Explainer|പൊലീസ് കസ്റ്റഡിയും ജുഡീഷ്യല്‍ കസ്റ്റഡിയും ഒന്നാണോ? നിയമപരമായി എന്താണ് വ്യത്യാസം?
എന്താണ് പൊലീസ് കസ്റ്റഡി?
പൊലീസ് കസ്റ്റഡി എന്നത് ഒരു പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന വ്യക്തിയെയോ കുറ്റാരോപിതനെയോ ശാരീരികമായി കസ്റ്റഡിയില്‍ വെയ്ക്കുന്നതാണ്. ഇത് സാധാരണയായി ഒരു അറസ്റ്റോടെ ആരംഭിച്ച് വ്യക്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൈമാറുമ്പോഴോ വിട്ടയക്കുമ്പോഴോ അവസാനിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും പൊലീസിനു സാധിക്കും. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്.
പൊലീസ് കസ്റ്റഡിയുടെ പരമാവധി സമയപരിധി 24 മണിക്കൂര്‍ ആണ്, പക്ഷേ കോടതിയുടെ അനുമതിയോടെ 15 ദിവസം വരെ നീട്ടാം.
ഇനി ജുഡീഷ്യല്‍ കസ്റ്റഡി എന്തെന്ന് നോക്കാം
ചുരുക്കി പറഞ്ഞാല്‍, കോടതി മേല്‍നോട്ടത്തില്‍ പ്രതിയെ സൂക്ഷിക്കുക, പിന്നെ പൊലീസിനു യാതൊരു നിയന്ത്രണവും ഇല്ല.
റിമാന്‍ഡ് റിപ്പോര്‍ട്ടും ആരോപണ വിധേയരുടെ ഭാഗവും കേട്ട്, ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വിടുന്നത് മജിസ്ട്രേറ്റിന്റെ അധികാരത്തില്‍പെടുന്നതാണ്. വധശിക്ഷ, ജീവപര്യന്തം തടവ്, അല്ലെങ്കില്‍ 10 വര്‍ഷത്തിനു മുകളില്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍, പ്രതിയെ 90 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാം. മറിച്ചാണെങ്കില്‍, ജുഡീഷ്യല്‍ കസ്റ്റഡി 60 ദിവസത്തില്‍ കൂടുതല്‍ നീട്ടരുത്. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഒരു വ്യക്തി ചെയ്തതെങ്കില്‍ സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ തന്നെ ജാമ്യത്തിന് അയാള്‍ക്ക് അവകാശമുണ്ട്.
പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍, 24 മണിക്കൂറിനുള്ളില്‍ അവര്‍ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതിയെ ജയിലിലേക്ക് അയക്കണോ, അതോ പൊലീസ് കസ്റ്റഡിയില്‍ കൂടുതല്‍ അന്വേഷണത്തിനായി വിടണോ എന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തീരുമാനിക്കും.
police custody and judicial custody, what is the difference?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

