ജന്മംതന്നെ തെളിവ്

Card
സമകാലിക മലയാളം വാരികSamakalika Malayalam
Updated on

സ്വരാജ് ജന്മാവകാശമാണെന്ന് ബാൽ ഗംഗാധർ തിലക് പ്രസിദ്ധമായി പറഞ്ഞു. പൗരത്വം ജന്മസിദ്ധമാണെന്ന് യു.എസ് ഭരണഘടന പറയുന്നു. ജീവിക്കുന്നതിനുള്ള അവകാശം സാർവത്രികമാണെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ ഭരണഘടന അഭിപ്രായപ്രകടന സ്വാതന്ത്ര്യമുൾപ്പെടെ അതിവിശിഷ്ടവും മൗലികവുമായ അവകാശങ്ങൾ പൗരന്മാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പൗരത്വം ജന്മാവകാശമാണെന്ന് പ്രഖ്യാപിക്കുന്നതിനുവേണ്ടിയാണ് യു.എസ് ഭരണഘടനയിൽ പതിന്നാലാം ഭേദഗതി എഴുതിച്ചേർത്തത്. അടിമത്തം അവസാനിപ്പിച്ച ആഭ്യന്തരയുദ്ധത്തിനുശേഷം സ്വതന്ത്രരായ അടിമകളെ ഉൾക്കൊള്ളുന്നതിനുവേണ്ടിയാണ് ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യത്തിൽ പൊതുവെ പിശുക്ക് കാണിക്കുന്ന യു.എസ് കോൺഗ്രസ് ഈ ഭേദഗതി അംഗീകരിച്ചത്. വലിയ കാര്യങ്ങളുടെ പശ്ചാത്തലം വലുതായി ചിന്തിക്കാൻ നിയമനിർമാതാക്കളെ പ്രേരിപ്പിക്കും. വിഭജനത്തെത്തുടർന്നുള്ള അഭയാർത്ഥികളുടെ ഒഴുക്കിന്റെ പശ്ചാത്തലത്തിലാണ് പൗരത്വത്തെ സംബന്ധിച്ച് ഉദാരമായ വ്യവസ്ഥകൾ ഇന്ത്യയുടെ ഭരണഘടനയിൽ ചേർക്കപ്പെട്ടത്. പിറന്ന മണ്ണിൽനിന്ന് ബഹിഷ്‌കൃതരാകുന്നവർക്ക് ഏത് ജന്മാവകാശമാണ് അവകാശപ്പെടാൻ കഴിയുക? അവർ അഭയാർത്ഥികളാണ്. അവർക്ക് ജീവൻ നിലനിർത്താൻ കഴിയുന്നതുതന്നെ വലിയ സൗഭാഗ്യം.ജന്മംതന്നെ തെളിവ്

കഴിയുന്നത്ര ആളുകളുടെ പൗരത്വം റദ്ദാക്കണമെന്ന കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇന്ത്യാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകാഭിപ്രായക്കാരാണ്. ട്രംപിന്റെ വെട്ട് സുപ്രീംകോടതി തടഞ്ഞു. കുടിയേറ്റക്കാരുടെ നാടായ അമേരിക്ക സ്വാതന്ത്ര്യത്തിന്റെ 250 വർഷം പൂർത്തിയാക്കുമ്പോൾ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ചൈതന്യത്തിൽ സുപ്രീംകോടതി ട്രംപിനു നൽകിയ പാഠമാണ് പൗരത്വ കേസിലെ വിധി. കുടിയേറ്റക്കാരുടെ അവകാശങ്ങളെക്കുറിച്ച് അമേരിക്കക്കാരനായ പോപ്പ് ലിയോ തന്റെ മുൻഗാമിയെപ്പോലെ ട്രംപിനെ നിരന്തരം അനുസ്മരിപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാർ അനഭിമതരാകുമ്പോൾ അപകടകാരികളായ നുഴഞ്ഞുകയറ്റക്കാരാകുന്നു. പാസ്‌പോർട്ട് പൗരത്വത്തിനു തെളിവല്ല; അത് കേവലം യാത്രാരേഖ മാത്രമാണെന്ന് ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ വിദേശകാര്യവകുപ്പ് പറഞ്ഞു. വിദേശവിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറിൽ ഇന്ത്യക്കാരൻ എന്ന അഭിമാനവും രക്ഷാബോധവും നൽകിയിരുന്ന പാസ്‌പോർട്ട് ടോൾബൂത്തിലൂടെ യാത്ര സുഗമമാക്കുന്നതിനുള്ള ഫാസ്റ്റാഗിനു തുല്യമായ കടലാസ് മാത്രമാണെന്ന തിരിച്ചറിവ് എന്നെ അസ്വസ്ഥനാക്കുന്നു. കേരളത്തിൽ ജനിച്ച്, കൊൽക്കത്തയിൽ വളർന്ന്, പതിവായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പ്രശസ്തനായ പത്രാധിപർക്ക് പാസ്‌പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴാണ് പാസ്‌പോർട്ട് ചർച്ചാവിഷയമായത്. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് ആർ. രാജഗോപാലിനു വിനയായത്. വോട്ടർപട്ടികയിൽ പേരില്ലാത്തതല്ല, ഉണ്ടായിരുന്ന പേര് എസ്‌.ഐ.ആർ എന്ന ക്ലീനിങ്ങിൽ തൂത്തുവാരി പുറത്തുകളഞ്ഞതാണ്. ആവശ്യമില്ലാത്തതാണ് ക്ലീനിങ്ങിൽ പുറത്തുപോകുന്നത്. വോട്ടർപട്ടികയിൽനിന്നും പൗരത്വപ്പട്ടികയിൽനിന്നും അനഭിമതരാണ് പുറത്താകുന്നത്. പൗരത്വം നഷ്ടപ്പെട്ട് വിവസ്ത്രനായി നിൽക്കുന്ന അവസ്ഥ ആർക്കും എപ്പോഴും ഉണ്ടാകാമെന്നതിന്റെ സൂചനയാണ് രാജഗോപാൽ എന്ന എഡിറ്ററുടെ അവസ്ഥ. മേൽവിലാസമുള്ളയാളിന്റെ അവസ്ഥ ഇതാണെങ്കിൽ മേൽവിലാസമില്ലാത്തയാളിന്റെ അവസ്ഥ എന്തായിരിക്കും?

അപേക്ഷിച്ച് വാങ്ങേണ്ട രേഖയാണ് പാസ്‌പോർട്ട്. പൗരത്വത്തിന് തെളിവായി എന്നോട് ആരും പാസ്‌പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. പാർലമെന്റംഗമാകുന്നതിന് പൗരത്വം നിർബന്ധ യോഗ്യതയാണ്. നാമനിർദേശപത്രിക സ്വീകരിച്ചപ്പോൾ വരണാധികാരി പൗരത്വത്തിന് തെളിവ് ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കിൽ കൊടുക്കാൻ എന്റെ കയ്യിൽ ഒരു രേഖയും ഇല്ലായിരുന്നു. എസ്.എസ്.എൽ.സി ബുക്കിൽ നാഷണാലിറ്റി ഇന്ത്യൻ എന്നു രേഖപ്പെടുത്തിയിട്ടുള്ളതു മാത്രമായിരുന്നു എനിക്ക് ലഭ്യമായ രേഖ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡുൾപ്പെടെ പതിനാറ് സർക്കാർ രേഖകൾ ഹാജരാക്കിയിട്ടും അസമിലെ അമിനുൽ ഹഖിന് തന്റെ പൗരത്വം ഗുവാഹത്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവശേഷിക്കുന്നത് വിയറ്റ്‌നാം കോളനിയിൽ ശങ്കരാടി കാണിക്കുന്ന രേഖ മാത്രമാണ്. കൈരേഖയല്ലാതെ മറ്റൊരു രേഖയും കൈവശമില്ലാത്ത സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? ഫോറിനേഴ്‌സ് ട്രൈബ്യൂണൽ നിരാലംബരെ സഹായിക്കുന്നതിനുള്ള സ്ഥാപനമല്ല. പൗരന്മാരെ വിദേശികളാക്കുന്നതിനുള്ള സ്ഥാപനമാണത്. മതരാഷ്ട്രത്തിന് മതാധിഷ്ഠിത പൗരത്വമാണ് വേണ്ടത്. അതിന്റെ തുടക്കമായിരുന്നു പൗരത്വനിയമ ഭേദഗതി. അതിന്റെ തുടർച്ചയാണ് വോട്ടർ പട്ടികയുടെ ശുദ്ധീകരണം. അതിന്റെ പൂർത്തീകരണമാണ് പാസ്‌പോർട്ട് നിഷേധം. റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞതുപോലെ ലക്ഷ്യത്തിലേക്ക് നാഴികകൾ പലത് ഇനിയും താണ്ടാനുണ്ട്. അതവർ ഓടിയെത്തും. ക്ഷമയോടെ ഓടുന്നതിനും അവധാനതയോടെ പ്രതിബന്ധങ്ങളെ മറികടക്കുന്നതിനും അവർക്ക് പ്രാപ്തിയുണ്ട്. മുന്നേ ഓടുന്ന മുയലിനെപ്പോലെ ഇടയ്ക്കിടെ വിശ്രമിക്കുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ പ്രതിപക്ഷം. ആമ നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നു.

ജൂലിയസ് സീസർ റോമാ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന കാലത്ത് പൗരത്വത്തെ സംബന്ധിച്ച് ഉദാരമായ നയം സ്വീകരിച്ചു. അധിനിവേശ ദേശങ്ങളിലെ ജനങ്ങൾക്കും റോമൻ പൗരത്വം അവകാശപ്പെടാൻ കഴിയുമെന്നതായിരുന്നു അദ്ദേഹം പ്രഖ്യാപിച്ച പ്രധാനപ്പെട്ട തത്ത്വം. താർസോസിൽ യഹൂദ പൗരനായി ജനിച്ച പൗലോസ് ഇതിന്റെ അടിസ്ഥാനത്തിൽ താൻ ജന്മനാ റോമൻ പൗരനാണെന്ന് അവകാശപ്പെട്ടു. പ്രവിശ്യാ ഗവർണറുടെ മുന്നിൽ വിചാരണ ചെയ്യപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പൗലോസ് റോമൻ പൗരനെന്ന നിലയിൽ ചക്രവർത്തിയുടെ മുമ്പാകെ അപ്പീൽ സമർപ്പിക്കുന്നതിനുള്ള അവകാശം ഉന്നയിച്ചാണ് തടവുകാരനായി റോമിലെത്തിയത്. റോമൻ പൗരത്വത്തിന്റെ പരിരക്ഷ യേശുവിനും അവകാശപ്പെടാമായിരുന്നു. അഗസ്റ്റസ് സീസറിന്റെ പ്രജയായി റോമൻ അധിനിവേശകാലത്ത് ജനിച്ച ആളായിരുന്നു യേശു. സ്വർഗരാജ്യത്തേക്കുള്ള വഴി തുറക്കാനുള്ള പ്രബോധനം നടത്തിയ യേശു ഐഹികമായ പൗരത്വം നൽകുന്ന അവകാശങ്ങളെക്കുറിച്ച് തല്പരനായിരുന്നില്ല. ഇന്നത്തെ അമേരിക്കൻ പൗരത്വംപോലെയായിരുന്നു അന്നത്തെ റോമൻ പൗരത്വം. രാജ്യത്തിന്റെ കരുത്താണ് പൗരത്വത്തിനും പാസ്‌പോർട്ടിനും ആദരണീയത നൽകുന്നത്.

The Centre is conveying—both explicitly and implicitly—that the citizenship register currently under preparation, rather than the passport, serves as proof of citizenship.

പിതൃത്വം പോലെയാണ് പൗരത്വം. പിതൃത്വത്തിന് തെളിവ് മാതാവിന്റെ വാക്കാണ്. ഡി.എൻ.എ പരിശോധനയിലൂടെയോ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലോ പിതൃത്വം തെളിയിക്കേണ്ട സാഹചര്യം അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നതാണ്. ബ്രിട്ടീഷ് അധീനതയിലുള്ള നാട്ടുരാജ്യത്ത് റിപ്പബ്ലിളിക്കിന്റെ സ്ഥാപനത്തിനു മുന്‍പ് ജനിച്ചയാളാണ് ഞാൻ. റിപ്പബ്ലിക് നിയോഗിച്ച പരിശോധകർ തെളിവ് ആവശ്യപ്പെട്ടാൽ എന്റെ കാര്യം പരുങ്ങലിലാകും. സ്‌കൂൾ രജിസ്റ്ററിലെ വിവരമനുസരിച്ച് ഞാൻ ജനിച്ച് പതിമൂന്നാമത്തെ ദിവസമാണ് അമ്മയുടെ വിവാഹം. പരിശോധകൻ മനുഷ്യനാണെങ്കിലും എ.ഐ ആണെങ്കിലും എനിക്ക് പൗരത്വമോ പാസ്‌പോർട്ടോ ഉണ്ടാവില്ല. ജനനംതന്നെ ചോദ്യം ചെയ്യപ്പെടാവുന്ന അവസ്ഥയിൽ ജന്മാവകാശം നിഷേധിക്കപ്പെടുന്നുവെന്ന പരാതിക്ക് എന്തു പ്രസക്തി? പാസ്‌പോർട്ട് വിമാനടിക്കറ്റ്‌പോലെ യാത്രാരേഖ മാത്രമാണെങ്കിൽ പൗരത്വം ഏതു രേഖയെ അടിസ്ഥാനമാക്കിയാണ് തെളിയിക്കേണ്ടത്? ഇത് അസമിലെ അമിനുൽ ഹഖിന്റെ മാത്രം പ്രശ്‌നമല്ല. ചിലപ്പോൾ ചില ചോദ്യങ്ങൾ ഉത്തരമില്ലാതാകുമ്പോൾ പ്രഹേളികയായി മാറുന്നു. പൗരത്വത്തെ അടിസ്ഥാനമാക്കിയാണ് പാസ്‌പോർട്ട് നൽകപ്പെടുന്നത്. പക്ഷേ, പാസ്‌പോർട്ട് പൗരത്വത്തിനു തെളിവല്ല. പാസ്‌പോർട്ടല്ല തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ രജിസ്റ്ററാണ് പൗരത്വത്തിനു തെളിവെന്ന് കേന്ദ്രം പറയാതേയും പറഞ്ഞും പറയുകയാണ്. പൗരത്വ രജിസ്റ്ററിൽ കയറിക്കൂടുന്നതിനെക്കാൾ എളുപ്പമാണ് പുറത്തുനിർത്തൽ. ഉത്തരം പറയാത്ത കുട്ടിയും ചോദ്യം ചോദിക്കുന്ന കുട്ടിയും ക്ലാസ്സിൽനിന്ന് പുറത്താക്കപ്പെടും. ആർ. രാജഗോപാലും അമിനുൽ ഹഖും സാധ്യതകളുടെ പ്രതീകങ്ങൾ മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com