ശരീരത്തെക്കുറിച്ചുള്ള എല്ലാ പരാമർശവും ദേഹനിന്ദയാകുമോ? വാക്കുകള്‍ മുറിവുകളാകുമ്പോള്‍
പുരുഷനോട് ശമ്പളവും സ്ത്രീയോട് പ്രായവും ചോദിക്കരുതെന്നാണ് പണ്ടേയുള്ള മുന്നറിയിപ്പ്. ഉടമകൾ പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത രഹസ്യമാണ് രണ്ടും. നിർബന്ധമുണ്ടായാൽ പുരുഷന്മാർ കൂട്ടിപ്പറയും; സ്ത്രീകൾ കുറച്ചുപറയും. മഞ്ജു വാരിയരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിൽ ചോദ്യം കഥാപാത്രത്തോടായതിനാൽ പ്രശ്‌നമുണ്ടായില്ല. പ്രായം മാത്രമല്ല, തൂക്കവും അന്വേഷണപരിധിക്കു പുറത്താണ്. വാർത്താസമ്മേളനത്തിൽ നടിയുടെ ശരീരഭാരത്തെ അടിസ്ഥാനമാക്കി നടനോട് ചോദ്യം ചോദിച്ച യുട്യൂബർ ദേഹനിന്ദ നടത്തിയെന്നാണ് ആക്ഷേപമുണ്ടായത്. ആയുധംകൊണ്ടുള്ള മുറിവിനെക്കാൾ വേദനാജനകവും ചിലപ്പോൾ മാരകവുമാണ് വാക്കുകൊണ്ടുള്ള മുറിവ്. പെട്ടെന്ന് മുറിയുന്നത് വികാരമാണ്. മതവികാരമാണെങ്കിൽ മുറിവ് വ്രണമാകും. പൊട്ടിയൊലിക്കുന്ന വ്രണം ദുർഗന്ധത്തിനു കാരണമാകും. അതുകൊണ്ടാണ് ആരുടേയും വികാരം വ്രണപ്പെടുത്തരുതെന്ന് പറയുന്നത്. വ്യക്തിയുടെ അന്തസ് ഭരണഘടനയുടെ പീഠികയിൽ പ്രഘോഷിക്കുന്ന മൂല്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ അത് പരിരക്ഷ അർഹിക്കുന്നു. വാക്കാലും പ്രവൃത്തിയാലും നിന്ദിക്കപ്പെടാതിരിക്കുകയെന്നത് പരിരക്ഷിക്കപ്പെടുന്ന അന്തസ്സിന്റെ ഭാഗമാണ്. ശ്രേഷ്ഠാദ്ധ്യാപികയിൽനിന്ന് ജാത്യാധിക്ഷേപമുണ്ടായെന്നാണ് കേരള സർവകലാശാലയിലെ ഗവേഷകവിദ്യാർത്ഥിയുടെ പരാതി. ജാതിനിന്ദയും അന്തസ്സിന്റെ നിഷേധവും ലംഘനവുമാണ്.
ശരീരത്തെക്കുറിച്ചുള്ള എല്ലാ പരാമർശവും ദേഹനിന്ദയാകുമോ? പെൺകുട്ടികൾ കടന്നുപോകുമ്പോൾ ആൺകുട്ടികൾ പല പരാമർശവും നടത്താറുണ്ട്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും. അത് അപ്രീസിയേഷനാണ്; നിന്ദിക്കലല്ല. തടിച്ചി എന്ന വിളി നിന്ദയാണ്. സ്ഥൂലപ്രകൃതമുള്ള സ്ത്രീ എന്ന് സംസ്‌കൃതത്തിൽ പറഞ്ഞാൽ പ്രതികരണത്തിന് സമയമെടുക്കും. തന്ത എന്ന വിളി നമുക്ക് പിതൃനിന്ദയാണെങ്കിൽ തമിഴർ പെരിയോറിനെ മുതൽ സ്വന്തം പിതാവിനെ വരെ ആരാധ്യമായി വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണത്. ഇടവേളയ്ക്കുശേഷം കാണുന്ന മകളോട് നീയങ്ങ് മെലിഞ്ഞുപോയല്ലോ എന്ന് ആകുലപ്പെടുന്ന അമ്മായിമാരും അമ്മമാരും നടത്തുന്നത് ദേഹനിന്ദയല്ല. അല്ലേ എന്നു ചോദിച്ചാൽ അതേ എന്നു പറയേണ്ടിവരും. വാത്സല്യത്തെക്കാൾ മറ്റു ചില പരിഗണനകളാണ് ആകുലതയുടെ പിന്നിലുള്ളത്. ദേഹനിന്ദയെക്കാൾ കടുപ്പമാണ് ദേശനിന്ദ. ഒരു തമിഴ്‌നാട് ലോറി കാണുമ്പോൾ പാണ്ടി എന്ന് മനസ്സിൽ വരുന്നത് പ്രകീർത്തിതമായ പാണ്ഡ്യസാമ്രാജ്യത്തെ അനുസ്മരിച്ചുകൊണ്ടാവില്ല.
എല്ലാ രാജ്യങ്ങളിലും സമാനമായ അവസ്ഥകൾ ഉണ്ടാകുന്നുണ്ട്. അമേരിക്കയിൽ നീഗ്രോ എന്ന പ്രയോഗം ഇപ്പോൾ സ്വീകാര്യമല്ല. ആഫ്രോ-ഏഷ്യൻ എന്നതാണ് അഭിലഷണീയമായ വിശേഷണം. ബ്ലാക്ക് എന്ന വിളി സ്വീകാര്യമാണ്. അമേരിക്കയിലെ മലയാളികൾ ആഫ്രോ-അമേരിക്കൻ വംശജരെ കറുമ്പൻ എന്നാണ് ‘ശരിയായി’ വിളിക്കുന്നത്. നടൻ സിഡ്‌നി പൊയ്റ്റിയറും ബോക്‌സർ മുഹമ്മദലിയും മാർട്ടിൻ ലൂഥർ കിങ്ങും പുരുഷസൗന്ദര്യത്തിന്റെ കറുപ്പിൽ വരച്ച മാതൃകാചിത്രങ്ങളാണ്. ഓപ്ര വിൻഫ്രി എന്ന ടെലിവിഷൻ അവതാരകയുടെ ശരീരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും അത് നമ്മുടെ നാട്ടിൽ ഗുരുതരമായ ദേഹനിന്ദയായി കണക്കാക്കപ്പെടും. എന്നാൽ, ആഫ്രോ-ഏഷ്യൻ വംശജരോട് നീതിപൂർവകമായ സമീപനം പ്രകടിപ്പിക്കാത്ത അമേരിക്കയിൽ വരുമാനത്തിലും സ്വാധീനത്തിലും ഈ കറുത്തു തടിച്ച സ്ത്രീ വിരമിക്കുംവരെ ഒന്നാം സ്ഥാനത്തായിരുന്നു.
വർത്തമാനത്തിൽ അവശ്യം വേണ്ടതായ ജാഗ്രതയുടെ പരിധി വർദ്ധിപ്പിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഹാനികരമായിത്തീരും. ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെങ്കിൽ കലയും കലാകാരിയുമില്ല എന്ന സത്യം ഗൗരിയും കിട്ടിയ അവസരം ഉപയോഗിച്ച് ഒരു യുട്യൂബറെ ഒതുക്കാമെന്നു കരുതുന്ന ചാനലുകളും അറിഞ്ഞിരിക്കണം. മാപ്പിൽ തൃപ്തി പോരാത്ത അമ്മ അധ്യക്ഷയുടെ നിലപാടിലും പ്രശ്‌നമുണ്ട്. സ്വന്തം ശരീരം തനിക്കു സ്വന്തമെന്ന ശരിയായ പ്രഖ്യാപനം നടത്തുമ്പോഴും കാഴ്ച പ്രതികരണത്തിനു കാരണമാകുമെന്ന അരിസ്റ്റോട്ടിലിന്റെ കാലം മുതൽക്കുള്ള ആസ്വാദനതത്ത്വം അപ്രസക്തമാക്കരുത്. ആസ്വാദനത്തിനായി അവതരിപ്പിക്കപ്പെടുന്നതെന്തും വിലയിരുത്തലിനു വിധേയമാണ്. വിമർശനപരമായ വിലയിരുത്തൽ അപകീർത്തിക്ക് കാരണമാകുന്നില്ലെന്ന് ഭാരതീയ ന്യായസംഹിത പറയുന്നത് ഇക്കാരണത്താലാണ്. പാലാട്ട് കോമനായി വെള്ളിത്തിരയിലെത്തിയ സത്യന്റെ പ്രായത്തേയും ദേഹപ്രകൃതത്തേയും അടിസ്ഥാനമാക്കി എഴുതിയ സിനിമാനിരൂപണത്തിന്റെ പേരിൽ സിനിക്കിനൊപ്പം പത്രാധിപർ കെ.പി. കേശവമേനോനും കോടതി കയറേണ്ടിവന്നെങ്കിലും നിയമം അവർക്ക് അനുകൂലമായിരുന്നു. അക്കാലത്ത് ദേഹനിന്ദ എന്ന കുറ്റം രൂപപ്പെട്ടിരുന്നില്ല.
വേദിയിലെ ഔപചാരികമായ പ്രദർശനമോ അവതരണമോ മാത്രമല്ല, വിമർശനത്തിനും വിലയിരുത്തപ്പെടലിനും വിധേയമാകുന്നത്. തെരുവിലെ നടപ്പും കാണികളെ ആകർഷിക്കും. ആകർഷിക്കപ്പെടുന്നവർ അഭിപ്രായം പറയും. കന്യാസ്ത്രികളും പർദാധാരിണികളും ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. സഭാവസ്ത്രത്തിലും സൗന്ദര്യം കാണുന്നവരുണ്ട്. കാണിക്കപ്പെടുന്ന രണ്ടു കണ്ണുകളിൽ മാത്രം ആകൃഷ്ടരാകുന്ന ആരാധകരുണ്ട്. ഉഭയസമ്മതം എല്ലാറ്റിനുമുള്ള ലൈസൻസാണെങ്കിൽ പ്രഥമദർശനം മുതൽ ഘട്ടങ്ങൾ പലത് പിന്നിടാനുണ്ട്. അവിടെയൊക്കെ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അശുഭകരമായ അവസ്ഥയാണ്. കുലസ്ത്രീയാണെങ്കിലും തെരുവിലിറങ്ങിനിന്നാൽ വഴിപോക്കരുടെ വാക്കും നോട്ടവും നേരിടേണ്ടിവരും. കോടതികളുടെ പ്രവർത്തനവും പ്രസ്താവവും സമൂഹത്തിന്റെ വിലയിരുത്തലിനു വിധേയമാണെന്ന തത്ത്വം ആവിഷ്‌കരിച്ചുകൊണ്ടാണ് അകമുറ്റത്തെ സ്‌ത്രീത്വമല്ല നീതി (Justice is not a cloistered virtue) എന്ന പ്രസ്താവന ലോർഡ് ആറ്റ്കിൻ നടത്തിയത്. പറയാനുള്ളവർ പറയട്ടെ, കോടതികൾ അത് കേൾക്കണം എന്നു പറഞ്ഞ ആറ്റ്കിൻ പ്രഭു ഒന്നുകൂടി പറഞ്ഞു: “വഴിപോക്കരോടെല്ലാം കലഹിക്കുകയും വഴിയിൽ കേൾക്കുന്നതിനോടെല്ലാം ആക്രോശത്തോടെ പ്രതികരിക്കുകയും ചെയ്യുന്നത് ധർമനിഷ്ഠയുള്ള സ്ത്രീകൾക്ക് ചേർന്നതല്ല. തല്‍ക്ഷണമുള്ള പ്രതികരണം തന്നെയാണ് മികച്ച പ്രതിരോധം. ഉരുളയ്ക്കുപ്പേരി എന്ന ശൈലിയുടെ പ്രയോഗസാധ്യത വിപുലമാണ്. അത് സാധ്യമായാലും ഇല്ലെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് ഉടമയ്ക്ക് മതിപ്പുണ്ടാകണം. ആത്മവിശ്വാസത്തിൽനിന്നാണ് അതുണ്ടാകേണ്ടത്. വിജിഗീഷുവായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഉയരം 1.69 മീറ്ററായിരുന്നു. നാലിഞ്ച് കുറച്ച് 1.57 മീറ്റർ എന്നു കണക്കാക്കുന്നവരുമുണ്ട്. ഏതായാലും ഫ്രെഞ്ച് നിലവാരത്തിൽ നെപ്പോളിയൻ കുള്ളനായിരുന്നു. സോറി, കുള്ളൻ എന്ന വിശേഷണം ദേഹനിന്ദയായി കണക്കാക്കപ്പെടും. പക്ഷേ, ഈ ചെറിയ മനുഷ്യൻ അവിസ്മരണീയമായ പടയോട്ടമാണ് യൂറോപ്പിലൂടെ നടത്തിയത്. വേണമെങ്കിൽ നമുക്ക് നമ്മുടെ ലാൽ ബഹാദൂർ ശാസ്ത്രിയെക്കൂടി ഓർമിക്കാം. ടെലിവിഷന്റെ ആവിർഭാവത്തിനു മുന്‍പ് തിയേറ്ററുകളിൽ ഫിലിംസ് ഡിവിഷന്റെ ന്യൂസ്റീലിൽ ഉയരം കുറഞ്ഞ പ്രധാനമന്ത്രിയെ കാണുമ്പോൾ പരിഹാസച്ചിരി നിറയുമായിരുന്നു. ആജാനുബാഹുവായ അയൂബ് ഖാനെ അതിർത്തിയിൽ മലർത്തിയടിച്ച് ഇന്ത്യയുടെ അഭിമാനത്തെ ഹിമാലയത്തോളമുയർത്തിയ ശാസ്ത്രി എന്ന കുറിയ മനുഷ്യനെ യുദ്ധാനന്തരം സ്‌ക്രീനിൽ കണ്ടപ്പോൾ കൊട്ടകകൾ ഭേദിക്കുമാറ് ജനം എഴുന്നേറ്റുനിന്ന് ഹർഷാരവം മുഴക്കി. അതേ, അതായിരുന്നു standing ovation.
അതുകൊണ്ട് അളവിന്റേയും തൂക്കത്തിന്റേയും പേരിൽ അവമതിക്കപ്പെടുന്നുവെന്ന് തോന്നുമ്പോൾ സക്കേവൂസിനെപ്പോലെ ആഹ്ലാദിക്കുക. നിങ്ങളുടെ ഭവനത്തിലേക്ക് നിങ്ങളുടെ അതിഥിയായി വലിയൊരാൾ വരുന്നുണ്ട്. ശരീരത്തിന്റേയും മനസ്സിന്റേയും അളവുകൾ വ്യത്യസ്തമായ അളവുകോൽ ഉപയോഗിച്ച് പുനർനിർണയിക്കപ്പെടും. അഴകളവുകൾ ജീവിതത്തിന്റെ അളവുകളുമായി പൊരുത്തപ്പെടണമെന്നില്ല. ശരിയായ അളവ് വലിയ ചാരിതാർത്ഥ്യത്തിനു കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

