വിഭൂതി പട്ടേൽ: സമരവഴികളില്‍ ഒരു സ്ത്രീ പോരാളി
എഴുപതുകൾ മുതൽ ഇന്ത്യൻ സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ മുന്നണിയിൽ ആശയപരമായും പ്രയോഗപരമായും സജീവമായിരുന്നു വിഭൂതി പട്ടേൽ. ഗുജറാത്തിലെ ബറോഡയിൽനിന്ന് ചെറുപ്പത്തിൽത്തന്നെ ഇടതുപക്ഷ സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ച അവർ പിന്നീട് ബോംബെയിലെത്തുന്നതോടെയാണ് സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നത്. ഇന്ത്യയിലെമ്പാടുമുള്ള സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചു. ഇന്ത്യയിലെ സ്ത്രീജീവിതത്തെ മാറ്റിമറിക്കുന്ന പലതരം പ്രക്ഷോഭങ്ങളുടേയും നിയമപോരാട്ടങ്ങളുടേയും ഭാഗമായ അവരുടെ ജീവിതാനുഭവങ്ങളിലൂടെ ഇന്ത്യൻ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം വായിച്ചെടുക്കാം.
മുംബൈയിലെത്തിയ വിഭൂതി, ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടി, എസ്.എൻ.ഡി.ടി യൂണിവേഴ്‌സിറ്റിയിലും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലും അദ്ധ്യാപികയായി. വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്ര സർക്കാറിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും വിവിധ നയരൂപീകരണ സമിതികളിൽ പങ്കാളികൂടിയാണ്. ‘ജെന്റർ ബജറ്റിങ്’ എന്ന ആശയത്തിലൂടെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിൽ ബജറ്റിനെ പുരോഗമനപരമാക്കുന്നതിൽ വിഭൂതി വഹിച്ച പങ്ക് ചെറുതല്ല. നീതിന്യായവ്യവസ്ഥയിലും ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലും രാഷ്ട്രീയത്തിലും വേരാഴ്ത്തിനിൽക്കുന്ന ആൺചിന്തകളോട് നിരന്തരമായ സംവാദങ്ങളും സമരങ്ങളും നടത്തിയാണ് ഫെമിനിസ്റ്റ് മൂവ്‌മെന്റുകൾ സമകാലിക സ്ത്രീ ജീവിതത്തെ പുരോഗതിയിലേക്കെത്തിച്ചത്. സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളിലും അക്കാദമിക് രംഗത്തും സാമൂഹ്യപ്രവർത്തനരംഗത്തും അനുഭവിച്ചറിഞ്ഞ സ്ത്രീജീവിതാവസ്ഥകളും യാഥാർത്ഥ്യവും പരിശ്രമങ്ങളുമൊക്കെ പങ്കുവെയ്ക്കുകയാണ് അവർ. നക്സലൈറ്റ് നേതാവ് ആയിരുന്ന മന്ദാകിനി നാരായണന്റെ നൂറാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയതായിരുന്നു വിഭൂതി.
എപ്പോഴായിരുന്നു ഇടതുപക്ഷ ആശയത്തിലേക്കും സാമൂഹ്യപ്രവർത്തനത്തിലേക്കും എത്തുന്നത്?
അച്ഛന്റെ ട്രാൻസ്‌ഫറിനനുസരിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായിട്ടായിരുന്നു എന്റെ ബാല്യം. അച്ഛൻ സിവിൽ എൻജിനീയറായിരുന്നു. പി.ഡബ്ല്യു.ഡി., ഇന്ത്യൻ റെയിൽവേസ്, പട്ടേൽ റിഫൈനറീസ്, ഒ.എൻ.ജി.സി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം ജോലി ചെയ്തത്. ഇന്ത്യയുടെ നോർത്ത്, ഈസ്റ്റ്, വെസ്റ്റ് ഭാഗങ്ങളിലെ സംസ്ഥാനങ്ങളിലായി 18 ട്രാൻസ്‌ഫറുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ വിവിധ കൾച്ചറുകളും ഭാഷയും ഒക്കെ പരിചയപ്പെടാനും അറിയാനും സാധിച്ചു. അതെനിക്ക് ജീവിതത്തിൽ വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. എന്റെ അമ്മയുടെ അമ്മ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. ബറോഡയിൽ ഒരു സ്കൂൾ അവർ നടത്തുന്നുണ്ടായിരുന്നു. അവിടെ ഗുജറാത്തി മീഡിയത്തിലാണ് ഞാനും പഠിച്ചത്.
പതിനഞ്ചാമത്തെ വയസിൽ ബറോഡയിലെ ലെഫ്റ്റ് മൂവ്‌മെന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. പത്താംക്ലാസിലെ വെക്കേഷൻ സമയമായിരുന്നു അത്. എന്റെ ഡ്രോയിങ് ടീച്ചറാണ് റവല്യൂഷണറി സ്റ്റുഡൻസ് മൂവ്‌മെന്റിനെക്കുറിച്ചൊക്കെ പറഞ്ഞ് തന്നത്. ആഫ്രിക്കൻ ലിബറേഷൻ സ്ട്രഗിളിനെക്കുറിച്ചൊക്കെ അവിടെനിന്നാണ് കേൾക്കുന്നത്. കേരളത്തിലെ അജിതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സമപ്രായക്കാരിയായ അജിത കേരളത്തിൽ ചൂഷകരായ ഭൂവുടമകൾക്കെതിരെ സമരം നയിക്കുകയാണ്. അതേസമയം ഗുജറാത്തി പെൺകുട്ടികൾ ഇവിടെ ഗർബയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് അദ്ദേഹം പറയും. അജിതയുടെ അമ്മ മന്ദാകിനി ഗുജറാത്തിലെ ബ്രാഹ്മണരിലെ ഉന്നതജാതിക്കാരിയായിരുന്നു. അവർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ ഗുജറാത്തി മീഡിയയിലൂടെ ഗുജറാത്തിലുള്ളവർക്കും അറിയാം.
എനിക്കും ഇതിലൊക്കെ താല്പര്യം തോന്നിത്തുടങ്ങിയിരുന്നു. ചെറുപ്പത്തിലേ വളരെ ആർത്തിയോടെ പുസ്തകങ്ങളും മറ്റും വായിക്കുന്നയാളായിരുന്നു ഞാൻ. പട്ടീദാർ സമുദായമാണ് എന്റേത്. ഗുജറാത്തിലെ വളരെ സമ്പന്നരായ കമ്മ്യൂണിറ്റിയാണ്. സമുദായത്തിന്റെ കൺസ്യൂമറിസത്തിനോടൊക്കെ ഒരുതരം അകൽച്ച അപ്പോഴേക്കും എനിക്കു തോന്നിത്തുടങ്ങിയിരുന്നു. സ്വർണത്തിനോടുള്ള അഭിനിവേശം, സ്ത്രീധനം, അതിന്റെ പേരിൽ മരുമക്കളെ ഉപദ്രവിക്കൽ അങ്ങനെയൊക്കെ സമുദായത്തിൽ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളരുന്നത്.
1969-ൽ ഗുജറാത്തിൽ നടന്ന ഹിന്ദു-മുസ്‌ലിം കലാപം എന്നെ അടിമുടി മാറ്റിക്കളഞ്ഞു. മത ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള അക്രമവും അവഹേളനവും എന്നെ നിരാശപ്പെടുത്തി. മതപരമായി ജീവിക്കുന്നത് അതോടെയാണ് ഞാൻ അവസാനിപ്പിച്ചത്. ഗാന്ധിസത്തിലുള്ള വിശ്വാസവും എനിക്ക് നഷ്ടപ്പെട്ടു. സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇടതുപക്ഷ കൂട്ടായ്മയിലൂടെ ഇതിനെതിരെ എന്തെങ്കിലും ചെയ്യാം എന്നായിരുന്നു ആലോചിച്ചത്.
ലെഫ്റ്റ് സ്റ്റഡിസർക്കിളിൽ ഞാൻ അറ്റൻഡ് ചെയ്യുന്നത് അങ്ങനെയാണ്. ഹിസ്റ്റോറിക്കൽ മെറ്റീരിയലിസവും കാൾ മാർക്‌സിനെക്കുറിച്ചുമൊക്കെ അവിടെനിന്നാണ് മനസ്സിലാക്കുന്നത്. പത്ത് ദിവസത്തെ ഒരു ക്യാമ്പായിരുന്നു മാർക്‌സിസ്റ്റ് സോഷ്യോളജിസ്റ്റ് എ.ആർ. ദേശായിയുടെ നേതൃത്വത്തിൽ അന്നു നടന്നത്.
എല്ലാ പ്രശ്നങ്ങളേയും കുറിച്ച് ചർച്ച ചെയ്യുന്നവരായിരുന്നു ആ ഗ്രൂപ്പിലുണ്ടായത്. പക്ഷേ, ചർച്ച മാത്രം പോര പ്രവർത്തനംകൂടി വേണം എന്നായിരുന്നു ഞാൻ ചിന്തിച്ചത്. പഠോ ഓർ ലഡോ (സ്റ്റഡി ആന്റ് ഫൈറ്റ്) എന്ന സംഘടന രൂപീകരിക്കുന്നത് ആ സമയത്താണ്. പഠിക്കുക ഒപ്പം അനീതിക്കെതിരെ പോരാടുക എന്നതായിരുന്നു ലക്ഷ്യം. വ്യാവസായിക മേഖലയിലെ തൊഴിലാളികൾക്കിടയിലും യൂണിവേഴ്‌സിറ്റികളിലും ഞങ്ങൾ ഒരുപോലെ പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റികളിൽ അക്കാലത്ത് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ ഗുണ്ടായിസം കാണിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. മെഡിക്കൽ കോളേജുകളിലും ഹോസ്റ്റലുകളിലും അവരുടെ ഏകാധിപത്യം നടപ്പിലാക്കും. അത്തരം അനീതികൾ ഞങ്ങൾ ഏറ്റെടുത്ത് ഉയർത്തിക്കൊണ്ടുവന്നു.
ടെക്‌സ്റ്റയിൽ മിൽ തൊഴിലാളികളുടെ പ്രശ്നം, തൊഴിലാളികളുടെ റേഷൻ വിഹിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒക്കെ ഞങ്ങൾ ഏറ്റെടുത്തു. ഞങ്ങൾ തൊഴിലാളി സംഘടനയല്ല, എല്ലാവരും വിദ്യാർത്ഥികളായിരുന്നു. തൊഴിലാളി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ലേബർ ലോ പഠിച്ചു. അനീതിക്കെതിരായി പോരാടി. വഡോദര കാംദാർ യൂണിയൻ രൂപീകരിക്കുന്നതും അങ്ങനെയാണ്.
പതിനഞ്ചാമത്തെ വയസിൽ ഒറ്റയ്ക്ക് ഇടതുപക്ഷ സംഘടനയിലേക്ക് പോകാൻ തീരുമാനിച്ചതിന്റെ പേരിൽ സ്കൂളിൽപോലും ഒറ്റപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാൻ. എന്നോട് സംസാരിക്കരുതെന്നും എന്നോട് കൂട്ടുകൂടിയാൽ ഞാൻ അവരെ സംസാരിച്ച് കമ്യൂണിസ്റ്റാക്കി മാറ്റിക്കളയുമെന്നും ക്ലാസിലുള്ള മറ്റു കുട്ടികളോട് ടീച്ചർമാർ പറയും. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ സ്ഥിതി വളരെ മോശമാണെന്നും പാലിനുവേണ്ടിയും മറ്റു സാധനങ്ങൾക്കുവേണ്ടിയും ആളുകൾ ക്യൂ നിൽക്കുന്നതാണ് അവസ്ഥ എന്നും എല്ലാവരും ഒരേപോലത്തെ ചുവന്ന കളർ ഡ്രസ് ധരിക്കേണ്ടി വരുമെന്നും പറഞ്ഞ് അവരെ പേടിപ്പിക്കുമായിരുന്നു.
ഫോർത്ത് ഇന്റർനാഷണലിലാണ് പ്രവർത്തിച്ചത്. ഓസ്‌ട്രേലിയ, യു.കെ., കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെന്റുകൾ ഗുജറാത്തിയിലേക്ക് തർജമ ചെയ്യേണ്ടത് എന്റെ ചുമതലയായിരുന്നു. ആദ്യമൊക്കെ അത് വളരെ പ്രയാസമായിരുന്നു. ഒരു പേജ് എഴുതാൻ ഒരു ദിവസമൊക്കെ എടുക്കും. പക്ഷേ, പിന്നീട് അതെനിക്ക് വഴങ്ങി. എഴുപതുകളിൽ വിദേശ രാജ്യങ്ങളിൽനിന്നു നിരവധി വിപ്ലവകാരികൾ ഇന്ത്യയിൽ വരാറുണ്ട്. ഗുജറാത്തിലെത്തുന്ന അവരുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുകയും അവരുമായി ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധിയന്മാരുടേയും സോഷ്യലിസ്റ്റുകളുടേയും നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് പ്രധാനമായും ചർച്ചകൾ സംഘടിപ്പിച്ചത്. ഇതിനു പുറമെ ഫാക്ടറി തൊഴിലാളികൾക്കിടയിലും പ്രവർത്തിച്ച പശ്ചാത്തലം എനിക്ക് ബോംബെയിൽ ഏറെ ഗുണം ചെയ്തു.
ബോംബെയായിരുന്നു പ്രവർത്തനമണ്ഡലം. ബോംബെയിലേക്കുള്ള മാറ്റവും ഫെമിനിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും എങ്ങനെയായിരുന്നു?
ലിയു ഷാവോചിയുടെ ‘ഹൗ ടു ബീ എ ഗുഡ് കമ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിൽ പറയുന്നത്-വർഗ ചിന്തയിൽനിന്നു പുറത്തിറങ്ങണം, വിപ്ലവത്തിന്റെ കാഠിന്യം മനസ്സിലാക്കണം, ആഡംബര ജീവിതം ഉപേക്ഷിക്കണം എന്നാണ്. ഇതെല്ലാം 15-ാം വയസിൽത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. ഡീക്ലാസിങ് എന്ന ആശയമാണ് ബോംബെയിലേക്ക് വന്നതിലൂടെ ഉണ്ടായത്.
ബറോഡ കേന്ദ്രീകരിച്ച് ഞങ്ങൾ നടത്തുന്ന സമരങ്ങളും പ്രതിഷേധ പ്രവർത്തനങ്ങളും ഗുജറാത്തിനു പുറത്തേക്കും അറിയപ്പെട്ടു തുടങ്ങിയിരുന്നു.
ബറോഡയിൽ ഇങ്ങനെ കുറച്ച് ചെറുപ്പക്കാരുടെ സംഘം പ്രവർത്തിക്കുന്നതായി അറിഞ്ഞ ബോംബെയിലെ ‘ആന്റി പ്രൈസ് റൈസ് വിമൻസ് മൂവ്‌മെന്റി’ലെ നേതാക്കൾ ഞങ്ങളെ ബന്ധപ്പെട്ടു. മഹാരാഷ്ട്രക്കാർ ധാരാളമുള്ള സ്ഥലം കൂടിയാണ് ബറോഡ. 1974-ൽ ബോംബെയിൽനിന്നും നേതാക്കളെത്തി ഞങ്ങളോട് സംസാരിച്ചു. ഫാക്ടറികളിലേക്കും തൊഴിലാളികളുടെ താമസസ്ഥലത്തേക്കും ഞങ്ങൾ അവരെ കൊണ്ടുപോയി. അവർ തൊഴിലാളികളുമായി സംസാരിച്ചു. അങ്ങനെ വിലക്കയറ്റം, കരിഞ്ചന്ത, റേഷൻകടകളിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് എന്നിവയ്ക്കെതിരെ നഗരത്തിൽ വലിയ ഒരു റാലി സംഘടിപ്പിച്ചു. അഴിമതിക്കെതിരായി നവനിർമാൺ മൂവ്‌മെന്റും തുടങ്ങി.
എന്നോടൊപ്പം സംഘടനയിൽ പ്രവർത്തിച്ച അമർ ജെസാനിക്കൊപ്പം ജീവിക്കാൻ ആയിടയ്ക്ക് ഞാൻ തീരുമാനിച്ചു. വഡോദര മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു അമർ. മുസ‌്‌ലിമാണ്. അതുകൊണ്ടുതന്നെ അത് വലിയ ചർച്ചയാവുമെന്നും ആരും അംഗീകരിക്കില്ലെന്നും അറിയാമായിരുന്നു. ബറോഡ ഒരു ചെറിയ നഗരമാണ്. എല്ലാവർക്കും എല്ലാവരേയും അറിയാം. എന്റേത് അവിടത്തെ ഡോമിനന്റ് കാസ്റ്റ് ആണ്. രാഷ്ട്രീയമായും സാമ്പത്തികമായും മേധാവിത്വം ഉള്ള സമുദായമാണ്. ഇടതുപക്ഷത്ത് പ്രവർത്തിക്കുന്നവർക്കുപോലും ഒരു ഹിന്ദു-മുസ്‌ലിം ബന്ധം അംഗികരിക്കാൻ മടിയായിരുന്നു അവിടെ. 1969-ലെ ഗുജറാത്ത് കലാപത്തിന്റെ ദുരനുഭവം ഉള്ള ആളുകൂടിയാണ് അമർ. അമറിന്റെ കുടുംബവീടും കടയും അക്രമികൾ കത്തിച്ചുകളഞ്ഞിരുന്നു. എന്റെ പൊളിറ്റിക്കൽ ഗുരു എ.ആർ. ദേശായിയാണ് ബോംബെയിലേയ്ക്ക് മാറാൻ നിർദേശിച്ചത്. അങ്ങനെയാണ് 1977-ൽ ഞങ്ങൾ ബോംബെയിലേക്ക് എത്തുന്നത്.
ഈ സമയത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഞാൻ എഴുതാൻ തുടങ്ങിയിരുന്നു. പലപ്പോഴും ഇംഗ്ലീഷിൽനിന്ന് ഗുജറാത്തി ഭാഷയിലേക്ക് ലേഖനങ്ങൾ പരിഭാഷപ്പെടുത്തി ആളുകളിലേക്ക് എത്തിച്ചു. ബോംബെയിൽ പെട്ടെന്നുതന്നെ സംഘടനാപ്രവർത്തനവുമായി സജീവമാകാൻ കഴിഞ്ഞു. ഹിന്ദി അറിയാം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ബലം. ബോംബെയിലെ ആക്ടിവിസ്റ്റുകളിൽ പലർക്കും ഹിന്ദി അറിയില്ലായിരുന്നു. ഇംഗ്ലീഷും മറാഠിയുമാണ് അവർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പക്ഷേ, ബോംബെയിൽ ആ സമയത്ത് ടെക്സ്റ്റയിൽ മേഖലയിലും മറ്റു വ്യവസായിക സ്ഥാപനങ്ങളിലും ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽനിന്ന് ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദിയിൽ സംസാരിക്കുന്നത് തൊഴിലാളികൾക്കിടയിൽ കൂടുതൽ അടുപ്പം സൃഷ്ടിക്കാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ വേഗം സ്വീകാര്യത കിട്ടി.
1977-ൽ ഞങ്ങൾ ‘സോഷ്യലിസ്റ്റ് വിമൻസ് ഗ്രൂപ്പ്’ ആരംഭിച്ചു. അടിയന്തരാവസ്ഥയിൽ ഇന്ത്യയിലുടനീളമുള്ള അയ്യായിരത്തോളം വനിതാ ആക്ടിവിസ്റ്റുകൾ ജയിലിലായിരുന്നു. മേരി ടെയ്‌ലർ എഴുതിയ ‘മൈ ഇയേഴ്‌സ് ഇൻ ആൻ ഇന്ത്യൻ പ്രിസൺ’ എന്ന പുസ്തകത്തിൽ വിചാരണ കൂടാതെ ഇന്ത്യയിൽ തടവിലാക്കപ്പെട്ട അവരുടെ അനുഭവങ്ങൾ പറയുന്നുണ്ട്. ബ്രിട്ടീഷ് പൗരയായ മേരി ടെയ്‌ലർ വിദേശ ഏജന്റ് എന്ന് ആരോപിക്കപ്പെട്ടാണ് ബിഹാറിൽ അറസ്റ്റിലാവുന്നത്. ഇന്ത്യയുടെ പല ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ ജയിലിനുള്ളിലെ ക്രൂരപീഡനം അവർ അതിൽ പറയുന്നുണ്ട്. വിലവർധനയ്ക്കെതിരെ സമരം ചെയ്താലും സ്ത്രീധനത്തിനെതിരെ സമരം ചെയ്താലും മിസ (maintenance of internal security act) പ്രകാരം ആളുകളെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിയായിരുന്നു. ഏത് തരം പ്രതിഷേധത്തേയും അടിച്ചമർത്താൻ മിസ വ്യാപകമായി ഉപയോഗിച്ചു. അറസ്റ്റ് ചെയ്ത് ജയിലിലടക്കുമ്പോഴും പൊലീസിന്റെ ഭാഗത്തുനിന്നും സ്ത്രീകൾക്ക് നേരെ പീഡനങ്ങൾ ഉണ്ടായിരുന്നു. ക്രമസമാധാനം പാലിക്കേണ്ട പൊലീസുകാരുടെ പ്രവൃത്തികൾ വലിയ ആശങ്കയും രോഷവും ഉയർത്തിയിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകൾക്കുനേരെ പൊലീസുകാർ നടത്തിയ അതിക്രമങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
ആന്ധ്രയിൽ റമീസ ബീയുടെ കേസ് അത്തരത്തിലൊന്നായിരുന്നു. സിനിമയ്ക്ക് പോയി രാത്രി തിരിച്ചുവരുന്നതിനിടെ പൊലീസുകാർ അവരെ കൂട്ടബലാത്സംഗം ചെയ്തു. അവളുടെ ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തി. മറ്റൊന്ന്, കാഴ്ചയില്ലാത്ത ഭിക്ഷാടകയായ സ്ത്രീയെ പഞ്ചാബ് പൊലീസ് ബലാത്സംഗം ചെയ്തതാണ്. സ്വന്തമായി വീടില്ലാത്ത അവർ പൊലീസ് സ്റ്റേഷനടുത്തായിരുന്നു അന്തിയുറങ്ങിയത്. മഹാരാഷ്ട്രയിലെ ദേശായ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ മധുര എന്ന ആദിവാസി പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതും പൊലീസ് ക്രൂരതയുടെ ഉദാഹരണങ്ങളായിരുന്നു. ബോംബെയിലെ നായനഗർ ചേരിപ്രദേശത്ത് നവവധുവായ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായതും അതേ സമയത്തായിരുന്നു. എഴുപതുകൾ അങ്ങനെയൊരു കാലമായിരുന്നു. 1977 മുതൽ തന്നെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ ഞങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. അതിനൊപ്പം സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളും.
ഡീക്ലാസിങ് എന്ന ആശയമാണ് ബോംബെയിലേക്ക് വന്നതിലൂടെ ഉണ്ടായത്. സമ്പന്ന കുടുംബമായിരുന്നു എന്റേത്. ലിയു ഷാവോചിയുടെ ‘ഹൗ ടു ബീ എ ഗുഡ് കമ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിൽ പറയുന്നത്-വർഗ ചിന്തയിൽനിന്നു പുറത്തിറങ്ങണം, വിപ്ലവത്തിന്റെ കാഠിന്യം മനസ്സിലാക്കണം, ആഡംബരജീവിതം ഉപേക്ഷിക്കണം എന്നാണ്. ഇതെല്ലാം 15-ാം വയസിൽ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.
ബോംബെയിൽ എത്തി വളരെ പെട്ടെന്നുന്നെ മുതിർന്ന നേതാക്കൾക്കിടയിൽ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞു. പരിഭാഷയും പ്രൂഫ് റീഡിങ്ങും പ്രവർത്തനവും എല്ലാം കൊണ്ടും സജീവമായിരുന്നു. സ്ത്രീകൾക്ക് സ്വതന്ത്ര സംഘടന വേണം എന്ന തോന്നൽ അക്കാലത്തെ സ്ത്രീ പ്രവർത്തകർക്കെല്ലാം ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പാവകളായി നിന്ന് ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടിവരുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
എങ്ങനെയായിരുന്നു അക്കാലത്തെ സ്ത്രീകളുടെ ജീവിതവും പോരാട്ടവും. അവർക്കിടയിൽ ഫെമിനിസ്റ്റ് മൂവ്‌മെന്റുകൾ ഏത് രീതിയിലായിരുന്നു ഇടപെട്ടത്?
1977-ൽത്തന്നെ ‘ഫെമിനിസ്റ്റ് നെറ്റ്‌വർക്ക്’ എന്ന പേരിൽ ഒരു ജേണൽ ആരംഭിച്ച് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എഴുതിത്തുടങ്ങിയിരുന്നു. നിരവധി പുതിയ ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഉണ്ടായി. ബോംബെയിൽ കമ്പനികളിൽ സ്ത്രീകൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഷിഫ്റ്റിംഗ് സമ്പ്രദായങ്ങൾ ഏർപ്പെടുത്തിയിരുന്നു. വൈകിട്ട് നാല് മുതൽ രാത്രി 12 വരെ, 12 മുതൽ രാവിലെ എട്ടുവരെ, രാവിലെ എട്ടുമുതൽ വൈകിട്ട് നാല് വരെ എന്നിങ്ങനെ. രാത്രി സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സാഹചര്യവും ആയിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടത്തി. സ്ത്രീകൾക്ക് ആവശ്യമായ വിശ്രമം നൽകാതിരിക്കുകയും ഗർഭിണികളായ തൊഴിലാളികളെക്കൊണ്ട് ഭാരം എടുപ്പിക്കുകയും അവർക്ക് ശുചിമുറികൾ ഉപയോഗിക്കാൻ അവസരം നൽകാതിരിക്കുകയും ചെയ്ത ക്രൂരതകളും ഉണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തി.
മധ്യപ്രദേശിൽ നഴ്‌സുമാർക്ക് നിർബന്ധിത കന്യകാത്വ പരിശോധന നടത്തുന്ന സംഭവങ്ങളുണ്ടായിരുന്നു. മനുഷ്യത്വവിരുദ്ധമായ ഈ നടപടി പുറത്തെത്തിച്ചു. ഇന്ത്യയിൽനിന്നു പോകുന്ന സ്ത്രീകൾക്ക് ഹീത്രു എയർപോർട്ടിൽ കന്യകാത്വ പരിശോധന നടത്തുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എംബസിക്കു മുന്നിൽ ഇതിനെതിരെ വലിയ പ്രതിഷേധം നടത്തി. ആദിവാസി പ്രദേശങ്ങളിൽനിന്ന് കുടുംബത്തെ ഒട്ടാകെ അടിമത്തൊഴിലാളികളാക്കി വെയ്ക്കുന്നതിനെതിരേയും സമരം നടത്തി. സമരത്തിനൊപ്പം ഈ വിഷയങ്ങളെല്ലാം ജേർണലിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
തൊഴിൽപ്രശ്നങ്ങളാണ് കൂടുതലായും കൈകാര്യം ചെയ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ വനിതാ കൂട്ടായ്മകളുമായി ബന്ധപ്പെട്ടു. 38 വനിതാ കൂട്ടായ്മകളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കി. ചെന്നൈയിൽ പെണ്ണൊരുമൈ ഇയക്കം, ബാംഗ്ലൂരിൽ വിമോചന, മൈസൂരിൽ സമത തുടങ്ങി നിരവധി വനിതാകൂട്ടായ്മകൾ. എല്ലായിടത്തും ഒരേ അനുഭവങ്ങളായിരുന്നു. ഇവരെല്ലാം പലതരം മൂവ്‌മെന്റുകളുമായി സഹകരിച്ചിരുന്നവരായിരുന്നു. പക്ഷേ, സ്ത്രീകളുയർത്തുന്ന ചോദ്യങ്ങളോട് ഇൻസെൻസിറ്റീവായി ഉള്ള പ്രതികരണമാണ് എവിടെയും അവർക്ക് ലഭിക്കാറുള്ളത്. അങ്ങനെയാണ് ഇങ്ങനെയൊരു പ്ലാറ്റ്‌ഫോമിലേക്ക് സ്ത്രീകൾ എത്തുന്നത്. അടിയന്തരാവസ്ഥാക്കാലമായതിനാൽ കത്തുകൾ അയക്കാനൊക്കെ പരിമിതികളുണ്ടായിരുന്നു. എല്ലായിടത്തും സെൻസർഷിപ്പാണ്. പോസ്റ്റ് കാർഡാണ് അന്നൊക്കെ കമ്മ്യൂണിക്കേഷന് ഉപയോഗിച്ചത്. സീൽ ചെയ്ത കത്തുകളൊന്നും കിട്ടാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പലതരം പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കിട്ടിക്കൊണ്ടിരുന്നു. 1978-ൽ വിവിധ വനിതാകൂട്ടായ്മകളെ പങ്കെടുപ്പിച്ചുകൊണ്ട് ബോംബെയിൽ മൂന്നുദിവസത്തെ വർക്ക്‌ഷോപ്പ് നടത്തി.
എത്രമാത്രം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അക്കാലത്തെ പ്രവർത്തനം?
നിയമസംവിധാനങ്ങളേയും ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും ഒക്കെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ജെന്റർ സെൻസിറ്റൈസ് ചെയ്യുക എന്നത് വലിയ പ്രോസസ് ആയിരുന്നു. നമ്മൾ എത്ര പറഞ്ഞാലും അവർക്ക് കാര്യങ്ങൾ ബോധ്യപ്പെടില്ല. നിയമങ്ങളും കോടതി വിധികളുമെല്ലാം സ്ത്രീകൾക്ക് അനുകൂലമായിരുന്നില്ല പലപ്പോഴും. മധുരക്കേസിന്റെ പശ്ചാത്തലത്തിൽ 1980 മാർച്ച് എട്ടിന് ഞങ്ങൾ ബോംബെയിൽ ഒരു റാലി നടത്തി. കേസിന്റെ പുനർവിചാരണ, ബലാത്സംഗ കേസിലെ നിയമങ്ങളുടെ ഭേദഗതി എന്നിങ്ങനെയായിരുന്നു റാലിയിൽ ഉന്നയിച്ചത്. അന്ന് നിയമം വളരെ പഴഞ്ചനായിരുന്നു. പെനിട്രേഷൻ മാത്രമാണ് പലപ്പോഴും ബലാത്സംഗ കേസിൽ പരിഗണിക്കപ്പെടുന്നത്. മധുരകേസിൽ സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും പരിഗണിച്ചില്ല. സുപ്രീംകോടതിയുടെ വിധി വലിയ അനീതിയായിരുന്നു. ആ കേസിൽ നടത്തിയ പരാമർശങ്ങളും അത്തരത്തിലുള്ളതായിരുന്നു. ഈ വിഷയത്തിൽ വലിയ പ്രക്ഷോഭങ്ങളും എഴുത്തുകളും അക്കാലത്ത് ഉണ്ടായി. പിന്നീട് നടന്ന എല്ലാ പരിപാടികളിലും ബലാത്സംഗം വ്യക്തിപരമായ ഒരു പ്രശ്നമല്ല. അത് രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നമാണ് എന്നു ഞങ്ങൾ ആവർത്തിച്ചു പറഞ്ഞു. അതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ് എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ലിംഗനിർണയ പരിശോധനകൾ അക്കാലത്ത് ഇന്ത്യയിൽ വ്യാപകമായിരുന്നു. നിരവധി പ്രക്ഷോഭങ്ങൾക്കും പരാതികൾക്കും ശേഷം സർക്കാർ ആശുപത്രികൾ അത് നിർത്തിയെങ്കിലും സ്വകാര്യമേഖലയിൽ കാര്യമായി നടന്നു. പ്രധാന പത്രങ്ങളിലും ട്രെയിനുകളിലുമെല്ലാം ക്ലിനിക്കുകളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. ഞങ്ങൾ ഇതിനെതിരെ പഠിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കി. അത് പല ന്യൂസ് മാഗസിനുകളിലും വാർത്തയായി വന്നു. ‘ഫോറം എഗൈൻസ്റ്റ് സെക്സ് ഡിസ്‌ക്രിമിനേഷൻ എന്റ് സെക്സ് ബേസ്ഡ് സെലക്ഷൻ’ എന്ന സംഘടന രൂപീകരിച്ച് വർക്ക്‌ഷോപ്പുകൾ നടത്തി. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിലായിരുന്നു പി.സി.പി.എൻ.ഡി.ടി (പ്രീ കൺസെപ്ഷൻ ആന്റ് പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്‌നിക്സ് പ്രൊഹിബിഷൻ ഓഫ് സെക്സ് സെലക്ഷൻ) ആക്ട് നടപ്പിലായത്.
സ്ത്രീകൾക്കെതിരെയുള്ള അക്രമം, ജനസംഖ്യ നിയന്ത്രണത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളുൾപ്പെടെ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ, മാധ്യമങ്ങൾ സ്ത്രീകളെ ചിത്രീകരിക്കുന്ന വിധം എന്നിവ പ്രധാന അജണ്ടയാക്കി ബോംബെയിൽ വലിയ ഒരു സമ്മേളനവും നടത്തി. എഴുത്തും വായനയും അറിയാത്ത സ്ത്രീകൾക്കായി പാട്ടും നാടകങ്ങളും നൃത്താവതണങ്ങളും തയ്യാറാക്കി. സ്ത്രീ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന ജാഗ്രതി എന്ന മ്യൂസിക് ബാലെയും തയ്യാറാക്കിയിരുന്നു.
എല്ലാ വിഭാഗം ആളുകളുമായി സംവദിക്കാൻ ഫെമിനിസ്റ്റ് സാംസ്കാരിക മേഖല ദേശീയതലത്തിൽ ശക്തിപ്പെടുത്താനായി 1983-ൽ ഡൽഹിയിൽ ‘കൃതി വർക്ക്‌ഷോപ്പ് ഓൺ വിമൻസ് ക്രിയേറ്റീവ് എക്സ്പ്രഷൻസ്’ എന്ന പേരിൽ 10 ദിവസത്തെ ശില്പശാല സംഘടിപ്പിച്ചിരുന്നു. ബോംബെയിലെ വിമൻസ് സെന്ററും ഡൽഹിയിലെ സഹേലിയും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആദിവാസികളും കർഷകരും ഉൾപ്പെടെ സമൂഹത്തിന്റെ പല മേഖലകളിൽ നിൽക്കുന്ന നിരവധി സ്ത്രീകൾ അതിൽ പങ്കെടുത്തു. എഴുത്തും വായനയും അറിയാത്തവർക്കായി മ്യൂസിക് വർക്ക്‌ഷോപ്പുകൾ നടത്തി. തിയേറ്റർ, പോസ്റ്റർ നിർമാണം, വീഡിയോ, ഗാനങ്ങൾ തുടങ്ങി നിരവധി രീതിയിലുള്ള ആശയവിനിമയങ്ങൾ അവിടെ ചർച്ച ചെയ്യപ്പെട്ടു.
കൃതി വർക്ക്‌ഷോപ്പിനുശേഷം നിരവധി പോസ്റ്ററുകളും പാട്ടുകളും തെരുവുനാടകങ്ങളും ഞങ്ങൾ തയ്യാറാക്കി. ഞാനെഴുതിയ നാടകം അന്നു സംവിധാനം ചെയ്തത് ശാന്ത ഗോഖ്‌ലെ ആയിരുന്നു. ഓരോ പരിപാടിക്കുശേഷവും തെരുവുനാടകങ്ങളും കവിതയും പാട്ടും ഞങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. അന്നത്തെ തെരുവുനാടകങ്ങളൊക്കെ ഉൾപ്പെടുത്തി ദീപ്തി മെഹ്‌റോത്ര ഒരു പുസ്തകം തയ്യാറാക്കിയിട്ടുണ്ട്.
1980-കൾ സ്ത്രീ സംഘടനകൾ ധാരാളം കേസുകളുമായി നിയമപോരാട്ടം നടത്തേണ്ടിവന്ന കാലമാണ്. മേരി റോയിയുടെ കേസൊക്കെ അക്കാലത്തായിരുന്നു. സ്ത്രീകൾ നൽകുന്ന പരാതികളിൽ കോടതികളിൽനിന്ന് പ്രതികൂല ഉത്തരവുകളുണ്ടാവുമ്പോഴൊക്കെ പൊതു താല്പര്യ ഹർജികൾ ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ ഫയൽ ചെയ്തു.
വിവാഹിതരായ സ്ത്രീകളുടെ സ്റ്റൗ പൊട്ടിത്തെറിച്ചുള്ള മരണം അന്ന് ധാരാളം നടന്നിരുന്നു. കൊലപാതകങ്ങളായിരുന്നു ഇത്. ഇത്തരം കേസുകളൊന്നും കൈകാര്യം ചെയ്തിരുന്നത് സ്ത്രീകൾക്ക് അനുകൂലമായി ആയിരുന്നില്ല. പൊലീസുകാരൊന്നും അത്തരത്തിൽ ചിന്തിക്കാറേയില്ലായിരുന്നു. പൊലീസുകാർക്കും ജഡ്ജിമാർക്കും കോടതി ജീവനക്കാർക്കും ജയിൽ ജീവനക്കാർക്കുമൊക്കെ ജെന്റർ സെൻസിറ്റൈസേഷൻ ട്രെയിനിങുകൾ നടപ്പിലാക്കാൻ നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് സാധിച്ചെടുത്തത്.
ഇക്കാലത്തും ലിംഗസമത്വം ഉറപ്പാക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ലല്ലോ?
വർഷങ്ങളോളം പാർട്ടികൾക്കുവേണ്ടി ചെലവഴിച്ച സ്ത്രീകൾക്ക് പലപ്പോഴും മത്സരിക്കാൻ ടിക്കറ്റ് കിട്ടുന്നില്ല. എന്തുകൊണ്ടായിരിക്കും സ്ത്രീകൾക്ക് അവസരം ലഭിക്കാത്തത്. രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ അവർ പോരാടേണ്ടിവരും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണത്തിലൂടെ സ്ത്രീകൾ വന്നതോടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. കേരളത്തിലും ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. സംവരണം അത്യാവശ്യമാണ് എന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. സ്ത്രീസംവരണത്തെ എതിർക്കുന്നവരുണ്ട്. പുരുഷനൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന സ്ത്രീക്ക് എന്തിനാണ് സംവരണം എന്നതാണ് ചോദ്യം. പലതരം കാരണങ്ങളാൽ പാർട്ടികൾക്കുള്ളിൽ സ്ത്രീകൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ സംവരണം മാത്രമാണ് സ്ത്രീകളെ മുന്നോട്ട് നയിക്കാനുള്ള മാർഗം. ഇല്ലെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തം രാഷ്ട്രീയത്തിൽ കുറയും. മഹാരാഷ്ട്രയിൽ 13 തദ്ദേശഭരണ സ്ഥാനത്തിൽ മുഴുവൻ സ്ത്രീകളാണ് ജയിച്ചത്. ഓപ്പൺ സീറ്റിലും സ്ത്രീകൾ തെരഞ്ഞെടുക്കപ്പെടുന്നു. മദ്യമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിയുന്നു. പഠനം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാനും ഇത്തരം സ്ഥലങ്ങളിൽ കഴിയുന്നുണ്ട്. 33 ശതമാനം സംവരണം എന്നത് തുല്യതയുണ്ടാക്കില്ലെങ്കിലും അത് ക്രിട്ടിക്കൽ മിനിമം ആണ്. ഒന്നോ രണ്ടോ പേരെ നമുക്ക് ഒറ്റപ്പെടുത്താനോ നിശ്ശബ്ദരാക്കാനോ പറ്റും. പക്ഷേ, ഇത്രയും ശതമാനം വരുമ്പോൾ സ്ത്രീകളുടെ ശബ്ദം കേൾക്കപ്പെടും. അതുകൊണ്ടുതന്നെ സംവരണ സംവിധാനമാണ് രാഷ്ട്രീയമാറ്റത്തിന് വഴിയൊരുക്കുക.
രാഷ്ട്രീയമായും ഫെമിനിസ്റ്റ് കാഴ്ചപ്പാടിലും കേരളത്തിലെ മാറ്റങ്ങളെ എങ്ങനെ കാണുന്നു?
കേരളം ഒരു സമ്പന്ന സംസ്ഥാനമല്ലെങ്കിലും സാമൂഹികമായ നീതി ഉറപ്പാക്കുന്നതിൽ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ്. മതേതരത്വവും ഫെമിനിസ്റ്റ് കാഴ്ചപ്പാടും ഉണ്ട്. പക്ഷേ, സ്ത്രീകൾക്കെതിരെയുള്ള ഹിംസ അതിന്റെ മറുവശത്തുണ്ട്. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന സ്ഥിതിയൊക്കെ ചിന്തിക്കാൻ പറ്റാത്തതാണ്. സ്ത്രീകളോടുള്ള അക്രമത്തിന്റെ സ്വഭാവം തന്നെ ഞെട്ടിക്കുന്നതാണ്. ഒരാളെ കൊല്ലാൻ വെട്ടുകയോ വെടിവെയ്ക്കുകയോ ചെയ്യുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് വിഷം ഉള്ളിലെത്തിച്ച് കൊല്ലുക എന്നത് വിചിത്രവും അതിക്രൂരവുമാണ്. സമ്പന്ന കുടുംബങ്ങളിലാണ് പലപ്പോഴും ഇത്തരം ക്രൂരതകൾ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളാണ് അക്രമിക്കപ്പെടുന്നവർ. സമ്പന്ന കുടുംബങ്ങളിൽനിന്നുള്ളവർ, മാതാപിതാക്കൾ കിലോക്കണക്കിനു സ്വർണം കൊടുത്തുവിടുന്നവർ ഒക്കെയാണ്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ പലരും തൊഴിലെടുക്കുന്നില്ല. ഡോക്ടർമാരും ആർകിടെക്ട്മാരും എന്‍ജിനീയർമാരും ഒക്കെ വീട്ടിലിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടും അത് തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുന്നില്ല എന്നത് അദ്ഭുതമായി തോന്നിയിട്ടുണ്ട്. മറ്റിടങ്ങളിൽ ഇത്തരം സ്ഥിതി അധികം കണ്ടിട്ടില്ല. രാജ്യത്ത് ഏകദേശം 1170 സർവകലാശാലകളുണ്ട്. അതിൽ 400-ഓളം സ്വകാര്യ സർവകലാശാലകളുണ്ട്. സ്വകാര്യ സർവകലാശാലകളിലടക്കം ധാരാളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. അവരുടെ വിദ്യാഭ്യാസത്തിന് എത്ര പണം ചെലവഴിക്കാനും മാതാപിതാക്കൾ തയ്യാറാണ്. പക്ഷേ, പഠിത്തം കഴിഞ്ഞ് എന്തുചെയ്യുന്നു എന്നത് പ്രധാനമാണ്. തൊഴിലിൽ അത് പ്രതിഫലിക്കുന്നില്ല.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ, ജോലി സ്ഥലങ്ങളിലെ ലൈംഗിക പീഡനംപോലെയുള്ള കാരണങ്ങളാൽ സ്ത്രീകൾക്ക് പുറത്തുപോയി ജോലിയെടുക്കാനുള്ള തടസ്സങ്ങൾ ഇപ്പോഴുമുണ്ട്. നിർഭയ കേസിനുശേഷം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. 2013-ൽ 34 ശതമാനമുണ്ടായിരുന്ന സ്ത്രീ പങ്കാളിത്തം നാലുവർഷത്തിനുശേഷം 27 ആയതാണ് കണക്കുകൾ പറയുന്നത്.
കേരളത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ശരീരഘടനയിൽത്തന്നെ വ്യത്യാസമുണ്ട്. പെൺകുട്ടികൾ പൊതുവെ ചെറുതും ദുർബലരുമാണ്. ആൺകുട്ടികൾ ഉറച്ച ശരീരമുള്ളവരും താരതമ്യേന വലിപ്പമുള്ളവരുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവിലും രീതിയിലും വലിയ വ്യത്യാസമുണ്ട്.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജെൻഡർ നിലപാടുകളെ എങ്ങനെ വിലയിരുത്തുന്നു?
പണ്ടുകാലത്ത് ബ്രാഹ്മണ-ഉന്നതജാതിക്കാരായിരുന്നു സി.പി.എം നേതൃത്വത്തിൽ. ഇന്നത് മാറി. ഒ.ബി.സി, ന്യൂനപക്ഷങ്ങൾ ഒക്കെ വരുന്നുണ്ട്. പക്ഷേ, സ്ത്രീകൾ ഇപ്പോഴും വേണ്ടവിധത്തിൽ അംഗീകരിക്കപ്പെടുന്നില്ല. ഇത്രയും കഴിവും നേതൃപാടവവും താഴെക്കിടയിൽ ജനസമ്മതിയമുള്ള വനിതാനേതാക്കളുണ്ടായിട്ടും ഇവിടെ അംഗീകരിക്കപ്പെടുന്നില്ല. കേരളത്തിന്റെ പൊളിറ്റിക്കൽ സിസ്റ്റം പുരുഷനേതൃത്വത്തിനു കീഴടങ്ങിയ രീതിയാണ്. ശൈലജ ടീച്ചറുടെ കാര്യം നോക്കൂ. ഞങ്ങളെല്ലാം വിചാരിച്ചത് അവർ മന്ത്രിയായി തുടരുമെന്നാണ്. പക്ഷേ, അതുണ്ടായില്ല. മാഗ്‌സസെ അവാർഡ് കിട്ടിയിട്ട് പാർട്ടി പറഞ്ഞതുകൊണ്ട് അവർ അതു സ്വീകരിച്ചില്ല. സ്ത്രീകൾ ഇന്നും രാഷ്ട്രീയത്തിൽ നേരിടുന്ന ഒരു യാഥാർത്ഥ്യമാണിത്. മാഗ്‌സസെ അവാർഡ് കിട്ടാൻ വേണ്ടി ആളുകൾ കൊതിക്കും. ഗാന്ധിയന്മാരായാലും ലിബറലുകളായാലും സമൂഹത്തിൽ എന്തുതരം സാമൂഹ്യപ്രവർത്തനം നടത്തുന്നവരായായാലും. ആ പണം സ്വീകരിക്കുകയും അവരുടെ ഫൗണ്ടേഷനുവേണ്ടിയോ സാമൂഹ്യപ്രവർത്തനങ്ങൾക്കുവേണ്ടിയോ ആ പണം ചെലവഴിക്കുകയും ചെയ്യും. പക്ഷേ, ശൈലജ ടീച്ചർക്ക് ആ അംഗീകാരം വാങ്ങാൻ പറ്റിയില്ല. അതിനൊപ്പം ഭരണത്തിൽ അർഹിക്കുന്ന സ്ഥാനവും കിട്ടിയില്ല എന്നതും കാണണം. അവർ അതിനെതിരെ പ്രതികരിച്ചതുമില്ല. ഞങ്ങൾ പുറത്തുനിന്ന് പ്രതിഷേധിച്ചിട്ടുപോലും അവർക്കു മിണ്ടാൻ പറ്റിയില്ല. പാർട്ടി നേതൃത്വത്തിനെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. പാർട്ടി തീരുമാനം അനുസരിച്ച് പ്രവർത്തിക്കും എന്നതായിരുന്നു അവരുടെ തീരുമാനം.
സ്ത്രീ നേതാക്കൾക്ക് തങ്ങൾ അനുഭവിക്കുന്നതും അറിയുന്നതുമായ രാഷ്ട്രീയ അസമത്വത്തെക്കുറിച്ച് പാർട്ടിക്കമ്മിറ്റികളിൽപോലും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയാണ്. ഇത് സി.പി.എമ്മിൽ മാത്രമല്ല, മറ്റു പാർട്ടികളിലും അങ്ങനെയാണ്. സി.പി.ഐ കുറച്ചുകൂടി തുറന്ന നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ്. സ്ത്രീകൾക്ക് നേതൃപരമായ പങ്ക് ഉണ്ടാക്കുന്നതിൽ മറ്റു പാർട്ടികളെക്കാൾ തുറന്ന മനസ്സുള്ളവരാണ് സി.പി.ഐ.
കേരളത്തിൽ നടന്ന ആശാവർക്കർമാരുടെ സമരത്തിൽ പാർട്ടിയുടേയും സർക്കാറിന്റേയും നിലപാടിനെ എങ്ങനെ കാണുന്നു?
സർക്കാറും പാർട്ടിയും എന്തുകൊണ്ട് സമരത്തിനെതിരായ നിലപാടെടുത്തു എന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ആശാവർക്കർമാരുടേയും അങ്കണവാടി ജീവനക്കാരുടേയും കാര്യത്തിൽ ഇടതുപാർട്ടികൾ വളരെ പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ അതേ ഇടതുപാർട്ടി പൂർണമായും വേറൊരു നിലപാടാണ് സ്വീകരിച്ചത്. ഞങ്ങളെല്ലാം ചേർന്ന് ഓൾ ഇന്ത്യ ഫെമിനിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു കത്ത് നൽകിയിരുന്നു. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കേരളം മാതൃക തീർക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. കേരളം അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് വന്നാൽ അത് മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീ സംഘടനകൾക്കും ട്രേഡ് യൂണിയനുകൾക്കും ശക്തിപകരുന്നതായിരിക്കും. പക്ഷേ, കേരളത്തിലെ സ്ത്രീ നേതാക്കളൊന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയില്ല. സി.പി.ഐയിലെ സ്ത്രീകളും ഇക്കാര്യത്തിൽ മുന്നോട്ട് വന്നില്ല എന്നത് അതിശയകരമാണ്. അവരും ഈ സമരത്തെ പിന്തുണച്ചില്ല. കേരളത്തിനു പുറത്ത് അവർ അങ്കണവാടി-ആശ വർക്കർമാരുടെ വിഷയങ്ങളിൽ പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് കാലത്തെ പ്രവർത്തനത്തിന് ലോകാരോഗ്യസംഘടനയുടെ അവാർഡ് നേടിയവരാണ് ആശാവർക്കർമാർ.
സർക്കാരുകളുടെ പല നയരൂപീകരണത്തിലും പങ്കാളികൂടിയാണ്. ജെൻഡർ ബജറ്റിംഗ് എന്ന ആശയത്തെക്കുറിച്ച് കൂടുതൽ വിശദമാക്കാമോ?
മുംബൈ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇക്കണോമിക്സിലായിരുന്നു എന്റെ പിഎച്ച്.ഡി. മുംബൈ എസ്.എൻ.ഡി.ടി വിമൻസ് യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്സ് വിഭാഗം ഹെഡായിരുന്നു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിലും പ്രവർത്തിച്ചു. ബോംബെ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച്. ജെൻഡർ ബജറ്റിംഗ് എന്ന ആശയം നടപ്പാക്കാൻ പറ്റിയിരുന്നു. 1994 മുതൽ അത് ചെയ്യുന്നുണ്ട്. ഇപ്പോഴും തുടരുന്നു. ബജറ്റിൽ സ്ത്രീകളുടെ ആവശ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്താം, അവരുടെ തൊഴിൽ, ആരോഗ്യം, സുരക്ഷ, സാമൂഹ്യ സംരക്ഷണം എന്നീ വിഷയങ്ങൾക്കാവശ്യമായ ഫണ്ട് എങ്ങനെ ഉറപ്പാക്കാം എന്നതൊക്കെ ഇതിന്റെ ഭാഗമാണ്. വിവിധ സംസ്ഥാന സർക്കാരുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും കേന്ദ്രസർക്കാറിനുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടേയും സംസ്ഥാന സർക്കാരുകളുടേയും കേന്ദ്ര സർക്കാറിന്റേയും ബജറ്റ് ഫണ്ട് വകയിരുത്തുന്നതിൽ ജെന്റർ അടിസ്ഥാനമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, തീരുമാനമെടുക്കുന്നതിനുള്ള പ്രാതിനിധ്യം തുടങ്ങിയ ഘടകങ്ങൾ ഉൾകൊള്ളുന്നതാണ് ജെൻഡർ ബജറ്റിംഗ്. വിദ്യാഭ്യാസം തൊഴിൽ ആരോഗ്യം എന്നീ മേഖലകളിൽ സ്ത്രീകളുടെ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. വീട്ടിൽ പലപ്പോഴും മതിയായ പോഷകാഹാരം സ്ത്രീകൾക്കു ലഭിക്കില്ല, ഇത് സർക്കാർ പദ്ധതികൾ വഴി ലഭ്യമാക്കണം. വീടുകളിലേക്ക് എത്തിക്കുന്നതിനു പകരം സെന്ററുകളിൽ നിന്നുതന്നെ ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും അത് അവരുടെ ശരീരത്തിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം. ജെന്റർ ബജറ്റിംഗ് തയ്യാറാക്കുമ്പോൾ ഇതൊക്കെ പ്രധാനമാണ്.
വിദ്യാഭ്യാസത്തിനുള്ള ഫണ്ടിംഗിലും ഇതു വേണം. സ്കൂളിൽ പെൺകുട്ടികൾ എത്തുന്നില്ലെങ്കിൽ അതിന്റെ കാരണം തേടി പരിഹരിക്കണം. വീടുകളിൽ മറ്റു കുട്ടികളെ നോക്കേണ്ടതുകൊണ്ടാവാം, സ്കൂൾ ബസ്സിന്റെ പ്രശ്നമാവാം, സ്കൂളിലെ ടോയ്‌ലറ്റിന്റെ പ്രശ്നമാവാം അങ്ങനെ പലതും. പെൺകുട്ടികൾ സ്കൂളിൽ ചേർന്നാൽ മാത്രം പോര സ്ഥിരം ഹാജരുണ്ടാവുകകൂടി വേണം. ഇങ്ങനെ ഫണ്ട് വകയിരുത്തൽ മാത്രമല്ല, അതിന്റെ പ്രായോഗിക ഉപയോഗം ഉറപ്പാക്കുക കൂടിയാണ് ജെൻഡർ ബജറ്റിലൂടെ ചെയ്യുന്നത്. ഇപ്പോഴും വിദ്യാഭ്യാസത്തിനായി വകയിരുത്തുന്ന ഫണ്ടുകളൊന്നും സംസ്ഥാനങ്ങൾ മുഴുവനായി വിനിയോഗിക്കുന്നില്ല. പ്രായോഗികമായി ഇത് നടപ്പാക്കാൻ ബ്യുറോക്രസിയും ജനപ്രതിനിധികളും മനസ്സ് വെക്കണം. ഗുജറാത്തിൽ ഒരിക്കൽ ജെന്റർ റിസോഴ്‌സ് സെന്ററിന്റെ പരിപാടിയിൽ പങ്കെടുത്തിരുന്നു. വീടുകളിൽ പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നിർദേശം മുന്നോട്ട് വെച്ചപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞത് അതു വേണ്ട, അങ്ങനെ ഉണ്ടാക്കിയാൽ ഗുജറാത്തി പെൺകുട്ടികൾ വീടുവിട്ട് ഇറങ്ങിപ്പോകും എന്നാണ്. മുഖ്യമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇങ്ങനെ പറയുന്നത്. പെൺകുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് പറഞ്ഞാൽ അതവർ ഫിഗർ കോൺഷ്യസ് ആയതുകൊണ്ടാണ് എന്നാവും മറുപടി. വെള്ളത്തിന്റെ ലഭ്യതക്കുറവിനെക്കുറിച്ച് പറഞ്ഞാൽ ഒരു രൂപയ്ക്ക് വാട്ടർ പൗച്ച് ലഭ്യമാക്കുന്നുണ്ട് എന്നതായിരിക്കും മറുപടി. ഇതാണ് ബ്യൂറോക്രസിയിൽ നിലനിൽക്കുന്ന മധ്യവർഗ എലൈറ്റ് മനോഭാവം. ഇതു മാറുമ്പോഴാണ് ബജറ്റ് യഥാർത്ഥ ജനങ്ങളിലേക്ക് എത്തുകയുള്ളൂ. അതുപോലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർമാർ വിശ്വസിക്കുന്നത് സ്ത്രീകൾക്ക് ടെയ്‌ലറിംഗ് മതിയാവും എന്നാണ്. മറ്റു ട്രെയിനിങ്ങുകളിലൊന്നും സ്ത്രീകളെ തെരഞ്ഞെടുക്കില്ല. ടെയ്‌ലറിംഗ് അഡ്‌മിഷ്ൻ മാത്രമാണ് അവർക്കു ലഭിക്കുക. ഇതുപോലുള്ള ലിംഗ പക്ഷപാതം മറികടക്കേണ്ടതുണ്ട്.
മന്ദാകിനി നാരായണനുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയായിരുന്നു?
ജയിൽമോചിതയായ സമയത്താണ് അജിതയെ ഞാൻ ആദ്യമായി കാണുന്നത്. നീണ്ട വർഷത്തെ ജയിലിലെ ഒറ്റപ്പെടൽ കാരണം സംസാരിക്കാൻപോലും ആവാത്ത ഒരു ഷോക്കിലായിരുന്നു അന്ന് അജിത. വനിതാ കോൺഫറൻസിന്റെ രണ്ടാം ദേശീയ സമ്മേളനം നടത്താനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ എനിക്ക് അജിതയുടെ ഒരു കത്ത് കിട്ടി. അജിത സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കത്തിൽ. അത് സംഘടനയിൽ വലിയ ചർച്ചയുണ്ടാക്കി. പങ്കെടുക്കുന്നതിൽ എതിർപ്പുള്ളവരുണ്ടായിരുന്നു. അജിതയുട ഭൂതകാലമായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. പക്ഷേ, ഞങ്ങളതിനെ എതിർത്തു. സമ്മേളനത്തിൽ പലരും പങ്കെടുക്കുന്നുണ്ട്, ഗാന്ധിയൻ വനിതകളുണ്ട്, ഇടതുപക്ഷത്തുള്ളവരുണ്ട്, ലിബറലുകളുണ്ട്, പ്രൊഫഷണലുകളുണ്ട്, പല മേഖലകളിൽപ്പെട്ടവരുണ്ട്. അതുകൊണ്ടുതന്നെ അവരെ തടയേണ്ട കാര്യമില്ല. അജിത സ്ത്രീകൾക്കായുള്ള പോരാട്ടം ഏറ്റെടുക്കാൻ സന്നദ്ധത പറഞ്ഞിട്ടുള്ള ഒരാളുകൂടിയാണ് എന്നു ഞങ്ങൾ അഭിപ്രായപ്പെട്ടു. അങ്ങനെ ദീർഘമായ ചർച്ചകൾക്കൊടുവിൽ അജിത പങ്കെടുത്തു. അജിത അന്ന് ഗർഭിണിയായിരുന്നു. എല്ലാ ചർച്ചകളിലും അവർ സജീവമായി പങ്കെടുത്തു.
പിന്നീട് പട്ടാമ്പി എൻ.എസ്.എസ് കോളേജിൽ ഒരു പ്രഭാഷണത്തിനായി കേരളത്തിലെത്തിയപ്പോൾ അജിത വന്നിരുന്നു. കേരളത്തിൽ മറ്റു ചിലയിടങ്ങളിലും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. അജിതയുടെ കൂടെ കോഴിക്കോടായിരുന്നു താമസിച്ചത്. വനിതാ മൂവ്‌മെന്റുകളെക്കുറിച്ചും പാട്രിയാർക്കിയെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമെല്ലാം അജിത നിരന്തരം ചോദ്യങ്ങൾ ചോദിക്കും, കയ്യിൽ ഒരു നോട്ട് ബുക്കുണ്ടാവും. അതിൽ എല്ലാം കുറിച്ചുവെയ്ക്കും. ആ സമയത്ത് മാവൂർ ഗ്വാളിയോർ സമരവുമായി ബന്ധപ്പെട്ടുള്ള തിരക്കും അജിതയ്ക്കുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ അജിതയുടെ അമ്മ മന്ദാകിനിയുമായി കൂടുതൽ അടുക്കുന്നത്. ഞങ്ങൾ രണ്ട് പരും ഗുജറാത്തിൽനിന്നായതുകൊണ്ട് ഗുജറാത്തിയിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരിക്കും. അവർ നന്നായി വരക്കും, വനിതാ സംഘടനകളെക്കുറിച്ചും സ്ത്രീ വിഷയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ധാരാളം സംസാരിക്കും. ഗുജറാത്തി മീഡിയയിലൂടെ ചെറുപ്പത്തിൽത്തന്നെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയാമായിരുന്നു. ജയിൽ ജീവിതത്തെക്കുറിച്ചൊന്നും ഞാനവരോട് ഒരിക്കലും സംസാരിച്ചിരുന്നില്ല.
1990-ൽ കോഴിക്കോട് നടത്തിയ വിമൻസ് കോൺഫറൻസിന്റെ ഫണ്ട് ശേഖരിക്കാൻ മായും ഞാനും ഒരുമിച്ചായിരുന്നു പലപ്പോഴും പോയത്. ബോംബെയിലും പാറ്റ്‌നയിലുമായിരുന്നു അതിനു മുന്‍പ് കോൺഫറൻസ് നടത്തിയത്. രണ്ടായിരത്തി അഞ്ഞൂറോളം വനിതകൾ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. മാ അതിൽ സജീവമായി പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

