രാജാവിനെക്കാൾ കടുത്ത രാജവാദിയായ ബിര്‍ല; ചട്ടം വിട്ട് ചാടിക്കളിക്കുന്ന സ്‌പീക്കര്‍

Lok Sabha Speaker Om Birla
Lok Sabha Speaker Om BirlaSamakalika Malayalam Weekly
Updated on

ഭയായാൽ അധ്യക്ഷൻ വേണം. ലോക്‌സഭയുടെ അധ്യക്ഷനാണ് സ്‌പീക്കർ. സഭയിലെ രണ്ടംഗങ്ങളെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറുമായി തെരഞ്ഞെടുക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 93 അനുശാസിക്കുന്നു. പക്ഷേ, ഡെപ്യൂട്ടി സ്‌പീക്കർ ഇല്ലാതെയാണ് പന്ത്രണ്ടു വർഷമായി ലോക്‌സഭ പ്രവർത്തിക്കുന്നത്. പ്രകൃതി വിളിച്ചാലും സ്‌പീക്കർക്ക് വേദി വിടാനാവില്ല. ഭരണകക്ഷിയിൽ പെടാത്തയാളിനെ ഡെപ്യൂട്ടി സ്‌പീക്കറാക്കുകയെന്ന കീഴ്‌വഴക്കം മൊറാർജി ദേശായിയുടെ കാലത്തുണ്ടായി. പ്രശംസനീയമായ പാർലമെന്ററി മര്യാദയായിരുന്നു അത്. തീരുമാനങ്ങൾ തിരുത്താനുള്ളതാണ്; കീഴ്‌വഴക്കങ്ങൾ അവഗണിക്കാനുള്ളതും. പത്തു വർഷം പ്രതിപക്ഷനേതാവില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ പാർലമെന്റ് പ്രവർത്തിച്ചു. ഇപ്പോൾ ഔദ്യോഗികമായി പ്രതിപക്ഷനേതാവുണ്ടായപ്പോൾ അദ്ദേഹം അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ആൾബലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമില്ലായിരുന്നുവെങ്കിലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി കണ്ടുകൊണ്ടാണ് നെഹ്‌റു പാർലമെന്റിനെ ബഹുമാനിച്ചത്. ഓം ബിർലയുടെ സ്വാസ്ഥ്യമില്ലായ്മയ്ക്ക് ഒരു കാരണം സഹായിയുടെ അഭാവമാണ്. ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന സ്ഥാനം ഭരണഘടനയിൽ ഇല്ലെങ്കിലും എൽ.കെ. അദ്വാനി ഉൾപ്പെടെ നമുക്ക് ധാരാളം ഉപപ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരുടെ കാര്യം പറയാനുമില്ല. കേരളം ഒഴികെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഉപമുഖ്യമന്ത്രിയുണ്ട്. നിർദേശം അനുസരിക്കാതിരിക്കുകയും നിർദേശമില്ലാത്തത് ചെയ്യുകയും ചെയ്യുകയെന്നത് രാഷ്ട്രതന്ത്രത്തിലെ വികൃതികളിലൊന്നാണ്. പക്ഷേ, അത് ഗുരുതരമായ വീഴ്‌ചയാണെന്ന് ലോക്‌സഭയിൽ സ്‌പീക്കർക്കെതിരായ നടപടികളുടെ ഘട്ടത്തിൽ തെളിഞ്ഞു. സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം സഭ ചർച്ചയ്‌ക്കെടുത്തപ്പോൾ സഭ നിയന്ത്രിക്കുന്നതിന് ചുമതലപ്പെട്ട ഡെപ്യൂട്ടി സ്‌പീക്കർ ഉണ്ടായിരുന്നില്ല.

സഭയിൽ സംസാരിക്കുന്നയാൾ എന്ന നിലയിലല്ല സ്‌പീക്കർ എന്ന പദവിയുണ്ടായത്. സഭാതീരുമാനങ്ങൾ രാജാവിനെ അറിയിക്കുന്നയാളാണ് സ്‌പീക്കർ. പാർലമെന്റിൽ രാജാവിനോ രാജാവിന്റെ ആളുകൾക്കോ പ്രവേശനമില്ലാതിരുന്ന കാലത്ത് ചരിത്രത്തിന്റെ ഉല്പന്നമായി ഉരുത്തിരിഞ്ഞതാണ് സ്‌പീക്കർ എന്ന മഹോന്നതമായ പാർലമെന്ററി പദവി. മാഗ്‌നകാർട്ടയിലെ വ്യവസ്ഥയനുസരിച്ച് പാർലമെന്റിന്റെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന വ്യക്തിയാണ് സ്‌പീക്കർ. ഇന്നും സ്‌പീക്കറുടെ ഒപ്പോടെയാണ് പാർലമെന്റിന്റെ തീരുമാനങ്ങൾ രാഷ്ട്രപതിഭവനിലേക്ക് പോകുന്നത്. സഭകളുടെ സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് സ്‌പീക്കറാണ്. ധനകാര്യബിൽ എന്ന് സ്‌പീക്കർ സാക്ഷ്യപ്പെടുത്തിയാൽ ഏത് ബില്ലും രാജ്യസഭയുടെ പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെടും. സ്‌പീക്കർ എന്ന അച്ചുതണ്ടിലാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ സുഗമമായ ഭ്രമണം. നിഷ്‌പക്ഷതയാണ് ഏത് സഭാധ്യക്ഷന്റേയും എന്നപോലെ സ്‌പീക്കറുടേയും മുഖമുദ്ര. ഭരണപക്ഷത്തിന്റെ നോമിനിയായി വന്ന ആളാണെങ്കിലും അവരോട് പ്രത്യേകമായ പ്രതിപത്തിയോ ആഭിമുഖ്യമോ ഇല്ലാതെ സഭാനടപടികൾ ക്രമപ്രകാരം നടത്തിക്കൊടുക്കുന്ന ആളാണ് സ്‌പീക്കർ. ഗവൺമെന്റിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുകയും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധനാണ് സ്‌പീക്കർ.

ലോക്‌സഭയിൽ ഏറ്റവും കുറച്ച് സംസാരിക്കുന്നയാളാണ് സ്‌പീക്കർ. പക്ഷേ, പലരും കൂടുതൽ സംസാരിക്കുന്നു. പ്രതിപക്ഷത്തെ ശാസിച്ച് തളർത്തുന്നതിനുവേണ്ടിയാണ് പലരുടേയും വാഗ്‌ധോരണി. പി.എ. സാങ്മ, മനോഹർ ജോഷി, സോമനാഥ് ചാറ്റർജി എന്നീ സ്‌പീക്കർമാർക്കൊപ്പം ഞാൻ ലോക്‌സഭയിൽ ഇരുന്നിട്ടുണ്ട്. വിലപ്പെട്ട പാർലമെന്ററി പാഠങ്ങൾ പഠിക്കാനുള്ള അപൂർവമായ അവസരമായിരുന്നു അത്. ബ്രിട്ടീഷ് പാർലമെന്റിനെയാണ് നാം മാതൃകയാക്കുന്നതെങ്കിലും പാർലമെന്ററി ജനാധിപത്യം സ്വീകരിച്ചിട്ടുള്ള മുഴുവൻ കോമൺവെൽത്ത് രാജ്യങ്ങൾക്കും മാതൃകയാകുന്ന നിലയിലാണ് നമ്മുടെ പാർലമെന്റ് പ്രവർത്തിച്ചിട്ടുള്ളത്. സഭയും സ്‌പീക്കറും തമ്മിൽ സംഘർഷത്തിലായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ സ്‌പീക്കർ ജി.വി. മാവലങ്കർ ഉൾപ്പെടെ നാല് സ്‌പീക്കർമാരെ നീക്കം ചെയ്യുന്നതിന് വിഫലമായ ശ്രമം ഉണ്ടായിട്ടുണ്ട്. നാലാമത്തെയാളാണ് ഓം ബിർല. രാജാവിനെക്കാൾ കടുത്ത രാജവാദിയാണ് സ്‌പീക്കറാകുന്നതിനു മുന്‍പ് നമുക്ക് കേട്ടുപരിചയമില്ലാത്ത ബിർല. നമുക്ക് പരിചയമുള്ള ബിർലയാകട്ടെ, ഇടതുപക്ഷ മുദ്രാവാക്യങ്ങളിൽ അനഭിമതമായ പേരായിരുന്നു. ബൽറാം ‌ഝാക്കർക്കൊപ്പം വിസ്‌മൃതിയിലേക്ക് പോകേണ്ടയാളാണ് ഓം ബിർല.

VB-G RAM G Bill
VB-G RAM G Bill in LoksabhaSamakalika Malayalam Weekly

കൊച്ചിയിലെ പരിപാടിയിൽ എറണാകുളം എം.പിയെ കണ്ടപ്പോൾ പാർലമെന്റിൽ പോകുന്നില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു. പാർലമെന്റിൽ പോകാത്ത പ്രധാനമന്ത്രി എം.പിയെ തിരിച്ചറിഞ്ഞത് വിസ്മയമായി. കോൺഗ്രസ് എം.പിയെ ബിർല സസ്‌പെൻഡ് ചെയ്ത് പുറത്തുനിർത്തിയിരിക്കുകയാണ്. ക്ലാസ്സിൽ കയറാത്ത കുട്ടി അങ്ങാടിയിൽ ചുറ്റിക്കറങ്ങുന്നതുപോലെ സഞ്ചാരത്തിലാണ് പ്രധാനമന്ത്രി. പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ മോദി ലോക്‌സഭയിലെത്താതിരുന്നത് സ്‌പീക്കറുടെ സുരക്ഷാമുന്നറിയിപ്പ് കൊണ്ടാണത്രേ. കൊച്ചിയിലെ തുരുത്തിയിലേക്ക് ആരെയെങ്കിലും പിടിക്കാനെത്തുന്ന പൊലീസിനെ ലജ്ജിപ്പിച്ച് പിന്തിരിപ്പിക്കുന്നതിന് മുണ്ടുപാലം എന്നറിയപ്പെടുന്ന പാലത്തിൽ സ്ത്രീകൾ പണ്ട് നടത്തിയിരുന്നതായി പറയപ്പെടുന്ന കലാപരിപാടിക്ക് സമാനമായി എന്തോ ഒന്ന് ലോക്‌സഭയിലെ കോൺഗ്രസ് വനിതകൾ ആലോചിക്കുന്നുവെന്ന് ഓം ബിർല അറിയിച്ചതിനെ തുടർന്നാണത്രേ നൈഷ്ഠിക ബ്രഹ്മചാരിയായ പ്രധാനമന്ത്രി അന്ന് ലോക്‌സഭയിലെത്താതിരുന്നത്. കേട്ടതു ശരിയാണെങ്കിൽ ആ ഒറ്റക്കാര്യം കൊണ്ടുതന്നെ ബിർല സ്‌പീക്കറുടെ കസേരയിലിരിക്കാൻ അയോഗ്യനാകുന്നു. പാർലമെന്റിന്റെ പ്രാരംഭത്തിൽ ഹിന്ദു സന്ന്യാസിമാർ നൽകിയതും നെഹ്‌റു തിരസ്‌കരിച്ചതുമായ ചെങ്കോൽ പുതിയ മന്ദിരത്തിൽ സ്‌പീക്കറുടെ വേദിക്കു സമീപം മോദി സ്ഥാപിച്ചിട്ടുണ്ട്. ഏല്പിക്കപ്പെട്ട അധികാരസ്ഥാനങ്ങളുടെ പരിമിതിയെക്കുറിച്ചുള്ള മുന്നറിയിപ്പാണത്. കലിഗുള സ്വന്തം കുതിരയെ ആണ് കൊട്ടാരത്തിനകത്ത് നിർമിച്ച വെണ്ണക്കൽ ലായത്തിൽ കൊട്ടാരവാസികളുടെ വണക്കത്തിനുവേണ്ടി പ്രദർശിപ്പിച്ചിരുന്നത്. ചക്രവർത്തിയുടെ ഉപദേഷ്ടാവ് എന്ന ഔദ്യോഗിക പദവി കുതിരയ്ക്കുണ്ടായിരുന്നു.

നിഷ്‌പക്ഷതയാണ് സ്‌പീക്കറുടെ പ്രധാനപ്പെട്ട ഗുണം. അതുണ്ടെങ്കിൽ എല്ലാമായി. ഭരണകക്ഷിയുടെ നോമിനിയായി സ്‌പീക്കർ പദവിയിലേക്ക് ഉയർത്തപ്പെടുന്നയാളാണെങ്കിലും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്നാണ് ആ കസേരയിൽ അദ്ദേഹത്തെ ഉപവിഷ്ടനാക്കുന്നത്. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയം അവസാനിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചാൽ എതിരില്ലാതെ തെരഞ്ഞെടുക്കുകയെന്ന കീഴ്‌വഴക്കം ബ്രിട്ടനിലുണ്ട്. രാഷ്ട്രീയഭേദം വിട്ടുള്ള നിഷ്‌പക്ഷതയ്ക്കുള്ള പ്രതിഫലമാണത്. നമ്മുടെ നാട്ടിൽ അങ്ങനെ അധികം കീഴ്‌വഴക്കങ്ങളില്ല. അതുകൊണ്ട്, ബിർല മാത്രമല്ല, സ്‌പീക്കർമാർ പൊതുവെ സഭയിലെത്തുമ്പോൾ രാഷ്ട്രീയത്തിന്റെ തൊപ്പിയും കുപ്പായവും ഊരിവയ്ക്കുന്നില്ല. നമ്മുടെ സ്‌പീക്കർമാർ ഇനിയും അവസാനിച്ചിട്ടില്ലാത്ത രാഷ്ട്രീയഭാവി മുന്നിൽ കണ്ടുകൊണ്ട് രാഷ്ട്രീയബന്ധങ്ങളുടെ വലക്കണ്ണികൾ പൊട്ടാതെ സൂക്ഷിക്കുന്നു.

സ്‌പീക്കറെന്ന നിലയിൽ കേരള നിയമസഭയിൽ എ.സി. ജോസ് നേരിട്ട പ്രതിസന്ധി ബിർല നേരിടുന്നില്ല. സ്‌പീക്കറെക്കൂടാതെ 140 അംഗങ്ങളുള്ള സഭ സമം സമം വിഭജിതമായപ്പോൾ ജോസിന് തന്റെ രാഷ്ട്രീയനിലപാടനുസരിച്ച് കാസ്റ്റിങ് വോട്ട് ചെയ്ത് മന്ത്രിസഭയെ നിലനിർത്തേണ്ടിവന്നു. അങ്ങനെയുള്ള അതിജീവന പ്രശ്‌നങ്ങളൊന്നും ബിർലയ്ക്കില്ല. പിന്നെ എന്തിനാണ് പേരുദോഷമുണ്ടാക്കുംവിധം അൺപാർലമെന്ററിയായി അദ്ദേഹം സഭയിൽ പെരുമാറുന്നത്. ഗവർണർമാർ ചട്ടം വിട്ട് ചാടിക്കളിക്കുന്ന കളിക്കളത്തിൽ സ്‌പീക്കറും ഇറങ്ങിക്കളിക്കുന്ന കാഴ്ചയാണ് കാണുന്നത്. പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ അടിസ്ഥാനങ്ങൾ ദുർബലപ്പെടുത്തുന്നതിനുള്ള വലിയ പദ്ധതിയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com