Image of praseetha
വിനോദിനിയുടെ അമ്മ പ്രസീത, praseethaഇ. ഗോകുല്‍

എന്റെ കൈയെവിടെ അമ്മേ?

ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു വിനോദിനിയുടെ കുഞ്ഞുജീവിതത്തിൽ സംഭവിച്ചത്.
Published on

പാലക്കാട് പല്ലശ്ശന ഒഴിവുപാറ എ.എൽ.പി. സ്‌കൂളിൽ ഇത്തവണത്തെ ഓണാഘോഷത്തിന് വിനോദിനിയുടെ തിരുവാതിരയുണ്ടായിരുന്നു.

Image of vinodhini and friends
വിനോദിനിയും കൂട്ടുകാരുംSpecial Arrangement

നാലാം ക്ലാസ്സുകാരിയായ വിനോദിനിയും കൂട്ടുകാരും ഭംഗിയോടെ മുദ്രകളുമായി ചുവടുവെച്ചു. പക്ഷേ, മനോഹരമായി ചലിപ്പിച്ച് മുദ്രകാട്ടിയ അവളുടെ വലതുകൈ ഇപ്പോഴില്ല. അതവൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

വീട്ടിൽ കളിക്കുന്നതിനിടെ വീണ് കയ്യൊടിഞ്ഞ വിനോദിനിക്ക് ആശുപത്രിയിലെ ചികിത്സയിലെ പിഴവ് കാരണം വലതുകൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. ഒരു ദു:സ്വപ്‌നം പോലെ, എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും ഉൾകൊള്ളാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു.വിൽ എട്ടരവയസ്സുകാരിയായ വിനോദിനിയുണ്ട്.

ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു വിനോദിനിയുടെ കുഞ്ഞുജീവിതത്തിൽ സംഭവിച്ചത്. ഒടിഞ്ഞ കയ്യുമായി ഏതൊരു കുഞ്ഞുങ്ങളേയും പോലെ ചികിത്സ തേടിയ വിനോദിനിക്ക് ആ കൈ തന്നെ നഷ്ടമായി. പ്ലാസ്റ്ററിട്ട കയ്യിൽ രക്തയോട്ടം ഇല്ലാതെ നീരും പഴുപ്പും വന്ന് ജീവനു തന്നെ അപകടമാവുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. മുറിച്ചു മാറ്റാതെ മറ്റ് വഴിയില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിനോദിനി എന്റെ കയ്യെവിടെ അമ്മേ എന്ന് ചോദിക്കുമ്പോൾ കൈ വളരാനുള്ള മരുന്നാണ് വെച്ചുകെട്ടിയിരിക്കുന്നത്, കൈ അവിടെ വളർന്നു വരും എന്നാണ് അമ്മ പ്രസീത ആശ്വസിപ്പിക്കുന്നത്. വിശ്വാസംകൊണ്ടാണോ സങ്കടംകൊണ്ടാണോ അത് കേൾക്കുമ്പോൾ അവൾ മിണ്ടാതിരിക്കും.

വേദനയുടെ ദിനങ്ങൾ

സെപ്‌റ്റംബർ 24-ന് വൈകിട്ടായിരുന്നു വിനോദിനിയുടെ ജീവിതത്തിലെ ആ ദുരന്തദിനം. ചിറ്റൂർ പല്ലശ്ശന ഒഴിവുപാറയിൽ അമ്മ പ്രസീതയുടെ അച്ഛന്റേയും അമ്മയുടേയും കൂടെയാണ് വിനോദിനി താമസിക്കുന്നത്. അവിടെനിന്നാണ് സ്‌കൂളിൽ പോകുന്നതും. അച്ഛൻ വിനോദും അമ്മ പ്രസീതയും വിനോദിനിയുടെ രണ്ട് അനിയന്മാരും കൊഴിഞ്ഞാമ്പാറ വടകരപ്പതി ചൊരപ്പാറയിലെ വാടകവീട്ടിലാണ് താമസം. കൂലിപ്പണിക്കാരനാണ് വിനോദ്. അച്ഛന്റേയും അമ്മയുടേയും അനിയന്മാരുടേയും കൂടെ കുറച്ചുദിവസം താമസിക്കാനെത്തിയതായിരുന്നു വിനോദിനി എന്ന കുക്കു. വീട്ടുമുറ്റത്ത് അനിയന്മാരായ അനുവിന്ദിനും അനുരാഗിനുമൊപ്പം കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റു. അപ്പോൾ തന്നെ അച്ഛൻ വിനോദ് ബൈക്കിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 6.30 ഓടെയായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. കൈക്ക് പൊട്ടലും മുറിവും ഉണ്ടായിരുന്നു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ബൈക്കിൽതന്നെ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കൈ പ്ലാസ്റ്റർ ചെയ്തു വിട്ടയച്ചു. പിറ്റേന്ന് രാവിലെ ഓർത്തോ ഒ.പിയിൽ കാണിക്കാനും നിർദേശിച്ചു.

വേദന അസഹനീയമായിരുന്നു. പിറ്റേന്ന് എത്തി ഒ.പിയിൽ കാണിച്ചപ്പോൾ വേദനയുടെ കാര്യം ഡോക്ടറോട് പറഞ്ഞെങ്കിലും അതിന്റെ ഗൗരവത്തിൽ അതെടുത്തില്ല. അഞ്ച് ദിവസം കഴിഞ്ഞ് കാണിക്കാൻ പറയുകയായിരുന്നു. പക്ഷേ, ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വന്നു. നിർത്താതെ കരച്ചിലും. മുപ്പതാം തീയതി ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ നീരുവന്ന് വീർത്തിരുന്നു. പ്ലാസ്റ്റർ അഴിച്ചപ്പോഴേക്കും പഴുപ്പ് കയറി ദുർഗന്ധം വരുന്ന സ്ഥിതിയിലായിരുന്നു. രക്തയോട്ടമില്ലാതെ വിനോദിനിയുടെ കൈ കറുത്തനിറമായി മാറി. അടിയന്തര തുടർചികിത്സ വേണമെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് കുട്ടിയെ എത്തിക്കാൻ നിർദേശിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വൈകിട്ട് നാലരയോടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായിരുന്നു. അണുബാധ ശരീരത്തിലേക്ക് പടരുന്നതിനാൽ കൈ മുറിച്ചുമാറ്റേണ്ടിവരുമെന്നും ഇല്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. അന്ന് രാത്രിതന്നെ വിനോദിനിയുടെ വലതുകൈ മുട്ടിന് താഴെ മുറിച്ചുമാറ്റി.

ഒക്ടോബർ ഒന്നാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു.വിലെ തണുപ്പിൽ വിനോദിനി ഉറക്കമുണർന്നത് വലതുകയ്യില്ലാത്ത അവളുടെ ജീവിതത്തിലേക്കായിരുന്നു. എന്റെ കൈ എവിടെ അമ്മേ എന്ന ചോദ്യത്തിനു മുന്നിൽ കരച്ചിൽ മാത്രമായിരുന്ന ആദ്യം പ്രസീതയ്ക്ക് മറുപടി. മരുന്നുവെച്ച് കെട്ടിയതും നീര് വലിച്ചെടുക്കാനുള്ള ഉപകരണം ഘടിപ്പിച്ചതുമെല്ലാം കൈ വളരാനാണ് എന്ന് പ്രസീത ഇപ്പോൾ അവളോട് പറയുന്നുണ്ട്. ഇനി വളർന്നാലും അത് കുഞ്ഞിക്കൈ ആവില്ലേ അമ്മേ എന്നും ഇടയ്ക്ക് അവൾ ചോദിക്കും. രണ്ടാഴ്ചയിലധികമായി അവളും അമ്മയും അച്ഛനും അമ്മൂമ്മയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്.

Image of praseetha
പ്രസീത ആശുപത്രിയില്‍ ഇ. ഗോകുല്‍

സിസ്റ്റത്തിന്റെ പിഴവ്

കുട്ടിയുടെ കൈ ഒടിയുമ്പോഴോ ആശുപത്രിയിൽ കൊണ്ടുപോയി പ്ലാസ്റ്ററിട്ടപ്പോഴോ കൈ തന്നെ മുറിച്ച് മാറ്റപ്പെടും എന്ന് ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല. കൈ മുറിച്ചുമാറ്റേണ്ട പരിക്കുമായിരുന്നില്ല വിനോദിനിക്ക് വീഴ്ചയിലുണ്ടായത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് വിനോദിനിയുടെ നില വഷളായത്. എന്തുകൊണ്ടാണ് വിനോദിനിക്ക് ഇതു സംഭവിച്ചത് എന്നതിന് വ്യക്തമായ മറുപടികൾ ഉണ്ടായിട്ടില്ല. ചികിത്സാപ്പിഴവാണ് കാരണം എന്ന ആരോപണം ഉയർന്നപ്പോൾ ഡി.എം.ഒ. തലത്തിലും ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നും രണ്ട് അന്വേഷണ കമ്മിറ്റികൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നോ ആശുപത്രിയുടെ ഭാഗത്തുനിന്നോ വീഴ്ചയുണ്ടായിട്ടില്ല എന്നും കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നുമായിരുന്നു ഡി.എം.ഒയുടെ റിപ്പോർട്ട്.

എന്നാൽ, രണ്ടാമത്തെ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. ഒരു ജൂനിയർ റസിഡന്റിനേയും ഒരു ജൂനിയർ കൺസൾട്ടന്റിനേയുമാണ് സസ്‌പെൻഡ് ചെയ്തത്. ചികിത്സാപ്പിഴവിനെക്കുറിച്ച് ഈ റിപ്പോർട്ടിലും സൂചനയില്ല. പ്രോട്ടോക്കോൾ ലംഘനം എന്ന പേരിൽ അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ.

മറ്റ് അസുഖങ്ങൾക്ക് ഉള്ളതുപോലെ ഫ്രാക്ചറിന്റെ കേസിൽ കൃത്യമായ ഒരു ഗൈഡ്‌ലൈൻസ് ഇപ്പോഴില്ലെന്നും വ്യക്തതയില്ലാത്ത ഒരു സസ്‌പെൻഷനാണ് നടന്നതെന്നും കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനിൽ പറയുന്നു.

“കുട്ടിക്ക് എല്ലിന് പൊട്ടലുണ്ടായിരുന്നു. ആശുപത്രിയിൽനിന്ന് കാസ്റ്റ് അപ്ലൈ ചെയ്തു. പിറ്റേന്ന് ഓർത്തോ ഒ.പിയിൽ റിവ്യൂവിന് പറഞ്ഞിരുന്നു. അവർ എത്തി ഡോക്ടർമാർ നോക്കിവിട്ടതാണ്. പിന്നീട് അഞ്ചാം ദിവസം വരുമ്പോഴാണ് ഈ സ്ഥിതി കാണുന്നത്. ബ്ലഡ് സർക്കുലേഷൻ കോംപ്രമൈസ്ഡ് ആയി എന്ന് കണ്ടതോടെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. വേദന കൂടിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. ചില കേസിൽ കോംപ്ലിക്കേഷൻസ് ഉണ്ടാവും. ഏത് ചികിത്സയിലും സങ്കീർണതകളുണ്ടാവാം. പൊതുവെ ആളുകൾ മനസ്സിലാക്കുന്നത് രോഗം ഭേദമായില്ലെങ്കിൽ അത് ചികിത്സാപ്പിഴവ് എന്ന തരത്തിലാണ്. എല്ലാവരേയും സുഖപ്പെടുത്താനാണ് ഡോക്ടർമാർ ആഗ്രഹിക്കൂ. കോംപ്ലിക്കേഷൻസ് വരുമ്പോൾ ചിലപ്പോൾ തടയാൻ പറ്റില്ല.

കഴിഞ്ഞ വർഷത്തെ കണക്ക് നോക്കിയാൽ പന്ത്രണ്ടായിരത്തോളം മൈനർ സർജറിയും എഴുന്നൂറോളം മേജർ സർജറിയും നടന്ന സ്ഥലമാണ് പാലക്കാട് ജില്ലാ ആശുപത്രി.

ഓർത്തോയിൽ നാല് സ്‌പെഷലിസ്റ്റുകളാണുള്ളത്. ദിവസേന 350-ലധികം ഒ.പി ഇവരെവെച്ചാണ് അവിടെ നടക്കുന്നത്. ഇത്രയും വർക്ക്‌ലോഡ് വരുമ്പോൾ അത് പരിഹരിക്കാതെ സർക്കാർ ചെയ്യുന്നത് ഇത്തരം കേസുകളുണ്ടാവുമ്പോൾ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്യലാണ്. ഇത്രയും സർവീസ് കൊടുക്കുന്ന സ്ഥലത്ത് ഇത്രയും പോസ്റ്റുകൾ പോര. ഒരു യൂണിറ്റിൽനിന്ന് തന്നെ രണ്ട് പേരെ സസ്‌പെൻഡ് ചെയ്തതോടെ അവിടെ സ്ഥിതി കൂടുതൽ ഗുരുതരമായിരിക്കുകയാണ്. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് ഇപ്പോൾ ഒരു സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർക്ക് രോഗിയെ നോക്കാൻ കിട്ടുന്നത്. ഇതിനൊക്കെ മാറ്റം വരണം”- ഡോ. പി.കെ. സുനിൽ പറയുന്നു.

ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല എന്നും കൃത്യമായ ചികിത്സയാണ് നൽകിയത് എന്നുമാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് ഈ സ്ഥിതിയിലേക്ക് എത്തിച്ചതെന്നുമാണ് അവർ പറയുന്നത്.

“കുട്ടിയുടെ കൈ ഒടിഞ്ഞതിനു പുറമേ മുറിവ് ഉണ്ടായിരുന്നു എന്നും അത് പ്രത്യേകം പറഞ്ഞിരുന്നു എന്നും അച്ഛൻ വിനോദ് പറയുന്നു. അതിന്റെ മുകളിലാണ് പ്ലാസ്റ്റർ ചെയ്തത്. വീട്ടിൽ തിരിച്ചെത്തി രാത്രി മുഴുവൻ വേദനകൊണ്ട് കരച്ചിലായിരുന്നു. നല്ല വേദനയുണ്ട് എന്ന് പിറ്റേന്ന് ഒ.പിയിൽ ഡോക്ടറെ കാണിച്ചപ്പോൾ ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, അതൊന്നും നോക്കാതെ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഞങ്ങളോട് പറഞ്ഞത്. ഡോക്ടർമാർ അങ്ങനെ പറഞ്ഞപ്പോൾ കൈ ഒടിഞ്ഞതിന്റെ വേദനയായിരിക്കും എന്ന് ഞങ്ങളും കരുതി. പിന്നെയും അവൾക്ക് വേദന കുറഞ്ഞില്ല, കരച്ചിലും. അങ്ങനെ അഞ്ച് ദിവസം കാത്തുനിൽക്കാതെ നാലാം ദിവസം തന്നെ രാവിലെ ഞങ്ങൾ ആശുപത്രിയിലെത്തി. അപ്പോഴേക്കും കൈ കറുത്ത കളറായിരുന്നു. പ്ലാസ്റ്റർ അഴിച്ചപ്പോൾ ദുർഗന്ധവും ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപൊയ്‌ക്കോളാം എന്ന് ഞാനാണ് അവരോട് പറഞ്ഞത്. 108 ആംബുലൻസ് വിളിച്ച് അപ്പോൾ തന്നെ കോഴിക്കോട്ടേക്ക് വന്നു. എന്റെ മകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'” വിനോദ് പറയുന്നു. തീർത്തും ദരിദ്രമായ ഒരു ദളിത് കുടുംബമാണ് വിനോദിനിയുടേത്. അച്ഛൻ വിനോദിന്റെ കൂലിപ്പണിയിൽനിന്നുള്ള വരുമാനത്തിലാണ് കാര്യങ്ങൾ നടന്നുപോകുന്നത്. പണിയുടെ ലഭ്യതകൂടി നോക്കിയാണ് കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഒരു വീട്ടിലാണ് പല്ലശ്ശന ഒഴിവുപാറയിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം വിനോദിനിയുടെ താമസം. ആശുപത്രിയിൽ കൂട്ടിരിക്കേണ്ടതിനാൽ രണ്ടാഴ്ചയിലധികമായി വിനോദിന് പണിക്കു പോകാനും പറ്റിയില്ല. ഇളയ രണ്ട് കുഞ്ഞുങ്ങളുടേയും കാര്യങ്ങൾ നോക്കേണ്ടതിന്റെ ആശങ്ക വിനോദ് പങ്കുവെച്ചു. തുടർ ചികിത്സയും വിനോദിനിയുടെ ഭാവിയും കുടുംബത്തെ ആശങ്കയിലും ദുഃഖത്തിലുമാക്കുന്നു. ആറും നാലും വയസ്സുള്ള ഇളയ രണ്ട് കുട്ടികളേയും വിനോദിന്റെ അച്ഛനും അമ്മയും താമസിക്കുന്ന കൊല്ലങ്കോട് ആക്കിയിരിക്കുകയാണിപ്പോൾ. കൊഴിഞ്ഞാമ്പാറയിലെ സ്‌കൂളിലാണ് ഇരുവരും. ഇവരുടെ പഠനവും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.

സ്‌കൂളിലെ ഡാൻസ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുക്കുന്ന കുട്ടിയാണ് വിനോദിനി എന്ന് ഒഴിവുപാറ എ.എൽ.പി. സ്‌കൂളിലെ അദ്ധ്യാപകനായ കെ.ആർ. സുമേഷും എച്ച്.എം. അനിത ടീച്ചറും പറയുന്നു. “കൈ ഒടിഞ്ഞതിനാൽ കുറച്ചുദിവസം ക്ലാസ്സിൽ വരില്ല എന്ന് വിളിച്ചറിയിച്ചിരുന്നു. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് വിചാരിച്ചിരുന്നില്ല. മെഡിക്കൽ കോളേജിൽ പോയി കണ്ടിരുന്നു. വിനോദിനി ഇടതുകയ്യാണ് എഴുതാനും മറ്റും ഉപയോഗിച്ചിരുന്നത് എന്നത് ചെറിയ ഒരു ആശ്വാസമാണ്. സുമേഷ് മാഷ് പറയുന്നു.

കൈ മുറിച്ചുമാറ്റി പത്ത് ദിവസത്തിനു ശേഷമാണ് ആരോഗ്യമന്ത്രി വീണ ജോർജ് വിനോദിനിയുടെ അമ്മ പ്രസീതയെ ഫോണിൽ വിളിച്ചത്. വിവരങ്ങൾ അന്വേഷിച്ചതല്ലാതെ വിനോദിനിയുടെ തുടർചികിത്സയെക്കുറിച്ചൊന്നും ഇതുവരെ ആരോഗ്യവകുപ്പിൽനിന്ന് നടപടിയൊന്നും ഉണ്ടായില്ല. തുടർചികിത്സയും കൃത്രിമകൈ വെയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും തുടർപഠനവും സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നെന്മാറ എം.എൽ.എ കെ. ബാബു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ജില്ലാകളക്ടർക്ക് പ്രസീതയും നിവേദനം നൽകിയിട്ടുണ്ട്. ആശുപത്രി വിട്ടശേഷം ചികിത്സാപ്പിഴവിനെക്കുറിച്ച് അന്വേഷിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെട്ടും നിയമപരമായി നീങ്ങണമെന്നാണ് വിനോദ് ആലോചിക്കുന്നത്. അതിനും വേണം പണവും സമയവും ആളും.

ആരോപണവും പ്രത്യാരോപണവും അന്വേഷണവും സസ്‌പെൻഷനും എല്ലാം നടക്കുമ്പോഴും മറുഭാഗത്ത് എട്ടരവയസ്സായ ഒരു പെൺകുട്ടിക്ക് നഷ്ടമായത് അവളുടെ വലതുകൈ ആണ്. ദരിദ്രമായ ചുറ്റുപാടിൽ സ്വന്തമായി ഒരു വീടുപോലുമില്ലാത്ത വിനോദിനിയുടെ ജീവിതമാണ് അവളുടേതല്ലാത്ത കാരണത്താൽ കൂടുതൽ ദുരന്തമായിരിക്കുന്നത്. വിനോദിനിയുടെ നഷ്ടത്തിന് ഒന്നും പകരമാവില്ലെങ്കിലും ആ യാഥാർത്ഥ്യത്തിൽ നിന്നായിരിക്കണം തുടർ പ്രതികരണങ്ങളും നടപടികളും.

Summary

praseetha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com