Bindu
BinduGoogle

എല്ലാം പൊലീസ് തിരക്കഥ കണ്ണീരില്‍ തിളങ്ങിയ സത്യം

തിരുവനന്തപുരം പേരൂർക്കട പൊലീസ് കള്ളക്കേസിൽപ്പെടുത്തി കസ്റ്റഡിയിൽവെച്ച് അപമാനിച്ച ദളിത് സ്ത്രീ ബിന്ദു അനുഭവിച്ചതിന്റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലുണ്ട്
Published on

പേരൂർക്കട പൊലീസ് സ്റ്റേഷനിൽനിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൊന്നിൽനിന്നുതന്നെ ഇതു കേരളം വായിച്ചു തുടങ്ങണം.

എന്തുകൊണ്ടെന്നാൽ, കേരള പൊലീസ് ഇപ്പോഴും മാറിയിട്ടില്ല എന്നതിന് സംസാരിക്കുന്ന തെളിവാണത്.

ജോലിചെയ്ത് ഭർത്താവും കൗമാരക്കാരായ രണ്ടു പെൺമക്കളുമായി സ്വസ്ഥമായി ജീവിച്ച ബിന്ദു എന്ന ദളിത് സ്ത്രീക്ക് കഴിഞ്ഞ ഏപ്രിൽ 23-നും 24-നും ഈ സ്റ്റേഷനിൽനിന്നുണ്ടായ മോശം അനുഭവങ്ങൾ മാത്രം മതി മാറാൻ തയ്യാറാകാത്ത പൊലീസിന്റെ നേർചിത്രം കാണാൻ. അതിനെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് യഥാർത്ഥത്തിൽ ഒരു കൈപുസ്തകം തന്നെയാണ്; നിയമപാലകർ എങ്ങനെയാകരുത് എന്നതിന്റെ കൈപുസ്തകം.

Image of report
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു ഡി.ഐ.ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ ആമുഖംSamakalika Malayalam

ഏപ്രിൽ 23 വൈകുന്നേരം 4.13-ന് എസ്‌.ഐ എസ്.ജി. പ്രസാദിന്റെ മുറിയിലേക്ക് ബിന്ദു കയറിവരുന്നതിന്റെ സി.സി.ടി.വി ദൃശ്യത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്: “അവർ ഇരിക്കാൻ തുടങ്ങുമ്പോൾ പ്രസാദ് അനുവദിക്കുന്നില്ല; അങ്ങോട്ട് മാറിനിൽക്ക്” എന്നു പറയുന്നു. ബിന്ദു മാല കട്ടെടുത്തു എന്ന് പരാതി കൊടുത്ത ഓമനാ ഡാനിയേലും മുറിയിലുണ്ട്. “നീ ഇവരുടെ മാല എടുത്തിട്ടുണ്ടോ?” എന്നു ചോദിക്കുന്നു, “അയ്യോ, ഞാനെടുത്തിട്ടില്ല” എന്ന് ബിന്ദു പറയുന്നു. എ.എസ്‌.ഐ സജീദ് എ.കെ., പൊലീസുകാരായ രാജീവ് എം.എസ്., ഓമനയുടെ മകൾ നിധി എന്നിവർ മുറിയിലേയ്ക്കു വരുന്നു. എസ്‌.ഐ പ്രസാദ് ചോദ്യം ആവർത്തിക്കുമ്പോൾ “മാല ഞാൻ എടുത്തിട്ടില്ല സാറേ” എന്ന് ബിന്ദു പറയുന്നത് തൊഴുതുകൊണ്ടാണ്.

ഓമനയേയും നിധിയേയും പുറത്തിറക്കിയിട്ട് സജീദ് ബിന്ദുവിന്റെ കയ്യിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പ്രസാദിനു കൊടുക്കുന്നു. പ്രസാദ് ഫോൺ പരിശോധിക്കുമ്പോൾ സജീദ് ബിന്ദുവിനെ ചോദ്യം ചെയ്യുന്നു. കസേരയിൽ ഇരിക്കാൻ ബിന്ദു വീണ്ടുമൊന്നു ശ്രമിക്കുന്നു. അതനുവദിക്കാതെ, മാറിനിൽക്കാൻ പറഞ്ഞിട്ട് പ്രസാദ് അവരെ ഭീഷണിപ്പെടുത്തുകയാണ്: “നീ സത്യം പറഞ്ഞില്ലെങ്കിൽ കേസെടുത്തു നിന്നെ റിമാൻഡ് ചെയ്യും.” അപ്പോഴും “മാലയെടുത്തിട്ടില്ല സാറേ” എന്ന് പറയുന്നത് കൈകൂപ്പി തൊഴുതുകൊണ്ടാണ്. അതുകഴിഞ്ഞ് എസ്‌.സി.പി.ഒ ഷാജിറ ബീഗം വന്ന് ബിന്ദുവിനെ ‘ക്രൈം റൂമി’ലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നു.

അവിടെ ഷാജിറാ ബീഗത്തിന്റെ ചോദ്യം ചെയ്യലും വിരട്ടലും: “മാല എടുത്തിട്ടില്ലെങ്കിൽ സത്യം പറയണം; ഇല്ലെങ്കിൽ അകത്തുപോകും.” അവരോടും ബിന്ദു ആവർത്തിക്കുന്നു: “മാല എടുത്തിട്ടില്ല സാറേ.” അവിടെനിന്ന് ക്രൈം റൂമിനു പുറത്തുള്ള ബെഞ്ചിൽ ബിന്ദുവിനെ കൊണ്ടിരുത്തുമ്പോഴും ഷാജിറ ഭീഷണി തുടരുന്നുണ്ട്: “റിമാന്റ് ചെയ്താൽ നീ അകത്തുപോകും.” അവിടെ രണ്ടു മിനിറ്റു പോലും ഇരുത്തുന്നില്ല. ക്രൈം റൂമിലേക്കു തിരിച്ചുകൊണ്ടുപോയി എസ്‌.സി.പി.ഒ നൗഫൽ റഷീദിന്റെ ചോദ്യം ചെയ്യൽ; ‘മാല എടുത്തിട്ടില്ല എന്ന നിരപരാധിത്വം’ ബിന്ദു ആവർത്തിക്കുന്നു.

പിന്നെ കാണുന്നത് ഷാജിറാ ബീഗം ബിന്ദുവിനെ ബെഞ്ചിൽ കൊണ്ടിരുത്തുന്നതും ദേഹപരിശോധന നടത്തുന്നതിന് വനിതാ പൊലീസുകാരുടെ റെസ്റ്റ്റൂമിലേക്കു കൊണ്ടുപോകുന്നതുമാണ്. ബാഗ് മാത്രമല്ല, ചുരിദാറിന്റെ ടോപ് വരെ ഊരി പരിശോധിച്ചതിനെക്കുറിച്ച് വിശദമായ മൊഴിയിൽ ബിന്ദു ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ മാല എടുത്തെങ്കിൽ തിരിച്ചു കൊടുക്കെടീ” എന്ന് അവരിൽ ചുരിദാർ ഇട്ട പൊലീസുകാരി പറഞ്ഞു. മാല എടുത്തിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ പൊലീസുകാരിയുടെ പ്രതികരണം ഇങ്ങനെ: “വീട്ടുജോലിക്കു പോയിട്ട് സ്വർണം മോഷ്ടിക്കാൻ നടക്കുകയാണ്. ഇങ്ങനേയും കുറേ അവളുമാർ ഇറങ്ങിയിട്ടുണ്ട്.” പരിശോധന കഴിഞ്ഞ് ഷാജിറാ ബീഗവും നൗഫൽ റഷീദും ചേർന്ന് അരമണിക്കൂറോളം ചോദ്യം ചെയ്യുന്നു. എന്നിട്ട് പി.ആർ.ഒയുടെ മേശയ്ക്കു മുന്നിൽ കൊണ്ടിരുത്തുമ്പോൾ ഷാജിറാ ബീഗം പറയുന്നുണ്ട്: “ക്യാമറയുടെ മുന്നിൽ ഇരിക്കണ്ട.”

Image of Report
ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ ആദ്യ പേജ്Samakalika Malayalam

ആരുണ്ടിവിടെ ചോദിക്കാൻ?

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ഐ.ജിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കിയത്. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുനിന്നായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥൻ എന്നു നിർദേശമുണ്ടായിരുന്നതുകൊണ്ട് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ. വിദ്യാധരനായിരുന്നു ചുമതല. മുകളിൽ പറഞ്ഞ കാഴ്ചകളിലും വർത്തമാനങ്ങളിലും തീരുന്നില്ല അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ബിന്ദുവിനെ അപമാനിച്ചു ചവിട്ടിത്തേയ്ക്കുന്ന വിധമുള്ള തെറിവാക്കുകൾ, കിടക്കാനോ ഉറങ്ങാനോ സമ്മതിക്കാത്തത്, കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കക്കൂസ് ബക്കറ്റിൽനിന്ന് എടുത്തു കുടിക്കാൻ പറഞ്ഞു എന്ന വെളിപ്പെടുത്തൽ, പിറ്റേന്നു രാവിലെ പരാതിക്കാരുടെ വീട്ടിൽനിന്ന് അവർതന്നെ മാല കണ്ടെടുത്തപ്പോൾ അത് ബിന്ദുവിനെ അറിയിക്കാതെ പൊലീസും കൂടിച്ചേർന്നു 2000 രൂപ കൊടുത്ത് ബിന്ദുവിനെ പറഞ്ഞുവിടുന്നത്, അപ്പോഴും ഇനി നിന്നെ ഇനി ഈ ഭാഗത്തു കണ്ടുപോകരുത് എന്ന് നിരവധിയാളുകൾക്കു മുന്നിൽ വെച്ച് എസ്‌.ഐ പ്രസാദ് ആക്രോശിക്കുന്നത്, ഭാര്യയെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ഒരു കേസിലുമില്ലാത്ത പ്രദീപിനോട്: “നിന്റെ പേരിൽ എത്ര കേസുണ്ടെടാ?” എന്ന എസ്‌.ഐ പ്രസാദിന്റെ പുച്ഛത്തിലുള്ള ചോദ്യം തുടങ്ങി, പണവും അധികാരകേന്ദ്രങ്ങളിൽ സ്വാധീനവുമില്ലാത്ത പാവങ്ങളോട് മനുഷ്യത്വവും മനുഷ്യാവകാശബോധവും മാത്രമല്ല, സാമാന്യനീതിയും മര്യാദയും പോലുമില്ലാതെ പൊലീസ് പെരുമാറുന്നതും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ കണ്ണിലൂടെ കാണുകയും കേൾക്കുകയും ചെയ്യാം, കേരളത്തിന്.

ചേർത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. പൊലീസിനോടു മാത്രമല്ല, ഓമനാ ഡാനിയേലിനോടും കുടുംബത്തോടും ബിന്ദു നിരപരാധിത്വം കരഞ്ഞു പറയുകയും കാലുപിടിക്കാൻ പോലും തയ്യാറാവുകയും ചെയ്തിരുന്നു. പക്ഷേ, പാവപ്പെട്ട ഒരു ദളിത് സ്ത്രീയുടെ വാക്കുകൾക്കും നിരപരാധിത്വത്തിനും ആ സ്ത്രീകളും വില കൊടുത്തില്ല. ബിന്ദു മാല കട്ടെടുത്തു എന്നുറപ്പിച്ചു തന്നെയാണ് ഓമനയും മക്കൾ നിഷയും നിധിയും സംസാരിച്ചത്. ബിന്ദുവിന്റെ മൊഴിയിൽ അറിയാം അവരുടെ നിസ്സഹായതയുടെ ആ നേരത്തെ ആഴം. “മാല എടുത്തിട്ടില്ലെന്ന് ഓമനാ ഡാനിയേലിനോടും മകളോടും കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ, നീ മാത്രമാണ് വീട്ടിൽ വന്നത്, വേറെയാരും വന്നില്ല, നീയാണ് മാല എടുത്തത് എന്നായിരുന്നു മകളുടെ മറുപടി. മാല എടുത്തിട്ടില്ലെന്നു കരഞ്ഞു പറയുമ്പോൾ നീ തന്നെയാണ് എടുത്തതെന്ന് അവർ ആവർത്തിച്ചു കൊണ്ടിരുന്നു. ഓമനാ ഡാനിയേലിന്റെ കാല് പിടിച്ചുകൊണ്ട് മാല എടുത്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ എന്റെ കാല് പിടിക്കേണ്ട, മാല തന്നാൽ മതി എന്നായിരുന്നു പ്രതികരണം. നിന്റെ വീട്ടിൽ മാലയുണ്ട് എന്ന് അമ്മയും മകളും പറഞ്ഞുകൊണ്ടിരുന്നു.”

ഒടുവിൽ, മാല സ്വന്തം വീട്ടിൽനിന്നുതന്നെ തിരിച്ചുകിട്ടിയപ്പോൾ, ഇതിനെല്ലാം ചേർത്ത് ഓമനാ ഡാനിയേലും കുടുംബവും പൊലീസും കൂടി ഓമനയ്ക്ക് ഇട്ട വില എത്രയാണെന്നു കൂടിയുണ്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ; 200 രൂപ. “24.4.2025 12.20 മണിയോടുകൂടി ഓമനാ ഡാനിയേൽ പ്രസാദിന്റെ മുറിയിൽ വച്ച് ബിന്ദുവിന് ശമ്പളമായി 1800 രൂപയും അധികമായി 200 രൂപയും ചേർത്ത് 2000 രൂപ നൽകിയിട്ടുള്ളതാണ്. ആ സമയത്ത് ഓമനാ ഡാനിയേലോ നിധി ഡാനിയേലോ പ്രസാദോ മാല തിരികെ കിട്ടിയതായോ ബിന്ദുവിനെതിരെ കേസെടുത്തിട്ടുള്ളതായോ ബിന്ദുവിനോട് പറഞ്ഞിട്ടില്ലാത്തതാകുന്നു” എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

എന്നുവച്ചാൽ, പരാതിക്കാരിയും കുടുംബവും പൊലീസും ചേർന്ന് കള്ളിയാക്കാൻ ശ്രമിച്ച ബിന്ദു ഇക്കാര്യത്തിൽ പൂർണ നിരപരാധിയാണെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അവരെ പ്രതിസ്ഥാനത്തുതന്നെ നിലനിർത്തി, നക്കാപ്പിച്ചക്കാശ് കൊടുത്ത് പറഞ്ഞയയ്ക്കുന്നു.

കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി അന്വേഷിച്ചു മനസ്സിലാക്കിയ ക്രൈംബ്രാഞ്ചിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഓമനാ ഡാനിയേലിനേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കൂട്ടുപ്രതികൾ പൊലീസുകാരാണ്. സസ്‌പെൻഷനിലുള്ള എസ്‌.ഐ എസ്.ജി. പ്രസാദ്, സസ്‌പെൻഷനിലുള്ള എ.എസ്‌.ഐ കെ.എസ്. പ്രസന്നകുമാർ, ഓമന എന്നിവർക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 54, 79, 198, 201, 227, 296 (ബി), 351(2), 127 എന്നീ വകുപ്പുകളും പട്ടികജാതി, വർഗങ്ങൾക്കെതിരായ അതിക്രമ പ്രതിരോധ നിയമത്തിലെ 3(1), പി (ആർ) വകുപ്പും പ്രകാരം ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ശുപാർശ. അതു പ്രകാരമുള്ള കേസാണ് എടുത്തത്.

പ്രസാദ്, പ്രസന്നകുമാർ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന, കോഴിക്കോട് മാവൂർ സ്റ്റേഷനിലേക്കു മാറ്റിയ ആർ. ശിവകുമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടികളും ശുപാർശയിലുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തിലേക്കു മാറ്റിയ എസ്‌.സി.പി.ഒ സജീവ് എം.എസ്, വനിത സി.പി.ഒ സായിപ്രിയ വി.ആർ., വനിതാ എസ്‌.സി.പി.ഒമാരായ ഷാജീറാ ബീഗം, സഫീലാ ബീവി, ഗ്രേഡ് എസ്‌.ഐ എഡ്വിൻ ജി., ഗ്രേഡ് എ.എസ്‌.ഐ സജീദ് എ.കെ. എന്നിവർ ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും തുടർന്നുള്ള ഔദ്യോഗിക ജോലിയിൽ കുറ്റമറ്റ ജാഗ്രത പുലർത്താനും ഇവർക്കു കർശന നിർദേശം നൽകണം. നിയമപരമായും വകുപ്പുതലത്തിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികളെടുത്തുവെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു നടപടികളും തുടങ്ങിയതായും അറിയിച്ചാണ് മനുഷ്യാവകാശ കമ്മിഷന് ജില്ലാ പൊലീസ് മേധാവി കൂടിയായ ഡി.ഐ.ജി ഈ റിപ്പോർട്ട് സമർപ്പിച്ചത്. തുടർനടപടികളിൽ കേരളത്തിന് ആകാംക്ഷയുണ്ട്.

ഇടപെടലുകൾ

നിയമവിരുദ്ധ കസ്റ്റഡിയും മാനസിക പീഡനങ്ങളും കള്ളക്കേസും ഉൾപ്പെടെ പുറത്തുവന്നത് കഴിഞ്ഞ മെയ് 19-നാണ്. അന്നുതന്നെ, ഡി.വൈ.എസ്.പി, അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായിരിക്കണം അന്വേഷിക്കേണ്ടത് എന്നും ജില്ലാ പൊലീസ് മേധാവി ദക്ഷിണ മേഖലാ ഐ.ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. പൊലീസ് പീഡനത്തിന് ഇരയായ ബിന്ദുവിന്റെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജെ. സന്ധ്യയുടെ സാന്നിധ്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ബിന്ദുവിന്റെ മൊഴി എടുത്തത്.

ബിന്ദു പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്തെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും ജനറൽ ഡയറി (ജി.ഡി), എഫ്.ഐ.ആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണമെന്നും നിർദേശിച്ചിരുന്നു. മോഷണക്കേസിലെടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിനു കൈമാറണം. ഇര ദളിത് വിഭാഗത്തിലുള്ളതിനാൽ എസ്.സി., എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തണം. അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, ഔദ്യോഗിക, വീട്ടു മേൽവിലാസങ്ങൾ എന്നിവയും ഇരയുടെ മേൽവിലാസവും കമ്മിഷനെ അറിയിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവി തന്റെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം കമ്മിഷനു സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം.

ജോലിക്കു നിന്ന വീട്ടിൽനിന്നും മാല കാണാതെപോയെന്ന കേസിൽ ഇരയാക്കപ്പെട്ട തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഈ മാസം 15-ന് ബിന്ദു മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തുടർന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവരെ ഔദ്യോഗിക എതിർകക്ഷികളായും എസ്.ഐ പ്രസാദിനേയും എ.എസ്.ഐ പ്രസന്നകുമാറിനേയും കണ്ടസ്റ്റിംഗ് റെസ്‌പോണ്ടന്റുമാരായും കമ്മിഷൻ തീരുമാനിച്ചു. ഇവർ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

കമ്മിഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, ഔദ്യോഗിക, വീട്ടു മേൽവിലാസങ്ങൾ എന്നിവ ഉൾപ്പെടെ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

സ്വയം സാക്ഷിപറയുന്ന ദൃശ്യങ്ങൾ

രണ്ടര പവന്റെ മാല നഷ്ടപ്പെട്ടു എന്ന് കുടപ്പനക്കുന്ന്, ഭഗവതി നഗർ, ബി.എൻ.ആർ.എ 117 ബഥേൽ വീട്ടിൽ ഓമനാ ഡാനിയേൽ പരാതി നൽകുന്നത് ഏപ്രിൽ 23-നാണ്. ഈ പരാതിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലെ തെളിവുരേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പെറ്റീഷൻ നമ്പറോ പരാതി അന്വേഷിക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയത് എന്നോ രേഖപ്പെടുത്തിയിട്ടില്ല എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നു മാത്രമല്ല, പരാതിക്കാരിയുടെ ഒപ്പു പോലുമില്ലാത്തതാണ് പരാതി. ക്രൈം നമ്പർ 571/2025 ആയി കേസെടുത്ത ശേഷം, ബിന്ദു നിരപരാധിയാണെന്ന് ‘കണ്ടെത്തി’യതിനെക്കുറിച്ചും കോടതിയെ അറിയിച്ച് കേസ് എഴുതിത്തള്ളാൻ നടപടികൾ സ്വീകരിച്ചതിനെക്കുറിച്ചും കേസ് ഡയറിയിൽ എഴുതിയിരിക്കുന്നത് റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. പേരൂർക്കട പൊലീസിന്റെ കള്ളക്കളികളുടേയും വിവരങ്ങൾ കെട്ടിച്ചമച്ചതിന്റേയും ഒന്നാന്തരം തെളിവാണത്. അന്വേഷണോദ്യോഗസ്ഥനായ എസ്‌.ഐ പ്രസാദ് പേരൂർക്കട, കുടപ്പനക്കുന്ന് എന്നീ സ്ഥലങ്ങളിൽ സഞ്ചരിച്ച് അന്വേഷണം നടത്തി, പരാതിക്കാരി(പൊലീസ് ഭാഷയിൽ ആവലാതിക്കാരി)യുടെ മാല പരാതിക്കാരിയുടെ വീട്ടിൽനിന്നു കിട്ടി, തെറ്റിദ്ധാരണയിലാണ് പരാതി നൽകിയതെന്നും പ്രതിസ്ഥാനത്തുള്ള ബിന്ദു നിരപരാധിയാണെന്നും സ്വമേധയാ പരാതിക്കാരി എഴുതി നൽകി, അതുകൊണ്ട് ഈ കേസിൽ തുടർനടപടി ആവശ്യമില്ലെന്നു കണ്ടു. കേസ് പിൻവലിക്കുന്നതിന് ഫർതർ ആക്ഷൻ ഡ്രോപ് റിപ്പോർട്ട് തയ്യാറാക്കി കോടതിക്കു സമർപ്പിക്കുന്നതിനെക്കുറിച്ചുമുണ്ട് കേസ് ഡയറിയിൽ.

ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ ഭാഗമാക്കിയ മറ്റു വിവിധ തെളിവുരേഖകളിൽ പറയുന്ന കാര്യങ്ങളും വ്യക്തമാക്കുന്നത് മാല മോഷണക്കേസിൽ ആരുടെയൊക്കെയോ താല്പര്യപ്രകാരം ചാടിക്കയറി കേസെടുത്ത് ഒരന്വേഷണവും നടത്താതെ ബിന്ദുവിനെ പ്രതിയാക്കി എന്നാണ്. മാല കാണുന്നില്ലെന്നറിഞ്ഞ് ഓമനയുടെ മകൾ ബിന്ദുവിനെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാതിരുന്നതു മുതൽ അവരെ സംശയിച്ചു, പൊലീസിനോടു പരാതിപ്പെട്ടു. പരാതിയെത്തുടർന്ന് സ്റ്റേഷനിൽനിന്നു വിളിച്ച പിറകെ ബിന്ദു തിരിച്ചു വിളിച്ചെന്നും താനിപ്പോൾ കവടിയാറിലുണ്ട് കൂടെ വന്നാൽ വീട്ടിൽ പോയി മാല എടുത്തു തരാമെന്നും മകളോടു പറഞ്ഞതായാണ് ഓമനയുടെ മൊഴിയായി കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മകളും ബന്ധുക്കളും കൂടി കാറിൽ ബിന്ദുവിന്റെ വീട്ടിൽ പോയി. പക്ഷേ, ബിന്ദു ഭർത്താവിനേയും ബന്ധുക്കളേയും കൂട്ടി അവരെ ആക്രമിക്കാൻ ചെന്നത്രേ. എന്നാൽ, ഓമനയുടെ മൊഴിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ പറയുന്നത് മകൾ ബിന്ദുവിന്റെ വീട്ടിൽ പോയപ്പോൾ ബിന്ദുവും അയൽക്കാരും കൂടി ബഹളം വെച്ചെന്നും മകൾ തിരിച്ചു പോയെന്നുമാണ്. ആക്രമിക്കാൻ ചെന്നു എന്ന് അതിൽ ഇല്ല. ബിന്ദു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഓമനയോ മകളോ തന്റെ വീട്ടിൽ വന്നിട്ടേയില്ല. ഓമനയുടേയും മകളുടേയും ആ മൊഴി പൊലീസിനുവേണ്ടി അവർ പറഞ്ഞ കള്ളമായിരുന്നു. അത് പിന്നീട് നിധി ഡാനിയേൽ തന്നെ ക്രൈംബ്രാഞ്ചിനോടു സമ്മതിക്കുകയും ചെയ്തു.

വീടിന്റെ പുറത്ത് ചവറും മറ്റും ഇടുന്ന സ്ഥലത്ത് താനും മകളും കൂടി പരിശോധന നടത്തിയപ്പോൾ മാല കിട്ടി എന്ന് ഓമന പറഞ്ഞതായി പൊലീസ് കേസ് ഡയറിയിൽ പറയുന്നുണ്ട്. “മാല തിരിച്ചുകിട്ടിയതുകൊണ്ടും ബിന്ദു എടുത്തിട്ടില്ലാത്തതുകൊണ്ടും ബിന്ദു മോഷ്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയതുകൊണ്ടും കേസിൽ മേൽനടപടികൾ ആവശ്യമില്ല.” എന്നാൽ, സഹപ്രവർത്തകരോട് എസ്‌.ഐ പ്രസാദ് പറയുന്നതായി ദൃശ്യത്തിലുള്ളത് അവരുടെ വീട്ടിലെ സോഫക്കടിയിൽനിന്നു മാല കിട്ടി എന്നാണ്. എസ്.ഐ പ്രസാദ് പേരൂർക്കടയിലും കുടപ്പനക്കുന്നിലും സഞ്ചരിച്ച് അന്വേഷണം നടത്തിയ പൊലീസ് കഥ ഓമനയുടെ വിശദീകരണത്തിൽ ഇല്ല.

ബിന്ദുവിന്റെ ‘കുറ്റസമ്മത മൊഴി’യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്റ്റേഷനിൽനിന്ന് ക്രൈംബ്രാഞ്ചിനു കിട്ടി. “ഓമനാ ഡാനിയേലിന്റെ പില്ലോയുടെ അടിയിലായി സൂക്ഷിച്ചിരുന്ന സ്വർണമാല ഏപ്രിൽ 19-നു താൻ എടുത്തു, വീട്ടിൽ ഒരു സ്ഥലത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്, തന്നെ കൂട്ടിക്കൊണ്ടുപോയാൽ എടുത്തു തരാം” എന്നാണ് പറയുന്നത്. പക്ഷേ, അതിൽ എസ്‌.ഐയുടെ ഒപ്പ് ഉണ്ടായിരുന്നില്ല.

ഗ്രേഡ് എ.എസ്‌.ഐ സജീദ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ സഫീല ബീവി എന്നിവർ പി.ആർ.ഒയുടെ മേശയുടെ മുന്‍പിലിരിക്കുന്ന ബിന്ദുവിനെ ചോദ്യം ചെയ്യുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. നുണകൾ സത്യംപോലെ പറഞ്ഞ് ബിന്ദുവിനെ മാനസിക സമ്മർദത്തിലാക്കുന്നതിനുള്ള ശ്രമം ഇരുവരുടേയും വാക്കുകളിൽനിന്നു മനസ്സിലാകും. “നീ എവിടൊക്കെ പോയി എന്നും എന്തെല്ലാമാണ് ചെയ്തതെന്നും അറിയാം” എന്ന് സജീദ്; “നീ മാലയെടുത്തത് പറഞ്ഞില്ലെങ്കിൽ ജയിലിൽ ഇടുമെന്ന്” സഫീല ബീവി. ഈ ദൃശ്യത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്ന അടുത്ത വരി പ്രധാനമാണ്: “ആ സമയം ധാരാളം പൊതുജനങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നു. അവരെല്ലാം ബിന്ദുവിനെ നോക്കുന്നുമുണ്ടായിരുന്നു.”

അതുകഴിഞ്ഞ് എസ്‌.ഐയുടെ മുറിക്കു പുറത്തുനിന്ന് ബിന്ദുവുമായും മകൾ നിഷയുമായും സംസാരിച്ച ഓമന കൂടെക്കൂടെ എസ്‌.ഐയുടെ മുറിയിലേക്കു പോകുന്നുണ്ട്. ബിന്ദു മാലയെടുത്തു എന്ന് ഷാജിറാ ബീഗത്തോടും നൗഫലിനോടും അവർ പറയുന്നു. അതുകഴിഞ്ഞ് എസ്‌.ഐ പ്രസാദ് ബിന്ദുവിനെ മുറിയിലേക്കു വിളിച്ചു. നേരത്തെ നിരവധി ആളുകൾ നോക്കിനിൽക്കെ, ബിന്ദുവിനെ വിരട്ടിയ സഫീല ബീവിയുടേയും സാജിദിന്റേയും മേലുദ്യോഗസ്ഥനായ പ്രസാദ് മുറിക്കുള്ളിൽവെച്ച് പറയുന്ന വാക്കുകൾ ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ എത്രത്തോളം മുറിവേല്പിക്കാമോ അത്രയ്ക്കും മുറിവേലപിക്കാൻ പോന്നതായിരുന്നു. ആ പച്ചത്തെറികൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല. റിപ്പോർട്ടിന്റെ 11-ാം പേജ് രണ്ടാമത്തെ പാരഗ്രാഫിന്റെ ഉള്ളടക്കം അത്ര മോശമാണ്. എസ്‌.സി.പി.ഒ രാജീവ് എം.എസ്. ആ സമയം സമീപത്തുണ്ട്. ഇപ്പോൾ ശ്രീപത്മനാഭനു കാവൽനിൽക്കുന്ന അതേ രാജീവ്.

അതിനു പിറകേ, നൗഫലും എസ്‌.സി.പി.ഒ ശരത്ചന്ദ്രനും സഫീല ബീവിയും ഷാജിറാ ബീഗവും ബിന്ദുവുമായി ‘മാല എടുക്കാൻ’ ബിന്ദുവിന്റെ വീട്ടിലേക്കു പോകുന്നു. കെ.എൽ 01 സി.ജി. 6352 കാറിലാണ് യാത്ര; അത് പൊലീസ് വാഹനമല്ല, പരാതിക്കാരിയുടേതാണ്. ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞ് അവർ ബിന്ദുവുമായി തിരിച്ചെത്തി. അപ്പോൾ ജി.ഡി ചാർജിലുണ്ടായിരുന്നത് ഗ്രേഡ് എ.എസ്‌.ഐ പ്രസന്നകുമാറാണ്. പൊലീസുകാർക്കൊപ്പം തിരിച്ചു കയറി വരുന്ന ബിന്ദുവിനെ നോക്കി അയാൾ പരിഹാസത്തോടെ പാടുന്നു: “മുത്തേ മുത്തേ ചക്കര മുത്തേ...” അടുത്തത് ഷാജീറാ ബീഗം. മോഷ്ടിക്കാത്ത തൊണ്ടിമുതൽ ബിന്ദുവിന്റെ വീട്ടിൽനിന്നു കണ്ടെടുക്കാൻ കഴിയാത്തതിന്റെ ക്ഷോഭത്തോടെ അവർ പറയുന്നു: “ഇവൾ ഞങ്ങളെ മെനക്കെടുത്തി.” “നീ എടുത്തെന്നു പറഞ്ഞിട്ട് ഇത്രയും പൊലീസുകാരെ ബുദ്ധിമുട്ടിച്ചത് എന്തിനാണെന്ന്?” പ്രസന്നകുമാറിന്റെ ചോദ്യം. “നീ മാലയെടുത്തു കൊടുത്തില്ലെങ്കിൽ നിന്റെ ഫോട്ടോ പത്രത്തിൽ വരുമെന്നും അത് മക്കൾ കാണുമെന്നും” ഭീഷണി. ഈ സമയം ബിന്ദുവിന്റെ ഭർത്താവ് പ്രദീപും ബന്ധു ഷൈജുവും സ്റ്റേഷനിൽ വന്നതും ദൃശ്യത്തിലുണ്ട്. ബിന്ദുവിനെ പ്രസന്നൻ നിരന്തരം ചോദ്യം ചെയ്യുന്നതും സഫീലയുമായി പറഞ്ഞു രസിക്കുന്നതും കാണുന്നു എന്ന് പറയുന്നത് പുറത്തുള്ളവരോ മാധ്യമങ്ങളോ അല്ല, പൊലീസിലെത്തന്നെ ക്രൈംബ്രാഞ്ച് ആണ്. ഒരു പാവം സ്ത്രീയെ കള്ളിയാക്കാൻ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുകൊണ്ട് പുരുഷ പൊലീസും വനിതാ പൊലീസും രസിക്കുന്ന ദൃശ്യം. അതേസമയം, സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തുന്ന എസ്.എച്ച്.ഒ ശിവകുമാർ സെല്ലിനു മുന്നിലിരിക്കുന്ന ബിന്ദുവിനോട് “മാല എടുത്തത് എന്തിനാണ് സമ്മതിച്ചതെന്നും പേടിച്ച് ആരെങ്കിലും സമ്മതിക്കുമോ?” എന്നും ചോദിക്കുന്നുണ്ട്. തുടർന്ന് ക്യാബിനിലേക്ക് വിളിച്ച് ചോദ്യം ചെയ്യുന്നു.

അതുകഴിഞ്ഞും പ്രസന്നന്റെ തുടർച്ചയായ ചോദ്യം ചെയ്യലാണ്. ഇടയ്ക്ക് മേശയിൽ തല ചായ്‌ച്ച് ഉറങ്ങാൻ ബിന്ദു ശ്രമിക്കുമ്പോൾ അത് അയാൾ സമ്മതിക്കുന്നില്ല; ഉണർത്തി ചോദ്യം ചെയ്യുന്നു. പിറ്റേന്നു രാവിലെ 9.04-ന് എസ്‌.ഐ പ്രസാദ് വീണ്ടും ചോദ്യം ചെയ്യുന്നു. മാല എടുത്തിട്ടില്ലെന്ന് കൈകൂപ്പി ബിന്ദു ആവർത്തിക്കുന്നു. മിനിറ്റുകൾ കഴിഞ്ഞ് പ്രസാദ് മുറിയിൽ ഇരിക്കുമ്പോൾ പ്രൊബേഷണറി എസ്‌.ഐ ജയേഷ് ചന്ദ്രൻ, രാജീവ് എം.എസ്. എന്നിവർ വന്ന് മാലയുടെ കാര്യം എന്തായി എന്നു ചോദിക്കുന്നു. മാല കിട്ടി എന്നാണ് അവരോട് പ്രസാദ് പറയുന്നത്. ആ സംഭാഷണം ഇങ്ങനെയാണ്: “മാല കിട്ടി. ചെറിയ ഒരു പ്രശ്നമുണ്ട്. മാല കിട്ടിയത് അവരുടെ വീട്ടിലെ സോഫക്കടിയിൽനിന്നാണ്.”

അന്നു രാവിലെ തന്നെ 11-ന് ബിന്ദുവിന്റെ ഭർത്താവ് പ്രദീപ് എസ്‌.ഐ പ്രസാദുമായി സംസാരിക്കുന്നതും പ്രദീപ് പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്. 12.16-ന് ഓമനാ ഡാനിയേൽ, നിധി ഡാനിയേൽ, ബിന്ദു, ബിന്ദുവിന്റെ ബന്ധു എന്നിവരുമായി പ്രസാദ് സംസാരിക്കുന്നു. അതുകഴിഞ്ഞാണ് 2000 രൂപ ബിന്ദുവിന് ഓമന കൊടുക്കുന്നത്. 12.29-ന് ബിന്ദു സ്റ്റേഷനിൽനിന്നു പുറത്തേയ്ക്കു പോകുന്നതായാണ് ആ ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരണം അവസാനിക്കുന്നത്.

പിന്തുടരുന്ന ഓർമകൾ

ക്രൈംബ്രാഞ്ചിന് ബിന്ദു നൽകിയ മൊഴി ജീവിതത്തിലെ അപ്രതീക്ഷിത അപമാനത്തിന്റേയും അതുണ്ടാക്കിയ വേദനയുടേയും കലർപ്പില്ലാത്ത വിശദീകരണമാണ്. സാധാരണയായി ജോലി കഴിഞ്ഞ് വൈകിട്ട് ആറു മണിയോടെ തിരിച്ചു വീട്ടിൽ എത്താറുള്ള ബിന്ദു വൈകി പൊലീസുകാരുമായി വീട്ടിലെത്തിയപ്പോൾ പ്രദീപും രണ്ടു പെൺമക്കളും പേടിച്ചുപോയി. ബിന്ദുവിനെ കാണാതെ മാറിമാറി ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ഛനും മക്കളും ബന്ധുക്കളും. ഫോൺ പൊലീസ് വാങ്ങി വെച്ചിരുന്നു. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം നിർവഹിച്ചുമില്ല. ഒരു നീല കാറിൽ രണ്ടു വനിതാ പൊലീസുകാർ ഉൾപ്പെടെ നാലു പൊലീസുകാര്‍ക്കൊപ്പമാണ് വീട്ടിലെത്തിയത്. മാല ബിന്ദുവിന്റെ വീട്ടിലുണ്ട് എന്ന് ഓമനയും മക്കളായ നിഷയും നിധിയും ആവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടിലേയ്ക്കു പോകാൻ തയ്യാറായത്. ആ യാത്രയിലും വനിതാ പൊലീസിന്റെ കയ്യിലിരുന്ന ബിന്ദുവിന്റെ ഫോണിലേക്ക് വിളികൾ വന്നുകൊണ്ടിരുന്നു. അവർ എടുത്ത് കാര്യം പറഞ്ഞില്ല, ഫോൺ കൊടുത്തുമില്ല. സ്റ്റേഷനിൽ വെച്ച് വീട്ടിലേയ്ക്കു വിളിച്ചോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടിലേക്കു കൂടെ വന്ന പൊലീസുകാരിലൊരാൾ മിണ്ടാതിരിക്കെടീ എന്നാണ് പറഞ്ഞത്.

വീട് അടുക്കാറായപ്പോൾ ചേട്ടന്റെ വിളി വന്നു. സ്പീക്കർ ഇട്ട് എടുക്കാൻ പൊലീസുകാരി പറഞ്ഞു. ചേട്ടൻ വീട്ടിലാണോ എന്നു ചോദിച്ചപ്പോൾ അല്ല കാട്ടിലാണ് എന്നു പറഞ്ഞു; അത്രയ്ക്ക് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ ചേച്ചി ലീല, ചേച്ചിയുടെ മരുമകൾ രേഷ്മ, പ്ലസ് വണ്ണിനും പത്തിലും പഠിക്കുന്ന തന്റെ മക്കൾ, ചേച്ചിയുടെ മകൻ ഷിജു, ഭർത്താവ് പ്രദീപ് എന്നിവരുണ്ടായിരുന്നു. ഇവൾ ഒരു മാല എടുത്തിട്ടുണ്ട്, അതെടുക്കാൻ വന്നതാണെന്ന് ചേട്ടനോട് പറഞ്ഞിട്ട് തന്നെയും കൂട്ടി പൊലീസുകാർ വീട്ടിൽ കയറി. രണ്ടു മുറികളിലും നോക്കി. എന്റെ ഭാര്യ മാല എടുക്കില്ല എന്നു ചേട്ടൻ പറഞ്ഞു. മകൾ ഉറക്കെ നിലവിളിച്ചുകൊണ്ട് അമ്മ മാല എടുക്കില്ലാ എന്നു പറഞ്ഞു. തിരിച്ചുപോകുന്ന വഴി “നീ ഞങ്ങളെ മെനക്കെടുത്തി അല്ലേടീ” എന്ന് പൊലീസുകാരിലൊരാൾ തെറിവിളിച്ചുകൊണ്ടു ചോദിച്ചു (ആ തെറിവാക്കുകൾ റിപ്പോർട്ടിലുണ്ട്). താൻ അതുകേട്ട് കരഞ്ഞുകൊണ്ടിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ അതേ പൊലീസുകാരൻ വീണ്ടും മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. “നീ എന്താടീ, ഞങ്ങളെ കൊണ്ടുപോയി കളിയാക്കിയതാണോ. ഞങ്ങൾ കാണിച്ചുതരാം, നീ ഇനി പുറംലോകം കാണില്ലാ” എന്നു പറഞ്ഞുകൊണ്ട് അടിക്കാൻ കയ്യോങ്ങി. താൻ പേടിച്ചു പിന്നോട്ടു മാറി.

ഷിജുവും ഷിബുവും ചേട്ടനും പിന്നാലെ സ്റ്റേഷനിലെത്തി. അവരോട് സംസാരിക്കാൻ അനുവദിച്ചില്ല. തിരിച്ചു വന്നപ്പോൾ പുതിയതായി രണ്ടു വനിതാ പൊലീസുകാർ കൂടി സ്റ്റേഷനിൽ ഉണ്ടായിരുന്നു. നല്ല വിശപ്പും ദാഹവുമുണ്ടായിരുന്നു. എ.എസ്‌.ഐ പ്രസന്നൻ വിവരങ്ങൾ തിരക്കി. ഓമനാ ഡാനിയേലിന്റെ വീട്ടിൽപോയി മാല തിരക്കാം എന്നു താൻ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും ഞങ്ങൾക്ക് അവരെ വിശ്വാസമാണെന്നുമാണ് എ.എസ്‌.ഐ പറഞ്ഞത്. നാളെ രാവിലെ എട്ടു മണിക്കകം മാല കൊടുത്തില്ലെങ്കിൽ അട്ടക്കുളങ്ങര ജയിലിൽ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. ചേട്ടനേയും 17-ഉം 15-ഉം വയസ്സുള്ള മക്കളേയും കേസിൽ കുടുക്കുമെന്നു പറഞ്ഞു. നിങ്ങൾക്കു നാലുപേർക്കും ജയിലിൽ സുഖജീവിതമായിരിക്കുമെന്നും മക്കൾക്ക് ജയിലിൽ പഠിക്കാൻ സൗകര്യം കിട്ടുമെന്നും പറഞ്ഞ് പരിഹസിച്ചു. അപ്പോൾ, എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ, മക്കളെ പറയരുതെന്ന് താൻ പ്രതികരിച്ചു. നിന്നെ ജയിലിൽ വിട്ടുകഴിഞ്ഞാൽ മൂന്നു വർഷം കഴിഞ്ഞേ ജാമ്യം കിട്ടുകയുള്ളൂ എന്നും സമൂഹം അംഗീകരിക്കില്ലെന്നും നിന്റെ മക്കൾ വഴിപിഴച്ചുപോകുമെന്നും പ്രസന്നൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കുടിക്കാൻ പ്രസന്നനോടു വെള്ളം ചോദിച്ചു. ബാത്ത്‌റൂമിലെ ബക്കറ്റിലുണ്ട് പോയി കുടിച്ചോ എന്നു പറഞ്ഞു. സങ്കടംകൊണ്ട് വനിതാ പൊലീസുകാരുടെ മുറിയുടെ അടുത്തുള്ള ബാത്ത്‌റൂമിൽ പോയി വന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സി.ഐയും പൊലീസുകാരും വന്നു. പ്രസന്നൻ തന്നെ സി.ഐയുടെ മുറിയിൽ കൊണ്ടുപോയി. മാല എടുത്തിട്ടുണ്ടെങ്കിൽ രാവിലെ എട്ടു മണിക്കു മുന്‍പ് തന്നിട്ടു പൊയ്ക്കോ, ആരും അറിയണ്ട എന്നു പറഞ്ഞു. പ്രസന്നന്റെ അടുത്തു ചെന്നിട്ട് സി.ഐ പറഞ്ഞത് അവളുടെ കണ്ണംകാലിൽ രണ്ടു പൊട്ടിച്ചാൽ സത്യം പറയുമെന്നാണ്. പ്രസന്നൻ മേശയ്ക്കരികിൽ വിളിച്ചിരുത്തി മാലയെടുത്ത കാര്യം ചോദിച്ചുകൊണ്ട്, മക്കളെ കേസിൽപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. വനിതാ പൊലീസുകാരിലൊരാൾ പത്രമെടുത്തു തന്നിട്ട് അവരുടെ മുറിയിലേക്കു പോകുന്ന വഴിയിൽ കിടന്നുകൊള്ളാൻ പറഞ്ഞു. അവിടെ കിടന്നപ്പോൾ പ്രസന്നൻ വിളിച്ചുണർത്തി കസേരയിലിരിക്കാൻ പറഞ്ഞു. വീണ്ടും മോഷണത്തെപ്പറ്റി ചോദിച്ചു. വെളുപ്പിനു മൂന്നര മണിയായപ്പോഴാണ് ഉറങ്ങാൻ അനുവദിച്ചത്.

നേരം വെളുത്തപ്പോൾ സെല്ലിൽ ഉണ്ടായിരുന്ന പയ്യന്റെ അമ്മ ചായ വാങ്ങിക്കൊടുത്തതുൾപ്പെടെ ആ ദുരിതരാത്രി പുലർന്നതിന്റെ ഓരോ കാര്യവും ബിന്ദുവിന്റെ മൊഴിയിലുണ്ട്.

കുറച്ചുകഴിഞ്ഞ് ഓമനാ ഡാനിയേലും മകളും വന്നു. അതുകഴിഞ്ഞ് എസ്‌.ഐ വന്ന് “നിനക്കു പുറത്തു പോകണമെങ്കിൽ സ്റ്റേഷനു പുറത്തുള്ള കസേരയിൽ പോയിരിക്കാൻ” പറഞ്ഞു. പുറത്തു നിന്നിരുന്ന ചേട്ടനെ എസ്‌.ഐ അകത്തേക്കു വിളിച്ചു. അകത്തേക്കു കയറിപ്പോയ ചേട്ടൻ കരഞ്ഞുകൊണ്ടാണ് ഇറങ്ങിവന്നത്. അപ്പോൾ ഞാനും കരഞ്ഞുപോയി. നാത്തൂന്റെ മക്കൾ ആഹാരം വാങ്ങിത്തന്നു. കുറച്ചുകഴിഞ്ഞ് എസ്‌.ഐ അകത്തേക്കു വിളിച്ചു. ഓമനയും മകളും മുറിയിലുണ്ടായിരുന്നു.

ഒരു തെറ്റും ചെയ്യാത്ത പാവം ദളിത് സ്ത്രീയുടെ അഭിമാനവും സ്വാതന്ത്ര്യവും അവരുടെ കൗമാരക്കാരായ രണ്ടു പെൺകുട്ടികളുൾപ്പെടെ പ്രിയപ്പെട്ടവരുടെ ഉള്ളിലെ നീറ്റലും ഒരു പ്രശ്നമേ അല്ലാത്തവരാണ് ഈ കേസിൽ ഇപ്പോൾ നടപടി നേരിടുന്ന എസ്‌.ഐ പ്രസാദും സംഘവും എന്നതിന് ഇനി ബിന്ദു പറയുന്ന കാര്യങ്ങൾ അടിവരയിടുന്നു. ബിന്ദുവിനെ വെറുതെ വിടുകയാണ് എന്ന് അവരോടു പറഞ്ഞതാണ് പ്രസാദിന്റെ ആദ്യത്തെ ഔദാര്യം. മക്കളെ ഓർത്താണ് വെറുതേ വിടുന്നത് എന്ന് അടുത്ത വെളിപ്പെടുത്തൽ. മാല പോയെങ്കിൽ പോകട്ടെ, പരാതി ഇല്ല എന്ന് അവർ പറഞ്ഞു എന്നു വിട്ടുവീഴ്ച. ജോലിചെയ്തു ജീവിക്കണമെന്നും ആരുടേയും ഒന്നും മോഷ്ടിക്കരുതെന്നും പ്രസാദിന്റെ ഉപദേശം. എന്നിട്ട്, പുറത്തുപോയി ഇരിക്കാൻ പറഞ്ഞു. പിന്നെ അദ്ദേഹം അവിടേക്ക് വന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു, നിന്നെ കവടിയാറോ അമ്പലമുക്ക് ഭാഗത്തോ കണ്ടുപോകരുത്; നാടുവിട്ടു പൊയ്ക്കോ, ഞങ്ങൾക്ക് പണിയുണ്ടാക്കരുത്.

ഒരു തെറ്റും ചെയ്യാതെ തലേന്നു വൈകുന്നേരം മുതൽ അപമാനിക്കപ്പെട്ട ബിന്ദു അപ്പോഴും അപമാനംകൊണ്ട് തല പൊക്കാൻ മടിച്ച് കുനിഞ്ഞിരുന്നു.

പന്ത്രണ്ടര ആയപ്പോൾ ഫോൺ കിട്ടി എന്ന് എഴുതി വാങ്ങിയിട്ട് പുറത്തുവിട്ടു. ഓമനാ ഡാനിയേലിന്റെ മാല കിട്ടിയെന്ന് അപ്പോൾ ചേട്ടൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ആ മാലയുടെ പേരിൽ തലേന്നു വൈകുന്നേരം നാലു മുതൽ ആ സമയം വരെ വാക്കുകൾകൊണ്ടും പെരുമാറ്റംകൊണ്ടും തട്ടിക്കളിച്ചുകൊണ്ടിരുന്ന ആൺ പൊലീസുകാരും പെൺ പൊലീസുകാരും ആ വിവരം പറഞ്ഞില്ല. മാത്രമല്ല, തനിക്കെതിരെ കേസെടുത്ത വിവരം ഒരാഴ്ച കഴിഞ്ഞാണ് അറിയുന്നത്; മെയ് മൂന്നിന്.

ചെയ്യാത്ത കുറ്റത്തിനുണ്ടായ മാനഹാനിക്കും മനോവിഷമത്തിനും നീതിപൂർവമായ പരിഹാരം, കള്ളപ്പരാതി നൽകിയ ഓമനാ ഡാനിയേലിനെതിരേയും തനിക്കെതിരെ കാരണമില്ലാതെ നടപടി സ്വീകരിച്ചതിന് പേരൂർക്കട സ്റ്റേഷനിലെ പൊലീസുകാർക്കെതിരേയും മാതൃകാപരമായ നടപടികളുമാണ് ബിന്ദുവിന്റെ ആവശ്യം.

മാറുന്ന തിരക്കഥകൾ

ഓമനാ ഡാനിയേലിന്റെ മകൾ നിധി യു.എ.ഇയിൽ സ്ഥിരതാമസത്തിനിടെ നാട്ടിൽ വന്നപ്പോഴാണ് സംഭവവികാസങ്ങൾ. ഏപ്രിൽ 19-ന് അമ്മ തലയണയ്ക്കടിയിൽ ഊരിവെച്ച രണ്ടര പവന്റെ മാല 22-ന് താനുമൊന്നിച്ച് ആശുപത്രിയിൽ പോകാനാണ് നോക്കിയത്. അപ്പോൾ കണ്ടില്ല. ആർത്രൈറ്റിസ് രോഗമുള്ളതുകൊണ്ട് കഴുത്തിന് അസ്വസ്ഥത തോന്നുമ്പോഴാണ് ഇടയ്ക്ക് മാല ഊരിവയ്ക്കുന്നത്. കാണാതിരുന്നപ്പോൾ ബിന്ദുവിനെ സംശയിച്ചതിനും പരാതി കൊടുത്തതിനും അവർ പറയുന്ന കാരണം ഇങ്ങനെയാണ്: “ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കാൻ അമ്മ ബിന്ദുവിനോട് പറഞ്ഞിരുന്നു. അവർ അത് ചെയ്തപ്പോൾ ചേച്ചി നിഷ ഡൈനിംഗ് മുറിയിൽ ഇരിക്കുകയായിരുന്നു. അന്ന് വീട്ടിൽ ബിന്ദു വന്നു പോയശേഷം ആരും വന്നിരുന്നില്ല. 19-നുശേഷം ജോലിക്കു വന്നില്ല, ഫോൺ വിളിച്ചപ്പോൾ എടുത്തുമില്ല. അതുകൊണ്ട് മാല എടുത്തത് ബിന്ദു ആയിരിക്കുമെന്ന് സംശയിച്ചു. താനും അമ്മയും കൂടിയാണ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തത്. തനിക്കു മലയാളം എഴുതാൻ അറിയില്ല, ചേച്ചിയാണ് എഴുതിയത്.”

പൊലീസുകാർ വിളിച്ചപ്പോൾ വൈകുന്നേരം നാലിന് ബിന്ദു സ്റ്റേഷനിലെത്തി. മാല എടുത്തോ എന്ന് തങ്ങളുടെ സാന്നിധ്യത്തിൽ എസ്.ഐ പ്രസാദ് ചോദിച്ചു. ഇല്ല എന്നാണ് ആവർത്തിച്ചു പറഞ്ഞത്. എടുത്തെങ്കിൽ തന്നാൽ കേസൊന്നും വേണ്ടെന്ന് അമ്മ ബിന്ദുവിനോട് പറഞ്ഞു. എടുത്തിട്ടില്ലെന്നു തന്നെയാണ് അപ്പോഴും പറഞ്ഞത്.

മാല വീട്ടിൽ കാണുമെന്ന് അമ്മ പറഞ്ഞതനുസരിച്ച് ബിന്ദുവിനെ ചോദ്യം ചെയ്ത ശേഷം, അവരുടെ വീട്ടിലേക്ക് മാലയെടുക്കാൻ പോവുകയാണെന്ന് എസ്‌.ഐ വിളിച്ചു പറഞ്ഞു. തങ്ങളും വന്നോട്ടെ എന്നു ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. തങ്ങളുടെ കാറിൽ പൊലീസുകാർ ബിന്ദുവിന്റെ വീട്ടിൽ പോയി. എന്നാൽ, മാല കിട്ടിയില്ല. എഫ്‌.ഐ.ആർ ഇടുന്നതിനു മൊഴി തരാൻ സ്റ്റേഷനിൽ എത്തണമെന്നു പറഞ്ഞതനുസരിച്ച് ചെന്ന് മൊഴി കൊടുത്തു. പ്രസാദ് പറഞ്ഞതനുസരിച്ചാണ് മൊഴി കൊടുത്തത്. അമ്മ ഒപ്പിട്ടും കൊടുത്തു. “വീട്ടിൽ ചെന്നാൽ മാലയെടുത്തു തരാം എന്ന് ഏപ്രിൽ 24-ന് ഉച്ചയ്ക്കുശേഷം വിളിച്ചപ്പോൾ ബിന്ദു പറഞ്ഞു; അമ്മയും താനും കൂടി കാറിൽ അവിടെ ചെന്നപ്പോൾ ബിന്ദു കരഞ്ഞു ബഹളം വച്ചു, തങ്ങൾ പേടിച്ച് തിരിച്ചു പോന്നു.” എന്നാൽ, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. ബിന്ദു പറഞ്ഞ പിറകെ നിധിയും അക്കാര്യം ശരിവെച്ചു. താനും അമ്മയും ബിന്ദുവിന്റെ വീട്ടിൽ പോയിട്ടില്ല. എസ്‌.ഐ പ്രസാദ് പറഞ്ഞിട്ടാണ് അങ്ങനെ മൊഴി കൊടുത്തത്.

24-നു രാവിലെ അമ്മ തന്നെ വിളിച്ചുണർത്തിയിട്ട് മാല കിട്ടിയ കാര്യം പറഞ്ഞു. മാല കാണിക്കുകയും ചെയ്തു. ഹാളിലെ സോഫയുടെ അടിയിൽനിന്നാണ് കിട്ടിയത്. താനും അമ്മയും കൂടി അപ്പോൾത്തന്നെ സ്റ്റേഷനിൽ ചെന്നു. ബിന്ദു അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ, മാല കിട്ടിയ കാര്യം പറഞ്ഞില്ല. ബിന്ദു എങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ചാണ് പറയാതിരുന്നത്.

പുറത്തു പോയിരുന്ന എസ്‌.ഐ പ്രസാദ് വന്നപ്പോൾ കാര്യം പറഞ്ഞു. ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന് അദ്ദേഹം ചോദിച്ചു. പിന്നെ പുറത്തുപോയി വന്ന എസ്‌.ഐ, ഒരു ചെറിയ പ്രശ്നമുണ്ട്; ഞങ്ങൾക്കിത് പ്രശ്നമാകും എന്നു പറഞ്ഞു. പ്രസാദും പ്രായമുള്ള ഒരു എസ്‌.ഐയും മറ്റൊരു ചെറുപ്പക്കാരൻ എസ്‌.ഐയും കൂടി ആലോചിച്ച ശേഷമാണ് സോഫയ്ക്കടിയിൽനിന്നു കിട്ടിയ വിവരം പറയാതെ പുറത്തെ ചപ്പുചവറ് കൂനയ്ക്കരികിൽനിന്നാണ് കിട്ടിയത് എന്നു പറയാൻ നിർദേശിച്ചത്. ബിന്ദുവിനെതിരെ കേസെടുത്ത സ്ഥിതിക്ക് വീട്ടിൽനിന്നു മാല കിട്ടി എന്നു പറഞ്ഞാൽ കേസ് നിൽക്കില്ല. പകരം, പുറത്തുനിന്നാണെന്നു പറഞ്ഞാൽ ബിന്ദുവോ ബന്ധുക്കളോ പ്രശ്നമായപ്പോൾ കൊണ്ടിട്ടതാണെന്നു വരുത്താൻ പറ്റും. അപ്പോൾ മാല മോഷ്ടിച്ചു എന്ന സംശയം നിലനിൽക്കുമെന്നും അങ്ങനെ പറയണമെന്നും എസ്‌.ഐ പ്രസാദ് തങ്ങളോടു പറഞ്ഞു. തങ്ങൾ മൂലം പൊലീസുകാർക്ക് കുഴപ്പമൊന്നും പറ്റരുത് എന്നു കരുതി അതു സമ്മതിച്ചു. അങ്ങനെയാണ് അടുക്കളയുടെ പുറകിൽ ചപ്പുചവറുകൾ കത്തിക്കുന്നതിന് അടുത്തുനിന്നാണെന്ന് പറഞ്ഞത്. ചപ്പുചവറുകൾ കത്തിക്കുന്ന കുഴി മതിലിനോടു ചേർന്നാണ്. മതിലിന് അരികിൽക്കൂടി ഒരു നടവഴിയുണ്ട്. ആ വഴിയിൽക്കൂടി ആരെങ്കിലും കൊണ്ടിടാൻ സാധ്യതയുള്ളതായി പറയാം എന്ന് അമ്മയാണ് പറഞ്ഞത്. രാവിലെ വേസ്റ്റ് കത്തിക്കാൻ കുഴിയുടെ അടുത്തു ചെന്നപ്പോൾ അവിടെ മാല കിടക്കുന്നതായി കണ്ടുവെന്ന് പറഞ്ഞാൽ മതിയെന്ന് എസ്‌.ഐ പ്രസാദ് പറഞ്ഞു. ചവറുകൂനയിൽനിന്നു മാല കിട്ടിയതുകൊണ്ട് ബിന്ദുവിനെതിരെ കേസ് വേണ്ടെന്ന് എഴുതിക്കൊടുക്കാനും പറഞ്ഞു. എഡ്വിൻ എന്ന എസ്‌.ഐ പറഞ്ഞതുപ്രകാരമാണ് അതിലെ വാചകങ്ങൾ എഴുതിയത്. ബിന്ദുവിന്റെ വീട്ടിൽ പോയെന്നും ബിന്ദുവും അയൽക്കാരും ബഹളം വെച്ചപ്പോൾ തിരികെപ്പോന്നു എന്നും ഇന്നു രാവിലെ ചവർ കൂനയിൽനിന്നു മാല കിട്ടിയെന്നും എഴുതി.

ഉച്ചയ്ക്ക് 12 ആയപ്പോൾ എസ്‌.ഐയുടെ മുറിയിലേക്ക് വിളിച്ചു. ബിന്ദുവും അവരുടെ ഒരു ബന്ധുവും അവിടെ ഉണ്ടായിരുന്നു. നിന്നെ ഓർത്തും നിന്റെ മക്കളെ ഓർത്തും തങ്ങൾക്ക് പരാതി ഇല്ല എന്ന് ബിന്ദുവിനോട് പറഞ്ഞു. ബിന്ദുവിന്റെ മൂന്നു ദിവസത്തെ ശമ്പളമായ 1800 രൂപയും അധികമായി 200 രൂപയും ബിന്ദുവിന് അമ്മ കൊടുത്തു.

ആ മൊഴിയുടെ അവസാനം അവർ പറയുന്ന ഒരു കാര്യമുണ്ട്: “തങ്ങൾക്ക് മാല കിട്ടിയാൽ മതിയായിരുന്നു. മാല കിട്ടുന്നതിനാണ് തങ്ങളുടെ കാറിൽ പൊലീസുകാർ ബിന്ദുവിന്റെ വീട്ടിൽ പോയത്. എന്നാൽ, മാല കിട്ടിയില്ല. മാല കിട്ടാത്തത് പ്രശ്നമാകും എന്ന് പറഞ്ഞതുകൊണ്ടാണ് താനും അമ്മയും ബിന്ദുവിന്റെ വീട്ടിൽ പോയെന്ന് അമ്മയുടെ മൊഴിയിൽ പറയേണ്ടി വന്നത്. പൊലീസുകാർക്ക് കുഴപ്പമൊന്നും വരാതിരിക്കാനാണ് ഇത്തരത്തിൽ പറഞ്ഞത്.” നിധി ഡാനിയേലിന്റെ മൊഴി അവസാനിപ്പിക്കുന്നത്, “മാല തിരികെ കിട്ടി എന്ന വിവരം ബിന്ദുവിനോട് പറയേണ്ട എന്ന് എസ്‌.ഐ പ്രസാദ് തങ്ങളോട് പറഞ്ഞിരുന്നു” എന്നാണ്.

പരാതിക്കാരെ വ്യാജ പ്രതിക്കെതിരായ ഗൂഢാലോചനയിലും അവരനുഭവിച്ച പിഡനങ്ങളിലും പങ്കാളികളാക്കുന്ന പൊലീസ് ബുദ്ധി. തൊണ്ടി മുതൽ പരാതിക്കാരുടെ വീട്ടിൽനിന്നു കിട്ടിയിട്ടും അത് അവരെക്കൊണ്ടുതന്നെ മാറ്റി പറയിക്കുന്നതും ഈ ക്രിമിനൽ ബുദ്ധിയുടെ ഭാഗം. ഇപ്പോൾ 65 വയസ്സുള്ള ഓമനാ ഡാനിയേൽ പൊലീസുകാരുടെ കൂട്ടുപ്രതിയായി മാറി. കുടുങ്ങിയാൽ അവരും കുടുങ്ങണം എന്നുകൂടി തീരുമാനിച്ചിട്ടാണ് തങ്ങളെക്കൊണ്ട് മൊഴി മാറ്റി പറയിച്ചതും പോകാത്ത സ്ഥലത്ത് പോയെന്ന് പറഞ്ഞ് രേഖയാക്കിയതും എന്ന് അവരും ചിന്തിച്ചിട്ടുണ്ടാകില്ല.

ആൺ പൊലീസും പെൺ പൊലീസും

ഓമനാ ഡാനിയേലിന്റെ കാറിൽ വീട്ടിൽ കൊണ്ടുപോയ നാലു പൊലീസുകാരിലൊരാൾ തിരിച്ചു വരുന്ന വഴി തെറിവിളിക്കുകയും സ്റ്റേഷനിൽ വെച്ച് അടിക്കാൻ കയ്യോങ്ങുകയും ചെയ്തു എന്ന് ബിന്ദു പറഞ്ഞ ആ പൊലീസുകാരൻ എസ്‌.സി.പി.ഒ നൗഫൽ റഷീദ് ആണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളാണ് കാറോടിച്ചിരുന്നത്. കാറിൽ വെച്ച് നൗഫൽ അസഭ്യം പറഞ്ഞതായി ബിന്ദു മൊഴി നൽകിയിട്ടുണ്ട് എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും കൂടെ യാത്ര ചെയ്ത ഷാജിറാ ബീഗം, സഫീല ബീവി, ശരത് ചന്ദ്രൻ എന്നിവർ അതു നിഷേധിച്ചതായും പറയുന്നുണ്ട്. “അതുകൊണ്ട് നൗഫൽ ബിന്ദുവിനെ അസഭ്യം പറഞ്ഞതിനു മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. സ്റ്റേഷനിൽ വെച്ച് നൗഫൽ അടിക്കാൻ കയ്യോങ്ങി എന്നും ബിന്ദു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അത്തരത്തിലൊരു സംഭവം നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും തെളിവുകൾ ലഭിച്ചിട്ടില്ല.” അതേസമയം, നീ അകത്തുപോകും എന്ന് ബിന്ദുവിനെ ഭീഷണിപ്പെടുത്തിയ എസ്‌.സി.പി.ഒ ഷാജിറാ ബീഗം, അതുപോലെത്തന്നെ ഭീഷണിപ്പെടുത്തുകയും സ്റ്റേഷനിലുണ്ടായിരുന്ന മറ്റാളുകൾക്കു മുന്നിൽ ബിന്ദു അപമാനിതയാകാൻ ഇടയാക്കുകയും ചെയ്ത സി.പി.ഒ സഫീലാ ബീവി എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. “ബിന്ദുവിനെ വനിതാ റെസ്റ്റ്റൂമിൽ സൂക്ഷിക്കാനാണ് എസ്‌.ഐ നിർദേശിച്ചതെങ്കിലും രാത്രിയിലുടനീളം അവർ സെല്ലിനു മുന്നിലും ജി.ഡിയുടെ മേശക്കു മുന്നിലും ഇരുന്നും കിടന്നുമാണ് നേരം വെളുപ്പിച്ചത്. പൊതുസ്ഥലമായ അവിടെ ഒരു സ്ത്രീ അത്തരത്തിൽ ഇരിക്കാൻ ഇടയായത് സഫീലാ ബീവിയുടെ ഡ്യൂട്ടിയിലെ കൃത്യവിലോപമാണ്. കൂടാതെ, ബിന്ദുവിന് ആഹാരം വാങ്ങിക്കൊടുക്കുന്നതിനോ ആവശ്യത്തിനു കുടിവെള്ളം ലഭ്യമാക്കുന്നതിനോ ശ്രമിച്ചതായി കാണുന്നുമില്ല.”

പേരൂർക്കട എസ്.എച്ച്.ഒ ആയിരുന്ന, പിന്നീട് കോഴിക്കോട് മാവൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ സി.ഐ ആർ. ശിവകുമാർ ക്രൈംബ്രാഞ്ചിനു മുന്നിൽ പറഞ്ഞത് ബിന്ദുവിനെ സ്റ്റേഷനിൽ രാത്രി കണ്ടപ്പോൾ അവരെ വിടാത്തതെന്താണെന്ന് പ്രസന്നനോടു ചോദിച്ചു, ഭർത്താവിനെ വിളിച്ചു വിടാൻ പറഞ്ഞു, വനിതാ പൊലീസിന്റെ മുറിയിൽ ഉറങ്ങാൻ സൗകര്യം ചെയ്തുകൊടുക്കാൻ പറഞ്ഞു, പാറാവ് ഡ്യൂട്ടിയിലല്ലാതെ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസിനോട് അവർക്ക് കൂട്ടിരിക്കാൻ പറഞ്ഞു എന്നൊക്കെയാണ്. എന്നാൽ, ഇതെല്ലാം തീർത്തും വസ്തുതാവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളാണ് അതിനു തെളിവായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്. പുറത്തുപോയിരുന്ന ശിവകുമാർ കയറിവന്ന ഉടനെ ബിന്ദുവിനോടു ചോദിക്കുന്നത് നീ എന്തിനാണ് മാല എടുത്തത് സമ്മതിച്ചതെന്നും പേടിച്ച് ആരെങ്കിലും സമ്മതിക്കുമോ എന്നുമാണ്. മാത്രമല്ല, ക്യാബിനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുമുണ്ട്. ശിവകുമാറിന്റെ ഗുരുതരമായ കൃത്യവിലോപം പരാമർശിച്ച് റിപ്പോർട്ടിൽ പറയുന്നത് ഇതാണ്: “താൻ രാത്രി പരിശോധനയ്ക്ക് സ്റ്റേഷനിൽ വന്നപ്പോൾ കേസിൽ അറസ്റ്റ് ചെയ്യാതേയും വൈകിട്ടു നാലേകാൽ മുതൽ നിയമവിരുദ്ധമായി പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷന്റെ സെല്ലിനു മുന്നിൽ ഇരുത്തിയിരിക്കുന്നതും തനിക്ക് നേരത്തെ അറിവുണ്ടായിരുന്നതുമായ ബിന്ദുവിനെ അപ്പോൾത്തന്നെ വിട്ടയയ്ക്കുന്നതിനുള്ള നടപടികൾ എസ്.എച്ച്.ഒ എന്ന നിലയിൽ ശിവകുമാർ കൈക്കൊണ്ടില്ല.” ഈ കസ്റ്റഡിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് ശിവകുമാർ സമ്മതിച്ചിട്ടുമുണ്ട്. ഇദ്ദേഹം സ്റ്റേഷനിലുണ്ടായിരുന്നപ്പോഴാണ് നേരത്തെ ഓമനാ ഡാനിയേലും മകളും പരാതിയുമായി ചെന്നത്. അതിനും സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ ഔദ്യോഗിക ഉത്തരവാദിത്വത്തിൽനിന്ന് ശിവകുമാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

നിയമലംഘകർ

ഗുരുതരവീഴ്ചയും നിയമലംഘനവും എന്നാണ് എസ്‌.ഐ പ്രസാദിന്റെ ഈ കേസിലെ പ്രവൃത്തികളെക്കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത്: “പരാതിയിൽ പ്രാഥിക അന്വേഷണം നടത്താതെ വിഷയത്തെ ലഘുവായി കണ്ട് മുൻവിധിയോടെ ബിന്ദുവിനെ കുറ്റവാളിയാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ്, പൊലീസ് പരിശീലനം ലഭിച്ച, നിയബോധവും എട്ട് വർഷം സർവീസുമുള്ള പ്രസാദ് പ്രവർത്തിച്ചത്. ഇത് ഗുരുതര വീഴ്ചയും നിയമലംഘനവുമാണ്.”

നൗഫലിനേയും ശരത് ചന്ദ്രനേയും ഷാജിറയേയും സഫീലയേയും ‘റിക്കവറിക്ക്’ ബിന്ദുവിന്റെ വീട്ടിലേക്ക് അയച്ചത് പ്രസാദാണ്. “എന്നാൽ, ആ സമയത്ത് ബിന്ദുവിനെ പ്രതിയാക്കി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല. ഗൗരവതരമായ ഒരു മോഷണക്കുറ്റം ആരോപിച്ച് റിക്കവറിക്കായി പോയത് ഒരു ഓഫീസറുടെ സാന്നിധ്യം ഇല്ലാതെയാണ്. മാത്രല്ല, പരാതി കൈകാര്യം ചെയ്ത പ്രസാദ് ബിന്ദുവിന്റെ വീട്ടിൽ വിളിച്ച് ബിന്ദു സ്റ്റേഷനിലുണ്ട് എന്ന വിവരം അറിയിച്ചില്ല. പൊലീസുകാർ ബിന്ദുവുമായി ചെല്ലുമ്പോഴാണ് ഭർത്താവും രണ്ടു പെൺമക്കളും വിവരം അറിയുന്നത്. അവർ വേവലാതിപ്പെട്ട് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസ് ചെന്നപ്പോൾ വീട്ടുകാരും അയൽക്കാരും മറ്റും കൂടി. ആ ആളുകളുടെ മുന്നിൽ ചെയ്യാത്ത കുറ്റത്തിനു ബിന്ദു കുറ്റവാളിയെപ്പോലെ നിന്നു. അത് അവർക്ക് വലിയ മാനസിക വിഷമമുണ്ടാക്കി” ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. “എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാതെ, മേലുദ്യോഗസ്ഥനെ വ്യക്തമായി അറിയിക്കാതെ മാല കണ്ടെടുക്കാൻ പൊലീസുകാർക്കൊപ്പം പരാതിക്കാരുടെ കാറിൽ ബിന്ദുവിനെ അയച്ച് അവരുടെ വീട്ടിൽ പരിശോധന നടത്തിയത് തീർത്തും നിയമവിരുദ്ധ നടപടിയാണ്.”

ബിന്ദുവിന്റെ വീട്ടിൽ പോയെന്നും ആളുകളെ കൂട്ടി ബിന്ദു കരഞ്ഞു ബഹളം വച്ചെന്നും പരാതിക്കാരെക്കൊണ്ട് സത്യവിരുദ്ധമായി പറയിച്ചതിനും എസ്‌.ഐയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇത് സത്യമല്ല എന്ന് അറിയാമായിരുന്നിട്ടും സി.പി.ഒ സായിപ്രിയ എസ്‌.ഐയുടെ പ്രേരണയ്ക്കു വഴങ്ങി കൂട്ടുനിന്നു. അവരാണ് മൊഴി രേഖപ്പെടുത്തിയത്. രാത്രിയിൽ സ്ത്രീകളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനുമുള്ള നിയമപരമായ നടപടിക്രമങ്ങൾ ഒന്നും തന്നെ പ്രസാദ് പാലിച്ചിട്ടില്ല. രാവിലെ 8.40-ന് ഓമനയും മകളും സ്റ്റേഷനിലെത്തി മാല കിട്ടി എന്നു പറഞ്ഞ ശേഷവും ബിന്ദുവിനെ മുറിയിൽ വിളിച്ച് മാല എടുത്തിട്ടുണ്ടോ എന്നു ചോദിച്ചു. അവർ അപ്പോഴും കൈകൂപ്പി കരഞ്ഞുകൊണ്ട് അത് നിഷേധിച്ചു. 9.23-ന് ജയേശ് ചന്ദ്രൻ, രാജീവ് കുമാർ എന്നീ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ, “ഒരു ചെറിയ പ്രശ്നമുണ്ട്, മാല കിട്ടിയത് അവരുടെ വീട്ടിലെ സോഫയ്ക്കടിയിൽനിന്നാണ്” എന്ന് പറയുന്ന പ്രസാദ് 11-ന് ബിന്ദുവിന്റെ ഭർത്താവ് പ്രദീപിനോട് സംസാരിക്കുമ്പോൾ മാല കിട്ടിയ കാര്യം പറയുന്നില്ല. മാത്രമല്ല, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിലെ ഗുരുതരവീഴ്ച മറച്ചു വെച്ച് ബിന്ദുവിനെ വീണ്ടും സംശയനിഴലിൽ നിർത്താൻ പരാതിക്കാരെക്കൊണ്ട് തെറ്റായി മൊഴി പറയിച്ചു. എസ്‌.ഐ പ്രസാദും എഡ്വിനും ചേർന്നാണ് ഇത് ചെയ്തത്. “ഈ കേസിന്റെ ആരംഭഘട്ടം മുതൽ തന്നെ ഒരു പൊലീസ് ഓഫീസർക്കു ചേരാത്ത വിധത്തിൽ പ്രസാദ് മുൻവിധിയോടെ നിയമവിരുദ്ധ നടപടികൾ മനപ്പൂർവം ചെയ്ത് ഓമന ഡാനിയേലുമായി ഗൂഢാലോചന നടത്തി വ്യാജ തെളിവുകൾ സൃഷ്ടിച്ചു” എന്ന് അതീവ ഗൗരവമുള്ള പരാമർശമുണ്ട് റിപ്പോർട്ടിൽ. പരാതിക്കാരിയുമായി ഗൂഢാലോചന നടത്തി എന്നത് നിസ്സാരമല്ല. അതിന്റെ തുടർച്ച ഇങ്ങനെയാണ്: “നിരപരാധിയും പട്ടികജാതിയിൽ ഹിന്ദു ചേരമർ വിഭാഗത്തിൽപ്പെട്ട ബിന്ദുവിനെ മോഷ്ടാവ് എന്നു വരുത്തിത്തീർത്ത് അനധികൃതമായി 20 മണിക്കൂർ 17 മിനിറ്റ് നിയമവിരുദ്ധ കസ്റ്റഡിയിൽ സൂക്ഷിച്ചു. ഇതുവഴി ബിന്ദുവിനു പരിഹരിക്കാൻ സാധിക്കാത്ത മനോവേദനയും അപമാനവും ഉണ്ടായി.”

മാല കിട്ടിയ വിവരവും കേസെടുത്ത വിവരവും ബിന്ദുവിനോട് പറയാനും പ്രസാദ് തയ്യാറായില്ല. പരിഹാസവും ഭീഷണിയുമായി ബിന്ദുവിനെ അവഹേളിച്ച എ.എസ്‌.ഐ പ്രസന്നകുമാറിനെക്കുറിച്ച്, അതിനപ്പുറം ഗൗരവമുള്ള പരാമർശമുണ്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ. “എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരം ഉത്തരവാദപ്പെട്ട ജനറൽ ഡയറി ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രസന്നകുമാർ ബിന്ദുവിനെ അറിയിച്ചില്ല. അതുവഴി ബിന്ദുവിന് നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങൾ നിഷേധിച്ചു.” രാത്രിയിലുടനീളം ബിന്ദുവിനെ സ്റ്റേഷനിലെ സെല്ലിനു മുന്നിലും ജിഡി ചാർജിന്റെ മേശയുടെ മുന്നിലും കസേരയിൽ ഇരുത്തിയതും നിരപരാധിയായ ബിന്ദു പൊതുജനങ്ങൾക്കു മുന്നിൽ ഒരു പ്രദർശനവസ്തുവായതും അവരുടെ അന്തസ്സിനെ ഹനിച്ചു എന്നാണ് മറ്റൊരു പരാമർശം. ഇതിൽ പ്രസന്നകുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായി.

രാത്രി മൂന്നരവരെ നിരന്തരം ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും ബിന്ദുവിനേയും പെൺമക്കളേയും പരിഹസിച്ചും ബിന്ദുവിനെ ഉറങ്ങാൻ സമ്മതിക്കാതേയുമുള്ള ഇയാളുടെ പ്രവൃത്തികൾ ബിന്ദുവിന് അതിയായ മാനനഷ്ടത്തിനും അന്തസ്സിനെ ഹനിക്കുന്നതിനും സ്വകാര്യതാ ലംഘനത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇടയാക്കി എന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തിലാകെ ബിന്ദുവിനും കുടുംബത്തിനും പേരൂർക്കട പൊലീസിൽനിന്ന് ആൺ പെൺ വ്യത്യാസമില്ലാതെ അനുഭവിക്കേണ്ടിവന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ അടിക്കുറിപ്പുതന്നെയായി മാറുന്നു ആ വരികൾ.

Summary

Bindu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com