The power politics of male consciousness, examples from Gauriamma to Nafeesathu Beevi
ഗൗരിയമ്മമാർ ഭരിക്കാതെ പോയ കേരളംSamakalika Malayalam

"പെണ്ണുങ്ങളെ തഴയാന്‍ ആണുങ്ങള്‍ ഒറ്റക്കെട്ടാണ്"; ബീവിയുടെ വാക്കു തിരുത്താത്ത തെരഞ്ഞെടുപ്പു കഥകള്‍

വളരെ ചുരുക്കം വനിതാ നേതാക്കള്‍ക്കാണ് രാഷ്ട്രീയകേരളം ഇടമൊരുക്കിയിട്ടുള്ളത്. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ആണ്‍ അധികാരബോധത്തിനു കുറുകെ ധീരതയുടെ പാലമിട്ടു കയറിചെന്നവരാണ് അവരോരോരുത്തരും. അധികാരവ്യവസ്ഥ മാറ്റമില്ലാതെ തുടരുമ്പോഴും വീണ്ടും വീണ്ടും ആ കളത്തിലേക്കിറങ്ങാന്‍, രാഷ്ട്രീയം പുരുഷവേഷമല്ലെന്ന് ഉറക്കെപ്പറയാന്‍ ഊര്‍ജ്ജമാകുന്നത് അവരുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ്.
Published on

സെലിബ്രിറ്റി പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സര്‍വ്വസാധാരണമാണ്. സിനിമാതാരങ്ങള്‍ മുതല്‍ രാഷ്ട്രീയനേതാക്കളും എഴുത്തുകാരുംവരെ അതില്‍പ്പെടും. എന്നാല്‍ സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയും എം.ജി.ആറും പരസ്പരം പോരടിച്ച പ്രചാരണം കേരളത്തില്‍ നടന്നിട്ടുണ്ട്. 1958ല്‍. കേരളം ആദ്യമായി ഉപതെരഞ്ഞെടുപ്പു നേരിട്ട കാലം. അതും പോരാട്ടവീര്യംകൊണ്ടു ചുവന്നിരുന്ന ദേവികുളത്തിന്റെ മണ്ണില്‍. അന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.കെ. നായര്‍ക്കുവേണ്ടി കളത്തിലിറങ്ങിയതു സാക്ഷാല്‍ ഇന്ദിരാ ഗാന്ധി. വൈകാതെ തമിഴ്നാട് ( അന്ന് മദ്രസാണ് ) മുഖ്യമന്ത്രി കെ കാമരാജും കോണ്‍ഗ്രസ്സിനായിത്തന്നെ രംഗത്തെത്തി. പക്ഷെ അതിലൊന്നും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് യാതൊരു കൂസലുമുണ്ടായില്ല. അവര്‍ ഒറ്റക്കു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ഇന്ദിരക്കും കാമരാജിനും ജയ് വിളിച്ചെത്തിയതിനേക്കാള്‍ ആവേശത്തോടെ ജനങ്ങള്‍ ആ നേതാവിനു ചുറ്റും അണിനിരന്നു.

അവിചാരിതമായാണു രണ്ടു സെലിബ്രിറ്റികള്‍ കൂടെ ചൂടുപിടിച്ച ആ മത്സരരംഗത്തേക്ക് എത്തിയത്. സിനിമാ ഷൂട്ടിങ്ങിനായി മൂന്നാറിലെത്തിയ മഹാനടന്‍ എം.ജി. രാമചന്ദ്രനും സംഗീത സംവിധായകന്‍ ഇളയരാജയും ഇടതുസ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യങ്ങളര്‍പ്പിക്കാനും ദേവികുളത്തേക്ക്. ദേവികുളം ഇന്ദിരയുടെയും എം.ജി.ആറിന്റെയും വശങ്ങളിലേക്ക് പിരിഞ്ഞു. ശക്തമായ പോളിംഗ് നടന്നു. വിധി ചുവന്ന മഷിയില്‍ അവരുടെ സഖാവിനെ തെരഞ്ഞെടുത്തു. ഇന്ദിര വിതറിയ ഓളത്തിനും മുകളില്‍ പറന്ന് 7080 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്നാദ്യമായി ഒരു വനിത ഉപതിരഞ്ഞെടുപ്പു വിജയിച്ചെത്തി. കേരള നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത, ആദ്യ പ്രോടെംസ്പീക്കറായ റോസമ്മ പുന്നൂസ്.

Rosamma Punnoose, leader who took first oath in the Kerala Legislative Assembly
കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞചെയ്ത റോസമ്മ പുന്നൂസ്File Image

അത്രക്കു വേരോട്ടമായിരുന്നു അവര്‍ക്ക് ആ മണ്ണില്‍. ശരിക്കുമൊരു നായകത്വം. കലഹങ്ങളായിരുന്നു റോസമ്മയുടെ രാഷ്ട്രീയ ജീവിതത്തെ നയിച്ചിരുന്നത്. ഇരുപത്തിയാറാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായി സജീവ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേക്കു വന്ന അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു മൂന്നുവര്‍ഷത്തെ ജയില്‍ വാസവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂറിലെ സ്ഥാപകനേതാവായ പി.ടി. പുന്നൂസുമായി പ്രണയത്തിലാവുകയും 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. ഇതരവിഭാഗക്കാരനും കമ്യൂണിസ്റ്റുമായിരുന്ന പുന്നൂസുമായുള്ള വിവാഹത്തെ സഭ എതിര്‍ത്തെങ്കിലും അതു വകവെക്കാതെ ഇരുവരും വിവാഹിതരായി. കേരള സംസ്ഥാനരൂപീകരണത്തിനു പിറകേ നടന്ന തെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്നും മത്സരിച്ചു ജയിച്ചെങ്കിലും എതിര്‍സ്ഥാനാര്‍ഥി ബി.കെ. നായരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതിനെതിരെ സര്‍പ്പിച്ച ഹര്‍ജിയിലെ കോടതിവിധിയെത്തുടര്‍ന്നു തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യപ്പെട്ടു. പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ചരിത്രവിജയം. കേരളത്തിലാദ്യമായി സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ അടയാളമിട്ടു വോട്ടു രേഖപ്പെടുത്തുന്ന രീതി നിലവില്‍ വന്നത് ആ തെരഞ്ഞെടുപ്പിലാണ്.

The power politics of male consciousness, examples from Gauriamma to Nafeesathu Beevi
വിജയത്തുടർച്ചയുടെ കോണി കയറിയവരുടെ കഥ, 'തുടർഭരണം' തുടർക്കഥയാക്കിയ ലീഗ് മണ്ഡലങ്ങൾ

വളരെ ചുരുക്കം വനിതാ നേതാക്കള്‍ക്കാണ് അവിടെനിന്നിങ്ങോട്ട് കേരള രാഷ്ട്രീയരംഗം ഇടമൊരുക്കിയിട്ടുള്ളത്. പതിറ്റാണ്ടുകളായും മാറ്റമില്ലാതെ തുടരുന്ന ആണ്‍ അധികാരബോധത്തിനു കുറുകെ ധീരതയുടെ പാലമിട്ടു കയറിചെന്നവരാണ് അവരോരോരുത്തരും. റോസമ്മ പുന്നൂസ് മാത്രമല്ല പല അന്തരീക്ഷങ്ങളില്‍ നിന്നും പല കളങ്ങളില്‍ പയറ്റി തെളിഞ്ഞെത്തിയ വനിതാസാമാജികരാണ് നമുക്കുമുന്നേ കടന്നുപോയവരില്‍ പലരും. ഈ അധികാരവ്യവസ്ഥ മാറ്റമില്ലാതെ തുടരുമ്പോഴും വീണ്ടും വീണ്ടും ആ കളത്തിലേക്കിറങ്ങാന്‍, രാഷ്ട്രീയം പുരുഷവേഷമല്ലെന്ന് ഉറക്കെപ്പറയാന്‍ ഊര്‍ജ്ജമാകുന്നത് അവരുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ്. തടവറകള്‍ മുതല്‍ ചേറും ചെളിയും കഥാപ്രസംഗ വേദിവരെയും അതിനു ഹേതുവായിട്ടുണ്ട്.

The power politics of male consciousness, examples from Gauriamma to Nafeesathu Beevi
ബിജെപിയുടേത് ദീര്‍ഘകാല പദ്ധതി, എന്നു ഫലം കാണും?

കെട്ടിയൊരുക്കിയ വേദിക്കു മുന്നില്‍ നിരന്ന ജനക്കൂട്ടത്തെ പുഞ്ചിരിയോടെ തന്റെ കഥാലോകത്തേക്കു സ്വാഗതം ചെയ്‌തൊരു കാഥികയുണ്ടായിരുന്നു. ഹാര്‍മോണിയത്തിന്റെ നേര്‍ത്ത ശ്രുതിക്കൊപ്പം കഥയും പാട്ടുമായി കേള്‍വിക്കാരനെ ഭാവനയുടെ ദൃശ്യലോകത്തേക്കാണ് അവര്‍ നയിച്ചത്. മലരണിക്കാടുകളില്‍ തുടങ്ങി മണ്ണായി മാറുന്ന രമണന്റെ വിലാപകാവ്യം വേദിയായ വേദികളില്‍ ആളെക്കൂട്ടി. നോട്ടീസുകളില്‍ അച്ചടിച്ചു വന്ന കാഥികയുടെ പേര് ജനങ്ങളില്‍ ആവേശമായി. രമണനു പിറകെ മഗ്ദലന മറിയവും പതിയെ വേദി പിടിച്ചു തുടങ്ങി. മധ്യകേരളത്തില്‍ അങ്ങിങ്ങായി ഒരുങ്ങിയ സ്റ്റേജുകളില്‍ ആ ശബ്ദം കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. പതിയെ കാവ്യങ്ങള്‍ക്കു സ്ഥാനമാനാറ്റമുണ്ടായി. വാക്കുകളില്‍ കേരള രാഷ്ട്രീയത്തിന്റെ ചൂടേറി വന്നു. കയ്യിലെ ചേങ്കിലക്കു പകരം കൊടികേറി. വാക്കുകളുടെ മൂര്‍ച്ച ജനങ്ങളില്‍ വിശ്വാസം സൃഷ്ട്ടിച്ചു. അരങ്ങില്‍ നിന്ന് സഭയിലേക്ക്. മൂവാറ്റുപുഴയില്‍ നിന്നും കേരള നിയമസഭയിലെ ശക്തമായ സാന്നിധ്യമായിത്തീര്‍ന്ന പെണ്ണമ്മ ജേക്കബ്.

എറണാകുളം ജില്ലയില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ ലിസ്റ്റില്‍ എത്രപേരുണ്ടാകും? രണ്ടേരണ്ടുപേര്‍. പെണ്ണമ്മ ജേക്കബും ഉമാ തോമസും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുവരെയുള്ള നീണ്ട കാലത്തിനിടെ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികയായിരുന്നു പെണ്ണമ്മ. കോണ്‍ഗ്രസ്സുകാരിയായിരുന്ന അവര്‍ പിന്നീട് കേരളകോണ്‍ഗ്രസിന്റെ ഭാഗമാവുകയും ശേഷം സി.പി.എം പിന്തുണയോടെ മൂവാറ്റുപുഴയില്‍ മത്സരിക്കുകയും നാലാം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്ന് സി.പി.ഐ സ്ഥാനാര്‍ഥി പി.വി. അബ്രഹാമിനോട് 16,104വോട്ടിനാണ് അവര്‍ വിജയിച്ചത്. 1970 മുതല്‍ 1977 വരെ എംഎല്‍എ ആയി തുടര്‍ന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സി പി എം പിന്തുണയുപേക്ഷിച്ച് സ്വതന്ത്രയായി മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു. എറണാകുളംപോലെ നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ജില്ലയില്‍ നിന്നും പെണ്ണമ്മ ജേക്കബ് എഴുതിച്ചേര്‍ത്ത ചരിത്രത്തിനു തുടര്‍ച്ചയുണ്ടാവാന്‍ 2022 ലെ ഉമാ തോമസിന്റെ കടന്നുവരവോളം കാലം വേണ്ടി വന്നു.

Pennamma Jacob, the only woman to have been elected to the Legislative Assembly from Ernakulam district until 2022
2022 വരെയുള്ള കാലം എറണാകുളം ജില്ലയിൽനിന്നും നിയമസഭയിലെത്തിയ ഏകവനിത, പെണ്ണമ്മ ജേക്കബ് File Image

കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി വേണമെന്ന ജനകീയാവശ്യത്തിനു കനമേറുന്ന തെരഞ്ഞെടുപ്പാണു കണ്മുന്നിലുള്ളത്. 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന സംവരണ നിയമം നടപ്പിലാക്കുന്നതിനു മുന്‍പുള്ള അവസാന തെരഞ്ഞെടുപ്പ്. അപ്പോഴും സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതു ചുരുക്കം സ്ത്രീകള്‍ മാത്രം. നൂറ്റിനാല്‍പ്പതു നിയോജകമണ്ഡലങ്ങളുള്ള സംസ്ഥനത്തെ വനിതാ എം.എല്‍.എമാരുടെ കണക്കുകള്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാത്ത വിവേചനത്തിന്റെ സൂചനയായി. ഏഴുപതിറ്റാണ്ടു നീണ്ട ഭരണവ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടാന്‍ മുഖ്യമന്ത്രി മാത്രമല്ല പ്രതിപക്ഷ നേതാവോ സ്പീക്കറോ നമുക്കുണ്ടായിട്ടില്ല. 'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടുമെന്ന' പല്ലവിക്കു പഴക്കമേറുകയാണ്.

കേരളത്തില്‍ ഏറ്റവുമധികം തവണ മന്ത്രിയായ, എംഎല്‍എ ആയ വനിത കെ.ആര്‍. ഗൗരിയമ്മയായിരുന്നു. 1987 ലെ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന പരോക്ഷപ്രഖ്യാപനത്തോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുകയും ശേഷം ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്ത കഥ കേരളരാഷ്ട്രീയം ചതിയുടെ ദൃഷ്ടാന്തമായി പലതവണ വിലയിരുത്തിയിട്ടുണ്ട്. നിങ്ങള്‍ക്കൊക്കെ ഇ.എം.എസ്. വലിയ ആളായിരിക്കും എനിക്കങ്ങനെയല്ല എന്ന് പരസ്യമായി തുറന്നടിച്ച ഗൗരി ഇ.എം.എസ്സും നായനാരും ചേര്‍ന്ന് ഞാന്‍ യോഗ്യയല്ല എന്നു തീരുമാനിക്കുകയിരുന്നുവെന്നും മുന്‍പു പറഞ്ഞിരുന്നു. അവഗണനക്ക് തലയെടുപ്പോടെ നിസ്സഹകരണം സമ്മാനിച്ച ഗൗരിയമ്മയോളം കേരള രാഷ്ട്രീയത്ത കലുഷിതമാക്കിമാറ്റിയ നേതാവില്ല.

K R Gouri Amma
കെ ആർ ഗൗരിയമ്മകേരള സർക്കാർ , വിക്കിപീഡിയ

തത്തുല്യമല്ലെങ്കിലും സമാനമായിരുന്നു നഫീസത്ത് ബീവിയുടേയും അനുഭവം. '1960 ല്‍ ആദ്യമായി അസംബ്ലി കാണുന്ന ഒരു കൊച്ചു പെണ്‍കുട്ടി ആയിരുന്നല്ലോ ഞാന്‍? അങ്ങേയറ്റം മാന്യമായാണ് ഞാന്‍ സ്പീക്കറുടെ പദവി കൊണ്ടുനടന്നത്. എന്നിട്ടും എനിക്കു വേണ്ടി പറയാന്‍ ആളുണ്ടായില്ല. പെണ്ണായതുകൊണ്ടു തന്നെയല്ലേ? എന്തൊക്കെ വന്നാലും ഒരു പെണ്ണ് ഒരു സ്ഥനത്ത് എത്തുന്നതിനു പുരുഷന്മാര്‍ സമ്മതിക്കുകയില്ല. കഴിവുള്ള സ്ത്രീകളാണെന്നു കണ്ടാല്‍ ഒന്നും തരുകയില്ല. അവരെ ഒഴിവാക്കുന്നതിന് ആണുങ്ങള്‍ ഒറ്റക്കെട്ടാണ്' - എ നഫീസത്ത് ബീവി പറഞ്ഞതാണ്. പട്ടം താണുപിള്ളയുടെ നേത്രത്വത്തില്‍ രണ്ടാം സര്‍ക്കാര്‍ അധികാരത്തിലെത്തിയ വര്‍ഷം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എ. നഫീസത്ത് ബീവി. ഒരു ത്രില്ലര്‍ സിനിമാകഥയെവെല്ലും വിധം ഉയര്‍ച്ചതാഴ്ചകള്‍കൊണ്ട് സമ്പന്നമാണ് അവരുടെ ജീവിതവും.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം നേടി രണ്ടു വര്‍ഷത്തിനുള്ളിലാണ് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബീവി നിയോഗിക്കപ്പെടുന്നത്. അതും കേരള രാഷ്ട്രീയത്തിലെ അതിശക്തനായ നേതാവ് ടി.വി. തോമസിനെതിരെ ആലപ്പുഴയുടെ കമ്യൂണിസ്റ്റു മണ്ണില്‍. പടിഞ്ഞാറേ തീരത്തെ അടിയുറപ്പില്ലാത്ത മണ്ണില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അടിയുറച്ചു പടര്‍ന്നുകേറുന്ന കാലത്തുകൂടെയാണ് ആ മുസ്ലിം വനിത ടി.വിക്കെതിരെ വോട്ടുതേടിയത്. പോരാട്ടം തീര്‍ത്തും അസാധ്യമായ വിജയത്തിനായാണെന്ന് ബീവിക്ക് അറിയുമായിരുന്നു. 3000 വോട്ടുകള്‍ക്കു ദാരുണമായി തന്നെ ആ സീറ്റില്‍ നഫീസത്തു ബീവി തോല്‍വിയേറ്റുവാങ്ങി. എന്നാല്‍ വിമോചന സമരത്തെത്തുടര്‍ന്ന് ആദ്യ സര്‍ക്കാര്‍ താഴെവീഴുകയും കേരളം വൈകാതെ തന്നെ അടുത്ത തെരഞ്ഞെടുപ്പ് നേരിടുകയും ചെയ്തു. വിമോചന സമരകാലത്ത് നേതൃനിരയില്‍ ഉണ്ടായിരുന്ന ബീവി അതെ മണ്ഡലത്തില്‍ അതെ എതിരാളിക്കെതിരെ രണ്ടാം അംഗത്തിനു കച്ചകെട്ടി. ടി.വി. തോമസിനെതിരെ വീണ്ടും നഫീസത്തു ബീവി.

Nafeesathu Beevi - The first woman to hold the Speaker's post in Kerala
നഫീസത്തു ബീവി - കേരളത്തിലാദ്യമായി സ്പീക്കർസ്ഥാനം അലങ്കരിച്ച വനിതവിക്കിപീഡിയ - കേരള സർക്കാർ

' ബീവി, നിങ്ങള്‍ ജയിക്കാന്‍പോകുന്ന സ്ഥാനാര്‍ത്ഥിയാണ് ' എന്ന് അവരോട് നേരിട്ടു കണ്ടു പറഞ്ഞത് ജവാഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ടി.വി. തോമസിനെപ്പോലെ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവിനെ രാഷ്ട്രീയത്തില്‍ വെറും ശൈശവം മാത്രം പൂര്‍ത്തിയാക്കിയ ബീവി തോല്‍പ്പിക്കുമെന്ന വാക്കുകള്‍ സംശയദൃഷ്ടിയോടെയാണ് നേതാക്കള്‍ കണ്ടത്. എന്നാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഫലവത്തായി. തന്നെ 3000 വോട്ടുകള്‍ക്കു തോല്‍പ്പിച്ച അതേ നേതാവിനെ 3966 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് നഫീസത്തു ബീവി എംഎല്‍എയും പിന്നീട് ഡെപ്യൂട്ടി സ്പീക്കറുമായത് (1961 ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 8 വരെ സ്പീക്കറായും ബീവി പ്രവര്‍ത്തിച്ചിട്ടുണ്ട്). ആദ്യ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്ന ടി. വി തോമസിനെ മുട്ടുകുത്തിച്ച പെണ്‍കരുത്ത് രാജ്യാന്തര ശ്രദ്ധനേടി. അതിന്റെ ഭാഗമായി അമേരിക്കയിലെ ലീഡേഴ്സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാനും അവര്‍ക്ക് അവസരമുണ്ടായി.

കേരള രാഷ്ട്രീയത്തില്‍ അത്രയേറെ പ്രകമ്പനമുണ്ടാക്കിയിട്ടും ബീവിയെ കോണ്‍ഗ്രസ് വളരാന്‍ അനുവദിച്ചക്കില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. 1964ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല. പകരം 1967 ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് സീറ്റ് ലഭിച്ചത്. അതും മുസ്ലിം ലീഗിന്റെ പവര്‍ ഹൗസില്‍ ജനാബ് മുഹമ്മദ് ഇസ്മായില്‍ സാഹിബിനു എതിരായി. ലീഗിനു തോല്‍വി രുചിക്കാന്‍ യാതൊരു സാധ്യതകളുമില്ലാത്ത മണ്ഡലത്തില്‍ ബീവിക്കുലഭിച്ച സ്വീകരണം നേതാക്കളെ ഭയപ്പെടുത്തി. അക്കാലത്തു കുപ്രചാരണങ്ങളിലൂടെയായിരുന്നു ലീഗ് പ്രതിരോധം നെയ്തത്. മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേടിയിരുന്ന വോട്ടിനും ഇരട്ടിയോളം വോട്ട് ബീവി നേടിയെങ്കിലും മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കുമെന്ന വാക്കും പാലിക്കപ്പെട്ടില്ല.

The power politics of male consciousness, examples from Gauriamma to Nafeesathu Beevi
പാതിയില്‍ ഓട്ടം നിറുത്തിയ ബസ്, പള്ളിക്കു മുന്നില്‍ ഉന്തുവണ്ടിയില്‍ തട്ടിയ കാര്‍.. ആ വിവാദങ്ങള്‍ വന്ന വഴികള്‍

ബീവിക്കുംമുന്‍പ്, കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അലങ്കരിക്കുന്ന വനിത കെ.ഓ. ആയിഷബായിയാണ്. കേരള രാഷ്ട്രീയത്തിലെ ശക്തയായ മുസ്ലിം വനിതാ നേതാവുകൂടെയായിരുന്ന അയിഷാബായി. കോണ്‍ഗ്രസ് പാര്‍ട്ടി വേദികളിലെ ശബ്ദമായിരുന്നു ആദ്യകാലങ്ങളില്‍ അവര്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃമാറ്റങ്ങള്‍ ആയിഷാബായിയെ ചൊടിപ്പിക്കുകയും അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മാറുകയും ചെയ്തു. കേരളത്തിലങ്ങിങ്ങായുള്ള വേദികളില്‍ അവരുടെ ചൂടേറിയ പ്രസംഗങ്ങള്‍ ആളിപ്പടര്‍ന്നു. കായംകുളം മണ്ഡലത്തില്‍ നിന്നും ആദ്യ തെരഞ്ഞെടുപ്പില്‍ 13,929വോട്ടുകളുടെ ഭൂരിപക്ഷത്തിലും രണ്ടാം തെരഞ്ഞെടുപ്പില്‍ 1260വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് ആയിഷബായ് വിജയിച്ചത്. 1958ലെ വി.ആര്‍. കൃഷ്ണയ്യരുടെ സ്ത്രീധന നിരോധന ബില്ലിനെ ശക്തമായി അനുകൂലിച്ചവരില്‍ പ്രധാനി ആയിശാബീവി ആയിരുന്നു.

Ayesha Bai, Deputy Speaker in the first Kerala Legislative Assembly.
ആദ്യ കേരളാനിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ആയിഷബായ് വിക്കിപീഡിയ - കേരള സർക്കാർ

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിപ്രായപ്രകാരം കേരള നിയമസഭയിലേക്കു വിജയിച്ചുകേറിയ മറ്റൊരാളാണ് കുസുമം ജോസഫ്. കാരിക്കോട്ടെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.പി.സി.സി അംഗവുമായിരുന്നു ജോസഫ്. രണ്ടുതവണ നിയമസഭാ സ്ഥാനാര്‍ഥിയായെങ്കിലും വിജയിച്ചില്ല. 1957ല്‍ ഒന്നാം കേരള നിയമസഭയിലേക്കു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ജോസഫ് മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. എന്നാല്‍ ജോസഫിനു പകരം മകളും, മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ്പ്രസിഡന്റും ഇടുക്കി ജില്ലാ കോണ്‍ഗ്രസ് അംഗവുമായ കുസുമത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന മറ്റൊരഭിപ്രായം കൂടെ ഉയര്‍ന്നുവന്നു. പാര്‍ട്ടിക്കുള്ളില്‍ അച്ഛനും മകള്‍ക്കും വേണ്ടി ഇരുപക്ഷമുണ്ടായി. എന്നാല്‍ കാരിക്കോട്ട് സ്ത്രീപ്രതിനിധ്യമുണ്ടാകണമെന്ന നെഹ്‌റുവിന്റെ അഭിപ്രായപ്രകാരം ജോസഫ് പിന്മാറുകയും മകള്‍ കുസുമം ജോസഫ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു.

ആ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് നേതാവ് അഗസ്റ്റിന്‍ ഔസേഫിനെ 2585 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി കുസുമം നിയമസഭയിലെത്തി. ആദ്യ കേരളനിയമസഭയിലെ ആറു വനിതാ അംഗങ്ങളില്‍ ഒരാളായി. കെ ആര്‍ ഗൗരിയമ്മ, കെ.ഓ. ആയിഷബായ്, റോസമ്മ പുന്നൂസ്, ശാരദ കൃഷ്ണന്‍, ലീല ദാമോദരന്‍ എന്നിവര്‍ക്കൊപ്പമാണ് കുസുമം ജോസഫ് നിയമസഭയിലെത്തിയത്. ആദ്യത്തെ സ്പീക്കര്‍ പദവിയിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും അവര്‍ ആ സ്ഥാനം നിരസിച്ചു. ഇ.എം.എസ്, വി.ആര്‍. കൃഷ്ണയ്യര്‍, ഗൗരിയമ്മ, ടി.വി. തോമസ് തുടങ്ങിയ പ്രമുഖരുള്ള സഭയെ നിയന്ത്രിക്കേണ്ട ചുമതല കൂടുതല്‍ ഉത്തരവാദിത്തപ്പെട്ട കരങ്ങളില്‍ ഏല്‍പ്പിക്കണമെന്നവര്‍ പ്രതികരിച്ചിരുന്നു

ശക്തമായ സാന്നിധ്യമാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലൊക്കെയും വനിതാ അംഗങ്ങള്‍ ഇക്കാലമത്രയും കാഴ്ചവെച്ചിട്ടുള്ളത്. ഉത്തേഗജനകമായ മത്സരവും ജയവും സമ്മാനിച്ച നേതാക്കളില്‍ എത്രപേര്‍ രാഷ്ട്രീയ രംഗത്തു തുടര്‍ന്നിട്ടുണ്ട്? എത്രപേരെ നാം ഓര്‍ക്കുന്നുണ്ട്? വളരെ ചുരുക്കം. അവരുടെ വളര്‍ച്ചക്കും തളര്‍ച്ചക്കും മാനദണ്ഡങ്ങളൊരുക്കിനല്‍കിയത് ആരായിരുന്നു എന്ന ചോദ്യം ചരിത്രം ബാക്കി നിര്‍ത്തുന്നുണ്ട്. ആനി മസ്‌ക്രിനും അക്കാമ്മ ചെറിയാനും ഗൗരിയമ്മയും വെട്ടിത്തെളിച്ച പാതക്ക് കാലം വീതികൂട്ടാന്‍ മെനക്കെടാതിരുന്നത് എന്തുകൊണ്ടാകും? ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളുള്ള നാട്ടില്‍ ( 52 %) വെറും 8 ശതമാനമാണ് നിയമസഭാ പ്രതിനിധ്യമുള്ളത്. എഴുപതിറ്റാണ്ടായി ഈ കണക്കു വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ് എന്നതാണ് നമ്മുടെ യാഥാര്‍ഥ്യം.

Summary

The power politics of male consciousness, from Gauriamma to Nafeesathu Beevi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com