കാരൂര്‍: അധ്യാപക വ്യഥകളുടെ കഥാകാരന്‍

Karoor
വീണ്ടുമൊരു 'അധ്യാപക ദിനം' വന്നെത്തുമ്പോള്‍File
Updated on

റിവിന്റെ പാതയിലെ വഴിവിളക്കുകളായ ഗുരുനാഥരെ നന്ദിപൂര്‍വ്വം സ്മരിക്കാനും അധ്യാപനമെന്ന ജോലിയുടെ സാമൂഹ്യ പ്രാധാന്യം അടിവരയിട്ടു കാണിക്കാനുമൊക്കെയായി വീണ്ടുമൊരു 'അധ്യാപക ദിനം' വന്നെത്തുമ്പോള്‍ കാരൂര്‍ നീലകണ്ഠപ്പിള്ള മലയാള സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ അധ്യാപക ജീവിതങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകുന്നത് നന്നായിരിക്കും എന്ന ബോധ്യമാണ് ഇത്തവണത്തെ 'സാമൂഹ്യപാഠത്തിന്' ആധാരം.

1930 കളിലും 1940 കളിലുമൊക്കെയുള്ള കേരളത്തിലെ, വിശിഷ്യ, കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലെ, അധ്യാപകരുടെ ദുരിതങ്ങളുടേയും ആത്മനൊമ്പരങ്ങളുടേയും നേര്‍ക്കാഴ്ചകളാണ് പില്‍ക്കാലത്ത് 'വാധ്യാര്‍ കഥകള്‍' എന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാരൂരിന്റെ അധ്യാപക കഥകള്‍.

മൂന്നു ദശകത്തിലേറെ അധ്യാപകനായി പ്രവര്‍ത്തിച്ച കാരൂര്‍ നേരിട്ടറിഞ്ഞ പല നൊമ്പരക്കാഴ്ചകളും കഥാലോകത്തേക്ക് പറിച്ചുനട്ടപ്പോള്‍ അത് അക്കാലത്തെ അധ്യാപന ലോകത്തിന്റെ ചരിത്രമെഴുത്തു കൂടിയായി മാറി. കാരൂരിന്റെ കാലത്തെ കേരളത്തിലെ ഗ്രാന്റ് സ്‌കൂള്‍ അധ്യാപകരുടേയും പൊതുവെ അധ്യാപക സമൂഹത്തിന്റെ തന്നെയും ദുരവസ്ഥ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ 'വാധ്യാര്‍ കഥകളി'ലൂടെ കടന്നുപോയാല്‍ മാത്രം മതി!

Karoor
പട്ടാളക്കഥകള്‍ ഒരു പരിഭാഷക്കാലത്ത്!

തുച്ഛവേതനവും പ്രാരാബ്ധവുമായി കഴിഞ്ഞ അന്നത്തെ അധ്യാപകരുടെ മാനസിക സംഘര്‍ഷങ്ങളും പൊതുജീവിതത്തില്‍ അവരനുഭവിച്ച അവഗണനയും അനാദരവും ഇത്രമേല്‍ ഹൃദയ സ്പര്‍ശിയായി പകര്‍ത്തിവെച്ച മറ്റൊരു കഥാകാരനും അന്നു തൊട്ട് ഇന്നേവരെ മലയാള ഭാഷയിലുണ്ടായിട്ടില്ല എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഒരു വശത്ത് അധ്യാപനം എന്ന മഹത്വവത്കരിക്കപ്പെട്ട തൊഴില്‍ നല്‍കുന്ന ഭാരിച്ച സാമൂഹ്യ ഉത്തരവാദിത്തം മാതൃകാ വ്യക്തികളായി ജീവിക്കാന്‍ അധ്യാപകരെ നിര്‍ബന്ധിതരാക്കുമ്പോള്‍, മറുവശത്ത് തരക്കേടില്ലാത്ത വിധത്തില്‍ പട്ടിണി കൂടാതെ കുടുംബം പുലര്‍ത്താനോ കുടുംബാംങ്ങളുടേയും കുട്ടികളുടേയും ഏറ്റവും ചെറിയ ആവശ്യങ്ങള്‍ പോലും സാധിച്ചു കൊടുക്കാനോ പോലും കഴിയാത്തത്ര വിധം തുച്ഛമായ വേതനവുമായി, പ്രാരാബ്ധക്കടലില്‍ നിലകിട്ടാതെ ഉഴറി, പകച്ചു നില്‍ക്കുന്ന ഒരു പറ്റം ഗുരുനാഥന്‍മാരുടെ വേറിട്ട ചിത്രങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുക വഴി താന്‍ ഉള്‍പ്പെടുന്ന അധ്യാപക സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യ ബോധമണ്ഡലത്തിലേക്ക് ശക്തമായി കൊണ്ടുവരിക എന്ന ഏറ്റവും പ്രാധാന്യമുള്ള കര്‍ത്തവ്യമാണ് കാരൂര്‍ തന്റെ അധ്യാപക കഥകളിലൂടെ ഏറ്റവും ഭംഗിയായി നിര്‍വഹിച്ചത്.

മലയാള ചെറുകഥാ സാഹിത്യത്തെ ജനകീയവല്‍കരിച്ച ആദ്യകാല എഴുത്തുകാരില്‍ പ്രമുഖനായ കാരൂര്‍ താന്‍ കണ്ട ജീവിത പരിസരങ്ങളുടെ യഥാതഥമായ വിവരണത്തിലൂടെ പച്ചയായ മനുഷ്യരുടെ കഥകള്‍ മലയാള സാഹിത്യത്തില്‍ അവതരിപ്പിച്ച കഥാകാരനാണ്. 1932ല്‍ മുപ്പത്തിനാലാം വയസ്സില്‍ എഴുതിയ ആദ്യകഥയായ 'ഭൃത്യവാത്സല്യ'ത്തില്‍ ഒരു നേരത്തെ കഞ്ഞി വിളമ്പാനായി ഒരു പിടി നെല്‍ക്കതിര്‍ മോഷ്ടിച്ച കര്‍ഷക തൊഴിലാളി കുടുംബത്തിന്റെ ദൈന്യം അവതരിപ്പിച്ചപ്പോള്‍ ആ 'പുതിയ കഥ' 1930 കളില്‍ മലയാള സാഹിത്യത്തില്‍ നാമ്പെടുത്ത ജീവത്സാഹിത്യശാഖയെയാണ് പരിപോഷിപ്പിച്ചത്. കേശവദേവിന്റെയും ബഷീറിന്റെയും പൊന്‍കുന്നം വര്‍ക്കിയുടേയുമൊക്കെ അധഃസ്ഥിതരുടെ വ്യഥകളെ മുന്‍നിറുത്തിയുള്ള കഥകള്‍ രചിക്കപ്പെട്ടതിന് ഏറെ മുന്നേയാണ് കാരൂര്‍ മലയാളകഥയുടെ കഥമാറ്റി എഴുതാന്‍ തുടങ്ങിയതെന്ന് കാണാം

' ഇരുപത്തിയഞ്ചു കൊല്ലം പട്ടിണികിടന്നിട്ടു ചാകാത്തത് അത്ഭുതമല്ലേ? ഈ കരിഞ്ചന്തക്കാലത്തു പത്തു രൂപ കൊണ്ട് ഒരു കുടുംബം ഒരു മാസം തള്ളുന്നതും അത്ഭുതമല്ലേ?

കാരൂര്‍ എഴുതിയ ഇരുനൂറില്‍ പരം കഥകളില്‍ കുറേയെണ്ണം സ്വജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന അധ്യാപക ജീവിതങ്ങളില്‍ നിന്നടര്‍ത്തിയെടുത്തവയായിരുന്നു. 'വാധ്യാര്‍ കഥകള്‍' എന്ന ഗണത്തില്‍ പെടുത്തിയിട്ടുള്ള ഈ കഥകളില്‍ പൊതിച്ചോറ്, തൂപ്പുകാരന്‍, കാല്‍ച്ചക്രം, സാര്‍ വന്ദനം, ഊണിന്റെ കണക്ക്, പെന്‍ഷന്‍, അദ്ഭുത മനുഷ്യന്‍, കുടുംബ ബഡ്ജറ്റ്, ഓണമുണ്ട്, സാറിനും പട്ടിക്കും, ഒരു രാത്രി, മാലപ്പടക്കം, രാഷ്ട്രനിര്‍മ്മാണം, സേഫ്റ്റി പിന്‍, പെന്‍ഷന്‍, ഒന്നാം വാധ്യാര്‍, പിഴശിക്ഷ, സര്‍ക്കീട്ട്, കഴുതയാട്, ഉത്തരക്കടലാസ്, കുട്ടികളെത്ര? എന്നിങ്ങനെ ഇരുപതിലധികം കഥകളുണ്ട്.

തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം പുലര്‍ത്താന്‍ വകയില്ലാത്ത അധ്യാപകന്‍, ഊണില്ലാത്തതിനാല്‍ ഉണ്ണാതിരിക്കുന്ന അധ്യാപകന്‍, ചെലവുചുരുക്കാനായി ഇടയ്‌ക്കൊക്കെ ഉണ്ണേണ്ട എന്ന് കരുതുന്ന അധ്യാപകന്‍, സൗജന്യ ഭക്ഷണം കഴിക്കാന്‍ സമൂഹ സദ്യയ്ക്ക് പോകുന്ന അധ്യാപകന്‍, ഉടുവസ്ത്രത്തിന് മറുവസ്ത്രമില്ലാത്ത അധ്യാപകന്‍, സര്‍ക്കാരിനു വേണ്ടി വിവിധ കണക്കെടുപ്പുകള്‍ക്കായി നിയോഗിക്കപ്പെടുന്ന അധ്യാപകന്‍, പെന്‍ഷന്‍ പറ്റിയ ശേഷവും പട്ടിണിയില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ഒരിക്കലും വിരമിക്കാത്ത അധ്യാപകന്‍ ഇവരൊക്കെയായിരുന്നു കാരൂരിന്റെ 'വാധ്യാര്‍ കഥകളി'ല്‍ നിറഞ്ഞു നിന്നത്.

ശിഷ്യന്റെ 'പൊതിച്ചോറ്' കട്ട് വിശപ്പടക്കേണ്ടി വന്ന അധ്യാപകന്റെ ദൈന്യാവസ്ഥയാണ് 'പൊതിച്ചോറ്' എന്ന കാരൂരിന്റെ ആദ്യ അധ്യാപക കഥയുടെ പ്രമേയം. പട്ടി മാത്രം ചെയ്യുന്ന ഹീന കൃത്യമാണ് താന്‍ ചെയ്തതെന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് സ്‌കൂള്‍ മാനേജര്‍ക്ക് അയക്കുന്ന കത്തില്‍ 'പന്ത്രണ്ട് രൂപ കൊണ്ട് എത്ര പേരുടെ നിത്യവൃത്തിക്ക് തികയും?' എന്നുള്ള ആ അധ്യാപകന്റെ ചോദ്യം ചാട്ടുളി പോലെ വായനക്കാരുടെ നെഞ്ചില്‍ തന്നെ വന്നു തറയ്ക്കും.

ലമനൈഡ് വില്‍ക്കുന്ന പയ്യന്‍ തിരിച്ചു തരാനുള്ള കാല്‍ച്ചക്രത്തെപ്പറ്റി ആധിപൂണ്ടു നടക്കുന്ന ദരിദ്രനാരായണനായ അധ്യപകന്റെ കഥയാണ് 'കാല്‍ച്ചക്രം'. അത്രയും തുച്ഛമായ പണം പോലും അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടതാണെന്ന് കാണിക്കുക വഴി, വാധ്യാര്‍മാരുടെ ഇല്ലായ്മയുടെ ആഴം എത്രത്തോളമുണ്ടെന്ന് കാട്ടിത്തരാന്‍ കാരൂരിന് കഴിയുന്നുണ്ട്.

'നാലു ചേമ്പിന്റെ ചുവടിന്റെ വില' മാത്രം ദിവസ വേതനമുള്ള ദരിദ്ര അധ്യാപകന്‍ മക്കള്‍ക്ക് നാലു കുപ്പിവളയും വീട്ടിലേക്കൊരു ചീനച്ചട്ടിയും വാങ്ങാനുള്ള പണമൊപ്പിക്കാനായി 'അത്ഭുത മനുഷ്യന്റെ ' പകരക്കാരനായി വേഷം കെട്ടി ഉത്സവപ്പറമ്പില്‍ പ്രദര്‍ശനത്തിന് തയ്യാറാവുന്ന കഥയില്‍, കാഴ്ചക്കാരനായി എത്തിയ സ്‌കൂള്‍ മാനേജരോട് തന്റെ 'അത്ഭുതം' വിവരിക്കുന്നത് ഇപ്രകാരമാണ്: ' ഇരുപത്തിയഞ്ചു കൊല്ലം പട്ടിണികിടന്നിട്ടു ചാകാത്തത് അത്ഭുതമല്ലേ? ഈ കരിഞ്ചന്തക്കാലത്തു പത്തു രൂപ കൊണ്ട് ഒരു കുടുംബം ഒരു മാസം തള്ളുന്നതും അത്ഭുതമല്ലേ? ഒരു സ്ത്രീയും അഞ്ചാറു കുട്ടികളും പട്ടിണിയില്‍ പൊരിയുന്നതു കണ്ടിട്ടു ലജ്ജയുണ്ടാകാത്തവന്‍ അത്ഭുത മനുഷ്യനല്ലേ?'

Karoor Neelakanta Pillai
കാരൂര്‍File

സ്‌കൂളിലെ പ്രധാനാധ്യാപകന് പത്തു രൂപയും തൂപ്പുകാരന് ഇരുപത്താറ് രൂപയും മാസ ശമ്പളമുള്ള ഒരു കാലത്ത് അധ്യാപക ജോലി രാജിവെച്ച് മറ്റൊരു സ്‌കൂളിലെ തൂപ്പുകാരന്റെ ജോലി ഏറ്റെടുക്കുന്ന ഒരു പ്രധാനാധ്യാപകനാണ് 'തൂപ്പുകാരന്‍' എന്ന കഥയിലെ കേന്ദ്ര കഥാപാത്രം. ഈ തൂപ്പുകാരന്റെ ജോലി പോലും വാഴക്കൃഷിയാണ് സ്‌കൂളിലെ തൂപ്പുപണിയെക്കാള്‍ മെച്ചമെന്ന് കരുതിസ്വമേധയാ പിരിഞ്ഞുപോയ മറ്റൊരു തൊഴിലാളിയുടെ ഒഴിവിലാണെന്ന് കാണാം. ശമ്പളം കുറവാണെങ്കിലും വിദ്യാഭ്യാസമുള്ള അധ്യാപകര്‍ മുണ്ടു മുറുക്കിയുടുത്ത് ചുമതലാബോധത്തോടെ എല്ലാ പണികളും ചെയ്തു കൊള്ളുമെന്നനാട്ടുനടപ്പിന്റെ നേരെ 'വിശന്നു തളര്‍ന്നും വീട്ടിലെ കഷ്ടതകളോര്‍ത്തു ഹൃദയം തകര്‍ന്നും അധ്യാപകര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ എത്ര പഠിക്കും?' എന്ന കഥാനായകന്റെ ചോദ്യം അധ്യാപനം എന്ന ജോലിയെ ഏറ്റവും വില കുറച്ചു കണ്ട അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയോടുള്ളകഥാകാരന്റെ അമര്‍ഷമാണ് അടയാളപ്പെടുത്തുന്നത്.

'കുടുംബ ബഡ്ജറ്റ്' എന്ന കഥ പറഞ്ഞ് അവസാനിപ്പിക്കുന്നത് ദിവസം രണ്ടു രൂപാ വേതനം കിട്ടുന്ന കല്ലുവെട്ടുകാരുടെ പണിയാണ് മാസം പത്തു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുടേതിനേക്കാള്‍ മികച്ചത് എന്ന കണ്ടെത്തലോടെയാണ്. ഇതുപോലെ തന്നെ പത്തു രൂപ മാത്രം മാസശമ്പളമുള്ള അധ്യാപകന്‍, സകല ചെലവും കഴിച്ച് മാസം അഞ്ചു രൂപ ശമ്പളം കിട്ടുന്ന വീട്ടുജോലിക്കാരനായ തന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സ്ഥിതിയില്‍ അസൂയപ്പെടുന്നുണ്ട് 'അദ്ഭുത മനുഷ്യന്‍' എന്ന മുന്‍പ് സൂചിപ്പിച്ച കഥയില്‍!

'സാറിനും പട്ടിക്കും' എന്ന കഥയില്‍ ധനിക പുത്രനെ അവന്റെ വീട്ടില്‍ താമസിച്ച് പഠിപ്പിച്ച ട്യൂഷന്‍ ആ പരാധീനത ശക്തമായി കുറച്ചിടുന്നുണ്ട്. വീട്ടിലെ പല നിസ്സാര പണികളും ചെയ്തു കൊടുക്കുന്നതു കൂടാതെ 'സാറിനും പട്ടിക്കും ചോറു കൊടുത്തെങ്കില്‍ അടുക്കള അടച്ചുകൂടേ?' എന്ന ഗൃഹനാഥയുടെപ്രയോഗം കൂടി സഹിക്കേണ്ടി വന്ന അധ്യാപക കുചേലന്റെ കദനകഥവായനക്കാരന്റെ മനസ്സില്‍ നീറ്റലായി നില്‍ക്കും.

പറ്റിനത്തില്‍ വാധ്യാര്‍ കൊടുത്തു തീര്‍ക്കാനുള്ള ചക്രം നല്‍കുന്നതു വരെ സ്‌കൂളിലെ ഉത്തരക്കടലാസ് പിടിച്ചു വെച്ച ചായക്കടക്കാരനേയും, ഒടുവില്‍ ഉത്തരപ്പേപ്പര്‍ പരിശോധിക്കാതെ തന്നെ പരീക്ഷാഫലം പ്രഖ്യാപിച്ച അധ്യാപകനേയും കാണിച്ചു തരുന്ന 'ഉത്തരക്കടലാസില്‍' ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടയില്‍ 'ഇത്തരം സംഭവങ്ങളുടെ അടിയില്‍ കിടക്കുന്നത് അധ്യാപകന്മാരുടെ ശമ്പളക്കുറവാണ്' എന്ന് ഒരു മെംബര്‍ ചുണ്ടിക്കാണിക്കുമ്പോള്‍, 'കുറച്ചില്. ഇത് വെളിയിലാരും അറിയരുത്' എന്നാണ് മറ്റൊരു മെംബര്‍ അഭിപ്രായപ്പെടുന്നത്!

Karoor
'പെണ്ണിനു പറഞ്ഞിട്ടില്ലാത്ത പണി' ചെയ്യുന്ന ഒരു കൂട്ടം പെണ്ണുങ്ങള്‍ എഴുതിയ ചരിത്രം

ദീര്‍ഘകാല സേവനത്തിനു ശേഷം പെന്‍ഷന്‍പറ്റി പരിയുന്ന അധ്യാപകന്റെ വേര്‍പിരിയല്‍ ദിനത്തിലെ അദ്ദേഹത്തിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി കാണിച്ചു തരുന്ന 'പെന്‍ഷന്‍' എന്ന കഥയും നാണവും മാനവുമില്ലാതെ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ഇടയ്ക്കിടെ ചെന്നു കേറുന്ന അധ്യാപകന്റെ കഥ പറയുന്ന 'മാലപ്പടക്ക'വുമൊക്കെ അന്നത്തെ അധ്യാപകരെ കാത്തിരുന്നിരുന്ന അതീവ ദയനീയമായ വാര്‍ധക്യകാല ദിനങ്ങളെയാണ് വായനക്കാര്‍ക്ക് കാണിച്ചു തരുന്നത്

അധ്യാപക ലോകത്തെ അപ്രിയസത്യങ്ങള്‍ പലതും പൊതു സമൂഹത്തോട് വിളിച്ചു പറയാന്‍ തികച്ചും ബോധപൂര്‍വ്വം താനെഴുതിയവയാണ് 'വാധ്യാര്‍ കഥകളി'ല്‍ പലതും എന്ന് കാരൂര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഥകളില്‍ മാത്രമായി അധ്യാപക പ്രശ്‌നങ്ങള്‍ ഒതുക്കിയ ആളല്ല കാരൂര്‍.

ഏഴാം ക്ലാസ്സ് പാസ്സായ ശേഷം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറി ഏറെ താമസിയാതെ കരുനാഗപ്പള്ളിയില്‍ അധ്യാപക സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറിയ കാരൂര്‍ 1922 ല്‍ ആ സംഘടനയുടെ സെക്രട്ടറിയായി. ഇക്കാലത്താണ് പണിമുടക്ക് സംബന്ധമായ കൂടിയാലോചനകളില്‍ പങ്കെടുത്തുവെന്ന കുറ്റത്തിന് കാരൂരിനെ കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

കാരൂരിനെപ്പോലെയുള്ള അധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് തുടങ്ങി വെച്ച അധ്യാപക മുന്നേറ്റങ്ങള്‍ 1980 കളിലും 1990 കളിലുമൊക്കെ അവഗണിക്കാന്‍ പറ്റാത്ത വിധത്തിലുള്ള രാഷ്രീയ സമ്മര്‍ദ്ദ സംഘങ്ങളായി കേരളത്തില്‍ വളര്‍ന്നു വന്നതായി കാണാം. ന്യായമായ സേവന വേതന വ്യവസ്ഥകള്‍ കാലാകാലങ്ങളില്‍ നേടിയെടുക്കാന്‍ അധ്യാപക സമൂഹത്തെ സഹായിച്ചത് ഈ സംഘടനാതലത്തിലുള്ള മുന്നേറ്റം തന്നെയാണ്.

Karoor
കാരൂരിന് എസ്പിസിഎസില്‍ നടത്തിയ യാത്രയയപ്പു ചടങ്ങില്‍നിന്ന്‌ File

കാരൂരിന്റെ അധ്യാപനകാലത്തിനു ശേഷം കാലക്രമത്തിലാണെങ്കിലും അധ്യാപകരുടെ ശമ്പളത്തിലും ജീവിത നിലവാരത്തിലുമൊക്കെ കാര്യമായ മാറ്റങ്ങളുണ്ടായിയെങ്കിലും ആ മാറ്റങ്ങള്‍ വളരെക്കാലം കൊണ്ടുണ്ടായതാണെന്ന് ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയുടെ മകനും പിന്നീട് പ്രൈമറി വിദ്യാലയത്തില്‍ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്ത എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. എഴുപതുകളുടെ തുടക്കത്തില്‍ അരി കിട്ടാന്‍ ബുദ്ധിമുട്ടുള്ള (അല്ലെങ്കില്‍ അരിക്ക് വിലക്കൂടുതലുള്ള) കാലത്ത് മാസങ്ങളോളം ഗോതമ്പദോശയും ഗോതമ്പ് നുറുക്കിന്റെയും റവയുടെയും ഉപ്പുമാവുമൊക്കെയായി അരി ആഹാരം ഒഴിവാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ശമ്പളം കിട്ടിയിരുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ അമ്മയും പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഗുമസ്തനായ അച്ഛനും ചേര്‍ന്ന് നാലുമക്കളടക്കം ആറു പേരുള്ള ഞങ്ങളുടെ 'കുടുംബ ബഡ്ജറ്റ്' ക്രമീകരിച്ചിരുന്നത്. അക്കാലത്ത് മെച്ചപ്പെട്ട സാമ്പത്തിക നിലയിലുള്ള അമ്മയുടെ ചില ശിഷ്യരുടെ വീട്ടില്‍ നിന്ന് പലപ്പോഴും ഏതാനും ദിവസത്തേക്കുള്ള അരിമാവ് പാത്രത്തിലാക്കി ഞങ്ങള്‍ക്ക് സ്‌നേഹപൂര്‍വ്വം കൊടുത്തയച്ചിരുന്നത് എനിക്ക് വ്യക്തമായ ഓര്‍മ്മയുണ്ട്. ഏക പുത്രന് പാലു വാങ്ങിക്കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത ദ്രോണാചാര്യരെന്ന ദരിദ്രനായ അധ്യാപകനെപ്പറ്റിയും പാല്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കുട്ടിയെ കൂട്ടുകാര്‍ അരിമാവ് കലക്കി നല്‍കി പാലാണെന്ന് പറഞ്ഞ് പറ്റിച്ച കഥയും അരിമാവ് കുടിച്ചതിനാലാണ് ആ ബാലന് 'അശ്വത്ഥാമാവ്' എന്ന പേരു വന്നത് എന്ന കെട്ടുകഥയുമൊക്കെ ഞാന്‍ കേട്ടറിഞ്ഞ് വിശ്വസിച്ചതുമൊക്കെ അക്കാലത്തായിരുന്നു!

1970 കളുടെ അവസാനത്തില്‍ ആറിലോ, ഏഴിലോ സയന്‍സ് പഠനത്തിന്റെ ഭാഗമായി ഭാസ്‌കരന്‍മാഷ് റഫ്രിജറേറ്ററിന്റെ ഭാഗങ്ങള്‍ ബോര്‍ഡില്‍ വരച്ച് അടയാളപ്പെടുത്തിത്തരുന്നതിനിടയില്‍ 'ഈ ചിത്രം വരച്ച് പഠിപ്പിക്കുന്ന മാഷമ്മാരുടെ വീട്ടിലൊന്നും ഫ്രിഡ്ജില്ല' എന്ന് അമര്‍ഷത്തോടെ ഉറക്കെ ആത്മഗതം പറഞ്ഞത് മാഷും എന്റെ സതീര്‍ത്ഥ്യരും എന്നേ മറന്നു കാണുമെങ്കിലും, എന്റെ മനസ്സില്‍ അന്നേ ആഴത്തില്‍ പതിഞ്ഞിരുന്നു. 'അധ്യാപികാ കുടുംബ'മായ ഞങ്ങളുടെ വീട്ടിലും അക്കാലത്ത് ഫ്രിഡ്ജുണ്ടായിരുന്നില്ലല്ലോ!

എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പ്രൈമറി അധ്യാപകനായി എന്റെ തൊഴില്‍ ജീവിതം ആരംഭിക്കുമ്പോഴേയ്ക്കും വീട്ടില്‍ ഫ്രിഡ്ജും ഫാനുമൊക്കെ വന്നു കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അധ്യാപകരുടെ ശമ്പളം നാലക്കത്തിലെത്തിയിട്ടില്ലായിരുന്നു. അല്ലറ ചില്ലറ 'പിടുത്തങ്ങള്‍' കഴിഞ്ഞ് എണ്ണൂറ്റിച്ചില്ല്വാനം ഉറുപ്പികയായിരുന്നു ആദ്യത്തെ ശമ്പളമായി എനിക്ക് കിട്ടിയത് എന്നാണ് ഓര്‍മ്മ.

കാരൂര്‍ വരച്ചിട്ട അധ്യാപക ദൈന്യങ്ങളുടെ കഥകള്‍ കേരളത്തിലെ അധ്യാപക ലോകത്തിന്റെ പഴയകാല ചിത്രം ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ് ഇക്കാലത്ത് നമ്മളെ സഹായിക്കുന്നത്

ഏകദേശം നാല് പതിറ്റാണ്ടിനിപ്പുറം നിന്ന് നോക്കുമ്പോള്‍ സേവന വേതന വ്യവസ്ഥകളില്‍, പ്രത്യേകിച്ച് മാസശമ്പളത്തിന്റെ കാര്യത്തില്‍, ഒരു പരിധി വരെ പ്രൈമറി അധ്യാപക സമൂഹം മുന്നേറിയിട്ടുണ്ടെന്ന് കാണാം. തുടക്കക്കാരുടെ മാസ ശമ്പളം അരലക്ഷത്തോളമായി കഴിഞ്ഞിരിക്കുന്നു. ടിവിയും ഫോണും മൊബൈല്‍ ഫോണും സ്‌കൂട്ടറും കാറും മറ്റ് നിരവധി സൗകര്യങ്ങളും ആധുനിക ഗാര്‍ഹികോപകരണങ്ങളും ഇന്ന് അധ്യാപക കുടുംബങ്ങള്‍ക്ക് (മാത്രമല്ല കേരളത്തിലെ വലിയൊരു ശതമാനം ജനവിഭാഗങ്ങള്‍ക്കും) അന്യമോ അപ്രാപ്യമോ അല്ല. അതുകൊണ്ടു തന്നെ, കാരൂര്‍ വരച്ചിട്ട അധ്യാപക ദൈന്യങ്ങളുടെ കഥകള്‍ കേരളത്തിലെ അധ്യാപക ലോകത്തിന്റെ പഴയകാല ചിത്രം ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ് ഇക്കാലത്ത് നമ്മളെ സഹായിക്കുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് പ്രശ്‌നങ്ങളൊന്നുമില്ല എന്നോ അധ്യാപകര്‍ക്ക് ഇപ്പോള്‍ എല്ലാം കൊണ്ടും പരമസുഖമാണ് എന്നോ അല്ല മേല്‍പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത്. മറിച്ച് ഏറ്റവും അടിസ്ഥാനപരമായ തൊഴില്‍ പ്രശ്‌നമായ ' തീരെ കുറഞ്ഞ വേതനം' എന്ന കാതലായ കാര്യത്തില്‍ നിന്ന് കേരളത്തിലെ പൊതുമേഖലാ, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ പൂര്‍ണ്ണമായി മോചിതരായിട്ടുണ്ടെന്നും 'കൊടും ദാരിദ്ര്യം' ഇന്നത്തെക്കാലത്തെ സര്‍ക്കാര്‍, എയിഡഡ് അധ്യാപകര്‍ക്ക് തികച്ചും അന്യമാണ് എന്നും സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.

ഓരോ കാലഘട്ടത്തിലും അധ്യാപകരും അധ്യാപക ലോകവും നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. പക്ഷെ അവ അതേ തീവ്രതയോടെ ഒപ്പിയെടുത്ത് കഥകളിലേക്കോ മറ്റ് സര്‍ഗ്ഗാത്മക മേഖലയിലേക്കോ പറിച്ചു നടാന്‍ കാരൂരിനെപ്പോലെ ഉത്സാഹം കാണിച്ചവര്‍ ഏറ്റവും വിരളമാണെന്ന് കാണാം.

കാരൂരിന്റെ വാധ്യാര്‍ കഥകളെ അനുസ്മരിപ്പിക്കുന്ന ശീര്‍ഷകവുമായി അക്ബര്‍ കക്കട്ടിലിന്റെ 'അധ്യാപക കഥകള്‍' വന്നെത്തിയെങ്കിലും അതീവ ഹൃദ്യമായ കക്കട്ടിലിന്റെ ആ കഥകളൊന്നും തന്നെ കാരൂരിന്റെ റൂട്ടിലോടിയ ബസ്സുകളല്ലായിരുന്നു.

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിലെ കേരള വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതികളെ അടിവരയിട്ടു കാണിക്കുന്നതില്‍ ഒരുപക്ഷെ സാഹിത്യ സൃഷ്ടികളേക്കാളുപരി മുന്നിട്ടു നിന്നത് സിനിമയും ടിവിയും പോലുള്ള മാധ്യമങ്ങളാണെന്ന് കാണാം. വ്യാജ സര്‍ട്ടിഫിക്കറ്റുകാരായ അധ്യാപകരെയും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കോഴ വാങ്ങുന്ന മാനേജര്‍മാരെയും കിടപ്പാടം വിറ്റ് അധ്യാപകരാവാനുള്ള കോഴപ്പണം തയ്യാറാക്കുന്ന തൊഴിലന്വേഷകരെയും അധ്യാപനത്തില്‍ മായം ചേര്‍ത്ത് സാമൂഹ്യവഞ്ചന നടത്തുന്ന അധ്യാപകരെയുമൊക്കെ പൊതു സമൂഹത്തിന് മറയില്ലാതെ തുറന്നുകാട്ടിയ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' , 'ഇംഗ്ലീഷ് മീഡിയം' തുടങ്ങിയ സിനിമകളും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്ന 'മറിമായം' പോലുള്ള ടെലിവിഷന്‍ പരമ്പരകളുമൊക്കെ യഥാര്‍ത്ഥത്തില്‍ കാരൂരിന്റെ വഴിയിലൂടെ യാത്ര ചെയ്ത പുതു മാധ്യമ സൃഷ്ടികളാണ്.

1940 കളിലും 1950 കളിലുമൊക്കെയുള്ള കേരളത്തിലെ ഗ്രാന്റ് സ്‌കൂള്‍ അധ്യാപകരുടെ വ്യഥകള്‍ കഥളിലേക്ക് സമന്വയിപ്പിച്ച കാരൂര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് പറ്റുന്ന നിരവധി പ്രമേയങ്ങള്‍ സമകാലിക വിദ്യാഭ്യാസ, അധ്യാപകലോകത്ത് സുലഭമായി കാണാമെന്നാണ് എന്റെ വിശ്വാസം. തൊട്ടു മുന്‍പ് സൂചിപ്പിച്ച സിനിമാ, ടിവി പ്രമേയങ്ങള്‍ കൂടാതെ, പാരലല്‍ കോളജുകളിലും ട്യൂഷ്യന്‍ സെന്ററുകളിലും സ്വകാര്യ മേഖലാ സ്‌കൂളുകളിലും തുച്ഛവേതനത്തിന്, തൊഴില്‍ സംരക്ഷണമോ , സാമൂഹ്യ സുരക്ഷയോ, മറ്റ് ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ നിരവധി വര്‍ഷങ്ങള്‍ തൊഴില്‍ ചെയ്ത്, ഒരു പൈസ പോലും പെന്‍ഷന്‍ നേടാതെ റിട്ടയര്‍ ചെയ്യുന്ന ഹതഭാഗ്യരായ നിരവധി അഭ്യസ്തവിദ്യരായ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ കൂടി അദ്ദേഹത്തിന്റെ പരിഗണനാ പട്ടികയില്‍ ആദ്യം തന്നെ കയറിപ്പറ്റും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപനം എന്ന ഒരേ തൊഴില്‍ ചെയ്യുന്നവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത വേതന അസമത്വം കേരളത്തിലെ പൊതുസമൂഹം ഏറ്റവും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട കാലം അത്രമേല്‍ അതിക്രമിച്ചിരിക്കുന്നു!

(ഡല്‍ഹിയിലെ അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

Karoor Neelakanta Pillai, a low paid teacher who portrayed the plight of the teachers in a simple and straight-forward style in his short stories

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com