memories
This article examines the biological basis of questions such as how memories are formed, how they are stored, and what happens to them over time Freepik

ഓർമകളുടെ സഞ്ചാരപഥങ്ങള്‍

ഓർമകളെങ്ങനെയുണ്ടാവുന്നു, എങ്ങനെ സൂക്ഷിക്കപ്പെടുന്നു, അവയ്ക്ക് കാലക്രമത്തിൽ എന്ത് സംഭവിക്കുന്നു തുടങ്ങിയ ചോദ്യങ്ങളുടെ ജീവശാസ്ത്ര അടിസ്ഥാനത്തെക്കുറിച്ചാണ് ഈ ലേഖനം
Published on

“We are what we remember, and what we remember changes.”

-Daniel L. Schacter

“ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ ആതിരവരും പോവുമല്ലേ സഖീ

ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തുതന്നെ നില്‍ക്കൂ...

എന്നോ പഴകിയൊരോര്‍മ മാതിരി നിന്നു വിറക്കുമീ-

യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടുനില്‍ക്കൂ!

ഓർമകളുണ്ടായിരിക്കണം ഒക്കെയും വഴിയോരക്കാഴ്ചകളായ്

പിറകിലേയ്‌ക്കോടി മറഞ്ഞിരിക്കാം പാതിയിലേറെക്കടന്നുവല്ലോ വഴി!”

ഓർമകളുണ്ടായിരിക്കണം! അല്ലെങ്കിൽ ആതിരവരുന്നുവെന്ന് അവരെങ്ങനെ അറിഞ്ഞു! പ്രിയകവി എൻ.എൻ. കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിതയിലെ, പ്രിയതരമായൊരോർമപോലെ നമ്മെ ആഴത്തിൽ സ്പർശിക്കുന്ന വരികൾ.

ശരിയാണ്. സംഭവസ്മൃതികൾ മാത്രമല്ല. ഋതുഭേദങ്ങളും ഗന്ധങ്ങളും സ്പർശങ്ങളും ശബ്ദങ്ങളും പരിചിത മുഖങ്ങളും ഒക്കെ നമ്മെ ഓർമകളിലേക്ക് നയിക്കാം. ഓർമകളെങ്ങനെയുണ്ടാവുന്നു, എങ്ങനെ സൂക്ഷിക്കപ്പെടുന്നു, അവയ്ക്ക് കാലക്രമത്തിൽ എന്ത് സംഭവിക്കുന്നു തുടങ്ങിയ ചോദ്യങ്ങളുടെ ജീവശാസ്ത്ര അടിസ്ഥാനത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തിന്റെ ഇത്രയും കാല്പനികവും നിഗൂഢവുമായ ഒരുവശത്തെ നിർദ്ധരിക്കുകയോ എന്ന് പരിഭവം തോന്നേണ്ട, ആ കാല്പനിക പ്രവണതയ്ക്കും ഒരു ജൈവരഹസ്യമുണ്ട്!

ലളിതമായി പറഞ്ഞാൽ, ഭൂതകാലത്തിൽനിന്നു പഠിച്ച് വർത്തമാനകാലത്തെ നയിക്കാനും ഭാവിയെ രൂപപ്പെടുത്താനും മസ്തിഷ്‌കം എങ്ങനെ നമ്മെ സഹായിക്കുന്നവിധമാണ് ഓർമ. ആളുകളെ തിരിച്ചറിയാനും വിദ്യകൾ പഠിക്കാനും മുൻകാല സംഭവങ്ങൾ ഓർമിക്കാനും ഭാവി സങ്കല്പിക്കാനും നമ്മൾ ആരാണെന്ന അവബോധം നിലനിർത്താനും ഇത് നമ്മെ അനുവദിക്കുന്നു. പലപ്പോഴും തലച്ചോറിനുള്ളിൽ എവിടെയോ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു സ്വകാര്യ ആർക്കൈവ് പോലെയാണ് ഓർമ എന്നു തോന്നാം. എന്നാൽ, യഥാർത്ഥത്തിൽ ഓർമ ഏതെങ്കിലും ഒരു സ്ഥലത്ത് സംഭരിക്കപ്പെടുന്നില്ല, മറിച്ച് ന്യൂറോണുകൾ അഥവാ നാഡീകോശങ്ങളുടെ ശൃംഖലകൾ ഉൾപ്പെടുന്ന ഒരു ചലനാത്മക പ്രതിഭാസമായി ഉളവാകുന്നു. കാലക്രമേണ, അനുഭവങ്ങളെ ആഖ്യാനങ്ങളിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് ആത്യന്തികമായി നമ്മുടെ സ്വത്വബോധത്തിന് അടിത്തറയിടുന്നു. ഓരോ തവണയും നമ്മൾ ഒരു കാര്യം ഓർമിക്കുമ്പോൾ, മസ്തിഷ്‌കം അതിനെ പുനർനിർമിക്കുന്നു - അതായത് ഓർമ സജീവവും വഴക്കമുള്ളതുമാണ്, ഒരു വീഡിയോ ഫയൽപോലെയുള്ള ഒരു സ്ഥിരമായ റെക്കോർഡിംഗല്ല. അപ്പോൾ, ഓർമയെ മനസ്സിലാക്കുക എന്നാൽ, മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തെ മസ്തിഷ്‌കം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കുകകൂടിയാണ്.

ഒരുമിച്ചു ‘സജീവമാകുന്ന നാഡീകോശങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നു’ എന്നു കണ്ടെത്തിയ ഡൊണാൾഡ് ഹെബ്ബ്, കടൽചിപ്പിയിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനവും ഓർമയും നാഡീകോശങ്ങൾ തമ്മിലുള്ള സിനാപ്‌സുകളിൽ ഉണ്ടാകുന്ന ഭൗതിക രാസമാറ്റങ്ങളിലൂടെയാണെന്നു കണ്ടെത്തിയ എറിക് കാന്റെൽ (നൊബേൽ സമ്മാനം, 2000) വികാരങ്ങളും സമ്മർദഹോർമോണുകളും സ്മൃതി സ്ഥിരീകരണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു തെളിയിച്ച ജെയിംസ് മക്‌ഗോ തുടങ്ങിയ നിരവധി ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളാണ് സ്മൃതിയുടെ നാഡീജൈവശാസ്ത്രത്തെ (neurobiology of memory) രൂപപ്പെടുത്തിയത്. ഇവരുടെ ഗവേഷണങ്ങളിൽനിന്ന് സ്മൃതി എന്നത് അമൂർത്തമോ നിഗൂഢമോ അല്ല, മറിച്ച് ജൈവ, രാസ, നാഡീപ്രക്രിയകളിൽ ചലനാത്മകമായ ജൈവശേഷിയാണെന്ന് ശാസ്ത്രലോകം സ്വാംശീകരിക്കുന്നു.

ഓർമ മനുഷ്യരിൽ പെട്ടെന്ന് രൂപപ്പെട്ട ഒന്നല്ല, സൂക്ഷ്മജീവികളിൽ സ്മൃതി രാസമാറ്റങ്ങളായി പ്രകടമാകുമ്പോൾ, സ്ഥൂല-ബഹുകോശ ജീവികളിൽ അത് കോശ-നാഡീ ശൃംഖലകളായി വികസിച്ചു. സസ്തനികളിൽ തലച്ചോറിലെ പ്രത്യേക ഘടനകൾ സങ്കീർണമായ ഓർമകൾ സൃഷ്ടിച്ചപ്പോൾ, സ്മൃതി മനുഷ്യരിൽ ഭാഷ, സ്വത്വബോധം, സംസ്കാരം എന്നിവ പിന്തുണയ്ക്കുന്ന ഉയർന്ന ശേഷിയായി പരിണമിച്ചു. മനുഷ്യരാശിയുടെ അസാധാരണമായ ഉയർച്ചയ്ക്ക് പിന്നിലെ ജൈവ എന്‍ജിനാണ് ഓർമ. വ്യക്തികൾക്കുള്ളിലും തലമുറകളിലൂടെയും അനുഭവങ്ങൾ ശേഖരിക്കാൻ അനുവദിക്കുന്നതിലൂടെ ഓർമ, ദുർബലരായ മനുഷ്യകുലത്തെ സാംസ്കാരിക, സാങ്കേതിക, ധാർമിക ജീവികളാക്കി മാറ്റി. എന്നാൽ, ഈ സമ്മാനം ഒരു വ്യവസ്ഥയോടെയാണ് വന്നിട്ടുള്ളത്, ആവർത്തിച്ചുള്ള അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്ന അതേ സംവിധാനങ്ങൾ നമ്മെ ഭൂതകാല വേദനയിൽ തടവിലാക്കും. ഈ അർത്ഥത്തിൽ, മനുഷ്യവികസനം ഓർമയുടെ പ്രത്യാഘാതങ്ങളിൽനിന്ന് വേർതിരിക്കാനാവാത്തതാണ് - കൂടുതൽ ഓർമിക്കുന്നതിലല്ല, മറിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമിക്കുന്നതിലാണ് വിവേകം അടങ്ങിയിരിക്കുന്നത്. അതാകട്ടെ, അത്ര സ്വച്ഛന്ദമല്ലതാനും.

ഓർമയുടെ ഘട്ടങ്ങൾ, പലതരം ഓർമകൾ, സ്വത്വബോധം

ഓർമ പല ഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു സജീവ പ്രക്രിയയാണ്. ആദ്യം സംഭവിക്കുന്നത് സംയോജന ഘട്ടം (Encoding) ആണ്, ഇതിൽ അനുഭവങ്ങൾ ശ്രദ്ധയും അർത്ഥവും മുഖേന നാഡീസിഗ്നലുകളായി മാറുന്നു. തുടർന്ന് സ്ഥിരീകരണം (Consolidation) നടക്കുന്നു, അപ്പോൾ ഈ സ്മൃതികൾ സമയക്രമത്തിൽ സ്ഥിരത നേടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യും, പലപ്പോഴും ഉറക്കത്തിനിടയിൽ. പുനർസ്മരണം (Retrieval) എന്ന ഘട്ടത്തിൽ സ്മൃതി തിരികെ വിളിക്കപ്പെടുന്നു, എന്നാൽ, അത് കേവലം പുനർവായന അല്ല, മറിച്ച് സജീവമായ പുനർനിർമാണമാണ്. പുനർസ്മരണയ്ക്കുശേഷം സ്മൃതി ശക്തിപ്പെടുകയോ പുതുക്കപ്പെടുകയോ ചെറുതായി മാറുകയോ ചെയ്തുകൊണ്ട് പുനർസ്ഥിരീകരണം (Reconsolidation) എന്ന ഘട്ടത്തിലൂടെ കടന്നുപോകാം. പിന്നീട് ഈ ഓർമ വീണ്ടും സൂക്ഷിക്കപ്പെടുന്നു.

ഓർമ എന്നത് ഒരൊറ്റ കലവറയല്ല, മറിച്ച് വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നിരവധി പരസ്പരബന്ധിത സംവിധാനങ്ങളാണ്. പ്രവർത്തന സ്മൃതി (Working Memory) ചിന്തയ്ക്കും തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ വിവരങ്ങൾ കുറച്ച് സമയത്തേക്ക് സൂക്ഷിക്കുന്നതിനും ഉതകുന്നു, ഒരു ഫോൺ നമ്പർ ഡയൽ ചെയ്യുന്നതുവരെ ഓർത്തുവയ്ക്കുന്നതുപോലെ. ഇങ്ങനെ പ്രാധാന്യമുള്ള അനുഭവങ്ങൾ പിന്നീട് 'ദീർഘകാല സ്മൃതി' (Long-Term Memory) യിലേക്കാണ് സ്ഥിരപ്പെടുന്നത്. ദീർഘകാല സ്മൃതിക്ക് പല ഉപവിഭാഗങ്ങളുണ്ട്:

സംഭവാത്മക സ്മൃതി (Episodic Memory) വ്യക്തിപരമായ അനുഭവങ്ങളെ സ്ഥലകാല ബന്ധത്തോടെ സൂക്ഷിക്കുന്നു. അർത്ഥാത്മക സ്മൃതി (Semantic Memory) വാക്കുകളുടെ അർത്ഥം, അറിവ്, ആശയങ്ങൾ തുടങ്ങിയ പൊതുവായ വിവരങ്ങൾ സംഭരിക്കുന്നു. പ്രക്രിയാത്മക സ്മൃതി (Procedural Memory) സൈക്കിൾ ഓടിക്കൽ, എഴുതൽ, സംഗീതോപകരണം വായിക്കൽ തുടങ്ങിയ കഴിവുകളേയും പതിവുകളേയും പിന്തുണയ്ക്കുന്നു, പലപ്പോഴും ബോധപൂർവ ചിന്തയില്ലാതെയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം, വൈകാരിക സ്മൃതി (Emotional Memory), അനുഭവങ്ങളെ ഭയം, സന്തോഷം, ആശ്വാസം പോലുള്ള വികാരങ്ങളുമായി ബന്ധിപ്പിക്കുന്നു. സ്വജീവചരിത്രസ്മൃതി (Autobiographical Memory) സംഭവാത്മകവും അർത്ഥാത്മകവുമായ സ്മൃതികളെ ചേർത്ത് വ്യക്തിയുടെ ജീവിതകഥയും തിരിച്ചറിയലും രൂപപ്പെടുത്തുന്നു. ഈ ദീർഘകാല സ്മൃതി സംവിധാനങ്ങളുടെ സഹായത്തോടെ മസ്തിഷ്‌കം കഴിഞ്ഞകാല ഓർമകളെ രേഖപ്പെടുത്തിവയ്ക്കുക മാത്രമല്ല, അതിൽനിന്നുള്ള അർത്ഥം കണ്ടെത്തുകയും ഭാവിയെ നയിക്കുകയും ചെയ്യുന്നു.

ജൈവതലത്തിൽ, ഈ എല്ലാ സ്മൃതി രൂപങ്ങളും സിനാപ്‌സുകളിലെ (നാഡീബന്ധങ്ങൾ) മാറ്റങ്ങളിൽനിന്നാണ് ഉദ്ഭവിക്കുന്നത്; അവയെ ഹിപ്പോകാംപസ് എന്ന മസ്തിഷ്‌കഭാഗം ഏകോപിപ്പിക്കുകയും പിന്നീട് സ്മൃതി സംയോജന (consolidation) പ്രക്രിയയിലൂടെ മസ്തിഷ്‌കത്തിലെ വ്യാപക നെറ്റ്‌വർക്കുകളിൽ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. വൈകാരികമായി പ്രാധാന്യമുള്ള അനുഭവങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് മസ്തിഷ്കത്തിന്റെ അമിഗ്ഡാല എന്ന ഭാഗം ഓർമശക്തിയെ ക്രമീകരിക്കുന്നു. പ്രവർത്തന സ്മൃതി, ഓർമകളുടെ തന്ത്രപരമായ വീണ്ടെടുക്കൽ, ലക്ഷ്യങ്ങളിലേക്കും സ്വത്വബോധത്തിലേക്കും ഓർമകളെ ചേർത്തുവയ്ക്കൽ - ഇവയെ പിന്തുണയ്ക്കുന്നത് പ്രീഫ്രോണ്ടൽ കോർട്ടെക്സ് ആണ്.

ദീർഘകാലാടിസ്ഥാനത്തിൽ, സെറിബ്രൽ കോർട്ടെക്‌സ് നാഡീ നെറ്റ്‌വർക്കുകളിൽ ഏകീകൃത ഓർമകൾ സംഭരിക്കുന്നു, അതേസമയം ഓട്ടോണമിക് നാഡീവ്യൂഹവും സെൻസറി കോർട്ടെക്സും പോലുള്ള സംവിധാനങ്ങൾ ശാരീരിക അവസ്ഥകളും ധാരണയും ഓർമയിൽ ഉൾപ്പെടുത്തുന്നു. ഇവയെല്ലാം ഒരുമിച്ച്, ഓർമ ഒരേസമയം വൈജ്ഞാനികവും വൈകാരികവും മൂർത്തവുമാണെന്ന് ഉറപ്പാക്കുന്നു. ഓർമ ഒറ്റപ്പെട്ട എൻട്രികളുടെ ഒരു ശേഖരമായിട്ടല്ല പ്രവർത്തിക്കുന്നത്. പകരം, ഒരേ സമയം സംഭവിക്കുന്നതോ വൈകാരിക പ്രാധാന്യം പങ്കിടുന്നതോ ആയ അനുഭവങ്ങളെ മസ്തിഷ്‌കം സജീവമായി ബന്ധിപ്പിക്കുന്നു, ഈ ബന്ധം ന്യൂറോണൽ എൻസെംബിൾസ് എന്നറിയപ്പെടുന്ന ഘടന വഴിയാണ്. CREB എന്ന പ്രോട്ടീൻ ആണ് ഈ പ്രക്രിയയിലെ ഒരു പ്രധാന തന്മാത്രാ കളിക്കാരൻ. ഈ സംവിധാനത്തിലൂടെ, ഒരു സംഭവം ഓർമിക്കുന്നത് പലപ്പോഴും ബന്ധപ്പെട്ട ഓർമകളുടെ ഒരു പ്രവാഹത്തെ പ്രേരിപ്പിക്കുന്നു, ഇത് തലച്ചോറിനെ വ്യക്തിഗത അനുഭവങ്ങളെ യോജിച്ച ആഖ്യാനങ്ങളിലേക്ക് തുന്നിച്ചേർക്കാൻ അനുവദിക്കുന്നു. ഇതാണ് കഥപറച്ചിലിന്റെ ജൈവശാസ്ത്രപരമായ അടിസ്ഥാനം.

കൗതുകകരമായ മറ്റൊരു വസ്തുത, ഓർമശക്തി പലരിൽ പലവിധത്തിലാണ്. ഹൈലി സുപ്പീരിയർ ഓട്ടോബയോഗ്രാഫിക്കൽ മെമ്മറി (HSAM) ഉള്ള ആളുകളുണ്ട്, അവർക്ക് ജീവിതത്തിലെ ഏത് തീയതിയിൽനിന്നുമുള്ള വ്യക്തിപരമായ അനുഭവങ്ങൾ ശ്രദ്ധേയമായ വ്യക്തതയോടെ ഓർമിക്കാൻ കഴിയും. ഈ വ്യക്തികളെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് അവരുടെ നേട്ടം പൊതുവായ ബുദ്ധിശക്തിയിലോ വസ്തുതാപരമായ പഠനത്തിലോ അല്ല, മറിച്ച് അവരുടെ ആത്മകഥാപരമായ ഓർമകളുടെ ഉജ്ജ്വലതയിലും വൈകാരിക തീവ്രതയിലും ആണ്. അതേസമയം, മിക്ക ആളുകളും അവരുടെ ദൈനംദിന ജീവിതത്തിന്റെ വലിയ ഭാഗങ്ങൾ തന്നെ മറക്കുന്നു. ഈ വ്യതിയാനം ഒരു പ്രധാന കാര്യം എടുത്തുകാണിക്കുന്നു: മറക്കൽ ഓർമയുടെ പരാജയമല്ല. പല സന്ദർഭങ്ങളിലും ഇത് അമൂർത്തീകരണം, വഴക്കം, വൈകാരിക നിയന്ത്രണം എന്നിവ അനുവദിക്കുന്ന ഒരു പൊരുത്തപ്പെടലാണ്.

അതിന്റെ ജൈവിക പ്രവർത്തനത്തിനപ്പുറം ‘സ്വത്വബോധം’ രൂപപ്പെടുത്തുന്നതിൽ ഓർമ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാലക്രമത്തിൽ ഓർമകളുടെ, നിർദിഷ്ട വിശദാംശങ്ങൾ മങ്ങുന്നു, പക്ഷേ, വൈകാരിക അർത്ഥവും ആഖ്യാനഘടനയും നിലനിൽക്കുന്നു. ഇത് മുൻകാല അനുഭവങ്ങളെ മൂല്യങ്ങളിലേക്കും പാഠങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും സംയോജിപ്പിക്കാൻ വ്യക്തികളെ അനുവദിക്കുന്നു - ഈ പ്രക്രിയയിലൂടെയാണ് വിവേകം അഥവാ ജ്ഞാനം (Wisdom) ഉയർന്നുവരുന്നത്. ഈ അർത്ഥത്തിൽ, ഓർമ എന്നത് തിരിഞ്ഞുനോട്ടം മാത്രമല്ല, മറിച്ച് അനുഭവത്തിൽനിന്ന് അർത്ഥം വേർതിരിച്ചെടുത്ത് ഭാവി തെരഞ്ഞെടുപ്പുകളെ നയിക്കുന്ന ഒരു കാഴ്ചപ്പാടാണ്.

എന്തുകൊണ്ടാണ് സ്കൂൾകാല പഠനങ്ങൾ നമ്മളോടൊപ്പം നിലനിൽക്കുന്നത്? ഓർമകൾ എവിടെപ്പോകുന്നു?

മിക്കവര്‍ക്കുമുള്ള ഒരു കൗതുകകരമായ അനുഭവമുണ്ട്: സ്കൂളിൽ പഠിച്ച ഗുണനപ്പട്ടികകൾ, കവിതകൾ, ചരിത്രതീയതികൾ, അടിസ്ഥാന ശാസ്ത്രീയ ആശയങ്ങൾ പേജിന്റെ ചിത്രംപോലും നമ്മൾ ഇന്നും വ്യക്തമായി ഓർമിക്കുന്നു; എന്നാൽ, കോളേജിലോ തൊഴിൽ പരിശീലനത്തിലോ പഠിച്ച കാര്യങ്ങളുടെ വലിയൊരു ഭാഗം ഓർമിക്കാൻ ബുദ്ധിമുട്ടുന്നു. ഇത് വെറും നൊസ്റ്റാൾജിയയോ പഠനത്തിന്റെ കഠിനതയോ മാത്രമല്ല മറിച്ച്, വികസനഘട്ടങ്ങളിലുടനീളം സ്മൃതി എങ്ങനെ പ്രവർത്തിക്കുന്നു, തലച്ചോർ വിവരങ്ങൾക്ക് എങ്ങനെ മുൻഗണന നൽകുന്നു, വികാരം, ആവർത്തനം, തിരിച്ചറിയൽ (identity), സമയം എന്നിവയാൽ പഠനം എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ആഴമുള്ള സൂചനയാണ്.

സ്മൃതികൾ നിഷ്പക്ഷമല്ല,ജൈവപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ്.

മനുഷ്യസ്മൃതി ജീവിതകാലം മുഴുവൻ വിവരങ്ങൾ ഒരേ രീതിയിൽ സംഭരിക്കാൻ വേണ്ടിയല്ല മറിച്ച്, അതിജീവനത്തിനും സാമൂഹിക ഇടപെടലുകൾക്കും വ്യക്തിത്വ നിർമിതിക്കും പ്രയോജനകരമായ വിവരങ്ങൾക്ക് മുൻഗണന നൽകാനാണ് പരിണമിച്ചിട്ടുള്ളത്. ബാല്യവും കൗമാരവും ഉൾപ്പെടുന്ന സ്കൂൾ കാലം, തലച്ചോർ ഏറ്റവും കൂടുതൽ വഴക്കമുള്ളത് അഥവാ പ്ലാസ്റ്റിക് ആയിരിക്കുന്ന ഘട്ടമാണ്; ഭാഷ, ചിന്താശേഷി, നൈതികബോധം, സാമൂഹിക അംഗത്വം എന്നിവയുടെ അടിത്തറ ഈ സമയത്താണ് രൂപപ്പെടുന്നത്. അതിനാൽ ഈ കാലഘട്ടത്തിൽ പഠിക്കുന്ന വിവരങ്ങളെ തലച്ചോർ അടിസ്ഥാനപരമായ അറിവായി കണക്കാക്കുന്നു (ഐച്ഛികമല്ല). അതേസമയം, ഉന്നതവിദ്യാഭ്യാസം ആരംഭിക്കുമ്പോഴേക്കും പല നാഡീപ്രണാലികളും (Nervous system) സ്ഥിരത കൈവരിച്ചിരിക്കും. പഠനം തുടരുന്നു, പക്ഷേ, വ്യത്യസ്ത ജൈവനിയമങ്ങൾക്കു കീഴിൽ: സമഗ്ര സംഭരണത്തിനുപകരം കാര്യക്ഷമത, സാരീകരണം, തിരഞ്ഞെടുത്തവ നിലനിർത്തൽ എന്നീ മുൻഗണനകളാണ് അപ്പോൾ തലച്ചോറിനുള്ളത്.

സ്കൂൾപഠനം ദീർഘകാലം നിലനിൽക്കുന്നതിന്റെ പ്രധാന കാരണം വികാരമാണ്. ബാല്യകാല പഠനം, ഉല്ലാസം, പേടി, കൗതുകം, അഭിമാനം, ലജ്ജ, മത്സരബോധം, സ്നേഹം, വിസ്മയം എന്നിവ പോലുള്ള ശക്തമായ വികാരപശ്ചാത്തലത്തിൽ നടക്കുന്നു. ഈ വികാരങ്ങൾ അമിഗ്ദാലയെ സജീവമാക്കുകയും ഹിപ്പോകാംപസും കോർട്ടെക്സും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ തലച്ചോറിന് ഒരു സന്ദേശം ലഭിക്കുന്നു: ‘ഈ വിവരം പ്രധാനമാണ്.’ കർശനക്കാരനായ ഒരു അദ്ധ്യാപകൻ, പൊതുവേദിയിലെ ചൊല്ലൽ, പരാജയപ്പെട്ട പരീക്ഷ, അല്ലെങ്കിൽ ലഭിച്ച പ്രശംസ - ഇത്തരത്തിലുള്ള അനുഭവങ്ങൾ സാധാരണ പഠനവിഷയങ്ങളേയും ദൃഢമായ സ്മൃതികളാക്കി മാറ്റാം. പ്രധാനമായി ഇവ തീവ്രവും ക്ഷണികവുമായ വികാരങ്ങളാണ്, ദീർഘകാല സമ്മർദമല്ല. അതിനാൽ സ്മൃതി ശക്തിപ്പെടുന്നു. വികാരമാണ് ദീർഘകാല സ്മൃതിയുടെ വാതിൽ കാവൽക്കാരൻ!

കോളേജിലോ ഉയർന്ന പഠനത്തിലോ പലപ്പോഴും അനുഭവപ്പെടുന്നത് ദീർഘകാല മാനസിക സമ്മർദമാണ് - സമയപരിധികൾ, പ്രകടനഭീതി, തൊഴിൽഭാരം. ഇത്തരം ക്രോണിക് സമ്മർദം ഹിപ്പോകാംപസിലെ എൻകോഡിംഗിനെ ദുർബലപ്പെടുത്തുകയും സ്മൃതിയുടെ ദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു. ഫലമോ, പ്രവർത്തനപരമായി ഉപയോഗിക്കാവുന്ന, പക്ഷേ, എളുപ്പത്തിൽ മങ്ങിപ്പോകുന്ന പഠനം!

സ്കൂൾ വിദ്യാഭ്യാസം ഇടവിട്ട ആവർത്തനത്തെ (spaced repetition) ആധാരമാക്കിയതാണ്. പാഠങ്ങൾ ദിവസേന ആവർത്തിക്കുന്നു, ആഴ്ചകളിൽ ശക്തിപ്പെടുത്തുന്നു, മാസങ്ങളിലായി പരീക്ഷിക്കുന്നു, വർഷംതോറും പുനഃപരിശോധിക്കുന്നു. അതേ ആശയങ്ങൾ ക്ലാസുകൾ മാറുമ്പോഴും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇതിലൂടെ, ഒരിക്കൽ അനുഭവമായി പഠിച്ചതെല്ലാം പതുക്കെ സെമാന്റിക് സ്മൃതിയായി അഥവാ പഠനസന്ദർഭത്തിൽനിന്നു വേർപെട്ട പൊതുവായ അറിവായി തലച്ചോറിന്റെ വിവിധ കോർട്ടിക്കൽ നെറ്റ്‌വർക്കുകളിലായി സംഭരിക്കപ്പെടുന്നു.

ഈ സമയവ്യാപനം ഉറക്കത്തിനിടെയും വളർച്ചാക്കാലത്തുമായി നടക്കുന്ന സ്മൃതി സ്ഥിരീകരണ പ്രക്രിയകളോട് പൂർണമായി യോജിക്കുന്നു.

അതേസമയം, ഉന്നതവിദ്യാഭ്യാസം പലപ്പോഴും പഠനം സംക്ഷിപ്തമാക്കുന്നു. വലിയ അളവിലുള്ള വിവരം വേഗത്തിൽ പഠിപ്പിക്കുന്നു, ഒരിക്കൽ പരീക്ഷിക്കുന്നു, പിന്നെ ഉപേക്ഷിക്കുന്നു. ആവർത്തിച്ച സജീവീകരണം ഇല്ലെങ്കിൽ, സ്മൃതികൾ ഹിപ്പോകാംപസിനെ ആശ്രയിച്ച നിലയിൽ തുടരുകയും വേഗത്തിൽ മങ്ങിപ്പോകുകയും ചെയ്യും. ലളിതമായി പറഞ്ഞാൽ സ്മൃതിക്ക് ഫാ സ്റ്റ്ഫുഡിനേക്കാൾ മന്ദഗതിയിലുള്ള പാചകമാണ് ഇഷ്ടം.

സ്കൂൾപഠനം ഇന്ദ്രിയവൈവിധ്യമുള്ളത് (multisensory) ആയിരിക്കും. കുട്ടികൾ കൈകൊണ്ട് എഴുതുന്നു, ഉച്ചത്തിൽ വായിക്കുന്നു, ചിത്രങ്ങൾ വരയ്ക്കുന്നു, പാട്ടുപാടുന്നു, ചൊല്ലുന്നു, അഭിനയിക്കുന്നു, ശാരീരികമായി ഇടപെടുന്നു. ഓരോ സെൻസറി വഴിയും ഒരേ വിവരത്തിന് ഒരു അധിക നാഡീപാത സൃഷ്ടിക്കുന്നു. ഇതിലൂടെ സ്മൃതികൾ ആവർത്തിതവും ദൃഢവുമായ അടയാളങ്ങൾ നേടുന്നു. എന്നാൽ, കോളേജ് പഠനം കൂടുതൽ അമൂർത്തതയെ ആശ്രയിക്കുന്നു - കേൾക്കൽ, വായന, ടൈപ്പിംഗ്, ആശയചർച്ച. ബൗദ്ധികമായി ഉയർന്നതായിരുന്നാലും സെൻസറി വൈവിധ്യം കുറവായതിനാൽ, സജീവമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ ഇത്തരം സ്മൃതികൾ കൂടുതൽ ദുർബലമായിരിക്കും.

എല്ലാറ്റിലും പ്രധാനമായി, സ്കൂൾകാല പഠനം വ്യക്തിത്വ നിർമിതിയോടൊപ്പം നടക്കുന്നു. ഈ ഘട്ടത്തിൽ കുട്ടികൾ വിഷയങ്ങൾ മാത്രമല്ല പഠിക്കുന്നത് - തങ്ങൾ ആരാണ് എന്നതും പഠിക്കുന്നു. ഭാഷ, നൈതികകഥകൾ, ദേശീയചരിത്രം, ശാസ്ത്രീയ ലോകദർശനം, സാമൂഹിക മാനദണ്ഡങ്ങൾ - ഇവയെല്ലാം സ്വയം എന്ന ബോധത്തോട് ചേർന്നു വളരുന്നു. “ഈ ലോകത്തിൽ ഞാൻ ആരാണ്?” എന്ന ചോദ്യത്തിനു മറുപടി നൽകാൻ സഹായിക്കുന്ന അറിവ്, ആത്മകഥാസ്മൃതിയുമായി ബന്ധപ്പെട്ട് ദീർഘകാലം നിലനിൽക്കും. അതേസമയം, കോളേജ് പഠനം പലപ്പോഴും മറ്റൊരു ചോദ്യത്തിനാണ് മറുപടി നൽകുന്നത്: “പരീക്ഷ പാസാകാൻ എനിക്ക് എന്തറിയണം?” ഉപകരണപരമായ ലക്ഷ്യത്തോടെ പഠിക്കുന്ന അറിവ്, വ്യക്തിത്വത്തിൽ ലയിക്കാൻ ഇടയില്ലാത്തതിനാൽ, ദീർഘകാലം നിലനിൽക്കാനുള്ള സാധ്യതയും കുറവായിരിക്കും.

പ്രായപൂർത്തിയായ ജീവിതത്തിൽ ജൈവപരമായ ചില പരിമിതികൾ ഉണ്ടെങ്കിലും ആഴമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ പഠനം അസാധ്യമല്ല. സ്കൂൾകാല പഠനത്തെ ശക്തമാക്കിയ സാഹചര്യങ്ങൾ മുതിർന്നവർക്കും ഉദ്ദേശപൂർവം പുനഃസൃഷ്ടിക്കാം. ആദ്യം, പഠനം വികാരപരമായി അർത്ഥവത്തായിരിക്കണം. ലക്ഷ്യബോധത്തോടും കൗതുകത്തോടും മറ്റുള്ളവരെ പഠിപ്പിക്കുന്ന അനുഭവത്തോടും വ്യക്തിപരമായ പ്രസക്തിയോടും ചേർന്നുള്ള പഠനമാണ് മുതിർന്നവരിൽ ഏറ്റവും ഫലവത്താവുന്നത്. വികാരം അതിനാടകീയമൊന്നും ആവണമെന്നില്ല. ശാന്തമായ ആകർഷണമോ ബൗദ്ധിക ആനന്ദമോ തന്നെ മതിയാകും. രണ്ടാമതായി, ഇടവിട്ട ആവർത്തനം സ്വീകരിക്കണം. ദിവസങ്ങളിലേയും ആഴ്ചകളിലേയും ഇടവേളകളിൽ പഠിച്ചതിലേക്ക് തിരികെ വരിക, പ്രത്യേകിച്ച് ഉറക്കത്തിനു മുന്‍പ്, ഇത് ബാല്യകാല പഠനത്തിലെ സ്മൃതി സ്ഥിരീകരണ താളങ്ങളെ അനുകരിക്കുന്നു. മൂന്നാമതായി, പഠനം പല ഇന്ദ്രിയങ്ങളെ ഉൾക്കൊള്ളുന്നതായിരിക്കണം. കൈകൊണ്ട് എഴുതൽ, ആശയങ്ങൾ ഉറക്കെ വിശദീകരിക്കൽ, മാതൃകകൾ വരയ്ക്കൽ, യാഥാർത്ഥ്യ സാഹചര്യങ്ങളിൽ ആശയങ്ങൾ പ്രയോഗിക്കൽ - ഇവയൊക്കെയും എൻകോഡിംഗ് കൂടുതൽ സമ്പുഷ്ടമാക്കുന്നു. നാലാമതായി, പരീക്ഷാകേന്ദ്രിത പഠനത്തിൽനിന്ന് അർത്ഥകേന്ദ്രിത പഠനത്തിലേക്ക് മാറണം. “ഇത് പരീക്ഷയ്ക്ക് വരുമോ?” എന്ന ചോദ്യത്തെക്കാൾ “ഇത് എന്റെ ചിന്താരീതിയെ എങ്ങനെ മാറ്റുന്നു?” എന്ന ചോദ്യം ശക്തമായ സ്മൃതി അടയാളങ്ങൾ സൃഷ്ടിക്കുന്നു. അവസാനമായി, ഉറക്കത്തെ പഠനത്തിന്റെ ഭാഗമായിത്തന്നെ കാണണം. ഉറക്കമില്ലാതെ, ഏറ്റവും ഉത്സാഹമുള്ള മുതിർന്നവരുടെ പഠനവും ഉപരിതലമായിത്തീരും. ഉറക്കം സ്മൃതിയെ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്. ഉറക്കത്തിനിടെ പഠിച്ച വിവരങ്ങൾ ശക്തമായി തലച്ചോറിൽ സ്ഥിരപ്പെടുകയും വികാരങ്ങൾ പ്രോസസ്സ് ചെയ്യപ്പെടുകയും ഓർമകൾ ഹ്രസ്വകാല സൂക്ഷിപ്പിൽനിന്ന് ദീർഘകാല സ്മൃതിയിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു. ഉറക്കം പോരാതാവുമ്പോൾ പഠനം മങ്ങിപ്പോകുകയും ഓർമ പിടിച്ചു നിർത്താൻ ബുദ്ധിമുട്ടുകയും ചെയ്യും. ഇനിയിപ്പോഴാണോ പഠനം എന്ന് തോന്നുന്നുണ്ടെങ്കിൽ, പുതിയകാര്യങ്ങൾ താല്പര്യത്തോടെ പഠിക്കുന്നത് തന്നെയാണ് ഓർമശക്തിയെ നിലനിർത്താനുള്ള മരുന്ന് എന്നും ‘മറക്കണ്ട!’

സ്വാഭാവികമായ മറവിയും വിവേകവും

പ്രായം കൂടുമ്പോൾ ശ്രദ്ധേയമായ ഒരു മാറ്റം സംഭവിക്കുന്നു: വിശദാംശങ്ങൾ മങ്ങുന്നു, പക്ഷേ, ബോധം ആഴപ്പെടുന്നു. ഇത് സ്മൃതിയുടെ പരാജയമല്ല - മറിച്ച് ഒരു അനുകൂല പരിവർത്തനമാണ്. കാലക്രമത്തിൽ തലച്ചോർ പ്രത്യേക സംഭവവിശദാംശങ്ങൾ ഒഴിവാക്കുകയും പകരം മാതൃകകൾ, തത്ത്വങ്ങൾ, വികാരപാഠങ്ങൾ, നൈതിക ഉൾക്കാഴ്ചകൾ എന്നിവ സംരക്ഷിക്കുകയും ചെയ്യുന്നു:

ഇത് സ്മൃതിയെ ഒരു ഗോഡൗണിൽനിന്ന് സംയോജന പ്രക്രിയയിലേക്ക് മാറ്റുന്നതിന്റെ സൂചനയാണ്. ആവർത്തിച്ച അനുഭവങ്ങൾ, സാഹചര്യങ്ങളിൽനിന്ന് സ്വതന്ത്രമായ, വിധിയെ നയിക്കുന്ന അറിവായി ചുരുക്കപ്പെടുമ്പോഴാണ് ജ്ഞാനം അഥവാ വിവേകം ഉദിക്കുന്നത്. ഈ അർത്ഥത്തിൽ, മറക്കൽ ജ്ഞാനത്തിന്റെ ശത്രുവല്ല; അതിന്റെ കൂട്ടാളിയാണ്. വിശദാംശങ്ങൾ വിട്ടൊഴിയുമ്പോൾ, മനസ്സ് വ്യത്യസ്ത സാഹചര്യങ്ങളിലെ സാമ്യങ്ങൾ തിരിച്ചറിയാനും വികാരങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കാനും ഹ്രസ്വകാല ഓർമകളേക്കാൾ ദീർഘകാല ബോധത്തിൽ ആധാരമാക്കിയ തീരുമാനങ്ങൾ എടുക്കാനും സ്വതന്ത്രമാകുന്നു. ചുരുക്കത്തിൽ, ജ്ഞാനം എന്നത്, വസ്തുതകൾ ഓർമിക്കുന്നതിൽനിന്നു ജീവിക്കാൻ അറിയുന്നതിലേക്കുള്ള സ്മൃതിയുടെ രൂപാന്തരമാണ്.

മനുഷ്യന്റെ ഓർമയും AI-യും

മനുഷ്യ മസ്തിഷ്‌കത്തിന്റെ മെമ്മറി, 10 ടെറാബൈറ്റുകൾ (TB=1000 GB) മുതൽ 2.5 പെറ്റബൈറ്റുകൾ (PB=TB)യോളം വരും! ഓർമ, അമർത്തിച്ചുരുക്കി, മസ്തിഷ്‌കഭാഗങ്ങളിൽ വിന്യസിക്കപ്പെട്ടും പരസ്പരബന്ധിതമായുമാണുള്ളത്. അത് വികാരം, മൂർത്തത, അർത്ഥം എന്നിവയാൽ രൂപപ്പെടുന്ന ഒരു ജീവൽപ്രക്രിയയാണ്. അതിന്റെ അപൂർണതകൾ സർഗാത്മകത, വിവേകം, രോഗശാന്തി (healing) എന്നിവയ്ക്ക് കാരണമാകുന്നു, അവ നമ്മെ വികലതയ്ക്കും വേദനയ്ക്കും ഇരയാക്കുന്നു. നേരെമറിച്ച്, കൃത്രിമബുദ്ധി അനുഭവമില്ലാതെ ഓർമിക്കുകയും മനസ്സിലാക്കാതെ വീണ്ടെടുക്കുകയും ചെയ്യുന്നു. ഈ വ്യത്യാസം ഒരു ആഴമേറിയ സത്യം വെളിപ്പെടുത്തുന്നു: ഓർമയുടെ ഗുണം ഭൂതകാലത്തെ സംഭരിക്കുന്നു എന്നത് മാത്രമല്ല, സ്വയം നവീകരിക്കാൻ ആ അറിവ് ഉപയോഗിക്കുക എന്നതുകൂടിയാണ്. ആ അർത്ഥത്തിൽ, മനുഷ്യ മെമ്മറി AI മെമ്മറിയേക്കാൾ ‘കാര്യക്ഷമത’ കുറഞ്ഞതും കൂടുതൽ ‘സജീവ’വുമാണ്.

നവീകരിച്ച ഓർമയും തെറ്റായ ഓർമയും

ഒരു ഓർമ വീണ്ടെടുക്കുമ്പോൾ (ഓർക്കുമ്പോൾ/Recall), അത് പലപ്പോഴും താൽക്കാലികമായി അസ്ഥിരമാകുന്നു, പുനഃസ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് പുനഃസംയോജിപ്പിക്കപ്പെടുന്നു. ഈ പുനഃസംയോജന കാലയളവിൽ പുതിയ വിവരങ്ങൾ, വികാരങ്ങൾ അല്ലെങ്കിൽ സന്ദർഭം ഉപയോഗിച്ച് ആ ഓർമയെ ശക്തിപ്പെടുത്താനോ ദുർബലപ്പെടുത്താനോ നവീകരിക്കാനോ കഴിയും. അതായത് ഈ പ്രക്രിയയിലൂടെ വൈകാരിക ഓർമകൾ കാലത്തിനനുസരിച്ച് എങ്ങനെ മൃദുവാക്കപ്പെടുന്നു, യഥാർത്ഥ സംഭവം മറന്നില്ലെങ്കിലും ക്ഷമിക്കാൻ എങ്ങനെ സാധ്യമാകുന്നു, അനുഭവം അർത്ഥത്തെ പുനർനിർമിക്കുമ്പോൾ വിവേകം എങ്ങനെ ഉയർന്നുവരുന്നു എന്നൊക്കെ ഈ സംവിധാനം വിശദീകരിക്കുന്നു. പുനഃസമാഹരണം ഒരു ഓർമയെ മാറ്റിമറിക്കുകയല്ല പകരം, പുതിയ ധാരണയുടെ വെളിച്ചത്തിൽ യഥാർത്ഥ അനുഭവങ്ങളെ പുനർവ്യാഖ്യാനിക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ഭൂതകാലത്തെ പുനഃപരിശോധിക്കാനുള്ള തലച്ചോറിന്റെ കഴിവ് രോഗശാന്തി, പ്രതിരോധശേഷി, പക്വമായ വിധിനിർണയം എന്നിവയുടെ ജൈവശാസ്ത്രപരമായ അടിത്തറകളിൽ ഒന്നായിരിക്കാം. സാൽവദോർ ഡാലിയുടെ പ്രശസ്തമായ ‘പെർസിസ്റ്റൻസ് ഓഫ് മെമ്മറി’ (1931) എന്ന ചിത്രവും ഫ്രിഡ കൽഹോവിന്റെ ‘മെമ്മറി ഓഫ് ദി ഹാർട്ട്’ (1937) എന്ന ചിത്രവും ഓർമകളുടെ അസ്ഥിരതയേയും പുനർനിർമിതിയേയും ആര്‍ട്ടിസ്റ്റിന്റെ കണ്ണിലൂടെ ആവിഷ്‌കരിക്കുന്നത് ഓർമയുടെ ന്യൂറോബയോളജിയോട് പല തലങ്ങളിൽ ചേർന്നുനിൽക്കുന്നു.

ഈ വിഷയത്തിലെ പ്രധാനപ്പെട്ട ഒരു പഠനത്തിൽ പങ്കെടുക്കുന്നവരെ ഒരു നിരുപദ്രവകരമായ ദൃശ്യസൂചനയെ ഭയപ്പെടാൻ പഠിപ്പിച്ചു; ആ ഭയ ഓർമയെ ഹ്രസ്വമായി വീണ്ടും സജീവമാക്കുകയും പിന്നീട് ഒരു ചെറിയ സമയത്തിനുള്ളിൽ പരിഷ്‌കരിക്കുകയും ചെയ്തപ്പോൾ, ഭയ പ്രതികരണം ശാശ്വതമായി കുറഞ്ഞു, ഇത് യഥാർത്ഥ ഓർമയെ അടിച്ചമർത്തുന്നതിനുപകരം നവീകരിച്ചതായി സൂചിപ്പിക്കുന്നു. ക്ലിനിക്കൽ ക്രമീകരണങ്ങളിലും സമാനമായ സംവിധാനങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, അവിടെ ചില പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ആഘാതകരമായ ഓർമകൾ ഓർമിക്കുന്നത് വസ്തുതാപരമായ ഉള്ളടക്കം മായ്ക്കാതെ അവയുടെ വൈകാരിക തീവ്രതയെ ദുർബലപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഓർമകൾ പോലും ഈ രീതിയിൽ പെരുമാറുന്നു: ഒരു മുൻകാല സംഭവം ഓർമിക്കുന്നത് പുതിയ വിവരങ്ങൾ അതോടുചേർത്ത് നെയ്തെടുക്കാൻ കാരണമാകും, ഈ കണ്ടെത്തലുകൾ പ്രകാരം.

എന്നാൽ, ഫാൾസ് മെമ്മറി അഥവാ ‘തെറ്റായ ഓർമ’ എന്നൊരു പ്രതിഭാസത്തിനും മസ്തിഷ്‌കം വഴിവയ്ക്കാറുണ്ട്. സംഭവിക്കാത്തതോ സത്യമല്ലാത്തതോ ആയ ഒന്നിന്റെ ഓർമപ്പെടുത്തലാണ് തെറ്റായ ഓർമ.

മഴയുള്ള ഒരു ഉച്ചതിരിഞ്ഞ് ഒരു സുഹൃത്തിനോടൊപ്പം ഒരിക്കൽ ഐസ്‌ക്രീം കഴിച്ചുവെന്ന് നിങ്ങൾ ഓർക്കുന്നു. പിന്നീട് ഫോട്ടോകളിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഐസ്‌ക്രീം ഇല്ലാതെ ഒരു സണ്ണി ബീച്ച് ഔട്ടിംഗ് ആയിരുന്നുവെന്ന് മനസ്സിലാക്കാൻ ഇടയാവുന്നു, എങ്കിലോ! നിങ്ങളുടെ മസ്തിഷ്‌കം ആത്മവിശ്വാസത്തോടെ തെറ്റായ വിശദാംശങ്ങൾ ‘പൂരിപ്പിച്ചിട്ടുണ്ട്.’ പുനഃസംയോജനംപോലുള്ള പുനർനിർമാണ പ്രക്രിയകളുടെ ഫലമായി പിശകുകൾ, നിർദേശങ്ങൾ അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ ആ ഓർമകളിൽ സംയോജിപ്പിക്കുമ്പോൾ തെറ്റായ ഓർമകൾ ഉണ്ടാകുന്നു. കൃത്യതയ്ക്ക് പകരം അർത്ഥം നൽകുന്നതിനായി രൂപകല്പന ചെയ്ത ഒരു ഓർമ സംവിധാനത്തിന്റെ പാർശ്വഫലങ്ങളാണ് ഇവ. എന്നാൽ പുനർസ്മരണയിലൂടെ ഓർമകളുടെ പുനഃ:സംയോജനം നടക്കുന്നത് ‘തെറ്റായ ഓർമ’ അല്ല.

അക്ഷരാർത്ഥത്തിലുള്ള വിശദാംശങ്ങൾ, കണിശമായ കൃത്യത എന്നിവയിലൂടെ ഭൂതകാലത്തെ ശേഖരിച്ചുവയ്ക്കുന്നതിനു പകരം അർത്ഥം വേർതിരിച്ചെടുക്കാനാണ് മസ്തിഷ്‌കം ശ്രമിക്കുന്നത്. ഈ അർത്ഥമാണ് അതിജീവനത്തെ സഹായിക്കുന്നത്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന കോടതി വിചാരണകളിൽ, ആഘാതകരമായ ഒരു സംഭവത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ഓർമപ്പെടുത്തലുകളും ചോദ്യങ്ങളും സാക്ഷികളുടെ ഓർമയെ മനഃപൂർവമല്ലാതെ തന്നെ പുനർനിർമിക്കാനിടയുണ്ട്. ഒരു സംഭവത്തിന്റെ കേന്ദ്രവിശദാംശങ്ങൾ ആവർത്തിച്ച് ഓർമിക്കുന്നത് ഓർമയുടെ ചില വശങ്ങൾ ദൃഢമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുതന്നെ തെറ്റായ വിവരങ്ങളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ആഘാതവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അഭിമുഖം നടത്തുന്നവരുടേയോ കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുടേയോ നിർദേശങ്ങളാൽ ആവർത്തിച്ച് അന്വേഷിക്കപ്പെടുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്യുമ്പോൾ, കൃത്യമല്ലെങ്കിൽപോലും ആത്മനിഷ്ഠമായി യഥാർത്ഥമാണെന്ന് തോന്നുന്ന തെറ്റായ ഓർമകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.


കോശസ്മൃതി (Cellular Memory), പേശീ സ്മൃതി, മസ്തിഷ്‌ക സ്മൃതി

അടുത്തിടെ ഇറങ്ങിയ ഹൃദയപൂർവം എന്ന ചലച്ചിത്രത്തിൽ ഹൃദയം മാറ്റിവയ്ക്കലിന് വിധേയനായ മോഹൻലാലിന്റെ കഥാപാത്രത്തോട് ഹൃദയദാതാവിന്റെ സുഹൃത്തായ ലാലു അലക്സിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്, തന്റെ സുഹൃത്തിന്റെ ഹൃദയത്തിൽത്തന്നെക്കുറിച്ച് എന്ത് ചിന്തയാണ് ഉള്ളതെന്ന് ഓർമ കിട്ടുന്നുണ്ടോ എന്ന്. വികാരങ്ങളുടേയും അതുകൊണ്ട് ഓർമകളുടേയും ഇരിപ്പിടമാകാം ഹൃദയമെന്ന തോന്നലിൽനിന്ന് ഒരു സാധാരണ മനുഷ്യനുണ്ടായ ചോദ്യമാകാം. “നിർബന്ധിച്ചു ബുദ്ധിമുട്ടിക്കുന്നില്ല, അത് ഓർഗാനിക് ആയി ഓർമവന്നോട്ടെ” എന്ന് ലാലു അലക്സിന്റെ പട്ടാളക്കാരൻ കഥാപാത്രം പറയുമ്പോൾ നമുക്കു ചിരിപൊട്ടും. ട്രാൻസ്പ്ലാന്റ് ചെയ്ത അവയവത്തിൽനിന്ന് അങ്ങനെയൊന്നും ഉണ്ടാവുകയില്ല എന്ന് നമുക്കറിയാം. എന്നാൽ, അവയവങ്ങളിലും കോശങ്ങളിലുമൊക്കെ ഓർമകൾ വസിക്കുന്നുണ്ടോ ?”

സെല്ലുലാർ സ്മൃതി എന്നത് ചിന്തകളോ ദൃശ്യങ്ങളോ അല്ല, മറിച്ച് ജൈവ മാറ്റങ്ങളാണ്. ഒരു കോശം സമ്മർദം, അണുബാധ, പരിശീലനം, അല്ലെങ്കിൽ ആവർത്തിച്ചുള്ള ഉത്തേജനം എന്നിവയ്ക്ക് വിധേയമാകുമ്പോൾ, അതിന്റെ ജീൻ പ്രവർത്തനത്തിലും പ്രോട്ടീൻ ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഇതുകൊണ്ട് അടുത്ത തവണ അതേ സാഹചര്യം വന്നാൽ കോശം വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കും.

കുടലിലെ എന്ററിക് നാഡീപ്രണാലിയും (enteric nervous system) ഹൃദയത്തിലെ നാഡികളും അവയോട് അനുബന്ധിച്ച കോശ പ്രവർത്തനങ്ങൾ പഠിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു, അവ ജീവിതാനുഭവങ്ങളോ സംഭവങ്ങളോ ഓർത്തുസൂക്ഷിക്കുന്നില്ല; ഇത് തലച്ചോറിലെ യഥാർത്ഥ ഓർമയുടെ വ്യവസ്ഥയിൽനിന്ന് തുലോം വ്യത്യസ്തമാണ്.

പേശീസ്മൃതി (Muscle Memory) എന്നു പറയുന്നത് പേശികൾ സ്വതന്ത്രമായി ഓർമിക്കുന്നതല്ല, മറിച്ച് തലച്ചോർ, നാഡികൾ, പേശികോശങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ്. സൈക്കിൾ ഓടിക്കൽ, സംഗീതോപകരണം വായിക്കൽ, അല്ലെങ്കിൽ കായിക പരിശീലനം തുടങ്ങിയ ഏതെങ്കിലും ചലനം ആവർത്തിച്ച് ചെയ്യുമ്പോൾ തലച്ചോറിലും നാഡീപ്രണാലിയിലും ആ ചലനത്തിനുള്ള വഴികൾ കൂടുതൽ കാര്യക്ഷമമാകുന്നു. അതോടൊപ്പം പേശികളിൽത്തന്നെ ചില കോശമാറ്റങ്ങൾ നിലനിൽക്കും, അതിനാൽ ഇടവേളയ്ക്കുശേഷം പോലും ആ കഴിവ് വേഗത്തിൽ തിരികെ വരും. എന്നാൽ, മസിൽ സ്മൃതി അനുഭവങ്ങളേയോ അർത്ഥങ്ങളേയോ ഓർമിക്കുന്നില്ല. അതുപോലെ കുടലിന്റേയോ ഹൃദയത്തിന്റേയോ നാഡീപ്രണാലികൾ സ്വയം പ്രവർത്തിച്ചാലും അവയ്ക്ക് സംഭവങ്ങളെക്കുറിച്ചുള്ള ഓർമകൾ ഇല്ല. സ്വാനുഭവങ്ങൾ, വികാരം, എന്നിവ ഉൾക്കൊള്ളുന്ന യഥാർത്ഥ സ്മൃതി തലച്ചോറിലെ ഹിപ്പോകാംപസ് ഉൾപ്പെടുന്ന സ്മൃതി-നെറ്റ്‌വർക്കുകളിലാണ് നിലനിൽക്കുന്നത്.

ഡിമെൻഷ്യ എന്ന രോഗാവസ്ഥ

ഡിമെൻഷ്യ (Dementia) എന്നത് ഓർമ, ചിന്ത, തീരുമാനമെടുക്കൽ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ക്രമേണ ക്ഷയിക്കുന്ന അവസ്ഥകൾക്ക് പൊതുവായി പറയുന്ന പേരാണ്. ഇതിൽ ഏറ്റവും സാധാരണമായ കാരണം അൽസൈമേഴ്‌സ് രോഗം (Alzheimer’s disease) എന്ന നാഡീക്ഷയരോഗമാണ്. ഇതിന്റെ മുഖ്യ സവിശേഷത ‘അമിലോയിഡ് പ്ലാക്കുകളും ടൗ ടാംഗിളുകളും’ പോലുള്ള അസാധാരണ പ്രോട്ടീൻ സങ്കലനങ്ങൾ നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുന്നു എന്നതാണ്. പ്രായം, ജനിതക ഘടകങ്ങൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ജീവിതശൈലി എന്നീ ഘടകങ്ങൾ രോഗസാധ്യതയിൽ പങ്കുവഹിക്കുന്നു. ഇതിന് ഇപ്പോൾ പൂർണമായ ചികിത്സയില്ലെങ്കിലും പ്രതിരോധപരമായ പൊതുനടപടികൾ രോഗസാധ്യത കുറയ്ക്കാനോ ആരംഭം വൈകിപ്പിക്കാനോ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സ്ഥിരമായ ശരീരവ്യായാമം, ബൗദ്ധിക ഉത്തേജനം നൽകുന്ന പഠനം, ആവശ്യത്തിന് ഉറക്കം, സാമൂഹിക ഇടപെടൽ, സമതുലിതമായ ആഹാരം, കൂടാതെ ഹൃദയ-രക്തക്കുഴൽ ആരോഗ്യം ഇവയൊക്കെയും തലച്ചോർ ആരോഗ്യത്തെ സംരക്ഷിക്കാൻ നിർണായകമാണ്. ശരിയായ ജീവിതശൈലിയും സമഗ്ര ആരോഗ്യസംരക്ഷണവും തന്നെയാണ്‌ നല്ല മസ്തിഷ്‌കാരോഗ്യത്തിന്റേയും അടിസ്ഥാനം. ഡിമെൻഷ്യയുടെ പ്രാധാന്യവും വ്യാപ്തിയും കണക്കിലെടുത്താൽ, അത് ഒരു പ്രത്യേക ലേഖനത്തിൽ വിശദമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

എന്തുകൊണ്ടാണ് സ്മൃതികൾ കാല്പനികവൽക്കരണത്തിന് വിധേയമാകുന്നത്?

ഭൂതകാലത്തെ സംഭവങ്ങളായി മാത്രമല്ല, അന്തരീക്ഷങ്ങളായും ഋതുക്കളായും വൈകാരിക ഭൂപ്രകൃതികളായും നാം ഓർക്കുന്നു. ഇത് ഓർമശക്തിയുടെ ബലഹീനതയല്ല, മറിച്ച് പരിണാമ പ്രകൃതിയാണ്. സംഭവിച്ചതെന്തെന്ന് അല്ല, അന്ന് നമ്മൾ ആരായിരുന്നു എന്നതാണ് അവ നമ്മെ ഓർമിപ്പിക്കുന്നത്.

സ്മൃതി കഴിഞ്ഞകാലത്തിന്റെ നിഷ്പക്ഷ രേഖയല്ല, മറിച്ച് ജൈവപരമായി തിരഞ്ഞെടുക്കപ്പെട്ടതും അർത്ഥകേന്ദ്രിതവുമായ ഒരു പ്രക്രിയയാണ്. അതുകൊണ്ടാണ് സ്മൃതികൾ കാല്പനികവൽക്കരണത്തിന് എളുപ്പത്തിൽ വിധേയമാകുന്നത് കാലം കടന്നുപോകുന്തോറും ഹിപ്പോകാംപസിനെ ആശ്രയിക്കുന്ന കൃത്യമായ അനുഭവവിശദാംശങ്ങളും വസ്തുതകളും മങ്ങിപ്പോകുന്നു; അതേസമയം, കോർട്ടിക്കൽ - ലിംബിക് നാഡീജാലങ്ങൾ പിന്തുണയ്ക്കുന്ന വികാരങ്ങളുടെ ‘സാരാംശം’ കൂടുതൽ ശക്തമായി നിലനിൽക്കും. ഈ അസമത്വം അനുഭവങ്ങളെ സ്വാഭാവികമായി മിനുക്കുന്നു, വൈരുദ്ധ്യങ്ങൾ മൃദുവാകുന്നു, സുതാര്യത വർദ്ധിക്കുന്നു, വ്യക്തിഗത അർത്ഥം സ്വീകരിക്കപ്പെടുന്നു. നാഡീജൈവശാസ്ത്രപരമായി ഇത് ‘വഞ്ചനയല്ല’, മറിച്ച് അനുകൂലമായൊരു പരിണാമഗുണം തന്നെയാണ്; കാരണം സ്മൃതി വളർന്നത് വസ്തുനിഷ്ഠ കൃത്യത സംരക്ഷിക്കാനല്ല, അസ്തിത്വം, വികാരതുടർച്ച, മാനസികസ്ഥിരത എന്നിവ നിലനിർത്താനാണ്. ഓർമകളുടെ വിഘടനം, അനിശ്ചിതത്വം, മാനസികവേദന എന്നിവയിൽനിന്ന് സ്വയം സംരക്ഷിക്കാൻ കാലക്രമത്തിൽ ഉണ്ടാകുന്ന ഈ വികാരാത്മക സാരീകരണം തലച്ചോറിനെ സഹായിക്കുന്നു. അതിനാലാണ് നൊസ്റ്റാൾജിയ നിറഞ്ഞ ഓർമകൾ പലപ്പോഴും യാഥാർത്ഥ്യത്തിൽ അനുഭവിച്ച നിമിഷങ്ങളെക്കാൾ ഊഷ്മളവും സമഗ്രവും സൗന്ദര്യമുള്ളതുമായതായി തോന്നുന്നത്. അതിനാൽ, റോമാന്റിസൈസേഷൻ സ്മൃതിയുടെ പരാജയമല്ല; വിശദാംശങ്ങൾ ലയിച്ചുപോയതിനു ശേഷവും അർത്ഥം സംരക്ഷിക്കാൻ രൂപകല്പന ചെയ്ത ഒരു സംവിധാനത്തിന്റെ (ജൈവ പരിണാമത്തിന്റെ) സ്വാഭാവിക ഉദ്ഭവഗുണമാണ്. വഴക്കമുള്ള ഓർമകളുടെ പുനർനിർമാണം സർഗാത്മകതയ്ക്കും കാരണമാകുന്നുണ്ട്.

‘എറ്റേണൽ സൺഷൈൻ ഓഫ് ദി സ്‌പോട്ട്‌ലെസ് മൈൻഡ്’ ‘ഓർമയും ട്രോമയും’ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ഭാവനാപരീക്ഷണം

ട്രോമാറ്റിക് അഥവാ മാനസ്സികാഘാതകാരണമായ അനുഭവങ്ങൾ ഓർമയിൽ വികാര തീവ്രതയുള്ള, ചിലപ്പോൾ വിഘടിതമായ ‘പതിപ്പുകൾ’ ഉണ്ടാക്കുന്നു. ഹ്രസ്വകാല ഉന്മേഷങ്ങളോടെ ചില വിശദാംശങ്ങൾ വ്യക്തമായി ഓർമിക്കപ്പെടുമ്പോഴും, സാന്ദർഭിക വിവരങ്ങൾ മങ്ങിപ്പോകും ഫ്ലാഷ്ബാക്കുകൾ, അസ്ഥിരമായ ഓർമകൾ എന്നിവയും ഉണ്ടാകാം. കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സമ്മർദ ഹോർമോണുകൾ ഹിപ്പോകാംപസ്, അമിഗ്ദാല എന്നിവയെ ബാധിച്ച് ഓർമ രൂപീകരണത്തെ നിയന്ത്രിക്കുന്നു. തീവ്രമായ മാനസിക ത്രാസം സ്മൃതി പ്രക്രിയകളെയും, ഹിപ്പോകാമ്പസിന്റെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും ഇത് ദീർഘകാല ഓർമ, ഏകീകൃത അറിവ് എന്നിവയെ ബാധിക്കുന്നു. ഇത്തരം അവസ്ഥയ്ക്ക് ചികിത്സകൾ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്, മാത്രമല്ല മനുഷ്യരുടെ നാഡീവ്യൂഹം സ്വയം നവീകരണത്തിന്റെ കേന്ദ്രവുമാണ്.

2004-ൽ പുറത്തിറങ്ങിയ എറ്റേണൽ സൺഷൈൻ ഓഫ് ദി സ്‌പോട്ട്‌ലെസ് മൈൻഡ് എന്ന ഹോളിവുഡ് സിനിമ, പരാജയപ്പെട്ട പ്രണയബന്ധത്തിന്റെ വൈകാരിക വേദനയിൽനിന്ന് രക്ഷപ്പെടാൻ, ആ ഓർമകൾ തിരഞ്ഞെടുത്ത് മായ്ക്കാൻ കഴിയുന്ന ഒരു സമീപഭാവി സാങ്കേതികവിദ്യയെ സങ്കൽപ്പിക്കുന്നു. കേറ്റ് വിൻസ്ലെറ്റും ജിം കാരിയും മനോഹരമായി അഭിനയിച്ചിരിക്കുന്ന നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ സിനിമയുടെ സംവിധായകൻ മൈക്കേൽ ഗോണ്ട്രിയും കഥാകാരൻ ചാർളി കോഫ്മാനുമാണ്. ‘ലാക്കുന ഇൻകോർപ്പറേറ്റഡ്’ എന്ന സാങ്കൽപ്പിക സ്ഥാപനം നടപ്പിലാക്കുന്ന ഈ നടപടിക്രമം, ‘ഓർമകളെ മായ്‌ക്കപ്പെടേണ്ടയാൾ’ ഉറങ്ങുമ്പോൾ പ്രത്യേക ഓർമകളുമായി ബന്ധപ്പെട്ട നാഡീവ്യൂഹങ്ങളെ ക്രമാനുഗതമായി ഇല്ലാതാക്കുന്നു. ഒറ്റനോട്ടത്തിൽ, വേദനാജനകമായ ഓർമകളെ എടുത്തുകളയുന്നതിലൂടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ കഴിയും എന്ന ഒരു മോഹിപ്പിക്കുന്ന ആശയത്തെകുറിച്ചാണ് പറയുന്നത്, എന്നിരുന്നാലും കഥ വികസിക്കുമ്പോൾ കാണുന്നത് ഓർമകൾ അപ്രത്യക്ഷമാകുമ്പോൾ, അവയിൽ ഉൾച്ചേർന്നിരിക്കുന്ന സൂക്ഷ്മമായ വൈകാരിക ഘടനകൾ, വ്യക്തിഗത വളർച്ച, കഠിനാധ്വാനംകൊണ്ട് നേടിയ ഉൾക്കാഴ്ചകൾ എന്നിവയും നഷ്ടപ്പെടുന്നു എന്നാണ്. പ്രധാന കഥാപാത്രങ്ങൾ സുഖപ്പെടുന്നതിനുപകരം കൂടുതൽ പ്രശ്നത്തിലാവുന്നു, ഓർമ കേവലം സംഭവങ്ങളുടെ കലവറയല്ല, മറിച്ച് സ്വത്വം, അർത്ഥം, ജ്ഞാനം എന്നിവയുടെ ചട്ടക്കൂടാണെന്ന് സിനിമ ആത്യന്തികമായി വാദിക്കുന്നു. ഓർമകൾ മായ്ചുകളഞ്ഞിട്ടും പ്രണയിതാക്കൾ വീണ്ടും പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. സിനിമയുടെ മനോഹരമായ പേര് അലക്സാണ്ടർ പോപ്പ് എന്ന കവിയുടെ Alisa of Abelard എന്ന കവിതയിൽനിന്നാണ്.

ഫിക്ഷനിൽനിന്ന് ന്യൂറോസയൻസിലേക്ക്, എന്തുകൊണ്ട് മെമ്മറി പൂർണമായി മായ്ക്കാൻ കഴിയില്ല? ആധുനിക ന്യൂറോസയൻസിന്റെ ലെൻസിലൂടെ വീക്ഷിക്കുമ്പോൾ, എറ്റേണൽ സൺഷൈൻ ശാസ്ത്രീയ സംവാദങ്ങളെ തീവ്രമായി പ്രതീക്ഷിക്കുന്ന ഒരു സിനിമാറ്റിക് ചിന്താ പരീക്ഷണമായി കണക്കാക്കാം.. അലൈൻ ബ്രൂണറ്റിന്റെ സംഘം നടത്തിയ ക്ലിനിക്കൽ പഠനങ്ങൾ, മെമ്മറി പുനരുജ്ജീവിപ്പിക്കൽ സമയത്ത് നിയന്ത്രിത മരുന്നുകൾ അല്ലെങ്കിൽ പെരുമാറ്റ സമീപനങ്ങൾ ഉപയോഗിച്ച് PTSD (Post Traumatic Stress Disorder) ഉള്ള ആളുകളിൽ ആഘാതകരമായ ഓർമകളുടെ വൈകാരിക തീവ്രത കുറയ്ക്കാൻ കഴിയുമോ എന്ന് ഗവേഷണം നടത്തിയിട്ടുണ്ട്. പ്രധാനമായും, ഈ ഇടപെടലുകൾ ഓർമയുടെ ഉള്ളടക്കം മായ്ക്കുന്നില്ല; പകരം, അവ അതിന്റെ വൈകാരിക പിടി മയപ്പെടുത്താൻ ശ്രമിക്കുന്നു. ഓർമകളെ മായ്‌ച്ചു കളയുക എന്ന സമീപനം ശാസ്ത്രത്തിന്റെ ധാർമികതയുമായി യോജിക്കുന്നില്ല. മേല്പറഞ്ഞ സിനിമയും ആധുനിക ഗവേഷണവും കൂടുതൽ സൂക്ഷ്മമായ ഒരു ഉൾക്കാഴ്ചയിൽ ഒത്തുചേരുന്നുണ്ട് - ഓർമയുടെ മൂല്യം അതിന്റെ സ്ഥിരതയിലല്ല, മറിച്ച് പുനർനിർമിക്കാനും വൈകാരികമായി രൂപാന്തരപ്പെടാനും മായ്ക്കപ്പെടുന്നതിനുപകരം ജ്ഞാനമായി വിവേകമായി നെയ്തെടുക്കാനുമുള്ള അതിന്റെ കഴിവിലാണ്.

Memory 2.0

എലോൺ മസ്‌ക്കും കൂട്ടരും 2016-ൽ സ്ഥാപിച്ച ന്യൂറാലിങ്ക് കമ്പനിയുടെ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് ഉപകരണ ഗവേഷണം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത് പക്ഷാഘാതം ബാധിച്ചവർക്ക് ആശയവിനിമയം നടത്താനും മറ്റും വളരെ സഹായകമാണ്. ന്യൂറാലിങ്കിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓർമ്മകൾ നിർമിക്കാനോ വായിച്ചെടുക്കാനോ സാധ്യമല്ല. എന്നാൽ, ഭാവിയിൽ സംഭാഷണ ഡീകോഡിങ്, കാഴ്ച, കേൾവി തുടങ്ങിയ സെൻസറി പുനഃസ്ഥാപനം എന്നിവയിലേക്ക് വികസിച്ചേക്കാം. ന്യൂറോണുകളിൽ മാത്രമല്ല, ആസ്‌ട്രോസൈറ്റുകൾപോലുള്ള സപ്പോർട്ട് സെല്ലുകളിലും മസ്തിഷ്‌കം യഥാർത്ഥത്തിൽ ഓർമകൾ എങ്ങനെ സംഭരിക്കുകയും ഓർമിക്കുകയും ചെയ്യുന്നുവെന്ന് ലോകത്തിന്റെ പലഭാഗത്തുമുള്ള ന്യൂറോ ശാസ്ത്രജ്ഞർ പര്യവേക്ഷണം ചെയ്യുന്നുണ്ട്. തലച്ചോറിൽനിന്നു പ്രചോദനം ഉൾക്കൊണ്ട AI മോഡലുകളും ചെറിയ ബ്രെയിൻ-കംപ്യൂട്ടർ ഉപകരണങ്ങളും അവർ നിർമിക്കുന്നു, ഒരുനാൾ അവ, നമ്മുടെ ഓർമശക്തിക്കു മുതൽക്കൂട്ടാവുകയും ‘കേടായ’ ഓർമകൾ നന്നാക്കുകയും അല്ലെങ്കിൽ ചിന്ത ഉപയോഗിച്ച് ഡിജിറ്റൽ ഉപകരണങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്യും എന്നുതന്നെ കരുതാം. മനുഷ്യന്റെ നിലനില്പിനും സ്വത്വബോധത്തിനും നിമിത്തമായ ഓർമയെന്ന മഹാസമുദ്രത്തേയും വിസ്മൃതിയെന്ന തമോഗർത്തത്തേയും കുറിച്ച് നമുക്കിനിയും ഏറെ അറിയാനുണ്ട്.

----

References

1. Kandel, E. R. (2009). The Biology of Memory: A Forty-Year Perspective.

- Comprehensive historical review of the biology underlying memory storage and synaptic plasticity

2. Sridhar S et al Frontiers in Human Neuroscience (2023). Cognitive neuro science perspective on memory: overview and summary.

3. Brewin, C. R. (2014). Episodic memory, perceptual memory, and their interaction: Foundations for a theory of post traumatic stress disorder. Psychological Bulletin, 140(1), 69-97.

4. McGaugh, J. L. (2018). Emotional arousal regulation of memory consolidation. Current Opinion in Behavioral Sciences, 19, 55-60.

5. Dudai, Y., Karni, A., & Born, J. (2015). The consolidation and transformation of memory. Neuron, 88(1), 20-32.

6. Gundersen, K. (2016).

Muscle memory and a new cellular model for muscle atrophy and hypertrophy.

Journal of Experimental Biology, 219, 235-242

7. Dudai, Y. (2020).

The restless engram: consolidations never end.

Annual Review of Neuro science, 43, 193-212.

Summary

This article examines the biological basis of questions such as how memories are formed, how they are stored, and what happens to them over time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com