ഞാന്‍ പഠിച്ച 'വീടും' ഡോ. ജോണ്‍ മത്തായി എന്ന വീട്ടുകാരനും!

John Mathai centre
കേരള ജനത ജോണ്‍ മത്തായിയെ ഓര്‍ക്കുന്നില്ല എന്നത് അക്ഷന്തവ്യമായ 'ഓര്‍മ്മത്തെറ്റ്' തന്നെയാണ്
Updated on: 

മുമ്പൊക്കെ കേരളത്തിലെ പ്ലസ് ടു വിദ്യാഭ്യാസം കോളജിലായിരുന്നുവെന്നത് എന്റെ മഹാഭാഗ്യം! അങ്ങനെ അല്ലായിരുന്നെങ്കില്‍ സ്‌കൂള്‍ പഠനത്തിനു ശേഷം കോളജിന്റെ പടി പോലും കാണാതെ 'വീട്ടിലിരുന്നു' പഠിച്ച് ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ആളെന്ന 'ദുഷ്‌പേര്' എനിക്ക് എന്നെന്നേക്കുമായി കിട്ടിയേനെ!

പൊന്നാനി എംഇഎസ് കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ടിടിസിയും കഴിഞ്ഞ് പത്തൊമ്പതാം വയസ്സില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ കയറിയ ഞാന്‍ പിന്നീടൊരിക്കലും വേറൊരു 'കോളജി'ലും പഠിച്ചിട്ടില്ല. സ്‌കൂള്‍ അധ്യാപനത്തോടൊപ്പം ബിഎ സാമ്പത്തിക ശാസ്ത്രം കറസ്‌പോണ്ടന്‍സായി പഠിച്ചത് മിക്കവാറും 'വീട്ടിലിരുന്നു' തന്നെയായിരുന്നു.

ജോലിയും ബിരുദ പഠനവും ഒന്നിച്ചു കൊണ്ടുപോയ അക്കാലത്ത്, ഡിഗ്രിക്ക് നല്ല മാര്‍ക്ക് നേടി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തേഞ്ഞിപ്പലം ക്യാംപസില്‍ രണ്ട് വര്‍ഷം എംഎയ്ക്ക് പഠിയ്ക്കാനായിരുന്നു എന്റെ പ്രാര്‍ത്ഥനയും പരിശ്രമവും. എല്ലാം ആഗ്രഹിച്ച പോലെ തന്നെ നടന്നെങ്കിലും, എംഎ പഠനവും ഒരു 'വീട്ടിലിരുന്നു' പഠിക്കാന്‍ തന്നെയായിരുന്നു എന്റെ വിധി! അത് 'എന്റെ വീടല്ല' മറിച്ച് 'ഡോ. ജോണ്‍ മത്തായി' എന്ന അതിപ്രഗത്ഭനായ ഒരു വ്യക്തിയുടെ വീടായിരുന്നു എന്നതു മാത്രമായിരുന്നു ഏക വ്യത്യാസം! വിധിവശാല്‍ ഞാന്‍ എത്തിപ്പെട്ട ആ വീടിനെപ്പറ്റിയും ജോണ്‍ മത്തായി എന്ന ആ വീട്ടുകാരനെപ്പറ്റിയുമാണ് ഇത്തവണത്തെ 'സാമൂഹ്യപാഠം'.

John Mathai centre
ജോണ്‍ മത്തായി സെന്റര്‍ special arrangement

എംഎ സാമ്പത്തിക ശാസ്ത്രത്തിന് ചേരാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷ അയയ്ക്കുമ്പോഴാണ്, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തൃശൂരിലാണ് എന്നറിയുന്നത്. 'തൃശൂരെങ്കില്‍ തൃശൂര്‍' എന്നു വിചാരിച്ച് അപേക്ഷ അയക്കുമ്പോഴും തേഞ്ഞിപ്പലത്തെ ക്യാംപസു പോലെ നിറയെ വിദ്യാര്‍ഥികളും ജീവനക്കാരുമൊക്കെയുള്ള ഒരു യൂണിവേഴ്‌സിറ്റി ക്യാംപസായിരുന്നു, മനസ്സില്‍.

അഡ്മിഷന്‍ കാര്‍ഡ് കിട്ടി, അയ്യന്തോളിലെ ചെറിയമ്മയുടെ വീട്ടില്‍ ചെന്ന്, കസിന്‍ രാജേട്ടന്റെ കൂടെ ബൈക്കില്‍ ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ലാലൂരിനടുത്തുള്ള അരണാട്ടുകരയെന്ന ഗ്രാമപ്രദേശത്തെത്തി 'ഡോ. ജോണ്‍ മത്തായി സെന്റര്‍' എന്ന ബോര്‍ഡുള്ള, കരിനീലപ്പച്ച മരങ്ങളുടെ ഇടയില്‍ പുതഞ്ഞു കിടക്കുന്ന, പഴയ ബംഗ്ലാവിന്റെ ഗേറ്റിലെത്തിയപ്പോഴാണ് ഉപരിപഠനത്തിനായി ഞാന്‍ എത്തിപ്പെട്ടത് ഒരു 'വീട്ടിലാണ്' എന്ന കാര്യം ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്!

നെഹ്രുവിന്റെ കാലത്ത് ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരുന്ന ഡോ. ജോണ്‍ മത്തായിയുടെ വീടും, അത് നില്‍ക്കുന്ന വിശാലമായ ക്യാംപസും അദ്ദേഹത്തിന്റെ മരണശേഷം കുടുംബക്കാര്‍ ഇക്കണോമിക്‌സ് പഠനത്തിനായി ഉപയോഗിക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വിട്ടു നല്‍കിയെന്നും, അത് പ്രകാരം യൂണിവേഴ്‌സിറ്റിയുടെ ഇക്കണോമിക്‌സ് വിഭാഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 'ജോണ്‍ മത്തായി സെന്റര്‍' എന്നും 'ജെഎംസി' എന്നും അറിയപ്പെടുന്ന അരണാട്ടുകര ക്യാംപസിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കണോമിക്‌സ് വിഭാഗം തുടങ്ങിയതിന് അധികം താമസിയാതെ തന്നെ 'സ്‌കൂള്‍ ഓഫ് ഡ്രാമ' എന്ന തിയേറ്റര്‍ പഠന കേന്ദ്രവും ഇവിടെ തുടങ്ങിയെന്നുമൊക്കെ കുറച്ചു സമയത്തിനകം തന്നെ 'മത്തായി സെന്ററിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍' എന്ന് പിന്നീട് ഞങ്ങള്‍ കളിയായി പറഞ്ഞിരുന്ന ജോണിയേട്ടന്‍ എന്ന അറ്റന്‍ഡര്‍ ഞങ്ങളെ വിശദമായി പറഞ്ഞു മനസ്സിലാക്കിത്തന്നു. എന്നാല്‍ ഡോ. ജോണ്‍ മത്തായിയുടെ വീട്ടുകാരുടെ സന്മനസ്സില്‍ മതിപ്പു തോന്നാവുന്ന ഒരു മനഃസ്ഥിതിയിലല്ലായിരുന്നു ഞാനപ്പോള്‍! നിറയെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്ള വിശാലമായ ക്യാംപസും അതിനുള്ളിലെ ഹോസ്റ്റല്‍ ജീവിതവുമൊക്കെ ഒറ്റയടിക്ക് നഷ്ടപ്പെട്ട എന്റെ സങ്കടം എനിക്കു മാത്രമല്ലേ അറിയൂ! 'ഈ കെട്ടിടവും സ്ഥലവുമൊക്കെ സംഭാവന ചെയ്ത് മനുഷ്യരെ ബുദ്ധിമുട്ടിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ, ജോണ്‍ മത്തായിയുടെ വീട്ടുകാര്‍ക്ക്?' എന്നൊക്കെയായിരുന്നു എന്റെ മനസ്സിലെ അപ്പോഴത്തെ ചിന്തകള്‍!

മനസ്സില്‍ കണ്ട ക്യാംപസ് ജീവിതം നഷ്ടപ്പെട്ടെങ്കിലും പതിനെട്ട് ഏക്കര്‍ സ്ഥലത്ത്, വിശാലമായ ലാലൂര്‍ കോള്‍ പാടത്തിനോട് ചേര്‍ന്ന്, കിടക്കുന്ന മത്തായി സെന്ററും പരിസരവും ക്രമേണ എനിക്ക് 'ക്ഷ' പിടിച്ചു. ഇത്രയും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഒരു ക്യാംപസ് അതിനു മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. മാവും പ്ലാവും തെങ്ങും മാങ്കോന്‍സ്‌റ്റൈനും മുളങ്കൂട്ടങ്ങളുമൊക്കെ നിറയെയുള്ള ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തന്നെയായിരുന്നു 'മത്തായി സെന്ററിന്റെ' വളപ്പ്.

John Mathai centre
മാനവികതയുടെ മുള പൊട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കവിതകള്‍
John Mathai centre
ജോണ്‍ മത്തായി സെന്റര്‍ ക്യാംപസ്‌ special arrangement

അയ്യന്തോളില്‍ ചെറിയമ്മയുടെ വീട്ടില്‍ താമസിക്കാമെന്നതിനാല്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുക എന്ന എന്റെ സ്വപ്നങ്ങള്‍ മൊട്ടിലേ പൊലിഞ്ഞു പോയെങ്കിലും, അതികാലത്ത് തന്നെ ഞാന്‍ സൈക്കിള്‍ ചവിട്ടി മത്തായി സെന്ററിന്റെ ഹോസ്റ്റലിലെത്തും, ഒന്നൊന്നര മണിക്കൂര്‍ കൂട്ടുകാരോടൊത്ത് കമ്പൈന്‍ഡ് സ്റ്റഡി നടത്തിയ ശേഷം, പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തി ബ്രേക്ഫാസ്റ്റ് കഴിച്ച്, കുളിച്ച് റെഡിയായി വീണ്ടും മത്തായി സെന്ററിലേക്ക്. ചിലപ്പോള്‍ വൈകുന്നേരങ്ങളിലായിരിക്കും കമ്പൈന്‍ഡ് സ്റ്റഡി. മിക്കവാറും ഇത്തരം കൂട്ടു പഠനങ്ങളൊക്കെ നടത്തിയിരുന്നത് മത്തായി സെന്ററിനകത്തെ മുളങ്കാടുകള്‍ക്കിടയിലുള്ള തുറന്ന സ്ഥലത്തോ, മാന്തോപ്പുകള്‍ക്കിടയിലെ ശീതളച്ഛായയിലോ ഒക്കെ ഇരുന്നായിരുന്നു. തികച്ചും പ്രകൃതിയുമായി ഇണങ്ങിയുള്ള പഠനം! അക്കാലത്ത് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഇരുന്ന് പഠിക്കുന്നിടത്തിനടുത്തുകൂടെ ഒരു മൂര്‍ഖന്‍ പാമ്പ് എന്നും ഏകദേശം ഒരേ സമയത്ത് ഒരു പ്രത്യേക ദിശയിലേക്ക് പോയിരുന്നത് ഒരു പതിവ് കാഴ്ച്ചയായിരുന്നു! നാല്, നാലര മണിക്ക് എന്നും ഒരേ ദിക്കിലേക്ക് വഴി നടന്നിരുന്ന ആ പാമ്പിനെ പള്ളിക്കൂടം വിട്ട് വീട്ടിലേക്ക് പോകുന്ന 'സ്‌കൂള്‍ മാഷ്' എന്നാണ് എന്റെ സംഘപഠന കൂട്ടാളികളിലൊരാളായ ഷൈലജന്‍ വിളിച്ചിരുന്നത്! അന്നത്തെ ഞങ്ങളുടെ ക്രിസ്മസ്-ന്യൂ ഇയര്‍ പാര്‍ട്ടികളും ഫ്രഷേ്‌സ് പാര്‍ട്ടി, ഫെയര്‍വെല്‍ എന്ന് തുടങ്ങിയ മറ്റ് പല ഒത്തു ചേരലുകളും ഇങ്ങനെ മത്തായി സെന്ററിലെ പ്രകൃതിയൊരുക്കിയ അതിമനോഹരമായ പശ്ചാത്തലത്തിലായിരുന്നു.

അന്നൊക്കെ ജോണ്‍ മത്തായിയുടെ ബംഗ്ലാവിന്റെ താഴത്തെ നിലയില്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഒന്നാം നിലയില്‍ ഡ്രാമാ സ്‌കൂളുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇക്കണോമിക്‌സിന് ഇടവിളയായി നട്ട ഡ്രാമാ സ്‌കൂള്‍, ഒന്നാം വിളയേക്കാള്‍ പച്ച പിടിച്ച് നിന്നിരുന്ന കാലത്തായിരുന്നു, ഞങ്ങളുടെ 'മത്തായി സെന്റര്‍' പഠനം. അതുകൊണ്ടു തന്നെ, സാമ്പത്തിക ശാസ്ത്ര പഠനത്തിനോടൊപ്പം തന്നെ നാടകങ്ങളും ക്ലാസിക് സിനിമകളുമൊക്കെ കാണലും, നാടക ചര്‍ച്ചകളില്‍ പങ്കെടുക്കലുമൊക്കെയായി ശരിക്കും 'അടിച്ചു പൊളിച്ച' രണ്ട് വര്‍ഷങ്ങളായിരുന്നു അത്. നാടകാവതരണമുള്ള സന്ധ്യകളില്‍ ഡ്രാമാ സ്‌കൂളിലെ പതിവു കാഴ്ചക്കാരില്‍ ഞങ്ങള്‍ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പലരുമുണ്ടായിരുന്നു. ബാദല്‍ സര്‍ക്കാറിന്റെ 'ഏവം ഇന്ദ്രജിത്ത്'; മോഹന്‍ രാകേഷിന്റെ 'ആഷാഡ് കി ആക് ദിന്‍' ; ഗിരീഷ് കര്‍ണാടിന്റെ 'നാഗമണ്ഡല'; മഹാകവി കുട്ടമത്തിന്റെ 'ബാലഗോപാലന്‍'; ജോര്‍ജ് ബുക്ക്‌നറിന്റെ 'വോയ്സെക്' എന്നിങ്ങനെ പല നാടകങ്ങളും മത്തായി സെന്ററിലെ പ്രകൃതി ഒരുക്കിയ ഭംഗിയേറിയ പശ്ചാത്തലത്തില്‍ അരങ്ങേറിയത് ഇന്നലെ കണ്ടപോലെ ഇന്നും വ്യക്തമായി എന്റെ കണ്‍മുന്നിലുണ്ട്.

ജോണ്‍ മത്തായിയെക്കുറിച്ച് ഒരു അനുസ്മരണമോ പ്രഭാഷണമോ ഒന്നും മത്തായി സെന്ററില്‍ പോലും അക്കാലത്ത് നടത്തിയിരുന്നില്ല എന്നത് ഇന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല

അന്നേ കലാപ്രവര്‍ത്തനങ്ങളില്‍ ഉത്സാഹിയായിരുന്ന, എന്റെ സഹപാഠിയായ ശ്രീവത്സന്‍ (ഇപ്പോള്‍ 'ശ്രീവത്സന്‍ തീയാടി' എന്ന പേരിലറിയപ്പെടുന്ന കലാനിരൂപകന്‍) ഒരു നാടകത്തില്‍ 'കുട്ടിത്തരം' വേഷം അവതരിപ്പിച്ചതും; 'മാഹി' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അജിത് കുമാര്‍ ഒതയോത്തിന്റെ ഫൈനല്‍ ഇയര്‍ നാടകാവതരണത്തിനുള്ള പ്ലോട്ട് രൂപപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനും മാഹിയും പൊന്നാനിയിലെ ബിയ്യം കായലിന്റെ പരിസരങ്ങള്‍ ചുറ്റിനടന്നു കണ്ടതുമെല്ലാം ഇന്നും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. പീറ്റര്‍ ബ്രൂക്കിന്റെ 'മഹാഭാരതം'; വിറ്റോറിയോ ഡി സിക്കയുടെ 'ബൈസിക്കിള്‍ തീഫ്' തുടങ്ങിയ ക്ലാസിക് സിനിമകള്‍ ആദ്യമായി കണ്ടതും 'മത്തായിയില്‍' വെച്ചു തന്നെ. ഇപ്പോഴും എന്റെ 'ലേബര്‍ ആന്‍ഡ് ഡെവലപ്‌മെന്റ്' ക്ലാസുകളില്‍ 'ബൈസിക്ക്ള്‍ തീഫ്' പതിവായി സ്‌ക്രീന്‍ ചെയ്യുമ്പോള്‍, ആദ്യമായി ആ പടം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ച് കണ്ടത് ഞാന്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കാറുണ്ട്.

എന്തായാലും രണ്ടു വര്‍ഷത്തിനിടയില്‍ പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചുവെന്നതും, മനോഹരമായ ആ ക്യാംപസില്‍ വെച്ച് പ്രകൃതിതന്നെ രംഗപടമൊരുക്കിയ പല നാടകാവതരണങ്ങളും കണ്ടുവെന്നതും മാത്രമായിരുന്നു, ഞങ്ങളുടെ 'മത്തായി സെന്റര്‍ കാലത്തെ' എടുത്തു പറയാവുന്ന നേട്ടങ്ങള്‍.

എന്നാല്‍ ഇന്ത്യയിലെ 'ആദ്യകാല ധനകാര്യമന്ത്രിയുടെ വീടാണ് മത്തായി സെന്റര്‍' എന്ന് ജോണിയേട്ടന്‍ ആദ്യദിവസം നല്‍കിയ വിവരത്തിനപ്പുറം ഒരിത്തിരി പോലും കൂടുതല്‍ ഡോ. ജോണ്‍ മത്തായി എന്ന അതിപ്രഗത്ഭനായ വ്യക്തിയെപ്പറ്റി അറിയാനോ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ലാത്ത രണ്ട് വര്‍ഷങ്ങളായിരുന്നു എന്റെ 'മത്തായിക്കാലം' എന്ന കാര്യം ഇപ്പോഴും എന്നെ ഏറെ അതിശയിപ്പിക്കുന്നുണ്ട്. ജോണ്‍ മത്തായിയെക്കുറിച്ച് ഒരു അനുസ്മരണമോ പ്രഭാഷണമോ ഒന്നും മത്തായി സെന്ററില്‍ പോലും അക്കാലത്ത് നടത്തിയിരുന്നില്ല എന്നത് ഇന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. പൊതു സമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ആ മഹാമനുഷ്യന്‍ മറവിയിലേക്ക് മാറിപ്പോകാന്‍ അന്നേ തുടങ്ങിയിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.

Dr John Mathai
ഡോ. ജോണ്‍ മത്തായി special arrangement

മത്തായി സെന്റര്‍ വിട്ടതിനു ശേഷമുള്ള മുപ്പതില്‍ പരം വര്‍ഷങ്ങളായി പല ഗഢുക്കളായി ഡോ. ജോണ്‍ മത്തായി എന്ന വ്യക്തിയെപ്പറ്റിയും 'മത്തായി സെന്റര്‍' എന്ന 'ഞാന്‍ പഠിച്ച വീടിനെ'പ്പറ്റിയുമൊക്കെ ഇത്തിരിയിത്തിരിയായി പല വിവരങ്ങളും അറിയുന്നുണ്ടായിരുന്നു. ധവളവിപ്ലവത്തിന്റെ നായകന്‍ വര്‍ഗ്ഗീസ് കുര്യന്റെ ആത്മകഥയായ 'ഐ ടൂ ഹാഡ് എ ഡ്രീം' വായിച്ചപ്പോള്‍ ഡോ. ജോണ്‍ മത്തായി അദ്ദേഹത്തിന്റെ അമ്മയുടെ അമ്മാവനും രക്ഷാകര്‍ത്താവുമായിരുന്നുവെന്ന പുതിയ ഒരു വിവരം കിട്ടി. ഔദ്യോഗിക സംബന്ധമായി ഐഐഎം അഹമ്മദാബാദില്‍ ആദ്യം പോയപ്പോഴാണ് ആ മഹാസ്ഥാപനത്തിന്റെ ആദ്യത്തെ ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായിയുടെ മകന്‍, രവി മത്തായിയാണെന്നറിഞ്ഞത്. പിന്നീട് അവിടെ ചെല്ലുമ്പോഴൊക്കെ ഇത് എന്റെ 'സ്വന്തം ആളുടെ

സ്ഥലമാണെന്ന' അഹങ്കാരവും മമതയും എനിക്കുണ്ടായിരുന്നു താനും. ഇങ്ങനെ പലപ്പോഴായി സ്വരൂക്കൂട്ടിയ ചെറുചെറു വിവരങ്ങളുടെ കുത്തുകള്‍ എല്ലാം കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞത് ഈയിടെ കൈയില്‍ കിട്ടിയ 'ഓണസ്റ്റ് ജോണ്‍' എന്ന അതിവിശദമായ ജോണ്‍ മത്തായിയുടെ ജീവചരിത്രം വായിച്ചപ്പോഴാണ്.

ജോണ്‍ മത്തായിയുടെ പൗത്രന്‍ വിവേക് മത്തായിയുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ ജീവചരിത്ര രചനാരംഗത്ത് ഇതിനകം തന്നെ സ്വന്തമായൊരു സ്ഥാനം നേടിയിട്ടുള്ള ബഖ്തിയാര്‍ കെ ദാദാഭോയ് എഴുതിയ 'ഓണസ്റ്റ് ജോണിന്റെ' (പെന്‍ഗ്വിന്‍, 2025) താളുകളിലൂടെ കടന്നു പോയപ്പോഴാണ് ഞാന്‍ കരുതിയതിനേക്കാളൊക്കെ ഉന്നതനായ ഒരു വ്യക്തിയുടെ വീട്ടിലിരുന്ന് പഠിക്കാനുള്ള ഭാഗ്യമാണ് എനിക്കുണ്ടായത് എന്ന് ഞാന്‍ തിരിച്ചറിയുന്നത്.

HONET JOHN
ഓണസ്റ്റ് ജോണ്‍ കവര്‍PENGUIN
നെഹ്രുവിന്റെ മന്ത്രിസഭയില്‍ ആദ്യത്തെ റെയില്‍വേ, ഗതാഗത മന്ത്രിയും രണ്ടാമത്തെ ധനകാര്യമന്ത്രിയുമായി സ്വതന്ത്ര ഇന്ത്യയുടെ രണ്ട് ബജറ്റുകള്‍ അവതരിപ്പിച്ച അദ്ദേഹം പിന്നീട് 1950ല്‍ പ്ലാനിങ് കമ്മീഷന് അന്നത്തെ സര്‍ക്കാര്‍ നല്‍കിയ അമിത പ്രാധാന്യത്തെ സംബന്ധിച്ച് നെഹ്രുവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വെച്ച് ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങുകയാണ് ഉണ്ടായത്

ഏതാനും വാക്യങ്ങളില്‍ എഴുതിയിടാവുന്ന ബയോഡാറ്റയല്ല ഡോ. ജോണ്‍ മത്തായിയുടേത്. വിദ്യാഭ്യാസ നേട്ടങ്ങളിലും ഔദ്യോഗിക, പൊതുജീവിതങ്ങളില്‍ കൈയാളിയ പദവികളുടെ കാര്യത്തിലും ഏറെ ഉയരത്തില്‍ നില്‍ക്കുന്ന ജോണ്‍ മത്തായി ആദ്യകാലത്ത് ചരിത്രവും നിയമവും പഠിച്ച് കുറച്ചു കാലം വക്കീലായി പണിനോക്കിയെങ്കിലും, പിന്നീട് തന്റെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു പണിയല്ല അതെന്ന് തിരിച്ചറിഞ്ഞ് പുതിയ മേഖലകളിലേക്ക് കഴിവും പ്രയത്‌നവും പറിച്ചു നട്ടയാളാണ്. 1918 മുതല്‍ രണ്ട് വര്‍ഷത്തോളം മദ്രാസ് ഗവണ്‍മെന്റിന്റെ സഹകരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചശേഷം 1920ല്‍ ഇന്‍ഡ്യന്‍ എഡ്യുക്കേഷന്‍ സര്‍വ്വീസില്‍ നിയമിതനായ ജോണ്‍ മത്തായി കുറച്ചു കാലം പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഏറെത്താമസിയാതെ മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് എക്കാലവും അഭിമാനിക്കാവുന്ന വില്ലേജ് റിസര്‍വ്വേകളുടെ തുടക്കമിട്ട പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സ്ലേറ്റര്‍ ഓക്‌സ്‌ഫോര്‍ഡിലേക്ക് തിരിച്ചു പോയ ഒഴിവില്‍, 1922 മുതല്‍ 1925 വരെ അവിടത്തെ സാമ്പത്തിക ശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറായി എത്തിയത് ജോണ്‍ മത്തായിയായിരുന്നു. അതില്‍ പിന്നീടാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് (ആ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന പ്രത്യേകതയോടെ) ഡോക്ടറേറ്റും, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നു ബി ലിറ്റുമൊക്കെ നേടുന്നത്.

1940 മുതല്‍ ടാറ്റയുടെ വിവിധ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ജെആര്‍ഡി ടാറ്റയുടെ വിശ്വസ്ത സുഹൃത്തായി മാറുകയും ചെയ്ത ജോണ്‍, 1944 ല്‍ ടാറ്റയും ജിഡി ബിര്‍ലയുമൊക്കെ ചേര്‍ന്ന് സര്‍ക്കാറിന് സമര്‍പ്പിച്ച (അടുത്ത പതിനഞ്ചു കൊല്ലത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ) ബോംബേ പ്ലാനിന്റെ മുഖ്യ രചയിതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു.

1946 ല്‍ ടാറ്റയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഇടക്കാല ഗവണ്‍മെന്റിന്റെ ഭാഗമായി വൈസ്രോയി ലോര്‍ഡ് വേവലിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ജോണ്‍ മത്തായിക്ക് ക്ഷണം ലഭിക്കുന്നതും, പിന്നീട് ഇന്ത്യാ വിഭജന കാലത്ത് റെയില്‍വെയെ നയിക്കുക എന്ന കടുത്ത ദൗത്യം ഏറ്റെടുത്തു നടത്തുക എന്ന നിയോഗം ജോണില്‍ നിക്ഷിപ്തമാവുന്നതും. നെഹ്രുവിന്റെ മന്ത്രിസഭയില്‍ ആദ്യത്തെ റെയില്‍വേ, ഗതാഗത മന്ത്രിയും രണ്ടാമത്തെ ധനകാര്യമന്ത്രിയുമായി സ്വതന്ത്ര ഇന്ത്യയുടെ രണ്ട് ബജറ്റുകള്‍ അവതരിപ്പിച്ച അദ്ദേഹം പിന്നീട് 1950ല്‍ പ്ലാനിങ് കമ്മീഷന് അന്നത്തെ സര്‍ക്കാര്‍ നല്‍കിയ അമിത പ്രാധാന്യത്തെ സംബന്ധിച്ച് നെഹ്രുവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വെച്ച് ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങുകയാണ് ഉണ്ടായത്.

bust of john mathai
ജോണ്‍ മത്തായി സെന്റര്‍ ക്യാംപസിലെ അര്‍ധകായ പ്രതിമ special arrangement

മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ജോണ്‍ മത്തായിയുടെ ഔദ്യോഗിക ജീവിതത്തിന്റെ ഒരു രത്‌നചുരുക്കമായി എന്നു നമ്മള്‍ കരുതിയാല്‍ അത് ഒരു വമ്പന്‍ തെറ്റാവും. 1925 ല്‍ താരിഫ് ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടയാളാണ് ജോണ്‍ മത്തായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നികുതി നയങ്ങള്‍ക്ക് അടിത്തറ നല്‍കിയ 1953 ലെ ടാക്‌സേഷന്‍ കമ്മീഷന്റെ ചെയര്‍മാനും ജോണ്‍ മത്തായിയായിരുന്നു. ഇന്നും ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയിലെ ഏറ്റവും വലിയ സ്ഥാപനമായി തുടരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയര്‍മാന്‍; ന്യൂഡല്‍ഹിയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) സ്ഥാപക പ്രസിഡന്റ്്; ഹൈദരാബാദിലെ അക്കാദമിക് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യയുടെ ആദ്യ ഗവേണിങ് ബോഡി ചെയര്‍മാന്‍; നാഷണല്‍ ബുക് ട്രസ്റ്റിന്റെ ആദ്യ ചെയര്‍മാന്‍, എഫ്എസിറ്റിയുടെ ഗവേണിങ് ബോഡി മെമ്പര്‍ എന്നിങ്ങനെ നീണ്ടു കിടക്കുന്ന ജോണ്‍ മത്തായിയുടെ മറ്റ് ഔദ്യോഗിക നേട്ടങ്ങളില്‍ രണ്ട് യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍ പദവികളുമുണ്ട്. 1955 മുതല്‍ 1957 വരെ ബോംബെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സറായിരുന്ന ജോണ്‍ മത്തായിയാണ് 1957ല്‍ കേരളാ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ ആദ്യത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കേരള യൂണിവേഴ്‌സിറ്റിയുടെ സാരഥ്യം ജോണ്‍ മത്തായി സ്വീകരിച്ചത് തൃശൂരിലെ അരണാട്ടുകരയിലുള്ള തന്റെ വസതിയില്‍ (ഇന്നത്തെ മത്തായി സെന്ററില്‍) ഇരുന്നും തന്റെ ഔദ്യോഗിക ചുമതലകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരിക്കണം എന്ന പ്രത്യേകത നിബന്ധനയോടെയായിരുന്നു!

അങ്ങനെ 'വര്‍ക്ക് ഫ്രം ഹോം' രീതിയില്‍ ആദ്യത്തെ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിച്ചിരുന്ന അതേ വീട്ടിലായിരുന്നു ഞാന്‍ പഠിച്ചത് എന്ന വിവരം ഏറേ വൈകിയാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം 'ഒരൊന്നൊര' വിവരമായിരുന്നു! '1958 ജനുവരി ഒന്നു മുതല്‍, 1959 ഒക്ടോബര്‍ 31 വരെ ഡോ. ജോണ്‍ മത്തായി ഈ റൂമിലിരുന്നാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്' മത്തായി സെന്ററിന്റെ പ്രധാന ബില്‍ഡിങ്ങായ ബംഗ്ലാവിന്റെ ആദ്യനിലയിലെ ഒരു റൂമില്‍ ഒരു ഫലകത്തില്‍ എഴുതിവെച്ചിട്ടുള്ള ഈ വാക്കുകളെപ്പറ്റി 'ഓണസ്റ്റ് ജോണില്‍' വായിച്ചപ്പോള്‍ ആദ്യം എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. സംശയനിവാരണത്തിനായി മത്തായി സെന്ററിലെ പുത്തന്‍ തലമുറ അധ്യാപകരില്‍ ഒരാളായ രോനക്കിനെ വിളിച്ചു ചോദിച്ചതിന്, 'അതെ. കോണി കയറിയെത്തുന്ന ആദ്യത്തെ റൂമിലാണത്' എന്ന സ്ഥിരീകരണം കിട്ടിയപ്പോള്‍ താഴെ 'ബി നിലവറ'യുണ്ടായിരുന്ന കാര്യം അറിയാതെ വര്‍ഷങ്ങളോളം പത്മനാഭസ്വാമിക്ഷേത്രത്തില്‍ ജോലി ചെയ്തു വിരമിച്ച ജീവനക്കാരന്റെ അവസ്ഥയിലായിപ്പോയി ഞാന്‍!

(ഞങ്ങള്‍ മത്തായി സെന്ററില്‍ പഠിച്ച കാലത്ത് ബംഗ്ലാവിന്റെ മുകളിലെ നിലയില്‍ 'സ്‌കൂള്‍ ഓഫ് ഡ്രാമ'യുടെ ഓഫീസും ഫാക്കല്‍റ്റി റൂമുകളുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാലാണ് എത്രയും പ്രാധാന്യവും പ്രത്യേകതയുമുള്ള ഇക്കാര്യം 'താഴത്തെ നിലക്കാരായ' ഞങ്ങള്‍ ഇക്കണോമിക്‌സുകാര്‍ അറിയാതെ പോയത്!)

വൈസ് ചാന്‍സലര്‍ പദവിയിരിക്കുമ്പോള്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുമ്പോള്‍, പലപ്പോഴും കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ അച്ചാമ്മ മത്തായിയെ, തന്റെ ഔദ്യോഗിക കാറില്‍ കയറ്റാന്‍ അനുവദിക്കാതെ, മറ്റൊരു കാറില്‍ കൂടെ വരാന്‍ നിഷ്‌കര്‍ഷിച്ചിരുന്ന ജോണ്‍ മത്തായി, ഔദ്യോഗിക സൗകര്യങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി നിര്‍ലോഭം നല്‍കുന്ന ഉദ്യോഗസ്ഥ പ്രമുഖരെ നിറയെ കണ്ടു ശീലിച്ചിടുള്ള ഇന്നത്തെ തലമുറയ്ക്ക് മുമ്പില്‍ ഒരു വിസ്മയം തന്നെയായിരിക്കും

മറ്റ് ഉദ്യോഗസ്ഥ പ്രമുഖരില്‍ നിന്നും മന്ത്രിമാരില്‍ നിന്നുമൊക്കെ ഡോ. ജോണ്‍ മത്തായിയെ വേറിട്ടു നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ കറകളഞ്ഞ മൂല്യബോധവും സത്യസന്ധതയും കര്‍മ്മനിഷ്ഠയുമൊക്കെയാണ്. അതു കൊണ്ടു തന്നെയാണ് ജവഹര്‍ലാല്‍ നെഹ്രു, ഡോ. ജോണ്‍ മത്തായിയെ 'ഓണസ്റ്റ് ജോണ്‍' എന്ന് വിശേഷിപ്പിച്ചതും!

(ഈ വിശേഷണം തന്നെയാണ് ജീവചരിത്രത്തിന്റെ തലക്കെട്ടായി ബഖ്തിയാര്‍ കെ.ദാദാഭോയും കടമെടുത്തത്)

ചിട്ടപ്പടി ജീവിതത്തില്‍ ഏറെ നിഷ്ഠ വെച്ചു പുലര്‍ത്തിയ ജോണ്‍ മത്തായിയെ മരുമകള്‍ സൈലൂ മത്തായി ഓര്‍മ്മിച്ചെടുക്കുമ്പോള്‍; കണിക്കാരനായ, മൂല്യങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത വലിയമ്മാവനെപ്പറ്റി വര്‍ഗീസ് കുര്യനും മറക്കാതെ കുറിച്ചിട്ടുണ്ട്. 1959 നവംബര്‍ രണ്ടാം തീയതി, ഡോ. ജോണ്‍ മത്തായി വിട പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ജെആര്‍ഡി ടാറ്റ അയച്ച വികാരനിര്‍ഭരമായ കുറിപ്പിലും എടുത്തു പറഞ്ഞ ഒരു കാര്യം ജോണിന്റെ ഉയര്‍ന്ന മൂല്യബോധം തന്നെയാണ്.

സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ എത്രത്തോളം കര്‍ശനമനോഭാവമാണ് ജോണ്‍ മത്തായി വെച്ചു പുലര്‍ത്തിയിരുന്നത് എന്ന് 'ഓണസ്റ്റ് ജോണിന്റെ' അവതാരികയില്‍ സൈലൂ മത്തായി നല്‍കുന്ന ഉദാഹരണത്തില്‍ നിന്ന് മനസ്സിലാക്കാം. കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയിരിക്കുമ്പോള്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുമ്പോള്‍, പലപ്പോഴും കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ അച്ചാമ്മ മത്തായിയെ, തന്റെ ഔദ്യോഗിക കാറില്‍ കയറ്റാന്‍ അനുവദിക്കാതെ, മറ്റൊരു കാറില്‍ കൂടെ വരാന്‍ നിഷ്‌കര്‍ഷിച്ചിരുന്ന ജോണ്‍ മത്തായി, ഔദ്യോഗിക സൗകര്യങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി നിര്‍ലോഭം നല്‍കുന്ന ഉദ്യോഗസ്ഥ പ്രമുഖരെ നിറയെ കണ്ടു ശീലിച്ചിടുള്ള ഇന്നത്തെ തലമുറയ്ക്ക് മുമ്പില്‍ ഒരു വിസ്മയം തന്നെയായിരിക്കും.

പൊതുജീവിതത്തില്‍ ഔന്നത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നതോടൊപ്പം തന്നെ ഇത്തരം ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെയാവാം അദ്ദേഹത്തിന്റെ വേര്‍പാടിന്റെ തൊട്ടു മുന്‍പ് 1959 ല്‍ പദ്മവിഭൂഷണ്‍ നല്‍കി രാഷ്ട്രം ഡോ. ജോണ്‍ മത്തായിയെ ബഹുമാനിച്ചത്.

john mathai centre
ജോണ്‍ മത്തായി സെന്റര്‍ special arrangement

ഞാന്‍ പഠിച്ച 'വീട്ടിലെ' വീട്ടുകാരന്‍ മാത്രമല്ല, വീട്ടുകാരിയും മക്കളും കൊച്ചുമരുമകനുമൊക്കെ പൊതു സമൂഹത്തില്‍ വ്യത്യസ്ത സാന്നിധ്യമറിയിച്ച തലപ്പൊക്കമുള്ള വ്യക്തികളായിരുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് ഏറെ അകലെയല്ലാതെ പതിനട്ടേക്കര്‍ പുരയിടത്തില്‍ തലയുയര്‍ത്തി നിന്ന ജോണ്‍ മത്തായിയുടെ ബംഗ്ലാവ് നാമമാത്രമായ ഒരു തുകയ്ക്ക്, സാമ്പത്തിക ശാസ്ത്രപഠന ഗവേഷണ വിഭാഗത്തിന് പ്രവര്‍ത്തിക്കാനായി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് വിട്ടു നല്‍കിയ അച്ചാമ്മ മത്തായി എന്ന ജോണ്‍ മത്തായിയുടെ പ്രിയതമ, കേരളത്തിന് പുറത്ത് പോയി പഠിച്ച് ബിരുദം നേടിയ ആദ്യകാല വനിതകളിലൊരാളും ഏറെ അറിയപ്പെട്ടിരുന്ന സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. 1954 ല്‍ ഇന്ത്യയിലാദ്യമായി പദ്മാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തന്റെ സ്വന്തം നിലയില്‍ 'പ്രാഞ്ചിയേട്ടന്റെ നാട്ടിലേക്ക് പദ്മശ്രീ കൊണ്ടുവന്നയാളാണ്' അച്ചാമ്മ മത്തായി! (അതിനു അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് ജോണ്‍ മത്തായിയെ തേടി പദ്മാ പുരസ്‌കാരം വന്നെത്തിയത് എന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്)

ഇന്ത്യയുടെ 'മില്‍ക്ക്മാന്‍' എന്ന വിശേഷണം നേടിയെടുത്ത (പദ്മ വിഭൂഷണ്‍ വരെയുള്ള എല്ലാ പദ്മ പുരസ്‌കാരങ്ങളും നേടിയ) വര്‍ഗീസ് കുര്യന്‍ എന്ന ഡോ. ജോണ്‍ മത്തായിയുടെ ഇളംമുറക്കാരനും വിക്രം സാരാഭായുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഐഐഎം അഹമ്മദാബാദിന്റെ ആദ്യ സാരഥിയായ മകന്‍ രവി മത്തായിയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പേരെടുക്കുകയും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് - ഇന്ത്യയുടെ സ്ഥാപകാംഗങ്ങളിലൊരാളായി മാറുകയും ചെയ്ത ദുലീപ് മത്തായി എന്ന ഇളയ മകനുമൊക്കെ, ജോണ്‍ മത്തായിയുടെ വ്യക്തിശോഭയ്ക്ക് കൂടുതല്‍ ചാരുത നല്‍കിയ കുടുംബ വിളക്കുകളായിരുന്നു.

കേരള ജനത ജോണ്‍ മത്തായിയെ ഓര്‍ക്കുന്നില്ല എന്നത് തികച്ചും അക്ഷന്തവ്യമായ വലിയൊരു 'ഓര്‍മ്മത്തെറ്റ്' തന്നെയാണ്

2026 നവമ്പര്‍ 2 ന് ഡോ. ജോണ്‍ മത്തായിയുടെ ചരമ ദിനത്തോടൊപ്പം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ് 1976 ല്‍ സ്ഥാപിതമായ ജോണ്‍ മത്തായി സെന്റര്‍. അതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന സെമിനാറുകളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെയുമൊക്കെ തത്സമയ വിവരങ്ങള്‍ ഡോ. സനൂപ് എന്ന ജെഎംസിയിലെ ഇളം തലമുറ അധ്യാപകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ പെട്ടെന്ന് ഡോ. ജോണ്‍ മത്തായിയെപ്പറ്റിയും മത്തായി സെന്ററിനെപ്പറ്റിയും ഒരു കുറിപ്പ് തയ്യാറാക്കാനുള്ള പ്രേരണ നല്‍കിയത്.

അന്‍പത് കൊല്ലത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അച്ചാമ്മ മത്തായി മനസ്സില്‍ കണ്ട ഒരു മികച്ച ഇക്കണോമിക്‌സ് പഠന ഗവേഷണകേന്ദ്രം എന്ന നിലയില്‍ മത്തായി സെന്റര്‍ ഇനിയുമെത്തിയിട്ടില്ലെങ്കിലും, 'ആകെ മൊത്തം' ജെഎംസിയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കുകയാണെങ്കില്‍ ഡിസ്റ്റിങ്ഷനിലും മേലെയാണ് ഞാന്‍ മാര്‍ക്കിടുക!

ധനശാസ്ത്രത്തില്‍ ഉറച്ച അടിസ്ഥാനം നല്‍കി, ഡിഡിഎസ്, ജെഎന്‍യു., മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് തുടങ്ങിയ പ്രമുഖ ധനശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലേക്ക് നിരവധി പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ ഒരുക്കി അയയ്ക്കാന്‍ ഇതിനോടകം ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ടു തന്നെ, ഇന്ത്യയിലെയും വിദേശത്തെയും പല പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടേയും യൂണിവേഴ്‌സിറ്റികളുടെയും തലപ്പത്ത് 'മത്തായി സെന്ററി' ലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ധാരാളമായി നമുക്കിന്ന് കാണാന്‍ കഴിയും.

വാഴയ്ക്കിടയില്‍ വെച്ച ചീര തഴച്ചു വളര്‍ന്ന് വാഴത്തോട്ടത്തോളം പ്രാധാന്യമുള്ള ചീരത്തോട്ടമുണ്ടായതിനു സമാനമാണ് ഇക്കണോമിക്‌സിനു കൂട്ടായി കലിക്കറ്റ് യൂണിവേഴ്‌സിറ്റി 1977 മുതല്‍ മത്തായി സെന്ററില്‍ നട്ടുവളര്‍ത്തിയ ഡ്രാമാ സ്‌കൂളിന്റേത്. തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്ന് 'ജോണ്‍ മത്തായി സെന്റര്‍' അന്വേഷിച്ചാല്‍ ഇപ്പോഴും പലരും കൈമലര്‍ത്തും. എന്നാല്‍ 'സ്‌കൂള്‍ ഓഫ് ഡ്രാമ' എവിടെയെന്നു ചോദിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും. നാടകമേഖലയ്ക്കും മലയാള സിനിമയ്ക്കും ഇതിനോടകം കനത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേട്ടങ്ങള്‍ എണ്ണിനിരത്തണമെങ്കില്‍ മറ്റൊരു 'സാമൂഹ്യപാഠ'ക്കുറിപ്പു തന്നെ വേണ്ടിവരുമെന്നതിനാല്‍ ആ സാഹസത്തിന് ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല. അതിനു പകരമായി, കഴിഞ്ഞ പല പതിറ്റാണ്ടുകളായി തൃശൂരിലും പരിസരത്തുമായി സജീവമായി നിലനില്‍ക്കുന്ന നാടക പരീക്ഷണങ്ങള്‍ക്കും നാടക സംസ്‌കാരത്തിനും ഞാറ്റുപാടമായി മാറിയത് ലാലൂര്‍ കോള്‍പാടത്തിനിടയ്ക്ക് സ്ഥിതി ചെയ്യുന്ന 'മത്തായി സെന്ററിലെ' 'സ്‌കൂള്‍ ഓഫ് ഡ്രാമ' യായിരുന്നു എന്നു മാത്രം ചുരുക്കിയെഴുതുന്നു.

ഇക്കണോമിക്സും ഡ്രാമയും കൂടാതെ മാനേജ്‌മെന്റ് സ്റ്റഡീസും കംപ്യൂട്ടര്‍- ഐടി പഠനവും, അധ്യാപന പരിശീലനവുമൊക്കെയായി ജെഎംസിയിലെ ഉപരി പഠന മേഖലകള്‍ കാലം ചെല്ലും തോറും വൈവിധ്യവല്‍ക്കരിക്കപ്പെടുകയാണ്.

ഇങ്ങനെ, പ്ലാന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായിട്ടാണെങ്കിലും, വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ടു തന്നെ നീങ്ങുന്ന ജെഎംസിയുടെ യാത്രയില്‍ ഡോ. ജോണ്‍ മത്തായി പോലും എത്രയും സന്തുഷ്ടനായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. എന്ത് പറഞ്ഞാലും, 'പ്ലാനിങ്ങിന് അമിത പ്രാധാന്യം നല്‍കി വികസനം ലക്ഷ്യം വെയ്ക്കരുത്' എന്ന അഭിപ്രായക്കാരനായിരുന്നല്ലൊ അദ്ദേഹം!

കേരളത്തിന്റെ സാമൂഹ്യ ഓര്‍മ്മകളിലും പൊതു ബോധത്തിലും ഡോ. ജോണ്‍ മത്തായിക്ക് ഇനിയും അര്‍ഹിക്കുന്ന ഇടമോ പ്രാധാന്യമോ കിട്ടിയിട്ടില്ല എന്നു കാണാം. പൊതുരംഗത്ത് അക്കാലത്ത് തിളങ്ങി നിന്നിരുന്ന മറ്റ് പ്രമുഖ മലയാളികളായ വികെ കൃഷ്ണമേനോന്‍, കെപിഎസ് മേനോന്‍ തുടങ്ങിയവരെപ്പോലെയൊ, പ്രൊഫ. കെഎന്‍ രാജിനെപ്പോലുള്ള സാമൂഹ്യ ഗവേഷണ, നയ രൂപീകരണ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ സാമ്പത്തിക വിദഗ്ധരെപ്പോലെയൊ കേരള ജനത ജോണ്‍ മത്തായിയെ ഓര്‍ക്കുന്നില്ല എന്നത് തികച്ചും അക്ഷന്തവ്യമായ വലിയൊരു 'ഓര്‍മ്മത്തെറ്റ്' തന്നെയാണ്. ആ തെറ്റ് കുറച്ചെങ്കിലും ലഘൂകരിക്കാന്‍ ഇനിയെന്തു ചെയ്യാം എന്നതാണ് ഇനി നമ്മള്‍ ചിന്തിക്കേണ്ടത്.

ജോണ്‍ മത്തായി സെന്ററിന്റെ പ്രധാന കെട്ടിടമായ ബംഗ്ലാവ് പുതുക്കി അതിന്റെ തനിമയോടെ നിലനിറുത്തി, അതൊരു ഡോ. ജോണ്‍ മത്തായി കുടുംബത്തിന്റെ സാമൂഹ്യ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചരിത്ര മ്യൂസിയമാക്കി മാറ്റുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കൈമാറി അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ജോണ്‍ മത്തായിയുടെ വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി നില്‍ക്കുന്ന ഒരവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഈ കെട്ടിടം പുതുക്കി പണിത് പഴയ പ്രൗഢിയിലേക്ക് കൊണ്ടുവരാനായി ചില പ്ലാനുകളൊക്കെ ഉണ്ടായിരുന്നെങ്കിലും, അതിന്റെ നടപ്പിലാക്കല്‍ ഇപ്പോഴും നീണ്ടു പോയിക്കൊണ്ടിരിക്കയാണ്.

'മത്തായി സെന്ററിന്റെ' പ്രകൃതിക്കിണങ്ങാത്ത കെട്ടിടങ്ങള്‍ കെട്ടി ആ പരിസരത്തിന്റെ തനതു ഭംഗി നശിപ്പിക്കുക' എന്ന കഴിഞ്ഞ അരനൂറ്റാണ്ടായി അധികൃതര്‍ മനഃപൂര്‍വ്വമല്ലാതെ ചെയ്തു പോരുന്ന തെറ്റ് തിരുത്തി മങ്ങിക്കൊണ്ടിരിക്കുന്ന ക്യാംപസിന്റെ ഹരിതാഭ വീണ്ടെടുക്കേണ്ടതും ഏറ്റവും അഭികാമ്യമായ ഒരു കാര്യമാണ്. അതു പോലെത്തന്നെ, യൂണിവേഴ്‌സിറ്റിയുടെ ഇക്കണോമിക്‌സ് സിലബസില്‍ ഡോ. ജോണ്‍ മത്തായിയുടെ അക്കാദമിക സംഭാവകളെപ്പറ്റി ചുരുങ്ങിയത് ഒരു മോഡ്യൂളെങ്കിലും ഉള്‍പ്പെടുത്തേണ്ട കാര്യവും ബന്ധപ്പെട്ടവര്‍ക്ക് പരിഗണിക്കാവുന്നതാണ്.

പത്തു വര്‍ഷം കൂടി കഴിഞ്ഞ് മത്തായി സെന്ററിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോഴേക്കും ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടക്കുമെന്നും ആ അറുപതാം പിറന്നാള്‍ ആഘോഷം മത്തായി സെന്ററിലുള്ള എല്ലാ പഠനവകുപ്പുകളും ഒത്തൊരുമിച്ച്, വകുപ്പ് - വിഷയ ഭേദമില്ലാതെ നടത്തുമെന്നും ആ പരിപാടിയില്‍ ജോണ്‍ മത്തായിയുടെ ജീവിതത്തെ അധികരിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വകയായി ഒരു അത്യുഗ്രന്‍ പ്രൊഡക്ഷന്‍ അവതരിപ്പിക്കപ്പെടുമെന്നുമൊക്കെ 'വെറുതേ മോഹിക്കാനാണ്' എനിക്കിപ്പോള്‍ മോഹം!

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

John Mathai centre
കാരൂര്‍: അധ്യാപക വ്യഥകളുടെ കഥാകാരന്‍
John Mathai centre
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!
Summary

Dr. John Mathai was indeed an exemplary figure whose intellectual depth, uncompromising honesty, and fierce independence profoundly shaped the economic and institutional foundations of post-Independence India, writes Babu P Ramesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com