മാനസികാരോഗ്യ കേന്ദ്രങ്ങൾ: പേര് മാറ്റണോ പെരുമാറ്റം മാറണോ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാനുള്ള ഹൈക്കോടതി ഇടപെടലും അതിന് അനുകൂലമായ സർക്കാർ തീരുമാനവും ഈ സ്ഥാപനങ്ങളുടെ സ്ഥിതിയും ഗതിയും മാറ്റുമോ?
Hospital
തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് കെയര്‍ സെന്‍റര്‍BP DEEPU-TVM
Updated on

മൂന്നു സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന രീതി മെച്ചപ്പെടുത്താനുള്ള ഹൈക്കോടതി ഇടപെടലാണ് സമീപ ദിവസങ്ങളിൽ പ്രധാന ചർച്ച. തിരുവനന്തപുരം ഊളമ്പാറയിലും തൃശൂർ അരണാട്ടുകരയിലും കോഴിക്കോട് കുതിരവട്ടത്തുമുള്ള ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയ്ക്ക് എത്തുന്നവരോടുള്ള പെരുമാറ്റവും മാറണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. നാലു കാര്യങ്ങൾ പ്രത്യേകമായി എടുത്തു പറഞ്ഞു. പക്ഷേ, സർക്കാർ ആദ്യം തീരുമാനമെടുത്തത് പേരുമാറ്റത്തിലാണ്. ബാക്കി കാര്യങ്ങളിൽ സമയബന്ധിതമായ തീരുമാനങ്ങളില്ലതാനും. പരാമർശിച്ചു പോവുക മാത്രം ചെയ്യുന്ന സ്ഥിതി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് വെൽനെസ് ആന്റ് ഹാപ്പിനസ് സെന്റർ എന്നാക്കി മാറ്റാനാണ് സർക്കാർ തീരുമാനം.

സുഖചികിത്സാ കേന്ദ്രം എന്ന് തോന്നുന്ന രീതിയിൽ പേരു മാറ്റുന്നതല്ല പ്രശ്നപരിഹാരം എന്നാണ് മാനസികാരോഗ്യ ചികിത്സാ മേഖലയിലെ മുതിർന്ന ഡോക്ടർമാരും ഇന്ത്യൻ സൈക്യാട്രി സൊസൈറ്റിയും പ്രതികരിച്ചത്. എന്നാൽ, പേര് മാറ്റത്തിലേക്ക് കേന്ദ്രീകരിക്കുന്നതിൽ കാര്യമില്ലെന്നും ആഗോളതലത്തിൽത്തന്നെ സ്വീകാര്യമായ മാനസികാരോഗ്യം എന്ന പേര് ഒരു വാചകത്തിനപ്പുറം അർത്ഥമുള്ളതാണ് എന്നും കോടതിയെ ബോധിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല. അങ്ങനെയൊരു വാദംപോലും ഉണ്ടായില്ല. മറ്റ് ചികിൽസാകേന്ദ്രങ്ങൾക്ക് ശാരീരികാരോഗ്യ ചികിത്സാകേന്ദ്രം എന്ന് പേര് ഇട്ടിട്ടില്ലാത്തതുകൊണ്ട് ഇവയ്ക്കു മാത്രം എന്തിന് മാനസികാരോഗ്യ ചികിത്സാകേന്ദ്രം എന്നു പേരിടണം എന്നായിരുന്നു കോടതിയുടെ ചോദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. അതിനു മറുപടി സത്യവാങ്മൂലം കൊടുക്കുന്നതിനെക്കുറിച്ച് പൊതുവായി ആരോഗ്യമേഖലയിലേയോ പ്രത്യേകമായി മാനസികാരോഗ്യ മേഖലയിലേയോ വിദഗ്ദ്ധരുമായും സംഘടനകളുമായും കൂടിയാലോചനയോ ചർച്ചയോ ഉണ്ടായില്ല.

പേരിനൊരു കാരണം വേണം

ഹൈക്കോടതി അതീവ ഗൗരവത്തിൽ എടുത്ത വിഷമയാണിത്. അതിന്റെ തുടർച്ചയായാണ് അഡ്വ. സത്യശ്രീ പ്രിയയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. അവരുടെ റിപ്പോർട്ട് ഓഗസ്റ്റ് 21-ന് പരിഗണിച്ച ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം സെപ്റ്റംബർ 15-നു മുന്‍പ് അറിയിക്കാൻ നിർദേശിച്ചു. ചർച്ചകളൊന്നും നടത്താതെ സെപ്റ്റംബർ ഒന്നിനു തന്നെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന വന്നു: “സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനെസ് ആന്റ് വെൽനസ് സെന്റർ എന്നാക്കി മാറ്റും.” മാനസികാരോഗ്യ കേന്ദ്രം എന്ന പേരിലേക്ക് എത്തിയതിന്റേയും അതിനു മുന്‍പത്തെ പേരുകളുടേയും ചരിത്രവും പശ്ചാത്തലവും മാനസികാരോഗ്യ കേന്ദ്രം എന്ന പേരിന്റെ പ്രസക്തിയുമാണ് കോടതിയെ സർക്കാർ അറിയിക്കേണ്ടിയിരുന്നത് എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഉദാഹരണത്തിന്, 1984-ൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്കു കീഴിലാക്കിയപ്പോഴാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് ആ പേര് ഇട്ടത്. അതുവരെ മെന്റൽ ഹോസ്പിറ്റൽ എന്നായിരുന്നു പേര്. 1870-ൽ സ്ഥാപിച്ചതു മുതൽ ദീർഘകാലം ആളുകൾ പറഞ്ഞിരുന്നത് ഭ്രാന്താശുപത്രി എന്നായിരുന്നു. മാറി മാറിയാണ് ഇപ്പോഴത്തെ യോജിച്ച പേരിലെത്തിയത്. മറ്റ് രണ്ട് കേന്ദ്രങ്ങൾക്കുമുണ്ട് പേരിന്റെ സമാന ചരിത്രം.

സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച 14-ാം നിയമസഭയുടെ സമിതി (അഷ്വറൻസ് കമ്മിറ്റി) 2018 ഡിസംബറിൽ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തെക്കുറിച്ച് റിപ്പോർട്ടു സമർപ്പിച്ചിരുന്നു. അതിലും പേരുമാറ്റത്തെക്കുറിച്ച് പരാമർശം ഉണ്ടായി. പക്ഷേ, ദീർഘവീക്ഷണത്തോടേയും കാര്യകാരണസഹിതവുമായിരുന്നു അത്. ആ റിപ്പോർട്ട് പോയ വഴിയില്ല. സഭാസമിതി അംഗങ്ങളായ സാമാജികർ ആശുപത്രി സന്ദർശിക്കുകയും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഈ മേഖലയിലെ വിദഗ്ദ്ധരുമായും സംസാരിക്കുകയും ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ കുറവ്, പുനരധിവാസത്തിലെ പ്രതിസന്ധി എന്നിവയെക്കുറിച്ചു വിശദമായി പരാമർശിച്ചു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സമഗ്രവും ദീർഘവീക്ഷണത്തോടുകൂടിയതുമായ മാസ്റ്റർപ്ലാൻ സമയബന്ധിതമായി നടപ്പാക്കുന്നതിന് അടിയന്തര നടപടി വേണം എന്നായിരുന്നു പ്രധാന ശുപാർശ.

എം.ബി.ബി.എസ് ബിരുദധാരികൾക്കു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നൽകുന്ന മൂന്നു വർഷത്തെ ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് (ഡി.എൻ.ബി) സൈക്യാട്രി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരത്തേത്. മനശ്ശാസ്ത്ര വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും ക്ലിനിക്കൽ പരിശീലനം നൽകുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ച് മൾട്ടിസെന്റർ സ്റ്റഡി നടത്തുന്നതിന് ഈ കേന്ദ്രത്തെ പരിഗണിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ എന്ന് പേരു മാറ്റാനായിരുന്നു ശുപാർശ. ഗവേഷണ കേന്ദ്രം എന്ന നിലയിൽ ഈ മേഖലയിലെ സർവകലാശാലകളുമായും ശാസ്ത്ര, സാങ്കേതിക വകുപ്പുമായും വൈദ്യശാസ്ത്ര ഗവേഷണ കൗസിലു (ഐ.സി.എം.ആർ)മായും മറ്റും സഹകരിച്ച് ഗവേഷണത്തിനും കൂടുതൽ വികസനത്തിനും സാധ്യത തെളിയും എന്ന പ്രതീക്ഷയാണ് സമിതി അന്നു പ്രകടിപ്പിച്ചത്.

ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിലെ മാനസികാരോഗ്യ വിഭാഗം മേധാവിമാർ, മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളിലേയും സൂപ്രണ്ടുമാർ, ഡോക്ടർമാർ തുടങ്ങി നിരവധിപ്പേർ ഈ മേഖലയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കെൽപ്പുള്ളവരാണ്. അവരുടെയൊന്നും അഭിപ്രായങ്ങളുടെ പ്രാതിനിധ്യ സ്വഭാവം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിന് ഇല്ല എന്ന വിമർശനമാണ് ഉയരുന്നത്.

പേര്, പലതിലൊന്നു മാത്രം

ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടല്ല ഹൈക്കോടതി ഈ വിഷയത്തിൽ ഉറച്ച നിലപാടിലേക്കും അഭിപ്രായത്തിലേക്കും എത്തിയത്. കോടതി തന്നെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. അവിടുത്ത സ്ഥിതി മനസ്സിലാക്കി. ശക്തമായ പരാമർശങ്ങൾ നടത്തിയത് വാർത്തയാവുകയും സർക്കാരിനെ പിടിച്ചുകുലുക്കുകയും ചെയ്തു. പക്ഷേ, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അന്തേവാസികൾ അനുഭവിക്കുന്ന മോശം സ്ഥിതിക്ക് കാലങ്ങളായി കാര്യമായ മാറ്റമില്ല എന്നതിനെ സ്ഥാപനത്തിന്റെ പേരുമായി ബന്ധപ്പെടുത്തിക്കൂടിയാണ് കോടതി മനസ്സിലാക്കിയത്. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും അതിനാണ് സഹായിച്ചത്.

2026 ജൂലൈ 21, ജൂലൈ 29, ഓഗസ്റ്റ് 18 എന്നീ ദിവസങ്ങളിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ കേസിൽ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു ഇത്. അഡ്വക്കേറ്റ് ജനറൽ ഹാജരായി സർക്കാർ നിലപാട് അറിയിച്ച സെപ്റ്റംബർ മൂന്നിന്റെ ഉത്തരവിൽ മുൻ ഉത്തരവുകളെക്കുറിച്ച് കോടതിയുടെ തന്നെ വികാരനിർഭരമായ വാക്കുകൾ ഇങ്ങനെയാണ്: “ഞങ്ങൾ ഞങ്ങളുടെ മനസ്സ് തുറന്നു പറയുകയും അവയിൽ ഞങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.”

ഓഗസ്റ്റ് 21-ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിഗണിക്കുകയും സെപ്റ്റംബർ 15 വരെ സർക്കാരിനു സമയം കൊടുക്കുകയും ചെയ്ത ശേഷമുള്ള കാര്യങ്ങൾ കോടതി വ്യക്തമാക്കുന്നത് ഇങ്ങനെ: ഈ കേന്ദ്രങ്ങളെ ‘ഹാപ്പിനെസ് ആൻഡ് വെൽനസ് സെന്ററുകൾ’ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചതായി അഡ്വക്കേറ്റ് ജനറൽ ഞങ്ങളെ അറിയിച്ചിട്ടുണ്ടെന്നു ഞങ്ങൾ സംതൃപ്തിയോടേയും സന്തോഷത്തോടേയും പറയുന്നു. പേര് മാറ്റം ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിന് ഉത്തേജനം നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. ഇത് തീർച്ചയായും സ്വാഗതാർഹമായ ഒരു നടപടിയാണ് എന്ന് അറിയിക്കുന്നതിനൊപ്പം മറ്റൊന്നു കൂടി കോടതി ശക്തമായ ഭാഷയിൽ പറയുന്നുണ്ട്. അത് ഈ കേന്ദ്രങ്ങളുടെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ്. പേര് മാറ്റാൻ അമിതാവേശം കാണിച്ച് മാറ്റത്തിന്റെ വാഹകരാണ് എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ച രീതി ഈ കാര്യങ്ങൾ നടപ്പാക്കുന്നതിലും ഉണ്ടാകുമോ എന്നത് പ്രധാനമാണ്. കോടതിയുടെ വാക്കുകൾ: “എന്നാൽ, പിന്തുടരേണ്ട നിരവധി കാര്യങ്ങളിൽ ആദ്യത്തേത് മാത്രമാണ് പേര് മാറ്റം. രോഗികളേയും അവരുടെ കൂടെയുള്ളവരേയും കേന്ദ്രങ്ങളേയും മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നത് നമുക്ക് അവഗണിക്കാൻ കഴിയില്ല. കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളെപ്പോലും പലപ്പോഴും അധിക്ഷേപകരമായി പരാമർശിക്കാറുണ്ട്. മുന്‍പത്തെ മൂന്ന് ഉത്തരവുകളിൽ ഞങ്ങൾ രേഖപ്പെടുത്തിയ ആശങ്കകൾ നിരവധിയാണ്. സർക്കാർ അത് പൂർണ ആത്മാർത്ഥതയോടെ പരിശോധിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ഞങ്ങളോട് പറയുന്നു. ഒരു ക്ഷേമരാഷ്ട്രത്തിന്റെ ആവശ്യകതകളുമായി ഗവൺമെന്റിന്റെ ദൃഢനിശ്ചയം യോജിക്കുന്നുവെന്നും വിഭവങ്ങളുടെ അഭാവം ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഈ കേന്ദ്രങ്ങൾ മനുഷ്യജീവിതത്തിനും ചികിത്സയ്ക്കും യോഗ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു കല്ലും പാഴാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില കാര്യങ്ങൾക്ക് സമയവും വലിയ നിക്ഷേപവും ആവശ്യമായി വരുമെന്ന് ഞങ്ങൾക്കറിയാം. എന്നിരുന്നാലും, മനുഷ്യാവകാശ ലംഘനങ്ങൾ-മനഃപൂർവമല്ലെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം മാത്രം സംഭവിക്കുമ്പോൾ-സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഭരണഘടനാ അവകാശങ്ങൾക്ക് വിരുദ്ധമായ അത്തരം ലംഘനങ്ങൾ, മുൻ ഉത്തരവുകളിൽ പറഞ്ഞതുപോലെ, സർക്കാർ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നു.”

കോടതി നടത്തിയ മറ്റൊരു പരാമർശം അന്നുതന്നെ വലിയ വാർത്തയും ചർച്ചയുമായിരുന്നു. അത് ഇങ്ങനെയാണ്: “വീണ്ടും പറയട്ടെ, നമ്മുടെ സഹപൗരന്മാർ ജയിൽ പോലുള്ളതും കൂട്ടിലടച്ചതുമായ സൗകര്യങ്ങളിൽ ബുദ്ധിമുട്ടുകയാണ്. പണം ഇല്ലെന്നു പറഞ്ഞ് അതിന് ഒരിക്കലും ന്യായീകരണം നൽകാൻ കഴിയില്ല. സർക്കാർ ഉടൻ തന്നെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതായത്: (എ) എല്ലാ കേന്ദ്രങ്ങളിലും മതിയായ എണ്ണം അറ്റൻഡർമാർ, പാചകക്കാർ, ധോബികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ നിയമിക്കുക. (ബി) കേന്ദ്രങ്ങളുടെ ചുറ്റളവ് സുരക്ഷിതമാക്കുന്നതിന് കോമ്പൗണ്ട് മതിലുകളുടെ നിർമാണം. (സി) മാനസികാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ആവശ്യമായ മരുന്നുകളുടെ തടസ്സമില്ലാത്തതും തുടർച്ചയായതുമായ ലഭ്യത. (ഡി) അടുക്കളകളിൽനിന്നു ഭക്ഷണം കൊണ്ടുപോകുന്നതിനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി കേന്ദ്രങ്ങൾക്കുള്ളിൽ കുറഞ്ഞത് ഒന്നോ രണ്ടോ വാഹനങ്ങളുടെ ലഭ്യത.

മേൽപ്പറഞ്ഞ നാല് കാര്യങ്ങളിൽ ഉടനടി പ്രതികരണം ആവശ്യമാണെന്ന് ഹൈക്കോടതി സർക്കാരിനോട് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞത് പേര് മാറ്റം കൊണ്ട് തീരില്ല കാര്യങ്ങൾ എന്നതിന്റെ വ്യക്തമായ സൂചനയാണ്.

മൂന്ന് കേന്ദ്രങ്ങളും ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും പത്രപ്രവർത്തകർക്ക് പ്രവേശനം നൽകണമെന്നും അമിക്കസ് ക്യൂറി നിർദേശിച്ചിരുന്നു. കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യസ്വഭാവം രോഗികൾക്കോ മറ്റുള്ളവർക്കോ ഗുണകരമല്ല. ഈ നിർദേശം പരിഗണിക്കണം എന്ന് കോടതി നിർദേശിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരെ നിയന്ത്രണങ്ങളോടേയോ മേൽനോട്ടത്തോടേയോ ഈ കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുവദിക്കണം. കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യസ്വഭാവത്തെ കോടതി ചോദ്യം ചെയ്തു.

മാനസികാരോഗ്യ കേന്ദ്രമെന്ന പേരിനോടാണോ പോരടിക്കേണ്ടത്?

ഡോ. സി.ജെ. ജോൺ

(സീനിയർ സൈക്യാട്രിസ്റ്റ് , സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റി മുൻ അംഗം, ഇന്ത്യൻ സൈക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റ്)

തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും തൃശൂരിലേയും സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ഹാപ്പിനെസ്സ് ആൻഡ് വെൽനെസ്സ് സെന്ററെന്ന് പുനർനാമകരണം ചെയ്യാമെന്ന ഓഫറുമായി സർക്കാർ വന്നത് ഹൈക്കോടതി ഇപ്പോഴത്തെ പേരിനെക്കുറിച്ച് ഒരു പ്രതികൂല നിരീക്ഷണം നടത്തിയ ശേഷമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മെന്റൽ എന്ന പ്രയോഗത്തിൽ രോഗി വിവേചനത്തിന്റേയും സ്റ്റിഗ്മയുടേയും ധ്വനിയുണ്ടെന്ന യുക്തിയിൽ അത് മറ്റേണ്ടതല്ലേയെന്ന ഒരു പരാമർശം ആ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയ ഹൈക്കോടതി സംഘത്തിൽ നിന്നുണ്ടായി. നയപരമായ മാറ്റത്തിനുള്ള സ്വാതന്ത്ര്യം സർക്കാരിനു നൽകുകയും ചെയ്തു. കോടതിയുടെ ഉദ്ദേശ്യശുദ്ധിയെ ആദരിച്ചുകൊണ്ട് ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുന്നു.

ഈ പേരിൽ എന്താണ് പ്രശ്നം?

മാനസികാരോഗ്യ കേന്ദ്രമെന്ന പേരിൽ വിവേചനപരമായ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യമാണ് ആദ്യത്തേത്. അത് സർക്കാർ പരിഗണിച്ചിട്ടില്ല. ഈ രംഗത്തുള്ളവരുടെ അഭിപ്രായം തേടിയതുമില്ല. ലോകമെമ്പാടും പ്രചാരത്തിലുള്ള പ്രയോഗമാണ് മെന്റൽ ഹെൽത്ത്. ധാരാളം സ്ഥാപനങ്ങളുടേയും പേരിൽ ഇതുണ്ട് . ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് എന്ന പ്രശസ്ത സ്ഥാപനം മെന്റൽ ഹെൽത്ത് പേരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈക്കയാട്രിക് സെന്റർ എന്ന പേരും പല സ്ഥാപനങ്ങളും ഉപയോഗിക്കാറുണ്ട്. ആഗോളവ്യാപകമായി ഒക്ടോബർ പത്തിന് ആചരിക്കുന്ന ബോധവൽക്കരണ ദിനവും മെന്റൽ ഹെൽത്ത് ഡേയാണ്.

ഭാരതത്തിൽ ഈ സേവനമേഖലക്കായി പ്രയോഗിക്കുന്ന നിയമവും മെന്റൽ ഹെൽത്ത് കെയർ ആക്ട് ആണ്. ആക്ടിൽ ചികിത്സാകേന്ദ്രങ്ങൾ മെന്റൽ ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് എന്നാണ് നിർവചിക്കപ്പെടുന്നത്. നിയമപരമായും ശാസ്ത്രീയമായും അംഗീകരിക്കപ്പെട്ടിട്ടുള്ള മെന്റൽ ഹെൽത്തിലെ ‘മെന്റൽ’ മാത്രം അടർത്തിയെടുത്ത് ആ വാക്കിനെ മനസ്സിന്റെ രോഗം ഉള്ളവരെ പരിഹസിക്കാൻ സമൂഹത്തിലെ ഒരു വിഭാഗം ഉപയോഗിക്കുന്നുവെന്നത് വാസ്തവമാണ്. ആ ദുഷിച്ച മനസ്സുകളെ ഭയന്ന് ശാസ്ത്രീയതയോടെ വ്യാപകമായി ലോകം എമ്പാടും ഉപയോഗിക്കുന്ന പദ പ്രയോഗത്തെ മാറ്റുന്നതിൽ യുക്തി ഇല്ലായ്മയുണ്ട്.

മാനസികാരോഗ്യമെന്ന മനോഹരമായ മലയാള പരിഭാഷയെ മറന്നുകൊണ്ടാണ് മെന്റൽ ഹെൽത്ത് സെന്ററെന്ന പേരിനോടുള്ള ഈ പോരാട്ടം. പോരടിക്കേണ്ടത് പേരിനോടല്ലല്ലോ?

അബദ്ധധാരണകളുടെ സൃഷ്ടിയായ വിവേചനങ്ങളോടും സ്റ്റിഗ്മയോടുമല്ലേ? കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ ഈ സ്ഥാപനങ്ങളോട് കാണിച്ച അവഗണനകൾ കാണാതെ പോകയുമരുത്. ഇതിനൊക്ക മാറ്റം വരുത്താതെ സ്വർഗ കേന്ദ്രമെന്ന പേരിട്ടാലും കാര്യമില്ല.

അവഗണന ഇല്ലാതാകണം

സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ആവർത്തിക്കപ്പെടുന്ന അനാസ്ഥകളും വീഴ്ചകളും പൊതുവിൽ ഈ ചികിത്സാമേഖലയിൽ ചീത്തപ്പേര് ഉണ്ടാക്കിയ നാളുകൾ ഉണ്ടായിരുന്നു. എൺപതുകളിൽ ഇത്തരമൊരു സംഭവത്തിനുശേഷം സുഗതകുമാരി ടീച്ചർ നയിച്ച പോരാട്ടങ്ങളാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, ഇന്നും കാലത്തിനു ചേർന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉണ്ടായിട്ടില്ല. ഹൈക്കാടതിയുടെ തന്നെ വിവിധ സംഘങ്ങൾ പലപ്പോഴും ഈ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശനം നടത്തി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നിയമസഭയുടെ കമ്മിറ്റി ഈ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വിശദമായ പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇവയൊന്നും നടന്നിട്ടില്ലെന്നത് വ്യക്തം ഇപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും ഹാപ്പി അല്ല. അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം. ഉള്ള ജീവനക്കാർ നന്നായി പണി എടുക്കുന്നുണ്ടെന്ന സാക്ഷ്യമുണ്ട്. എന്നാൽ, കടുത്ത ആൾക്ഷാമവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും സൈക്ക്യാട്രി ബിരുദാനന്തര പഠനം ഒരുക്കാൻ കഴിഞ്ഞുവെന്നത് അവിടത്തെ സൈക്ക്യാട്രിസ്റ്റുകളുടെ ഇച്ഛാശക്തി കൊണ്ടാണ്. എന്നാൽ, ചികിത്സയുടെ ഭൗതിക സാഹചര്യങ്ങൾ ആധുനികവൽക്കരിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി എടുത്തു പറയുന്നുണ്ട്. രോഗികളുടെ വാസ സൗകര്യങ്ങളും വിമർശിക്കപ്പെടുന്നുണ്ട്.

നിർദേശങ്ങൾ നടപ്പിലാക്കാൻ കാണിക്കുന്ന വേഗത കുറവും കോടതിയെ അലോസരപ്പെടുത്തുന്നുണ്ട്.

പരിമിതികൾ നില നിൽക്കുമ്പോഴും ഈ കേന്ദ്രങ്ങൾ നിരവധി പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഇടങ്ങളാണ്. അതുകൊണ്ട് മനുഷ്യസൗഹൃദമായ ആധുനിക ചികിത്സാ ഇടമാക്കുകയെന്ന ലക്ഷ്യത്തിനു വലിയ ഊന്നൽ നൽകണം. അതിനു പണം കണ്ടെത്തണം. വികസനത്തിന് ഭൂമി ഇഷ്ടംപോലെയുണ്ട്. ഈ കേന്ദ്രങ്ങൾ ഫോറൻസിക് മാനങ്ങളുള്ള സേവനങ്ങൾകൂടി നൽകേണ്ട സംവിധാനങ്ങളാണ്. കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമുള്ള സേവനങ്ങൾ ഉണ്ടാകണം. ലഹരിവിമുക്ത ഇടപെടലുകൾക്ക് സൗകര്യം വേണം പുതിയ കാലത്തിന്റെ ആവശ്യമായ ജീരിയാട്രിക്ക് കെയർ ഒരുക്കണം. അക്രമാസക്തരായ രോഗികളെ അതിനു നിയന്ത്രണം വരും വരെ പരിപാലിക്കേണ്ട ബിഹേവിയർ ഐ.സി.യുകൾ വേണം. വിദഗ്ദ്ധരുമായി കൂടി ആലോചിച്ചുവേണം വികസന രൂപരേഖ ഉണ്ടാക്കാൻ. ഇപ്പോഴത്തെ ഈ പേര് വിവാദം ഈ വക യഥാർത്ഥ ആവശ്യങ്ങളിൽനിന്നും ജനശ്രദ്ധയെ വഴിതിരിച്ചു വിടുന്നുവെന്നതാണ് ഖേദകരം.

പരിഹാസവും വിവേചനങ്ങളും വരുന്ന വഴികൾ

മനസ്സിന്റെ രോഗമുള്ളവരെ വേർതിരിവിന്റെ കണ്ണുകളിലൂടെ കാണുവാൻ പ്രേരണ നൽകുന്ന പരിഹാസ പേരുകൾ എപ്പോഴുമുണ്ട്.

മനസ്സിന്റെ രോഗമുള്ളവരിൽ ഒരു നേരിയ വിഭാഗം മാത്രം രോഗം മൂർച്ഛിക്കുമ്പോൾ പ്രകടിപ്പിക്കുന്ന താളം തെറ്റിയ പെരുമാറ്റങ്ങളെ ആധാരമാക്കിയുള്ളതാണ് ഈ പരിഹാസ വാക്കുകൾ. ഇത് ചിലരുടെ മണ്ടൻ ധാരണകളുടെ പ്രശ്നമാണ്. സ്ഥാപനങ്ങൾക്ക് എന്തു പേരിട്ടാലും ആ പേര് ഉപയോഗിച്ച് ശീലിച്ചവർ പുതിയ പരിഹാസപ്പേര് നിർമിക്കും. സൈക്കോയും മെന്റലുമൊക്കെ അങ്ങനെ നിർമിക്കപ്പെട്ട വാക്കുകളാണ്. ഹാപ്പിനെസ്സ് ആൻഡ് വെൽനെസ്സ് സെന്ററെന്ന പേര് വരുമ്പോൾ ഹാപ്പിയേയും പരിഹാസ വാക്കാക്കി മാറ്റിയേക്കും. മനോരോഗം മോശം രോഗമെന്ന ചിന്ത പടർത്തുന്ന ആഖ്യാനങ്ങളുള്ള സിനിമകളും വെബ് സീരീസുകളും ധാരാളമുണ്ട്. മനസ്സിന്റെ രോഗം ഉണ്ടായിരുന്നുവെന്ന് തുറന്നു പറയാൻപോലും വ്യക്തികളെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള മോശം പ്രതിച്ഛായ നൽകുന്ന സിനിമാശൈലികളെ ആരും പ്രതിരോധിക്കുന്നില്ലല്ലോ?

അടുത്ത് ഇറങ്ങിയ ഉന്മാദമെന്ന സിനിമപോലും ഇതേ രീതിയല്ലേ അവലംബിക്കുന്നത്?സെൻസർ ബോർഡിനും കോടതിക്കും എന്തു ചെയ്യാൻ കഴിയും? മനസ്സിന്റെ രോഗമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആഖ്യാനങ്ങളെക്കുറിച്ച് കാര്യകാരണസഹിതം സെൻസർ ബോർഡിന് കത്തയച്ചിട്ടും മറുപടിപോലും കിട്ടാത്ത അനുഭവം ഉണ്ട്. ആ സിനിമകൾ ഒ.ടി.ടിയിൽ അബദ്ധ പ്രചാരണങ്ങളുമായി നിലനിൽക്കുന്നു. മറ്റേത് രോഗവുംപോലെയാണ് മനസ്സിന്റെ രോഗമെന്ന വിചാരം വളർത്താനുള്ള കർമപദ്ധതികളാണ് വേണ്ടത്. ഹൈക്കോടതിയൊക്കെ അതിനാണ് മുൻകൈ എടുക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com