Image of M Swaraj
നിലമ്പൂര്‍ ഉപതരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്വരാജുംSamakalika Malayalam Weekly

ഒരു നേതാവിനേയും മാതൃകാപുരുഷനായി സ്വീകരിച്ചിട്ടില്ല. എനിക്ക് രാഷ്ട്രീയത്തിൽ ഗുരുക്കന്മാരുമില്ല: എം. സ്വരാജ്

മികച്ച രാഷ്ട്രീയഭാഷ മാത്രമല്ല, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ ശ്രദ്ധേയനാക്കുന്നത്; പറയുന്ന രാഷ്ട്രീയത്തിനു ചേർന്ന പ്രതിബദ്ധതയുമാണ്
Published on

ടതുപക്ഷത്തിനു പൊതുവേയും സി.പി.എമ്മിനു പ്രത്യേകിച്ചും കനമുള്ള പ്രതീക്ഷയുടെ പേരായി മാറിയിട്ടുണ്ട് എം. സ്വരാജ്. കേരളം താല്പര്യത്തോടെ നോക്കുന്ന യുവ നേതാക്കളുടെ നിരയിലാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജിനെ മത്സരിപ്പിക്കാനുള്ള സി.പി.എം തീരുമാനം ആ തെരഞ്ഞെടുപ്പിനെ കൂടുതൽ രാഷ്ട്രീയ ഗൗരവമുള്ളതാക്കി; സമീപകാല കേരളം ഏറ്റവും ശ്രദ്ധിച്ച രാഷ്ട്രീയ മത്സരമായി അത്. പക്ഷേ, സമൂഹമാധ്യമ ആഘോഷക്കമ്മിറ്റികളുടെ ഭാവംപോലെ 2025 ജൂൺ 19-ലെ ആ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പെട്ടെന്നു പൊട്ടിവീണ നേതാവല്ല; വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ചെയർമാനും എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റുമായി, സി.പി.എം സംസ്ഥാന കമ്മിറ്റിയിലും പിന്നീട് സെക്രട്ടേറിയറ്റിലും അംഗമാകുന്നതുവരെയുള്ള കാൽ നൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ച. ദേശാഭിമാനി റെസിഡന്റ് എഡിറ്റർ.

2016-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു, 2021-ൽ ജയിക്കാൻ കഴിഞ്ഞില്ല. അന്ന് 992 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബു അയ്യപ്പന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച് മതവികാരം അനുകൂലമാക്കാൻ ശ്രമിച്ചു എന്ന് സ്വരാജ് നൽകിയ കേസ് വലിയ ചർച്ചയായി; കേരളത്തിലെ തെരഞ്ഞെടുപ്പു കേസുകളുടെ ചരിത്രത്തിന്റെ ഭാഗവുമായി.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം ആകാംക്ഷയോടെ നോക്കുമ്പോൾ എം. സ്വരാജിനു പറയാനുള്ളത്:

Q

ഇതാദ്യമായി പത്തു വർഷം തുടർച്ചയായി ഭരണത്തിനു പുറത്തിരുന്ന യു.ഡി.എഫ്, നിയമസഭാ പ്രാതിനിധ്യത്തിന് മുമ്പെന്നത്തേക്കാളധികം ശ്രമിക്കുന്ന ബി.ജെ.പി. വീണ്ടും എൽ.ഡി.എഫ് തുടർഭരണം പ്രതീക്ഷിക്കുന്ന ഈ തെരഞ്ഞെടുപ്പിലെ റിയൽ ഇഷ്യൂ എന്താണ്?

A

ആധുനിക കേരളം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒന്നാമത്തെ സർക്കാർ തന്നെ ശ്രമം തുടങ്ങിയത്. ഇന്നത്തെ കേരളത്തിന്റെ പുറകിലേക്കു തിരിഞ്ഞുനോക്കുമ്പോൾ അതു മുതലുള്ള ഇടതുപക്ഷ ഗവൺമെന്റുകളുടെ സ്വാധീനം കാണാം. പിന്നീട് സമഗ്ര ഭൂപരിഷ്‌കരണ നിയമമായി മാറ്റിയ കുടിയൊഴിപ്പിക്കൽ നിയമം മുതൽ. പിന്നെ, ക്ഷേമ പെൻഷനുകൾ സാർവത്രികമായി, സമ്പൂർണ സാക്ഷരത വന്നു, വിദ്യാഭ്യാസ പരിഷ്‌കരണമുണ്ടായി. ഐക്യകേരളം രൂപപ്പെടുമ്പോൾ ഇവിടുത്തെ വിദ്യാഭ്യാസ രീതി അഞ്ചാം ക്ലാസ് മുതൽ ഫീസടയ്ക്കേണ്ടതായിരുന്നു. 1957-ൽ ഏഴാം ക്ലാസ് വരെ സൗജന്യമാക്കി, 1967-ൽ ഇ.എം.എസ് ഗവൺമെന്റ് വന്നപ്പോഴാണ് പത്താം ക്ലാസ് വരെ സൗജന്യമാക്കിയത്. ഇപ്പോൾ ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളെല്ലാം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നു കാണാം. ലോകത്തിന്റെ തന്നെ ഒരു ശ്രദ്ധാകേന്ദ്രമായി കേരളം മാറുകയും ചെയ്തു. കഴിഞ്ഞ പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തെക്കുറിച്ച് വസ്തുതാ പരിശോധന നടത്തിയാൽ കേരളത്തിന്റെ സുവർണകാലം എന്ന് വലിയ അതിശയോക്തിയൊന്നുമില്ലാതെ പറയാൻ കഴിയും. രണ്ടു കാര്യങ്ങളാണ്. ഒന്ന്, കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വൻ വികസന പദ്ധതികൾ യാഥാർത്ഥ്യമായി. ദേശീയപാതാ വികസനവും ഗെയിൽ പൈപ്പ് ലൈനും കൊച്ചി-ഇടമൺ പവർ ഹൈവേയും തീരദേശ പാതയും മലയോര ഹൈവേയും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതുമൊക്കെ അതിൽപ്പെടും. രണ്ട്, സാധാരണക്കാർക്ക് നേരിട്ട് അനുഭവമുള്ള ക്ഷേമ പദ്ധതികൾ. 62 ലക്ഷം പേർക്ക് ലഭിക്കുന്ന ക്ഷേമപെൻഷൻ ഇപ്പോൾ 2000 രൂപയായി. വീട്ടമ്മമാരുടെ പെൻഷൻ തുടങ്ങാൻ പറ്റി, അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സ്റ്റൈപ്പൻഡ് തുടങ്ങി; അങ്ങനെ ഒട്ടേറെ കാര്യങ്ങൾ. അഞ്ചു ലക്ഷം വീടുകൾ പൂർത്തീകരിച്ച ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ. സാമ്പത്തികമായി വലിയ പ്രതികാര നടപടികൾ കേന്ദ്രസർക്കാരിൽനിന്ന് നേരിടേണ്ടിവരുന്ന ഘട്ടത്തിൽ തന്നെയാണ് ഈ കാര്യങ്ങളെല്ലാം ഏറ്റെടുത്തു മുന്നോട്ടു പോകാൻ സാധിച്ചത്. അതൊരു വലിയ കാര്യമാണ്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയുന്നതിന്റെ തലേന്ന്, മെയ് ഒന്നിന് ഒരു സ്വകാര്യ ടി.വി ചാനലിന്റെ ഓൺലൈനിൽ വന്ന ഒരു വാർത്ത ഓർക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ്സിലെ തർക്കം പരിഹരിച്ചു എന്നായിരുന്നു അത്. ആദ്യ രണ്ടര വർഷം ഉമ്മൻ ചാണ്ടിയും പിന്നെ രണ്ടര വർഷം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകും. വോട്ടെണ്ണിയിട്ടില്ല; പിറ്റേന്നാണ്. യു.ഡി.എഫ് വരുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. അഞ്ചു കൊല്ലം കൂടുമ്പോൾ ഗവൺമെന്റ് മാറും എന്ന സമീപകാലത്തെ പതിവ്. തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുന്‍പ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾ എന്നിവയായിരുന്നു ആ വിശ്വാസത്തിനു കാരണങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസിനെത്തന്നെ പ്രതിക്കൂട്ടിലാക്കി നടത്തിയ വമ്പിച്ച പ്രചാരവേല കുറേയാളുകളെ സ്വാധീനിച്ചിട്ടുണ്ടാകും എന്ന് അവർ കണക്കുകൂട്ടി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഉറപ്പായും അധികാരത്തിൽ വരും എന്നാണ് ധരിച്ചത്. പക്ഷേ, അതുണ്ടായില്ല. അത് ഒരുപക്ഷേ, അവരുടെ സമനില തന്നെ തെറ്റിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ കോൺഗ്രസ്സിന് ഇങ്ങനെയൊരു കാലം ഉണ്ടായിട്ടില്ല. പത്തു വർഷം തുടർച്ചയായി കേന്ദ്രത്തിലും ഇവിടെയും അധികാരമില്ല. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഏതു തരത്തിലും വിജയിക്കണം എന്നാണ് അവർ കണക്കാക്കിയിരിക്കുന്നത്. അതിനുവേണ്ടി വളരെ ഹീനമായ മാര്‍ഗങ്ങൾ സ്വീകരിക്കുന്നു. കേരളത്തിൽ ഉണ്ടായ മാറ്റം ശരിയായി മനസ്സിലാക്കുന്ന ജനങ്ങൾ ഇടതുപക്ഷം തുടർന്നും ഭരിക്കണം എന്നേ പറയുകയുള്ളൂ എന്നാണ് ഞങ്ങൾ കരുതുന്നത്. കേരളം ഭരിക്കാൻ നല്ലത് ഇടതുപക്ഷമാണ് എന്ന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബോധ്യപ്പെട്ട ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

Q

ബി.ജെ.പിയുടെ പ്രതീക്ഷ എങ്ങനെയാകും പ്രതിഫലിക്കുക?

A

കോൺഗ്രസ്സിനെ സംഘപരിവാർ പിന്തുണയ്ക്കുന്ന സമീപനം കേരളപ്പിറവിയോളം തന്നെ പഴക്കമുള്ളതാണ്. വിമോചനസമരത്തിൽ ആർ.എസ്.എസ് കോൺഗ്രസ്സിനെ സഹായിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുൻ രൂപമായ ജനസംഘം ആദ്യമായി മത്സരിക്കുന്നത് 1960-ലെ തെരഞ്ഞെടുപ്പിലാണ്. 1957-ലെ ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ചിരുന്നില്ല. തെരഞ്ഞെടുത്ത നാലു സീറ്റിലാണ് 1960-ൽ മത്സരിച്ചത്. അതിൽത്തന്നെ പട്ടാമ്പിയിൽ നിശ്ചയിച്ച സ്ഥാനാർത്ഥി മാധവൻ നായരെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി എ. രാഘവൻ നായർക്ക് അവർ പിന്തുണ നൽകി. ദീൻദയാൽ ഉപാധ്യായ ആണ് കേരളത്തിൽ നാല് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനു ചുക്കാൻ പിടിച്ചത്. അങ്ങനെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിലൊരാളെ പിൻവലിച്ചാണ് കോൺഗ്രസ്സിനെ പിന്തുണച്ചത്. അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാനാർത്ഥി ഇ.എം.എസ് ആയിരുന്നു. അദ്ദേഹത്തെ തോൽപ്പിക്കുകയാണ് അടിയന്തര ആവശ്യം എന്ന് പറഞ്ഞ് സംസ്ഥാന കോൺഗ്രസ്സിന്റെ നേതൃനിരയിലെ പ്രധാന നേതാക്കൾ ദീൻദയാൽ ഉപാധ്യായയുമായി ചർച്ച നടത്തിയാണ് പിന്തുണ ഉറപ്പാക്കിയത്. ജയിച്ചത് ഇ.എം.എസ്സാണ് എന്നത് ചരിത്രമാണല്ലോ. ഇങ്ങനെ വലതു പക്ഷവും വർഗീയ ശക്തികളുമായുള്ള നീക്കുപോക്കിന് കേരളത്തോളം പഴക്കമുണ്ട്. 1971-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാലക്കാട്ടും അവർ ഒന്നിച്ചു. കോൺഗ്രസ്സിനും ജനസംഘത്തിനും കൂടി ഒറ്റ സ്ഥാനാർത്ഥി; അത് ജനസംഘം നേതാവ് റ്റി.സി. ഗോവിന്ദൻ ആയിരുന്നു. പിന്നീട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് ബി.ജെ.പിക്കും യു.ഡി.എഫിനും ബേപ്പൂരിലും വടകരയിലും സംയുക്ത സ്ഥാനാർത്ഥികളുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും ജനസംഘത്തിന്റേയോ ബി.ജെ.പിയുടേയോ ഒരു പ്രതിനിധിയെ നിയമസഭയിലേക്കോ ലോക്‌സഭയിലേയ്ക്കോ കേരളം ജയിപ്പിച്ചിരുന്നില്ല. 2016-ലാണ് അതിനൊരു മാറ്റം വന്നത്. നേമത്തുനിന്ന് നിയമസഭയിലേയ്ക്കു ജയിച്ചു. അതിന്റെ വോട്ടിങ് പാറ്റേൺ നോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യം, കോൺഗ്രസ്സിന്റെ മുഴുവൻ വോട്ടും ബി.ജെ.പിയിലേക്ക് ഒലിച്ചുപോയതാണ് ബി.ജെ.പി ജയിക്കാൻ കാരണം എന്നാണ്. ആ തെരഞ്ഞെടുപ്പിലേയും തൊട്ടുമുന്‍പത്തെ ചില തെരഞ്ഞെടുപ്പുകളിലേയും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വോട്ട് വ്യത്യാസം വളരെ പ്രകടമാണ്. കോൺഗ്രസ്സിനു മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലത്തിൽ അവരുടെ വോട്ട് പൂർണമായി ഷിഫ്റ്റ് ചെയ്തപ്പോഴാണ് ബി.ജെ.പി ജയിച്ചത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്നു. കോൺഗ്രസ്സും പ്രധാന നേതാക്കളിലൊരാളെ മത്സരിപ്പിച്ചു. കോൺഗ്രസ്സിന്റെ മുഴുവൻ വോട്ടുകളും തിരിച്ചു പോയില്ലെങ്കിലും കുറേ വോട്ടൊക്കെ അവർ പിടിച്ചു. ഏതായാലും ബി.ജെ.പി അവിടെ അവസാനിച്ചു.

എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അതിനു മുന്‍പത്തെ തെരഞ്ഞെടുപ്പിൽ കിട്ടിയതിൽനിന്നു കുറവ് വന്നത് 86,965 വോട്ടുകളാണ്. പുതിയ വോട്ടർമാരും കൂടി വരുമ്പോൾ വോട്ട് കൂടേണ്ടതാണ്. ഫലത്തിൽ ഒരു ലക്ഷത്തോളം വോട്ടുകൾ കുറഞ്ഞു; 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പി ജയിച്ചു. ഇടതുപക്ഷത്തിന് 16,196 വോട്ടുകൾ കൂടുകയാണ് ചെയ്തത്. നേമത്തും തൃശൂരും ബി.ജെ.പി ജയിച്ചത് കോൺഗ്രസ്സിന്റെ വോട്ട് ലഭിച്ചതുകൊണ്ടു മാത്രമാണെന്നു കാണാൻ പറ്റും. കണക്കുകളാണ് സംസാരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി എന്തെങ്കിലും തരത്തിൽ പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിൽ ഇങ്ങനെ എന്തെങ്കിലും കരുതിയിട്ടായിരിക്കും. ബി.ജെ.പിക്ക് ഇതുവരെ കേരളത്തിൽ ഒരു ചെറിയ ശതമാനം ആളുകളെ വർഗീയതയുടെ കൊടിക്കീഴിൽ അണിനിരത്താൻ കഴിഞ്ഞു എന്നത് യാഥാർത്ഥ്യമാണെങ്കിലും തെരഞ്ഞെടുപ്പിൽ ജയിച്ചുവരാൻ കഴിയുന്ന നിലയിലേയ്ക്ക് അവർ വന്നിട്ടില്ല. അതൊരു ആശ്വാസമാണ്. ചില ഇടങ്ങളിൽ അവർ രണ്ടാം സ്ഥാനത്തൊക്കെ എത്തിനിൽക്കുന്നുണ്ട്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചുവരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കേരളം എല്ലാത്തരം വർഗീയതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുതന്നെ മുന്നോട്ടു പോകും.

Q

എല്ലാ വർഗീയതയും പ്രതിലോമപരം തന്നെയാണ് എന്നതിൽ സംശയമില്ല. സംഘപരിവാറിന്റെ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഗവൺമെന്റാണ് 11 വർഷമായി രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന് 70 വർഷമായപ്പോൾ അവർക്കതു സാധിച്ചു. അങ്ങനെയുള്ള ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും മുന്‍പത്തേതിൽനിന്നു വ്യത്യസ്തമായി ഇടതുപക്ഷം ചേർത്തു പറയുന്നു എന്നാണ് ഇപ്പോഴത്തെ ഒരു പ്രധാന വിമർശനം. അത് എത്രത്തോളം ശരിയായ താരതമ്യമാണ്?

A

അതൊരു തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്. വർഗീയത സംബന്ധിച്ച ഇടതുപക്ഷത്തിന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. ഞങ്ങൾ എല്ലാക്കാലത്തും സ്വീകരിക്കുന്ന നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ഞങ്ങൾ വർഗീയതയെ ആണ് എതിർക്കുന്നത്. അതിന്റെ രൂപമോ നിറമോ പരിശോധിക്കുന്നതിനപ്പുറം വർഗീയത എന്ന അങ്ങേയറ്റം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന പ്രവണതയെ ആണ് ഞങ്ങൾ എതിർക്കുന്നത്. പക്ഷേ, ഇന്ത്യൻ സാഹചര്യത്തിൽ ഒരു വർഗീയത കേന്ദ്ര രാഷ്ട്രീയാധികാരത്തിൽ എത്തിയ വർഗീയതയാണ്; ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന വർഗീയത; ഹൈന്ദവ വർഗീയത. എന്നാൽ, ജമാഅത്തെ ഇസ്‌ലാമിയും മറ്റും പ്രതിനിധീകരിക്കുന്ന മുസ്‌ലിം വർഗീയത രാജ്യത്ത് അധികാരത്തിലെത്താൻ ശക്തി നേടിയിട്ടില്ല. അതൊരു വസ്തുതയാണ്. അതുകൊണ്ട് ഇടതുപക്ഷ നേതാക്കളുടെയെല്ലാം പ്രസംഗങ്ങളിൽ, ഇന്ത്യ ഭരിക്കാൻ കഴിയുന്ന ശക്തി നേടിയ വർഗീയതയ്ക്കെതിരെ കൂടുതൽ സമയമെടുത്തും കൂടുതൽ കർശനമായും പറയാറുണ്ട്. അതിന്റെ അർത്ഥം മറ്റൊരു വർഗീയതയോട് ഞങ്ങൾക്ക് എതിർപ്പ് കുറവാണ് എന്നല്ല. എല്ലാ വർഗീയതയോടും ശക്തമായ എതിർപ്പാണ്. രാജ്യം ഭരിക്കാൻ മാത്രം ശക്തമായ വർഗീയതയോട് കൂടുതൽ ശക്തമായി ആ എതിർപ്പ് പ്രകടിപ്പിക്കും. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇപ്പോൾ ഞങ്ങൾ ശക്തമായ വിമർശനം ഉയർത്തുന്നു എന്നു ചില ഇടങ്ങളിൽനിന്നു കേൾക്കുന്നുണ്ട്. സത്യത്തിൽ ഇപ്പോൾ മാത്രമല്ല. പക്ഷേ, ഇപ്പോൾ ഒരു പുതിയ സാഹചര്യം വന്നിരിക്കുന്നു കേരളത്തിൽ. ജമാഅത്തെ ഇസ്‌ലാമി, ആദ്യം മുസ്‌ലിം ലീഗിന്റേയും പിന്നെ യു.ഡി.എഫിന്റെ തന്നെയും രാഷ്ട്രീയ നേതൃത്വമായി മാറുകയും യു.ഡി.എഫിന്റേയും ലീഗിന്റേയും നയങ്ങൾ ആവിഷ്‌കരിക്കുന്ന വിഭാഗമായിത്തന്നെ മാറുകയും ചെയ്തിരിക്കുന്നു; അത് കോൺഗ്രസ്സും ലീഗും ഏതാണ്ട് അംഗീകരിച്ചതുപോലെ വന്നിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിന്റെ ഒരു അപ്രഖ്യാപിത ഘടകകക്ഷിയായി മാറി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുന്‍പ് പാർലമെന്റ് തെരഞ്ഞെടുപ്പിലും ഏകപക്ഷീയമായ പിന്തുണയാണ് യു.ഡി.എഫിന് അവർ നൽകിയത്. ഇപ്പോൾ ഘടകകക്ഷിയെപ്പോലെയായി. അവരാണ് ഇടതുപക്ഷവിരുദ്ധ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. അതാകട്ടെ, പൂർണമായും ചരിത്രവിരുദ്ധമായ കാര്യങ്ങളും ആസൂത്രണം ചെയ്ത നുണകളും ആവർത്തിച്ചു കൊണ്ടാണ് ചെയ്യുന്നത്. വളരെ ഹീനമായ കാര്യമാണ്; അതിലൂടെ ആർ.എസ്.എസ്സിനു തന്നെ സഹായകമാകുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ എതിർക്കുക എന്നു പറഞ്ഞാൽ ഒരു വർഗീയതയെ എതിർക്കുക എന്നതോടൊപ്പം തങ്ങളുടെ വർഗീയ പ്രചാരണത്തിലൂടെ ആർ.എസ്.എസ്സിനു ചെയ്യുന്ന ഉപകാരത്തെക്കൂടി എതിർക്കലാണ്. കേരളത്തിൽ ഇന്നൊരു മതനിരപേക്ഷ വാദിക്ക് ആർ.എസ്.എസ്സിനെ എതിർക്കുന്നതുപോലെ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയ പ്രചാരണത്തെയും എതിർക്കേണ്ടിവരും. അതൊരു പുതിയ സാഹചര്യമാണ്.

Q

സി.പി.എം താല്പര്യമെടുത്ത് ആദിവാസി ക്ഷേമസമിതിയും (എ.കെ.എസ്) പട്ടികജാതി ക്ഷേമ സമിതിയും (പി.കെ.എസ്) രൂപീകരിച്ചത് ഒരുപാടു വർഷങ്ങൾക്കു മുന്‍പല്ല. 2000-ൽ എ.കെ.എസ് രൂപീകരിച്ച് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് പി.കെ.എസ് രൂപീകരിച്ചത്. കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ജാതി വലിയ ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നതു മറികടക്കാൻ ജാതി സംഘടന തന്നെ വേണം എന്ന തിരിച്ചറിവാണോ അതിനു പിന്നിൽ. സ്വത്വരാഷ്ട്രീയം സജീവമായതും അതിന്റെ ചില പ്രധാന വക്താക്കൾ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമാകാൻ പോകുന്നതും കൂടി കണക്കിലെടുത്താണ് ചോദിക്കുന്നത്?

A

എല്ലാ പാർശ്വവൽകൃതരുടേയും ചൂഷണത്തിന് ഇരയാകുന്നവരുടേയും പാർട്ടി എന്ന നിലയിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾക്കിടയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടി തുടക്കം മുതൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നത്. എന്നാൽ, ആ വിഭാഗങ്ങളിൽ ജനിച്ച അപൂർവം ചില ആളുകൾ നിരന്തരം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുവേണ്ടി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ചിലർക്ക് മുഖംമൂടികളുണ്ട്. പക്ഷേ, അവരിൽ പലരേയും നയിക്കുന്നത് അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ്. ഒപ്പം അവരിൽ ചിലർ വിലയ്ക്കെടുക്കപ്പെട്ടവർ കൂടിയാണ്. ചില തെളിവുകളുടെ ശബ്ദരേഖകളും മറ്റുമൊക്കെ വന്നിട്ടുമുണ്ട്. അവർ സ്വയം വിലപേശി വിൽക്കാൻ ഒരു മടിയുമില്ലാത്തവരാണ്. വൈക്കത്ത് ഒരാൾ സ്ഥാനാർത്ഥിയായി വരുന്നു എന്നു കേൾക്കുന്നു. കേട്ടതേയുള്ളു; അപ്പോൾ മുതൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലൊക്കെ വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. വലിയ വായിൽ പലതും പറഞ്ഞുകൊണ്ടിരുന്ന ആളാണ്. ശബരിമല സുപ്രീംകോടതി വിധിയുടെ കാലത്ത് ഉയർന്നു വന്ന വിവാദങ്ങളിൽ ശക്തമായ നിലപാടൊക്കെ അദ്ദേഹം സ്വീകരിച്ചിരുന്നു. ആചാര സംരക്ഷണത്തിനു നിയമം കൊണ്ടുവരണമെന്ന് പ്രകടനപത്രികയിൽ എഴുതിച്ചേർത്ത യു.ഡി.എഫിനെ ഇദ്ദേഹം എങ്ങനെ പിന്തുണയ്ക്കും? ഇപ്പോൾ അദ്ദേഹം അതെല്ലാം വിഴുങ്ങി. ഒരു നിയമസഭാ സീറ്റ് കിട്ടും എന്ന് ഏറെക്കുറെ ധാരണയായപ്പോഴേയ്ക്കും അദ്ദേഹം യു.ഡി.എഫിന്റെ ഒരു അടിമയായിട്ടു മാറി.

എ.കെ.എസ്സും പി.കെ.എസ്സും ജാതി സംഘടനകൾ എന്ന നിലയിലല്ല രൂപീകരിച്ചത്. പി.കെ.എസ് ഏതെങ്കിലുമൊരു ജാതിയെ പ്രതിനിധീകരിക്കുന്ന സംഘടനയല്ല. പട്ടികജാതി ക്ഷേമ സമിതിയാണ്. പട്ടികജാതി എന്നാൽ, ഒരു ജാതി അല്ല. ഭരണഘടനയുടെ പ്രത്യേക പട്ടികയിൽപ്പെട്ട ജാതികളാണ്. അങ്ങനെയുള്ള ജാതികളിൽപ്പെട്ടവരുടെ സാമൂഹികമായ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണുന്നതിനുവേണ്ടി പട്ടിക ജാതികളിൽപ്പെടാത്തവരും കൂടി ചേർന്നിട്ടുള്ള സംഘടനയാണ്. അതേപോലെ എ.കെ.എസ്സും. സാമ്പത്തികമായ പിന്നാക്കാവസ്ഥ പോലെ സാമൂഹികമായ പിന്നാക്കാവസ്ഥയുമുണ്ട് എന്ന യാഥാർത്ഥ്യത്തെ അഡ്രസ് ചെയ്യണം എന്നത് സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ്സുകൾ തന്നെ അംഗീകരിച്ച കാര്യമാണ്. ഒരുപക്ഷേ, ആദ്യകാലങ്ങളിൽ സാമ്പത്തികമായ പിന്നാക്കാവസ്ഥയെ മാത്രമാകും കേന്ദ്രീകരിച്ചിട്ടുണ്ടാവുക. അതിന്റെ ഒരു കാരണം, സാമൂഹികമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവർ അന്ന് സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയെ അഡ്രസ് ചെയ്താൽ ഇതും അതിൽപ്പെടും. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോൾ സംവരണംകൊണ്ടും മറ്റുമൊക്കെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് ചെറിയ മാറ്റങ്ങൾ വന്നു. എങ്കിലും സാമൂഹിക പിന്നാക്കാവസ്ഥ അവിടെ ബാക്കിനിൽക്കുന്നു. അത് പാർട്ടി ചർച്ച ചെയ്തു വിലയിരുത്തുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയുമാണ്. പട്ടികജാതി, വർഗ വിഭാഗങ്ങളിൽ അതുകൊണ്ടുതന്നെ പാർട്ടിക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ട്. ആ വിഭാഗങ്ങളിൽപ്പെട്ടവർ ഇപ്പോഴും ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നത്. നേരത്തേ പറഞ്ഞവരുടെ ഇടതുപക്ഷവിരുദ്ധ പ്രചാരണത്തെ ഞങ്ങൾ രാഷ്ട്രീയമായിത്തന്നെയാണ് കാണുന്നത്.

Q

മുത്തങ്ങ സമരനായികയായിരുന്ന സി.കെ. ജാനു ഒരു ഘട്ടത്തിൽ എൻ.ഡി.എയിൽ പോയി, തിരിച്ചുവന്ന് യു.ഡി.എഫിന്റെ ഭാഗമായി. അപ്പോഴും ബി.ജെ.പിയുമായി സഹകരിച്ചതിൽ അവർ തെറ്റു കാണുന്നില്ല. വർഗീയ വിഭജനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശരിയായി ബോധ്യപ്പെടാത്ത, അവരിൽ നിന്നുള്ള നേതാക്കൾ ആദിവാസികളുൾപ്പെടുന്ന പാർശ്വവൽകൃതരുടെ ജീവിതത്തേയും രാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിച്ചു എന്നാണ് കാണുന്നത്?

A

ആദിവാസി ജനവിഭാഗങ്ങൾ ഇപ്പോഴും കൂടുതൽ പരിഗണന അർഹിക്കുന്നവരാണ്. സംശയമില്ല. ഈ സർക്കാർ അവരെ നല്ലതുപോലെ പരിഗണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും അവർ പരിഗണന അർഹിക്കുന്നുമുണ്ട്. സി.കെ. ജാനുവിന്റെ അമ്മയ്ക്കു വരെ ഭൂമി കൊടുത്തത് എൽ.ഡി.എഫ് സർക്കാരാണ്. അവർ പൊലീസിന്റെ അക്രമത്തിന് ഇരയാകേണ്ടി വന്നു, വെടിവയ്പുണ്ടായി, ജോഗി കൊല്ലപ്പെട്ടു. അങ്ങനെയൊരു സമരത്തിന്റെ ഭാഗമായി നേതൃത്വം കൊടുത്തിരുന്നു എന്നതൊഴിച്ചാൽ കേരളത്തിലെ ആദിവാസി സമൂഹമാകെ അവരെ നേതാവായിട്ടൊന്നും കാണുന്നില്ല. കേരളത്തിലെ ആദിവാസികളിൽ മഹാഭൂരിപക്ഷവും ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് നിൽക്കുന്നവർ തന്നെയാണ്. ഇവരല്ല ആദിവാസികളുടെ നേതാവ്. അവർ ബി.ജെ.പി സഖ്യത്തിൽ പോയി, അതിൽനിന്നു യു.ഡി.എഫിലേക്ക് മാറി. രാഷ്ട്രീയമായ കാരണങ്ങളേ അല്ല പറയുന്നത്. പണവും പദവികളുമാണ് ഇവരെയൊക്കെ നയിക്കുന്ന വികാരം. അത് ഒരു സമൂഹത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയല്ല; ഒരു സമൂഹത്തിന് സാമൂഹിക പദവികൾ കിട്ടണമെന്നല്ല, വ്യക്തിപരമായ സാമ്പത്തിക അഭിവൃദ്ധി, വ്യക്തിപരമായ പദവികൾ ഇതാണ് അവരെ നയിക്കുന്നത്. നാളെ വീണ്ടും ബി.ജെ.പിയിലേക്ക് പോകില്ല എന്നു പറയാൻ പറ്റില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും വ്യക്തികളല്ല കേരളത്തിലെ ആദിവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്നത്. ഇവർ ആ വിഭാഗത്തിൽ ജനിച്ചെങ്കിലും കാഴ്ചപ്പാടുകളും താല്പര്യങ്ങളും മുദ്രാവാക്യങ്ങളും ആ സമൂഹത്തിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതല്ല. പട്ടികജാതി, വർഗ സമൂഹത്തിന്റെ മേൽവിലാസം ഉപയോഗിച്ച് സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്ന നല്ല കച്ചവടക്കാർ മാത്രമാണ് അവർ. കേരളവും ആദിവാസി, ദളിത് സമൂഹവും അവരെ തിരിച്ചറിയുക തന്നെ ചെയ്യും. വർഗീയശക്തികളുടെ വിഭജന, വിദ്വേഷ രാഷ്ട്രീയത്തിലേക്ക് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രചാരണം ഇപ്പോൾത്തന്നെ ഇടതുപക്ഷം നടത്തുന്നുണ്ട്. പേരിനെങ്കിലും ഇവർക്കൊപ്പം പോകുന്നവരുണ്ട് എന്നതുകൊണ്ടുതന്നെ ഇതിനേക്കാൾ ശക്തിയോടെ അത്തരം പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

Q

ഫാസിസത്തിനെതിരായ രാജ്യത്തിന്റെ മതേതര ഇടപെടലുകൾക്ക് ആശയപരമായ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും സി.പി.എമ്മിന് രാഷ്ട്രീയമായി ചെറുപ്പക്കാരിലും മറ്റുമുള്ള സ്വാധീനം കുറഞ്ഞുവരുന്നതിനെ എങ്ങനെ മറികടക്കും?

A

സത്യത്തിൽ അങ്ങനെയില്ല. പത്തോ ഇരുപത്തിയഞ്ചോ വർഷം മുന്‍പുള്ള സംഘടനാ പ്രവർത്തനശൈലിക്ക് മാറ്റം വന്നിട്ടുണ്ട്. അത്തരത്തിലുള്ള താരതമ്യങ്ങൾക്കൊന്നും വലിയ പ്രസക്തിയില്ലതാനും. പക്ഷേ, കേരളത്തിലെ യുവജനങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ഇടതുപക്ഷ ആശയഗതിക്കാർ തന്നെയാണ്. മുണ്ടക്കൈ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീടു വെച്ച് കൊടുക്കുമെന്ന് ഡി.വൈ.എഫ്‌.ഐ പ്രഖ്യാപിച്ചത് ഓർക്കുന്നു. ആ സ്ഥാനത്ത് 20 കോടി രൂപ വീട് നിർമിക്കുന്നതിനുള്ള പണം ഡി.വൈ.എഫ്‌.ഐ സർക്കാരിനു നൽകി. ജനങ്ങളിൽനിന്നു സമാഹരിച്ചതല്ല. ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ജോലിചെയ്തു സമാഹരിച്ച പണവും ആക്രി സാധനങ്ങൾ ശേഖരിച്ച് അത് വിറ്റുകിട്ടിയ പണവും പലതരം ചലഞ്ചുകൾ നടത്തി സമാഹരിച്ച പണവുമൊക്കെയാണ്. ലോകത്തുതന്നെ ഒരു വലിയ സംഭവമാണത്. ഇപ്പോഴും കേരളത്തിൽ ഏറ്റവുമധികം രക്തം ദാനം ചെയ്യുന്ന സംഘടന ഡി.വൈ.എഫ്‌.ഐ ആണ്. അതിനുള്ള അവാർഡ് തുടങ്ങിയ കാലം മുതൽ മറ്റാർക്കുമല്ല കിട്ടുന്നത്. അതുപോലെ പരിസ്ഥിതി ക്യാംപെയ്ൻ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആശുപത്രിയിലെ പൊതിച്ചോറ് വിതരണം ചരിത്രസംഭവം തന്നെയാണ്. വളരെ സജീവമായ ഇടപെടലുകൾ യുവജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ട്. നമുക്ക് വേണമെങ്കിൽ പറയാം, അത് ഇനിയും വളരണം, കുറേക്കൂടി വലുതാകണം. എന്നല്ലാതെ യുവജനങ്ങൾ രാഷ്ട്രീയ ബോധ്യമില്ലാത്തവരാണ് എന്ന് വിധി തീർപ്പ് കല്പിക്കുന്നത് ശരിയല്ല. പിന്നെ, വിമർശനങ്ങൾ ഉയർന്നുവരട്ടെ, അതിൽനിന്ന് യുവജന സംഘടനകൾ കൂടുതൽ ശക്തമായി അവരുടെ ഭാഗം അടയാളപ്പെടുത്തട്ടെ. ഞാൻ അങ്ങനെയാണ് അതിനെ കാണുന്നത്.

Q

ആർ.എസ്.എസ്സിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരാണ് എന്ന് വരുത്താൻ ശ്രമിക്കുന്നതിനേക്കാൾ ആഴത്തിലുള്ള ശ്രമം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറഞ്ഞാൽ അത് മുസ്‌ലീങ്ങൾക്കെതിരെ ആണെന്നു വരുത്താൻ ഈയിടെയായി നടക്കുന്നു. അത് ഏതുവിധം മാനേജ് ചെയ്യാനാണ് ശ്രമിക്കുന്നത്?

A

സത്യത്തിൽ ഇതൊരു പുതിയ കാര്യമല്ല. അങ്ങേയറ്റം നീചമായ ഒരു കാര്യമാണ്. അതായത് ഒരു രാഷ്ട്രീയ വിമർശനം ഉയർത്തിയാൽ ആ രാഷ്ട്രീയ വിമർശനത്തിനു മറുപടി പറയുന്നതിനു പകരം മതത്തിന്റെ ഒരു മറ തീർക്കുക. എല്ലാ വർഗീയവാദികളും ചെയ്യുന്നതാണിത്. ആർ.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ചെയ്യുന്നതും അതാണ്. ആർ.എസ്.എസ്സും മുസ്‌ലിം ലീഗും ചെയ്യുന്നതും അതാണ്. രാഷ്ട്രീയമായി ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് മതംകൊണ്ട് പരിച തീർക്കുകയാണ്. ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം കൂടുതൽ ഹീനമാകുന്നത് എന്തുകൊണ്ടാണെന്നു വച്ചാൽ, സംഘപരിവാരത്തിനെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുകയാണ് സി.പി.എം; മുന്‍പും അങ്ങനെയായിരുന്നു. കേരളത്തിൽ പൊരുതി നിൽക്കുകയാണ്. ആർ.എസ്.എസ് കേരളത്തിൽ 1968-ൽ ആദ്യമായി നടത്തിയ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത് മാവൂർ റയോൺസ് തൊഴിലാളിയായിരുന്ന സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സഖാവ് സുലൈമാനാണ്. രാഷ്ട്രീയമാണ് കാരണം. വർഗീയതയ്ക്കെതിരായ രാഷ്ട്രീയ പ്രവർത്തനത്തിനു നേതൃത്വം കൊടുത്ത ആളായിരുന്നു സുലൈമാൻ. അവിടുന്നിങ്ങോട്ട് എത്ര പേർ. നൂറുകണക്കിന് കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകർ, നേതാക്കൾ കൊല്ലപ്പെട്ടു. ആ ചോര കൊടുത്താണ് കേരളത്തിൽ ആർ.എസ്.എസ്സിനെ പ്രതിരോധിച്ചത്. ഈ വർഗീയവിരുദ്ധ നിലപാടാണ് ആർ.എസ്.എസ്സിന്റെ കടുത്ത ശത്രുതയ്ക്കു കാരണമായത്. ഏറ്റവുമൊടുവിൽ, മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നടന്ന ആർ.എസ്.എസ്സിന്റെ സമ്മേളനത്തിൽ അവരുടെ നേതാവ് കുന്ദൻ ചന്ദ്രാവത്ത് പരസ്യമായി പറഞ്ഞത് പിണറായിയുടെ തല അറുത്ത് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ ഇനാം തരും എന്നാണ്. ഇന്ത്യയിൽ ഒരു കോൺഗ്രസ് നേതാവിനും അങ്ങനെ നേരിടേണ്ടി വന്നിട്ടില്ല. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റേയോ രാഹുൽ ഗാന്ധിയുടെ തന്നെയോ തല കൊണ്ടുക്കൊടുത്താൽ പ്രതിഫലം തരാമെന്ന് ആരും പറഞ്ഞിട്ടില്ല. ആർ.എസ്.എസ് ഇപ്പോഴും എതിർക്കുന്നതും ഭയക്കുന്നതും കമ്യൂണിസ്റ്റു പാർട്ടിയെയാണ്, സി.പി.എമ്മിനെയാണ്, മാർക്സിസ്റ്റ് ആശയങ്ങളെയാണ്. അപ്പോൾ ചോദിക്കും, ഒരു സംസ്ഥാനത്തു മാത്രം ഭരണമുള്ള സി.പി.എമ്മിനേയോ? അങ്ങനെയല്ല. അമിത് ഷാ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, തുടച്ചുനീക്കണം എന്ന് അവർ ആഗ്രഹിക്കുന്നത് ഈ ആശയത്തെയാണ്. ഭരിക്കുന്ന സംസ്ഥാനങ്ങൾ വേറെയുണ്ടാകില്ല, പാർലമെന്റിൽ അംഗസംഖ്യ കുറവായിരിക്കും. ആർ.എസ്.എസ്സിനെ തുറന്നു കാണിക്കുന്നതും എതിർക്കുന്നതും സി.പി.എമ്മാണ്. അങ്ങനെ ഓരോ നിമിഷവും ആർ.എസ്.എസ്സിനെതിരെ പൊരുതിനിൽക്കുന്ന ഒരു പാർട്ടിയെ അതിനു കടകവിരുദ്ധമായി അവതരിപ്പിക്കുന്ന ഹീനതന്ത്രമാണ് ജമാഅത്തെ ഇസ്‌ലാമിയുടേത്. ആർ.എസ്.എസ്സുമായി സന്ധി ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. സ്ഥിരബുദ്ധിയും മനുഷ്യത്വത്തിന്റെ കണികയെങ്കിലും ഉള്ളവർ ഇങ്ങനെയൊരു പ്രചാരണം നടത്തില്ല. അപ്പോൾ, ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസ്സിനെപ്പോലെ തന്നെയാണ്, എന്തും അവർ ചെയ്യും. അതാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങൾക്കെതിരായി വരുന്ന വിമർശനങ്ങളെ അവർ സമുദായത്തിനും മതത്തിനും എതിരായി തിരിച്ചുവിട്ട് മതവിശ്വാസികളെയാകെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. സത്യത്തിൽ ഇത് പുതിയ കാര്യമല്ല. ഭരണഘടനാ അസംബ്ലിയിൽ, അതിർത്തിഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാൻ പ്രസംഗിച്ച കാര്യമുണ്ട്. അദ്ദേഹം പങ്കെടുത്തതു തന്നെ സംഘർഷനിർഭരമായ മനസ്സോടെയാണ്. അന്നത്തെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നല്ലോ. “എന്റെ നാട്ടിലെ മുസ്‌ലിങ്ങൾക്ക് എന്നോട് വലിയ അസംതൃപ്തിയുണ്ട്. അവർ പറയുന്നു, ഞാൻ അവരിൽപ്പെട്ടവനല്ല; ഞാൻ അവർക്കെതിരാണ് എന്ന്. ഇത്തരം ആളുകളെ തീവണ്ടി യാത്രയിലും മറ്റും ധാരാളമായി കാണുന്നു. ഞാൻ നിങ്ങൾക്കെതിരല്ല എന്നും നിങ്ങൾക്കൊപ്പം തന്നെയാണ് എന്നും പറയുമ്പോൾ അവരുടെ മറുപടി നിങ്ങൾ മുസ്‌ലിം ലീഗിനോടൊപ്പമല്ലല്ലോ എന്നാണ്. അങ്ങനെ പറയുന്നവരോട് എന്റെ മറുപടി മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. മുസ്‌ലിങ്ങൾക്കൊപ്പം നിൽക്കാൻ അവർക്കൊപ്പം നിൽക്കേണ്ട യാതൊരാവശ്യവുമില്ല” -അദ്ദേഹത്തിന്റെ വാക്കുകളാണ്. എന്നുവെച്ചാൽ, അക്കാലം മുതലേ മുസ്‌ലിം ലീഗിനെ എതിർത്താൽ മുസ്‌ലിമിനെതിരാണ്, ഇസ്‌ലാമിനെതിരാണ് എന്നൊരു നരേഷൻ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴും അതുതന്നെയാണ്. ഇപ്പോഴത് ഏറ്റവും കൂടുതൽ എടുത്ത് പ്രയോഗിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചാൽ ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിരുദ്ധർ. ആർ.എസ്.എസ്സിനെ എതിർത്താൽ അപ്പോൾ ഹിന്ദുവിരുദ്ധനായി മാറും, ഹിന്ദു വിശ്വാസിക്ക് എതിരായിട്ടു മാറും. ഇത് ജനാധിപത്യം ഒരിക്കലും അംഗീകരിക്കാത്ത ഹീനമായ കാര്യമാണ്. ശക്തമായ വിമർശനങ്ങൾ ജനാധിപത്യത്തിൽ അനിവാര്യമാണ്. നിർഭയം ആ വിമർശനങ്ങൾ നടത്താൻ കഴിയാതെ വന്നാൽ ജനാധിപത്യം തന്നെ ദുർബലമായി. ഇപ്പോൾ ആർ.എസ്.എസ്സിനേയും ജമാഅത്തെ ഇസ്‌ലാമിയേയുമെല്ലാം ശക്തമായി എതിർത്തുപോരുക എന്നത് നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടു പോകാതിരിക്കാൻ വളരെ പ്രധാനമാണ്.

Q

പി.വി. അൻവർ ഇടതു സ്വതന്ത്ര എം.എൽ.എ ആയിരുന്നപ്പോൾ അൻവറിനെതിരെ ഉണ്ടായ പല ആക്ഷേപങ്ങളും പ്രതിരോധിച്ച് സി.പി.എം പഴി കേട്ടു. പിന്നീട് കാണുന്നത് അൻവർ സി.പി.എമ്മിന്റേയും എൽ.ഡി.എഫ് സർക്കാരിന്റേയും ശത്രു ആയി മാറുന്നതാണ്. ഇത്തരം സ്വതന്ത്ര പരീക്ഷണങ്ങൾ പുന:പരിശോധിക്കാൻ ആ അനുഭവം കാരണമായി മാറുമോ?

A

തെരഞ്ഞെടുപ്പിൽ സ്വതന്ത്ര വ്യക്തിത്വങ്ങളെ മത്സരിപ്പിക്കുക എന്നത് സി.പി.എമ്മിന്റേയും അതിനുമുന്‍പ് അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടേയും പൊതുശൈലിയും രീതിയുമായിരുന്നു. അത് ഇവിടെ മാത്രമല്ല. ഒരിക്കൽ ക്യൂബയിൽ ചെന്നപ്പോൾ അവിടെ തെരഞ്ഞെടുപ്പു വരാൻ പോകുന്ന സമയമായിരുന്നു. ഉത്തരവാദപ്പെട്ടവരുമായൊക്കെ സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം, തെരഞ്ഞെടുപ്പിൽ പാർട്ടി നേതാക്കളും മെമ്പർമാരും മത്സരിക്കുന്നതിനെ പാർട്ടി കാര്യമായി പ്രോത്സാഹിപ്പിക്കാറില്ല. കുറച്ചു പേരൊക്കെ മത്സരിക്കുമെങ്കിലും കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങളല്ലാത്തവരും പാർലമെന്റിൽ ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് അവിടെ പാർട്ടി മുന്നോട്ടു പോകുന്നത്. സ്വതന്ത്ര വ്യക്തിത്വങ്ങളെ നിയമനിർമാണസഭയിലേക്കു മത്സരിപ്പിക്കുക എന്നത് ഞങ്ങളുടെ പൊതുശൈലിയാണ്. പാർട്ടി നേതാക്കൾ മാത്രം പോരാ, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ വേണം. ഒന്നാമത്തെ ഗവൺമെന്റിൽ അങ്ങനെയുള്ള നിരവധിപ്പേരുണ്ടായിരുന്നു, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കരുത്തർ. ചിലർ മന്ത്രിയുമായി. ആദ്യത്തെ ആഭ്യന്തരമന്ത്രി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ആരോഗ്യമന്ത്രി എ.ആർ. മേനോൻ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഇവരൊക്കെ സ്വതന്ത്രരായിരുന്നു. അന്നു മുതൽ ഇവിടെ അത് ആരംഭിച്ചു. മികച്ച സാമാജികരേയും ഭരണാധികാരികളേയും അതുവഴി കിട്ടി. ചിലർ ഇടതുപക്ഷ സഹയാത്രികരായി തുടർന്നു, ചിലർ പാർട്ടി നേതൃത്വത്തിൽപ്പോലും വന്നു. എന്നാൽ, ചില പരീക്ഷണങ്ങൾ ആ നിലയിൽ വിജയിച്ചില്ല. നിലമ്പൂരിലെ അനുഭവം അങ്ങനെ വിജയിക്കാതെപോയ ഒരു അനുഭവമാണ്. സത്യത്തിൽ അദ്ദേഹം സ്വതന്ത്രൻ എന്നതിലുപരി രാഷ്ട്രീയമുള്ള ആൾ തന്നെയായിരുന്നു. കോൺഗ്രസ്സുകാരനായിരുന്നു. കാലുമാറി വന്നതൊന്നുമല്ല. പിതാവ് കോൺഗ്രസ്സിന്റെ നേതാവായിരുന്നു. അങ്ങനെ രാഷ്ട്രീയ പ്രവർത്തന അനുഭവമുള്ള ആളായിരുന്നു. കോൺഗ്രസ്സിൽ പ്രശ്നങ്ങളുണ്ടായപ്പോൾ നാലാം ഗ്രൂപ്പിന്റെ ഭാഗവും പിന്നീട് ഡി.ഐ.സി ഉണ്ടായപ്പോൾ അതിന്റെ ഭാഗവുമായി. പിന്നീട് അവരെല്ലാം കൂടി തിരിച്ചു കോൺഗ്രസ്സിൽ പോയപ്പോൾ അദ്ദേഹം പോയില്ല. സ്വതന്ത്രനായി നിന്നു. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഞങ്ങൾ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന, ഡി.ഐ.സിയിലുമൊക്കെ ഉണ്ടായിരുന്നവർ. അവരുടെ കൂടെ വോട്ട് സമാഹരിച്ചാണ് ഞങ്ങൾ ജയിച്ചത്. രണ്ടു തെരഞ്ഞെടുപ്പിൽ ജയിച്ചു. എന്നാൽ, അദ്ദേഹത്തിന് ഇടതുപക്ഷ രാഷ്ട്രീയം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മറ്റു പല താല്പര്യങ്ങളും അദ്ദേഹത്തിനു വന്നു. അതിനേത്തുടർന്ന് അദ്ദേഹം തീർത്തും തെറ്റായ ഒരു നിലപാടിലേയ്ക്കു പോവുകയും ഇപ്പോൾ കാണുന്ന ഒരു നിലയിൽ എത്തുകയും ചെയ്തു. അദ്ദേഹത്തെ ഒരു സ്വതന്ത്രൻ എന്ന നിലയിൽ പരിഗണിക്കേണ്ടിയിരുന്നോ എന്നു ചോദിച്ചാൽ ഇപ്പോൾ നമുക്ക് മറുപടി പറയാൻ കഴിയില്ല. ഒരുപാടു സ്വതന്ത്ര വ്യക്തിത്വങ്ങൾ സമൂഹത്തിനു മുതൽക്കൂട്ടായി ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അതിൽ ഒന്ന് പരാജയപ്പെട്ടു എന്നു പറയാം. അത്തരം ചില അനുഭവങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതുവെച്ചല്ല സ്വതന്ത്രരെ മത്സരിപ്പിക്കുന്നതിൽ ഞങ്ങൾ തീരുമാനമെടുക്കുന്നത്. മറിച്ച്, കേരള രാഷ്ട്രീയത്തിലും കേരളസമൂഹത്തിലും വലിയ സംഭാവനകൾ ചെയ്ത പല സ്വതന്ത്രരുമുണ്ട്. നേരത്തെ പറഞ്ഞവർക്കു പുറമേ ലോനപ്പൻ നമ്പാടൻ മാഷിനെപ്പോലുള്ളവർ. ടി.കെ. ഹംസ എം.എൽ.എയും മന്ത്രിയും എം.പിയും മാത്രമല്ല സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വരെയായി. കെ.ടി. ജലീൽ നാലാം തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് എം.എൽ.എയാണ്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയുമായി. അങ്ങനെ നിരവധിയാളുകൾ. അതുകൊണ്ട് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സ്വതന്ത്രർ എന്ന നിലയിൽ മത്സരിപ്പിക്കുന്ന രീതി ഒരിക്കലും ഇടതുപക്ഷം ഉപേക്ഷിക്കില്ല; തുടരും.

Q

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പൊളിറ്റിക്കലാക്കി മാറ്റിയത് സ്വരാജിന്റെ സ്ഥാനാർത്ഥിത്വമാണ് എന്ന ചർച്ചകൾ സജീവമായിരുന്നു. 2016-ലും 2021-ലും തൃപ്പൂണിത്തുറയിലെ മത്സരവും കേരളം ശ്രദ്ധിച്ചതിൽ താങ്കളുടെ സാന്നിധ്യം വലിയ പങ്കാണ് വഹിച്ചത്. ഇപ്പോൾ പല അഭ്യൂഹങ്ങളും വരുന്നുമുണ്ട്. മത്സരിക്കുന്നുണ്ടോ അതോ സംഘടനാ പ്രവർത്തനത്തിലാകുമോ കൂടുതൽ ശ്രദ്ധിക്കുക?

A

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതും ജനപ്രതിനിധിയാകുന്നതും ഉൾപ്പെടുന്ന പാർലമെന്ററി രംഗത്തെ പ്രവർത്തനങ്ങളേക്കാൾ ഞാനിഷ്ടപ്പെടുന്നത് പാർട്ടി സഘടനാരംഗത്ത് പ്രവർത്തിക്കുന്നതാണ്, എപ്പോഴും. തെരഞ്ഞെടുപ്പുകൾ മോഹിപ്പിച്ചിട്ടേയില്ല, ഒരിക്കലും. മൂന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചു. രണ്ടു തവണ തോറ്റു, ഒരിക്കൽ ജയിച്ചു. വിജയപരാജയങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. കമ്യൂണിസ്റ്റു പാർട്ടി സംവിധാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേക്കാൾ പാർട്ടി തീരുമാനങ്ങൾ നടപ്പാക്കേണ്ടിവരും. അത്തരം തീരുമാനങ്ങൾ നടപ്പാക്കിയതാണ് എല്ലാ തെരഞ്ഞെടുപ്പുകളും. താങ്കൾ ഈ പറഞ്ഞതുപോലെ വിലയിരുത്തുന്ന പലരുമുണ്ട്. അത് അത്രയും നല്ലത്. രാഷ്ട്രീയമായ സ്വഭാവത്തിലേക്ക് തെരഞ്ഞെടുപ്പുകൾ രൂപപ്പെട്ടു വരുന്നത് നല്ലതാണ്, അങ്ങനെയാണ് വരേണ്ടത്. അതിൽ ഒരെളിയ പങ്ക് ഞാൻ വഹിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. ഞാൻ അങ്ങനെ സ്വയം പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല.

Image of M Swaraj
എം. സ്വരാജ്Samakalika Malayalam Weekly
Q

ചില ശൈലികളൊക്കെ കാണുമ്പോൾ പിണറായിക്കു പഠിക്കുകയാണ് സ്വരാജ് എന്നൊക്കെ പറയാറുണ്ട് മാധ്യമപ്രവർത്തകരും മറ്റും. അങ്ങനെ ഒരാൾക്കു പഠിക്കാൻ മറ്റൊരാൾക്കു കഴിയുമോ?

A

എനിക്കു തോന്നുന്നേയില്ല. ഏതെങ്കിലുമൊരു നേതാവിനെ ഞാൻ മാതൃകയായി സ്വീകരിച്ചിട്ടേയില്ല, രാഷ്ട്രീയ പ്രവർത്തനത്തിൽ. കേരളത്തിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഒരു നേതാവിനേയും മാതൃകാപുരുഷനായി സ്വീകരിച്ചിട്ടില്ല. എനിക്ക് രാഷ്ട്രീയത്തിൽ ഗുരുക്കന്മാരുമില്ല. പക്ഷേ, എല്ലാവരോടും ബഹുമാനമുണ്ട്. ഞാൻ വളരെ വിസ്മയത്തോടുകൂടി കാണുന്ന നേതാക്കളുണ്ട്, വലിയ വ്യക്തിത്വങ്ങളുണ്ട്. അവരൊക്കെ മനുഷ്യരാണ്. കാൾ മാർക്സ്: പുതുയുഗത്തിന്റെ വഴികാട്ടി എന്നൊരു ചെറിയ പുസ്തകമുണ്ട്. മാർക്സിനെ പരിചയപ്പെടുത്തി ഇ.എം.എസ് എഴുതിയത്. ഒരു ലഘുലേഖയോളമേയുള്ളു. സ്കൂളിൽ പഠിക്കുമ്പോൾ വായിച്ചതാണ്. ഇതിഹാസതുല്യനായ മാർക്സിനെക്കുറിച്ച് എഴുതിയിട്ട് ഇ.എം.എസ് പറയുന്നുണ്ട്: “ഇങ്ങനെയൊക്കെയാണെങ്കിലും മാർക്സ് ഒരു അമാനുഷനായിരുന്നില്ല.” ഇപ്പോഴും മനസ്സിൽ പതിഞ്ഞുകിടക്കുന്ന വാചകമാണ്. “മാർക്സ് ഒരു സാധാരണ മനുഷ്യനായിരുന്നു. മനുഷ്യൻ എന്ന നിലയിലുള്ള എല്ലാ കുറവുകളുമുള്ള ഒരു മനുഷ്യനായിരുന്നു.” അതാണ് ശരിയായ വിലയിരുത്തൽ.

അങ്ങനെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ അവസരം കിട്ടിയ മനുഷ്യരുണ്ട് ഒരുപാടുപേർ. എന്നാൽ, അവരെല്ലാം മനുഷ്യരായിരുന്നു. ഏതെങ്കിലും ഒരാളെ മാതൃകയായി സ്വീകരിക്കണം എന്ന കാഴ്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല. ചിലപ്പോൾ ഒരു കാര്യത്തിൽ ആ ആൾ മാതൃകയായിരിക്കും; മറ്റൊരു കാര്യത്തിൽ വേറൊരാൾ ആയിരിക്കും മാതൃക. ഒരു വ്യക്തിയെ വിലയിരുത്തുക എന്നത് വലിയ പ്രയാസമാണ്. നമ്മൾ പലപ്പോഴും ചെയ്യുന്നത് ഒരു വിഷയത്തിൽ ഒരാൾ പറയുന്ന അഭിപ്രായം വെച്ചിട്ട് ആ ആളെ വിലയിരുത്തും; ഒരു വിഷയത്തിലെ നിലപാട് വെച്ചിട്ട് വിലയിരുത്തും. ആ അഭിപ്രായമല്ല ശരിക്കും ആ വ്യക്തി; അതിനുമപ്പുറം കുറേക്കൂടിയാണ്. പല വലിയ ആളുകളേയും വിലയിരുത്തുമ്പോൾ ആ ആളിൽ സ്വീകാര്യമായ കാര്യങ്ങളും സ്വീകരിക്കേണ്ടതില്ലാത്ത കാര്യങ്ങളുമുണ്ട്. അങ്ങനെയാണ് ഞാനതിനെ കാണുന്നത്. അതുകൊണ്ട് എനിക്കൊരു വ്യക്തിയോടും ഇതുവരെ ആരാധന തോന്നിയിട്ടില്ല. രാഷ്ട്രീയത്തിലെന്നല്ല അതിനു പുറത്തും.

കമ്യൂണിസ്റ്റു പാർട്ടിക്ക് നേതൃത്വം കൊടുത്ത നേതാക്കൾ പലരും വലിയ ത്യാഗസമ്പൂർണമായ ജീവിതം നയിച്ചവരാണ്. അവരോടെല്ലാം അളവറ്റ ബഹുമാനമുണ്ട്. ആ ബഹുമാനം എപ്പോഴും സൂക്ഷിക്കുന്നുണ്ട്. നേതാക്കളോട് വ്യക്തിപരമായ അടുപ്പത്തിനു ശ്രമിക്കുന്ന ആളല്ല. ആദരവിന്റേതായ ഒരു അകലം എപ്പോഴും സൂക്ഷിക്കാറുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിരുന്നപ്പോൾ മുതൽ ഇപ്പോഴും സ്വന്തം പാർട്ടിയുടെ ഉയർന്ന നേതാക്കളെ അനാവശ്യമായി മുഖം കാണിക്കാനോ സംസാരിക്കാനോ അവരുടെ വിലപ്പെട്ട സമയം അപഹരിക്കാനോ ശ്രമിച്ചിട്ടില്ല. എന്തെങ്കിലും പ്രത്യേകമായ വിഷയമുണ്ടെങ്കിൽ കാണും, ആ വിഷയം സംസാരിക്കും. സഖാവ് പിണറായി വിജയന് പഠിക്കുക എന്നൊക്കെ പറയുമ്പോൾ, അദ്ദേഹം ദീർഘകാലത്തെ തീക്ഷ്ണമായ രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങളിലൂടെ വളർന്നു വന്നിട്ടുള്ള ആളാണ്. ഞാൻ ഇപ്പോൾ പുതിയ ഒരു തലമുറയിൽപ്പെട്ട ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com