വന്ദേമാതരം: ഇനി ഒരു സംഘിഗാനം ആലപിക്കാം
രാജ്യത്തിന് രണ്ട് പേരുകൾ ഉള്ളതുപോലെ രണ്ട് ദേശീയ ഗാനങ്ങളുണ്ട്. ഒന്ന് ദേശീയഗാനം. മറ്റേത് ദേശീയഗീതം. രണ്ടും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ല. രണ്ടും ബംഗാളിയിൽ ബംഗാളികൾ എഴുതിയതാണ്. ടാഗോറിന്റെ ഗാനം ദേശീയഗാനമാക്കുന്നതിനോ ബങ്കിം ചന്ദ്രയുടെ ഗീതം ദേശീയഗീതമാക്കുന്നതിനോ ഉദ്ദേശിച്ചെഴുതിയതല്ല. ടാഗോറിന്റേത് ഭുമിശാസ്ത്രവിവരണമാണ്. അദ്ദേഹം വന്ദിക്കുന്ന ഭാരതത്തിന്റെ വിധാതാവ് ആരെന്ന കാര്യത്തിൽ തർക്കമുണ്ട്. സംസ്‌കൃതം കലർത്തി ബംഗാളിയിൽ ബങ്കിം ചന്ദ്ര എഴുതിയ ഗീതം മനോരമ്യവും സംഗീതാത്മകവുമാണ്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരം ദേശീയഗാനമാക്കാൻ പരിഗണിക്കപ്പെടുന്ന ഗാനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. മാതൃവന്ദനത്തോടെ തുടങ്ങുന്ന ഗാനം അവസാനഭാഗത്തെത്തുമ്പോൾ ഹിന്ദു സ്തോത്രഗീതമായി മാറുന്നതിനാൽ വന്ദേമാതരത്തിന് പൊതുസ്വീകാര്യത ലഭിച്ചില്ല. അതുകൊണ്ട് ആദ്യത്തെ രണ്ടു ഖണ്ഡം മാത്രമെടുത്ത് ദേശീയഗീതമുണ്ടാക്കി. അത് അതിൽത്തന്നെ പൂർണമാണ്. പാർലമെന്റ് സമ്മേളിക്കുന്ന ദിവസം വന്ദേമാതരവും സമാപിക്കുന്ന ദിവസം ജനഗണമനയും ആലപിക്കുന്നു. ദേശീയഗീതമായി സ്വീകരിക്കപ്പെട്ട രൂപത്തിലുള്ള വന്ദേമാതരമാണ് ദേശീയഗാനമാകാൻ കൂടുതൽ അനുയോജ്യമെന്ന അഭിപ്രായം എനിക്കുണ്ട്. കാലത്തിന്റെ പരിണാമത്തിൽ ഹിന്ദുരാഷ്ട്രത്തിന്റെ ദേശീയഗീതമായി വന്ദേമാതരവും മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ ദേശീയഗാനമായി ജനഗണമനയും മാറിയിരിക്കുന്നു.
ദേശീയഗാനവും ദേശീയഗീതവും ആലപിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിന്റെ രൂപത്തിൽ ഇറക്കിയിരിക്കുന്ന പ്രോട്ടോക്കോൾ അത്ര നിർദോഷമായ ഒന്നല്ല. വിദ്യാലയങ്ങളിൽ ദിനാരംഭത്തിൽ വന്ദേമാതരം നിർബന്ധമാക്കിയിരിക്കുന്നു. വന്ദേമാതരവും ജനഗണമനയും ദൈവദശകവും പിന്നെ സ്കൂൾ ഗീതവും ആലപിച്ചു കഴിയുമ്പോൾ കുട്ടികൾ ഒരു പാകത്തിലാകും. ഇളവെയിലിൽ കുഴഞ്ഞുവീഴുന്ന കുട്ടികളുടെ എണ്ണം കൂടാനാണ് സാധ്യത. ജനാധിപത്യത്തിൽ നിർബന്ധങ്ങളില്ല. ദേശീയഗാനംപോലും നിർബന്ധപൂർവം പാടിക്കരുതെന്ന് ബിജോ ഇമ്മാനുവെൽ കേസിൽ സുപ്രീംകോടതി പറഞ്ഞിരിക്കെയാണ് വിഭാഗീയത വളർത്തുന്നതും ഔദ്യോഗികമായി ഒഴിവാക്കപ്പെട്ടതുമായ ഖണ്ഡങ്ങൾകൂടി ചേർത്ത് 190 സെക്കൻഡ് ദൈർഘ്യത്തിൽ വന്ദേമാതരം ആലപിക്കണമെന്ന് അനുശാസന ഉണ്ടായിരിക്കുന്നത്. ഒരു സംസ്ഥാനഗീതംകൂടി ആയാൽ കുട്ടികൾ പാടിത്തളരും. ബലികുടീരങ്ങളേ എന്ന വിപ്ലവഗാനമുള്ളപ്പോൾ നമ്മൾ മറ്റൊരു ഗാനം അന്വേഷിക്കേണ്ടതില്ല. താമരയെക്കുറിച്ച് പരാമർശമുള്ളതിനാൽ ബി.ജെ.പിക്ക് ഈ ഗാനത്തോട് ആക്ഷേപമുണ്ടാവില്ല. ഓടിത്തളരുന്നതുപോലെ കുട്ടികൾ പാടിത്തളരും എന്ന പ്രശ്നം മാത്രമാണുള്ളത്. പാടാത്ത വീണയും പാടും എന്നു പറയുമ്പോലെ പാടാത്ത പൈങ്കിളി മാത്രമല്ല, പാടാത്ത കുട്ടികളും പാടും.
ആർ.എസ്.എസ്സിന്റെ ശതാബ്ദി വർഷത്തിൽ ഭാരതം എന്ന ഹിന്ദുരാഷ്ട്രം സ്ഥാപിതമായ കാര്യം പ്രഖ്യാപനത്തിലൂടെ ആരും നമ്മെ അറിയിച്ചില്ല. പക്ഷേ, അത് വാസ്തവമായിക്കഴിഞ്ഞു. കണ്ടുകണ്ടങ്ങിരിക്കെ ഓരോന്നിനും രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കും. ഭരണഘടനയെ അട്ടിമറിക്കുന്നതിനു പ്രാരംഭമായി അലങ്കോലമാക്കുക എന്ന ചടങ്ങുണ്ട്. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടഗോർ ആലപിച്ച് പ്രശസ്തമാക്കിയതാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പ്രചോദനാത്മകമായ ഗാനം. രാജേന്ദ്ര പ്രസാദും സർദാർ പട്ടേലും ചേർന്ന് ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും സമ്മതത്തോടെ തെരഞ്ഞടുത്തതാണ് ദേശീയഗീതം. ദുർഗാവന്ദനത്തിലേക്ക് പ്രവേശിക്കുന്ന ചരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് തീർത്തും മതനിരപേക്ഷമായ വരികൾ സ്വീകരിക്കപ്പെട്ടത്. ത്വം ഹി ദുർഗാ ദശപ്രഹരണ ധാരിണീ എന്നു തുടങ്ങുന്ന ഖണ്ഡത്തിൽ ദുർഗ മാത്രമല്ല, ലക്ഷ്മിയും സരസ്വതിയും വണക്കത്തിന് വിധേയരാകുന്നു. ഹിന്ദുക്കളല്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവർ ദിനേന വണക്കത്തോടെ ഈ പ്രാർത്ഥനാഗീതം ആലപിക്കേണ്ടിവരുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ക്രൈസ്തവ വിദ്യാലയങ്ങളിൽ ‘സ്വർഗസ്ഥനായ പിതാവേ’ എന്ന തീർത്തും മതനിരപേക്ഷമായ പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചാൽ എന്തായിരിക്കും ഹിന്ദുക്കളുടേയും മുസ്‌ലിങ്ങളുടേയും പ്രതികരണം? ഭരണഘടനയുടെ ഡിസൈനിൽ ഇല്ലാത്ത ചിത്രപടം റിപ്പബ്ലിക്കിന്റെ മേലാടയിൽ തുന്നിപ്പിടിപ്പിക്കുന്നതിനുള്ള ശ്രമം ഗർഹണീയവും അപലപനീയവുമാണ്. മതനിരപേക്ഷത യാദൃച്ഛികമായി സംഭവിക്കുന്നതല്ല. അത് നഷ്ടപ്പെടുന്നതും യാദൃച്ഛികമായിട്ടാവില്ല. ഇസ്‌ലാമിക് റിപ്പബ്ലിക്കിന് അന്ത്യം കുറിക്കാൻ സഹായിക്കണമെന്നാണ് ഇറാനിലെ അവസാനത്തെ ഷാ റേസ പഹ് ലവിയുടെ മകൻ ഡോണാൾഡ് ട്രംപിനോട് അഭ്യർത്ഥിക്കുന്നത്.
സ്വാതന്ത്ര്യപ്രാപ്തിക്കുവേണ്ടി മുന്നിട്ടിറങ്ങിയവരുടെ കൂട്ടായ വിവേകത്തിൽനിന്നാണ് ഭരണഘടനയ്ക്ക് സ്വീകാര്യമായ രീതിയിൽ ദേശീയഗീതമുണ്ടായത്. ആദ്യരചനയിൽ രണ്ട് ചരണങ്ങൾ മാത്രമാണുണ്ടായിരുന്നത്. അത് അതിനാൽത്തന്നെ പൂർണവുമായിരുന്നു. ‘ആനന്ദമഠം’ എന്ന നോവലിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണ് പിന്നീട് നാല് ഖണ്ഡങ്ങൾകൂടി എഴുതിയത്. അപ്പോഴാണ് അത് ഹിന്ദു ദേവതമാരുടെ സ്തുതിഗീതമാലയായി മാറിയത്. ആർക്കും വികാരക്ഷതം സംഭവിക്കാതെ ആലപിക്കാവുന്ന ദേശഭക്തി ഗാനമായിരുന്നു വന്ദേമാതരത്തിന്റെ ആദിമരൂപം. 1950 ജനുവരി 24-ന് ടാഗോറിന്റെ ജനഗണമനയെ ദേശീയഗാനമായി പ്രഖ്യാപിച്ചത് ഡോ. രാജേന്ദ്ര പ്രസാദായിരുന്നു. അന്ന് കേരളം ഇല്ലാതിരുന്നതുകൊണ്ടാവാം കേരളമെന്നോ മലയാളമെന്നോ ഉള്ള പരാമർശം ദേശീയഗാനത്തിൽ ഇല്ലാതെ പോയത്. നമ്മൾ ദ്രാവിഡ എന്ന സംജ്ഞയിലൊതുക്കപ്പെട്ടു. ജനഗണമനയ്ക്കൊപ്പം തുല്യവും സമുന്നതവുമായ പദവി വന്ദേമാതരത്തിനു നൽകിയപ്പോൾ ഭരണഘടന അംഗീകരിച്ച രൂപത്തിൽനിന്നുള്ള അനുവദനീയമല്ലാത്ത വ്യതിയാനമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു മതത്തിലെ ദേവതകളുടെ നിർബന്ധിത പ്രകീർത്തനം മതനിരപേക്ഷതയുടെ ചൈതന്യത്തിനു നിരക്കുന്നതല്ല.
1949-ൽ വിട്ടുപോയത് കൂട്ടിച്ചേർക്കാനുള്ള ശ്രമം 1976-ൽ ഉണ്ടായി. കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം 51എ അനുസരിച്ച് ദേശീയപതാകയോടും ദേശീയഗാനത്തോടുമുള്ള ആദരം പൗരന്റെ മൗലിക കർത്തവ്യമാണ്. ഇവിടെ ദേശീയഗീതം പരാമർശിക്കപ്പെടുന്നില്ല. മറവികൊണ്ടോ നോട്ടക്കുറവ്കൊണ്ടോ സംഭവിച്ചതല്ല ഇത്. യഹോവ സാക്ഷികളുടെ കേസിൽ കേരള ഹൈക്കോടതിയുടെ വിധി അസാധുവാക്കിക്കൊണ്ട് സുപ്രീംകോടതിയിൽ ഒ. ചിന്നപ്പ റെഡ്ഡി എഴുതിയ വിധി സാധുവായി നിൽക്കേ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ല. ജനഗണമനയിൽനിന്നു വ്യത്യസ്തമായി ഹൃദിസ്ഥമാക്കാൻ പ്രയാസമുള്ളതാണ് വന്ദേമാതരത്തിന്റെ പൂർണരൂപം. അതുകൊണ്ട് അത് തുണ്ടിലെഴുതി പോക്കറ്റിൽ സൂക്ഷിക്കേണ്ടിവരും. കാരണം ദേശീയഗീതമാലപിക്കുമ്പോൾ ശ്രോതാക്കൾ ആദരം പ്രകടിപ്പിച്ചാൽ മാത്രം പോരാ. കൂടെ പാടുകയും വേണം. ജനഗണമനതന്നെ പൂർണമായും ശരിയായും പാടാനറിയാത്തവർ ധാരാളമുണ്ടെന്നിരിക്കേ വന്ദേമാതരത്തിലെ ദേവതാസ്തുതി ദേവനിന്ദയായി പരിണമിക്കാനാണ് സാധ്യത.
ഭരണഘടനയ്ക്കു നിരക്കാത്ത രീതിയിൽ മതപരിവർത്തന നിയമം പാസ്സാക്കി അതിന് മതസ്വാതന്ത്ര്യ നിയമം എന്നു പേരിടുന്നതിനുള്ള വൈഭവമാണ് നമ്മുടെ കയ്യിലുള്ളത്. സ്വതന്ത്രമായ മതവിശ്വാസവും മതാചരണവും ഓരോ ഇന്ത്യൻ പൗരനും ഭരണഘടന നൽകുന്ന മൗലികമായ അവകാശമാണ്. ഹിന്ദുക്കൾക്കൊപ്പം അവരുടെ ശബ്ദത്തിനു മേലേ നിൽക്കുംവിധം ദുർഗയേയും സരസ്വതിയേയും ലക്ഷ്മിയേയും പ്രകീർത്തിച്ച് ഇതര മതസ്ഥർ ഗീതാലാപനം നടത്തണമെന്ന എക്സിക്യൂട്ടീവ് ഓർഡർ അനുസരിക്കാനുള്ളതല്ല. ഭരണഘടനയും ഭരണഘടന നൽകുന്ന അധികാരവുമുപയോഗിച്ച് നിർമിക്കപ്പെടുന്ന സാധുവായ നിയമങ്ങളാണ് അനുസരിക്കപ്പെടേണ്ടത്. ഗുരുതരമായ സംഘർഷാവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഭരിക്കുന്നവരെ വിമർശിച്ച് പ്രസംഗിച്ചാൽ ലഹളയ്ക്ക് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി കേസെടുക്കുന്നവരാണ് പിണറായി വിജയന്റെ പൊലീസ്. ഒരു ടെലിവിഷൻ ചാനലിന്റെ പ്രക്ഷേപണ ലൈസൻസ് മരവിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ പ്രസംഗിച്ചതിന് കേരളത്തിൽ പ്രോസിക്യൂഷനു വിധേയനായിരിക്കുന്ന ആളാണ് ഞാൻ. നിരന്തരം ജനങ്ങളെ പ്രോസിക്യൂഷനു വിധേയരാക്കുന്നതിനു സഹായകമായ ആലാപനനിയമമാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

