

“തുളസി ടീച്ചർ നിയമസഭയിൽ ഇതാദ്യം; അപ്പോൾത്തന്നെ മന്ത്രി” എന്ന ആശ്ചര്യം സ്വാഭാവികം. പക്ഷേ, രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും ജനപ്രതിനിധിയായും പ്രവർത്തന പരിചയവും അനുഭവസമ്പത്തുമായിത്തന്നെയാണ് അവരുടെ വരവ്; കാൽനൂറ്റാണ്ടിലേറെക്കാലം മുന്‍പ്, 2000-ൽ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം. അതും ഇന്നത്തേതിന്റെ പകുതി പ്രായം മാത്രമുള്ള 26-ാം വയസ്സിൽ. നിയമസഭയിലേക്കു ജയം ആദ്യമാണെങ്കിലും ഗംഭീരമായിത്തന്നെ മുന്‍പും മത്സരിച്ചിട്ടുണ്ട്. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ കെ. രാധാകൃഷ്ണൻ കെ.എ. തുളസിയോട് ജയിച്ചത് 1475 വോട്ടുകൾക്കു മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ച 2004-ൽ ഒറ്റപ്പാലത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് 3,25,518 വോട്ടുകൾ നേടി; 40.3 ശതമാനം. എതിർ സ്ഥാനാർത്ഥി എസ്. അജയകുമാർ മാത്രമല്ല, 20-ൽ 18 എൽ.ഡി.എഫ് സ്ഥാനാർത്ഥികളും ജയിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. തുളസി മാത്രമല്ല, കോൺഗ്രസ്സിൽനിന്ന് ആരും കേരളത്തിൽ ജയിക്കാത്ത തെരഞ്ഞെടുപ്പ്.
2011-2016-ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാന വനിതാ കമ്മിഷൻ അംഗമായി. 2021-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറി. ഈ തെരഞ്ഞെടുപ്പിൽ കോങ്ങാട് നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എ കെ. ശാന്തകുമാരിയെ 3706 വോട്ടുകൾക്ക് തോല്‍പ്പിച്ചു. ശേഷം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം. നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം മേധാവി കെ.എ. തുളസി ടീച്ചർ സംസ്ഥാന മന്ത്രി.
രാഷ്ട്രീയവും ഭരണപരമായ മുൻഗണനകളുമൊക്കെ ചോദിച്ചുകഴിഞ്ഞ് ഞങ്ങൾ തിരക്കി: “സഹപ്രവർത്തകർ, വിദ്യാർത്ഥികൾ, സുഹൃത്തുക്കൾ ഇവരുടെയൊക്കെ പ്രതികരണത്തിലെ സന്തോഷത്തിന്റെ ഈ ദിവസങ്ങളിലെ അനുഭവം പറയാമോ?” മുഖത്തും വാക്കുകളിലും സന്തോഷത്തിളക്കം പ്രതിഫലിച്ച നിറഞ്ഞ ചിരിയോടെയാണ് അതിനു മറുപടി പറഞ്ഞത്: “അവർക്കൊക്കെ ഇവിടെ വന്ന് ഞാൻ ഈ സീറ്റിൽ ഇരിക്കുന്നത് കാണണം. പലരും നേരിട്ടു വന്നു. വരാൻ പറ്റാത്തവർക്ക് കാണാൻ തിരുവനന്തപുരത്തുള്ള ഫ്രണ്ട്‌സിനെ വിളിച്ച് ഫോട്ടോയും വീഡിയോയുമൊക്കെ എടുത്ത് അയപ്പിച്ചു.” ഇതിലുണ്ട് കെ.എ. തുളസിയോട് അവരെ അറിയുന്നവർക്കുള്ള സ്നേഹത്തിന്റെ ആഴം. “വളരെ ആവേശത്തിലാണ് എല്ലാവരും. അവരുടെയൊക്കെ പ്രതികരണങ്ങളിൽ കാണുന്ന സന്തോഷം എന്നോടുള്ള പരിഗണനയാണ്. അത് എനിക്കും വലിയ ആത്മവിശ്വാസമാണ്. കാരണം, നമ്മളെക്കുറിച്ച് ചിന്തിക്കാനും നമ്മുടെ നല്ലത് ആഗ്രഹിക്കാനും കുറേ ആളുകളുണ്ടല്ലോ. എല്ലാ ജില്ലകളിലുമുണ്ട് അങ്ങനെ കുറേപ്പേരെങ്കിലും. പിന്നെ, സാധാരണക്കാർക്ക് ഈ സർക്കാർ വന്നപ്പോൾ വലിയ പ്രതീക്ഷയുണ്ടെന്ന് അവർ പറയുന്നു. ഇതൊക്കെ വലിയ പ്രചോദനമാണ്, നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം.”
പട്ടികജാതി-വർഗ ക്ഷേമത്തിനുള്ള ഫണ്ട് വിനിയോഗത്തിലെ എല്ലാക്കാലത്തേയും ആശങ്കകളും എസ്.സി, എസ്.ടി വകുപ്പ് രാജ്യത്തുതന്നെ ആദ്യമായി തുടങ്ങിയ പാലക്കാട് മെഡിക്കൽ കോളേജിന്റെ അവസ്ഥയും മുതൽ ഭരണമാറ്റത്തിന്റെ രാഷ്ട്രീയവും സ്ത്രീ സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെ അത്യാവശ്യകതയും വരെയാണ് മന്ത്രി കെ.എ. തുളസിക്ക് പറയാനുള്ളത്:
ഒരു വശത്ത് ഏറ്റവുമധികം പരിഗണന കിട്ടിയ വിഭാഗമാണ് കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങൾ. മറുവശത്ത് അവർക്കുവേണ്ടി ചെലവഴിക്കുന്ന ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി എപ്പോഴുമുണ്ട്. അവർക്കു വേണ്ടത്ര ഗുണം കിട്ടുന്നുമില്ല. ഈ സർക്കാരും താങ്കളും ഇതിനെ എങ്ങനെ അഭിമുഖീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
സമൂഹത്തിലെ അടിസ്ഥാന വർഗമായി നമ്മൾ വിശേഷിപ്പിക്കുന്ന ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി പ്രധാനമാണ്. അവർക്കുവേണ്ടി അനുവദിക്കുന്ന, ചെലവഴിക്കുന്ന പണം ഏറ്റവും അർഹരായ ആളുകളിലേക്ക് എത്തുന്നുണ്ടോ എന്നതിൽ ഒരു മോണിറ്ററിംഗ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയാലാണ് എവിടെയൊക്കെയാണ് പോരായ്മകൾ സംഭവിക്കുന്നത്, എവിടെയാണ് പ്രശ്നമുള്ളത് എന്ന് പിടികിട്ടുക. ആ പോരായ്മ മനസ്സിലാക്കിയാൽ മാത്രമാണ് സ്വാഭാവികമായും പരിഹരിക്കാനും കഴിയുക. പലപ്പോഴും അത്തരത്തിലുള്ള പോരായ്മകളെ അഡ്രസ് ചെയ്യാൻ കൃത്യമായ പിന്തുടരല്‍ നടപടികൾ ഉണ്ടായിരുന്നെങ്കിൽ നല്ല രീതിയിൽ പോയേനെ. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അത് അർഹരുടെ കൈകളിൽ എത്തേണ്ടതായിരുന്നു. അപ്പോൾ, എവിടെയൊക്കെയോ ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടാവാം. അതു കണ്ടെത്തി പരിഹരിക്കുക എന്നുള്ളതാണ് ഈ ഗവൺമെന്റിന് അടിയന്തരമായി ചെയ്യാനുള്ളത്. പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ മാത്രമല്ല, അത് നടപ്പാക്കുന്നതിന്റെ നാൾവഴികളിലും കൂടെനിന്ന് പിന്തുടരല്‍ നടത്തണം. എന്നാലാണ് കൃത്യമായി അർഹരിലേക്ക് എത്തുക.
ദളിത്, ആദിവാസി വിഭാഗങ്ങളെ ചേർത്തുപിടിക്കുന്നു എന്ന അവകാശവാദത്തിൽ സർക്കാരുകളും സമൂഹവും പിന്നിലല്ല. എന്നിട്ടും എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടപെടുന്നതിലെ സത്യസന്ധത ഇല്ലായ്മയാണോ കാരണം?
എല്ലാവരും സത്യസന്ധമായിട്ടൊക്കെത്തന്നെയാകും ഇടപ്പെട്ടിട്ടുണ്ടാവുക. എങ്കിലും പാളിച്ചകൾ സംഭവിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്.
മുൻ സർക്കാർ ഒരു സോഷ്യൽ ഓഡിറ്റിലൂടെ ഇത്തരം പാളിച്ചകൾ കണ്ടെത്താനും പരിഹരിക്കാനും ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. അതിന്റെ തുടർച്ച എങ്ങനെയായിരിക്കും. സോഷ്യൽ ഓഡിറ്റ് വേണ്ടവിധം നടന്നതായി മനസ്സിലാക്കുന്നുണ്ടോ?
എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാൻ കഴിയില്ല. പ്രത്യേകിച്ചും പാവപ്പെട്ട ആളുകളുടെ വികസനം, അവരുടെ ക്ഷേമം എന്നൊക്കെ പറയുന്നത് രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൊണ്ട് ആരും നോക്കിക്കാണരുത്. അതിനേക്കുറിച്ച് വിശാലമായ കാഴ്ചപ്പാടാണ് ഉണ്ടാകേണ്ടത്. അവരുടെ കഷ്ടപ്പാട് നമ്മുടെ കഷ്ടപ്പാടായി ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു പോകണം. ഒരാൾ ഒറ്റയ്ക്കു വിചാരിച്ചുകൊണ്ടല്ല, മൊത്തത്തിൽ വകുപ്പും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകളും മറ്റു സംവിധാനങ്ങളുമെല്ലാം ഒരേ ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോയാലാണ് അത് അർഹിക്കുന്ന ഒരു തലത്തിലേക്ക് എത്തിക്കാൻ നമുക്കു സാധിക്കുകയുള്ളൂ. അങ്ങനെ ചെയ്യണം എന്നാണ് മന്ത്രി എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്.
പുതിയ സർക്കാരിന്റെ തുടക്കമാണല്ലോ. അതുകൊണ്ടുതന്നെ ഓരോ കാര്യത്തിലും മുൻഗണന എന്താണ് എന്നതും എങ്ങനെ ഇടപെടുന്നു എന്നതും വളരെ പ്രധാനമാണ്. മുൻഗണനകൾ തിരിച്ചുവിടുന്ന പലതരം സ്വാധീനങ്ങളും സ്വാഭാവികമായും ഉണ്ടാകാം. എങ്ങനെ മനസ്സിലാക്കുന്നു അതിനെ?
തീർച്ചയായും എന്താണ് മുൻഗണന എന്നതും എങ്ങനെ ഇടപെടുന്നു എന്നതും തന്നെയാണ് പ്രധാനം. പല കാലത്തും എങ്ങനെ ഇടപെട്ടു എന്നത് ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ. നമുക്ക് ഇപ്പോൾ കിട്ടിയ ഈ അവസരം നമ്മൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് എന്നെ സംബന്ധിച്ച് പറയാൻ കഴിയുന്നത്. സമീപകാലത്ത് നടന്ന എന്തെങ്കിലും കാര്യങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പാളിച്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ഉദാഹരണത്തിന്, ഇ ഗ്രാന്റ്‌സ്. പഠിക്കുന്ന സമയത്ത് അതു കിട്ടിയിട്ടല്ലേ കുട്ടികൾക്ക് പ്രയോജനമുള്ളൂ. പഠനം കഴിഞ്ഞു പോയശേഷം അതു കിട്ടിയിട്ടു കാര്യമില്ല. അപ്പോൾ, അവർക്കു ലഭിക്കുന്ന സേവനങ്ങൾ സമയബന്ധിതമായി എത്തിക്കണം. അതിനാണ് വകുപ്പ് അടിയന്തര പ്രാധാന്യം നൽകുന്നത്. അതിന് എവിടെയൊക്കെയാണോ എന്തൊക്കെയാണോ തടസ്സം, അത് പരിഹരിച്ച് മുന്നോട്ടു പോകണം എന്നാണ് കരുതുന്നത്.
അതുമായി ബന്ധപ്പെട്ട രണ്ടു കാര്യങ്ങൾ കൂടി: ഒന്ന്, അഴിമതി; രണ്ട്, ഫണ്ട് വിനിയോഗത്തിലെ സുതാര്യതക്കുറവ് ഈ കാര്യങ്ങളാണ് പൊതുവേ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. അത് എങ്ങനെ അഡ്രസ് ചെയ്യും?
ഞാൻ ചുമതലയേറ്റിട്ട് വളരെക്കുറച്ച് ദിവസങ്ങളല്ലേ ആയിട്ടുള്ളൂ എന്നതുകൊണ്ടുതന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഏതെങ്കിലും പദ്ധതികൾ നടപ്പാക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അഴിമതിക്കുള്ള സാഹചര്യമോ സുതാര്യതക്കുറവോ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും പരിശോധിക്കും. കാരണം, അതു പരിശോധിച്ച് പരിഹരിച്ചാൽ മാത്രമേ നമുക്കു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ. അല്ലാതെ, അത് വേറൊരാൾ ചെയ്തതല്ലേ അത് അങ്ങനെതന്നെ കിടന്നോട്ടെ, നമുക്കു പുതിയതുമായി മുന്നോട്ടു പോകാം എന്നു പറയുന്നതിൽ അർത്ഥമില്ല. നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് പരിഹരിച്ച് മുന്നോട്ടുപോകും.
കോളനികളുടെ പേര് ഇപ്പോൾ ഉന്നതി എന്നാണ്. മാധ്യമങ്ങൾ ഉൾപ്പെടെ അതിലേക്കു വന്നു കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഉന്നതികളിൽ പലതിലും താമസിക്കുന്നവരുടെ സ്ഥിതി ഭദ്രമല്ല എന്ന വിമർശനമുണ്ട്. പേരുമാറ്റം എന്തു മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്?
ഞാൻ അതിനെ വളരെ വ്യക്തതയോടുകൂടിയാണ് കാണുന്നത്. ഒരു എസ്.സി കോളനി, അല്ലെങ്കിൽ എസ്.ടി കോളനി; അവിടെ സർക്കാർ സംവിധാനത്തിന് കുടിവെള്ളം എത്തിക്കാൻ പറ്റിയില്ല, നല്ല വീട് അവർക്ക് ഉറപ്പുവരുത്താൻ കഴിയുന്നില്ല, അതുമല്ലെങ്കിൽ വാഹനത്തിലോ നടന്നോ പോകാൻ നല്ലൊരു റോഡില്ല, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ നമുക്കു കഴിഞ്ഞില്ല എങ്കിൽ, പേരു മാറ്റുന്നതിൽ വല്ല അർത്ഥവുമുണ്ടോ. അതെല്ലാം ചെയ്തതിനു ശേഷം ഏതു പേരിലേക്കു വേണമെങ്കിലും പോകാം. പക്ഷേ, അതൊരു ഗവൺമെന്റ് ഏകപക്ഷീയമായി അടിച്ചേല്പിക്കേണ്ടതാണ് എന്നു കരുതുന്നില്ല. നമുക്കു പല ഉപദേശക സമിതികളുണ്ട്, ഈ വിഷയത്തിൽ താല്പര്യമുള്ള ആളുകൾ ഒരുപാടുണ്ട്. അവരുമായൊക്കെ കൂടിയാലോചന നടത്തി അവരുടെ കൂടി താല്പര്യം അറിഞ്ഞിട്ടു വേണ്ടേ ഇതൊക്കെ ചെയ്യാൻ. പേര് മാറ്റിയത് മോശമാണ് എന്നൊന്നുമല്ല പറയുന്നത്. അങ്ങനെ വ്യാഖ്യാനിക്കരുത്. പക്ഷേ, പേര് മാറ്റുന്നതിനുപരിയായിട്ട് അവിടേയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം, നല്ല വെള്ളം വേണം, സുരക്ഷിതമായ വീടുവേണം, ജീവിക്കാൻ വരുമാനം വേണം, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി കൊടുക്കാൻ കഴിയണം; അഭിമാനം നിലനിർത്തിക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു കഴിയണം. എന്നിട്ടു പേര് മാറ്റത്തെക്കുറിച്ച് ആലോചിച്ചാൽ പോരെ എന്നാണ് എന്റെ ചോദ്യം. എന്നുവച്ച് ഒരു സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളും മാറ്റുക എന്നൊന്നുമല്ല. പക്ഷേ, നമ്മൾ പറഞ്ഞ മുൻഗണനയിൽ പേരാണോ അവർക്കു കൂടുതൽ മെച്ചപ്പെട്ട ജീവിതമാണോ ആദ്യത്തേത് എന്നതാണ് ചോദ്യം. അട്ടപ്പാടിയും വയനാടും നിലമ്പൂരും ആറളവുമൊക്കെ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ പലതരം പ്രശ്നങ്ങൾ ആളുകൾ അഭിമുഖീകരിക്കുന്നുണ്ട്. ആ പ്രശ്നത്തിനെയാണ് ആദ്യം അഡ്രസ് ചെയ്യേണ്ടത്. അല്ലാതെ ഓടിച്ചെന്ന് ഒരു പേര് മാറ്റുക എന്നുള്ളതല്ല. ഈ സർക്കാരിന്റെ മുൻഗണനകളിൽ പ്രധാനം ഈ പറഞ്ഞ കാര്യങ്ങളെ അഡ്രസ് ചെയ്യുക എന്നതാണ്. അതാണല്ലോ നമ്മുടെ പ്രാഥമിക ഉത്തരവാദിത്വം. അതു ചെയ്തിട്ട് മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാം.
ചരിത്രപരമായ കാരണങ്ങളാൽ സാമൂഹിക പിന്നാക്കാവസ്ഥയിലായിപ്പോയവരെ ഉയർത്തിക്കൊണ്ടുവരാനാണ് സംവരണം നടപ്പാക്കിയത് എന്നത് എല്ലാവർക്കും അറിയാം. പക്ഷേ, കേരളത്തിൽ സർക്കാരിന്റെ മിക്ക വകുപ്പുകളിലും എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങൾക്കുണ്ടായ സംവരണ നഷ്ടം ഒരു യാഥാർത്ഥ്യമാണ്. എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മിക്കപ്പോഴും സംവരണത്തോടു മുഖം തിരിച്ചുതന്നെ നിൽക്കുകയും ചെയ്യുന്നു. ഇത് എങ്ങനെയാണ് പരിഹരിക്കുക?
അത് സർക്കാരിന്റെ നയപരമായ ഒരു കാര്യമാണ്. ഒരു വകുപ്പിനു നേതൃത്വം കൊടുക്കുന്ന മന്ത്രി എന്ന നിലയിൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുമായി കൂടിയാലോചിച്ചു ചെയ്യേണ്ടതാണ്, ഒറ്റയടിക്ക് ഒരു വകുപ്പിനു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. പലതരം കൂടിയാലോചനകൾ നടത്തിയ ശേഷം പ്രതികരിക്കേണ്ട കാര്യമാണ്.
എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മന്ത്രിയുടെ ജില്ലയിലുമാണല്ലോ. പ്രവർത്തനം ആരംഭിച്ച് 13 വർഷമായിട്ടും ആ സ്ഥാപനം പൂർണരൂപത്തിൽ പ്രവർത്തനസജ്ജമായിട്ടില്ല. ഇതുവരെ നിയമനം സ്ഥിരപ്പെടാത്ത 35 അനദ്ധ്യാപക ജീവനക്കാരിൽ മുഴുവൻ പേരും ദളിതരാണ് എന്ന വിചിത്രമായ അനീതിയുമുണ്ട്. ഇപ്പോഴും ശമ്പളത്തിലും തസ്തികയിലും മാറ്റമില്ല. എന്താണ് ഈ ഗവൺമെന്റ് ചെയ്യാൻ പോകുന്നത്?
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് രാജ്യത്തെ ഒരേയൊരു എസ്.സി, എസ്.ടി മെഡിക്കൽ കോളേജായ പാലക്കാട് മെഡിക്കൽ കോളേജ്. പക്ഷേ, അതിനെ കൂടുതൽ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം കഴിഞ്ഞ പത്ത് വർഷം രണ്ട് എൽ.ഡി.എഫ് സർക്കാരുകളിൽനിന്ന് ഉണ്ടായതായി കാണുന്നില്ല. നിലവിലെ പ്രശ്നങ്ങൾ ചുമതലയേറ്റ ശേഷം ആദ്യം തന്നെ മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അവിടുത്തെ ജനപ്രതിനിധികളേയും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ കഴിയുന്ന മുഴുവൻ ആളുകളേയും ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള വിശദമായ യോഗമാണ് ഉദ്ദേശിക്കുന്നത്. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും, പരിശോധിക്കും, വേണ്ടതു ചെയ്യും. ഒരു മീറ്റിംഗ് കൊണ്ടുമാത്രം അവസാനിപ്പിക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല അവിടെയുള്ളത്. ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ബജറ്റ് അലോക്കേഷനും പുതിയ തസ്തികകൾ സൃഷ്ടിക്കലും വർഷങ്ങളായി ജോലി ചെയ്തിട്ടും നിയമനം സ്ഥിരപ്പെട്ടു കിട്ടാത്തവരെ സ്ഥിരപ്പെടുത്തേണ്ടതും ഉൾപ്പെടെ പലതരം പ്രശ്നങ്ങളുണ്ട്. എല്ലാ കാര്യങ്ങളും ഈ കൂടിയാലോചനയിൽ വരും.
പാലക്കാട് മെഡിക്കൽ കോളേജ് ആരോഗ്യവകുപ്പിനു കൈമാറാൻ ഇടയ്ക്ക് ആലോചന ഉണ്ടായിരുന്നു. ഈ സർക്കാരിന്റെ നയം എന്താണ്?
ഇല്ലില്ല, ഈ സർക്കാരിന് അങ്ങനെയൊരു ആലോചന ഇല്ല. നമ്മുടെ വകുപ്പിന്റെ അഭിമാനമായിട്ടുള്ള സ്ഥാപനമാണ്. എന്തെങ്കിലും പോരായ്മകൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തിപ്പോവുക എന്നതാണ് ചെയ്യേണ്ടത്. എളുപ്പത്തിൽ അത് കൈമാറിയിട്ട് കയ്യൊഴിയുന്ന സമീപനം ഉണ്ടാകില്ല. മുഖ്യമന്ത്രിയുമായും ആലോചിച്ച് , ഉന്നതതല യോഗത്തിലെ നിർദേശങ്ങളുംകൂടി കണക്കിലെടുത്ത് വകുപ്പിൽത്തന്നെ നല്ല നിലയിൽ നിലനിർത്തും. ഈ വകുപ്പിന്റെ ഫണ്ട് കൊണ്ടുമാത്രം നിർമിച്ച സ്ഥാപനമാണ്. അത് കൈമാറില്ല.
അട്ടപ്പാടിയിലെ ആദിവാസി ജീവിതം കേരളത്തിലെ ആദിവാസി ജീവിതത്തിന്റെ പ്രതീകമാണ്. സ്ഥിതി ഏറെ മെച്ചപ്പെടുകയും പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണങ്ങൾ അവസാനിക്കുകയും ചെയ്തുവെന്നാണ് പൊതുചിത്രം. പക്ഷേ, അവരുടെ ജീവിതം എത്രയോ അധികം ഇനിയും മാറാനുണ്ട്. സർക്കാരിനെന്താണ് പദ്ധതി?
അട്ടപ്പാടി മാത്രമല്ല, വയനാട്, നിലമ്പൂർ, നെല്ലിയാമ്പതി, ആറളം തുടങ്ങിയ ആദിവാസി മേഖലകളിലൊക്കെ നേരിട്ടുതന്നെ പോയി സ്ഥിതിഗതികൾ പരിശോധിച്ച് അടിയന്തരമായും സമയബന്ധിതമായും പൂർത്തീകരിക്കാൻ കഴിയുന്നവിധം ചെയ്യേണ്ടതെല്ലാം ചെയ്യും. ഏതെങ്കിലും കാലത്ത് കാര്യങ്ങൾ ശരിയാക്കിയാൽ പോര. കാരണം, നമ്മുടെ വകുപ്പ് ഈ വിഭാഗത്തിൽപ്പെട്ട ആളുകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള വകുപ്പാണ്. നമ്മുടെ പ്രയോറിറ്റി പ്രകാരം അതാണ് ആദ്യം ചെയ്യേണ്ടത്.
ജാതിക്കെതിരെ വലിയരീതിയിൽ പൊരുതി ജയിച്ചുവന്ന സമൂഹമാണല്ലോ കേരളം. ജാതിവിരുദ്ധ ഇടപെടലുകളുടെ വലിയ ചരിത്രമാണുള്ളത്. പക്ഷേ, ഇപ്പോഴും ആളുകളുടെ മനസ്സിൽ ജാതിയുണ്ട് എന്ന് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്നു. പുതുയുഗ കേരളം സൃഷ്ടിക്കുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ച സർക്കാർ എങ്ങനെ ഈ വിഷയത്തെ കാണുന്നു?
മനുഷ്യത്വപരമായ നയങ്ങളിലൂടെ മുന്നോട്ടു പോവുക എന്നതാണ് ഈ ഗവൺമെന്റിന്റെ നയം. നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ സമൂഹത്തിന് അപരിഷ്‌കൃത ആശയങ്ങളുമായി മുന്നോട്ടു പോകാൻ കഴിയില്ല. ജാതി ചിന്തയുള്ള വ്യക്തികൾ ഏതു കാലത്തും ഉണ്ടായിട്ടുണ്ട്, അത് ഇല്ലാത്തവരുമുണ്ട്. ഉദാഹരണത്തിന്, മന്നത്തു പത്മനാഭൻ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്ത്, ക്ഷേത്രത്തിനു ചുറ്റിലുമുള്ള റോഡിൽക്കൂടി നടക്കാൻപോലും ദളിതരെ അനുവദിക്കാതിരുന്ന കാലത്ത്, അതിനെതിരെ രാജഭരണാധികാരികൾക്ക് നിവേദനം കൊടുക്കാൻ കിലോമീറ്ററുകൾ നടന്നുപോയതുൾപ്പെടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ജാതിക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തവരും ജാതിചിന്തയിൽ സ്വാധീനിക്കപ്പെട്ടുപോയവരും എല്ലാക്കാലത്തുമുണ്ട്. വികല ചിന്തകളുള്ള വ്യക്തികളെ നമുക്കു മാറ്റാൻ കഴിയുന്നത് എങ്ങനെയാണ്? നമ്മൾ അതിനെ മറികടക്കുന്നത് ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനതയായി മാറിക്കൊണ്ടാണ്. വിദ്യാഭ്യാസത്തിലൂടെ ഒരു പരിധിവരെ മുന്നോട്ടു പോകാൻ കഴിയും. ജാതിചിന്തയുള്ള ആളുകളെക്കുറിച്ച് വലുതായി ബോതർ ചെയ്യാതെ, അങ്ങനെ ചിന്തയില്ലാത്ത ആളുകളുമായി സഹകരിച്ച് മുന്നോട്ടു പോകാം.
പട്ടികജാതി, വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം ദുരുപയോഗം ചെയ്യുന്നു എന്ന പരാതികൾ വ്യാപകമാണ്. അതിനെക്കാൾ മുഖ്യമായി, ഈ നിയമപ്രകാരമുള്ള പരാതികളിൽ കേസെടുക്കുന്നതിന്റേയും കുറ്റക്കാരെ ശിക്ഷിക്കുന്നതിന്റേയും നിരക്ക് വളരെ കുറവാണ്. ഇത് ശ്രദ്ധയിലുണ്ടോ?
അതു പറയുമ്പോൾ നമ്മുടെ മുന്നിൽ പെട്ടെന്നു വരുന്ന ഒരു കേസ് അട്ടപ്പാടിയിലെ മധുവിന്റെ കേസാണ്. ഒന്നാം പ്രതിയെ വെറുതേ വിടുകയും ബാക്കി പ്രതികളെ മാത്രം ശിക്ഷിക്കുകയുമാണ് ചെയ്തത്. ആ വിധിക്കെതിരെ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. നീതി അർഹിക്കുന്ന ആളുകൾക്ക് നീതി കിട്ടുക എന്നതാണ് സർക്കാരിന്റെ നയം. പല തട്ടിലുള്ള സംവിധാനങ്ങൾ ഒരേപോലെ പ്രവർത്തിച്ചാലാണ് അതു സാധ്യമാവുക. അത് നൂറു ശതമാനവും നമ്മുടെ രാജ്യത്ത് പെർഫെക്റ്റായി പ്രവർത്തിക്കുന്നു എന്ന് ഞാൻ ഒരിക്കലും പറയില്ല; ഞാനെന്നല്ല, ആർക്കും പറയാൻ സാധിക്കില്ല.
പത്തു വർഷത്തിനുശേഷം ഉണ്ടായ ഭരണമാറ്റമാണല്ലോ. സ്വാഭാവികമായും വലിയ രാഷ്ട്രീയമാറ്റം കൂടിയാണ് സംഭവിച്ചത്. എങ്ങനെ കാണുന്നു ഈ മാറ്റത്തെ?
തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിച്ചപ്പോൾ ഞങ്ങൾ പറഞ്ഞത് കഴിഞ്ഞ പത്തു വർഷക്കാലം അവർ നേരിട്ട ജനദ്രോഹപരമായ, ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരേയാണ് ഫൈറ്റ് എന്നാണ്. വിജയിച്ചു വന്നാൽ തീർച്ചയായിട്ടും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്ന് ജനാധിപത്യാവകാശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകും എന്നാണ്. പ്രതിപക്ഷത്തിരുന്നപ്പോൾത്തന്നെ ഓരോ വകുപ്പിലും കൊണ്ടുവരേണ്ട സമൂല മാറ്റത്തെക്കുറിച്ച് ധാരണയോടെയാണ് പ്രവർത്തിച്ചത്. എല്ലാ വകുപ്പിലും മാറ്റം കൊണ്ടുവരേണ്ട സാഹചര്യമുണ്ട്. എന്തുതരം മാറ്റമാണ് വേണ്ടത് എന്ന രൂപരേഖയുണ്ടാക്കാൻ എല്ലാ ജില്ലകളിലേയും എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തി വളരെ വിശദമായ ചർച്ച നടത്തി വിശദരേഖ തയാറാക്കിയിട്ടാണ് ഇപ്പോൾ ഈ ഗവൺമെന്റ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം ഉയർത്തിപ്പിടിക്കുക എന്നതുതന്നെയാണ് പ്രധാനം. നമ്മൾ ഒരു പരിഷ്‌കൃത സമൂഹമാണ് എന്ന് അവകാശപ്പെടുമ്പോൾ ആ ജനാധിപത്യ സ്വഭാവം ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകണം. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. പക്ഷേ, അധികാരത്തിൽ വന്നുകഴിയുമ്പോൾ എല്ലാവരുടേയും സർക്കാരാണ്. ഈ സർക്കാർ അങ്ങനെതന്നെ ആയിരിക്കും എന്ന് ആദ്യത്തെ ക്യാബിനറ്റ് കഴിഞ്ഞപ്പോൾത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നയപ്രഖ്യാപനത്തിലും അതു വിശദമായി പറഞ്ഞിട്ടുണ്ട്.
ജനപ്രതിനിധിയാവുക എന്നതും ഭരണാധികാരിയാവുക എന്നതും പൊതുപ്രവർത്തകരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. ആദ്യമായി എം.എൽ.എയും അപ്പോൾത്തന്നെ മന്ത്രിയും ആയതിന്റെ വ്യക്തിപരമായ എക്‌സൈറ്റ്‌മെന്റിനെക്കുറിച്ച് പറയാമോ?
പല ആളുകൾക്കും ഓരോ പദവി കിട്ടുമ്പോൾ അത് തലയ്ക്കുപിടിക്കും. അങ്ങനെ തലയ്ക്കു പിടിക്കരുത് എന്ന് ആഗ്രഹിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. വന്ന വഴിയിലേയ്ക്ക്, താഴേയ്ക്കു നോക്കുക, ഈ ഒരു പദവികൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത്, ആരെയാണോ സഹായിക്കാൻ പോകുന്നത്, എത്തരത്തിലുള്ള പ്രവർത്തനമാണ് ജനങ്ങൾ നമ്മളിൽനിന്ന് ആഗ്രഹിക്കുന്നത് അത് മനസ്സിൽ കണ്ടുകൊണ്ട് മുന്നോട്ടു പോവുക. പിന്നെ, സ്വാഭാവികമായും സ്വകാര്യതയെ ബാധിക്കാം. ഇതുവരെ എനിക്ക് ഒരു കടയിൽ കയറണമെങ്കിൽ ഞാൻ ഒരു ഓട്ടോ പിടിച്ചു പോയി കടയിൽ കയറി സാധനങ്ങള്‍ വാങ്ങി പോകും. ഇപ്പോൾ അതിൽ ചില പരിമിതികളുണ്ട്. ഒരു പൊലീസ് പ്രൊട്ടക്ഷനോ അകമ്പടിയോ ഉണ്ടാകാം. അതൊക്കെ മാത്രമേ മാറ്റമുള്ളൂ. അല്ലാതെ മാനസികമായി ഈ സമൂഹത്തോടുള്ള നമ്മുടെ നിലപാട്, കരുതൽ, പ്രത്യേകിച്ചും കുറേ വർഷം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നിന്നതുകൊണ്ട്, അതിലൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് ഒരു സഹായം ചോദിച്ച് ചെല്ലുന്ന ആളുകളോട് നിങ്ങൾ ബി.ജെ.പിയാണോ കോൺഗ്രസ്സാണോ മാർക്സിസ്റ്റ് പാർട്ടിയാണോ എന്നൊന്നും അദ്ദേഹം ചോദിച്ചിട്ടില്ലല്ലോ. കോൺഗ്രസ്സിന്റെ നേതാക്കളാരും അങ്ങനെ ചോദിക്കുന്നതായി കേട്ടിട്ടില്ല. അതാണ് നമുക്കും വേണ്ടത്. പാർട്ടി ഓഫീസിൽനിന്ന് കത്ത് വാങ്ങിച്ചിട്ടു വാ, എന്നാലേ ഇവിടുന്നു സഹായിക്കാൻ പറ്റുകയുള്ളൂ എന്നൊന്നും പറയില്ല. കോൺഗ്രസ്സിന്റെ ഒരു ഭരണാധികാരിയും ഇതുവരെ അങ്ങനെ പറഞ്ഞതായി അറിയില്ല. എന്റേയും നയം അതുതന്നെയാണ്. മുന്നിൽ വരുന്ന ആ ഒരു ആവശ്യം ന്യായമാണോ, അത് പരിശോധിച്ച് ചെയ്യുക എന്നുള്ളതാണ്. മറ്റുള്ള മാറ്റമൊന്നും എനിക്കുണ്ടായിട്ടില്ല. വ്യക്തിപരമായി പറയുകയാണെങ്കിൽ നമ്മുടെ പ്രൈവസി കുറച്ച് നഷ്ടമാകുന്നു എന്നേയുള്ളൂ. അതു സാരമില്ല. ഓരോ സ്ഥലത്തു വരുമ്പോൾ അതനുസരിച്ചുള്ള മാറ്റം ആവശ്യമാണ്.
ഞങ്ങൾ രണ്ടുപേരും രാവിലെ നേരത്തെ വീട്ടിൽനിന്ന് ഇറങ്ങുന്ന ആളുകളാണ്. എനിക്ക് ജോലിയും കൂടിയുണ്ട്, ആള് (ഭർത്താവ് വി.കെ. ശ്രീകണ്ഠൻ) എം.പി എന്ന നിലയിലും തിരക്കുള്ള ആൾ. ഞാൻ എന്റെ വർക്കിംഗ് അവേഴ്‌സ് കഴിഞ്ഞാൽ പിന്നെ പോകുന്നത് ഫീൽഡിലേക്കാണ്. സ്വാഭാവികമായും രണ്ടുപേരും തിരിച്ചെത്തുന്നത് രാത്രിയിലാണ്. അപ്പോഴായിരിക്കും കാണുന്നത്. അതിനിടയിലുള്ള സമയത്തൊക്കെ ഫോണിലൂടെയുള്ള കോൺടാക്‌റ്റേയുള്ളൂ. പിന്നെ, എം.പിയാണെങ്കിൽ, എന്റെ ഭർത്താവായതുകൊണ്ട് പറയുകയല്ല, പാർലമെന്റ് മണ്ഡലത്തിൽ ആരോട് അന്വേഷിച്ചാലും പറയും, എതിർകക്ഷികളോടു ചോദിച്ചാലും പറയും, അവര്‍ ഫുൾടൈം ഫീൽഡിൽ നിൽക്കാൻ ഇഷ്ടമുള്ള ആളാണ്. നമുക്കത് സന്തോഷമാണ്. അരമണിക്കൂർ അവിടെ നിൽക്കുന്നതുകൊണ്ട് പത്താളെ സഹായിക്കാൻ പറ്റുമല്ലോ. ഞങ്ങൾക്ക് ഒരുമിച്ച് ഒരു സ്ഥലത്തേക്കു പോകാൻ പറ്റിയില്ല അല്ലെങ്കിൽ മറ്റൊരു കാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതിനേക്കാളും വലിയ സേവനം അപ്പുറത്ത് മറ്റാളുകൾക്ക് കിട്ടുന്നുണ്ടല്ലോ. അതിൽ ഞാൻ ഹാപ്പിയാണ്, ഇപ്പോൾ ഞാനും ഇങ്ങനെയായപ്പോൾ ആളും ഹാപ്പിയാണ്.
ജനസംഖ്യയിൽ പകുതിയിലധികമുള്ള, തദ്ദേശ ജനപ്രതിനിധികളിൽ 60 ശതമാനത്തോളമുള്ള സ്ത്രീകളിൽ ഒരാൾ എന്ന നിലയിൽ താങ്കളുടെ സ്ത്രീപക്ഷ രാഷ്ട്രീയം എങ്ങനെയുള്ളതാണ്?
ആരും എല്ലാ കഴിവുകളോടും കൂടിയല്ല ജനിച്ചുവരുന്നത്. നമ്മൾ ഒരു സ്ഥലത്തെത്തുമ്പോഴാണ് ആ സ്ഥാനം നമ്മളിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്, നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനുള്ളത് എന്നു ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. എല്ലാം അറിഞ്ഞും പഠിച്ചും വരുന്നവരല്ല. നമുക്ക് അറിയാത്തത് മടിയില്ലാതെ മറ്റുള്ളവരുമായി ആലോചിച്ച് അന്വേഷിച്ച് കണ്ടെത്തി പഠിച്ച് മുന്നോട്ടു പോവുക എന്നുള്ളതാണ്. സ്ത്രീകളോട് എനിക്കു പറയാനുള്ളതും അതാണ്. സ്ത്രീകളെക്കൊണ്ട് സാധിക്കാത്തത് ഒന്നുമില്ല. ഈ വകുപ്പിൽ ആദ്യമായിട്ടാണ് വനിതാ മന്ത്രി വരുന്നത്. അപ്പോൾ, സ്വാഭാവികമായും എന്റെ ഉള്ളിലുള്ളത് ഇത് ഏറ്റവും ബെസ്റ്റായിട്ട് കാണിച്ചുകൊടുക്കണം എന്നാണ്. അതുതന്നെയാണ്. നമുക്കു കിട്ടുന്ന അവസരങ്ങളിൽ ഏറ്റവും നന്നായി ശോഭിക്കാനായി പരിശ്രമിക്കുക. ഒറ്റ ദിവസം കൊണ്ട് അത് സാധിക്കില്ലായിരിക്കും. പക്ഷേ, നിരന്തരമായ പരിശ്രമത്തിലൂടെ സാധിക്കും. പിന്നെ, സ്ത്രീകൾ സമൂഹത്തിലെ ഏതു വിഭാഗത്തിലായാലും സാമ്പത്തിക ശാക്തീകരണം നേടണം. കാരണം, കയ്യിലൊരു വരുമാനമുണ്ടെങ്കിൽ തീർച്ചയായും തീരുമാനമെടുക്കുന്നതിൽ നമുക്കൊരു സ്ഥാനമുണ്ടാകും. വീടിനകത്താണെങ്കിലും പുറത്താണെങ്കിലും. സാമ്പത്തികമായി സ്വാശ്രിതരായിരിക്കുക എന്നത് വളരെ പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates