

FACTS ARE SACRED എന്ന് മാഞ്ചസ്റ്റർ ഗാർഡിയനിൽ സി.പി. സ്‌കോട്ട് എഴുതിയത് വാർത്താപത്രം തയ്യാറാക്കുന്ന പത്രപ്രവർത്തകർക്ക് മാത്രമല്ല, ധവളപത്രം തയ്യാറാക്കുന്ന സാമ്പത്തികവിദഗ്ദ്ധർക്കും ബാധകമാണ്. നിയമനിർമാണത്തിനും നയരൂപീകരണത്തിനും സഹായകമാകുന്ന ധവളപത്രം സർക്കാരിന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്ന രേഖയാണ്. അത് പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ഉമ്മാക്കിയല്ല. പ്രതിപക്ഷനേതാവ് ഉപയോഗിച്ച വാക്കാണത്. സഗൗരവം സംസാരിക്കുമ്പോൾ ആർജവമുള്ള വാക്കുകൾ ഉപയോഗിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വിവരിക്കുന്ന ധവളപത്രം പത്തു വർഷം ഭരിച്ചവർക്ക് മുഖം നോക്കുന്നതിനുള്ള കണ്ണാടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾ ആരെയും ഭയപ്പെടുത്താനുള്ളതല്ല. ഇനിയങ്ങോട്ടുള്ള യാത്രയുടെ ഗതിയും ദിശയും നിർണയിക്കുന്നതിനുള്ള രേഖയാണത്. നയപ്രഖ്യാപനപ്രസംഗത്തോടൊപ്പം ധവളപത്രവും ബജറ്റ് പ്രസംഗവുംകൂടി ചേർത്തുവായിക്കുമ്പോൾ ചിത്രത്തിന് പൂർണതയും കാര്യങ്ങൾക്ക് വ്യക്തതയുമുണ്ടാകും.
പൂച്ച പെറ്റുകിടക്കുന്നുവെന്ന പ്രയോഗം ട്രഷറിയെ സംബന്ധിച്ചുണ്ടായി. ആളനക്കമില്ലാത്ത ഇടം എന്ന അർത്ഥത്തിലാണ് ആ പ്രയോഗം അർത്ഥവത്താകുന്നത്. ട്രഷറി അങ്ങനെയൊരു ഇടമല്ല. നമ്മളൊക്കെ അനുദിനം നൽകുന്ന ചെറുതും വലുതുമായ നികുതികളും മറ്റു മാർഗങ്ങളിൽ ശേഖരിക്കപ്പെടുന്ന പണവും ട്രഷറിയിലാണ് എത്തിച്ചേരുന്നത്. അണക്കെട്ടിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നതുപോലെയുള്ള പ്രവർത്തനമാണത്. നിരന്തരം പോക്കുവരവ് നടക്കുന്നയിടം പ്രസവത്തിനായി പൂച്ച തെരഞ്ഞെടുക്കില്ല. വെള്ളക്കടലാസിൽ എഴുതപ്പെടുന്നതുകൊണ്ടാകാം വൈറ്റ്പേപ്പർ അല്ലെങ്കിൽ ധവളപത്രം എന്ന പേരുണ്ടായത്. പത്തു വർഷം അധികാരത്തിനു പുറത്തിരുന്നവർ പൊടുന്നനെ ബൃഹത്തായ സാമ്പത്തികരേഖ ആധികാരികതയോടെ എങ്ങനെ പുറത്തിറക്കി എന്ന് ആശ്ചര്യപ്പെടുന്നവരുണ്ടാകാം. അതുകൊണ്ടാണ് ഇത് എ.ഐ. നിർമിതിയാണെന്ന് ധവളപത്രത്തിന്റെ ജനിതകസ്വഭാവം തിരിച്ചറിയാൻ പ്രാപ്തിയുള്ള തോമസ് ഐസക് അഭിപ്രായപ്പെട്ടത്. അടിസ്ഥാനരേഖകൾ കിട്ടിയാൽ 195 പേജിൽ ഒരു പുസ്തകത്തിന്റെ നിർമിതി ക്ഷിപ്രസാധ്യമാണ്. പണ്ടത്തെപ്പോലെ ബജറ്റ് പ്രസംഗം തയ്യാറാക്കാൻ ധനമന്ത്രി കോവളത്തെ കാറ്റുകൊള്ളണമെന്നില്ല. കൂറുമാറ്റ നിരോധനം ഉദ്യോഗസ്ഥർക്ക് ബാധകമല്ലാത്തതിനാൽ അധികാരം മാറുന്നതനുസരിച്ച് വിശ്വസ്തതയും മാറും. സർക്കാരിനും ഭരണത്തിനും തുടർച്ചയുള്ളതിനാൽ അത് അങ്ങനെതന്നെയാണ് വേണ്ടത്.
കൂലിയെഴുത്തുകാരും വാടകയെഴുത്തുകാരും പണ്ടേയുള്ളതാണ്. അതിന് ഗോസ്റ്റ് റൈറ്റിങ് എന്നാണ് പറയുന്നത്. ആവശ്യാനുസരണം എന്തും എഴുതിക്കൊടുക്കാൻ എ.ഐ സന്നദ്ധമാണ്. അറബിക്കഥയിലെ അലാവുദീന്റെ ആധുനികകാലത്തെ പേരാണ് എ.ഐ. വിളക്കുരസി പ്രത്യക്ഷപ്പെടുത്തിയാൽ നിർദേശിക്കപ്പെടുന്നത് ഭൂതം ചെയ്തുതരും. അങ്ങനെ മനുഷ്യനിർമിതമായ അപൂർവ സൗകര്യം ലഭ്യമായിരിക്കുമ്പോൾ ധവളപത്രമോ മറ്റേതെങ്കിലും പത്രമോ എഴുതുന്നതിന് അത് പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. വായിച്ചുനോക്കി ശരിയെന്ന് ബോധ്യപ്പെടുന്നതിനുള്ള പ്രാപ്തി സ്വീകർത്താവിന് ഉണ്ടാകണമെന്നു മാത്രം. എ.ഐയുടെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത് എ.ഐയുടെ രചനയിൽ വൈകാരികതയോ സർഗാത്മകതയോ ഉണ്ടാവില്ലെന്നാണ്. ഗെറ്റിസ്ബർഗിലെ ഏബ്രഹാം ലിങ്കന്റെ പ്രസംഗമോ അധികാരകൈമാറ്റച്ചടങ്ങിൽ ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗമോ വാഷ്ങ്ടണിലെ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രസംഗമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു തയ്യാറാക്കാനാവില്ല. കൈകൊണ്ടെഴുതിയ പ്രസംഗം പലവട്ടം ആവർത്തിച്ചപ്പോഴാണ് എൺപത്തിയേഴു വർഷം മുന്‍പ് എന്ന കാര്യമാത്രപ്രസക്തമായ തുടക്കം Four score and seven years ago എന്ന ബൈബിൾ ടച്ചുള്ള വാക്കുകളായി മാറിയത്. മാർട്ടിൻ ലൂഥർ കിങ്ങിന്റെ I have a dream എന്ന പ്രസംഗത്തിന്റെ വൈകാരികമായ തീവ്രതയും തീക്ഷ്ണതയും കൃത്രിമബുദ്ധിക്ക് സൃഷ്ടിക്കാനാകുമോ? ജവഹർലാൽ നെഹ്‌റുവിന് അധികാരകൈമാറ്റത്തിന്റെ അർദ്ധരാത്രിയിൽ പ്രസംഗിക്കുന്നതിന് എ.ഐ സഹായം ആവശ്യമില്ലായിരുന്നു. സഹായം തേടിയിരുന്നെങ്കിലും Tryst with Destiny എന്ന പ്രസംഗം ഉണ്ടാകുമായിരുന്നില്ല. പെലപ്പനീഷ്യൻ യുദ്ധത്തിലെ വീരയോദ്ധാക്കൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് അഥീനിയൻ പൊതുസഭയിൽ പെരിക്ലിസ് നടത്തിയ പ്രഭാഷണം എ.ഐയുടെ രചനാകൗശലത്തിനപ്പുറമാണ്. അഗതാ ക്രിസ്റ്റിയുടെ നോവൽ എ.ഐ ഉപയോഗിച്ച് പുനർനിർമിക്കാം. പക്ഷേ, സവിശേഷമായ ട്വിസ്റ്റുകൾ അഗതാ ക്രിസ്റ്റിക്കു മാത്രം സ്വന്തമായി കഴിയുന്നതാണ്.
തോമസ് ഐസക്കിന്റെ ആരോപണത്തെ ധവളപത്രം തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ നിഷേധിക്കുന്നു. രഹസ്യമായിവയ്‌ക്കേണ്ട ഔദ്യോഗികവിവരങ്ങൾ അനധികൃതമായി കൈകാര്യം ചെയ്യപ്പെട്ടുവെന്ന ആക്ഷേപവുമുണ്ട്. അതൊക്കെ എ.ഐ ടൂൾ ഉപയോഗിച്ചുതന്നെ കണ്ടെത്താമല്ലോ എന്നാണ് ചന്ദ്രശേഖറിന്റെ ചോദ്യം. സാങ്കേതികത്വത്തിനപ്പുറം ഉള്ളടക്കമാണ് ചർച്ചാവിഷയമാകേണ്ടത്. അഞ്ചു ലക്ഷം കോടി രൂപയാണ് കടബാധ്യതയായി ധവളപത്രം രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 5.07 ലക്ഷം കോടി. ഇങ്ങനെയൊരു ബാധ്യതയുമായി ആരെങ്കിലും ഭരണച്ചുമതല ഏറ്റെടുക്കുമോ? പൂച്ച പെറ്റുകിടക്കുന്ന ട്രഷറിയുടെ പിൻബലത്തിൽ ഭരണമേറ്റ അന്നു മുതൽ വമ്പിച്ച ആനുകൂല്യങ്ങളുടെ പ്രഖ്യാപനം നടക്കുന്നുണ്ട്. ധവളപത്രം വെളിപ്പെടുത്തുന്ന കടം കടങ്കഥയാണെന്നും പ്രതിപക്ഷം അവകാശപ്പെടുന്ന നീക്കിയിരിപ്പ് സാങ്കല്പികമാണെന്നുമുള്ള തിരിച്ചറിവോടെ കാര്യങ്ങൾ വായിച്ചെടുക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോ യഥാർത്ഥ ഇന്റലിജൻസിനോ നമ്മെ കാര്യങ്ങൾ ശരിയായി ധരിപ്പിക്കാനാവില്ല. ലിയോ പാപ്പ മുതൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വരെ എ.ഐ എന്ന വിപദ്‌സാധ്യതയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എ.ഐ അല്ലെങ്കിൽ ചാറ്റ് ജി.പി.ടി നിർമിക്കുന്ന പ്രേമലേഖനത്തിൽ കീറ്റ്‌സും ഷെല്ലിയും ഷേക്‌സ്‌പിയറും ഉണ്ടാകും. പക്ഷേ, സാറാമ്മയ്ക്കു നൽകാൻ കേശവൻ നായർ എഴുതിയ പ്രേമലേഖനത്തിലെ പ്രേമസുരഭിലമായ യൗവനതീക്ഷ്ണത യന്ത്രത്തിന് സൃഷ്ടിക്കാനോ ആവിഷ്‌കരിക്കാനോ കഴിയില്ല. ലഭ്യമായ കണക്കുകൾ കൂട്ടിയും കിഴിച്ചും കമ്മിയും മിച്ചവും കണ്ടെത്തുന്ന എ.ഐ പ്രക്രിയയിൽ വൈകാരികതയില്ല. അതിന്റെ ആവശ്യവുമില്ല. കണക്ക് കണക്കാണ്. അതിൽ കൃത്രിമം നടത്തിയാൽ കണക്ക് വിശ്വാസ്യതയില്ലാത്ത കള്ളക്കണക്കാകും.
അടിക്കുറിപ്പ്
പിണറായി വിജയൻ നിയമസഭയിൽ നനഞ്ഞ കോഴിയാണെന്ന് അദ്ദേഹത്തിന്റെ ചൂടറിഞ്ഞിട്ടുള്ള ജി. സുധാകരൻ പറയുന്നു. പ്രതിപക്ഷനേതാവിനെ ഇപ്രകാരം അപമാനിച്ച ചേരിമാറ്റക്കാരനെതിരെ സഭയുടെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കേണ്ടതാണ്. വാഷിങ്ടണിൽ ഇന്ത്യയുടെ അംബാസഡറായിരുന്ന റോണെൻ സെൻ തലയില്ലാക്കോഴികൾ എന്ന പ്രയോഗത്തിന്റെ പേരിൽ കുഴപ്പത്തിലായ അനുഭവം നമ്മുടെ മുന്നിലുണ്ട്. പാർലമെന്റ് അംഗങ്ങളെ ഉദ്ദേശിച്ചാണ് headless chicken എന്ന പ്രയോഗം അദ്ദേഹം നടത്തിയതെന്ന് ആക്ഷേപമുണ്ടായി. ലക്ഷ്യമില്ലാതെ വാർത്തയ്ക്കുവേണ്ടി ചിക്കിച്ചികഞ്ഞു നടക്കുന്ന മാധ്യമപ്രവർത്തകരെയാണ് താൻ ഉദ്ദേശിച്ചതെന്ന് സെൻ നൽകിയ വിശദീകരണം ആർക്കും സ്വീകാര്യമായില്ല. പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റിയിൽ അംഗമായിരുന്ന ഞാൻ അദ്ദേഹത്തെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അംബാസഡർക്ക് നിരുപാധികം മാപ്പ് പറയേണ്ടിവന്നു. അതുകൊണ്ട് കോഴി അത്ര നിസ്സാര ജീവിയല്ല. എം.എൽ.എമാരെ കോഴികളെന്നും കഞ്ഞികളെന്നും വിശേഷിപ്പിച്ച ലോനപ്പൻ നമ്പാടന് താൻ ഉദ്ദേശിച്ചത് ചിക്കൻ കഴിക്കുന്ന എം.എൽ.എമാരെയാണെന്ന് വിശദീകരിക്കേണ്ടിവന്നു. കുക്കുടം എന്ന് സംസ്‌കൃതത്തിൽ പറഞ്ഞതുകൊണ്ട് സി.എച്ച്. മുഹമ്മദ് കോയയ്ക്ക് വിശദീകരണം നൽകേണ്ടിവന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates