വയനാട്ടിലെ തുരങ്കപാത വേണോ? ചൂരല്‍മലയ്ക്ക് പിന്നാലെ കള്ളാടി നല്‍കുന്ന മുന്നറിയിപ്പുകള്‍

വയനാട് കള്ളാടിയിലുണ്ടായ ദുരന്തം വയനാട് തുരങ്കപാത പദ്ധതിയെക്കുറിച്ചുള്ള പുനര്‍വിചിന്തനത്തിന് പ്രേരകമാകുമോ? പാരിസ്ഥിതിക ആഘാതം ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു പ്രദേശത്ത് പദ്ധതി എങ്ങനെ മുന്നോട്ടുപോകുമെന്നതും ചോദ്യമായി നിലനില്‍ക്കുന്നു.
Kalladi site
കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ഫോട്ടോ: വിന്‍സെന്‍റ് പുളിക്കല്‍
Updated on

വയനാട് തുരങ്കപാതയുടെ പ്രവേശനകവാടമായ മേപ്പാടി കള്ളാടി പ്രദേശത്ത് ജൂലൈ ഏഴിന് നടന്ന മണ്ണിടിച്ചിലിൽ മരിച്ചത് എട്ടുപേരാണ്. ചെരിവുള്ള പ്രദേശത്തെ മണ്ണ് നീക്കി നിരപ്പാക്കുകയും അനുബന്ധ റോഡിന്റേയും നിർമാണവുമാണ് ഈ ഭാഗത്ത് നടന്നുകൊണ്ടിരുന്നത്. പാരിസ്ഥിതികമായി ദുർബലമായ പ്രദേശമായ ഇവിടെ മഴയും മണ്ണ് കൂട്ടിയിട്ടതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. പുത്തുമലയ്ക്കും ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ശേഷം അതേ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയും ഒരു ദുരന്തഭൂമിയാവുകയാണ്.

വയനാട്ടിൽ തുരങ്കപാത വരുന്നു എന്ന വാർത്ത അവിശ്വസനീയതോടേയും ഒരിക്കലും പ്രാവർത്തികമാകാൻ സാധ്യതയില്ലാത്തതുമാണ് എന്നു കരുതിയിരുന്ന ഒരുപാട് മനുഷ്യരുണ്ടായിരുന്നു, വയനാട്ടിലും വയനാടിനു പുറത്തും. അത് പരിസ്ഥിതിവാദികളുടെ മാത്രം ആശങ്കയും ചിന്തയും ആയിരുന്നില്ല. വയനാടിനെക്കുറിച്ചറിയുന്ന, കരുതലുള്ള സാധാരണ മനുഷ്യരായിരുന്നു അങ്ങനെ ചിന്തിച്ചതിൽ ഏറെയും. പക്ഷേ, വളരെ വേഗത്തിലായിരുന്നു പിന്നീട് തുരങ്കപാതയ്ക്കായുള്ള സർക്കാറിന്റെ നീക്കങ്ങൾ. ആളുകളുടെ ആശങ്കയോ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ദുർബലതയോ പരിസ്ഥിതി പ്രവർത്തകരുടെ ശാസ്ത്രീയമായ പഠനങ്ങളേയോ പരിഗണിക്കാതേയുള്ള നീക്കങ്ങളായിരുന്നു പിന്നീട് കണ്ടത്. 2019-ൽ പുത്തുമലയിലും 2024 ജൂലൈയിൽ മുണ്ടക്കൈ-ചൂരൽമലയിലും ആ ഗ്രാമങ്ങളെ തന്നെ തകർത്ത ഉരുൾപൊട്ടൽ ഇത്തരം നിർമാണങ്ങളിൽ ഒരു പുനർചിന്തനമെങ്കിലും നടത്തേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. നാനൂറിലധികം പേർ മരിക്കുകയും നൂറിലധികം പേർ മണ്ണിനടിയിലാവുകയും ചെയ്തതാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തം. പുത്തുമല ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും ഏഴ് പേർ ഇപ്പോഴും മണ്ണിനടിയിലുമാണ്. അടുത്തിടെയുണ്ടായ ഈ രണ്ട് ദുരന്തങ്ങളും നടന്ന അതേ മേപ്പാടി പഞ്ചായത്തിലാണ് തുരങ്കപാതയുടെ പ്രവേശന കവാടവും.

Kalladi site
മണ്ണിടിച്ചില്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനംഫോട്ടോ: വിന്‍സെന്റ് പുളിക്കല്‍

യാത്രാദുരിതങ്ങൾ ഏറെ അനുഭവിക്കുന്നവരാണ് വയനാട്ടുകാർ എന്നത് യാഥാർത്ഥ്യമാണ്. അപകടകരമായ ചുരം റോഡും വയനാടിനു പുറത്തെത്താൻ മണിക്കൂറുകളോളം റോഡിൽ കാത്തുകെട്ടി കിടക്കേണ്ടിവരുന്നതും വയനാട്ടുകാരുടെ ജീവിതത്തെ ദുസ്സഹമാക്കുന്നതാണ്. പക്ഷേ, അതിന്റെ പ്രതിവിധി പാരിസ്ഥിതിക ആഘാതം ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു പ്രദേശത്ത് തുരങ്കം നിർമിച്ചുകൊണ്ടാണോ എന്നതാണ് ഉയരുന്ന ആശങ്ക. മണ്ണിടിഞ്ഞും മലയിടിഞ്ഞും മരിച്ചുപോകുന്ന മനുഷ്യരേയും ഇല്ലാതായിപ്പോകുന്ന സ്ഥലങ്ങളേയും ജീവിതമാർഗങ്ങളേയും മറ്റു ജീവികളേയും “വികസനം വരുമ്പോൾ കുറച്ച് നഷ്ടങ്ങളൊക്കെ ഉണ്ടാകും” എന്ന ലളിതയുക്തിയിൽ മറയ്ക്കാവുന്നതാണോ? കള്ളാടിയിലെ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്, എല്ലാ എതിർവാദങ്ങളേയും തള്ളിനീക്കി ഈ പദ്ധതി യാഥാർത്ഥ്യമാക്കിയ ഓരോ മനുഷ്യനും ഒഴിഞ്ഞുമാറാനാവില്ല. വയനാട്ടിൽ തുരങ്കപാതയോ എന്ന് ആശ്ചര്യപ്പെട്ടിരുന്ന മനുഷ്യർക്കൊന്നും കള്ളാടിയിലെ മണ്ണിടിച്ചിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ടാകില്ല, കാരണം അത് പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. കൂട്ടിയിട്ട മണ്ണ് മഴയിൽ ഒലിച്ചുതാഴ്ന്നതാണ് ദുരന്തത്തിനു കാരണം എന്ന തരത്തിൽ പറയുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഇപ്പോഴും ഒരുവശത്തുണ്ട്. അത്യധികം പാരിസ്ഥിതികമായി ദുർബലമായ പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന തുരങ്കപാതയുടെ നിർമാണം ഉണ്ടാക്കുന്ന ആഘാതം ഇനിയെങ്കിലും കൃത്യമായി പഠിക്കപ്പെടുകയും തീരുമാനങ്ങൾ ഉണ്ടാവേണ്ടതുമാണ്.

കോഴിക്കോട്-വയനാട് തുരങ്കപാത

കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി റൂട്ടാണ് വയനാട് തുരങ്കപാത. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴിയൽനിന്ന് ആരംഭിച്ച് വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടി മീനാക്ഷിപ്പാലം വരെയാണ് പാത. വയനാടിന്റെ യാത്രാദുരിതത്തിനു പരിഹാരം എന്ന നിലയിലാണ് പശ്ചിമഘട്ടത്തിലൂടെയുള്ള ഈ തുരങ്കപാത. നിലവിൽ തമാരശ്ശേരി ചുരം വഴിയുള്ള അപകടകരവും ദുസ്സഹവുമായ യാത്ര ഒഴിവാക്കാം, യാത്രാസമയം കുറയ്ക്കാം എന്നിവയാണ് മെച്ചം. ഒന്‍പത് ഹെയർപിൻ വളവുകളുള്ള നിലവിലെ താമരശ്ശേരി ചുരം വഴി രണ്ടര-മൂന്നു മണിക്കൂറാണ് കോഴിക്കോട് നിന്ന് വയനാട്ടിലേക്കെത്താനുള്ള സമയം കണക്കാക്കുന്നത്. ഒന്നര-രണ്ട് മണിക്കൂറാണ് തുരങ്കപാതവഴിയുള്ള സമയം കണക്കാക്കുന്നത്. രണ്ട് ഭാഗത്തേക്കുമായി നാലുവരി ഇരട്ട തുരങ്കപാതയാണ് നിർമിക്കുന്നത്. 8.73 കിലോമീറ്ററാണ് ദൂരം. 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 5.58 കിലോമീറ്റർ വയനാട് ജില്ലയിലും. നാല് വർഷംകൊണ്ട് 2030 ഓടെ പണി പൂർത്തികരിക്കുന്നതാണ് പദ്ധതി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഭോപ്പാൽ ആസ്ഥാനമായുള്ള ദിലിപ് ബിൽഡ്‌കോണിനാണ് നിർമാണ ചുമതല. 2,134.5 കോടിയാണ് നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാണ് വയനാട്ടിലേത്.

2025 ഓഗസ്റ്റ് 31-നായിരുന്നു നിർമാണോദ്ഘാടനം നടത്തിയത്. 2026 മാർച്ച് ആറിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മറിപ്പുഴയിൽ നിർമാണത്തിന്റെ ഭാഗമായുള്ള പാറപൊട്ടിക്കലിന്റേയും ഉദ്ഘാടനം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു പാറപൊട്ടിച്ച് ഉദ്ഘാടനം. ഒരു വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം എന്നതിലുപരി അത്യധികം ആശങ്കയോടെ ആ പാറപൊട്ടിക്കൽ ദൃശ്യം നോക്കിക്കണ്ടവർ ഏറെയുണ്ടായിരുന്നു. സ്വകാര്യഭൂമിക്കു പുറമെ 17.263 ഹെക്ടർ വനഭൂമിയും പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. 2026 ഫെബ്രുവരിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതിനായി അനുമതിയും നൽകി.

രണ്ട് തുരങ്കങ്ങളുടേയും നിർമാണത്തിനായുള്ള തുരക്കൽ പ്രവൃത്തിയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ഭാഗത്തുനിന്നും പണികൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കോഴിക്കോട് ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്തുനിന്ന് 50 മീറ്ററോളം തുരന്നുകഴിഞ്ഞു. രാവും പകലും തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. പ്രവേശനഭാഗത്തേക്ക് എത്താൻ ഇരുവഞ്ഞിപ്പുഴയിലെ അനുബന്ധ പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്. വയനാട് കള്ളാടിയിൽ പ്രാരംഭ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആനക്കാംപൊയിലിൽ നടന്നത് പോലെയുള്ള ‘പാറപൊട്ടിക്കൽ’ മേപ്പാടിയിൽ അടുത്തുതന്നെ തുടങ്ങാനുള്ള നീക്കത്തിലാണ് നിർമാണ കമ്പനി. ചരിവുകളുള്ള പ്രദേശമായതിനാൽ പദ്ധതി പ്രദേശം നിരപ്പാക്കുന്ന പ്രവൃത്തിയാണ് കാര്യമായി നടക്കുന്നത്. അനുബന്ധ റോഡുകളുടെ നിർമാണവും നടക്കുന്നു.

meenakshi bridge
കള്ളാടിക്ക് സമീപമുള്ള മീനാക്ഷിപാലം വിന്‍സെന്റ് പുളിക്കല്‍

ഉരുൾപൊട്ടൽ പ്രദേശത്തെ തുരങ്കം

2025 മാർച്ചിലാണ് സ്റ്റേറ്റ് എക്സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റി ഇരുപത്തിയഞ്ചിന വ്യവസ്ഥകളോടെ പദ്ധതിക്ക് അനുമതി നൽകിയത്. ഉരുൾപൊട്ടൽ സാധ്യത പ്രദേശത്തെ നിർമാണം ശ്രദ്ധയോടെ ചെയ്യണം, മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കണം, വന്യജീവികളുടേയും ആദിവാസികളുടേയും പ്രശ്നങ്ങൾ പരിഗണിക്കണം തുടങ്ങിയവയൊക്കെയാണ് വ്യവസ്ഥകൾ. ഇത്തരം പ്രശ്നങ്ങൾ അവിടെയുണ്ട് എന്ന് അവർ മനസ്സിലാക്കി എന്നത് വ്യക്തം. ഇത്രയും പ്രശ്നങ്ങൾ കണ്ടെത്തുകയും അത് രേഖപ്പെടുത്തുകയും ചെയ്യുകയും അനുമതി നൽകുകയും ചെയ്യുന്നത് എങ്ങനെ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.

2025 മെയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേയും അനുമതി ലഭിച്ചു. 60 വ്യവസ്ഥകൾ പരിസ്ഥിതി മന്ത്രാലയവും നിർദേശിച്ചു. ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെ മറച്ചുവെച്ചുകൊണ്ടാണ് കേന്ദ്രമന്ത്രാലയത്തിന്റെ അനുമതി നേടിയെടുത്തത് എന്ന് അന്നുതന്നെ പരിസ്ഥിതി സംഘടനകൾ ആരോപിച്ചിരുന്നു.

എന്നാൽ, വിശദമായ പഠനങ്ങൾ നടത്തി എന്നായിരുന്നു സർക്കാർ അന്ന് അവകാശപ്പെട്ടത്. എക്സ്‌പേർട്ട് കമ്മിറ്റിയുടെ പഠനത്തിനു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവെ സന്ദർശനവേളയിൽ നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ഇക്കാര്യം സംസാരിക്കുകയും അവർ പദ്ധതിയെക്കുറിച്ച് പരിശോധിക്കുകയും ചെയ്തതായും എൽ.ഡി.എഫ് സർക്കാർ അവകാശപ്പെട്ടിരുന്നു. നോർവെയിലെ നാച്ചറൽ ഹസാർഡ്‌സ് ഡയറക്ടർ ഡോ. ഡൊമിനിക് ലാങിന്റെ നേതൃത്വത്തിലുള്ള നോർവീജിയൻ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയും പദ്ധതിക്ക് അനുലമായ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

പദ്ധതിക്കെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി നേരത്തെ കേരള ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയെങ്കിലും തള്ളിപ്പോയി. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും പദ്ധതി ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും പരിസ്ഥിതിക്ക് ആഘാതമില്ലാതെ നിർമാണം നടത്തുന്നത് എന്‍ജിനീയർമാർ നോക്കിക്കോളുമെന്നും ലംഘനങ്ങൾ കാണപ്പെടുകയാണെങ്കിൽ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളിക്കളയുകയായിരുന്നു. വയനാടിന്റെ ജീവനാഡിയാണ് തുരങ്കപാത എന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തിയിരുന്നു. കള്ളാടി ഭാഗത്ത് തുരങ്ക നിർമാണത്തിനായുള്ള തുരക്കൽ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അനുബന്ധമായ പ്രവൃത്തി തുടങ്ങിയപ്പോൾത്തന്നെ പാരിസ്ഥിതികമായി ദുർബലമായ ഈ പ്രദേശത്ത് ദുരന്തം ഉണ്ടായി. സുപ്രീംകോടതി നിരീക്ഷിച്ച ജീവനാഡിയായ പദ്ധതി കുറേ മനുഷ്യരുടെ ജീവനെടുത്തതാണ് വയനാട്ടിൽ കണ്ടത്.

കള്ളാടി ദുരന്തത്തിനു ശേഷം പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിർമാണം നിർത്തിവെയ്ക്കണം എന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. തൊട്ടടുത്ത പ്രദേശങ്ങളായ പുത്തുമലയിലും ചൂരൽ മലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതൊന്നും പരിഗണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇപ്പോഴും ജീവിതം തിരിച്ചുപിടിക്കാനാവാതെ വാടക വീടുകളിൽ കഴിയുന്ന ദുരന്തബാധിതർ മേപ്പാടി പഞ്ചായത്തിലുണ്ട്. തുരങ്ക നിർമാണത്തിന്റെ ഭാഗമായുള്ള പൊട്ടിക്കലും തുരക്കലുമുണ്ടാക്കുന്ന പ്രകമ്പനങ്ങൾ ചുറ്റുമുള്ള ചെരിവുള്ള പ്രദേശങ്ങളെ ഏതു രീതിയിൽ ബാധിക്കും എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിയിൽ ആനത്താര ഉണ്ട് എന്നത് എക്സ്‌പേർട്ട് കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യ-വന്യജീവി സംഘർഷം കൂടാനുള്ള സാധ്യതയും അവർ പറയുന്നുണ്ട്. അപൂർവയിനം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ് പശ്ചിമഘട്ടത്തിലൂടെയുള്ള ഈ പദ്ധതി പ്രദേശം.

ദുരന്തത്തിനു മുന്‍പ് ആവശ്യമായ മുൻകരുതൽ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ചപറ്റിയിട്ടുണ്ട്. മഴയുടെ തോതും മണ്ണിടിയാൻ തുടങ്ങുന്നതിനേയും കൃത്യമായി വിലയിരുത്താൻ സാധിച്ചിരുന്നില്ല. മണ്ണിടിച്ചിൽ തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കുകയായിരുന്നു അപ്പോഴും തൊഴിലാളികൾ എന്നു നാട്ടുകാർ പറയുന്നു. ചാലുകീറി വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ അവർ നടത്തിയിരുന്നു. അവരെല്ലാം അപകടത്തിൽപ്പെട്ടു. തുരങ്ക നിർമാണം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്യുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ദ്ധസമിതിയേയും ദുരന്തത്തിന്റെ കാരണം വിലയിരുത്താൻ അഞ്ചംഗ സമിതിയേയും സർക്കാർ നിയമിച്ചിട്ടുണ്ട്.

മണ്ണിടിച്ചിൽ തടയാനും അടിത്തറ ബലപ്പെടുത്താനുമായി നിർമിച്ച സംരക്ഷണ ഭിത്തിയോടെയാണ് കള്ളാടിയിൽ ഇടിഞ്ഞുവീണത്. ഉരുൾപൊട്ടൽ സാധ്യതാപ്രദേശത്തെ തുരങ്കപാത നിർമാണത്തിനിടെയുണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും പ്രകൃതിദുരന്തമല്ലെന്നും മനുഷ്യനിർമിത ദുരന്തമാണെന്നും പറയുന്നതിനെ തള്ളിക്കളയാവുന്നതല്ല. അരക്ഷിതമായും ആശങ്കയോടേയും ജീവിക്കേണ്ടിവരുന്ന മനുഷ്യരേയും ജീവജാലങ്ങളേയും കാണാതിരിക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com