G.Rajkumar, Neelakurinji
A tribute to G Rajkumar, the quiet force behind the Save Neelakurinji campaign and a lasting presence in Kerala’s environmental movement.Samakalika malayalam

ജി. രാജ്കുമാ‍ർ: മലയാളിയുടെ പ്രകൃതി സ്നേഹത്തിന് പിന്നിലെ അദൃശ്യ സാന്നിദ്ധ്യം

നീലക്കുറിഞ്ഞി സംരക്ഷണത്തിനും നീലക്കുറിഞ്ഞി സാങ്ച്വറിക്കും വേണ്ടി സേവ് നീലക്കുറിഞ്ഞി ക്യാമ്പെയിൻ സംഘടിപ്പിച്ച ജി രാജ്കുമാറിനെ കുറിച്ചുള്ള ഓർമ്മകൾ.
Published on

ചില ചെടികളുണ്ട്, വർഷങ്ങൾക്കിടയിൽ മാത്രം പൂവിടുന്നവ, നീലക്കുറിഞ്ഞി പോലെ. അതുപോലെ ചില മനുഷ്യരുമുണ്ട്. വർഷങ്ങളുടെ അന്തരങ്ങളിൽ മാത്രം വരുന്നവർ. അദൃശ്യരായി നിന്ന് സൗമ്യമായി മനുഷ്യരെയും ഭൂമിയെയും ഒക്കെ മാറ്റിത്തീർക്കാനുള്ള മാന്ത്രികവിദ്യയുള്ളവർ.

കുറിഞ്ഞി പൂക്കുന്ന പോലെ ദശകങ്ങളുടെയോ നൂറ്റാണ്ടുകളുടെയോ ഇടവേളകളിൽ മാത്രം അദ്യശ്യരായി നിന്നുകൊണ്ട് പ്രത്യക്ഷപ്പെടുന്ന മനുഷ്യർ. രേഖപ്പെടുത്തപ്പെട്ട, ആഘോഷിക്കപ്പെട്ട ചരിത്രങ്ങളിൽ അവരുടെ മുഖമോ പേരോ കാണില്ല.

അങ്ങനെയൊരു മനുഷ്യനാണ് ഇന്ന് ഈ ലോകത്തോട് യാത്ര പറഞ്ഞ കേരളത്തിന്റെ കുറിഞ്ഞി മനുഷ്യൻ എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്ന ജി. രാജ്കുമാർ.

G.Rajkumar, Neelakurinji
ലോകരാജ്യങ്ങളെ മോഹിപ്പിക്കുന്ന, മഞ്ഞുമൂടിയ നിലവറയ്ക്കുള്ളിലെ രഹസ്യങ്ങൾ ​

"കിഴക്കൻ മാമലമുകളിൽ

കിഴക്കൻ മാമലമുകളിൽ

എന്നാലും എനിക്ക് കേറുവൻ

കഴിവേഴതാ ദിക്കിൽ

കടൽ പോലെ നീലക്കുറിഞ്ഞി

പൂക്കുന്നൊരിടമുണ്ട് എന്നാണവർ പറയുന്നു

അവിടെ കാറ്റല്ല അവിടെ പൂങ്കാറ്റാണ്

അതിന്നു കണ്ണന്റെ ഉടലൊളിയുമാണതു

കോരി കോരി കുടിക്കാൻ തോന്നിടും

മതിവരില്ലെന്നവർ പറയുന്നു."

സുഗതകുമാരിയുടെ 'കുറിഞ്ഞിപ്പൂക്കൾ' എന്ന കവിതയിലെ വരികളാണിത്. കിഴക്കൻ മാമലമുകളിൽ എനിക്ക് കേറുവാൻ കഴിയാത്ത ദിക്കിൽ കടൽ പോലെ നീലക്കുറിഞ്ഞി പൂക്കുന്നൊരിടമുണ്ട് എന്നാണവർ പറയുന്നതെന്ന് കവിതയിലുടനീളം പറയുമ്പോൾ, കുറിഞ്ഞിപ്പൂക്കളെപ്പറ്റി കവയത്രിയോട് ഹൃദയം തൊടുംപോലെ പറഞ്ഞത് ആരാണ്. ആ നയനമനോഹര കാഴ്ച സ്വയം കണ്ടതുപോലെ കവയത്രി എഴുതണമെങ്കിൽ വെറുതെ പറഞ്ഞു കൊടുത്താൽ മതിയാകില്ല; ഹൃദയത്തിൽ നിന്നത് വരച്ചുകാട്ടണം.

ഇതിൽ സുഗതകുമാരി ടീച്ചർ പറഞ്ഞിരിക്കുന്ന ‘അവർ’ ജി. രാജ്കുമാർ എന്ന കുറിഞ്ഞി മനുഷ്യനാണ്. കുറിഞ്ഞിക്കാടുകളുടേയും അതിൻ്റെ ആവാസ വ്യവസ്ഥയുടേയും സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാൾ. കുറിഞ്ഞിമല സാങ്ച്വറി സാധ്യമാക്കുന്നതിന് അഹോരാത്രം നിസ്വാർത്ഥമായി പരിശ്രമിച്ച മനുഷ്യൻ. മലയാളിയെ കുറിഞ്ഞിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവാനാക്കിയ പ്രകൃതിസ്നേഹി.

G. Rajkumar, neelakurinji
ജി. രാജ് കുമാർ കുറിഞ്ഞി മലയിൽഷിലോ കെ ദേവ്

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പരിസ്ഥിതിപ്രേമികളുടെ സിരകളിൽ നീലക്കുറിഞ്ഞി എന്ന വികാരം പടർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കൂട്ടമായി പൂക്കുന്ന നീലക്കുറിഞ്ഞിയെന്നൊരു ചെടിയുണ്ടെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും രാജ്കുമാർ കേരള ജനതയോട് സംവദിച്ചു കഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് ടൂറിസം വകുപ്പ് മൂന്നാറിന്റെ ടൂറിസം വികസനത്തിന് നീലക്കുറിഞ്ഞി അവിഭാജ്യഘടകമാണെന്ന് തിരിച്ചറിയുന്നത്.

ടൂറിസത്തിലൂടെ അനേകമാളുകൾ നീലക്കുറിഞ്ഞിപ്പൂക്കാലം കാണുവാനെത്തി ചെടിയൊക്കെ നശിപ്പിക്കുവാൻ തുടങ്ങിയപ്പോൾ അതിനെതിരെ പ്രതികരിക്കുകയും കുറിഞ്ഞി സാങ്ച്വറി എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു. കുറിഞ്ഞിച്ചെടികൾക്ക് സംരക്ഷിതപ്രദേശമുണ്ടാക്കുവാനായി നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു രാജ്കുമാറിന്റേത് എന്ന് തന്നെ പറയാം. തൻ്റെ കൂടെ ഒരു കൂട്ടം പ്രകൃതിസ്നേഹികളെ ബോധവൽക്കരിച്ച് ഒപ്പം കൂട്ടുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ലോകത്തോട് യാത്ര പറയുന്നതുവരേയും ഇതിന്റെ പേരിൽ ഒരു അവകാശവാദവും ആരോടും ഉന്നയിച്ചിരുന്നില്ല.

നീലക്കുറിഞ്ഞി സംരക്ഷണ പദയാത്ര

കേരളത്തിലുള്ള മറ്റുപല പ്രകൃതിസ്നേഹികളെപ്പോലെ എന്റെജീവിതവും നീലക്കുറിഞ്ഞിയുമായി അഭേദ്യമായ ബന്ധം പുലർത്തുന്നുണ്ട്.അതിനു കാരണം മറ്റാരുമല്ല, ഈ കുറിഞ്ഞിമനുഷ്യൻ തന്നെയാണ്.അതിനു തുടക്കം കുറിക്കുന്നത് സേവ് കുറിഞ്ഞി കാമ്പയിൻ എന്ന പ്രസ്ഥാനത്തിലൂടെയാണ്.1989-90 കാലഘട്ടത്തിൽ കുറിഞ്ഞിക്കാടുകൾ സംരക്ഷിക്കുന്നതിനായി ബോധവൽക്കരണം നടത്തുന്നതിനായി ആദ്യമായി ഒരു പദയാത്ര സംഘടിപ്പിക്കുകയുണ്ടായി.

സൈല​ന്റ് വാലി സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളായിരുന്നു കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന പരിസ്ഥിതി സമരം. അതൊരു പ്രസ്ഥാനമായി രൂപപ്പെട്ടു. അതിന് ശേഷം കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയതും ലോകശ്രദ്ധ പിടിച്ചുപറ്റിയതുമായ പരിസ്ഥിതി പ്രവർത്തനമായിരുന്നു സേവ് കുറിഞ്ഞി ക്യാമ്പെയിൻ. രാജ്കുമാറായിരുന്നു ആ പദയാത്ര ആസൂത്രണം ചെയ്തതും ഏകോപിപ്പിച്ചതും.

അന്നത്തെ യാത്രയിൽ പങ്കെടുത്ത ഏക പെൺകുട്ടി ഞാനായിരുന്നു. ബന്ധുവായ രാജ്കുമാറിലൂടെയാണ് വിദ്യാർത്ഥിനിയായ ഞാൻ നീലക്കുറിഞ്ഞിയിലും അതിൻ്റെ സംരക്ഷണത്തിലും ആകൃഷ്ടയാകുന്നത്. അങ്ങനെയാണ് കോട്ടയത്ത് നിന്നുള്ള ഞാനും ആ പദയാത്രയുടെ ഭാഗമായത്. പരിസ്ഥിതി സംരക്ഷണം അനിവാര്യമായ കാര്യമാണെന്ന് ആ യാത്രയിലൂടെ മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്തുവെന്നത് അദ്ദേഹത്തിൻ്റെ സ്വാധീനമാണെന്ന് ഉറപ്പായും പറയുവാൻ കഴിയും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളവരും മാഹിയിൽ നിന്നുള്ളവരുമടക്കം കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവ‍ർ ആ യാത്രയിൽ പങ്കെടുത്തിരുന്നു.

G Rajkumar, Save Kurinji Campaign, Neela kurinji
സേവ് കുറിഞ്ഞി ക്യാമ്പെയിൻ special arrangement

കൊടൈക്കനാൽ മുതൽ മൂന്നാർ വരെ നടത്തിയ കാൽനട യാത്ര എന്റെ ജീവിതത്തിലും അതിൽ പങ്കെടുത്തവരിലും വളരെയേറെ സ്വാധീനം ചെലുത്തിയ ഒന്നായി. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന സഫർ റാഷിദ് ഫ്യൂത്തേഹല്ലിയാണ് ആ പദയാത്ര ഉദ്ഘാടനം ചെയ്തത്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഈ പദയാത്രയിലൂടെ സാധിച്ചു എന്നതാണ് യാഥാർത്ഥ്യം.

പിന്നീടുള്ള എല്ലാ പദയാത്രകളിലും ആദ്യ പദയാത്രയിലുണ്ടായിരുന്ന ഞാനുൾപ്പെടുന്ന പലരും പങ്കാളികളായി. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ കുറിഞ്ഞി യാത്രയിൽ പങ്കെടുത്തിരുന്നു. പ്രകൃതിയും പ്രകൃതി സംരക്ഷണവും കുറിഞ്ഞിയുമൊക്കെ എന്റേയും അവരുടേയും ജീവിതത്തിന്റേയും ഭാഗമായി. രാജ് കുമാറിൻ്റെ ഭാര്യയും കുട്ടികളും അദ്ദേഹത്തോടൊപ്പം ഈ യാത്രകളുടെ ഭാഗമായി.

ആദ്യ പദയാത്രയിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് എതാണ്ട് അറുപതു പേരാണ് പങ്കെടുത്തത്. പങ്കെടുത്ത എല്ലാവരിലും കുറിഞ്ഞിയുടേയും പ്രകൃതിസംരക്ഷണത്തിന്റേയും വിത്തുകൾ പാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കടലുപോലെ പൂത്തുകിടക്കുന്ന നീലക്കുറിഞ്ഞിക്കാടുകളിൽ കാറ്റുവീശുമ്പോൾ നീലത്തിരമാലകൾ അലയടിച്ചുയരുന്നത് കാണാൻ കഴിയും. കിലോമീറ്ററോളം കുറിഞ്ഞിച്ചെടികളും പൂക്കളുമല്ലാതെ വേറൊന്നും ഉണ്ടാകില്ല.അങ്ങനെയൊരു പൂക്കാലം കാണുന്നവർ കുറിഞ്ഞിച്ചെടികൾ എന്നും ഉണ്ടാകണം എന്ന് ആശിച്ചുപോകും. വീണ്ടും പദയാത്രകളും കുറിഞ്ഞി സംരക്ഷണ പരിപാടികളും നടന്നുകൊണ്ടിരുന്നു.യാത്രയിൽ കേരളത്തിലെ പ്രകൃതി സ്നേഹികളേയും മാധ്യമ സുഹൃത്തുക്കളേയും കൂട്ടി പദയാത്രയുടെ ലക്ഷ്യം പുറംലോകത്ത് എത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

neelakurinji, G Rajkumar
ആദ്യ കുറിഞ്ഞി പദയാത്രയിലെ അംഗങ്ങൾspecial arrangement

കുറിഞ്ഞിമല സാങ്ച്വറിയും തപാൽ സ്റ്റാമ്പും

ജി.രാജ്കുമാറിന്റെ വ‍ർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമായി 2006 ഒക്ടോബർ ഏഴിന് കുറിഞ്ഞിമല സാങ്ച്വറി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ചെടിക്കുമാത്രമായി ഒരു സാങ്ച്വറി പ്രഖ്യാപിക്കുന്നത്. ഈ മനുഷ്യനിലൂടെ പുറംലോകമറിഞ്ഞ നീലക്കുറിഞ്ഞിയെന്ന ചെടി ഇന്ന് എല്ലാവർക്കും സുപരിചിതമാണ്.

അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകളിലൂടെ തപാൽ വകുപ്പ് നീലക്കുറിഞ്ഞി സ്റ്റാമ്പ് പുറത്തിറക്കി. കുറിഞ്ഞിമല സാങ്ച്വറി നിലവിൽ വന്നതിന് പിന്നിലെ തന്റെ പ്രവ‍ർത്തനങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളൊന്നും രാജ്കുമാർ ഒരിക്കലും ഉന്നയിച്ചിട്ടില്ല. കുറിഞ്ഞി സാങ്ച്വറി എന്ന് ഗൂഗിൾ ചെയ്താൽ അവിടെയുമിവിടെയും രാജ്കുമാറിന്റെ പേര് കാണാം എന്നല്ലാതെ മറ്റൊന്നും കാണാനുമാകില്ല.

പാരിസ്ഥിതിക പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ പ്രകൃതിയെ തകിടം മറിക്കുവാനുള്ള ഏതുശ്രമത്തേയും എതിരിടാൻ നിയമനടപടികൾവരെ കൈക്കൊണ്ടുള്ള നിരന്തരമായ പോരാട്ടമായിരുന്നു. അഗസ്ത്യവന താഴ് വര കീറിമുറിക്കപ്പെടുമെന്നും ആദിവാസി സമൂഹത്തിന് അവരുടെ വാസസ്ഥാനം നഷ്ടമാകും എന്ന കാരണത്താൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ആരംഭിക്കാൻ പദ്ധതിയിട്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്കിനെതിരെ കോടതിയിലേക്ക് പോകുകയും ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തത് രാജ്കുമാറിന്റെ ശ്രമഫലം ആയിട്ടായിരുന്നു.

G Rajkumar, Neela kurinji
രാജ്കുമാറും സഹപ്രവർത്തകരുംspecial arrangement

രാജ്കുമാറിനു വേണ്ടി ആ കേസ് കൊടുത്തത് ഞാനായിരുന്നുവെങ്കിലും അദ്ദേഹമായിരുന്നു എല്ലാത്തിൻ്റെയും ശക്തി. കുറഞ്ഞിയാത്രയിലൂടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ അനിവാര്യത മനസ്സിലാക്കിയിരുന്ന എനിക്ക് അഗസ്ത്യവനത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും പദ്ധതിയുടെ അപകടത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തിൽ നിന്ന് മനസ്സിലായപ്പോൾ അങ്ങനെയൊരു നല്ല കാര്യത്തിന് ഒപ്പം നിൽക്കണമെന്ന് തോന്നിയിരുന്നു. എന്നെ പൂർണ്ണമായി ബോധ്യപ്പെടുത്തിയാണ് ആ കേസ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോയത്.

മതികെട്ടാൻ മലയിലെ വനഭൂമി കൈയേറ്റത്തിനെതിരായും ആദിവാസി-ദളിത് ജനവിഭാഗങ്ങളുടെ ഭൂമിക്കുമായുള്ള മതികെട്ടാൻ ഭൂസമരവും രാജ്കുമാറിന്റെ അദൃശ്യമായ പോരാട്ടത്തിലൂടെയാണ് കേരളം അറിഞ്ഞത്. പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണത്തിനായി സൗമ്യനായ ഈ മനുഷ്യൻ നടത്തിയ സമരങ്ങൾ അനവധിയാണ്.

പ്രാദേശികമായ ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ രാജ്കുമാറിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. പ്രകൃതി സംരക്ഷണത്തിനും ആദിവാസികളുടെ അവകാശങ്ങൾക്കുമായി അദ്ദേഹം നിരന്തരം പോരാടിക്കൊണ്ടിരുന്നു. നെയ്യാർ ഡാം കവാടത്തിന് സമീപമുള്ള മരങ്ങളിൽ ചേക്കേറിയിരുന്ന നിരവധി ദേശാടന പക്ഷികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാനായി ബോധവൽക്കരണ പ്രവ‍ർത്തനങ്ങൾ നടത്തിയതുൾപ്പടെ എല്ലാ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും നടത്തിയിരുന്നത് സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയായിരുന്നു. പൂക്കളില്ലാത്ത പൂന്തോട്ടവും പക്ഷികളില്ലാത്ത ലോകവും ഒരുപോലെ വിരസമായതുകൊണ്ട് പക്ഷികളെ സംരക്ഷിക്കുക എന്നായിരുന്നു ആ ബോധവൽക്കരണത്തിന്റെ കാതൽ.

G Rajkuamar
ജി.രാജ്കുമാർഷിലോ കെ ദേവ്

പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഓരോയാത്രകളിലൂടെയും എത്രയെത്ര പേരാണ് പിന്നീട് മുഖ്യധാര പ്രകൃതി സംരക്ഷണ രംഗത്തേക്കും പരിസ്ഥിതി പഠനത്തിലേക്കും പ്രവർത്തന മണ്ഡലത്തിലേക്കും എത്തിക്കാൻ സൗമ്യനായ ഈ മനുഷ്യൻ പ്രേരകമായത്. രാജ്‌കുമാർ ഇല്ലായിരുന്നുവെങ്കിൽ കുറിഞ്ഞിയേയും പ്രകൃതിയേയും ഇത്ര അടുത്തറിയുമായിരുന്നില്ല എന്ന് പല പ്രകൃതിസ്നേഹികളും പറഞ്ഞിട്ടുണ്ട്. സംഘടനകളുടെയൊന്നും ഭാഗമായിരുന്നില്ലെന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് മുന്നോട്ടുപോകാൻ വേലികളൊന്നും തടസ്സമായില്ല.

നിരന്തരമായി യാത്രകൾ നടത്തി പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടത്തുകയും ശേഖരിച്ച വിവരങ്ങൾ മാധ്യമസുഹൃത്തുക്കൾ വഴി പുറംലോകത്ത് എത്തിക്കുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ശ്രമിച്ചിരുന്നു. ‌ തന്റെ ജന്മദൗത്യമാണെന്ന മട്ടിലായിരുന്നു അദ്ദേഹം ഇതെല്ലാം ചെയ്തിരുന്നത്.

G.Rajkumar, Neelakurinji
നീലക്കുറിഞ്ഞി ക്യാമ്പെയിൻ കാലത്തെ ചിത്രംspecial arrangement

എസ് ബി ടിയിൽ ഇരുപത്തിയൊന്നാം വയസ്സിൽ ജോലിക്കു കയറിയ രാജ്കുമാർ സാമൂഹിക പ്രവർത്തനങ്ങൾക്കായി സ്ഥാനക്കയറ്റം പോലും വേണ്ടെന്നു വെച്ചയാളാണ്. ബാങ്കിലെ ജോലിത്തിരക്കിനിടയിലും കുറിഞ്ഞിയേയും പ്രകൃതിയേയും യാത്രകളേയും തീവ്രമായ അഭിനിവേശത്തോടെ മനസ്സിൽ കൊണ്ട് നടന്നു. സാമൂഹികസേവനം സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകൾ സ്വന്തം ജീവിതത്തിൽ കഴിയുന്നത്ര ആത്മാർത്ഥമായി പകർത്തുകയായിരുന്നു രാജ്കുമാ‍ർ.

തിരുവനന്തപുരം ജില്ലയിലെ ആദിവാസി വിഭാഗമായ കാണിക്കാരുടെ ഉന്നമനത്തിനായുമുള്ള പ്രവർത്തനങ്ങളിലും രാജ്കുമാർ മുന്നിൽ നിന്നിരുന്നു. അവിടെ നിന്നുള്ള രണ്ട് ആദിവാസി കുട്ടികളെ സ്വന്തം മക്കൾക്കൊപ്പം മക്കളായി തന്നെ വളർത്തി വിദ്യാഭ്യാസം നൽകുവാനും അദ്ദേഹവും ഭാര്യ ഇന്ദിരയും നടത്തിയ ശ്രമങ്ങൾ പുറംലോകത്ത് അവർക്ക് പേരെടുക്കാനായിരുന്നില്ല. സ്വന്തം വിശ്വാസങ്ങളിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെയുള്ള ജീവിതമായിരുന്നു അവരുടേത്.

രാജ്കുമാർ നടത്തിയ പ്രവ‍ർത്തനങ്ങൾ പ്രകൃതിസംരക്ഷകർക്ക് എന്നും മാർഗ്ഗദീപമാണ്. പൂങ്കാറ്റ് പോലായിരുന്നു രാജ്കുമാറി​ന്റെ പോരാട്ടങ്ങൾ.ആരവങ്ങളില്ല, ആൾക്കൂട്ടങ്ങളില്ല. വിഷയം പഠിച്ച്, പഠിപ്പിച്ച്, ഒറ്റയ്ക്ക് നടന്ന്, ഒപ്പം നടന്ന്, കാറ്റ് പോലെ അദൃശ്യമായും എന്നാൽ അനുഭവിക്കാനാകുന്നതുമായ ഒന്നായിരുന്നു രാജ്കുമാറി​ന്റെ ജീവിതം. മലയാളത്തിലെ മികച്ച കവിതകളിൽ ഒന്നായ "കുറിഞ്ഞി പൂക്കൾ', കുറിഞ്ഞിമല സാങ്ച്വറിയും സമൂഹത്തിന് വേണ്ടി ജീവിച്ച ആ കുറിഞ്ഞി മനുഷ്യ​ന് നൽകിയ ആദരമാണ്.

Summary

G Rajkumar, the key figure behind the Save Neelakurinji campaign, played a vital role in conservation efforts and Kerala’s environmental movements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com