അർദ്ധരാത്രി ഞെട്ടിയുണർന്ന് ഇൻസ്റ്റഗ്രാമിൽ ഉത്തരമിടുന്ന നരേന്ദ്ര മോദി ജെൻ-സിയെ തൃപ്തിപ്പെടുത്തുന്നില്ല- സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു

CJP Protest
സി.ജെ.പി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധപ്രകടനം ANI
Updated on

കരയുന്ന കുട്ടിക്കാണ് പാൽ കിട്ടുന്നതെന്ന് നമുക്ക് പണ്ടേ അറിയാം. പാലിനു പകരം താരാട്ടു പാടി കുട്ടിയുടെ കരച്ചിൽ നിർത്താനാവില്ല. വിശപ്പ് മാറിയ കുട്ടി ശാഠ്യക്കാരനാണെങ്കിൽ എന്തും ചോദിക്കും. ചിലപ്പോൾ അമ്പിളിമാമനെത്തന്നെ വേണമെന്നു പറയും. ബോസ്റ്റണിൽനിന്നെത്തിയ അഭിജീത് ദീപ്‌കെ ചോദിച്ചത് ഇന്ത്യയിലെ ഒരു മന്ത്രിയുടെ രാജിയാണ്. മന്ത്രിയെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയും നിയമിക്കുന്നത് രാഷ്ട്രപതിയും ആണെന്ന് അറിയാത്ത ആളല്ല കടലിൽ തേയിലയിട്ട് ടീ പാർട്ടി നടത്തിയ നഗരത്തിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ ദീപ്‌കെ. ‘പാറ്റകൾ’ എന്ന ചീഫ് ജസ്റ്റിസിന്റെ പരിഹാസം മൂലധനമാക്കി ഇന്ത്യയിലെത്തിയ ദീപ്‌കെ ഇന്ത്യൻ യുവതയുടെ വക്താവായി. ലൂസിഫറിലെ ടൊവിനോ തോമസിന്റെ വരവ്‌പോലെയായിരുന്നു ആ മറാത്തിയുടെ ഒന്നൊന്നര വരവ്. മന്ത്രി പ്രധാൻ രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അടി കുറച്ച് കൊള്ളേണ്ടിവന്നെങ്കിലും കുട്ടികൾ ചോദിച്ചത് കിട്ടി. പ്രധാനമന്ത്രിയുടെ രാജി ചോദിച്ചിരുന്നെങ്കിൽ അതും കിട്ടിയേനേ എന്ന നിരാശ മാത്രമാണ് കുട്ടികൾക്കുണ്ടായത്. ഇന്ത്യൻ ജനാധിപത്യത്തിലെ സവിശേഷമായ സന്ദർഭമായി ജന്തർ മന്തറിലെ വിജയം മാറി.

Cockroach Janata Party
Abhijit Deepke, Cockroach Janata Party Samakalika Malayalam

വിദ്യാഭ്യാസമന്ത്രിയുടെ നിർബന്ധിത രാജിക്ക് ഒരു ദേജാ വൂ പരിവേഷം നൽകുന്നതിന് ശ്രമമുണ്ടായി. 1956-ൽ തമിഴ്‌നാട്ടിലെ അരിയലൂരിൽ രണ്ട് തീവണ്ടികൾ കൂട്ടിയിടിച്ച് നൂറിലധികം യാത്രക്കാർ കൊല്ലപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽനിന്നു രാജിവെച്ച സന്ദർഭവുമായി ധർമേന്ദ്ര പ്രധാന്റെ രാജിയെ താരതമ്യം ചെയ്യാനാവില്ല. തീവണ്ടിയപകടത്തേക്കാൾ കടുപ്പം കുറഞ്ഞതായിരുന്നില്ല 22 കുട്ടികളുടെ മരണത്തിനിടയാക്കിയ പരീക്ഷാദുരന്തം. പക്ഷേ, പ്രധാൻ കുലുങ്ങിയില്ല. കുട്ടികൾ ഇളക്കുവോളം അയാൾ കസേരയിൽ ഉറച്ചിരുന്നു. പ്രധാൻ ഉറച്ചിരുന്നാൽ നരേന്ദ്ര മോദിയുടെ കസേര ഇളകുമെന്ന അവസ്ഥയിലാണ് ശാസ്ത്രിയുടെ രാജിക്കൊപ്പം മാതൃകയായി ചൂണ്ടിക്കാണിക്കാൻ കഴിയാത്ത രാജിയുണ്ടായത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും മന്ത്രിമാരുടെ ഉത്തരവാദിത്വവും പ്രതിപാദിക്കുന്ന ഭരണഘടനയിൽ പരാമർശിക്കപ്പെടാത്ത ഉത്തരവാദിത്വമാണ് ധാർമികതയിൽനിന്ന് ശാസ്ത്രി കണ്ടെത്തിയത്. അതൊന്നും ഓർത്തെടുക്കാൻ സാവകാശമില്ലാത്ത നരേന്ദ്ര മോദിക്ക് അവശ്യം വേണ്ടതായ രാഷ്ട്രീയ വിദ്യാഭ്യാസമാണ് കുട്ടികൾ നൽകിയത്. “The Child is father of the Man” എന്ന വില്യം വേഡ്‌സ്‌വർത്തിന്റെ വരി അർത്ഥവത്താകുകയായിരുന്നു.

ക്ഷുഭിതയൗവ്വനം ഈ കാലത്തിന്റെ പ്രത്യേകതയല്ല. പഴയനിയമത്തിൽ ദാവീദിന്റെ പുത്രൻ അബ്‌സലോം വഴിതെറ്റിയ ക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ ദുരന്തം കൈവരിച്ച കഥാപാത്രമാണ്. പലായനത്തിനിടയിൽ മുടി വൃക്ഷക്കൊമ്പിൽ ഉടക്കി തൂങ്ങിക്കിടന്ന് ആ ചെറുപ്പക്കാരൻ മരിച്ചു. ക്ഷോഭിക്കുന്ന യൗവനമായിരുന്നു യേശുവിന്റേത്. അതിന്റെ പാരമ്യത്തിലാണ് ജറുസലേം ദേവാലയത്തിലെ അടിച്ചൊതുക്കലുണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പാരീസിലെ സോർബോൺ സർവകലാശാലയിലുണ്ടായ അസ്വസ്ഥത ആഗോളവ്യാപകമായി ബൗദ്ധികമായ കലഹത്തിനു കാരണമായി. 1968 മേയിലെ കലാപം ആധുനികകാലത്തെ ഏറ്റവും വലിയ കൗമാരകലാപമായി കണക്കാക്കപ്പെടുന്നു. വിദ്യാർത്ഥികൾക്ക് തൊഴിലാളികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ പ്രസിഡന്റ് ദ്‌ഗോലിനു പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായി. ലക്ഷ്യബോധമില്ലെന്നു തോന്നിപ്പിക്കുന്ന യുവാക്കൾ അബ്‌സലോമിനെപ്പോലെ നീട്ടിവളർത്തിയ മുടിയുമായി അപകടകരമായി ജീവിച്ചു. അപരിചിതമായ തെരുവുകളിൽ ആടിയും പാടിയും അവർ സ്വയം അരാജകവാദികളായി. അവർ ഹിപ്പികൾ എന്നറിയപ്പെട്ടു. നഗ്നതാപ്രദർശനം എന്ന മനോവൈകൃതമില്ലാതെ പൂർണനഗ്നരായി അവർ തെരുവിലൂടെ ഓടി. സ്ട്രീക്കിങ് എന്നാണ് അതറിയപ്പെട്ടത്. ചുംബനസമരം എന്നറിയപ്പെട്ട കൗമാരപ്രായക്കാരുടെ ആലിംഗനവും ചുംബനവും മറ്റൊരു രോഷപ്രകടനമായിരുന്നു. സ്നേഹത്തിന്റെ ഭാഷയിലും രോഷം പ്രകടിപ്പിക്കാം.

പരമ്പരാഗതമായ രാഷ്ട്രീയ പ്രവർത്തനം പരിചയമില്ലാത്ത വിദ്യാർത്ഥികൾ ദയാരഹിതമായ ഭരണകൂടങ്ങളോട് ഏറ്റുമുട്ടുമ്പോൾ അസാമാന്യമായ ധീരതയുടെ പ്രകടനം കാണാൻ കഴിയുന്നു. ജന്തർ മന്തറിലെ കൂട്ടായ്മയ്ക്കെതിരെ പ്രാകൃതമായ മുറകളാണ് ഭരണകൂടം പ്രയോഗിച്ചത്. മുദ്രാവാക്യം വിളിക്കാൻ മാത്രം കൈ ഉയർത്തിയ കുട്ടികളെ നേരിടാൻ ആണി പതിച്ച ലാത്തിയും പെല്ലെറ്റ് ഉതിർക്കുന്ന തോക്കും കണ്ണീർവാതക ഷെല്ലും അവർ പ്രയോഗിച്ചു. അവിടെനിന്ന് ടിയാനൻമെൻ സ്‌ക്വയറിലേക്ക് ദൂരം അധികമില്ലായിരുന്നു. ജനാധിപത്യത്തിനുവേണ്ടിയാണ് 1989-ൽ വിദ്യാർത്ഥികൾ സ്വർഗീയശാന്തിയുടെ കവാടം എന്നർത്ഥമുള്ള ടിയാനൻമെൻ സ്‌ക്വയറിൽ പ്രതിഷേധിച്ചത്. ശാന്തികവാടം കടന്നാൽ കേരളത്തിൽ എത്തുന്നത് വ്യത്യസ്തമായ ഇടത്തിലാണ്. ചോദിച്ചാൽ കിട്ടുമെന്ന സുവിശേഷവാഗ്ദാനം ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ബാധകമായ തത്ത്വമല്ല. പ്രതിഷേധിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ കമ്യൂണിസ്റ്റ് രാഷ്ട്രത്തിൽ ജനാധിപത്യം മാത്രമല്ല, കമ്യൂണിസവും ഇല്ലാതാകുന്നു. ചൈനീസ് ടാങ്കുകൾ ബെയ്ജിങ്ങിലെ വിദ്യാർത്ഥികളെ നേരിടാനിറങ്ങി. ടാങ്കിനെ ഏകനായി നേരിടുന്ന വിദ്യാർത്ഥിയുടെ ചിത്രം സെയ്‌ഗോൺ ബാലികയുടെ ചിത്രംപോലെ പ്രസിദ്ധമായി. ലോകത്തെ നടുക്കിയ ടിയാനൻമെൻ മുറകൾ ജന്തർ മന്തറിൽ ആവർത്തിക്കാതിരുന്നത് 2026-ലെ ഇന്ത്യയും ലോകവും വ്യത്യസ്തമായതുകൊണ്ടാണ്. അപരിചിതരായ ആൺകുട്ടികളുടെ കാവലിൽ പെൺകുട്ടികൾ ഡൽഹിയിലെ തെരുവുകളിൽ കിടന്നുറങ്ങിയപ്പോൾ അഭൂതപൂർവവും അസാധാരണവുമായ സാഹോദര്യം രൂപപ്പെടുകയായിരുന്നു. തനിക്കുള്ള ആഹാരവുമായി വീടുകളിൽനിന്നിറങ്ങുന്ന കുട്ടികൾ അപരനോടുള്ള കരുതലിന്റെ ഭാഗമായി അധികം ആഹാരം കരുതി. അപരനോടുള്ള കരുതലിൽനിന്നാണ് രക്തസാക്ഷികൾ ഉണ്ടാകുന്നത്. നീറ്റിന്റെ പാളിച്ചയോ തിരുത്തലോ ആ വിദ്യാർത്ഥികളുടെ പ്രശ്നമായിരുന്നില്ല. ‘പാറ്റ’ എന്നു വിളിക്കപ്പെട്ട കുട്ടികൾ ആക്ഷേപത്തെ അഭിമാനമുദ്രയാക്കി.

Dharmendra Pradhan
ധര്‍മ്മേന്ദ്ര പ്രധാന്‍Facebook

പ്രക്ഷോഭം നടത്തിയ കർഷകരിൽനിന്നു വ്യത്യസ്തമായി ജന്തർ മന്തറിലെ കുട്ടികൾ എല്ലാവരേയും സ്വീകരിച്ചു. അവർ എല്ലാവരോടും കൃതജ്ഞരായി. വിജയത്തിന്റെ ക്രെഡിറ്റ് അവർ എല്ലാവർക്കും നൽകി. ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സമരം ചെയ്യുന്ന പാരമ്പര്യം ഉള്ളതുകൊണ്ടായിരിക്കാം അവർക്ക് ഉദാരമനസ്കരാകാൻ കഴിഞ്ഞത്. നല്ല ഉപദേശം സ്വീകരിക്കുന്ന ശീലവും അവർക്കുണ്ട്. ബിഹാറിൽ സമരരംഗത്ത് അവർക്ക് വഴികാട്ടിയായി ടി.ജെ.എസ്. ജോർജുണ്ടായിരുന്നു. ജയിലിലായ ജോർജ് മോചിതനായപ്പോൾ ലക്ഷം വിദ്യാർത്ഥികളാണ് അദ്ദേഹത്തെ എതിരേറ്റ് പട്‌നയിലേക്കാനയിച്ചത്. ജോർജ് അന്നവിടെ സർച്ച്‌ലൈറ്റ് പത്രാധിപരായിരുന്നു. ഗുജറാത്തിൽ ജോർജ് ഫെർണാണ്ടസ് അവർക്ക് വിപ്ലവവീര്യം പകരാനുണ്ടായി. അടിയന്തരാവസ്ഥയ്ക്ക് മുന്‍പുള്ള പ്രക്ഷുബ്ധാവസ്ഥയിൽ പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾക്ക് സാരോപദേശകനായി പിതൃസ്ഥാനീയനായ ജയപ്രകാശ് നാരായൺ ഉണ്ടായിരുന്നു. സമ്പൂർണ വിപ്ലവം എന്ന ലക്ഷ്യം മുൻനിർത്തി രൂപീകൃതമായ പ്രസ്ഥാനം ജെപി മൂവ്‌മെന്റ് എന്നറിയപ്പെട്ടു.

പഴകിയ ചോദ്യങ്ങൾക്ക് കാലികമല്ലാത്ത ഉത്തരം നൽകുന്ന യന്ത്രങ്ങളല്ല ഇന്നത്തെ വിദ്യാർത്ഥികൾ. നിർമിതബുദ്ധി ഉത്തരങ്ങൾ നൽകുന്ന കാലത്ത് സർഗാത്മകമാകേണ്ടത് ചോദ്യങ്ങളാണ്. ജറുസലേം ദേവാലയത്തിലെ പണ്ഡിതസദസ്സിൽ തർക്കിക്കുന്ന 12 വയസ്സുകാരനെ നമുക്കറിയാം. ഉത്തരം കിട്ടിയില്ലെങ്കിലും ചോദ്യം ചോദിക്കുന്ന പ്രായമാണത്. ചോദ്യങ്ങൾക്ക് അർദ്ധരാത്രി ഞെട്ടിയുണർന്ന് ഇൻസ്റ്റഗ്രാമിൽ ഉത്തരമിടുന്ന നരേന്ദ്ര മോദി ജെൻ-സിയെ തൃപ്തിപ്പെടുത്തുന്നില്ല. ചോദ്യം നേരെ ചൊവ്വേ ആകുമ്പോൾ ഉത്തരവും അങ്ങനെയായിരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com