Image of Thomas and Lissie
തോമസും ലിസിയും മകന്‍ ടിറ്റോയ്ക്കൊപ്പം സമകാലിക മലയാളം വാരിക

നിശ്ചലമായിട്ടില്ല, ഈ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകള്‍

നിപ വൈറസ് രോഗബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ടിറ്റോ തോമസ്. ചലനശേഷി പോലുമില്ലാതെ രണ്ടുവര്‍ഷമായി കോമയില്‍ കഴിയുന്ന ടിറ്റോ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അച്ഛന്‍ തോമസും മാതാവ് ലിസിയും സഹോദരന്‍ ഷിജോയും. സ്വന്തമായി ശ്വാസം പോലുമെടുക്കാന്‍ കഴിയാതിരുന്ന ടിറ്റോ ഇപ്പോള്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നതാണ് ആശ്വാസം.
Published on

ത് ടിറ്റോ തോമസ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ്. പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാം യാഥാർത്ഥ്യത്തിലേക്ക് മാറി സുന്ദരമാവാൻ തുടങ്ങുമ്പോഴേക്കും ജീവിതം നിശ്ചലമായിപ്പോയ ഇരുപത്തിനാലുകാരൻ.

നിപ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതനായ ടിറ്റോ എന്ന നഴ്‌സിന്റെ ജീവിതം കോമയിലായിട്ട് രണ്ട് വർഷമായി.

കേരളത്തിന്റെ നിപ അതിജീവനത്തെക്കുറിച്ച് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ജീവൻ മാത്രം ബാക്കിനിർത്തി മറ്റെല്ലാം നിശ്ചലമായ ടിറ്റോ പോരാടുകയാണ്. ഒപ്പം, രണ്ട് വർഷമായി അവൻ എഴുന്നേൽക്കുന്നതും കാത്തിരിക്കുന്ന അച്ഛനും അമ്മയും സഹോദരനും.

മംഗളൂരുവിൽനിന്ന് എൺപത്തിയഞ്ച് കിലോമീറ്റർ അകലെ കടബ താലൂക്കിൽ സുബ്രമണ്യയ്ക്കടുത്ത് മർദ്ദാല എന്ന ഗ്രാമത്തിലാണ് ടിറ്റോയുടെ വീട്. കോട്ടയത്തുനിന്നും പത്തനംതിട്ടയിൽനിന്നും നാലുതലമുറകൾ മുന്‍പ് ഇവിടെയത്തിയതാണ് ടിറ്റോയുടെ കുടുംബം. അപ്പൻ ജോയി എന്ന തോമസും അമ്മ ലിസിയും പറമ്പിൽ കൃഷിപ്പണി ചെയ്താണ് കുടുംബം മുന്നോട്ടു നീക്കിയത്. ഷീറ്റിട്ട ആ ചെറിയ വീട്ടിലിരുന്ന് ടിറ്റോയും സഹോദരൻ സിജോയും പഠിച്ചു. ഒഴിവുസമയങ്ങളിലെല്ലാം അപ്പനെ കൃഷിപ്പണിയിൽ സഹായിച്ചു. മൂത്ത മകൻ സിജോ എം.ബി.എ. പഠിച്ചു. ടിറ്റോ മംഗളൂരൂ ശ്രീദേവി കോളേജ് ഓഫ് നഴ്‌സിങിൽ ബി.എസ്‌സി. നഴ്‌സിങ്ങും. ടിറ്റോയുടെ പഠനച്ചെലവുകൾ കൂടിയായതോടെ തോമസ് കൃഷിപ്പണിക്കു പുറമെ പുറത്തും പണിക്കു പോയിത്തുടങ്ങി. പുലർച്ചെ നാലുമണിയാവുമ്പോഴേക്കും റബ്ബർ വെട്ടാനും അതുകഴിഞ്ഞ് റേഷൻകടയിലെ പണിക്കും അങ്ങനെ ചെയ്യാൻ പറ്റുന്ന ജോലികളെല്ലാം തോമസ് ചെയ്തു. എം.ബി.എ കഴിഞ്ഞ സിജോ ബെംഗളൂരുവിൽ ജോലിക്ക് കയറി. കോഴ്‌സ് പൂർത്തിയാക്കിയ ടിറ്റോ കേരളത്തിലെത്തി വിദേശത്തേക്ക് പോകാനുള്ള പരിശീലനം തുടങ്ങി. അതിനിടയിൽ കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്‌പിറ്റൽ ആന്റ് റിസർച്ച് സെന്ററിൽ സ്റ്റാഫ് നഴ്‌സായി ജോലി കിട്ടി. അതുവരെ ഉണ്ടായ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും ഭാരത്തിൽനിന്നും ആ കുടുംബം പതുക്കെ കരകയറി തുടങ്ങുകയായിരുന്നു.

ജോലി കിട്ടി ടിറ്റോ ആദ്യ അവധിക്ക് വീട്ടിലെത്തിയത് കോഴിക്കോട്നിന്ന് വാങ്ങിയ തെങ്ങിന്റേയും കവുങ്ങിന്റേയും തൈകളുമായിട്ടായിരുന്നു. “അവൻ വന്നപ്പോഴെ പറഞ്ഞത് അപ്പൻ ഇനി പുറത്ത് പണിക്കൊന്നും പോകണ്ട എന്നാണ്. നമ്മുടെ കൃഷിയൊക്കെ നോക്കി ഇരുന്നാ മതി. ഞങ്ങളെ പഠിപ്പിക്കാനൊക്കെ ഒത്തിരി കഷ്ടപ്പെട്ടതല്ലേ, ഇനിയും വേണ്ട എന്നാണ്. അടുത്ത തവണ വരുമ്പോൾ ഇനിയും തൈകൾ കൊണ്ടുവരാം എന്നു പറഞ്ഞ മോനാണ് ഇപ്പോൾ ഇങ്ങനെ...” തുടച്ച് കളഞ്ഞിട്ടും അച്ഛൻ തോമസിന്റെ കണ്ണിൽനിന്നും കണ്ണീര് നിലച്ചില്ല ഇത് പറയുമ്പോൾ.

2023 സെപ്തംബറിലാണ് ന്യൂമോണിയ ലക്ഷണങ്ങളോടെയുള്ള രോഗി ഇഖ്‌റ ഹോസ്‌പിറ്റലിൽ എത്തുന്നത്. രോഗിയെ എമർജൻസിയിൽ ആദ്യം പരിശോധിച്ച കൂട്ടത്തിൽ ടിറ്റോയും ഉണ്ടായിരുന്നു. ഐ.സി.യുവിലായിരുന്ന രോഗി മൂന്നാം ദിവസം മരിച്ചു. നിപ സംശയങ്ങളൊന്നും തുടക്കത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും തൊണ്ടയിൽനിന്നുള്ള ശ്രവം ശേഖരിച്ചുവെച്ചിരുന്നു. മരിച്ചയാളുടെ ബന്ധുക്കൾക്കും പിന്നീട് പനി വന്ന് ഹോസ്‌പിറ്റലിൽ അഡ്‌മിറ്റായപ്പോഴാണ് ശ്രവം പരിശോധനയ്ക്കയക്കുന്നതും നിപ സ്ഥിരീകരിക്കുന്നതും. 2023-ലെ ആദ്യത്തെ നിപ കേസായിരുന്നു അത്. രോഗിയെ ശുശ്രൂഷിച്ച ഡോക്ടർമാരടക്കമുള്ള സംഘം ക്വാറന്റൈനിൽ നിരീക്ഷണത്തിലായി. ആ സംഘത്തിൽ ടിറ്റോയ്ക്ക് മാത്രമാണ് പനി വന്നത്. പരിശോധനയിൽ നിപയാണെന്ന് കണ്ടെത്തി.

അവിടെതന്നെ അഡ്‌മിറ്റായി. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആകുന്നതുവരെ മൂന്നാഴ്ചയോളം ഹോസ്‌പിറ്റലിൽ തന്നെ കഴിഞ്ഞു. രോഗം ഭേദമായി. ഒരുമാസത്തിനു ശേഷം ടിറ്റോ വീണ്ടും ജോലിക്കെത്തി. പിന്നീടൊരു ദിവസം കഠിനമായ തലവേദനയാണ് ടിറ്റോയ്ക്ക് ഉണ്ടായത്.

Titto
ടിറ്റോ സമകാലിക മലയാളം വാരിക

ഐ.സി.എം.ആറിന്റെ റിപ്പോർട്ടുകളെല്ലാം നെഗറ്റീവ് വന്ന ശേഷമായിരുന്നു ടിറ്റോയെ ഹോസ്‌പിറ്റലിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നത് എന്ന് പരിശോധിച്ച ഡോക്ടർ ഷിഹാബുദ്ദീൻ പറയുന്നു: “ആ സമയത്ത് യാതൊരു ന്യൂറോളജിക്കൽ ലക്ഷണങ്ങളും ടിറ്റോയ്ക്ക് ഉണ്ടായിരുന്നില്ല. പിന്നീട് തലവേദന വന്നപ്പോൾ ശരീരത്തിന്റെ ഒരു വശം ബലക്കുറവും തോന്നിയിരുന്നു. സ്‌കാൻ ചെയ്തപ്പോൾ ചെറിയ സ്‌ട്രോക്ക് പോലെ ഉണ്ടായിരുന്നു. പക്ഷേ, ഒറ്റ ദിവസം കൊണ്ട് തന്നെ റിക്കവറായി ഐ.സി.യു.വിൽനിന്ന് റൂമിലേക്ക് മാറ്റി. പിന്നീട് അപസ്മാരം വന്നു. അതിനു ശേഷം ടിറ്റോയ്ക്ക് ബോധം തെളിഞ്ഞിട്ടില്ല”- ഡോ. ഷിഹാബുദ്ദീൻ പറയുന്നു. നിപ രോഗിയെ ശുശ്രൂഷിച്ചതിന് നിരീക്ഷണത്തിലായവരിൽ ഡോ. ഷിഹാബുദ്ദീനുമുണ്ടായിരുന്നു.

റിപ്പീറ്റ് സ്‌കാനിലാണ് ടിറ്റോയ്ക്ക് തലച്ചോറിൽ അസുഖം ബാധിച്ചത് കണ്ടെത്തുന്നത്. തുടർ പരിശോധനകൾ നടത്തിയെങ്കിലും നിപ ലക്ഷണങ്ങളൊന്നുമുണ്ടായില്ല. മുന്‍പ് നിപ വന്നത് കാരണം അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കാം എന്ന് വിലയിരുത്തിയായിരുന്നു ചികിത്സ. സർക്കാർ തലത്തിൽ മെഡിക്കൽ ബോർഡ് ചേർന്ന് നിപയുടെ മരുന്നും കൊടുത്തുതുടങ്ങി. ഐ.സി.എം.ആറിലേക്ക് അയച്ച സാംപിൾസിലും നിപ നെഗറ്റീവായിരുന്നു. പക്ഷേ, ടിറ്റോയുടെ നിലയിൽ മാറ്റമൊന്നും ഉണ്ടായതുമില്ല. ഇതിന്റെ കാരണം കണ്ടുപിടിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. അടിക്കടി അപസ്മാരം ഉണ്ടാവുകയും ബോധം തെളിയാതിരിക്കുകയും ചെയ്തതോടെ ബ്രെയ്ൻ ബയോപ്‌സി ചെയ്തു. ബയോപ്‌സി സ്‌പെസിമെനിലാണ് നിപ വൈറസ് കണ്ടെത്തുന്നത്. നിപയിൽ ബ്രെയിൻ ബയോപ്‌സി ചെയ്യുന്നത് ആദ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലായിരുന്നു പരിശോധന. റിസൾട്ട് പോസിറ്റീവായതോടെ ആന്റിബോഡി ട്രീന്റ്‌മെന്റ് ചെയ്തു. ഇന്ത്യയിൽ ആദ്യമായി നിപയ്ക്ക് ആന്റിബോഡി നൽകിയതും ടിറ്റോയ്ക്കാണ്. പിന്നീട് സപ്പോർട്ടീവ് മെഡിസിനുകൾ നൽകി വരികയായിരുന്നു. ജീവൻ നിലനിർത്താൻ കഴിഞ്ഞെങ്കിലും മരുന്നുകൾക്കൊന്നും പക്ഷേ, ടിറ്റോയെ പഴയ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

നിപയിലെ അപൂർവ രോഗാവസ്ഥയായിരുന്നു ടിറ്റോയുടേത്. നിപ വൈറസ് നാളുകൾക്ക് ശേഷം തലച്ചോറിൽ ആക്ടീവാകുകയായിരുന്നു. ഇന്ത്യയിലാദ്യം റിപ്പോർട്ട് ചെയ്ത ലേറ്റ് ഓൺസെറ്റ് എൻകഫലൈറ്റിസ് ആയിരുന്നു ഇത്. മലേഷ്യയിലൊക്കെ രണ്ട് മൂന്ന് കേസുകൾ ഈ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡോ. ശിഹാബുദ്ദീൻ പറയുന്നു. “അതൊക്കെ പെട്ടെന്ന് തന്നെ ബെറ്റർ ആയതായാണ് റിപ്പോർട്ടുകൾ. ടിറ്റോയുടെ കേസിൽ സിവിയർ ഡിസീസിലേക്കാണ് പോയത്. അപസ്‌മാരം തുടർച്ചയായി വന്നുകൊണ്ടിരുന്നു. അത് നിർത്താൻ തന്നെ കുറേ മരുന്നുകളും ചികിത്സയും ആവശ്യമായി വന്നു. മെഡിക്കൽ കെയറിന്റെ ബലത്തിൽ ജീവൻ നിലനിർത്താൻ പറ്റി. വെജിറ്റേറ്റീവ് സ്റ്റേറ്റിലാണ് ഇപ്പോൾ ടിറ്റോ. ഫുൾ കോമയിൽനിന്ന് ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. കണ്ണ് തുറക്കും തല അനക്കാൻ പറ്റുന്നുണ്ട്. ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കും. പക്ഷേ, എന്നാലും വലിയ മാറ്റങ്ങളൊന്നും കഴിഞ്ഞ ആറുമാസത്തിനിടയിൽ ഉണ്ടായിട്ടില്ല. കണ്ണ് തുറക്കുന്നുണ്ടെങ്കിലും പുറത്തുള്ള കാര്യങ്ങളോടൊന്നും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും”- ഡോ. ഷിഹാബുദ്ദീൻ പറയുന്നു.

2023 ഡിസംബർ എട്ടിനായിരുന്നു ടിറ്റോ അബോധാവസ്ഥയിലാകുന്നത്. സഹോദരൻ സിജോ ആണ് ആ സമയത്ത് കൂടെ ഉണ്ടായിരുന്നത്. അന്ന് വീട്ടിലേക്ക് വിളിച്ച് വീഡിയോ കോളിൽ അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. “അന്നാണ് ഞങ്ങളോട് അവൻ അവസാനമായി സംസാരിച്ചത്. ഇപ്പോൾ രണ്ട് വർഷമായി അവൻ ഞങ്ങളോടൊന്ന് മിണ്ടിയിട്ട്”- കണ്ണീരോടെ തോമസ് പറയുന്നു.

24-ാം വയസ്സിലാണ് ടിറ്റോ തോമസ് കോമയിലാവുന്നത്. ഇപ്പോൾ ഇവന് ഇരുപത്തിയാറ് വയസ്സാകുന്നു എന്ന് അമ്മ ലിസി ടിറ്റോയുടെ മുഖത്ത് തലോടിക്കൊണ്ട് പറഞ്ഞു. വിദേശത്തേക്ക് പോകാനായിരുന്നു ടിറ്റോയുടെ ലക്ഷ്യം. ന്യൂസിലന്റിലേക്ക് പോകാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തികം തടസ്സമായി. പൈസ കൂടുതൽ കൊടുക്കാതെ ടെസ്റ്റ് എഴുതിക്കിട്ടുന്ന ജോലി നോക്കാം എന്ന് അവൻ പറഞ്ഞിരുന്നു എന്ന് തോമസ് ഓർക്കുന്നു. രണ്ട് പേർക്കും ജോലി കിട്ടിയതോടെ വീട് പണിയാനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. മണ്ണ് നീക്കി തറയ്ക്കുള്ള കാര്യങ്ങൾ ചെയ്തു. ബാങ്കിൽ ലോണിന്റെ കാര്യങ്ങളും ശരിയായി. ആ സമയത്താണ് ടിറ്റോയുടെ രോഗാവസ്ഥ. ടിറ്റോ ഹോസ്‌പിറ്റലിൽ ആയതോടെ സഹോദരൻ സിജോ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് ഹോസ്‌പിറ്റലിൽ കൂട്ടിരുന്നു. രണ്ട് വർഷത്തോളമാണ് ആ ആശുപത്രിവാസം നീണ്ടത്. അച്ഛനും അമ്മയും ഒപ്പം തന്നെ നിന്നു. സൗജന്യമായാണ് ഇഖ്‌റ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് ടിറ്റോയുടെ ഇതുവരെയുള്ള ചികിത്സകൾ നടത്തിയത്. ഹോസ്‌പിറ്റലിനടുത്ത് തന്നെയുള്ള ഒരു വീട്ടിലേക്ക് ഒരുമാസമായി ടിറ്റോയും കുടുംബവും മാറിയിട്ട്. ഹോസ്‌പിറ്റൽ മാനേജ്‌മെന്റിന്റെ തന്നെ വീടാണിത്. ഡോക്ടർമാരും നഴ്‌സുമാരും വീട്ടിലെത്തിയാണ് ഇപ്പോൾ ടിറ്റോയെ നോക്കുന്നത്. രണ്ട് വർഷത്തെ ഹോസ്‌പിറ്റൽ വാസത്തിനു ശേഷം വീട് എന്ന തുറസ്സിലേക്ക് ആ കുടുംബത്തിന് മാറാൻ കഴിഞ്ഞതും ആശ്വാസമായി. മരുന്നും ചികിത്സയും ടെസ്റ്റുകളും തന്നെ എൺപത് ലക്ഷത്തിനു മുകളിൽ ആയിട്ടുണ്ടെന്ന് തോമസ് പറയുന്നു. “ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ളവരുടെ സേവനത്തിന്റെ പൈസയും കൂടെ കൂട്ടിയാൽ ഒരു കോടിക്ക് മുകളിലേക്ക് പോയിട്ടുണ്ടാവും എന്നാണ് ഞങ്ങൾ കണക്ക് കൂട്ടുന്നത്. സ്വന്തം മകനെപ്പോലെയാണ് അവരവനെ നോക്കിയത്. ഇത്രയും കാലം സൗജന്യമായി ചികിത്സിച്ചു. ഇപ്പോഴും തുടരുന്നു”- തോമസ് പറയുന്നു.

Image of joy
തോമസും ലിസിയുംസമകാലിക മലയാളം വാരിക

തുടർ ചികിത്സകൾ വേണ്ടതിനാൽ മർദ്ദാലയിലെ വീട്ടിലേക്ക് ടിറ്റോയെ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ഷീറ്റിട്ട ചെറിയ വീട്ടിൽ ടിറ്റോയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ല. ആശുപത്രിയിലേക്കെത്താനും കിലോമീറ്ററുകൾ സഞ്ചരിക്കണം. അതുകൊണ്ട് കൂടിയാണ് കോഴിക്കോട് തന്നെ കുടുംബം തുടരുന്നത്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ 17 ലക്ഷം രൂപ സഹായധനം അനുവദിച്ചിരുന്നു.

അടുത്തിടെ സിജോയ്ക്ക് ഹൈദരാബാദിൽ ജോലി കിട്ടി പോയി. “കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ അവനെങ്കിലും ജോലിക്ക് പോണ്ടേ. രണ്ട് വർഷമായി വീട്ടിൽ പോയിട്ട്. കൃഷിയെല്ലാം നശിച്ചു. പശുവും ആടും പട്ടിയും ഒക്കെ ഉണ്ടായിരുന്നു. എല്ലാത്തിനേയും ചെറിയ പൈസയ്ക്ക് കൊടുക്കേണ്ടിവന്നു. നോക്കാൻ ആരും ഇല്ലല്ലോ. രണ്ട് വർഷം ഒരു ആശുപത്രി മുറിയിൽ കഴിച്ചുകൂട്ടേണ്ടിവരുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ലോകത്ത് ഞങ്ങൾ അനുഭവിച്ച വേദന ഒരപ്പനും അമ്മയും സഹോദരനും ഇനി അനുഭവിക്കരുത്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റിയാലുള്ള സങ്കടം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു മാവ് നട്ട് നനച്ച് വളർത്തി അത് ഫലം തരുന്ന നിലയിലെത്തുമ്പോഴേക്കും ഉണങ്ങിപ്പോകുന്ന അവസ്ഥ നമുക്ക് ആലോചിക്കാൻ കഴിയില്ല. അതുപോലെയാണ് കുഞ്ഞുങ്ങളും. നമ്മളവരെ വളർത്തി, പഠിപ്പിച്ചു. ഞങ്ങൾക്ക് പഠിക്കാനൊന്നും പറ്റിയില്ല, അവരിലൂടെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ. അവർ നല്ലപോലെ പഠിച്ചു, ജോലി നേടി, നന്മയിലേക്ക് കാര്യങ്ങളെല്ലാം എത്തിയപ്പോൾ എല്ലാം കൈവിട്ടുപോകുന്ന അവസ്ഥ സഹിക്കാൻ പറ്റില്ല. അവന്റെ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്നത് വലിയ ആശ്വാസമാണ്. ഒരുപാട് മനുഷ്യർ അവനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഇത്രയും പേരുടെ പ്രാർത്ഥന ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റുമോ. ദൈവം അവനെ എണീപ്പിച്ച് ഞങ്ങൾക്ക് തരും”- തോമസ് സങ്കടത്തോടെ സ്വയം ആശ്വസിച്ചു. താമസിക്കുന്ന വീടിന്റെ മുറ്റത്ത് അവർ നട്ട ചെടികൾ പൂവിട്ട് തുടങ്ങിയിട്ടുണ്ട്, തോമസിന്റേയും ലിസിയുടേയും പ്രതീക്ഷകൾ പോലെ. പോരുമ്പോൾ ടിറ്റോ ശാന്തമായി ഉറങ്ങുകയായിരുന്നു.

Summary

Tito, a nurse, has remained in a coma for two years after contracting an illness while treating a patient infected with the Nipah virus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com