

വലിയ പിങ്ക് പൂക്കളും നല്ല ഇലച്ചാർത്തും കൊണ്ട് പൂന്തോട്ടങ്ങൾക്ക് ആകർഷകത്വമുണ്ടാക്കുന്ന അലങ്കാര സസ്യയിനമാണ് എറ്റ്‌ലിങ്ങരേ എലറ്റിയർ (Etlingera elatior). ടോർച്ച് ജിഞ്ചർ അഥവാ ടോർച്ച് ഇഞ്ചി, ജിഞ്ചർ ഫ്ലവർ അഥവാ ഇഞ്ചിപ്പൂവ്, പോർസലൈൻ റോസ്, റെഡ് ജിഞ്ചർ ലില്ലി അഥവാ ചുവന്ന ലില്ലി ഇഞ്ചി, ബംഗ കാന്തൻ, കെകോംബ്രാംഗ്, ഫിലിപ്പൈൻ വാക്സ് ഫ്ലവർ, എന്നീ പേരുകളിൽ സാധാരണയായി അറിയപ്പെടുന്ന ഈ ചെടിയുടെ പൂമൊട്ടുകൾ മലേഷ്യൻ, ഇന്തോനേഷ്യൻ പാചകരീതികളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അലങ്കാരയിനമായും ഭക്ഷ്യാവശ്യത്തിനായും ഈ ചെടി വ്യാപകമായി കൃഷി ചെയ്യുന്നു.
ഇഞ്ചി കുടുംബമായ സിഞ്ചിബെറേസിയിലെ (Zingiberaceae) എറ്റ്‌ലിങ്ങരേ (Etlingera) ജനുസ്സിൽ പെടുന്ന സസ്യമാണ് എറ്റ്‌ലിങ്ങരേ എലറ്റിയർ. തെക്കുകിഴക്കൻ ഏഷ്യയിൽ (മലേഷ്യ മേഖല) സ്വദേശമായ ഇത്, ഭക്ഷ്യയോഗ്യമായ പിങ്ക് പൂങ്കുലകളാണ് ഇവയ്ക്കുള്ളത്. .
അതിന്റെ കണ്ണഞ്ചിപ്പിക്കുന്നതും മെഴുകുപോലുള്ളതും വിരിയാത്തതുമായ പൂമൊട്ടുകൾ കത്തിജ്വലിക്കുന്ന പന്തത്തോടു കാണിക്കുന്ന സാമ്യമാണ് ഇതിനെ ടോർച്ച് ഇഞ്ചി എന്ന് വിളിപ്പേര് കിട്ടുന്നതിന് കാരണമായത്.
പോഷകസമൃദ്ധമായ ടോർച്ച് ഇഞ്ചിക്ക് ആന്റി ഓക്‌സിഡന്റ്, ആന്റിമൈക്രോബിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ ചെടിയുടെ വ്യത്യസ്ത ഭാഗങ്ങൾ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. ഇത് സാധാരണയായി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, മുറിവ് ഉണക്കാനും, ചെവി വേദന കുറയ്ക്കാനും മറ്റും ഈ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പൂക്കളും ഇലകളും കിഴങ്ങുകളും ഫിനോൾസ്, ഫ്ലേവനോയ്ഡുകൾ, ടെർപെനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ്.
തെക്കുകിഴക്കൻ ഏഷ്യൻ പാചകരീതിയിൽ ഈ ചെടിയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഉപയോഗിക്കാറുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ഭാഗങ്ങൾ പൂമൊട്ടുകളും ഇളം തണ്ടുകളുമാണ്. പുളിയും മധുരവുമുള്ള ഇവ സാലഡ്, സൂപ്പ്, കറികൾ, തുടങ്ങിയവയിൽ ഉപയോഗിക്കുന്നു. കിഴങ്ങുകളും കറികളിൽ ഉപയോഗിക്കാറുണ്ട്.
ഭക്ഷ്യയോഗ്യമായ പഴങ്ങൾ പച്ചയായോ വേവിച്ചോ കഴിക്കാം. നല്ല പുളിരുചിയും ചെറിയ മധുരവും എരിവുമുള്ള കായ്കൾക്ക് ഇഞ്ചിയുടേയും നാരങ്ങയുടേയും എരിവും പുളിയും ഒപ്പം ചെറുമധുരവും സുഗന്ധവും ചേർന്നുള്ള മിശ്രിതം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. കറികളിലും മിഠായികളിലും സൂപ്പുകളിലും സോസുകളിലും പച്ചയോ പഴുത്തതോ ആയ കായ്കൾ ഉപയോഗിക്കുന്നു.
മൂന്നു മുതൽ ആറ് മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത കിഴങ്ങുവർഗ്ഗ സസ്യമാണ് എറ്റ്‌ലിങ്ങേര എലേറ്റിയർ. മറ്റ് ഇഞ്ചികളെപ്പോലെതന്നെ ചുരുട്ടിയ ഇലപ്പോളകളാൽ രൂപംകൊണ്ട കട്ടിയുള്ളതും ഇലകളുള്ളതുമായ 'തണ്ടു'കൾ ഇതിനുണ്ട്. ഇലകൾ വലുതും നീളമുള്ളതുമാണ്. ഈ ചെടിയുടെ വേറിട്ട സവിശേഷതകളിലൊന്ന് അതിന്റെ പൂങ്കുലയാണ്.
കിഴങ്ങിൽ നിന്ന് നേരിട്ട് ഉയർന്നുവരുന്ന ഇലകളില്ലാത്ത നീണ്ട തണ്ടുകളിൽ വളരുന്ന വലിയ പൂക്കൾ വളരെ ആകർഷകമായവയാണ്. സാധാരണയായി കടും ചുവപ്പ്, പിങ്ക് അല്ലെങ്കിൽ ഇടയ്ക്കിടെ വെളുത്ത നിറമുള്ള ഇല ( സഹപത്രം, ബ്രാക്ട്) യോട് ചേർന്നാണ് അവയുടെ ചെറിയ പൂക്കൾ കാണാൻ കഴിയുക. പച്ച, ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള കോൺ ആകൃതിയിലുള്ള ബെറികൾ അഥവാ സരസഫലങ്ങളുടെ മാംസളമായ ഭാഗത്ത് ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.
ഭൂഗർഭ കിഴങ്ങുകളിലൂടെ ഈ ചെടി വളരുകയും ചുറ്റുപാടും വ്യാപിക്കുകയും ഇടതൂർന്ന കാടുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത് കിഴങ്ങുകളിൽ നിന്നും വിത്തുകൾ വഴിയും പുനരുൽപ്പാദനം നടത്തുന്നു. ഇതിന്റെ ദ്രുത വളർച്ചാ നിരക്കും ഭൂഗർഭ കിഴങ്ങു ശകലങ്ങളിൽ നിന്ന് പുനരുജ്ജീവിക്കാനുള്ള കഴിവും അനുയോജ്യമായ ആവാസ വ്യവസ്ഥകളിൽ വേഗം വ്യാപിക്കുവാൻ കാരണമാകുന്നു. നന്നായി മഴലഭിക്കുന്നതും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലാണ് ഇത് വളരുന്നത്. ഭാഗികമായ തണലാണ് ഈ ചെടിക്ക് അഭികാമ്യം.
എറ്റ്‌ലിങ്ങേര എലറ്റിയർ ഉഷ്ണമേഖലാ പരിതസ്ഥിതികൾ, പ്രത്യേകിച്ച് ഈർപ്പമുള്ള വനങ്ങൾ, നദീതീരങ്ങൾ,അസ്വസ്ഥമായ പ്രദേശങ്ങൾ എന്നിവയുമായി നന്നായി പൊരുത്തപ്പെടുന്നു. ഫലഭൂയിഷ്ഠവും നല്ല നീർവാർച്ചയുള്ളതുമായ മണ്ണിലാണ് ഇത് നന്നായി വളരുന്നതെങ്കിലും വിവിധതരം മണ്ണുമായി പൊരുത്തപ്പെടുവാനും വളരുവാനും ഇതിനു കഴിയും.
ഈ ചെടിയുടെ ഇടതൂർന്ന ഇലകൾ സൂര്യപ്രകാശത്തെ തടയുകയും അടിക്കാടുകളെ ക്രമേണ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് സൂക്ഷ്മ ആവാസ വ്യവസ്ഥകളെ സ്വാധീനിക്കുന്നു. ഇതിന്റെ പൂക്കൾ തേനീച്ചകൾ, പക്ഷികൾ തുടങ്ങിയ പരാഗണകാരികളെ ആകർഷിക്കുന്നു. മാംസളമായ പഴങ്ങളിൽ ആകർഷിക്കപ്പെടുന്ന മൃഗങ്ങൾ വഴി വിത്തുവിതരണവും നടക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ നട്ടുപിടിപ്പിക്കുന്ന പ്രദേശങ്ങളിൽ ഇത് സ്വാഭാവികമായി മാറുന്നു.
ചുരുക്കത്തിൽ, ടോർച്ച് ഇഞ്ചിയുടെ സവിശേഷതകളായ അതിന്റെ വേഗത്തിലുള്ള വളർച്ച, ഇടതൂർന്ന ഇലച്ചാർത്ത്, ഭൂഗർഭ കിഴങ്ങുകളിലൂടെയും വിത്തുകളിലൂടെയുമുള്ള വ്യാപനം, ഭംഗിയുള്ള പൂങ്കുലകൾ, ഈർപ്പമുള്ള ഉഷ്ണമേഖലാ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടൽ, ഭക്ഷ്യയോഗ്യത,എന്നിവയെല്ലാം അതിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഏത് പ്രദേശത്തും ഇത് ഇത് സ്വാഭാവികമായി വളരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
ടോർച്ച് ഇഞ്ചി ഭൂഗർഭ കിഴങ്ങുകൾ വഴി ദ്രുതഗതിയിൽ വ്യാപിക്കുന്നു. ദ്രുതഗതിയിലുള്ള വളർച്ചയും ഇതിനു സഹായകമാകുന്നു. തണലുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിൽ ഇത് നന്നായി വളരുന്നു. ഇത് ദുർബലമായതോ അസ്വസ്ഥമായതോ ആയ ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വേഗത്തിൽ വ്യാപിക്കുന്നു.
ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ വലിയ ഇലകൾ പ്രകാശ ലഭ്യത പരിമിതപ്പെടുത്തുകയും അടിയിലുള്ള ചെടികളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിന്റെ കിഴങ്ങുകളും വേരുകളും മറ്റുള്ള തദ്ദേശീയ സസ്യങ്ങൾ മുളയ്ക്കുന്നതിനെ തടയുകയും ചെയ്യുന്നു. പോഷകങ്ങൾക്കും മണ്ണിന്റെ ഈർപ്പത്തിനും വേണ്ടി തദ്ദേശീയ സസ്യജാലങ്ങളുമായി മത്സരിച്ച് അവയുടെ വളർച്ച തടഞ്ഞ് ഇടതൂർന്ന കാടുകൾ സൃഷ്ടിക്കുന്നു.
ഏത് ആവാസ വ്യവസ്ഥകളോടും അനുകൂലമായി പ്രതികരിച്ച് വളരാനുള്ള ശേഷി അതിനുള്ളതിനാൽ തന്നെ കൃഷിയിടങ്ങളിൽനിന്ന് പുറത്തേക്ക് വ്യാപിക്കാനും കഴിയും.
പൂക്കളുടെ ഭംഗി കണ്ട് ഈ ചെടി നട്ടുപിടിപ്പിച്ച പലരും ഇന്ന് അതിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണ്. അധ്യാപികയും ചെടികൾ നട്ടുപിടിപ്പിക്കുന്നതിൽ തൽപ്പരയുമായ ഡോളി മാത്യു ഇതേക്കുറിച്ച് സ്വന്തം അനുഭവം പങ്കുവച്ചത് ഇങ്ങനെയാണ്. “പൂക്കളുടെ ഭംഗി കണ്ട് പൂന്തോട്ടത്തിന്റെ ഒരു ഭാഗത്തു നട്ടുപിടിപ്പിച്ച ഈ ചെടി, പുതിയ തൈകൾ ധാരാളമായി ഉണ്ടായി ആ പ്രദേശമാകെ വ്യാപിച്ചു. ഒരു സ്ഥലത്ത് നട്ടാൽ അതു അവിടെനിന്ന് വീണ്ടും വീണ്ടും മുളപൊട്ടി തൈകളുണ്ടായി വ്യാപിച്ചു കാടു പോലെയാകും. മറ്റുള്ള ചെടികൾക്ക് സ്ഥലം നഷ്ടമാകും. അതുകൊണ്ട് ഇപ്പോൾ അതു പറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു.”
ഈ ചെടിയുണ്ടാക്കുന്ന അപകടത്തെ കുറിച്ച് വിരൽ ചൂണ്ടുന്നതാണ് ഡോളിയുടെ വാക്കുകൾ.
ഇവയുടെ ശക്തമായ പ്രത്യുൽപാദന ശേഷി മാത്രമല്ല, അവയെ ബാധിക്കുന്ന സ്വാഭാവികകീടങ്ങളോ അതിനെ ആക്രമിക്കുന്ന മറ്റ് ജീവികളോ മൃഗങ്ങളോ ഇല്ലാത്ത ആവാസവ്യവസ്ഥകൾ, ഈ സസ്യങ്ങൾക്ക് ആക്രമണകാരികളായി വളരുവാൻ വഴിയൊരുക്കുന്നു. ഇഞ്ചി വർഗ്ഗത്തിന്റെ പ്രത്യേകതയായ സുഗന്ധമുള്ള കിഴങ്ങുകളുടേയും ഇലകളുടേയും രാസപ്രതിരോധം കീടങ്ങളെ അകറ്റിനിർത്തുകയും ചെയ്യുന്നു.
ഈ ചെടി നട്ടുപിടിപ്പിച്ച പല സ്ഥലങ്ങളിലും അതു സ്വാഭാവികമാകുകയും ഏകവിള കൃഷിയുണ്ടാക്കുന്ന ആഘാതങ്ങൾ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ കട്ടിയുള്ള ബയോമാസ്സ് മറ്റുള്ള ചെടികൾ വളരുന്നതിനെ തടയുകയും മണ്ണിന്റെ പോഷകചക്രത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അതുവഴി തദ്ദേശീയ സസ്യ വൈവിധ്യത്തേയും അവയെ ആശ്രയിക്കുന്ന ജന്തുജാലങ്ങളെയും ബാധിക്കുകയും ആവാസവ്യവസ്ഥയുടെ ഘടനയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു.
എറ്റ്‌ലിങ്ങേര എലറ്റിയർ അഥവാ ടോർച്ച് ഇഞ്ചി, തെക്കുകിഴക്കൻ ഏഷ്യയിൽ പ്രത്യേകിച്ച് മലേഷ്യ, ഇന്തോനേഷ്യയിലെ ബോർണിയോ, ജാവ, സുമാത്ര, സുലവേസി, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു നിത്യഹരിത സസ്യമാണ്. ഈ പ്രദേശങ്ങൾക്കും പുറത്ത് അധിനിവേശ സസ്യമായി ടോർച്ച് ഇഞ്ചിയെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹവായ്, കോസ്റ്റാറിക്ക, ചൈന, പ്യൂർട്ടോ റിക്കോ തുടങ്ങിയ പ്രദേശങ്ങളിൽ ഇത് വളരെ പ്രശ്നകാരിയായി കണക്കാക്കപ്പെടുന്നു. കോസ്റ്റാറിക്കയിൽ, പ്രത്യേകിച്ച് ആർദ്ര വനങ്ങളിൽ ആക്രമണകാരിയായും പ്രാദേശിക ജൈവവൈവിധ്യത്തിന് ഭീഷണിയായും കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ ഹവായിലും ചൈനയിലും ഇപ്പോൾ ഈ ചെടി വ്യാപകമായിരിക്കുന്നു.
ടോർച്ച് ഇഞ്ചിയുടെ പരിപാലനം വളരെ പ്രധാനമാണ്. ഭൂഗർഭക്കിഴങ്ങുകൾ നീക്കം ചെയ്യേണ്ടതും വിത്ത് വ്യാപനം തടയേണ്ടതും പൂന്തോട്ടങ്ങളിൽ നിന്നു മറ്റുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കാതെ നോക്കേണ്ടതും നീക്കം ചെയ്ത കിഴങ്ങുകൾ കൃത്യമായി സംസ്കരിക്കേണ്ടതും അനിവാര്യമാണ്. കേരളം പോലുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വനാതിർത്തികൾക്കും തണ്ണീർത്തടങ്ങൾക്കും സമീപം, അനിയന്ത്രിതമായ വ്യാപനം ഒഴിവാക്കാൻ നേരത്തെയുള്ള കണ്ടെത്തലും ഇടയ്ക്കിടെയുള്ള നിയന്ത്രണ മാർഗ്ഗങ്ങളും വളരെ പ്രധാനമാണ്.
150 മുതൽ 200-ലധികം ഇനങ്ങൾ ഉൾപ്പെടുന്ന എറ്റ്‌ലിങ്ങേര ജനുസ്സിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രാഥമിക ഇനമായി എറ്റ്‌ലിങ്ങേര എലേറ്റിയറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനോടൊപ്പം എറ്റ്‌ലിങ്ങേര ഫുൾജെൻസ് (Etlingera fulgens), എറ്റ്‌ലിങ്ങേര ഹെമിസ്ഫെറിക്ക (Etlingera hemisphaerica), തുടങ്ങിയ സ്പീഷീസുകളും ഉൾപ്പെടുന്നു. പല എറ്റ്‌ലിങ്ങേര ഇനങ്ങളെയും അലങ്കാര സസ്യങ്ങളായോ പാചക, ഔഷധ ആവശ്യങ്ങൾക്കായോ വിലമതിക്കുന്നുണ്ടെങ്കിലും, ചിലത് അവയുടെ ജന്മദേശത്തിന് പുറത്ത്, പ്രത്യേകിച്ച് ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, ആക്രമണകാരിയാകുവാൻ സാധ്യതയുള്ള സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നു. ഇവയൊക്കെ നട്ടുപിടിപ്പിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇപ്പോൾ സ്വാഭാവികമായി മാറിക്കൊണ്ടിരിക്കുന്നു.
കേരളത്തിലും അലങ്കാരസസ്യമായി ഈ ചെടി മാറിക്കൊണ്ടിരിക്കുന്നു. നഴ്സറികളും ഓൺലൈൻ വ്യാപാരികളും ഈ ചെടി വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, അതിന്റെ ദ്രുത വളർച്ചയും നിയന്ത്രിച്ചില്ലെങ്കിൽ തദ്ദേശീയ ജൈവവൈവിധ്യത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവും ഈ സസ്യത്തെ അപകടസാധ്യതയുള്ള അലങ്കാര സസ്യമാക്കി മാറ്റുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates