Archives|'ഞാനൊരു കമ്മ്യൂണിസ്റ്റു വിരുദ്ധനല്ല; പക്ഷേ, സഹയാത്രികനാകാനും വയ്യ'

1998 നവംബര്‍ 20 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
ov vijayan
ഒവി വിജയന്‍file
Updated on

തലമുറകളുടെ കഥാകാരന്‍

ദീര്‍ഘമായ ഒരിടവേളയ്ക്കുശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാന്‍ ഒ.വി. വിജയന്‍ അദ്ദേഹത്തിന്റെ ആത്മാന്വേഷണങ്ങളുടെ ഭൂമികകളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന ഡല്‍ഹിയില്‍ കുറച്ചു ദിവസങ്ങള്‍ ചെലവിടാന്‍ എത്തിയിരിക്കുകയാണ്.

സത്യാമാര്‍ഗിലെ തൊണ്ണൂറാം നമ്പര്‍ വീട്ടില്‍വെച്ച് ആദ്യത്തെ കൂടിക്കാഴ്ച. സംഘര്‍ഷങ്ങളൊഴിഞ്ഞ സ്‌നേഹസന്ദര്‍ശനം. ആ വീട്ടിലെ വിശാലമായ മുറികളില്‍ വിജയന്റെ കഥകളിലും നോവലുകളിലും ആവര്‍ത്തിച്ചുവരുന്ന സ്ഥലരാശിയും ആകാശവിതാനങ്ങളും നിശ്ശബ്ദതയും സാന്ദ്രമായി നില്‍ക്കുന്നു. പുറത്ത് ഹരിതത്തിന്റേയും ഇരുട്ടിന്റേയും വനിമ. വിജയനിപ്പോള്‍ സംസാരിക്കുവാന്‍ പ്രയാസമാണ്. രണ്ടുവാക്കുകള്‍ പറയുന്നതിനിടയില്‍ വന്നുഭവിക്കുന്ന നിശ്ശബ്ദതയുടെ ഇടവേളകള്‍. സൂക്ഷ്മശ്രദ്ധ. 'പോപ്പുലേഷന്‍ കണ്‍സള്‍ട്ടന്റ്' എന്ന കഥ ഉറക്കെ വായിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അതിന്റെ കൈയെഴുത്തുപ്രതി തന്നു. വായനയ്ക്കിടയില്‍ വന്നുപോയ ചില പിഴവുകള്‍. വ്യാസന്‍ വിഘ്നേശ്വരനെ തിരുത്തുന്നു. വായനയുടെ ഒടുവില്‍ അദ്ദേഹം ചോദിച്ചു: ''ആ ചെട്ടിയാര്‍ ആരെന്നറിയുമോ?'' വിജയന്‍ തന്നെ പറയുന്നു ''മരണം.''

തലമുറകളുടെ ഈ യാത്ര ഖസാക്കിലെ ഒറ്റ വ്യക്തിയുടെ യാത്രയേക്കാള്‍ സംഘര്‍ഷഭരിതവും തീവ്രവുമാണ്

പോത്തുകളെ വാങ്ങാനും വില്‍ക്കാനും വരുന്ന ചെട്ടിയാരെന്ന ഇന്റര്‍നാഷണല്‍ പോപ്പുലേഷന്‍ കണ്‍സള്‍ട്ടന്റ് അഥവാ യമധര്‍മ്മന്‍ വിജയനെ ആകുലചിത്തനാക്കുന്നുണ്ടോ? ഖസാക്കിലെ രവിയുടെയും തലമുറകളിലെ ചന്ദ്രന്റെയും ആത്മഹത്യാപരമായ അര്‍പ്പണങ്ങള്‍ കഥാകാരന്റെ ബാധകളാവുകയാണോ? 'ഇല്ല' കഥാകാരന്‍ ചിരിക്കുന്നു. ''ഇനി രണ്ട് പുസ്തകങ്ങള്‍ കൂടി എഴുതണം. ഇപ്പോള്‍ അധികനേരം ഇരിക്കാനും പറഞ്ഞെഴുതിക്കാനും കഴിയുന്നില്ല. ഹൈദ്രാബാദില്‍ ചെന്നശേഷം ഈ പുസ്തകങ്ങളുടെ രചന തുടങ്ങണം. പിന്നെ മലയാളത്തിനുവേണ്ടിയുള്ള സ്ഥിരംപംക്തി.'' അസ്തിത്വവാദത്തില്‍നിന്ന് സ്വത്വാന്വേഷണങ്ങളിലേക്കും സ്വത്വദര്‍ശനത്തിലേക്കും അനുവാചകനെ കൈപിടിച്ചു നടത്തിയ വിജയന് വാര്‍ദ്ധക്യമില്ല. 'ഫ്രാന്‍സിസ് ന്യൂട്ടണ്‍ സൂസയുടെ ഇറോസ്ഥാനത്തോസിനു മേല്‍ വിജയം നേടുന്നു' എന്ന പെയിന്റിംഗ് ഓര്‍മ്മയിലെത്തുന്നു. മരണത്തിനുമേല്‍ ജീവന്റെ വിജയം.

സംഭാഷണം രാത്രിയിലേക്കു നീണ്ടു. 'തലമുറകള്‍' എന്ന നോവല്‍ വിഷയമായി കടന്നുവന്നു. പൊന്മുടി തറവാടിന്റെ കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ഹോങ്കോങ്ങിലേക്കും തിരികെ വീണ്ടും പൊന്മുടി തറവാട്ടിലേക്കും എത്തുന്ന ചരിത്രാന്വേഷണം. ഇതൊരു കുടുംബത്തിന്റെ മാത്രം ചരിത്രമല്ല. വര്‍ണ്ണാശ്രമത്തിന്റെ അതിരുകള്‍ ഭേദിച്ച് സംസ്‌കൃതപഠനത്തിലൂടെയും യുക്തിവാദത്തിലൂടെയും ആഭിചാരത്തിലൂടെയും ദേശീയവാദത്തിലൂടെയും ആയുധക്കച്ചവടത്തിലൂടെയും ഒക്കെ ഭൗതികമായ അസ്തിത്വം സ്ഥാപിക്കാനൊരുമ്പെട്ട ഒരു സമൂഹത്തിന്റെ കൂടി ചരിത്രമാണ്. ഭൗതികമായ ഓരോ ആംഗ്യവും ചെന്നുതൊടുന്നത് അതിന്റെ തന്നെ വ്യര്‍ത്ഥതയെ വിളംബരം ചെയ്യുന്ന ജ്ഞാനോദയങ്ങളിലേക്കാണ്. ആ ജ്ഞാനപൂര്‍ണിമയില്‍ പൊന്മുടിത്തറവാട്ടിലെയും അതുമായി ബന്ധപ്പെട്ട ലോകങ്ങളിലെയും വ്യക്തികള്‍ തങ്ങളുടെ അന്ത്യത്തെ തിരസ്‌കാരത്തിന്റെ കയ്പ് കൂടാതെ ഏറ്റുവാങ്ങുന്നു. തലമുറകളുടെ ഈ യാത്ര ഖസാക്കിലെ ഒറ്റ വ്യക്തിയുടെ യാത്രയേക്കാള്‍ സംഘര്‍ഷഭരിതവും തീവ്രവുമാണ്.

ov vijayan
ഒവി വിജയന്‍file

എങ്കിലും എന്തുകൊണ്ടോ 'തലമുറകള്‍' വേണ്ട രീതിയില്‍ വിലയിരുത്തപ്പെട്ടില്ല എന്ന തോന്നലാണ് ഉണ്ടാകുന്നത്. വിജയനും ഇതു ശരിവയ്ക്കുന്നു. ഉത്തരാധുനികതയുടെ അളവുകോല്‍ വച്ചു പിടിച്ചുനോക്കുമ്പോള്‍ 'തലമുറകള്‍'ക്ക് ആധുനികതയുടെ നീളവും വീതിയും ആഖ്യാനതന്ത്രങ്ങളും മാത്രമേയുള്ളൂ എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നതുകൊണ്ടാവുമോ ഇത്? എങ്കില്‍ നമ്മുടെ വിമര്‍ശനരംഗത്തിന് എന്തോ അപാകതകള്‍ ഉണ്ടെന്നുവേണം മനസ്സിലാക്കുവാന്‍. ഒരു നേര്‍രേഖയില്‍ വികസിക്കുന്ന പ്രസ്ഥാനങ്ങളായി കാല്പനികതയേയും ആധുനികതയേയും ഉത്തരാധുനികതയേയും നിര്‍വചിച്ച് അതിന്റെ സുഖമൗഢ്യങ്ങളില്‍ ഏര്‍പ്പെട്ടതാണ് 'തലമുറകള്‍' അവഗണിക്കപ്പെടാനുണ്ടായ ഏറ്റവും വലിയ കാര്യം. ഇതിന്റെ സൗമ്യസംസ്‌കാരം പിന്‍പറ്റുവാന്‍ എന്തുകൊണ്ട് നമുക്ക് കഴിഞ്ഞില്ല. കാരണം, അതില്‍ എന്തെങ്കിലും ഏഴുനിറം തേയ്ക്കാവുന്ന കാല്പനികാതിപ്രസരം ഇല്ല. അത് ലളിതമാണ്. ലളിതമായവയുടെ ആഴങ്ങളെ നമുക്ക് ഭയമാണ്.

രണ്ടാമത്തെ സന്ദര്‍ശനത്തില്‍ 'തലമുറകള്‍' വീണ്ടും ചര്‍ച്ചയിലേക്ക് കടന്നുവന്നു. പൊന്മുടിത്തറവാടിന്റെ ചോദ്യകുതൂഹലങ്ങളിലേക്ക് കടക്കുന്നതിന് ആമുഖമായി വിജയന്‍ ഇങ്ങനെ എഴുതി: ''ഒരു കുടുംബപരമ്പരയുടെ കഥയാകകൊണ്ട്, സാങ്കല്പികമെന്നിരിക്കിലും, ഏതെങ്കിലും മനുഷ്യരുടെ അനുഭവവുമായി ഈ കഥാഗതിക്ക് സാമ്യങ്ങളുണ്ടായെന്നുവരും. അതിനെ കണക്കാക്കാതെ കഥയെ കഥയായിമാത്രം കാണാന്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാരോട് അപേക്ഷിക്കുന്നു.'' അതിന് അനുബന്ധമായി വിജയന്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നത് കേള്‍ക്കുക: ''കുടുംബം എന്നു പറയുന്നത് എന്താണ്? മുതുമുത്തച്ഛന്മാര്‍, മുത്തച്ഛന്മാര്‍, മുതുമുത്തശ്ശിമാര്‍, മുത്തശ്ശിമാര്‍, അച്ഛന്മാര്‍, അമ്മമാര്‍ എന്നുള്ള മുഷിപ്പനായ ആവര്‍ത്തനം ഒരു കുടുംബത്തിന്റെ കഥയാകുന്നില്ല. പരമ്പരയുടെ മഹാസ്ഥൂലതയ്ക്ക് പുറകിലുള്ള സൂക്ഷ്മചലനങ്ങളാണ് വാസ്തവത്തില്‍ തറവാടിന്റെ ദൗത്യം.''

''ഫാക്റ്റും ഫിക്ഷനും തമ്മില്‍ ഇടകലരാം'' വിജയന്‍ തുടരുന്നു: ''ഓരോ തലമുറ തോറും സംഭവിക്കുന്ന കര്‍മ്മഗതി കുറച്ചുകുറച്ച് വ്യത്യസ്തമായിരിക്കും. ഒരു മെഗാ തീം തലമുറകളിലെവിടെയാണ് സംഭവിക്കുന്നതെന്ന് ആരായുകയാണ് നോവലിസ്റ്റിനു മുന്നിലുള്ള വെല്ലുവിളി. ഈ നോവലിലും ഞാന്‍ ആ ഇതിവൃത്തത്തെ തേടിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.''

ഖസാക്കും തലമുറകളും വളരെ വ്യത്യസ്തങ്ങളാണ്. ഇവ രണ്ടിന്റെയും പണിപ്പുരയും സാമഗ്രികളുമൊക്കെ അന്യോന്യം അകന്നുനില്‍ക്കുന്നു

''ഖസാക്കിലും ഗുരുസാഗരത്തിലും ഈ അന്വേഷണമുണ്ടായിരുന്നു. എന്നാല്‍, അത് തീവ്രമാകുന്നത് തലമുറകളിലാണെന്ന് വിജയന്‍ അഭിപ്രായപ്പെടുന്നു. 'It is a fragile metaphor in Khasak' തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ തേടല്‍ ഖസാക്കില്‍ വരുന്നത് ദുര്‍ബലമായ ഒരു അലങ്കാരവസ്തുവായിട്ടാണ്. ഖസാക്കും തലമുറകളും വളരെ വ്യത്യസ്തങ്ങളാണ്. ഇവ രണ്ടിന്റെയും പണിപ്പുരയും സാമഗ്രികളുമൊക്കെ അന്യോന്യം അകന്നുനില്‍ക്കുന്നു.''

ഇവയ്ക്കിടയിലുള്ള ദൂരത്തെ കഥാകാരന്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് എല്ലാ ജീവിതങ്ങളിലുമുള്ള വളര്‍ച്ചയും തളര്‍ച്ചയുമായാണ്. 'തലമുറകള്‍'ക്ക് ഒരുപാട് വിഭിന്നതലങ്ങളുണ്ട്. വര്‍ണ്ണാശ്രമത്തിന്റേയും ജാതിവ്യവസ്ഥയുടെയും സ്വരൂപങ്ങള്‍ കഥാഗതിയെ സ്വാധീനിക്കുന്നതു കാണാം. ഇവിടെ ഞാനൊരു ലളിതവല്‍ക്കരണത്തിന് മുതിരാതെ ആരോടും വിദ്വേഷമില്ലാതെ അപകര്‍ഷഭാവങ്ങളില്ലാതെ മാനവികതയുടെ വിധി എന്തെന്ന് അന്വേഷിക്കുകയാണ്.

''പ്രധാന കഥാപാത്രങ്ങള്‍ അവരവരുടെ അനുഭവങ്ങളുടെ സന്ദര്‍ഭങ്ങളില്‍ കര്‍മ്മപൂര്‍ണ്ണത നേടാന്‍ ശ്രമിക്കുകയാണ്. ദുര്‍മന്ത്രവാദങ്ങളും പ്രാമാണ്യവും അക്രമവും സംസ്‌കൃതീകരണവും ആഗോളസ്പര്‍ശിയായ മാനവീകരണവും ഒക്കെ പൊന്മുടി തറവാട് ആയുധങ്ങളായി ഉപയോഗിക്കുന്നു. ബ്രാഹ്മണിയായ ഒരു വെപ്പാട്ടിയെ കുടിവെക്കുമ്പോള്‍ പൊന്മുടിക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രാചീന ഗോത്രയുദ്ധത്തിന്റെ ആവര്‍ത്തനമാണ്.''

ov vijayan
ഒവി വിജയൻfile

ഗോത്രയുദ്ധങ്ങളുടെ തലങ്ങള്‍ തലമുറകളില്‍ സമൃദ്ധമാണ്. ഭവത്രാതന്‍ നമ്പൂതിരിയുടെ പൂണൂല്‍ 'ബ്രാഹ്മണ്യത്തിന്റെ വ്യര്‍ത്ഥതയറിഞ്ഞ്, ഒരു സല്‍ക്കര്‍മ്മവും ചെയ്യാതെ വിയര്‍ത്ത വിയര്‍പ്പില്‍ കുതിര്‍ന്ന ഒരു പൂണൂല്‍', കടംവാങ്ങി ഉത്തരേന്ത്യയിലേക്കുപോയ കൃഷ്ണനമ്മാവനിലും, മുണ്ടച്ചിയമ്മയുടെ മകള്‍ ശിവകാമിയെ വിലയ്ക്കുവാങ്ങി ഭാര്യയാക്കിയ അപ്പുക്കാരണവരുടെ ഗായത്രീമന്ത്രജപത്തിലും അതിന്റെ പരാജയത്തിലും ദൂരദര്‍ശിനിക്കുഴല്‍ വാങ്ങി പെണ്ണുങ്ങളുടെ നഗ്‌നത ആവോളം കണ്ട കിട്ടപ്പനമ്മാവനിലും ഇംതിയാസ് ഹസ്സനായ ഗോപാലനിലും ചെറിയപ്പന്റെ മധുരാപരിണയത്തിലും കൊലപാതകത്തിലുമെല്ലാം ഈ ഗോത്രയുദ്ധത്തിന്റെ വാള്‍വീശലുകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ, പെന്മുടിത്തറവാട് അതില്‍ വിജയിക്കുന്നുണ്ടോ?

''ജയവും പരാജയവും ഇതിലില്ല. എന്നാല്‍, ഈ സംഘര്‍ഷങ്ങളിലൂടെയൊക്കെയും ഒരു ധന്യത അനുഭവിക്കാന്‍ തലമുറയിലെ മുഖ്യധാരയ്ക്ക് കഴിയണം. ആ സഫലീകരണത്തിന്റെ മഹാദൃശ്യത്തിലാണ് ഈ കഥ എഴുതിയത്. വിജയിച്ചുവോ ഇല്ലയോ എന്ന് വായനക്കാരുടെ തലമുറകള്‍ നിശ്ചയിക്കും'' വിജയന്‍ പ്രതീക്ഷിക്കുന്നു.

''എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കും അടിത്തറ നന്മയാണ്. അവിടെ അക്രമമില്ല. അക്രമമുണ്ടായിരുന്നുവെങ്കില്‍ സാത്വികശക്തികള്‍ അതിനെ മയപ്പെടുത്തുന്നു. ഭവത്രാതനും സാംബശിവയ്യരും മുനിസിപ്പല്‍ ചെയര്‍മാന്‍ ശിവരാമകൃഷ്ണനും രാഘവമേനോനുമൊക്കെ ഈ നന്മയുടെ സാന്ത്വനം പേറുന്നവരാണ്. ഈ നോവലില്‍ ഈ തത്വം തെളിഞ്ഞുകാണുന്നതും കല്പാത്തി അഗ്രഹാര പ്രവേശനസമരത്തില്‍ ചാമിയാരപ്പനെ വടികൊണ്ടടിച്ച ബ്രാഹ്മണനും ചാമിയാരപ്പനും വര്‍ഷങ്ങള്‍ക്കുശേഷം ആ സംഘര്‍ഷത്തെ ഒരു ഫലിതകഥയാക്കി മാറ്റി മോചനം നേടുന്നതിലൂടെയാണ്. സംഘര്‍ഷത്തിന്റെ അപ്രസക്തിയും വിശ്വാസസ്ഥാനങ്ങളുടെ പ്രസക്തിയും, ഇവയെ കഥാരൂപത്തിലാക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഈ സന്തുലിതാവസ്ഥ ഭീരുത്വവും ഒഴിഞ്ഞുമാറലുമല്ല. സവര്‍ണരെ പ്രീണിപ്പിക്കാനുള്ള ഒരു വിദ്യയുമല്ല.''

ov vijayan
Archives|കേരളത്തെ നെല്‍കൃഷിയില്‍ എന്തിന് തളച്ചിടണം? ഡോ. എംഎസ് സ്വാമിനാഥന്‍ അഭിമുഖം
ഹൈന്ദവീകരണം എന്ന ആരോപണം അക്ഷമമായ മനസ്സുകളിലാണ് ഉരുവംകൊള്ളുന്നത്

സാത്വികതയുടെ ആത്യന്തികവിജയത്തിനുവേണ്ടിയുള്ള കഥാകാരന്റെ അഭിലാഷം കഥ പുരോഗമിക്കുന്നതിനിടെ നിരവധി തടസ്സങ്ങളെ നേരിടുന്നുണ്ട്. പലപ്പോഴും അക്രമം സാത്വികശാന്തിയെ മറികടന്നുനില്‍ക്കുന്നു. ഇതിന് വിജയന് വിശദീകരണമുണ്ട്. ''അക്രമം സാത്വികതയെ മറികടക്കുന്നത് മനുഷ്യപ്രക്രിയയുടെ സ്വാഭാവികരൂപം മാത്രമാണ്. ഒരു വ്യക്തമായ ഡയലറ്റിക്സ് യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒട്ടധികം അകന്നതും ശുഷ്‌കവുമായിരിക്കും. ഇതിന്റെ പ്രാകൃതരൂപമാണ് വലിയ നായരുടെ കൊല. അവിടുന്നിങ്ങോട്ട് സംഘര്‍ഷത്തിന്റെ മാനങ്ങള്‍ മാറിവരുന്നു. ആത്മീയവും ബൗദ്ധികവുമായ ഉന്നതികളെ തേടുന്നു.''

വിജയന്റെ കൃതികളിലെല്ലാം ആവര്‍ത്തിച്ചുവരുന്ന ഒരു രൂപകമാണ് ധൂമകേതുക്കള്‍. അവയുടെ പാരബോളികമായ സഞ്ചാരപാതയ്ക്ക് അനുരൂപമായാണ് തലമുറകളിലെയും കഥാഘടന വികസിക്കുന്നത്. ആ പാതയുടെ സൂക്ഷ്മതലങ്ങളിലേക്കു കടന്നുചെന്നാല്‍ അവിടെ ഭൗതികശാസ്ത്രത്തില്‍ വെളിപ്പെടുന്നതുപോലെ തരംഗരൂപത്തില്‍ സംഭവങ്ങള്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിടുന്നതുകാണാം. ഇത്തരമൊരു ഘടന മുന്‍കൂട്ടി ഉറപ്പിച്ചതല്ലെന്ന് കഥാകാരന്‍ പറയുന്നു. ഈ ചലനം ചരിത്രത്തിന്റെ ചലനത്തിന് സമാനമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ''കഥ എന്നെ കൊണ്ടുപോയതാണ് ആ വഴിയില്‍. ഈ കഥയുടെ മുഖ്യതലങ്ങള്‍ ഞാന്‍ കേട്ടറിഞ്ഞതും സ്വന്തം പാരമ്പര്യത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളതുമാണ്. മുന്‍വിധികള്‍ക്ക് വഴങ്ങുന്നതല്ല ചരിത്രം. ഒരു സമൂഹത്തിന്റേതാവട്ടെ, ഒരു കുടുംബത്തിന്റേതാവട്ടെ, ഒരു വ്യക്തിയുടേതാവട്ടെ.''

നിഷ്‌ക്രിയത്വത്തിലും മറ്റു സമയങ്ങളില്‍ ആഭിചാരങ്ങളിലും മുഴുകുന്ന പവിത്രന്‍. ഗണപതികളി നടത്തുന്ന, നിഘണ്ടു മാത്രം വായിക്കുന്ന രാഘവമേനോന്‍ അയാളെ കവിതയിലേക്ക് പ്രചോദിപ്പിക്കുന്നു. ''രാങ്ങാട്ടുരാമന്‍ അതിസുന്ദരനാട്ടുകൊറ്റന്‍/കള്ളുംകുടിച്ച് തറവാടുമുടിച്ച കള്ളന്‍/ കൊള്ളട്ടെ തല്ലവന്ന്-'' പവിത്രന്റെ ഈ രണ്ടരവരി കവിത തലമുറകളുടെ ഹാസ്യദര്‍ശനമാണ്. വിപ്ലവകാരിയായ സുകു അത് തിരുത്തുന്നതു നോക്കുക: ''രാങ്ങാട്ടുരാമനതിബൂര്‍ഷ്വ, ഒരാട്ടുകൊറ്റന്‍/ കള്ളുംകുടിച്ചു തിരിയുന്ന മഹാവിരുദ്ധന്‍/ കൊള്ളട്ടെ തല്ലവന്ന്-'' ഭാവിയുണ്ട് എന്നാണ് രാഘവമേനോന്റെ പ്രതികരണം. വിജയന്‍ തലമുറകളില്‍ എഴുതി: ''മാര്‍ക്സിന്റെ തത്വശാസ്ത്രവും ലെനിന്റെ വിശദീകരണവും കടലും കരയും താണ്ടി വന്ന് പൊന്മുടിയുടെ കളപ്പുരയില്‍ ഹാസ്യാനുവര്‍ത്തനമായി... അകലെ പൊന്മലയില്‍ ഹാസ്യാനുവര്‍ത്തനം വിപ്ലവത്തിന്റെ തീക്ഷ്ണതയായി.

''തലമുറകളിലെ ഈ ഹാസ്യഭാവമാണ് അതിലെ ദുരന്തങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത്. തലമുറകള്‍ ദുരന്ത-ഹാസ്യദ്വന്ദ്വത്തെക്കുറിച്ചുള്ളതാണ്. ഇവ പരസ്പരപൂരകങ്ങളാണ്. എല്ലാവരും ഫലിതം പറയും. ഫലിതമല്ലാത്തത് പറയുകയും ആ പറഞ്ഞത് ഒന്നും ഏല്‍ക്കാതെ പോവുകയും ചെയ്യുന്നത് ഫലിതത്തില്‍ കലാശിക്കും. ആ കാരണത്താലാണ് ഞാന്‍ ഫലിതത്തിന് ഒരു സംവരണം ഏര്‍പ്പാടാക്കുന്നത്'' വിജയന്‍ പറഞ്ഞു.

ov vijayan
ഒവി വിജയൻ file

''നമ്മുടെ ഫിക്ഷന്‍ രചനയില്‍ ഒഴിവാക്കപ്പെടുന്ന ഒരുവശമാണ് സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയും സ്വാതന്ത്ര്യാനന്തര ഇന്ത്യയും തമ്മിലുള്ള ഈ വൈരുദ്ധ്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്. ബ്രിട്ടീഷുകാരുടെ കീഴില്‍ തന്റെ അധികാരം സൗമ്യവും സ്‌നേഹനിര്‍ഭരവുമായ പ്രവൃത്തികളിലൂടെ നടത്തിയ വേലപ്പന്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അഭിമുഖീകരിക്കുന്നത് ആര്‍ത്തിയുടെയും ധനമോഹത്തിന്റെയും സംഘടിതമായ ചതിയുടെയും പല്ലിളിക്കുന്ന മുഖങ്ങളെയാണ്. ഇത് ഒരു സോഷ്യലിസ്റ്റ് സങ്കല്പം മനസ്സില്‍ പേറുന്ന വേലപ്പനെ, യുധിവിക്രമനായ വേലപ്പനെ നിരായുധികരിക്കുകയും മനസ്താപത്തില്‍ ആഴ്ത്തുകയും ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇത്തരത്തിലുള്ള സ്‌നേഹരഹിതമായ യാഥാര്‍ത്ഥ്യങ്ങളുടെ കളിയരങ്ങാണ്. പരസ്യങ്ങളിലൂടെയും വിപണിയിലൂടെയും ഈ സ്‌നേഹരാഹിത്യം നാം സൗന്ദര്യവല്‍ക്കരിച്ചും പെരുപ്പിച്ചും കാട്ടുന്നു. അച്ഛന്റെ പാതയില്‍ പാരമ്പര്യത്തിന്റെ കാലടികളെ പിന്‍പറ്റിയ കമ്യൂണിസ്റ്റുകാരനായ ചന്ദ്രന്‍, അന്താരാഷ്ട്ര മനുഷ്യാവകാശ ഫൗണ്ടേഷനുവേണ്ടി ഗവേഷണപ്രബന്ധങ്ങള്‍ രചിച്ച ചന്ദ്രന്‍, ഹോങ്കോംഗില്‍ ചേക്കേറി ആയുധിയുടെ കമ്പോളത്തിലെ പൊരുത്തക്കാരനാകുന്നതിനു പിന്നില്‍ ഈ സ്‌നേഹനിരാസങ്ങളുടെ അനുഭവങ്ങളുണ്ടാകണം.'' ഇവിടെ വിജയന്‍ സ്പര്‍ശിക്കുന്നത് പോസ്റ്റ് കൊളോണിയല്‍ സമൂഹങ്ങളുടെ മൂല്യപ്രശ്‌നങ്ങളിലാണ് എന്നതില്‍ സംശയമില്ല.

വിജയന്റെ രചനകളില്‍ ഹൈന്ദവീകരണം നടക്കുന്നു എന്ന വാദത്തെ അദ്ദേഹം നേരിടുന്നു.

''ഹൈന്ദവീകരണം എന്ന ആരോപണം അക്ഷമമായ മനസ്സുകളിലാണ് ഉരുവംകൊള്ളുന്നത്. എന്റെ രചനാസങ്കേതങ്ങളെല്ലാംതന്നെ തികച്ചും ഭാരതീയമായ ഒരു സൗന്ദര്യശിക്ഷണത്തിനും ബോധത്തിനും വിധേയമാണ്. ഇത് മറ്റൊരര്‍ത്ഥത്തില്‍ എല്ലാ ഇന്ത്യന്‍ എഴുത്തുകാരുടെയും പാഠശാലയാണ്. നമുക്ക് നമ്മുടെ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരുകളുള്ള മിത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും ഒക്കെയുണ്ട്. എല്ലാത്തിനും പശ്ചാത്തലമായി ആര്യ-ദ്രാവിഡ സങ്കലനത്തിന്റെ മഹാകാശമുണ്ട്. ഇവയില്‍നിന്ന് വേറിട്ടൊരു സ്വത്വം സ്ഥാപിച്ചെടുക്കുക പ്രയാസം. കൃഷ്ണഗാഥയുടെയും അദ്ധ്യാത്മരാമായണത്തിന്റേയും ലാളിത്യമില്ലെങ്കില്‍, അവയുടെ ഊഷ്മാവും സുഗന്ധങ്ങളുമില്ലെങ്കില്‍ പിന്നെ എന്താകും നമ്മുടെ സാഹിത്യം. നമ്മുടെ സങ്കല്പങ്ങളിലെല്ലാം നന്മ നിറഞ്ഞൊരു സാംസ്‌കാരിക സങ്കലനം വ്യക്തമായി കാണുന്നുണ്ട്. മഹാബലി എന്ന മിത്തുതന്നെ വരുന്നത് പറയപ്പെരുമാള്‍ എന്ന ശുദ്ധവും തെളിമയാര്‍ന്നതുമായ സങ്കല്പത്തില്‍നിന്നാണ്. എന്റെ രചനകളില്‍ ഹൈന്ദവ പുനരുത്ഥാനവാദം ആരോപിക്കുന്നവരുടെ രചനകള്‍ പോലും ഈ സങ്കലനത്തിന്റെ സമ്പന്നതയില്‍നിന്നും പുറത്തല്ല.''

അനന്തമായ ജ്ഞാനത്തിനു മുന്നിലെ മനുഷ്യന്റെ 'ചെറുപ്പം' കൂടി തലമുറകളില്‍ അവതരിപ്പിക്കുന്നുണ്ട്. ''അനേകം രഹസ്യങ്ങള്‍ നിഗൂഹനം ചെയ്തിരിക്കുന്ന ആകാശത്തിനും അനന്തസ്ഥലികള്‍ക്കും മുന്നില്‍ മനുഷ്യനും മറ്റു ജീവനുകളുടെ സ്ഥാനമേയുള്ളു. ഏറ്റവും വലിയ തത്വചിന്തകനും തെറ്റുപറ്റുന്നത് അവന്‍ പ്രാതിഭാസികലോകത്തെ വ്യാഖ്യാനിക്കുന്നതിനു പകരം മാറ്റിത്തീര്‍ക്കണമെന്ന് വാശിപിടിക്കുമ്പോഴാണ്. പ്രപഞ്ചത്തിന്റെ തുടര്‍ച്ചകളില്‍ ഒന്നുമാത്രമായി മനുഷ്യന്‍ അവനവനെത്തന്നെ തിരിച്ചറിയുമ്പോള്‍, തന്റെ വാക്കിനും കര്‍മ്മത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മദര്‍ശിനികള്‍ അനാവൃതമായി വരുന്നു. ശാസ്ത്രത്തിന്റെ ഭാഷയില്‍ ഈ ശക്തികളെ ജീനുകളെന്നോ ഉപഅറ്റോമികകണങ്ങളെന്നോ ഒക്കെ പേരുവിളിക്കാം. സ്ഥൂലപ്രപഞ്ചത്തിനും സൂക്ഷ്മപ്രപഞ്ചത്തിനും തമ്മിലുള്ള സംഗീതാത്മകമായ ബന്ധത്തെ തിരിച്ചറിയണമെങ്കില്‍ മനുഷ്യനില്‍ ജ്ഞാനഭാവം ഉണരേണ്ടതുണ്ട്. ഈ ജ്ഞാനാന്വേഷണം തലമുറകളിലെ ഓരോ കഥാപാത്രവും അവര്‍ക്കു കഴിയുന്ന രീതിയില്‍ നടത്തുന്നുണ്ട്. പൊന്മുടിയുടെ അവസാനതാവളമായ കിഴുചിറയുടെ അവശിഷ്ടങ്ങളെ നോക്കി അര്‍ദ്ധരാത്രി തനിച്ചുനില്‍ക്കുന്ന പൊന്മുടിയുടെ അവസാനകണ്ണിയും ഈ ജ്ഞാനഭാവത്തില്‍ പങ്കുകാരനാകുന്നുണ്ട്.''

തലമുറകളില്‍ കമ്മ്യൂണിസം ഒരു ദുരന്തബോധമായി പ്രത്യക്ഷപ്പെടുന്നു. വിജയന്‍ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും കമ്മ്യൂണിസത്തിന്റെ പേരിലാണല്ലോ. ''കമ്മ്യൂണിസത്തിന്റെ തകര്‍ച്ച ഒരു ദുരന്തമാണ്. അത് ഒരു സാമൂഹ്യദുരന്തമെന്നതുപോലെതന്നെ ഒരു വൈയക്തിക ദുരന്തം കൂടിയാണ്. മണ്ണില്‍ അടിഞ്ഞുകിടന്നിരുന്ന മനുഷ്യചേതനയെ ഉണര്‍ത്താനും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മനുഷ്യന് ആത്മാഭിമാനത്തോടെ എഴുന്നേറ്റുനിന്ന് സമത്വസുന്ദരമായ ലോകത്തെക്കുറിച്ച് സംസാരിക്കാനും അല്ലെങ്കില്‍ സ്വപ്നമെങ്കിലും കാണാനുംവേണ്ട ശക്തി പകര്‍ന്നുനല്‍കിയ പ്രതീക്ഷാനിര്‍ഭരമായ തത്വശാസ്ത്രമായിരുന്നു കമ്മ്യൂണിസം. പക്ഷേ, അതിന്റെ പ്രായോഗികതലങ്ങള്‍ സ്റ്റാലിനിസത്തിലേക്കും, പാശ്ചാത്യനാടുകളെ കടത്തിവെട്ടുന്നതരം ഭോഗപരതയിലേക്കും കടന്നപ്പോള്‍ അതൊരു ദുരന്തമായി പരിണമിക്കുകയായിരുന്നു. ആ പരിണാമത്തെ ചോദ്യം ചെയ്ത ശബ്ദങ്ങളെ കമ്മ്യൂണിസം ഞെരിച്ചമര്‍ത്തി. ചെഗുവേരയും വര്‍ഗീസും വെടിയുണ്ടകള്‍ക്കിരയായി. പ്രണയത്തില്‍നിന്ന് വ്യതിചലിച്ച കമിതാവിനെ കൊല്ലുന്നതുപോലെ നിഷ്ഠൂരമായ പ്രവൃത്തികളാണ് കമ്മ്യൂണിസത്തിന്റെ പില്‍ക്കാല ചരിത്രം. ഞാനൊരു കമ്മ്യൂണിസ്റ്റു വിരുദ്ധനല്ല. പക്ഷേ, ഈ സന്ദര്‍ഭത്തില്‍ സഹയാത്രികനാകുവാനും വയ്യ. കമ്മ്യൂണിസത്തിന്റെ അപചയം വൈയക്തികമായ ആവേദനമായി ഇന്നും എന്നിലവശേഷിക്കുന്നുണ്ട്'' വിജയന്‍ പറഞ്ഞുനിര്‍ത്തി.

ov vijayan
Archives| ജാതി പറഞ്ഞാലെന്ത്? നരേന്ദ്രപ്രസാദ് എഴുതിയ ലേഖനം
ov vijayan
''കാടിന്റെ വിലയെത്ര? പുഴയുടെ വിലയെത്ര? കാട്ടുകാറ്റിന്റേയും പച്ചത്തഴപ്പിന്റേയും വിലയെത്ര?''
ov vijayan
Archives|'കഥയില്ലെങ്കില്‍ സിനിമ ചുള്ളിക്കൊമ്പില്‍ ചുറ്റിയ പട്ടുസാരി പോലെ'
Summary

Archive: OV Vijayan Interview, published in 1998

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com