Greenland,Trump
Greenland’s history and the factors that attract global powers, including the United StatesSamakalika Malayalam

ലോകരാജ്യങ്ങളെ മോഹിപ്പിക്കുന്ന, മഞ്ഞുമൂടിയ നിലവറയ്ക്കുള്ളിലെ രഹസ്യങ്ങൾ ​

​ഗ്രീൻലാൻഡിന് മേൽ ആധിപത്യം സ്ഥാപിക്കാൻ യു എസ് പരസ്യമായി രം​ഗത്തു വന്നുകഴിഞ്ഞു. ​ഗ്രീൻലാൻഡി​ന്റെ ചരിത്രവും ആ പ്രദേശത്തോട് ലോകരാജ്യങ്ങൾക്ക് മോഹം തോന്നുന്നതിനുള്ള കാരണങ്ങളെ കുറിച്ചും വിശദമാക്കുകയാണ് മദ്രാസ് ഐ ഐ ടിയിൽ സീനിയർ റിസർച്ച് ഫെല്ലോ ആയ ലേഖകൻ
Published on

ആഗോളതലത്തിൽ അമ്പരപ്പുളവാക്കി കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലൂയിസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലാൻഡിലേക്കുള്ള യു എസ്സിന്റെ പ്രത്യേക പ്രതിനിധിയായി 2025 ഡിസംബറിന്റെ അന്ത്യപാദത്തിൽ നിയമിച്ചു.

ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പ്രതിഷേധസ്വരങ്ങൾക്കിടെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിനെ യു.എസ്സിന്റേതാക്കുകയാണ് തന്റെ ഇദംപ്രഥമമായ ലക്ഷ്യമെന്ന് ലാൻഡ്രി പ്രഖ്യാപിക്കുകയും ചെയ്തു.

അമേരിക്കയുടെ ഏറ്റവും പഴയ സൈനികപങ്കാളികളായ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ ഒരേസ്വരത്തിൽ കടുത്ത എതിർപ്പുയർത്തുമ്പോഴും, നവസാമ്രാജ്യത്വം എന്ന് ആവർത്തിക്കുമ്പോഴും ഗ്രീൻലാൻഡിന്റെ നീണ്ട കൊളോണിയൽ അനുഭവങ്ങൾ തികച്ചും സങ്കീർണമായ ചരിത്രചോദ്യങ്ങൾ ഉയർത്തികൊണ്ടേയിരിക്കുന്നു.

Greenland,Trump
അവരും മനുഷ്യരാണ്, ഈ ‘അമ്മയുടെ’ കുട്ടികളാണ്

ഗ്രീൻലാൻഡിലെ ആദ്യകാല കോളനിവൽക്കരണം

ആർട്ടിക് മേഖലയിലെ ഇന്യുട് ജനത ഏതാണ്ട് 2500 ബി സി ഇയിൽ തന്നെ ഗ്രീൻലാൻഡിൽ വാസമുറപ്പിച്ചിരുന്നു. പൊതുവർഷം 985ൽ വൈക്കിങ്ങുകൾ തെക്കൻ ഗ്രീൻലാൻഡിൽ താമസമാരംഭിക്കുകയും കാർഷികവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. ഐസ്‌ലൻഡിൽ നിന്നും നാടുകടത്തപ്പെട്ട എറിക് ദ റെഡ് ആണ് നോർസ് വൈക്കിങ്ങുകളുടെ പൂർവ്വസൂരികൾ. ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ട് വരെ നോർവേയുടെ അധീശത്വത്തിൽ നോർസുകൾ അധിവസിച്ചു. ഇന്നവിടെ കാണുന്ന വേട്ടയാടി ഭക്ഷ്യശേഖരണം നടത്തുന്ന ഇന്യുടുകളുടെ പൂർവികരും ഏതാണ്ട് ഇതേ സമയത്തു അവിടെ എത്തിപ്പെട്ടവരാണ്. ഇന്യുടുകളോട് പിടിച്ചുനിൽക്കാനാകാതെ പതിനഞ്ചാം നൂറ്റാണ്ടിൽ തെളിവുകൾപോലും അവശേഷിപ്പിക്കാതെ നോർസുകൾ അപ്രത്യക്ഷരായി. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായ അതിശൈത്യവും ഒരു കാരണമായിരുന്നിരിക്കാം.

എന്തായാലും ഈ അപ്രത്യക്ഷമാകൽ തിരിച്ചറിയാതെ പതിനാറാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിൽ സംഭവിച്ച നവീകരണം നോർസുകളിലേക്ക് എത്തിയില്ല എന്ന വ്യാകുലതയോടെ, 1721ൽ ഡാനിഷ്-നോർവെജിയൻ രാജഭരണത്തിന്റെ സംയുക്ത ആശീർവാദത്തോടെ ഹാൻസ് എഗെടെ എന്ന മിഷനറി ഗ്രീൻലാൻഡിലേക്ക് പുറപ്പെട്ടു. എന്നാൽ, അവിടെ എത്തിയ അദ്ദേഹത്തിന്റെ സംഘത്തിന് നോർസുകളെ കണ്ടെത്താൻ കഴിഞ്ഞില്ല.

ജൂലൈ മൂന്നിന് പ്രതീക്ഷ എന്ന അർഥം വരുന്ന ഹാബെത് എന്ന കപ്പലിലും രണ്ടു ചെറുകപ്പലുകളിലും ആയി എഗെടെ, ഭാര്യ, നാലു കുട്ടികൾ, അവരോടൊപ്പം നാൽപതു സഹയാത്രികരും ആണ് നൂപ് കാങ്കർലുവയിൽ എത്തി ഹാബെത് എന്ന കോളനി സ്ഥാപിച്ചത്. കത്തോലിക്കരായ നോർസുകളെ പ്രൊട്ടസ്റ്റന്റുകളാക്കാൻ പുറപ്പെട്ട എഗെടെ, ഒടുവിൽ ഇന്യുടുകളെ ക്രിസ്ത്യാനികളാക്കാൻ നിയോഗിതനായി. ആധുനികകാലഘട്ടത്തിലെ ഗ്രീൻലാൻഡ്- ഡെൻമാർക്ക്‌ ബന്ധത്തിന് അവിടെ തുടക്കമാവുകയായിരുന്നു.

Greenland
ഗ്രീൻലാൻഡ്ചിത്രം: എപി

നെപ്പോളിയാണിക് യുദ്ധങ്ങൾക്കൊടുവിൽ 1814 ലെ കീൽ ഉടമ്പടിയെത്തുടർന്ന് 434 വർഷത്തെ നോർവീജിയൻ-ഡാനിഷ് സംയുക്ത രാജഭരണത്തിനു അവസാനമാവുകയും, നോർവേയെ ഡെന്മാർക്കിൽ നിന്ന് പിരിച്ചു സ്വീഡന് നൽകി. അതോടുകൂടി ഗ്രീൻലാൻഡിന്റെ ഭരണം ഡെന്മാർക്കിൽ മാത്രം നിക്ഷിപ്തമായി. വലിയ യുദ്ധങ്ങളോ രക്തച്ചൊരിച്ചിലോ ഇല്ലാതെ തന്നെ തികച്ചും അസംഘടിതമായ ഇന്യുട്ടുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ഡാനിഷുകാർക്കായി.

സാമ്പത്തികചൂഷണവും സാംസ്‌കാരിക അധീശത്വവും നിലനിർത്തിയുള്ള ഒരു കോളനിവൽക്കരണം ആണ് ഡാനിഷുകാർ നടത്തിയത്. ഇന്യുടുകളുടെ വിശ്വാസപ്രമാണങ്ങളെ തകർത്തു മിഷനറിമാർ മുന്നേറിയപ്പോൾ, യൂറോപ്പ്യൻ വ്യാപാരത്തിനായി തിമിംഗലവേട്ടയടക്കമുള്ള പ്രവർത്തികളിലേക്ക് റോയൽ ഗ്രീൻലാൻഡ് ട്രേഡിങ്ങ് കമ്പനി കടന്നു. മറ്റെവിടെയും പോലെ ഈ രണ്ടുപ്രസ്ഥാനങ്ങളും പരസ്പരപൂരകങ്ങളായിരുന്നു.

പലപ്പോഴും ഡാനിഷ് ഔദാര്യത്തിന്റെ പ്രതീകമായി ഗ്രീൻലാൻഡിലെ ആധുനികതയെ വിശേഷിപ്പിക്കുന്നവർ, ബോധപൂർവം 1850കൾ മുതലുള്ള അമൂല്യധാതുവായ ക്രയോലൈറ്റ് ഖനനത്തെ വിസ്മരിക്കാറുണ്ട്. അലൂമിനിയം ഉൽപ്പാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ക്രയോലൈറ്റ് ഡെന്മാർക്കിനു വലിയ സാമ്പത്തിക നേട്ടം നൽകി, എന്നാൽ, ഇന്യുട്ടുകൾക്ക് കടുത്ത നഷ്ടങ്ങളാണ് ഇത് സൃഷ്ടിച്ചത്.

Greenland,Trump
കേരളത്തിന്റെ 'പാൻ ഇന്ത്യൻ' സ്‌കൂളുകൾ

നീതിയുടെ മുഖംമൂടി

ഗ്രീൻലാൻഡിൽ അമിത വിഭവസമാഹരണം നടത്തുമ്പോഴും ‘മഹാമനസ്‌കമായ പിതൃതുല്യ’ സമീപനമായിരുന്നു ഡെന്മാർക്കിനുണ്ടായിരുന്നത്. അതുവഴി ലോകരാജ്യങ്ങൾക്കുമുന്നിൽ അവർ നീതിയുടെ ഒരു മുഖംമൂടി ധരിച്ചു, ഗ്രീൻലാൻഡിൽ തങ്ങളുടേത് സത്-ഭരണമാണെന്നു അവർ വിശ്വസിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം സാമ്രാജ്യത്വശക്തികൾക്കെതിരെ ഉണ്ടായ വികാരം ഇതുകാരണം ഡെന്മാർക്കിനെതിരെ ഉണ്ടായില്ല. അതുകൊണ്ട്തന്നെ 1953ൽ അധികം എതിർപ്പുകൾ ഉണ്ടാകാതെ ഗ്രീൻലാൻഡ് ഡെന്മാർക്കിൽ കോളനി എന്ന നിലയിൽ നിന്നും ഒരു കൗണ്ടി ആയി മാറി.

പേരിൽ മാത്രമാണ് ഗ്രീൻലാൻഡ് കോളനി അല്ലാതായി മാറിയത്. അവിടുത്തെ ജനത നേരിട്ട ചൂഷണങ്ങൾ മുമ്പത്തെക്കാളും ക്രൂരമായി എന്നതായിരുന്നു യാഥാർത്ഥ്യം. ഭരണപരമായും സാമ്പത്തികമായും ഡെന്മാർക്കുമായി ഗ്രീൻലാൻഡിനെ വിളക്കിച്ചേർക്കുന്ന നയങ്ങളാണ് പിന്നീട് സ്വീകരിക്കപ്പെട്ടത്. ഗ്രീൻലാൻഡിനെ പ്രതിനിധീകരിക്കാൻ രണ്ടു ജനപ്രതിനിധികളെ പാർലമെന്റിൽ അനുവദിച്ചുവെങ്കിലും, ഡാനിഷ് സർക്കാരിന് അധീനപ്പെടാൻ മാത്രമായിരുന്നു ഗ്രീൻലാൻഡ് ജനതയുടെ വിധി. അതേസമയം, കോപ്പൻഹേഗനിൽ ഗ്രീൻലാൻഡിന് വേണ്ടി ഒരു ആധുനികവൽക്കരണ നയം ഉരുത്തിരിഞ്ഞുകൊണ്ടിരുന്നു.

പരമ്പരാഗത ഗ്രീൻലാൻഡ് ജീവിതത്തെ സമൂലം മാറ്റിമറിച്ച ആ ആധുനികവൽക്കരണത്തെ ഡാനിഷ്‌വൽക്കരണം എന്നും വിശേഷിപ്പിക്കാം. പരമ്പരാഗത വേട്ടക്കാരിൽ നിന്നും ചൂഷണാത്മകമായ കയറ്റുമതി സമ്പദ് വ്യവസ്ഥയിലേക്കു പരിവർത്തനം ചെയ്യപ്പെട്ട ഇന്യുടുകൾ, കൂട്ടമായി നഗരകേന്ദ്രങ്ങളിലേക്കു പലായനം ചെയ്യാൻ നി‍ബന്ധിതരായി. സാഹചര്യസമ്മർദ്ദത്താൽ ഉള്ള ഇത്തരം പലായനങ്ങളിലൂടെ ഇന്യുടുകളുടെ പരമ്പരാഗത അറിവുകളുടെ കൈമാറ്റ ശൃംഖല തകർന്നു.

Greenland,Trump
എന്നെ ഒഴിച്ചുവെച്ച പാത്രം!

കലാല്ലിത് നുനാത്ത് എന്നറിയപ്പെടുന്ന ഗ്രീൻലാൻഡിലെ തദ്ദേശീയ ജനത അവരുടെ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഡാനിഷ് വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടേയിരുന്നു.

ഡാനിഷ് ആധിപത്യം സാംസ്കാരികമായും, ഭരണപരമായും നിലനിർത്തുന്നതിന് ആദ്യപടിയായി, തദ്ദേശീയരുടെ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്നും അടർത്തിമാറ്റി സർക്കാർ-മിഷനറി ഉടമസ്ഥതയിൽ അനാഥാലയങ്ങളിലേക്ക് മാറ്റുന്ന പ്രവണതയുണ്ടായിരുന്നു. 69 വ‍ർഷത്തിന് ശേഷം 2020ൽ ഡെന്മാ‍ർക്ക് പരസ്യമായി ഇത്തരം പരീക്ഷണങ്ങൾക്ക് മാപ്പു പറയേണ്ടി വന്നു.

വിവേചനങ്ങളിൽ ഏറ്റവും ക്രൂരവും ഹീനവുമായിയുള്ളത്, തദ്ദേശീയ ജനതയുടെ പ്രത്യുൽപ്പാദനം തടയാൻ ലക്ഷ്യമിട്ട് ഡെൻമാർക്ക്‌ ആയിരകണക്കിന് തദ്ദേശീയ യുവതികളുടെ മേൽ അവരുടെ അനുമതിയില്ലാതെ ഗർഭാശയ ഉപകരണങ്ങൾ സ്ഥാപിച്ചു (1966 മുതൽ നാലുവ‍ർഷക്കാലം 4500 പെൺകുട്ടികളിൽ ആണ് ഇത് പരീക്ഷിച്ചത്).

Greenland,Trump
കുറ്റബോധത്തിന്റെ കവിത

നഷ്ടപരിഹാരം ആവശ്യപ്പെട്ട അതിജീവിതരോട് 2024ൽ പോലും ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി നടത്തിയ സർക്കാർ പദ്ധതി എന്ന നിലയിൽ ഈ ഹീനകൃത്യത്തെ ന്യായീകരിക്കാനാണ് ഡെൻമാർക്ക്‌ സർക്കാർ തയ്യാറായത്. 2025ൽ ഈ നടപടിയിൽ അവർക്ക് മാപ്പ് പറയേണ്ടതായി വന്നു.

മാതാപിതാക്കളുടെ കാര്യക്ഷമത പരിശോധിക്കാൻ യൂറോപ്യൻ നിലവാരത്തിൽ ഒരു ടെസ്റ്റിന് തദ്ദേശീയരെ കടത്തിവിട്ടുകൊണ്ട് ഇപ്പോൾപോലും കുട്ടികളെ കുടുംബങ്ങളിൽ നിന്ന് അകറ്റാൻ ശ്രമങ്ങളുണ്ട് എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്.

ഒരേ ജോലിക്ക് ഡാനിഷുകാർക്ക് കൂടിയ വേതനമടക്കം അനുവദിച്ചുകൊണ്ടിരുന്ന ഡെന്മാർക് നയങ്ങൾക്കെതിരെ അഭ്യസ്തവിദ്യരായ ഗ്രീൻലാന്റുകാർ പ്രതിഷേധങ്ങളുയർത്തി. അതേത്തുടർന്ന്, 1979ൽ അവിടെ ആഭ്യന്തര കാര്യങ്ങളിൽ ഗ്രീൻലാൻഡുകാർക്ക് അധികാരങ്ങൾ അനുവദിക്കുന്ന ഹോം റൂൾ ഭരണം നൽകി. 2009ൽ കൂടുതൽ അവകാശങ്ങളുമായി ഗ്രീൻലാൻഡിന് സ്വയംഭരണാവകാശം സിദ്ധിച്ചു. കേവലം പ്രതിരോധം, വിദേശകാര്യനയങ്ങൾ മാത്രമാണ് ഡെന്മാർക്കിനു കീഴിലുള്ളത്.

ഒരു ലക്ഷം ജനങ്ങളിൽ 96 ആത്മഹത്യകൾ എന്നനിയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്ക് അടക്കം ഗ്രീൻലാൻഡിന്റെ കൊളോണിയൽ ഭാരങ്ങൾ ഏറെ വലുതാണ്. പൂർണ സ്വാതന്ത്ര്യം ഭാവിയിൽ നേടാം എന്ന വ്യവസ്ഥയോടെയാണ് 2009 മുതൽ സ്വയംഭരണാവകാശം ഗ്രീൻലാൻഡിനുള്ളത്. എന്നാൽ ഇപ്പോൾ ഗ്രീൻലാൻഡിന്റെ ബജറ്റിന്റെ പകുതിയും ഡെന്മാർക്കിൽ നിന്നുള്ള ഗ്രാന്റുകൾ ആണെന്നിരിക്കെ, സാമ്പത്തിക സ്വാതന്ത്ര്യം നേടുകയെന്നത് ഗ്രീൻലാൻഡിനെ സംബന്ധിച്ച് നിർണായകമാണ്.

Donald Trump
Donald Trumpfile

അമേരിക്കൻ നോട്ടം ഗ്രീൻലാൻഡിൽ

അമേരിക്കയുടെ നിലനിൽപ്പിന്റെ അനിവാര്യതക്കായി ഗ്രീൻലാൻഡ് തങ്ങൾ വാങ്ങാൻ പോകുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളെ ലോകം അവിശ്വാസത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഗ്രീൻലാൻഡിലെ സ്വാതന്ത്ര്യവാദികൾ ട്രംപിന്റെ ആവശ്യങ്ങളെ തന്ത്രപരമായി ഉൾക്കൊണ്ടുകൊണ്ട് ഡെന്മാർക്കിന്റെ സാമ്പത്തിക അധീശത്വത്തിൽ നിന്നുള്ള മോചന മാർഗമായി കാണണം എന്നാണ് വാദിക്കുന്നത്.

ചരിത്രം പരിശോധിച്ചാൽ ഗ്രീൻലാൻഡിലേക്കുള്ള അമേരിക്കൻ ദൃഷ്ടി ട്രംപിൽ നിന്നല്ല ആദ്യമായി ഉണ്ടാകുന്നത്. 1867 മുതലെങ്കിലും ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കണമെന്ന വാദം അമേരിക്കൻ സർക്കാരിന്റെ ഉള്ളറകളിൽ സജീവ ചർച്ചയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഗ്രീൻലാൻഡിനെ കുറിച്ച് ചർച്ചകൾ നടന്നെങ്കിലും, ശരിക്കുമുള്ള അമേരിക്കൻ ഇടപെടൽ രണ്ടാം ലോകമഹായുദ്ധ കാലത്താണ് ഉണ്ടാകുന്നത്.

1940 ഏപ്രിൽ ഒമ്പതിന് നാസിജർമ്മനി ഡെൻമാർക്ക്‌ കീഴടക്കിയപ്പോൾ, വടക്കേ അമേരിക്കൻ ഭൂഖണ്ഡവും ഗ്രീൻലാൻഡും തമ്മിലെ സാമീപ്യം അമേരിക്കക്ക് ആശങ്ക ഉളവാക്കി. യുഎസ്സിലെ ഡാനിഷ് അംബാസഡർ, ഹെൻറിക് കോഫ്മാൻ സ്വതന്ത്ര ഡെന്മാർക്കിന്റെ പ്രതിനിധിയായി യുദ്ധം കഴിയുന്ന വരെ ഗ്രീൻലാൻഡിൽ സൈനികപോസ്റ്റ് സ്ഥാപിക്കാൻ യുഎസ്സിന് അനുമതി നൽകി.

Greenland,Trump
ഓർമകളുടെ സഞ്ചാരപഥങ്ങള്‍

1867ൽ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, വില്യം സേവാർഡും, 1946ൽ രണ്ടാംലോകമഹായുദ്ധാനന്തരം സെക്രട്ടറി ബൈറൻസും, 1970ൽ വൈസ് പ്രസിഡന്റ് നെൽസൺ റോക്ക്ഫെല്ലറും ട്രംപിന് മുൻപ് ഗ്രീൻലാൻഡിന് വേണ്ടി വാദിച്ചവരാണ്. എന്നാൽ 2019ൽ ഗ്രീൻലാൻഡ് വിലയ്ക്കു വാങ്ങും എന്ന് പരസ്യമായി വാദിച്ച ട്രംപ്, 2025 ആയപ്പോഴേക്ക് സൈനികമായി പിടിച്ചെടുക്കും എന്നതിലേക്ക് നിലപാട് മാറ്റിയിരിക്കുന്നു.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്യോമ-നാവിക സുരക്ഷയ്ക്ക് ഗ്രീൻലാൻഡിനു മേലുള്ള സൈനിക അധീശത്വം വഴി അമേരിക്കയ്ക്ക് ഉറപ്പാക്കാനാകും. അമേരിക്കയുടെ ഗ്രീൻലാൻഡിലുള്ള പിറ്റുഫിക് സ്പേസ്ബേസ് അവർക്ക് ആർട്ടിക് മേഖലയിലെ ഏറ്റവും നിർണായകമായ പ്രതിരോധ ഔട്പോസ്റ്റ് ആണ്.

പോളാർ സിൽക്ക് റോഡ് ലക്ഷ്യമിട്ടുള്ള ചൈന-റഷ്യ കൂട്ടുകെട്ടും, മേഖലയിലെ റഷ്യൻ നാവിക സാന്നിധ്യവും അമേരിക്കയെ കൂടുതൽ ഭയചകിതരാക്കുന്നു . എന്നാൽ ഇതിനേക്കാളൊക്കെ മഞ്ഞുമൂടിയ ഈ ഭൂപ്രദേശം ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്നത്, ഗ്രീൻലാൻഡിന്റെ പ്രകൃതിവിഭവങ്ങൾ ആണ്.

Green Land
ഗ്രീൻലാൻഡ്ഫയൽ

ഗ്രീൻലാൻഡിലെ പ്രകൃതിവിഭവങ്ങളും പാരിസ്ഥിതിക നവസാമ്രാജ്യത്വവും

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ഏറ്റവും വലിയ സവിശേഷത അവിടുത്തെ വിലമതിക്കാനാകാത്ത പ്രകൃതിവിഭവങ്ങളാണ്. 17.5 ബില്യൺ ബാരൽ ഓഫ്‌ഷോർ ക്രൂഡ് ഓയിലും, 4.9 ട്രിലിയൻ പ്രകൃതി വാതകവും ഗ്രീൻലാൻഡിലുണ്ട്. ചൈനക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ അപൂർവ ഭൗമധാതുക്കളുടെ നിക്ഷേപവും ഗ്രീൻലാൻഡിലാണ്. അടുത്ത അൻപത് വർഷത്തേക്ക് ഭൂമിക്ക് വേണ്ട 25 % അപൂർവ ഭൗമധാതുക്കളും ഗ്രീൻലാൻഡിൽ നിന്നും ലഭിക്കും. അന്റാർട്ടിക്കിന് പുറത്തു ലോകത്തെ ശുദ്ധജല നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടും അവിടുത്തെ മഞ്ഞുപാളികൾക്കടിയിൽ ഉറഞ്ഞിരിക്കുകയാണ്.

ആഗോളതാപനവും, കാലാവസ്ഥാവ്യതിയാനവും ദൈനംദിന പ്രശ്നമായിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുകൽ ആണ് അനുഭവിക്കുന്നത്. സമുദ്രജലനിരപ്പു ഉയർത്തുക മാത്രമല്ല, അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ കടുത്ത പ്രത്യാഘാതത്തിനും ഇത് വഴിയൊരുക്കും.

അതേസമയം ഒരു മൈൽ കട്ടിയുള്ള ഹിമപാളികൾ ഉരുകുമ്പോൾ പ്രകടമാകുന്ന റോക്ക് ഫ്ലോർ (rock flour ) മണ്ണിന്റെ പുനരുജ്ജീവനത്തിനും, കാർബൺ സ്വാംശീകരണത്തിനും നിർണായകമാണ്. ആർട്ടിക് മേഖലയിലെ മഞ്ഞു ഉരുകുമ്പോൾ, ഒരു പ്രമുഖ ആഗോള കപ്പൽ പാതയാവാനും ഈ മേഖല തയ്യാറെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും മറ്റു ലോകരാജ്യങ്ങൾക്കും ഗ്രീൻലാൻഡ് പ്രധാനമാകുന്നു.

Greenland,Trump
പുസ്തകങ്ങളില്‍ ജീവിച്ച ഒരാള്‍

ഇന്ത്യയുമായി താരതമ്യം ചെയ്താൽ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള പത്തു വലിയ സംസ്ഥാനങ്ങൾ ചേർന്നാലുള്ള വലിപ്പം ആണ് ഗ്രീൻലാൻഡിന്റെ ഭൂവിസ്‌തൃതി. അതേസമയം കേവലം 56,000 മാത്രമാണ് അവിടുത്തെ ജനസംഖ്യ, അത് കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് വില്ലേജിനെക്കാളും കുറവാണ്.

കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അന്താരാഷ്ട്രബന്ധങ്ങളിലെ പുതിയ സമസ്യകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ആയി മാറിയിരിക്കുകയാണ് ഗ്രീൻലാൻഡ്. നാറ്റോ സഖ്യം പാടെ നശിച്ചേക്കാവുന്ന നിലപാടുകൾ എടുക്കാൻ അമേരിക്ക എത്രത്തോളം ധൈര്യപ്പെടും എന്ന് കണ്ടറിയണം.

അതേസമയം പ്രവചനാതീതമായ തീരുമാനങ്ങൾ എടുക്കുന്ന ട്രംപ് സർക്കാരിനെ അവിശ്വാസത്തോടെയാണ് അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളും വീക്ഷിക്കുന്നത്. ഗ്രീൻലാൻഡ് കൈവശപ്പെടുത്തുകയാണെങ്കിൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂവിസ്തൃതി വികസനം ആയിരിക്കുമത്. ഈയിടെ നടന്ന അഭിപ്രായസർവേയിൽ, ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകുന്നത് 85 % ഗ്രീൻലാൻഡുകാരും, 69 % അമേരിക്കക്കാരും എതിർക്കുന്നു. ഇതിനിടയിലാണ് ​ഗ്രീൻലാൻഡ് ലക്ഷ്യമിട്ടുള്ള യു എസ് നടപടികൾ.

---

മദ്രാസ് ഐ ഐ ടിയിൽ സീനിയർ റിസർച്ച് ഫെല്ലോ ആയ ലേഖകൻ കൊളോണിയൽ കാല പരിസ്ഥിതി ചരിത്രത്തിൽ ഗവേഷണം നടത്തുന്നു

Summary

Trump has announced plans to take control of Greenland. This article explains Greenland’s history and the factors that attract global powers, including the United States

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com