

പത്തു പേര്‍ ഒരുമിച്ചെഴുതിയ ഒരു പ്രാദേശിക പത്രത്തിന്റെ 'ജീവചരിത്രം' വായിച്ചതിന്റെ ത്രില്ലിലാണ് ഇത്തവണത്തെ 'സാമൂഹ്യപാഠം' എഴുതുന്നത്. ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ അത്യപൂര്‍വ അധ്യായമായ, 'ഖബര്‍ ലഹ്രിയ' എന്ന പത്രത്തെപ്പറ്റിയും കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി
അതിന്റെ ഉപ്പും ഉയിരുമായി മാറിയ ഒരു പറ്റം വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തെപ്പറ്റിയുമൊക്കെ അറിഞ്ഞപ്പോള്‍ അത് 'സാമൂഹ്യപാഠ'ത്തില്‍ പങ്കുവെയ്ക്കാതിരിക്കുന്നത് ഒട്ടും ശരിയല്ല എന്നു തോന്നി.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറുപട്ടണങ്ങളിലെ പത്രപ്രവര്‍ത്തന രംഗത്തെ തൊഴിലാളികളെപ്പറ്റിയുള്ള ഒരു ഗവേഷണ പഠനത്തിന്റെ ഭാഗമായി ഹരിയാനയിലെ ഹിസാറിനു ചുറ്റുമുള്ള പ്രദേശങ്ങളിലും; ഉത്തര്‍ പ്രദേശിലെ അലിഗഢിന്റെ പ്രാന്തപ്രദേശങ്ങളിലുമൊക്കെ മാധ്യമ പ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്യാനിടവന്നപ്പോഴാണ് ഉത്തരേന്ത്യന്‍ ഉള്‍പ്രദേശങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ വനിതകളുടെ സാന്നിധ്യം ഒട്ടുമേ തന്നെയില്ല എന്ന് എനിക്ക് നേരിട്ട് ബോധ്യമായത്. അലിഗഢില്‍ മാത്രമാണ് മരുന്നിന് ഒരു വനിതാ പത്രപ്രവര്‍ത്തകയെ കണ്ടെത്താന്‍ കഴിഞ്ഞത്. അവരുടെ ജീവിത സമരത്തിന്റെ കഥ അറിഞ്ഞപ്പോള്‍ എത്രത്തോളം പുരുഷാധിപത്യവും സവര്‍ണ്ണമേല്‍ക്കോയ്മയും ഉള്ളതാണ് ഉള്‍നാടന്‍ പത്രപ്രവര്‍ത്തന മേഖല എന്ന് ശരിക്കും മനസ്സിലായി. സ്വന്തം ജീവിതവും പ്രൊഫഷനും മുന്നോട്ടു കൊണ്ടുപോകാന്‍ കുടുംബത്തിലേയും, സമൂഹത്തിലേയും എതിര്‍പ്പുകളെ നേരിട്ട് മാധ്യമവീഥിയിലെ ആ ഏകാന്തപഥിക നടത്തിയിരുന്ന 'ഒറ്റപ്പെണ്‍ പോരാട്ടം' ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. 'പെണ്ണിനു പറഞ്ഞിട്ടില്ലാത്ത പണി' ചെയ്യുന്നതിന്റെ എതിര്‍പ്പും മുറുമുറുപ്പും വീട്ടിലും നാട്ടിലുമുണ്ടെന്നത് ഒരു വശം; തൊഴിലിടങ്ങളിലാണെങ്കിലോ 'ആണുങ്ങളുടെ തൊഴില്‍ മേഖല'യിലേക്ക് ഇടിച്ചു കയറി വന്ന സ്ത്രീയോടുള്ള പല തരത്തിലുള്ള പ്രതികരണങ്ങള്‍. നിസ്സഹകരണം; അവഗണന; ലൈംഗിക വീക്ഷണത്തോടെ സഹപ്രവര്‍ത്തകയെ നോക്കിക്കാണുന്നവരില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് അന്നത്തെ ഇന്റര്‍വ്യൂവില്‍ അവര്‍ എണ്ണി നിരത്തിയത്. വെല്ലുവിളികളുള്ള ഈ ജോലിയില്‍ തുടരുമ്പോഴും സ്വന്തം കുട്ടിക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നു കരുതി, എന്നും രാവിലെ പത്തുപന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്ന് അലിഗഢിലേക്കും വൈകീട്ട് തിരിച്ചും യാത്ര ചെയ്യുമ്പോള്‍ കുഞ്ഞിനെ പുറകിലെ സീറ്റിലിരുത്തി ദുപ്പട്ടകൊണ്ട് സ്വന്തം വയറ്റില്‍ മുറുക്കിക്കെട്ടി സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആ വനിതാ റിപ്പോര്‍ട്ടറുടെ നിശ്ചയദാര്‍ഢ്യം ഒറ്റപ്പെട്ട ഒരു കാഴ്ചയായി മാത്രമാണ് അന്ന് ഞാന്‍ നോക്കിക്കണ്ടത്.
എന്നാല്‍, ഈയിടെ പ്രസിദ്ധീകൃതമായ 'ദ ഗുഡ് റിപ്പോര്‍ട്ടര്‍ : എ മെമ്മോയര്‍ ഓഫ് ജേര്‍ണലിസം ഇന്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന പുസ്തകം വായിച്ചതും അതിനെത്തുടര്‍ന്നു നടത്തിയ അനുബന്ധ അന്വേഷണങ്ങളും എന്റെ ആ ധാരണയെ തിരുത്തി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി ഒന്നല്ല ഒരു പറ്റം വനിതകള്‍ അലിഗഢില്‍ ഞാന്‍ കണ്ട പത്രപ്രവര്‍ത്തകയ്ക്ക് സമാനമായ, ഒരുപക്ഷെ അതിലും തീവ്രമായ ജീവിത-പ്രൊഫഷനല്‍ വെല്ലുവിളികളെ, മുഖ്യധാരാ പത്രങ്ങള്‍ പോലും കടന്നു ചെല്ലാത്ത 'മാധ്യമ നിഴല്‍ പ്രദേശങ്ങളായ' ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ കുഗ്രാമങ്ങളില്‍ നിരന്തരം നേരിട്ടു പരാജയപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു എന്ന് അങ്ങനെയാണ് ഞാനറിയുന്നത്.
ഒരു വ്യാഴവട്ടക്കാലത്തിലധികം ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബിഹാറിലും അച്ചടിക്കപ്പെട്ട പത്രമായി ചുവടുറപ്പിച്ച ശേഷം, കഴിഞ്ഞ ഒരു ദശകത്തിലധികമായി ഡിജിറ്റല്‍ ലോകത്തു കൂടി സജീവ സാന്നിധ്യമറിയിച്ച 'വാര്‍ത്താ തരംഗങ്ങള്‍' എന്നര്‍ത്ഥമുള്ള 'ഖബര്‍ ലഹ്രിയ' എന്ന പ്രാദേശിക പത്രത്തിന്റെ വളര്‍ച്ചയ്ക്ക് സ്വജീവിതങ്ങള്‍ സമര്‍പ്പിച്ച പത്തു വനിതകള്‍ (ദിശ മല്ലിക്, ഗീതാ ദേവി, ഹര്‍ഷിത വര്‍മ്മ, കവിത ബുന്ദേല്‍ ഗണ്ഡി, ലക്ഷ്മി ശര്‍മ്മ, ലളിത, മീരാ ദേവി, നാസ്നി റിസ്വി, ശ്യാംകലി, സുനീത പ്രജാപതി) ഒരുമിച്ചെഴുതിയ ഈ പുസ്തകം ലോക പത്രമാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു നേരനുഭവസാക്ഷ്യമാണ്! നിശ്ചയമായും ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ തിളങ്ങുന്ന ഒരു 'വടക്കന്‍ വനിതാ ഗാഥ' തന്നെയാണിത്!
ഇന്ത്യയില്‍ സ്ത്രീകള്‍ മാത്രമായി നടത്തുന്ന, ഗ്രാമീണ മേഖലയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏകദിനപത്രമാണ് 'ഖബര്‍ ലഹ്രിയ'. ഈ വനിതകളില്‍ മിക്കവരും ദലിത് സ്ത്രീകളും മുസ്ലിം വിഭാഗക്കാരുമാണെന്നതും അവരില്‍ പലരും പറയത്തക്ക വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാത്ത 'തനിനാടന്‍' പെണ്ണുങ്ങളാണെന്നുമറിയുമ്പോള്‍ ഖബര്‍ ലഹ്രിയ വാര്‍ത്താലോകത്ത് മാത്രമല്ല, ഇന്ത്യന്‍ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയൊരു 'മാറ്റത്തിന്റെ തരംഗമാണ്' ഉണ്ടാക്കിയത് എന്ന് നമ്മള്‍ തിരിച്ചറിയും.
ഈ നൂറ്റാണ്ടിന്റെ തുടക്ക വര്‍ഷങ്ങളില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തപ്പെട്ട ഗ്രാമീണ വനിതകള്‍ക്കായുള്ള ഒരു വയോജന സാക്ഷരതാ പ്രോഗ്രാമിന്റെ പരിണതഫലമായാണ് 'ഖബര്‍ ലഹ്രിയ' എന്ന പ്രാദേശിക പത്രം ഉടലെടുക്കുന്നത്. മീരാ ജാദവ്, ശാലിനി ജോഷി, കവിതാ ബുന്ദേല്‍ഗണ്ഡി എന്നീ 'മൂന്നു പെണ്ണുങ്ങള്‍' ചേര്‍ന്ന് നിരന്തര്‍ എന്ന ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ 2002 ലാണ് 'ഖബര്‍ ലഹ്രിയ'യുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബുന്ദേല്‍ഗണ്ഡ് മേഖലയുടെ കട്ടലോക്കല്‍ ഭാഷയായ ബുന്ദേലിയിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ പത്രം ക്രമേണ മറ്റ് പ്രാദേശിക ഭാഷകളായ അവധി, ബജ്ജിക, ഭോജ്പുരി തുടങ്ങിയ ഭാഷകളിലും തയ്യാറാക്കപ്പെട്ടു. ഏഴു വനിതാ റിപ്പോര്‍ട്ടര്‍മാരുമായി ദ്വൈവാരിക പത്രമായാണ് ഖബര്‍ ലാഹ്രിയ ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. മറ്റേതു പത്രത്തെയും പോലെ ദേശീയ, അന്താരാഷ്ട്ര ന്യൂസുകളൊക്കെ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും ആരും കടന്നു ചെല്ലാത്ത കുഗ്രാമ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ അവരുടെ തന്നെ നാടന്‍ ഭാഷയില്‍ അവതരിപ്പിക്കുന്ന പത്രം എന്നതായിരുന്നു ഖബര്‍ ലഹ്രിയയുടെ പ്രധാന ആകര്‍ഷണം.
വ്യക്തമായ സ്ത്രീപക്ഷ കാഴ്ചപ്പാടോടു കൂടി അവഗണിക്കപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും നേരില്‍ ഊന്നിനിന്നു കൊണ്ട് 'ഖബര്‍ ലഹ്രിയ'യുടെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ 'പണി തുടങ്ങി'യപ്പോള്‍ പരക്കെ നിലവിലുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് ശൈലികളെയാണ് അവര്‍ നിഷ്പ്രയാസം പൊളിച്ചടുക്കിയത്.
ആദ്യകാലത്ത് വീടുവീടാന്തരം ചെന്ന് വിതരണം നടത്തിയിരുന്ന 'ഖബര്‍ ലഹ്രിയ' പില്‍ക്കാലത്ത് വിവിധ മാധ്യമങ്ങളിലൂടെ ഓരോ മാസത്തിലും അഞ്ചു മുതല്‍ പത്ത് ദശലക്ഷത്തോളം പേരിലെത്തുന്ന ഒരു വമ്പന്‍ മാധ്യമ തരംഗമായി മാറുമെന്ന് ആരും കരുതിയതല്ല. 2015 ല്‍ ചംബല്‍ മീഡിയ എന്ന സംരംഭത്തിലൂടെ കാര്യമായി ഡിജിറ്റല്‍ ലോകത്തേക്ക് ചുവടുമാറിയ ഖബര്‍ ലഹ്രിയ
ഇന്ന് ലോകമെമ്പാടും ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശങ്ങളുടെ സ്പന്ദനങ്ങള്‍ കൃത്യവും സത്യവുമായി അവതരിപ്പിക്കുന്ന ഡിജിറ്റല്‍ മാധ്യമമായി മാറിക്കഴിഞ്ഞു. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും സ്ത്രീകളുടേയും വീക്ഷണ കോണില്‍ നിന്നാണ് 'ഖബര്‍ ലഹ്രിയ'യുടെ വാര്‍ത്താ തരംഗങ്ങള്‍ വന്നെത്തെന്നുന്നത് എന്ന കാര്യം ഈ മാധ്യമത്തിന്റെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടുന്നു.
ബുന്ദേല്‍ഗണ്ഡിലെ ചിത്രകൂടില്‍ തുടങ്ങിയ 'ഖബര്‍ ലഹ്രിയ' ഇപ്പോള്‍ ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും ബിഹാറിലുമൊക്കെ പ്രവര്‍ത്തിക്കുന്ന മുപ്പതോളം റിപ്പോര്‍ട്ടര്‍മാരുമായി ഉത്തരേന്ത്യന്‍ വാര്‍ത്താമേഖലയില്‍ ശക്തമായി വേരോട്ടം നേടിക്കഴിഞ്ഞു. പ്രിന്റ് ലോകത്തെ 'ഖബര്‍ ലാഹ്രിയ' അയ്യായിരംപേരിലേക്കാണ് എത്തിയിരുന്നതെങ്കില്‍ ഡിജിറ്റല്‍ ലോകത്തിലെ ഖബര്‍ലഹ്രിയയ്ക്ക് ആറ് ലക്ഷത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബര്‍മാരും നൂറ്റിയന്‍പത് ദശലക്ഷത്തിലധികം മൊത്തം വ്യൂവേഴ്‌സുമുണ്ട്!
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വ്യഥകള്‍ അടിവരയിട്ടു കാണിക്കാനും സാധാരണ ജനങ്ങള്‍ക്ക് അവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍, അവരുടെ ഭാഷയിലും രീതിയിലും എത്തിച്ചു കൊടുത്തു എന്നത് 'ഖബര്‍ ലഹ്രിയ'യുടെ വിജയമന്ത്രമായി. 'നമ്മുടെ വാര്‍ത്ത; നമ്മുടെ ഭാഷയില്‍'എന്ന പരസ്യവാചകം സത്യത്തില്‍ ആ പത്രത്തിന്റെ വിജയരഹസ്യത്തിന്റെ സമവാക്യം കൂടിയാണ്!
സാധാരണക്കാര്‍ക്കിടയില്‍ 'ഖബര്‍ ലഹ്രിയ' നേടിയെടുത്ത വിശ്വാസ്യതയും സ്വീകാര്യതയും ഈ പത്രത്തിനു മാത്രം കിട്ടിയ വലിയൊരു നേട്ടമാണ്. പണം വാങ്ങി റിപ്പോര്‍ട്ട് ചെയ്യുന്നവരല്ല തങ്ങളെന്ന വിശ്വാസം ജനങ്ങള്‍ക്കുള്ളതു കൊണ്ടാണ് മറ്റ് പത്രങ്ങളെ വിശ്വസിക്കാന്‍ മടിക്കുന്ന ഗ്രാമീണര്‍ തങ്ങളോട് മനസ്സ് തുറക്കാനും മൊബൈല്‍ കാമറകള്‍ക്ക് മുമ്പില്‍ സംസാരിക്കാനും മടി കാണിക്കാത്തതെന്ന് 'ഖബര്‍ ലഹ്രിയ' റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പുരുഷാധിപത്യം കൊടികുത്തി വാഴുന്ന കുടുംബങ്ങള്‍ക്കും സമൂഹത്തിനുമുള്ളില്‍ എങ്ങനെ ഈ സ്ത്രീകള്‍ സ്വന്തം മേഖലയും ഇടവും നേടിയെടുത്തു എന്നതു തന്നെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമാണ്. ഗൂഗ്ള്‍ മാപ്പിലോ ഇന്ത്യയുടെ ഭൂപടത്തിലോ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത ഉള്‍നാടന്‍ കുഗ്രാമങ്ങളില്‍ മണിക്കൂറുകള്‍ നടന്നെത്തി ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിച്ച് രാവേറെ ചെല്ലുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ന്യൂസ് ഫയല്‍ ചെയ്യുക എന്ന കാര്യം യാഥാസ്ഥിതിക കുടുംബസാഹചര്യങ്ങളില്‍ നിന്നു വരുന്ന ഈ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരുന്നു. മറ്റേത് ഗ്രാമീണ വനിതകളെയും പോലെ വീടു നടത്തലും കുടുംബാംഗങ്ങളെ പരിചരിക്കലുമൊക്കെ കൂടി ചെയ്തു കൊണ്ട് വേണം ഇവര്‍ക്ക് പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
മുഖ്യധാരാ പത്രപ്രവര്‍ത്തന മേഖലയില്‍ മെട്രോ നഗരങ്ങളിലും വലിയ പട്ടണങ്ങളിലുമൊക്കെയുള്ള പത്ര പ്രവര്‍ത്തകരൊക്കെത്തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും പ്രൊഫഷണല്‍ ട്രൈനിങ്ങുമൊക്കെ നേടി മാധ്യമപ്രവര്‍ത്തകരായവരാണെങ്കില്‍, 'ഖബര്‍ ലഹ്രിയ'യിലെ റിപ്പോര്‍ട്ടര്‍മാരില്‍ പലരും പറയത്തക്ക വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാത്തവരാണ്. എങ്ങനെയാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുക, എങ്ങനെയാണ് ഇ മെയില്‍ അയയ്ക്കുക എന്നു തുടങ്ങി മാധ്യമ പ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അവര്‍ പഠിച്ചത് 'ഖബര്‍ ലഹ്രിയ'യില്‍ ചേര്‍ന്ന ശേഷമാണ്. ഒത്തു ചേര്‍ന്നിരുന്നുള്ള സംസാരങ്ങളിലൂടെയും, ഏറ്റവും ബേസിക് ആയ ഇംഗ്ലീഷ് പഠനത്തിലൂടെയും, പിന്നെ മുന്നേ നടന്നവര്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളില്‍ പോയി വാര്‍ത്തകള്‍ ശേഖരിച്ചും ഓരോ പുതിയ റിപ്പോര്‍ട്ടറും തൊഴില്‍ പഠിച്ചെടുത്തപ്പോള്‍ അതിനൊപ്പം തന്നെ അവരറിയാതെ, ഉറച്ച പെണ്‍പക്ഷചിന്തകളും സാമൂഹ്യ തുല്യതയെപ്പറ്റിയും ജനാധിപത്യ നീതികളെപ്പറ്റിയുമുള്ള ഉള്ളറിവുകളും ഈ വനിതകള്‍ നേടിയെടുക്കുകയായിരുന്നു. ജനാധിപത്യമര്യാദകളും തുല്യതാവകാശവും പത്രത്തില്‍ മാത്രമല്ല തങ്ങളുടെ ന്യൂസ് റൂമിലും പാലിക്കേണ്ടതാണ് എന്ന ബോധ്യം 'ഖബര്‍ ലഹ്രിയ'യിലെല്ലാര്‍ക്കുമുണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഉദാഹരണത്തിന് ഡിജിറ്റല്‍ ഫോമിലേക്ക് മാറുക എന്ന ഏറ്റവും പ്രധാന തീരുമാനം പോലും എല്ലാ ടീമംഗങ്ങളും ഒത്തു ചേര്‍ന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അക്കാര്യം ഉറപ്പിച്ചതെന്ന് കാണുമ്പോള്‍ അനുകരിക്കപ്പെടേണ്ട പത്ര സംസ്‌കാര രീതികളില്‍ തന്നെ നല്ലൊരു കേസ് സ്റ്റഡിയായി മാറുകയാണ് 'ഖബര്‍ ലഹ്രിയ'.
വെറുതെ പത്രപ്രവര്‍ത്തനം നടത്തുന്നതിലുപരിയായി തങ്ങളുടെ പത്രത്തിന്റെ സാധ്യതകളും സ്വാധീനവും പരിമിതികളുമൊക്കെ നിരന്തരം വിശകലനം ചെയ്തു മുന്നോട്ടു നീങ്ങിയെന്നത് 'ഖബര്‍ ലഹ്രിയ'യുടെ വിജയ രഹസ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ പത്രവും യൂട്യൂബ് വീഡിയോകളും എത്ര പേര്‍ കാണുന്നു? അവര്‍ ആരാണ്? അവരില്‍ ഏതൊക്കെ പ്രായക്കാരുണ്ട്? അതില്‍ എത്ര സ്ത്രീകളുണ്ട്? ഇങ്ങനെ ഏറ്റവും പ്രധാനമായ മിക്ക കാര്യങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിലൂടെയാണ് പത്ര നടത്തിപ്പില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ 'ഖബര്‍ ലഹ്രിയ'ക്ക് കഴിഞ്ഞത്.
ഉദാഹരണത്തിന്, മാറുന്ന സോഷ്യല്‍ മീഡിയാ ലോകത്തിലേക്ക് കടന്നു കയറിയില്ലെങ്കില്‍ തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണ് പതിനാല് വര്‍ഷത്തെ അച്ചടിയില്‍ തുടര്‍ന്ന ശേഷം ഡിജിറ്റല്‍ ലോകത്തേയ്ക്ക് 'ഖബര്‍ ലഹ്രിയ' ചുവടു മാറ്റിയത്. വൈദ്യുതിയും വെള്ളവും കക്കൂസുമില്ലെങ്കിലും മിക്കവാറും ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ ഒരു മൊബൈല്‍ ഫോണെങ്കിലും ഉണ്ടായിരിക്കും എന്ന കണ്ടെത്തലില്‍ നിന്നുള്‍ക്കൊണ്ട സാധ്യതയില്‍ ഊന്നിയായിരുന്നു ഈ ചുവടുമാറ്റം. അത് 'ഖബര്‍ ലഹ്രിയ'യുടെ പ്രചാരത്തിനും സ്വാധീനത്തിനും ഏറെ സഹായകമായി എന്നത് പിത്ക്കാല ചരിത്രമാണ്.
യുപിയിലേയും എംപിയിലെയും ബിഹാറിലേയും നഗരങ്ങളിലുള്ള വലിയ പത്രങ്ങളുടെ ന്യൂസ് റൂമുകളില്‍ പോലും വനിതാ സാന്നിധ്യം അധികമില്ലാത്ത കാലത്ത് കഷ്ടിച്ച് സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള 'ഖബര്‍ ലഹ്രിയ' റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയത് ഒരു സാമൂഹ്യ വിപ്ലവം തന്നെയായിരുന്നു. 'പത്രപ്രവര്‍ത്തനം പെണ്ണുങ്ങള്‍ക്ക് പറഞ്ഞതല്ല' എന്നു വിശ്വസിച്ചവരെ തിരുത്തി കൊണ്ട് തങ്ങള്‍ക്കും വളരെ നന്നായി സ്റ്റോറികള്‍ റിപ്പോര്‍ട്ട് ചെയ്യാനാവുമെന്നും അത് പലപ്പോഴും മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാവുന്നതിലും വ്യത്യസ്തമായിരിക്കുമെന്നും 'ഖബര്‍ ലഹ്രിയ'യുടെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ തെളിയിച്ചപ്പോള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ പന്ഥാവുകളാണ് അവര്‍ വെട്ടിത്തെളിയിച്ചെടുത്തത്.
മുഖ്യധാരാ പത്രങ്ങള്‍ ഉള്‍നാടന്‍ വാര്‍ത്തകളെ പാടെ അവഗണിച്ചപ്പോഴും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളില്‍ സ്ഥലത്തെ പ്രമാണിമാരുടെ ഭാഷ്യത്തിന് മുന്‍തൂക്കം നല്‍കിയപ്പോഴും 'ഖബര്‍ ലഹ്രിയ'യുടെ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകളെ നിലംതൊട്ടവതരിപ്പിച്ചു; അതും പതിതരുടെ പക്ഷം ചേര്‍ന്നു നിന്നുകൊണ്ട്.
ദലിതരും ദരിദ്രരും നേരിടുന്ന പ്രശ്‌നങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അധികാരത്തിലിരിക്കുന്നവരുടെ അനാസ്ഥകള്‍, അഴിമതി, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ലിംഗ സമത്വം, പ്രാദേശിക സംസ്‌കാരം, പരിസ്ഥിതി,കുടിവെള്ളം, ശൗചാലയങ്ങള്‍, ആരോഗ്യം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, വൈദ്യുതി എന്നിങ്ങനെ ഗ്രാമീണ സമൂഹത്തിന്റേയും വികസന മേഖലയുടേയും എല്ലാ തലങ്ങളിലും 'ഖബര്‍ ലഹ്രിയ'യുടെ റിപ്പോര്‍ട്ടര്‍മാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ നടപ്പുകാല മാധ്യമ ധര്‍മ്മത്തിന്റെ സാധ്യതകള്‍ ഈ വനിതകള്‍ പുനര്‍നിര്‍വചിക്കുകയായിരുന്നു.
ഗ്രാമ പ്രദേശങ്ങളിലെ മണല്‍ മാഫിയ തുടങ്ങിയ നിരവധി കാര്യങ്ങളെപ്പറ്റി 'ഖബര്‍ ലഹ്രിയ'യില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിക്കൊണ്ടാണ് ഗ്രാമ പ്രദേശത്തെ സവര്‍ണ്ണ, പുരുഷ, ഭൂപ്രഭുത്വ ശക്തികളുടെ ശക്തിദുര്‍ഗ്ഗത്തിലേക്കാണ് ഈ വനിതാ പത്രപ്രവര്‍ത്തകര്‍ മൊബൈല്‍ കാമറയുടെയും വാര്‍ത്താക്കുറിപ്പുകളുടേയും ബുള്‍ഡോസറുകള്‍ ഇടിച്ചു കയറ്റിയത്. പൊലീസിന്റെയും മറ്റ് അധികാരികളുടെയും പാളിച്ചകള്‍ പോലും നിര്‍ഭയം വെളിച്ചത്തു കൊണ്ടുവരാന്‍ ഈ സ്ത്രീകള്‍ കാട്ടിയ ധീരതയും സമര്‍പ്പണവും തികച്ചും പ്രശംസനീയമാണ്.
ദലിത് ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെയേറെ നടക്കുന്ന ഒരു ഭൂപ്രദേശത്തു തന്നെയാണ് ദലിത് വനിതകളുടെ ഈ മുന്നേറ്റമുണ്ടായത് എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. വീടുവിട്ട് പുറത്തിറങ്ങുക എന്നതു തന്നെ ഏറ്റവും സഹസികമായ കാര്യമാണെന്നിരിക്കെ ആണുങ്ങളുടെ കോട്ടയായ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ രാപകല്‍ ഭേദമന്യേ പണിയെടുത്ത് ചുവടുറപ്പിക്കാന്‍ ഒരു കൂട്ടം വനിതകള്‍ക്കായി എന്നത് അവിശ്വസനീയമായ ഒരു നേട്ടം തന്നെയാണ്.
എങ്ങനെ ഇത്രയും പ്രതികൂല സാഹചര്യത്തില്‍ ധൈര്യം കൈവിടാതെ പത്രപ്രവര്‍ത്തനം നടത്തുന്നു എന്ന ചോദ്യത്തിന് 'പലപ്പോഴും ഞങ്ങള്‍ നാട്ടിന്‍ പുറത്തുകാര്‍ ഇത്തരം എതിര്‍പ്പുകളൊക്കെ എത്രയോ കണ്ടു പഴകിയവരല്ലേ' എന്നാണ് ഈ പത്രപ്രവര്‍ത്തകമാരുടെ മറുപടി. തീയില്‍ കുരുത്തവര്‍ വെയിലത്തു വാടില്ല എന്നു സാരം!
പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ 2004 ലെ വനിതാ പത്രപ്രവര്‍ത്തകര്‍ക്കുള്ള ചമേലി ദേവി ജെയിന്‍ അവാര്‍ഡും ഏറെത്താമസിയാതെ 2009 ല്‍ യുനെസ്‌കോ അവാര്‍ഡും 'ഖബര്‍ ലഹ്രിയ'ക്ക് ലഭിച്ചതോടെ ബുന്ദേല്‍ഗണ്ഡില്‍ നിന്ന് പുറപ്പെട്ട നാടന്‍ വാര്‍ത്താ തരംഗങ്ങള്‍ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ചലനമുണ്ടാക്കി എന്ന യാഥാര്‍ത്ഥ്യം സംശയാതീതമായി ഉറപ്പിക്കപ്പെട്ടു.
2022ല്‍ ഇന്ത്യയില്‍ നിന്ന് ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ നേടിയ 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ചിത്രം 'ഖബര്‍ ലഹ്രിയ'യെപ്പറ്റിയായിരുന്നു. ഡല്‍ഹി മലയാളിയായ റിന്റു തോമസും ജീവിത പങ്കാളി സുഷ്മിത് ഘോഷും ചേര്‍ന്ന് ബ്ലാക്ക് ടിക്കറ്റ് ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ഈ ചിത്രം ഇന്ത്യയില്‍ നിന്ന് ഓസ്‌കറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഫീച്ചര്‍ ഡോക്യുമെന്ററി ചിത്രമായി. കവിത, സുനിത, ശ്യാംകലി എന്ന മൂന്ന് റിപ്പോര്‍ട്ടര്‍മാരിലൂടെ 'ഖബര്‍ ലഹ്രിയ'യെ അവതരിപ്പിച്ച ഈ ചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടി. 'ലോകത്തിലെ തന്നെ ഏറ്റവും പ്രചോദനപരമായ പത്രപ്രവര്‍ത്തന സംബന്ധിയായ സിനിമ' എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് ഈ ഡോകുമെന്ററിയെ വിശേഷിപ്പിച്ചത്.
സാക്ഷരതയിലും ജനകീയ മുന്നേറ്റങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലോ പൊതുവെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുക്കുന്ന തമിഴ്നാട്ടിലോ ആണ് 'ഖബര്‍ ലഹ്രിയ' പോലൊരു സ്ത്രീകളാല്‍ നടത്തുന്ന, സ്ത്രീപക്ഷത്തു നിന്ന് വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ഒരു പ്രാദേശിക പത്രം ഉദയം ചെയ്തതെങ്കില്‍ അക്കാര്യത്തില്‍ അതിശയമേതുമില്ലായിരുന്നു. എന്നാല്‍ ജമീന്ദാര്‍മാരുടേയും കൊള്ളക്കാരുടെയും പുരുഷാധിപത്യത്തിന്റേയും നെടുംകോട്ടയായ ബുന്ദേല്‍ഗണ്ഡ്, ചംബല്‍ മേഖലകളിലും ഉത്തര്‍പ്രദേശിലേയും ബിഹാറിലേയുമൊക്കെ കാറും റോഡും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും ഒരിക്കലും കടന്നു ചെല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലുമൊക്കെയാണ് 'ഖബര്‍ ലഹ്രിയ' വേരുറച്ച് പച്ച പിടിച്ചത് എന്നത് തന്നെ ഏറ്റവും ശ്രദ്ധേയമാണ്.
ഗ്രാമീണ സ്ത്രീകളെ മീഡിയാ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നതില്‍ 'ഖബര്‍ ലഹ്രിയ'ക്കുള്ള പങ്ക് വളരെ വലുതാണ്. മൊബൈല്‍ ഫോണ്‍ തൊടാന്‍ പോലും മടിച്ചു നിന്നവരും ഇ മെയില്‍ അയയ്‌ക്കേണ്ടത് എങ്ങിനെയാണെന്നു പോലും അറിയാത്തവരും അന്വേഷണ പത്രപ്രവര്‍ത്തന മേഖലയില്‍ പില്‍ക്കാലത്ത് തിളങ്ങി നിന്ന റിപ്പോര്‍ട്ടര്‍മാരായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കൂട്ടായി ഇരുന്ന് ചര്‍ച്ച ചെയ്തും വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവരെ ബേസിക് ഇംഗ്ലീഷ് പഠിപ്പിച്ചുമൊക്കെ കൂട്ടത്തില്‍ മുന്നിട്ടു നിന്നവര്‍ മറ്റുള്ളവരെ കൈപിടിച്ചു നടത്തി. ഇത്തരം കൂട്ടായ പഠന പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും ന്യൂസ് ഫയല്‍ ചെയ്യാനും മാത്രമല്ല ഈ റിപ്പോര്‍ട്ടര്‍മാരെ സഹായിച്ചത്. ജനാധിപത്യ രീതികളുടെ പ്രാധാന്യവും പൗരധര്‍മ്മവും അനീതിക്കതിരെ മൊബൈല്‍ കാമറ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ അവരറിയാതെ തന്നെ ഈ വനിതാ റിപ്പോര്‍ട്ടര്‍മാരുടെ മനസ്സില്‍ സിമന്റിട്ടുറപ്പിക്കാനും 'ഖബര്‍ ലഹ്രിയ'യിലെ പരിശീലനക്കളരി അവരെ പ്രാപ്തരാക്കിയെന്നു കാണാം.
സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കുടുംബശ്രീ മാതൃകയില്‍ പ്രാദേശിക പത്രങ്ങളും വാര്‍ത്താ ചാനലുകളുമൊക്കെ തുടങ്ങാനുള്ള ആലോചനകള്‍ ഇടക്കാലത്ത് കേരളത്തിലും സജീവമായിരുന്നു. പകുതി വെച്ച് ഉപേക്ഷിച്ച അത്തരം ആശയങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്‍, ഖബര്‍ ലഹ്രിയയുടെ മിന്നുന്ന ചരിത്രം നമുക്കൊരു വഴിവിളക്കായിരിക്കും എന്നതു തീര്‍ച്ചയാണ്!
(ഡല്‍ഹിയിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates