How Euthanasia unites Goddard and Harish Rana
Euthanasia that unites Goddard and HarishSM Online

ദയാവധത്തിന്റെ ശരിയും തെറ്റുമല്ല, അരുണ മുതൽ ഹരീഷ് വരെ പറഞ്ഞത് വേദനയുടെ കഥ

വേദനകൾ അറുത്തുമാറ്റി ഹരീഷിനു പരമോന്നത കോടതി മരണം വിധിക്കുമ്പോൾ വിങ്ങലോടെ രാജ്യം വീണ്ടുമോർക്കുന്ന മറ്റൊരു പേരുകൂടെയുണ്ട്. 42 വർഷക്കാലം ജീവിതമില്ലാതെ ജീവിച്ചുതീർത്ത അരുണ ഷാൻബാ​ഗ്. അരുണയിൽ തുടങ്ങി ഹരീഷിലേക്ക് നീളുകയാണ് ദയാവധത്തിന്റെ ഉള്ളുപൊള്ളിക്കുന്ന വാദപ്രതിവാദങ്ങൾ...
Published on

ജീവിക്കാന്‍ പെടാപ്പാടുപെടുന്ന കാലത്ത് ഒരാള്‍ മരണത്തിനായി അപേക്ഷിക്കുന്നു. മകനെ മരിക്കാനനുവദിക്കണമെന്ന് ഒരച്ഛനും അമ്മയും കോടതികളായ കോടതികളോട് അപേക്ഷിക്കുന്നു. ആ ജീവിതം കണ്ടുനില്‍ക്കാനാവുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. നീണ്ട പതിനാലു വര്‍ഷങ്ങള്‍ ജീവിതവും മരണവും തമ്മിലെ വേര്‍തിരിവറിയാതെ കഴിഞ്ഞ ഹരീഷിന് ഒടുക്കം നിറകണ്ണുകളോടെ വേദനകളില്ലാത്ത ലോകം സമ്മാനിക്കുകയാണു രാജ്യവും നിയമസംവിധാനങ്ങളും. നൂറ്റാണ്ടുപഴക്കം മണക്കുന്ന ശരിതെറ്റുകളുടെ കണക്കുപുസ്തകത്തെ തിരുത്താന്‍ തീരുമാനമെടുക്കുകയാണ്. ജീവിക്കാനുള്ള അവകാശത്തോളം തന്നെ അന്തസ്സോടെ മരണം വരിക്കാനും പൗരന് അവകാശമുണ്ടെന്നു പറയുകയാണ്. ചരിത്ര നിമിഷമെന്നു കാലം കുറിച്ചിടുന്ന വിധിപ്രഖ്യാപനം. വേദനകള്‍ അറുത്തുമാറ്റി ഹരീഷിനു പരമോന്നത കോടതി മരണം വിധിക്കുമ്പോള്‍ വിങ്ങലോടെ രാജ്യം വീണ്ടുമോര്‍ക്കുന്ന മറ്റൊരു പേരുകൂടെയുണ്ട്. നാല്പത്തിരണ്ടുവര്‍ഷക്കാലം ജീവിതമില്ലാതെ ജീവിച്ചുതീര്‍ത്ത അരുണ രാമചന്ദ്ര ഷാന്‍ബാഗ്. അരുണയില്‍ തുടങ്ങി ഹരീഷിലേക്ക് നീളുകയാണ് ദയാവധത്തിന്റെ ഉള്ളുപൊള്ളിക്കുന്ന വാദപ്രതിവാദങ്ങള്‍.

How Euthanasia unites Goddard and Harish Rana
ഇടതുപാർട്ടികളിലെ കൊഴിഞ്ഞുപോക്ക്, തെറ്റിയത് ആർക്ക്?

ദയാവധത്തിലെ ആദ്യ വിധി:

2011 ജൂണ്‍ 1. അതിരാവിലെ തന്നെ മുംബൈയിലെ കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നാലാം വാര്‍ഡ് സുഗന്ധികളായ പൂക്കള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും ബലൂണുകള്‍കൊണ്ടും നിറഞ്ഞു. പതിഞ്ഞസ്വരത്തില്‍ പഴയ ഹിന്ദി സിനിമാ പാട്ടും കേള്‍ക്കാം. ആ വാര്‍ഡിന്റെ ഒരറ്റത്തായി ഒരുക്കിയ കട്ടിലില്‍ കാലങ്ങളായി കഴിയുന്ന ഒരു രോഗിയെ നഴ്സുമാര്‍ പുതിയ വസ്ത്രമൊക്കെ ധരിപ്പിച്ചു സുന്ദരിയാക്കി ഒരുക്കി. നീലനിറമുള്ള പുത്തന്‍ ഗൗണ്‍. അന്നവരുടെ അറുപത്തിമൂന്നാം പിറന്നാളാണ്. വൈകാതെ ആശുപതിയിലെ നഴ്സിംഗ് സ്റ്റാഫുകളെല്ലാവരും ആ കട്ടിലിനു ചുറ്റുംകൂടി. ഉറക്കെ പാട്ടുപാടി, കേക്കു മുറിച്ചു, സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. പിറന്നാളുകാരിക്ക് ഒരു എയര്‍ കൂളര്‍ സമ്മാനമായി നല്‍കി. നന്ദി സൂചകമായി അവര്‍ ചില ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ചു. ആ ദിവസം കെ.ഇ.എം ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. അതിനു കാരണവുമുണ്ട്.

രണ്ടു മാസം മുന്‍പാണ് രാജ്യത്തെ ഏറ്റവും സുപ്രധാനമായ ഒരു കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. 2011 മാര്‍ച്ച് ഏഴാം തിയതി. കേസ് - അരുണ ഷാന്‍ബാഗ് വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ. നീണ്ടകാലമായി കോമയില്‍ കഴിയുന്ന അരുണക്ക് ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പിങ്കി വിരാനി നല്‍കിയ പെറ്റീഷന്‍ സുപ്രീംകോടതി തള്ളി. അരുണയെ വധിക്കാനാവില്ലെന്നു പ്രഖ്യാപിച്ചു. കേസില്‍ നിര്‍ണായകമായത് കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ആ നഴ്സുമാരുടെ ഒറ്റക്കെട്ടായുള്ള നിലപാടാണ്. അവര്‍ക്ക് അരുണയോടുള്ള സ്‌നേഹമാണ്.

Aruna Shanbaug Indian nurse who was at the centre of attention in a court case on euthanasia
Aruna Ramchandra ShanbaugFile Image

എന്നാല്‍ വിധിക്കു പിറകേ എത്തിയ ചര്‍ച്ചകളില്‍ ആ സ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. ജീവിതത്തിലേക്കു തിരിച്ചുവരവില്ലെന്നു കോടതി കണ്ടെത്തിയ അരുണയെ അന്തസ്സോടെയുള്ള മരണത്തിനു വിട്ടു നല്‍കാത്തത് അവകാശ ലംഘനമാണെന്നുള്ള വാദങ്ങള്‍ ഉണ്ടായി. എന്തിരുന്നാലും പിങ്കി വിരാനി നല്‍കിയ പെറ്റീഷനില്‍ രാജ്യം ദയാവധത്തില്‍ ആദ്യമായി ഒരു നിലപാടു കൈക്കൊള്ളുകയായിരുന്നു. പാസ്സീവ് യൂത്തനേഷ്യ അഥവാ നിഷ്‌ക്രിയ ദയാവധം നിബന്ധനകളോടെ അനുവദിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി മാറി ഇന്ത്യ. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കാം. ബന്ധുക്കള്‍ ഇല്ലാത്തപക്ഷം അടുത്ത സുഹൃത്തുക്കള്‍ക്ക് അനുവാദം നല്‍കാം. അരുണയുടെ അടുത്ത സുഹൃത്തുക്കളായി കോടതി കണ്ടത് അക്കാലമത്രയും അവരെ പരിപാലിച്ചുപോന്ന കെ.ഈ.എം ആശുപത്രിയിലെ നേഴ്‌സുമാരെയാണ്. അരുണയെ മരണത്തിനു വിട്ടുനല്‍കാനാവില്ലെന്ന് അവര്‍ കടുത്ത നിലപാടെടുത്തു. വീണ്ടും നാലുവര്‍ഷക്കാലം കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നാലാം വാര്‍ഡിലെ ആ കട്ടില്‍ അരുണയെ താങ്ങിനിര്‍ത്തി. 2015 ല്‍ നിമോണിയ ബാധിച്ചു മരണപ്പെടുമ്പോഴേക്കും ആ ആശുപത്രിവാസം നാല്പത്തിരണ്ടാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. പത്തുവര്‍ഷം കഴിഞ്ഞ് അതെ നിയമമാണ് ഹരീഷ് റാണക്ക് മരണം അനുവദിച്ചുനല്‍കുന്നത്.

How Euthanasia unites Goddard and Harish Rana
വീര്‍ ബഹാദൂര്‍ സിങ് വെട്ടിയ വിവര വിപ്ലവത്തിന്റെ വഴി

ആരാണ് അരുണ ഷാന്‍ബാഗ്? അരുണക്ക് എന്ത് സംഭവിച്ചു?

ഉത്തരകര്‍ണാടകയിലെ ഹാല്‍ദിപുരില്‍ ജനിച്ച അരുണ ഷാന്‍ബാഗ് ആ ഗ്രാമത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു. പത്തുവയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരണപ്പെട്ടു. ആറു സഹോദരന്മാരും മൂന്നു സഹോദരിമാരും അടങ്ങിയ കുടുംബത്തിന് അതിജീവനം പ്രതിസന്ധിയായി. മൂത്തസഹോദരങ്ങള്‍ ജോലി സാധ്യതകണ്ട് മുംബൈയിലേക്ക് കുടിയേറി. പഠനത്തില്‍ മിടുക്കിയായിരുന്ന അരുണ മാത്രമാണ് ആ കുടുംബത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയത്. പതിനേഴാം വയസ്സില്‍ നഴ്‌സിംഗ് പഠനത്തിനായി മുംബൈയിലെ സഹോദരങ്ങള്‍ക്കടുത്തേക്കു പോവുകയും മൂന്നരവര്‍ഷത്തിനു ശേഷം കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലിക്കു പ്രവേശിക്കുകയും ചെയ്തു. പഠനം തന്നെ പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട കാലത്താണ് അരുണ മുംബൈനഗരത്തിലെത്തി പഠിച്ച് ജോലിനേടുന്നത്.

ഹോസ്പിറ്റലിലെ കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സെന്ററിന്റെ ചാര്‍ജ് അക്കാലത്ത് അരുണക്കായിരുന്നു. അതെ കാലത്തണ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോക്ടര്‍ പ്രതാപ് ദേശായിയുമായി അവര്‍ പ്രണയത്തിലാകുന്നതും, വിവാഹം നടത്തിത്തരണമെന്നു കുടുംബത്തോട് അഭ്യര്‍ത്ഥിക്കുന്നതും. എന്നാല്‍ ഇതരജാതിക്കാരനായ ഡോക്ടറുമായുള്ള ബന്ധത്തെ കുടുംബം എതിര്‍ത്തു. എതിര്‍പ്പവഗണിച്ചു വിവാഹിതരാവാന്‍ ഇരുവരും തീരുമാനവുമെടുത്തു. എന്നാല്‍ വിധി സോഹന്‍ലാല്‍ വാല്‍മീകി എന്ന മനുഷ്യന്റെ രൂപത്തില്‍ അവതരിച്ചു തകര്‍ത്തത് കാലങ്ങള്‍കൊണ്ടും കഷ്ടപ്പാടുകൊണ്ടും അരുണ പടുത്ത സ്വപ്നങ്ങളാണ്.

1973 നവംബര്‍ 27. മറ്റെല്ലാ ദിവസവും പോലെ ആ ദിവസവും കടന്നുപോയെങ്കിലെന്ന് അരുണക്കു ചുറ്റുമുള്ള മനുഷ്യരോരോരുത്തരും ആശിച്ചിരിക്കണം. ക്രൂരമായ ലൈംഗികാക്രമണത്തിന് അന്നു രാത്രി അവര്‍ ഇരയായി. വളര്‍ത്തുനായുടെ തുട കഴുത്തില്‍ കെട്ടിയതിനേത്തുടര്‍ന്നു തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ച് അരുണ അബോധാവസ്ഥയിലായി. പിറ്റേദിവസം ഹോസ്പിറ്റലിലെത്തിയ നഴ്സുമാരാണ് മരണത്തോടുമല്ലിടുന്ന അരുണയെ കണ്ടെത്തുന്നത്. ഹോസ്പിറ്റലിലെ സകല സാങ്കേതികതയും ഉപയോഗിച്ചു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോമയില്‍ നിന്നും അവര്‍ പിന്നീട് ഉണര്‍ന്നില്ല. സോഹന്‍ വാല്‍മീകി എന്ന കുറ്റവാളിക്കെതിരെ മോഷണശ്രമത്തിനും ആളപായത്തിനും മാത്രം കുറ്റം ചുമത്തപ്പെട്ടു. അതിക്രൂരമായ കൃത്യത്തിനു സോഹന് ലഭിച്ചത് 14 വര്‍ഷത്തെ തടവ് ശിക്ഷയും അരുണക്കു ലഭിച്ചത് 42 വര്‍ഷത്തെ കോമ ജീവിതവും.

കോമണ്‍ കോസ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ :

അരുണയുടെ മരണത്തിനു ശേഷം 2018 ലാണ് സുപ്രീംകോടതി കോമണ്‍ കോസ് വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. 2005 ലാണ് കോമണ്‍ കോസ് എന്ന എന്‍ ജി ഓ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. മാരകമായ അസുഖം ബാധിച്ച രോഗികള്‍ക്ക് 'ലിവിങ് വില്‍' തയ്യാറാക്കാനുള്ള സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കോമണ് കോസ് അന്ന് കോടതിയില്‍ വാദിച്ചു. നീണ്ടകാലത്തെ നിയമപോരാട്ടത്തിനു ശേഷം 2018 ല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് അന്തസ്സോടെയുള്ള മരണം മൗലികാവകാശമായി പ്രഖ്യാപിച്ചു.

ഹരീഷ് റാണക്ക് എന്ത് സംഭവിച്ചു?

2003 ല്‍ പഞ്ചാബ് സര്‍വകലാശാലയിലെ എന്‍ജിനീയറിങ് പഠനത്തിനിടെയാണ് വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്നും വീണ് ഹരീഷ് റാണക്കു പരിക്കേല്‍ക്കുന്നത്. നൂറു ശതമാനം വൈകല്യം ബാധിച്ച ഹരീഷ് പിന്നീട് എഴുന്നേറ്റിട്ടില്ല. ട്യൂബു വഴിയാണ് ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ആ മുപ്പത്തിരണ്ടുകാരനെ പരിപാലിക്കുന്നത് അച്ഛനും അമ്മയും സഹോദരനും സഹോദരിയുമടങ്ങുന്ന കുടുംബമാണ്.

പ്രതിമാസം ചികിത്സക്കു മാത്രം വരുന്ന അതിഭീമമായ തുകയ്ക്കു പുറമെ മകന്റെ വേദനയും കണ്ടുനില്‍ക്കുന്നതു സഹിക്കാനാവാതെയാണ് 2024 ല്‍ അച്ഛന്‍ അശോക് റാണ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ദയാവധം അനുവദിച്ചില്ല. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് ഹരീഷ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും നിലവില്‍ ജീവന്‍ രക്ഷാസഹായികള്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അനുവാദം നിഷേധിച്ചെങ്കിലും സാഹചര്യത്തില്‍ മാറ്റമുണ്ടായാല്‍ വീണ്ടും കോടതിയെ സമീപിക്കാനുള്ള അനുവാദം നല്‍കപ്പെട്ടിരുന്നു. തുടര്‍ന്ന് 2025 ല്‍ അശോക് റാണ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹരീഷ് നിലവില്‍ മെഡിക്കല്‍ സംവിധാനങ്ങളോടൊന്നും തന്നെ പ്രതികരിക്കുന്നില്ലെന്നു കണ്ടെത്തിയ കോടതി നിഷ്‌ക്രിയ ദയാവധം അനുവദിച്ചു. ഹരീഷിനെ കുടുംബം ഉപേക്ഷിക്കുകയില്ല, മറിച്ച് എല്ലാ അന്തസ്സോടുകൂടെയും മരിക്കാന്‍ അനുവദിക്കുകയാണെന്നും ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്റ്റിസ് കെ.വി. വിശ്വനാഥനും ചേര്‍ന്ന ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

എന്നാണ് ദയാവധം?

യൂത്തനേഷ്യ (euthanasia) എന്ന വാക്കിനര്‍ത്ഥം നല്ല മരണം അഥവാ ഗുഡ് ഡെത്ത് എന്നാണ്. ഭേദമാക്കാനാവാത്തതും വേദനാജനകവുമായ രോഗമോ തിരിച്ചുവരവില്ലാത്ത വിധം കോമയോ ബാധിച്ച രോഗിയെ തീരാദുരിതത്തില്‍ നിന്നും മോചിപ്പിക്കാനായി വേദനയില്ലാത്ത വിധം അവരെ മരണത്തിനു വിട്ടുനല്‍കലാണത്. ആധുനിക വൈദ്യശാസ്ത്രത്തേക്കാളേറെ പഴക്കമുണ്ട് ഈ ആശയത്തിന്. രണ്ടാം ലോകമഹായുദ്ധകാലമാണ് ദയാവധത്തെ സുപരിചിതമായൊരു വാക്കാക്കി മാറ്റിയത്. എന്നാല്‍ ദുരിതബാധിതര്‍ക്കുള്ള ആശ്വാസമായിരുന്നില്ല അത്. വംശീയ ഉന്മൂലനമടക്കം ലക്ഷ്യംവെച്ച് ആദ്യഘട്ടത്തില്‍ കുഞ്ഞുങ്ങളിലും പിന്നീടു മുതിര്‍ന്നവരിലും കണക്കില്ലാത്തളവില്‍ ഹിറ്റ്‌ലര്‍ ദയാവധം പരീക്ഷിച്ചു. ആക്ഷന്‍ ടി 4 ( Aktion T4 ) എന്ന പേരിലാണ് നാസി പട്ടാളം പദ്ധതി നടപ്പിലാക്കിയത്. അതിന്റെ ഭാഗമായി 1939 -1941 കാലഘട്ടത്തിനിടെ എഴുപതിനായിരത്തില്‍ അധികം മരണങ്ങളാണു റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ യുദ്ധാവസാനകാലത്തെ കണക്കു പ്രകാരം ദയാവധത്തിനു വിധേയരായതു മൂന്നു ലക്ഷത്തിലേറെ മനുഷ്യരാണ്. അതിഭീകരമായൊരു മറുവശം യൂത്തനേഷ്യക്ക് ഉണ്ടെന്ന തിരിച്ചറിവുകൂടെയാണു ഫാസിസ്റ്റുകാലം ലോകത്തിനു സമ്മാനിച്ചത്.

എന്നാല്‍ സമയോജിതമായ മാറ്റങ്ങള്‍ യൂത്തനേഷ്യയുടെ കാര്യത്തില്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്. നിലവില്‍ 7 യൂറോപ്യന്‍ രാജ്യങ്ങള്‍ ദയാവധം നിയമപരമായി പ്രഖ്യാപിച്ചിട്ടുണ്ട്. നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ലെക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാന്റ്, ആസ്ട്രിയ, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും ജെര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ ഭാഗികമായും ദയാവധം ലീഗലാണ്. സ്‌കോട്ട്‌ലാന്റിലും ഫ്രാന്‍സിലും നിയമനിര്‍മാണം പരിഗണനയിലുമാണ്. കാനഡയും ഓസ്ട്രേലിയയിലെ ആറു സംസ്ഥാനങ്ങളും ദയാവധത്തെ അംഗീകരിക്കുന്നു. 2008 മുതല്‍ മെക്‌സിക്കന്‍ നിയമം രോഗികള്‍ക്കു സ്വയം വൈദ്യസഹായം സ്വീകരിക്കാതിരിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. മൂന്നോ അതിലധികമോ കുടുംബാംഗങ്ങളുടെ സമ്മതമുണ്ടെങ്കില്‍ അല്‍ബേനിയയിലും മരണം തെരഞ്ഞെടുക്കാം. യുഎസ് സംസ്ഥാനങ്ങളായ ഒറിഗോണ്‍, വാഷിംഗ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വമേധയായുള്ള ദയാവധം നിയമപരമാണ്.

ലോകത്താദ്യമായി ദയാവധം നിയമവിധേയമാക്കിയത് നെതര്‍ലാന്റ്‌സ് (2002) ആയിരുന്നു. റീജിയണല്‍ യൂത്തനേഷ്യ റിവ്യൂ കമ്മിറ്റീസ് (RTE) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നെതര്‍ലാന്റില്‍ 2023 ലെ ദയാവധ മരണങ്ങളുടെ എണ്ണം 9,068 ആയിരുന്നത് 2024 ആയപ്പോഴേക്കും 9,958 ആയി ഉയര്‍ന്നിട്ടുണ്ട്. അതില്‍ 86 ശതമാനം പേരും ഗുരുതര കാന്‍സര്‍ രോഗികളും 219 പേര്‍ മാനസിക ബുദ്ധമുട്ടുകള്‍ അനുഭവിക്കുന്നവരും ആയിരുന്നു. നെതര്‍ലാന്റിലും സ്വിറ്റ്‌സര്‍ലാന്റിലും നിയമക്കുരുക്കുകള്‍ കുറവായതുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ സൂയിസൈഡ് ടൂറിസവും സജീവമാണെന്ന് 2019 ല്‍ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതില്‍ ഏറെ ചര്‍ച്ചയായ മരണമായിരുന്നു യുദ്ധാനന്തര യൂറോപ്യന്‍ സിനിമയ്ക്ക് പുത്തന്‍ ഭാവമൊരുക്കിയ വിഖ്യാത ഫ്രഞ്ച്- സ്വിസ് ചലച്ചിത്രകാരന്‍ ജീന്‍ ലൂക് ഗൊദാര്‍ദിന്റെത്.

Director and screenwriter Jean-Luc Godard died by assisted suicide
French-Swiss film director and screenwriter Jean-Luc GodardFile Image

2022 സെപ്തംബര്‍ 13 നാണ് ഗോദാര്‍ദ് മരണം സ്വീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ലോകത്തെ അറിയിച്ചത്. പ്രായാധിക്യവും നിരവധി രോഗബാധകളും അനുഭവിക്കുന്ന തനിക്ക് അസിസ്റ്റഡ് ഡയിങ് (വൈദ്യസഹായത്തോടെയുള്ള മരണം) അനുവദിക്കണമെന്ന് സ്വിറ്റ്‌സര്‍ലാന്റ് കോടതിയെ അറിയിച്ച് അനുവാദം നേടിയിരുന്നു ഗൊദാര്‍ദ്. ദയാവധത്തിലുള്‍പ്പെട്ട മരണരീതികളിലൊന്നാണ് വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ. മാറാരോഗങ്ങളുള്ള, ജീവിതത്തിലേക്ക് മടങ്ങിവരവില്ലെന്നു വിധിയെഴുതപ്പെട്ടവര്‍ക്ക് ചികിത്സാസഹായത്തോടെ ജീവിതം അവസാനിപ്പിക്കാനാവും. സ്വിറ്റ്‌സര്‍ലാന്റിലെ വീട്ടില്‍ ഭാര്യ ആനി-മേരി മിവില്ലെയുടെ സാമിപ്യത്തില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ഇതിഹാസജീവിതം ബാക്കിനിര്‍ത്തി അദ്ദേഹം യാത്രയായി. ചടങ്ങകളൊന്നുമില്ലാതെ ആരെയും കാണാന്‍നില്‍ക്കാതെ യാത്രയായി. അസിസ്റ്റഡ് സൂയിസയ്ഡിനോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടിനെ ആ വിപ്ലവകാരി മരണത്തിലും ചോദ്യംചെയ്തു.

'മരണത്തെ ഞാന്‍ ഭയക്കുന്നില്ല, എന്നാല്‍ ഈ ജീവിത്തെ എനിക്കു പേടിയാണെന്നു' പറഞ്ഞ് ലോകത്തെ തന്റെ മരണം പരിചയപ്പെടുത്തിയ ബാര്‍ബറ ഗുഡ്ഫ്രണ്ട് എന്ന അമേരിക്കന്‍ വംശജയെ ഒരുപക്ഷേ മറന്നുകാണില്ല. മരണം ഒരു ചോയ്‌സാണെന്ന് ലോകത്തോട് എനിക്കു പറയണമായിരുന്നു എന്നാണവര്‍ മരണത്തിനു തൊട്ടുമുമ്പു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (ALS) എന്ന രോഗബാധിതയായി മരണം കാത്തുകഴിഞ്ഞ ബാര്‍ബറ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ സ്വീകരിക്കുകയായിരുന്നു.

Barbara Goodfriend, 83-year-old widow, who was diagnosed with ALS, explained her decision to die with medical assistance.
Barbara Goodfriend during the final 24 hours of her life after she chose "Medical Aid in Dying."SM ONLINE

ദയാവധം രണ്ടുതരത്തിലാണ് അനുവദിക്കപ്പെടുന്നത്. ആദ്യത്തേത്, രോഗിതന്നെ സമ്മതം അറിയിച്ചുകൊണ്ടുള്ള ദയാവധം. അതിനായി നേരിട്ടോ, മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള സമ്മതപത്രം വഴിയോ വ്യക്തി ആഗ്രഹം അറിയിക്കണം. ഗൊദാര്‍ദും ബാര്‍ബറയും സ്വീകരിച്ചതുപോലെ. രണ്ടാമത്തേത് രോഗിക്കു സ്വയം തീരുമാനമെടുക്കാനോ അഭിപ്രായം അറിയിക്കാനോ സാധ്യമല്ലാത്ത സന്ദര്‍ഭങ്ങളിലെ ആസ്വമേധയായുള്ള ദയാവധം. ഇത്തരം ഘട്ടങ്ങളില്‍ രോഗിയുടെ ഏറ്റവുമടുത്ത ബന്ധുക്കളോ, നിയപ്രകാരം ഏര്‍പ്പെടുത്തിയ വ്യക്തിയോ, മെഡിക്കല്‍ ബോര്‍ഡോ തീരുമാനമെടുക്കും. ഹരീഷ് റാണയ്ക്കുവേണ്ടി മാതാപിതാക്കള്‍ സമ്മതമറിയിച്ചതുപോലെ.

ദയാവധം നടപ്പിലാക്കുന്നതിനും രണ്ടുവിധമാണുള്ളത്. ആദ്യത്തേത് ആക്റ്റീവ് യൂത്തനേഷ്യ അഥവാ സജീവ ദയാവധം. ഡോക്ടറുടെ സാന്നിധ്യത്തില്‍ മരുന്നോ കുത്തിവെപ്പോ ഉപയോഗിച്ചുള്ള വധം. എന്നാല്‍ ഇന്ത്യയില്‍ ഇത് അനുവദിനീയമല്ല. ശക്തമായ ഉപാധികളോടെയുള്ള നിഷ്‌ക്രിയ ദയാവധത്തിനാണു സുപ്രീംകോടതി അനുവാദം നല്‍കിയിട്ടുള്ളത്. അതിനു മുന്‍പ് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട എല്ലാ ചികിത്സയും ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രതീക്ഷയുടെ അവസാന നാമ്പും അടഞ്ഞെന്ന ഉറപ്പിന്മേല്‍ മാത്രം ദയാവധം സ്വീകരിക്കാം. അതിനു മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്. ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ചികിത്സ പതിയെ പിന്‍വലിച്ചുകൊണ്ടാണ് നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ സംവിധാനങ്ങളും മരുന്ന്, ഭക്ഷണം എന്നിവയും ഒഴിവാക്കി പതിയെയാണ് മരണത്തിലേക്ക് രോഗിയെ വിട്ടു നല്‍കുന്നത്.

വൈദ്യസഹായം പിന്‍വലിച്ചാല്‍ മരണംവരെയും പാലിയേറ്റിവ് കെയര്‍ സൗകര്യം നല്‍കിയിരിക്കണം. മരണത്തിലേക്ക് അടുക്കുന്ന മനുഷ്യന്റെ മാനത്തെ മാനിച്ചുകൊണ്ട് മനുഷ്യത്വപരമായി മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന നിബന്ധനയും ഉണ്ട്. ഹരീഷ് റാണയുടെ ദയാവധത്തിനായി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനോട് (എയിംസ്) പാലിയേറ്റിവ് ഏന്‍ഡ് ഓഫ് ലൈഫ് കെയര്‍ പദ്ധതി തയ്യാറാക്കാന്‍ കോടതി നിദ്ദേശിച്ചിട്ടുണ്ട്. വൈകാതെ ഹരീഷിനെ എയിംസ് പാലിയേറ്റിവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും നിലവില്‍ ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനുമായി നല്‍കിയിരിക്കുന്ന ട്യൂബുകള്‍ എടുത്തുമാറ്റുകയും ചെയ്യും.

How Euthanasia unites Goddard and Harish Rana
'ഇന്ത്യയെ കണ്ടെത്തിയ' പെപിത; കേരളത്തേയും!

എന്തുകൊണ്ട് നിയമ വ്യവസ്ഥകള്‍ മാറണം?

'കോടതിയുടെ ഇന്നത്തെ തീരുമാനം യുക്തിയില്‍ മാത്രം അധിഷ്ടിതമല്ല. അത് സ്‌നേഹത്തിനും നഷ്ടത്തിനും മരുന്നിനും കാരുണ്യത്തിനുമിടയിലാണുള്ളത്. ഈ വിധി മരണം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് കൃത്രിമമായി ആയുസ്സ് ദീര്‍ഘിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ചാണ്'- ഹരീഷ് റാണ കേസില്‍ വിധിക്കൊപ്പം സുപ്രീംകോടതി പറഞ്ഞുവെച്ചത് ഇങ്ങനെയാണ്. എന്തുകൊണ്ട് നിയമങ്ങള്‍ നീതിക്കും മനുഷ്യര്‍ക്കുമൊപ്പം ചേര്‍ന്നു നിലക്കാനും മാറാനും തയ്യാറാവണമെന്നതിനു തെളിവായിരുന്നു ബുധനാഴ്ച പുറത്തുവന്ന വിധിപ്രഖ്യാപനം. ഒരാളുടെ മരണം തീരുമാനിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശം നല്‍കാത്ത നിയമം അതേ മനുഷ്യപക്ഷത്തുനിന്നുതന്നെ മരണം വിധിക്കുന്നു. തിരുത്തലുകള്‍ക്കുവേണ്ടികൂടെയാണ് കാലം ചലിക്കുന്നതെന്നു തോന്നിയേക്കാം.

ശരിതെറ്റുകള്‍ക്കിടയില്‍ ഇന്നും ഉത്തരമില്ലാതെ തുടരുന്ന ചോദ്യമാണ് ദയാവധത്തിന്റെ മാനുഷികത എത്രത്തോളമെന്നത്. തുലനം ചെയ്തു പക്ഷം ചേരാന്‍ അനുവദിക്കാത്ത പ്രതിസന്ധി. പക്ഷെ അതിന് ഇന്നൊരു ഉത്തരമുണ്ട്. അത് ദയാവധം അനുവദിക്കുന്നുവെന്ന സുപ്രീംകോടതി വിധിയെ നേരിടേണ്ടത് പുഞ്ചിരികൊണ്ടോ കണ്ണീരുകൊണ്ടോ എന്നറിയാതെ കോടതിമുറിയില്‍ നിന്നുപോയ, ശേഷം ദൈവത്തിനു നന്ദിയറിയിച്ച ഹരീഷ് റാണയുടെ അച്ഛനമ്മമാരാണ്.

Summary

Euthanasia is not right or wrong, it's a story of pain told by Aruna to Harish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com