Important events that influenced the Kerala assembly elections
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ച സുപ്രധാന സംഭവങ്ങൾFile Image

പാതിയില്‍ ഓട്ടം നിറുത്തിയ ബസ്, പള്ളിക്കു മുന്നില്‍ ഉന്തുവണ്ടിയില്‍ തട്ടിയ കാര്‍.. ആ വിവാദങ്ങള്‍ വന്ന വഴികള്‍

'ആന്ധ്ര അരി'യില്‍ തുടങ്ങി തങ്കമണിയും സൂര്യനെല്ലിയും കടന്നു വന്ന, കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ചില ചരിത്ര സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ
Published on

തുടര്‍ച്ചയും തകര്‍ച്ചയും ആരോപിച്ചും ആഘോഷിച്ചും കേരളം തെരഞ്ഞെടുപ്പു ചൂളയിലേക്ക് കടക്കുകയാണ്. പ്രഖ്യാപനത്തിനും മുമ്പുതന്നെ പോരടികളും പോര്‍മുഴക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഹാട്രിക് വിജയം പ്രതീക്ഷിച്ച് ഇടതുപക്ഷവും, പത്തുവര്‍ഷത്തിനിപ്പുറം ഭരണം പ്രതീക്ഷിച്ചു പ്രതിപക്ഷവും ഗോദയിലേക്കിറങ്ങുന്നു. സീറ്റു തര്‍ക്കങ്ങളും പാര്‍ട്ടികളിലെ കൊഴിഞ്ഞുപോക്കും ശബരിമലയിലെ പൊന്നും പെണ്ണും ക്രമസമാധാന വിഷയങ്ങളുമടക്കം ആ പോരാട്ടത്തിന് ആക്കം കൂട്ടും. ഒരു മാസത്തിനും താഴെ കാലയളവില്‍ എന്തു മാറിമായമാണ് ഇരുപക്ഷങ്ങളും പയറ്റുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് ജനമനസ്സ്. ഒടുവിലെ ഓട്ടത്തില്‍ പുറത്തെടുക്കാന്‍ മാറ്റിവെച്ച ബ്രഹ്മാസ്ത്രങ്ങളെന്താകും എന്നതും പതിവുപോലെ കൗതുകമുണര്‍ത്തുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പിനു സാധാരണത്വം നഷ്ടമാകുന്നത്, പത്തുവര്‍ഷത്തെ പ്രവൃത്തികളുടെ വിലയിരുത്തലായി അതു മാറുന്നിടത്താണ്. പതിവു പഞ്ചവത്സര കണക്കെടുപ്പ് തെറ്റിച്ച് നീണ്ടൊരു ദശകത്തിന്റെ ഏറ്റിറക്കങ്ങളുടെ അവലോകനമാകും ഈ വോട്ടുകാലം. തുടര്‍ഭരണത്തിന്റെ ഇരുപുറങ്ങളും എഴുതിക്കൂട്ടിയും കുറച്ചും ആ പ്രോഗ്രസ്സ്‌കാര്‍ഡ് ജനങ്ങള്‍ മടക്കി അയക്കും. അതിലെ നിഷ്‌കാരുണ്യമാണ് ഈ ജനതയ്ക്ക് പ്രബുദ്ധതയുടെ തലക്കെട്ടു സമ്മാനിച്ചത്. 1957 ലെ ഇഎംഎസ് ഭരണകാലത്തു തുടങ്ങി ഇന്നുവരേയും തുടര്‍ച്ചയായി ഉയര്‍ന്നു വന്ന രാഷ്ട്രീയ വിവാദങ്ങളാണ്, അതിനോടെടുത്ത സമീപനങ്ങളാണ് വോട്ടുകളില്‍ മറുപടികളാണ് പ്രതിഫലിക്കുകയും അടുത്ത ഭരണകൂടത്തെ നിര്‍ണ്ണയിക്കുകയും ചെയ്തിട്ടുള്ളത്. ശബരിമലയിലെ സ്ത്രീ പ്രവേശനവും ബാര്‍ കോഴ കേസും സോളാര്‍ കേസും ഭരണമാറ്റത്തെ എങ്ങനെ സ്വാധീനിച്ചു എന്നത് കണ്മുന്നില്‍ നമുക്കുള്ള ഉദാഹരണങ്ങളാണ്. വിവാദരാഷ്ട്രീയം മടുത്തെന്ന ബിജെപിയുടെ തലവാചകം പോലെ ലളിതമല്ല കേരള തെരഞ്ഞെടുപ്പു ചരിത്രം. അതു പയറ്റിത്തെളിഞ്ഞ പ്രക്ഷോഭങ്ങളുടെയും വെളിച്ചത്തെടുത്ത് അഴിച്ചുപണിഞ്ഞ വിവാദങ്ങളുടെയും മണ്ണില്‍ വേരുറപ്പിച്ചു വളര്‍ന്നതാണ്. 'ആന്ധ്ര അരി'യില്‍ തുടങ്ങി തങ്കമണിയും സൂര്യനെല്ലിയും കടന്ന് വന്നതാണ്. തെരഞ്ഞെടുപ്പിനെ പിടിച്ചുകുലുക്കിയ ചില ചരിത്ര സംഭവങ്ങളിലേക്ക് ഒന്ന് ഓര്‍മ്മ പായിക്കാം...

ആദ്യ അ(രി)ഴിമതി :

കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപീകരിക്കപ്പെട്ട് അധികകാലം കഴിയും മുന്‍പാണ് ആന്ധ്ര അരി കുംഭകോണം എന്ന പേരില്‍ ഇഎംഎസ് സര്‍ക്കാരിനെ വെട്ടിലാക്കിക്കൊണ്ട് കേരള നിയമസഭയില്‍ ആദ്യമായി ഒരു അഴിമതി ആരോപണം ഉയര്‍ന്നത്. കെപിസിസി പ്രസിഡന്റായിരുന്ന ടിഒ ബാവാ സാഹിബാണ് ഇ എം എസ് മന്ത്രിസഭക്കെതിരെ അന്ന് ശബ്ദമുയര്‍ത്തിയത്. മാനനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ സ്വകാര്യ വ്യക്തിയില്‍ നിന്നും അരി വാങ്ങിയതിലൂടെ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി എന്നതായിരുന്നു പ്രതിപക്ഷ ആരോപണം. കെപിസിസി പ്രസിഡന്റായിരുന്ന ബാവ സാഹിബിന്റെ പതിമൂന്നാം ഓര്‍മദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിവാദം ഓര്‍മ്മപ്പെടുത്തി കുറിപ്പിട്ടിരുന്നു. കമ്മീഷന്‍ അടിച്ചുമാറ്റലാണ് അന്ന് ചെയ്തതെന്നും പാര്‍ട്ടി ഇന്നും അതുതന്നെയാണ് തുടര്‍ന്ന് പോരുന്നതെന്നും അന്നത്തെ കുറിപ്പില്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ആന്ധ്ര അരി കുംഭകോണം?

Important events that influenced the Kerala assembly elections
'നാട്ടുകാര്‍ക്കുവേണ്ടി കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതിലാണ് എന്റെ സംതൃപ്തി'

അരിയുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട് കേരളത്തിന് എക്കാലത്തും. 1950 കാലഘട്ടത്തില്‍ ഈ ക്ഷാമം അതിരൂക്ഷമായാണ് നാടിനെ ബാധിച്ചത്. കൃഷിഭൂമിയുടെ 36 ശതമാനം മാത്രം നെല്‍കൃഷിക്കായി ഉപയോഗപ്പെടുത്തിയിരുന്ന സംസ്ഥാനത്ത് 8 ലക്ഷം ടണ്‍ ആയിരുന്നു ആകെ ഉത്പാദനം. ആവശ്യം 14 ലക്ഷം ടണ്ണും. 1956 കാലഘട്ടത്തില്‍ ഈ ക്ഷാമം കൂടുതല്‍ തീവ്രമായി രാജ്യത്തെയൊന്നാകെ ബാധിക്കാന്‍ തുടങ്ങി. റേഷന്‍കടകള്‍ വഴി അവശ്യവസ്തുക്കളുടെ കേന്ദ്രീകൃത വിതരണത്തിലൂടെയാണ് പരിഹാരം കണ്ടെത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചത്. തൊട്ടടുത്ത വര്‍ഷം 1957 ഏപ്രില്‍ 5 ന് അധികാരത്തിലേറിയ ഇ.എം.എസ്. മന്ത്രിസഭയെ വരവേറ്റത് കടുത്ത ക്ഷാമവും വിലക്കയറ്റവുമാണ്.

EMS Namboodripad File Image
EMS NamboodripadThe New Indian Express Archives

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കമ്മി സംസ്ഥാനമായ കേരളത്തിനുവേണം ആന്ധ്രയിലെ മിച്ചം വരുന്ന അരി വില്‍ക്കാന്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ക്ഷാമം മിക്ക സംസ്ഥാനങ്ങളിലും രൂക്ഷമായതോടെ ഇതില്‍ അയവുവന്നു. കൂടുതല്‍ വിലക്ക് മറ്റു സംസ്ഥാനങ്ങളുമായി ആന്ധ്ര കച്ചവടങ്ങള്‍ ഉറപ്പിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ ലോക്‌സഭാംഗമായ എ.കെ. ഗോപാലന്റെ ( AKG ) നിര്‍ദ്ദേശ പ്രകാരം 5000 ടണ്‍ അരി നേരിട്ട് ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസിലെ മൊത്തവ്യാപാരസ്ഥാപനമായ 'മെസ്സേഴ്‌സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കൊ'എന്ന സ്ഥാപനവുമായി ഭക്ഷ്യവകുപ്പ് കരാറിലെത്തി. നിയമാനുസൃതം ടെണ്ടര്‍ വിളിക്കാനോ കുറഞ്ഞ വിലയ്ക്കു കരാര്‍ ഉറപ്പിക്കാനോ കാത്തുനില്‍ക്കാതെ ഇടപാട് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ അതുവഴി 1. 5 ലക്ഷം രൂപയുടെ ഒഴിവാക്കാമായിരുന്ന നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ആരോപണത്തിന് പിറകെ രൂപീകരിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ അന്നത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.സി.ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പി ടി ചാക്കോയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രംഗത്തിറങ്ങി.

ഡാമിലും സ്‌കാം :

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉയര്‍ന്നുവന്ന ആദ്യ അഴിമതി ആരോപണം ആന്ധ്ര അരി ആണെങ്കിലും ആദ്യമായി ഒരു മന്ത്രി ശിക്ഷിക്കപ്പെടുന്ന കേസു മറ്റൊന്നാണ്. ഇടമലയാര്‍ ഡാം അഴിമതി കേസ്. ശിക്ഷിക്കപ്പെട്ടത് ആര്‍. ബാലകൃഷ്ണപിള്ള. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്തിന്? എന്താണ് ഇടമലയാര്‍ ഡാം കേസ്?

Minister Balakrishna sent to jail in corruption case
അഴിമതിക്കേസിൽ ‌മന്ത്രി ബാലകൃഷ്ണപിള്ള ജയിലിലേക്ക്/ ഫയൽ ചിത്രംThe New Indian Express Archives

കരുണാകരന്‍ മന്ത്രിസഭയില്‍ വൈദുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തെ തന്നെ തലകീഴായി മറിച്ച കേസിനടിസ്ഥാനമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ടണല്‍ നിര്‍മാണത്തിനായി നല്‍കിയ ടെണ്ടറില്‍ ക്രമക്കേടുണ്ടായെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതുമൂലം കേരള ഖജനാവിന് ഉണ്ടായ നഷ്ടം മൂന്നുകോടിയിലേറെ രൂപ. ജസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും 1990 ഡിസംബര്‍ 14 ന് പ്രത്യേക വിജിലന്‍സ് സംഘം കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബാലകൃഷ്ണപ്പിള്ള അടക്കം 22 പ്രതികളായിരുന്നു ഉണ്ടായിരുന്നെതെങ്കിലും പ്രതികളില്‍ പലരും മരിക്കുകയും ചിലരെ കോടതി കുറ്റമുക്തരാക്കുകയും ചെയ്തിരുന്നു.

Important events that influenced the Kerala assembly elections
ദയാവധത്തിന്റെ ശരിയും തെറ്റുമല്ല, അരുണ മുതൽ ഹരീഷ് വരെ പറഞ്ഞത് വേദനയുടെ കഥ

കുറ്റപത്രം റദ്ദുചെയ്യാനായി മന്ത്രിയടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും മാറി മാറി സമീപിച്ചു. പക്ഷെ ഫലമുണ്ടായില്ല. 1997 ല്‍ വിചാരണ ആരംഭിക്കുകയും 1999 ല്‍ ബാലകൃഷ്ണപിള്ളയ്ക്കും മറ്റു രണ്ടുപേര്‍ക്കും അഞ്ചു വര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്തു. ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും ശിക്ഷയും 2003 ല്‍ കേരള ഹൈക്കോടതി റദ്ദ് ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ടുപോകാന്‍ തയ്യാറായില്ലെങ്കിലും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ 2011 ല്‍ സുപ്രീംകോടതി ബാലകൃഷ്ണപ്പിള്ളക്കും കൂട്ട് പ്രതികളായ കരാറുകാരന്‍ പി.കെ. സജീവന്‍, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ എന്നിവര്‍ക്കും ഓരോ വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു.

പി.ടി. ചാക്കോയുടെ വിധിയും കേരള കോണ്‍ഗ്രസും :

കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ആലോചനക്കിടയില്ലാത്ത മറുപടിയുണ്ട്. ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ടും ആഹാര്യം കൊണ്ടും ഒരു ജനതയെ തന്റെ വാക്കുകള്‍ക്കറ്റത്ത് കെട്ടിയിടാന്‍ പി.ടി. ചാക്കോയോളം കെല്‍പ്പുള്ളവന്‍ വേറെയില്ല. കേരളത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവ്. സാക്ഷാല്‍ അംബേദ്കറെയും നെഹ്‌റുവിനെയും വരെ തന്റെ വാക്ചാരുതിക്ക് മുന്നില്‍ തളച്ചത്തിന്റെ വീരഗാഥ കേട്ടുകാണും. ഇന്ത്യന്‍ ഭരണഘടനാ രൂപീകരണത്തിനുള്ള കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് തിരുവിതാംകൂര്‍ കൊച്ചി പ്രൊവിന്‍സില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നു ചാക്കോ. ഇ.എം.എസ്സിന്റെ ഒത്ത എതിരാളി. പക്ഷെ ഒരൊറ്റ കാര്‍ യാത്രയില്‍ ഭാവി തകിടം മറയാനായിരുന്നു ആ നേതാവിന്റെ വിധി. ശേഷം നേരിട്ടത് ചതി. ഒടുക്കം നെഞ്ചുടയുന്നൊരു മരണം. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിനു കുറുകെ ഇന്നൊരു വരമ്പുണ്ട്. ചാക്കോ തീര്‍ത്ത വരമ്പ്. അത് ചരിത്രത്തെ രണ്ടാക്കി മുറിക്കും. ചാക്കോയുടെ കാലമെന്നും അതിനു ശേഷമെന്നും.

Kerala's first opposition leader PT Chacko's public speech
പി.ടി. ചാക്കോയുടെ പ്രസംഗം File Image

കേരളത്തിലെ ആദ്യമന്ത്രിസഭക്കെതിരായി ഉയര്‍ന്നു വന്ന വിമോചനസമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു ചാക്കോ. മന്നത്തു പദ്മനാഭന്‍, പി.ടി. ചാക്കോ, ആര്‍. ശങ്കര്‍ എന്നിവരുടെ കൂട്ടുകെട്ട് കേരള രാഷ്ട്രീയം ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. വിമോചന സമരത്തിന്റെ ശരിതെറ്റുകളുടെ കണക്കുകൂട്ടലുകള്‍ക്കു കോണ്‍ഗ്രസിന് ഇന്നും ഉത്തരമില്ലെങ്കിലും കേരള മണ്ണില്‍ കോണ്‍ഗ്രസിന്റെ നാഡികളുറച്ചതില്‍ ആ കലുഷിതകാലത്തെ പ്രവര്‍ത്തനങ്ങളിലും ചെറുതല്ലാത്ത പങ്കുണ്ട്. സിറോ മലബാര്‍ സഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നേതൃത്വം നല്‍കിയ വിമോചനസമരത്തെയും ഒപ്പമുയര്‍ന്ന ജനകീയ സമരങ്ങളെയും ഇ.എം.എസ് ഭരണകൂടം ക്രൂരമായാണ് നേരിട്ടത്. വെടിവെപ്പുകളും മരണങ്ങളും സംസ്ഥാനത്തു രാഷ്ട്രപതിഭരണം കൊണ്ടുവരികയും പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. വിമോചന സമരം വിജയമായതോടെ അടുത്ത മുഖ്യമന്ത്രിയായി പി.ടി. ചാക്കോതന്നെ എത്തുമെന്ന് കേരളം കരുതി. എന്നാല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി; ചാക്കോക്ക് ആഭ്യന്തരവും. പിന്നീട് ആര്‍. ശങ്കറിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കി.

1963 ഡിസംബര്‍ എട്ടാം തീയതി രാത്രി നടന്നൊരു കാറപകടമാണ് ചാക്കോയേയും കോണ്‍ഗ്രസിനെയും തന്നെ അടിമുടി ഉലച്ചത്. തൃശൂര്‍ ലൂര്‍ദ്പള്ളി പരിസരത്തെ പെരുന്നാള്‍ തിരക്കിനിടെ ചാക്കോയുടെ കാര്‍ ഒരു ഉന്തുവണ്ടിയിലിടിച്ചു നിര്‍ത്താതെ കടന്നുപോയി. സ്‌റ്റേറ്റ് കാര്‍ ഓടിച്ചത് ആഭ്യന്തരമന്ത്രിയാണെന്നു നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പക്ഷെ അവിടെയുയര്‍ന്ന ചോദ്യം കാറിന്റെ മുന്‍സീറ്റില്‍ മന്ത്രിക്കൊപ്പമുണ്ടായ ചുവന്ന പൊട്ടുതൊട്ട സ്ത്രീ ആരെന്നായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ ആ സ്ത്രീ കേരള രാഷ്ട്രീയത്തിലെ മുഖ്യവിഷയമായി. പീച്ചിയിലേക്ക് പോകുന്ന വഴിയില്‍ അപകടം നടന്ന ശേഷം പൊലീസ് സ്‌റ്റേഷനില്‍ ചെന്നു റിപ്പോര്‍ട്ടുചെയ്യുകയും ആശുപത്രിയിലെത്തി പരിക്കേറ്റയാളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു മന്ത്രി. പക്ഷെ അതൊന്നും ചര്‍ച്ചള്‍ക്ക് ആശ്വാസമായില്ല. നിയമസഭയിലും ചാക്കോയുടെ സദാചാരം ചോദ്യം ചെയ്യപ്പെട്ടതോടെ രാജിക്കു വേണ്ടി ഇടം വലം മുറവിളികൂട്ടിത്തുടങ്ങി. ഒടുക്കം 1964 ഫെബ്രുവരി 16 നു പി.ടി. ചാക്കോ രാജിവെച്ചു. ശേഷം കെപിസിസി പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിച്ചെങ്കിലും കെ.സി. എബ്രാഹിമിനോടു തോറ്റു. ആ തോല്‍വികൂടെയായപ്പോള്‍ പൂര്‍ണമായും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനായി തീരുമാനം. രാഷ്ട്രീയപ്രവര്‍ത്തനം വരുത്തിവെച്ച വലിയ കടങ്ങളും ബാക്കിയുണ്ടായിരുന്നു. ആ കടം വീട്ടാന്‍കൂടെയായി വീണ്ടും അഭിഭാഷകന്റെ വേഷമിട്ടു ചാക്കോ. കേസിന്റെ ആവശ്യത്തിനായി കോഴിക്കോടേക്കു പോകുംവഴി ഹൃദയാഘാതത്തെത്തുടര്‍ന്നു മരണത്തിനു കീഴടങ്ങുകയും ചെയ്തു.

First Leader of Opposition P T Chacko
പി.ടി. ചാക്കോ, ഫയൽ ചിത്രംFile Image

പി.ടി. ചാക്കോ എന്ന അനിഷേധ്യനായ നേതാവിന്റെ വിയോഗം കോണ്‍ഗ്രസ്സുകാരടക്കമുള്ള കേരള ജനതയില്‍ രോഷമാണുണ്ടാക്കിയത്. പി.ടി. ചാക്കോയുടെ വിധിയില്‍ മനംനൊന്ത കേരളം അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിലേക്ക് ഇരച്ചുകയറിയെത്തി. അനുയായികളുടെ വലിയ സഞ്ചയമാണ് അന്നു സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. പി.ടി. ചാക്കോയുടെ മരണത്തിനു കാരണം ആരോപിച്ചു പതിനഞ്ച് എംഎല്‍എമാര്‍ ആര്‍. ശങ്കറിനെതിരെ രംഗത്തെത്തി. 1964 ഒക്ടോബര്‍ 9 നു കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, മന്നത്തു പത്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു.

സൂര്യനെല്ലിയിലെ നാല്‍പതുനാള്‍:

സൂര്യനെല്ലിയെന്ന പേര് കേള്‍ക്കുമ്പോള്‍ ആ മലയോരഗ്രാമത്തിന്റെ വശ്യതക്കപ്പുറം മനസ്സുമുറിപ്പെടുത്തുന്ന മുഖമില്ലാത്തൊരു രൂപം മനസ്സില്‍ തെളിയും. ഒരു പതിനാറുവയസ്സുകാരിയുടേത്. ഇന്ന് ഏകദേശം 46 വയസ്സുപ്രായം കാണും. ഈ കാലത്തിനിടെ നീതിക്കും അനീതിക്കുമിടയിലൂടെയുള്ള അവളുടെ യാത്രയോളം വേദനിപ്പിക്കുന്ന മറ്റൊന്നില്ല. പണ്ടൊരു തെരഞ്ഞെടുപ്പുകാലത്ത് ഈ നാടിനെത്തന്നെ പ്രക്ഷുബ്ധമാക്കിയതാണ്. ചേര്‍ത്തുനിര്‍ത്തിയും ചോദ്യംചെയ്തും കേരളം ഇഴകീറി പരിശോധിച്ച, അത്രപെട്ടെന്നൊന്നും മറന്നിരിക്കാനിടയില്ലാത്ത സൂര്യനെല്ലി പെണ്‍കുട്ടി.

1996 ജനുവരി 16 നാണു വിവാഹവാഗ്ദാനം നല്‍കി സൂര്യനെല്ലിയില്‍ നിന്നും രാജു എന്നയാള്‍ അവളെ കോതമംഗലത്ത് എത്തിക്കുന്നത്. അവിടെനിന്നും രാജുവിനെ കാണാതാവുകയും രാജുവിനെ പരിചയമുള്ള ഒരു സ്ത്രീ (ഉഷ) കോട്ടയത്തുള്ള അമ്മയുടെ വീട്ടിലെത്തിക്കാമെന്നു സഹായം വാഗ്ദാനം ചെയ്‌തെത്തുകയും ചെയ്തത്. കോട്ടയത്തുനിന്നും മുണ്ടക്കയത്തെ വീട്ടിലേക്ക് രാത്രിയെ ബസ് ഉണ്ടാവൂ എന്നറിയിച്ച് ധര്‍മരാജന്‍ കൂടെ കൂട്ടിനെത്തി. രാവിലെ വരെ താമസിക്കാന്‍ സ്ഥലമൊരുക്കാം എന്ന് പറഞ്ഞ് അയാള്‍ അവളെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ലഹരി നല്‍കി മയക്കുകയും നാല്‍പതു ദിവസം തടവില്‍വെക്കുകയും ഈ ദിവസങ്ങളിലെല്ലാം കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളില്‍ കൊണ്ടുപോയി നാല്‍പതുപേരാല്‍ പീഡിപ്പിക്കുകയും ചെയ്തു. രോഗങ്ങള്‍ ബാധിച്ച് അവശയായ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ ജോലിചെയ്യുന്ന തപാല്‍ ഓഫീസിന്റെ മുന്‍പില്‍ ഉപേക്ഷിക്കുന്നത് ഒരു മാസവും പത്തു ദിവസം കഴിഞ്ഞ് 1996 ഫെബ്രുവരി 26 നാണ്.

P.J. Kurien, former Member of Lok Sabha and Deputy Chairman of Rajya Sabha
പി ജെ കുര്യന്‍ / ഫയല്‍ ചിത്രംFile Ima

അവിടെ നിന്നങ്ങോട്ടു നീണ്ട പത്തൊന്‍പതുവര്‍ഷക്കാലം ആ പെണ്‍കുട്ടിയും കുടുംബവും നീതിന്യയവ്യവസ്ഥയില്‍ അഭയംതേടി. കേരളത്തിലാദ്യമായി ഒരു പ്രത്യേക കോടതി നിലവില്‍ വന്നത് സൂര്യനെല്ലി കേസിലായിരുന്നു. തന്നെ ഉപദ്രവിച്ചവര്‍ക്കു ശിക്ഷനേടിക്കൊടുക്കാന്‍ യുദ്ധം ചെയ്തു. അതിനിടെയാണ് മാസികയിലെ ചിത്രങ്ങളിലൊന്നില്‍ പരിചിതമായൊരു മുഖം ശ്രദ്ധിക്കപ്പെട്ടത്. തന്നെ ഉപദ്രവിച്ചവരുടെ കൂട്ടത്തിലെ മുഖം. മുൻ കേന്ദ്രമന്ത്രിയും ലോകസഭാംഗവും രാജ്യസഭയുടെ ഡെപ്യുട്ടി ചെയര്‍മാനുമായിരുന്ന പി.ജെ. കുര്യന്‍. അന്നത്തെ ഐ.ജി സിബി മാത്യൂസിന് നല്‍കിയ മൊഴിയില്‍ പി.ജെ. കുര്യന്റെയും ഡി.സി.സി സെക്രട്ടറി ജേക്കബ് സ്റ്റീഫന്റെയും പേരുകള്‍ പെണ്‍കുട്ടി പറഞ്ഞെങ്കിലും രേഖപ്പെടുത്തിയില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു. വലിയ കോലാഹലമാണ് അതു കേരളത്തിലുടനീളം ഉണ്ടാക്കിയത്. തൊട്ടുമുന്നിലായിരുന്നു 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും. രണ്ടിലും സൂര്യനെല്ലി മൂര്‍ച്ചയുള്ള ആയുധമായി. കേരളത്തില്‍ വലതുപക്ഷത്തെ സാരമായി കേസ് ബാധിച്ചു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പുതിയ ഭരണം വരുമെന്ന് ഏതാണ്ടുറപ്പിച്ചെങ്കിലും ആ വര്‍ഷമാണ് മാരാരിക്കുളത്ത് വി എസ്സിന് അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. എങ്കിലും ഇടത് മുന്നണിക്ക് ഗംഭീരാജയമാണുണ്ടായത്. 1996 മെയ് 20ന് ഇ.കെ. നായനാര്‍ മന്ത്രിസഭ രൂപംകൊണ്ടു.

ഭരണം മാറിമാറി വന്നപ്പോഴും സൂര്യനെല്ലി പെണ്‍കുട്ടി തന്റെ നിയമയുദ്ധം തുടര്‍ന്നു. പ്രത്യേക കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെങ്കിലും ഹൈക്കോടതി കുറ്റക്കാര്‍ക്ക് ഇളവുനല്‍കുകയും ധര്‍മരാജനൊഴികെയുള്ളവരെ കുറ്റമുക്തരാക്കുകയും ചെയ്തു. ഹൈക്കോടതിവിധിയിലെ അന്യായം സുപ്രീംകോടതിയില്‍ തിരുത്തപ്പെടുമെന്ന പ്രതീക്ഷയില്‍ അവര്‍ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശം വിവാദമായി. പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നെന്നും അത് ഉപയോഗിച്ചില്ലെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയെന്നും തടവില്‍ വെച്ചുവെന്ന വാദം ശരിയല്ലെന്നും രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും ഉപയോഗിച്ചില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ആര്‍. ബസന്ത് പറയുകയുണ്ടായി. നീണ്ട നാല്‍പതു ദിവസം തടവില്‍ കഴിയുകയും പലയിടങ്ങളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത ഒരു ഒന്‍പതാംക്ലാസ്സുകാരി താന്‍ നേരിട്ട ദുരനുഭവങ്ങള്‍ നീതിന്യായവ്യവസ്ഥക്കു മുന്‍പില്‍ തുറന്നു പറഞ്ഞതിന് നമ്മുടെ ന്യായാധിപര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായി. പിന്നീട് 2012 ലെ നിര്‍ഭയ കേസ് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയതോടെ ലൈംഗീകാതിക്രമണ കേസുകളിലെ നീതി തിരുത്തപ്പെട്ടു. സൂര്യനെല്ലിക്കേസിനും ആ ഉണര്‍വ്വ് ഊര്‍ജ്ജമായി. കേസ് വീണ്ടും പരിഗണിക്കപ്പെടുകയും 2013 ജനുവരി 31 ന്, ജസ്റ്റിസ് എ. കെ. പട്‌നായിക്, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കേരള ഹൈക്കോടതിയോട് പുതിയ വാദം കേള്‍ക്കനും ആറുമാസത്തിനുള്ളില്‍ ശിക്ഷ വിധിക്കാനും ഉത്തരവിറക്കി. 2014 ഏപ്രിലില്‍ ഹൈക്കോടതിയുടെ അന്തിമവിധിപ്രകാരം 24 പേര്‍ ശിക്ഷിക്കപ്പെടുകയും ഏഴുപേര്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു.

Important events that influenced the Kerala assembly elections
ഇടതുപാർട്ടികളിലെ കൊഴിഞ്ഞുപോക്ക്, തെറ്റിയത് ആർക്ക്?

സൂര്യനെല്ലിപെണ്‍കുട്ടി നാടുനീളെ വ്യഭിചരിച്ചു നടന്നുവെന്നാണ് 2013 ല്‍ മസ്‌കറ്റില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കെ. സുധാകരന്‍ പറഞ്ഞത്. വാക്കുകള്‍ വിവാദമായി. സൂര്യനെല്ലിപെണ്‍കുട്ടിക്കു സര്‍വ്വപിന്തുണയും നല്‍കി കൂടെ നിന്നിരുന്ന വി.എസ് അച്യുതാനന്ദന്‍ കേന്ദ്രമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും സുധാകരന്‍ അന്ന് പറഞ്ഞിരുന്നു. അപകീര്‍ത്തിപ്പെടുത്തിയവരും തന്നെ ഉപദ്രവിച്ച പ്രമുഖരും യാതനകളില്ലാതെ ജീവിച്ചുതീര്‍ക്കുമ്പോഴും ആ പെണ്‍കുട്ടി തന്റെ പതിനാറാം വയസ്സിലെ ഒരു ബസ്സു യാത്രയില്‍ തുടങ്ങിയ വേദനകളില്‍ ജീവിക്കുകയാണ്. കാലം സൂര്യനെല്ലി പെണ്‍കുട്ടിയോടു നീതികാട്ടാന്‍ ശ്രമിച്ചെങ്കിലും വിധി അങ്ങനെയായില്ല. സൂര്യനെല്ലിയിലെ പഴയവീട് ഉപേക്ഷിച്ചു പോകേണ്ടി വന്നു. കുടുംബം രണ്ടുതവണ വീടുവിറ്റ് മാറിത്താമസിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അവര അകറ്റിനിര്‍ത്തി. നായനാര്‍ സര്‍ക്കാര്‍ അവള്‍ക്ക് ദേവികുളത്തെ സെയില്‍സ് ടാക്‌സ് ഓഫീസില്‍ ജോലി നല്‍കിയെങ്കിലും 2012 ല്‍ ചങ്ങനാശ്ശേരി ഓഫീസിലിരിക്കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. സാമൂഹികമായി ഒറ്റപ്പെട്ടാണ് ഈ കുടുംബം കഴിയുന്നതെന്ന് എന്‍.ഡി.ടി.വി അടക്കമുള്ള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൂര്യനെല്ലി കേസിനു പുറമെ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, കിളിരൂര്‍, കവിയൂര്‍ കേസുകള്‍ തുടങ്ങി നിരവധി ബലാത്സംഗക്കേസുകള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചിട്ടുണ്ട്. ഇന്നുകാണുന്ന നിയമസംരക്ഷണങ്ങളൊന്നുമില്ലാതെ നീതിക്കുവേണ്ടി പൊരുതിയ അതിജീവനങ്ങളും, ഉയര്‍ന്നുവന്ന ശബ്ദങ്ങളും, കോടതിമുറിയിലും പുറത്തും അവര്‍ നേരിട്ട അപഹാസ്യങ്ങളുമാണ് ഒച്ചവെക്കാന്‍ ഇന്നത്തെ തലമുറക്ക് ഇത്രയെങ്കിലും ശക്തിയായത്.

ഓയിലില്‍ ലോക്ക് :

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു അഴിമതിവിവാദമാണ് പാമോലിന്‍ കേസ്. കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയുമുള്‍പ്പെടെ തലമുതിര്‍ന്ന നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനകാലം. 1991 - 1996 കാലഘട്ടത്തിനിടെ മലേഷ്യന്‍ കമ്പനിയായ പവര്‍ ആന്‍ഡ് എനര്‍ജി ലിമറ്റഡില്‍ നിന്നു യഥാര്‍ത്ഥ തുകയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പാം ഓയില്‍ ഇറക്കുമതി ചെയ്തു എന്നായിരുന്നു ആരോപണം. വെളിച്ചെണ്ണയേക്കാള്‍ വിലകുറവുള്ള ഭക്ഷ്യ എണ്ണ എന്നതിനാലാണ് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ 1991 നവംബറില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്നപ്പോള്‍ ടണ്ണിനു 405 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതുവഴി കേരളത്തിനു നഷ്ടം 2. 32 കോടി രൂപ ആണെന്ന് അക്കൗണ്ടന്റ് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

കേസില്‍ ഒന്നാം പ്രതിയായത് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ തന്നെയായിരുന്നു. ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, ഭക്ഷ്യസെക്രട്ടറി പി.ജെ. തോമസ്, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജിജി തോംസണ്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു തുടങ്ങി എട്ടുപേര്‍ക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. അന്ന് വി.എസ് അച്ചുതാനന്ദന്‍ ഗുരുതര അഴിമതിയായി വിവാദം നിയമസഭയില്‍ ഉന്നയിക്കുകയും നീണ്ടകാലത്തെ നിയമപോരാട്ടം നടത്തുകയും ചെയ്തു. രോഗശയ്യയിലും പാമോയില്‍ കേസില്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു വി.എസ്. 1995 ല്‍ കെ കരുണാകരന്‍ രാജിവെക്കാനുണ്ടായ പ്രധാന കാരണം ഐഎസ്ആര്‍ഒ ചാരക്കേസ് ആയിരുന്നെങ്കിലും പിന്നണിയില്‍ പാമോയില്‍ ആരോപണം സജീവമായി ഉണ്ടായിരുന്നു.

തങ്കമണി :

കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ വലിയ രീതിയില്‍ സ്വാധീനിച്ച ജനകീയപ്രക്ഷോഭമായിരുന്നു തങ്കമണി സംഭവം. ഒരു നാടിന്റെ ചെറുത്തുനില്‍പ്പും അധികാരത്തിന്റെ ക്രൂരമായ കടന്നുകയറ്റത്തിന്റെ നേര്‍സാക്ഷ്യവുമായിരുന്നു ആ നാടും നാട്ടുകാരും. തങ്കമണിയില്‍ നിന്നാണ് വരുന്നതെന്ന് പുറത്തു പറയാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും മാനക്കേടാണെന്ന് ആ നാട്ടുകാര്‍ക്കു പറയേണ്ടി വരുന്നത്ര ക്രൂരമായിരുന്നു 1986 ഒക്ടോബര്‍ 21 രാത്രിയിലെ സംഭവങ്ങള്‍. കേരളം കണ്ട ഏറ്റവും പൈശാചികമായ പൊലീസ് നരനായാട്ട്.

അന്ന് തങ്കമണിയിലേക്കുള്ള റോഡുകളുടടെ അവസ്ഥ ശോചനീയമായിരുന്നു. മണ്ണൊലിച്ചിറങ്ങിയ വഴിയിലൂടെ വേണം പോകാന്‍. പുറത്ത് കട്ടപ്പനപോലുള്ള ടൗണുകളുമായി ആ ലോകത്തെ ബന്ധിപ്പിച്ചിരുന്നത് സ്വകാര്യ ബസ് സര്‍വീസുകളായിരുന്നു. കച്ചവടത്തിനും വിദ്യാഭ്യാസത്തിനും ബസ് തന്നെ ശരണം. അതില്‍ പ്രധാന ബസ്സായിരുന്നു എലൈറ്റ്. വൈകീട്ട് തങ്കമണിയിലേക്കുള്ള ബസ് സര്‍വീസ് അവര്‍ പാറമടയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. തങ്കമണിവരെയുള്ള ചാര്‍ജ് ഈടാക്കിയ ശേഷം പാറമടവരെ മാത്രം സര്‍വീസ് നടത്തുന്ന പതിവു രീതിയെ ബസിലുണ്ടായിരുന്ന മൂന്നു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. അതിലൊരാളെ കണ്ടക്ടര്‍ മര്‍ദിച്ചവശനാക്കി. സംഭവം നാട്ടുകാരില്‍ വലിയ രോഷമുണ്ടാക്കുകയും അടുത്ത ദിവസം ബസ് തടയുകയും പിടിച്ചുവെക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത ബസ് ജീവനക്കാരന്‍ മാപ്പുപറയാമെന്നതു മാത്രമായിരുന്നു അവരുടെ ആവശ്യം. ബസ് പിടിച്ചുവെക്കുകയും ചക്രങ്ങളുടെ കാറ്റഴിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാതെ ബസ് തിരികെ കൊണ്ടുപോകാനായി ഉടമ ദേവസ്യ പൊലീസുമായി സംഭവസ്ഥലത്തെത്തിയതോടെ അതുവരെ നടന്ന സംഭവങ്ങള്‍ക്ക് സ്വഭാവമാറ്റമുണ്ടായി. പൊലീസ് ജനങ്ങളോട് വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ലാത്തിവീശുകയും ചെയ്തു. അതിനിടയില്‍ ആരോ പൊലീസിന്റെ ഔട്ട്‌പോസ്റ്റിനും ജീപ്പിനും തീവെച്ചു. ജനങ്ങളാണത് ചെയ്തതെന്ന് പൊലീസും, മറിച്ച് പൊലീസ് തന്നെ ചെയ്തതാണെന്ന് നാട്ടുകാരും വാദിച്ചു. കൂട്ടമണിയടിച്ച് തങ്കമണിയിലേക്ക് സമീപവാസികയെല്ലാം അവര്‍ എത്തിച്ചിരുന്നു. അതിനിടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പുരോഹിതനുമായിരുന്ന ഫാ. ജോസ് കോട്ടൂര്‍ പ്രശ്‌നപരിഹാരത്തിനു സമാധാനപരമായി ചര്‍ച്ചക്കെത്തി. എന്നാല്‍ സംഘര്‍ഷസാഹചര്യത്തിനിടെ സി.ഐ തമ്പാന്‍ ഫാ. ജോസ് കോട്ടൂരിനെ തള്ളിയിട്ടത് ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചു. പൊലീസിന്റെ അക്രമപ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കല്ലെറിഞ്ഞു. പൊലീസ് തിരിച്ചു വെടിയുതിര്‍ത്തു. ഈ സംഭവങ്ങളിലൊന്നും ഭാഗമല്ലാതിരുന്ന കോഴിമല അവറാച്ചന്‍ എന്നയാള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രോട്ടോകോള്‍ പാലിച്ചാണ് വെടിയുതിര്‍ത്തതെന്ന് എന്നത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തമ്പാനും അതുണ്ടായില്ലെന്ന് സമരക്കാരും പിന്നീട് പ്രതികരിച്ചിരുന്നു. പ്രശ്‌നം കൂടുതല്‍ കൂടുതല്‍ കലുഷിതമായിക്കൊണ്ടേയിരിക്കുകയായിരുന്നു.

രാത്രി ആയപ്പോഴേക്കും സമരക്കാരായ പുരുഷന്മാര്‍ കൃഷിയിടങ്ങളിലും മറ്റുമായി ഒളിച്ചിരുന്നു. പൊലീസ് വണ്ടികള്‍ നിരനിരയായി തങ്കമണിയിലേക്ക് ഒഴുകിയെത്തി. സമരക്കാരെ കാണാതെ കലിയിളകിയ പൊലീസ് അവിടെയുള്ള വീടുകളിലെല്ലാം കയറിയിറങ്ങി അക്രമം അഴിച്ചുവിടുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വീടുകളും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും പണവും സ്വര്‍ണവും മോഷ്ടിക്കുകയും ചെയ്തതായി പിന്നീട് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. അന്ന് കസ്റ്റഡിയിലെടുത്ത മുപ്പതോളം ആളുകള്‍ പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തിനും അതിലേറെപ്പേര്‍ മൂന്നാം മുറക്കും ഇരകളായി.

തങ്കമണിയിലെ സംഭവങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ പ്രതിഫലിച്ചതു കൊടുങ്കാറ്റിലും ശക്തമായാണ്. ഒക്ടോബര്‍ 22 നു തങ്കമണിയില്‍ നടന്നതൊക്കെ കേരളം സ്വന്തം ദുരനുഭവമായിക്കണ്ട് അവര്‍ക്കൊപ്പം നിന്നു. അന്നത്തെ കരുണാകരന്‍ സര്‍ക്കാരിനെതിരെ തങ്കമണിയുടെ മക്കള്‍ രൂക്ഷമായി ശബ്ദമുയര്‍ത്തി. വെടിവെപ്പില്‍ രക്തസാക്ഷിയായ കോഴിമല അവറാച്ചന്റെ ശവകുടീരത്തില്‍ തുടങ്ങി രാജ്ഭവന്‍വരേക്കും കങ്കമണിക്കാര്‍ കാല്‍നടയാത്രനടത്തി. 12 ദിവസംകൊണ്ട് മുന്നൂറ് കിലോമീറ്റര്‍. യാത്രതുടങ്ങിയപ്പോള്‍ ഗ്രാമവാസികള്‍ മാത്രമായിരുന്നെങ്കില്‍ യാത്രയിലുടനീളം കേരളത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള അനേകംപേര്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരിക്കുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെ ആയിരുന്നു തങ്കമണിയിലെ നരനായാട്ടും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും. അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ കേരളത്തിലൊന്നാകെ പ്രതിഷേധങ്ങളുയര്‍ന്നു. കൊലയാളി മുഖ്യനെന്നാണ് പ്രതിപക്ഷം കരുണാകരനെ വിളിച്ചത്. തങ്കമണിയുടെ ആഘാതം ചെറുതയല്ല കോണ്‍ഗ്രസ്സിനെ തെരഞ്ഞെടുപ്പില്‍ ബാധിച്ചത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ടു പ്രചാരണപരിപാടികളില്‍ പങ്കെടുത്തിട്ടും കേരളം കരുണാകരനോട് തങ്കമണിക്കു വേണ്ടി കണക്കുചോദിച്ചു. 138 ല്‍ 78 സീറ്റുകള്‍ നേടി വമ്പന്‍ വിജയത്തോടെ ഇടതുപക്ഷം അധികാരത്തിലെത്തി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. ഇടുക്കിയുടെ ഒരറ്റത്തുള്ള കുഞ്ഞനൊരു ഗ്രാമത്തിന്റെ വമ്പനൊരു ചെറുത്തുനില്‍പ്പ് കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥതന്നെ തകിടം മറിക്കുകയായിരുന്നു.

Summary

A reminder of some historical events that shocked the Kerala Assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com