അലോനുഷ്കയും ഇവാനുഷ്കയും പിന്നെ, തുലഞ്ഞുപോ പല്ലികളേ എന്ന പഞ്ച് ഡയലോഗും!

babu p ramesh writes about old russian childrens literature and kanndi viswanathan
ചുക്കിന്റെയും ഗെക്കിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു പരിപാടി എങ്ങനെയാണ് ഒഴിവാക്കാന്‍ പറ്റുക?file
Updated on

ന്റെ മാത്രമല്ല 1970 കളിലും 80 കളിലും ബാല്യകാലം പിന്നിട്ട ലക്ഷക്കണക്കിന് മലയാളികളുടെ വായനയെയും ഭാവനാ ലോകങ്ങളേയും സ്വാധീനിച്ച മൂന്നു വ്യക്തികളെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകളായിരുന്നു കഴിഞ്ഞ രണ്ടു മൂന്നാഴ്ചകള്‍ക്കിടെ എനിക്ക് കിട്ടിയ സര്‍പ്രൈസ് സമ്മാനം! ആദ്യത്തെ രണ്ടു പേര്‍ വളരെയേറെ റഷ്യന്‍ ബാലസാഹിത്യകൃതികള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ 'മോസ്‌കോ ഗോപാലകൃഷ്ണന്‍' - ഓമന ദമ്പതിമാരാണെങ്കില്‍ മൂന്നാമത്തേത് കണ്ണാടി വിശ്വനാഥന്‍ എന്ന മലയാളത്തിലെ ആദ്യകാല ഡിറ്റക്ടീവ് ചിത്രകഥാകൃത്താണ്. ഒട്ടും പ്രതീക്ഷിക്കാതെ അടുത്തടുത്ത ദിവസങ്ങളില്‍ ഈ മൂന്നു പേരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തിരികെ വന്നപ്പോള്‍ അവര്‍ മുഖേന എന്നെപ്പോലുള്ള ആയിരക്കണക്കിന് കുട്ടികള്‍ അനുഭവിച്ചറിഞ്ഞ ബാല്യകാല വായനാസ്മരണകള്‍ ഒരിത്തിരി പങ്കുവെക്കുകയും മലയാള ബാലസാഹിത്യ ലോകത്തിന് അവര്‍ നല്‍കിയ കനത്ത സംഭാവനകളുടെ പ്രാധാന്യം അടിവരയിടുകയും ചെയ്യേണ്ടതുണ്ടെന്ന് തോന്നി. അതു തന്നെയാണ് ഇത്തവണത്തെ 'സാമൂഹ്യപാഠ'ത്തിന്റെ ഉന്നം.

ഡല്‍ഹിയിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ജനസംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍, 'വിവര്‍ത്തനവും പുരോഗമന മലയാള സാഹിത്യവും' എന്ന വിഷയത്തെപ്പറ്റി പാരീസിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ രശ്മി ബിനോയിയുടെ ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കുമല്ലോ എന്നും സുഹൃത്തായ നിസാര്‍ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ 'മിക്കവാറും വരുന്നുണ്ടാവില്ല' എന്ന മറുപടി നല്‍കാന്‍ ഏറെ ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. എങ്കിലും 'എന്തിനെപ്പറ്റിയാണ് ടോക്ക്?' എന്ന് വെറുതെ ചോദിച്ചു. ഗോപാലകൃഷ്ണന്‍, ഓമന എന്നീ പേരിലുള്ള ദമ്പതികള്‍ പ്രോഗ്രസ് പബ്ളിഷേഴ്സിനു വേണ്ടി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത റഷ്യന്‍ ബാലസാഹിത്യ കൃതികളെപ്പറ്റിയായിരിക്കും പ്രധാനമായും സംസാരിക്കുകയെന്നും, ഈ ഭാര്യ-ഭര്‍ത്തൃ ടീം ആണ് 'ചുക്കും ഗെക്കും' പോലുള്ള പല കഥകളും മലയാളത്തിന് പരിചയപ്പെടുത്തിയതെന്നും നിസാര്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഒരു ബള്‍ബ് കത്തി.

'തീരെ വരാന്‍ പറ്റാത്ത സാഹചര്യമാണ്. എങ്കിലും ചുക്കിന്റെയും ഗെക്കിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു പരിപാടി എങ്ങനെയാണ് ഒഴിവാക്കാന്‍ പറ്റുക? തീര്‍ച്ചയായും വരാന്‍ നോക്കാം' എന്ന് പറഞ്ഞാണ് അന്നത്തെ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

chuk and gek cover
ചുക്കും ഗെക്കും, പ്രോഗ്രസ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പതിപ്പിന്റെ കവര്‍ ആ പഴയ റഷ്യന്‍ പുസ്തകങ്ങള്‍ എന്ന ഫേസ്ബുക്ക് പേജ്‌
babu p ramesh writes about old russian childrens literature and kanndi viswanathan
രഘു റായ്: ക്യാമറ കണ്ണാക്കിയ ഛായാഗ്രാഹകന്‍

'ചുക്കും ഗെക്കും' എന്ന രണ്ടു വാക്കുകള്‍ ഞൊടിയിട കൊണ്ട് എന്റെ ഓര്‍മ്മയില്‍ അഴിച്ചിട്ടത് ഏതാണ്ട് അമ്പതു വര്‍ഷത്തോളം പഴക്കമുള്ള കുട്ടിക്കാല വായനാകാലത്തെ പുസ്തകക്കെട്ടിന്റെ ചരടാണ്! എഴുപതുകളിലേയും എണ്‍പതുകളിലേയും മലയാളികളുടെ വായന ശീലത്തെ വളരെയധികം സ്വാധീനിച്ച പ്രോഗ്രസ് പബ്ലിഷേഴ്‌സിന്റെ പുസ്തകങ്ങളില്‍ സോഷ്യലിസ്റ്റ് സാഹിത്യം കൂടാതെ ഒട്ടുവളരെ ബാലസാഹിത്യം കൂടിയുണ്ടായിരുന്നു.

വര്‍ണ്ണപ്പകിട്ടും വേറിട്ട ചിത്രീകരണ ശൈലിയുമായി അക്കാലത്തെ മലയാളം അച്ചടി നിലവാരത്തേക്കാള്‍ എത്രയോ മുന്തി നില്‍ക്കുന്ന മുദ്രണ മികവോടെ വില കൂടിയ കടലാസില്‍ റഷ്യയില്‍ പ്രിന്റ് ചെയ്ത്, ഭംഗിയായി ബയന്റ് ചെയ്ത്, വളരെ കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭ്യമാക്കിയിരുന്ന ആ പുസ്തകങ്ങളില്‍ പലതും എനിക്കും എന്റെ തലമുറയ്ക്കും ഏറ്റവും വിലയേറിയ വായനാനുഭവമാണ് നല്‍കിയിരുന്നത്.

റഷ്യന്‍ ജീവിതവും ജനങ്ങളും അവരുടെ നാടോടിക്കഥകളുമൊക്കെ ഞങ്ങളെ പരിചയപ്പെടുത്തിയ ഈ പ്രസിദ്ധീകരണങ്ങളിലൂടെ, മലയാളി ഒരിക്കലും നേരിട്ടനുഭവിക്കാത്ത മഞ്ഞുകാലവും; കാണാത്ത തെന്നുവണ്ടിയും; കഴിക്കാത്ത പാല്‍ക്കട്ടിയും; കുടിക്കാത്ത വോഡ്കയുമൊക്കെ ഞങ്ങള്‍ കുട്ടികള്‍ നേരിട്ടനുഭവിച്ചു, ആസ്വദിച്ചു. താഷയും സാഷയും ഇവാനും അലക്‌സിയേവുമൊക്കെ മറ്റേതൊരു മലയാളം പേരു പോലെ തന്നെ ഞങ്ങള്‍ക്കക്കാലത്ത് ഏറ്റവും പരിചിതമായിരുന്നു . ഇരുപത്തിരണ്ടു വയസ്സു വരെ തിരുവനന്തപുരം ഒരിക്കല്‍ പോലും കാണാത്ത എനിക്ക് ഏഴെട്ടു വയസ്സു മുതല്‍ മോസ്‌കോ നഗരം ചിരപരിചിതമായിരുന്നു, ഞാന്‍ വായിച്ച ആ റഷ്യന്‍ ബാല കഥകളിലൂടെ. നിറയെ മിന്നുന്ന വൈദ്യുത ദീപങ്ങളുടെ തോരണമണിഞ്ഞു നില്‍ക്കുന്ന മോസ്‌കോ തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദര നഗരം എന്ന് ഇന്നും ഞാന്‍ മനസ്സില്‍ ഉറച്ചു വിശ്വസിക്കാനുള്ള കാരണവും ഈ പുസ്തകങ്ങള്‍ തന്നെ.

My First Lesson In Zoology
എന്റെ ആദ്യത്തെ ജന്തുശാസ്ത്ര പാഠം കവര്‍ആ പഴയ റഷ്യന്‍ പുസ്തകങ്ങള്‍ എന്ന ഫേസ്ബുക്ക് പേജ്‌
പൊന്നാനിയിലെ ഞങ്ങളുടെ ഹൈസ്‌കൂള്‍ മൈതാനത്തിലേയ്ക്ക് ചാഞ്ഞ് നിന്നിരുന്ന നെടുങ്കന്‍ ഞാവല്‍ മരത്തിന്റെ ഏറ്റവും തുഞ്ചത്തെ, നിറയെ ഞാവല്‍പ്പഴങ്ങളുള്ള രണ്ട് കൊമ്പുകള്‍ക്ക് കളിക്കൂട്ടുകാരനായിരുന്ന ബഷീറിട്ട പേരുകള്‍ 'അലോനുഷ്‌ക' എന്നും 'ഇവാനുഷ്‌ക' എന്നുമായിരുന്നു!

പൊന്നാനിയിലെ ഞങ്ങളുടെ ഹൈസ്‌കൂള്‍ മൈതാനത്തിലേയ്ക്ക് ചാഞ്ഞ് നിന്നിരുന്ന നെടുങ്കന്‍ ഞാവല്‍ മരത്തിന്റെ ഏറ്റവും തുഞ്ചത്തെ, നിറയെ ഞാവല്‍പ്പഴങ്ങളുള്ള രണ്ട് കൊമ്പുകള്‍ക്ക് കളിക്കൂട്ടുകാരനായിരുന്ന ബഷീറിട്ട പേരുകള്‍ 'അലോനുഷ്‌ക' എന്നും 'ഇവാനുഷ്‌ക' എന്നുമായിരുന്നു! അതു പോലെ തന്നെ, രാത്രിയില്‍ ഉറങ്ങാന്‍ കൂട്ടു കിടക്കുമ്പോള്‍ എന്നും ഒരു കഥ പറയാന്‍ ആവശ്യപ്പെട്ടിരുന്ന എന്റെ അമ്മമ്മയ്ക്ക് വേണ്ടി നിത്യവും 'റഷ്യന്‍ നാടോടിക്കഥകള്‍' എന്ന പ്രിയപ്പെട്ട പുസ്തകം വായിച്ച് കഥാകഥനത്തിന് തയ്യാറെടുത്തിരുന്ന എട്ടാം ക്ലാസ്സുകാരനായിരുന്ന എന്നെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അടുത്ത ദിവസം രശ്മി ബിനോയിയുടെ പ്രഭാഷണത്തില്‍ അവരും, പിന്നെ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നവരും കൂടി ഞങ്ങളോരോരുത്തരുടേയും ഗൃഹാതുരമായ ഓര്‍മ്മകള്‍ അയവിറക്കിയപ്പോഴാണ് 'കുന്നോളമുണ്ടല്ലോ കുഞ്ഞുവായനക്കുളിര്‍' എന്ന് ഞങ്ങളൊക്കെ അതിശയിച്ചു പോയത്! പണ്ട് ഞങ്ങളൊക്കെ സ്ഥിരമായി പുസ്തകം പൊതിഞ്ഞിരുന്ന വര്‍ണ്ണശബളമായ സോവിയറ്റ് ലാന്‍ഡ് എന്ന പ്രസിദ്ധീകരണത്തെപ്പറ്റി പ്രഭാഷക ഓര്‍മ്മിപ്പിച്ചതും, 'എല്ലാവരും ചട്ടയിട്ട് തീര്‍ത്തതു കൊണ്ടാവാം ഇപ്പോള്‍ സോവിയറ്റ്‌ലാന്‍ഡിന്റെ ഒരു കോപ്പി പോലും കിട്ടാനില്ല' എന്ന രസകരമായ സത്യം ചൂണ്ടിക്കാണിച്ചതുമെല്ലാം ആ സായാഹ്നത്തെ റഷ്യന്‍ ഒരു നാടോടിക്കഥപോലെ ഏറ്റവും മനോഹരമാക്കി.

gopalakrishnan and omana
ഗോപാലകൃഷ്ണനും ഓമനയുംfacebook
babu p ramesh writes about old russian childrens literature and kanndi viswanathan
മാനവികതയിലേയ്ക്ക് ഒഴുകിപ്പരന്ന മാന്ത്രിക വിസ്മയം

പക്ഷെ നൊസ്റ്റാള്‍ജിയയ്ക്കപ്പുറം കാതലായി എന്റെ മനസ്സിനെ സ്പര്‍ശിച്ചത് മോസ്‌കോ ഗോപാലകൃഷ്ണന്‍ എന്നു കൂടി അറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണനും അദ്ദേഹത്തിന്റെ ഭാര്യ ഓമനയും നിരവധി റഷ്യന്‍ ബാല കഥകള്‍ വിവര്‍ത്തനം ചെയ്യുന്നതിലൂടെ മലയാള സാഹിത്യത്തിന് നല്‍കിയ കനപ്പെട്ട സംഭാവനയാണ്. 1966 മുതല്‍ 1991 വരെ കാല്‍ നൂറ്റാണ്ടോളം റഷ്യയില്‍ താമസിച്ച്, റഷ്യന്‍ ഭാഷപഠിച്ച്, മലയാളം അറിയാത്ത സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഒട്ടനവധി കുട്ടിക്കഥകളും മറ്റ് പുസ്തകങ്ങളും മലയാളത്തിലേയ്ക്ക് മൊഴിമാറ്റി, ഞങ്ങളുടെയൊക്കെ ഇളംമനസ്സുകളില്‍ സിമന്റിട്ടുറപ്പിച്ച ആ ദമ്പതിമാരെപ്പറ്റി കുറച്ചൊക്കെ അറിയാന്‍ പറ്റി എന്നതായിരുന്നു അന്നത്തെ ആ പരിപാടിയുടെ ബോണസ് പോയന്റ്!

ചുക്കിന്റെയും ഗെക്കിന്റെയും ഓര്‍മ്മകളിലങ്ങനെ നീങ്ങുന്ന ദിവസങ്ങളിലൊന്നാണ് ഒരു സുഹൃത്തിന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ കണ്ട ഒരു ആദരാഞ്ജലി സന്ദേശം എന്നിലെ കുഞ്ഞു വായനക്കാരനുമേല്‍ വീണ്ടും ഓര്‍മ്മമരം പിടിച്ചു കുലുക്കി ഗൃഹാതുരസ്മരണകളുടെ 'ഒറ്റമരപ്പെയ്ത്ത്' സമ്മാനിച്ചത്.

സിഐഡി മൂസയുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്‍ തൊണ്ണൂറ്റി മൂന്നാംവയസ്സില്‍ അന്തരിച്ചുവെന്ന ആ വാട്‌സാപ്പ് സന്ദേശം, 'എഡിറ്റര്‍: കണ്ണാടി വിശ്വനാഥന്‍' എന്ന മുദ്രണത്തോടെ ഞങ്ങള്‍ വായിച്ചു കൂട്ടിയ നിരവധി ചിത്രകഥകളുടെ കെട്ടിനിടയിലേയ്ക്കാണ് എന്നെ തള്ളിയിട്ടത്. ഹാരി പോട്ടര്‍ റെയില്‍വെ സ്റ്റേഷനിലെ ഭിത്തിയിലൂടെ നടന്നു കയറി മറ്റൊരു മാന്ത്രിക ലോകത്തെത്തിയപോലെ ഞാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുമ്പുക്കൈ മായാവിയുടേയും സിഐഡി മൂസയുടെയും ഡിക്ടറ്റീവ് മഹേഷിന്റെയും റിവോള്‍വര്‍ റിങ്കോയുടെയുമൊക്കെ ലോകത്തെത്തി. ബോയിങ് വിമാനങ്ങളും പേര്‍ഷ്യന്‍ മന്ത്രവാദിയും രാക്ഷസപ്പല്ലികളുമൊക്കെയുള്ള അവിടെ പശ്ചാത്തല ശബ്ദങ്ങളായി. 'ടമാാര്‍, പഠാാര്‍'; 'തുലഞ്ഞു പോ പല്ലികളെ'; 'ഒരു വെടിയുണ്ട വരുന്നുണ്ട്, മാറി നിന്നേയ്ക്കാം' എന്നു തുടങ്ങി ഒട്ടനവധി പഞ്ച് ഡയലോഗുകളും ഉണ്ടായിരുന്നു.

റഷ്യന്‍ ബാലസാഹിത്യ കഥകള്‍ മാത്രമല്ല, കണ്ണാടി വിശ്വനാഥന്‍ എന്ന, ഞാന്‍ ആദ്യമായി വായിച്ചറിഞ്ഞ 'എഡിറ്റര്‍' സമ്മാനിച്ച ഒട്ടനവധി കോമിക്‌സ് പുസ്തകങ്ങളും 'നനഞ്ഞു തീര്‍ത്ത വായനാമഴകളായി' ഓര്‍മ്മകളുടെ ശേഖരത്തില്‍ ഇപ്പോഴുമുണ്ട് എന്ന തിരിച്ചറിവ് ഏറെ കൗതുകകരവും സന്തോഷദായകവുമായിരുന്നു.

Olga Perovskaya
കുട്ടികളും കളിത്തോഴരും ഉള്‍പേജ്‌ ആ പഴയ റഷ്യന്‍ പുസ്തകങ്ങള്‍ എന്ന ഫേസ്ബുക്ക് പേജ്
ഇരുമ്പുക്കൈ ഒഴികെ പൂര്‍ണമായി അദൃശ്യനാവുന്ന മായാവിയും കത്തിയും റിവോള്‍വറും വയര്‍ലസ് സന്ദേശമയയ്ക്കാനുള്ള ഉപകരണവുമൊക്കെയായി ഉപയോഗിക്കാവുന്ന ഇരുമ്പു കൈയുടെ സാധ്യതകളുമൊക്കെ ബാലവായനക്കാര്‍ക്കിടയില്‍ വിസ്മയത്തിന്റെ ചാകരയാണ് ചൊരിഞ്ഞിട്ടത്.

കണ്ണാടി വിശ്വനാഥന്‍ എന്ന ചിത്രകഥാകാരന്റെ ജീവിതം തന്നെ ആരെയും അതിശയിപ്പിക്കുന്ന ഒരു 'വിചിത്രകഥ'യാണെന്ന് കാണാം. പത്താം ക്ലാസ് വിദ്യാഭ്യാസം മുഴുമിക്കുന്നതിന് മുമ്പ് മദ്രാസില്‍ (ഇപ്പോഴത്തെ ചെന്നൈ) തയ്യല്‍ ജോലിക്കായി പോയ വിശ്വനാഥന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചു വന്ന് പാലക്കാട്ടെ കുന്നത്തൂര്‍മേട് എന്നയിടത്ത് ഒരു തയ്യല്‍ക്കട തുടങ്ങിയപ്പോള്‍ അത് മലയാളത്തിലെ അപസര്‍പ്പക സാഹിത്യ ശാഖയിലും ബാലസാഹിത്യത്തിലും വേറിട്ടൊരു അധ്യായം തുന്നിച്ചേര്‍ക്കാനാണ് എന്ന് ആരും സംശയിച്ചതു പോലുമില്ല . തൊട്ടടുത്ത കടയായ അച്ചുതന്‍ ബുക് ഹൗസിന്റെ ഉടമയായ അച്ചുതന്‍ നായരുമായുള്ള സൗഹൃദവും, ശിവകാശിയിലെ പ്രിന്റിങ്ങിനെപ്പറ്റിയും ചിത്രംവരക്കാരെയുമൊക്കെപ്പറ്റിയും ഒക്കെ അറിവുള്ള മുല്ലൈ തങ്കരാജ് എന്ന പൊള്ളാച്ചിക്കാരനെ പരിചയപ്പെട്ടതുമൊക്കെ വിശ്വനാഥനിലെ എഴുത്തുകാരനെ സജീവ ചിത്രകഥാ രചനയിലേക്ക് തിരിച്ചു വിട്ടു.

മോട്ടി കോമിക്‌സ് എന്ന തമിഴ് പ്രസിദ്ധീകരണത്തിന്റെ കേരളത്തിലെ പകര്‍പ്പവകാശം നേടിക്കൊണ്ടായിരുന്നു, അച്ചുതന്‍ ബുക്ക് ഹൗസിന്റെ ചിത്രകഥാ സംരംഭമായ നിയോ കോമിക്‌സിന്റെ അരങ്ങേറ്റം. ഇംഗ്ലീഷ് ചിത്രകഥയായ ആയ 'സ്റ്റീല്‍ ക്ലോ'യുടെ മോട്ടി കോമിക്‌സിന്റെ തമിഴ് പരിഭാഷയായ ഇരുമ്പുക്കൈ മായാവി മലയാളത്തിലേക്ക് മൊഴിമാറ്റിക്കൊണ്ട് 1972ല്‍ 'എഡിറ്റര്‍: കണ്ണാടി വിശ്വനാഥന്‍' യാത്ര തുടങ്ങിയപ്പോള്‍ അഭൂതപൂര്‍വമായ സ്വീകരണമാണ് അതിനു ലഭിച്ചത്. ഒരു രൂപയില്‍ താഴെ മാത്രം വിലയിട്ട ഇരുമ്പുക്കൈ മായാവി ആദ്യം 25000 കോപ്പിയാണടിച്ചത്. ഇരുമ്പുക്കൈ ഒഴികെ പൂര്‍ണമായി അദൃശ്യനാവുന്ന മായാവിയും കത്തിയും റിവോള്‍വറും വയര്‍ലസ് സന്ദേശമയയ്ക്കാനുള്ള ഉപകരണവുമൊക്കെയായി ഉപയോഗിക്കാവുന്ന ഇരുമ്പു കൈയുടെ സാധ്യതകളുമൊക്കെ ബാലവായനക്കാര്‍ക്കിടയില്‍ വിസ്മയത്തിന്റെ ചാകരയാണ് ചൊരിഞ്ഞിട്ടത്.

താമസിയാതെ തന്നെ 10000 കോപ്പികള്‍ വീണ്ടും അച്ചടിച്ച മായാവിയുടെ ചരിത്രവിജയത്തിനു ശേഷം, മോട്ടി കോമിക്‌സിന്റെ തന്നെ മഞ്ഞുകട്ട രഹസ്യം, ഫ്‌ലൈറ്റ് 731 തുടങ്ങിയ കഥകള്‍ കൂടി വിജയകരമായി മലയാളത്തിലേയ്ക്ക് അവതരിപ്പിച്ച വിശ്വനാഥന്‍ ഏറെ താമസിയാതെ തന്നെ സ്വന്തം സൃഷ്ടിയായ സിഐഡി മൂസാ കഥകള്‍ ഒന്നൊന്നായി പ്രസിദ്ധീകരിച്ചു തുടങ്ങി. മലയാള ബാലസാഹിത്യത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ തന്നെയായിരുന്നു സിഐഡി മൂസ എന്ന ഡിക്ടറ്റീവ്.

kannadi vishwanathan
സിഐഡി മൂസയുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്‍ file
babu p ramesh writes about old russian childrens literature and kanndi viswanathan
മോറിസ് മനുഷ്യനെ വായിക്കുമ്പോള്‍

തയ്യല്‍ കടയും പൂട്ടി വീട്ടിലെത്തിയ ശേഷം രാത്രികാലങ്ങളില്‍ വിശ്വനാഥന്‍ എഴുതിയ കഥകള്‍ക്കും ഡയയേലാഗുകള്‍ക്കും വേണ്ട ചിത്രങ്ങളും ചിത്രം വരക്കാരെയുമൊക്കെ മുല്ലൈ തങ്കരാജ് ശിവകാശിയില്‍ നിന്ന് സംഘടിപ്പിച്ചു. ചിത്രങ്ങളില്‍ മലയാളം ഡയലോഗുകള്‍ ഒട്ടിക്കലും മറ്റ് അനുബന്ധ പണികളുമൊക്കെ അച്ചുതന്‍ നായരും കുടുംബാംഗങ്ങളും ഏറ്റെടുത്തു നടത്തി. ഓരോ ചിത്രകഥാ ബുക്കിന്റെയും അവസാന ഘട്ടത്തില്‍ വിശ്വനാഥന്‍ തന്നെ ഒരാഴ്ചയോളം ശിവകാശിയില്‍ ചെന്ന് പ്രിന്റിങ്ങില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നേരിട്ട് മേല്‍നോട്ടം നടത്തി. അങ്ങനെ ആ മൂവര്‍ സംഘത്തിന്റെ കൂട്ടുകെട്ട് പത്തു വര്‍ഷം പിന്നീട്ടപ്പോഴേയ്ക്കും 123 ചിത്രകഥകളാണ് നിയോ കോമിക്‌സിലൂടെ പുറത്തു വന്നത്. മിക്കവാറും എല്ലാ ചിത്രകഥകളും പതിനായിരം കോപ്പി വീതമാണ് ആദ്യ ബാച്ചില്‍ അച്ചടിച്ചത്. ഇവയില്‍ പേര്‍ഷ്യന്‍ മന്ത്രവാദി പോലുള്ള പുസ്തകങ്ങള്‍ വീണ്ടും ആയിരക്കണക്കിന് കോപ്പികള്‍ കൂടി അച്ചടിച്ച് വില്‍ക്കപ്പെട്ടവയാണ്. പൊതുവെ ഒരു രൂപയ്‌ക്കോ അതിനടുത്ത വിലയിലോ ആണ് വളരെ വില കുറഞ്ഞ പേപ്പറില്‍ പ്രിന്റ് ചെയ്ത നിയോ കോമിക്‌സ് ബുക്കുകള്‍ വിപണിയിലെത്തിയത്.

ചെറുകിട പുസ്തകശാലകളിലും പെട്ടിക്കടകളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ വില്‍ക്കപ്പെട്ട ഈ പുസ്തകങ്ങള്‍ വാങ്ങിയിരുന്നവരില്‍ ഭൂരിഭാഗവും ലളിത സമ്പാദ്യങ്ങള്‍ ചേര്‍ത്തുവെച്ച് ഏറ്റവും ആഗ്രഹത്തോടെ ഒരു ചിത്രകഥ സ്വന്തമാക്കാന്‍ ആഗ്രഹിച്ച കുഞ്ഞു വായനക്കാരായിരുന്നു. വിഷുക്കൈനീട്ടങ്ങള്‍ ചേര്‍ത്തു വെച്ച് ഞാനും വാങ്ങിയിട്ടുണ്ടായിരുന്നു, ഒന്നു രണ്ട് 'കണ്ണാടി വിശ്വനാഥന്‍ ചിത്രകഥകള്‍'. ഈ കഥാപുസ്തകങ്ങളുടെ ഓരോ കോപ്പിയും നിരവധി പേര്‍ കൈമാറി വായിക്കപ്പെട്ടവയായിരുന്നു. അതു കൊണ്ടു തന്നെ, പൂമ്പാറ്റ, ബാലരമ തുടങ്ങിയ വന്‍കിട ബാലപ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം തന്നെ ബാലവായനാലോകത്ത് നിയോ കോമിക്‌സിന്റെ കണ്ണാടി വിശ്വനാഥന്‍ ചിത്രകഥകള്‍ക്ക് പ്രമുഖമായ ഒരു സ്ഥാനമുണ്ടായിരുന്നു .

മിക്കവാറും, മാസത്തില്‍ ഒരെണ്ണം വെച്ച് പുതിയ പുതിയ കഥകള്‍ അച്ചുതന്‍ ബുക്ക് സ്റ്റാളിന്റെ നിയോ കോമിക്‌സ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അക്കാലത്ത് സിഐഡി മൂസയെക്കൂടാതെ സിഐഡി മഹേഷ്, സിഐഡി മൈക്കിള്‍ , റിവോള്‍വര്‍ റിങ്കോ, റിവോള്‍വര്‍ രഞ്ജിത് തുടങ്ങി മറ്റ് നായകന്‍മാരും വിശ്വനാഥന്റെ തൂലികയിലൂടെ പിറന്നെങ്കിലും വായനക്കാര്‍ക്കിടയില്‍ മൂസയ്ക്ക് കിട്ടിയത്ര വിശാലമായ സ്വീകരണം മറ്റൊരു വിശ്വനാഥന്‍ സൃഷ്ടിക്കും കിട്ടിയിട്ടില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. 'അടുത്ത പരാക്രമ പ്രവൃത്തികളെ വീണ്ടും പ്രതീക്ഷിക്കാം' എന്നിങ്ങനെയുള്ള ഭരതവാക്യങ്ങളില്‍ അവസാനിച്ച ഓരോ മൂസാ കഥകളും, അടുത്ത സിഐഡി മൂസാ കഥയ്ക്കായി അക്ഷമയോടെ കാത്തിരിക്കാനുള്ള പ്രത്യാശയാണ് കുഞ്ഞു വായനക്കാര്‍ക്ക് നല്‍കിയത്.

kannadi vishwanathan
ടമാര്‍ പഠാര്‍ ചിത്രകഥയില്‍നിന്ന്‌ file
babu p ramesh writes about old russian childrens literature and kanndi viswanathan
അറിയാതെ പോവരുതാത്ത മനുഷ്യരുണ്ട്, നമുക്കു ചുറ്റും

ഒറ്റപ്പെട്ട ദ്വീപുകള്‍, അത്യന്താധുനിക സാങ്കേതിക വിദ്യകള്‍, വിസ്മയ ലോകങ്ങള്‍, വിചിത്ര പരീക്ഷണങ്ങള്‍ നടത്തപ്പെടുന്ന ലബോറട്ടറികള്‍ എന്നിങ്ങനെ വിശ്വനാഥന്‍ തന്റെ ഭാവന കൊണ്ട് കുഞ്ഞു വായനക്കാരെ കാണിച്ചു കൊടുത്ത മായാലോകങ്ങള്‍ ഏറ്റവും അതിശയകരങ്ങളായിരുന്നു. ജുറാസിക് പാര്‍ക്ക് വരുന്നതിന് രണ്ട് ദശാബ്ദങ്ങളോളം മുമ്പ് തന്നെ ജനിതക വിദ്യയാല്‍ സൃഷ്ടിക്കപ്പെട്ട ഭീമന്‍ ഉരഗങ്ങളെ 'രാക്ഷസപ്പല്ലികള്‍' എന്ന കഥയിലൂടെ വിശ്വനാഥന്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ കഥയിലെ 'തുലഞ്ഞു പോ പല്ലികളെ' എന്ന നായകന്റെ ഡയലോഗ് അര നൂറ്റാണ്ടിനപ്പുറവും വായനക്കാരുടെ മനസ്സില്‍ നൊസ്റ്റാള്‍ജിയയോടെ പതിഞ്ഞിരിക്കുന്നുണ്ടെന്ന് കാണാം.

അച്ചുതന്‍ നായരുടെ മരണ ശേഷം 1980 കളുടെ തുടക്കത്തില്‍ നിയോ കോമിക്‌സ് ക്രമേണ പുസ്തക പ്രസാധന രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ലാഭകരമായി പുസ്തക പ്രസിദ്ധീകരണം നടത്താന്‍ പറ്റാതെ വന്ന സാമ്പത്തിക സാഹചര്യം, മാറിവന്ന വായനാ അഭിരുചികള്‍, അമര്‍ ചിത്രകഥ പോലുള്ള പുതിയ ചിത്രകഥകളുടെ പ്രവേശം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ വിശ്വനാഥനെ എഴുത്തില്‍ നിന്നും തയ്യല്‍ പണിയിലേക്ക് വീണ്ടും തിരിച്ചുകൊണ്ടു വരാനിടയാക്കിയെങ്കിലും, ആത്മസുഹൃത്തിന്റെ മരണം തന്നെയാണ് തന്റെ ചിത്ര കഥാകഥനത്തിന് പൂര്‍ണ്ണവിരാമമിടാനുള്ള മുഖ്യകാരണം എന്നായിരുന്നു കണ്ണാടി വിശ്വനാഥന്‍ തന്നെ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുളളത്.

മലയാള സാഹിത്യത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗോപാലകൃഷ്ണനും ഓമനയും കണ്ണാടി വിശ്വനാഥനുമൊന്നും തന്നെ നമ്മുടെ മുഖ്യധാരാ ബാലസാഹിത്യചരിത്രത്തില്‍ കാര്യമായ പരാമര്‍ശം ലഭിക്കാതെ പോയവരാണ് എന്നു കാണാം. മലയാളത്തിന്റെ ബാലസാഹിത്യത്തിന് എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ പറയത്തക്ക സംഭാവന നല്‍കിയവരുടെ ലിസ്റ്റ് ഇപ്പോഴും പി നരേന്ദ്രനാഥ്, സുമംഗല, മാലി മാധവന്‍ നായര്‍, സിപ്പി പള്ളിപ്പുറം തുടങ്ങിയ മുഖ്യധാരാ പേരുകളില്‍ എത്തി അവസാനിക്കുകയാണ്. ഒറ്റയ്ക്കും കാണാമറയത്തും കഠിനപ്രയത്‌നം ചെയ്ത പലരുടേയും സൃഷ്ടികള്‍ വായനാലോകം സ്‌നേഹപുരസ്സരം ഏറ്റെടുത്തെങ്കിലും , സ്രഷ്ടാക്കള്‍ക്ക് ലഭിച്ചത് മനഃപൂര്‍വമല്ലാത്ത അവഗണനയോ തമസ്‌കരണമോ ആണ് .

കണ്ണാടി വിശ്വനാഥനെപ്പോലുള്ളൊരു പ്രതിഭയെ ഒരിക്കലും ഗൗരവത്തോടെ ശ്രദ്ധിക്കാനോ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ നാളിതു വരെ മലയാള സാഹിത്യ ലോകം ശ്രമിച്ചിട്ടില്ലെന്നു കാണാം. അവാര്‍ഡുകളും അംഗീകാരങ്ങളുമൊന്നും കിട്ടാതിരുന്ന ഇത്തരം വേറിട്ട പ്രതിഭാശാലികളെ പലപ്പോഴും പൈങ്കിളി സാഹിത്യകാരന്മാരായാണ് അവരുടെ കാലത്ത് കണക്കാക്കിയിരുന്നത് എന്നും കാണാം. ഇത്തരം എഴുത്തുകാരുടെ പുസ്തകങ്ങള്‍ പലപ്പോഴും പേരെടുത്ത പുസ്തകശാലകളിലോ പുസ്തകമേളകളിലോ ഇടം കാണാത്തവയാണ്.

പക്ഷെ, വ്യവസ്ഥാപിതമായ അംഗീകാരങ്ങളും അടയാളങ്ങളും തഴഞ്ഞിട്ടും, കുഞ്ഞു വായനക്കാരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞ ചിത്രകഥകളായിരുന്നു വിശ്വനാഥന്റേതെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെയാണ് 1983 ല്‍ 'ശൂന്യാകാശത്തിലെ ക്ഷുദ്രജീവികള്‍' എന്ന പുസ്തകമെഴുതി എഴുത്തു നിര്‍ത്തിയ വിശ്വനാഥന്റെ അനശ്വര കഥാപാത്രം 'സിഐഡി മൂസ'യുടെ പേരില്‍ 2003 ല്‍ ഒരു ഹിറ്റ് സിനിമ വന്നതും പ്രമേയത്തില്‍ സാമ്യമില്ലെങ്കില്‍ പോലും ആ സിനിമയില്‍ പലയിടത്തും പഴയ സിഐഡി മൂസാ കഥകളെ ഓര്‍ച്ചിപ്പിക്കുന്ന 'ഒരു വെടിയുണ്ടയല്ലേ വരുന്നത്, മാറി നിന്നേയ്ക്കാം' തുടങ്ങിയ ഡയലോഗുകള്‍ വന്നതും.

എഴുത്തു നിര്‍ത്തി നാല്‍പത് വര്‍ഷത്തിലധികമായിട്ടും കണ്ണാടി വിശ്വനാഥന്റെ ഇരുമ്പുക്കൈ മായാവിയും സിഐഡി മൂസയുമൊക്കെ ഇപ്പോഴത്തെ 'അമ്പതും അറുപതും വയസ്സുകാരായ ആയിരക്കണക്കിന് കുട്ടികള്‍' സഹര്‍ഷം ഓര്‍ക്കുന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ഒറ്റപ്പെട്ട ഗവേഷകരുടെയും പുസ്തക കുതുകികളുടേയുമൊക്കെ ശ്രമഫലമായി ഇത്തരം വിസ്മൃതരായ എഴുത്തുകാരെപ്പറ്റിയും അവരുടെ സംഭാവനകളെപ്പറ്റിയുമൊക്കെ മനസ്സിലാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഇടയ്‌ക്കൊക്കെ നടന്നിട്ടുണ്ടെങ്കിലും, മലയാളത്തിന്റെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വിസ്മയകരമായ വായനാനുഭവത്തിന്റെ പുസ്തകപ്പൊതി സമ്മാനിച്ച ഇത്തരം വ്യത്യസ്തരായ എഴുത്തുകാരുടെ പ്രത്യേക സംഭാവനകള്‍ ഇനിയുമിനിയും ശ്രദ്ധിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമുണ്ട്. അവരുടെ കഴിയുന്നത്ര സൃഷ്ടികള്‍ സമാഹരിച്ച് പ്രത്യേക ആര്‍ക്കൈവല്‍ കളക്ഷനുകള്‍ ഉണ്ടാക്കുക; അവയെപ്പറ്റി കൂടുതല്‍ പഠന ഗവേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കുക; മുഖ്യധാരയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഈ എഴുത്തുകാരുടെ സംഭാവനകളെപ്പറ്റിക്കൂടി നമ്മുടെ ബാല സാഹിത്യ ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യത്തോടെ കുറിച്ചിടുക എന്നിവയാണ് ഈ ദിശയില്‍ എത്രയും പെട്ടെന്നു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍.

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Summary

Babu P Ramesh column about old russian children`s literature and Kannadi Viswanathan

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com