ഹാപ്പി ന്യൂ ഇയര്‍!, ഓര്‍മ്മയെ വലിച്ചിഴയ്ക്കാതെ നമ്മള്‍ മുന്നോട്ട് പോകുന്നു
1995ല്‍ ആണെന്ന് തോന്നുന്നു. ജനുവരി ഒന്നിന്, അശോക് റോഡിലെ, അന്നു രാജ്യസഭാംഗം ആയിരുന്ന കോണ്‍ഗ്രസ് നേതാവ് അജിത് ജോഗിയുടെ വീട്ടില്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചിരുന്നു ന്യൂ ഇയര്‍ ആഘോഷിക്കുകയിരുന്നു. പുതുവര്‍ഷം ശബ്ദമില്ലാത്ത വാതില്‍ തുറക്കുന്ന പോലെ അകത്തു കയറുകയായിരുന്നു. ജോഗിയുടെ കൈയില്‍ ബിയര്‍; എന്റെ മുന്നില്‍ വിസ്‌കി. അന്ന് രാഷ്ട്രീയക്കാരനും പത്രപ്രവര്‍ത്തകനും ഒരുമിച്ചു കുടിക്കാന്‍ ഭയപ്പെടേണ്ട കാലമല്ലായിരുന്നു. അധികാരത്തിന്റെ മുറികളില്‍ പോലും മനുഷ്യര്‍ മനുഷ്യരായി ശേഷിച്ചിരുന്ന ഒരു കാലം.
അജിത് ജോഗി റായ്പുര്‍ ജില്ലയിലെ കലക്ടര്‍ ആയിരുന്നു. തന്നെ സ്വീകരിക്കാന്‍ എത്തിയ, താഴ്ന്ന ശബ്ദവും സുഖമുള്ള മുഖഭാവവും ഉള്ള ഉദ്യോഗസ്ഥനെ രാജീവ് ഗാന്ധിക്ക് ഇഷ്ടപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന അര്‍ജുന്‍ സിങ് ആണ് ജോഗിയെ രാജീവിനു പരിചപ്പെടുത്തിയത്. അങ്ങനെ ബ്യൂറോക്രസിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഒരു വഴിത്തിരിവ്. കോണ്‍ഗ്രസിലേക്ക് പ്രവേശനം. രാജ്യസഭാ സീറ്റ്. പക്ഷേ രാഷ്ട്രീയത്തില്‍ ഉയരാന്‍ ഒരു കൈ മാത്രം മതിയാവില്ല. നിലനില്‍ക്കാന്‍ ഒരു തണല്‍ വേണം. ഒരു ഗുരു, ഒരു രക്ഷാധികാരി. അതായിരുന്നു അര്‍ജുന്‍ സിങ്.
മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ആഴങ്ങളില്‍ ശക്തമായ ഒഴുക്കുകള്‍ ഉണ്ടായിരുന്നു. അര്‍ജുന്‍ സിങ് വലിയ ഗുണങ്ങളുള്ള മനുഷ്യന്‍. പക്ഷേ, ഗുണങ്ങള്‍ മാത്രം രാഷ്ട്രീയത്തില്‍ മതിയാകില്ല. ലാഭമില്ലാതെ സഹായം ചെയ്യുന്ന ഒരാള്‍. ജോഗിക്ക് സഹായം വേണമായിരുന്നു. പുനര്‍നാമനിര്‍ദ്ദേശത്തിന്റെ ഒരു ചെറു സൂചന, ഒരു നിശ്ശബ്ദ ഉറപ്പ്. അത് വന്നില്ല. അര്‍ജുന്‍ സിങ്ങിന് അതന്ന് കഴിയുമായിരുന്നില്ല. ജോഗി ഒരു സിപ് എടുത്തു എന്നോട് പറഞ്ഞു: ''ഇത് ഏതൊരു പുതുവര്‍ഷവും പോലെയല്ല. ഇത് എന്റെ കണക്കെടുപ്പിന്റെ പുതുവര്‍ഷമാണ്.'' എന്നോട് പറഞ്ഞതോ സ്വയം ഓര്‍ത്തതോ എന്നെനിക്ക് ബോധ്യമായിരുന്നില്ല. വര്‍ഷങ്ങള്‍ കടന്നു. സംസ്ഥാനങ്ങള്‍ പിളര്‍ന്നു. ഛത്തീസ്ഗഢ് ജനിച്ചു. ജോഗി മുഖ്യമന്ത്രിയായി. അവസാനമായി ഞാന്‍ അദ്ദേഹത്തെ കണ്ടത് എന്റെ വീട്ടിലെ ഒരു പാര്‍ട്ടിയിലായിരുന്നു. കൈയില്‍ വീണ്ടും ബിയര്‍. ശരീരം ക്ഷീണിച്ചിരുന്നു. പക്ഷേ ഇച്ഛാശക്തിക്കു ക്ഷീണമൊന്നുമില്ല. അദ്ദേഹത്തെ മുന്നോട്ട് നയിച്ചത് അതായിരുന്നു. ഒരു മനുഷ്യന്റെ ജീവിതം ചിലപ്പോള്‍ കലണ്ടറിലെ ഒരു ദിവസം കൊണ്ട് ദിശ മാറുന്നുവെന്നു നമ്മള്‍ പിന്നീടാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ, പുതുവര്‍ഷത്തെ ഉറപ്പിച്ച് പിടിക്കുന്നത് പ്രധാനമാണ്.
ഇന്ന് ആ കൊച്ചു രാഷ്ട്രീയ നാടകത്തിലെ ആരും ഇല്ല. ടെലിവിഷന്‍ ഭ്രാന്തിന്റെ പുതിയ കാലത്ത് ഇന്ത്യയില്‍ ഓരോ പുതുവര്‍ഷവും കൊടുങ്കാറ്റുപോലെ വരുന്നു, പോകുമ്പോള്‍ പിന്നില്‍ ഒരു നാശപ്പട്ടിക ഇട്ടുപോകുന്നു. പക്ഷേ ആ പട്ടിക പൂര്‍ണമായി വായിക്കാന്‍ നമ്മള്‍ ഒരുമ്പെടാറില്ല. ഈ വര്‍ഷം അതില്‍ കൂടുതല്‍ ഭാരമുണ്ട്. ദുഃഖം ഒരിടച്ചു മാത്രമായി ഒതുങ്ങിയില്ല, പകരം, എല്ലായിടത്തുമായി ചിതറി. സംഭാഷണങ്ങളിലും രാഷ്ട്രീയത്തിലും പ്രതീക്ഷയിലും പോലും അതിന്റെ ക്ഷീണമുണ്ട്.
ഹിംസ വന്നു, ശ്രദ്ധയുടെ വിളക്കില്‍ നിമിഷം തെളിഞ്ഞു, പിന്നെ മറഞ്ഞു. സ്ഥാപനങ്ങള്‍ സംശയത്തിന്റെ കീഴില്‍ ഞെരുങ്ങി. കാലാവസ്ഥ മുന്നറിയിപ്പില്ലാതെ ശിക്ഷിച്ചു. ജനാധിപത്യം അല്പം ഭാരമേറിയ ശ്വാസം എടുക്കുന്നതുപോലെ തോന്നി. പക്ഷേ ഇതെല്ലാം മാത്രമായിരുന്നെങ്കില്‍ ഇന്ത്യ ഇന്ത്യയായിരിക്കില്ലായിരുന്നു.
വര്‍ഷം തുടങ്ങിയത് പരിചിതമായ ഒരു വാര്‍ത്തയോടെയാണ്. ബിജാപൂരില്‍ ഒരു ഐഇഡി. സുരക്ഷാസേനാംഗങ്ങളുടെ മരണം. മുര്‍ഷിദാബാദ് കത്തിപ്പൊള്ളിയത് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍. വീടുകള്‍ കത്തിച്ചു, ജീവന്‍ നഷ്ടപ്പെട്ടു, ഇന്റര്‍നെറ്റ് മുറിച്ചു, നിശ്ശബ്ദത കൊണ്ട് സമാധാനം തിരിച്ചു കൊണ്ടുവരാമെന്ന വ്യാമോഹം പോലെ. ഉഷ്ണതരംഗങ്ങള്‍ ശബ്ദമില്ലാതെ കൊന്നു. പിന്നാലെ വെള്ളപ്പൊക്കം, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കിയ ഭാവി കൊല്‍ക്കത്തയെ ഒരു നിമിഷം കൊണ്ട് മുക്കി. അതിര്‍ത്തിക്കപ്പുറം ബംഗ്ലാദേശിലെ അശാന്തി, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും കുടിയേറ്റവും തിരിച്ചറിയലും എന്ന ആശങ്കകള്‍. നാട്ടില്‍ തെരഞ്ഞെടുപ്പുകള്‍, ''വോട്ട് ചോരി'' ആരോപണങ്ങള്‍, കോടതിവഴക്കുകള്‍, അതിലും അപകടകരമായ ഒരു ക്ഷയം- സംശയം. ആധുനിക രാഷ്ട്രീയത്തിന്റെ അളവുകോലില്‍ ഇത് ഒരു മുറിവേറ്റ വര്‍ഷമായിരുന്നു. ജനാധിപത്യം പലപ്പോഴും നാടകീയമായി വീഴുന്നില്ല; അവ ചുരുങ്ങുന്നു; അവിശ്വാസം കൊണ്ടും ക്ഷീണം കൊണ്ടും പതിവായ കോപം കൊണ്ടും. ഇന്ത്യയില്‍ ഈ വര്‍ഷം അങ്ങനെ ഒരു ചുരുങ്ങല്‍ അനുഭവപ്പെട്ടു. എന്നിട്ടും ഇന്ത്യ പൊളിഞ്ഞില്ല.
അതിന് കാരണം സമ്പദ്വ്യവസ്ഥയോ ഭരണഘടനയോ മാത്രം അല്ല. അതിന് താഴെ, അതിനേക്കാള്‍ പഴക്കമുള്ള ഒരു ബോധമുണ്ട്: മാറ്റത്തോടുള്ള ഒരു സിവിലിസേഷണല്‍ സൗഹൃദം. പാശ്ചാത്യ ചിന്തയില്‍ സമയം പലപ്പോഴും ഒരു നേരായ രേഖയാണ്. പക്ഷേ ഇവിടെ സമയം ഒരു വൃത്തമാണ്. സൃഷ്ടി, സംരക്ഷണം, ലയം എല്ലാം പരാജയങ്ങളല്ല; താളങ്ങളാണ്. യുഗങ്ങള്‍ തിരിയുന്നു. ഒന്നും അന്തിമമല്ല. ഇത് വിധിവാദമല്ല. ഇത് ദൂരദര്‍ശിത്വമാണ്.
യുദ്ധഭൂമിയുടെ നടുവില്‍ എഴുതപ്പെട്ട ഗീത, അര്‍ജുനനോട് നഷ്ടമില്ലാത്ത വിജയം വാഗ്ദാനം ചെയ്യുന്നില്ല. നഷ്ടത്തിനിടയിലും അര്‍ത്ഥം നല്‍കുകയാണ്. കൃഷ്ണന്‍ ദുഃഖം നിഷേധിക്കുന്നില്ല; അതിനെ വലിയ ഒരു തുടര്‍ച്ചയില്‍ സ്ഥാപിക്കുന്നു. ഫലം ഉറപ്പില്ലെങ്കിലും കര്‍മ്മം ചെയ്യണം. ജീവിതം തന്നെയാണ് ആ ഒഴുക്ക്. ആ ദാര്‍ശനിക സ്വഭാവം, അറിയാതെ നമ്മള്‍ ഉള്‍ക്കൊണ്ടത് ഇന്ത്യയെ പല അടികളും സഹിക്കാന്‍ പഠിപ്പിച്ചു.
ഈ വര്‍ഷം സാധാരണ ഇന്ത്യ അത് നിശ്ശബ്ദമായി കാണിച്ചു. ട്രെയിനുകള്‍ ഓടി. ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും നിറഞ്ഞു. ചൂടിനിടയില്‍ കല്യാണങ്ങള്‍ നടന്നു. വെള്ളപ്പൊക്കത്തിനിടയില്‍ കുട്ടികള്‍ പഠിച്ചു. കര്‍ഷകര്‍ പ്രതിഷേധിച്ചു, വോട്ട് ചെയ്തു, വഴിമാറി. കലാകാരന്മാര്‍ സൃഷ്ടിച്ചു. സംരംഭകര്‍ പണിതു. നഴ്സുമാര്‍ ഇരട്ട ഷിഫ്റ്റ് ചെയ്തു. ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവിതം രാജ്യത്തിന്റെ ഉത്കണ്ഠകള്‍ക്ക് വേണ്ടി നില്‍ക്കില്ല; അവയുടെ ചുറ്റും ഒഴുകി.
രാഷ്ട്രീയവും ആ തുടര്‍ച്ചയുടെ സാക്ഷ്യം പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടന്നത് പങ്കാളിത്തത്തിന് ഇന്നും വിലയുണ്ടെന്നതിനാലാണ്. ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നത് വോട്ടിലുള്ള വിശ്വാസം മരിച്ചിട്ടില്ലാത്തതിനാലാണ്. ഇന്ത്യയില്‍ പ്രതിഷേധം, അതിന്റെ കോപത്തോടെയെങ്കിലും, സിസ്റ്റം കേള്‍ക്കും എന്ന വിശ്വാസത്തിന്റെ അടയാളമാണ്.
അതുകൊണ്ടുതന്നെ, പുതുവര്‍ഷം ആഘോഷിക്കുന്നത് ഒളിച്ചോട്ടമല്ല. അത് കാലത്തോടുള്ള പൊരുത്തമാണ്. ഹിന്ദു സങ്കല്‍പ്പത്തില്‍ ഒരു വര്‍ഷത്തിന്റെ അവസാനം ഒരു ചരമക്കുറിപ്പല്ല. അത് ഒരു സംസ്‌കാരം, ഒരു കടവ്. അര്‍ദ്ധരാത്രി ദുഃഖത്തിന്റെ മായ്ച്ചുകളയലല്ല; ചക്രത്തിന്റെ തിരിഞ്ഞുപോകലാണ്. ഓര്‍മ്മയെ വലിച്ചിഴയ്ക്കാതെ, അത് കൈയില്‍ പിടിച്ച് നമ്മള്‍ മുന്നോട്ട് പോകുന്നു. ആഘോഷം ഇവിടെ ചിരിച്ചലിയിക്കുന്ന ലഘുതയല്ല; അത് ദാര്‍ശനിക സമ്മതമാണ്. ഇതും കഴിഞ്ഞു; അതിനാല്‍ മറ്റൊന്നും വരും. ഒരു മോശം വര്‍ഷം സ്ഥിരമായ തകര്‍ച്ചയുടെ സൂചനയാണെന്ന ആധുനിക നിരാശയ്ക്കെതിരെ ഇന്ത്യയുടെ ആന്തരിക സ്വഭാവം നിലകൊള്ളുന്നു. സാമ്രാജ്യങ്ങള്‍ വീണു, മഹാമാരികള്‍ വന്നു, ക്ഷാമങ്ങള്‍ പടര്‍ന്നു, ആശയങ്ങള്‍ മരിച്ചു എന്നിട്ടും എന്തോ അവശേഷിച്ചു. ഉപനിഷത്തുകള്‍ ആത്മാവിനെ അഗ്‌നിയും ജലവും സ്പര്‍ശിക്കാത്തതായി പറയുന്നു. ആ ഉപമ രാജ്യത്തിനും ബാധകമാണ്. വേദന ഒഴിവാക്കിയല്ല, വേദനയെ മുഴുവന്‍ ആകാന്‍ അനുവദിക്കാതെയാണ് നിലനില്‍പ്പ്.
അതെ, ഈ വര്‍ഷം ഇന്ത്യയെ പരീക്ഷിച്ചു. വിള്ളലുകള്‍ തുറന്നു കാട്ടി. സംവിധാനങ്ങളുടെ നിസ്സാരത ഓര്‍മ്മിപ്പിച്ചു. പക്ഷേ അതോടൊപ്പം ഒരു സ്ഥിരതയും വെളിപ്പെടുത്തി; ആത്മാവിനെ വിട്ടുകൊടുക്കാതെ ആഘാതം സഹിക്കാന്‍ കഴിയുന്ന ഒരു സമൂഹം. ഇന്ത്യ വളഞ്ഞു, പക്ഷേ അകത്തെ തുടര്‍ച്ച പൊട്ടിയില്ല. അതിനാല്‍, അര്‍ദ്ധരാത്രിയില്‍ ഘടികാരം തിരിയുമ്പോള്‍, ഒരു ഗ്ലാസ് ഉയര്‍ത്തുന്നത് ആഡംബരമല്ല. അത് ഒരു ശാന്തമായ, പുരാതനമായ പ്രഖ്യാപനമാണ്. കാലം നമ്മളെക്കാള്‍ വലിയതാണ്; നിരാശയേക്കാള്‍ ദയാലുവാണ്. ഇന്ത്യ ഈ വര്‍ഷം മുറിവേറ്റിരിക്കാം. പക്ഷേ അത് ശ്വസിക്കുന്നു, ഓര്‍മ്മിക്കുന്നു, മുന്നോട്ട് നീങ്ങുന്നു എപ്പോഴും ചെയ്തതുപോലെ.
അജിത്ത് ജോഗി, താങ്കള്‍ എവിടെയായാലും, ഒരു ചെയേഴ്‌സ് പറയട്ടെ. കടന്നു പോയ ഒരു കാലഘട്ടത്തിന്റെ സമയ രാശിയില്‍ ഇന്നും താങ്കളുടെ പാഠം ഞാന്‍ ഓര്‍ക്കുന്നു. അറിയുന്ന, എല്ലാ വര്‍ഷവും ഇന്ത്യയുടെ കണക്കെടുപ്പിന്റെ പുതുവര്‍ഷമാണ്. ഹാപ്പി ന്യൂ ഇയര്‍!
Ravi Shankar writes about New Year celebration
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

