അവർ വാക്കുകൾ ഉരുക്കി എന്റെ കാതിലൊഴിച്ചു: എന്റെ ജീവിതം തന്നെ നിലച്ചുപോകും- വിപിന്‍ വിജയന്‍ സംസാരിക്കുന്നു
കഴക്കൂട്ടം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ വിജയന്റെ മകൻ 39 വയസ്സുള്ള വിപിൻ കൊടുത്ത പരാതിയിൽ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്:
“ഗവേഷണബിരുദം ലഭിക്കുന്നതിന് സർവകലാശാല അനുശാസിക്കുന്ന ചട്ടങ്ങൾ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും സംസ്‌കൃതം വകുപ്പുമേധാവിയും ഓറിയന്റൽ സ്റ്റഡിയിൽ ഫാക്കൽറ്റി ഡീനുമായ ഡോ. സി.എൻ. വിജയകുമാരി എന്റെ ഗവേഷണപ്രബന്ധത്തിന് ഗവേഷണബിരുദം നൽകരുതെന്ന് നിയമവിരുദ്ധമായി, യാതൊരു കാരണവുമില്ലാതെ യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നു.”
ഒരു വിദ്യാർത്ഥിയുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനവും പ്രതീക്ഷകളും ചവിട്ടിത്തേയ്ക്കുന്ന തീരുമാനമെടുക്കാൻ ഡോ. വിജയകുമാരിയെ പ്രേരിപ്പിച്ചത് എന്താണ്? കേരളം ഈ ദിവസങ്ങളിൽ ഏറ്റവും സത്യസന്ധമായി ചോദിച്ച ചോദ്യങ്ങളുടെ മുൻനിരയിൽത്തന്നെ ഉണ്ട് ഇത്. വിപിന്റെ പരാതിയിൽ ഡോ. വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തു, പട്ടിക ജാതി-ഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് തേടിയിരിക്കുന്നു. നവംബർ എട്ടിനാണ് പൊലീസിലും കമ്മിഷനും പരാതി കൊടുത്തത്. എന്നാൽ, ഒക്ടോബർ 27-നു തന്നെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു. അതിൽ റിസർച്ച് ഡയറക്ടറുടേയും രജിസ്ട്രാറുടേയും അന്വേഷണം വി.സി ഉറപ്പു കൊടുക്കുകയും ചെയ്തു. പക്ഷേ, പിന്നീട് ഒന്നും അറിഞ്ഞില്ല.
വൈസ് ചാൻസിലർ നിയമിച്ച വിഷയവിദഗ്ദ്ധർ ഉൾപ്പെടെ ശുപാർശ ചെയ്ത പ്രബന്ധത്തിനാണ് ഗവേഷണബിരുദം നൽകരുതെന്ന് ഡോ. വിജയകുമാരി ശുപാർശ ചെയ്തത്. അതിന്റെ കാരണങ്ങൾ ഈ പരാതിയിൽ വിപിൻ പറയുന്നുണ്ട്. ജാതിയാണ് ഒന്നാമത്തെ കാര്യം. സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ വിപിൻ എം.ഫിൽ ചെയ്യുമ്പോൾ ഗൈഡ് ആയിരുന്നു വിജയകുമാരി. അന്നു മുതൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. പുലയന്മാർ സംസ്‌കൃതം പഠിക്കേണ്ട എന്നു പലതവണ അവർ പറഞ്ഞിട്ടുണ്ട്. പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും പറഞ്ഞു. എന്നാൽ, സംസ്‌കൃതത്തിൽ ഗവേഷണബിരുദം നേടുക എന്ന വലിയ ആഗ്രഹം സാധിക്കുന്നതിന് ഇത്തരം ആക്ഷേപങ്ങളോടു പ്രതികരിക്കാതെ സഹിക്കുകയായിരുന്നു. വിപിനു ഗവേഷണബിരുദം കൊടുക്കരുത് എന്ന വാദത്തെ ഡോ. വിജയകുമാരി തന്നെ സമൂഹമാധ്യമത്തിലൂടെ ന്യായീകരിക്കുകയും അത് വാർത്തയാവുകയും ചെയ്തതോടെയാണ് വിപിന്റെ സഹനത്തിന്റേയും കേരള സർവകലാശാലയിൽ വിജയകുമാരി ടീച്ചർ തന്നെ ഒരു പക്ഷത്തുള്ള മറ്റു ചില മാനസിക പീഡന സംഭവങ്ങളും പുറത്തു വരുന്നത്. “സംസ്‌കൃതംപോലും അറിയാത്ത ആൾക്കാണ് സംസ്‌കൃതത്തിൽ പിഎച്ച്.ഡി കൊടുക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയും വിമർശനവും വന്നു. ഞാൻ എസ്.എഫ്.ഐയുടെ വലിയ നേതാവാണ് എന്ന രീതിയിലാണ് പ്രചരിച്ചത്. ഞാൻ നേതാവല്ല, ഗവേഷക യൂണിയൻ ജനറൽ സെക്രട്ടറി എന്നൊക്കെയാണ് പ്രചരിച്ചത്. പക്ഷേ, അതു ശരിയല്ല. എസ്.എഫ്.ഐയിൽ ഉണ്ടായിരുന്നു; എന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടു ചേർന്നതാണ്. എം.എഡ്ഡിനു പഠിക്കുമ്പോൾ ഡിപ്പാർട്ട്‌മെന്റ് യൂണിയനിൽ അംഗമായിട്ടുണ്ട്. ഗവേഷക യൂണിയനിൽ യാതൊരു ചുമതലയും വഹിച്ചിട്ടില്ല. എന്നാൽ, എസ്.എഫ്.ഐയുടെ പേരുകൂടി ചേർത്തു പറഞ്ഞാലേ ഈ വിഷയം എൽ.ഡി.എഫ് സർക്കാരിനും ഇടതുപക്ഷത്തിനും എതിരാക്കി മാറ്റാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. ആർ.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ചിന്ത അങ്ങനെയാണ്” -വിപിൻ വിജയൻ പറയുന്നു. “വിപിൻ എന്നുമാത്രം പറഞ്ഞാൽ വിപിനല്ലേ ഉള്ളൂ. എസ്.എഫ്.ഐ നേതാവ് വിപിൻ എന്നു പറഞ്ഞാൽ അതിൽ സി.പി.എമ്മിനും എൽ.ഡി.എഫ് സർക്കാരിനും എതിരായ രാഷ്ട്രീയ ആയുധമുണ്ട്. അവർ ഒരുകൂട്ടം ആളുകൾ തന്നെയുണ്ട് കേരള സർവകലാശാലയിൽ. വിഷയങ്ങളെ ഈ വിധത്തിൽ രാഷ്ട്രീയവൽക്കരിക്കുന്നതിലാണ് ശ്രദ്ധ. ബി.ജെ.പിയുടെ അദ്ധ്യാപക സംഘടനാ പ്രവർത്തകയും സെനറ്റ് അംഗവുമാണ് ടീച്ചർ. എന്നാൽ, അവരെ അങ്ങനെ പരാമർശിച്ച് വിവരങ്ങൾ പുറത്തുവന്നില്ല. എന്റെ ഇല്ലാത്ത എസ്.എഫ്.ഐ പദവിയാണ് വന്നത്. അതിലുണ്ട് കൃത്യമായ അജൻഡ. അതുവച്ചാണ് വേട്ടയാടാൻ ശ്രമിച്ചത്. അതായത്, ഒരേസമയം ഇതിൽ ജാതിയും സി.പി.എം വിരുദ്ധതയുമുണ്ട്; മൂന്നാമതൊന്നുള്ളത് കടുത്ത വർഗീയതയാണ്. എന്നോടു മാത്രമല്ല ഇതൊക്കെ ചെയ്യുന്നത്.”
ദളിത് വിദ്യാർത്ഥിക്ക് അശുദ്ധി
വിജയകുമാരി ടീച്ചറിന്റെ ഉള്ളിലെ ജാതിബോധമാണ് പിഎച്ച്.ഡി നിഷേധിക്കാനുള്ള ശ്രമങ്ങളിലുള്ളതെന്ന് വിപിൻ വിശദീകരിക്കുന്നു. സംസ്‌കൃതത്തിൽ പിഎച്ച്.ഡി ചെയ്യുന്നത് ആ ഭാഷ അറിയാത്ത ആളാണെന്ന അവരുടെ നുണ പലരും ഏറ്റെടുത്തു പ്രചരിപ്പിച്ചു, ഷെയർ ചെയ്തു. എന്താണ് സത്യമെന്ന് ആളുകൾക്ക് അറിയില്ലല്ലോ. പ്രതിക്കൂട്ടിലിനുള്ള ശ്രമമാണ് നടത്തിയത്. “ഞാനാകെ ഡൗണായിപ്പോയി. ഇത്രയും കഠിനാധ്വാനം ചെയ്തു പഠിച്ചിട്ട് ഒറ്റനിമിഷംകൊണ്ട് എല്ലാം ഇല്ലാതായിപ്പോയതുപോലെയായി. ഒന്നാമത്, അഞ്ചു വർഷം നന്നായി അധ്വാനിച്ചിട്ടാണ് പിഎച്ച്.ഡി എടുക്കുന്നത്. അതിലാണ് നമ്മളെ ഒരു നിമിഷംകൊണ്ട് ഇല്ലായ്മ ചെയ്യുന്നത്. ഒക്ടോബർ ഒടുവിൽ ആ വാർത്ത വന്നപ്പോൾ ഞാനാകെ അപ്‌സെറ്റായി. മാനസികമായി വല്ലാത്തൊരവസ്ഥയിലായി; എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. ഒക്ടോബർ 15-നാണ് ഓപ്പൺ ഡിഫൻസ് കഴിഞ്ഞത്, നവംബർ ഒന്നിനു സിൻഡിക്കേറ്റ് യോഗം വച്ചിരുന്നു. എന്റെ പി.എച്ച്.ഡി ഉൾപ്പെടെ അതിൽ വരും. സിൻഡിക്കേറ്റാണ് അവാർഡ് ചെയ്യേണ്ടത്. അത് തടയാൻ തന്നെയായിരുന്നു ഉദ്ദേശിച്ചത്. അത് നടന്നു. തടഞ്ഞിട്ട് എനിക്കെതിരെ വി.സിക്ക് പരാതിയും കൊടുത്തു. നുണ പ്രചരിപ്പിച്ച് മാനസികമായി തളർത്താൻ ശ്രമിക്കുന്നതിനെതിരെ, വസ്തുതകൾ വിശദീകരിച്ച് ഞാനും പരാതി കൊടുത്തു. കാര്യങ്ങൾ ശരിയായ വഴിക്കല്ല പോകുന്നത് എന്നും എന്നോടു ജാതിയുടെ പേരിലുള്ള വ്യക്തിവൈരാഗ്യം തീർക്കുകയാണ് എന്നും അതിൽ പറഞ്ഞിരുന്നു. “നിങ്ങളൊന്നും എത്ര പഠിച്ചാലും സംസ്‌കൃതമൊന്നും നിങ്ങൾക്കു വഴങ്ങില്ല, നിങ്ങൾ കുറേ പട്ടികജാതിക്കാർ വന്ന് ഇവിടം അശുദ്ധമാക്കി” എന്നൊക്കെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്റെ എം.ഫിൽ കാലഘട്ടത്തിൽ ടീച്ചറിൽനിന്നു കേൾക്കേണ്ടിവന്ന കാര്യമാണിത്. വേദം കേൾക്കുന്ന കീഴ്ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം എന്ന പഴയ സവർണകല്പനയുടെ സ്ഥാനത്ത്, മാറിയ കാലത്ത് ഈയത്തിനു പകരം വാക്കുകളാണ് ഉരുക്കിയൊഴിക്കുന്നത്.”
അദ്ധ്യാപിക എന്ന വാക്ക് ഉച്ചരിക്കാൻപോലും അവർക്ക് അർഹതയില്ല എന്നു വിപിൻ പറയുന്നത് സങ്കടംകൊണ്ടോ വികാരക്ഷോഭംകൊണ്ടോ ഉള്ള ഒരു പ്രസ്താവന എന്ന നിലയ്ക്കല്ല; ഉള്ളിൽത്തട്ടിയാണ്. പൊള്ളിച്ച അനുഭവങ്ങളാണ് കാരണം. “അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിനു ചേരാത്തവിധമാണ് അവരുടെ വാക്കും പ്രവൃത്തിയും. അന്ന് പക്ഷേ, ഞാൻ താഴ്ന്നു കൊടുത്തു. വേറെ വഴിയുണ്ടായിരുന്നില്ല. എന്തു കാര്യം ചോദിച്ചാലും സഹകരിക്കില്ല. ഒരു തിസീസ് എഴുതുന്നു, അതിൽ എന്തെങ്കിലും കാര്യം നോക്കിത്തരാൻ ചെന്നു പറഞ്ഞാൽ നോക്കില്ല. അവരുടെ മുറിയുടെ അകത്തേയ്ക്കു കയറാൻപോലും സമ്മതിക്കില്ല. വെളിയിൽ നിർത്തിയിട്ട് ഇറങ്ങി വരികയേയുള്ളൂ. ഇനി അഥവാ അകത്തു കയറിയാൽ നമ്മൾ ഇറങ്ങുമ്പോൾ വെള്ളമെടുത്ത് തളിക്കും. അങ്ങനെ തളിച്ചു ‘ശുദ്ധമാക്കാൻ’ അവരുടെ ഓഫീസിൽ വെള്ളം വച്ചിട്ടുണ്ട്. ആദ്യമൊന്നും ഇത് അറിയില്ലായിരുന്നു. ജാതി മനോഭാവമുള്ള ആളുകളെ മുന്‍പും കണ്ടിട്ടുണ്ട്. പക്ഷേ, സർവകലാശാലയിലെ ഒരു അദ്ധ്യാപികയുടെ ഭാഗത്തുനിന്ന് ഇത്രയും രൂക്ഷമായി വിവേചനം പ്രതീക്ഷിച്ചില്ല.”
മറ്റൊരു അദ്ധ്യാപികയെക്കുറിച്ചും അവർക്കുണ്ടായ അനുഭവത്തെക്കുറിച്ചും വിപിൻ പറയുന്നു. ഡോ. സി.എ. ഷൈല. അവർക്കു കീഴിലാണ് റിസർച്ച് ചെയ്തത്. “ഹജ്ജിനു പോയശേഷം ടീച്ചർ തട്ടമിട്ടാണ് വരുന്നത്. അത് വിജയകുമാരി ടീച്ചറിന് ഇഷ്ടമല്ല, തട്ടമിട്ടവരെ കാണുന്നത് വിഷയമാണ്. വിജയകുമാരി ടീച്ചറിൽനിന്നുണ്ടാകാറുള്ള വിവേചനത്തെക്കുറിച്ച് ക്രിസ്ത്യൻ കുട്ടികൾ സഹവിദ്യാർത്ഥികളോട് പറഞ്ഞ അനുഭവങ്ങളുമുണ്ട്. സ്വർണാഭരണമൊക്കെ ഇട്ടു വന്നാൽ ചോദിക്കുന്നത് നീ മറ്റേ ജോലിക്കു പോയിട്ട് ഇട്ടുകൊണ്ടു വരുന്നതാണോ എന്നാണ്. ക്രിസ്ത്യൻ പേരുകളൊക്കെ പറഞ്ഞ് ആക്ഷേപിക്കും. സന്ന്യാസിനിയായ ഒരു ഗവേഷണ വിദ്യാർത്ഥിനിയുണ്ടായിരുന്നു- ചന്ദ്രമതി. വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് വരുന്നത്. എസ്.സി വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് അവരെ ഇവർക്കു കണ്ടുകൂടാ. ഞാൻ മാത്രമല്ല, വേട്ടയാടപ്പെട്ടിരിക്കുന്നത്. മറ്റു പലരും മിണ്ടുന്നില്ല എന്നേയുള്ളൂ. ഞാനിത് സഹിക്കാൻ വയ്യാതെ വന്നപ്പോഴാണ് ലോകത്തോടു പറഞ്ഞത്. ലോകം അറിയാതെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇതൊക്കെ. ചന്ദ്രമതി എന്നെപ്പോലെത്തന്നെ പരാതി കൊടുക്കുകയുമൊക്കെ ചെയ്തു. പിന്നീട് നിൽക്കക്കള്ളിയില്ലാതെ നിർത്തിപ്പോയി എന്നാണ് മനസ്സിലാക്കുന്നത്. പിഎച്ച്.ഡി കിട്ടിയില്ല. ഒന്നുമില്ലായ്മയിൽനിന്നു വന്ന സ്ത്രീയാണ്.” പലരും പ്രതികരിക്കാത്തത് ഭാവി തുലച്ചുകളയും എന്ന പേടികൊണ്ടാണ്. ഇവർ പ്രതികാരബുദ്ധി കാണിക്കും. ചന്ദ്രമതിയുടെ അനുഭവം തന്നെ ഉദാഹരണം. മുന്‍പേ പ്രതികരിച്ചെങ്കിൽ ഞാൻ ഇവിടെവരെ എത്തില്ല. അവർ എന്നെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിലാക്കുമായിരുന്നു എന്നും വിപിന്റെ സാക്ഷ്യം.
നിലനില്‍പ്പ്
വി.സിക്കു പരാതി കൊടുത്തപ്പോൾ അദ്ദേഹം നന്നായിട്ടാണ് സ്വീകരിച്ചത്. രജിസ്ട്രാറുടേയും റിസർച്ച് ഡയറക്ടറുടേയും അന്വേഷണത്തിനു സമയപരിധിയൊന്നും പറഞ്ഞിട്ടില്ല. ആ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. “ഏറെ ചർച്ചയായ വി.സിയുടെ രാഷ്ട്രീയ ചായ്‌വൊന്നും നമ്മൾ നോക്കുന്നില്ല. അദ്ദേഹം വിദ്യാർത്ഥികളുടെ വി.സിയാണല്ലോ. നീതി കിട്ടും എന്നു വിചാരിക്കുന്നു.” സർവകലാശാലാതലത്തിൽ അങ്ങനെയൊരു പരാതി കൊടുത്തെങ്കിലും ഡോ. വിജയകുമാരിയുടെ അധിക്ഷേപത്തിലെ ജാതി വിവേചനത്തിനെതിരെ പട്ടിക ജാതി-വർഗ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമാണ് പൊലീസിൽക്കൂടി പരാതി കൊടുത്തത്. ഇനിയെങ്കിലും ആർക്കും ഇങ്ങനെയുള്ള വിവേചനങ്ങൾ അനുഭവിക്കേണ്ടിവരരുതെന്ന് വിപിൻ പറയുന്നു. അതിനുവേണ്ടിക്കൂടിയാണ് ശക്തമായി നിലകൊള്ളുന്നത്. നവംബർ അഞ്ചിന് ദീർഘമായ ഫേസ്ബുക് പോസ്റ്റ് ഇട്ടതും ആ ഉദ്ദേശത്തോടുകൂടിയാണ്. “അത്രയ്ക്കു വിഷമിക്കുന്നുണ്ട് ഞാൻ. എന്തിനാണ് ഇങ്ങനെ ജീവിതം തകർക്കുന്നത്. എനിക്കിപ്പോൾ എം.എ, എം.ഫിൽ, എം.എഡ് ഉണ്ട്. ഇതുകൂടി കിട്ടിക്കഴിഞ്ഞാൽ അവരെത്തട്ടി നിൽക്കും. അത് ഇല്ലാതാക്കണം. അവർക്കൊന്നും തുല്യമായി ദളിതർ എത്തണ്ട എന്ന മനോഭാവം. നമുക്കു ഡോക്ടറേറ്റ് കിട്ടുന്നത് അവർക്കു സഹിക്കുന്നില്ല. അത് വ്യക്തമാണ്. കേരള സർവകലാശാലയിൽ ഇങ്ങനെ നടക്കുന്നല്ലോ എന്ന് ഓർക്കുമ്പോൾ സഹിക്കാനാകുന്നില്ല. ഒരു കാര്യമുള്ളത്, ഇവിടെ നമുക്കു പ്രതികരിക്കുകയെങ്കിലും ചെയ്യാം എന്നതാണ്. ഇവർക്ക് രാഷ്ട്രീയ മേധാവിത്വമുള്ള സ്ഥലത്തോ മറ്റോ ആണെങ്കിൽ പ്രതികരിച്ചാൽ കൊല്ലപ്പെട്ടേക്കും. എനിക്കും പേടിയാണ്. എങ്കിലും പ്രതികരിച്ചു; എന്തുചെയ്യും എന്നറിഞ്ഞുകൂടാ. കേരളത്തിലതു നടക്കില്ല. എങ്കിലും പേടിക്കേണ്ട വിഷയമാണ്. അതുകൂടി മനസ്സിൽ വെച്ചാണ് പൊലീസിനും എസ്.സി, എസ്.ടി കമ്മിഷനും പരാതി കൊടുത്തത്.”
രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തനിക്കു പ്രധാനം തന്നെയാണ് എന്ന് വിപിൻ. “ഫേസ്ബുക് പോസ്റ്റിലും അതു പറഞ്ഞിട്ടുണ്ട്; എനിക്ക് രാഷ്ട്രീയമുണ്ട്. പോസ്റ്റ് വന്ന ശേഷം ഇടതുപക്ഷത്തു നിന്നാണ് ഏറ്റവും ശക്തമായ പിന്തുണയും അനുകൂല പ്രതികരണങ്ങളും ഉണ്ടായത്. ഉന്നത വിദ്യാഭ്യാസ മന്ത്രിതന്നെ പ്രതികരിച്ചല്ലോ. തോമസ് ഐസക് സഖാവും കാലടി സർവകലാശാലയിലെ ടീച്ചേഴ്‌സും ഉൾപ്പെടെ ഒരുപാടു പേർ വിളിച്ചു. അവർ വിളിച്ചതുകൊണ്ട് എല്ലാമായി എന്നല്ല. പക്ഷേ, എന്റെ ബുദ്ധിമുട്ടും വിഷമവും മനസ്സിലാക്കി സമാധാന വാക്ക് പറയുകയാണല്ലോ. അതൊരു വലിയ കാര്യമാണ്. കുമാരപുരം ഗവൺമെന്റ് ബി.എഡ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകനായി പഠിപ്പിക്കുകയാണ് മൂന്നു വർഷമായി. പല സുഹൃത്തുക്കളും ഇവിടെ വന്നു കണ്ടു.”
വിജയകുമാരി ടീച്ചറിന് ബി.ജെ.പി രാഷ്ട്രീയത്തിൽനിന്നുകൊണ്ട് വേറെ പദവികളിലൊക്കെ പ്രതീക്ഷയുണ്ടാകാം. നമ്മളെ ചവിട്ടിമെതിച്ചിട്ടു വേണോ അതു നേടിയെടുക്കാൻ എന്ന് അവരുടെ വിദ്യാർത്ഥി ചോദിക്കുന്നത് ഉള്ള് പൊള്ളിയിട്ടാണ്. “അവർ ഒറ്റയ്ക്ക്, വ്യക്തിപരമായി മാത്രം ചെയ്യുന്ന കാര്യമാണ് ഇതെന്നു കരുതാൻ കഴിയില്ല. ഗവേഷകരുടെ തന്നെ ഒരു ഗ്രൂപ്പ് ഇവർക്ക് പിന്തുണയായി ഉണ്ട്. അതിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പേര് മനപ്പൂർവം പറയുന്നില്ല. അവരുടെ ഭാവി തുലയ്ക്കാൻ എന്റെ വാക്കുകൾ കാരണമാകാൻ പാടില്ല എന്നു ചിന്തിക്കുന്നതുകൊണ്ടാണ്. പെട്ടെന്ന്, ഒരഞ്ചു മിനിറ്റുകൊണ്ട് നമ്മുടെ ജീവിതം തുലച്ചു കളഞ്ഞതിന്റെ വിഷമം എനിക്കു മനസ്സിലാകും. എനിക്ക് ഇവരെപ്പോലെ നെറികെട്ട രാഷ്ട്രീയമില്ല, നെറികെട്ട രീതിയുമില്ല. നേരായ വഴിയേ പോവുക എന്ന നിശ്ചയമുള്ള ആളാണ്.”
Kerala University
Center-Center-Kochiകാലം സാക്ഷി
അമ്മയും അച്ഛനും അനിയനുമാണ് വിപിന്റെ കുടുംബം. കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ ഹാർട്ട് സർജറി കഴിഞ്ഞു വിശ്രമിക്കുകയാണ്. രണ്ടു മക്കളുടേയും വരുമാനം കുടുംബത്തിനു പ്രധാനമാണ്. ഗസ്റ്റ് അദ്ധ്യാപകന്റെ പരിമിത ശമ്പളത്തിന്റെ കൂടെ കരുത്തിലാണ് നിലനിൽക്കുന്നത്. അച്ഛനു മരുന്നിനു മാത്രം മാസത്തിൽ 4000 രൂപയാകും. വിപിനും വേണം മരുന്നുകൾ. കാട്ടാക്കടപോലെ ഒരു ഗ്രാമപ്രദേശത്തുനിന്ന് ഡിഗ്രിക്ക് പഠിക്കാനാണ് തിരുവനന്തപുരം നഗരത്തിലെത്തുന്നത്. 36 കിലോമീറ്ററുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടേയും മറ്റും പോസ്റ്ററൊട്ടിക്കാൻ കിട്ടും. അതുള്ള ദിവസങ്ങളിൽ രാത്രി വൈകി വീട്ടിൽ പോക്ക് നടക്കില്ല. അന്നു കോളേജിൽ കിടക്കും. “കോളേജിൽത്തന്നെ രാത്രി ഉറങ്ങുന്ന കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കാനാണ്, അക്രമരാഷ്ട്രീയം സംഘടിപ്പിക്കാനാണ് എന്നൊക്കെ ചിലർ പറയുന്നതു കേൾക്കുമ്പോൾ എനിക്ക് സ്വന്തം അനുഭവമാണ് ഓർമവരുന്നത്. പോസ്റ്റർ ഒട്ടിച്ചുകിട്ടുന്ന കാശ് കൊണ്ട് പഠിക്കാനും കഴിയുമെങ്കിൽ അതിൽനിന്ന് ഒരു വിഹിതം വീട്ടിൽ കൊടുക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. എല്ലാ ക്ലാസ്റൂമും പൂട്ടും. എസ്.എഫ്.ഐയുടെ യൂണിറ്റ് റൂമിലായിരിക്കും കിടക്കാൻ കഴിയുക. അവിടെ കിടക്കുമ്പോൾ രാജകൊട്ടാരത്തിൽ കിടക്കുന്നതുപോലെയാണ് ഫീൽ ചെയ്യുക. അല്ലെങ്കിൽ തെരുവിൽ കിടക്കേണ്ടിവരും. കുറ്റപ്പെടുത്തുന്നവർക്ക് ഇതൊന്നും അറിയില്ല. എന്നെപ്പോലെ മറ്റു പല വിദ്യാർത്ഥികളും ഉണ്ടായിരുന്നു. നെയ്യാറ്റിൻകരയിൽനിന്നും കളിയിക്കാവിളയിൽനിന്നുമൊക്കെ പാവപ്പെട്ട വീട്ടിൽനിന്നു വരുന്ന കുട്ടികൾ.” സംസ്‌കൃതം പഠിക്കുന്ന കുട്ടികൾ ഏറ്റവും പാവപ്പെട്ട വീട്ടിൽനിന്നുള്ളവരായിരിക്കും എന്ന് ഒരു കാര്യം പ്രത്യേകം മനസ്സിലാക്കാൻ വേണ്ടി പറയട്ടെ എന്ന ആമുഖത്തോടെ വിപിൻ പറഞ്ഞു: ഇംഗ്ലീഷോ, ശാസ്ത്ര വിഷയങ്ങളോ ഒക്കെ എടുക്കുന്ന കുട്ടികളിലേറെയും മധ്യവർഗ കുടുംബങ്ങളിൽനിന്നുള്ളവരായിരിക്കും. സംസ്‌കൃതത്തിൽ ഡിഗ്രിയോ പി.ജിയോ ഒക്കെ എടുക്കാൻ വരുന്ന കുട്ടികളിൽ 90 ശതമാനവും പാവപ്പെട്ട വീടുകളിലെ കുട്ടികളായിരിക്കും. സംസ്‌കൃത കോളേജിൽ നോക്കിയാൽ അത് മനസ്സിലാകും. സംസ്‌കൃതത്തിനു കുട്ടികൾ കുറവാണെങ്കിൽ ഇവരെ ക്യാൻവാസ് ചെയ്തു പിടിക്കുന്ന അദ്ധ്യാപകർ വരെയുണ്ട്. കുട്ടികളില്ലെങ്കിൽ അവർക്ക് മറ്റെവിടേക്കെങ്കിലുമൊക്കെ സ്ഥലം മാറ്റം കിട്ടുമല്ലോ. “ഞാൻ പറഞ്ഞുവന്നത്, അങ്ങനെയുള്ള ജീവിതസാഹചര്യത്തിൽനിന്നു പഠിച്ചു വന്നയാളാണ്. ആ പോസ്റ്ററൊട്ടിക്കലും അതിൽനിന്നുള്ള പ്രതിഫലവും രാത്രിയിലെ കിടപ്പുമൊക്കെ പഠിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. അതൊന്നും പരിഗണിക്കപ്പെടാതെ പോകുന്നു എന്ന വിഷമമുണ്ട്. അഹങ്കാരവും ധാർഷ്ട്യവുമാണ് ഇവരെയൊക്കെ നയിക്കുന്നത്. എല്ലാം പിടിച്ചടക്കി, ഇതെല്ലാം എന്റെ കയ്യിലാണ് എന്ന ഭാവം.”
“നമ്മളോടു മാത്രമല്ല, ചെയ്യുന്നത് എന്നു പറഞ്ഞല്ലോ. ഉഷാ രാജാ വാര്യർ ടീച്ചർ, ഷംസീർ സാർ, ജയലക്ഷ്മി ടീച്ചർ ഇങ്ങനെ ചില നല്ല മനുഷ്യരൊക്കെ അവിടെയുണ്ട്. ജയലക്ഷ്മി ടീച്ചറെ ഈ വിജയകുമാരി ടീച്ചർ നിരന്തരം ടോർച്ചറിങ്ങ് ആണ്. അവർ ഇടതുപക്ഷ സംഘടനയിലാണ് എന്നതാണ് വിരോധം. ആ ടീച്ചറിനെതിരെ ഇതുവരെ പന്ത്രണ്ടോ പതിമൂന്നോ പരാതികൾ സർവകലാശാലയ്ക്ക് കൊടുത്തിട്ടുണ്ട് ഇവർ. ബുദ്ധിമുട്ടിക്കുക തന്നെയാണ് ഉദ്ദേശ്യം; മാനസികമായി തളർത്തുകയാണ്. അമ്പലങ്ങളിൽ പ്രഭാഷണത്തിനു പോകുന്ന ആളാണ് വിജയകുമാരി ടീച്ചർ, ഭർത്താവും അതായിരുന്നു. മനുഷ്യനോടു നല്ലതു പറയുന്ന വേദികളല്ലേ അത്. എന്നിട്ട് എങ്ങനെ പാവപ്പെട്ട സഹജീവികളോട് ഇങ്ങനെ മോശമായി പെരുമാറാൻ കഴിയുന്നു എന്നാണ് അത്ഭുതം. സർവകലാശാലയിൽ എം.ഫിൽ ചെയ്യുന്ന വിദ്യാർത്ഥികളുണ്ട്. അവരെല്ലാം തീസിസ് കഴിയുന്ന സമയത്ത് സാരി കൊണ്ടുചെന്നു കൊടുത്ത് കാലിൽ തൊട്ടു തൊഴണം. ഒരു ഒപ്പ് കിട്ടണമെങ്കിൽ ഗിഫ്റ്റ് കൊടുക്കണം. ഇത് സ്വന്തം വിഷമംകൊണ്ടു പറയുന്നതല്ല; ആരോടു ചോദിച്ചാലും പറയും. അതല്ലെങ്കിൽ അവർ നന്മമരംപോലെ, പരിശുദ്ധ മറിയത്തെപ്പോലെ നിൽക്കട്ടെ.”
തട്ടിവീഴ്ത്തുന്നവർ
ജീവിതത്തിൽ എന്തും ചെയ്തുപോകുന്ന ഒരവസ്ഥയിലൂടെയാണ് ഈ ദിനങ്ങളിൽ കടന്നു പോയത് എന്ന് വിപിൻ. “നേരത്തെ പറഞ്ഞ പ്രിയപ്പെട്ടവർ നൽകിയ പിന്തുണയാണ് ഒന്നു നേരെ നിൽക്കാൻ സഹായിച്ചത്. അവരുടെ നല്ല വാക്കുകളുടെ പേരിലാണ് ഇപ്പോൾ നിൽക്കുന്നത്. അല്ലെങ്കിൽ ഞാനും ഒരു രോഹിത് വെമുല ആയിപ്പോയേനെ. ആരും സഹായിക്കാനില്ല. ഒറ്റപ്പെട്ടുപോയി എന്നൊരു വിഷമിപ്പിക്കുന്ന ഘട്ടത്തിലായിപ്പോയി. എത്ര ധൈര്യശാലിയാണെങ്കിലും നമ്മുടെ മനസ്സ് പതറുന്ന സമയമുണ്ട്. ആ ഒരു ചിന്തയാണ് നമ്മളെ പെട്ടെന്ന് ഇല്ലാതാക്കിക്കളയുന്നത്. ഈ സമൂഹത്തിൽ നിൽക്കാൻ കഴിയില്ല എന്നു തോന്നിപ്പോകുന്ന ഒരൊറ്റക്കാരണം കൊണ്ടായിരിക്കും സ്വയം ഇല്ലായ്മ ചെയ്യുന്നത്. എന്തും ചെയ്യുമായിരുന്നു എന്ന ആ ഘട്ടത്തിൽനിന്ന് പുറത്തുകൊണ്ടുവരാൻ ആ പോസ്റ്റ് വന്ന ശേഷം എല്ലാ ദിവസവും വിളിക്കുന്ന അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയുണ്ട്. വാക്കുകളുടെ വേദനയ്ക്ക് വാക്കുകളുടെ തന്നെ ആശ്വാസം. ഒരു അടി അടിച്ചാൽ അനുഭവിക്കുന്ന വേദനപോലെയല്ല വാക്കുകൾ ഉണ്ടാക്കുന്ന വേദന. അത് നീറി നീറി നിൽക്കും.
എന്റെ തീസിസിൽ തെറ്റുണ്ട് എന്ന് ടീച്ചറിനു ചൂണ്ടിക്കാണിക്കാം. പക്ഷേ, വാക്കുകൾകൊണ്ട് ഇല്ലാതാക്കിക്കളയാൻ പാടില്ല. ഓപ്പൺ ഡിഫൻസിനു മുന്‍പ് പ്രീ സബ്മിഷൻ ഉണ്ട്. അന്ന് ടീച്ചർ പറഞ്ഞത് നല്ല തീസിസാണ് എന്നായിരുന്നു. നല്ല വിഷയമാണ്, നന്നായി എഴുതി എന്നൊക്കെ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് തുടർപ്രവർത്തനങ്ങളിലേക്കു കടന്നത്. ആറു മാസം കഴിഞ്ഞ് ഓപ്പൺ ഡിഫൻസിനു വന്നപ്പോൾ നേരെ വിപരീതമായി നിലപാട്.
ഞങ്ങളുടെ വകുപ്പുമേധാവി ഷൈല ടീച്ചറിനെ ഇവർക്ക് ഇഷ്ടമില്ല എന്നു പറഞ്ഞല്ലോ. ടീച്ചറേ എന്നു നമ്മൾ ആത്മാർത്ഥമായി വിളിക്കുന്ന ടീച്ചർമാരിൽപ്പെട്ടതാണ് ഷൈല ടീച്ചർ. ആരും ഒരു വ്യത്യസ്ത അഭിപ്രായവും പറയാത്തവിധം നന്മയുള്ള വ്യക്തി. പാവപ്പെട്ട വീട്ടിൽനിന്നു വരുന്ന കുട്ടികളെ മറ്റാരും അറിയാതെ സഹായിക്കുന്ന മനോഭാവമുള്ള അദ്ധ്യാപിക. അസിസ്റ്റന്റ് പ്രൊഫസറായി വന്ന് 12 വർഷം വകുപ്പുമേധാവിയായിരുന്ന് വിരമിച്ച ടീച്ചറോട് സഹപ്രവർത്തകർക്കുള്ള സ്നേഹവും ബഹുമാനവും അറിയിക്കാൻ അവർ റിട്ടയർ ചെയ്യുന്ന സമയത്ത് വലിയൊരു യാത്രയയപ്പ് പരിപാടി വച്ചു. അത് ഇവർക്ക് ഇഷ്ടപ്പെട്ടില്ല. ടീച്ചർ വിരമിച്ചു പോയ ശേഷം ഇവർ ചെയ്തത് എന്താണെന്നു വച്ചാൽ, ലൈബ്രറിയിൽ ചെന്ന് അവിടുത്തെ ലയബിലിറ്റി വിശദാംശങ്ങളെടുത്തു. തിരിച്ചുകിട്ടാത്ത പുസ്തകങ്ങളുടെ കണക്ക്. ഷൈല ടീച്ചർ വകുപ്പുമേധാവായിരുന്ന കാലത്തെ മാത്രമല്ല, അതിനും വർഷങ്ങൾക്കു മുന്‍പ് നഷ്ടപ്പെട്ട തിരിച്ചു കിട്ടാത്ത പുസ്തകങ്ങളുടേയും ബാധ്യത അവരുടെ തലയിൽ വെച്ചു. എന്തുണ്ടായെന്നറിയാമോ, അവരുടെ പെൻഷൻ തടഞ്ഞു. ഒന്നര വർഷമായി പെൻഷൻ കൊടുത്തിട്ട്. ബാക്കി പിരിഞ്ഞുപോകുമ്പോഴുള്ള മുഴുവൻ ആനുകൂല്യങ്ങളും യൂണിവേഴ്‌സിറ്റിയിൽ ഇരിക്കുകയാണ്. താൻ വകുപ്പു മേധാവിയായിരുന്ന കാലത്ത് തിരിച്ചുകിട്ടാത്ത പുസ്തകങ്ങളുടെ കണക്കെടുത്താൽ അതിന്റെ ബാധ്യത ഏൽക്കാൻ തയ്യാറാണ് എന്ന് ഷൈല ടീച്ചർ പറഞ്ഞു. അതിന് ഇവർ തയ്യാറായിട്ടില്ല. ഇതൊക്കെ മനപ്പൂർവം ബുദ്ധിമുട്ടിക്കാൻ മാത്രം ചെയ്യുന്നതാണ്. എന്തുമാത്രം ദുഷിച്ച ചിന്താഗതിയാണ് എന്ന് ആലോചിച്ചുനോക്കൂ. ടീച്ചറേ എന്ന് അവരെ അഭിസംബോധന ചെയ്യാൻ കഴിയില്ല. ഒരു എച്ച്.ഒ.ഡി എന്ന നിലയിൽ ഇങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ?”
പുലർച്ചെ രണ്ടു മണിക്ക് എണീറ്റ് പാങ്ങോട് മീൻ മാർക്കറ്റിൽ കണക്കെഴുത്തു ജോലിക്കു പോയിരുന്നു, അഞ്ചാറു വർഷത്തോളം. രാവിലെ തിരിച്ചുവന്നിട്ട് പഠിക്കാൻ പോകും. ഉറക്കം കുറവ്, കഠിനാധ്വാനം കൂടുതൽ. സ്‌ട്രോക്ക് വന്നു. ആൻജിയോപ്ലാസ്റ്റ് വേണ്ടിവന്നു. ജീവിതത്തെ മാറ്റിമറിച്ചു അത്. എം.എഡ് കഴിഞ്ഞുനിൽക്കുമ്പോഴായിരുന്നു. എസ്.പി ഫോർട്ട് ആശുപത്രി ഐ.സി.യുവിലായി. ഒരു വർഷം മുന്‍പ് രണ്ടാമതും വന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഐ.സി.യുവിലായിരുന്നു. ഓപ്പൺ ഡിഫൻസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയി ബുദ്ധിമുട്ടിച്ചപ്പോൾ ഈ രണ്ട് അനുഭവങ്ങളുടെ ഭയത്തിലും സമ്മർദത്തിലും വിജയകുമാരി ടീച്ചറിനോട് ശബ്ദം താഴ്ത്തി പറഞ്ഞു: “ടീച്ചറേ എനിക്ക് വയ്യ, ബി.പിയൊക്കെ ഒരുപാട് കേറിയിരിക്കുകയാണ്, എനിക്കാകെപ്പാടെ വയ്യ.”
വിപിനേ ടെൻഷനടിക്കരുത്, വയ്യാത്തതല്ലേ എന്ന് എന്റെ സ്ഥിതി അറിയുന്ന മലയാളം ടീച്ചറും മറ്റും വിളിച്ചുപറഞ്ഞു. എല്ലാവരും പേടിച്ചുപോയി. ഇതെല്ലാമായിട്ടും ഒരു മാനുഷിക പരിഗണന അവർ തന്നില്ല. അത്തരമൊരു സന്ദർഭത്തിൽ സാമാന്യ മാനുഷിക പരിഗണന എല്ലാവർക്കും ഉണ്ടാകും. പക്ഷേ, വിജയകുമാരി ടീച്ചറിനത് ഉണ്ടായില്ല. പിന്നീട് പരിശോധിക്കുമ്പോൾ ഹൈ ബി.പിയാണ്. രണ്ടു തവണത്തെ ആശുപത്രിവാസത്തിനുശേഷവും ഞാൻ ഡോക്ടർമാരുടെ നിർദേശങ്ങളൊക്കെ കൃത്യമായി പാലിച്ച് മരുന്നുകഴിച്ചും നടക്കാനൊക്കെ പോയും ഞാനെന്റെ ആരോഗ്യം തിരിച്ചുപിടിച്ചതാണ്. ഓപ്പൺ ഡിഫൻസിലെ അമിത സമ്മർദം കഴിഞ്ഞ് അത് പിന്നെയും മാറിപ്പോയി. ആദ്യത്തെ ആശുപത്രി ജീവിതം കഴിഞ്ഞ് വീണ്ടും മീൻ മാർക്കറ്റിൽ ജോലിക്കും പോയിരുന്നു. ജീവിക്കണ്ടെ? ഇപ്പോൾ ഈ രോഗം വീണ്ടും വരാൻ കാരണം വിജയകുമാരി ടീച്ചറാണ്, എനിക്കു നാളെ എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണവും വിജയകുമാരി ടീച്ചറായിരിക്കും. ഇതു ഞാൻ കൃത്യമായി പറയുകയാണ്. എന്റെ ജീവിതസാഹചര്യങ്ങളോടു പൊരുതി ഇവിടെവരെ എത്തി. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യം എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുകയാണെങ്കിൽ അതിന് ഉത്തരവാദി ഡോ. സി.എൻ. വിജയകുമാരി ആയിരിക്കും. വിപിൻ അത് പലവട്ടം ആവർത്തിച്ചു: “എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വിജയകുമാരി ടീച്ചറായിരിക്കും.”
“ഓപ്പൺ ഡിഫൻസിൽ എന്റെ സ്ഥിതി ഞാൻ ടീച്ചറോടു പറഞ്ഞല്ലോ, എന്നെ ദ്രോഹിക്കരുത് ടീച്ചറേ, ഒന്നു നിർത്ത്. ടീച്ചർ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഒന്നാമതായി, എന്റെ കോളേജിൽനിന്നുള്ള നൂറ്റിയമ്പതോളം വിദ്യാർത്ഥികൾ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. അവരുടെ മുന്നിൽ ഞാൻ നാണംകെട്ടു നിൽക്കുകയാണ്. രണ്ടര മണിക്കൂറാണ് എന്നോടു ചോദ്യങ്ങൾ ചോദിച്ചത്. വിജയകുമാരി ടീച്ചർ വീണ്ടും വീണ്ടും ആളുകളെ ഫോൺ ചെയ്തു വിളിച്ചു വരുത്തിക്കൊണ്ടിരുന്നു. വേദിയിലിരുന്ന് ഇത് നിയന്ത്രിക്കാനുള്ള അവർ പുറത്തിറങ്ങും, ഫോൺ ചെയ്യും, കയറിവരും. അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. എങ്ങനെ ദ്രോഹിക്കാം എന്നതിന്റെ ക്ലാസിക്കൽ എക്സാമ്പിളായി എന്റെ ഓപ്പൺ ഡിഫൻസ് മാറി. സഹികെട്ടിട്ടാണ് ഒന്നു നിർത്ത് ടീച്ചറേ എന്നു പറഞ്ഞത്. അതായത്, ചെയർമാൻ അവാർഡ് ചെയ്തു കഴിഞ്ഞാൽ കാര്യം തീർന്നു. പക്ഷേ, ഇവര് ഓടിവന്ന് മൈക്ക് പിടിച്ചെടുത്തു സംസാരിച്ചു. റൂൾസ് ആന്റ് റെഗുലേഷൻസ് ഒന്നും പാലിച്ചില്ല. അന്നുതൊട്ടാണ് എന്റെ ശാരീരിക പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയത്. ടെൻഷൻ പാടില്ല എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ടെൻഷനായാൽ ബി.പി കൂടും, വീണ്ടും സ്‌ട്രോക്കായിട്ടു വരും. ഒരു വശം തളർന്നുപോകും. ഡോക്ടർ എന്നോടു നേരിട്ടത് പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ കളിച്ചുചിരിച്ച് സന്തോഷത്തോടെ ജീവിച്ചു. ഒരിക്കലും ടെൻഷനടിക്കാതെ ശ്രദ്ധിച്ചു. പക്ഷേ, ഒരു ജീവിതകാലത്തെ മുഴുവൻ ആഗ്രഹവും ഒരു നിമിഷംകൊണ്ടു തകർന്നപ്പോൾ മനസ്സിനു പിടിച്ചുനിൽക്കാനായില്ല. ജീവിതം തകർന്നുപോയി എന്ന തോന്നലും വിഷമവും ശക്തമായി ഉള്ളതുകൊണ്ടാണ് പരാതികൾ കൊടുത്തത്.
ഗവേഷണപ്രബന്ധം ഓപ്പൺ ഡിഫൻസിനു വെച്ചത് 2025 ഒക്ടോബർ 15-നാണ്. ഗവേഷണ വിഷയം: sadguru sarvasvam a study. അന്നു രാവിലെ പത്തരയ്ക്ക് യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസിലെ സംസ്‌കൃത വിഭാഗം സെമിനാർ ഹാളിൽ ഹൈബ്രിഡ് മോഡ് ആയാണ് ഓപ്പൺ ഡിഫൻസ് നടന്നത്. അലഹബാദ് പ്രയാഗ് രാജ് സർവകലാശാലയിലെ പ്രൊഫസർ ഡോ. അനിൽ പ്രതാപ് ഗിരി ആയിരുന്നു ചെയർമാനായി പങ്കെടുത്തത്.
അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളുമടങ്ങുന്ന അക്കാദമിക സമൂഹത്തിന്റെ സജീവ പങ്കാളിത്തമാണ് ഉണ്ടായത്. വിപിൻ അതിനൊക്കെ മറുപടികൾ നൽകുകയും ചെയ്തു. ഒരു മണിക്കൂറും രണ്ടു മണിക്കൂറും കഴിഞ്ഞ് രണ്ടര മണിക്കൂറോളമാണ് സംവാദം നീണ്ടത്. അസാധാരണമായിരുന്നു അത്. പരിശോധനാ റിപ്പോർട്ടുകളുടേയും ഓപ്പൺ ഡിഫൻസിന്റേയും പശ്ചാത്തലത്തിൽ ഡോ. അനിൽ പ്രതാപ് ഗിരി സർവകലാശാലയ്ക്ക് നൽകിയ ശുപാർശ വിപിന് ഡോക്ടറേറ്റ് നൽകണം എന്നായിരുന്നുതാനും. എന്നാൽ, അതുകഴിഞ്ഞ് കാര്യങ്ങൾ മാറി മറിഞ്ഞു.
ഒക്ടോബർ 15 കഴിഞ്ഞ് ആഴ്ചയൊന്നായിട്ടും സംസ്‌കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി.എൻ. വിജയകുമാരി രേഖകളിൽ ഒപ്പുവെച്ചില്ല. താൻ ദളിതനായതുകൊണ്ടാണ് ഇതെന്ന് പിന്നീട് വൈസ് ചാൻസിലർക്ക് കൊടുത്ത പരാതിയിൽ വിപിൻ തുറന്നു പറഞ്ഞു. നവംബർ അഞ്ചിന് സമൂഹമാധ്യമത്തിൽ വിപിൻ പോസ്റ്റു ചെയ്ത വിശദമായ കുറിപ്പ് കേരളത്തെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും രോഷം കൊള്ളിക്കുകയും ചെയ്തു. എന്നാൽ, അതിൽ പറഞ്ഞ കാര്യങ്ങളുടെ തന്നെ കൃത്യമായ വിവരം വി.സിക്ക് നേരത്തേ കൊടുത്ത പരാതിയിൽ ഉണ്ടായിരുന്നു. അത് ഇങ്ങനെയാണ്:
“കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ജീവിതം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണ് ഇത്.”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
