നാല് ദശകങ്ങള്‍ക്കപ്പുറം
ഞങ്ങളുടെ കൂരയില്‍
കോഴികളും ആടുകളും
സസന്തോഷം വസിച്ചിരുന്നു.
കോഴിയമ്മയും മക്കളും
പറമ്പാകെ നിറഞ്ഞാടി.
പകല്‍ നേരത്ത്
പ്രാപ്പിടിയനെന്ന വാനസഞ്ചാരി
കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയായി.
സന്ധ്യയായാല്‍
കുറുക്കനെന്ന സൂത്രക്കാരനും.
ആടുകളുടെ കരച്ചില്‍
കോഴികള്‍ക്ക് കാവലാകും ചിലപ്പോള്‍.
ആ കരച്ചിലിന് പിന്നാലെ,
തൊടി കുലുക്കി,
കുറുക്കനോടുന്നുണ്ടാകും മിക്കപ്പോഴും.
കോഴികളപ്പോള്‍
ഒച്ചയുണ്ടാക്കി
കൂട്ടിലേക്ക് കയറും.
കുറുക്കന്‍
നിരാശനായി
ഇരുള്‍ ഭേദിച്ച് ഓരിയിടും.
രാവങ്ങനെ കനത്ത് തുടങ്ങും.
കോഴികളും ആടുകളും
എന്റെ കൊട്ടാരത്തിന്റെ കാവല്‍ക്കാരാണെന്നു കരുതി,
സധൈര്യം ഞാനുറങ്ങും.
സ്വപ്നങ്ങളില്‍ രാജകുമാരനാകും.
നേരം വെളുത്തപ്പോളുമ്മ പറഞ്ഞു:
ദാ,
രണ്ട് കോഴിക്കുട്ടികള്‍;
അവ ചത്തെന്ന് തോന്നുന്നു.
നീയൊരു കിണ്ണമെടുത്ത്
അവ രണ്ടിനേയും മുടിയതില്‍ പിന്നെ,
ഒന്ന് മുട്ടിനോക്ക്.
ചിലപ്പോള്‍ ജീവന്‍ വെച്ചേക്കും.
കിണ്ണത്തില്‍ നാദമുയര്‍ന്നപ്പോള്‍,
ആട്ടിന്‍കുട്ടികള്‍,
അകലെനിന്നും കരഞ്ഞു.
ഒപ്പം ഞാനും...
avasavyavastha malayalam poem by KT Soopy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

