വിട്ടുകളയരുത്, ഒന്നിനെയും; പ്രത്യേകിച്ച് ജീവിതത്തെ!

BABU P RAMESH
നിധിന്‍ വത്സന്റെ ജീവിതത്തേയും പോരാട്ടത്തെയും കുറിച്ച് ബാബു പി രമേഷ്‌
Updated on

ത്തവണ 'സാമൂഹ്യപാഠ'ത്തില്‍ പങ്കുവെയ്ക്കുന്നത് ഒരു ക്രൈം ത്രില്ലറാണ്!

കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.

'അച്ഛനുമമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലേയ്ക്ക് പെട്ടെന്നൊരുനാള്‍ ഒരു ക്ഷണിക്കപ്പെടാത്ത അതിഥി കടന്നു വരുന്നു. തന്റെയും കുടുംബാംഗങ്ങളുടേയും സമാധാനത്തിന്റെ കടവേരു വരെ പിഴുന്നെടുക്കാന്‍ കെല്‍പുള്ള ആ വില്ലനെ, പതറാതെ, സമചിത്തതയോടെ നേരിട്ട നായകന്‍ ക്ലേശകരമായ പല മുഹൂര്‍ത്തങ്ങളും തരണം ചെയ്ത് ഒടുവില്‍ തന്റെ പഴയ സ്വസ്ഥമായ ജീവിതം തിരികെ നേടുന്നു'.

മോഹന്‍ലാലിന്റെ ജിത്തു ജോസഫ് ചിത്രമായ 'ദൃശ്യ'ത്തിന്റെ കഥയാണ് പറഞ്ഞു വരുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ജോര്‍ജ്ജു കുട്ടിയല്ല, ഡല്‍ഹിയില്‍ ഇപ്പോള്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി ജോലി ചെയ്യുന്ന നിധിന്‍ വത്സന്‍ ഐ.പി.എസ്. ആണ് ഈ കഥയിലെ നായകന്‍. വില്ലനോ? 'എല്ലാ അസുഖങ്ങളിലും വെച്ച് ചക്രവര്‍ത്തി' എന്ന് സിദ്ധാര്‍ത്ഥ മുഖര്‍ജി പേരു ചൊല്ലി വിളിച്ച കാന്‍സര്‍ എന്ന മാരക രോഗവും!

BABU P RAMESH
സീരിയസ്സായി അയാള്‍ നാടകം കളിക്കുകയാണ്!

കഥയിലേയ്ക്ക് കടക്കും മുമ്പെ കഥ വന്ന വഴി പറയാം.

'ബാബുവേട്ടാ, പെട്ടെന്ന് ഡല്‍ഹിയില്‍ വരേണ്ട ഒരു കാര്യമുണ്ട്. നാളത്തെ ഈ പുസ്തക ചര്‍ച്ചയില്‍ ഞങ്ങളുടെ ഡയറക്ടര്‍ക്ക് വരാന്‍ പറ്റില്ല. പകരക്കാരിയായി ഞാന്‍ വരണമെന്നാണ് പറയുന്നത്' എന്ന എന്റെ കസിന്‍ അനുവിന്റെ മെസേജും അതിന്റെ കൂടെ വന്ന പുസ്തക ചര്‍ച്ചയുടെ പോസ്റ്ററുമാണ് തുടക്കം. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആണ് അനിത തയ്യില്‍ എന്ന അനു.

'കാന്‍സര്‍ മേന്‍ ടു അയണ്‍ മേന്‍' എന്ന പേരിലുള്ള പുസ്തകത്തെ അധികരിച്ച് അടുത്ത ദിവസം വൈകുന്നേരം ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടത്തുന്ന ചര്‍ച്ചയെപ്പെറ്റിയായിരുന്നു ആ പോസ്റ്റര്‍. അതില്‍ കാണിച്ചിട്ടുള്ള പുസ്തകത്തിന്റെ കവര്‍ പേജും മറ്റ് വിവരങ്ങളും വായിച്ചപ്പോള്‍ അര്‍ബുദത്തെ അതിജീവിച്ച് ആരോഗ്യം തിരിച്ചു പിടിച്ച ശേഷം അത്യന്തം ശാരീരിക ക്ഷമതയും മന:ശക്തിയും ആവശ്യപ്പെടുന്ന 'അയണ്‍ മേന്‍' എന്ന പദവി നേടിയെടുത്ത നിധിന്‍ വത്സന്‍ എന്ന പൊലീസ് ഓഫീസറുടെ വിജയഗാഥയാണ് ആ പുസ്തക ചര്‍ച്ചയുടെ കാതല്‍ എന്ന് മനസ്സിലാക്കാനായി.

'ഇദ്ദേഹത്തെ ഞാന്‍ എന്റെ യൂണിവേഴ്‌സിറ്റിയിലെ ഒരു പരിപാടിയില്‍ വെച്ച് കണ്ടിട്ടുണ്ട്. 'അയണ്‍ മേന്‍' പദവി നേടിയ വ്യക്തിയാണെന്നുമറിയാം. പക്ഷെ കാന്‍സര്‍ സര്‍വൈവര്‍ ആണെന്നറിയില്ലായിരുന്നു. എന്തായാലും പുസ്തകചര്‍ച്ചയ്ക്ക് ഞാനും നീതയും എത്താം' എന്ന് അനുവിന് മറുപടിയും നല്‍കി.

അതില്‍ പിന്നെ, ശനിയാഴ്ച വൈകുന്നേരത്തെ ചില്ലറ തിരക്കുകളൊക്കെ മാറ്റിവെച്ച് ആ പുസ്തക പരിചയ സായാഹ്നത്തില്‍ പങ്കാളികളായപ്പോള്‍ 'അറിയേണ്ട പല കാര്യങ്ങളും പ്രത്യേകിച്ചൊരു പ്ലാനിങുമില്ലെങ്കിലും അതത് സമയത്ത് നമ്മളെ തേടി വരും' എന്ന ചൊല്ലാണ് മനസ്സില്‍ പൊന്തി വന്നത്.

NIDHIN VALSAN WITH FAMILY
നിധിന്‍ കുടുംബത്തിനൊപ്പം SPECIAL ARRANGEMENT

രോഗബാധിതരെ മാത്രമല്ല അവരോട് ചേര്‍ന്നു നില്‍ക്കുന്ന എല്ലാവരേയും പിടിച്ചുലക്കുന്ന കാന്‍സറിനെ നേരിടാനും ആരോഗ്യജീവിതത്തിലേക്ക് തിരിച്ചു വരാനും, ഏറെത്താമസിയാതെ തന്നെ അരോഗദൃഢഗാത്രര്‍ക്കു പോലും പെട്ടെന്ന് നേടിയെടുക്കാന്‍ പറ്റാത്ത 'അയണ്‍ മേന്‍' പദവി ഒന്നല്ല തുടര്‍ച്ചയായി രണ്ടു തവണ നേടിയെടുക്കാനും സാധിച്ച നിധിനെപ്പറ്റി മാത്രമല്ല, നിസ്തുല സേവനത്തിലൂടെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം 'മലബാറിന്റെ ആര്‍.സി.സി.'യായി വളര്‍ന്നു വന്ന തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) എന്ന അവശ്യം അറിഞ്ഞിരിക്കേണ്ട സ്ഥാപനത്തെപ്പറ്റിയും അവിടത്തെ ആതുരസേവനം ജീവിതവ്രതമാക്കി മാറ്റിയ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയുമൊക്കെപ്പറ്റി അറിയാന്‍ കഴിഞ്ഞുവെന്നതും ഈ പുസ്തകച്ചര്‍ച്ച കൊണ്ടുണ്ടായ നേട്ടമാണ്.

മുപ്പത്തഞ്ചാം വയസ്സില്‍ ഗോവയില്‍ പൊലീസ് കമ്മീഷണറായി ജോലി നോക്കവേയാണ് 2021 ല്‍ താന്‍ അര്‍ബുദ രോഗബാധിതനാണ് എന്ന് നിധിന്‍ അറിയുന്നത്. തികഞ്ഞ കായികക്ഷമതയും, ചിട്ടയായ ജീവിതവും ചെറുപ്പത്തിന്റെ തീക്ഷണതയുമുള്ള താന്‍ ഒരിക്കലും കാന്‍സറിന്റെ പിടിയിലാകുമെന്ന സ്വപ്നത്തില്‍ പോലും നിധിന്‍ കരുതിയതല്ല. അതു കൊണ്ട് തന്നെ മറ്റ് പല അസുഖങ്ങളും സംശയിച്ച്, അതിനുള്ള ചികിത്സകള്‍ ചെയ്ത് ഏതാനും മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ശരിക്കുമുള്ള വില്ലന്‍ കാന്‍സറാണ് എന്ന് കണ്ടെത്തുന്നതു തന്നെ. അപ്രതീക്ഷിതമായ ഈ രോഗനിര്‍ണയം പിന്നീടങ്ങോട്ടുള്ള നിധിന്റേയും കുടുംബത്തിന്റേയും ജീവിത ചിത്രം തന്നെ മാറ്റി വരച്ചു.

എങ്ങനെ ചികിത്സിക്കണം? എവിടെ ചികിത്സിക്കണം? എന്ന കാര്യങ്ങളായിരുന്നു പിന്നത്തെ ഏറ്റവും വലിയ തീരുമാനങ്ങള്‍. അലോപ്പതി തന്നെയാണ് ഉത്തമം എന്ന ആദ്യത്തെ തീരുമാനത്തില്‍ പെട്ടെന്നെത്തിയെങ്കിലും തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന അര്‍ബുദ ചികിത്സാ കേന്ദ്രത്തില്‍ മതി നിധിന്റെ ചികിത്സ എന്ന തീരുമാനത്തിലെത്താന്‍ കുറച്ചു കൂടി സമയം വേണ്ടി വന്നു. അതിനിടയില്‍ ഇന്ത്യയിലെ ഒട്ടു മിക്ക പ്രമുഖ കാന്‍സര്‍ കേന്ദ്രങ്ങളപ്പറ്റിയും ഓണ്‍കോളജിസ്റ്റുകളെയുമൊക്കെപ്പറ്റി മനസ്സിലാക്കാനും ചില പേരു കേട്ട ഹോസ്പിറ്റലുകളില്‍ ആദ്യ വട്ട കണ്‍സള്‍ട്ടേഷനുകള്‍ നടത്താനും മറ്റേതൊരു അര്‍ബുദ ബാധിതനെയും പോലെ നിധിനും ഏറെ സമയവും പരിശ്രമവും ചെലവിട്ടു .

കീമോ തെറാപ്പിയുടെ കാലത്ത് രോഗത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനും സ്വയം ബിസിയാകാനും വേണ്ടി പുതിയൊരു ഭാഷ പഠിക്കാനാണ്‌ നിധിന്‍ തീരുമാനിച്ചത്
BABU P RAMESH
അലോനുഷ്കയും ഇവാനുഷ്കയും പിന്നെ, തുലഞ്ഞുപോ പല്ലികളേ എന്ന പഞ്ച് ഡയലോഗും!

പൗലോ കൊയ്‌ലോയുടെ 'ആല്‍കെമിസ്റ്റ്'ല്‍ നിധി തേടി നടന്ന ഇടയബാലന്‍ വിദേശരാജ്യങ്ങളിലും വിശാല മരുഭൂമികളിലുമൊക്കെ സഞ്ചരിച്ചശേഷം ഏറ്റവുമൊടുവില്‍ തന്റെ സ്വന്തം സ്ഥലം തന്നെയാണ് താന്‍ അന്വേഷിച്ചിരുന്നയിടം എന്ന് തിരിച്ചറിഞ്ഞ പോലെ, മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അടക്കം നിരവധി വിഖ്യാത ചികിത്സാകേന്ദ്രങ്ങളെ ബന്ധപ്പെട്ടശേഷമാണ് തലശ്ശേരിയിലെ സ്വന്തം വീട്ടില്‍ നിന്ന് ഒരു വിളിപ്പാടകലെയുള്ള, എംസിസി തന്നെ മതി സ്ഥിരമായ ചികിത്സയ്ക്ക് എന്ന തീരുമാനത്തില്‍ നിധിനും കുടുംബവും എത്തിച്ചേര്‍ന്നത്.

എംസിസിയെപ്പറ്റിയും അവിടുത്തെ പ്രഗത്ഭ ഡോക്ടര്‍മാരായ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യനെയും ഡോ. ചന്ദ്രന്‍ കെ. നായരെപ്പറ്റിയുമൊക്കെ കിട്ടിയ മികച്ച അഭിപ്രായങ്ങളോടൊപ്പം തന്നെ, രോഗബാധിതരുടെ കുടുംബത്തെ കുത്തുപാളയെടുപ്പിക്കാന്‍ തക്ക കെല്‍പ്പുള്ള കാന്‍സര്‍ ചികിത്സക്കിറങ്ങുമ്പോള്‍ അത് പൊതുവെ കുറഞ്ഞ ചെലവുള്ള സര്‍ക്കാര്‍ സ്ഥാപനത്തിലാവാമെന്ന തന്നിലെ 'പിശുക്കന്റെ' നിഷ്‌കര്‍ഷയും ആശുപത്രിയുടെ സെലക്ഷനില്‍ നിര്‍ണായകമായി എന്ന് മടി കൂടാതെ നിധിന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു പക്ഷെ കാന്‍സറിനോട് പടവെട്ടാനുള്ള നിധിന്റെ നീക്കങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായിരുന്നു ആ തെരഞ്ഞെടുപ്പ്.

എംസിസിയിലെ മികവുറ്റ ചികിത്സയും ആത്മാര്‍ത്ഥമായ ആതുര സേവനവും പിന്നെ സ്വന്തം നിശ്ചയ ദാര്‍ഢ്യവും കൊണ്ട് കാന്‍സര്‍ ചികിത്സയുടെ ദൃഷ്‌കരഘടങ്ങളോരോന്നും തരണം ചെയ്ത് പൊരുതുമ്പോള്‍ പ്രിയപത്നി രമ്യയ്ക്കും മക്കളായ ഇഷാനും നിയയ്ക്കും വേണ്ടി താന്‍ ഇനിയും സാധാരണ ജീവിതത്തിലേയ്ക്ക് വിജയകരമായി തിരിച്ചു വരും എന്ന ഉറച്ചതീരുമാനമായിരുന്നു നിധിന്റെ മുമ്പില്‍ വഴിവിളക്കായി നിന്നത്.

ജീവിതത്തിലെ സ്വാസ്ഥ്യവും സമാധാനവും അടിച്ചു തകര്‍ത്ത അര്‍ബുദമെന്ന അനഭിലഷണീയനായ അതിഥിയെ എന്നന്നേയ്ക്കുമായി തുരത്താനുള്ള നിധിന്റെ നിശ്ചയദാര്‍ഢ്യം വേദനയും കഷ്ടപ്പാടും മൂടിക്കെട്ടിയ ഇരുണ്ടഘട്ടങ്ങളിലൊക്കെ കെടാതെ അയാള്‍ നിലനിര്‍ത്തി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ശരീരത്തേയും മനസ്സിനേയും നിയന്ത്രിക്കാനും അനാവശ്യകാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞ് ഏറ്റവും ഫലപ്രദമായി ആ വിവരങ്ങള്‍ സ്വന്തം ചികിത്സയ്ക്കും തിരിച്ചു വരവിനുമായി ഉപയോഗിക്കാനുമൊക്കെ നിധിന്‍ ഏറ്റവും ശ്രദ്ധ വെച്ചു.

NIDHIN VALSAN
നിധിന്‍ വത്സന്‍ SPECIAL ARRANGEMENT

കീമോ തെറാപ്പിയുടെ കാലത്ത് രോഗത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനും സ്വയം ബിസിയാകാനും വേണ്ടി പുതിയൊരു ഭാഷ പഠിക്കാനാണ്‌ നിധിന്‍ തീരുമാനിച്ചത്. അങ്ങനെ ഗോവയില്‍ നിന്നും മലപ്പുറത്തു നിന്നുമായി രണ്ട് ട്യൂട്ടര്‍മാരെ വ്യത്യസ്ത സമയങ്ങളില്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു കൊണ്ട് അറബിക് ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഠിന പ്രയത്നം ചെയ്ത നിധിന്‍ രോഗത്തിന്റെ വിളയാട്ടം കണ്ട് പതറിപ്പകച്ചു നില്‍ക്കുന്ന ശരാശരി കാന്‍സര്‍ രോഗികളുടെ സ്വാഭാവരീതിക്ക് വ്യക്തമായ ഒരപവാദം തന്നെയായി. കീമോയും കഴിഞ്ഞ് അന്നത്തെ പാഠങ്ങളും ഹോംവര്‍ക്കുമൊക്കെ തീര്‍ക്കുമ്പോഴേക്കും ആ ദിവസം മറ്റ് അനാവശ്യ ചിന്തകളൊന്നുമില്ലാതെ കടന്നു കിട്ടുമെന്നായിരുന്നു നിധിന്റെ കണ്ടെത്തല്‍.

എങ്ങനെയെല്ലാമാണ് തന്റെ അതിജീവന സാധ്യതകള്‍ മെച്ചപ്പെടുത്താനാവുക എന്ന് നിരന്തരം അന്വേഷിക്കുകയും അത്തരം അറിവുകള്‍ അത് എത്ര തന്നെ ബുദ്ധിമുട്ടുള്ളതാണെങ്കില്‍ കൂടി ഏറ്റവും ശുഷ്‌കാന്തിയോടു കൂടി നടപ്പിലാക്കുകയും ചെയ്ത നിധിന്റെ കാര്യമോര്‍ക്കുമ്പോള്‍, റിസര്‍ച്ച് മെത്തഡോളജി ക്ലാസ്സില്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠിപ്പിക്കുമ്പോള്‍ ഞാന്‍ എപ്പോഴും എടുത്തു പറയാറുള്ള സ്റ്റീഫന്‍ ജേ ഗൗള്‍ഡിന്റെ 'മീഡിയന്‍ ഈസ്ന്റ് ദ മെസേജ്' എന്ന സ്വാനുഭവസാക്ഷ്യമാണെന്റെ മനസ്സിലേക്ക് വരുന്നത്.

അമേരിക്കയിലെ വിഖ്യാത പാലിയെന്റോളജിസ്റ്റായിരുന്ന സ്റ്റീഫന്‍ ജേ ഗോള്‍ഡ് താന്‍ ഉദരാര്‍ബുദ ബാധിതനാണ് എന്നറിഞ്ഞപ്പോള്‍ നടത്തിയ പ്രഥമാന്വേഷണത്തില്‍ രക്ഷപ്പെടാനുള്ള സാധ്യതയുടെ മീഡിയന്‍ സമയം എട്ട് മാസമാണ് എന്നാണ് കണ്ടത്. അനുവദിച്ച നാളുകള്‍ എണ്ണപ്പെട്ടു എന്ന് ഏതൊരാളും ഉള്‍വിളിയോടെ മനസ്സിലാക്കുന്ന ഈ വിവരം പക്ഷെ ശാസ്ത്രീയമായ ശിക്ഷണം ലഭിച്ച ഗവേഷകനായ ഗൗള്‍ഡ് മറ്റൊരു രീതിയിലാണ് നോക്കിക്കണ്ടത്. ഡാറ്റ ശരിക്കും വായിച്ചെടുക്കാന്‍ വിദഗ്ധനായ അദ്ദേഹം തനിക്കു കിട്ടിയ വിവരം ഏറ്റവും പ്രത്യാശ നല്‍കുന്നതാണ് എന്ന് മനസ്സിലാക്കി.

NIDHIN VALSAN
നിധിന്‍ വത്സന്‍SPECIAL ARRANGEMENT

'മീഡിയന്‍ എട്ടു മാസം' എന്നാല്‍ അര്‍ബുദ ബാധിതരായ പകുതിപ്പേര്‍ എട്ടുമാസത്തിനകം മരിക്കുന്നുവെന്നു മാത്രമേ അര്‍ത്ഥമുള്ളൂ എന്നും ബാക്കി പകുതി പേരില്‍ ചിലതെങ്കിലും വളരെയേറെക്കാലത്തിനു ശേഷമേ മരിക്കാനിടയുള്ളൂ എന്നും ആദ്യം തന്നെ സ്റ്റീഫന്‍ തിരിച്ചറിഞ്ഞു. ഇതോടൊപ്പം, തുടക്കത്തിലേ രോഗം കണ്ടെത്തിയെന്നതും; താന്‍ ചെറുപ്പക്കാരനാണെന്നതും; കിട്ടാവുന്നതില്‍ മുന്തിയ ചികിത്സ തേടാന്‍ തനിക്ക് സാധിക്കുമെന്നതുമൊക്കെയുള്ള അനുകൂല സാഹചര്യങ്ങള്‍ കൂടി ചേര്‍ത്തുവെച്ചപ്പോള്‍ വളരെ സമചിത്തതയോടെ രോഗത്തെ നേരിടാനും പിന്നീട് വളരെയേറെ വര്‍ഷങ്ങള്‍ ആരോഗ്യപൂര്‍വ്വം ജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു!

സ്റ്റീഫന്‍ ഗൗള്‍ഡിനു സമാനമായ പ്ലാനുകളോടെ തന്റെ വിജയ സാധ്യതകയ്ക്കുള്ള ഓരോ കരുക്കളും ശ്രദ്ധയോടെ നീക്കി ആദൃശ്യനായ കാന്‍സര്‍ എന്ന എതിരാളിയോട് പൊലീസും കള്ളനും കളിക്കുമ്പോള്‍ നിധിന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന മന്ത്രം അറബി പഠനത്തിലൂടെ അയാള്‍ മനസ്സിലാക്കിയ 'അനാ ലാ അസ്തസ്ലാം ബെസഹൂല്‍!' ('എന്തെന്നാല്‍ ഞാന്‍ അത്രയെളുപ്പം പരാജയം സമ്മതിക്കില്ല!') എന്ന വാചകമായിരുന്നു!

ചികിത്സയും ആരോഗ്യത്തിലേയ്ക്കുള്ള തിരിച്ചു വരവും നടക്കുന്നതിനിടയില്‍ തന്നെ ഇടയ്‌ക്കെവിടെയോ വെച്ച് താന്‍ നടന്നു നീങ്ങിയ വഴികളെക്കുറിച്ചും, ആ ഘട്ടങ്ങളില്‍ താനും ഉറ്റവരുമനുഭവിച്ച വ്യഥകളെപ്പറ്റിയുമൊക്കെ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവും വിധം കുറിച്ചിടണം എന്ന ആഗ്രഹവും അസുഖകാലത്തു തന്നെ നിധിന്റെ മനസ്സില്‍ മുള പൊട്ടിയിരുന്നു.

കാന്‍സര്‍ എന്ന മഹാമാരിയെ ചിരി കൊണ്ട് നേരിട്ട് 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകം നമുക്കു നല്‍കിയ ഇന്നസെന്റിനെപ്പോലെ അത്ര ലാഘവത്തോടെ തനിക്ക് കാന്‍സറിനെ കാണാനോ അനുഭവിക്കാനോ കഴിഞ്ഞില്ല എന്നും, അതു കൊണ്ടു തന്നെ അല്പം കൂടി ആഴത്തോടെ തന്റെ അനുഭവം പറയണമെന്നുമായിരുന്നു ഈ പുസ്തകവിചാരം മനസ്സില്‍ വന്നപ്പോള്‍ തന്നെ നിധിന്റെ ലക്ഷ്യമിട്ടത്. അങ്ങനെ രോഗശയ്യയില്‍ തന്നെ പുസ്തകമെഴുത്ത് തുടങ്ങിയെങ്കിലും ചില ഘട്ടങ്ങളിലൊക്കെ ഈ പരിപാടി പകുതി വഴിയില്‍ നിര്‍ത്തേണ്ടി വരുമെന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പക്ഷെ, ആയിടയ്ക്കാണ് 'അയണ്‍ മേന്‍' എന്ന ട്രയാത്തലോണ്‍ മത്സരത്തെപ്പറ്റി നിധിന്‍ അറിയുന്നത്. ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ 1.9 കിലോമീറ്റര്‍ നീന്തിയ ശേഷം 90 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി, ഒടുവില്‍ 21.1 കിലോമീറ്റര്‍ ഓടി മുഴുമിക്കുക എന്നതാണ് 'അയണ്‍ മേന്‍' എന്ന പദവി നേടാനുള്ള കടമ്പകള്‍!

BABU P RAMESH
രഘു റായ്: ക്യാമറ കണ്ണാക്കിയ ഛായാഗ്രാഹകന്‍

എന്തുകൊണ്ട് രോഗത്തെ പൊരുതി തോല്‍പ്പിച്ച ശേഷം എനിക്കും ഒരു 'അയണ്‍ മേന്‍' ആയിക്കൂടാ എന്ന ചിന്ത മിന്നല്‍ പിണരു പോലെ നിധിന്റെ മനസ്സില്‍ വന്നു നിറഞ്ഞത് അപ്പോഴാണ്. അന്നു തന്നെ തന്റെ വരാനിരിക്കുന്ന പുസ്തകത്തിന്റെ പേരും നിധിന്‍ തീരുമാനിച്ചു - 'കാന്‍സര്‍ മേന്‍ ടു അയണ്‍ മേന്‍'!

അങ്ങനെ 'ഉരുക്കു മനുഷ്യന്‍' ആവുന്നതിനു മുമ്പേ തന്നെ നാമകരണം ചെയ്ത തന്റെ പുസ്തകത്തിന്റെ എഴുത്തും രോഗത്തെ മറികടക്കാനുള്ള അശ്രാന്ത പരിശ്രമങ്ങളുമായി നിധിന്‍ മുന്നേറിയപ്പോള്‍ പിന്നീട് ബാക്കി സംഭവിച്ചതെല്ലാം ചരിത്രം. കാന്‍സറിനെ പൂര്‍ണ്ണമായും എതിര്‍ത്തു തോല്‍പിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഫെബ്രുവരി 2022 ലും അതിനു ശേഷം ഒക്ടോബര്‍ 2022 ലും തുടര്‍ച്ചയായി നിധിന്‍ 'അയണ്‍ മേന്‍' ലക്ഷ്യം കണ്ടെത്തി.

ആദ്യ 'അയണ്‍ മേന്‍' മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഒരു പക്ഷെ തനിക്ക് ലക്ഷ്യം നേടാനാവില്ല എന്ന അവസ്ഥ വന്നപ്പോള്‍, ഫിനിഷിംഗ് ലൈനില്‍ 'മൈ പപ്പാ ഈസ് അയണ്‍ മേന്‍' എന്നെഴുതിയ ടീഷര്‍ട്ടുകളണിഞ്ഞ് രമ്യയ്‌ക്കൊപ്പം തന്നെ കാത്തു നില്‍ക്കുന്ന ഇഷാനും നിയയുമാണ് 'എന്റെ കുടുംബത്തിനു വേണ്ടി ഞാന്‍ ഏതറ്റം വരെയും പോകും' എന്ന നിശ്ചയദാര്‍ഢ്യം വീണ്ടും തനിക്ക് തിരികെ തന്നത് എന്ന് നിധിന്‍ ഓര്‍ക്കുന്നു. അങ്ങനെ തന്റെ ജീവിതത്തിനു കുറുകെ നിന്ന വില്ലനെ ഇല്ലാതാക്കി പഴയതില്‍ കൂടുതല്‍ കായികക്ഷമത നേടിയതിന് ശേഷമാണ് ഡല്‍ഹിയില്‍ സ്ഥലം മാറ്റമായി വന്ന് രമ്യയും കുട്ടികളുമായി പുതിയൊരധ്യായം തുടങ്ങുന്നത്.

രോഗ സാഗരം താണ്ടാന്‍ തനിക്ക് പ്രചോദനം നല്‍കിയ പുസ്തകം മറ്റൊരു കാന്‍സര്‍ പോരാളിയായ യുവരാജ് സിങിന്റെ അവതാരികയോടെ ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തു വരികയും രാജ്യത്തെ തന്നെ ഏറ്റവും വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചോദനകരമായ കാന്‍സര്‍ സര്‍വൈവര്‍ കഥയാണ് അങ്ങനെ നിധിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്.

MALABAR CANCER CENTRE
മലബാര്‍ കാന്‍സര്‍ സെന്റര്‍SPECIAL ARRANGEMENT

കാന്‍സറിനെ എതിര്‍ത്തു തോല്‍പിച്ച നിധിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്ക് മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കുള്ളതാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ കാന്‍സര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആര്‍സിസിയിലേയ്ക്ക് പോകേണ്ടി വന്നിരുന്ന മലബാറുകാര്‍ക്ക് 2001 ല്‍ കോടിയേരിയിലെ ഒരു കുന്നുംപുറത്ത് സ്ഥാപിതമായ എംസിസി വലിയ പ്രത്യാശയാണ് നല്‍കിയത്. ആദ്യ കാലത്തെ ബാലാരിഷ്ടതകളൊക്കെ താണ്ടി ആ സ്ഥാപനം ശരിക്കും അതിന്റെ ഇന്നത്തെ പ്രൗഢിയിലെത്താന്‍ കാരണം ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യനേയും ഡോ. ചന്ദ്രന്‍ കെ. നായരെയും പോലെയുള്ള അതിപ്രഗത്ഭരായ ഭിഷഗ്വരന്മാര്‍ സര്‍ക്കാര്‍ മേഖലയിലുള്ള എംസിസിയില്‍ വിശ്വാസമര്‍പ്പിച്ച് തങ്ങളുടെ സേവനങ്ങള്‍ കമ്പോള നിലവാരത്തേക്കാള്‍ എത്രയോ തുച്ഛമായ വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചപ്പോഴാണ്. ഏറെത്താമസിയാതെ അവര്‍ക്കൊപ്പം തന്നെ കൈയും മെയ്യും മറന്ന് പണിയെടുക്കാനായി നിരവധി മറ്റ് ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരും വന്നു ചേര്‍ന്നു. 'എന്റെ ആശുപത്രിയാണെന്റെ അമ്പലം' എന്ന് അഭിമാനപൂര്‍വ്വം എപ്പോഴും പറയുന്ന അനുവും, ഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനത്തില്‍ ജോലി നോക്കവെ അതു വേണ്ടെന്ന് വെച്ച് എംസിസിയിലെ നിസ്തുലമായ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി തലശ്ശേരിയിലെത്തിയ സിന്ധുവുമൊക്കെ ഇക്കൂട്ടത്തില്‍ പെടും. കാലക്രമേണ ഈ സ്ഥാപനം നേടിയെടുത്ത മതിപ്പുമൂലം പല തദ്ദേശവാസികളും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ കൂടെയുണ്ട്. ഈ സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍ നിധിന്‍ വത്സന്റെ അമ്മയാണെന്നറിയുമ്പോള്‍ എത്രമേല്‍ ഈ സ്ഥാപനത്തിന്റെ സ്വീകാര്യത തലശ്ശേരിക്കാര്‍ക്കിടയില്‍ വേരോടിത്തുടങ്ങിയിട്ടുണ്ടെന്ന് നാമറിയും!

കാന്‍സര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളില്‍ മാത്രം മുമ്പ് ലഭിക്കുമായിരുന്ന അത്യന്താധുനിക സൗകര്യങ്ങള്‍ താരതമ്യേന വളരെ തുച്ഛമായ ചെലവില്‍ ഏറ്റവും പ്രൊഫഷണലായി നല്‍കുന്ന എംസിസി ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച അര്‍ബുദ ചികിത്സാ കേന്ദ്രമായി മാറിയിട്ടുണ്ട്.

അത്തരമൊരു സ്ഥാപനത്തിന് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യതയും അംഗീകാരവും നേടിക്കൊടുക്കാന്‍ നിധിന്‍ എന്ന സെലിബ്രിറ്റി പേഷ്യന്റിന് കഴിഞ്ഞു. ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളും കാന്‍സര്‍ ചികിത്സക്കായി പൊതുമേഖലാ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താത്ത ഇക്കാലത്ത് സ്വന്തം ചികിത്സക്കായി നിധിന്‍ എംസിസിയെ തിരഞ്ഞെടുത്തു എന്നതു തന്നെ ഏറ്റവും മാതൃകാപരമായ കാര്യമാണ്.

Dr. Satheeshan Balasubrahmaniam, Director, Malabar Cancer Centre, Thalassery
ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യംSPECIAL ARRANGEMENT

തന്റെയും കുടുംബത്തിന്റെയും സ്വാസ്ഥ്യം നശിപ്പിച്ച് തന്നെയും കുടുംബത്തേയും തകര്‍ത്തെറിയാന്‍ വന്ന വില്ലനെ 'ഇനിയൊരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധം' ഇല്ലാതാക്കി കുഴിച്ചു മൂടി ആ അഭിശപ്ത കാലത്തിനു മുകളില്‍ വീണ്ടും സമാധാന പരമായ ഒരു പൊലീസ് ജീവിതം കെട്ടിപ്പടുത്ത് മുന്നോട്ടു പോയ നിധിന്‍ വത്സന്റെ ജീവിതത്തില്‍, 'ദൃശ്യം' സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ പോലെ രണ്ട് തവണ കൂടി കാന്‍സര്‍ എന്ന വില്ലന്റെ പുനഃതിരനോട്ടങ്ങള്‍ സംഭവിച്ചു. 2024 ലും 2026 ന്റെ തുടക്കത്തിലും. ഓരോ തവണ അപകടം അരികില്‍ വന്നപ്പോഴും അല്ലെങ്കില്‍ വരാന്‍ സാധ്യതയുണ്ടെന്നറിയുമ്പോഴും ജോര്‍ജ്ജു കുട്ടി കാണിച്ച അതേ കരുതലോടെയും ജാഗ്രതയോടെയും നിധിനും തന്റെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കടുത്ത പോരാട്ടത്തിലൂടെ സന്ദിഗ്ദ ഘട്ടങ്ങളെ മറി കടന്നു. രണ്ടാം വട്ടം കീമോ തെറാപ്പി തുടങ്ങിയപ്പോള്‍ മുമ്പ് അറബിക് പഠിച്ച പോലെ മറ്റൊരു ഭാഷ കൂടി പഠിക്കാനുള്ള മനസ്സൊരുക്കമില്ലായിരുന്നുവെങ്കിലും അസുഖത്തിന്റെ നെഗറ്റിവിറ്റിയില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ മറ്റെന്തെങ്കിലും വേണമെന്നതിനാല്‍ ശിവതാണ്ഡവ സ്‌തോത്രം മുഴുവന്‍ ഹൃദിസ്ഥമാക്കി, രോഗവിമുക്തനായ ശേഷം അത് ഉജ്ജയിനിയിലെ മഹാദേവക്ഷേത്രത്തില്‍ നേരിട്ട് ചെന്ന് ചൊല്ലാമെന്ന വഴിപാടുനേരാനാണ് തികഞ്ഞ ശിവഭക്തന്‍ കൂടിയായ നിധിന്‍ തീരുമാനിച്ചത്. ഏറെ താമസിയാതെ ആ വാഗ്ദാനവും സന്തോഷപൂര്‍വ്വം പൂര്‍ത്തികരിക്കാന്‍ നിധിനായി. മൂന്നാംവട്ടം അര്‍ബുദം വീണ്ടും തല നീട്ടിയപ്പോള്‍ ഇസ്രയേലില്‍ പോയി അത്യന്താധുനികമായ കാര്‍ടിസെല്‍ പ്ലാന്റിംഗ് നടത്തിയാണ് തന്റെ വില്ലനെ വരച്ച വരയില്‍ നിര്‍ത്താന്‍ നിധിന് കഴിഞ്ഞത്. ഇസ്രയേലും ഇറാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കാന്‍സറുമായുള്ള തന്റെ മൂന്നാമങ്കത്തിനായി നിധിനും ഇസ്രയേലിലായിരുന്നു!

ഇത്രയൊക്കെ പൊല്ലാപ്പുകള്‍ തന്റെ ജീവിതത്തില്‍ അര്‍ബുദം കൊണ്ടുവന്നെങ്കിലും ജാഗ്രതയോടെ ആരോഗ്യത്തോടെ സന്തോഷത്തോടെ തന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും മുന്നോട്ടു കൊണ്ടുപോയി തന്റെ വിധി ഒരു രോഗത്തിനും വിട്ടുകൊടുക്കാനുള്ളതല്ല എന്ന കരുത്തുറ്റ സന്ദേശമാണ് നിധിന്‍ പറയാതെ തന്നെ പറഞ്ഞുവെയ്ക്കുന്നത്. ആരോഗ്യകാലത്ത് നമ്മള്‍ പലരും ഒട്ടും വില നല്‍കാതെ നോക്കിക്കാണുന്ന 'സാധാരണ കുടുംബ ജീവിതം' എത്രമേല്‍ വിലയേറിയതാണ് എന്ന് തനിക്ക് മനസ്സിലാക്കിത്തന്നത് രോഗകാല അനുഭവങ്ങളാണ് എന്നാണ് നിധിന്റെ പക്ഷം. അക്കാര്യം ശരിവെയ്ക്കുന്നതാണ് ഡല്‍ഹിയിലെ പുസ്തക ചര്‍ച്ചയ്ക്കിടയില്‍ ചോദിച്ച ഒരു സാധാരണ ചോദ്യത്തിന് നിധിന്‍ നല്‍കിയ അസാധാരണ ഉത്തരം!

'കാന്‍സര്‍ മേനില്‍ നിന്ന് നിങ്ങള്‍ അയണ്‍ മേനായി. ഇനിയെന്താണ് അടുത്ത ലക്ഷ്യം?' എന്ന ചോദ്യത്തിന് നിധിന്‍ നല്‍കിയ ഉത്തരം 'നോര്‍മല്‍ മേന്‍' എന്നായിരുന്നു.

ശശി തരൂരിന്റെ അവതാരികയോടു കൂടി തന്റെ പുസ്തകത്തിന്റെ മലയാളം പതിപ്പ് താമസിയാതെ തന്നെ പ്രകാശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഊര്‍ജ്ജസ്വലനും സ്ഥിരോത്സാഹിയുമായ ഈ പൊലീസ് മേധാവിയിപ്പോള്‍. ആ പുസ്തകത്തിന്റെ പ്രകാശനം എംസിസിയില്‍ തന്നെ നടത്താനാണ് തന്റെ ആഗ്രഹമെന്നും പറ്റുമെങ്കില്‍ അത് മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിക്കാനാണ് പ്ലാനെന്നും അനുവിനോടും ആരോഗ്യ പ്രവര്‍ത്തന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായ മനോജ് ഗോപാലകൃഷ്ണയോടുമൊക്കെ പറഞ്ഞത് ഒരു പക്ഷെ നിധിന്‍, ലാലേട്ടന്റെ കടുത്ത ആരാധകന്‍ ആയതു കൊണ്ടാവാം. അതെന്തായാലും നിധിന്‍ വത്സന്റെ കഥയ്ക്ക് 'ദൃശ്യം' സിനിമയുടെ കഥയോടുള്ള സാമ്യം എന്റെ മനസ്സില്‍ പെട്ടെന്ന് മിന്നിവരാന്‍ കാരണം എന്നോടല്ലാതെ നിധിന്‍ നടത്തിയ ആ സംഭാഷണമായിരുന്നു! സ്വജീവിതം കൊണ്ട് 'ദൃശ്യ'ത്തിന്റെ ഒരു പൊലീസ് ഭാഷ്യം നമുക്കു നല്‍കിയ സ്ഥിരോത്സാഹിയായ നിധിന്റെ ഈ ആഗ്രഹവും ഏറ്റവും ഭംഗിയായി നടക്കുമെന്ന് എനിക്കുറപ്പാണ്. അയാളുടെ പുസ്തകത്തിന്റെ എന്റെ കോപ്പിയില്‍ നിധിന്‍ കുറിച്ചിട്ട 'പ്രിയ ബാബൂ, ജീവിതത്തില്‍ ഒന്നും തന്നെ പാതി വഴിയില്‍ ഉപേക്ഷിക്കരുത് 'എന്ന സന്ദേശം തന്നെയാണ് എന്റെ ഈ വിശ്വാസത്തിന്റെ അടിത്തറ!

(ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

Meet 'Ironman' Delhi cop Nidhin Valsan, an inspiring story of a cancer survivor, writes Babu P Ramesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com