വെള്ളിയാഴ്ചകളിലെ ഗാന്ധിജി

തീക്ഷ്ണവും സൗമ്യവുമായ ചില വിചാരങ്ങള്‍
gandhi jayanthi
ഗാന്ധി ജയന്തി ദിനം കടന്നുപോവുമ്പോള്‍
Updated on: 

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വെള്ളിയാഴ്ചകളെ സവിശേഷമാക്കിയിരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമത്തേത് ആ ദിവസം രാവിലെ പത്തിനുപകരം ഒന്‍പതരയ്ക്ക് ക്ലാസ് തുടങ്ങുന്നതും ഉച്ചയ്ക്ക് രണ്ടര മണിക്കൂര്‍ ഒഴിവു കിട്ടുന്നതുമായിരുന്നു. ''രണ്ടര മണിക്കൂര്‍ ഒഴിവ് മുസ്‌ലിം കുട്ടികള്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണെന്നും അത് ശരിയല്ലെന്നും'' ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെവിയില്‍ സ്വകാര്യമായി പറഞ്ഞത് ആ ക്ലാസ്സില്‍ മൂന്നാം കൊല്ലമിരിക്കുന്ന ഒരു ചങ്ങാതിയാണ്.

പഴയൊരു മര്‍ഫി റേഡിയോയില്‍നിന്നു ചിതറിവീണിരുന്ന ഇപ്പോഴും ഉള്ളിലുള്ള ആ സിഗ്‌നേച്ചര്‍ ട്യൂണ്‍ ആയിരുന്നു രണ്ടാമത്തേത്. വെള്ളിയാഴ്ചയുടെ പ്രഭാതങ്ങളില്‍, ആകാശവാണിയില്‍ മുഴങ്ങിയിരുന്ന 'ഗാന്ധിദര്‍ശനം.' അന്നൊക്കെ വീടകങ്ങളില്‍ അത് പരത്തുമായിരുന്ന ഒരു നിശ്ശബ്ദതയുണ്ട്. പല്ലുതേപ്പും കാപ്പികുടിയും സ്‌കൂളില്‍ പോകാനുള്ള തിടുക്കവുമൊക്കെ ആ പത്ത് മിനിറ്റില്‍ എങ്ങനെയോ പതുക്കെയാകും. ഒരു വൃദ്ധന്റെ മൃദുവായ സ്വരം അതോര്‍മിപ്പിക്കും. അതല്ലെങ്കില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഉദ്ധരണികള്‍, ഒരു മന്ത്രംപോലെ വായുവില്‍ അലിഞ്ഞുനില്‍ക്കും. ഗാന്ധി എന്ന ബിംബം എന്റെ ഓര്‍മയിലേക്ക് ആദ്യമായി നടന്നു കയറുന്നത് റേഡിയോ തരംഗങ്ങളുടെ ആ നേര്‍ത്ത പ്രഭാതങ്ങളിലൂടെയാണ്.

ചുരുക്കത്തില്‍ വെള്ളിയാഴ്ച ഗാന്ധിയുടേയും മുസ്‌ലിങ്ങളുടേതുമായി എനിക്ക്.

ആ കണ്ണടയ്ക്കുള്ളിലെ നോട്ടത്തില്‍ കുറ്റപ്പെടുത്തലുകളോ സങ്കീര്‍ണതകളോ ഉണ്ടായിരുന്നില്ല. നിഷ്‌കളങ്കമായ ഒരു അപ്പൂപ്പന്‍ ചിരി

അല്ലെങ്കിലും ഗാന്ധി ഘാതകര്‍ക്ക് അദ്ദേഹം മുസ്‌ലിങ്ങളുടെ ആളായിരുന്നല്ലോ. അദ്ദേഹത്തിന്റെ രാഷ്ട്രീയം മുസ്‌ലിം പ്രീണനത്തില്‍ അധിഷ്ഠിതമാണ് എന്നായിരുന്നല്ലോ ഗോഡ്സെയുടെ പ്രധാന ആക്ഷേപം. കോണ്‍ഗ്രസ്സിനേയും ഗാന്ധിജിയേയും നിരന്തരം വിമര്‍ശിച്ച മുസ്‌ലിം ലീഗിനു മുന്നില്‍ കീഴടങ്ങിയെന്നും ഹിന്ദുക്കളുടെ താല്പര്യങ്ങളും വികാരങ്ങളും നിരന്തരം ബലികഴിച്ചുവെന്നുമൊക്കെ ഗോഡ്‌സെമാര്‍ക്ക് എക്കാലവും ആവലാതിയുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതും മലബാറിലെ മാപ്പിള ലഹളയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവുമൊക്കെ ഹിന്ദുത്വവാദികള്‍ക്ക് എന്നും ആക്ഷേപാര്‍ഹമായിരുന്നല്ലോ. പാകിസ്ഥാന് കൊടുക്കാനുള്ള 55 കോടി രൂപ ഉടന്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചതാണ് മറ്റൊരു പ്രകോപനം.

സ്‌കൂള്‍ കാലത്തെ ഒക്ടോബര്‍ രണ്ട് ആണ് മറ്റൊരു ഗാന്ധിയോര്‍മ. ഗാന്ധിജയന്തി മുതല്‍ തുടങ്ങും 'സേവനവാരം.' ഗാന്ധിജയന്തി എന്നാല്‍, ഞങ്ങള്‍ക്കു പ്രധാനമായും 'ശുചീകരണ ദിന'മായിരുന്നു. ക്ലാസ്സ് മുറികളിലെ മാറാല നീക്കലും സ്‌കൂള്‍ മുറ്റത്തെ കാടുവെട്ടലും സ്‌കൂളിനടുത്തുള്ള റോഡിലെ മാലിന്യം വൃത്തിയാക്കലുമൊക്കെയായി ഒരു വല്ലാത്ത ഉത്സാഹം. അദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ചോ കായികാദ്ധ്വാനത്തെക്കുറിച്ചോ (Bread Labour) വലിയ തത്ത്വചിന്തകളൊന്നും അന്നു തലയിലില്ല. കയ്യില്‍ ചൂലും മറ്റുമായി ചങ്ങാതിമാര്‍ക്കൊപ്പം മണ്ണിലിറങ്ങുമ്പോള്‍ കിട്ടുന്ന ഒരുതരം ആഘോഷമായിരുന്നു അത്. അന്നൊക്കെ സ്‌കൂള്‍ ചുവരിലെ ആ ഫ്രെയിം ചെയ്ത ചിത്രത്തില്‍നിന്ന് ഗാന്ധി ശാന്തമായി ചിരിച്ചു. ആ കണ്ണടയ്ക്കുള്ളിലെ നോട്ടത്തില്‍ കുറ്റപ്പെടുത്തലുകളോ സങ്കീര്‍ണതകളോ ഉണ്ടായിരുന്നില്ല. നിഷ്‌കളങ്കമായ ഒരു അപ്പൂപ്പന്‍ ചിരി.

gandhiji
ഗാന്ധിജി

എന്നാല്‍, കാലം മുന്നോട്ടു പോയപ്പോള്‍, വായനയും ലോകവും ഉള്ളിലേക്ക് കലര്‍ന്നപ്പോള്‍, പതിയെ പതിയെ അപ്രത്യക്ഷമായത് ആകാശവാണിയുടെ പ്രഭാതങ്ങളിലെയും സ്‌കൂള്‍ വരാന്തകളിലേയും ഗാന്ധിയാണ്. ഇപ്പോഴും ഞാന്‍ ഗാന്ധിമാര്‍ഗം കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പകരം മുന്നില്‍ വന്നുനില്‍ക്കുന്നത് ഒരേസമയം അമ്പരപ്പിക്കുകയും ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന, വൈരുദ്ധ്യങ്ങളുടെ മൂര്‍ത്തിമദ്ഭാവമായ മറ്റൊരു ഗാന്ധിയാണ്. സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളുടെ പൊരുത്തക്കേടുകള്‍പോലെ മറ്റൊരു ഗാന്ധി.

മുതലാളിത്തവുമായുള്ള ഗാന്ധിയുടെ ഇടപാടുകള്‍ നോക്കൂ. ഒരുവശത്ത് യന്ത്രവല്‍ക്കരണത്തേയും പാശ്ചാത്യ വ്യാവസായിക ആധുനികതയേയും അദ്ദേഹം 'ഹിന്ദ് സ്വരാജി'ല്‍ നിശിതമായി വിചാരണ ചെയ്തു. നഗരങ്ങളല്ല, സ്വയംപര്യാപ്തമായ ഗ്രാമങ്ങളാണ് ഇന്ത്യയുടെ ആത്മാവെന്നു പറഞ്ഞു. എന്നാല്‍, മറുവശത്തോ? ബിര്‍ളമാരുടേയും ബജാജുമാരുടേയും അതിഥിയായി, അവരുടെ ആതിഥ്യത്തില്‍ കഴിയുമ്പോഴും അദ്ദേഹം മുന്നോട്ടുവെച്ച 'ട്രസ്റ്റിഷിപ്പ്' സിദ്ധാന്തം. സമ്പന്നര്‍ തങ്ങളുടെ അധികസമ്പത്ത് പാവങ്ങള്‍ക്കായി സൂക്ഷിക്കുന്ന ധര്‍മകര്‍ത്താക്കളാണെന്ന ആ ഗാന്ധിയന്‍ സങ്കല്‍പ്പം എത്ര നിഷ്‌കളങ്കമായിരുന്നു, അല്ലെങ്കില്‍ എത്രമാത്രം മുതലാളിത്താനുകൂലമായിരുന്നു എന്നു ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്നത്തെ ഭീമാകാരമായ കോര്‍പ്പറേറ്റ് ലോകവും ഫിനാന്‍സ് കാപിറ്റലും വിഴുങ്ങുന്ന മനുഷ്യരെ കാണുമ്പോള്‍, ഗാന്ധിയുടെ ആ ധാര്‍മിക ഉപദേശം എത്രമാത്രം അപര്യാപ്തമായിരുന്നുവെന്നു തോന്നാതിരിക്കില്ല.

ഫാസിസത്തിന്റെ കാലത്ത് ഗാന്ധിയെ വായിക്കുന്നത് അതിലേറെ വിചിത്രമായ ഒരു അനുഭവമാണ്. ഹിറ്റ്ലര്‍ക്കും മുസ്സോളിനിക്കും കത്തുകളയച്ച, അക്രമരാഹിത്യംകൊണ്ട് ഫാസിസ്റ്റ് ക്രൂരതകളേയും മാറ്റിയെടുക്കാമെന്നു വിശ്വസിച്ച ഒരു നിഷകളങ്കത ഗാന്ധിയിലുണ്ടായിരുന്നു. ജൂതന്മാരോട് നാസി പീഡനങ്ങള്‍ക്കു മുന്നില്‍ ആത്മത്യാപരമായ അഹിംസ അനുഷ്ഠിക്കാന്‍ ഗാന്ധി ഉപദേശിച്ചാല്‍ ആ ഗാന്ധിയെ ഏതു യുക്തികൊണ്ടാണ് നാം ന്യായീകരിക്കുക? അതേസമയം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒരു വംശീയരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അക്രമരാഷ്ട്രീയത്തിന് അദ്ദേഹം ഇരയായി എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ആ രാഷ്ട്രീയത്തെ അദ്ദേഹം എതിര്‍ത്തു എന്നതുകൊണ്ടാണ് അദ്ദേഹത്തിനു ജീവന്‍ നഷ്ടമായത് എന്ന വാസ്തവം മറന്നുകൂടാ. എന്തായാലും, ലോകനന്മയിലും ജീവികള്‍ പരസ്പരം കാരുണ്യം പുലര്‍ത്തുമെന്ന കാഴ്ചപ്പാടിലുമുള്ള വിശ്വാസം സ്ഥാനം തെറ്റി പ്രക്ഷേപിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നതിന് ഉദാഹരണമായി കേള്‍ക്കാറുള്ള ഒരു റഷ്യന്‍ നാടോടിക്കഥയുണ്ടല്ലോ. തണുത്തു മരവിച്ച പാമ്പിന്‍കുഞ്ഞിനെ സ്വന്തം കമ്പിളിക്കോട്ടിന്റെ കീശയുടെ ചൂടുനല്‍കി രക്ഷിക്കാന്‍ ശ്രമിച്ച കര്‍ഷകന്റെ കഥ. ആ കഥയാണ് ഓര്‍മിക്കേണ്ടത്.

ഗാന്ധിയും ജാതിയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിന്തനീയമായ മറ്റൊന്ന്. അംബേദ്കര്‍ എന്ന അതികായനു മുന്നില്‍ ഗാന്ധി പലപ്പോഴും ഒരു സവര്‍ണ ഹൈന്ദവ പരിഷ്‌കര്‍ത്താവ് മാത്രമായി ചുരുങ്ങിപ്പോയ ചരിത്രസന്ദര്‍ഭങ്ങളുമുണ്ടായില്ലേ? ജാതിവ്യവസ്ഥയുടെ തൊഴില്‍ വിഭജനത്തെ 'വര്‍ണാശ്രമധര്‍മം' എന്ന പേരില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും, എന്നാല്‍, തൊട്ടുകൂടായ്മയെ മാത്രം എതിര്‍ക്കുകയും ചെയ്ത ഗാന്ധിയുടെ നിലപാടുകളിലെ കാപട്യം അംബേദ്കര്‍ തുറന്നുകാട്ടിയത് നാം എങ്ങനെ മറക്കും? 'ഹരിജന്‍' എന്ന വിളിപ്പേരുകൊണ്ട് ദലിതരുടെ കണ്ണീരൊപ്പാന്‍ നോക്കിയ ഗാന്ധിയല്ല, മറിച്ച് അവകാശങ്ങള്‍ക്കായി പോരാടാന്‍ പഠിപ്പിച്ച ബാബാസാഹേബാണ് യഥാര്‍ത്ഥ വിമോചകന്‍ എന്നു ചിലര്‍ ഉറക്കെ പറയുമ്പോള്‍ ''ഒരു വര ചെറുതാക്കാന്‍ അപ്പുറത്ത് വലിയൊരു വര വരച്ചാല്‍ മതിയാകുമല്ലോ'' എന്നു പറഞ്ഞ് ലഘൂകരിക്കാന്‍ പറ്റാതെ വരുന്നത് അതുകൊണ്ടല്ലേ? പൂനാ കരാറിന്റെ ചരിത്രമുറിവുകള്‍ ഇന്നും വിസ്മൃതമായിട്ടില്ല. അതേസമയം, എല്ലാതരം ഫാസിസത്തേയുംപോലെ സവര്‍ണ ഫാസിസത്തിന്റേയും അടിസ്ഥാനശിലയായ കേന്ദ്രീകൃത അധികാരത്തിനെതിരെ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച 'ഗ്രാമസ്വരാജ്' എന്ന അധികാര വികേന്ദ്രീകരണ ചിന്തയോളം ഫാസിസ്റ്റ് വിരുദ്ധമായ മറ്റൊന്ന് ഇന്ത്യയില്‍ വേറെയുണ്ടോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതോടൊപ്പം ആരുടേതാണ് ആ 'ഗ്രാമസ്വരാജ്' എന്ന ചോദ്യവും.

ദക്ഷിണാഫ്രിക്കന്‍ കാലത്തെ ഗാന്ധിയുടെ വംശീയ ചിന്തകളും നമ്മെ അലോസരപ്പെടുത്താറുണ്ട്. അവിടുത്തെ കറുത്തവര്‍ഗക്കാരെ 'കാഫിറുകള്‍' എന്നു വിശേഷിപ്പിക്കുകയും വെള്ളക്കാരോടൊപ്പം ഇന്ത്യക്കാര്‍ക്കും തുല്യാവകാശം ചോദിക്കുമ്പോഴും തദ്ദേശീയരായ ആഫ്രിക്കക്കാരെ താഴെക്കിടയിലുള്ളവരായി കാണുകയും ചെയ്ത ഒരു തുടക്കക്കാരന്‍ ഗാന്ധിയുണ്ട്. ഞങ്ങളും ആര്യന്മാരാണ്, കറുമ്പന്മാരുടെ കൂട്ടത്തില്‍ കൂട്ടരുത് എന്ന് ആവലാതിപ്പെട്ട ഗാന്ധിയുണ്ട്. പില്‍ക്കാലത്ത് ആ ചിന്തകളില്‍നിന്ന് അദ്ദേഹം സ്വയം ശുദ്ധീകരിക്കപ്പെട്ടു എന്ന് ചരിത്രകാരന്മാര്‍ പറയുമ്പോഴും, ആ പാടുകള്‍ മായാതെ കിടക്കുന്നു.

എന്നിട്ടും... ഈ വിമര്‍ശനങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും കൊടുങ്കാറ്റുകള്‍ക്കൊടുവിലും ഒക്ടോബര്‍ രണ്ട് വരുമ്പോള്‍ ഗാന്ധി വീണ്ടും ഒരു ചോദ്യചിഹ്നമായി മുന്നില്‍ വന്നുനില്‍ക്കുന്നു.

gandhiji
ഗാന്ധിജി

കാരണം, ഇന്നത്തെ ഇന്ത്യയില്‍ ഗാന്ധി എന്നത് ഒരു വ്യക്തി മാത്രമല്ല. അതൊരു പ്രതിരോധമാണ്. ആള്‍ക്കൂട്ടക്കൊലകളും വിദ്വേഷവും ഭരണകൂട ഭീകരതയും തെരുവുകളെ ഭരിക്കുമ്പോള്‍, നെഞ്ചിലേക്ക് മൂന്നു വെടിയുണ്ടകള്‍ തുളച്ചുകയറിയ ആ മെലിഞ്ഞ മനുഷ്യന്‍ ഒരു വലിയ ഓര്‍മപ്പെടുത്തലാകുന്നു. അദ്ദേഹത്തിനു തെറ്റുകള്‍ പറ്റിയിരുന്നു, മുന്‍വിധികളുണ്ടായിരുന്നു, അപ്രായോഗികമായ ശാഠ്യങ്ങളുണ്ടായിരുന്നു. പക്ഷേ, ആ മനുഷ്യന്‍ സ്വന്തം ജീവിതം തന്നെ ഒരു തുറന്ന പരീക്ഷണശാലയാക്കി മാറ്റി.

ഒരുപക്ഷേ, വെള്ളിയാഴ്ചകളില്‍ റേഡിയോവില്‍നിന്നും കേട്ടുകൊണ്ടിരുന്ന ആ പ്രാര്‍ത്ഥനാഗീതം പഴയ പോലെയാകില്ല നമ്മുടെ ചെവികളില്‍ പതിയുന്നത്. സ്‌കൂള്‍ മുറ്റത്തെ ഗാന്ധിജയന്തി ആചരണം ഓര്‍മകളില്‍ നിന്നുതന്നെ മാഞ്ഞുപോയിട്ടുണ്ടാകാം. എങ്കിലും, തെറ്റുകളും ശരികളും ഇടകലര്‍ന്ന മനുഷ്യമഹത്വത്തിന്റെ ആ മഹാപ്രവാചകന്‍, വിദ്വേഷത്തിന്റെ ഈ പുതിയ ഇരുണ്ട കാലത്ത് വലിയ വെളിച്ചമാകുന്നു.

Summary

Gandhiji - a thought on his birthday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com