മെക്‌സിക്കന്‍ പെറ്റൂണിയ: വായ്ക്കുന്നു വേലിക്കു വര്‍ണങ്ങള്‍, പക്ഷേ..

Mexican Petunia
മെക്‌സിക്കന്‍ പെറ്റൂണിയ
Updated on

ല്ലാ ദിവസവും പൂക്കള്‍ വിടരുന്ന ചെടികള്‍ പൂന്തോപ്പുകള്‍ക്ക് ആകര്‍ഷകമാണ്. അങ്ങനെയുള്ള ചെടികള്‍ക്ക് അലങ്കാര മൂല്യം ഏറും എന്നതില്‍ സംശയമില്ല. അങ്ങനെ അലങ്കാര സസ്യവിപണിയില്‍ ഏറെ പ്രചാരം നേടിയ വിദേശിയായ പൂച്ചെടിയാണ്മെക്‌സിക്കന്‍ പെറ്റൂണിയ. മനോഹരമായ വയലറ്റ്, പര്‍പ്പിള്‍, പിങ്ക് അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള പൂക്കള്‍ കൊണ്ടും വര്‍ഷം മുഴുവന്‍ പൂക്കുന്ന സ്വഭാവം കൊണ്ടും കുറഞ്ഞ പരിചരണം മാത്രം മതിയെന്നതുകൊണ്ടും ലോകമെമ്പാടുമുള്ള ഉദ്യാനപ്രേമികളുടെ പ്രിയപ്പെട്ട സസ്യമായി ഇത് മാറിയിട്ടുണ്ട്. എന്നാല്‍ ഈ മനോഹരമായ പൂക്കളുടെ പിന്നില്‍ പ്രകൃതിക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന അധിനിവേശ സ്വഭാവം ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല. ലോകത്തിന്റെ പല ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും അലങ്കാരസസ്യമായി എത്തിച്ച ഈ ചെടി പിന്നീട് പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി ഒരുഅധിനിവേശ സസ്യമായി (Invasive Alien Species) മാറിയിരിക്കുന്നു.

മെക്‌സിക്കോ, കരീബിയന്‍ ദ്വീപുകള്‍, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ഈ സസ്യത്തിന്റെ ജന്മദേശം. പിന്നീട് അലങ്കാര ആവശ്യങ്ങള്‍ക്കായി ഈ ചെടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടു. അതിവേഗ വളര്‍ച്ച, കുറഞ്ഞ പരിപാലനം, വിവിധതരം മണ്ണുകളിലും കാലാവസ്ഥകളിലും വളരുവാനുള്ള കഴിവ് എന്നിവ കാരണം പാര്‍ക്കുകള്‍, റോഡരികുകള്‍, റിസോര്‍ട്ടുകള്‍, വീടുകളിലെ പൂന്തോട്ടങ്ങള്‍, പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി നട്ടുപിടിപ്പിക്കപ്പെട്ടു. എന്നാല്‍ കാലക്രമേണ ഈ സസ്യം ഉദ്യാനങ്ങളുടെ അതിര്‍ത്തികള്‍ക്ക് വെളിയിലേക്ക് കടന്ന് പ്രകൃതിദത്ത വനങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും നദീതീരങ്ങളിലും വ്യാപിക്കുവാന്‍ തുടങ്ങി.

Mexican Petunia
പടരുന്ന പച്ചപ്പിൽ ഇരുളുന്ന ഭൂമി
Mexican Petunia
Mexican Petunia

അറിയണം പെറ്റൂണിയ എന്ന അലങ്കാരച്ചെടിയെ

റുവെല്ലിയ സിംപ്ലക്‌സ് (Ruellia simplex) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മെക്‌സിക്കന്‍ പെറ്റൂണിയയുടെ പഴയ ശാസ്ത്രീയ നാമംറുവെല്ലിയ ബ്രിട്ടോണിയ (Ruellia brittoniana). എന്നാണ്. പേരില്‍ 'പെറ്റൂണിയ' എന്നുണ്ടെങ്കിലും യഥാര്‍ഥ പെറ്റൂണിയ (Petunia) വര്‍ഗത്തില്‍പ്പെട്ട സസ്യമല്ലിത്. അകാന്തേസീ (Acanthaceae) സസ്യകുടുംബത്തില്‍ പെടുന്ന ഈ ചെടി, അതിന്റെ മനോഹരമായ വയലറ്റ്, പര്‍പ്പിള്‍, പിങ്ക് അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള പൂക്കള്‍ക്ക് പ്രസിദ്ധമാണ്.

മെക്‌സിക്കന്‍ പെറ്റൂണിയയ്ക്ക് സാധാരണയായി അറുപത് സെന്റിമീറ്റര്‍ മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ ഉയരത്തില്‍ വളരുവാന്‍ കഴിയും. ഇലകള്‍ നീളമുള്ളതും കുന്താകൃതിയിലുള്ളതുമാണ്. മുള പോലെയുള്ള തണ്ടുകളില്‍ നിരയായി ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ക്ക് കടുംപച്ച നിറമാണ്. കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കള്‍ സാധാരണയായി ഏകദേശം രണ്ടുമുതല്‍ മൂന്ന് ഇഞ്ച് വരെ വ്യാസമുള്ളവയാണ്. പരപരാഗണത്തിലൂടെയും സ്വയം പരാഗണത്തിലൂടെയും വിത്തുകള്‍ ഉണ്ടാകുന്നു. രാവിലെ വിരിയുന്ന പൂക്കള്‍ സാധാരണയായി വൈകുന്നേരത്തോടെ കൊഴിഞ്ഞുപോകുമെങ്കിലും ഓരോ ദിവസവും പുതിയ പൂക്കള്‍ വിരിയുന്നതിനാല്‍ ചെടി എല്ലായ്‌പ്പോഴും പൂത്തുനില്‍ക്കുന്ന പ്രതീതി നല്‍കുന്നു. ഈ സവിശേഷതയാണ് ഉദ്യാനങ്ങളില്‍ ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.

വ്യാപനത്തിന്റെ വഴികള്‍

പെറ്റൂണിയയുടെ അധിനിവേശ സ്വഭാവത്തിനു കാരണം അതിന്റെ അസാധാരണമായ വ്യാപനശേഷിയാണ്. മെക്‌സിക്കന്‍ പെറ്റൂണിയയ്ക്ക് വിത്തുകളിലൂടെയും ഭൂഗര്‍ഭ കിഴങ്ങുകളിലൂടെയും തണ്ടുകളിലൂടെയും വേരിലൂടെയും അതിവേഗം വ്യാപിക്കാന്‍ കഴിയും. പരാഗണത്തിന് ബാഹ്യജീവികള്‍ ഇല്ലെങ്കിലും സ്വയം പരാഗണത്തിലൂടെ വിത്തുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വിത്തുകളിലൂടെയുള്ള പ്രജനനം ഉറപ്പാക്കുന്നു. വിത്തുകള്‍ പാകമായാല്‍ കായകള്‍ പൊട്ടി വിത്തുകള്‍ ഏതാനും മീറ്റര്‍ അകലേക്ക് ശക്തിയായി തെറിക്കുന്നു. മഴവെള്ളം, അരുവികള്‍, നദികള്‍, മനുഷ്യരുടെ തോട്ടപരിപാലന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഈ വിത്തുകള്‍ കൂടുതല്‍ ദൂരങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേയ്ക്കും എത്തുന്നു. അതോടൊപ്പം ഭൂമിക്കടിയില്‍ വളരുന്ന കിഴങ്ങുകള്‍ പുതിയ മുളകള്‍ സൃഷ്ടിക്കുന്നതിനാല്‍ ചെറിയൊരു വേരിന്റെ ഭാഗം പോലും പുതിയ ചെടിയായി വളരുവാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഒരു പ്രദേശത്ത് സ്ഥാപിതമായാല്‍ പിന്നീട് അതിനെ പൂര്‍ണമായും ഇല്ലാതാക്കുക വളരെ പ്രയാസകരമാണ്. ഗുരുതരമായ കീടങ്ങളോ രോഗ പ്രശ്‌നങ്ങളോ ഇല്ലാത്തതും ഏതു തരം മണ്ണില്‍ വളരുവാനുള്ള കഴിവും ഈ ചെടിയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും തദ്ദേശീയ സസ്യങ്ങളെ മറികടക്കുവാനും സഹായിക്കുന്നു.

ഒരു സസ്യം അധിനിവേശകാരിയാകുന്നത് വളര്‍ച്ചാവേഗം കൊണ്ടുമാത്രമല്ല; അതിന്റെ പരിസ്ഥിതിയുമായുള്ള ഇടപെടലുകളുമാണ് നിര്‍ണായകം
Mexican Petunia
Mexican Petunia

മെക്‌സിക്കന്‍ പെറ്റൂണിയയുടെ വ്യാപനത്തിന് മനുഷ്യരാണ് പ്രധാന കാരണം എന്നു തന്നെ പറയേണ്ടി വരും. പൂന്തോട്ടങ്ങളിലെ സൗന്ദര്യത്തിനായി നട്ടുപിടിപ്പിക്കുന്ന ചെടികള്‍ പിന്നീട് നിയന്ത്രണമില്ലാതെ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പലരും ചെടിയുടെ കൊമ്പുകളും വേരുകളും മറ്റിടങ്ങളിലേക്ക് മാറ്റി നട്ടുപിടിപ്പിക്കുന്നു. തോട്ടത്തിലെ മാലിന്യങ്ങള്‍ സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങളിലോ തോടുകളിലോ ഉപേക്ഷിക്കുന്നതും പുതിയ അധിനിവേശ കേന്ദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. പലപ്പോഴും അലങ്കാരച്ചെടികളോടുള്ള അമിതമായ താല്‍പര്യവും പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മതിയായ അവബോധമില്ലാത്തതും ഈ ചെടിയെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

പെറ്റൂണിയ അപകടകാരിയാകുന്നതെങ്ങനെ

മെക്‌സിക്കന്‍ പെറ്റൂണിയയുടെ ഏറ്റവും വലിയ പ്രശ്‌നം ഇടതിങ്ങി കൂട്ടങ്ങളായി വളരുന്ന അതിന്റെ സ്വഭാവമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശാലമായ പ്രദേശം മുഴുവന്‍ ഒരേയിനം ചെടികള്‍ കൊണ്ട് നിറയുന്നു. ഇതിന്റെ തണല്‍ കാരണം തദ്ദേശീയ പുല്ലുകള്‍ക്കും ചെറുസസ്യങ്ങള്‍ക്കും മുളയ്ക്കുവാനും വളരുവാനും കഴിയാതെ വരുന്നു. അതുവഴി പ്രദേശത്തെ സസ്യവൈവിധ്യം കുറയുകയും പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ ഘടന മാറുകയും പരിസ്ഥിതി സന്തുലിതാവസ്ഥയെ മാറ്റിമറിക്കുകയും ചെയ്യുന്നു. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ ചെറിയ സസ്യങ്ങള്‍ക്ക് നിര്‍ണായക പങ്കുള്ളതിനാല്‍ അവയുടെ നഷ്ടം പ്രാണികള്‍, പക്ഷികള്‍, ഉഭയജീവികള്‍, സൂക്ഷ്മജീവികള്‍ എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു.

ഒരു സസ്യം അധിനിവേശകാരിയാകുന്നത് വളര്‍ച്ചാവേഗം കൊണ്ടുമാത്രമല്ല; അതിന്റെ പരിസ്ഥിതിയുമായുള്ള ഇടപെടലുകളുമാണ് നിര്‍ണായകം. മെക്‌സിക്കന്‍ പെറ്റൂണിയ വളരുന്ന പ്രദേശങ്ങളില്‍ തദ്ദേശീയ സസ്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവയെ ആശ്രയിച്ചിരുന്ന പ്രാണികളും കീടങ്ങളും ബാധിക്കപ്പെടുന്നു. പല ദേശാടന ചിത്രശലഭങ്ങളുടെയും തേനീച്ചകളുടെയും ജീവിതചക്രം പ്രത്യേക തദ്ദേശീയ സസ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ സസ്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ പരാഗണ ജീവികളുടെ എണ്ണം കുറയാനും അതുവഴി മറ്റ് സസ്യങ്ങളുടെ പുനരുല്‍പ്പാദനം ബാധിക്കാനും സാധ്യതയുണ്ട്. ഇതിലൂടെ പ്രകൃതിയുടെ ഭക്ഷ്യശൃംഖലയിലും ആവാസവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കാം.

Mexican Petunia
മനോഹരമാണ് ഈ ഇഞ്ചിപ്പൂക്കൾ, പക്ഷേ വളർത്തുമ്പോൾ സൂക്ഷിക്കണം
Mexican Petunia
Mexican Petunia

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ സസ്യങ്ങളുടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഉയരുന്ന താപനിലയും മഴയുടെ സ്വഭാവത്തിലുള്ള മാറ്റങ്ങളും പല വിദേശസസ്യങ്ങള്‍ക്കും പുതിയ പ്രദേശങ്ങളില്‍ വളരാന്‍ അവസരം നല്‍കുന്നു. അതേസമയം കാലാവസ്ഥാ സമ്മര്‍ദ്ദം നേരിടുന്ന തദ്ദേശീയ സസ്യങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകുകയും അധിനിവേശ സസ്യങ്ങളുമായുള്ള മത്സരത്തില്‍ പിന്നാക്കം പോകുകയും ചെയ്യുന്നു. അതിനാല്‍ ഭാവിയില്‍ മെക്‌സിക്കന്‍ പെറ്റൂണിയ പോലുള്ള സസ്യങ്ങളുടെ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സസ്യം ഇന്ന് അധിനിവേശ സസ്യമായി കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ പ്രത്യേകിച്ച് ഫ്‌ലോറിഡയില്‍ ഇത് പ്രകൃതിദത്ത ആവാസവ്യവസ്ഥകളില്‍ വ്യാപിച്ചിരിക്കുന്നതായി വണ്ടര്‍ലിന്‍ & ഹാന്‍സെന്‍, 2011 അടക്കമുള്ള നിരവധി പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ലോറിഡ എക്‌സോട്ടിക് പെസ്റ്റ് പ്ലാന്റ് കൗണ്‍സില്‍ ഇതിനെ കാറ്റഗറി-1 അധിനിവേശയിനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നിരവധി പരിസ്ഥിതി സംഘടനകള്‍ ഇതിനെ അധിനിവേശ സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇതിന്റെ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സിംഗപ്പൂര്‍, ഫിജി, ഫ്രഞ്ച് പോളിനേഷ്യ, ഹവായ് അടക്കമുള്ള പസഫിക് ദ്വീപുകള്‍, തുടങ്ങിയ രാജ്യങ്ങളിലും ഇത് പ്രകൃതിദത്ത പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായും അധിനിവേശയിനമായി കണക്കാക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷീസ് ഡേറ്റാബേസ്, സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ബയോസയന്‍സ് ഇന്റര്‍നാഷണലിന്റെ ഇന്‍വേസീവ് സ്പീഷീസ് സംഗ്രഹം, എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെക്‌സിക്കന്‍ പെറ്റൂണിയ നിരവധി രാജ്യങ്ങളില്‍ പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറി തദ്ദേശീയ സസ്യങ്ങളെ മറികടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ചൂടും ഈര്‍പ്പവും സമൃദ്ധമായ മഴയും മെക്‌സിക്കന്‍ പെറ്റൂണിയയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു
Mexican Petunia
Mexican Petunia

കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലെ അപകടസാധ്യത

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥ മെക്‌സിക്കന്‍ പെറ്റൂണിയയുടെ വളര്‍ച്ചയ്ക്ക് അത്യന്തം അനുയോജ്യമായതിനാലാണ് ഈ പ്രദേശങ്ങളില്‍ ഈ സസ്യം കൂടുതല്‍ അപകടകാരിയായി മാറുന്നത്. വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ചൂടും ഈര്‍പ്പവും സമൃദ്ധമായ മഴയും മെക്‌സിക്കന്‍ പെറ്റൂണിയയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു. ശൈത്യകാലം ശക്തമല്ലാത്തതിനാല്‍ ചെടി വര്‍ഷം മുഴുവന്‍ ജീവനോടെ തുടരുകയും തുടര്‍ച്ചയായി പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ അധിനിവേശത്തിന്റെ വേഗം ശീതമേഖലാ രാജ്യങ്ങളെ അപേക്ഷിച്ച് പലമടങ്ങ് കൂടുതലാകുന്നു.

ഇന്ത്യയില്‍ മെക്‌സിക്കന്‍ പെറ്റൂണിയയുടെ വ്യാപനം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വര്‍ദ്ധിച്ചുവരികയാണ്. നഗരങ്ങളിലെ പാര്‍ക്കുകളിലും വീടുകളുടെ പൂന്തോട്ടങ്ങളിലും റോഡരികുകളിലും ലാന്‍ഡ്സ്‌കേപ്പിംഗിലും ഈ ചെടി വ്യാപകമായി നട്ടുപിടിപ്പിക്കുന്നു. കേരളം പോലെ ഉയര്‍ന്ന മഴയും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ ഇത് എളുപ്പത്തില്‍ വളരുകയും സ്വാഭാവികമായി വ്യാപിക്കുകയും ചെയ്യുന്നു. നദീതീരങ്ങളിലും കനാലുകളുടെ വശങ്ങളിലും ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിലും ഈ ചെടി സ്വയം വളരുന്നതായി നിരീക്ഷിക്കപ്പെടുന്നു.

നിയന്ത്രണവും പ്രതിരോധവും

ഈ സസ്യത്തെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല. തൈകള്‍ ആയിരിക്കുമ്പോള്‍ തന്നെ ചെടികളെ പൂര്‍ണമായി വേരോടെ പറിച്ചുനീക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. വേരിന്റെ ചെറിയ ഭാഗങ്ങള്‍ പോലും മണ്ണില്‍ അവശേഷിച്ചാല്‍ വീണ്ടും വളരാന്‍ സാധ്യതയുള്ളതിനാല്‍ പൂര്‍ണമായ നീക്കം ചെയ്യല്‍ നിര്‍ണായകമാണ്. കൈകൊണ്ട് പിഴുതുമാറ്റി മുഴുവന്‍ വേരുകളും നീക്കം ചെയ്യണം. പറിച്ചെടുത്ത ചെടികള്‍ തോട്ടത്തിന്റെ അരികില്‍ ഉപേക്ഷിക്കരുത്; അവ സുരക്ഷിതമായി ഉണക്കുകയോ ശാസ്ത്രീയമായി നശിപ്പിക്കുകയോ വേണം. കമ്പോസ്റ്റ് കൂമ്പാരത്തിലേക്ക് ജീവനുള്ള കിഴങ്ങുകള്‍ ചേര്‍ക്കുന്നതും ഒഴിവാക്കണം. ആവര്‍ത്തിച്ചുള്ള വെട്ടിമാറ്റലും തുടര്‍ച്ചയായ നിരീക്ഷണവും ആവശ്യമാണ്.

Mexican Petunia
ടെക്കോമ: മധുരമൂറുന്ന വിഷം നിറഞ്ഞ കോളാമ്പിപ്പൂക്കൾ
Mexican Petunia
Mexican Petunia

അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം പ്രതിരോധമാണ്. അധിനിവേശ സാധ്യതയുള്ള വിദേശ അലങ്കാരസസ്യങ്ങള്‍ വ്യാപകമായി നട്ടുപിടിപ്പിക്കുന്നത് ഒഴിവാക്കുകയും പകരം തദ്ദേശീയ അലങ്കാരസസ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. കേരളത്തില്‍ ലഭ്യമായ നിരവധി തദ്ദേശീയ പൂച്ചെടികള്‍ സൗന്ദര്യത്തിലും പരാഗണ ജീവികളെ ആകര്‍ഷിക്കുന്നതിലും മികച്ചവയാണ്. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഉദ്യാനങ്ങളുടെ ഭംഗി നിലനിര്‍ത്തുന്നതിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും സഹായകമാകും.

നഗരസഭകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യാനവിഭാഗങ്ങള്‍, നഴ്‌സറികള്‍ എന്നിവയ്ക്കും ഈ വിഷയത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഒരു സസ്യം വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനുമുമ്പ് അതിന്റെ അധിനിവേശ സാധ്യത ശാസ്ത്രീയമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളും ഇത്തരത്തിലുള്ള അപകടസാധ്യത വിലയിരുത്തല്‍ (Risk Assessment) സംവിധാനങ്ങള്‍ സ്വീകരിച്ചുവരുന്നു. ഇന്ത്യയിലും സംസ്ഥാനതലത്തിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

പൊതുജന അവബോധം ഈ പ്രശ്‌നത്തിന്റെ പരിഹാരത്തില്‍ നിര്‍ണായകമാണ്. മനോഹരമായ പൂക്കളുള്ള എല്ലാ വിദേശസസ്യങ്ങളും സുരക്ഷിതമാണെന്ന ധാരണ തിരുത്തേണ്ട സമയമാണിത്. പൂന്തോട്ടത്തിനായി സസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പരിസ്ഥിതി സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. അധിനിവേശ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂളുകളിലും കോളജുകളിലും പരിസ്ഥിതി ക്ലബ്ബുകളിലും ഉദ്യാനപരിപാലന പരിശീലനങ്ങളിലും ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ വലിയ മാറ്റം സൃഷ്ടിക്കും.

കേരളം ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മെക്‌സിക്കന്‍ പെറ്റൂണിയയുടെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ അധിനിവേശ സാധ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജൈവവൈവിധ്യ സംരക്ഷണം വനങ്ങളിലെ അപൂര്‍വ ജീവികളെ മാത്രം സംരക്ഷിക്കുന്നതല്ല; നമ്മുടെ വീടുകളുടെ പൂന്തോട്ടങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന സസ്യങ്ങളുടെ തിരഞ്ഞെടുപ്പും അതിന്റെ ഭാഗമാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഉദ്യാനസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭാവി തലമുറകള്‍ക്ക് സമ്പന്നമായ ജൈവവൈവിധ്യം കൈമാറാന്‍ കഴിയൂ. മെക്‌സിക്കന്‍ പെറ്റൂണിയ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്; എല്ലാ മനോഹരമായ പൂക്കളും പ്രകൃതിയുടെ സുഹൃത്തുക്കളായിരിക്കണമെന്നില്ല; ചിലത് നിശ്ശബ്ദമായി പരിസ്ഥിതിയെ കീഴടക്കുന്ന അധിനിവേശയിനമാകാം.

Summary

Mexican petunia is an aggressive evergreen shrub known for its trumpet-shaped purple flowers. Highly invasive, it rapidly overtakes natural wetlands and landscapes via creeping underground rhizomes and explosive seed pods that throw seeds up to 10–30 feet away.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com