സൂഫിസം പ്രചരിപ്പിക്കുകയും അതിലൂടെ കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് കോഴിക്കോട് ഫാറൂഖ് കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ശബ്നം നൂർജഹാനെതിരെ ഒരു വിഭാഗം കടുത്ത വിമർശനങ്ങളും സൈബർ ആക്രമണവും നടത്തികൊണ്ടിരിക്കുന്നത്. സൂഫിസവുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചതോടെയാണ് ശബ്നം നൂർജഹാനെതിരെ സലഫിസത്തിൽ വിശ്വസിക്കുന്നവർ എതിർപ്പുമായി രംഗത്തുവന്നത്. 14 വർഷമായി ഫാറൂഖ് കോളേജിൽ അദ്ധ്യാപികയായ ഇവർ ക്ലാസ്സിൽ ജെന്ററും ഫെമിനിസവും യുക്തിവാദവും പ്രചരിപ്പിക്കുന്നു എന്നാണ് വിമർശനം. ഏറ്റവുമൊടുവിൽ സ്ത്രീകൾക്കായി ‘നൂറെ റൂമി’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചതോടെ വിമർശനവും കടുത്തു. കൊടുവള്ളി നഗരസഭാ കൗൺസിലറായിരുന്ന നൂർജഹാന്റേയും അദ്ധ്യാപകനായിരുന്ന വി.സി. അബൂബക്കറിന്റേയും മകളാണ് ശബ്നം നൂർജഹാൻ. സലഫി പണ്ഡിതനും കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വൈസ് പ്രസിഡന്റുമായ ഹുസൈൻ മടവൂരിന്റെ മകൻ ജാവേദ് ഹുസൈനാണ് ജീവിതപങ്കാളി. വിമർശനങ്ങളേയും സൂഫിസത്തേയും മുഖ്യധാരാ ഇസ്ലാമിനേയും മുസ്ലിം സ്ത്രീ ജീവിതത്തേയും കുറിച്ച് ശബ്നം നൂർജഹാൻ സംസാരിക്കുന്നു.
ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലമെന്താണ്?
‘നൂറെ റൂമി’ എന്ന ഒരു സൂഫി പ്രോഗ്രാം ഞാൻ നടത്തിയിരുന്നു. അതിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോഴാണ് വിമർശനങ്ങൾ തുടങ്ങിയത്. കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറി ഹനീഫ് കായക്കൊടി അതിനെതിരെ ഒരു പോസ്റ്റിട്ടു. പൊതുവെ സലഫികൾ സൂഫിസത്തെ വിമർശിക്കാറുണ്ട്. ഇസ്ലാമിനകത്ത് തന്നെയുള്ള രണ്ട് ധാരകളാണല്ലോ. എപ്പോഴും പസ്പരം കലഹിക്കുന്ന ഗ്രൂപ്പുകളാണ്. സലഫികൾ സൂഫി ആശയത്തെ വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഈ പോസ്റ്റിലെ വിമർശനത്തിന്റെ രീതി കുറച്ചു തീവ്രവാദ സ്വഭാവമുള്ളതായിരുന്നു. ഒരുതരം വ്യക്തിഹത്യയായിരുന്നു അത്. പഠിപ്പിക്കുന്ന കുട്ടികളെ ഞാൻ തെറ്റായ വഴിയിലേക്ക് കൊണ്ടുവരികയാണെന്നും അതുകൊണ്ട് ഫാറുഖ് കോളേജിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കൾ സൂക്ഷിക്കുക എന്നൊക്കെയായിരുന്നു അതിൽ പറഞ്ഞിരിക്കുന്നത്. അതിനുശേഷം അദ്ദേഹത്തേയും ആ ചിന്തയേയും ഫോളോ ചെയ്യുന്ന നിരവധിയാളുകൾ ഇത്തരം പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിപ്പിച്ചു. ഇവളെ സൂക്ഷിക്കുക, കുട്ടികളെ വഴി തെറ്റിക്കും, എന്നൊക്കെ തരത്തിലാണ് പോസ്റ്റർ. നാദാപുരം, വടകര ഭാഗത്ത് നിന്നൊക്കെ നിരവധി കുട്ടികൾ ഫാറൂഖ് കോളേജിൽ പഠിക്കുന്നുണ്ട്. ആ ഭാഗത്തൊക്കെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലൊക്കെ വലിയ പ്രചരണമാണ് എനിക്കെതിരെ നടത്തുന്നത്. ഇവരെയെന്താണ് മാനേജ്മെന്റ് നിയന്ത്രിക്കാത്തത്, ഇവർക്ക് ആരാണ് അവിടെ ജോലി കൊടുത്തത് എന്നൊക്കെയാണ് ചോദ്യം. ജോലി തെറിപ്പിക്കണം എന്നൊക്കെ തരത്തിൽ അക്രമ സ്വഭാവത്തിലുള്ള പ്രചരണങ്ങളാണ് നടത്തിയത്.
ചിലയാളുകളുടെ പ്രതികരണരീതി അങ്ങനെയാണ് എന്നു വിചാരിച്ച് എനിക്കത് വിടാമായിരുന്നു. പക്ഷേ, ഞാനതിൽ പ്രതികരിച്ചതിന് ഒരു കാരണമുണ്ടായിരുന്നു. അവർ പറയുന്നത് ഫാറൂഖ് കോളേജിന്റെ പൂർവികർ സലഫികളാണ് എന്നാണ്. അതൊരു പൊതുകലാലയമാണ് എന്നത് അവർ മറന്നുപോയിരിക്കുന്നു. സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. എയ്ഡഡ് കോളേജുകളുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയാണെങ്കിൽ പിന്നെ സർക്കാർ ശമ്പളം കൊടുക്കേണ്ട കാര്യമില്ലല്ലോ. സർക്കാർ സംവിധാനമാക്കേണ്ട കാര്യവുമില്ല. അത് അവരുടെ വലിയ ഒരു അവകാശവാദമായി എനിക്കു തോന്നി. എനിക്കെതിരെ തിരിയാനുള്ള ഒരു കാരണവും സത്യത്തിൽ അതാണ്. ഞാൻ വേറെ എവിടെയെങ്കിലും ഇരുന്ന് സൂഫിസത്തെ പ്രചരിപ്പിച്ചിരുന്നെങ്കിൽ ഇത്രമാത്രം ഹേറ്റ് വരില്ല. ഞങ്ങളുടെ ഇടത്തിൽ ഇരുന്ന് ഞങ്ങളെ പറയാമോ എന്ന രീതിയാണ് ഇതിൽ കണ്ടത്.
എന്റെ പരിപാടി ഫാറുഖ് കോളേജിലെ കുട്ടികൾക്കുവേണ്ടി ഉള്ളതായിരുന്നില്ല. അത് സംഘടിപ്പിച്ചതും കോളേജിനു പുറത്താണ്. ഞാൻ സ്വന്തം നിലയിൽ നടത്തുന്ന പരിപാടിയായതിനാൽ കോളേജിനുള്ളിലല്ല വേദി നിശ്ചയിച്ചത്. സൂഫിസം ഒരു ആദ്ധ്യാത്മിക ധാരയാണ്. അതു മനസ്സിലാക്കണമെങ്കിൽ കുറച്ച് പ്രായമുള്ളവർക്കല്ലേ സാധിക്കൂ. കുട്ടികളോട് അതു പറയാവുന്നതാണ് എന്നു തോന്നുന്നില്ല. സൂഫിസം ഞാൻ കുട്ടികളോട് സംവദിക്കാറില്ല. ഇത്രയും മുതിർന്ന ആളുകൾക്കു തന്നെ ഇത് ഒരു പിടിയും കിട്ടാത്തതുകൊണ്ടാണല്ലോ ഈ വിമർശനങ്ങളുണ്ടാവുന്നത്. കോളേജിന്റെ രണ്ട് കിലോമീറ്റർ ദൂരെയായിരുന്നു വേദി. പക്ഷേ, ഫാറൂഖ് കോളേജിനെ കേന്ദ്രീകരിച്ചാണ് ഞാൻ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നൊക്കെ പറഞ്ഞാണ് ഹേറ്റ് ക്യാംപെയിൻ നടത്തുന്നത്. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്.
എന്തായിരുന്നു ആ പ്രോഗ്രാം?
സൂഫിസം പലധാരകളാണ്, പല വഴികളാണ്. ഓരോരോ ഗുരുക്കന്മാരായിരിക്കും ഓരോരോ വഴികളായിട്ടുണ്ടാവുക. എന്റെ വഴി ജലാലദ്ധീൻ റൂമിയാണ്. റൂമിയുടെ വഴിയിലാണ് കുറച്ചുകാലമായി പഠിച്ചുകൊണ്ടിരിക്കുന്നത്. അതുമായി റിലേറ്റ് ചെയ്ത് സ്ത്രീകൾക്കുവേണ്ടി നടത്തിയ പരിപാടിയായിരുന്നു നൂറെ റൂമി. അണ്ടർസ്റ്റാൻഡിങ് ദെയർ ബോഡി, അൺവൈന്റിങ് ദേർ മൈൻഡ്, അൺലീഷിങ് ദേർ ഫെമ്നിറ്റി, അൺവെയിലിങ് ദേർ സ്പിരിറ്റ്-ഇതാണ് പ്രോഗ്രാം. നൂറേ റൂമി എന്നാൽ, റൂമിയുടെ പ്രകാശം എന്നാണ് അർത്ഥം.
ജീവിതത്തിൽ എന്റെ മനസ്സിലാക്കലിലും അന്വേഷണങ്ങളിലും ഞാൻ എത്തിയിരിക്കുന്ന ഒരു സ്പേസ് സൂഫിസമാണ്. ഓരോരുത്തർക്കും ഓരോരോ മാർഗം എന്നു പറയില്ലേ. എന്റെ അന്വേഷണത്തിൽ ഞാൻ എത്തിയത് സ്പിരിച്വാലിറ്റിയിലാണ്. അതിൽ സൂഫിസമാണ് എനിക്കു കൂടുതൽ ചേർന്നത് എന്നു കണ്ടെത്തി. അതുമായി ബന്ധപ്പെട്ടാണ് എന്റെ രണ്ട് പുസ്തകങ്ങളും. ആ പുസ്തകം വായിച്ച് എന്നെ ബന്ധപ്പെട്ട കുറേ സ്ത്രീകളുണ്ട്. അവർക്ക് ആ വിഷയം സംസാരിക്കാൻ ഇഷ്ടമാണ്. സംശയങ്ങൾ പരസ്പരം പങ്കുവെക്കാൻ ഇഷ്ടമാണ്. അവരെയെല്ലാം കാണാനും ഒരു ദിവസം ചെലവഴിക്കാനും കൂടിയാണ് പ്രോഗ്രാംകൊണ്ട് ഉദ്ദേശിച്ചത്.
സൂഫിസത്തെ ഇവർക്ക് ഭയമാണ് എന്നതാണ് ഈ അസഹിഷ്ണുത കാണിക്കുന്നത്. മുഖ്യധാരാ ഇസ്ലാമിൽ സുന്നി-എപി, ഇകെ, അങ്ങനെ കുറെ വിഭാഗങ്ങളുണ്ട്. ഇവരുടെയൊക്കെ പൊതുവായ കാര്യം ഇതൊരു പുരോഹിത മതമാണ് എന്നതാണ്. യഥാർത്ഥ മതത്തേയോ യഥാർത്ഥ പ്രവാചകനേയോ അല്ല ഇവർ പറയുന്നത്. അതിനെ കരിവാരി തേക്കുന്നതാണ് പൗരോഹിത്യ മതം. അതിൽ സംഗീതം ഹറാമാണ്, നൃത്തം ഹറാമാണ്, സ്ത്രീവിരുദ്ധതയുടെ കാര്യം പറയാനുമില്ല. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഈയടുത്ത് പറഞ്ഞത് കേട്ടില്ലേ, സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമാണ് എന്നാണ്. നമ്മളിതിനെ ചോദ്യം ചെയ്താൽ അവർ പറയും, ഞങ്ങൾ സുന്നി സ്ത്രീകളോട് മാത്രമാണ് പറഞ്ഞത് എന്ന്. സുന്നി സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മാത്രം ലോകത്തിനു നാശം എന്നാണോ ഉദ്ദേശിക്കുന്നത്. മുഴുവൻ സ്ത്രീകളേയും ഉദ്ദേശിച്ച് തന്നെയാണ് അതു പറഞ്ഞിട്ടുള്ളത്. എത്രയോ കാലമായി സമൂഹം ഇതേറ്റെടുക്കുകയാണ്. ഇതിന്റെ ഒരുപാട് പ്രയാസം ഈ സമൂഹം അനുഭവിക്കുന്നുണ്ട്. ഞാനടങ്ങുന്ന മുസ്ലിം പെൺകുട്ടികൾ പഠിച്ച് ഒരു നിലയ്ക്ക് എത്തണമെങ്കിൽ അത്രയും പാടാണ്.
ഈ പ്രായത്തിലെത്തിയാണ് എനിക്കു വോയിസ് ഉണ്ടായത്. ഇതൊക്കെ പറയണമെങ്കിൽ സാമ്പത്തികമായും ഇമോഷണലിയും നമ്മൾ നമ്മളുടെ കാലിൽ നിൽക്കണം. ഒപ്പം ജ്ഞാനപരമായി ബോധത്തിൽ ഉയർച്ചയും വരണം. ഇതെല്ലാം വരുമ്പോഴാണ് ഒരു മുസ്ലിം സ്ത്രീക്ക് വായ തുറക്കാൻ പറ്റുള്ളൂ. അതു പറ്റാതെ ഇതിൽ എത്രയോ മനുഷ്യർ കുടുങ്ങികിടക്കുന്നുണ്ട്. അത്ര സ്ത്രീവിരുദ്ധതയാണ് ഇതിലുള്ളത്. സ്ത്രീ വിരുദ്ധതയ്ക്ക് സുന്നി, മുജാഹിദ് എന്നൊന്നുമില്ല. എല്ലാവരും കണക്കാണ്.
എന്റെ രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്തത്. കോളേജിലായിരുന്നു. സ്റ്റാഫ് ക്ലബ്ബാണ് അതു ചെയ്തത്. സൂഫിയുമായി ബന്ധപ്പെട്ടുള്ള പരിപാടിയായതിനാൽ ഞാൻ അതിന്റെ കൂടെ മ്യൂസിക്കോ സൂഫി നൃത്തമോ എന്തെങ്കിലും കൂടെ ചേർക്കും. അതു കാണുമ്പോഴേക്കും പേടിയാണ്. അതിനെ ഒരു ആർട്ടായിട്ടെങ്കിലും കണ്ടുകൂടെ. അങ്ങനെപോലും കാണാനുള്ള സഹിഷ്ണുതയില്ല. ഇതൊരു പൊതു കലാലയമാണെന്നും ഇതൊക്കെ ഇവിടെ അനുവദനീയമാണ് എന്നതിനെ കുറിച്ചൊന്നും ഒരു ബോധവുമില്ലാതെയാണ് എതിർക്കുന്നത്.
കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടായോ അതോ പുറത്തുനിന്നുള്ള വിമർശനങ്ങൾ മാത്രമാണോ?
മാനേജ്മെന്റ് അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടാറില്ല. ഫാറൂഖ് കോളേജിനെക്കുറിച്ച് ഈ സലഫികൾ ഉണ്ടാക്കുന്ന ഒരു പൊതുബോധമുണ്ട്. അവരുടെ കോളേജാണ്, അതുകൊണ്ട് അവരുടെ രീതികളാണവിടെ എന്ന തരത്തിൽ. സത്യത്തിൽ അങ്ങനെയല്ല. ഫാറൂഖ് കോളേജ് പൊതുകലാലയത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ള കോളേജാണ്. എല്ലാ തരം ചിന്തകളേയും സ്വീകരിക്കുന്ന ഇടമാണ്. പക്ഷേ, അതിനു പുറത്തുള്ള കുറച്ചാളുകൾ വിചാരിക്കുകയാണ് ഇത് അവരുടെതാണ്, അവരുടെ താളത്തിനൊത്താണ് ഇവിടെ കാര്യങ്ങൾ നടക്കേണ്ടത് എന്നൊക്കെ. നൂറു വർഷത്തോളമാവാറായി ഈ കോളേജ്. കോളേജ് അദ്ധ്യാപകരുടെ ശബ്ദം എന്നത് പുറത്തേയ്ക്ക് കേൾക്കാനുള്ള ശബ്ദം തന്നെയാണ്. അവർ ഈ സമൂഹത്തിന്റെ വിഷയങ്ങളിൽ ഇടപെടേണ്ടേവരാണ്. അവർ അവരുടെ സിലബസിൽ മാത്രം ഒതുങ്ങിനിന്നു പഠിപ്പിക്കേണ്ടവരല്ല. ഇപ്പോൾ ബയോളജിയിൽ ബയോളജി ഓഫ് സെക്സ് പറയുമ്പോൾ അതിന്റെ ജെന്ററിലേക്കും അതിന്റെ ഫെമിനിസത്തിലേക്കും സോഷ്യൽ ആസ്പെക്ടിലേക്കും കയറിയിട്ടില്ലെങ്കിൽ അവരൊരു ടീച്ചറാണോ. ബയോളജി മാത്രം പറഞ്ഞാൽ മതി എന്നാണ് വിമർശനം. ബാക്കി വിഷയത്തിൽ നമ്മൾ വായിക്കുകയും അറിയുകയും ചെയ്യുന്ന അറിവ് ആർക്ക് കൊടുക്കാനുള്ളത്.
ഒരദ്ധ്യാപകന്റെ വിഹാരകേന്ദ്രമാണ് ക്ലാസ് മുറി. സിലബസ് പഠിപ്പിക്കാനാണെങ്കിൽ ഇന്ന് എ ഐ പഠിപ്പിക്കും. അദ്ധ്യാപകന്റെ ആവശ്യമേയില്ല. അദ്ധ്യാപകനാണ് സിലബസ്. 22 വയസ്സുള്ള നമ്മളുടെ അറിവ് മതി സിലബസ് പഠിപ്പിക്കാൻ. അതു കഴിഞ്ഞ് ഇത്രയും വർഷം നമ്മൾ വെറുതെയിരിക്കുകയല്ല. സിലബസിനപ്പുറത്തേക്ക് വളർന്ന് അതികായരായി നിന്ന അദ്ധ്യാപകരാണ് ലോകത്തേയും രാജ്യത്തേയും മുന്നോട്ട് നയിച്ചിട്ടുള്ളത്.
കെ.ഇ.എന്നിന്റെയൊക്കെ കോളേജാണ് ഇത്. ‘സ്വർഗം നരകം പരലോകം’ എന്ന പുസ്തകമൊക്കെ എഴുതി പുരോഹിതന്മാരെയാകെ ഞെട്ടിച്ച ശബ്ദമാണ് കെ.ഇ.എന്നിന്റേത്. എന്റെ പുസ്തക പ്രകാശനത്തിനു ഞാൻ കെ.ഇ.എന്നിനെയാണ് വിളിച്ചത്. ക്ലാസ് മുറികളിലെ അദ്ധ്യാപകന്റെ പ്രസ്താവനകൾ എന്നു പറയുന്നത് ശരിക്കും സമൂഹത്തിലേക്കുള്ളതു തന്നെയാണ്.
നമ്മുടെ മുന്നിലിരിക്കുന്നത് ചെറിയ മക്കളല്ല. 18 വയസ് കഴിഞ്ഞ ആൾക്കാരാണ്. അവർക്ക് ഈ വിമർശകരേയും കേൾക്കാം. നല്ലതെന്താ ചീത്തയെന്താ എന്ന് അവർക്കു തിരിച്ചറിയാം. കുട്ടികളെ അങ്ങനെ സ്വാധീനിക്കാനൊന്നും കഴിയില്ല. അങ്ങനെയാണെങ്കിൽ ഇവർക്ക് തന്നെയങ്ങ് സ്വാധീനിച്ചാൽ പോരെ.
അതിന്റെ അർത്ഥം അവർ മുന്നോട്ടുവെക്കുന്ന ആശയം പുതിയ മനുഷ്യർക്കു കൊള്ളാത്ത എന്തോ ആശയമാണ് എന്ന് അവർക്കു തന്നെ ഒരു ഇൻഫീരിയോർ കോംപ്ലക്സുണ്ട് എന്നാണ്.
കുട്ടികളെ സംഗീതം കാണിച്ച് മയക്കുന്നു, യുക്തിവാദം പറയുന്നു എന്നതൊക്കെയാണ് വിമർശം. സയൻസ് പഠിപ്പിച്ചാൽ അത് യുക്തിവാദമാണോ. ഞങ്ങളെയൊക്കെ ഇവല്യൂഷൻ ഇല്ല കേട്ടോ എന്നു പറഞ്ഞാണ് ഇവല്യൂഷൻ പഠിപ്പിക്കാറുണ്ടായിരുന്നത്. ഇവല്യൂഷൻ ഉണ്ട് കേട്ടോ എന്നു പറഞ്ഞാണ് ഞാൻ പഠിപ്പിക്കുന്നത്. അത്ര വ്യത്യാസമേ ഉള്ളൂ.
ഫെമിനിസം പറഞ്ഞാൽ യുക്തി വാദിയാക്കും. ട്രാൻസ് ജെന്റർ ബയോളജി പഠിപ്പിക്കുമ്പോൾ ട്രാൻസ് ജെന്റർ പൊളിറ്റിക്സ് പറയണ്ടേ. ഇതിന്റെ ബയോളജി മാത്രമേ ഞാൻ പറയൂ എന്നു പറഞ്ഞ് നിൽക്കേണ്ട കാര്യമെന്താണ്. അല്ലെങ്കിൽ ഈ പൊളിറ്റിക്സ് പറയുമ്പോൾ എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്ന ഭയം നമുക്കുണ്ടാവണം. അല്ലെങ്കിൽ ഇതു പറയുമ്പോൾ നമ്മുടെ മതം പൊളിയും എന്ന പേടി നമുക്കുണ്ടാവണം. ഇതൊന്നും പറഞ്ഞാൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ഒരു അല്ലാഹു അല്ല നമ്മളുടേത്. ഇവരുടെ കോൺസെപ്റ്റ് വളരെ ഫ്രജൈലാണ്. ഒന്നൂതിയാൽ പറക്കും അത്. അതുകൊണ്ടുതന്നെ ആരെങ്കിലും അടുത്തുകൂടി വരുമ്പോൾ തന്നെ പേടിയാണ്.
മുജാഹിദുകാർ പത്രസമ്മേളനം നടത്തി പറഞ്ഞത് ബയോളജിയിൽ സെക്സ് പഠിപ്പിക്കുമ്പോൾ എന്തിനാണ് ഫെമിനിസം പറയുന്നത് എന്നാണ്. സെക്സ് പഠിക്കുമ്പോൾ ജെന്റർ പറയണ്ടേ. ഫെമിനിസം എന്ന ലോകത്താകമാനമുണ്ടായ മൂവ്മെന്റിന്റെ ബാക്കിയായിട്ടാണ് നമ്മളൊക്കെ ഇവിടെയിരിക്കുന്നത്. അങ്ങനെയൊരു മൂവ്മെന്റും അത് സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും എനിക്കെന്റെ കുട്ടികളോട് പറയണ്ടേ. എന്റെ മുന്നിലിരിക്കുന്നത് 80 ശതമാനത്തിലധികം പെൺകുട്ടികളാണ്. അവരിവിടെ പഠിക്കാൻ വരുന്നതും ഇങ്ങനെയൊരു കോളേജ് ഉണ്ടായതും ഒക്കെ ഫെമിനിസ്റ്റിക് തോട്ടിന്റെ ഭാഗമായിട്ടല്ലേ. ഇതിനെ എന്തിനാണ് പേടിക്കുന്നത്.
ഞാൻ സാധാരണ സൂഫിയല്ല, ലിബറൽ സൂഫിയാണ്, യുക്തിവാദ സൂഫിയാണ്, എക്സ് മുസ്ലിം സൂഫിയാണ് എന്നൊക്കെയാണ് പത്രസമ്മേളനത്തിൽ പറഞ്ഞത്. ഫാറൂഖ് കോളേജിന്റെ സ്ഥാപകൻ അബുസബാഹ് മൗലവിയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇരുട്ടിൽനിന്ന ഒരു സമൂഹമായിരുന്നു മലബാറിലെ മുസ്ലിങ്ങൾ. ആ കാലഘട്ടത്തിലാണ് അദ്ദേഹം ഇങ്ങനെയാരു സ്ഥാപനം ഉണ്ടാക്കാനും അവിടെ പെൺകുട്ടികൾക്കു പഠിക്കാനുളള സംവിധാനങ്ങൾ ചെയ്യുന്നതും. അദ്ദേഹം ഒരു സൂഫിയായിരുന്നു.
സൂഫിസവുമായി ബന്ധപ്പെട്ട പുസ്തകം എഴുതാനുണ്ടായ സാഹചര്യം എന്തായിരുന്നു?
എന്റെ ആദ്യത്തെ പുസ്തകം ‘ഇസ്ലാം പ്രണയം സമർപ്പണം’ എന്നതാണ്. ഞാൻ ജനിച്ചുവളർന്ന മതമാണ് ഇസ്ലാം. ഒരു പ്രായമെത്തിയപ്പോൾ ആ മതത്തെ പഠിക്കാൻ ശ്രമിച്ചപ്പോൾ ഒരുപാട് സ്ത്രീവിരുദ്ധതകളും മനുഷ്യവിരുദ്ധതകളും പിന്തിരിപ്പൻ നിലപാടുകളും അതിലുണ്ട് എന്നു മനസ്സിലാക്കി. ബുദ്ധിയും ബോധവുമുറയ്ക്കുന്ന പ്രായത്തിൽ ഞാനതിനെ വിശദമായി പഠിച്ചു. പൗരോഹിത്യമതം എന്ന ഘടന മുഴുവൻ അഴുക്കാണ്. കുറച്ച് പ്രകാശമുള്ള മനുഷ്യന് അതു പിടിക്കൂല. അല്ലെങ്കിൽ നമ്മളത്രയും കണ്ടീഷൺഡ് ആയിരിക്കണം. നമ്മുടെ തലച്ചോർ അതിലേക്ക് മുങ്ങിപ്പോയിരിക്കണം.
എല്ലാ മതത്തിനകത്തും ഒരു ആദ്ധ്യാത്മികതയുണ്ട്. ഇസ്ലാമിനകത്തുള്ള ആദ്ധ്യാത്മിക സത്തയാണ് സൂഫിസം. അതിനു നല്ല സൗന്ദര്യവുമുണ്ട്. അതിനകത്ത് ഫിലോസഫിയുണ്ട്, പോയട്രിയുണ്ട്, സ്നേഹം ഉണ്ട്, കാരുണ്യം ഉണ്ട്. അത് കണ്ടപ്പോഴാണ് ഇസ്ലാം ഈസ് ബ്യൂട്ടിഫുൾ എന്നു ഞാൻ തിരിച്ചറിയുന്നത്. അങ്ങനെയാണ് റൂമിയെ പഠിക്കാൻ തുടങ്ങിയത്. എനിക്കുണ്ടായിരുന്ന ഖുറാനിലെ സംശയങ്ങൾ മുഴുവൻ തീർത്തത് റൂമിയാണ്. റൂമിയിലൂടെ പോയപ്പോഴാണ് എന്താണ് ഖുറാൻ എന്ന് എനിക്കു മനസ്സിലായത്. എന്നെപ്പോലെ മനസ്സിലാകാതെ കഷ്ടപ്പെടുന്ന മനുഷ്യർക്ക് ഉപകരിക്കപ്പെടട്ടേ എന്നു വിചാരിച്ചാണ് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച് പുസ്തകം എഴുതിയത്. 2023-ലാണ് പുറത്തിറക്കിയത്. ഒലിവായിരുന്നു പബ്ലിഷർ.
ആദ്യത്തെ പുസ്തകം ഫിലോസഫിയാണ്. അതുകൊണ്ടുതന്നെ അതിന്റെ ഭാഷ കടുപ്പമായിരുന്നു. കവിത ഉള്ളിലുള്ളവർക്കേ കവിത മനസ്സിലാവുള്ളൂ എന്നതുപോലെയാണ് സ്പിരിച്വാലിറ്റിയും. ഞാൻ ആദ്യമായി എഴുതിയ പുസ്തകമല്ലേ എന്നു വിചാരിച്ച് വാങ്ങിയവരുണ്ടായിരുന്നു. പക്ഷേ, ഇതു വായിച്ചിട്ട് മനസ്സിലാവുന്നില്ല എന്ന് അവർ പിന്നീട് എന്റെടുത്ത് പറഞ്ഞിട്ടുണ്ട്. എനിക്കു കഥകളൊക്കെ എഴുതാൻ ഇഷ്ടമാണ്. അങ്ങനെയാണ് ഞാൻ ഈ കൺസെപ്റ്റ് ഫിക്ഷനിലേക്ക് മാറ്റിയത്. അതാണ് രണ്ടാമത്തെ പുസ്തകം ‘കാമില റൂമിയുടെ പ്രണയി’ വായിക്കാൻ എളുപ്പമുണ്ട്. മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. ആ പുസ്തകം ഒരുപാട് പേരിലേക്കെത്തുകയും ചെയ്തു.
സൂഫിസത്തിൽ തന്നെ പലധാരകളുണ്ട്. അതിലേതാണ് നിങ്ങൾ പിന്തുടരുന്നത്?
സൂഫികൾക്ക് ഗുരുവാണ് വഴി. ഗുരുവാണ് ദൈവത്തിലേക്കുള്ള വഴി. നമ്മളുടെ പ്രണയവും സ്നേഹവും ഇഷ്ടവും ഗുരുവിലേക്കായിരിക്കും. ഓരോ പ്രായത്തിൽ ഓരോന്നിനെ പ്രേമിച്ചിട്ടാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. കുഞ്ഞുപ്രായത്തിൽ കളിക്കോപ്പുകളോടാവും പിന്നീട് ഭക്ഷണത്തോടാവും കുറച്ചുകൂടി കഴിഞ്ഞാൽ ഇണയോടാകും. അങ്ങനെ എപ്പോഴും ഇഷ്ടം എന്നൊരു സംഗതിയുണ്ടാവും. ചിന്തിക്കുന്ന മനുഷ്യർക്കു കുറച്ചുകൂടി കഴിയുമ്പോൾ നമ്മൾക്കു മനസ്സിലാവുന്ന രീതിയിൽ ജ്ഞാനത്തെ പറയുന്നതാരാണോ അയാളോടായിരിക്കും പ്രിയം. ആത്മജ്ഞാനത്തിലേക്കു പോകുമ്പോൾ ഗുരുവാണ് നമ്മുടെ പ്രണയഭാജനമായി മാറുക. ഗരുവിനെക്കാൾ വലുതൊന്നുമില്ല. ലോകത്താകമാനം അത്തരം ബോധപ്രാപ്തരായ ഗുരുക്കന്മാരുണ്ട്. ബുദ്ധനും യേശുവും നാരായണഗുരുവും ഒക്കെ അങ്ങനെയുള്ളവരാണ്. നമുക്കു മനസ്സിലാവുന്ന രീതിയിൽ സംസാരിക്കുന്നയാളാണ് നമ്മുടെ ഗുരു. എനിക്കു വലിയ സംശയങ്ങളൊക്കെ ഉണ്ടായ കാലത്ത് കാര്യങ്ങൾ മനസ്സിലാക്കാൻ എന്നെ ആദ്യം സഹായിച്ചത് നാരായണ ഗുരുവാണ്. അതു കഴിഞ്ഞാണ് ഞാൻ റൂമിയിലേക്ക് എത്തുന്നത്. റൂമിയിലേക്ക് എത്തിയപ്പോൾ ഇറ്റ്സ് പെർഫെക്ട് ഫോർ മീ എന്നു മനസ്സിലായി.
മുഹമ്മദ് നബിയെ മനസ്സിലാക്കുക എന്നതാണ് ഇസ്ലാം. പക്ഷേ, മുഹമ്മദ് നബിയെ ആകെപ്പാടെ കറുത്ത പെയിന്റടിച്ചിട്ടാണ് ഉള്ളത്. പൗരോഹിത്യം വികൃതമാക്കിയ നബിയെ ആണ് നമ്മൾ ഇപ്പോൾ കാണുന്നത്. ബോധത്തിലിരിക്കുന്ന ഒരു സ്ത്രീക്ക് അതിലേക്കു നോക്കിയാൽ അതിൽനിന്ന് ഒരു പ്രകാശവും വരില്ല. റൂമിയെ നോക്കുമ്പോൾ നിങ്ങൾക്കു പ്രകാശം വരും. ജ്ഞാനത്തിൽ മുഹമ്മദ് നബിയുടെ വഴിയെ പോകണമെങ്കിൽ അതു പറഞ്ഞുതരണ്ടേ ആരെങ്കിലും. ഇവർ പറയുന്നതു കേട്ടാൽ ആ വഴിക്ക് ആരും പോകില്ല. അങ്ങനെയാണ് എക്സ് മുസ്ലിംസ് ഉണ്ടാവുന്നത്. സംസാരിക്കുന്നവരുടെ ക്വാളിറ്റി പ്രധാനമാണ്.
എന്റെ വഴി റൂമിയാണ്. റൂമിയുടെ വഴിയെ ലോകത്താകമാനം മൗലവ്വിയ ത്വരീഖത് എന്നാണ് വിളിക്കുക. അത് ബാക്കിയുള്ള ത്വരീഖത്തുകളെപോലെ ഒരു എസ്റ്റാബ്ലിഷ്ഡ് സംവിധാനമൊന്നുമല്ല. അത് വിത്തിലുള്ളതാണ്. എവിടെയെങ്കിലുമൊക്കെ പൊട്ടിമുളയ്ക്കും, ഞാൻ ഇവിടെ മുളച്ചുവന്നതുപോലെ.
എങ്ങനെയാണ് സൂഫിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്?
20 വയസ്സായപ്പോഴേക്കും എന്റെ കല്ല്യാണം കഴിഞ്ഞു. കുട്ടികളായി. അതിനിടയിലാണ് പഠിച്ചതൊക്കെ. കോളേജ് അദ്ധ്യാപികയാവുക എന്നത് എന്റെ ആഗ്രഹമായിരുന്നു. 27 വയസ്സിലാണ് ജോലി കിട്ടുന്നത്. അങ്ങനെ ആ ഒരു ഘട്ടം കഴിഞ്ഞു, ലക്ഷ്യം പൂർത്തിയായി. ആ പ്രായമാവുമ്പോഴേക്കും ജീവിതത്തെ കുറച്ചുകൂടി സീരിയസായി കാണാനും തുടങ്ങി. മതത്തെ നന്നായി ഒന്നു പഠിച്ചാൽ കൊള്ളാം എന്ന് ആലോചിക്കുന്നത് ആ സമയത്താണ്. ഞാൻ റിലീജിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അങ്ങനെ കുറച്ച് പുസ്തകങ്ങളൊക്കെ വാങ്ങി. ഖുർ ആൻ പഠിക്കാൻ നോക്കൂ എന്ന് വാപ്പയും പറഞ്ഞു. ഞാൻ എന്തു കാര്യവും തീരുമാനിച്ചാൽ കാര്യമായി തന്നെ ചെയ്യും.
ജെന്റർ ഈക്വാലിറ്റി, സാമൂഹികമായ വിവേചനം, ട്രാൻസ് ജെന്റേർസിനോടുള്ള സമീപനം തുടങ്ങിയതൊക്കെ എനിക്കു പ്രശ്നമുള്ള കാര്യങ്ങളാണ്. ഖുർ ആനിൽ അങ്ങനെയുള്ള കുറച്ചു സാധനങ്ങളൊക്കെ കാണാൻ തുടങ്ങിയപ്പോൾ എനിക്കു ടെൻഷനായി. പിന്നീട് പല പുസ്തകങ്ങളും വായിച്ചു, പല ഉസ്താദുമാരുടേയും പ്രഭാഷണങ്ങൾ കേട്ടു. ഇത്രയ്ക്ക് ബോധമില്ലാത്ത പരിഷ്കാരമില്ലാത്ത മനുഷ്യർ വേറെയുണ്ടാവില്ല എന്ന രീതിയിലാണ് ഇസ്ലാമിനെ അവതരിപ്പിക്കുന്നത്.
പുരോഹിതന്മാരുടെ വളർത്തുദോഷം എന്ന പേരിൽ ഒരു ആർട്ടിക്കിൾ തന്നെ ഞാനെഴുതിയിട്ടുണ്ട്. പൊതുസമൂഹത്തിൽ സ്ത്രീകളുടെ കൂടെയൊന്നുമല്ല ഇവർ വളരുന്നത്. ഇവർക്ക് ഒരു പ്രത്യേകതരം നർച്ചറിങ് സിസ്റ്റമാണ് ഇവരുടെ സ്ഥാപനങ്ങളിൽ. അവിടുന്നു വളർന്നിട്ടുള്ള ബോധവും വിവരവുമില്ലാത്ത ആളുകളാണ് ദീനിനെ പറയുന്നത്. സൂറത്തുഅർ റഹ്മാൻ എന്നൊരു സൂറത്തുണ്ട്. ചെറുപ്പത്തിലെ വീട്ടിലൊക്കെ നമ്മളെക്കൊണ്ട് പാരായണം ചെയ്യിക്കുന്ന ഒരു സൂറത്താണ്. അതിനെ ഒരു ഉസ്താദ് വ്യാഖ്യാനിക്കുന്നതു ഞാൻ കേട്ടു. അത്രയും അശ്ലീലമായിട്ടായിരുന്നു അത്. അയാളുടെ ശരീരഭാഷ കണ്ടാൽത്തന്നെ അറിയാം കേവലം ശരീരത്തിൽ മാത്രം വീണുപോയ മനുഷ്യരാണ് എന്ന്. മനുഷ്യന്റെ പ്രാഥമികമായ കാര്യം ഫുഡ് ആന്റ് സെക്സാണ്. പക്ഷേ, മനുഷ്യന് അതിനു മുകളിലേയ്ക്ക് കയറാൻ പറ്റും. മനുഷ്യനു മാത്രം സാധ്യമാവുന്ന ഇടങ്ങളുണ്ട്. അത്തരം ഇടങ്ങളുണ്ട് എന്നുപോലും ബോധമില്ലാത്ത മനുഷ്യനാണ് ഇതു വ്യാഖ്യാനിക്കുന്നത്.
അടിസ്ഥാന ജനാധിപത്യ മര്യാദപോലുമില്ലാത്ത സംസാരം വിഷമമുണ്ടാക്കുന്നതാണ്. മറ്റൊരു പ്രഭാഷണമുണ്ട്, ഭാര്യമാരെ അടിക്കാനുള്ള അഞ്ച് അവസരങ്ങളാണ് അദ്ദേഹം അതിൽ പറയുന്നത്. പറയാതെ പുറത്തേയ്ക്ക് പോയാൽ, ലൈംഗികമായി സഹകരിച്ചില്ലെങ്കിൽ ഇങ്ങനെ തുടങ്ങിയ അഞ്ച് അവസരങ്ങളാണ് അതിൽ പറയുന്നത്. നമ്മളൊക്കെ റപ്രസന്റ് ചെയ്യുന്ന ഒരു സമുദായമാണല്ലോ ഇത്രമേൽ അധപതനത്തിൽ വീണിരിക്കുന്നത്. അതു കേട്ടിട്ട് ഇരിക്കാൻ കുറേ മനുഷ്യരും ഉണ്ട്.
എനിക്കിതൊന്നും സഹിക്കാൻ പറ്റില്ല, കാണുമ്പോൾ സങ്കടം വരും. അങ്ങനെയാണ് ഇതിനെ വിമർശനാത്മകമായി കാണണം എന്നു ഞാൻ ചിന്തിച്ചു തുടങ്ങുന്നത്. ശ്രീനാരായണ ഗുരുവിലൂടെയാണ് ഞാൻ ആദ്യം പോയത്. ഗുരുക്കന്മാരിലൂടെയാണ് നമ്മൾ ഗുരുക്കന്മാരിലേക്കെത്തുന്നത്. മുഹമ്മദ് നബി ഒരു ഗുരുവാണ് എന്ന് എനിക്കു വിശ്വാസമുണ്ട്. അതിലേയ്ക്ക് ഞാനെത്തണമെങ്കിൽ വെളിച്ചമുള്ള ഒരാൾ വേണം. അങ്ങനെ നാരായണഗുരുവിന്റെ ആത്മോപദേശ ശതകം ഞാൻ മെനക്കെട്ട് ഇരുന്നു പഠിക്കാൻ തുടങ്ങി. ഷൗക്കത്തിന്റെ ഒരു ക്ലാസ്സും എന്നെ സഹായിച്ചു. അങ്ങനെയാണ് മുഹമ്മദ് നബിയെ മനസ്സിലാക്കി തുടങ്ങുന്നത്. ഇസ്ലാമിനുള്ളിൽ തസവുഫ് എന്ന ഒരു ധാരയുണ്ട്. സൂഫിസം എന്നത് ഓറിയന്റലിസ്റ്റുകൾ കൊടുത്ത പേരാണ്. ആ സമയത്തുതന്നെ എനിക്ക് റൂമിയെ പഠിക്കാനുള്ള ക്ലാസ്സുകളും കിട്ടി. കേരളത്തിൽ സൂഫി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്നൊരു സംവിധാനമുണ്ട്. അതിനകത്ത് മസ്നവിയുടെ ക്ലാസ് നടക്കുന്നുണ്ട്. മൗല സിദ്ധിഖ് മുഹമ്മദ് ആണ് ക്ലാസെടുക്കുന്നത്. അതിലൂടെയാണ് ഞാൻ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയത്.
ഞാൻ ഒരു ഫൈറ്റ് മോഡിലേക്ക് വരണം എന്ന് ഒരിക്കലും വിചാരിച്ചതല്ല. സൂഫിസം നമ്മുടെ ഫൈറ്റ് മോഡിനെയൊക്കെ എടുത്തുകളയും. ഞാൻ മനസ്സിലാക്കിയ ഇസ്ലാമിന്റെ സൗന്ദര്യത്തെ ഒരു പുസ്തകം ആയി എഴുതാം എന്നേ വിചാരിച്ചിട്ടുള്ളൂ. ആ പുസ്തകത്തിന്റെ പ്രകാശനം നടക്കുന്ന സമയങ്ങളിൽ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങൾ വന്നു. കോളേജുമായി ബന്ധപ്പെട്ട പള്ളിയുടെ ഭാഗത്തുനിന്നും സലഫികളുടെ ഭാഗത്തുനിന്നും ചെറിയരീതിയുലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഞാനതിനു പ്രതികരിക്കാനൊന്നും പോയില്ല. മൂന്നു വർഷം കഴിഞ്ഞ് ‘കാമില’ എന്ന പുസ്തകം എഴുതി. ആസമയത്ത് കുറച്ചധികം പ്രശ്നങ്ങൾ ഉണ്ടായി. അപ്പോഴും എനിക്കത് വിഷയമായി തോന്നിയിരുന്നില്ല. ഇടയ്ക്കിടയ്ക്ക് പള്ളിയിൽ ഖുത്തുബയിൽ അവരെന്നെ സ്മരിക്കാറുണ്ട്. എന്നോട് ആളുകൾ അതു പറയാറുണ്ടായിരുന്നു. പഠിക്കാനും ജോലി ചെയ്യാനും അവസരം തന്ന കോളേജിനോട് നന്ദി കാണിച്ചില്ല എന്നാണ് പറഞ്ഞത്. യോഗ്യതയുണ്ടായതുകൊണ്ടാണല്ലോ എനിക്കു ജോലി കിട്ടിയത്. ശമ്പളം തരുന്നത് സർക്കാരും. പിന്നെ ഞാൻ ആരോടാണ് നന്ദി കാണിക്കേണ്ടത്. പിന്നെ കോളേജിന്റെ പൂർവികരെക്കുറിച്ചാണ് ഇവരിത് പറയുന്നതെങ്കിൽ അവർ തുടങ്ങിവെച്ചതിന്റെ ബാക്കിയാണ് ഞാനടക്കമുള്ളവർ ചെയ്യുന്നത്.
എന്റെ ഹസ്ബന്റ് ആ സമയത്ത് പള്ളിയിലുണ്ടായിരുന്നു. അദ്ദേഹത്തിന് അത് വിഷമമുണ്ടാക്കി. അങ്ങനെയാണ് പ്രതികരിക്കണം എന്നെനിക്കു തോന്നുകയും ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുകയും ചെയ്തത്. പിന്നീട് സലഫിക്കൂട്ടങ്ങൾ ഒന്നായി ഇളകി എനിക്കെതിരെ കമന്റുകളും പോസ്റ്റുകളും സോഷ്യൽമീഡിയയിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കാൻ തുടങ്ങി. എനിക്ക് പുറത്തേയ്ക്ക് വരണമെന്ന് ഒരാഗ്രവും ഉണ്ടായിരുന്നില്ല. എന്നെ ഇവർ കൊണ്ടുവന്നതാണ്.
സൂഫിസത്തിലേക്ക് വരുമ്പോൾ വ്യക്തി ജീവിതത്തിലുണ്ടായ സംഘർഷം എന്തായിരുന്നു?
എന്റെ കുടുംബം ഇ.കെ.സുന്നി വിഭാഗമാണ്. ഹസ്ബന്റിന്റെ കുടുംബം സലഫിസം ഉള്ള ആളുകളാണ്. അതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുക്കുമ്പോൾ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ ഉണ്ടാകും. ഞാൻ എങ്ങോട്ടേക്കാണ് പോകുന്നത് എന്നതിന്റെ ചെറിയ അങ്കലാപ്പുകളും ചോദ്യങ്ങളും കുടുംബത്തിൽ ഉണ്ടായിട്ടുണ്ട്. എനിക്ക് പറ്റുന്നതുപോലെയൊക്കെ അതു വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുമുണ്ട്. പിതാവിന്റെയടുത്ത് പരാതിയുമായി ആളുകൾ പോയിരുന്നു. മുതിർന്ന ഒരാൾ എന്ന നിലയിൽ മകൾ എന്തു ചെയ്യണം എന്നു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നാട്ടുകാർ എന്നെ മോശം വാക്കുകൾ പറയുന്നതു കേൾക്കുമ്പോൾ ഇപ്പോൾ എനിക്കു പ്രയാസമില്ല. സൂഫികൾ പറയാറുണ്ട് നിങ്ങൾക്കു പ്രശംസ എടുക്കുന്നത് നൃശംസകൂടി ഉൾകൊള്ളാൻ കഴിയുമ്പോഴാണ് എന്ന്. ഇപ്പോൾ ഞാൻ പ്രശംസ എടുക്കാറുണ്ട്. കാരണം നൃശംസയും എനിക്ക് ഓകെയാണ്. ഇസ്ലാമിന്റെ ഈമാൻ കാര്യങ്ങളിൽ, നന്മയും തിന്മയും ഒരാളിൽ നിന്നറിയുക എന്നാണ് പറയുന്നത്. അത് ബോധത്തിന്റെ നല്ലൊരു സ്റ്റേജാണ്. തിന്മയായിരിക്കും ചിലപ്പോൾ നമ്മളെ കരുത്തരാക്കുന്നത്. എന്നെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ മാത്രമേ ഞാൻ ഇടപെടുകയുള്ളൂ. എന്നെ പിറകിലോട്ട് വലിക്കുന്ന ഒന്നിലേക്കും ഞാൻ പോകില്ല. ഇപ്പോഴത്തെ വഴി എന്റെ ഉള്ളിൽ എന്നെ ശക്തയാക്കുന്നുണ്ട്, പ്യൂരിഫൈ ചെയ്യുന്നുണ്ട്. ഭയങ്ങളൊക്കെ പോയാൽ തന്നെ എു രസമാണ്. ദുഃഖവും ഭയവുമില്ലാത്ത ആളുകളാണ് ദൈവത്തിന്റെ ഏറ്റവും അടുത്ത ആളുകൾ എന്നാണ് സൂഫികൾ പറയുക. തീയിലൂടെ ചവിട്ടി നടന്നാലല്ലേ പിന്നെ നമുക്കു തീയെ പേടിയില്ലാതിരിക്കൂ. അതിനുള്ള ചെറിയ പരിശീലനമായിട്ടെ ഞാൻ ഇതിനെയൊക്കെ കാണുന്നുള്ളൂ.
സൂഫിസം പ്രാദേശികമായ കൾച്ചറുമായി ഇണങ്ങിചേരുന്നതാണല്ലോ. കേരളത്തിൽ/ഇന്ത്യയിൽ സൂഫിസത്തിന്റെ പ്രാദേശിക സ്വാധീനങ്ങൾ എന്താണ്?
നമ്മൾ ഒരു പഴം കഴിക്കുമ്പോൾ, പഴംകൊണ്ട് ഉദ്ദേശിച്ചത് പഴത്തിന്റെ തൊലി അല്ല. അതിന്റെ ഉള്ളിലെ കാമ്പ് ആണ്. ആ കാമ്പിനെ സംരക്ഷിക്കാൻ ആ തൊലി ആവശ്യമാണ്. മുഹമ്മദ് നബി മരുഭൂമിയിൽ ഉദ്യാനം തീർക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പറയുക. എന്നുവെച്ചാൽ അത്രത്തോളം വരണ്ട മനസ്സുള്ള മനുഷ്യരുടെ ഇടയിൽ ഉയർന്ന ബോധം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ്. ആ ഉദ്യാനത്തിനെ വേലിപോലെ സംരക്ഷിച്ചു നിർത്താൻ സാമൂഹിക നിയമങ്ങളുണ്ടായി. ചില മതങ്ങൾ രാഷ്ട്രീയവല്ക്കരിക്കപ്പെടും. രാഷ്ട്രനിർമാണത്തിനും അധികാരത്തിനും വേണ്ടി ഉപയോഗിക്കുമ്പോൾ അതിന്റെ പുറത്തെ ആ വേലി മാത്രമായി അതു മാറും. പിന്നെ അതിൽ കാമ്പില്ല. ഇത്തരത്തിൽ പൊളിറ്റിസൈസ് ചെയ്യപ്പെട്ട ഒരു മതമാണ് ഇസ്ലാം.
അതിന്റെ സ്ട്രക്ടചർ ആറാം നൂറ്റാണ്ടിലേക്ക് ഉണ്ടായതാണ്. അന്നത് നല്ലതായിരുന്നു. സ്ത്രീകൾക്കു പകുതി സ്വത്ത് കൊടുക്കണം എന്ന് അന്നു പറയുമ്പോൾ അതു നല്ലതാണ്. അതുപോലെ പലതും. പ്രശ്നം എന്താണെന്നുവെച്ചാൽ അതേ സാധനത്തിനെ 14 നൂറ്റാണ്ടിനിപ്പുറം ഫിറ്റാക്കാൻ നോക്കുകയാണ്. പഠിക്കുകയും ബോധമുദിക്കുകയും ചെയ്യുന്ന പെൺകുട്ടികൾക്ക് ഇതംഗീകരിക്കാൻ കഴിയില്ല. ഇപ്പോഴത്തെ മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശം എന്നത് രാജ്യത്തിനു തന്നെ അപമാനമാണ്. എന്തടിസ്ഥാനത്തിലാണ് മുസ്ലിം സ്ത്രികൾക്ക് സ്വത്ത് പകുതിയാകുന്നത്.
അതുപോലെയാണ് പലതും. ഇവിടെ പാകമാകാത്ത ഒരു സ്ട്രക്ടർ കൊണ്ടുവരുമ്പോൾ സമൂഹത്തിനും പുതിയ കാലഘട്ടത്തിനും അതു ബാധ്യതയാണത്. അതിനെ വെള്ളപൂശാൻ വേണ്ടി കഷ്ടപ്പെടുകയാണ് ഇവിടത്തെ പുരോഹിതന്മാർ. നമ്മുടെ തൊട്ട് മുന്പത്തെ തലമുറയായ മാതാവോ പിതാവോ പറയുന്ന പല കാര്യങ്ങളും നമുക്ക് ഓകെയാണോ. എന്നിട്ടാണ് ഇത്രയും നൂറ്റാണ്ട് മുന്പുണ്ടായിരുന്ന അറബികളുടെ നിയമത്തെക്കൊണ്ട് വന്ന് നരകവും സ്വർഗവും പറഞ്ഞു പേടിപ്പിച്ച് മനുഷ്യരുടെ തലയിൽ കെട്ടിവെക്കുന്നത്.
സൂഫികൾ എപ്പോഴും ഈ കാമ്പിന്റെ ആളുകളാണ്. ഇന്ത്യയിൽ ഖ്വാജാ മുഈനുദ്ദീൻ ചിഷ്തി, നിസാമുദ്ദീൻ ഔലിയ തുടങ്ങിയവരുടെ പാരമ്പര്യമാണ് ഇന്ത്യയുടെ മുസ്ലിങ്ങളുടെ പാരമ്പര്യം. പെട്രോ ഡോളറിന്റെ വരവോടുകൂടി സൗദി അറേബ്യ പണക്കാരായപ്പോൾ അവർ അവരുടെ സലഫിസത്തെ പ്രമോട്ട് ചെയ്യാൻ വേണ്ടി പണം കൊടുത്തുണ്ടാക്കിയ ഒരു ടീമിൽനിന്നുണ്ടായത് ഇവിടത്തെ സലഫിസം.
പുരാതന ഇസ്ലാമിനെ കടുപ്പമായി ഫോളോ ചെയ്യണം എന്നു പറയുന്നവരാണ് സലഫികൾ. ഇവരിപ്പോ വന്നതേയുള്ളൂ.അതിനു മുന്പ് ഇവിടെ മനുഷ്യർ ജീവിച്ചിട്ടില്ലേ. സൂഫികളിൽനിന്നും ഇറങ്ങിവന്ന സ്നേഹദർശനമായിരുന്നു ഇവിടുത്തെ ഇസ്ലാമിന്റെ കാതൽ. അവർ തട്ടത്തെ കുറിച്ചൊന്നും ആശങ്കപ്പെടുന്നവരായിരുന്നില്ല. എന്താണോ നാട്ടിലുള്ള സ്ത്രീകൾ ധരിക്കുന്നത് ആ വസ്ത്രം ഇടുന്നവരാണ്. കാച്ചിമുണ്ട് ഉടുത്തു നടക്കും. വസ്ത്രമൊന്നും അവരെ അലട്ടുന്ന പ്രശ്നമായിരുന്നില്ല.
സൂഫികൾ സത്തയിലേക്കാണ് നോക്കുന്നത്. നിങ്ങളുടെ രൂപത്തിലേക്കല്ല, ഹൃദയത്തിലേക്കാണ് നോക്കുക. അള്ളാഹു ഹൃദയത്തിൽ വസിക്കുന്നു എന്നാണ്. അവരിൽനിന്നു വന്നിട്ടുള്ളവരാണ് ഈ പറയുന്ന കൾച്ചറൽ ഇസ്ലാം. എല്ലാത്തിനോടും ഇഴുകി ചേരുന്നവരാണ്. മറ്റു മതസ്ഥരുമായി സുന്ദരമായ കൊടുക്കൽ വാങ്ങലുകളൊക്കെ ഉണ്ടായ സുന്ദരമായ ഒരു സമൂഹമായിരുന്നു. അതിന്റെയിടയിലേക്കാണ് സലഫിസം എന്ന വളരെ സ്ട്രിക്ട് ആയിട്ടുള്ള ഒരു പോളിസി കേരളത്തിലേക്ക് വരുന്നത്. അതിനുശേഷമാണ് നമ്മളീ കാണുന്ന പർദയൊക്കെ വന്നത്. ഇപ്പോ ഉള്ളത് നിഖാബാണ്. നിഖാബിനുള്ളിൽ ഒരു സ്ത്രീയെ തളച്ചിടുകയാണ്. കാന്തപുരമൊക്കെ പറയുന്നതിന്റെ സൂചന നിഖാബ് ധരിക്കണം എന്നു തന്നെയാണ്. നിഖാബ് ധരിക്കുന്നതോടെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിൽ ഇടപെടാനുള്ള എല്ലാ സാധ്യതകളേയും റദ്ദ് ചെയ്യുകയാണ്.
എന്നിട്ടും പറയും ഞങ്ങൾ പഠിപ്പിക്കാൻ വിടുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കുന്നു എന്നൊക്കെ. എന്തിനാണ് അവരെ പഠിപ്പിക്കുന്നത്. നിഖാബ് ധരിച്ചാൽ ഒരു അദ്ധ്യാപികയാവാൻ പറ്റുമോ. നമ്മളൊക്കെ അദ്ധ്യാപകരുടെ മുഖത്തുനോക്കി കേട്ട് പഠിച്ചിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ. നിഖാബ് ഇടുന്നവർക്ക് ഒരു ഡോക്ടറാവാൻ പറ്റുമോ, ജഡ്ജാവാൻ പറ്റുമോ എന്തെങ്കിലും സാധിക്കുമോ. പുറത്തൊരു റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാൻ പറ്റുമോ. രാജ്യം അതു നിരോധിക്കേണ്ടതാണ്. മുസ്ലിം സ്ത്രീകൾ ഈ രാഷ്ട്രത്തിന്റെ പെണ്ണുങ്ങളാണ്. മുസ്ലിങ്ങളുടെ പെണ്ണുങ്ങൾ മാത്രമല്ല. മുസ്ലിം സ്ത്രീകൾക്കെതിരായ എല്ലാത്തരം അടിച്ചമർത്തലുകളിലും രാഷ്ട്രം ഇടപെടണം. സ്വത്തവകാശത്തിലും ഇടപെടണം. സ്ത്രീകളെ നിഖാബ് ധരിപ്പിക്കുന്നത് രാജ്യത്ത് നിരോധിക്കണം.
ഹിജാബ് ധരിച്ചോട്ടെ, ഹിജാബ് ധരിക്കുന്നത് ഓരോരുത്തരുടേയും പേഴ്സണൽ ഫ്രീഡമാണ്.
സൂഫി പാരമ്പര്യത്തിലെ സ്ത്രീകൾ ആരൊക്കെയാണ്. സ്ത്രീ സൂഫിയാവുമ്പോൾ സംഭവിക്കുന്ന സവിശേഷമായ കാര്യം എന്താണ്?
ആദ്ധ്യാത്മികരെല്ലാവരും സമൂഹത്തിനു പുറത്തേയ്ക്ക് വന്ന് അവർ ആദ്ധ്യാത്മികരാണ് എന്നു പറയില്ല. അവർക്കു പറയേണ്ട അവസരം വരുമ്പോൾ മാത്രമാണ് പറയുന്നത്. മിണ്ടാതെ ഇരിക്കാനാണ് അവർക്കിഷ്ടം. എല്ലാകാലത്തും സൂഫികളിൽ സ്ത്രീകൾ ഉണ്ടായിട്ടുണ്ട്. അവരൊന്നും അധികം പുറത്തേയ്ക്ക് വന്നവരല്ല. സൂഫിവര്യൻമാരായിരുന്ന മൻസൂർ അൽ ഹല്ലാജിനേയും ബാബാസർമത്തിനേയും കൊലചെയ്തതാണ് ചരിത്രം. എവിടെയൊക്കെ ഏതൊക്കെ കാലത്തിൽ സൂഫികൾ ശബ്ദിച്ചിട്ടുണ്ടോ അവിടെയൊക്കെ പൗരോഹിത്യവും രാജ്യാധികാരവും അവരെ ഇല്ലാതാക്കിയിട്ടുണ്ട്. കൊല്ലുന്നത് പേടിച്ചിട്ട് മിണ്ടാതിരിക്കുന്നു എന്നല്ല. മിക്കവരും സംസാരിക്കില്ല. നമ്മുടെ ഗുരു സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്. അതേ പാതയിലൂടെയാണ് ഞാനും പോകുന്നത്. എഴുതുകയാണ് ഞാൻ ചെയ്തത്. സംസാരിക്കണം എന്നു വിചാരിച്ചതല്ല. പിടിച്ചു വലിച്ചു കൊണ്ടുവന്നതാണ്.
പാട്രിയാർക്കി ഇത്രയും സ്ട്രോങായി നിൽക്കുന്ന ഒരു സമൂഹത്തിൽ പ്രീസ്റ്റ്ഹുഡിനോട് സംസാരിക്കാൻ പുരുഷ സൂഫികൾക്കുപോലും കഴിയില്ല. അപ്പോൾ പിന്നെ സ്ത്രീകൾക്ക് എങ്ങനെയാണ് സാധിക്കുക. സൂഫി സ്ത്രീകൾ ധാരാളം ഉണ്ടായിട്ടുണ്ട്. കാട്ടുപൂക്കളെപ്പോലെയാണ്. നാട്ടുപൂക്കൾക്കാണല്ലോ ശ്രദ്ധ കിട്ടുക. കാട്ടുപൂക്കൾ അതിനുള്ളിലിരുന്നു അവരുടെ പണിയെടുക്കും. അതുപോലെയാണ്. റാബിയ ബസ്രിയൊക്കെ വിഖ്യാതമായ സ്ത്രീയാണ്. റസൂലിന്റെ കാലഘട്ടത്തിന്റെ അവസാനം വന്നിട്ടുള്ള ആളാണ്. അവർ കവിതകളെഴുതിയിട്ടുണ്ട്, പണ്ഡിതന്മാർക്ക് ക്ലാസ്സുകളെടുക്കാറുണ്ടായിരുന്നു.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ വെറുപ്പ്, സ്നേഹത്തിന്റെ കട, എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ സൂഫിസത്തിന്റെ സാധ്യത എന്താണ്?
മതമുള്ളവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ. മുഷ്യരുടെ സ്വഭാവത്തിലും വളർച്ചയിലും മതത്തിനു വലിയ സ്വാധീനമുണ്ട്. മതങ്ങൾ പരസ്പരം സ്നേഹത്തോടേയും സഹിഷ്ണുതയോടേയും വർത്തിക്കുകയാണെങ്കിൽ അവർ വളർത്തുന്ന മനുഷ്യരും അങ്ങനെ തന്നെയാവും. പക്ഷേ, സത്യത്തിൽ സംഭവിക്കുന്നതെന്താണ്. ചെറിയ പ്രായംതൊട്ടേ മതം തലയിൽ കേറ്റി കൊടുത്തുള്ള വളർത്തലാണ്. ഇതിനെക്കുറിച്ചൊന്നും സമൂഹം ബോധവാന്മാരെയല്ല. വളരെ ചെറുപ്പത്തിലെ അവരുടെ തലയിലേക്ക് എന്താണ് കൊടുക്കുന്നത് എന്നു വളരെ ശ്രദ്ധിക്കണം. രാജ്യത്തിന്റെ മുതലാണ് ഈ കുട്ടികൾ. രാജ്യത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ ഔന്നിത്യങ്ങളിലേക്ക് എത്തണ്ടവരാണ്. ജീവിതത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ മതം കുത്തിവെച്ചുള്ള വളർത്തലിനു ഞാൻ എതിരാണ്.
സ്ട്രക്ടചറൽ ഇസ്ലാമിന്റെ വക്താക്കളാണ് പൗരോഹിത്യമതമായി ഇവിടെ കാണുന്നത്. സൂഫി ഇസ്ലാം എന്നാൽ, ഏതു കാലഘട്ടത്തിലും സ്നേഹ ദർശനമാണ്. നമ്മുടെ ശത്രു നമ്മൾ തന്നെയാണ് എന്നു പറയുന്ന ദർശനമാണത്. അപ്പോൾ പിന്നെ നമുക്ക് ആരെയാണ് ഉപദദ്രവിക്കാനുണ്ടാവുക.
ചിന്തിക്കുന്ന മനുഷ്യന് എത്തിച്ചേരാനുള്ള പരമമായ ഇടം ആദ്ധ്യാത്മികതയാണ്. അത് എല്ലാ മതത്തിലുമുണ്ട്. എല്ലാ മതത്തിലുമുള്ളവർ അവിടെ എത്തിയാൽ ലോക സമാധാനത്തിലെത്തും. സ്ട്രക്ചറൽ ഇസ്ലാം പവർഫുള്ളാണ്. അവർ അടുത്തിടെ വന്ന മതമാണ്. അലിയാനുള്ള സമയം ഒരുപാട് കിട്ടിയിട്ടില്ല.
മതവിദ്യാഭ്യാസം കുട്ടികളിൽ കുത്തിനിറയ്ക്കുന്നത് അവരെ മനുഷ്യനെ ബഹുമാനിക്കാനറിയാത്ത, പൊതുസംവിധാനത്തോട് ചേർന്നു പോകാനറിയാത്ത, സ്ത്രീകളെ മനസ്സിലാക്കാത്ത മനുഷ്യരാക്കിയിട്ടാണ് വളർത്തുക. ഇസ്ലാമോഫോബിയയ്ക്ക് ഒരു ചെറിയ തോതിലെങ്കിലും കാരണം അവരുടെ സ്ട്രക്ടചറിലുള്ള റിജിഡിറ്റികൂടിയാണ്.
നനവില്ലാത്ത, സംഗീതമില്ലാത്ത, കലയില്ലാത്ത, സ്നേഹമില്ലാത്ത, മനുഷ്യരെ ബഹുമാനിക്കാത്ത ഒരു സംഹിതയോട് പുതിയ കാലത്തെ മനുഷ്യർക്കു ചേർന്നുനിൽക്കാനാവില്ല. ഇസ്ലാമിനു കുറച്ചുകാലംകൂടി നിലനിൽക്കണമെന്നുണ്ടെങ്കിൽ ആ ജഡശരീരത്തെ മാറ്റി കാമ്പിലേക്ക് നോക്കുക എന്നതാണ്. സൂഫികൾ
അതു കാണിച്ചു തന്നിട്ടുണ്ട്. അതിലേക്കു നോക്കിയാൽ കുറച്ചുകാലം കൂടി ഇസ്ലാം എന്നു പറഞ്ഞു നടക്കാം. അല്ലെങ്കിൽ പിന്നെ ഞങ്ങളെ ഉപദ്രവിക്കുന്നു എന്നു നിലവിളിച്ചുകൊണ്ടേയിരിക്കേണ്ടി വരും.
കേരളത്തിൽ സൂഫിസത്തെ മുന്നോട്ട് വെയ്ക്കുന്ന പ്രസ്ഥാനങ്ങളാണല്ലോ സുന്നി വിഭാഗങ്ങൾ. അവർ പിന്തുടരുന്ന സൂഫിസത്തെ എങ്ങനെയാണ് കാണുന്നത്?
ഇസ്ലാമിന്റെ കഴമ്പിരിക്കുന്നത് തസവൂഫിലാണെന്നു മനസ്സിലാക്കിയ വിഭാഗമാണ് സുന്നികൾ. അതിന്റെ ഒറിജിൻ അങ്ങനെയാണ്. പക്ഷേ, സുന്നികൾ അവരുടെ യഥാർത്ഥ സത്തയായ തസവുഫിനെ വിട്ട് സലഫിസത്തിലേക്ക് സഞ്ചരിക്കുന്നതാണ് നമ്മളിപ്പോൾ കാണുന്നത്. ഇ.കെ.സുന്നിയിൽനിന്നും എ.പി. സുന്നിയിൽനിന്നും തന്നെ ഇതിനെതിരെ വിമർശനങ്ങളുണ്ട്. സലഫിസത്തെ എടുക്കുന്നു എന്ന തരത്തിൽ വലിയൊരു മൂവ്മെന്റ് തന്നെയുണ്ട്. സൂഫി സത്തയെ കളഞ്ഞ് സലഫി ഗ്രൂപ്പുകളെ പോലെയാവുകയാണ്. സലഫികൾ എന്നു പറയില്ലെങ്കിലും സലഫികളെപ്പോലെ ആയികൊണ്ടിരിക്കുകയാണ് കേരളത്തിലെ സുന്നികൾ. അല്ലെങ്കിൽ ഇവർക്ക് ഇത്രമാത്രം സ്ത്രിവിരുദ്ധതയുണ്ടാവില്ല. സൂഫിസത്തിൽനിന്ന് എത്ര അകന്നു എന്നു മനസ്സിലാക്കാൻ എളുപ്പമാണ്. ഈ ഗുണങ്ങളൊക്കെ അവരുടെ കയ്യിൽനിന്നു നഷ്ടപ്പെട്ടിട്ടുണ്ടാകും.
ആദ്ധ്യാത്മിക യോഗ്യതയുള്ള പണ്ഡിതരായിരിക്കും മുന്പ് ഇതിലുണ്ടായിട്ടുണ്ടാകുക. പിന്നീട് അതില്ലാതാവുകയാണ്. അതിനു കാരണം ആദ്ധ്യാത്മിക യോഗ്യതയുള്ള പണ്ഡിതന് ചിലപ്പോൾ പ്രസ്ഥാനത്തെ വളർത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല. മതം ഏറ്റവും നല്ല കച്ചവടമാണ്. ഇപ്പോൾ നടക്കുന്നത് കോർപ്പറേറ്റ്വല്ക്കരണമാണ്. ഫ്രാഞ്ചൈസികൾ തുടങ്ങുന്നു. അതിലൂടെ കുറേ വിദ്യാർത്ഥികളെ പുറത്തിറക്കുന്നു. അവർ പിന്നീട് ഇവരുടെ അടിമകളാണ്. ഇവരുടെ അനുയായി വൃന്ദങ്ങളായി മാറും. എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കാന്തപുരത്തിനെപോലുള്ള നേതാക്കന്മാർ സ്റ്റേജിൽ കയറിനിന്ന് ഓരോ പ്രസ്ഥാവനകളിറക്കുമ്പോൾ, തലച്ചോറ് പണയം വെച്ച ഈ പാവപ്പെട്ട അനുയായികൾ അള്ളാഹു അക്ബർ പറയുകയാണ് ചെയ്യുക. ഇപ്പോൾ സലഫി, സുന്നി എന്നൊന്നുമില്ല. എല്ലാം സലഫികൾ തന്നെയാണിപ്പോൾ. അങ്ങനെയല്ലാത്തവർ അതിൽനിന്നു പോന്നിട്ടുണ്ട്.
പുതിയതലമുറ സൂഫിസത്തോട് ആകർഷിക്കപ്പെടുന്നുണ്ടോ?
ഉറപ്പായും. സ്വാതന്ത്യം വേണ്ടാത്തവർ ആരാണ്. തടവറയാണ് മതം കൊടുക്കുന്നതെങ്കിൽ ഒരുപാട് കാലം പിടിച്ചുനിൽക്കാൻ പറ്റില്ല. ചോദ്യം ചോദിക്കാനുള്ള അവസരം കൊടുക്കും. ഇസ്ലാമിനകത്ത് അതില്ല. അതിൽ കലയില്ല. കലയില്ലാതെയൊന്നും നിൽക്കാൻ പറ്റില്ല. ആനന്ദിക്കുന്ന മനുഷ്യർക്കാണ് പരസ്പരം ആനന്ദം കൊടുക്കാൻ കഴിയുക. ജീവിതം എന്നത് വരണ്ട്, ദെവത്തെ പേടിച്ചു കഴിച്ചുകൂട്ടേണ്ട ഒരു സംഗതിയേയല്ല. സൂഫിസത്തെപ്പോലെയുള്ള ഒരു ദർശനത്തെ കൊടുക്കാൻ ഇവർക്കു സാധിക്കില്ല. അതുകൊണ്ട് തന്നെ പുതിയ തലമുറ സ്വാഭാവികമായും ആകർഷിക്കപ്പെടും.
മുസ്ലിം സ്ത്രീകളുടെ ജീവിതത്തിൽ മത പുരോഹിതന്മാരുടെ ഇടപെടലിനെ എങ്ങനെയാണ് കാണേണ്ടത്?
വിദ്യാഭ്യാസമുള്ള രക്ഷിതാക്കളുടെ മക്കളെ ഇത് ചിലപ്പോൾ വലിയ രീതിയിൽ ബാധിക്കുന്നുണ്ടാകില്ല. പണമുള്ളവരുടെ കുട്ടികളെയും ഇത് ബാധിക്കുന്നുണ്ടാകില്ല. ഇതുരണ്ടും അല്ലാത്ത എത്രയോ കുട്ടികളുണ്ട്. അവരുടെ രക്ഷിതാക്കളെ പുരോഹിതന്മാർ തന്നെയാണ് ഇപ്പോഴും നിയന്ത്രിക്കുന്നത്. ഇവർ പറയുന്നത് അനുസരിച്ച് തീരുമാനങ്ങളെടുക്കുന്ന വലിയ വിഭാഗമുണ്ട്. അതുകൊണ്ട് ഇവർ പറയുന്ന കാര്യങ്ങൾ തെറ്റാണ് എന്നു തന്നെ പൊതുസമൂഹം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കണം. നമ്മൾ പുറത്തുകാണുന്ന മുസ്ലിം സ്ത്രീകൾ മാത്രമല്ല, ഇവിടെയുള്ളത്. എന്റെ ഉമ്മയൊക്കെ വളരെ കഴിവുള്ള സ്ത്രീയായിട്ടാണ് എനിക്ക് തോന്നിയത്. പക്ഷേ, അവരെ ഏഴാംക്ലാസ് വരെയെ പഠിക്കാൻ വിട്ടിട്ടുള്ളൂ. അങ്ങനെ എത്രയോ സ്ത്രീകൾ. എന്നെ ഇതൊന്നും ബാധിക്കില്ലായിരിക്കും. എന്റെ മകളേയും ബാധിക്കില്ലായിരിക്കും. അതിനർത്ഥം ബാക്കിയുള്ള സ്ത്രീകളെ ബാധിക്കുന്നില്ല എന്നല്ല. ഇവർ ഇതുപോലുള്ള പ്രസ്താവനകളിറക്കുമ്പോൾ സ്ത്രീകൾ രണ്ടാംകിടയായി സമൂഹത്തിന്റെ മനസ്സിൽ ഉറയ്ക്കും. ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുമ്പോൾ പൊതുധാരണയെ തന്നെ ഇതു ബാധിക്കും. സ്ത്രീകളുടെ ആത്മാഭിമാനത്തെ ബാധിക്കും. ഇതൊന്നും പറയാൻ അനുവദിക്കരുത്. പക്ഷേ, ആര് ഇപെടും എന്നതും ചോദ്യമാണ്. എല്ലാം രാഷ്ട്രീയമാണ്. രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാൻ വേണ്ടി മതം എപ്പോഴും ഒരു വോട്ടുബാങ്കായി നിൽക്കും. ഏതു രാഷ്ട്രീയം പറയുന്ന ആളുകളും വോട്ടുബാങ്കിന്റെ മുന്നിൽ മുട്ടുകുത്തും.
സൂഫിസത്തിന്റെ അടിത്തറ സ്നേഹമാണ് എന്നതിനെ എങ്ങനെയാണ് വിശദീകരിക്കുക?
അവിടെ ഞാൻ തോൽക്കും. വാക്കുകൾകൊണ്ട് പറയാനാവാത്തതാണ് ആദ്ധ്യാത്മികത. ജീവിതത്തിൽ എപ്പോഴെങ്കിലും പ്രണയത്തിൽകൂടി പോയിട്ടുണ്ടെങ്കിൽ അവർക്കു മനസ്സിലാവും വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തതുണ്ട് എന്ന്. എന്റെ അന്വേഷണ വഴിയിൽ എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള ഒരു മൊഴിയാണ് ദൈവം സ്നേഹമാണ് എന്നത്. അന്നോളമുള്ള എന്റെ ജീവിതത്തിൽ ദൈവം സ്നേഹമാണ് എന്ന് എനിക്കു തോന്നിയിട്ടില്ലായിരുന്നു. എന്റെ ജീവിതത്തിലും പല പല സ്നേഹങ്ങളിലൂടെ കടന്നു പോയിട്ടും എനിക്കിതു മനസ്സിലായില്ല. എല്ലാം അറ്റാച്ച്മെന്റ് ആയിട്ടാണ് എനിക്കു തോന്നിയത്. മുസ്ലിങ്ങളുടെ മഹത്തായ ഒരു ആശയമാണ് തൗഹീദ്. സർവചരാചരങ്ങളിലും ഇരിക്കുന്നവൻ തന്നെ എന്നിലും ഇരിക്കുന്നു എന്നാണ്-ഞാനും അവനും ഒന്നാണ്. ഞാനും നീയും ഒന്നാണ് എന്നു പറഞ്ഞാൽ പിന്നെ എനിക്കു നിന്നോട് സ്നേഹം മാത്രമല്ലേ ഉണ്ടാവൂ.
വിമർശകരേയും ഉദാരമായ സ്നേഹത്തിൽ ഉൾകൊള്ളാൻ ശ്രമിക്കാറുണ്ടോ?
ഉറപ്പായും. അങ്ങനെതന്നെയാണ് ഞാൻ കാണുന്നത്. എന്നെ വിമർശിക്കുന്ന ആരായാലും സൂഫികൾക്ക് ഒരു മനുഷ്യനോടും വിരോധമുണ്ടാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates