എന്തൊരു തോൽവി!

Image of pinarayi vijayan
പിണറായി വിജയന്‍ Samakalika Malayalam
Updated on

കോർപറേഷനിലെ തോൽവിക്കു പിന്നാലെ തിരുവനന്തപുരത്ത് സി.പി.എം തുടങ്ങിയ അച്ചടക്കനടപടികൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ശ്രദ്ധിക്കാതെ പോയതാണ് മാധ്യമങ്ങൾ. അല്ലെങ്കിൽ പാളയം ഏരിയാ കമ്മിറ്റിയുടെ ആ തീരുമാനങ്ങളിൽ ആഘോഷിക്കാനുള്ളതുണ്ടായിരുന്നു. വട്ടിയൂർക്കാവ് ലോക്കൽ സെക്രട്ടറിയെ മാറ്റി, ലോക്കൽ കമ്മിറ്റി തന്നെ വിഭജിച്ച് രണ്ട് മേഖലാ കമ്മിറ്റികളാക്കി. തലസ്ഥാനത്തെ ഒരു മാധ്യമ പ്രവർത്തകനുൾപ്പെടെ ഏതാനും പ്രവർത്തകരെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു.

ഇനി സി.പി.എം രീതിവച്ച് സ്വാഭാവികമായും ഉണ്ടാകേണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തോൽവിയുടെ പേരിലുള്ള പാർട്ടി പരിശോധനയും നടപടികളുമാണ്. ഉറപ്പായും സി.പി.എം അത് ചെയ്യാനാണ് സാധ്യത. പക്ഷേ, എവിടെത്തുടങ്ങും? എവിടെ എത്തിക്കും? ഒന്നാംനിര നേതൃത്വത്തിനു തൊട്ടുതാഴെ മുതൽ അനുഭാവികളുടേയും സഹയാത്രികരുടേയും വൃത്തങ്ങളിൽ വരെ സജീവമാണ് ഈ ചോദ്യം. കാരണം, തോൽവിയുടെ കാരണങ്ങൾ അകത്തും പുറത്തുമുണ്ട്. വേഗത്തിൽ നേരിട്ടു പരിഹാരക്രിയകൾ എളുപ്പമല്ലാത്ത പലതുമുണ്ട്. പക്ഷേ, 35 സീറ്റുകളിലേക്ക് എൽ.ഡി.എഫ് ചുരുങ്ങുകയും സി.പി.എം എം.എൽ.എമാരുടെ എണ്ണം 26 ആയി കുറയുകയും ചെയ്തത് നിസ്സാരമായി ക്ഷമിക്കാനും സഹിക്കാനും ഒരുതരത്തിലും കഴിയില്ല. അഞ്ചു ജില്ലകളിൽ എൽ.ഡി.എഫ് എം.എൽ.എമാരുടെ സാന്നിധ്യം തന്നെ ഇല്ലാതായി. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ എൽ.ഡി.എഫിന് ഒരൊറ്റ എം.എൽ.എ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ കടന്നുകൂടുകയായിരുന്നു. അതിനു മുന്‍പ് ആദ്യ ആറ് റൗണ്ടിൽ അദ്ദേഹം യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദിനു പിന്നിലായി. എൽ.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. അതിൽ ചാത്തന്നൂർ സി.പി.ഐയുടെ സീറ്റാണെങ്കിലും സി.പി.എമ്മിനു മാറിനിൽക്കാൻ കഴിയില്ല. നേമവും കഴക്കൂട്ടവും നിലനിർത്താൻ പെടാപ്പാട് പെട്ടിട്ടും സി.പി.എമ്മിനു കഴിഞ്ഞില്ല. അമ്പലപ്പുഴ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ തോൽവി പാർട്ടിയിൽനിന്നു പോയവരിൽ നിന്നാണ് നേരിട്ടത്. ജി. സുധാകരനേയും ടി.കെ. ഗോവിന്ദനേയും വി. കുഞ്ഞികൃഷ്ണനേയും പിടിച്ചു നിർത്താൻ കുറച്ചുകൂടി സത്യസന്ധമായ ശ്രമങ്ങൾ വേണ്ടിയിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ വർഗീയ വർത്തമാനങ്ങളോട് എതിർത്തൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ടീം പിണറായിക്ക് ഇത്ര വലിയ തോൽവി ഉണ്ടാകില്ലായിരുന്നു. അതാണ് ‘ബാഹ്യകാരണങ്ങളിൽ’ ഒന്നാമത്തേത്. പക്ഷേ, മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രതിഷേധമല്ല വെള്ളാപ്പള്ളി വഴി എൽ.ഡി.എഫിനു പ്രഹരമേല്പിച്ചത്. മതനിരപേക്ഷമായി ചിന്തിക്കുന്ന മുഴുവനാളുകളും വെള്ളാപ്പള്ളിയുടെ വാക്കുകളെ വെറുത്തു; അതിനെ മൗനംകൊണ്ട് ശരിവയ്ക്കുന്നവരേയും. ആ വെറുപ്പാണ് തെരഞ്ഞെടുപ്പു ഫലമെന്ന ഇടിത്തീയായി എൽ.ഡി.എഫിനുമേൽ ചെന്നുവീണത്. ജനോപകാരപ്രദമായ ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടും ജനം അതൊന്നും കണക്കിലെടുക്കാതെ യു.ഡി.എഫിനെ സ്വീകരിച്ചത് യു.ഡി.എഫിന്റെ മികവുകൊണ്ടല്ല എൽ.ഡി.എഫ് പറയേണ്ടത് പറയേണ്ടവരോടു പറയാതിരുന്നതുകൊണ്ടാണ്. ഇത് പുറത്തെ കാര്യമാണെങ്കിൽ, അകത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ മുന്നണിക്കു വിനയായി മാറി. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പിൻഗാമിയെപ്പോലെ തളിപ്പറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ചെറിയ കുഴപ്പമൊന്നുമല്ല ഉണ്ടാക്കിയത്. ശ്യാമള ദീർഘകാല പ്രവർത്തന പശ്ചാത്തലമുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയും പാർട്ടി നേതാവുമാണ്. എങ്കിലും ഭർത്താവ് സെക്രട്ടറിയായി മത്സരത്തിൽനിന്നു മാറിയപ്പോൾ അവിടെ തനിക്കു തന്നെ സ്ഥാനാർത്ഥിയാകണം എന്ന നിർബന്ധം ഒഴിവാക്കാമായിരുന്നു, പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെന്നു കണ്ടപ്പോൾ പ്രത്യേകിച്ചും. ആ എതിർപ്പിനെ അവഗണിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് പിന്നെ കണ്ടത്. അത് പരസ്യമായി ചോദ്യം ചെയ്യാൻ പാർട്ടിക്കുള്ളിൽത്തന്നെ ആളുകളുണ്ടായി. താഴേത്തട്ടിൽ മാത്രമല്ല, മുതിർന്ന നേതാക്കളുടെ തലത്തിൽ വരെ ആ എതിർപ്പും പോരും എത്തി. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ഗോവിന്ദൻ വിരോധം ഈ വിഷയത്തിൽ എണ്ണ പകർന്നു. അതാണ് ടി.കെ. ഗോവിന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ എത്തിയത്. കണ്ണൂർ ജില്ലയിൽത്തന്നെ എൻ. സുകന്യ ഉൾപ്പെടെ മുതിർന്ന വനിതാനേതാക്കൾ ഉണ്ടായിട്ടും എന്തിന് പി.കെ. ശ്യാമള എന്ന ചോദ്യം സജീവമാക്കി ദിവസങ്ങളോളം നിലനിർത്താൻ മാധ്യമങ്ങൾ ശ്രമിച്ചു വിജയിച്ചു. അത് തളിപ്പറമ്പിലേയും കണ്ണൂരിലേയും മാത്രം തോൽവിക്കല്ല കാരണമായത്.

പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിനു ശേഷം ഇത്ര മോശം തോൽവി ഉണ്ടായതിന് പത്തു കാരണങ്ങൾ അന്വേഷിച്ചാൽ ആദ്യത്തെ രണ്ടു കാരണങ്ങളാകാൻ പോന്ന കാര്യങ്ങളാണ് ഈ പറഞ്ഞത്. വിശദമായി പറഞ്ഞില്ല, അതിലൊന്നു തൊട്ടു കടന്നുവെന്നു മാത്രം. വെള്ളാപ്പള്ളിയേയും എം.വി. ഗോവിന്ദനേയും സി.പി.എം എന്തുചെയ്യും? അപ്പോൾപ്പിന്നെ തോൽവിയുടെ പ്രധാന കാരണങ്ങൾക്കു നേർക്ക് കണ്ണടയ്ക്കുകയല്ലാതെ എന്തുചെയ്യും.

Kerala CM Gunman beating youth congress men while protesting at nava kerala sadassu
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നുSamakalika Malayalam Weekly

യു.ഡി.എഫിന്റെ തിരിച്ചുവരവ്

യഥാർത്ഥത്തിൽ പത്ത് വർഷത്തിനു ശേഷമല്ല, കാൽനൂറ്റാണ്ടിനു ശേഷമാണ് യു.ഡി.എഫ് നടുനിവർത്തി നിൽക്കുന്നത്. 2001-ൽ 100 സീറ്റുകൾ നേടി എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വന്ന ശേഷം നടന്ന 2006, 2011, 2016, 2021 എന്നീ തെരഞ്ഞെടുപ്പുകളുടെ ഫലം നോക്കിയാൽ ഇതു മനസ്സിലാകും. ഇതിൽ 2011-ൽ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. അതും കേവല ഭൂരിപക്ഷത്തിനു വേണ്ടതിനേക്കാൾ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ: 72 എം.എൽ.എമാർ. അത് 73 ആക്കാൻ നെയ്യാറ്റിൻകരയിലെ സി.പി.എം എം.എൽ.എ വി.എസ്. ശെൽവരാജിനെ ചാക്കിട്ടു പിടിച്ചു. അന്ന് പ്രതിപക്ഷത്തായപ്പോഴും ഭരണമുന്നണിയിലെ മുഖ്യ കക്ഷിയായ കോൺഗ്രസ്സിനേക്കാൾ ഏഴ് സീറ്റുകൾ അധികം പ്രതിപക്ഷ മുന്നണിയെ നയിച്ച സി.പി.എമ്മിനായിരുന്നു. കോൺഗ്രസ് 38, സി.പി.എം 45. അവരിലൊരാളായിരുന്ന ശെൽവരാജ് രാജിവച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായതും ജയിച്ചതും ചരിത്രം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വി.എസ്. അച്യുതാനന്ദൻ വടകര ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചത് മാധ്യമങ്ങൾ മുഴുവൻ തൽസമയം സംപ്രേഷണം ചെയ്തു. അത് ഉപതെരഞ്ഞെടുപ്പു തോൽവിക്കു കാരണമായോ എന്നായി പിന്നത്തെ ചർച്ച.

2011-ലെ ആ നേരിയ വിജയം മാത്രമാണ് 2001-നു ശേഷം യു.ഡി.എഫിന് ഉണ്ടായത്. എന്നാൽ, വി.എസ്സിന്റെ നേതൃത്വത്തിൽ 2006-ൽ എൽ.ഡി.എഫ് വന്നത് 99 സീറ്റുകളുമായാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ 2016-ൽ 91 സീറ്റുകളും 2021-ൽ 99 സീറ്റുകളും നേടി. ഈ കാലയളവിലെല്ലാം നിയമസഭയിൽ എണ്ണംകൊണ്ട് ദുർബല സാന്നിധ്യം മാത്രമായിരുന്നിടത്തു നിന്നാണ് 102 സീറ്റുകളിൽ ജയിച്ച് യു.ഡി.എഫ് അധികാരത്തിലെത്തിയത്. അക്ഷരാർത്ഥത്തിൽ ഇത് അതിശക്തമായ തിരിച്ചുവരവാണ്. ഈ തിരിച്ചുവരവിന്റെ ഏറ്റവും വലിയ മെച്ചം കോൺഗ്രസ് ഒരു വലിയ തകർച്ചയെ അതിജീവിച്ചിരിക്കുന്നു എന്നതാണ്. ഈ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ വൈകാതെ മറ്റു പല സംസ്ഥാനങ്ങളിലും സംഭവിച്ചതു പോലെ കോൺഗ്രസ്സിൽനിന്ന് നേതാക്കളും പ്രവർത്തകരും വൻതോതിൽ ബി.ജെ.പിയിലേക്കേു പോകുമായിരുന്നു. കോൺഗ്രസ് നാമാവശേഷമാകാനും ആ ഇടം ബി.ജെ.പി നേടാനും ഇടയാകുമായിരുന്നു. ആ സാധ്യതയാണ് അടഞ്ഞുപോയത്. പത്തു വർഷം അധികാരത്തിനു പുറത്തുനിന്ന യു.ഡി.എഫിന് ഒരു ടേം കൂടി അങ്ങനെ നിൽക്കാൻ കഴിയുമായിരുന്നില്ല; പലതുകൊണ്ടും. യു.ഡി.എഫ് തകർന്നാൽ എൽ.ഡി.എഫിൽ ചേരാം എന്നൊരു സാധ്യതയുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. കോൺഗ്രസ്സിന്റെ വഴി സ്വീകരിച്ച് ബി.ജെ.പിയുമായി അടുക്കാൻ അവർക്കു കഴിയില്ല. പക്ഷേ, യു.ഡി.എഫിലെ മറ്റു ചെറുകക്ഷികളായ കേരള കോൺഗ്രസ് ജോസഫ്, ജേക്കബ്, ആർ.എസ്.പി, സി.എം.പി എന്നിവയ്ക്കു വഴിമുട്ടും. അവർക്കു മുന്നിലും ഒന്നുകിൽ ഇടതുമുന്നണി അല്ലെങ്കിൽ എൻ.ഡി.എ എന്നതു മാത്രമാകും വഴി. കേന്ദ്രത്തിൽ 2014 മുതൽ ഭരിക്കുന്നത് എൻ.ഡി.എ ആണ് എന്നതും കേരളം പിടിക്കാൻ അവർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് എന്നതും പ്രധാനമാണ്. ഫലത്തിൽ എൽ.ഡി.എഫും എൻ.ഡി.എയുമായി കേരള രാഷ്ട്രീയം മാറുന്ന സ്ഥിതിയിലേക്കായിരിക്കും എൽ.ഡി.എഫിന്റെ തുടർഭരണം കേരളത്തെ എത്തിക്കുക. അത് ഒഴിവായി എന്നതാണ് പ്രധാനം. ബി.ജെ.പി ആഗ്രഹിച്ചത് എൽ.ഡി.എഫ് വീണ്ടും വരാനാണ്. അത് എൽ.ഡി.എഫിനോടുള്ള ഇഷ്ടം കൊണ്ടല്ല; യു.ഡി.എഫ് തകരാനുള്ള ആഗ്രഹംകൊണ്ടാണ്. മൂന്നിടത്ത് വിജയിച്ച് ബി.ജെ.പി നേട്ടമുണ്ടാക്കി എന്നതു ശരിയാണ്. പക്ഷേ, യു.ഡി.എഫിന്റെ തിരിച്ചുവരവ് അവരുടെ പ്രതീക്ഷയുടെ വാതിലാണ് അടച്ചുകളഞ്ഞത്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന രാഷ്ട്രീയ ഫലം അതാണുതാനും.

കഴിഞ്ഞ പത്തുവർഷം കേരളം ഏറ്റവുമധികം ചർച്ച ചെയ്തത് രണ്ട് എൽ.ഡി.എഫ് സർക്കാരുകളെക്കുറിച്ചാണ്. 2016-ലെ ഒന്നാം പിണറായി വിജയൻ സർക്കാർ, 2021-ലെ രണ്ടാം പിണറായി വിജയൻ സർക്കാർ. ഭരണം, തുടർഭരണം. ആ ഭരണം അവസാനിച്ചിരിക്കുന്നു. കോൺഗ്രസ്സും മുസ്‌ലിംലീഗും കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകളും ആർ.എസ്.പിയും സി.എം.പിയും മാത്രമല്ല, പുറത്തുനിന്ന് രാഷ്ട്രീയ മഹാസഭയും ജമാഅത്തെ ഇസ്‌ലാമിയും ഉൾപ്പെടെ പിന്തുണയ്ക്കുന്ന യു.ഡി.എഫിന്റെ കയ്യിലേക്ക് എങ്ങനെ വിജയമെത്തി എന്ന് അന്വേഷിച്ചു കണ്ടെത്തുകയാണ് സി.പി.എമ്മിന്റെ ഒന്നാമത്തെ സംഘടനാപരമായ ഉത്തരവാദിത്വം. സി.പി.എം വിരുദ്ധ രാഷ്ട്രീയം മുഖ്യ അജൻഡയാക്കിയവരുടെ കൂട്ടായ്മയ്ക്കു മുന്നിൽ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ മികവുകൾ നിഷ്പ്രഭമായിപ്പോയോ എന്നു കൂടിയാണ് ആ അന്വേഷണം. അതു നടക്കട്ടെ. അതിനിടയിൽ രാഷ്ട്രീയമായി മനസ്സിലാക്കപ്പെടാതെ പോകുന്ന സത്യമായി അവശേഷിക്കാനിടയുള്ള കാര്യമാണ് മുകളിൽ പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പിൽക്കൂടി തോൽവി താങ്ങാനുള്ള ശേഷി യു.ഡി.എഫിന് ഇല്ല എന്നതാണ് സത്യം എന്ന് ഞങ്ങൾ തെരഞ്ഞെടുപ്പു കാലത്ത് കൃത്യമായി എഴുതിയതിന്റെ തുടർച്ച തന്നെയാണ് ഇതും. കോൺഗ്രസ്സിനും മുസ്‌ലിംലീഗിനും ഘടകകക്ഷികൾക്കും രാഷ്ട്രീയമായും സംഘടനാപരമായും 2026-ലെ തോൽവി ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. “മൂന്നാമതും എൽ.ഡി.എഫ് മികച്ച വിജയം നേടുക എന്നാൽ, യു.ഡി.എഫ് അതീവ ദുർബലമായ പ്രതിപക്ഷമായി മാറുക എന്നുകൂടിയാണ് അർത്ഥം. അതുകൊണ്ടുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് അവർക്ക് കൂടുതൽ നിർണായകമാകുന്നത്” -ഞങ്ങൾ ചൂണ്ടിക്കാണിച്ചു.

ഈ പ്രാധാന്യം മനസ്സിലാക്കിത്തന്നെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാസർകോടു നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ‘പുതുയുഗയാത്ര’ മാർച്ച് ആദ്യവാരം സമാപിച്ചപ്പോൾ ആ വേദിയിൽത്തന്നെ രാഹുൽ ഗാന്ധി പ്രകടനപത്രികയുടെ ദിശ വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങൾ നടത്തിയത്. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര, യുവജനങ്ങൾക്ക് സംരംഭം തുടങ്ങുന്നതിന് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’, മുതിർന്ന പൗരരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്നീ അഞ്ചു കാര്യങ്ങളാണ് പ്രഖ്യാപിച്ചത്. അതിന്റെ സ്വാഭാവിക തുടർച്ച തന്നെയായിരുന്നു പ്രകടനപത്രികയും. ജനങ്ങളെ വേഗത്തിൽ ആകർഷിക്കുന്ന ക്ഷേമ പദ്ധതികൾക്ക് എൽ.ഡി.എഫ് സർക്കാർ നൽകിയ പ്രാധാന്യത്തിന്റെ വഴിയേ തന്നെയാണ് യു.ഡി.എഫ് സർക്കാരും എന്ന സൂചനയാണ് അത് തരുന്നത്.

ഇതെല്ലാം നടപ്പാകണമെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടണം. കേന്ദ്രം എത്രയൊക്കെ ശ്വാസം മുട്ടിച്ചിട്ടും ഖജനാവിൽ 4000 കോടി ബാക്കിയുണ്ട് എന്നാണ് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. നില കൂടുതൽ മെച്ചപ്പെട്ടേ തീരൂ. സാമ്പത്തിക പുനരുജ്ജീവനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭരണമായിരിക്കും യു.ഡി.എഫിന്റേത്. മാറ്റത്തിന്റെ പുതിയ പ്രഭാതം പിറക്കുകയാണ് എന്നും യു.ഡി.എഫ് പറയുന്നു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് പ്രതീക്ഷിക്കാതെ എഫ്‌.സി.ആർ.എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിക്ക് കേന്ദ്രസർക്കാർ നീക്കം നടത്തിയതോടെ തെരഞ്ഞെടുപ്പു ക്യാംപെയ്‌ന്റെ സ്വഭാവം മാറിയിരുന്നു. പക്ഷേ, വീടുകൾ കയറി പ്രചരിപ്പിച്ച തെരഞ്ഞെടുപ്പ് നോട്ടീസിലെ ഊന്നൽ ആ അഞ്ചു പ്രഖ്യാപനങ്ങൾക്കു തന്നെയായിരുന്നു. പാർലമെന്റിൽ എഫ്‌.സി.ആർ.എ ചർച്ച പിന്നത്തേക്കു നീട്ടി ബി.ജെ.പി തല്‍ക്കാലം വിഷയം മാറ്റി.

റബറിന്റെ താങ്ങുവില കിലോയ്ക്ക് 300 ആയി ഉയർത്തുന്നതിന്റെ ആദ്യപടിയായി കിലോയ്ക്ക് 250 രൂപയാക്കും എന്നതുൾപ്പെടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ യു.ഡി.എഫിനെ സഹായിച്ചു എന്നാണ് മനസ്സിലാകുന്നത്. കേരള കോൺഗ്രസ് എം. മത്സരിച്ച 12 സീറ്റുകളിലും തോൽക്കുകയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച എട്ടിൽ ഏഴിടത്തും ജയിക്കുകയും ചെയ്തതിൽ ഇത്തരം വാഗ്ദാനങ്ങളുടെ പങ്ക് ചെറുതല്ല. മുസ്‌ലിംലീഗിന് 27-ൽ 22 ഇടത്തും ജയിക്കാനായതും നാലിടത്തു മത്സരിച്ച ആർ.എസ്.പി മൂന്നിലും ജയിച്ചതിലും സി.എം.പിക്ക് എം.വി. രാഘവനു ശേഷം ഇതാദ്യമായി നിയമസഭാ പ്രാതിനിധ്യം ഉണ്ടായതുമെല്ലാം ഈ പ്രകടനപത്രികയുടെ കൂടി ബലത്തിലാണ്. ഇനി നടപ്പാക്കി കാണിക്കുകയാണ് പ്രധാനം.

മുതിർന്ന പൗരന്മാർ: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ഒരു സമർപ്പിത വകുപ്പ്, യുവജനങ്ങളുടെ നൈപുണ്യം സംസ്ഥാനത്തു നിലനിർത്തുന്നതിനും കുടിയേറ്റം കുറയ്ക്കുന്നതിനും പ്രത്യേക ശ്രദ്ധ, ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ, മാലിന്യ നിർമാർജന പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരങ്ങൾ ഉണ്ടാക്കുന്നിനു മുൻഗണന, വീടില്ലാത്ത എല്ലാവർക്കും അഞ്ച് വർഷത്തിനുള്ളിൽ വീടുകൾ, വാർഡ് തല വികസന ഫണ്ടുകൾ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വയംഭരണം വർദ്ധിപ്പിക്കൽ തുടങ്ങിയതെല്ലാം നടപ്പാക്കാൻ ഇച്ഛാശക്തിയും പ്രതിബദ്ധതയും ആവശ്യമുള്ള കാര്യങ്ങളാണ്. ഭരണത്തിന്റെ സ്വാഭാവിക ഒഴുക്കിലങ്ങ് നടന്നുപോകുന്ന കാര്യങ്ങളല്ല ഇവ. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ കടം പരിഹരിക്കും എന്നതാണ് സാമ്പത്തിക സമീപനത്തിന്റെ ഊന്നൽ. പക്ഷേ, കേന്ദ്രസർക്കാർ കഴിഞ്ഞ പത്തു വർഷവും കേരളത്തോടു സാമ്പത്തിക കാര്യത്തിൽ സ്വീകരിച്ച നിഷേധാത്മക സമീപനത്തിൽ എത്രത്തോളം മാറ്റമുണ്ടാകും എന്നത് പ്രധാനമാണ്. ഇടതുപക്ഷത്തോടെന്നപോലെതന്നെ കോൺഗ്രസ് നയിക്കുന്ന മുന്നണിയോടും ബി.ജെ.പി സർക്കാരിന്റെ സമീപനം ആശാവഹമല്ല എന്നതിന് ഉദാഹരണങ്ങളുണ്ട്. മൂന്ന് എം.എൽ.എമാരെ കിട്ടി എന്നതിനപ്പുറം കേരളഭരണത്തിൽ സ്വാധീന ശക്തിയാകാൻ ബി.ജെ.പിക്ക് കഴിയാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായ മികച്ച വിജയം യു.ഡി.എഫിന് ആത്മവിശ്വാസം കൂട്ടിയ ഘടകമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ സൂചകങ്ങളേക്കാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വയ്ക്കാവുന്നത് തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിലാണ് എന്ന് യു.ഡി.എഫ് വിലയിരുത്തി. 2015-ലും 2020-ലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചിരുന്നു. 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിനു ശേഷം 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ചെങ്കിലും രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ 2025-ലെ മികച്ച വിജയം 2026-ലും മികച്ച വിജയത്തിലേക്ക് നയിക്കും എന്നുതന്നെ യു.ഡി.എഫ് കണക്കുകൂട്ടി. അതു തന്നെ സംഭവിക്കുകയും ചെയ്തു.

കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെക്കൊണ്ട് സി.പി.എം-ബി.ജെ.പി ഡീൽ എന്ന രാഷ്ട്രീയ ആരോപണം ഉന്നയിപ്പിക്കാൻ കഴിഞ്ഞത് വാഗ്ദാനങ്ങൾക്കപ്പുറത്തെ രാഷ്ട്രീയ ഫലം ചെയ്യുമെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തൽ ഫലം കണ്ടു.

VD Satheeshan
VD SatheeshanPinterest

ബി.ജെ.പിയുടെ മൂന്ന്

2016-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കിട്ടിയ ഒരേയൊരു വിജയം 2026-ൽ ആവർത്തിക്കാൻ നേമത്ത് രാജീവ് ചന്ദ്രശേഖറിനു കഴിഞ്ഞു. മറ്റ് രണ്ടിടത്തുകൂടി ബി.ജെ.പി ജയിച്ചത് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിന് ഇരട്ടി വിജയവുമായി. മൂന്നംഗ ബി.ജെ.പി നിയമസഭാ കക്ഷിയുടെ നേതാവായി വി. മുരളീധരനോ ബി.ബി. ഗോപകുമാറോ വരാനാണ് സാധ്യത. അല്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വേറെ ആരെയെങ്കിലും ഏല്പിച്ച് രാജീവിനെ നിയമസഭാകക്ഷി നേതാവാക്കാൻ കേന്ദ്ര നേതൃത്വം തയ്യാറാകണം. അത്തരം ചർച്ചകൾ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. ആറ് സീറ്റുകളിലാണ് ബി.ജെ.പി ഇത്തവണ രണ്ടാമതെത്തിയത്. അതിൽത്തന്നെ പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയത്തോളം എത്തുകയും ചെയ്തു. ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷയാക്കണം എന്ന ചർച്ചകളിലേക്കു കൂടിയാണ് വീണ്ടും ബി.ജെ.പി കടക്കുന്നത്. മഞ്ചേശ്വരത്തു രണ്ടാമതെത്തിയ കെ. സുരേന്ദ്രൻ മുന്‍പ് രണ്ടു ടേം സംസ്ഥാന പ്രസിഡന്റായതാണ്.

മുൻ സംസ്ഥാന പ്രസിഡന്റും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരൻ കഴക്കൂട്ടത്ത് ജയിച്ചത് അപ്രതീക്ഷിതമായാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രനായിരുന്നു തുടക്കം മുതൽ മുന്നിൽ. എന്നാൽ, ഒടുവിലത്തെ റൗണ്ടുകൾ ആയപ്പോഴേയ്ക്കും സ്ഥിതി മാറി. 428 വോട്ടുകൾക്ക് മുരളീധരൻ ജയിച്ചു. 2016-ൽ കഴക്കൂട്ടത്ത് കടകംപള്ളിയോടു തന്നെ തോറ്റു രണ്ടാം സ്ഥാനത്തായതിനു മധുരപ്രതികാരം കൂടിയായി അത് മാറി. 2021-ൽ ഇവിടെ മത്സരിച്ച ശോഭാ സുരേന്ദ്രനും രണ്ടാമത് എത്തിയിരുന്നു.

ചാത്തന്നൂരിലെന്താകും എന്ന ചോദ്യം ഞങ്ങൾ ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽത്തന്നെ ഉയർത്തിയിരുന്നു. അടുത്ത നേമം ആകുമോ ചാത്തന്നൂർ എന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലും കണക്കുകൾ വിശദീകരിച്ച് ചോദ്യമുന്നയിച്ചു. 2016 മുതൽ കൊല്ലം ജില്ലയിൽ ബി.ജെ.പി എല്ലാ ശ്രദ്ധയും നൽകിയ മണ്ഡലമാണ് ചാത്തന്നൂർ. 2016-ൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ഏഴു മണ്ഡലങ്ങളിലൊന്ന്. സി.പി.ഐയുടെ ജി.എസ്. ജയലാൽ 2016-ൽ 67606 വോട്ടുകൾ നേടി വിജയിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനു കിട്ടിയത് 30139 വോട്ടുകൾ. 33199 വോട്ടുകൾ നേടിയാണ് ബി.ജെ.പിയുടെ ബി.ബി. ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തി. ഇവർ തമ്മിൽ 3,060 വോട്ടുകളുടെ മാത്രം വ്യത്യാസം. 2011-ൽ ബിന്ദുകൃഷ്ണ 47598 വോട്ടുകൾ നേടിയ മണ്ഡലമാണിത്. അന്നും ജയം ജി.എസ്. ജയലാലിനായിരുന്നെങ്കിലും ബി.ജെ.പിയുടെ കിഴക്കനേല സുധാകരൻ 3839 വോട്ടുകൾ മാത്രമാണ് നേടിയത്. എൽ.ഡി.എഫിന് 60187 വോട്ടുകൾ. 2016-ൽ കോൺഗ്രസ്സിനു കുത്തനെ വോട്ടു കുറഞ്ഞതും ബി.ജെ.പിക്ക് കൂടിയതും രാഷ്ട്രീയ ചർച്ചകളെ ചൂടുപിടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ.എസ്. ജയലാൽ വിജയിച്ചത് 17206 വോട്ടുകൾക്കാണ്. ബി.എസ്. ഗോപകുമാർ തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി; നേടിയത് 42090 വോട്ടുകളും രണ്ടാം സ്ഥാനവും. പ്രമുഖ കോൺഗ്രസ് നേതാവ് എൻ. പീതാംബരക്കുറുപ്പ് മൂന്നാമതായി; വോട്ടുകൾ 34280. അതായത് എൽ.ഡി.എഫിന് 7.64 ശതമാനം വോട്ടുകൾ കുറഞ്ഞു, ബി.ജെ.പിക്ക് 5.69 ശതമാനം വോട്ടുകൾ കൂടി. യു.ഡി.എഫിനും നേരിയ വർധനവുണ്ടായി, 2.30 ശതമാനം. 2016-ലെ 34407 വോട്ടുകളുടെ ഭൂരിപക്ഷമാണ് 2021-ൽ നേർപകുതിയായി കുറഞ്ഞത്. പക്ഷേ, ശ്രദ്ധിക്കേണ്ട ചില കണക്കുകളുണ്ട്: 2011-ലേക്കാൾ 2016-ൽ 21.56 ശതമാനം വോട്ടു വർധനവുണ്ടായ സ്ഥാനത്താണ് 2016-ലേക്കാൾ 2021-ൽ 5.69 ശതമാനം മാത്രം വർധിച്ചത്. പക്ഷേ, വർധിച്ചു എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ ഈ വർധന ഏതുവിധം പ്രതിഫലിക്കും എന്നത് പ്രധാനമാണ്. ജയലാലിനു പകരം ആർ. രാജേന്ദ്രനാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായത്. ബി.ബി. ഗോപകുമാർ തന്നെ ബി.ജെ.പിയെ പ്രതിനിധീകരിച്ചു. സൂരജ് രവി യു.ഡി.എഫ് സ്ഥാനാർത്ഥി. ശൂരനാട് രാജശേഖരൻ, എൻ. പീതാംബരക്കുറുപ്പ് എന്നീ അതികായന്മാർ തോറ്റിടത്തായിരുന്നു സൂരജ് രവിയുടെ സ്ഥാനാർത്ഥിത്വം. 4398 വോട്ടുകൾക്കാണ് ബി.ബി. ഗോപകുമാർ ജയിച്ചത്.

Image of VD& Balram
13-05-2026, Thiruvananthapuram: UDF leaders share a celebratory moment as Kerala Chief Minister-designate V. D. Satheesan embraces V. T. Balram at theSamakalika Malaylam Weekly

തരംഗത്തിനെന്തു മന്ത്രി

തെരഞ്ഞെടുപ്പു ഫലം നോക്കൂ. മൂന്നു വനിതാ മന്ത്രിമാർ ഉൾപ്പെടെ 13 മന്ത്രിമാരാണ് തോറ്റത്. സി.പി.എം മന്ത്രിമാരിൽ പി.എ. മുഹമ്മദ് റിയാസും സജി ചെറിയാനും കെ.എൻ. ബാലഗോപാലും മാത്രമാണ് ജയിച്ചത്. സി.പി.ഐ മന്ത്രിമാരിലെ ഏക വനിത ജെ. ചിഞ്ചുറാണിയും കേരള കോൺഗ്രസ് എം. മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് ബി. മന്ത്രി കെ.ബി. ഗണേഷ് കുമാറും കോൺഗ്രസ് എസ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എൻ.സി.പി മന്ത്രി എ.കെ. ശശീന്ദ്രനും തോറ്റു. ബേപ്പൂരിൽ മത്സരിക്കാൻ സീറ്റ് ചോദിച്ചു വാങ്ങി യു.ഡി.എഫിലെ മറ്റാരേക്കാൾ മുന്‍പേ പ്രചാരണം തുടങ്ങിയ പി.വി. അൻവറിനോട് 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് ജയിച്ചത്. ആ ജയത്തിന് തൊട്ടുമുന്‍പും അൻവറിന്റെ വെല്ലുവിളികൾ കേരളം കേട്ടു; റിയാസ് ജയിച്ചാൽ കമ്മലിട്ടു നടക്കും. പക്ഷേ, എൽ.ഡി.എഫിനു മാത്രമല്ല, യു.ഡി.എഫിനും ആശ്വാസമായി ബേപ്പൂരിലെ ഫലം. ജയം അൻവറിനായിരുന്നെങ്കിൽ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉൾപ്പെടെ പലതും യു.ഡി.എഫ് അഭിമുഖീകരിക്കേണ്ടിവരുമായിരുന്നു. കൊണ്ടു നടന്ന സി.പി.എമ്മിനെ കുത്തിയിട്ടുപോയ അൻവറിന്റെ രാഷ്ട്രീയം ഇതോടെ ഏതാണ്ട് തീർന്ന മട്ടായി. മൂന്നു തവണ സി.പി.എം എം.എൽ.എയാക്കിയ ഐഷാ പോറ്റി യുഡി.എ.ഫ് സ്ഥാനാർത്ഥിയായപ്പോൾ ജനം സ്വീകരിക്കാതിരുന്നത് ബാലഗോപാലിന് തുണയായി. പക്ഷേ, ഭൂരിപക്ഷം 1012 മാത്രം. ചെങ്ങന്നൂരിൽ കോൺഗ്രസ്സിന്റെ എബി കുര്യാക്കോസിനോട് 10292 വോട്ടുകൾക്കു ജയിച്ച സജി ചെറിയാന് 2021-ൽ ഭൂരിപക്ഷം 32093 ആയിരുന്നു.

ന്യൂനപക്ഷ ഏകീകകരണം ഉണ്ടായോ നേമത്ത് ബി.ജെ.പിക്ക് എങ്ങനെ ഇത്ര മേൽക്കൈ വന്നു, ചാത്തന്നൂരിൽ സി.പി.ഐ സ്ഥാനാർത്ഥിയെ മാറ്റിയത് ബി.ജെ.പിയുടെ ജയത്തെ സഹായിച്ചോ വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങളോട് സി.പി.എം സ്വീകരിച്ച സമീപനം എതിർ വോട്ടായോ, സി.പി.എമ്മിനും പിണറായിക്കും എതിരെ ജമാഅത്തെ ഇസ്‌ലാമിയും മറ്റും പ്രചരിപ്പിച്ച മൃദു ഹിന്ദുത്വം പോലുള്ളവ ഫലം കണ്ടോ, മുഖ്യമന്ത്രിയുടെ മകളുടെ പേരുള്ള എക്സാലോജിക് വിവാദം എങ്ങനെ പ്രതിഫലിച്ചു, കേന്ദ്രത്തിന്റെ ശ്വാസംമുട്ടിക്കലിനിടയിലും ഒരു മാസംപോലും ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളമോ പെൻഷനോ മുടങ്ങാതെ സർക്കാർ ജാഗ്രത പാലിച്ചത് ജനം ശ്രദ്ധിച്ചില്ലേ, ക്ഷേമ പെൻഷൻ കൂട്ടിയതും കുടുംബിനിമാർക്ക് 1000 രൂപ നൽകുന്നതും ഉൾപ്പെടെ ഉണ്ടാക്കിയ അനുകൂല പ്രതികരണങ്ങൾ വോട്ടായില്ലേ തുടങ്ങിയ ചോദ്യങ്ങൾ സി.പി.എമ്മും ഘടകകക്ഷികളും സ്വയം ചോദിക്കേണ്ടതാണ്. സി.പി.എമ്മും സി.പി.ഐയും ഈ വിഷയങ്ങൾ പാർട്ടി കമ്മിറ്റികളിൽ വിശകലനം ചെയ്യും. കേരള കോൺഗ്രസ് എമ്മും ചർച്ച ചെയ്യുമെന്ന് പറയുന്നു. അത്രതന്നെ. എൻ.സി.പി, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐ.എൻ.എൽ എന്നീ പാർട്ടികളുടെ ചർച്ചയും വിശകലനവുമൊക്കെ കണ്ടുതന്നെ അറിയണം. മുന്നണി യോഗം ചേരുമ്പോൾ ശശീന്ദ്രനും ഗണേഷ്‌കുമാറിനും കടന്നപ്പള്ളിക്കും അഹമ്മദ് ദേവർ കോവിലിനും കാസിം ഇരിക്കൂറിനും എണീറ്റു നിന്നു നാലു വാക്ക് പറഞ്ഞു കാര്യമായ ശീലമില്ല. അങ്ങനെതന്നെ എന്ന് ഏറ്റു പറയുന്നതാണ് രീതി. മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ തന്നെ തോറ്റിരിക്കുമ്പോൾ ചർച്ചകൾക്കൊക്കെ പരസ്പര ആശ്വാസവാക്കുകളുടെ സ്വഭാവം മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ. കോഴിക്കോട് പേരാമ്പ്രയിൽ മുസ്‌ലിം ലീഗിന്റെ യുവ സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയോട് 5087 വോട്ടുകൾക്കാണ് രാമകൃഷ്ണൻ തോറ്റത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 22592 ആയിരുന്നു. കൗമിലെ കുട്ടി (സമുദായത്തിലെ കുട്ടി) എന്നാണ് ലീഗ് പ്രചരിപ്പിക്കുന്നത് എന്ന് എൽ.ഡി.എഫിന്റെ പ്രചാരണവാഹനത്തിൽ ഫാത്തിമ തഹ്‌ലിയയെക്കുറിച്ച് പറഞ്ഞത് വിവാദമായപ്പോൾ രാമകൃഷ്ണനുൾപ്പെടെ നിഷേധിക്കുകയായിരുന്നു. ആരോ പറഞ്ഞതാകും, ഞങ്ങളറിഞ്ഞില്ല എന്ന് പറഞ്ഞു; പക്ഷേ, ആ അനൗൺസ്‌മെന്റ് വാഹന നമ്പർ ഉൾപ്പെടെ പുറത്തു വന്നു. പേരാമ്പ്രയിലെ ജയത്തിന് ലീഗ് ടി.പി. രാമകൃഷ്ണനോടും എൽ.ഡി.എഫിനോടും നന്ദി പറയണം; ഇതാദ്യമായി ലീഗിന് ഒരു വനിതാ എം.എൽ.എയെ സമ്മാനിച്ചതിന്.

എൽ.ഡി.എഫിന്റെ തോൽവിക്ക് ഇതിനൊക്കെ അപ്പുറത്തെ രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്നത് കൂടുതൽ പരിശോധന ആവശ്യമുള്ള കാര്യമാണ്. അതുപക്ഷേ, ‘തുടർഭരണം സി.പി.മ്മിനെ തകർക്കും’ എന്ന മട്ടിലുള്ള രാഷ്ട്രീയ കാരണങ്ങളല്ല. ഇത്തവണ കൂടി യു.ഡി.എഫ് അധികാരത്തിനു പുറത്തുനിന്നാൽ കോൺഗ്രസ് തകരുകയും അതിന്റെ ഗുണഫലം ബി.ജെ.പിക്ക് കിട്ടുകയും ചെയ്യുമെന്ന ആളുകളുടെ ചിന്ത യു.ഡി.എഫിനെ സഹായിച്ചോ എന്ന ചോദ്യം പ്രസക്തമാകുന്നത് അവിടെയാണ്.

അവർ മൂന്നു പേർ

അമ്പലപ്പുഴയിൽ ജി. സുധാകരൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എന്നിവരാണ് ഈ തെരഞ്ഞെടുപ്പിൽ സി.പി.എം വിരുദ്ധ മാധ്യമങ്ങളും യു.ഡി.എഫും കൊണ്ടാടുന്ന പ്രധാനികൾ. സി.പി.എമ്മിൽനിന്നു പുറത്തുവന്ന് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചവരാണ്. മൂന്നു പേരും ജയിച്ചു. മൂന്നു പേരും പുറത്തുവന്നതും മത്സരിച്ചതും വ്യത്യസ്ത സാഹചര്യങ്ങളിലും വെവ്വേറെ കാരണങ്ങളുടെ പേരിലുമാണ്. സുധാകരനെ അലോസരപ്പെടുത്തിയത് ആലപ്പുഴയിലെ നേതൃത്വത്തിന്റെ അവഗണനയും സംസ്ഥാന നേതൃത്വം അതിനു നൽകിയ പിന്തുണയുമാണ്; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിനോടുള്ള വിയോജിപ്പ് പാർട്ടിക്കുള്ളിൽ പറഞ്ഞിട്ടും കാര്യമില്ലാതെ വന്നപ്പോഴാണ് ടി.കെ. ഗോവിന്ദൻ പുറത്തുവന്നത്; രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നുവെന്നും അതിൽ നിലവിലെ എം.എൽ.എ ടി.ഐ. മധുസൂദനനും പങ്ക് ആരോപിച്ചാണ് വി. കുഞ്ഞികൃഷ്ണൻ വിമർശനം ഉന്നയിച്ചത്. അതിന്റെ വിശദാംശങ്ങൾ പുസ്തകവുമാക്കി. ഈ മൂന്നു ജയങ്ങളും കേന്ദ്രീകരിച്ചാണ് ഇനിയുള്ള ദിവസങ്ങളിൽ എൽ.ഡി.എഫ് വിചാരണ ചെയ്യപ്പെടുക. അതിന്റെ സൂചനകൾ വ്യക്തം.

Image of VD
വിഡി സതീശന്‍ സമകാലിക മലയാളം വാരിക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com