

കോട്ടയത്ത് നിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോം. ഏക്കർ കണക്കിന് ഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന 35 മുറികളുള്ള മഠം. ആ കെട്ടിടത്തിൽ ഇന്നുള്ളത് മൂന്നുപേർ മാത്രമാണ്- സിസ്റ്റർ റാണിറ്റ്, സിസ്റ്റർ ആൽഫി, സിസ്റ്റർ ആൻസിറ്റ. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയതിന്റെ പേരിൽ സഭ ഒറ്റപ്പെടുത്തിയതാണ് ഇവരെ. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വന്ന ശേഷം ഭക്ഷണവും മരുന്നും മറ്റ് അലവൻസുകളും പൂർണമായി നിർത്തിക്കൊണ്ടായിരുന്നു പരാതിക്കാരിയായ സിസ്റ്റർ റാണിറ്റടക്കമുള്ളവരോട് സഭ പ്രതികരിച്ചത്. റാണിറ്റിനൊപ്പം നിന്നവരെ ഒഴികെ ബാക്കിയെല്ലാവരേയും മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഒറ്റപ്പെടുത്തലിലും അവഗണനയിലും സാമ്പത്തിക ബുദ്ധിമുട്ടിലും ഞെരുങ്ങിപ്പോയെങ്കിലും പോരാട്ട വീര്യത്തിന്റെ കനലിൽ അവരൊരു ബ്രാൻഡ് നെയ്തെടുത്തു- സ്റ്റാൻഡ് ബൈ മീ. വിവിധതരം വസ്ത്രങ്ങളുമായി സ്റ്റാൻഡ് ബൈ മീ എന്ന ബ്രാൻഡ് വസ്ത്രവിപണിയിൽ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും ബാംഗ്ലൂരിലും മുംബൈയിലും നടന്ന പ്രദർശനങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് സ്റ്റാൻഡ് ബൈ മീ എത്തുമ്പോൾ പോരാട്ടത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പകരൽ കൂടിയായി അത് മാറുകയാണ്.
2018-ൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ നടത്തിയ സമരത്തിലൂടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസ് പൊതുമധ്യത്തിലേക്കെത്തിയത്. പരാതിക്കാരിയായ സിസ്റ്റർ റാണിറ്റിനുവേണ്ടി സിസ്റ്റർ അനുപമയടക്കമുള്ള അഞ്ച് കന്യാസ്ത്രീകളാണ് സമരമിരുന്നത്. വർഷങ്ങളോളം ‘അതിജീവിത’ എന്ന പേരിൽ മറഞ്ഞിരുന്ന സിസ്റ്റർ റാണിറ്റ് 2026-ലാണ് തന്റെ സ്വത്വം വെളിപ്പെടുത്തി പുറത്തേക്കിറങ്ങി സംസാരിക്കാൻ തുടങ്ങിയത്. ബിഷപ്പിനെതിരെ പരാതി നൽകിയതിന്റെ പേരിൽ പുറത്ത് ഒരു ജോലിപോലും കിട്ടില്ല എന്നു തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു അവർക്കിത്. നിയമപോരാട്ടത്തിനൊപ്പം ജീവിക്കാനുള്ള പോരാട്ടവും നടത്തുന്ന സിസ്റ്റർ റാണിറ്റ് സംസാരിക്കുന്നു:
അന്തസ്സോടെ ജീവിക്കാനുള്ള ഒരു പോരാട്ടത്തിന്റെ പേര് കൂടിയായി ‘സ്റ്റാൻഡ് ബൈ മീ’ മാറി. അതിന്റെ തുടക്കം എങ്ങനെയായിരുന്നു?
കേസ് നടക്കുന്ന സമയത്താണ് തയ്യൽ തുടങ്ങിയത്. ആ സമയത്തൊന്നും സ്റ്റാൻഡ് ബൈ മീ എന്ന പേര് ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു സംഭവം തുടങ്ങുന്നതുപോലും സത്യത്തിൽ ആലോചനയിൽ ഉണ്ടായിരുന്നില്ല. എൻഗേജ്ഡ് ആയി ഇരിക്കുക എന്നതായിരുന്നു ആ സമയത്ത് പ്രധാനം.
കേസ് തുടങ്ങുന്ന സമയത്ത് തന്നെ മഠത്തിൽ രണ്ട് ഗ്രൂപ്പായി മാറി. അവിടുത്തെ അഡ്‌മിനിസ്‌ട്രേഷൻ ഗ്രൂപ്പിന് എല്ലാം ചെയ്യാനുള്ള പെർമിഷൻ ഉണ്ട്. ഞങ്ങൾ ആറ് പേരെക്കൊണ്ട് ഒന്നും ചെയ്യിക്കില്ല. ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ഇങ്ങനെ ഇരുന്ന് മടുക്കും, അതിനു പുറമെ കേസിന്റെ കാര്യങ്ങൾ, സ്റ്റേറ്റ്‌മെന്റ് കൊടുക്കൽ ഒക്കെയായി മാനസികമായി ബുദ്ധിമുട്ടിയ സമയമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ആറ് പേര് കൈത്തുന്നൽ, എംബ്രോയ്ഡറി ഒക്കെ ചെയ്യാൻ തുടങ്ങിയത്. ഞങ്ങൾ തന്നെ ഓരോ ദിവസത്തേക്കും ചെയ്യാനുള്ള കാര്യങ്ങളൊക്കെ ടൈംടേബിൾ ഉണ്ടാക്കി എൻഗേജ്ഡ് ആയി ഇരിക്കാൻ തുടങ്ങി.
അതിനിടയിലാണ് സിസ്‌റ്റേഴ്‌സ് ഇൻ സോളിഡാരിറ്റി (എസ്.ഐ.എസ്) ഞങ്ങളെ എം.എസ്.ഡബ്ല്യു പഠിപ്പിക്കുന്നത്. ബേസിക് കംപ്യൂട്ടർ കോഴ്‌സും പഠിപ്പിച്ചു. ഇന്റേൺഷിപ്പിനു വേണ്ടി പല സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് തയ്യാറായത്. നിങ്ങളോട് പരിഗണനയുണ്ടെങ്കിലും ഞങ്ങൾക്കത് ബുദ്ധിമുട്ടാവും എന്നാണ് പല സ്ഥാപനങ്ങളും പറഞ്ഞത്. ഒത്തിരി നടന്നപ്പോഴാണ് കുഞ്ഞച്ചൻ മിഷനറീസ് എന്ന രാമപുരത്തെ സ്ഥാപനവും കോട്ടയത്തെ ഒരു സ്ഥാപനവും കണ്ടെത്തിയത്. അങ്ങനെ ഞങ്ങൾ എം.എസ്.ഡബ്ല്യു പൂർത്തിയാക്കിയെങ്കിലും പിന്നീട് ഒരു ജോലിക്ക് ഒരുതരത്തിലും ഓപ്ഷനുകൾ ഇല്ല എന്നു മനസ്സിലാക്കി.
തയ്യൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. എസ്.ഐ.എസും സേവ് അവർ സിസ്‌റ്റേഴ്‌സ്(എസ്.ഒ.എസ്) എന്ന രണ്ട് ഗ്രൂപ്പുകളും സപ്പോർട്ട് ചെയ്തു. അവരുടെ സെമിനാറുകൾക്ക് കർച്ചീഫുകളും ബാഗുകളും ഒക്കെ ചെയ്തു തുടങ്ങി. പിന്നീട് നൈറ്റികൾ ചെയ്തു. ആദ്യം സിംപിൾ നൈറ്റികൾ ആണ് ചെയ്തു തുടങ്ങിയത്. പിന്നീട് എംബ്രോയ്ഡറി വെച്ച് ചെയ്തു തുടങ്ങി. അതിനുപുറമെ ചെറിയ ചെടിച്ചട്ടികൾ സെറ്റാക്കി. മുളക് തൈകൾ ഉണ്ടാക്കി. ഇരുപതോളം കോഴികളെ അവർ തന്നെ വാങ്ങിത്തന്നു. അതിനെ ഞങ്ങൾ വളർത്തി. അങ്ങനെ മുന്നോട്ട് പോയി.
സെഷൻസ് കോടതി വിധി വന്നശേഷം 2023-ൽ, കേസ് കഴിഞ്ഞു എന്ന കാരണം പറഞ്ഞ് ഞങ്ങളോട് ലീവ് ഓഫ് ആബ്‌സന്റ് എടുക്കാൻ പറഞ്ഞു. കേസ് കഴിഞ്ഞതിനാൽ ഇവിടുന്ന് സ്ഥലം മാറി പോകണം എന്നാണ് പറഞ്ഞത്. കേസ് കഴിഞ്ഞിട്ടില്ലെന്നും ഫസ്റ്റ് സ്റ്റേജാണ് കഴിഞ്ഞതെന്നും കേസ് ഹൈക്കോടതിയിലാണ് എന്നും ഞങ്ങൾ മറുപടി പറഞ്ഞു. കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലാണ് വിറ്റ്‌നെസ് ആന്റ് വിക്ടിം പ്രൊട്ടക്ഷൻ ഉള്ളത്. അതുകൊണ്ട് ഞങ്ങളിവിടെ താമസിക്കും എന്നു പറഞ്ഞു. പക്ഷേ, ഞങ്ങളുടെ കോൺഗ്രിഗേഷൻ സമ്മതിച്ചില്ല. നിരന്തരം കത്തുകൾ വരാൻ തുടങ്ങി. അതിന്റെ അപ്പീൽ ഡൽഹിയിൽ അപ്പസ്റ്റോലിക് നുൺഷ്യോക്കും റോമിലേക്കും എല്ലാം അയച്ചു. പക്ഷേ, അതിലൊന്നും ഒരു തീരുമാനം ആയില്ല. പകരം ഞങ്ങൾ അനുസരണക്കേട് കാണിക്കുന്നതുകൊണ്ട് ഇനി മുതൽ അലവൻസ് ഇല്ല, ഭക്ഷണവും മരുന്നും ഒന്നും ഇല്ല. എല്ലാം നിർത്തലാക്കുകയാണ് ചെയ്തത്. അതിൽപ്പിന്നെ കത്തുകളൊന്നും വരാറില്ല. അവിടെ ഉണ്ടായിരുന്ന ഒഫീഷ്യൽ ഗ്രൂപ്പിനെ അവിടെ നിന്ന് പിൻവലിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. യഥാർത്ഥത്തിൽ ജലന്ധർ രൂപതയ്ക്ക് കീഴിൽ അവിടെ ഒരു മഠം ഇല്ല എന്നപോലെയാണ്.
ഞങ്ങളുടെ ജീവിതത്തിനു വക കണ്ടെത്തണമല്ലോ. അങ്ങനെ തയ്യൽ സജീവമാക്കി. സംഘടനകളുടെ സഹായത്തോടെ രണ്ട് മെഷീൻ ഉള്ളത് അഞ്ചാക്കി. മറ്റ് മെഷീനുകളും വാങ്ങി. സംഘടനയിൽ ഉള്ളവരുടെ കുടുംബത്തിലെ ചടങ്ങുകൾക്കൊക്കെ ഗിഫ്റ്റുകളുടെ ഓർഡറുകൾ തന്നു. ബാഗ്, കർച്ചീഫ് ഒക്കെയാണ് ആദ്യം ചെയ്തത്. അവര് തന്നെ ഒരാളെ വെച്ച് കൂടുതൽ പരിശീലനവും തന്നു.
കോഴിക്കോടും തിരുവനന്തപുരത്തും എക്സിബിഷൻ നടത്തി. എറണാകുളത്തും ബോംബെയിലും ബാംഗ്ലൂരിലും ഒക്കെ ഞങ്ങളുടെ സാധനങ്ങൾ കൊണ്ടുപോയി എക്സിബിഷനിൽ വെച്ചിരുന്നു. ആദ്യമൊക്കെ ഞങ്ങൾക്ക് പുറത്തേയ്ക്കു പോകാൻ മടിയായിരുന്നു. പല സ്ഥലങ്ങളിലും ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന വനിതാ കൂട്ടായ്മകളുണ്ട്. അവരാണ് ഇതിനു മുൻകൈ എടുക്കുന്നത്. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഞങ്ങളുടെ കൂടെ നിൽക്കാനും സപ്പോർട്ട് ചെയ്യാനുമെല്ലാം. ആ സപ്പോർട്ടാണ് ഞങ്ങളെ തളർത്താതെ മുന്നോട്ട് കൊണ്ടുപോകുന്നത്. അല്ലെങ്കിൽ ഞാനൊരിക്കലും ഇങ്ങനെ പുറത്തേക്ക് വരില്ലായിരുന്നു.
സംഘടനകളും വ്യക്തികളും ഇത്തരം കേസുകളുമായി മുന്നോട്ടുവരുന്നവരെ സഹായിക്കാറുണ്ട്. ഇതിനു പുറമെ സർക്കാർ സംവിധാനങ്ങളുടെ പിന്തുണ എങ്ങനെയായിരുന്നു?
പൊലീസിന്റെ പ്രൊട്ടക്ഷൻ ഉണ്ടായിരുന്നു. അത് വലിയ കാര്യമായിരുന്നു. പല ഗ്രൂപ്പുകളിൽനിന്നും സമ്മർദങ്ങൾ ഉണ്ടായിരുന്നു. സഭയെ നാറ്റിച്ചു, ഇറങ്ങിപ്പോണം എന്ന തരത്തിലൊക്കെ ആയിരുന്നു. ഞങ്ങളുടെ സ്ഥലം കുറച്ച് ഒറ്റപ്പെട്ടതും കൂടിയാണല്ലോ. നല്ല ബുദ്ധിമുട്ടായിരുന്നു. നിരന്തരം കത്തുകൾ വരുമായിരുന്നു. ഊമക്കത്തുകളായിരുന്നു. പൊലീസ് പ്രൊട്ടക്ഷൻ ഭയങ്കര സുരക്ഷിതത്വം നൽകിയിരുന്നു. നേരിട്ടുള്ള ഒരു അക്രമത്തിന് ആരും തയ്യാറാവാതിരുന്നത് അതുകൊണ്ടാണ്. പിന്നെ സോഷ്യൽ മീഡിയയിൽ കൂടിയും മറ്റും പറയുന്നതൊക്കെ അവഗണിക്കാവുന്നതേയുള്ളൂ.
സർക്കാർ ഞങ്ങൾക്കു റേഷൻ കാർഡ് അനുവദിച്ചത് നല്ല സഹായമായിരുന്നു. ഓണത്തിന് ഞങ്ങൾ സ്‌പെഷ്യൽ അരിയൊക്കെ വാങ്ങി. പഞ്ചസാര പുറത്ത് 70-നു മുകളിലുണ്ട്. നമുക്കത് 36 രൂപയ്ക്കാണ് കിട്ടിയത്. ഒരു സാധാരണ വീട്ടമ്മയെപ്പോലെ ഞങ്ങൾക്കും അതു വലിയ കാര്യമാണ്.
2018-ലാണ് സമരം നടക്കുന്നത്. അതിനുശേഷമുള്ള ജീവിതത്തെ എങ്ങനെയാണ് കാണുന്നത്?
2023 വരെ കേസിനുവേണ്ടിയായിരുന്നു മാക്സിമം സമയം ചെലവഴിക്കേണ്ടിവന്നത്. പിന്നെ എൻഗേജ്ഡ് ആയി ഇരിക്കാനും നോക്കി. തയ്യലടക്കം ചെയ്തത് അതിനുവേണ്ടിയായിരുന്നു. ഇപ്പോൾ തയ്യൽ ചെയ്യുന്നത് അങ്ങനെയല്ല. കേസിനേക്കാൾ ഉപരി ഇപ്പോൾ എന്റെ കൂടെ നിൽക്കുന്നവരെ എനിക്ക് സംരക്ഷിക്കണം. സഭ തള്ളിക്കളഞ്ഞതുപോലെ എനിക്ക് തള്ളിക്കളയാൻ പറ്റില്ല. ഞാൻ ഇന്ന കേസിലെ ആളാണ് എന്നു പറഞ്ഞതുകൊണ്ട് നമുക്കു ബസിൽ ഫ്രീ ടിക്കറ്റൊന്നും ഇല്ല. യാത്രകൾക്കൊക്കെ പൈസ വേണം. ഹോസ്പിറ്റലിൽ പോയാലും പൈസ വേണം. അതിനു നമ്മൾ അധ്വാനിക്കണം. അങ്ങനെ അധ്വാനിച്ച് ജീവിക്കുകയാണ്. ഇതുപോലെ പലരും കാണും സമൂഹത്തിൽ. അവർക്കൊരു പ്രചോദനമാകണം എന്നും ഉള്ളിൽ ആഗ്രഹമുണ്ട്. ഇതുപോലെയുള്ള സ്ത്രീകൾ മുന്നോട്ട് വരണം അവരെ സഹായിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര ഗ്രൂപ്പുകളും എത്ര മനുഷ്യരുമാണ് നമ്മുടെ സമൂഹത്തിൽ. അതൊക്കെ ഞങ്ങൾ അറിയുന്നത് ഇപ്പോഴാണ്. ഈ സാഹചര്യത്തിൽകൂടി കടന്നുപോകുമ്പോഴാണ് അതു മനസ്സിലാകുന്നത്. ഞങ്ങളെ സഭാംഗങ്ങൾ ഉപേക്ഷിച്ചു എന്നതിൽ വലിയ വേദനയുണ്ട്. പക്ഷേ, ഇന്നത്തെ കാലത്ത് രക്ഷിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുണ്ട്, ഭാര്യയെ ഉപേക്ഷിക്കുന്ന ഭർത്താവുണ്ട്, അങ്ങനെ തന്നെ ഇതും. നമ്മളെ താങ്ങിനിർത്തുന്ന ഒരു സമൂഹം ഞങ്ങളുടെ കൂടെയുള്ളതാണ് വലിയ ആശ്വാസം. മാനസികമായി നമ്മളെ പിന്തുണയ്ക്കാനും കൂടെനിക്കാനും ആൾക്കാരുണ്ടെങ്കിലേ നമുക്കിതൊക്കെ പറ്റൂ. അല്ലെങ്കിൽ എനിക്കു തോന്നുന്നില്ല ഒരു സ്ത്രീയും അവർക്കു നേരിട്ട ദുരനുഭവം പറയുമെന്ന്. എന്നെ മിസ്‌യൂസ് ചെയ്തു, വേണ്ടാത്തത് ചെയ്തു എന്നൊക്കെയുള്ള കുഞ്ഞുകുഞ്ഞ് വാക്കുകളിൽ ഇതൊക്കെ ഒതുക്കും. നമ്മളൊരിക്കലും വലിയ വലിയ വാക്കുകളൊന്നും പറയില്ല.
ഈ പോരാട്ടം സഭയ്ക്കുള്ളിൽ എന്തുതരം മാറ്റമുണ്ടാക്കി എന്നാണ് തോന്നുന്നത്?
കുറച്ച് മാറ്റമുണ്ട് എന്നൊക്കെ പറയപ്പെടുന്നു. പക്ഷേ, പ്രത്യക്ഷത്തിൽ അങ്ങനെയൊരു മാറ്റമൊന്നും കാണാനില്ല. ഒരുതരം ചത്തപോലെയാണ്. അവരൊന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല, എന്ന മട്ടാണ്. പ്രസ്ഥാനം ആണല്ലോ വലുത്. വ്യക്തികളല്ല. എത്രയോ നല്ല അച്ഛന്മാരുണ്ട്, സിസ്‌റ്റേഴ്‌സുണ്ട്, ബിഷപ്പുമാരുണ്ട്. ആരും മുന്നോട്ടുവന്ന് ഒന്നും പറയുന്നില്ലല്ലോ. ഒരു തിരുത്തൽ ഇതിനകത്ത് നടക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, ഇല്ലേയെന്നു ചോദിച്ചാൽ ഇല്ല എന്നു പറയുന്നതുപോലെയാണ്. ജയിലിൽ കിടക്കുന്ന കുറ്റവാളിക്ക് ഭക്ഷണം കൊടുക്കും. മെഡിസിൻ കൊടുക്കും. നമ്മുടെ വീട്ടിൽ വർക്കു ചെയ്യുന്ന സെർവെന്റിനു നമ്മൾ ഭക്ഷണം കൊടുക്കും. സഭയിൽ മെമ്പറായിരിക്കുന്ന ഒരാൾക്ക് അതില്ല. അതിനെതിരെ ആരും ശബ്ദിക്കുന്നില്ലല്ലോ. ആരും എന്റെ അറിവിൽ അത് ചോദ്യം ചെയ്തില്ല. ചോദ്യം ചെയ്തിരുന്നെങ്കിൽ ഭക്ഷണവും മരുന്നും നിർത്തിക്കളയില്ലായിരുന്നു.
പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കുന്ന ഒരു പരിപാടിയാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ഇനിയും ആരും പുറത്തുവരാതിരിക്കാനും പുറത്തു വന്നാൽ ഇതുപോലെ ഒറ്റപ്പെടും എന്നുകൂടി കാണിച്ചുകൊടുക്കലായിരിക്കാം ഇപ്പോൾ നടക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, കാത്തലിക് ചർച്ച് റിഫോർമേഷൻ തുടങ്ങിയ സംഘടനകളൊക്കെ മുന്‍പേ ഉണ്ടായിരുന്നതല്ലേ?
സഭയ്ക്കകത്ത് മുന്‍പേയുള്ള സംഘടനയായിരുന്നു. പക്ഷേ, ഈ സംഘടകളെപ്പറ്റിയെല്ലാം ഞങ്ങളറിയുന്നത് 2018-ലാണ്. എറണാകുളം വഞ്ചി സ്‌ക്വയറിൽ സമരത്തിനു തുടക്കമിട്ടത് അവരായിരുന്നു. അവർക്ക് ഐക്യദാർഢ്യം പറയാൻ അവിടെ ചെല്ലുകയും പിന്നീട് അതിന്റെ ഭാഗമായി അവിടെ ഇരിക്കുകയുമായിരുന്നു. സഭയിലെ ചില മാറ്റങ്ങൾ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സിസ്റ്റേഴ്‌സിനു മാത്രമായി വർക്കു ചെയ്യാൻ വേണ്ടി പിന്നീട് ഉണ്ടാക്കിയതാണ് എസ്.ഐ.ഒ. സഭയ്ക്കകത്തുള്ള അതിനോട് ചേർന്നുപോകുന്ന സംഘടനകളെക്കുറിച്ചേ ഞങ്ങൾക്കറിയുമായിരുന്നുള്ളൂ. ഇതിനെക്കുറിച്ചൊന്നും കേട്ടിട്ടുപോലുമില്ലായിരുന്നു.
സിസ്റ്റർ ആ സമയത്ത് എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടായിരുന്നോ? ശമ്പളം എത്രയാണെങ്കിലും കന്യാസ്ത്രീക്ക് കയ്യിൽ കിട്ടുന്നത് 800 രൂപയാണ് എന്നു കേട്ടിട്ടുണ്ട്?
പത്താം ക്ലാസ്സിനുശേഷമാണ് പഞ്ചാബിൽ ജലന്ധറിലേക്ക് പോകുന്നത്. അവിടെയാണ് പ്ലസ്ടു, ബി.എ., എം.എ. എല്ലാം പഠിച്ചത്. പബ്ലിക് അഡ്‌മിനിസ്‌ട്രേഷനായിരുന്നു വിഷയം. കോൺഗ്രിഗേഷന്റെ സ്കൂളിൽ കെ.ജിയിലാണ് ഞാൻ പഠിപ്പിച്ചത്. സഭയുടെ തന്നെ സ്കൂളിന്റെ ഓഫീസ് ജോലികളും ചെയ്തിട്ടുണ്ട്. മാസ ശമ്പളവും ഉണ്ടായിരുന്നു. അത് അവരെടുക്കുന്നു എന്നു പറയാൻ കഴിയില്ല. അതാണ് സിസ്റ്റം. നമ്മുടെ ഭക്ഷണം, പാർപ്പിടം, മരുന്ന് എല്ലാം അവിടെ നിന്നാണല്ലോ. അവരാണ് അതു കൈകാര്യം ചെയ്യുന്നത്. സുപ്പീരിയറിന് കോമൺ അക്കൗണ്ട് ഉണ്ടാവും. അതിലേക്കാണ് അതു പോകുന്നത്. 200 രൂപ എന്നതാണ് ഇപ്പോൾ 800-ൽ എത്തിയിരിക്കുന്നത്. സാധാരണ വീട്ടമ്മമാരെപ്പോലെയോ മറ്റോ അത്ര സ്വാതന്ത്ര്യത്തോടെ പൈസ കൈകാര്യം ചെയ്യാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ അത്ര ലാവിഷ് ആയി വേണം എന്നൊന്നും ആവശ്യപ്പെടാറില്ല. ഒരു മിനിമം പൈസ വേണം എന്നേ ഉള്ളൂ. അങ്ങനെ കൂട്ടിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടതിനെത്തുടർന്നാണ് 800 വരെ ആയത്. ഇനിയും അതിനു മാറ്റം വരാം.
ബാങ്ക് അക്കൗണ്ട്, ഫോൺ സൗകര്യങ്ങൾ എല്ലാവർക്കുമുണ്ടോ?
എല്ലാവർക്കുമുണ്ടായിരുന്നില്ല. നോട്ടു നിരോധനത്തിന്റെ സമയത്താണ് ഒരുവിധം എല്ലാവർക്കും അക്കൗണ്ടുകൾ എടുത്തത്. ഞാൻ ടച്ച് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത് കേസ് തുടങ്ങിക്കഴിഞ്ഞ ശേഷമാണ്. ന്യൂസ് കാണാനും മെയിൽ അയക്കാനും ഒക്കെ വേണ്ടിയായിരുന്നു. മഠത്തിലെ കംപ്യൂട്ടറിൽ ഞങ്ങൾക്ക് ആക്‌സസ് ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെ വീട്ടുകാർ വാങ്ങിത്തന്ന ഫോണിലാണ് ഞാൻ ഇതൊക്കെ ചെയ്തത്. ഉടുപ്പിട്ട് പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞവർക്കാണ് ടച്ച് ഫോൺ കൊടുക്കുന്നത്. ഉടുപ്പിട്ട് ആദ്യത്തെ അഞ്ച് വർഷം ഫോൺ ഉണ്ടാവില്ല. പിന്നീട് പത്ത് വർഷം വരെ ഒരു സിംപിൾ ഫോൺ കൊടുക്കും. പിന്നെ നിത്യവ്രതം അഞ്ച് വർഷം കഴിയുമ്പോഴാണ് ടച്ച് ഫോൺ കിട്ടുക. അങ്ങനെയൊക്കെയാണ് സിസ്റ്റം. ഓരോ സഭയിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. ടി.വിയൊക്കെ ഉണ്ടെങ്കിലും അങ്ങനെ തോന്നിയ സമയത്ത് വെക്കാൻ പറ്റില്ല. ടൈംടേബിളുണ്ട്. സഭയുടെ ന്യൂസ്‌പേപ്പറുകളാണ് കൂടുതലും വാങ്ങുന്നത്. ചിലതൊക്കെ പേരിനു വാങ്ങുന്നതും ഉണ്ട്. അതൊന്നും നോക്കാൻ ആർക്കും സമയം കിട്ടില്ല. അത്രയും വർക്ക് ഉണ്ടാവും. ലൈബ്രറിയൊക്കെ ഉണ്ട്. ഞാൻ പക്ഷേ, വായിക്കുന്ന ഒരാളായിരുന്നില്ല.
സഭയിലായിരുന്നില്ലേ പരാതി ആദ്യം ഉന്നയിച്ചത്? ഇതിനിടയിൽ സഹോദരനെതിരെ കേസ് വന്നതെങ്ങനെയാണ്?
സഭയ്ക്കകത്താണ് ഞാൻ ആദ്യം ഇതിന്റെ കത്ത് കൊടുക്കുന്നത്. കത്ത് കൊടുത്തത് ബിഷപ്പ് ഫ്രാങ്കോ അറിഞ്ഞു. എന്നെ അതിൽനിന്നു പിന്തിരിപ്പിക്കാനാണ് സഹോദരനെതിരെ പരാതി നൽകിയത്. ബിഷപ്പ് ഫ്രാങ്കോ നാട്ടിൽ വരുമ്പോൾ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമമുണ്ട് എന്ന രീതിയിലായിരുന്നു പരാതി. എന്നെ പേടിപ്പിച്ച് പിന്മാറ്റാനായിരുന്നു അത്. അങ്ങനെയാണ് സഭയിൽ കൊടുത്ത കത്ത് ഞാൻ ആങ്ങളയുടെ കയ്യിൽ കൊടുക്കുന്നത്, പൊലീസുകാരെ കാണിക്കാൻ.
പൊലീസിനോട് സഭയിൽ നടന്ന കാര്യങ്ങൾ ആങ്ങള പറഞ്ഞിരുന്നു. അതിന് എന്താണ് തെളിവ് എന്നു പൊലീസുകാർ ചോദിച്ചപ്പോഴാണ് മുന്‍പേ കൊടുത്ത പരാതി പൊലീസിനു നൽകേണ്ടിവന്നത്. പിന്നീട് ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും ഒരു പരാതിയായി തന്നെ കൊടുക്കേണ്ടതുണ്ടെന്നും ഞങ്ങൾ തീരുമാനിക്കുകയും സഭയ്ക്കെഴുതിയ കത്ത് തന്നെ പരാതിയായി പൊലീസിനു നൽകുകയായിരുന്നു. സഹോദരനെതിരെ പരാതി കൊടുത്തതിനു പുറമെ കുടുംബം വഴി സമ്മർദത്തിലാക്കി പിന്മാറ്റാനും ശ്രമമുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ നിന്നുള്ള അച്ചന്മാർ ജലന്ധറിൽ വർക്ക് ചെയ്യുന്നുണ്ട്. ഞങ്ങളുടെ ബിഷപ്പിനെതിരെ അധികം കളിക്കേണ്ടെന്ന് എന്നോട് പറയാൻ ചേച്ചിയുടെ വീട്ടിൽ ചെന്ന് ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളാകെ ആവശ്യപ്പെട്ടത് ഞങ്ങളെ ബിഷപ്പ് ഫ്രാങ്കോയുടെ കീഴിൽനിന്നു മാറ്റണം എന്നു മാത്രമായിരുന്നു. ഞങ്ങളെ പരമാവധി ഉപദ്രവിച്ചു. ഇനി ഞങ്ങൾക്കു പറ്റില്ല. ജലന്ധർ രൂപതയുടെ കീഴിൽനിന്നും ഭഗൽപൂർ രൂപതയുടെ കീഴിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം. അപ്പോഴാണ് അവർ ഞങ്ങളെ അനുസരണ പഠിപ്പിച്ചത്. ഇങ്ങനെ പറ്റില്ല, കന്യാസ്ത്രീകൾ അനുസരണ പഠിക്കണം എന്നാണ്. പിന്നീടാണ് ഇത് പൊലീസിലേക്ക് പോയതും ഇത്ര പബ്ലിക്ക് ആയതും. ഇത്ര പബ്ലിക് ആകുമെന്നോ ഇതുപോലെ വലിയ കേസാവുമെന്നോ ഒന്നും ഞങ്ങൾ വിചാരിച്ചതല്ല. വന്നു കഴിഞ്ഞപ്പോൾപ്പിന്നെ നമ്മൾ അതിൽ ഉറച്ചുനിന്നു.
അധികാരികൾക്ക് കത്തെഴുതിയത് വലിയ ഷോക്കായി. apastolic nuncio തന്നെ വിളിച്ച് കറക്ഷൻ കൊടുത്തു എന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ 2018 ജനുവരിൽ കൊടുത്ത കത്ത് റിസീവ് ചെയ്തു എന്ന് എന്നെ അറിയിക്കുന്നത് 2020-ലാണ്. ഞാൻ എന്റെ സുപ്പീരിയറിനോട് ആ കത്തിന്റെ കോപ്പി ഒന്നു തരാമോ എന്ന ചോദിച്ചിരുന്നു. കാരണം ഞാൻ പരാതിപ്പെട്ടില്ല എന്നാണ് പൊതുവെ അറിയപ്പെട്ടത്. അതുകൊണ്ട് അത് എനിക്ക് കോടതിയിൽ കൊടുത്താൽ നന്നായിരിക്കും. പക്ഷേ, അവരത് തന്നില്ല. എനിക്ക് വലുത് സഭയാണ് എന്നാണ് പറഞ്ഞത്. ഒരു മെമ്പർ അല്ല വലുത് സഭയാണ് എന്നാണ്. അങ്ങനെ ഒത്തിരി പരിമിതികളുണ്ട്. നമുക്ക് ഒരു ഫയലോ ആവശ്യപ്പെടുന്ന രേഖകളോ ഒന്നും ഇവർ തരില്ല. നമ്മുടെ ഭാഗത്ത് ശരിയെന്ന് തോന്നുന്ന കേസിനെ സഹായിക്കുന്ന ഒരു രേഖകളും. പക്ഷേ, എന്റെ വിവരങ്ങളുള്ള ഫയലുകൾ, കത്തുകൾ എല്ലാം ബിഷപ്പ് ഫ്രാങ്കോയുടെ വക്കീലിന്റെ കയ്യിൽ ഞങ്ങളുടെ അധികാരികൾ കൊടുത്തു. അവർക്കത് കൊടുക്കും. ഞങ്ങളെ സംരക്ഷിക്കേണ്ടവർ ഞങ്ങളെ സംരക്ഷിച്ചില്ല.കേസിനെ
പിന്തുണച്ച മൂവാറ്റുപുഴ എഫ്.സി.സി കോൺവെന്റിലെ സിസ്റ്റർ ലിസി വടക്കേലിന്റെ ജീവിതം ഇപ്പോൾ എങ്ങനെയാണ്?
എന്റെ അനുഭവം ഞാനാദ്യമായി പറയുന്നത് സിസ്റ്റർ ലിസി വടക്കേലിനോടാണ്. ലിസിയമ്മ ഇപ്പോഴും പൊലീസ് പ്രൊട്ടക്ഷനിലാണ്. പൊലീസ് ചോദിച്ചപ്പോ ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നു, എന്നോട് പറഞ്ഞിരുന്നു എന്നു മാത്രമാണ് അവർ പറഞ്ഞത്. ഞാൻ എന്റെ വിഷമം പറഞ്ഞതായിരുന്നു അന്ന്. പൊലീസ് വരുമ്പോഴാണ് ഇതിനുമുന്‍പ് ഇക്കാര്യം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ, ആരോടാണ് ആദ്യം പറഞ്ഞത് എന്നൊക്കെ ചോദിക്കുന്നത്. അപ്പോഴാണ് അമ്മയുടെ പേര് ഞാൻ പറയുന്നത്. പൊലീസ് അതന്വേഷിച്ച് പോകും എന്നൊന്നും അറിയില്ലായിരുന്നു. പിന്നീടാണ് ഒന്നാം സാക്ഷി, രണ്ടാം സാക്ഷി എന്നൊക്കെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നത്. അവരുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ഞങ്ങൾക്കൊക്കെ കുറച്ചുകൂടി സ്വാതന്ത്ര്യം ഉണ്ട്. ഒരു ചെറിയ മുറിയിൽ പ്രാർത്ഥനയുമായി കഴിയുകയാണ് അവർ. പൊലീസുകാർ പ്രൊട്ടക്ഷനു പുറത്തുണ്ട്. പള്ളിയിലൊക്കെ പോകുമ്പോഴും പൊലീസുകാർ ഒപ്പമുണ്ടാകും. കൂടെയുള്ളവർ ഒന്നിനും കൂടെ കൂട്ടുകയോ സഹകരിക്കുകയോ ഇല്ല. ഭക്ഷണംപോലും വിളമ്പി ടേബിളിന്റെ ഒരു സൈഡിൽ വെക്കും. അതു കഴിച്ച് തിരിച്ച് റൂമിലേക്ക് വരും. ഞങ്ങൾക്ക് അതിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ട്. ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നതും ഒറ്റപ്പെട്ടിരിക്കുന്നതും ലിസിയമ്മയാണ്. എന്നാലും അമ്മ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഞാൻ പറഞ്ഞ കാര്യം പൊലീസ് ചോദിച്ചപ്പോൾ പറഞ്ഞു, അതിൽ കൂടുതൽ വേറെ ഒരു തെറ്റും അമ്മ ചെയ്തിട്ടില്ല.
അതിനെയൊന്നും ഇതുവരെ ആദ്യം ചോദ്യം ചെയ്തിട്ടില്ലേ?
ആര് ചോദ്യം ചെയ്യാൻ. ഒരു പിതാവിനെതിരെയാണോ ഇങ്ങനെ സംസാരിക്കുന്നത്, പിതാവിനെതിരെ ഇങ്ങനെ സംസാരിച്ചു എന്നറിഞ്ഞ കന്യാസ്ത്രീയെ എന്തുകൊണ്ട് ലിസി വെടിവെച്ചില്ല എന്നാണ് അവരുടെ സീനിയറായ ഒരു അമ്മ ലിസിയമ്മയോട് ചോദിച്ചത്. ബിഷപ്പിനെതിരെ നാവ് പൊക്കിയ കന്യാസ്ത്രീയെ വെടിവെക്കണമായിരുന്നു എന്നാണ്. അതാണ് ആളുകളുടെ മാനസികാവസ്ഥ. പിന്നെ എങ്ങനെ ശരിയാകാനാണ്. പൊതുസമൂഹത്തിലും കുറേ പേർ ഇതൊന്നും അംഗീകരിക്കില്ല. ‘മഠം ചാടി’ എന്നാണ് പറയുക. ഇതിനകത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ വീട്ടുകാർക്ക് ചെലപ്പോൾ ഇങ്ങോട്ട് പോന്നോട്ടെ എന്നു തോന്നും. പക്ഷേ, പൊതുസമൂഹം, പള്ളി, പള്ളി പരിസരം, ഇതൊക്കെ ഓർക്കുമ്പോൾ നമുക്കു തന്നെ തോന്നും എന്തിനാണ് വീട്ടുകാരെ വിഷമിക്കുന്നത് എന്ന്. എന്തിനാണ് അവരെ നാണം കെടുത്തുന്നത്, മതി, ഇതിൽത്തന്നെ അങ്ങ് നിന്നേക്കാം എന്ന് ഓർത്തുപോകും. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് കുറേ മാറാനുണ്ട്. കുറേ മാറിയിട്ടുണ്ട്. പക്ഷേ, ഇങ്ങനത്തെ കാര്യത്തിൽ കുറെയും കൂടി വ്യത്യാസം വരാനുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ കോൺഗ്രിഗേഷനിൽനിന്ന് ഈ കേസ് നടക്കുന്ന വർഷങ്ങളിൽ തന്നെ 23 പേർ സഭ വിട്ട് പോയിട്ടുണ്ട്. എന്തുകൊണ്ട് ഇത്ര പേർ സഭ വിട്ടുപോയി എന്ന് അന്വേഷിക്കണ്ടേ? നമുക്കു വിഷമം തോന്നേണ്ടതല്ലേ? പക്ഷേ, സഭയിലെ ആർക്കും ഒരു കുഴപ്പവുമില്ലല്ലോ. ഇങ്ങനെ വിട്ടുപോയവരുടെ കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അസുഖം വന്നാൽ ഒക്കെ ശാപം ആണ് എന്നു പറയും. അതാണ് നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നത്. അതുകൊണ്ട് കുറേ പേർക്ക് പോകാൻ പേടിയുണ്ട്.
ഇത്രയും പ്രശ്നങ്ങളുണ്ടായപ്പോൾ വിട്ടുപോകണം എന്നു സിസ്റ്റർക്ക് തോന്നിയിരുന്നോ?
ഞങ്ങൾ ആറ് പേരുണ്ടായതിൽ മൂന്നുപേരും പോയി. ഞങ്ങളെല്ലാവരും കൂടെയിരുന്ന് ചർച്ച ചെയ്താണ് അങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. കൂടെ ഉള്ളവരെ എത്രനാൾ എനിക്ക് സംരക്ഷിക്കാൻ പറ്റും എന്ന് ഉറപ്പുണ്ടായിരുന്നില്ല ആ സമയത്ത്. ഇവരൊക്കെ സെറ്റിലാവുക എന്നത് എന്റേയും കൂടി ആവശ്യമായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമൊന്നുമല്ല അത്. വളരെ നാൾ സംസാരിച്ചെടുത്ത തീരുമാനമായിരുന്നു. അവരെല്ലാവരും ഇപ്പോൾ സന്തോഷമായിട്ടിരിക്കുന്നു.
എനിക്കു പോകാൻ തോന്നിയില്ലേ എന്നു ചോദിച്ചാൽ, നമ്മൾ കണ്ട സ്വപ്നം ഇതാണല്ലോ. വേറൊരു സ്വപ്നമുണ്ടെങ്കിലല്ലേ ഒരു അവസരം വരുമ്പോൾ പോവേണ്ടതുള്ളൂ. ഞാൻ ആഗ്രഹിച്ചത് സന്ന്യാസത്തിൽത്തന്നെ നിൽക്കുക, ശുശ്രൂഷ ചെയ്യുക എന്നതൊക്കെയാണ്. അതിൽത്തന്നെ മുന്നോട്ട് പോകുന്നു. അതുകൊണ്ട് വേറൊരു തീരുമാനത്തിലേക്ക് ഇതുവരെ പോയിട്ടില്ല.
സഭയ്ക്കുള്ളിലെ ഈ ഒറ്റപ്പെടുത്തൽ ഒരുപാട് കാലം തുടരാൻ പറ്റുമോ?
അവർക്ക് ഏതു നിമിഷവും എന്തു തീരുമാനവും എടുക്കാൻ പറ്റും. 2023 മുതൽ ഇന്നുവരെ നമുക്കു മുന്നോട്ട് പോകാൻ പറ്റിയെങ്കിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയും. അതുകൊണ്ട് തന്നെ അവരുടെ തീരുമാനം എന്തായാലും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവർ ഞങ്ങളെ എന്നു തിരിച്ചുവിളിക്കും എന്നു പരിഗണിക്കും എന്നു ഭക്ഷണം തരും എന്നതൊന്നും ചിന്തിക്കുന്നതേയില്ല. എതൊരു സ്ത്രീയേയുംപോലെ ഏതൊരു വീട്ടമ്മയേയുംപോലെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, മുന്നോട്ട് പോകുന്നു. ഈ അടുത്തൊന്നും ഞങ്ങൾ സഭയിൽ പരാതി കൊടുത്തിട്ടില്ല. ഇത്രനാളും കൊടുത്തിട്ടും കാര്യണ്ടായില്ല, പിന്നെന്തിനു സമയം കളയണം. എന്തിനു നമ്മുടെ മനഃസമാധാനം കെടുത്തണം. ആ സമയവും നമുക്കു വേണ്ട കാര്യങ്ങൾ ചെയ്യാം, അത്രയേ ഉള്ളൂ.
പുറത്തേയ്ക്കു വരാനും സംസാരിക്കാനും ഒരുപാട് വർഷമെടുത്തു?
ആക്ച്വലി എനിക്ക് പുറത്തേയ്ക്ക് വരണമെന്നോ ആളുകളോട് സംസാരിക്കണമെന്നോ ഒന്നുമുണ്ടായിരുന്നില്ല. എവിടെയെങ്കിലും ഒതുങ്ങി, തയ്യലൊക്കെ ചെയ്ത്, കൃഷിപ്പണിയൊക്കെ ചെയ്ത് സ്വൈര്യമായി ജീവിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. പുറത്തുവന്നത് എന്നെ സപ്പോർട്ട് ചെയ്ത മനുഷ്യരെ ഓർത്താണ്. എന്നെ കരുതുന്ന മനുഷ്യരുണ്ട്. അവർക്കുവേണ്ടിയാണ് ഞാൻ പുറത്തേയ്ക്കു വന്നത്. ഞാൻ ഇവിടെയുണ്ട്, നിങ്ങൾ പ്രാർത്ഥിച്ച, സഹായിച്ച ഞാൻ ഇവിടെ ഉണ്ട് എന്നു പറയാൻ. കേസ് നിർത്തി ഞാൻ എവിടെയും പോയിട്ടില്ല എന്നു ബോധ്യപ്പെടുത്താനാണ്. ഈ സിസ്റ്റേർസ് ഉണ്ടോ ഇപ്പോൾ എന്ന് ആലോചിക്കുന്നവരുണ്ട്. ആ പൊതുസമൂഹത്തിനോട് ഞങ്ങളിപ്പോഴും ഉണ്ടെന്നും നിങ്ങളുടെ പലരുടേയും കൈത്താങ്ങ് മൂലമാണ് ഞാനിപ്പോഴും സന്തോഷത്തിലും സമാധാനത്തിലും പോകുന്നത് എന്നും പറയാൻ കൂടിയാണ് പുറത്തേയ്ക്ക് വന്നത്. ഇല്ലെങ്കിൽ ഞാൻ വരികയേ ഇല്ലായിരുന്നു. അത്രയും നല്ല മനുഷ്യരുടെ പ്രയത്നം ഉണ്ടായിരുന്നു ഞങ്ങളുടെ കാര്യത്തിൽ.
ഞാൻ തലയുയർത്തി നിൽക്കുന്നത് തന്നെ ഇതിനുള്ളിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇനിയപ്പോ ഞങ്ങളുടെ സുപ്രീം അതോറിറ്റി എന്തുപറയുന്നു എന്നു നോക്കി മുന്നോട്ട് പോകേണ്ട കാര്യമില്ല. ഒരുകാലമുണ്ടായിരുന്നു, അടിമയായി അവർക്കുവേണ്ടി ജീവിച്ചു. ഇനി അങ്ങനെ അടിമയായി ജീവിക്കാനില്ല.
കണ്ണീര് തുടച്ചുകൊണ്ടും വാക്കുകളിടറിക്കൊണ്ടുമാണ് സിസ്റ്റർ റാണിറ്റ് സംസാരിച്ചതത്രയും. ആത്മവിശ്വാസത്തോടെ പോരാടുമ്പോഴും കൂടെ ഉണ്ടായിരുന്നവരും കൂടെ ജീവിച്ചവരും കൂടെ വളർന്നവരും ഒറ്റപ്പെടുത്തിയതിന്റേയും അവഗണിച്ചതിന്റേയും ഉപേക്ഷിച്ചതിന്റേയും നീറ്റൽ അവരുടെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടില്ല. ഓരോ കാര്യം പറയുമ്പോഴും ഒരായിരം കാര്യം മനസ്സിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് കരഞ്ഞുപോകുന്നത് എന്ന് അവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates