പാർട്ടിയെ തിരുത്തിയ കണ്ണൂർ സഖാക്കൾ

Image of Kunhikrishnan, TK Govindan
കുഞ്ഞിക്ക‍ൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍സമകാലിക മലയാളം വാരിക
Updated on

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഓർമദിനമായിരുന്നു മെയ് നാല്. സി.പി.എമ്മിന്റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ച് പുറത്തുപോയതിന്റെ പേരിൽ കൊലചെയ്യപ്പെട്ട ടി.പിയുടെ ഓർമകൾക്ക് 14 വർഷം തികയുമ്പോഴേയ്ക്കും പാർട്ടിവിട്ട് വിമതരായ മൂന്നു പേർ നിയമസഭയിലേക്ക് വിജയിക്കുന്ന സാഹചര്യമുണ്ടായി. രക്തസാക്ഷി ഫണ്ടിൽ പാർട്ടി നേതാക്കൾ തട്ടിപ്പു നടത്തി എന്നാരോപിച്ച് വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും സ്വജനപക്ഷപാതം ആരോപിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും വഴിവിട്ട കൂട്ടുകെട്ടുകളിലേക്ക് നീങ്ങുന്ന നേതൃത്വവുമായി കലഹിച്ച് പുറത്തുപോയ മുൻ മന്ത്രികൂടിയായ ജി. സുധാകരൻ അമ്പലപ്പുഴയിലും സി.പി.എമ്മിനെതിരെ മത്സരിച്ച് ജയിച്ച് കയറിയതും ആ ദിവസമാണെന്നത് യാദൃച്ഛികമാകാം. സി.പി.എം രാഷ്ട്രീയത്തിനു കഴിഞ്ഞ ദശകത്തിലുണ്ടായ മാറ്റങ്ങൾ അടയാളപ്പെടുത്തുന്നുണ്ട് ഈ വിജയങ്ങൾ. ഒരിക്കലും മാറില്ലെന്ന് വിശ്വസിച്ചിരുന്ന സി.പി.എം കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിനും മറുപക്ഷത്തിനും ഒരുപോലെ അവിശ്വസനീയമാണ്. പലപ്പോഴും കണ്ണൂർ പാർട്ടി എന്ന പഴികേട്ടിരുന്ന സി.പി.എമ്മിന് അതിന്റെ അടിത്തറ ചോർന്നു തുടങ്ങിയോ എന്ന സംശയം ഉണ്ടാകുന്നു. അതിലുപരി വി. കുഞ്ഞികൃഷ്ണന്റേയും ടി.കെ. ഗോവിന്ദന്റേയും വിജയത്തിൽ വലിയൊരു പങ്ക് പാർട്ടി അനുഭാവികളുടെ സംഭാവനയാണെന്നതാണ് അതിലേറെ സി.പി.എമ്മിനെ വിഷമിപ്പിക്കുന്നതും.

സ്വന്തം അണികളേയും നേതാക്കളേയും പോലും മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ സംഘടനാസംവിധാനം ദുർബലപ്പെട്ടു എന്ന വിമർശനം സി.പി.എമ്മിനുള്ളിൽനിന്നുതന്നെ നേതാക്കൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങി അഞ്ചു മലബാർ ജില്ലകളിലെ 48 നിയമസഭാമണ്ഡലങ്ങളിൽ അഞ്ച് സീറ്റിൽ മാത്രമാണ് സി.പി.എമ്മിന് വിജയിക്കാനായത്. അതും പലയിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടവുമായിരുന്നു. കൂത്തുപറമ്പിൽ ആർ.ജെ.ഡിയുടേയും കാഞ്ഞങ്ങാട്ട് സി.പി.ഐയുടെ സീറ്റും ചേർത്ത് ഏഴ് സീറ്റിലൊതുങ്ങി മലബാറിൽ എൽ.ഡി.എഫ്.

TK Govindan
TK Govindan

അടിയൊഴുക്കുകൾ മനസ്സിലായില്ല

കാൽച്ചുവട്ടിലെ വോട്ടുകൾ ഒന്നാകെ ഒഴുകിപ്പോകുന്നതാണ് സി.പി.എം മലബാറിൽ കണ്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ്, ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിൽ വി. കുഞ്ഞികൃഷ്ണൻ പുസ്തകമെഴുതി പ്രകാശിപ്പിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. തന്റെ പാർട്ടി അനുഭവങ്ങളുടേയും നിലപാടുകളുടേയും സമാഹാരം എന്ന നിലയിലുള്ള പുസ്തകത്തിന്റെ തലക്കെട്ട് സി.പി.എം അണികൾക്കിടയിൽ വലിയ സ്വാധീനമായി എന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും പോലും നിശ്ശബ്ദരായിനിന്ന് കുഞ്ഞികൃഷ്ണനും ഗോവിന്ദനും വോട്ടുചെയ്ത സഖാക്കളുടെ മനസ്സ് തിരിച്ചറിയാൻ നേതാക്കൾക്ക് കഴിഞ്ഞില്ല. പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിലും കഴിഞ്ഞതവണ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയ മട്ടന്നൂരിലും ഉണ്ടായ വോട്ടുകളുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവിലും ഇത് പ്രതിഫലിച്ചിട്ടുണ്ടാകാം. 349 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് സിറ്റിങ് മണ്ഡലമായ അഴീക്കോട് സി.പി.എമ്മിന് നിലനിർത്താനായത്. പാർട്ടിയുടെ കുത്തക കേന്ദ്രങ്ങളായ കല്ല്യാശ്ശേരിയിലും തലശ്ശേരിയിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി.

പയ്യന്നൂരിൽ സി.പി.എമ്മിന്റെ മുൻ ജില്ലാക്കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ തുടക്കമിട്ട ‘തിരുത്തലിന്’ മാധ്യമങ്ങളിലൂടേയും മറ്റും കാര്യമായ പ്രചാരം ലഭിച്ചു. കേരളത്തിലെമ്പാടുമുള്ള പലരും അദ്ദേഹത്തെ പിന്തുണ അറിയിച്ചെത്തി. അതിനു തെരഞ്ഞെടുപ്പു ഫലത്തിലും ഓളങ്ങളുണ്ടാക്കാനായി എന്നതാണ് ഫലം സൂചിപ്പിക്കുന്നത്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് അടക്കം, പാർട്ടി അറിഞ്ഞു നടത്തിയ ഫണ്ട് തിരിമറികളും സാമ്പത്തിക ക്രമക്കേടുകളും ഉയർത്തിയാണ് വി. കുഞ്ഞികൃഷ്ണൻ സി.പി.എമ്മിൽനിന്നു പുറത്തുപോകുന്നത്. പാർട്ടി കമ്മിറ്റികളിലും നേതാക്കന്മാരുമായും നിരന്തരം വിഷയം ഉയർത്തിയെങ്കിലും തിരുത്തലുണ്ടാകുന്നില്ല എന്നു തോന്നിയതോടെയാണ് അദ്ദേഹം പാർട്ടിവിട്ട് പൊതുസമൂഹത്തോട് ഇക്കാര്യം വിളിച്ചുപറയുന്നത്. വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്നു പുറത്താക്കി. ആരോപണ വിധേയരായവരെ സി.പി.എം സംരക്ഷിക്കുന്നുവെന്ന തോന്നലും ശക്തമായി. ഈ സംഭവങ്ങളിൽ ആരോപണവിധേയനായ പയ്യന്നൂർ എം.എൽ.എ കൂടിയായിരുന്ന ടി.ഐ. മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് സി.പി.എം അതിന്റെ അണികൾക്കും വിമതർക്കും നൽകിയ സൂചനയായിരുന്നു.

വി. കുഞ്ഞികൃഷ്ണനും മത്സരരംഗത്തേയ്ക്ക് ഇറങ്ങിയത് ഈ സാഹചര്യത്തിലാണ്. അതോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്താതെ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. രക്തസാക്ഷി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിശ്വസനീയമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വെക്കാൻ സി.പി.എമ്മിനു കഴിഞ്ഞതുമില്ല. അതേസമയം, പാർട്ടി നേതൃത്വവും അവരോട് ചേർന്നുനിൽക്കുന്ന സംഘവും ചേർന്നു വ്യാപകമായ അക്രമങ്ങളാണ് കുഞ്ഞികൃഷ്ണനു നേരെ നടത്തിയത്. സ്ഥലമുടമയെ ഭീഷണിപ്പെടുത്തി വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം പൊളിച്ചുമാറ്റി. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു എന്ന കാരണത്താൽ പാർട്ടി അംഗം കൂടിയായ പുരുഷോത്തമന്റെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ വി. കുഞ്ഞികൃഷ്ണന് കാർ വാടകയ്ക്ക് കൊടുത്തു എന്നാരോപിച്ച് പാർട്ടിയിൽനിന്ന് ഒരു സഖാവിനെ പുറത്താക്കി. ബൂത്ത് ഏജന്റായി ഇരുന്നയാളിന്റെ വീടിനു നേരെ ബോംബെറിയുകയും കുഞ്ഞികൃഷ്ണന്റെ പ്രചാരണം പതിച്ച മതിൽ തന്നെ പൊളിച്ചുകളയുകയും ചെയ്തു. കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ സി.പി.എം പരാജയപ്പെട്ടു. അതേസമയം, വളരെ ശാന്തനായി ആരവവും ബഹളവും ഇല്ലാതെയായിരുന്നു കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണം. അഴിമതി ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമം ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലായിരുന്നു. അനുരഞ്ജനത്തിനുള്ള ശ്രമം നടത്തിയില്ല. ഇതാകാം പാർട്ടി അണികൾ തന്നെ വോട്ടുമറിച്ചു ചെയ്യാനുണ്ടായ തീരുമാനത്തിനു പിന്നിൽ. 2021-ൽ ടി.ഐ. മധുസൂദനൻ നേടിയ 49780 വോട്ടിന്റെ ഭൂരിപക്ഷത്തെ അട്ടിമറിച്ചുകൊണ്ട് 7487 വോട്ടിനായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ ജയം. ഒരിക്കലും ഇളകില്ലെന്നു വിചാരിച്ച മണ്ഡലം അങ്ങനെ ഇളകി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിങ് മണ്ഡലമായ തളിപ്പറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. പല പേരുകളും തുടക്കത്തിൽ പറഞ്ഞുകേട്ടെങ്കിലും പി.കെ. ശ്യാമളയുടെ പേര് ആ സമയത്തൊന്നും ഉയർന്നില്ല. സ്ത്രീ സ്ഥാനാർത്ഥിയാണെങ്കിൽ ജില്ലാക്കമ്മിറ്റിയംഗം എൻ. സുകന്യയുടെ പേരായിരുന്നു ഉയർന്നുവന്നത്. എന്നാൽ, എല്ലാ ഊഹങ്ങളും മറികടന്ന് ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെ പാർട്ടിയിൽ കലാപമുയർന്നു. പല ഏരിയാകമ്മിറ്റികളിൽനിന്നും വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചെങ്കിലും തീരുമാനം മാറ്റിയില്ല. പയ്യന്നൂരുപോലെ തളിപ്പറമ്പിലും പാർട്ടിയുടെ ശരി മറ്റൊന്നായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ പാർട്ടിയിൽനിന്നു പുറത്തുപോയി സ്ഥാനാർത്ഥിയാകുന്നത് ഈ സാഹചര്യത്തിലാണ്. ആന്തൂർ മുൻ നഗരസഭാ ചെയർപേഴ്‌സൺ കൂടിയായിരുന്ന പി.കെ. ശ്യാമള ആന്തൂരിൽ പ്രവാസി വ്യവസായിയായ സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ടയാളുമായിരുന്നു. ടി.കെ. ഗോവിന്ദന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം തളിപ്പറമ്പിലും പാർട്ടി അക്രമത്തിനു കുറവുണ്ടായില്ല. മലപ്പട്ടത്ത് വോട്ടുചെയ്യാനെത്തിയ ടി.കെ. ഗോവിന്ദനേയും ഭാര്യയേയും കൂകിവിളിച്ചുകൊണ്ടാണ് സി.പി.എം നേരിട്ടത്. വലിയ തോതിലുള്ള സൈബർ ആക്രമണവും ആരോപണങ്ങളും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും നേരിടേണ്ടിയും വന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷടക്കം നേതാക്കന്മാർ വളരെ മോശമായ പരാമർശങ്ങളാണ് ഇരുവർക്കുമെതിരെ നടത്തിയതും. ‘കള്ളന് കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല’ ശവംതൂക്കി തുടങ്ങിയ എം. സ്വരാജിന്റെ പ്രസ്താവനകളും അണികളിൽത്തന്നെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. 12551 വോട്ടിനാണ് ടി.കെ. ഗോവിന്ദൻ ജയിച്ചത്. സി.പി.എം പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്നതനുസരിച്ചായിരിക്കും ഇരു മണ്ഡലങ്ങളിലേയും ഫലം എന്നതായിരുന്നു സൂചന. അത് വെളിപ്പെട്ടതായിരുന്നു ഇരുവരുടേയും ജയവും.

തളിപ്പറമ്പിൽ 2021-ൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22689 ആക്കി കുറച്ച യൂത്ത് കോൺഗ്രസ് നേതാവായിരുന്നു വി.പി. അബ്ദുൾ റഷീദ്. ഇത്തവണയും തളിപ്പറമ്പിൽ മത്സരിക്കുമെന്ന സൂചനകൾക്കിടയിലാണ് അപ്രതീക്ഷിതമായി സി.പി.എമ്മിലെ പൊട്ടിത്തെറിയും ടി.കെ. ഗോവിന്ദന്റെ സ്ഥാനാർത്ഥിത്വവും. 2016-ൽ ജയിംസ് മാത്യു കേരള കോൺഗ്രസ്സിലെ രാജേഷ് നമ്പ്യാർക്കെതിരെ നേടിയ 40617 ഭൂരിപക്ഷമാണ് 2021-ൽ പകുതിയോളമായി കുറയ്ക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അബ്ദുൾ റഷീദിന് തളിപ്പറമ്പിൽ കഴിഞ്ഞത്.

പാർട്ടി സെക്രട്ടറിയെ വിറപ്പിച്ച അബ്ദുൾ റഷീദിന് ഇത്തവണ കിട്ടിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായിരുന്നു. എല്ലാ പഞ്ചായത്തും സി.പി.എം ഭരിക്കുന്ന പാർട്ടി കുത്തക മണ്ഡലമായ ധർമടത്ത് അധികമൊന്നും ചെയ്യാനില്ല എന്ന കണക്കുക്കൂട്ടൽ തെറ്റിച്ച് കൊണ്ടായിരുന്നു അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ആദ്യ ആറ് റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കികൊണ്ട് സി.പി.എമ്മിനെ ഞെട്ടിക്കുന്നതായിരുന്നു അബ്ദുൾ റഷീദിന്റെ നേട്ടം. സ്വന്തം നാട്ടിലെ സി.പി.എം പഞ്ചായത്തുകളിൽനിന്നുതന്നെ പിണറായിക്ക് തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 3100 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ചെമ്പിലോട് പഞ്ചായത്തിൽ 733 വോട്ടിന് അബ്ദുൾ റഷീദ് ലീഡ് നിലനിർത്തികൊണ്ടായിരുന്നു വോട്ടെണ്ണൽ തുടങ്ങിയത് തന്നെ. തോൽവിക്ക് സമാനമായ ജയം മാത്രമായി ഇത്തവണ പിണറായി വിജയന്റേത്. 2021-ൽ 50143 ആയിരുന്നു പിണറായിയുടെ ഭൂരിപക്ഷം. ഇത്തവണ 19247 ആയി. അവസാന റൗണ്ടുകളിലായിരുന്നു പിണറായി പിടിച്ചുകയറിയത്.

കഴിഞ്ഞ തവണ കെ.കെ. ശൈലജയ്ക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 61963 നേടികൊടുത്ത മണ്ഡലമാണ് മട്ടന്നൂർ. ഇത്തവണ കെ.കെ. ശൈലജയ്ക്ക് മട്ടന്നൂർ സീറ്റ് നൽകാതെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് പാർട്ടി മത്സരിപ്പിച്ചത്. ചന്ദ്രൻ തില്ലങ്കേരിയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ മട്ടന്നൂരിൽ പക്ഷേ, ഇത്തവണ പാർട്ടി വിയർത്തു. വോട്ടെണ്ണലിൽ ഏറെ നേരം ചന്ദ്രൻ തില്ലങ്കേരി ലീഡുയർത്തിയത് പാർട്ടിക്ക് ക്ഷീണമായി. ജയിച്ചെങ്കിലും ഭൂരിപക്ഷം 14168 ആയി കുറഞ്ഞു. മട്ടന്നൂരിൽനിന്നു മാറ്റിയ കെ.കെ. ശൈലജയെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂരിലാണ് പാർട്ടി മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന കെ.വി. സക്കീർ ഹുസൈനെതിരെ 3172 ഭൂരിപക്ഷത്തിനു ജയിച്ച സണ്ണി ജോസഫിന് ഇത്തവണ ശൈലജയ്ക്കെതിരെ 14453 ഭൂരിപക്ഷം നേടാനായി.

ഫസൽ വധക്കേസിലെ പ്രതിയായിരുന്ന കാരായി രാജനെയാണ് സി.പി.എം തലശ്ശേരിയിൽ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ എ.എൻ. ഷംസീർ നേടിയ 36801 ഭൂരിപക്ഷം ഇത്തവണ 20523 ആയി. മുസ്‌ലിംലീഗിലെ കെ.എം. ഷാജിയെ പരാജയപ്പെടുത്തി എം.എൽ.എയായ കെ.വി. സുമേഷ് ഇത്തവണയും അഴീക്കോട് മത്സരിച്ചെങ്കിലും ലീഗിലെ കരീം ചേലേരിയോട് 3498 വോട്ടിനാണ് വിജയിക്കാനായത്. പാർട്ടിക്കോട്ടയായ കല്ല്യാശ്ശേരിൽ സിറ്റിങ് എം.എൽ.എ എം. വിജിന്റെ ഭൂരിപക്ഷം പകുതിയിലധികം കുറഞ്ഞു. 2021-ൽ 44393 ഉണ്ടായിരുന്നത് ഇത്തവണ 18433 ആയി.

ഘടക കക്ഷിയായ കോൺഗ്രസ് എസ്സിന്റെ സിറ്റിങ് മണ്ഡലമായ കണ്ണൂർ ഇത്തവണ യു.ഡി.എഫിനൊപ്പമെത്തി. കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ ജനവിധി തേടിയെങ്കിലും കണ്ണൂർ മേയർ കൂടിയായ ടി.ഒ. മോഹനൻ ജയിച്ചു. 1745 എന്ന കടന്നപ്പള്ളിയുടെ ഭൂരിപക്ഷം 18551-ലേക്ക് ഉയർത്തിയാണ് ടി.ഒ. മോഹനൻ ജയിച്ചു കയറിയത്. കേരള കോൺഗ്രസ് എം. മത്സരിച്ച ഇരിക്കൂറും യു.ഡി.എഫിലെ സജീവ് ജോസഫ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. യു.ഡി.എഫിന്റെ കുത്തകമണ്ഡലമാണ് ഇരിക്കൂറെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 10010 ആയിരുന്നു. ഇത്തവണയത് 42426 ആയാണ് ഉയർന്നത്. കൂത്തുപറമ്പിൽ ആർ.ജെ.ഡിയുടെ പി.കെ. പ്രവീൺ 1286 വോട്ടിനാണ് ജയിച്ചത്. മുസ്‌ലിംലീഗിന്റെ സീറ്റിൽ വനിതാസ്ഥാനാർത്ഥിയായ ജയന്തി രാജൻ മികച്ച മത്സരം നടത്തി. കഴിഞ്ഞ തവണ കെ.പി. മോഹനന് ലഭിച്ച ഭൂരിപക്ഷം 9541 ആയിരുന്നു. ആർ.ജെ.ഡിയുടെ ഈ സീറ്റുകൂടി ചേർത്താണ് എൽ.ഡി.എഫ് ആറ് സീറ്റ് ജില്ലയിൽ നേടിയത്.

As the heat heats up, political leaders are getting burned out in the elections.
എം.എ. ബേബിയും കെ.കെ. രാഗേഷുംscreen grab

കോൺഗ്രസ്സിലേക്ക് നീങ്ങുന്ന മലബാർ

കാസർകോടും കോഴിക്കോടും വയനാടും ഇത്തവണ കോൺഗ്രസ്സിനു കിട്ടിയത് മിന്നുന്ന ജയമാണ്. കാസർകോട് അഞ്ച് സീറ്റിൽ നാലും യു.ഡി.എഫിനാണ് ഇത്തവണ. ഉദുമയും തൃക്കരിപ്പൂരും കോൺഗ്രസ്സിനൊപ്പം നിന്നു. കാസർകോടും മഞ്ചേശ്വരവും ലീഗ് നിലനിർത്തി. ചരിത്രത്തിൽ ആദ്യമായാണ് തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. ബി.ജെ.പി വിട്ടുവന്ന സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും മുസ്‌ലിംലീഗിന്റെ പൂർണ പിന്തുണ ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ ഇളകാത്ത കോട്ടയിൽ ആദ്യജയം നേടിയതിൽ സന്ദീപ് വാര്യർക്ക് അഭിമാനിക്കാം. സി.പി.എമ്മിന്റെ കരുത്തനായ നേതാവ് വി.പി.പി. മുസ്തഫയെ 4431 വോട്ടിനാണ് സന്ദീപ് പരാജയപ്പെടുത്തിയത്. കാഞ്ഞങ്ങാട് മാത്രമാണ് ഇത്തവണ എൽ.ഡി.എഫിനൊപ്പം നിന്നത്. സി.പി.ഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ 15316 വോട്ടിന് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിയെ പരാജയപ്പെടുത്തി. ഉദുമയിൽ സിറ്റിങ് എം.എൽ.എ സി.എച്ച്. കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ്സിലെ കെ. നീലകണ്ഠൻ 4847 വോട്ടിന് ജയിച്ചത്. വർഷങ്ങളായി കോൺഗ്രസ്സിന് എം.എൽ.എമാരില്ലാത്ത ജില്ലയിൽ ഇത്തവണ രണ്ട് മണ്ഡലങ്ങളിൽ വിജയം നേടിയതും ചരിത്രമായി.

കോഴിക്കോട് 13-ൽ 12 സീറ്റും നേടിയെന്നത് സംസ്ഥാനത്തെ യു.ഡി.എഫ് വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് 11-ഉം യു.ഡി.എഫിനു രണ്ടും സീറ്റായിരുന്നു. വടകരയിൽ ആർ.എം.പിയിലൂടെ കെ.കെ. രമയും കൊടുവള്ളിയിൽ മുസ്‌ലിംലീഗിലൂടെ എം.കെ. മുനീറും. ഇത്തവണ ബേപ്പൂരിൽ മുഹമ്മദ് റിയാസ് മാത്രമാണ് എൽ.ഡി.എഫിൽ ജയം കണ്ടത്. പി.വി. അൻവറിന് യു.ഡി.എഫ് തേരോട്ടത്തിലും നേട്ടമുണ്ടാക്കാനായില്ല. എങ്കിലും കഴിഞ്ഞ തവണ 27000 വോട്ടിനു ജയിച്ച റിയാസിന്റെ ഭൂരിപക്ഷം 7487 ആയി കുറയ്ക്കാൻ അൻവറിനു കഴിഞ്ഞു. 25 വർഷത്തോളമായി ജില്ലയിൽ കോൺഗ്രസ്സിന് ഒരു എം.എൽ.എ പോലുമില്ലാതിരുന്നിടത്ത് ഇക്കുറി എലത്തൂർ, ബാലുശ്ശേരി, നാദാപുരം, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി എന്നിങ്ങനെ മത്സരിച്ച അഞ്ച് സീറ്റിലും കോൺഗ്രസ് ജയിച്ചു. എലത്തൂരും നാദാപുരവും നോർത്തും ബാലുശ്ശേരിയും പേരാമ്പ്രയുമെല്ലാം ഇളകാത്ത ഇടതുകോട്ടകളായിരുന്നു. അവിടെയെല്ലാം വിജയിക്കൊടി പാറിക്കാൻ യു.ഡി.എഫിനായി.

കോഴിക്കോട് സൗത്ത്, കുറ്റ്യാടി, തിരുവമ്പാടി, കുന്നമംഗലം, പേരാമ്പ്ര, കൊടുവള്ളി എന്നിങ്ങനെ മത്സരിച്ച ആറിലും മുസ്‌ലിംലീഗ് ജയിച്ചു. വടകരയിൽ ആർ.എം.പിയിലൂടെ കെ.കെ. രമയും വിജയിച്ചു. എൽ.ഡി.എഫിന്റെ ഘടകകക്ഷികൾക്കെല്ലാം ജില്ലയിൽ സീറ്റ് നഷ്ടമായി. നാദാപുരത്ത് സി.പി.ഐയും കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലും വടകരയിൽ ആർ.ജെ.ഡിയും എലത്തൂരിൽ എൻ.സി.പിയും തോറ്റു. ഒരു പരീക്ഷണത്തിനും നിൽക്കാതെ സിറ്റിങ് എം.എൽ.എമാരെത്തന്നെ കളത്തിലിറക്കിയ സി.പി.എമ്മിനു ജനവികാരം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ഇളകാത്ത കോട്ടയായ പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെ മുസ്‌ലിംലീഗിലെ വനിതാസ്ഥാനാർത്ഥിയായ ഫാത്തിമ തഹ്‌ലിയയും എലത്തൂരിൽ സി.കെ. ശശീന്ദ്രനെ കോൺഗ്രസ്സിലെ വിദ്യാബാലകൃഷ്ണനും പരാജയപ്പെടുത്തിയത് ഇടത്‌ കോട്ടകളെ ഞെട്ടിക്കുന്ന വിജയമായി.

വയനാട്ടിലെ മൂന്ന് സീറ്റും കോൺഗ്രസ് പിടിച്ചു. സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ ഒ.ആർ. കേളു മാനന്തവാടിയിൽ ഉഷാ വിജയനോട് 10543 വോട്ടിനു പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒ.ആർ. കേളുവിന്റെ ഭൂരിപക്ഷം 9282 ആയിരുന്നു. ബത്തേരിയിൽ സിറ്റിങ് എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഭൂരിപക്ഷം 11822-ൽ നിന്ന് 16597 ആയി ഉയർത്തി. വയനാട് ദുരന്ത പുനരധിവാസമാണ് സി.പി.എമ്മിന്റെ പ്രധാനപ്പെട്ട ക്യാംപെയിനുകളിൽ ഒന്നെങ്കിലും വയനാട്ടിൽ പോലും ജനങ്ങൾ അത് ഏറ്റെടുത്തില്ല. ടി. സിദ്ധിഖിനെതിരേയും സി.പി.എം പ്രവർത്തകർ വയനാട് പുനരധിവാസത്തിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും കല്പറ്റയിൽ 5470 എന്ന സിദ്ധിഖിന്റെ തന്നെ ഭൂരിപക്ഷം ഇക്കുറി 45031 ആക്കി ഉയർത്തിയാണ് ജനം മറുപടി നൽകിയത്.

പാർട്ടിക്കോട്ടയിലെ പരാജയവും പിണറായി വിജയനടക്കമുള്ള നേതാക്കൾക്കേറ്റ തിരിച്ചടിയും പാർട്ടിക്കുള്ളിലെ വോട്ടുചോർച്ചയും പഠിക്കുമെന്ന് പറയുന്നുണ്ട്. എങ്കിലും മലബാർ ജില്ലകളിലെ അടിത്തട്ടിലുണ്ടായ വോട്ടുചോർച്ചയെ എങ്ങനെ പരിഹരിക്കുമെന്നതാണ് നേതൃത്വത്തിന്റെ വെല്ലുവിളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com