സതീശന്‍ സര്‍ക്കാര്‍ 50 ദിവസം പിന്നിടുമ്പോള്‍

പത്തു വർഷത്തിനുശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളിലെ മാറ്റം വ്യക്തമാക്കുന്ന തീരുമാനങ്ങളും ഇടപെടലുകളും പ്രതികരണങ്ങളുമായാണ് അമ്പതു ദിനങ്ങൾ കടന്നുപോയത്
Image of VDS
വി.ഡി. സതീശന്‍S.Gopakumar
Updated on

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ചുമതലയേറ്റിട്ട് സംഭവബഹുലമായ 50 ദിവസം പിന്നിടുന്നു. പുതിയ സർക്കാരിനു സാധാരണഗതിയിൽ ഇതൊരു ചെറിയ കാലയളവാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണ, രാഷ്ട്രീയ നേതൃത്വത്തിനും നടുനിവർത്തി ഒന്ന് ഇരിക്കാനുള്ള സമയമായിട്ടേയുള്ളൂ. എന്നാൽ, ഈ ഗവൺമെന്റിന്റെ സ്ഥിതി അതല്ല. നല്ലതും ചീത്തയും ആനുപാതികമായല്ലാതെ കൂടിക്കുഴഞ്ഞ ഒന്നര മാസം. അതിൽത്തന്നെ, ഭരിക്കുന്ന മുന്നണിയെ പൊതുവേയും മുന്നണിയെ നയിക്കുന്ന കോൺഗ്രസ്, രണ്ടാം കക്ഷി മുസ്‌ലിം ലീഗ് എന്നിവയേയും രാഷ്ട്രീയമായി അസ്വസ്ഥമാക്കുന്ന പല കാര്യങ്ങൾ. സ്വാഭാവികമായും അവ സംഘടനാപരമായും ഈ പാർട്ടികളെ പിടിച്ചുകുലുക്കുന്നു. യു.ഡി.എഫിനു പൂർണ പിന്തുണ നൽകാൻ ഇടതുപക്ഷത്തെയാകെയും സി.പി.എമ്മിനെ പ്രത്യേകിച്ചും പ്രതിക്കൂട്ടിൽ നിര്‍ത്തുന്ന കാര്യപരിപാടി തയ്യാറാക്കി പ്രവർത്തിച്ച ജമാഅത്തെ ഇസ്‌ലാമിയും അനുബന്ധ സംഘടനകളും ആശാ വർക്കേഴ്‌സിനെ സംഘടിപ്പിച്ച് എൽ.ഡി.എഫ് സർക്കാരിനെതിരെ മാസങ്ങൾ നീണ്ട സമരം ചെയ്ത എസ്.യു.സി.ഐ തുടങ്ങിയ രാഷ്ട്രീയ കൂട്ടായ്മകളും മിണ്ടാനാകാതെ അമ്പരന്നു നിൽക്കുന്നു. സി.പി.എമ്മിനെ അടിക്കാൻ ഏറ്റവുമധികം അവർ ഉപയോഗിച്ച വടികളിലൊന്നാണ് വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച മൃദുസമീപനം. എന്നാൽ, ഇപ്പോൾ മന്ത്രിമാർ അദ്ദേഹത്തെ സന്ദർശിക്കുന്നു, അനുഗ്രഹം വാങ്ങുന്നു; കേരളത്തിലെ എൻ.ഡി.എ ഭാരവാഹിയായ മകൻ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ സന്ദർശിക്കുന്നു, ആഭ്യന്തരമന്ത്രി അങ്ങോട്ടു ചെന്ന് തുഷാറിനെ കാണുന്നു. ആദ്യ ഒരാഴ്ചത്തെത്തന്നെ കാഴ്ചകൾ.

പിന്നെയാണ് രാഷ്ട്രീയ ഉള്ളടക്കം കൂടിയുള്ള ഭരണപരമായ തീരുമാനങ്ങളുടെ വരവുണ്ടായത്. മൂന്നുപേർ ഒരേപോലെ വാശിക്കു നിന്ന രണ്ടാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ കാര്യങ്ങൾക്കു പിന്നെ അതിവേഗമായിരുന്നു. ആ വേഗം പക്ഷേ, പരക്കെ സ്വീകരിക്കപ്പെട്ടില്ല. എണ്ണത്തിൽ കുറവെങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയിലും പുറത്തും കഴിയുന്നത്ര വിമർശനങ്ങളുടെ മുന കൂർപ്പിച്ചുവെച്ചാണിരിക്കുന്നത്. എങ്കിലും ഭരണമാറ്റത്തിന്റെ ആവേശം ഏറ്റെടുക്കാൻ മത്സരിച്ച മാധ്യമ ആരവങ്ങളും പുതിയ സർക്കാർ നൽകാൻ ശ്രമിക്കുന്ന പ്രതീക്ഷയുടെ വലിയ വെളിച്ചവും ചേർന്നുണ്ടായ ബഹളത്തിൽ അത് മുങ്ങിപ്പോയ മട്ടാണ്. സമയമെടുക്കാതെ സി.പി.എമ്മും എൽ.ഡി.എഫും സ്വന്തം ശബ്ദം പൊക്കിയെടുത്തു വെച്ചേക്കും. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംശയമില്ലാത്തവിധം അതു പറയുകയും ചെയ്തു: “ഞങ്ങളങ്ങ് തീർന്നുപോയി എന്ന് കരുതുകയൊന്നും വേണ്ട.”

പക്ഷേ, ഒന്നുണ്ട്: പിണറായി സർക്കാരിലെ മന്ത്രിമാരിൽ ആകെക്കൂടി ജയിച്ചുവന്ന കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഉൾപ്പെടെ പ്രതിപക്ഷ നിര ദുർബലമാണ്. ഒരേയൊരു പിണറായിയുടെ ബലത്തിലാണ് നിൽപ്പ്.

വരാൻ പലവഴികൾ;

പോകാനൊരു വഴി

കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതും രാജിവയ്പിക്കേണ്ടി വന്നതുമായിരുന്നു സർക്കാരിനെ ആദ്യം നാണംകെടുത്തിയത്. അളിയനെ എ.പി.എസ് ആക്കിയ നാണക്കേടിൽനിന്നാണ് ആദ്യം രക്ഷപ്പെട്ടത് എന്നും പറയാം. പക്ഷേ, രാജിവച്ചത് വിമർശനം വന്നതുകൊണ്ടാണെന്നും ആ നിയമനത്തിൽ യാതൊരു നിയമപ്രശ്നങ്ങളും ഇല്ലായിരുന്നു എന്നും പിന്നീടും ന്യായീകരിക്കുകയാണ് മന്ത്രി ചെയ്തത്. നിയമപ്രശ്നത്തേക്കാൾ വലിയ ധാർമിക പ്രശ്നമാണ് അത്തരം ബന്ധുനിയമനങ്ങൾ. അത് ചൂണ്ടിക്കാട്ടി കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് വലിയ എതിർപ്പുകൾ ഉയർത്തിയിട്ടുണ്ട് യു.ഡി.എഫ്. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ കെ.എസ്‌.ഐ.ഇ എന്ന പൊതുമേഖലാസ്ഥാപനത്തിൽ ബന്ധുവിനെ എം.ഡിയാക്കിയതിനെതിരായ പ്രതിഷേധം, ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന കോർപറേഷനിൽ ജി.എം ആയി നിയമിച്ചതിനെ എതിർത്തത് എന്നിവ ഉദാഹരണം. ഇ.പി. ജയരാജനും ജലീലിന്റെ ബന്ധുവും രാജിവയ്ക്കേണ്ടി വന്നു.

കോളിളക്കമുണ്ടാക്കി യു.ഡി.എഫ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്‌പെഷ്യൽ പ്ലീഡറുടെ നിയമനമാണ് മറ്റൊരു കുരുക്കായത്. കേസിൽ ആരോപണവിധേയരായ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെയാണ് ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ പ്ലീഡറാക്കിയത്. സംഗതി വിമർശനവും വിവാദവുമായി. അഡ്വ. കെ.ബി. പ്രദീപ് രാജിവയ്ക്കേണ്ടി വന്നതു സ്വാഭാവികം. അതായിരുന്നു രണ്ടാമത്തെ രാജി. പ്രതിയുടെ ദൗർബല്യങ്ങൾ അറിയുന്ന ആൾ വകുപ്പിന്റെ വക്കീലാകുന്നത് നല്ലതാണ് എന്നായിരുന്നു ദേവസ്വം മന്ത്രി കെ. മുരളീധരന്റെ വിചിത്ര ന്യായീകരണം; പക്ഷേ, നിയമനത്തിനുള്ള വിവേചനാധികാരം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നു എന്നുകൂടി പറഞ്ഞ് തലയൂരുകയും ചെയ്തു.

മുൻ വിവാദനായകൻ (അതോ വില്ലനോ), ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ബവ്‌കോ സി.എം.ഡിയായി പൊലീസിനു പുറത്തുനിർത്തിയിരിക്കുന്ന തൽസ്ഥിതി നിലനിർത്തിയാണ് പൊലീസിൽ ഒന്നാംഘട്ടം ഉന്നതതല മാറ്റങ്ങൾ വരുത്തിയത്. അതു ശ്രദ്ധിക്കപ്പെട്ടു. പ്രീതിയോ ഭീതിയോ ഇല്ലാതെ ഉത്തരവാദിത്ത്വങ്ങൾ നിർവഹിക്കുന്ന ട്രാക്ക് റെക്കോഡുള്ള മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായതിന്റെ മെച്ചം. അല്ലാതെ പി.വി. അൻവറിനു കൊടുത്ത ഓഫറാകാൻ വഴിയില്ല. എലത്തൂർ സ്‌ഫോടനക്കേസിലെ പ്രതിയുടെ അറസ്റ്റിനേക്കുറിച്ച് ഒരു മാധ്യമത്തിനു വിവരം നൽകി എന്ന് ആരോപിച്ച് അജിത്കുമാർ സസ്‌പെന്റ് ചെയ്ത അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ പി. വിജയൻ നിർണായക ചുമതലയിൽ എത്തുകയും ചെയ്തു; അതേ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത സംഘപരിവാർ ചടങ്ങിൽ കേരളത്തിലെ മൂന്ന് സർവകലാശാല വി.സിമാർ പങ്കെടുത്തത് വലിയ വാർത്തയും ചർച്ചയുമായി. പക്ഷേ, ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി അത് മാറുന്നതാണ് കണ്ടത്. ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മൽ, എം.ജി സർവകലാശാല വി.സി ഡോ. ഡി. മാവൂത്ത്, മലയാളം സർവകലാശാല വി.സി ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് പങ്കെടുത്തത്. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണം എന്ന മൃദുസ്വരത്തിലുള്ള നിർദേശമാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. ലോക്ഭവന്റെ പിന്തുണയിലുള്ള ധൈര്യംകൊണ്ടാകാം വി.സിമാർ മാപ്പു പറയുന്നതൊന്നും കേരളം കേട്ടില്ല. യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ്സിനു കീഴടങ്ങിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അത്രതന്നെ. അതിനപ്പുറത്തേക്ക് അധികം നീണ്ടില്ല ആ ചർച്ച. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്, 2025 ജൂലൈയിൽ ആർ.എസ്.എസ് അനുകൂല സംഘടന നടത്തിയ പരിപാടിയിൽ നാല് വി.സിമാർ പങ്കെടുത്തിരുന്നു. അതിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവോ എതിർത്തിരുന്നില്ല. സി.പി.എം അദ്ധ്യാപക സംഘടനാനേതാവ് കൂടിയായ കുഫോസ് വി.സി ഡോ. എം. ബിജുകുമാർ ഉൾപ്പെടെയാണ് പങ്കെടുത്തത്. ബിജുകുമാറിന്റെ നടപടിയെ പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. അതിനുശേഷം ആർ. ബിന്ദുവും വിമർശിച്ചതായി വരുത്തിയെന്നുമാത്രം. ഇത് ചർച്ചയാവുക കൂടി ചെയ്തത് വി.ഡി. സതീശൻ സർക്കാരിനും വി.സിമാർക്കും രക്ഷയായി മാറി.

തൊട്ടുമുന്‍പ് സംഘപരിവാർ സംഘടനാ നേതാവിനെ എം.ജി സർവകലാശാല വി.സി ആയും സംഘപരിവാറുകാരായ 19 പേരെ എം.ജി സെനറ്റ് അംഗങ്ങളായും ഗവർണർ നിശ്ചയിച്ചിരുന്നു. അതിനേയും എതിർക്കാൻ സർക്കാരിനു കഴിഞ്ഞില്ല. അതുകൂടി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചത്. അത്തരം സന്ദർഭങ്ങളിൽ വിട്ടുവീഴ്ച കൂടാതെ ശക്തമായ നിലപട് സ്വീകരിച്ചിട്ടുണ്ട് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും. അതുകൊണ്ട് എതിർക്കാനുള്ള ധാർമിക കരുത്ത് കൂടുതലായി.

ലോക്ഭവനുമായും ഗവർണറുമായും ഏറ്റുമുട്ടലിനില്ല എന്ന ഒഴുക്കൻ നിലപാടാണ് എം.ജി സർവകലാശാല കാര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ സ്വീകരിച്ചത്. രാഷ്ട്രീയ വിയോജിപ്പ് അറിയിക്കുന്ന ഏറ്റുമുട്ടൽ കായിക സംഘർഷം അല്ലെന്നും ആദർശപരമാണെന്നും റോജിക്ക് പറഞ്ഞുകൊടുക്കാൻ കോൺഗ്രസ്സിലും മുന്നണിയിലും വകുപ്പിലും ആരുമുണ്ടായില്ല.

പ്രിയദർശിനിയുടെ

വരവൊരു വരവ്

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും സൗജന്യയാത്ര നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയത് ജൂൺ 15-നാണ്. അതുണ്ടാക്കിയ മാധ്യമ, ജനശ്രദ്ധയുടെ ഊർജത്തിലാണ് ഇപ്പോൾ സതീശൻ സർക്കാർ മുന്നോട്ടു പോകുന്നത്. പി.എം ശ്രീ മുതൽ അദാനി പോർട്‌സിന്റെ ഓഹരി കൈമാറ്റം വരെ സർക്കാരും മുഖ്യമന്ത്രിയും പെട്ടുപോകാവുന്ന കെണികളെ അതിജീവിക്കാൻ സൗജന്യയാത്ര വഴിയൊരുക്കി.

പ്രിയദർശിനി എന്നു പേരിട്ട പദ്ധതി കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്നതായി മാറി. പ്രകടനപത്രികയ്ക്കും മുന്‍പ് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതാണ്. എങ്കിലും നടപ്പാകുമോ എന്നായിരുന്നു തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമുള്ള ആദ്യ ചർച്ചകൾ. നടപ്പാക്കും എന്ന പ്രഖ്യാപനം വന്നപ്പോൾ ഏതൊക്കെ ബസ്സുകളിൽ, ആർക്കൊക്കെ എന്നായി. ഒടുവിൽ, ഓർഡിനറി ബസ്സുകളിൽ; എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും എന്നു തീരുമാനിച്ചു. എല്ലാ സ്ത്രീകൾക്കും സൗജന്യം വേണോ, നല്ല ശമ്പളവും വരുമാനവും ഉള്ളവർക്കെന്തിനാണ് സൗജന്യം എന്ന ചർച്ച ഇപ്പോഴുമുണ്ട്. കുറഞ്ഞ വരുമാനക്കാർക്കും കുറഞ്ഞ ശമ്പളമുള്ള ജോലികൾക്ക് ദിവസവും ബസ്സിൽ യാത്ര ചെയ്തു പോകുന്നവർക്കും ഇത് വലിയ അനുഗ്രഹമാണ് എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. സ്വകാര്യ ബസ്സുകളിൽനിന്ന് സ്ത്രീകൾ അകന്നതോടെ അവരുടെ പ്രതിഷേധവും ഉയരുന്നു. മുന്‍പ് സ്ത്രീയാത്രക്കാരുടെ നേരെ ഏറ്റവും മോശമായ പെരുമാറ്റംകൊണ്ട് കുപ്രസിദ്ധരായി മാറിയ സ്വകാര്യ ബസ്സുകാരുടെ മുഖത്തടിച്ച സന്തോഷമാണ് സാധാരണ സ്ത്രീകൾക്ക്. പക്ഷേ, അതിനിടെ, ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന നിരവധിയാളുകൾക്ക് ഈ സൗജന്യം ഷോക്കായി. പ്രത്യേകിച്ചും നഗരങ്ങളിൽ. ചെറിയ യാത്രകൾക്ക് ഓട്ടോ വിളിക്കാൻ മടിക്കാത്തവരിൽ ബഹുഭൂരിഭാഗവും സ്ത്രീകളാണ്. ബസ്സിൽ സൗജന്യമായി പോകാമെങ്കിൽ പിന്നെന്തിന് ഓട്ടോ. ഇത് ഓട്ടോക്കാരുടെ വയറ്റത്തടിച്ചു.

ഉദ്ഘാടന യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം വീണതാണ് ഇതിനിടെ മറ്റൊരു വാർത്തയും കല്ലുകടിയുമായത്. സ്ത്രീകളുടെ ആഘോഷത്തിനിടെയാണ് സീറ്റിലിരുന്ന മന്ത്രിയുടെ തലയിൽ പായസം വീണത്. അന്വേഷണത്തിന് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.

പനിക്കു മരുന്നുണ്ട്,

മന്ത്രിക്ക് ഇല്ല

ഒരു ഇടവേളയ്ക്കുശേഷം പകർച്ചവ്യാധികൾ കൂടിവരുന്നത് കേരളത്തെ ആശങ്കയിലാക്കിയത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് തൊട്ടുപിറകേയാണ്. തികച്ചും യാദൃച്ഛികം. ആരോഗ്യപ്രവർത്തകർക്ക് നാട് ഒറ്റക്കെട്ടായി പിന്തുണ നൽകുന്നത് ഇത്തരം സന്ദർഭങ്ങളിൽ കേരളത്തിന്റെ ഏറ്റവും ഊഷ്മളമായ അനുഭവങ്ങളിൽപ്പെട്ടതാണ്. പക്ഷേ, ഇത്തവണ ആരോഗ്യമന്ത്രി കെ. മുരളീധരനും ആരോഗ്യ ഡയറക്ടറും തമ്മിലുള്ള പോരിനും ഡയറക്ടർക്കെതിരെ പ്രതികാര നടപടിക്ക് മന്ത്രി ശാഠ്യം കാണിക്കുന്നതിനുമാണ് സാക്ഷ്യം വഹിക്കേണ്ടിവന്നത്. പകർച്ചവ്യാധിക്കിടെ ഡി.എച്ച്.എസ് ഡോ. കെ.ജെ. റീന 15 ദിവസം അവധിയെടുത്തു എന്നാണ് അവരെ നീക്കാൻ ഒരു കാരണമായി ഉത്തരവിൽ പറയുന്നത്. അവർ ഡി.എച്ച്.എസ് ആയി മൂന്നു വർഷം പൂർത്തിയാക്കി എന്നതാണ് പറഞ്ഞ മറ്റൊരു കാരണം. മാറ്റാൻ സാങ്കേതിക തടസ്സമില്ല. ഡി.എച്ച്.എസ് ആയിരുന്ന ആളെ അതിലും താഴെയുള്ള തസ്തികയായ റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് നിയമിച്ചത്, എറണാകുളത്ത്. അഡീഷണൽ ഡി.എച്ച്.എസ് ഡോ. വി. മീനാക്ഷിക്ക് ഡി.എച്ച്.എസ്സിന്റെ താൽക്കാലിക ചുമതലയും നൽകി. ഡി.എച്ച്.എസ്സിനെ സർക്കാരിനു മാറ്റാം; പക്ഷേ, തരംതാഴ്ത്തിയതും പറഞ്ഞ കാരണങ്ങളും ചർച്ചയും വാർത്തയുമായി. ശബരിമലയിൽ ഗവൺമെന്റ് ഡോക്ടർമാരുടെ സേവനം വിട്ടുനൽകാനാകില്ല എന്ന് ഡി.എച്ച്.എസ് ഏകപക്ഷീയമായി തീരുമാനമെടുത്തു, തന്നോടോ മുഖ്യമന്ത്രിയോടോ ആലോചിച്ചില്ല തുടങ്ങിയ വിമർശനങ്ങൾ ആരോഗ്യമന്ത്രി മാധ്യമങ്ങളോടും പറഞ്ഞു.

താൻ 15 ദിവസത്തെ അവധിക്ക് അപേക്ഷ നൽകിയതിനു തെളിവുണ്ടെങ്കിൽ മന്ത്രിയുടെ ഓഫീസ് അത് പുറത്തുവിടണമെന്ന് ഡോ. റീന പ്രതികരിച്ചതോടെ കളം മാറി. “ശ്വാസകോശ അണുബാധയ്ക്ക് ചികിത്സ തേടിയിട്ടും ഡ്യൂട്ടിക്ക് എത്തിയിരുന്നു. പിന്നീട് വയറിനും സുഖമില്ലാതായപ്പോഴാണ് വീട്ടിൽത്തന്നെ ഇരുന്ന് ഡ്യൂട്ടി ചെയ്യേണ്ടിവന്നത്. ഇക്കാര്യം മന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഇ-മെയിൽ വഴിയും വാട്‌സാപ്പിലും രണ്ടര ദിവസത്തെ അവധിക്ക് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അപേക്ഷ അയച്ചു. ശബരിമല ഡ്യൂട്ടിക്ക് ആരോഗ്യ ഡയറക്ടറേറ്റിൽനിന്ന് ഡോക്ടർമാരേയോ മറ്റ് ആരോഗ്യ പ്രവർത്തകരേയോ വിടില്ല എന്നു താൻ പറഞ്ഞിട്ടില്ല. ആരോഗ്യവകുപ്പ് ജീവനക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളേക്കുറിച്ചും അവയ്ക്ക് ശാശ്വത പരിഹാരം വേണ്ടതിനേക്കുറിച്ചുമാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണർക്ക് അയച്ച കത്തിൽ സാന്ദർഭികമായി പരാമർശിച്ചത്” -അവരുടെ വിശദീകരണം.

താഴ്ന്ന തസ്തികയിലേക്കു മാറ്റിയതിനെതിരെ ഡോ. കെ.ജെ. റീന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഉത്തരവും പുറപ്പെടുവിച്ചു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഡോ. റീന വന്നെങ്കിലും സർക്കാർ നിർദേശപ്രകാരം ഡോ. മീനാക്ഷി തന്നെ തുടർന്നു. അത് ആശയക്കുഴപ്പവുമുണ്ടാക്കി. എങ്കിലും അവിടെത്തന്നെ ഇരുന്ന ഡോ. റീനയെ ബലംപ്രയോഗിച്ച് ഓഫീസിൽനിന്നു നീക്കാനൊന്നും തയ്യാറായില്ല. അതുകൂടി ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു.

ഏതായാലും ട്രിബ്യൂണലിന്റെ സ്റ്റേക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയി; കോടതി സ്‌റ്റേ റദ്ദാക്കുകയും ചെയ്തു. ഡോ. റീനയുടെ ഹർജിയിൽ ട്രിബ്യൂണൽ അന്തിമ തീരുമാനമെടുക്കണം എന്നും കോടതി നിർദേശിച്ചിരിക്കുകയാണ്. റീനയെ മാറ്റിയത് താഴ്ന്ന തസ്തികയിലേക്ക് അല്ലെന്നും ഡി.എച്ച്.എസ്സിനു തുല്യമാണെന്നുമാണ് സർക്കാരിന്റെ നിലപാട്.

“എരണംകെട്ടവർ നാട് ഭരിക്കുമ്പോൾ പകർച്ചവ്യാധികളൊക്കെ നാട്ടിൽ വ്യാപകമാകും” എന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പരിഹസിച്ച കെ. മുരളീധരൻ ആരോഗ്യമന്ത്രി എന്ന നിലയിൽ നെട്ടോട്ടമോടുന്നത് കേരളം കണ്ടു. ഏതായാലും കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവിൽ നിപയെ ‘പിടിച്ചുകെട്ടാൻ’ കഴിഞ്ഞു. ആര് ഭരിക്കുന്നു എന്നു നോക്കിയല്ല വൈറസ് പടരുന്നത് എന്ന് മന്ത്രിക്ക് മനസ്സിലായിക്കാണും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. പഴയ പരാമർശം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ മുരളീധരനെ ഓർമിപ്പിച്ചു. ഇപ്പോൾ താൻ ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത് ഇപ്പോൾ കാര്യമാക്കേണ്ട എന്നുമായിരുന്നു പ്രതികരണം. ഒരൊറ്റ മലക്കംമറിച്ചിൽ!

മൈക്കും മയക്കുമരുന്നും

നാവടക്കി പണിയെടുക്കാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തോട് പറഞ്ഞതിന്റെ 51-ാംവാർഷികദിനത്തിൽത്തന്നെ, അതായത് ജൂൺ 25-ന് വി.ഡി. സതീശന് നാവൊന്ന് പിഴച്ചു. നിയമസഭയിലെ മൈക്ക് മുഖ്യമന്ത്രിയെ ചതിച്ചത് വലിയ വാർത്തയും വിമർശനവുമായി മാറി. കുറച്ചൊരു പരിഹാസവും. ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ജൂൺ 29-ന് കുട്ടനാട് താലൂക്കിന് അവധി വേണമെന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ സബ്മിഷൻ അവതരിപ്പിച്ചു. സബ്മിഷനോട് മുഖ്യമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചത്: “പരിശോധിച്ചു തീരുമാനിക്കാം.” പക്ഷേ, തിരിച്ചു സീറ്റിൽ ഇരിക്കുന്നതിനിടെ തൊട്ടടുത്തിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത് “ഒരു കാരണവശാലും കൊടുക്കില്ല” എന്നും. മുഖ്യമന്ത്രിയുടെ മൈക്ക് ഓഫായിരുന്നില്ല. അത് പുറത്തുകേട്ടു. സ്വാഭാവികമായും ആ വീഡിയോ തന്നെ പ്രചരിച്ചു; മറുപടിയൊന്ന്, പിന്നെ മറ്റൊന്ന്. മുഖ്യമന്ത്രിയുടെ കാപട്യമാണ് പുറത്തുവന്നത് എന്ന വിമർശനം ഉയരുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും പുറത്തും ഇതിനു പരമാവധി പ്രചാരം കിട്ടിക്കഴിഞ്ഞ്, രണ്ടാംദിവസം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങൾക്ക് ഒരു വിശദീകരണം നൽകി. താനും മുഖ്യമന്ത്രിയും മറ്റൊരു വിഷയം സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹം എണീറ്റുനിന്ന് കുട്ടനാട് എം.എൽ.എയുടെ ചോദ്യത്തിനു പരിശോധിച്ചു തീരുമാനിക്കാം എന്ന മറുപടി നൽകിയത്. വീണ്ടും സീറ്റിലിരുന്നപ്പോൾ നേരത്തെ സംസാരിച്ചതിനു തുടർച്ചയായിട്ടാണ് ഒരു കാരണവശാലും കൊടുക്കില്ല എന്നു പറഞ്ഞത്. അത് രണ്ടും രണ്ടാണ്. അതിന്റെ പേരിൽ “ലോകത്തെ മുഴുവൻ കബളിപ്പിക്കാം പക്ഷേ, എന്നെ കബളിപ്പിക്കാൻ പറ്റില്ല” എന്നുകൂടി അദ്ദേഹം പറഞ്ഞു. അത് എത്രത്തോളം ആളുകൾ വിശ്വസിച്ചു എന്നറിയില്ല.

സർക്കാർ വന്ന ഉടനെ പ്രഖ്യാപിച്ചതാണ് മയക്കുമരുന്നുകൾക്കെതിരായ പൊലീസ് വേട്ട, ഓപ്പറേഷൻ തൂഫാൻ. മുഖ്യമന്ത്രിയാകാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ ആഭ്യന്തര മന്ത്രിയാകാൻ തയ്യാറായ രമേശ് ചെന്നിത്തല ആ വകുപ്പിൽ സ്വയം തെളിയിക്കാൻ പ്രഖ്യാപിച്ച പദ്ധതി. കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് ലഹരിവസ്തുക്കൾ പിടിക്കുന്നതിൽ എക്‌സൈസ് ആണ് കൂടുതൽ ശ്രദ്ധവച്ചത്. എന്നാൽ, എക്‌സൈസിന്റെ പരിമിതികളില്ലാതെ പൊലീസ് ചെയ്യേണ്ട കാര്യമാണത് എന്ന തിരിച്ചറിവാണ് ഓപ്പറേഷൻ തൂഫാൻ ആയി മാറിയത്. സംഗതി ഗംഭീരമായി മാറുന്നതാണ് ഓരോ ദിവസവും കണ്ടത്. അൻസിബ ഹസ്സൻ പറഞ്ഞതുപോലെ പണവും സ്വാധീനവും ഇല്ലാത്തവരുടെ പരാതി സ്വീകരിക്കാൻപോലും പൊലീസിന് ഇപ്പോഴും മടിയാണെങ്കിലും വിട്ടുവീഴ്ചയില്ലാതെ മയക്കുമരുന്നു പിടിക്കുന്നുണ്ട്. തൂഫാൻ തുടങ്ങിയ ശേഷം കേരളത്തിൽ ലഹരിയുടെ ഉപയോഗത്തിലും വിപണനത്തിലും വലിയ കുറവുണ്ടായി എന്നാണ് വിലയിരുത്തൽ. ആദ്യ മൂന്നാഴ്ചക്കിടയിൽത്തന്നെ 3657 കേസുകളെടുത്തു, 3931 പേരെ അറസ്റ്റ് ചെയ്തു.

എന്റെ അഴിമതി,

എന്റെ അവകാശം

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടുന്ന കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ കുറ്റവിചാരണയ്ക്ക് സർക്കാർ അനുമതി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രോസിക്യൂഷൻ അനുമതി നൽകാത്തതിന് വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കോടതിയലക്ഷ്യക്കേസിൽപ്പെട്ടത് ഇതിലാണ്. സി.ബി.ഐ അന്വേഷിച്ച കേസ്. മൂന്നു തവണയാണ് പ്രോസിക്യൂഷൻ അനുമതി കഴിഞ്ഞ സർക്കാർ നിഷേധിച്ചത്. എന്നാൽ, ഇത്തവണ പ്രോസിക്യൂഷൻ അനുമതി ഫയൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ഷിബു ബേബി ജോണും അംഗീകരിച്ചതോടെ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ. ബിജു ആണ് ഹൈക്കോടതിക്ക് കൈമാറിയത്. പ്രതികളും സർക്കാരും കീഴ്‌ക്കോടതികൾ മുതൽ പരമോന്നത നീതിപീഠത്തെ വരെ സമീപിച്ച് ‘നിരപരാധിത്വം’ പറഞ്ഞു നോക്കിയിരുന്നു. എങ്കിലും അഴിമതി നടന്നുവെന്നും വിചാരണ നേരിടണം എന്നുമാണ് എല്ലാ കോടതികളും പറഞ്ഞത്. എന്നാൽ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ. ചന്ദ്രശേഖരൻ, മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ സംരക്ഷിക്കുകയാണ് മുൻ സർക്കാർ ചെയ്തത്. ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെയാണ് ഇപ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകാൻ യു.ഡി.എഫ് സർക്കാരും തയ്യാറായത്. വിചിത്രമായ ചില കാര്യങ്ങളാണ് അതിന്റെ ഭാഗമായി ഉണ്ടായത്. സർക്കാർ നിർബന്ധിതമായതുകൊണ്ട് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടിവരികയാണ് എന്ന് ഉത്തരവിൽ പറയുന്നു. വിചാരണക്കോടതിയെപ്പോലെയാണ് ഹൈക്കോടതി പെരുമാറുന്നത്; കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതിയിൽ ഉത്തരവ് പാലിക്കേണ്ടതിനാൽ സർക്കാരിനു മനസ്സിരുത്തി ചിന്തിക്കാൻ കഴിഞ്ഞില്ല; അപ്പീൽ ഫയൽ ചെയ്യാനുള്ള അവകാശം നിലനിർത്തി പ്രോസിക്യൂഷന് അനുമതി നൽകുകയാണ് ഇങ്ങനെ പോകുന്നു ഉത്തരവിന്റെ ഉള്ളടക്കം. ഉത്തരവ് കോടതിയിൽ എത്തുന്നതിനു മുന്‍പ് പ്രതി ചന്ദ്രശേഖരൻ മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു കേൾപ്പിക്കുകയായിരുന്നു. തനിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലാതിരുന്നിട്ടും നൽകാൻ നിർബന്ധിതമായിരിക്കുന്നു എന്നായിരുന്നു വിശദീകരണം. താനിതിൽ കക്ഷിയായതുകൊണ്ട് ഉത്തരവിന്റെ പകർപ്പ് കിട്ടിയതാണ് എന്നും പറഞ്ഞു. ഇപ്പോൾ ഉത്തരവിലെ ‘പിശക്’ തിരുത്താനുള്ള തത്രപ്പാടിലാണ് സർക്കാർ. കോടതിയലക്ഷ്യക്കേസിൽ മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു.

2006 മുതൽ 2015 വരെ കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡി ആയിരുന്നു കെ.എ. രതീഷ്. ഇതിനിടെ 2012-ൽ ചെയർമാനായി ഉമ്മൻ ചാണ്ടി സർക്കാർ ആർ. ചന്ദ്രശേഖരനെ നിയമിച്ചു. 2015 വരെ ആർ. ചന്ദ്രശേഖരൻ തുടർന്നു. കശുവണ്ടി വാങ്ങുന്നതിലെ ക്രമക്കേടിനെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ അന്വേഷിച്ച് അഴിമതി നടന്നതായി കണ്ടെത്തുകയായിരുന്നു. പക്ഷേ, ഇവർക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. 2016 ജൂലൈ 27-ന് സി.ബി.ഐ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. 500 കോടിയുടെയെങ്കിലും അഴിമതി നടന്നതായാണ് കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതി വിവരം പുറത്തുവന്ന ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പരാതിക്കാരനും സാമൂഹിക പ്രവർത്തകനുമായ കടകംപള്ളി മനോജിനെ ആക്ഷേപിക്കുകയാണ് ചന്ദ്രശേഖരൻ ചെയ്തത്. പരാതിക്കാരന് സുപ്രീംകോടതി വരെ പോയി കേസ് നടത്താനുള്ള സാമ്പത്തിക സ്രോതസ് എവിടെനിന്നു കിട്ടി എന്നായിരുന്നു ചോദ്യം. കുടുങ്ങുമ്പോൾ വാദിയെ പ്രതിയാക്കുന്ന പതിവ് രീതി.

വീര്യത്തിനെന്തു വീര്യം

വി.ഡി. സതീശൻ സർക്കാരിന്റെ ഏറ്റവും പ്രധാന തീരുമാനം ഇതൊന്നുമല്ല. അത് വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറച്ച് അനുമതി നൽകാനുള്ള തീരുമാനമാണ്. മുഖ്യമന്ത്രി തീരുമാനിച്ചുറച്ചങ്ങ് നടപ്പാക്കി. പക്ഷേ, കോൺഗ്രസ്സും യു.ഡി.എഫും ആടിയുലയുക തന്നെയാണ് അതിൽ. വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി, രമേശ് ചെന്നിത്തലയും എതിർപ്പ് പരസ്യമായി പറഞ്ഞു. മുസ്‌ലിം ലീഗ് അമ്പരന്നുനിൽക്കുന്നു. എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയാണ് ലീഗിന്. മദ്യം വീര്യം കുറഞ്ഞതാണെങ്കിലും കൂടിയതാണെങ്കിലും ഞങ്ങൾക്ക് എതിർപ്പ് തന്നെയാണ് എന്ന പൊതുതത്ത്വം പറഞ്ഞതിനപ്പുറം പണക്കാട് സാദിഖലി ശിഹാബ് തങ്ങളും നിലപാട് പറഞ്ഞില്ല. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ഇപ്പോഴത്തെ വിവാദ കർണാടക കമ്പനി ബക്കാഡി ഉൾപ്പെടെ നൽകിയ അപേക്ഷയിൽ എൽ.ഡി.എഫ് സർക്കാരിലെ എക്‌സൈസ് മന്ത്രിമാർ എം.വി. ഗോവിന്ദനും എം.ബി. രാജേഷും അനുകൂല നിലപാടാണ് എടുത്തത് എന്ന ബദൽവാദമാണ് സതീശനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉയർത്തുന്നത്

“വീര്യം കുറഞ്ഞ മദ്യത്തിന് പിണറായി സർക്കാരിന്റെ കാലത്താണ് അംഗീകാരം നൽകിയത്. അത് കേരളത്തിൽ വിൽക്കണോ എന്ന് യു.ഡി.എഫിൽ ചർച്ച ചെയ്തു മാത്രമേ ഞങ്ങൾ തീരുമാനിക്കുകയുള്ളൂ” -മുഖ്യമന്ത്രി പറയുന്നു. വിൽക്കാനാണ് തീരുമാനമെങ്കിൽ നികുതി ഘടന ബജറ്റിൽ നിർദേശിച്ചതായിരിക്കുമെന്നും നികുതി ഘടന മാത്രമാണ് തീരുമാനിച്ചത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഫയൽ അതിവേഗമാണ് നീങ്ങിയത് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിയുടെ കാര്യം ബജറ്റിൽ ഉൾപ്പെടുത്താനാണ് ഫയൽ അത്ര വേഗം സഞ്ചരിച്ചത് എന്നാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ബജറ്റ് ചർച്ചയുടെ മറുപടിയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദങ്ങൾ ഇങ്ങനെ: “വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ പൂർത്തിയാകാതിരുന്നത് തെരഞ്ഞെടുപ്പു കാരണമാണ്. ഇന്ത്യയിൽ നിർമിച്ച വിദേശമദ്യത്തിന് ഉയർന്ന നികുതിയുള്ളപ്പോൾ ഉയർന്ന ആൽക്കഹോൾ അളവുള്ള വിദേശ നിർമിത മദ്യത്തിന് ഒന്നാം പിണറായി വിജയൻ സർക്കാർ നിശ്ചയിച്ച നികുതി 78 ശതമാനം മാത്രം.” അത് ഷിവാസ് റീഗലിൽനിന്നോ ജോണിവാക്കറിൽനിന്നോ കൈനീട്ടി വാങ്ങിയിട്ടാണോ ചെയ്തത് എന്നുകൂടി ചോദിക്കാൻ തയ്യാറായി വി.ഡി. സതീശൻ. രണ്ടുപക്ഷവും കൊമ്പുകോർത്തപ്പോൾ ഈ വിഷയത്തിൽ കൂടുതൽ പരസ്പരം പറയാതിരിക്കുന്നതാണ് നല്ലത് എന്ന നിലയിലേക്കായി കാര്യങ്ങൾ. കർഷകർക്ക് സഹായകമാകുന്ന വിധത്തിൽ ഹോർട്ടി വൈൻ വിൽക്കാനാണ് എൽ.ഡി.എഫ് സർക്കാർ ആലോചിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നികുതിയിൽ അസാധാരണമായി 130 ശതമാനത്തിന്റെ കുറവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്.

മദ്യത്തിന്റെ നികുതി ഘടനയും ബക്കാഡി ബന്ധവും ചർച്ചയാക്കി മാറ്റാൻ പ്രതിപക്ഷത്തിനു സാധിച്ചു. ശരിതന്നെ. അതിനപ്പുറത്തേക്ക് കാര്യങ്ങൾ പോയില്ല. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നൽകിയ നോട്ടീസ് സ്പീക്കർ തള്ളുകയും ചെയ്തു. പക്ഷേ, നോട്ടീസിന് അവതരണാനുമതി നിഷേധിക്കുമ്പോൾ നടത്തുന്ന പതിവ് പ്രസംഗത്തിൽ കൃത്യമായി അഴിമതി ആരോപണം ഉന്നയിക്കാൻ പിണറായി ശ്രദ്ധിച്ചു. ബക്കാഡിയുടെ പേരും പറഞ്ഞു. എഴുതിക്കൊടുക്കാതെ ഉന്നയിച്ച ആരോപണം സഭാരേഖകളിൽ ഉണ്ടാകരുത് എന്ന് മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ട പിറകെ സഭാ ടി.വിയിൽനിന്ന് പിണറായിയുടെ പ്രസംഗം നീക്കുകയും ചെയ്തു. അത് വലിയ വിഷയമാക്കാൻ ശ്രമിച്ചെങ്കിലും മുൻകൂട്ടി എഴുതിക്കൊടുക്കാത്ത ആരോപണം സഭയിൽ ഉന്നയിക്കാനാകില്ല എന്ന് അറിഞ്ഞുതന്നെയാണ് പ്രതിപക്ഷം അത് ചെയ്തതെന്ന് വ്യക്തം. പറയാൻ ഉദ്ദേശിച്ചത് തത്സമയ സംപ്രേഷണത്തിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. അതു നടന്നു.

ഏതായാലും കേരളത്തിൽ മദ്യമൊഴുക്കാനാണ് ഈ നികുതി ഘടന ബില്ലിൽ ഉൾപ്പെടുത്തിയത് എന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അതിനിടെ വിവാദ നികുതി ഘടന ഉൾപ്പെടുന്ന ധനബിൽ മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു പാസ്സാക്കി. പ്രത്യേക വിജ്ഞാപനം ഇറക്കിയാൽ മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിയുകയുള്ളൂ. ബിയറിനും വൈനിനും ഇടയിലെ നികുതിഘടന വേണം എന്നായിരുന്നു ബക്കാഡി കമ്പനിയുടെ ആവശ്യമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാൽ, അതിനേക്കാൾ കൂടിയ നികുതിയാണ് സർക്കാർ നിശ്ചയിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടിയ നികുതിയാണ് ഇത്. മാത്രമല്ല, സംസ്ഥാന സർക്കാർ ഏജൻസിയായ ബവ്‌കോയ്ക്ക് അല്ലാതെ മറ്റാർക്കും മദ്യം വിൽക്കാൻ കഴിയില്ല.

ഇനി പ്രത്യേക വിജ്ഞാപനത്തിലേക്ക് എത്ര ദൂരം എന്നേ അറിയാനുള്ളൂ.

ശേഷാദ്രി ആരുടെ നാഥൻ?

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ച മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി പരസ്യ വിമർശനം ഉന്നയിച്ചത് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. അതുപക്ഷേ, പി.എം. നിയാസിന്റെ മാത്രം അഭിപ്രായമല്ല എന്ന് മാധ്യമങ്ങൾക്കും രാഷ്ട്രീയം അറിയുന്നവർക്കും മനസ്സിലായി. മുസ്‌ലിം ലീഗിന്റേയും കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റേയും കൂടി അഭിപ്രായമാണ് കോഴിക്കോടു നിന്നുള്ള ജനറൽ സെക്രട്ടറി പറഞ്ഞത്. കെ.സി. വേണുഗോപാൽ പക്ഷമായാണ് നിയാസ് അറിയപ്പെടുന്നത്. ആരോടും ആലോചിക്കാതെ മുഖ്യമന്ത്രി സ്വന്തം നിലയിൽ എടുത്ത തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. കൂടിയാലോചിച്ചാൽ എതിർപ്പുണ്ടാകും എന്നതുകൊണ്ട് കൂടിയാലോചിക്കാതിരിക്കുന്ന പുതിയ രീതി. കേരളത്തിൽ ഇത് കെ. കരുണാകരൻ പോലും ഇത്ര അനായാസം നടപ്പാക്കിയിട്ടില്ല എന്ന വിമർശനമാണ് യു.ഡി.എഫിനുള്ളിൽ ഉയരുന്നത്.

സംഘപരിവാറുമായുള്ള ബന്ധം വ്യക്തമാകുന്നവിധം ശേഷാദ്രിനാഥൻ സമൂഹമാധ്യമങ്ങളിൽ മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പുകളുമായുൾപ്പെടെയാണ് നിയാസ് പ്രതികരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി അഞ്ചു വർഷമാണ്. ഇതിനിടയിൽ നടക്കുന്ന വാർഡ് പുനർനിർണയം, ഉപതെരഞ്ഞെടുപ്പുകൾ തുടങ്ങിയതിലൊക്കെ കമ്മിഷന് നിർണായക പങ്കാളിത്തമുണ്ട്. 2030-ൽ നടക്കേണ്ട അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുതലയും ഈ കമ്മിഷനായിരിക്കും. നിയമിച്ചുകഴിഞ്ഞാൽപ്പിന്നെ സേവന കാലാവധി കഴിയുന്നതിനു മുന്‍പ് നീക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. സാധാരണഗതിയിൽ സർക്കാരിന്റെ അത്തരം തീരുമാനങ്ങൾ ഗവർണർ ചോദ്യം ചെയ്യുന്ന രീതി മുന്‍പ് ഉണ്ടായിരുന്നില്ല. എന്നാൽ, മാറിയ സാഹചര്യത്തിൽ അത്തരമൊരു മാറ്റം എളുപ്പമായിരിക്കില്ല.

ശേഷാദ്രിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പി.എം. നിയാസ് കത്തയച്ചിരുന്നു. അജൻഡയ്ക്കു പുറത്തെ വിഷയമായാണ് മന്ത്രിസഭായോഗം ഇത് പരിഗണിച്ചത്. നിയാസിന്റെ വിമർശനത്തോടു മോശമായി പ്രതികരിച്ച തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിക്ക് കടുത്ത ഭാഷയിൽ നിയാസ് മറുപടി നൽകുകയും ചെയ്തു. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റേയും അറിവോടെയാണെന്നും മന്ത്രിസഭ കൂട്ടായി എടുത്തതാണെന്നുമാണ് കെ.എം. ഷാജി പറഞ്ഞത്.

ഒരു വശത്ത് യു.ഡി.എഫിൽ വിമർശനം പുകയുന്നതിനിടെ കേരളത്തിൽ ഇല്ലാതിരുന്നിട്ടും ഗവർണർ രാജേന്ദ്ര ആർലേക്കർ ഫയലിൽ ഡിജിറ്റലായി ഒപ്പിട്ട് നിയമനം നടപ്പാക്കുകയും ചെയ്തു. വളരെ വേഗത്തിലാണ് സംഘപരിവാർ ബന്ധമുള്ളവരുടെ സർക്കാർ നിയമനങ്ങളും യു.ഡി.എഫ് സർക്കാരിന്റെ സംഘപരിവാറിനോടുള്ള മൃദുസമീപനവും സാധാരണ കാര്യം മാത്രമായി മാറിക്കൊണ്ടിരിക്കുന്നത്. വാർത്താ തലക്കെട്ടുകളിൽനിന്നുപോലും ഇത്തരം രാഷ്ട്രീയ വൈരുധ്യങ്ങൾ ക്രമേണ അപ്രത്യക്ഷമാകാൻ വൈകിയേക്കില്ല. ശേഷാദ്രിനാഥന്റെ നിയമനം ഇക്കാര്യത്തിലെ ക്ലാസ്സിക് ഉദാഹരണമാണ്.

ആളോഹരി ആനന്ദം

കേരളം കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഏറ്റവുമധികം ചർച്ച ചെയ്ത വിഷയങ്ങളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പല കമ്പനികൾ ഇക്കാലത്തിനിടയിൽ വന്നെങ്കിലും അദാനിക്കാണ് കിട്ടിയത്. അദാനി പോർട്‌സിനു കീഴിലുള്ള വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എൽ) ആണ് വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാരിന്റെ പങ്കാളി. അങ്ങനെയാണ് അതു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായത്. ഇപ്പോൾ എ.വി.പി.പി.എൽ അവരുടെ 49 ശതമാനം ഓഹരി യൂറോപ്യൻ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്‌.സി)ക്ക് കൈമാറാൻ തീരുമാനിച്ചു. എം.എസ്‌.സിയുടെ തുറമുഖ ഓപ്പറേഷൻ വിഭാഗം ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് വഴി 285 കോടി ഡോളർ ആണ് നിക്ഷേപിക്കുന്നത്. ഇത് ഏകദേശം 27000 കോടി രൂപയ്ക്കു തുല്യമാണ്.

അദാനി-എം.എസ്‌.സി ധാരണയെ അഭിനന്ദിക്കുന്ന ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചെങ്കിലും സി.പി.എം നേതൃത്വം നിയമസഭയിലും പുറത്തും ഈ നിക്ഷേപത്തിന് അനുകൂലമായല്ല പ്രതികരിച്ചത്. എം.എസ്‌.സിയുമായി അദാനി പോർട്‌സ് പങ്കാളിത്തമുണ്ടാക്കുമ്പോൾ എം.എസ്‌.സി കമ്പനിയുടെ കുത്തക അവകാശം സ്ഥാപിതമാകും, അത് കേരളത്തിന്റെ വാണിജ്യ താല്പര്യത്തിനും വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനത്തിനും എതിരാകും എന്നാണ് പിണറായി വിജയൻ സഭയിൽ പറഞ്ഞത്. സഭയ്ക്ക് പുറത്ത് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും ഈ നിലപാട് ആവർത്തിച്ചു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു തൊട്ടുമുന്‍പ് വി.ഡി. സതീശൻ നടത്തിയ മംഗലാപുരം യാത്ര, അദാനി കമ്പനിയുടെ എം.എസ്‌.സി ഓഹരി കൈമാറ്റം എന്നിവയ്ക്ക് ബന്ധമുണ്ട് എന്നു തന്നെ പ്രതിപക്ഷവും ഭരണപക്ഷത്തെ സതീശൻ വിരുദ്ധരും കാണുന്നു. എന്നാൽ, ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ ഉള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. “സർക്കാർ അറിയാതെയാണ് അദാനി പോർട്‌സ് ഈ തീരുമാനമെടുത്തത്. സർക്കാരിനെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്യാതെ ഓഹരി കൈമാറ്റ തീരുമാനം പ്രഖ്യാപിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ട്. ഇത് അവരെ അറിയിക്കുകയും ചെയ്തു. കൺസഷൻ കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥകളും മറ്റു നിയന്ത്രണങ്ങളും നിർദേശങ്ങളും പരിശോധിച്ച് തുടർ നിലപാട് സ്വീകരിക്കും” -മുഖ്യമന്ത്രി വ്യക്തമാക്കുന്നു. 25 ശതമാനത്തിൽ കൂടുതലുള്ള ഓഹരി കൈമാറ്റം ഉടമസ്ഥത കൈമാറലായി കണക്കാക്കണം എന്നാണ് അദാനി കമ്പനിയുമായി 2015-ൽ സംസ്ഥാന സർക്കാർ ഒപ്പുവച്ച കരാറിലെ വ്യവസ്ഥ. സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറരുത് എന്നുമുണ്ട് വ്യവസ്ഥ.

സർക്കാരുമായി അദാനി കമ്പനി അനൗപചാരിക ആശയവിനിമയം നടത്തിയെന്നും സർക്കാരിന്റെ അറിവോടെയാണ് തീരുമാനമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിനിടെയാണ് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. മാത്രമല്ല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഓഹരി കൈമാറ്റത്തെ വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തി ഇങ്ങനെ ചെയ്യാൻ അദാനി കമ്പനിക്കു കഴിയുമോ എന്ന വേണുഗോപാലിന്റെ ചോദ്യം സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് ഓഹരി കൈമാറ്റം എന്ന പരോക്ഷ വിമർശനമാണ്; മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പും കയ്യിൽ വയ്ക്കുമ്പോൾ പ്രത്യേകിച്ചും. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വൻകിട ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരാനാണ് സാധ്യത. കത്തിപ്പിടിക്കുകയും ചെയ്തേക്കും.

അതേസമയം, എം.എസ്‌.സിയുടെ കപ്പലുകൾ മാത്രം അടുക്കുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാൻ ഈ ഓഹരി കൈമാറ്റംകൊണ്ട് സാധിക്കില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുത്തകാവകാശം സ്ഥാപിക്കാനാകില്ല. 2015-ൽ അദാനി കമ്പനിയുമായി സംസ്ഥാന സർക്കാർ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ അങ്ങനെയാണ്. വിവേചനമില്ലാതെ തുറമുഖത്ത് വാണിജ്യ പ്രവർത്തനം അനുവദിക്കണം എന്നാണ് വ്യവസ്ഥ. എല്ലാ കപ്പലുകൾക്കും എത്താൻ കഴിയണം; ഷിപ്പിംഗ് കമ്പനികൾക്കും പ്രാപ്യമായിരിക്കണം. എന്നാൽ, തുറമുഖത്തിന്റെ വാണിജ്യ വളർച്ച ലക്ഷ്യമിട്ട് ഏതെങ്കിലും കമ്പനിക്കു മുൻഗണന നൽകാൻ തടസ്സമില്ല. അത് എം.എസ്‌.സി ഏതുവിധം ഉപയോഗിക്കും എന്നത് പ്രധാനമാണ്.

മുഖ്യമന്ത്രിയും സർക്കാരും അറിയാതെയാണ് ഇത്ര വലിയ ഓഹരി കൈമാറ്റം എന്ന ചോദ്യം ഉയരുന്നു എന്നതുതന്നെ, അദാനി കമ്പനി സർക്കാരിനെയാണോ സർക്കാർ ജനങ്ങളേയും മാധ്യമങ്ങളേയുമാണോ ഇരുട്ടിൽ നിർത്തിയത് എന്ന ചോദ്യത്തിലേക്കാണ് എത്തിക്കുന്നത്.

കെ.പി.സി.സി എവിടെ?

കെ.പി.സി.സി പ്രസിഡന്റ് മന്ത്രിയായതോടെ കേരളത്തിലെ കോൺഗ്രസ്സിനു നാഥനില്ലാതായതും കഴിഞ്ഞ 50 ദിവസ വിശേഷങ്ങളിൽപ്പെടുന്നു. കെ.പി.സി.സി ആസ്ഥാനം ഇന്ദിരാഭവനു മുന്നിൽ യു.ഡി.എഫ് ഭരണകാലത്തെ പതിവു തിരക്കില്ല. കെ. കരുണാകരന്റേയും എ.കെ. ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ തിരക്കേറിയ ഇടമായിരുന്നു ഇന്ദിരാഭവൻ. എ.കെ. ആന്റണി ഒടുവിൽ മുഖ്യമന്ത്രിയായ 2001-2004 കാലത്ത് യു.ഡി.എഫ് കൺവീനർ ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ എം.എൽ.എ ഹോസ്റ്റലിലെ മുറിയിലും ജഗതിയിലെ ‘പുതുപ്പള്ളി’ വീട്ടിലുമായിരുന്നു ഓരോരോ ആവശ്യങ്ങളുമായി എത്തുന്ന ആളുകളുടെ കൂടുതൽ തിരക്ക്. പക്ഷേ, അക്കാലത്തും ആദ്യം കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മുരളീധരനേയും പിന്നീട് പ്രസിഡന്റായ രമേശ് ചെന്നിത്തലയേയും ഇടക്കാലത്ത് പ്രസിഡന്റായ പി.പി. തങ്കച്ചനേയും കാണാൻ ആളുകളുടെ തിരക്കുണ്ടായിരുന്നു. 2011-2016-ലെ ഒടുവിലത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും തിരക്കിന്റെ പൂരമായിരുന്നു. അപ്പോഴും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആളുകൾ ആശ്രയിക്കുന്ന അധികാര കേന്ദ്രങ്ങളിലൊന്നായിത്തന്നെ തുടർന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ പ്രസിഡന്റായ വി.എം. സുധീരൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. എങ്കിലും ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അദ്ദേഹത്തെ കാണാൻ നിരവധി ആളുകൾ എത്തുമായിരുന്നു. ജി. കാർത്തികേയനെ പ്രസിഡന്റാക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ നടത്തിയ ഇടപെടൽ വിജയിച്ചില്ല. എ.കെ. ആന്റണി ഇടപെട്ടത് വി.എം. സുധീരനു വേണ്ടിയായിരുന്നു. കെ.പി.സി.സി പ്രസിഡന്റാവുക എന്ന വലിയ ആഗ്രഹം കാർത്തികേയനു ബാക്കിയാവുകയും ചെയ്തു.

ഇപ്പോൾ യാദൃച്ഛികമായി കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് സ്ഥിതിഗതികൾ മാറ്റി. കെ.പി.സി.സി അനാഥമായി, പ്രസിഡന്റ് മാത്രമല്ല, വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരൊക്കെ മന്ത്രിസഭയിലേത്തി. പ്രസിഡന്റുൾപ്പെടെ ഇവരാരും തിരിഞ്ഞുനോക്കാതെയായതോടെ ഇന്ദിരാഭവൻ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയുമായി. 2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ പോയ ശേഷം പത്തു വർഷമായി പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനിലേക്കാണ് എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇനി, ഒപ്പത്തിനൊപ്പമോ അതിൽക്കൂടുതലോ അനുഭവ പരിചയമോ സംഘടനാശേഷിയോ ആജ്ഞാശക്തിയോ ഉള്ള നേതാവ് പ്രസിഡന്റായാൽ മാത്രമേ കെ.പി.സി.സിക്കും ഇന്ദിരാഭവനും പ്രതാപം തിരിച്ചുകിട്ടുകയുള്ളൂ.

എന്തൊക്കെ പൂക്കികൾ

മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശന്റെ ആദ്യ ബജറ്റിനെക്കുറിച്ചുകൂടി പറയാതെ 50 സതീശൻദിന വർത്തമാനം പൂർത്തിയാകില്ല. മുന്‍പും ട്രഷറി ബെഞ്ചിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ആദ്യമായി മന്ത്രിയാകുന്നതിന്റെ പരിചയക്കുറവ് ഏറ്റവും പ്രതിഫലിക്കേണ്ടത് ബജറ്റ് അവതരണത്തിലാണ്. ബജറ്റിനൊരു രാഷ്ട്രീയ ദിശ നിശ്ചയിച്ചു കൊടുത്തു കഴിഞ്ഞാൽ തയ്യാറാക്കിത്തരാൻ സുസജ്ജമായ ഉദ്യോഗസ്ഥ സംവിധാനം ധനവകുപ്പിലുണ്ട്. പക്ഷേ, അവതരിപ്പിക്കേണ്ടത് മന്ത്രിയാണ്; മന്ത്രി മാത്രം. പക്ഷേ, ആ പരിമിതിയെ മനോഹരമായി വി.ഡി. സതീശൻ മറികടക്കുകതന്നെ ചെയ്തു. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ബജറ്റ് അവതരിപ്പിക്കുന്ന ആളും കഴിഞ്ഞാൽ ഭരണപക്ഷത്തുള്ള 99 പേരും ഓരോ പ്രഖ്യാപനത്തേയും ഡെസ്‌കിലടിച്ച് വരവേറ്റ് സതീശന്റെ കന്നി ബജറ്റ് അവതരണത്തിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചു നൽകുകയും ചെയ്തു. പക്ഷേ, 2026-’27-ലെ പുതുക്കിയ ബജറ്റ് ഉള്ളടക്കത്തിൽ അത്രയ്ക്കങ്ങ് ജനപക്ഷമായോ എന്ന സംശയമാണ് ബാക്കി. പ്രതിപക്ഷത്തിന്റെ വിമർശനം സ്വാഭാവികം. എന്നാൽ, അതിനുമപ്പുറം കൂടുതൽ ലക്ഷ്യബോധവും 102 സീറ്റുകളുടെ വിജയത്തിൽ ജനങ്ങൾ വയ്ക്കുന്ന പ്രതീക്ഷയ്ക്കൊത്ത പ്രഖ്യാപനങ്ങളും ബജറ്റിൽ ഇല്ല. കേരളജനതയുടെ പരിച്ഛേദമായ സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും കാര്യം തന്നെ എടുക്കാം. ജീവനക്കാരുടെ കോൺഗ്രസ് സംഘടനകളിലൊന്നിന്റെ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്, നിങ്ങൾക്ക് ഈ ബജറ്റിൽ വിസ്മയം കരുതിവെച്ചിട്ടുണ്ടാകും എന്നാണ്. പക്ഷേ, വിസ്മയത്തിനു പകരം നിരാശയുടെ അമ്പരപ്പാണ് അവർക്കുണ്ടായത്. അവർ അത് തുറന്നു പറയാൻ മടിച്ചുമില്ല.

തുറമുഖ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രാമുഖ്യം കൊടുത്തും സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെയും സാമ്പത്തിക സമ്മർദം മറികടക്കുന്നതിലാണ് ബജറ്റിന്റെ ശ്രദ്ധ എന്നാണ് യു.ഡി.എഫ് അനുകൂല സാമ്പത്തിക വിദഗ്ദ്ധരുടെ പ്രശംസ. റോഡ് നവീകരണത്തിന് 5,952 കോടി, മുതിർന്ന പൗരർക്കായി ‘സിൽവർ ഇക്കണോമി’, സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും തീരദേശവാസികൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുന്നതിനും മിഷൻ സമുദ്ര, വ്യാവസായിക മേഖലയിൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന എം.എസ്.എം.ഇ പ്രോത്സാഹന നയം, അതിന്റെ ഭാഗമായി പതിനായിരം എം.എസ്.എം.ഇകൾക്ക് നികുതി പിന്തുണയോടെ പ്രോത്സാഹനം, ഏകജാലക അനുമതികൾ നൽകുന്നതിന് ഇൻവെസ്റ്റ് കേരള സെൽ, വിദേശങ്ങളിലേക്ക് കേരളത്തിലെ യുവജനങ്ങളുടെ കുടിയേറ്റം തടയാൻ ‘നോളജ് വാലി’ പദ്ധതി; എൻജിനീയറിംഗ് കോളേജുകൾക്കായി ഗവേഷണ പാർക്ക് തുടങ്ങിയതൊക്കെ അവർ ഉയർത്തിക്കാണിക്കുന്നു.

എന്നാൽ, സതീശന്റെ ആദ്യ ബജറ്റിനെ അവതരണസമയത്തുതന്നെ ശക്തമായി വിമർശിക്കുകയും ഒടുവിൽ ബഹിഷ്‌കരിക്കുകയും ചെയ്താണ് പ്രതിപക്ഷം പ്രതികരിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിലാണ് എന്ന സർക്കാർ വാദമാണ് പ്രതിപക്ഷത്തെ ഏറ്റവും പ്രകോപിപ്പിച്ചത്. ഒന്നര മാസം മുന്‍പു മാത്രം ഭരണത്തിൽ നിന്നിറങ്ങിയ എൽ.ഡി.എഫിനു തങ്ങൾ വിട്ടിട്ടു പോന്ന ഖജനാവിന്റെ യഥാർത്ഥ സ്ഥിതിയല്ല യു.ഡി.എഫ് പറയുന്നത് എന്ന വിമർശനമാണുള്ളത്. സാമ്പത്തികസ്ഥിതി അവർ പറയുന്നതുപോലെ മോശമാണെങ്കിൽ എങ്ങനെ ബജറ്റിൽ പറയുന്ന 2000 കോടി രൂപയിലധികം രൂപയുടെ അധിക വിഹിതം യാഥാർത്ഥ്യമാകും എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചത്. വീര്യം കുറഞ്ഞ മദ്യം അടങ്ങിയ പാനീയങ്ങൾക്ക് പുതുതായി അവതരിപ്പിച്ച 120 ശതമാനം മുതൽ 175 ശതമാനം വരെ വിൽപ്പന നികുതി വിഷയത്തിലാണ് പ്രതിപക്ഷം സഭ വിട്ടത്. ധനകാര്യ ബിൽ പാസ്സാക്കുന്നത് ബഹിഷ്‌കരിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചത് ദൈനംദിന കാര്യങ്ങളേയും ആസൂത്രിത ക്ഷേമപദ്ധതികളേയും സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു.

സ്വകാര്യവൽക്കരണത്തിനുള്ള സമ്പൂർണമായ കരുതൽ എന്നാണ് ബജറ്റിനെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തിലെ മറ്റൊരു ഊന്നൽ. “ഒരുവശത്ത് ക്ഷേമ-ആശ്വാസ നടപടികളും മറുവശത്ത് വികസന നടപടികളും എന്ന എൽ.ഡി.എഫ് സർക്കാരിന്റെ ദ്വിമുഖ സമീപനത്തെ ഈ ബജറ്റ് കയ്യൊഴിയുകയാണ്. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുകയും വരവിലുണ്ടാകുന്ന വർദ്ധനയെ മറച്ചുപിടിക്കുകയും ചെയ്യുന്നു. വികസന-ക്ഷേമ പദ്ധതികളെ കയ്യൊഴിയാനുള്ള മുൻകൂർ ജാമ്യമെടുക്കലായിരുന്നു നേരത്തെ പുറത്തിറക്കിയ ധവളപത്രം എന്നത് കൂടുതൽ വ്യക്തമാവുകയാണ്” -പ്രതിപക്ഷം വിമർശിക്കുന്നു. “ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് കാലാകാലങ്ങളിൽ മദ്യത്തിന് ഉയർന്ന നികുതി ഏർപ്പെടുത്തിവരുന്നത്. എന്നാൽ, മദ്യവില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വിലകുറഞ്ഞ മദ്യം മാർക്കറ്റിൽ സുലഭമായി ലഭ്യമാകുമ്പോൾ മദ്യ ഉപയോഗം കുത്തനെ വർദ്ധിക്കും. വീര്യം കുറഞ്ഞതാണ് നൽകുന്നത് എന്ന ന്യായമുയർത്തിയാലും മദ്യ ഉപയോഗം തന്നെയാണ് ക്രമാതീതമായി വർദ്ധിക്കുന്നത്. വീര്യം കുറഞ്ഞതിൽനിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് പോകുന്നത്.”

വിചിത്രമായ കാര്യം പ്രതിപക്ഷം ഇത്ര രൂക്ഷമായി ഈ വിഷയത്തിൽ പ്രതികരിക്കുമ്പോഴും എല്ലാക്കാലത്തും യു.ഡി.എഫിന്റെ മദ്യ നയത്തെ നിർണായകമായി സ്വാധീനിക്കുന്ന രാഷ്ട്രീയ ഇടപെടൽ നടത്താറുള്ള മുസ്‌ലിം ലീഗും മത, സാമുദായിക സംഘടനകളും പേരിനു മാത്രം പ്രതികരിച്ചെന്നു വരുത്തി മൗനത്തിലാണ്.

പി.എം ശ്രീ പദ്ധതിയിൽ കോൺഗ്രസ്സും മുസ്‌ലിം ലീഗും പിന്നോട്ടു പോയത്, പി.എം.എ.വൈ വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വച്ചാലെന്താ കുഴപ്പം എന്ന തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ ചോദ്യം, പിണറായി വിജയന്റെ നവകേരളയാത്രയ്ക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സുകാരെ തല്ലിയ മുഖ്യമന്ത്രിയുടെ അംഗരക്ഷക പൊലീസുകാർക്കെതിരായ കേസ് ഊർജിതപ്പെടുത്തിയത് തുടങ്ങി, ആരോഗ്യവകുപ്പിലെ പത്തു വർഷത്തെ പർച്ചേസുകളിൽ വിജിലൻസ് അന്വേഷണ നീക്കം വരെ സർക്കാർ കൊണ്ടും കൊടുത്തും വാങ്ങിച്ചുകെട്ടിയും സർക്കാർ സജീവമാണ്. അതിനിടെ, തളിപ്പറമ്പിൽ സി.പി.എം വിമതനായി ജയിച്ച ടി.കെ. ഗോവിന്ദനേയും പയ്യന്നൂരിൽ വിമതനായി ജയിച്ച വി. കുഞ്ഞികൃഷ്ണനേയും തിരിച്ചെടുക്കണോ എന്ന ചോദ്യത്തിൽ കുരുങ്ങിയാണ് സർക്കാരിന്റെ 50-ാം ദിനത്തിൽ സി.പി.എം കടന്നുപോകുന്നത്. എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാൻ തൽക്കാലം മനസ്സുമില്ല.

‘പൂക്കി മുഖ്യമന്ത്രി’ എന്ന പേരിന്റെ ജെൻസി സ്നേഹത്തിൽ തന്നെത്തന്നെ മറന്നുപോയോ സതീശൻ എന്നറിയാൻ 50 ദിവസങ്ങൾ പോരാ. എങ്കിലും ഇതൊരു ടെസ്റ്റ് ഡോസാണ്. അടുത്ത 50 ദിവസം കൂടി കഴിയുമ്പോൾ രണ്ടിലൊന്നറിയാം; സതീശൻ സർക്കാർ അതിജീവിക്കുമോ അതോ ഉള്ളിൽനിന്നുതന്നെ മുളപൊട്ടി വളരുന്ന കളകൾക്കു കീഴടങ്ങുമോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com