

പാഠപുസ്തകത്തിൽ മോഹൻജൊദാരോയിലെ പെൺകുട്ടിയുടെ നഗ്നത മറച്ച എൻ.സി.ഇ.ആർ.ടിയുടെ സദാചാര നടപടി ആക്ഷേപത്തിനു കാരണമായി. നഗ്നത പുനഃസ്ഥാപിക്കാൻ എൻ.സി.ഇ.ആർ.ടി തയ്യാറായെന്നാണ് ഒടുവിൽ കിട്ടിയ വാർത്ത. അപകടത്തിൽപ്പെട്ട സ്ത്രീയുടെ നഗ്നത മറയ്ക്കാൻ നടുറോഡിൽ സ്വന്തം ഉടുതുണി നൽകി സ്വയം നഗ്നനായ തൃപ്പൂണിത്തുറയിലെ ചായക്കാരൻ ഷാജി പ്രകീർത്തിതനായി. കലയിലല്ലാതെ സ്ത്രീയുടെ നഗ്നത ആഘോഷമാക്കുന്നത് കാടത്തമാണ്. നഗ്നത മറയ്ക്കാൻ സഹായിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്.
ആദിയിൽ പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. എങ്കിലും അവർക്ക് ലജ്ജ തോന്നിയിരുന്നില്ല. പറുദീസയിൽ അതിക്രമിച്ചു കടന്ന സാത്താന്റെ സാന്നിധ്യത്തിലും അവർ ലജ്ജ എന്തെന്നറിഞ്ഞില്ല. സാത്താന്റെ പ്രലോഭനത്തിൽപ്പെട്ട് വിലക്കപ്പെട്ട പ്രവൃത്തിയിൽ ഏർപ്പെട്ടതിനുശേഷവും അവർ ലജ്ജാലുക്കളായില്ല. ദൈവസാന്നിധ്യത്തിലാണ് തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞത്. ജോൺ ഹ്യൂസ്റ്റൻ സംവിധാനം ചെയ്ത ബൈബിൾ അന്ന് വിദ്യാർത്ഥികളായിരുന്ന ഞങ്ങൾ തിക്കിത്തിരക്കി കാണാൻ പോയത് ഈ ദൃശ്യങ്ങളുടെ ചാരുതയോർത്തുകൊണ്ടായിരുന്നു. ആഖ്യാനത്തിന്റെ സ്വാഭാവികതയ്ക്ക് കോട്ടം വരാതെ മറയ്ക്കേണ്ടതെല്ലാം മറയ്ക്കാൻ സംവിധായകനു കഴിഞ്ഞു. ബ്രൂക് ഷീൽഡ്‌സിന്റെ നഗ്നത കാണാൻ തിയേറ്ററിലെത്തിയവർ നിരാശരായെങ്കിലും ദ ബ്ലൂ ലഗൂൺ എന്ന സിനിമ കാണികളെ നിരാശപ്പെടുത്തിയില്ല. മറയ്ക്കുമ്പോഴാണ് നഗ്നത ആസ്വാദ്യകരമാകുന്നത്. പാടാത്ത പാട്ടിനു മധുരം കൂടുമെന്നു പറയുന്നതുപോലെ മറയ്ക്കപ്പെടുന്ന നഗ്നതയ്ക്കാണ് ആസ്വാദ്യത കൂടുന്നത്.
കൗരവസദസ്സിൽ 200 കണ്ണുകളാണ് പാഞ്ചാലിയുടെ നഗ്നതയ്ക്കുവേണ്ടി ഇമവെട്ടാതിരുന്നത്. അപമാനത്തിൽനിന്ന് പാണ്ഡവപത്നിയെ രക്ഷിച്ചത് ഭഗവാന്റെ അദൃശ്യമായ സാന്നിധ്യമായിരുന്നു. കൗരവനൃശംസതയ്ക്കെതിരെ ഉയർന്നത് വികർണന്റെ ഒറ്റപ്പെട്ട ശബ്ദം മാത്രമായിരുന്നു. ശരിയായി വ്യാഖ്യാനിച്ചാൽ പുരാണവും ഇതിഹാസവും പറയുന്നതൊക്കെ ഇന്നും പ്രസക്തമാണ്.
മോഹൻജൊദാരോയിൽനിന്ന് കണ്ടെടുത്തതും 4,500 വർഷം പഴക്കമുള്ളതുമായ വെങ്കലശില്പം ഇപ്പോൾ വാർത്താപ്രാധാന്യം നേടി. നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രസിദ്ധമായ നഗ്നത എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ മറച്ചതാണ് വാർത്തയും വിവാദവുമായത്. നഗ്നതയും അശ്ലീലതയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് ചില കാര്യങ്ങൾ കോമാളിത്തമാകുന്നത്. ‘ഓടയിൽനിന്ന്’ പാഠപുസ്തകമായപ്പോൾ വലിയ തോതിൽ ആക്ഷേപമുണ്ടായി. ആദ്യരാത്രിയിലെ കിടപ്പറയായിരുന്നു പ്രശ്നം. വെണ്ണയിൽ താമരനൂലെന്നപോലെ അവൾ ഭർത്താവിനോട് ഒട്ടിച്ചേർന്നു കിടന്നു എന്ന വാക്യമാണ് പ്രശ്നമായത്. എതിർപ്പ് ഭയന്ന് കഥാപാത്രങ്ങളെ പുതപ്പിക്കാൻ കേശവദേവ് തയ്യാറായില്ല. വെണ്ണയും താമരനൂലും എന്താണെന്നു ഞങ്ങൾ വിദ്യാർത്ഥികൾക്കു മനസ്സിലായതുമില്ല. പുരാതനമായ വെങ്കലശില്പത്തിന്റെ നഗ്നതയിൽ ആകൃഷ്ടരാകേണ്ടതില്ലാത്ത രീതിയിൽ നഗ്നതയുടെ മധ്യേയാണ് ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത്. ക്ഷേത്രച്ചുവരുകളിലെ ചേതോഹരമായ നഗ്നചിത്രങ്ങളും ശില്പങ്ങളും എങ്ങനെയാണ് കുട്ടികളുടെ ദൃഷ്ടിപഥത്തിൽനിന്ന് മറയ്ക്കുന്നത്. നാണം കെടാൻ തുടങ്ങിയാൽ ഏതറ്റംവരെയും പോകാൻ തയ്യാറാണ് സർക്കാർ ഏജൻസികൾ.
സൗന്ദര്യമെന്നപോലെ നഗ്നതയും കാണിയുടെ കണ്ണുകളിലാണ് രൂപമെടുക്കുന്നത്. വിവരിച്ചു പറയാനാവില്ല? പക്ഷേ, എന്തെന്നു കാണുമ്പോൾ മനസ്സിലാകുമെന്നാണ് യു.എസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് പോട്ടർ സ്റ്റിവാർട്ട് അശ്ലീലത്തെക്കുറിച്ചു പറഞ്ഞത്. നഗ്നതയിലാണ് ജീസസും സെബസ്ത്യാനോസും ആരാധ്യരായിരിക്കുന്നത്. ഗോലിയാത്തിനെ നേരിടാൻ പോകുന്ന ഡേവിഡിന്റെ പ്രതിമ ഫ്ലോറൻസിൽ കണ്ടു. പതിനേഴടി ഉയരമുള്ള ആ മാർബിൾ പ്രതിമ മൈക്കലാഞ്ജലോയുടെ മാസ്റ്റർപീസാണ്. പുരുഷസൗന്ദര്യത്തിന്റെ നവനീതമായ പക്വതയിലും പൂർണതയിലും ഡേവിഡിനെ പൂർണനഗ്നനായാണ് മൈക്കലാഞ്ജലോ കൊത്തിയെടുത്തിരിക്കുന്നത്. മറയില്ല; മറയ്ക്കാനുള്ള ശ്രമവുമില്ല. ഡേവിഡിന്റെ നഗ്നതയാണോ ശില്പിയുടെ അതുല്യമായ കരവിരുതാണോ കാണികളെ ആകർഷിക്കുന്നതെന്നു പറയാനാവില്ല. ആയിരക്കണക്കിനാളുകൾ ദിനേന കണ്ടുപോകുന്ന ഡേവിഡിനെ വസ്ത്രം ഉടുപ്പിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ അധമമായി ചിന്തിക്കാൻ കഴിയാത്ത രീതിയിൽ മൈക്കലാഞ്ജലോയുടെ വിശുദ്ധമായ പ്രതിഭയുടെ പ്രകാശം അവിടെ പ്രസരിക്കുന്നു.
ബ്രസൽസിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ എയർ ഇന്ത്യ നൽകിയ പരസ്യം വിമർശിക്കപ്പെട്ടു. ഏതാണ്ട് 40 വർഷം മുന്‍പാണ് ആ പരസ്യം വന്നത്. അക്കാലത്ത് ഏറ്റവും അർത്ഥവത്തും ഭാവനാപൂർണവുമായ പരസ്യങ്ങൾ എയർ ഇന്ത്യയുടേതായിരുന്നു. നഗരമധ്യത്തിലെ ജലധാരയിലേക്ക് മൂത്രമൊഴിക്കുന്ന ബാലന്റെ പ്രതിമയായിരുന്നു സദാചാരവാദികളുടെ പ്രശ്നം. ആക്ഷേപത്തിന്റെ മൂർദ്ധന്യത്തിൽ രണ്ടാമത്തെ പരസ്യം വന്നത് തന്റെ ജാക്കറ്റൂരി ബാലന്റെ നഗ്നത മറയ്ക്കുന്ന മഹാരാജാവിന്റെ ചിത്രത്തോടെയായിരുന്നു. സന്ദർശകരായ വിശിഷ്ടവ്യക്തികൾ അങ്ങനെ ചെയ്യുന്നത് ആചാരമായിരുന്നു. തൃപ്പൂണിത്തുറയിലെ എം.ആർ. ഷാജി നടത്തിയ ആച്ഛാദനം ആചാരമായിരുന്നില്ല. അത് പരമമായ മനുഷ്യത്വത്തിന്റെ ഉൾവിളിയായിരുന്നു. ആപത്തിൽ അകപ്പെട്ട സഹോദരിയുടെ നഗ്നത മറച്ചുകൊണ്ട് അയാൾ സ്വയം നഗ്നനായി. നടുറോഡിൽ നഗ്നനായി നിന്ന ഷാജിക്ക് മുണ്ടുമായി വന്ന സമീപത്തെ തുണിവ്യാപാരിക്കും കൊടുക്കണം ഒരു കയ്യടി. കവർച്ചക്കാർ നഗ്നനാക്കി മുറിവേൽപ്പിച്ച് വഴിയിൽ തള്ളിയ യാത്രക്കാരനെ പരിചരിച്ച ജാതിയിൽ താണ സമരിയക്കാരനെ 2000 വർഷമായി നല്ല സമരിയക്കാരൻ എന്ന വിശേഷണത്തോടെ കാലം നമിക്കുന്നു. നമ്മുടെ കാലത്തെ നല്ല സമരിയക്കാരനാണ് ഷാജി. നഗ്നനായിരുന്നവനെ ഉടുപ്പിക്കുന്ന സല്‍പ്രവൃത്തി അവസാനവിധിയുടെ നാളിൽ പരാമർശിക്കപ്പെടും. വഴിയരികിലെ ചോലയിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ ദേഹശുദ്ധി വരുത്തുന്ന യുവതിക്ക് എതിർവശത്തുനിന്ന് തന്റെ മേലങ്കി ഒഴുക്കിക്കൊടുക്കുന്ന ഗാന്ധിയെ അറ്റൻബറോയുടെ സിനിമയിൽ കാണാം. മഹാത്മ എന്ന പരിവേഷത്തിലേക്കുള്ള ഗാന്ധിയുടെ യാത്രയുടെ തുടക്കമായിരുന്നു അത്.
മോഹൻജൊദാരോയിലെ നൃത്തം ചെയ്യുന്ന നഗ്നബാലികയെക്കാൾ 20-ാം നൂറ്റാണ്ട് നമുക്കു പരിചയപ്പെടുത്തിയ ബാലികയാണ് സെയ്‌ഗോണിലെ നിസ്സഹായതയിൽ കരഞ്ഞോടുന്ന പെൺകുട്ടി. നാപാം ബോംബിങ്ങിൽ വസ്ത്രം കരിഞ്ഞ് ദേഹം വെന്ത് ഒരു കൂട്ടം കുട്ടികളുടെ മുന്നിലായി ഓടുന്ന കിം ഫുക്കിന്റെ ചിത്രം നിക് ഊട്ട് എന്ന എപി ഫോട്ടോഗ്രഫറാണ് ക്യാമറയിൽ പകർത്തി ലോകസമക്ഷം അവതരിപ്പിച്ചത്. പക്ഷേ, വിശ്രുതമായിത്തീർന്ന ആ ചിത്രത്തിന് ആദ്യം കിട്ടിയ ഇടം ചവറ്റുകുട്ടയായിരുന്നു. പെൺകുട്ടിയുടെ നഗ്നതയാണ് തടസമായത്. “Oh no, sorry. We can’t use this in America” എന്നാണ് എഡിറ്റർ കാൾ റോബിൻസൺ പറഞ്ഞത്. പിൽക്കാലത്ത് സി.എൻ.എൻ യുദ്ധകാര്യ ലേഖകനായി പ്രശസ്തിയാർജിച്ച പീറ്റർ ആർണെറ്റ് അന്ന് എപി ലേഖകനായി സെയ്‌ഗോണിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇടപെട്ടപ്പോഴാണ് എഡിറ്ററുടെ എതിർപ്പിനെ മറികടന്ന് ചിത്രം റേഡിയോഫോട്ടോ ട്രാൻസ്മിറ്റർ വഴി ടോക്യോയിലേക്കും അവിടെനിന്ന് ന്യൂയോർക്കിലേക്കും പറന്നത്. ആ പെൺകുട്ടിയുടെ നഗ്നത മറയില്ലാതെ ലോകമെങ്ങുമുള്ള പത്രങ്ങളിൽ അച്ചടിച്ചുവന്നപ്പോൾ വിയറ്റ്‌നാമിൽ പ്രസിഡന്റ് നിക്സന്റെ കാലിടറി.
നഗ്നതയും അശ്ലീലതയും വേറിട്ട കാര്യങ്ങളാണ്. രണ്ടിന്റേയും അർത്ഥം വ്യക്തമാക്കുന്നതും പൂർത്തിയാക്കുന്നതും സന്ദർഭമാണ്. കാലം മനസ്സിനെ പക്വമാക്കും. ലേഡി ചാറ്റർലിയുടെ കാമുകനും ലോലിതയും നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യയിൽ നിരോധിക്കപ്പെട്ട പുസ്തകങ്ങളായിരുന്നു. ഇന്ന് അവ സ്വതന്ത്രമായി വായിക്കാവുന്ന പുസ്തകങ്ങളാണ്. നഗ്നതയും ആപേക്ഷികമാണ്. വിരുദ്ധമായ വികാരങ്ങൾക്കും പ്രതികരണത്തിനും അത് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates