Image of Card
Sebastian PaulSamakalika Malayalam

മാർഗമധ്യേ ഇങ്ങനെ കിടന്നാൽ

ആധുനിക ഭരണഘടനകൾക്ക് അടിസ്ഥാനമായി മാറിയ മഹാപ്രമാണത്തിൽ ഒപ്പിടാതെ കൊട്ടാരം വിട്ടുപോയ ജോൺ രാജാവിനെ മാടമ്പികൾ അനുധാവനം ചെയ്ത് നഗരപ്രാന്തത്തിലുള്ള റണ്ണിമീഡ് എന്ന സ്ഥലത്ത് തടഞ്ഞുവച്ച് വാൾമുനയിൽ ഒപ്പുവയ്‌പിക്കുകയായിരുന്നു.
Published on

ജനാധിപത്യത്തിലെ നിയമനിർമാണം, പാർലമെന്ററിയായാലും പ്രസിഡൻഷ്യലായാലും പൂർത്തിയാകുന്നത് ഒരു ഒപ്പോടെയാണ്. അധികാരമുള്ളതും എന്നാൽ അർത്ഥമില്ലാത്തതുമായ ഒപ്പാണത്. ബ്രിട്ടനിൽ പരമാധികാരസഭയായ പാർലമെന്റ് പാസ്സാക്കുന്ന ബില്ലിൽ അംഗീകാരത്തിന്റെ അവസാന മുദ്ര ചാർത്തുന്നത് രാജാവാണ്. അമേരിക്കയിലും ഇന്ത്യയിലും ആ അധികാരിയെ പ്രസിഡന്റ് എന്നു വിളിക്കുന്നു. നിയമനിർമാണത്തിന് പാർലമെന്റ് എന്ന ആശയം രൂപപ്പെടുന്നത് 1215-ൽ ഇംഗ്ലണ്ടിൽ മാഗ്‌ന കാർട്ട എന്നറിയപ്പെടുന്ന പ്രമാണത്തിൽ ജോൺ രാജാവ് ഒപ്പുവച്ചതോടെയാണ്. പുരോഹിതവർഗത്തിനും പ്രഭുവർഗത്തിനുംവേണ്ടി തയ്യാറാക്കപ്പെട്ട അവകാശപത്രികയിൽ ഹേബിയസ് കോർപസ് തുടങ്ങിയ സമുന്നതമായ ആശയങ്ങളും ആധുനിക കാലത്തും പ്രസക്തമായി നിൽക്കുന്ന തത്ത്വങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആധുനിക ഭരണഘടനകൾക്ക് അടിസ്ഥാനമായി മാറിയ മഹാപ്രമാണത്തിൽ ഒപ്പിടാതെ കൊട്ടാരം വിട്ടുപോയ ജോൺ രാജാവിനെ മാടമ്പികൾ അനുധാവനം ചെയ്ത് നഗരപ്രാന്തത്തിലുള്ള റണ്ണിമീഡ് എന്ന സ്ഥലത്ത് തടഞ്ഞുവച്ച് വാൾമുനയിൽ ഒപ്പുവയ്‌പിക്കുകയായിരുന്നു. നിയമം നിർമിക്കുന്നതിന് അധികാരമില്ലാത്ത സംഘത്തിന് അന്നത് ചെയ്യാൻ കഴിഞ്ഞെങ്കിൽ ജനങ്ങളുടെ പരമാധികാരമുപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്നത്തെ നിയമനിർമാണസഭകൾക്ക് ഇംപീച്ച്‌മെന്റ് അധികാരമുപയോഗിച്ച് നിഷ്‌ക്രിയരായ പ്രസിഡന്റുമാരെ സക്രിയരാക്കാൻ കഴിയും. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിൽ തന്നിഷ്ടം പ്രകടിപ്പിക്കാൻ തുടങ്ങിയ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ പ്രധാനമന്ത്രി നെഹ്‌റു ഈ പാഠം മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. ഒപ്പിടാൻ വൈമനസ്യം കാണിച്ച അനുസരണയില്ലാത്ത പേന രാജേന്ദ്ര പ്രസാദിന് മാറ്റിയെടുക്കേണ്ടിവന്നു.

പുരുഷന്റെ തയ്യാറെടുപ്പ് പൂർത്തിയാകുന്നത് മാറിടത്തിൽ ചാർത്തപ്പെടുന്ന പേനയോടെയാണ്. പിണറായി വിജയനെപ്പോലെ പോക്കറ്റിൽ രണ്ടു പേന കുത്തുന്നവരുണ്ട്. സദാ സന്നദ്ധർ എന്നാണ് പോക്കറ്റിലെ ഇരട്ടപ്പേന പ്രഖ്യാപിക്കുന്നത്. ഒപ്പിലൂടെ അധികാരം പ്രയോഗിക്കുന്നവരാണവർ. കുളിക്കുമ്പോൾ കുളിമുറിയിലും പേന കരുതിയിരുന്ന രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദിൻ അലി അഹമദ്. അല്ലെങ്കിൽ അബു എബ്രഹാമിന്റെ അടിയന്തരാവസ്ഥക്കാർട്ടൂൺ കണ്ടവർ അങ്ങനെയാണ് മനസ്സിലാക്കിയത്. കഴിയുന്നതും വേഗം എന്ന ഭരണഘടനയിലെ പ്രയോഗം തല്‍ക്ഷണം എന്നാണ് അന്നത്തെ രാഷ്ട്രപതി മനസ്സിലാക്കിയത്. രാഷ്ട്രപതിക്കും ഗവർണർമാർക്കും അടയിരിക്കുന്നതിന് ജനപ്രതിനിധികൾ പാസ്സാക്കിയ ബില്ല് തന്നെ വേണമെന്നില്ലായിരുന്നു. കഴിയുന്നതും വേഗം എന്നു പറഞ്ഞാൽ അനിശ്ചിതകാലത്തോളം എന്നുകൂടി അർത്ഥമുണ്ടെന്ന നവവ്യാഖ്യാനം ബി.ജെ.പിയുടെ ഭരണകാലത്താണുണ്ടായത്. ബി.ജെ.പിക്ക് അനഭിമതമായ നിയമസഭകളിൽനിന്നുവരുന്ന ബില്ലുകളുടെമേൽ ആദ്യം ഗവർണറും പിന്നെ രാഷ്ട്രപതിയും അടയിരിക്കും. ചൂടപ്പംപോലെ ചുട്ടെടുത്തയയ്ക്കുന്ന ബില്ലുകളുടെ മേലുള്ള അനന്തശയനം സുഖപ്രദമാണ്.

കഴിയുന്നതും വേഗം എന്ന വാക്കുകളുടെ അർത്ഥം അറിയാൻ രാഷ്ട്രപതി അയച്ച റഫറൻസിന് കഴിയുന്നതും വേഗത്തെക്കാൾ വേഗത്തിൽ സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാർ മറുപടി നൽകി. ഭരണഘടനയുടെ സംരക്ഷകയായ രാഷ്ട്രപതിക്ക് ഭരണഘടനാപരമായ സന്ദേഹമുണ്ടായാൽ നിവൃത്തി വരുത്തുന്നതിനുള്ള സംവിധാനമാണ് റഫറൻസ്. സന്ദേഹിയും അതേസമയം ജ്ഞാനിയുമാണ് ദ്രൗപദി മുർമു. പകൽ പാർലമെന്റ് പാസ്സാക്കിയ വഖഫ് ബിൽ നേരം പുലരും മുന്‍പേ ഒപ്പിട്ട് നിയമമാക്കിക്കൊടുത്തയാളാണ് മുർമു. കഴിയുന്നതും വേഗം എന്ന വാക്കുകളുടെ അർത്ഥം റഫറൻസില്ലാതെ രാഷ്ട്രപതി ഭവൻ മനസ്സിലാക്കിയ രീതി കണ്ട് ഭരണഘടനപോലും അമ്പരന്നിട്ടുണ്ടാകും. രാഷ്ട്രപതിയുടെ ദ്രുതവേഗത്തിൽ ചലിക്കുന്ന മോ ബ്ലാ (Mont Blanc) പേന ഓരോന്ന് നിയമന ഉത്തരവിനൊപ്പം രാജ്ഭവനുകളിലേക്കയച്ചാൽ റഫറൻസില്ലാതെ പരിഹരിക്കാവുന്നതേയുള്ളു പ്രശ്‌നം. കേരളത്തിൽ തെരുവിലിറങ്ങി മസിൽ പിടിച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ പേന മാറിക്കിട്ടിയപ്പോൾ പട്‌നയിലെ രാജ്ഭവനിലിരുന്ന് കൃത്യമായി ഒപ്പുകൾ ഇട്ടുകൊണ്ടിരിക്കുന്നു. പേന മാറിയതോ അതോ അഭിമതർക്കൊപ്പമുള്ള സഹവാസം സന്തോഷത്തിനു കാരണമാകുന്നതോ?

നിയമനിർമാതാക്കൾ നിയമത്തിൽ തുല്യം ചാർത്തേണ്ട രാജാവിനെ അനുധാവനം ചെയ്ത് വാൾമുനയൽ ഒപ്പു വാങ്ങിയ കാലം കഴിഞ്ഞു. ഇംഗ്ലീഷ് ഭരണഘടനയെക്കുറിച്ച് വാൾട്ടർ ബേഗ്ഹട്ട് 1865-ൽ എഴുതിയ പുസ്തകത്തിൽ പറയുമ്പോലെ രാജാവിന് ഒന്നും നിഷേധിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള വീറ്റോ അധികാരമില്ല. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് തനിക്കെതിരെയുള്ള മരണവാറണ്ടാണെങ്കിൽപോലും രാജാവ് അതിൽ ഒപ്പുവയ്ക്കാൻ ബാധ്യസ്ഥനാണ്. നമ്മുടെ റിപ്പബ്ലിക്കൻ ഭരണഘടനയിലെ വ്യവസ്ഥയും ഇതുതന്നെ. അങ്ങനെയിരിക്കേ സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലിൽ ഗവർണർ ഒപ്പിടാൻ മടിക്കുന്നതെന്തിന്? നിയമസഭ നൽകിയത് നിയമസഭ തിരിച്ചെടുക്കുന്നു എന്നുമാത്രം. ബേഗ്ഹട്ടിന്റെ വ്യാഖ്യാനപ്രകാരമാണെങ്കിൽ തന്നെ ബാധിക്കുന്ന കാര്യമാണെങ്കിൽപോലും ഗവർണർക്ക് സഭ പാസ്സാക്കിയ ബിൽ നിയമമാകുന്നതിന് തടസ്സം നിൽക്കാൻ കഴിയില്ല. ഗവർണറെ വധിക്കുന്നതിനുള്ള നിയമം നിയമസഭയ്ക്ക് പാസ്സാക്കാനാവില്ല. ഗവർണറെ ഗവർണർ എന്ന പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള അധികാരംപോലും സഭയ്ക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കു പുറമേ ഗവർണർകൂടി ചേർന്നതാണ് സഭ. എല്ലാം ഭരണഘടനയാൽ വിമോചിതവും അതേസമയം നിയന്ത്രിതവുമായിരിക്കുന്ന അവസ്ഥയിൽ ബേഗ്ഹട്ട് വരയ്ക്കുന്ന ഭീകരചിത്രം നമ്മുടെ ഗവർണർമാരുടെ ദുഃസ്വപ്നമാകേണ്ട കാര്യമില്ല. എന്നിട്ടും എന്തുകൊണ്ടാണ് നിർണായക ഘട്ടങ്ങളിൽ ഗവർണർമാരുടെ പേനയിലെ മഷി വറ്റിപ്പോകുന്നത്?

അടയിരുന്ന് മടുക്കുമ്പോൾ ഗവർണർമാർ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുന്നു. രാഷ്ട്രപതിഭവനിൽ എത്രകാലം വേണമെങ്കിലും ബില്ലുകൾ നിയമവിരുദ്ധമായി സൂക്ഷിക്കുന്നതിന് ഇടമുണ്ട്. ബില്ലുകൾക്ക് അനുമതി കിട്ടാതെ കർണാടകയിൽ ഭരണപ്രതിസന്ധിയും ഭരണഘടനാപ്രതിസന്ധിയും ഗുരുതരമായപ്പോൾ അന്നത്തെ മുഖ്യമന്ത്രി രാമകൃഷ്‌ണ ഹെഗ്‌ഡെ നൽകിയ കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽനിന്നായി 74 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടായിരുന്നു. രണ്ടെണ്ണത്തിന് ഏഴു വർഷം പഴക്കമുണ്ടായിരുന്നു.

അഞ്ചു വർഷത്തെ കാലാവധി മാത്രമുള്ള സർക്കാരിന് അതിനിടയിൽ ധാരാളമായി നിയമനിർമാണം നടത്തേണ്ടിവരും. നിയമനിർമാണമില്ലാതെ നയപരിപാടികൾ നടപ്പാക്കാനാവില്ല. നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷകക്ഷിക്ക് സുഗമമായി ഭരണം നടത്താൻ കഴിയാത്തവിധം ഭരണഘടനതന്നെ ഇട്ടിരിക്കുന്ന ഇടങ്കോലാണ് അനുച്ഛേദം 200. പരമാധികാരമുള്ള ജനത പരമമായ ജനേച്ഛയിൽ പ്രവർത്തിക്കുന്നത് തടയാൻ എന്തിനാണ് ഗവർണർ എന്ന കെട്ടുകാഴ്ചയെ സഭയുടെ പൂമുഖത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്? സംസ്ഥാനത്തെ ഒരു വോട്ടർ പോലുമല്ലാത്ത രാഷ്ട്രീയമായി അടിത്തൂൺ പറ്റാൻ പാകമായ ഒരു വ്യക്തിയെ വഴിമുടക്കുന്ന മർക്കടനായി വഴിയിൽ കിടത്തരുത്. അങ്ങനെ കണ്ടാൽ മാറിക്കിടക്കെടാ മർക്കട എന്നു പറയാൻ കഴിയുംവിധം ഭരണഘടനയിൽനിന്ന് അനുച്ഛേദം 200-ലെ അനുമതി വ്യവസ്ഥ നീക്കം ചെയ്യണം. ജനങ്ങൾ പാസ്സാക്കിയ നിയമത്തിന് പരദേശി ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ല. ബില്ല് പാസ്സായതായി സ്‌പീക്കർ പ്രഖ്യാപിച്ചാൽ നിയമത്തിന്റെ വിരിവിന് വീണ്ടുമൊരു അടയിരിക്കൽ ആവശ്യമില്ല. രാഷ്ട്രപതി അനുമതി നൽകിയ ബില്ലാണെങ്കിലും ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ അതിലുണ്ടെങ്കിൽ കോടതിയുടെ ഇടപെടലുണ്ടാകും. തിരുത്തലും വെട്ടലും ഉണ്ടാകും. അതാണ് ജുഡീഷ്യൽ റിവ്യൂ എന്ന സവിശേഷമായ ജുഡീഷ്യൽ അധികാരം. ജനാധിപത്യത്തിൽ ജനങ്ങൾക്ക് സ്വയം ഭരിക്കുന്നതിന് അവസരമില്ലെങ്കിൽ പിന്നെയെന്തു ജനാധിപത്യം?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com