗണിതശാസ്ത്രവും ജ്യോമിതിയും ജ്യോതിശാസ്ത്രവും ഡ്രാഫ്റ്റ്‌സ്, ഡൈസ് തുടങ്ങിയ ചൂതാട്ടക്കരുക്കളും കണ്ടുപിടിച്ച ദേവത) തമൂസിനെ ചെന്നുകണ്ട് ഉണര്‍ത്തിക്കുന്നു: ''എന്റെ പ്രഭോ, ഞാന്‍ ഈ ചാതുര്യമാര്‍ന്ന സാധനം കണ്ടുപിടിച്ചിരിക്കുന്നു, ഇതിന്റേ പേര് എഴുത്തെന്നാണ്. ഇത് തീര്‍ച്ചയായും ഈജിപ്തുകാരുടെ ബുദ്ധിയും ഓര്‍മ്മയും വികസിപ്പിക്കും.'' രാജാവും ദൈവവുമായ തമീസ് വിയോജിക്കുന്നു. ബുദ്ധിക്കും ഓര്‍മ്മയ്ക്കും പകരംവെക്കാന്‍ വളരെ ദരിദ്രമായൊരു സാധനമാണ് എഴുത്ത്; എഴുതിവെച്ച കാര്യങ്ങളാണ് കേമമെന്ന് ആളുകള്‍ ധരിക്കും.

എഴുത്തിന്റെ ജനാധിപത്യപരമായ ഭീഷണിയെക്കുറിച്ചുള്ള ഉണര്‍വ് ഇതില്‍ ധ്വനിക്കുന്നു. ഈ ധ്വനിയും കടന്ന്, തന്റെ കൃതികള്‍ മണ്ടന്മാരുടെ കൈകളിലെത്തിപ്പെടുമെന്ന് പേടിച്ച ആധുനിക ചിന്തകനായ വിറ്റ്‌ജെന്‍സ്‌റ്റൈനെപ്പോലെ, വളരെ സ്പഷ്ടമായിത്തന്നെ പ്ലാറ്റോ തന്റെ ആശങ്കയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്ലാറ്റോയ്ക്ക് തന്റെ കാലത്തെ ഓരോ ഏടും അറിയാമായിരുന്നു. ഉപരിഗണിതത്തിന്റെ സൗന്ദര്യമുള്ള എഴുത്തും അറിയാമായിരുന്നു. എത്രയോ എഴുതിക്കൂട്ടുകയും ചെയ്തു. പക്ഷേ, എഴുതിയത് മനസ്സില്ലാ മനസ്സോടെയായിരുന്നു. കാരണം, ഒരു പുസ്തകത്തിന് ഒന്നും തിരിച്ചുപറയാനാവില്ല. ബുദ്ധിമാന്മാരേയും മന്ദബുദ്ധികളേയും തിരിച്ചറിയാനാവില്ല. അതിനുവേണ്ടി വാദിക്കാന്‍ അതിന്റെ രക്ഷിതാവു തന്നെ വേണ്ടിവരും.

'എഴുത്തുകാരന്റെ മരണം' സൃഷ്ടിച്ച ഒഴിവില്‍ സ്വന്തം തസ്തിക ഉറപ്പിക്കാന്‍ സംഗീതക്കസാലയാടുന്ന യശ:പ്രാര്‍ത്ഥികള്‍ ഇതില്‍ 'വായിച്ചെടുക്കുക' എഴുത്തുകാരന്റെ ഏകാധിപത്യ പ്രവണതയാവും കാട്! കാട്! അറുപത്താറില്‍ പീറ്റര്‍ ബര്‍ജറും തോമസ് ലക്മനും സംഭാഷണത്തിന്റെ യഥാര്‍ത്ഥ്യജനക (reality-generating) ശക്തിയെക്കുറിച്ച് സംസാരിക്കുന്നതുവരെ ആ വിഷയത്തെക്കുറിച്ച് പറയാന്‍ മറ്റൊരാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പറച്ചിലിനെക്കുറിച്ച് പല കൃതികളിലൂടെ പ്ലാറ്റോ പറഞ്ഞുതീരുമ്പോള്‍, എഴുത്ത് ഈ കുഴക്കും ലോകത്തില്‍ താത്വികാന്വേഷണത്തിന്റെ മൃതാന്ത്യം (dead end) തന്നെയായി കാണപ്പെടുന്നു - അമേരിക്കയിലെ ആധുനിക കവികളിലൊരാളുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, മുഴുമിക്കപ്പെട്ട കൃത്യത്തിന്റെ അശ്ലീലത (the obscenityof the finished act).

ഒച്ചയിലേയും മൂച്ചിലേയും കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കടല്‍ത്തീരത്തുചെന്ന്, വായില്‍ ചെറുകല്ലുകള്‍ നിറച്ച്, തിരമാലകളുടെ ശബ്ദത്തിന്റെ മറവില്‍നിന്ന് ഉച്ചത്തില്‍ സംസാരിച്ച് പരിശീലനം നടത്തിയ ഡെമോസ്തനീസിന്റെ കഥ ഓര്‍ക്കുന്നില്ലേ?

നമ്പ്യാര്‍ക്ക് തുള്ളലും ചെറുശ്ശേരിക്ക് ഗാഥയും പോലെ പ്ലാറ്റോയ്ക്ക് ഏറ്റവും സ്വീകാര്യമായ ആഖ്യാനരീതി മാത്രമായിരുന്നു ഡയലോഗെന്ന് കരുതരുത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തത്വചിന്ത അടിസ്ഥാനപരമായും സംസാരിക്കലായിരുന്നു. വാമൊഴിയായ (viva voce) താത്വിക ചര്‍ച്ചയാണ് യാഥാര്‍ത്ഥ്യത്തിന്റെ ഉത്തമ വാഹിനി, ഉത്തമ മാനുഷിക വ്യാപാരവും. യാഥാര്‍ത്ഥ്യം ജീവിക്കുന്നത്, ജീവിക്കേണ്ടത്, വര്‍ത്തമാന ബോധത്തിലാണ് (വര്‍ത്തമാനത്തിന്റെ രണ്ടര്‍ത്ഥത്തിലും). കേള്‍ക്കുന്നവന്റെ ആത്മാവില്‍ മുദ്രണം ചെയ്യപ്പെടുന്ന വാക്കുകളാണ് യാഥാര്‍ത്ഥ്യവും നന്മയും ഗ്രഹിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്. വര്‍ത്തമാനത്തില്‍, ഓരോ പുതിയ നിമിഷത്തിലും യാഥാര്‍ത്ഥ്യവുമായി നേരിട്ട് സ്ഥാപിക്കേണ്ട ബന്ധത്തെ എഴുത്ത് മുറിക്കുന്നു. എഴുത്തു ഭൂതമാണ്. കാലത്തിലൂടെയുള്ള മനസ്സിന്റെ തുടര്‍ച്ചയിലെ ഭംഗമാണ്, ഘനീഭൂതമാകുന്നൊരു ഒഴുക്കിന്റെ ജഡിലതയാണ്. യാഥാര്‍ത്ഥ്യമെന്നത് അവിരാമകാലവുമായുള്ള ബന്ധമാണ്. ആകയാല്‍, യാഥാര്‍ത്ഥ്യത്തിന്റെ നിലനില്‍പ്പ് ആസന്നബോധത്തിലും നൈരന്തര്യപ്രാണമായ ഡയലെക്റ്റിലുമാണ്, ഒരിക്കലും ഒടുങ്ങാത്ത സംഭാഷണത്തിലാണ്. ആകയാല്‍, എഴുത്ത് കണിശമായും സത്യത്തിലും യാഥാര്‍ത്ഥ്യത്തിലും ഹാജരാകാതെ കഴിക്കാനുള്ള ഒരുപായമാണ്. പൂര്‍ത്തിയായൊരു കര്‍മ്മത്തിന്റെ അശ്ലീലതപോലെ എഴുത്ത് എപ്പോഴെങ്കിലും എവിടെയെങ്കിലും നിലനില്‍ക്കുന്നു. സംഭാഷണവും യാഥാര്‍ത്ഥ്യവും പിന്നെയും തുടരുന്നു; ഒന്ന് മറ്റൊന്നായും മറ്റൊന്നിലൂടെയും സംഭാഷണങ്ങളുടെ യാഥാര്‍ത്ഥ്യ ജനക ശക്തി ഇതാണ്.

താത്വിക യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് പ്ലാറ്റോ പറഞ്ഞതെങ്കിലും അതിന്റെ പ്രസക്തി തടവറകളുടെ ചിഹ്നശാസ്ത്രത്തിനു പുറത്താകുന്നില്ല. കാഴ്ചയെ മായക്കാഴ്ചയാക്കുന്ന ആ പ്രശസ്ത ഗുഹാസങ്കല്പം പോലും അതിന്റെ വിക്ഷേപശക്തിയാല്‍ ഇവിടെ ആസന്നവും സാന്ദര്‍ഭികവുമാണ്. ഗുഹയിലെ തടവുകാര്‍ക്ക് പ്ലാറ്റോ നിര്‍ദാഷിണ്യം സത്യദര്‍ശനത്തിനുള്ള സാധ്യത നിഷേധിക്കുന്നു. എന്തെന്നാല്‍, ഒരു വെളിച്ചത്തിന്റെ ഉറവിടമറിയാതെ അത് ചുവരില്‍ വീഴ്ത്തുന്ന നിഴലുകളെ അര്‍ത്ഥങ്ങളാക്കുന്നതില്‍ വ്യാപൃതരാണവര്‍. നമ്മുടെ വിഷയമായ കാരാഗൃഹങ്ങളിലെ തടവുകാര്‍ അവരാകണമെന്നില്ല. പക്ഷേ, ഇവിടെയും ചുവരുകളില്‍ നിഴലുകള്‍ വീഴുന്നുണ്ട്. അവ അര്‍ത്ഥങ്ങളായി മാറ്റപ്പെടുന്നുമുണ്ട്. ഒരു വ്യത്യാസം ഇവിടെ വെളിച്ചത്തിന്റെ ഉറവിടം അജ്ഞാതമല്ല. പുറത്തെ സ്വതന്ത്രസമൂഹം വിക്ഷേപിക്കുന്നൊരു വെളിച്ചമാണതെന്ന് തിരിച്ചറിയപ്പെടുന്നു. ആ വെളിച്ചത്തിന്റെ ലക്ഷ്യം തന്നെ ചിലരെ നിഴലുകളാക്കി മാറ്റലാണെന്നും തിരിച്ചറിയപ്പെടുന്നു. പക്ഷേ, നിഴലുകളുടെ ഉടമകള്‍ക്കവ ഒരു ബദല്‍ യാഥാര്‍ത്ഥ്യത്തില്‍ സാധ്യമായ, സാധ്യമാകേണ്ട, അര്‍ത്ഥങ്ങളാണ്. അവരും യാഥാര്‍ത്ഥ്യം നിര്‍മ്മിക്കുകയാണ്. അവരതു ചെയ്യുന്നത് സ്വയം നവീകരണ ശക്തിയോടെ സദാ തുടരുന്നൊരു പ്ലാറ്റോണിക് ഡയലോഗിലൂടെയാണ്.

പ്ലാറ്റോയെക്കുറിച്ചു പറയുമ്പോള്‍ ഡെമോസ്തനീസിനെ സ്മരിക്കുന്നു. ഗ്രീസിലെ വന്‍കിട വാഗ്മിയാകും മുന്‍പ്, തന്റെ ഒച്ചയിലേയും മൂച്ചിലേയും കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കടല്‍ത്തീരത്തുചെന്ന്, വായില്‍ ചെറുകല്ലുകള്‍ നിറച്ച്, തിരമാലകളുടെ ശബ്ദത്തിന്റെ മറവില്‍നിന്ന് ഉച്ചത്തില്‍ സംസാരിച്ച് പരിശീലനം നടത്തിയ ഡെമോസ്തനീസിന്റെ കഥ ഓര്‍ക്കുന്നില്ലേ?

എലിസബത്ത് റാണിയുടെ ഇംഗ്ലണ്ടിലെ സമൂഹത്തെ കൊള്ളയടിച്ച് കഴിഞ്ഞുപോന്ന വാഗ്‌ബോണ്ടുകള്‍ എന്ന പ്രതിസമൂഹ തെണ്ടിവര്‍ഗത്തിന്റെ 'പെല്‍റ്റിങ് സ്പീച്ച്' എന്ന ഏഴുമൊഴിയില്‍, കളവുമുതലിന്റെ സ്വഭാവമനുസരിച്ച് കള്ളന്മാരെ വകതിരിക്കാന്‍ മാത്രമുള്ള ഇരുപതില്‍പ്പരം വാക്കുകളുടെ പട്ടികയിലൂടെ ആദ്യമായി കടന്നുപോയപ്പോള്‍ ഡെമോസ്തനിസിന്റെ ഉരുളന്‍ കല്ലുകള്‍ വായില്‍ക്കിടന്നുരുളുന്ന പ്രതീതിയാണ് എനിക്കുണ്ടായത്. സാമൂഹിക വിലക്കുകള്‍ മൂലമുണ്ടായ വിക്കുംകൊഞ്ഞലും ഭേദിച്ച് ഒരു പ്രതിസമൂഹം പെട്ടെന്ന് സ്വന്തം ഭാഷ ഉറക്കെയും ഉറപ്പിച്ചും പറയാന്‍ തുടങ്ങിയതുപോലെ-

അപ്‌റൈറ്റ്മാന്‍

റോഗ്

വൈല്‍ഡ് റോഗ്

പ്രിഗര്‍ ഓവ് പ്രാന്‍സേഴ്സ്

കൗണ്ടര്‍ഫീറ്റ് ക്രാന്‍ക്

ജാര്‍ക്മാന്‍

ബാഡി ബാസ്‌കറ്റ്

വാക്കിന്‍ 'മോര്‍ട്

കിന്‍ചിന്‍' മോര്‍ട്

ഡോക്സി

ഡെല്‍...

അസഭ്യതയിലും രൂപകത്തിലും ശബ്ദലീലയിലും ബുദ്ധിക്കസര്‍ത്തിലും സമ്പന്നമായ ഈ പ്രയോഗങ്ങളുടെ മൊഴിമാറ്റം വയ്യാത്തതുകൊണ്ട് അതേപടി പകര്‍ത്തിയതാണ്. ഏതെങ്കിലും ആംഗലഭാഷാ നിഘണ്ടുവിലൂടെ ഈ പ്രയോഗങ്ങളെ ഓടിച്ചുനോക്കിയാല്‍ ഇടക്കിടെ ചില തിളക്കങ്ങളും കിലുക്കങ്ങളും തിരിച്ചറിയാം. ഇരുട്ടില്‍ രഹസ്യമായി വാഗ്‌ബോണ്ടുകളുടെ താവളത്തിന്നരികിലൂടെ പതുങ്ങി ചെകിടോര്‍ത്ത് കടന്നുപോയാലെന്നതുപോലെ!

സമൂഹത്തിന്റെ അനക്കം നിലച്ചപ്പോള്‍ അനങ്ങാന്‍ തുടങ്ങിയൊരു പ്രതിസമൂഹം ഒരു രഹസ്യഭാഷയുടെ കനലടുപ്പ് പതുക്കെ ഊതിത്തെളിയിക്കുകയാണ്. ഒരു കൊഞ്ഞന്‍ (മറ്റൊരു ഡെമോസ്തനിസ്) പെട്ടെന്ന് വാഗ്മിയായതുപോലെ.

ആരുടെയും മാതൃഭാഷയാകാതെ

ഒരു പ്രതിഭാഷ ആരുടെയും മാതൃഭാഷയല്ലെന്ന് ഹാലിഡേ ഉറപ്പിച്ചു പറയുന്നു. ഇതിന്റെ മുഴുവന്‍ ധ്വനിയും പിടിച്ചെടുക്കാന്‍ ഈ വിവരണം പൂര്‍ത്തിയാക്കേണ്ടി വരും. പക്ഷേ, തുടക്കത്തില്‍ത്തന്നെ ചില ശ്രമങ്ങള്‍ സാധ്യമാണ്.

ഒരു പ്രതിഭാഷ ആരുടെയും മാതൃഭാഷയല്ലെങ്കില്‍ ആരെ സംബന്ധിച്ചും അതൊരു പുതിയ ഭാഷയാണ്. അന്യഭാഷയാണ്. പുതിയൊരു ഭാഷയുമായി നമ്മുടെ ആദ്യത്തെ പരിചയം ആ ഭാഷയിലെ ചില വാക്കുകളുമായുള്ള പരിചയമാണ്. യഥാര്‍ത്ഥ ലോക സാഹചര്യങ്ങളും ജീവിതസന്ദര്‍ഭങ്ങളുമാണ് ഈ പരിചയം സാധ്യമാക്കുന്നതെങ്കിലും ആദ്യപരിചയത്തിന്റെ ദിവസങ്ങളില്‍ ഈ വാക്കുകള്‍ ഏറെക്കുറെ മുഴുവനായും വാക്യഘടനകളില്‍നിന്നും, വ്യാകരണങ്ങളില്‍നിന്നും, അവയ്ക്കു പിന്നിലെ സാമൂഹിക സങ്കേതങ്ങളില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട വാക്കുകളാണ്. ഈവിധം ഒറ്റപ്പെട്ട വാക്കുകള്‍ നിരനിരയായി പ്രത്യക്ഷപ്പെടുന്ന ഒരേ ഒരിടം നിഘണ്ടുവാണ്. ആകയാല്‍, പ്രതിഭാഷകള്‍ക്ക് ഏറ്റവും യോജ്യമായ വ്യൂഹചലനതന്ത്രം (ലോജിസ്റ്റിക്സ്) ഭാഷാനിഘണ്ടുക്കളെ ലാക്കാക്കിയുള്ളതാവുമെന്ന് നാം ഊഹിച്ചുപോകും. ഊഹം പിഴയ്ക്കില്ല.

ഒരു പ്രതിഭാഷ ആദ്യം പ്രവര്‍ത്തിക്കുന്നത് നിഘണ്ടുവിലാണ്. ശബ്ദകോശത്തിലാണ്. ഈ പ്രവര്‍ത്തനം പുനരര്‍ത്ഥകരണം (relexicalization) തന്നെയാണ്. ഇതു സംബന്ധിച്ച ചില വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പ്രതിഭാഷകള്‍ ആരുടെയും മാതൃഭാഷകളല്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനുമപ്പുറം കടക്കാന്‍ നമുക്കു കഴിഞ്ഞേക്കാം.

ഒന്ന്:

പഴയ വഴക്കുകള്‍ക്കു പകരം പുതിയ വാക്കുകള്‍ പ്രത്യക്ഷപ്പെടുന്ന ശബ്ദകോശമാണ് ഒരു പ്രതിഭാഷയുടെ ഏറ്റവും ലളിതവും പ്രാഥമികവുമായ രൂപം. നിഘണ്ടുക്കളെക്കുറിച്ചുള്ള സാമാന്യ സങ്കല്പത്തില്‍ വളരെ ശക്തമായൊരു ഇടപെടല്‍ കൂടാതെ ഇതിന്റെ നിര്‍ണായകത ശരിക്കും മനസ്സിലാക്കാനാവില്ല.

നമുക്കിടയില്‍ പലരും കരുതുന്നതുപോലെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ നിഷ്‌കൃഷ്ടമായി പ്രഖ്യാപിക്കുന്നൊരു ഔദ്യോഗിക/ആധികാരിക രേഖയല്ല നിഘണ്ടു. ആളുകള്‍ക്കു മേല്‍ ഒരുതരം അധികാരവും നിഘണ്ടുക്കള്‍ക്കില്ല. അവയുടെ തികച്ചും ലളിതമായ ദൗത്യം വാക്കുകള്‍ക്ക് അര്‍ത്ഥക്ലിപ്തി നല്‍കലോ അതിനകത്ത് ആളുകളുടെ ഭാഷാവ്യാപാരങ്ങളെ തളച്ചിടലോ അല്ല. വാക്കുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ ഈ വാക്കുകളിലൂടെ എന്തര്‍ത്ഥങ്ങള്‍ വിനിമയം ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള ഒരു വിവരവ്യവസ്ഥ മാത്രമാണ് ഏതു നിഘണ്ടുവും. ഈ ലോകത്തില്‍ ഏറ്റവും ജനാധിപത്യപരമായ മാനുഷിക പ്രവര്‍ത്തനം (ഒരുപക്ഷേ, നൂറു ശതമാനവും അങ്ങനെയെന്ന് പറയാവുന്ന ഒരേയൊരു പ്രവര്‍ത്തനം) നമ്മുടെ ഭാഷാവ്യാപാരങ്ങളാണ്. അപ്പംതൊട്ട് ആത്മാവുവരെ മാനുഷികമായതെന്തും കയ്യിലെടുത്ത് തോന്ന്യാസം കാണിച്ച ഏകാധിപതികളുടെ നാടുകളില്‍പ്പോലും ഓരോ ഭാഷയും അതു സംസാരിക്കുന്നവരുടെ ജനാധിപത്യ രാഷ്ട്രീയം സംരക്ഷിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ നൂറു ശതമാനവും സമൂഹത്തിന്റെ സൃഷ്ടിയെന്നു പറയാവുന്നതായി ഒന്നുണ്ടെങ്കില്‍ അതും ഭാഷയാണ്. ഭാഷ മാത്രം.

ഒരു ഭാഷാ നിഘണ്ടുവില്‍ പ്രതിഭാഷയുടെ പ്രവര്‍ത്തനം ശരിക്കും സാമൂഹിക അര്‍ത്ഥ-സങ്കേത-വ്യവസ്ഥകള്‍ക്കുമേലുള്ള പ്രവര്‍ത്തനമാകുന്നത് ഇങ്ങനെയാണ്.

രണ്ട്:

പ്രതിഭാഷകളുടെ ശബ്ദകോശ പ്രവര്‍ത്തനം തികച്ചും അപൂര്‍ണമാണ്, ഭാഗികമാണ്. കാരണം, ഒരു പ്രതിഭാഷയില്‍ അതിന്നവലംബമായ ഭാഷയിലെ എല്ലാ വാക്കുകള്‍ക്കും പര്യായങ്ങള്‍ ഉണ്ടാകാറില്ല. ഉണ്ടായിരിക്കണമെന്നത് ജാത്യാ തന്നെ പ്രതിഭാഷയുടെ ശാഠ്യവുമല്ല.

റോബര്‍ട് ഡിക്സന്‍ ഇതിനൊരു അപവാദം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെക്കന്‍ ക്വീന്‍സ്ലാന്‍ഡില്‍ പ്രചാരമുള്ളൊരു ഭാഷയില്‍ (Dyirbal) കേള്‍ക്കാവുന്ന 'അമ്മായിയമ്മപ്പേച്ച്' (Mother-in-law language). ഒരു പ്രത്യേക സാമൂഹിക ഘടനയുടെ തലപ്പത്തുള്ള പുരുഷന്മാര്‍ രക്തബന്ധമുള്ളവരും. സമൂഹത്തിനകത്ത് ഒരു പ്രതിസമൂഹം നിര്‍മ്മിക്കുന്നവരുമായ വ്യക്തികളുമായി വിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ഭാഷയാണത്. ആ നിലയ്ക്ക് അവരുടെ 'അമ്മായിയമ്മപ്പേച്ച്' ഒരേ സമയത്തൊരു രഹസ്യഭാഷയും പ്രതിഭാഷയുമാണെന്ന് കാണാം.

റോബര്‍ട് ഡിക്സന്റെ മൗലിക ഗവേഷണത്തെക്കുറിച്ച് കേട്ടുകേള്‍വിയേ ഉള്ളൂ. അതുകൊണ്ട് ഈ 'ശ്വശ്രുഭാഷ' ഒരു സാമാന്യ പ്രതിഭാഷാ നിയമത്തെ അതിക്രമിച്ചതെങ്ങനെയെന്നോ , ഒരു പുരുഷഭാഷ 'ശുശ്രുഭാഷ' ആയതെങ്ങനെയെന്നു പോലുമോ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. പക്ഷേ, അതിന്റെ രഹസ്യാത്മകത എത്ര ലക്ഷണമൊത്തൊരു പ്രതിഭാഷാ നിബന്ധനയാണെന്ന് പിന്നീട് തെളിയും.

ഒരു പ്രതിഭാഷയെന്ന നിലയ്ക്ക് 'അമ്മായിയമ്മപ്പേച്ച്' പുരുഷഭാഷയായത് യാദൃച്ഛികമായല്ല. പ്രതിഭാഷകള്‍ (ബംഗാളിലെ അധോലോകത്തിന്റെ ഭാഷയടക്കം) പൊതുവെ പുരുഷഭാഷകളാണ്. വളരെ മുന്‍കരുതലുള്ളൊരു നിരീക്ഷണമാണിതെന്ന് ഏറ്റുപറയട്ടെ. സത്യത്തില്‍, പ്രതിഭാഷയായൊരു സ്ത്രീഭാഷ ഇതെഴുതുന്ന നിമിഷം വരെ എന്റെ അറിവില്‍ പെട്ടിട്ടില്ല. പക്ഷേ, നമ്മുടെ പെണ്ണുങ്ങള്‍ പറയുന്ന 'പെണ്ണെഴുത്ത്' പ്രതിഭാഷയാകാനുള്ള സാധ്യത ദശാംശ സ്ഥാനങ്ങളില്‍ തിരയേണ്ടിവരുന്നതിനു കാരണം ഈ നിരീക്ഷണത്തില്‍ കാണാനാവില്ല.

മൂന്ന്:

ഭാഷയിലെ ഓരോ വാക്കിനും പകരംവയ്ക്കാന്‍ പുതിയൊരു വാക്ക് പ്രതിഭാഷയില്‍ ഇല്ലെന്നത് ഒരു ന്യൂനതയല്ല, സൂചികയാണ്.

ഒന്നിന്റെ അസാന്നിധ്യം മറ്റൊന്നിന്റെ സാന്നിധ്യത്തില്‍ (മറിച്ചും) അധികാര്‍ത്ഥ നിക്ഷേപത്തിനുള്ള ഉപാധിയാകുന്നൊരു മാതൃകയാണത്. അതായത് പ്രതിഭാഷയില്‍ ഇല്ലാത്ത പര്യായങ്ങള്‍ ഉള്ള പര്യായങ്ങളുടെ സാമൂഹികമായ ഊന്നല്‍ സൂചിപ്പിക്കുന്നു; അവയ്ക്കു പിന്നിലെ അനിവാര്യവും സപ്രജ്ഞവുമായ തിരഞ്ഞെടുപ്പിന്റെ വിവേചനത്തിന്റെ, രാഷ്ട്രീയം സൂചിപ്പിക്കുന്നു; ഭാഷയുടെ വ്യാകരണം പങ്കുവയ്ക്കുമ്പോള്‍പ്പോലും ശബ്ദകോശത്തെ അപേക്ഷിച്ച് പ്രതിഭാഷ എന്തുകൊണ്ട് വ്യത്യസ്തമാകുന്നുവെന്നുപോലും സൂചിപ്പിക്കുന്നു. എന്നാല്‍, അതേസമയത്ത്, ശബ്ദകോശപരമായ വ്യത്യസ്തത ചില നിര്‍ദ്ദിഷ്ട മേഖലകളില്‍ ഒതുങ്ങിനില്‍ക്കുന്നു.

പ്രതിഭാഷയുടെ തനതായ ഉപസാംസ്‌കാരിക വ്യാപാരങ്ങളുമായോ, സമൂഹവും പ്രതിസമൂഹവും തമ്മിലുള്ള അന്തരം ഏറ്റവും ഉച്ചരിതമാകുന്ന മറ്റു പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുമ്പോള്‍ ആ വ്യത്യസ്തത അങ്ങേയറ്റം നിര്‍ണായകമാണ്. അതുകൊണ്ട്, ഒരു ക്രിമിനല്‍/അധോലോക സമുദായത്തെ അപേക്ഷിച്ച്, ഏതുതരം വാക്കുകളിലാവും പ്രതിഭാഷയുടെ നിശിതത്വമെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.

-ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും വൈവിധ്യങ്ങള്‍ സൂക്ഷ്മമായി വേര്‍തിരിച്ചു കാണിക്കുന്ന വാക്കുകള്‍;

-ക്രിമിനല്‍ വര്‍ഗത്തിന്റേയും മറ്റു വര്‍ഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സംഘര്‍ഷ സന്ദര്‍ഭങ്ങളില്‍ വിശദീകരിക്കുന്ന വാക്കുകള്‍;

-കൊള്ള, കവര്‍ച്ച, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളില്‍ നിര്‍ണായകമാകുന്ന ഉപകരണങ്ങളെയും ആയുധങ്ങളെയും തന്ത്രങ്ങളെയും ശൈലികളെയും കുറിക്കുന്ന വാക്കുകള്‍;

-കാരാഗൃഹം, കുറ്റം, ശിക്ഷ, കോടതി, വിചാരണ, നിയമവ്യവസ്ഥ എന്നിവയേയും ഇവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, സന്ദര്‍ഭങ്ങള്‍, സങ്കേതങ്ങള്‍ എന്നിവയേയും സൂചിപ്പിക്കുന്ന വാക്കുകള്‍...

Maythil Radhakrishnan
Archives|നേരെ കള്ളുഷാപ്പിലേക്ക് പോയി, തിരിച്ച് കളത്തില്‍ വന്ന് പെട്രോമാക്സ് കത്തിച്ചു കഥയെഴുത്തു തുടങ്ങി

നാല്:

പ്രതിഭാഷ ചില പ്രത്യേക സാമൂഹിക സന്ദര്‍ഭങ്ങളില്‍ സാക്ഷാല്‍ക്കരിക്കുന്നത് ശബ്ദകോശപരമായ വ്യത്യസ്തത മാത്രമല്ല, ധൂര്‍ത്ത് കൂടിയാണെന്ന് മുകളിലെ പട്ടിക തെളിയിക്കുന്നു. ഒത്തുതീര്‍പ്പില്ലാതെ മൗലികതയിലും, ചതിക്കും വിധം ചമല്‍ക്കാരമെന്നു തോന്നിക്കുന്ന രൂപാശയബന്ധങ്ങളിലുമുള്ള നിഷ്‌കര്‍ഷ ഇവിടെ പ്രത്യക്ഷമാണ്. ഈ കാരണത്താല്‍, പ്രത്യക്ഷങ്ങളുടെ ഇരയാകാന്‍ വിധിക്കപ്പെട്ടൊരാള്‍ക്ക് അതിനപ്പുറം കാഴ്ച നിഷിദ്ധം. അപ്പോള്‍, ഹോളിയുടെ അര്‍ത്ഥവും അചാരവും അറിയാതെ ഒരു വര്‍ണജലപ്രളയത്തില്‍ ശ്വാസം മുട്ടിയും നനഞ്ഞു നാറിയും നില്‍ക്കുന്ന അവശ സമൂഹ പാലകരെ പിന്നിലാക്കി പ്രതിഭാഷാ നിഗൂഹനം തേടുന്നു, അതിന്റെ അര്‍ത്ഥങ്ങളുടെ ഘോഷയാത്ര മറ്റൊരു തെരുവില്‍ തുടരാന്‍! (ഏതു പ്രതിഭാഷയ്ക്കും ഒരേ സമയത്തുള്ള രഹസ്യസ്വഭാവവും പ്രകടന സ്വഭാവവും ഈ അലങ്കാര പ്രയോഗത്തിലൂടെ സ്പഷ്ടമാവുന്നു.)

സമൂഹത്തിന്റെ സാമാന്യവീക്ഷണത്തില്‍ മൊത്തമായും സ്ഥൂലമായും മാത്രം കാണപ്പെടുന്ന ചില ബാഹ്യലോക വസ്തുക്കളെയും വസ്തുതകളെയും സൂക്ഷ്മ വിശദാംശങ്ങളില്‍ നേരിടുന്നവരുടെ നിഷ്‌കൃഷ്ടമായ വാങ്മയമാണൊരു പ്രതിഭാഷ. വ്യവസ്ഥാപിത ഭാഷയ്ക്ക് വെറും വാചകക്കസര്‍ത്തായി തോന്നിക്കുന്നതെല്ലാം പ്രതിഭാഷയ്ക്ക് ചെറുത്തുനില്പിനും നിലനില്പിനുമെന്നല്ല സ്വയം നിര്‍വചനത്തിനുപോലും ഒഴിച്ചുകൂടാനാവാത്തതായിവരാം. ആ നിലയ്ക്ക് പ്രതിഭാഷയുടെ ധൂര്‍ത്ത് അര്‍ത്ഥത്തിന്റെ കണിശതയിലുള്ള നിഷ്‌കര്‍ഷയാണ്, അനാസ്ഥയല്ല.

ഇംഗ്ലണ്ടിലെ പ്രതിസമൂഹ തെണ്ടിവര്‍ഗമായിരുന്ന വാഗ്‌ബോണ്‍ഡുകളുടെ 'ക്ഷുദ്രഭാഷ'യില്‍, കളവുമുതലിന്റെ സ്വഭാവമനുസരിച്ച് കള്ളന്മാരെ ഇനം തിരിച്ചു കാണിക്കാന്‍ ഇരുപതില്‍പ്പരം വാക്കുകളുണ്ടെന്ന് തോമസ് ഹാര്‍മന്‍ കണ്ടെത്തി. വാക്കുകളുടെ ധാരാളിത്തം അര്‍ത്ഥങ്ങളില്‍ 'അക്യുപന്‍ക്ചര്‍' വിദ്യയിലെ മര്‍മ്മങ്ങളാവുകയാണ്.

ഭക്തിപ്രസാദ് മല്ലിക് ഗവേഷണത്തിന് തിരഞ്ഞെടുത്ത വംഗപ്രതിഭാഷയില്‍ ബോംബിനെ കുറിക്കാന്‍ ഇരുപത്തൊന്നു വാക്കുകളുണ്ട്. പൊലീസിനെ കുറിക്കാന്‍ നാല്പത്തൊന്നു വാക്കുകള്‍. 'പെണ്‍കുട്ടി' എന്ന വാക്കിന് ഇരുപത്തിനാല് പര്യായങ്ങള്‍. തീര്‍ച്ചയായും ബംഗാളിന്റെ അധോലോക ഭാഷ അടിസ്ഥാനപരമായി ഒരു പുരുഷഭാഷയാണെന്ന തീരുമാനത്തിലാണ് മല്ലിക് ഒടുവില്‍ എത്തിച്ചേരുന്നത്. എങ്കിലും, പുരുഷമനസ്സില്‍ ഒരു പെണ്‍കുട്ടിക്ക് സാധ്യമായ നിലനില്പിന്റെ മുഴുവന്‍ പടുതികളെയും ഛായാഭേദങ്ങളെയും ഉള്‍ക്കൊള്ളാന്‍ വേണ്ടത്രയും അന്വര്‍ത്ഥങ്ങള്‍ (connotations) ഇവിടെ അണിനിരന്നു വരുന്നത് പുരുഷമേധാവിത്വ രാഷ്ട്രീയത്തില്‍ നിന്നാവാന്‍ വഴിയില്ല.

ഒരുപക്ഷേ, സ്ഥിതിവിവരക്കണക്കനുസരിച്ച്, 'ക്രിമിനല്‍ ലോകം' കൂടുതലും ഒരു പുരുഷലോകമാണെന്ന് സമര്‍ത്ഥിക്കാം. എങ്കിലും അതിനകത്ത് ലൈംഗിക രാഷ്ട്രീയം അടിത്തറയാക്കിയൊരു ശക്തിഘടനയുടെ പ്രസക്തിപോലും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പുറമേ, പ്രതിഭാഷകളില്‍ പല പല പര്യായങ്ങളുള്ളത് പെണ്‍കുട്ടികള്‍ക്കു മാത്രമല്ലെന്ന് നാം കണ്ടുകഴിഞ്ഞതാണ്. തടവറകള്‍ക്കു പുറത്ത് പുരുഷമേധാവിത്വത്തിന് പഞ്ഞമില്ലാത്ത സാക്ഷാല്‍ സമൂഹം പെണ്‍വിഷയത്തില്‍പ്പോലും ഒരു പര്യായ വിപുലീകരണ പദ്ധതിയില്‍ താല്പര്യം കാണിച്ചിട്ടില്ലെന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്.

അഞ്ച്:

പ്രതിഭാഷകളുടെ പ്രവര്‍ത്തനം ശബ്ദകോശത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്നത് മറ്റൊരു വിഷയമാണ്. പക്ഷേ, ഇതിനു തൊട്ടുമുന്‍പുള്ള നിരീക്ഷണം (നാലാം നിരീക്ഷണം) തെറ്റുദ്ധാരണ ഉണ്ടാകാതിരിക്കാന്‍. പ്രതിഭാഷകളുടെ പ്രവര്‍ത്തനം പര്യായങ്ങളില്‍ മാത്രം താല്പര്യമായതല്ലെന്നുകൂടി ഇവിടെ എടുത്തുപറയട്ടെ.

തോമസ് ഹാര്‍മന്റെ പഠനം വീണ്ടും പരിഗണിച്ചാല്‍, ഇംഗ്ലണ്ടിലെ വാഗ്‌ബോണ്‍ഡുകളുടെ ഭാഷ പര്യായങ്ങള്‍ക്കപ്പുറത്ത് എങ്ങനെ പെറുമാറുന്നുവെന്നും, എത്രത്തോളമത് 'പ്രതി' എന്ന വിശേഷണത്തെ സാര്‍ത്ഥകമാക്കുന്നുവെന്നും വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ പലതും കണ്ടെത്താന്‍ കഴിയും. പുറത്തെ സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥയോട് പ്രതികരിച്ചുകൊണ്ട് വാഗ്‌ബോണ്‍ഡുകള്‍ 'നിയമം' എന്ന വാക്കിനെത്തന്നെ ഒരു മറുകല്പനയിലൂടെ സ്വായത്തമാക്കിയത് പല കുറ്റകൃത്യങ്ങളുടെയും കൂടെ ആ വാക്ക് (ഹമം) കൂട്ടിച്ചേര്‍ത്തായിരുന്നു. അക്കൂട്ടത്തിലൊന്നിന്റെ പടവു പടവായുള്ള അര്‍ത്ഥാരോഹണം ഇങ്ങനെ:

മോഷ്ടിക്കല്‍-

പൊക്കല്‍-

പൊക്കല്‍ + നിയമം

= പൊക്കല്‍നിയമം (Lifting law)

നിലവിലുള്ള ഗണിതശാസ്ത്ര ചിഹ്നങ്ങളെക്കൊണ്ട് നിലവിലില്ലാത്ത ഗണിതശാസ്ത്ര ധര്‍മ്മങ്ങള്‍ ഏറ്റെടുപ്പിക്കുന്ന ഈ പണിയില്‍ പഴയ കീമപ്പണി (അല്‍കെമി) ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കീമപ്പണിക്കാര്‍ അതും ഇതും ചേര്‍ത്തുണ്ടാക്കിയ സാധനങ്ങളൊന്നും സ്വര്‍ണമായില്ല. ആയിരുന്നെങ്കില്‍ അവരുടെ പണി ശാസ്ത്രമാകുമായിരുന്നു. ആകുമായില്ലായിരുന്നതുകൊണ്ട് അത് മന്ത്രമായി

എന്തെളുപ്പം!

എത്ര ലളിതമാണ് മാന്ത്രികതയുടെ ഫോര്‍മുല!

ഏതായാലും പൊക്കല്‍നിയമത്തിന്റെ ഭാഷാശാസ്ത്രം കണ്ടുകഴിഞ്ഞിരിക്കേ, പ്രയോഗത്തില്‍ അതെങ്ങനെയാണെന്നുകൂടി ശ്രദ്ധിക്കാം. അതിന്റെ നിര്‍വഹണത്തിന് മൂന്നാള്‍ വേണം. അതില്‍ തൊഴില്‍ വിഭജനമുണ്ട്. ചെയ്യുന്ന തൊഴിലനുസരിച്ച് ഓരോ ആള്‍ക്കും പ്രത്യേകം പേരുമുണ്ട്.

ഒന്നാമന്റെ പേര് 'ലിഫ്റ്റ്'. എവിടന്നെങ്കിലും സാധനം പൊക്കലാണ് അയാളുടെ പണി.

രണ്ടാമന്റെ പേര് 'മാര്‍ക്കര്‍'. ഒന്നാമന്‍ പൊക്കിയ സാധനം ഏറ്റുവാങ്ങി ഝടുതിയില്‍ മൂന്നാമന് കൈമാറലാണ് അയാളുടെ പണി.

മൂന്നാമന്റെ പേര് 'സാന്റര്‍'. പൊക്കപ്പെട്ട സാധനവുമായി മുങ്ങലാണ് അയാളുടെ പണി.

ഏകോപിത ചലനങ്ങളുടെ ഈ മുറയില്‍ ഒരു സുപരിചിതമായ രൂപകമുണ്ട്. അതിന്റെ സംജ്ഞാസങ്കേതങ്ങള്‍ പന്തും വടിയും കൊണ്ടുള്ളൊരു കളിയുടേതുപോലിരിക്കുന്നു. കളിയില്‍ കളിക്കാരുടെ പേരുകള്‍ പോലും ഏതെങ്കിലും മൈതാനത്തില്‍വച്ച് കേട്ടിരിക്കാവുന്നതുപോലിരിക്കുന്നു.

ചായയെ കോപ്പയെന്നും മദ്യത്തെ കുപ്പിയെന്നും വിളിക്കാവുന്നതാണ്. 'മെറ്റോനിമി' എങ്കില്‍, പ്രതിഭാഷയ്ക്ക് ഭാഷയുമായുള്ള ബന്ധം 'മെറ്റോനിമിക്ക്' തന്നെയാണ്. വിവാഹിതയെ, ഭാര്യാത്വത്തെ, സിന്ദൂരപ്പൊട്ടെന്ന സൈന്‍ബോര്‍ഡാക്കലാണത്

സായിന്‍ ബോര്‍ഡ് ഓആലാ

നെറ്റിയിലെ സിന്ദൂരം ഒരു ബംഗാളിപ്പെണ്ണിന്റെ ഭാര്യാത്വം സൂചിപ്പിക്കുന്നതുപോലെ, അത്രയും സാമൂഹിക ചിഹ്നശാസ്ത്രപരമായ രീതിയില്‍, ഒരു പ്രതിഭാഷ അതുപയോഗിക്കുന്നവരുടെ പ്രതിസമൂഹാവസ്ഥ സൂചിപ്പിക്കുന്നു. സത്യത്തില്‍, ഇവിടെ ഞാന്‍ ബംഗാളിലെ അധോലോകഭാഷയിലെ ഒരു പ്രയോഗത്തെ ആലങ്കാരികമാക്കുകയായിരുന്നു. 'സായിന്‍ബോര്‍ഡ് ഓആലാ' എന്ന പ്രയോഗമാണ് ഉദ്ദേശിക്കുന്നത്. ഇതിലെ 'സായിന്‍ ബോര്‍ഡ്' ആംഗലത്തിലെ 'സൈന്‍ബോര്‍ഡ്' തന്നെ. 'ഓആലാ' ഉടമസ്ഥയും. അര്‍ത്ഥം: വിവാഹിതയായ പെണ്ണ്. ചൂണ്ടുപലക നെറ്റിയില്‍ തൊട്ട സിന്ദൂരം തന്നെ ഇത് പ്രതിഭാഷയുടെ നിലവറയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ഏതായാലും-

ഭക്തിപ്രസാദ് മല്ലിക് ഈ അധോലോക ഭാഷയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ''കുറയൊക്കെ സങ്കരവും കൃത്രിമവുമാണെങ്കിലും പൂര്‍ണമായൊരു ഭാഷ.''

സങ്കരം, കാരണം, അടിസ്ഥാനപരമായി ബംഗാളി ഭാഷയാണെങ്കിലും ഹിന്ദുസ്ഥാനിയുടെയും, മുകളില്‍ കണ്ടതുപോലെ ആംഗലത്തിന്റേയും നുഴഞ്ഞുകയറ്റങ്ങള്‍ അതില്‍ കാണാം.

ആഗംലം: 'ഡാബര്‍ ഡക്കര്‍' (ഡബിള്‍ ഡെക്കര്‍), മറ്റൊരു പെണ്‍പ്രയോഗം അര്‍ത്ഥം 'തടിച്ചി'.

ഹിന്ദുസ്ഥാനി: 'ബിലാ ഹാലത്ത്, ആക്രമണത്തിന് ഇരയായൊരാളുടെ ഗുരുതരാവസ്ഥ. ബിലാ (ബംഗാളിയിലെ 'ക്വീര്‍', queer) + ഹാലത്ത് (ഹിന്ദിയിലെ condition).

ഇവിടെ പ്രതിവംഗ ഭാഷയിലെ 'ബിലാ' ആംഗലത്തിലെ 'ക്വീര്‍' (വിചിത്രം വിലക്ഷണം, നിഗൂഢം, മറ്റു മറ്റും) ആകുന്നത് വളരെ ശ്രദ്ധേയമാണ്. എലിസബത്തിന്റെ ഇംഗ്ലണ്ടിലെ വാഗ്‌ബോണ്ടുകളുടെ ഏറുമൊഴിയിലെ 'ക്വീര്‍' ബംഗാളിയുടെ 'ബിലാ' തന്നെയാണ്. രണ്ടും നിന്ദാസൂചകമായ വാക്കുകളാണ്. പുറമേ, ബംഗാളിലെ അധോലോകഭാഷയില്‍ എന്തിന്റെയെങ്കിലും ആസ്ഥാനമായ 'ഖാന' (place for...) ഏറുമൊഴിയിലെ 'കെന്‍' (വീട്) തന്നെയാണ്. അങ്ങനെ, അമ്പരപ്പിക്കുന്നൊരു യാദൃച്ഛികതയില്‍, 'ബിലാ ഖാന' വേശ്യാലയമാകുന്നു, 'ക്വീര്‍-കെന്‍' കാരാഗൃഹമാകുന്നു. 'സ്റ്റാളിങ്ങ്-കെന്‍' മോഷണ വസ്തുക്കള്‍ വിറ്റഴിക്കാവുന്ന വീടാകുന്നു.

ഏറുമൊഴിക്ക് വല്ലാത്തൊരു വര്‍ഗീകരണ വാസനയുണ്ട്. ഒരു കൂട്ടം വാക്കുകളോട് 'കെന്‍' ചേര്‍ക്കുന്ന പതിവ് ഇവിടെ കണ്ടു. കുറ്റകൃത്യങ്ങളോട് 'നിയമം' ചേര്‍ക്കുന്ന പതിവ് ഇതിനു മുന്‍പേ കണ്ടു. (ഉദാഹരണം: മോഷ്ടിക്കല്‍ = ലിഫ്റ്റിങ്ങ് ലോ), 'ചീറ്റ്' (ചതിയന്‍) എന്ന അന്വയവും സാധാരണമാണ്. അങ്ങനെ, മണക്കും ചതിയന്‍ (സ്മെല്ലിങ് ചീറ്റ്) മൂക്കാണ്; ചിലപ്പോള്‍ തോട്ടങ്ങളും ഓര്‍ക്കിഡുകളുമാകാം. ഉറുമ്മും ചതിയന്മാര്‍ പല്ലുകളാണ്.

ഈ സ്വഭാവം പ്രതി - ബംഗാളിയില്‍ കാണുന്നില്ല. മല്ലിക് പറഞ്ഞതുപോലെ അതൊരു പുരുഷഭാഷയാണെന്ന് വ്യക്തമാണ്. പെണ്ണിനെ കുറിക്കുന്ന പദങ്ങള്‍ പലതുമുണ്ട്. പല വിധത്തിലുണ്ട്. രണ്ടെണ്ണം നാം കണ്ടു. മറ്റു ചിലവയില്‍ അര്‍ത്ഥ സംഘാതങ്ങളും രൂപക സംഘാതങ്ങളും കാണാന്‍ കഴിയും:

-'ഛാമിയാ', പെണ്‍കുട്ടി. വ്യംഗ്യവും വിശേഷണവുമില്ലാത്ത വെറും 'ഗേള്‍'. പക്ഷേ, അവള്‍ ഒരുതരം മീനാക്ഷിയാണ്. അവളുടെ ഫോര്‍മുല: മത്സ്യം എന്നര്‍ത്ഥമുള്ള 'മാഛ്' തിരിച്ചിട്ടാല്‍ കിട്ടുന്ന 'ഛാം' + ഇകാരം + ആകാം.

-'ഒഭിസാര്‍ ആഇനാ' ഒരു രൂപക മായാദര്‍പ്പണമാണ്. ഇതില്‍ 'ഒഭിസാര്‍' ശരിയും 'അഭിസാര്‍' (ഒന്നിക്കലിനെയും അതിന്റെ സ്ഥലകാലങ്ങളെയും കുറിക്കുന്ന 'ട്രിസ്റ്റ്'). 'ആഇനാ' കണ്ണാടി. പ്രയോഗത്തിന്റെ അര്‍ത്ഥം: 'വശീകരിക്കുന്ന കണ്ണുകള്‍.'

-'കച്ചാ കല' (മൂപ്പെത്താത്ത വാഴയ്ക്ക) കൊച്ചു പെണ്‍കുട്ടിയാണ്.

സ്വാഭാവികമായും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാക്കുകള്‍ വളരെയേറെയുണ്ട്:

-'ഢോക്' (വിഴുങ്ങുക) മറിച്ചുകിട്ടുന്ന 'ഖോട്ട്.'

തൊണ്ടിസഹിതം പിടികൂടപ്പെടാതിരിക്കാന്‍ കളവുമുതല്‍ വിഴുങ്ങല്‍.

-'മാല്‍ഗാഡി' (ഗുഡ്‌സ് ട്രെയിന്‍) മറിച്ചു കിട്ടുന്ന 'ലോഗാം'. ഓടുന്ന ഗുഡ്‌സ് ട്രെയിനിനകത്തെ മോഷണം.

-'ചുരി' (മോഷണം) മറിച്ചു കിട്ടുന്ന 'ചുക്രു. ഉറങ്ങുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവന്‍.

-'സര്‍ദി ഖാസി' (ജലദോഷം, ചുമ), കറന്‍സി നോട്ടുകളും ചില്ലറയും (ശബ്ദസൂചകം).

-'ബസ്താ' (ചാങ്). തൊഴില്‍ വാഗ്ദാനത്തട്ടിപ്പിന്റെ ഒരു ഇര.

-'റൂട്ടി' (റൊട്ടി), തടവിലാക്കപ്പെട്ട ഒരാളുമായി രഹസ്യമായി റൊട്ടി പങ്കുവെയ്ക്കല്‍.

സ്വന്തമായൊരു ശബ്ദശാസ്ത്രവും രൂപശാസ്ത്രവും ഈ ഭാഷയ്ക്കുണ്ട്. സ്വന്തം നിലയ്ക്കുതന്നെ വിവരണയോഗ്യമാണവ. വാക്കുകള്‍ പലതും സാക്ഷാല്‍ വംഗഭാഷയുടെ വ്യതിചലിതങ്ങളല്ല എന്നുവെച്ചാല്‍, അവയ്ക്കു മുഴുവന്‍ ബംഗാളിയില്‍ മൂലപദങ്ങളില്ല. എങ്കിലും, ഇവയെ ബംഗാളിയിലേക്കോ മറ്റൊരു ഭാഷയിലേക്കോ തര്‍ജമ ചെയ്യാന്‍ കഴിയും. വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഉല്പത്തിക്കു പിന്നിലുള്ള എല്ലാ ഭാഷാശാസ്ത്രങ്ങളും ഈ പ്രതിഭാഷയില്‍ കാണാം. ശബ്ദശാസ്ത്രപരമായിത്തന്നെ തികച്ചും തനതായ മുപ്പതുപ്രക്രിയകള്‍ മല്ലിക് കണ്ടെത്തുന്നു. മെറ്റീതീസിസ്, ബാക്ക് ഫോമേഷന്‍, വ്യഞ്ജനമാറ്റം, അന്ത്യപ്രത്യയം... ഒരു നീണ്ട പട്ടിക. എല്ലാറ്റിലുമുപരി രൂപകങ്ങള്‍.

രൂപകാത്മകമായ പ്രതിനിധാനങ്ങള്‍ അര്‍ത്ഥതലത്തില്‍ ദൈനംദിന ഭാഷാ പ്രയോഗവുമായി പൊരുത്തപ്പെടുന്നുണ്ടോ?

ഇതു തിട്ടപ്പെടുത്തുന്നത് അനായാസകരമല്ല. ഒരുപക്ഷേ, അതിന്റെ ആവശ്യവുമില്ല. ദൈനംദിന രൂപങ്ങളില്‍നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കില്‍പ്പോലും ആപല്‍ക്കരമല്ലാത്ത രീതിയില്‍ അവയെ രൂപകീയ വ്യതിചലന സിദ്ധാന്തവുമായി പൊരുത്തപ്പെടുകയും രൂപകങ്ങളെന്ന നിലയ്ക്ക് അവയുടെ രൂപകീയ സ്വഭാവം ഊന്നിപ്പറയുകയും ചെയ്യും. എങ്കിലും, ആത്യന്തികമായി പ്രധാനപ്പെട്ട വസ്തുത അവ രൂപകാത്മകമാണ് എന്നതു തന്നെയാണ്.

ഹാലിഡേ പറഞ്ഞു: ''പ്രതിഭാഷയെ നിര്‍വചിക്കുന്നത് ഈ രൂപകീയ പ്രകൃതം തന്നെയാണ്. ഒരു ദൈനംദിന ഭാഷയുടെ രൂപകമാണൊരു പ്രതിഭാഷ; രൂപകീയമായ ഈ വൈശിഷ്ട്യം ഭാഷാവ്യവസ്ഥയില്‍ ഉടനീളം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.''

ഭാഷാവ്യവസ്ഥയില്‍ ഉടനീളം? അതെ, കാരണം, അക്കൂട്ടത്തില്‍ ശബ്ദോച്ചാരണവുമായി ബന്ധപ്പെട്ട (ഫോണോളജിക്കല്‍) രൂപകങ്ങളുണ്ട്, വ്യാകരണപരമായ രൂപകങ്ങളുണ്ട്. അര്‍ത്ഥ നിഷ്പത്തിനേയും വാക്യഘടനയേയും സംബന്ധിച്ച (ലെക്സിക്കല്‍/സിന്റാക്റ്റിക്/സെമാന്റിക്) രൂപകങ്ങളുണ്ട്. പുറമേ, ഒന്നിലധികം വിധത്തില്‍ വ്യാഖ്യാനിക്കാവുന്ന ഉദാഹരണങ്ങളുണ്ട്. ഭാഷാ വ്യവസ്ഥയുടെ ഒന്നിലധികം തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രൂപകങ്ങളുമുണ്ട്. പ്രതിഭാഷാ പ്രതിഭാസത്തിന്റെ ആകെത്തുകയെ ഈയര്‍ത്ഥത്തില്‍ രൂപകവുമായുള്ള ബന്ധത്തില്‍ വ്യവച്ഛേദിച്ചാല്‍, ശേഷചിത്രത്തെ അര്‍ത്ഥപരമായ വ്യതിചലിതങ്ങളുമായി ബന്ധിപ്പിക്കാം.

പക്ഷേ, അര്‍ത്ഥപരമായ വ്യതിചലിതങ്ങളെന്നത് അസംബന്ധമല്ലേ? ഇത് ''ഈ വാചകം തെറ്റാണ്'' എന്ന വാചകം പോലെ ഒരു ചാക്രിക തര്‍ക്കമുണ്ടാക്കുന്നു. ഇതൊഴിവാക്കാം. കാരണം, തെറ്റായി വിന്യസിക്കപ്പെട്ടൊരു ചോദ്യമാണിത്.

ചായയെ കോപ്പയെന്നും മദ്യത്തെ കുപ്പിയെന്നും വിളിക്കാവുന്നതാണ്. 'മെറ്റോനിമി' എങ്കില്‍, പ്രതിഭാഷയ്ക്ക് ഭാഷയുമായുള്ള ബന്ധം 'മെറ്റോനിമിക്ക്' തന്നെയാണ്. വിവാഹിതയെ, ഭാര്യാത്വത്തെ, സിന്ദൂരപ്പൊട്ടെന്ന സൈന്‍ബോര്‍ഡാക്കലാണത്. സമൂഹത്തിനകത്തു തന്നെ സംഭവിക്കുന്നൊരു സാമൂഹിക വിപുലീകരണമാണ് പ്രതിസമൂഹം. മുന്‍കൂട്ടി കാണാനാവും വിധം രൂപകാത്മകമാണ് അതിന്റെ സാക്ഷാത്കാരങ്ങള്‍. സാമൂഹിക ഘടനയിലൂടെയുള്ള സാക്ഷാത്കാരവും ഭാഷയിലൂടെയുള്ള സാക്ഷാത്കാരവും ഇതില്‍പ്പെടും.

ഇതേ അര്‍ത്ഥത്തില്‍ ഭാഷയ്ക്കുള്ളൊരു രൂപകവുമാണ് പ്രതിഭാഷ: സാമൂഹിക സംജ്ഞകളുടെ തലത്തില്‍ ഭാഷയും പ്രതിഭാഷയും ഒരുമിച്ചുവരുന്നു. ആകയാല്‍, സാമൂഹിക ഘടനയില്‍ ആന്തരികമാക്കപ്പെട്ട പ്രതിനിധാനങ്ങളിലേക്ക് 'രണ്ടാം ജീവിത' ആരോഹാവരോഹ ശ്രേണി വിക്ഷേപിക്കയെന്നത് പ്രയാസകരമല്ല, അയുക്തികവുമല്ല. സംസ്‌കാരമാകെ ഒരു ഇന്‍ഫോമേഷന്‍ വ്യവസ്ഥയാകുന്ന തലത്തിലേക്കാണ് അര്‍ത്ഥപരമായ വ്യതിചലിതങ്ങള്‍ ഒരുമിച്ചു പ്രവേശിക്കുന്നത്.

രൂപകാത്മകതയെ ഈ അര്‍ത്ഥത്തില്‍ ഗ്രഹിച്ചുകഴിഞ്ഞതിനുശേഷം വേണം രൂപകം സ്വയമൊരു പ്രതിഭാഷാലക്ഷണമല്ലെന്ന് കാണേണ്ടത്. ഹാലിഡേ പറഞ്ഞു: ''ദൈനംദിന ഭാഷയുടെ ഭൂരിഭാഗവും ഉല്പത്തിയില്‍ രൂപകാത്മകമാണ്; ഉല്പത്തി പലപ്പോഴും വിസ്മൃതമോ അജ്ഞാതമോ ആണെങ്കില്‍പ്പോലും.''

അപ്പോള്‍ രൂപകാത്മക പരിഗണനയില്‍ ഭാഷയ്ക്കും പ്രതിഭാഷയ്ക്കും ഇടയിലെ അന്തരമെന്ത്? പ്രതിഭാഷ സ്വയമൊരു രൂപകാത്മക യാഥാര്‍ത്ഥ്യമാണെന്നതാണ് അന്തരം. അതില്‍, രൂപകങ്ങള്‍ ഭാഷയിലെന്നതുപോലെ സവിശേഷാലങ്കാരങ്ങളല്ല. മറിച്ച്, അതിന്റെ സ്വാഭാവിക സമഗ്ര രീതി തന്നെയാണ്. ശബ്ദം-അര്‍ത്ഥ- അന്വയങ്ങളിലൂടെയും താളബദ്ധമായ പ്രയോഗങ്ങളിലൂടെയും രൂപകാത്മകമാവുകയെന്നത് പ്രതിഭാഷയുടെ ഒരു സ്ഥിര തന്ത്രമാണെന്ന് പ്രതീക്ഷിക്കാം. ''മുന്‍കൂട്ടി കാണാനാവും വിധം രൂപകാത്മകം'' എന്ന പൂര്‍വനിരീക്ഷണത്തിന്റെ അര്‍ത്ഥം ഇതാണ്.

അതനുസരിച്ച്-

പച്ചക്കറി വാങ്ങാനോ മറ്റോ തെരുവിലേക്കിറങ്ങുന്ന ബംഗാളിപ്പെണ്ണിനെ പ്രതിസമൂഹ പുരുഷന്മാര്‍ ഓടിച്ചു പിടിക്കുമെന്ന് പ്രവചിക്കാനാവില്ല. പക്ഷേ, അധോലോക നിഘണ്ടുക്കളിലേക്ക് തുറക്കുന്ന ഉച്ചഭാഷിണികളില്‍ അവള്‍ സഹസ്രനാമം ഉണര്‍ത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ബലാത്സംഗത്തിലേര്‍പ്പെട്ടൊരു പുരുഷഭാഷയുടെ അട്ടഹാസമാണതെന്നു കരുതുന്നത് വിഡ്ഢിത്തമാകും. ആരാധന ഈ പതിതര്‍ക്കുമാകാം. ബഹുഭൂരിപക്ഷം ക്രിമിനലുകളും ദൈവവിശ്വാസകളോ, മതവിശ്വാസികളോ, അതുമല്ലെങ്കില്‍ വെറും അന്ധവിശ്വാസികളെങ്കിലുമോ ആണെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നത്.

(അവസാനിക്കുന്നില്ല)

Summary

Archive: Maythil Radhakrishnan writes about counter languages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com