Scholl, Enrolment, Migrant children
Kerala Schools See Rise in Migrant Workers’ Children Enrolment Samakalika malayalam

കേരളത്തിന്റെ 'പാൻ ഇന്ത്യൻ' സ്‌കൂളുകൾ

മറ്റ് സംസ്ഥാന വിദ്യാർത്ഥികളുടേതു കൂടിയാകുന്ന കേരളത്തിലെ സ്കൂളുകൾ
Published on

പല നാടുകളിൽ നിന്നെത്തിയ, പല ഭാഷകൾ സംസാരിക്കുന്ന, പല സാംസ്കാരിക, സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാൽ സമ്പന്നമാവുകയാണ് സംസ്ഥാനത്തെ സ്കൂളുകൾ. അങ്ങനെ കേരളത്തിലെ സ്കൂളുകൾ പാൻ ഇന്ത്യൻ ആയി മാറുന്ന കാലമാണിത്.

പോയവർഷങ്ങളിൽ നിന്ന് ഗണ്യമായ വർധനയാണ് മറ്റ് സംസ്‌ഥാന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ കാണാൻ സാധിക്കുന്നത്. 2023-24 അധ്യയന വർഷത്തിൽ ഉണ്ടായിരുന്ന മറ്റ് സംസ്‌ഥാന വിദ്യാർത്ഥികളുടെ ആകെ എണ്ണം 21,299 ആയിരുന്നപ്പോൾ, 2024-25 അധ്യയന വർഷത്തിൽ അത് 24,525 ആയി ഉയർന്നു.

അതായത്, ഒരു വർഷത്തിനുള്ളിൽ 3,226 വിദ്യാർത്ഥികളുടെ വർധനവുണ്ടായി എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലെ കണക്കുകൾ വ്യക്തമാക്കുന്നു.

Scholl, Enrolment, Migrant children
പുസ്തകങ്ങളില്‍ ജീവിച്ച ഒരാള്‍

ഇത് സ‍ർക്കാർ സ്കൂളുകളിൽ മാത്രം കാണുന്ന ട്രെൻഡ് അല്ല. സ‍ർക്കാർ സ്കൂളുകളേക്കാൾ, എയിഡഡ് സ്കൂളുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികൾ മുന്നിൽ നിൽക്കുന്ന കണക്ക് കൂടെയാണിത്. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന അൺ എയിഡഡ് സ്കൂളുകളിലുമുണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ.

കേരളത്തിലെ സാമൂഹിക രം​ഗത്ത് ഏറെ മാറ്റങ്ങൾ കടന്നുവന്ന കാലമാണ് കഴിഞ്ഞ 30 വർഷങ്ങൾ. കേരളത്തിൽ നിന്നും ജോലി തേടിയും പഠിക്കാനും പുറത്തേക്ക് പോകുന്ന മലയാളികളെ പോലെ ജോലി തേടി കേരളത്തിലേക്ക് വരുന്നവരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇക്കാലത്തെ സാമൂഹിക രം​ഗത്ത് വന്ന വലിയ മാറ്റങ്ങളിലൊന്ന്.

ബം​ഗാൾ, ബീഹാ‍ർ, രാജസ്ഥാൻ, അസം, തമിഴ്നാട്, തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വന്ന തൊഴിലാളികൾ പിന്നീട് കുടുംബസമേതം കേരളത്തിലേക്ക് എത്തി. അവരുടെ മക്കൾക്ക് പഠിക്കാൻ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതികളുടെ വിജയമാണ് ഇന്ന് ഈ കുട്ടികൾ ഈ സ്കൂളികളിലെത്തുന്നതിന് പിന്നിൽ.

Scholl, Enrolment, Migrant children
എക്കോയിലെ മ്ലാത്തി ചേട്ടത്തിയും കേരളത്തിലെ മലേഷ്യൻ സ്ത്രീകളുടെ 400 വർഷത്തെ ചരിത്രവും

കേരളത്തിലെ സ‍ർക്കാ‍ർ സ്കൂളുകളിൽ ഇതര സംസ്ഥാന വിദ്യാർത്ഥികളുടെ എണ്ണം 8,490 ൽ നിന്ന് 10,018 ആയി ഉയർന്നപ്പോൾ, എയ്ഡഡ് സ്കൂളുകളിൽ അത് 12,421 ൽ നിന്ന് 13,619 ലേക്കും, അൺ എയ്ഡഡ് സ്കൂളുകളിൽ അത് 388 ൽ നിന്നും 888 ലേക്കും ഉയർന്നതായി കണക്കുകൾ പറയുന്നു.

എട്ട് ജില്ലകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്-- തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് അവ.

വർധനവിന്റെ കാര്യത്തിലും, ഇരുവർഷങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നത് എറണാകുളം തന്നെയാണ്. 2023-24 ൽ 5,653 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ജില്ല, അടുത്ത അധ്യയന വർഷം 853 കുട്ടികൾ വർധിച്ച് 6506 ആയി ഉയർന്നു. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മലപ്പുറം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ആണ്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിൽ എത്തിയിരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, 2024-25 അധ്യയന വർഷത്തിലെ 24,000ൽ പരം വരുന്ന വിദ്യാർത്ഥികളിൽ 4,294 പേരും തമിഴ്നാട്ടിൽ നിന്നാണ്. 3,882 വിദ്യാർത്ഥികൾ അസമിൽ നിന്നും 3,758 പേർ പശ്ചിമ ബംഗാളിൽ നിന്നും 3,380 വിദ്യാ‍ർത്ഥികൾ ബിഹാറിൽ നിന്നും കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നു.

ഉത്തർപ്രദേശ്, കർണാടക, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നും ആയിരത്തിലധികം വിദ്യാർഥികൾ സ്റ്റേറ്റ് സിലബസ്സിൽ കേരളത്തിൽ പഠിക്കുന്നു.

വ്യക്തമായ ഒരു പഠനം ഇതിൽ നടന്നിട്ടില്ലെങ്കിലും, മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നു എന്നത്, നമ്മൾ അവർക്കുവേണ്ടി ചെയ്യുന്ന പദ്ധതികളുടെ വിജയമായി വിലയിരുത്താൻ സാധിക്കുമെന്നാണ് എസ് സി ഇ ആ‍ർ ടി (SCERT) ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ. അഭിപ്രായപ്പെടുന്നത്. അന്തർസംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തെ അഭിസംബോധന ചെയ്ത രാജ്യത്തെ ഏക സംസ്‌ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

'റോഷ്‌നി' യിൽ നിന്ന് 'നമുക്ക് ഒന്നിച്ചു പഠിക്കാം' ലേക്ക്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ച എറണാകുളത്ത് നിന്നാണ് ഈ മാറ്റത്തി​ന്റെ തുടക്കം. ഏകദേശം ഒമ്പത് വർഷം മുമ്പാണ് എറണാകുളത്ത് അതിഥി തൊഴിലാളികളുടെ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള സംരഭം ആരംഭിക്കുന്നത്.

ജോലിയും ഭേദപ്പെട്ട കൂലിയും തേടി വരുന്നവരിൽ നിന്നും, കുടുംബമായി കേരളത്തിൽ ജീവിക്കാൻ എത്തുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നും, ആ വർധനവാണ് ഇതിന്റെ പ്രധാന കാരണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ അഭിപ്രായപ്പെടുന്നു. ഇതിൽ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് മാറി താമസിക്കുന്നവരും ഉണ്ടെന്നാണ് അവർ വിലയിരുത്തുന്നത്. കേരളം തെരഞ്ഞെടുക്കുന്നതിന് പിന്നിൽ മക്കളുടെ വിദ്യാഭ്യാസവും ഒരു പ്രേരക ഘടകമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ.

ഇങ്ങനെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 2017ൽ എറണാകുളം ജില്ലയിൽ തുടങ്ങിയ പദ്ധതിയായിരുന്നു 'റോഷ്‌നി'. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷും മലയാളവും അന്യഭാഷകളാണ് എന്ന തിരിച്ചറിവിൽ, ഓരോ സ്കൂളിലും വോളന്റീയർമാർ വഴി ഈ വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ ക്ലാസ്സ് മുറിയിൽ തന്നെ പഠനസഹായം നൽകുന്നതായിരുന്നു പദ്ധതി. അദ്ധ്യാപകർ പഠിപ്പിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ഇവർക്ക് മനസ്സിലാക്കി കൊടുക്കുന്ന പദ്ധതി മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ഫലം കാണുകയും ചെയ്തിരുന്നു. പിന്നീട് പലപ്പോഴും ഈ പദ്ധതിയിൽ ഭാഷാസഹായത്തിനായി വോളന്റിയർമാരായി എത്തിയിരുന്നതും ഇതേ പദ്ധതിയിൽ നിന്നും പഠിച്ചിറങ്ങിയവർ ആയിരുന്നു. റോഷ്‌നിയിലൂടെ പഠിച്ച് എസ് എസ് എൽ സി യ്ക്ക് എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണവും ചെറുതല്ല.

റോഷ്‌നിയിൽ നിന്ന് ഊർജം കൊണ്ട്, സമാനമായ പദ്ധതി സംസ്‌ഥാനത്തുടനീളം ഉണ്ടാകണം എന്ന ലക്ഷ്യത്തോടുകൂടി, 2025 നവംബർ ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയായിരുന്നു 'നമുക്ക് ഒന്നിച്ചു പഠിക്കാം' എന്നത്. ഇതു പ്രകാരം, സംസ്ഥാനത്തെ 46 വിദ്യാലയങ്ങളിൽ, 'റോഷ്‌നി' മാതൃകയിൽ വോളന്റീയർമാർ വഴി പഠനസഹായം നൽകാൻ തുടങ്ങി. എറണാകുളം ജില്ലയിലെ 20 സ്കൂളുകളിലും മറ്റു പതിമൂന്നു ജില്ലകളിലെ രണ്ട് വീതം സ്കൂളുകളിലുമാണ് നിലവിൽ ഈ പദ്ധതി നടക്കുന്നത്. ഓരോ സ്കൂളിലും പദ്ധതിയുടെ പ്രവർത്തനം നിരന്തരമായി നിരീക്ഷിക്കാൻ വാട്സാപ്പ് ഗ്രൂപ്പുകളും സജീവമാണ്.

Scholl, Enrolment, Migrant children
എൻ എസ് എസ്സിന്റെ സമദൂരത്തിലെ അടുപ്പവും അകലവും

വോളന്റീയർമാരായി എത്തുന്നവർക്കും 46 സ്കൂൾ ഹെഡ്മാസ്റ്റർമാർക്കും മൂന്ന് ദിവസത്തെ പരിശീലനം നൽകിയ ശേഷമാണ് സ്കൂളുകളിൽ ഈ പദ്ധതി ആരംഭിച്ചത്. സ്റ്റേറ്റ് കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (SCERT) തയ്യാറാക്കിയ പഠന മൊഡ്യൂളിന്റെ അടിസ്‌ഥാനത്തിലാണ് ഈ പരിശീലനം നൽകിയത്. ആവശ്യാനുസരണം തുടർ പരിശീലനങ്ങൾ ഓൺലൈൻ ആയി നൽകും. അദ്ധ്യാപകരുടെ ജോലിയായിരിക്കില്ല ഇവർ ചെയ്യുന്നത്, മറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാതാപിതാക്കൾക്കുമിടയിൽ വ്യക്തമായി സംവദിക്കുന്ന 'മെൻറ്റർ'മാരെ പോലെയായിരിക്കും ഇവരുടെ പ്രവ‍ർത്തനം.

ക്ലാസ്മുറിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ മലയാളികളല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നു എന്നതിനപ്പുറം, അവരുടെ സംഘർഷങ്ങളെയും മാനസിക പിരിമുറുക്കത്തെയുമൊക്കെ മനസ്സിലാക്കാനും അതിനു വേണ്ടുന്ന പരിഹാരങ്ങൾ വോളന്റിയർമാരിലൂടെ നടപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു എന്നാണ് 'നമുക്ക് ഒന്നിച്ച് പഠിക്കാം' പദ്ധതിയിൽ നിലവിൽ പ്രവർത്തിക്കുന്ന, 'റോഷ്‌നി'യുടെ അക്കാദമിക് കോർഡിനേറ്ററായ ഡോ. ജയശ്രീ കുളക്കുന്നത്ത് അഭിപ്രായപ്പെടുന്നത്.

"ഇന്ന് സ്‌കൂളിലെത്തുന്ന അന്യസംസ്‌ഥാന വിദ്യാർത്ഥികളിൽ ഏറെപ്പേരും ആദ്യതലമുറ പഠിതാക്കളാണ്. അങ്ങനെയുള്ളവർ വിദ്യാഭ്യാസത്തിലേക്ക് കടന്നു വരുമ്പോൾ, അവരുടെ കുടുംബ പശ്ചാത്തലം, ജീവിതസാഹചര്യം, ശുചിത്വം എന്നീ ഘടകങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഇവയൊക്കെ മനസ്സിലാക്കി, ആവശ്യമെങ്കിൽ വേണ്ട ഇടപെടലുകൾ നടത്തിയാൽ മാത്രമേ, അവരെ ചേർത്തുനിർത്താനും കൊഴിഞ്ഞുപോക്ക് തടയാനും സാധിക്കുകയുള്ളൂ," ജയശ്രീ വിശദീകരിച്ചു

Scholl, Enrolment, Migrant children
ഓർമകളുടെ സഞ്ചാരപഥങ്ങള്‍

മലയാളികളല്ലാത്ത വിദ്യാർത്ഥികളുടെ കാലാവസാനയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളും ഈ വോളന്റിയർമാരിൽ നിന്നും ഉണ്ടാകുമെന്നും ജയശ്രീ പറഞ്ഞു.

ദീർഘകാലത്തേക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യചുവടാണ് ഇതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി . " കേരളത്തിന് പുറത്തു നിന്നും സ്കൂളുകളിൽ എത്തുന്ന ഈ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നം ഭാഷയാണ്- അതിപ്പോൾ അസമിൽ നിന്നുള്ളവർ ആണെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ളവർ ആണെങ്കിലും. അതിനെ ഒരു വലിയ പരിധി വരെ പരിഹരിക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് ഞങ്ങൾ കരുതുന്നത്. ഈ വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ഈ പദ്ധതി 100 സ്കൂളുകളിലേക്ക് എങ്കിലും വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു.

അപ്പോഴും ബാക്കിയാകുന്ന 'അതിഥി' കുട്ടികൾ

ഒരു വർഷത്തിനിടയിൽ കണക്കുകളിൽ വർദ്ധനവ് കാണുമ്പോഴും, സ്കൂളിലേക്ക് എത്താൻ കഴിയാത്ത അന്യസംസ്‌ഥാന കുട്ടികളാണ് ഏറെയും എന്നാണ് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്മെൻറ് (CMID) എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ അഭിപ്രായപ്പെടുന്നത്. "സംസ്‌ഥാന ആസൂത്രണ ബോർഡി​ന്റെ 2018 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 98,000 ത്തിനടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികൾ ഉണ്ട്. അതായത് മുഴുവൻ കുട്ടികളുടെ നാലിലൊന്നു പോലും ഇനിയും വിദ്യാലയങ്ങളിൽ എത്തിയിട്ടില്ല എന്ന് സാരം. സ്കൂളിനോളം സുരക്ഷിതമായ ഒരു സ്ഥലം ഈ കുട്ടികൾക്ക് ലഭിക്കാനില്ലാത്തപ്പോൾ, ഈ സംഖ്യ അത്ര വലുതാണെന്ന് നമുക്ക് കണക്കാക്കാൻ കഴിയില്ല," അദ്ദേഹം അഭിപ്രായപ്പെട്ടു.

Scholl, Enrolment, Migrant children
കുറ്റബോധത്തിന്റെ കവിത

പല കാരണങ്ങൾ കൊണ്ട് സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾ ഇക്കൂട്ടത്തിൽ ഉണ്ട്-- സ്കൂൾ സമയത്തിന് മുമ്പേ ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് ഇവരെ അങ്കണവാടിയിലോ സ്കൂളിലോ ആക്കാനുള്ള നിർവാഹമുണ്ടാകില്ല. പല കുട്ടികളും മാതാപിതാക്കളുടെ ജോലി സ്ഥലത്തും അല്ലെങ്കിൽ വീട്ടിൽ തന്നെയും കഴിച്ചുകൂട്ടും. ഇളയസഹോദരങ്ങളെ നോക്കിയിരിക്കുന്ന മുതിർന്ന കുട്ടികളും, 14 വയസ്സാകുമ്പോഴേക്കും ജോലിക്ക് പോയി തുടങ്ങുന്ന കുട്ടികളും ഇക്കൂട്ടത്തിൽ കുറവല്ല എന്നും ബിനോയ് പറഞ്ഞു.

കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ, ആധാർ ഇല്ലാത്തതുകൊണ്ട് സ്കൂളിൽ ചേർക്കപ്പെടാതെ പോയ വിദ്യാർത്ഥികളുണ്ട്. തോട്ടടുത്ത് സ്കൂളുകൾ ഉണ്ടെങ്കിലും, ഇക്കാരണങ്ങളാൽ പഠനം നഷ്ടമാകുന്നത് നൂറുകണക്കിന് കുട്ടികൾക്കായിരുന്നു.

ഇവർക്ക് അടിസ്ഥാനപരമായി വേണ്ടത് ഒരു 'ബ്രിഡ്ജിങ്' സംവിധാനമാണ്. കേരളത്തിലെ അധ്യയന വർഷം തുടങ്ങുമ്പോഴായിരിക്കില്ല, മറിച്ച് അവരുടെ നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചുറ്റുപാടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ കുട്ടിയും ഇവിടെ എത്തുക. അങ്ങനെ വേറൊരു സംസ്ഥാനത്ത് നിന്നും ഇവിടെ വരുന്ന ഒരു കുട്ടി ചിലപ്പോൾ കേരളത്തിലെ കുട്ടിയുടെ അത്ര ഗണിതശേഷിയോ ഭാഷാജ്ഞാനമോ കൈവരിച്ചിട്ടുണ്ടാകില്ല. അവരെ പ്രായനുസൃതമായ ക്ലാസുകളിലേക്ക് എത്തിക്കാൻ നമുക്ക് വിദ്യാഭ്യാസ ബ്രിഡ്ജിങ് സംവിധാനത്തിന്റെ ആവശ്യമുണ്ട്. അതില്ലെങ്കിൽ, ചെറിയ ക്ലാസ്സുകളിലെ ഈ ബുദ്ധിമുട്ടുകൾ മുതിർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ ഈ വിദ്യാർത്ഥികളെ പഠനത്തിൽ നിന്ന് അകറ്റി നിർത്താനും ക്ലാസ്സ് മറിയിൽ തന്നെ നിശബ്ദമായി മാറ്റിനിർത്തപ്പെടാനും കാരണമാകും. ഇവിടെയാണ് ചെറുപ്രായം മുതലേ അവരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നത്. ഇവരെ ഭാഷാന്യൂനപക്ഷങ്ങളായി അംഗീകരിച്ചുകൊണ്ട് സംവരണം അടക്കമുള്ള ചർച്ചകൾ ഇനിയെങ്കിലും തുടങ്ങണം," എന്ന് ബിനോയ് പറഞ്ഞു

Summary

The number of children from other Indian states studying in Kerala schools is increasing, mainly due to migrant workers settling in the state for employment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com