Eko,Malaysian women in kerala
Mlaathi Chettathi in the movie 'Eko' , opening a forgotten window into a real, layered history of women from Malaysia who crossed oceans and quietly shaped a unique cultural strand in Kerala.Samakalika Malayalam

എക്കോയിലെ മ്ലാത്തി ചേട്ടത്തിയും കേരളത്തിലെ മലേഷ്യൻ സ്ത്രീകളുടെ 400 വർഷത്തെ ചരിത്രവും

അടുത്തിടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ 'എക്കോ' എന്ന സിനിമ തുറന്ന ചർച്ചയിലൂടെ കേരളത്തിലെ മലേഷ്യൻ വനിതകളുടെ ചരിത്രം മലയാളികളുടെ മുന്നിൽ ദൃശ്യമാവുകയാണ്.
Published on

എറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ *‘എക്കോ’ എന്ന സിനിമ മലയാളികൾക്ക് പൊതുവേ അ അപരിചിതമായ ഒരു പേര് അവതരിപ്പിച്ചു; മ്ലാത്തി ചേട്ടത്തി. ഭാവനയിൽ രൂപമെടുത്ത കഥാപാത്രമാണ് മ്ലാത്തി ചേട്ടത്തി, എന്നാൽ അവരുടെ വസ്ത്രം പ്രേക്ഷകരുടെ മനസിൽ വ്യത്യസ്തമായൊരു ഫാഷൻ സങ്കൽപ്പത്തെ അടയാളപ്പെടുത്തി.

ആ കഥാപാത്രവും വേഷവും മലയാളികളുടെ ഉള്ളിൽ മറവിയിലായിപ്പോയ ഒരു വിഭാഗം സ്ത്രീകളുടെ നിരവധി അടരുകളുള്ള ജീവിത യാഥാർത്ഥ്യത്തിലേക്കുള്ള ചരിത്രത്തി​ന്റ വാതിൽ തുറക്കുകയായിരുന്നു.

Eko,Malaysian women in kerala
'നായകളെ കണ്ടെത്തിയത് ഓഡിഷനിലൂടെ, ഒരു നായയെ കാണാതായി'; 'എക്കോ'യിലെ ആ രം​​ഗങ്ങൾക്ക് പിന്നിൽ

നാല് നൂറ്റാണ്ട് മുമ്പ് കേരളത്തിൽ വേരൂന്നിയ വ്യത്യസ്തമായൊരു സാംസ്കാരിക പാരമ്പര്യത്തെ രൂപപ്പെടുത്തിയ ചരിത്രജാലകമായിരുന്നു അത്.

പൊതുസമൂഹത്തിൽ വേഷത്തിലൂടെ തിരിച്ചറിയുന്നവരായി അവരിന്ന്. ബ്രിട്ടീഷ് മലയായുടെ ഭാഗമായ മലാക്കയിൽ നിന്നുള്ള സ്ത്രീകളുടെ ചരിത്രത്തിലേക്കാണ് ഈ വസ്ത്രവും കഥാപാത്രവും മലയാളികൾക്ക് മുന്നിലേക്ക് വരുന്നത്. കേരളത്തിൽ നിന്നും മലയായിലേക്ക് പോയ തൊഴിലാളികളുടെയും മറ്റും അനുഭവങ്ങൾ ചരിത്രപുസ്തകങ്ങളിലും സാഹിത്യത്തിലും നിരവധി കാണാനാകുമെങ്കിലും മലേഷ്യയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഈ സ്ത്രീകളുടെ ചരിത്രം അങ്ങനെയൊരു ദൃശ്യത നേടിയിരുന്നില്ല.

ഇപ്പോൾ ചരിത്രത്തിലേക്കുള്ള അറിവി​ന്റെ താക്കോലായി മാറിയത് എക്കോ എന്ന സിനിമയും അതിലെ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രവുമാണ്.

Eko,Malaysian women in kerala
'ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്'; 'എക്കോ' ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ

ബ്രിട്ടീഷ് മലായയുടെ ഭാഗമായിരുന്ന മലാക്കയിൽ നിന്നുള്ള സ്ത്രീകൾ 1500 നും 1600 പകുതിവരെയുമുള്ള കാലത്താണ് കേരളത്തിലേക്ക് എത്തിയത്. അതിന് മുമ്പ് തന്നെ കേരളവും മലയായുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നതായി ചില രേഖകളിൽ കാണാനാകും. എന്നാൽ, അതിൽ സ്ത്രീ സാന്നിദ്ധ്യം രേഖപ്പെടുത്തി കണ്ടിട്ടില്ല.

കേരളത്തിലേക്ക് പോർച്ചുഗീസുകാരുടെ വരവോടെയാണ് മലയായിലെ സ്ത്രീകൾ കേരളത്തിലെത്തുന്നത്. പതിനഞ്ചാം നൂറ്റാണ്ടി​ന്റെ അവസാനത്തോടെ വാസ്കോഡ ഗാമ കേരളത്തിലെത്തിയതിന് തൊട്ടുപിന്നാലെ പതിനാറാം നൂറ്റാണ്ടിലാണ് മലയാക്കാരായ സ്ത്രീകൾ ഇന്നത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി എത്തുന്നത്.

കോഴിക്കോട് നിന്നും തങ്ങളുടെ ആധിപത്യവും കച്ചവടവും മറ്റ് പ്രദേശങ്ങളിലേക്ക് പോർച്ചുഗീസുകാർ വ്യാപിപ്പിക്കുന്നതിന് ഒപ്പമായിരുന്നു ഈ വരവും. പഴയ കൊച്ചി രാജ്യത്തെത്തിയ പോർച്ചുഗീസ് ഉദ്യോഗസ്ഥരുടെയും പട്ടാളക്കാരുടെയും ഭാര്യമാരായാണ് മലയായിൽ നിന്നുള്ള സ്ത്രീകൾ ഇവിടെയെത്തിയത്.

kavaya dance performance, kebaya dress
കവായ നൃത്തം അവതരിപ്പിച്ച ശേഷം കേരളത്തിലുള്ള മലേഷ്യൻ യുവതികൾ കെബായ വേഷത്തിൽPhoto A Sanesh

എന്നാൽ, 1660 കളുടെ ആദ്യപകുതിയോടെ ഡച്ചുകാർ ആധിപത്യം സ്ഥാപിച്ചതോടെ ഇവരുടെ ജീവിതത്തി​ന്റെ താളം തെറ്റി തുടങ്ങി. പോർച്ചുഗീസുകാർക്ക് പിന്നാലെ ഇവിടെയെത്തിയ കൊളോണിയൽ ഭരണാധികാരികൾ എടുത്ത കർശനമായ സമീപനം ഇവരെ സമൂഹത്തി​ന്റെ അതിരുകളിലേക്ക് ഒതുങ്ങാൻ നിർബന്ധിതരാക്കി. ആദ്യം ഡച്ചുകാരും പിന്നീട് വന്ന ബ്രിട്ടീഷുകാരും സ്വീകരിച്ച നിലപാടുകൾ ഇവരുടെ ജീവിതത്തെ തകിടം മറിച്ചു.

ഈ ഭരണമാറ്റങ്ങൾ ഇവരുടെ ജീവിതത്തെ അനിശ്ചതമാക്കിയെങ്കിലും കുടിയിറക്കലും ഒറ്റപ്പെടലും അതിജീവിക്കുമ്പോഴും അവർ തങ്ങളുടെ പാരമ്പര്യത്തെ മുറുകെ പിടിച്ചു. അത് വർഷങ്ങൾക്കിപ്പുറവും അവരുടെ മുദ്രയായി നിലകൊള്ളുന്നു.

'മലാക്കയിൽ നിന്നുള്ള മലേഷ്യൻ സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 200 കുടുംബങ്ങൾ പോർച്ചുഗീസുകാരെ വിവാഹം കഴിച്ചതിനെ തുടർന്നാണ് കേരളത്തിലെത്തിയത്,' എന്ന് ആംഗ്ലോ–ഇന്ത്യൻ സമൂഹത്തി​ന്റെ വക്താവും മുൻ എം പിയുമായ ചാൾസ് ഡയസ് പറഞ്ഞു . 'അവരുടെ തലമുറയിൽപ്പെട്ടവർ ഇന്നും എറണാകുളത്തെ മുളവുകാട്, എളങ്കുന്നപ്പുഴ, കടുകുറ്റി, പടിയൂർ തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.' അദ്ദേഹം വിശദീകരിച്ചു.

Eko,Malaysian women in kerala
'എക്കോ' - പേരിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

ഇക്കാലത്തും അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത് വേഷവും അവരുടെ ഓർമ്മകളുമാണ്. കെബായ എന്ന അവരുടെ വസ്ത്രമാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ലുങ്കിയ്ക്കൊപ്പം പൂക്കളുള്ള ബ്ലൗസ് ആണ് കെബായ എന്ന പേരിലറിയപ്പെടുന്ന വേഷം. ഇത് ഈ സ്ത്രീകൾ ധരിക്കുന്ന വേഷമാണ്. മറ്റ് പല മാറ്റങ്ങളും ഈ നൂറ്റാണ്ടുകളിലൂടെ കടന്നുപോയെങ്കിലും ഈ വേഷത്തെ കൈയ്യൊഴിയാൻ മലാക്കയിൽ നിന്ന് കേരളത്തിലെത്തിയവരുടെ തലമുറകൾ തയ്യാറായില്ല. മറ്റ് സാംസ്കാരിക മാറ്റങ്ങളുടെ കുത്തൊഴിക്കിലും ഈ വേഷം അവരുടെ സാംസ്കാരിക പ്രതിനിധാനമായി തുടരുന്നു.

ചരിത്രത്തിൽ ഡച്ചുകാർ അവരോട് സ്വീകരിച്ച സമീപനത്തെ കുറിച്ച് പറയപ്പെടുന്നത് ക്രൂരമായ കാര്യങ്ങളാണ്. 1663-64 കാലഘട്ടത്തിൽ ഡച്ചുകാർ ഈ പ്രദേശത്ത് തങ്ങളുടെ അധികാരം ഉറപ്പിച്ചതോടെയാണ് ഈ സ്ത്രീകളുടെ ജീവിതം ദുരിതത്തിലേക്ക് വീഴുന്നത്. 24 മണിക്കൂറിനുള്ളിൽ പോർച്ചുഗീസുകാർ കൊച്ചി വിട്ടുപോകണമെന്ന് ഡച്ചുകാർ പൊടുന്നനെ ഇറക്കിയ ഉത്തരവായിരുന്നു ഇവരുടെ ജീവിതത്തെ തകിടം മറിച്ചത്. ഈ കുടുംബങ്ങൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു.

“ ഇങ്ങനെ ഡച്ചുകാരുടെ നടപടിയാൽ പുറത്താക്കപ്പെട്ട അവർ സമീപ ദ്വീപുകളിലേക്ക് രക്ഷപെട്ട് ഒളിച്ചു താമസിച്ചു. ആ ദ്വീപുകളിൽ അവർ ഒറ്റപ്പെട്ട നിലയിൽ കഴിയേണ്ടിവന്നു. എന്നാൽ അവരുടെ ജീവിതശൈലിയെയോ ആചാരങ്ങളെയോ അവർ ഒരിക്കലും ഉപേക്ഷിച്ചില്ല. പിന്നീട്, കാലങ്ങൾക്ക് ശേഷം പലരും വീണ്ടും കരഭാഗത്തേക്ക് മടങ്ങി, ചിലർ ദ്വീപുകളിൽ തന്നെ തുടരുകയും ചെയ്തു. തൃശൂരിൽ താമസമാക്കിയവർ അവസാനം കർഷകരായി മാറി.”,” എന്ന് ചാൾസ് ഡയസ് ചരിത്രത്തെ ഓർമ്മിച്ചെടുക്കുന്നു.

kebaya,
തൃശൂർ ജില്ലയിലെ മലേഷ്യൻ സ്ത്രീകളുടെ ഇന്നത്തെ തലമുറ അവരുടെ പരമ്പരാഗത കെബായ വസ്ത്രത്തിൽ Photo A Sanesh

പതിറ്റാണ്ടുകളോളം ഈ കുടുംബങ്ങൾ യൂറോ-ഏഷ്യൻസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്യൻ കുടിയേറ്റക്കാരുടെയും ഇന്ത്യൻ സ്ത്രീകളുടെയും കുട്ടികൾ 1900-കളുടെ തുടക്കത്തോടെ ആംഗ്ലോ–ഇന്ത്യൻസ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടു. ഇതിനൊപ്പം മലാക്കയിൽ നിന്നു വന്നവരുടെ തലമുറകളും ആംഗ്ലോ ഇന്ത്യൻസ് എന്ന സാമൂഹിക വിഭാഗത്തിലേക്ക് ഉൾച്ചേർക്കപ്പെട്ടു. ഇതോടൊപ്പം അവരുടെ മലേഷ്യൻ വേരുകൾ ഓർമ്മയിലേക്ക് മറഞ്ഞു.

‘എക്കോ’ എന്ന സിനിമയിലൂടെ വീണ്ടും ദൃശ്യതയിലേക്ക് വന്നിരിക്കുകയാണ് മറവിയിലാണ്ടുപോയ മലാക്കാൻ പൈതൃകം. , അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അവരുടെ ഇന്നത്തെ തലമുറ. ആംഗ്ലോ–ഇന്ത്യൻ എജുക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മലേഷ്യൻ പൈതൃകവുമായി ബന്ധപ്പെട്ട പരമ്പരാഗത കലാരൂപങ്ങൾ, വേഷവിധാനങ്ങൾ, ഭക്ഷണരീതികൾ എന്നിവയെ പുനരുജ്ജീവിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

'ഈ സമൂഹത്തിലെ ഏകദേശം 70,000 കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അവരുടെ നേതൃനിലയിൽ പ്രവർത്തിക്കുന്നവരെ കൊച്ചയിൽ ആദരിക്കും. ജനുവരി 10, 11 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ബെന്നീസ് വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോയിൽ വച്ചായിരിക്കും ഇത്,' എന്ന് ബെന്നി റോയൽ ടൂർസിന്റെ ബെന്നി പാനിക്കുളങ്ങര പറഞ്ഞു. ' ഇതി​ന്റെ ഭാഗമായി അവരുടെ തനത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയും സാംസ്കാരിക പരിപാടികളും നടത്തുമെന്ന്,' അദ്ദേഹം അറിയിച്ചു.

Eko,Malaysian women in kerala
'ഇങ്ങനെ ഒരു സീൻ കൂടി ഉൾപ്പെടുത്തിയിരുന്നേൽ വേറെ ലെവൽ ആയേനെ'; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ് വിഡിയോ

'ഞങ്ങൾ ഒരു ന്യൂനപക്ഷ സമൂഹമാണ്, അതിനാൽ സംരക്ഷണം അനിവാര്യമാണ്,' എന്ന് ആംഗ്ലോ–ഇന്ത്യൻ എജ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡ​ന്റായ വിലറ്റ് കൊറേയ അഭിപ്രായപ്പെട്ടു. 'സമൂഹത്തിലെ യുവതലമുറക്കാർ കെബായയിൽ നിന്നുതന്നെ പേര് ലഭിച്ച കവായ നൃത്തം അഭ്യസിക്കുകയും പരമ്പരാഗത വേഷത്തിൽ അത് അവതരിപ്പിക്കുകയും ചെയ്യുന്നു.ഞങ്ങൾക്ക് ഞങ്ങളുടെ കഥ പറയാനുള്ള വഴിയാണിത്.' അദ്ദേഹം പറഞ്ഞു.

Summary

Mlaathi Chettathi and Eko Movie brings to light the untold story of Malaysian women in Kerala, their Kebaya attire,kavaya dance, traditions, and Anglo-Indian heritage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com