നൗഷാദ് പത്തനാപുരം എഴുതിയ കവിത ബീഡിമുറത്തില്‍ തെറുത്തിട്ട ഭാഷ

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Updated on

1

അത്തയുടെ മടിയില്‍നിന്നും

ഇറങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല

ബീഡിമുറം

ബീഡി ഇലയില്‍

ഒരു നുള്ള് ചുക്ക

ചുരുട്ടി എടുക്കുമ്പോളത്തെ

കിരുകിരാ വര്‍ത്തമാനം

വന്നു നിറയുന്ന പാതിര

ആ ഞരക്കം മുതിര്‍ന്ന്

ചീവീടുകള്‍ക്ക് ഭാഷയായി

അവരിലാരേലും ഇടയ്ക്കു കയറി

അത്തയോട് തറുതല പറയും

2

”നീ നിന്റെ പാട്ട്ക്ക് പോടാ”

ചോദ്യം മടക്കിക്കുത്തിയാലും

പാട്ട് പതുക്കനെ കിളരും

ഇശല്‍ രാവ് തുടരും

ഇതൊക്കെ കണ്ടും കേട്ടും കിടന്ന

ബീഡിനൂല്‍ക്കണ്ടമായ

കാലിത്തീപ്പെട്ടി മാത്രം

തുള്ളിച്ചാടിക്കൊണ്ടിരിക്കും

ഞങ്ങളുടെ ഭാഷയുടെ

മടിത്തട്ടില്‍നിന്നും

ബീഡിമുറം മാറിപ്പോയില്ല

ബീഡി വാങ്ങാന്‍ വന്നവര്‍

ഞങ്ങളുടെ പേച്ചും

ചുണ്ടില്‍ വെച്ചോണ്ടുപോയി

ചിലപ്പോളതിന് തീ കൊടുത്തു

ഒരു പടുതിയുമില്ലാത്ത ഭാഷ

ഒന്നെഴുതി കാണിക്കാന്‍

അന്നേരമെല്ലാം

കിണഞ്ഞു നോക്കിക്കൊണ്ടിരുന്നു

അവരൂതിവിട്ട ബീഡിപ്പുക

ഒരു ബീഡി തെറുത്ത്

നൂലു ചുറ്റിക്കെട്ടും മുന്‍പ്

ചുട്ടചോക്കില്‍

വിരലൊന്നുരസ്സണം

3

”ചോക്കെങ്കേടാ”

എറയത്തിരുന്ന അത്ത

ഉച്ചത്തില്‍ വാക്കു കെട്ടുന്നു

ചാണാത്തറയെമ്പാടും

അക്ഷരമാലയിട്ട് തെഴുത്ത്

അടുപ്പില്‍ ചുട്ടചോക്ക്

മാഞ്ഞുപോയിരുന്നു

അക്ഷരങ്ങള്‍ക്കുമീതേ

ആവുന്നത്ര കട്ടിക്ക്

വരകളിട്ടുകൊണ്ടിരുന്നു

നിലംതല്ലിപ്പാടുകള്‍

രാഷ്ട്രഭാഷാപ്പരീക്ഷപ്പേടി

വാരിപ്പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങളോട്

അത്ത അരിശം തീര്‍ക്കുന്നു

4

“ഒരു പോട് വെച്ച് തന്താലുണ്ടല്ലോ”

ബീഡിമുറത്തില്‍

കെട്ടഴിഞ്ഞ ഭാഷ

വെറും പോടായിത്തീരുന്നു

ആ പോടിലൂടെ

ഞങ്ങള്‍ നോക്കിപ്പോകുന്നു

അത്ത പെരിയത്തമാര്‍

നടന്നുതീര്‍ത്ത വഴികള്‍

തെളിഞ്ഞു കിട്ടുന്നു

അച്ഛന്‍

“നീ നിന്റെ കാര്യത്തിന് പോടാ”-

തമിഴും മലയാളവും കലര്‍ന്ന നാട്ടുമൊഴി

“ചൊക്കെവിടെയാടാ”

“ഒരടി വെച്ച് തന്നാലുണ്ടല്ലോ.”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com