തൊഴിലാളികളെ ചട്ടം പഠിപ്പിക്കാനോ തൊഴിൽ ചട്ടങ്ങൾ
തൊഴിലാളി സംഘടനകളുടെ പേരിനുള്ള പ്രതിഷേധങ്ങൾക്കപ്പുറം രാജ്യം ഇളകിമറിഞ്ഞില്ലെങ്കിലും 29 തൊഴിൽ നിയമങ്ങൾ നാല് തൊഴിൽ ചട്ടങ്ങളിലേക്ക് ചുരുക്കുന്നതിലെ വിപത്തിന്റെ ആഴം പറഞ്ഞാൽ തീരില്ല.
പാർലമെന്റ് പാസ്സാക്കിയ നിയമഭേദഗതി കഴിഞ്ഞ ദിവസം വിജ്ഞാപനമായപ്പോൾ പ്രതിഷേധങ്ങൾ ഉയർന്നു എന്നതു സത്യം; അത് തുടരാനുമിടയുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം മതിയായേക്കുകയില്ല. നിന്ന നിൽപ്പിൽ വിവിധ മേഖലകളിലെ തൊഴിലാളികൾ അനാഥരായി മാറി; അതാണ് സത്യം. നിരന്തര പ്രക്ഷോഭം വേണം എന്ന വികാരം ശക്തം.
കേരള സർക്കാർ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്; രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ പ്രതിഷേധത്തിലുമാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്തിയ സംയുക്ത പ്രതിഷേധം തുടക്കം മാത്രമാണെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു. നിയമത്തിൽനിന്നു ചട്ടങ്ങളിലേക്കുള്ള മാറ്റം രാജ്യത്താകെ 450 ദശലക്ഷം തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിയമങ്ങൾ നിർബന്ധമായി നടപ്പാക്കപ്പെടേണ്ടവയും ചട്ടങ്ങൾ അഥവാ സംഹിതകൾ നോക്കുകുത്തി മാത്രവുമാണ്. അതൊരു ഒറ്റവരിപ്പറച്ചിൽ മാത്രമാണ്. എങ്കിലും അതിനപ്പുറം ആഴവും പരപ്പുമുണ്ട് ഈ മാറ്റത്തിന്. “ഇടപെടാനും ചോദ്യം ചെയ്യാനും ആരുമില്ലാത്ത കൂലിയടിമത്വത്തിലേക്ക് തൊഴിലാളികൾ ചെന്നു വീണിരിക്കുന്നു. എണീറ്റു നിൽക്കാൻ പാടാണ് ഇനി. വ്യവസായ മേഖലയിൽ നിയമനങ്ങൾ തോന്നുംപടിയായി മാറുകയും ആരെയും എപ്പോഴും പറഞ്ഞുവിടാൻ കഴിയുന്ന സ്ഥിതി വരികയും ചെയ്യും. ഇനി ഇത് ’90-കളിലെ ആശങ്കയല്ല; തലയ്ക്കുമുകളിലെ പേടിയുടെ വാൾ മാത്രവുമല്ല. ദൈനംദിന ജീവിതത്തിലെ യാഥാർത്ഥ്യമാണ്. തൊഴിലുടമകളുടെ പരിഗണനയിൽ ഒരിടത്തും തൊഴിലാളിയും അവരുടെ കുടുംബവും അവരെന്ന മനുഷ്യരും ഉണ്ടാകാതെ വരികയും ലാഭം മാത്രമാണ് പരിഗണന എന്നത് സമ്പൂർണമാവുകയും ചെയ്തിരിക്കുന്നു. ഇത് തൊഴിലാളികളേയോ അവരെ ആശ്രയിച്ചു ജീവിക്കുന്നവരേയോ മാത്രമല്ല, രാജ്യത്തെയാകെയാണ് ദുർബലപ്പെടുത്തുക എന്ന് കാര്യവിവരത്തോടെ ഈ മാറ്റം പഠിച്ചവർ മുന്‍പേ പറഞ്ഞതാണ്” വളരെ മുന്‍പു തന്നെ ഇതിനേക്കുറിച്ചു എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. പത്മനാഭൻ പറയുന്നു. മാധ്യമപ്രവർത്തകരുടെ യൂണിയനെ വർഷങ്ങളോളം നയിച്ച മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കൂടിയാണ് പത്മനാഭൻ. തൊഴിൽ മേഖലയിലെ സമഗ്ര പരിഷ്കരണങ്ങൾക്കുള്ള തുടക്കം എന്നാണ് കേന്ദ്ര സർക്കാരിന്റേയും ബി.ജെ.പി നേതൃത്വത്തിന്റേയും വിശദീകരണം. തൊഴിലാളികൾക്ക് സാർവത്രിക, സാമൂഹിക സുരക്ഷാ പരിരക്ഷ, എല്ലാ ജീവനക്കാർക്കും നിർബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിത ശമ്പള വിതരണം എന്നിവ ഉറപ്പു വരുത്തുന്നതുമാണ് തൊഴിൽ ചട്ടങ്ങൾ എന്ന് വാദിക്കുകയും ചെയ്യുന്നു. നാല് പുതിയ തൊഴിൽ കോഡുകൾ ഏകപക്ഷീയമായി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രത്തിനു കത്തയച്ച തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തുന്നു. “ഇത് അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് കേന്ദ്രം കൊണ്ടുവന്ന പുതിയ വിജ്ഞാപനം തൊഴിലാളികളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ബലികഴിച്ചുകൊണ്ടുള്ള ഒരു പരിഷ്കാരവും അംഗീകരിക്കാനാവില്ല.”
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായിട്ടും സംസ്ഥാന സർക്കാരുകളുമായോ ട്രേഡ് യൂണിയനുകളുമായോ ചർച്ച ചെയ്യാതെയാണ് കേന്ദ്രം തീരുമാനം എടുത്തതെന്ന് ഐ.എൻ.ടി.യു.സി ചൂണ്ടിക്കാണിക്കുന്നു. തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ കോഡുകൾ എന്ന് എ.ഐ.ടി.യു.സി, നിലവിലെ രൂപത്തിൽ കോഡുകൾ നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.ഐ.ടി.യു തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ അടിച്ചേല്പിക്കുകയാണ് കേന്ദ്ര ഗവൺമെന്റ് എന്നു ചൂണ്ടിക്കാട്ടി കേരള പത്രപ്രവർത്തക യൂണിയനും ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും കരിദിനം ആചരിച്ചു. 1955-ലെ വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇല്ലാതാക്കി വേജ് ബോർഡടക്കമുള്ള മാധ്യമ മേഖലയിലെ എല്ലാ തൊഴിൽ സുരക്ഷയും തകർക്കുന്നതാണ് പുതിയ ലേബർ കോഡുകളെന്നാണ് വിമർശനം. പുതിയ തൊഴിൽ കോഡ് മിനിമം വേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണ് എന്ന് സംയുക്ത കിസാൻ മോർച്ച കാര്യകാരണസഹിതം ചൂണ്ടിക്കാട്ടുന്നു. “90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്. ഈ ചട്ടങ്ങളുടെ പരിധിയിൽ അവർ വരില്ല. ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതിനും സമരം ചെയ്യുന്നതിനുമുള്ള അവകാശം കവർന്നെടുക്കുകയാണ് ഈ ചട്ടങ്ങൾ. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട എട്ടു മണിക്കൂർ ജോലി സമയം 12 മണിക്കൂറായി വർധിപ്പിച്ചു.” സംസ്ഥാനങ്ങളേയും തൊഴിലാളി സംഘടനകളേയും വിശ്വാസത്തിലെടുത്ത് സുതാര്യമായ ചർച്ചകൾ നടത്തണം എന്ന പൊതുവികാരമാണ് എതിർക്കുന്നവരെല്ലാം പ്രകടിപ്പിക്കുന്നത്.
മാറ്റം
വേതനച്ചട്ടം (കോഡ് ഓഫ് വേജസ്) 2019, വ്യവസായബന്ധചട്ടം (ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്) 2020, സാമൂഹിക സുരക്ഷാചട്ടം (കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി) 2020, ജോലി സുരക്ഷ, ആരോഗ്യം, പ്രവർത്തന സാഹചര്യം എന്നിവ സംബന്ധിച്ച ചട്ടം (ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ്) 2020 എന്നിവയാണ് ചട്ടങ്ങൾ. നിലവിലെ 29 തൊഴിൽ നിയമങ്ങളാണ് ഏകീകരിക്കുന്നതും തൊഴിൽ കോഡുകളാക്കുന്നതും.
സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റ് ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളുടെ ഭാഗമാണ്. ഇ.എസ്.ഐ പരിരക്ഷയ്ക്ക് രാജ്യവ്യാപക പ്രാബല്യമുണ്ടാകും. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന സമഗ്രവും പുരോഗമനപരവുമായ പരിഷ്കരണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശേഷണം.
പക്ഷേ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും തൊഴിലാളിവിരുദ്ധ നടപടികളിൽപ്പെട്ടത് എന്നാണ് ഈ മാറ്റത്തേയും അതിനു പിന്നിലെ രാഷ്ട്രീയ ഉള്ളടക്കത്തേയും വിമർശകർ വിശേഷിപ്പിക്കുന്നത്. ഈ വിമർശനങ്ങൾക്ക് ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനോടുള്ള രാഷ്ട്രീയ വിയോജിപ്പിന് അപ്പുറം കനമുണ്ടുതാനും. പ്രത്യേക തൊഴിൽ നിയമങ്ങൾക്കു പകരം വന്ന കോഡുകൾ സമഗ്രം എന്നു പറയുമ്പോഴും അവയുടെ അടിസ്ഥാന സ്വഭാവം തൊഴിലാളിവിരുദ്ധം എന്ന വിമർശനത്തെ ഫലപ്രദമായി ചെറുക്കാൻ ന്യായീകരണ പക്ഷത്തിനു കഴിയുന്നില്ല. തൊഴിലുടമകൾക്ക് സ്വീകാര്യവും പ്രിയങ്കരവുമാണ് ചട്ടങ്ങളുടെ സ്വഭാവം.
രാജ്യത്തെ തൊഴിൽ മേഖല അതിരൂക്ഷമായ തൊഴിലാളിവിരുദ്ധ സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴാണ് അത് കൂടുതൽ മോശമാക്കുന്ന ചട്ടങ്ങൾ തലയിൽ വന്നുവീഴുന്നത്. അസംഘടിത തൊഴിലുകൾ, ശമ്പളമില്ലായ്മയും വെട്ടിച്ചുരുക്കലും വൈകലും പതിവാകുന്ന സ്ഥിതി തുടങ്ങി പലതും ഈ സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. അതേസമയം, ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തൊഴിൽ വിപണിയെ അവർ സ്വന്തം ഇഷ്ടത്തിനൊപ്പിച്ച് പരുവപ്പെടുത്തി നശിപ്പിച്ചതിന്റെ തുടർച്ച തടയാനാണ് മാറ്റം എന്ന വാദം ബദലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്) പ്രൊഫ. വിനോദ് എബ്രഹാം ഈ വാദത്തിന്റെ പ്രചാരകരിലൊരാളാണ്. “ബലപ്രയോഗം, അതികഠിനമായ തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളികൾക്ക് അവകാശമില്ലായ്മ എന്നിവയാൽ അടയാളപ്പെടുത്തിയ കൊളോണിയൽ കാലത്തെ ചൂഷണപരമായ തൊഴിലിടങ്ങളുടെ ഓർമയിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തൊഴിൽ നിയമങ്ങളെല്ലാം വാർത്തെടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തരം ചൂഷണങ്ങൾ ആവർത്തിക്കാതിരിക്കാനും പുതിയ രാജ്യത്തിന്റെ തൊഴിൽ ബന്ധങ്ങളിൽ അന്തസ്സും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആദ്യകാല തൊഴിൽ നിയമങ്ങൾ. എന്നാൽ, കാലക്രമേണ ഈ നിയമങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. വേതനം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സുരക്ഷ, കുടിയേറ്റത്തൊഴിലാളികൾ, കരാർത്തൊഴിലാളികൾ, ഫാക്ടറി സുരക്ഷ എന്നിങ്ങനെയുള്ളവയെ സംബന്ധിക്കുന്ന നിയമങ്ങൾ നടപ്പാക്കാൻ പോയിട്ട് മനസ്സിലാക്കാൻ തന്നെ ബുദ്ധിമുട്ടുള്ളതായി മാറി” -പ്രൊഫ. വിനോദ് എബ്രഹാം എഴുതുന്നു. “ഈ സങ്കീർണ നിയന്ത്രണ സംവിധാനം കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽനിന്നും വളർച്ച നേടുന്നതിൽനിന്നും സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധരും നയരൂപീകരണ കർത്താക്കളും ഏറെക്കാലമായി വാദിച്ചിരുന്നു. കർശന തൊഴിൽ നിയമങ്ങളും ജോലി സാധ്യതയുടെ വളർച്ചയും ഉയർന്ന മൂലധന കേന്ദ്രീകരണവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. അതേസമയം ദുർബലമായ നിയമനിർവഹണം കാരണം തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ ഈ നിയമങ്ങൾ പരാജയപ്പെട്ടു. പേപ്പറിൽ ശക്തവും പ്രയോഗത്തിൽ അപൂർണവും എന്ന വൈരുധ്യാത്മക ഫലമാണ് ഇതു സൃഷ്ടിച്ചത്. തല്‍ഫലമായി ധാരാളം തൊഴിലാളികൾക്ക് ഗത്യന്തരമില്ലാതെ അരക്ഷിതാവസ്ഥയുള്ള ജോലികളിൽ തുടരേണ്ടിവന്നു.” ഈ പശ്ചാത്തലത്തിലാണ് നിലവിലെ തൊഴിൽ കോഡുകളെ വിലയിരുത്തേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
താൽക്കാലിക ജീവനക്കാർക്കും സ്ഥിരം ജീവനക്കാർക്കും തുല്യമായ വേതനവും മറ്റെല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്നത് പുതിയ കോഡുകളുടെ സവിശേഷതയായി ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള നേട്ടങ്ങളുടെ പട്ടികയിൽ അതുമാത്രമല്ല ഉള്ളത്. നിശ്ചിത കാലത്തേക്കു മാത്രം നിയമിക്കുന്ന കരാർത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ, സ്ഥിരം ജീവനക്കാർക്കു തുല്യമായ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷയും സ്ത്രീത്തൊഴിലാളികൾക്ക് ലിംഗവിവേചനത്തിൽനിന്നു പൂർണ സംരക്ഷണം, തുല്യജോലിക്ക് തുല്യ വേതനം. അതേസമയം, 2013-ൽ പാർലമെന്റ് പാസ്സാക്കിയ ‘പോഷ്’ (ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം തടയൽ, നിരോധനം, പരിഹാരം) നിയമം കർക്കശമാക്കിയ തൊഴിൽ സ്ഥലത്തെ പരാതി പരിഹാര സമിതികളും അതിലെ നിർബന്ധിത വനിതാ പ്രാതിനിധ്യവും വലിയ കാര്യംപോലെ ഇപ്പോൾ ഇതുമായി ബന്ധപ്പെടുത്തി പറയുകയും ചെയ്യുന്നു. യുവ തൊഴിലാളികൾക്ക് മിനിമം വേതനമാണ് മറ്റൊരു വാഗ്ദാനം അഥവാ പ്രലോഭനം. അവർക്കെല്ലാം നിയമനക്കത്തുകൾ നൽകുമെന്നതും മഹാകാര്യമായി വിശദീകരിക്കുന്നു. തോട്ടം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ ഇ.എസ്.ഐ ആനുകൂല്യങ്ങൾ, ബീഡി-സിഗററ്റ് തൊഴിലാളികൾക്ക് മിനിമം വേതനവും വർഷത്തിൽ 30 ദിവസം ജോലി ചെയ്തവർക്ക് ബോണസും ഇലക്ട്രോണിക് മാധ്യമങ്ങളിലെ മാധ്യമ പ്രവർത്തകർക്കും ഡബ്ബിംഗ് ആർട്ടിസ്റ്റുകളും സ്റ്റണ്ട് ആർട്ടിസ്റ്റുകളും ഉൾപ്പെടെ ഡിജിറ്റൽ- ഓഡിയോ വിഷ്വൽ തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും, ഐ.ടി, ഐ.ടി അനുബന്ധ തൊഴിലാളികൾക്ക് മാസത്തിലെ ആദ്യ ആഴ്ച തന്നെ ശമ്പളം, തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ മേനിനടിക്കൽ ഭാഗങ്ങളിലേറെയും വർഷങ്ങളായി വിവിധ മേഖലകളിലെ തൊഴിലാളികൾ അനുഭവിക്കുന്നതും സ്വാഭാവിക തൊഴിൽ സംസ്കാരത്തിന്റെ ഭാഗവുമാണ്.
ന്യായവാദങ്ങൾ
നവംബർ ഒടുവിലെ വെള്ളിയാഴ്ച മുതൽ ലേബർ കോഡുകൾ പ്രാബല്യത്തിലായി എന്ന് പ്രധാനമന്ത്രി തന്നെയാണ് രാജ്യത്തെ അറിയിച്ചത്. തൊഴിലാളികളുടേയും തൊഴിലാളി സംഘടനകളുടേയും പ്രതിഷേധത്തെക്കുറിച്ച് സ്വാഭാവികമായും പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും ഉറച്ച ബോധ്യമുണ്ടായിരുന്നു. തൊഴിൽ നിയമങ്ങളെ കോഡുകളാക്കി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഒന്നാം ചുവടു മുതൽ പ്രതിഷേധസ്വരങ്ങൾ ഉയരുന്നതുമാണ്. അതിനോട് നിഷേധാത്മക നിലപാടെടുക്കുകയും സ്വന്തം തീരുമാനങ്ങളിൽനിന്നു മാറാതെ മുന്നോട്ടു പോവുകയുമാണ് സർക്കാർ എന്ന വിമർശനം അന്നേയുണ്ട്. അതിന്റെ സ്വാഭാവിക തുടർച്ചയാണ് ഇപ്പോഴത്തേതും.
പിരിച്ചുവിടലുമായി ബന്ധമില്ലാത്ത ചട്ടങ്ങളിലെ അവ്യക്തത ചെറുതായൊന്നുമല്ല തൊഴിലാളികളെ അലട്ടുന്നത്. തൊഴിലാളി സംഘടനകൾക്കും ശക്തമായ ആശങ്കയുണ്ട്. തൊഴിൽ സ്ഥാപനങ്ങൾ പൂട്ടുകയോ ലേ ഓഫ് പ്രഖ്യാപിക്കുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്യുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കുന്ന നിയമത്തിലാണ് വെള്ളം ചേർത്തത്. നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിലവിൽ ഈ അനുമതി വേണ്ടത്. എന്നാൽ, തൊഴിലാളികളുടെ എണ്ണം 300 ആക്കി പുതിയ ചട്ടം ഉയർത്തി. ചെറുതോ നിസ്സാരമോ അല്ലാത്ത മാറ്റം. ഫാക്ടറികളുടെ തൊഴിൽ സമയം ഒന്‍പതിൽനിന്ന് 12 മണിക്കൂറാക്കി; കടകളിൽ ഇത് ഒന്‍പതിൽനിന്ന് പത്ത് മണിക്കൂറായി. മുഴുവൻ ജീവനക്കാർക്കും മിനിമം വേതനം ഉറപ്പാക്കും എന്ന കേന്ദ്രത്തിന്റെ വാഗ്ദാനം തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ആവർത്തിക്കുന്നുണ്ട്. അതെന്തോ ഔദാര്യം പോലെയോ പുതിയ കാര്യംപോലെയോ തോന്നിപ്പിക്കുന്നു എന്നാണ് വിമർശനം. സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും അടക്കമുള്ള ഇടതുപക്ഷ തൊഴിലാളി സംഘടനകൾ മാത്രമല്ല, ഐ.എൻ.ടി.യു.സിയും എച്ച്.എം.എസ്സും ഉൾപ്പെടെ തൊഴിലാളി സംഘടനകളെല്ലാം ലേബർ കോഡുകളിലേക്കുള്ള മാറ്റത്തെ എതിർക്കുമ്പോൾ ബി.എം.എസ് മാത്രം ന്യായീകരിക്കുന്നു. അത് അവരുടെ രാഷ്ട്രീയ ബാധ്യതയായി ഏറ്റെടുത്ത മട്ട്. പക്ഷേ, വിനാശകരമായ ഒരു മാറ്റത്തെ പിന്തുണയ്ക്കുന്നത് തൊഴിലാളികളോടുള്ള അവരുടെ പ്രതിബദ്ധത വട്ടപ്പൂജ്യമാണെന്ന് വെളിവാക്കിയിരിക്കുന്നു എന്നാണ് ഇടതുപക്ഷ യൂണിയനുകൾ തുറന്നടിക്കുന്നത്. തൊഴിലാളികളുടെ അഭിമാനവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നത് എന്നാണ് ലേബർ കോഡുകളെക്കുറിച്ച് ബി.എം.എസ്സിന്റെ പ്രതികരണം. ഇത് നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരുമായി സഹകരിക്കും എന്ന് ബി.എം.എസ് ജനറൽ സെക്രട്ടറി രവീന്ദ്ര ഹിമതേ പറയുന്നു.
പോരാട്ടമാണ് വഴി
നിയമങ്ങളുടെ ആധിക്യവും കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ ചിലപ്പോഴെങ്കിലും വൈരുധ്യം പ്രകടമാകുന്നതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നിയമങ്ങളുടെ ഏകീകരണവും വലിയ മാറ്റങ്ങളും. നിയമങ്ങൾ ലളിതവൽകരിക്കണം എന്ന ഈ നിർദേശത്തിനു പിന്നിൽ ലോകബാങ്ക് ആണെന്ന വിമർശനം മുന്‍പേ ഉയർന്നിരുന്നു. നിയമങ്ങളുടെ പെരുപ്പവും പ്രാദേശിക വൈരുധ്യവും മൂലധനത്തിന്റെ സ്വാഭാവിക പ്രവാഹത്തെ തടയുന്നു എന്നാണ് വാദം. ഗുരുതരമാണ് ഈ പ്രശ്നം എന്നാണ് വിശദീകരണം. അതു പരിഹരിച്ചാൽ വ്യവസായങ്ങൾ തുടങ്ങാൻ എളുപ്പമാകും എന്നത് ന്യായീകരണവും; വികസനത്തെ സഹായിക്കുന്ന അനായാസ സംരംഭകത്വത്തിന് വഴി എളുപ്പമാകുന്നു എന്നും. അതിന് അവർ ഒരു സൂചിക സൃഷ്ടിച്ചു. ലോകബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരായ ജെറാൾഡ് പോളും സൈമൺ ഡാൻകോയുമാണ് സൂചിക തയ്യാറാക്കിയത്. അവികസിത, വികസ്വര രാജ്യങ്ങളുടെ വികസന രക്ഷാകർതൃത്വം പണ്ടേ സ്വയം ഏറ്റെടുത്തിരിക്കുന്ന ലോകബാങ്കിന് ഇതിൽ കൃത്യമായ അജൻഡയുണ്ട്. അവരുടെ മൂലധന താല്പര്യ സംരക്ഷണത്തിനുള്ള പല ചുവടുകളിലൊന്ന്.
റോബോട്ടിക്സും നിർമിതബുദ്ധിയും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യാക്കുതിപ്പ് തൊഴിലാളികളെ വ്യവസായത്തിൽ അധികപ്പറ്റാക്കി മാറ്റും എന്ന വിമർശനം ഉൾപ്പെടെയാണ് ഉയരുന്നത്. ഇതു പക്ഷേ, മുന്‍പ് ട്രാക്ടറിനും കംപ്യൂട്ടർവൽക്കരണത്തിനും എതിരെ ഉയർന്ന വിമർശനംപോലെയാണ് എന്ന് മറുവാദം. പക്ഷേ, ഉല്പാദനപ്രക്രിയയിൽനിന്നു മനുഷ്യാധ്വാനത്തെ ക്രമേണ പുറന്തള്ളുകയാണ് കാര്യപരിപാടിയുടെ ആത്യന്തിക ലക്ഷ്യം എന്ന ആശങ്ക ലോകവ്യാപകമായി ഉണ്ട്. ഇന്ത്യയിൽ അത് കണ്‍മുന്നിൽ സംഭവിക്കുന്ന യാഥാർത്ഥ്യത്തിന്റെ പേരായി ലേബർ കോഡുകളിലേക്കുള്ള മാറ്റം വിശേഷിപ്പിക്കപ്പെടുന്നു.
ചൂഷണരഹിതമായ തൊഴിൽമേഖലയാകണം രാജ്യത്തെ ജനാധിപത്യത്തിന്റെ എക്കാലത്തേയും വലിയ കരുത്ത് എന്ന വാദത്തെ സമർത്ഥമായി ഖണ്ഡിക്കാൻ ന്യായീകരണവാദികൾക്ക് കഴിയുന്നില്ല. ചൂഷണമില്ലാത്ത, സംസ്കാരസമ്പന്നമായ രാജ്യത്തിന്റെ അടിത്തറ സാമൂഹികനീതിയാണ്. 1976-ലെ അടിമപ്പണി നിരോധന നിയമവും 1986-ലെ ബാലവേല നിരോധന നിയമവും മാത്രം മതി ഓരോ തൊഴിൽ നിയമത്തിന്റേയും സാമൂഹികവും ഭരണഘടനാപരവുമായ ഉള്ളടക്കത്തിനു സാക്ഷി പറയാൻ. ഭരണഘടനയിലെ 23-ാം അനുച്ഛേദപ്രകാരം നിരോധിച്ച അടിമപ്പണി രാജ്യത്തു നിലനിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട കാലമായിരിക്കുന്നു. രാജ്യത്തിന്റെ ഊർജവും പ്രകാശവും നിലനിന്ന തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന്റെ പല ഘട്ടങ്ങളുടെ പേടിപ്പിക്കുന്ന ഒരു ഘട്ടമാണ് എന്നും തൊഴിലാളി യൂണിയനുകൾ താക്കീതു ചെയ്യുന്നു. പക്ഷേ, പേടിക്കാതിരിക്കാനും ജനാധിപത്യപരമായി പൊരുതാനുമാണ് ആഹ്വാനം. അതിന്റെ തുടക്കമാണ് മാധ്യമപ്രവർത്തകരുൾപ്പെടെ തൊഴിലാളികൾ തെരുവിലിറങ്ങി തുടക്കമിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

