

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ. ജാനുവിന്റേയും സണ്ണി കപിക്കാടിന്റേയും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ നടന്നിരുന്നു. സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി.) യു.ഡി.എഫ് മുന്നണിക്കൊപ്പം ചേർന്നപ്പോൾ നിയമസഭാ സീറ്റ് ലഭിക്കും എന്ന തരത്തിലായിരുന്നു ചർച്ചകൾ. ദളിത് ആക്ടിവിസ്റ്റായ സണ്ണി കപിക്കാടിനും കോൺഗ്രസ് സീറ്റ് നൽകുമെന്ന ചർച്ച സജീവമായി. ഇരുവരുടേയും നിയമസഭാ സ്ഥാനാർത്ഥിത്വം പുരോഗമനപരമായ മാറ്റമായി വിലയിരുത്തപ്പെട്ടെങ്കിലും കടുത്ത എതിർപ്പുകളും വിയോജിപ്പും മറ്റ് പാർട്ടികളിൽ നിന്നുപോലും ഉണ്ടായി. ഇരുവർക്കും സ്ഥാനാർത്ഥിത്വം ലഭിച്ചതുമില്ല.
എങ്കിലും മുന്നണിയുടെ ഭാഗമായതിനാൽ കേരളത്തിലെ 14 ജില്ലകളിലും ജെ.ആർ.പി യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. ദളിത്-ആദിവാസി രാഷ്ട്രീയത്തേയും പ്രശ്നങ്ങളേയും നേതാക്കളേയും ഉൾകൊള്ളാൻ കേരളം ഇപ്പോഴും പാകപ്പെട്ടിട്ടില്ല എന്ന് സി.കെ. ജാനു പറയുന്നു. അവകാശങ്ങൾക്കായി നിരന്തര പോരാട്ടം നടത്തേണ്ടിവരുന്നതിനെക്കുറിച്ചും ജാതി അപകടകരമായ രീതിയിൽ കേരളത്തെ ബാധിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള ജെ.ആർ.പിയുടെ വിലയിരുത്തൽ യോഗത്തിന് കോഴിക്കോടെത്തിയതായിരുന്നു അവർ. സി.കെ. ജാനുവുമായുള്ള സംസാരത്തിൽ നിന്ന്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ആർ.പിക്ക് സീറ്റ് കിട്ടിയില്ല. യു.ഡി.എഫിൽനിന്ന് ആരെങ്കിലും ഔദ്യോഗികമായി സംസാരിച്ചോ?
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം വി.ഡി. സതീശനുമായി സംസാരിച്ചിരുന്നു. എം.എൽ.എയേക്കാൾ മികച്ച ഒരു പോസ്റ്റ് ജെ.ആർ.പിക്ക് ഉണ്ടാവും എന്ന് കോൺഗ്രസ് പാർട്ടി മുന്‍പേ പറഞ്ഞിരുന്നു. വി.ഡി. സതീശനും അതുതന്നെയാണ് പറഞ്ഞത്. അതിനുപുറമെ പാർട്ടിയിലെ കുറച്ച് പേരെയും കൂടെ പരിഗണിക്കും എന്ന രീതിയിലാണ് സംസാരിച്ചത്.
യു.ഡി.എഫിൽ അസോസിയേറ്റ് മെമ്പറാകുന്ന സമയത്ത് നിയമസഭയിലേക്ക് മത്സരിക്കുക എന്ന ധാരണ ഉണ്ടായിരുന്നില്ലേ?
ഞങ്ങൾ രാഷ്ട്രീയമായി വരുന്നത് തന്നെ മത്സരരംഗത്തേക്ക് നിൽക്കുക എന്നതിനാണ്. അല്ലെങ്കിൽ പിന്നെ നമ്മൾ ഇതിലേക്ക് വരേണ്ട ആവശ്യമില്ല. ഗോത്രമഹാസഭ ആദ്യ കാലങ്ങളിലൊന്നും പൊളിറ്റിക്കൽ രംഗത്തേക്ക് വന്നിട്ടില്ല. അതിൽനിന്നു മാറി ഒരു പൊളിറ്റിക്കൽ പാർട്ടി ഉണ്ടാക്കുകയും മുന്നണിയിലേക്ക് വരുകയും ചെയ്യുന്നത് മത്സരരംഗത്ത് നിൽക്കാൻ തന്നെയാണ്. പ്രാദേശികതലത്തിലും നിയമസഭ, പാർലമെന്റ് തലത്തിലും ഞങ്ങളെ പരിഗണിക്കണം എന്ന രീതിയിലാണ് അസോസിയേറ്റ് മെമ്പറാകുന്ന സമയത്ത് ഞങ്ങൾ സംസാരിച്ചത്. ആ സമയമാവുമ്പോൾ അത് ചർച്ച ചെയ്യാം എന്നായിരുന്നു മറുപടി പറഞ്ഞതും. ഏതെങ്കിലും ഒരു പ്രത്യേക സീറ്റ് ഞങ്ങൾക്കു തരണം എന്ന് ആവശ്യപ്പെട്ടിരുന്നില്ല. പ്രാദേശിക, നിയമസഭ, പാർലമെന്റ് സംവിധാനത്തിനകത്ത് ജെ.ആർ.പിയുടെ പങ്കാളിത്തം ഉറപ്പാക്കണം എന്നതായിരുന്നു ആവശ്യം. അങ്ങനെ പറയുമ്പോൾത്തന്നെ അത് സീറ്റ് എന്നതാണ് എന്നു വ്യക്തമാണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് മുന്നണിയിലേക്ക് വന്നത്. അതുകൊണ്ട് ആ തെരഞ്ഞെടുപ്പിൽ അത്തരം ചർച്ചകൾക്ക് സാധ്യതകളുണ്ടായിരുന്നില്ല. പിന്നീട് നടന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ്. മുന്നണിയുടെ ഭാഗമായെങ്കിലും സീറ്റ് കിട്ടിയില്ല. എങ്കിലും എല്ലാ ജില്ലകളിലും പ്രവർത്തനത്തിനിറങ്ങിയിരുന്നു.
രാഷ്ട്രീയ അധികാരത്തിലേക്ക് വന്നാലേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ എന്നതിൽ നിന്നാണല്ലോ പാർട്ടി രൂപീകരിക്കുന്നതും മുന്നണികളിലേക്ക് വരുന്നതും. എൻ.ഡി.എയിലേക്ക് പോയതും ഇപ്പോൾ യു.ഡി.എഫിൽ നിൽക്കുന്നതും അതിന്റെ ഭാഗമാണ്. മുന്നണികൾക്ക് അത് കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നില്ല എന്നുണ്ടോ?
കേരളത്തിലെ മുന്നണികൾക്ക് അത് പറ്റുന്നില്ല എന്നത് വലിയൊരു പ്രശ്നമാണ്. കാലങ്ങളായി കേരളത്തിലെ ദളിതരേയും ആദിവാസികളേയും ജാഥാ തൊഴിലാളികളും വോട്ടുകുത്തികളും പോസ്റ്ററൊട്ടികളും എന്നതിലേക്ക് മാത്രം നിർത്തിയിരുന്നതാണ്. ഇത്തരം സംവിധാനത്തിലേക്ക് ആ ആളുകൾ കടന്നുവരുന്നു എന്നു പറയുമ്പോൾ പെട്ടെന്ന് ഉൾകൊള്ളാനുള്ള വൈഷമ്യം ഉണ്ട്. അതുണ്ടാവും. ഏതൊരു സംവിധാനവും ആദ്യം വരുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവും അങ്ങനെ വന്ന് കുറച്ചുകാലം കഴിഞ്ഞാലേ അത് അംഗീകരിക്കപ്പെടുകയുള്ളൂ.
മുന്നണികളെ വിശ്വാസത്തിലെടുക്കാതെ ഞങ്ങൾക്ക് വേറെ മാർഗവുമില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ ഹൈലൈറ്റ് ചെയ്ത് പരിഹാരം ഉണ്ടാകണമെങ്കിൽ മുന്നണികളോടൊപ്പം നിന്നാലെ പറ്റൂള്ളൂ. വേറെ ഒരു ബദൽ സംവിധാനം ഇല്ലാത്തപ്പോൾ ഇതേ നമ്മുടെ മുന്നിലുള്ളൂ. പ്രശ്നപരിഹാരമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഇത് നമ്മൾ സ്വീകരിക്കേണ്ടിവരും. നമ്മൾക്ക് വ്യക്തിപരമായി ഇതിൽ വിശ്വാസമുണ്ടോ ഇല്ലയോ എന്നതിനൊന്നും അവിടെ പ്രസക്തിയില്ല
ഇന്ത്യയിൽ പലയിടത്തും ദളിത് രാഷ്ട്രീയവും ദളിത് മൂവ്‌മെന്റുകളും ശക്തമാണ്. പക്ഷേ, കേരളത്തിൽ ഇപ്പോഴും ഇതിന് സ്വീകാര്യത കിട്ടാത്തതെന്തുകൊണ്ടാണ്?
കേരളം അക്കാര്യത്തിൽ വളരെ മോശമാണ്. പ്രസംഗത്തിൽ നാവിന്റെ തുമ്പത്ത് ഇങ്ങനെ പറയാം എന്നല്ലാതെ അവരുടെ മനസ്സൊക്കെ ഇപ്പോഴും അയിത്തത്തിന്റെ ഭാഗത്ത് നിൽക്കുന്ന രീതിയാണ് നമ്മൾ കാണുന്നത്. നമ്മളൊക്കെ ഈ സംവിധാനത്തിനകത്തേക്ക് വരുമ്പോഴുള്ള ആളുകളുടെ ആറ്റിറ്റ്യൂഡൊക്കെ കാണുമ്പോൾ അത് നമുക്കു വളരെ ക്ലിയറാണ്. പക്ഷേ, നമുക്കാണെങ്കിൽ വന്നേ പറ്റൂ. അതാണ് പ്രശ്നം. എങ്ങനെയുള്ള ആറ്റിറ്റ്യൂഡ് കാണിച്ചാലും ഞങ്ങൾക്കു വന്നേ പറ്റൂ. അതിനുള്ള ശ്രമം ഞങ്ങളുടെ ഭാഗത്തുനിന്നും നിരന്തരമായി ഉണ്ടാകുകയും ചെയ്യും.
ആദിവാസി രാഷ്ട്രീയത്തെ ഉൾകൊള്ളാൻ കേരളം പാകപ്പെട്ടിട്ടില്ല എന്ന് ഉറപ്പായും പറയാം. കേരളത്തിലെ സ്ത്രീകളുടെ മൂവ്‌മെന്റ് തന്നെ എടുത്തുനോക്കൂ, അതിലൊന്നും ആദിവാസി-ദളിത് സ്ത്രീയെ കാണാൻ കഴിയില്ല. അത് വേറെ ചില ആളുകളുടെ ഒരു പദ്ധതിയും പരിപാടിയുമായിട്ടാണ് പോകുന്നത്. ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുക, മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുക, കുഞ്ഞുങ്ങളെ കൊണ്ടുപോയി കൊല്ലുക ഇതൊന്നും ചെയ്യുമ്പോൾ സ്ത്രീ സംഘടനകൾ പ്രതികരിക്കുന്നില്ല. മറിച്ച് ഒരു സിനിമാനടിക്ക് എന്തെങ്കിലും ആയാൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും അതിനുവേണ്ടി നിൽക്കും. അതിനുവേണ്ടി സമയം കണ്ടെത്തി ഏതു സമയത്തും ധർണ നടത്താനും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കാനും ആളുകളുണ്ട്. പക്ഷേ, ഇങ്ങനെയുള്ള സംഭവം നടന്നാൽ അതിനുവേണ്ടി സംസാരിക്കാൻപോലും ഒരാളില്ല.
ഏറ്റവും അടുത്ത് നടന്നതാണ് കണ്ണൂർ ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണം. ഇവിടെയുള്ള ഫെമിനിസ്റ്റുകളോ പൊതുപ്രവർത്തകരോ എല്ലാ വിഷയങ്ങളിലും തീവ്രമായി ഇടപെടുന്ന ആളുകളോ ആരുടെയെങ്കിലും ഒരു പ്രസ്താവന വന്നില്ലല്ലോ. അത് ഈ അവഗണനയുടെ ഭാഗം തന്നെയല്ലേ. ഇത്തരം കാര്യങ്ങൾ പറയുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ പ്രായോഗികതലത്തിൽ കൂടി അത് വരണമല്ലോ. ഇവിടെ അത് വരുന്നില്ല. വേറെ ഒരു സംഭവമായിരുന്നെങ്കിൽ എത്ര സ്ത്രീ കൂട്ടായ്മകൾ, മൂവ്‌മെന്റുകൾ, ഫെമിനിസ്റ്റുകൾ, എഴുത്തുകാർ, കഥ, കവിത ഇങ്ങനെ നീണ്ടുപോകുമായിരുന്നു. ഈ സംഭവത്തിൽ ഒന്നുമില്ല. അതിൽത്തന്നെ വളരെ ക്ലിയർ ആണല്ലോ. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്നത് മുഴുവൻ ദളിത് ഗ്രൂപ്പുകളാണ്. ആ മെഡിക്കൽ കോളേജിലെ ഡോക്ടർ കുട്ടികളെ ഹരാസ് ചെയ്യുമ്പോൾ പറയുന്നത് നീയൊക്കെ ആദിവാസിയെപ്പോലെയാണ് എന്നാണ്. അപ്പോൾ ആദിവാസി എന്നത് ഒട്ടും കൊള്ളാത്ത ആളുകളാണോ? ആളുകളെ ഹരാസ് ചെയ്യാൻപോലും ഈ പേരിനെ ഉപയോഗിക്കുമ്പോൾ ജനാധിപത്യ പ്രക്രിയ ശരിക്കും കേരളത്തിൽ ഉണ്ട് എന്നു പറയാൻ കഴിയില്ല. ജനാധിപത്യം എന്നു പറയുമ്പോൾ ഈക്വൽ റൈറ്റ് ആണല്ലോ. അതിവിടെയില്ല. തെരഞ്ഞെടുപ്പ് സമയത്തൊക്കെ ഞങ്ങൾ ഇന്ത്യൻ പൗരരാണ്, എല്ലാവരും ഒരുമിച്ചാണ്. വോട്ടുകിട്ടുന്നിടം വരെ മാത്രമാണ്. അതുകഴിഞ്ഞാൽ ജാതിയായി, കളറായി, കറുപ്പായി, ഒരു സവർണ ഫാസിസ്റ്റ് സ്റ്റേറ്റ് എന്നതിനപ്പുറത്തേക്കൊന്നും കേരളം ഇപ്പോഴും വന്നിട്ടില്ല. ഈ ആളുകളൊക്കെ ഞങ്ങളുടെ കാൽക്കീഴിൽ പട്ടിയെപ്പോലെ കിടക്കേണ്ടവരാണ് എന്ന മനസ്സ് ഇവരിൽ മാറിവരുന്നില്ല. ഇവർക്കൊക്കെ വിദ്യാഭ്യാസം ഉണ്ടെങ്കിലും ഉള്ളിലേക്ക് ഇതൊന്നും കടക്കുന്നില്ല.
കാലങ്ങളായിട്ടും കേരളത്തിലെ ആദിവാസി ദളിത് ജീവിതത്തിനു വലിയ മാറ്റങ്ങളൊന്നുമില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് വരുമ്പോൾപോലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊന്നും പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും ഉണ്ടാകുന്നില്ലല്ലോ?
അങ്ങനെയൊരു അജണ്ടയേ ഇവരുടെ ഇടയിലില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെയൊക്കെ പേര് ഉയർന്നുകേൾക്കുമ്പോൾത്തന്നെ അസ്വസ്തരാവുകയാണ്. ഒരു പാർട്ടി രൂപീകരിച്ചിട്ട് പോലും ആ സമീപനത്തിൽ മാറ്റമുണ്ടാവുന്നില്ല. വെറുതെ ഏതെങ്കിലും പാർട്ടിയിൽ പ്രവർത്തിക്കുക മാത്രമായിരുന്നെങ്കിൽ ഇത്രപോലും പരിഗണിക്കപ്പെടില്ല.
അതിൽ നിരാശ തോന്നിയിട്ട് കാര്യവുമില്ല. നിരാശ തോന്നി മാറിയാൽ അതിന് ഒരു ബദൽ സംവിധാനം ഉണ്ടാവണ്ടേ. അതുണ്ടാവുന്നില്ല. ഞങ്ങളൊക്കെ എല്ലാ ദിവസവും ഫൈറ്റ് ചെയ്ത് വരേണ്ട ഒരു സ്ഥിതിയാണുള്ളത്. അത് വേണ്ടിവരുന്നത് ഈ അവഗണനയും അകറ്റിനിർത്തലും കൊണ്ടാണ്. അതിൽ സംശയമില്ല. എന്തൊക്കെ ജനാധിപത്യവും സോഷ്യലിസവും സാക്ഷരതയിൽ 100 ശതമാനവും പറയുമ്പോഴും ജാതിപരമായ സമീപനങ്ങൾക്ക് കേരളത്തിൽ മാറ്റമൊന്നുമില്ല.
തിരുവനന്തപുരം തൊട്ട് കാസർകോട് വരെയുള്ള സ്ഥലങ്ങളെ എടുത്തുനോക്കിയാൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തുന്നത് ജാതി അടിസ്ഥാനത്തിലാണ് എന്നു വ്യക്തമാണ്. അല്ലാതെ പൊളിറ്റിക്സോ അതിന്റെ മാനിഫെസ്റ്റോയോ കാഴ്ചപ്പാടോ ഒന്നുമല്ല, ജാതി തന്നെയാണ്. ഓരോ സ്ഥാനാർത്ഥിയെ നോക്കിയാലും നമുക്കത് മനസ്സിലാവും. ജാതിയെന്ന ഭീകര കാൻസർ കേരളത്തിൽ വളരെ അപകടകരമായി വന്നുകൊണ്ടിരിക്കുകയാണ്. പുറമേയ്ക്ക് ജാതിയില്ല എന്നു പറയുകയും ചെയ്യും എന്നാൽ, എല്ലാം ജാതിയാണുതാനും. ജാതിയില്ല എന്നു പറയുകയും ജാതി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഏറ്റവും അപകടകരം.
യു.ഡി.എഫിന്റെ കാര്യമെടുത്താൽ പി.വി. അൻവറും ഞങ്ങളുമാണ് അസോസിയേറ്റ് മെമ്പർമാരായി ആ സമയത്ത് വന്നത്. പി.വി. അൻവറിന് സീറ്റ് കൊടുക്കാൻ ആലോചിക്കുകപോലും വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ആ ചെറിയ പ്രദേശത്തെ ഉള്ളൂ. മറ്റിടങ്ങളിലില്ല. ഞങ്ങൾക്ക് കേരളത്തിൽ 14 ജില്ലയിലും സംവിധാനമുണ്ട്; 14 ജില്ലയിലും യു.ഡി.എഫിനൊപ്പം ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തനത്തിനിറങ്ങിയിട്ടുമുണ്ട്. എന്നിട്ടും ആ പരിഗണന നൽകിയില്ല. അത് ജാതി തന്നെയാണ്.
എൻ.ഡി.എയിൽ പോയപ്പോഴും ഇപ്പോൾ യു.ഡി.എഫിൽ വന്നപ്പോഴും വലിയ രീതിയിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിനു താങ്കൾ വിധേയയാവാറുണ്ട്. നിങ്ങളുടെ പൊളിറ്റിക്സും ലക്ഷ്യവും എന്താണെന്നു തിരിച്ചറിയപ്പെടുന്നില്ല എന്നാണോ അതിൽനിന്ന് മനസ്സിലാക്കേണ്ടത്?
തിരിച്ചറിയപ്പെടാത്തതുകൊണ്ടല്ല, ഞങ്ങൾ അങ്ങനെയൊന്നും ആവേണ്ട ആളുകളല്ല എന്നുള്ളിടത്തുനിന്നാണ് ഇതു വരുന്നത്. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ എത്ര ആളുകൾ പാർട്ടി മാറി അപ്പുറത്ത് പോയി മത്സരിച്ചു. അവരെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. കോൺഗ്രസ്സിൽനിന്ന് വിട്ടുവരുന്നവർ ബി.ജെ.പിയിലേയ്ക്ക് പോകുന്നു, ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിലേക്ക് വരുന്നു, സി.പി.എമ്മിൽനിന്ന് കോൺഗ്രസ്സിലേക്ക് പോകുന്നു. അവർ വരുമ്പോൾ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയാണ്. അവർക്കുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങുന്നു, എല്ലാം ചെയ്യുന്നു. അതിലൊന്നും ആർക്കും ഒരു പ്രശ്നമുണ്ടാകുന്നില്ല. കേരളത്തിലെ ദളിതരോ ആദിവാസികളോ എന്തെങ്കിലും ചെയ്താൽ അത് ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത കുറ്റകൃത്യങ്ങളാണ്. അതുകൊണ്ട് അത് ചോദ്യം ചെയ്യപ്പെടും അതിനെക്കുറിച്ച് അന്വേഷണം നടത്തും അതിനെക്കുറിച്ച് പ്രചരിപ്പിക്കും-ഇതൊക്കെ ജാതിവിവേചനത്തിന്റെ ഭാഗമായിട്ട് വരുന്നതാണ്. അല്ലാതെ മറ്റൊന്നുമല്ല.
നമ്മളൊക്കെ അനുഭവിക്കുന്ന സംഘർഷം അതാർക്കും പറഞ്ഞാലൊന്നും മനസ്സിലാവില്ല, ഏതെങ്കിലും ഒരു തലത്തിലല്ല, എല്ലാ തലത്തിലും പ്രശ്നമാണ്. നമുക്കൊക്കെ കാര്യങ്ങൾ ചെയ്യാതിരിക്കാനും ആവുന്നില്ല. ഇല്ലെങ്കിൽ ഒതുങ്ങിക്കൂടി അനങ്ങാതെ ഇങ്ങനെ പോണം. ഇത്രയും കാലം പ്രവർത്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തതുകൊണ്ട് നമുക്കങ്ങനെ ചെയ്യാനുമാകില്ല. ഓട്ടോമാറ്റിക്കലി ഇതിലേക്ക് വന്നുപോകും. എന്റെ ഒരു ആത്മകഥ പുറത്തിറങ്ങിയിരുന്നു. അത് ഭൂരിഭാഗം ആളുകളും വാങ്ങുന്നില്ല. നമുക്കറിയാം പലപ്പോഴും പുസ്തകങ്ങൾ ഇറങ്ങിയാൽ പെട്ടെന്നുതന്നെ വിറ്റുപോകും, രണ്ടും മൂന്നും പതിപ്പുകൾ ഇറങ്ങും. പക്ഷേ, ഈ പുസ്തകം അങ്ങനെ വാങ്ങുന്നില്ല. അവർക്കെന്താണ് പറയാനുള്ളത് എന്നതാണ് ചോദ്യം. ബാക്കിയുള്ളവർക്കൊക്കെ ഒരുപാട് പറയാനുണ്ട്, അത് വായിച്ച് അറിയാനും ആളുകളുണ്ട്. ഞങ്ങൾക്കത് ഇല്ല എന്നാണ്. എല്ലാ തലത്തിലും ഇത്തരം പ്രശ്നങ്ങളാണ്. നമ്മൾ ഉദ്ദേശിക്കുന്നപോലെയുള്ള ഒരു സംവിധാനം ഒന്നുമല്ല കേരളം. മറ്റിടങ്ങളെക്കാളും ഇക്കാര്യത്തിൽ ഭീകരമാണ്.
വയനാട്ടിൽ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുകയാണ്. ആദിവാസി ദളിത് വിഭാഗങ്ങളുടെ വീട്, വികസനം എന്നിവയിലൊന്നും കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തണമെന്നോ ഇത്തരം ടൗൺഷിപ്പ് മാതൃകകളോ ഒന്നും ചർച്ചയിൽ കാണാറില്ല?
എത്രയോ ആളുകൾ ഒരു തുണ്ട് ഭൂമിയില്ലാതെ മരിച്ചാൽ അടക്കം ചെയ്യാൻ നിവൃത്തിയില്ലാതെ കക്കൂസിന്റെ സ്ലാബും അടുക്കളയിലെ അടുപ്പുതറയും പൊളിച്ച് അടക്കം ചെയ്തിട്ടുണ്ട്. അവർക്കൊന്നും ഇത്തരം പദ്ധതികളോ പ്ലാനോ സംവിധാനമോ ഉണ്ടാവാറില്ല. വയനാട്ടിലെ ദുരന്തത്തിന് ഇരയായവർക്ക് കൊടുക്കുന്നതുകൊണ്ടല്ല ഇതു പറയുന്നത്. അവർക്കു കൊടുക്കണം. ആളുകളിൽനിന്നു കോടികൾ പിരിവെടുത്തിട്ടുണ്ട്. ആ മുഴുവൻ പൈസയും ദുരന്തബാധിതർക്ക് തന്നെ കിട്ടണം. പിരിച്ച പൈസ വെച്ച് നോക്കുമ്പോൾ രണ്ടു കോടിയെങ്കിലും ഒരു ഫാമിലിക്ക് കിട്ടേണ്ടതാണ്. അത്രയധികമുണ്ട്, അതവർക്ക് പൂർണമായി കിട്ടണം. അതിന്റെ ഗുണവും അവർക്കുണ്ടാവണം.
എല്ലാ മനുഷ്യരോടും സർക്കാരുകൾ ഈ ആറ്റിറ്റ്യൂഡ് കാണിക്കണം. അവിടെ വിവേചനം ഉണ്ടാവരുത്. ആദിവാസികൾ കുറച്ച് പേരെ അവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. അവർക്ക് ഇതുവരെ വീടുപോലും വെച്ചുകൊടുത്തിട്ടില്ല. അവരിപ്പോഴും പ്ലാസ്റ്റിക് ഷീറ്റിനടിയിൽ ജീവിക്കുകയാണ്. ആദിവാസി അല്ലാത്തവർക്കൊക്കെ സ്ഥലവും വീടും സംവിധാനവും ഉണ്ടാക്കി. ആദിവാസിക്ക് മാത്രം ചെയ്തില്ല. ഇതിനെ എന്താണ് വിളിക്കുക.
മുത്തങ്ങ സമരത്തിന് ശേഷമാണ് രാഷ്ട്രീയ പാർട്ടി എന്ന ചിന്തയിലേക്ക് വരുന്നത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്?
സമരങ്ങളുടെ ഭാഗമായി വന്നതാണ് ഈ പാർട്ടി. 10-40 വർഷത്തോളം സജീവമായി സമരരംഗത്ത് മാത്രം ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. ഓരോ സമയത്ത് സമരം ചെയ്യുമ്പോഴും ആ സമയത്ത് അത് വാർത്തയാവുകയും ഗവൺമെന്റിന്റെ എന്തെങ്കിലും ചെറിയ ഇടപെടൽ നടക്കുകയും അതിനുശേഷം സമരം നിർത്തി ആളുകൾ വന്നുകഴിഞ്ഞാൽ അത് പൂർണമായി ഇല്ലാതാക്കുകയും വീണ്ടും ഒന്നിൽനിന്ന് സമരം ചെയ്യുകയും ചെയ്യുന്ന ഒരു സംഗതിയാണ് കാലങ്ങളായി നടക്കുന്നത്.
ആദ്യമാദ്യം സമരം ചെയ്ത ആളുകളൊക്കെ ഇപ്പോൾ മരിച്ചുപോയി. എന്നിട്ട് ഇപ്പോഴുള്ള തലമുറയും ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിന് ഒരു മാറ്റമോ കൃത്യമായ ഒരു തീരുമാനമോ ഉണ്ടാവുന്നില്ല. അപ്പോഴാണ് സമരത്തിലൂടെ ഇത് പരിഹരിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് ഞങ്ങളിലൊക്കെ ഉണ്ടാകുന്നത്. പിന്നെ എന്താണ് വഴി എന്നു ചിന്തിച്ചപ്പോഴാണ് ഒരു പൊളിറ്റിക്കൽ മൂവ്‌മെന്റ് എന്ന നിലയിലേക്ക് വരുന്നത്. അതിലൂടെ നിയമസഭയിൽ നമ്മുടെ പ്രതിനിധികൾ മറ്റേതെങ്കിലും പാർട്ടിയുടെ ടിക്കറ്റിലല്ലാതെ പോകുകയും അവിടെ അവർ കാര്യങ്ങൾ അവതരിപ്പിക്കുകയും നിലപാട് എടുപ്പിക്കുകയും ചെയ്യുന്ന ഒരു രീതി വന്നാലെ എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നുള്ള തിരിച്ചറിവാണ് ഞങ്ങൾക്കുണ്ടാവുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ പാർട്ടി ഉണ്ടാക്കുന്നത്. അല്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളേയും പോലെ ഒരു പാർട്ടി ഉണ്ടാക്കുക എം.എൽ.എയും എം.പിയും ആകുക, കോടികൾ ഉണ്ടാക്കുക അങ്ങനെയൊന്നുമല്ല ഞങ്ങൾ ആലോചിക്കുന്നത്. ഞങ്ങൾക്ക് ജീവിക്കാൻ വലിയ സംവിധാനങ്ങളൊന്നും വേണ്ട, ചെറിയ സംവിധാനം മതി. പക്ഷേ, അതുണ്ടാവണം. അത് മനുഷ്യന്റെ മൗലികാവകാശമാണ്. അതിനെ നിഷേധിക്കുന്നത് കൊടിയ മനുഷ്യാവകാശ ലംഘനവുമാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം ആണ് മൗലിക അവകാശം. അതാണ് ഇവിടെ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അപ്പോൾ മനുഷ്യാവകാശ ലംഘനമല്ലേ നടക്കുന്നത്.
അതിനെ ചോദ്യം ചെയ്യുന്ന ഒരു ശക്തി ഉണ്ട് എന്നു കാണിക്കണം. അതിനുവേണ്ടിയുള്ള പ്രവർത്തനവും പദ്ധതികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്.
ദളിത് ആദിവാസി കൂട്ടായ്മയാണ് ഞങ്ങളുട പാർട്ടി. പൊതുസമൂഹത്തിലുള്ള എല്ലാ ആളുകളേയും ഭാവിയിൽ ഇതിലേക്ക് സ്വീകരിക്കും. പാർട്ടി വിപുലപ്പെടുത്തും. എല്ലാ ജില്ലകളിലും പ്രവർത്തനമുണ്ട് ആളുകളുണ്ട്. അങ്ങനെയൊക്കെ നിന്നാലും ഈ ആളുകൾ ഞങ്ങളെ പരിഗണിക്കില്ല. അത് ജാതിവിവേചനം കൊണ്ടാണ്. അത് എല്ലാവർക്കും നന്നായി മനസ്സിലാവും. എന്തൊക്കെ വിവേചനമുണ്ടായെങ്കിലും ഇത് ചെയ്തേ പറ്റൂ. അല്ലാത വേറെ മാർഗം ഇല്ല. 1947-ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. മുക്കാൽ നൂറ്റാണ്ടായിട്ടും ഈ ആളുകളുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. നിലവിലുള്ള ഈ സംവിധാനങ്ങളിലൂടെയൊന്നും ഉണ്ടാവില്ല എന്നതും ഉറപ്പാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തിൽ ഈ പാർട്ടി സംവിധാനമൊക്കെ വരുന്നത്. കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും എന്നതിൽ സംശയമൊന്നുമില്ല. എല്ലാവരും നിത്യം കൂലിപ്പണിയെടുത്ത് ഉപജീവനം കഴിക്കുന്നവരായതുകൊണ്ട് അതിന്റേതായ പരിമിതികൾ പാർട്ടിക്കുണ്ട്. മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിനു വരാൻ പറ്റിയെന്നുവരില്ല, പണിക്കും പോകേണ്ടിവരും. കിട്ടുന്ന സമയങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യും. ഞങ്ങളുടെ ആരുടെയടുത്തും പൈസയില്ല. ഇപ്പോൾ തന്നെ സംസ്ഥാന കമ്മിറ്റി മീറ്റിങിന്റെ ഹാൾ വാടക കൊടുത്തത് എല്ലാ ആളുകളിൽനിന്നും നൂറ് രൂപ വെച്ച് പിരിച്ചിട്ടാണ്. അങ്ങനെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates