ഇടതുപാർട്ടികളിലെ കൊഴിഞ്ഞുപോക്ക്, തെറ്റിയത് ആർക്ക്?
ഇടതു വലതുപക്ഷങ്ങളുടെ ഭാവി നിർണയിക്കപ്പെടുന്ന, ഒരുപക്ഷേ പല രാഷ്ട്രീയപാർട്ടികളുടെയും ഗതി മാറ്റിയെഴുതാൻ കാരണമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ് കേരളം.
വോട്ടെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ കേരളം ഇന്നേവരെ കാണാത്ത അനിതരസാധാരണ സംഭവങ്ങളിലൂടെ കടന്നു പോവുകയാണ് പാർട്ടികൾ. അതിൽ ഇടതുപക്ഷത്തെ മാറ്റങ്ങളാണ് രാഷ്ട്രീയ കേരളം സാകൂതം വീക്ഷിക്കുന്നത്.
അധികാരത്തിനു വേണ്ടിയുള്ള പിടിവലിയും കുതികാൽ വെട്ടും പരസ്പരം ചെളി വാരിയെറിയലും കസേര കിട്ടാൻ പാർട്ടി തന്നെ വിട്ടുപോകുന്ന അധികാരഭ്രാന്തും ഇവിടുത്തെ വലതുപക്ഷ പാർട്ടികളിൽ മാത്രം അരങ്ങേറിയിരുന്ന ഒന്നായിരുന്നു. എന്നാൽ, അത്ഭുതമെന്നു പറയട്ടെ ഇത്തവണ കൂടുതൽ ദൃശ്യമാകുന്നത് കേരളത്തിലെ ഇടതു പാർട്ടികളിലാണ്. തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ മാത്രം കേരളത്തിൽ അങ്ങോളമിങ്ങോളമായി ഇടതുപാർട്ടി വിട്ടുപോയത് മുതിർന്ന നേതാക്കളാണ്. ഇതിൽ മുന്ന് മുൻ എംഎൽഎമാരും ഒരു സിറ്റിങ് എംഎൽഎയും ഉൾപ്പെടുന്നുവെന്നതാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്.
ഇവരിൽ പലരും ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള വലതുപക്ഷ പാർട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു. കോൺഗ്രസിലേക്ക് വരാത്ത രണ്ടുപേരാകട്ടെ അതിനുള്ള സൂചനകൾ നൽകിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഇടതുപക്ഷത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജിവച്ച നിലമ്പൂരിലെ ഇടതു സ്വതന്ത്രൻ പി വി അൻവർ ആണ് ഒരുപക്ഷേ ഈ ഒഴുക്കിന് അറിയാതെയെങ്കിലും തുടക്കം കുറിച്ചത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെയും അതിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അൻവർ പിന്നീട് പാർട്ടിക്കും പാർട്ടിയിലെ നേതാക്കൾക്കും ഉൾപ്പെടെ കൂടി തിരിഞ്ഞു.
അൻവർ ഇളക്കിവിട്ട അലയൊലികൾ കഴിഞ്ഞ ഒരു വർഷമായി കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പലരും ഉന്നയിക്കുന്നുണ്ട്. ആ ആരോപണങ്ങളുടെ മാറ്റൊലികൾ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞവർഷം അവസാനം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒക്കെ ഏതെങ്കിലും തരത്തിൽ ഈ ആരോപണങ്ങൾ ചർച്ചയാക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെ സിപിഎമ്മിൽ സംഭവിക്കുന്നത് പലരും കണക്കുകൂട്ടിയതിനും അപ്പുറത്താണ്. തെരഞ്ഞെടുപ്പ് കാലത്തെ ആദ്യ പരസ്യ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് പാർട്ടി കോട്ടയായ പയ്യന്നൂരിലെ നേതാവായ വി കുഞ്ഞി കൃഷ്ണനാണ്. പയ്യന്നൂർ എംഎൽഎ ആയ ടി ഐ മധുസൂദനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് കുഞ്ഞികൃഷ്ണൻ പാർട്ടിയെ പ്രതിരോധത്തിലാക്കിയത്.
സിപിഎമ്മിന്റെ ശക്തിദുർഗ്ഗമായ കണ്ണൂരിൽ നിന്നു തന്നെ ഒരു മുതിർന്ന നേതാവ് പരസ്യ പ്രതികരണത്തിന് മുതിർന്നതും പാർട്ടിയെ സാമ്പത്തിക ആരോപണങ്ങളാൽ മൂടിയതും സിപിഎം ഒട്ടും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ തട്ട് മുട്ട് ന്യായങ്ങളും ഒഴികഴിവുകളും കൊണ്ട് ദുർബലമായ പ്രതിരോധം തീർക്കാൻ മാത്രമേ സിപിഎമ്മിന് കഴിഞ്ഞുള്ളൂ. കുഞ്ഞുകൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടിയിലും പുറത്തും പലരും വിശ്വസിക്കുന്നുണ്ടെങ്കിലും ആസന്നമായ തിരഞ്ഞെടുപ്പിൽ കുഞ്ഞുകൃഷ്ണൻ മത്സരിച്ചാൽ അത് ഈ ആരോപണങ്ങളുടെ മുനയൊടിക്കും.
മൂന്നുതവണ കൊട്ടാരക്കരയിൽ നിന്ന് സിപിഎം എംഎൽഎ ആയ, കന്നി മത്സരത്തിൽ രാഷ്ട്രീയ അതികായനായ ആർ ബാലകൃഷ്ണപിള്ളയെ ഇടതുപക്ഷത്തിനു വേണ്ടി മലർത്തിയടിച്ച ആയിഷ പോറ്റിയാണ് അക്ഷരാർത്ഥത്തിൽ പാർട്ടിയെ ഞെട്ടിച്ചത്. മനപ്പൂർവ്വം എന്ന തോന്നിപ്പിക്കുന്ന അവഗണനയിലും മാറ്റി നിർത്തലിലും പ്രതിഷേധിച്ചാണ് അയിഷ പോറ്റി കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും എന്നത് ഏറെക്കുറെ തീർച്ചയാണ്
തെക്കൻ കേരളത്തിൽ കോൺഗ്രസിലേക്ക് ചേക്കേറിയ ആയിഷ പോറ്റി എങ്കിൽ മധ്യകേരളത്തിൽ ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎയും മുതിർന്ന നേതാവുമായ എസ് രാജേന്ദ്രനാണ് സിപിഎമ്മിന് പ്രഹരമേൽപ്പിച്ചത്. മറ്റു പല ഇടതു നേതാക്കളും കോൺഗ്രസ്സാണ് തട്ടകമായി കണക്കാക്കിയതെങ്കിൽ രാജേന്ദ്രൻ പോയത് ബദ്ധശത്രുവായ ബിജെപിയിലേക്കാണ്. ഏറെനാൾ പുകഞ്ഞിരുന്ന കൊള്ളി പുറത്തായത് പോലെ മാത്രമേ സിപിഎം ഈ മാറ്റത്തെ വിലയിരുത്തുന്നുള്ളൂ.
എന്നാൽ മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് ഒരുപക്ഷേ വാർത്തകളിൽ നിറഞ്ഞുനിൽക്കും വിധം തിരിച്ചടി നൽകിയത് മറ്റു രണ്ടു പേരാണ്. പാലക്കാട്ടെ സി പി എം നേതാവും മുൻ എംഎൽഎയുമായ പി കെ ശശി. ഷോർണൂർ മുൻ എംഎൽഎയും രണ്ടാഴ്ച മുൻപ് വരെ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ശശി ഷോർണൂർ, ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ നിർണായക സ്വാധീനമുള്ള നേതാവാണ്.
മുൻപ് ലൈംഗികാരോപണം ഉൾപ്പെടെ നേരിട്ട നേതാവാണ് ശശി. അന്ന് സിപിഎമ്മിൽ നിന്ന് സംരക്ഷണം കിട്ടിയതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ തുടർന്ന് ശശി ശരിയായ ഇടതുപക്ഷത്തേക്ക് എന്ന് അവകാശപ്പെട്ടാണ് പാർട്ടിയിൽ നിന്നും പുറത്തേക്കുള്ള വഴിതുറന്നത്. സിപിഎം വിരുദ്ധരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെ പി കെ ശശിയെ സിപിഎം പുറത്താക്കി. ശശിയും യുഡിഎഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകളുണ്ട്.
ഈ ദശാസന്ധിയിൽ സിപിഎമ്മിന് വലിയ വെല്ലുവിളി ഉയരുന്നത് ആലപ്പുഴയിൽ നിന്നാണ്. വി എസ് അച്യുതാനന്ദൻറെ തട്ടകത്തിൽ സ്വന്തം ഇടം കണ്ടെത്തി പാർട്ടിയിലും ഇടതുപക്ഷത്തും പ്രതിപക്ഷത്തുപോലും ബഹുമാനം പിടിച്ചു പറ്റിയ സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ജി സുധാകരന്റെ പരസ്യ വിമർശനവും എതിർപ്പുമാണ് സിപിഎമ്മിനെ ഏറ്റവും കൂടുതൽ പിടിച്ചുലച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി ഇടയ്ക്കൊക്കെ പാർട്ടിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉയർത്താറുണ്ടായിരുന്നെങ്കിലും പാർട്ടി വിട്ടുപോവുക എന്നോ സിപിഎമ്മിൽ നിന്ന് മാറി നിൽക്കുക എന്നോ ചിന്തിക്കാൻ പോലും തയ്യാറാകാതിരുന്ന നേതാവാണ് സുധാകരൻ. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ജില്ലാ നേതാക്കളുടെയും പെരുമാറ്റത്തിലും അവഗണനയിലും പരസ്യമായ അതൃപ്തി പ്രകടമാക്കിയാണ് സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്.
പാർട്ടി സെക്രട്ടറിയും മറ്റ് മുതിർന്ന നേതാക്കളും അനുനയത്തിന് പലതവണ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് അനുനയിപ്പിക്കുമെന്ന് പാർട്ടിയും സുധാകരനും കരുതിയതും തെറ്റി. സിപിഎമ്മിനെ ഭയപ്പെടുത്തി വഴിക്ക് വരുത്താനാണ് ശ്രമമെങ്കിൽ അത്രയ്ക്ക് വേണ്ട എന്നു കരുതിയിട്ടുണ്ടാകണം പിണറായി വിജയനും.
സിപിഎം എന്നാൽ പാർട്ടി പ്രോഗ്രാമും അതിന്റെ ഭരണഘടനയുമാണ്. സംസ്ഥാന സെക്രട്ടറിയോ ഏതാനും ചില നേതാക്കളോ വിചാരിച്ചാൽ പാർട്ടിയെ വഴിതെറ്റിക്കാൻ ആകില്ല എന്ന് സമർത്ഥിക്കാനാണ് ജി സുധാകരൻ ശ്രമിക്കുന്നത്. മറ്റൊരു പാർട്ടിയിലേക്ക് പോകാനോ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാനോ അദ്ദേഹം ഒട്ടും താൽപ്പര്യപ്പെടുന്നില്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ തന്നെ താനാണ് ശരിയായ ഇടതുപക്ഷം എന്ന് തെളിയിക്കാനും അതിലൂടെ പാർട്ടിക്ക് സംഭവിക്കുന്ന വലതുപക്ഷ വ്യതിയാനം തുറന്നുകാട്ടാനും ആകും സുധാകരൻ ശ്രമിക്കുക എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
സിപിഎമ്മിന് പിന്നാലെ സിപിഐയും
ഇതുപോലുള്ള മുതിർന്ന നേതാക്കൾക്ക് പുറമെ അട്ടപ്പാടിയിലെ മുൻ ഏരിയ സെക്രട്ടറിയായ വി ആർ രാമകൃഷ്ണൻ, ടെലിവിഷൻ ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മുഖമായിരുന്ന റെജി ലൂക്കോസ് തുടങ്ങിയവർ ഇടതുപാളയം വിട്ട് കാവിക്കൊടിക്ക് കീഴിൽ അടുത്തിടെ അണിനിരന്നവരിൽ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള കൊഴിഞ്ഞുപോക്ക് സിപിഎമ്മിൽ നിന്ന് മാത്രമാണ് എന്ന് കരുതിയാൽ തെറ്റി. സിപിഎമ്മിൽ നിന്ന് മുൻ എംഎൽഎമാരാണ് വിട്ടുപോകുന്നതെങ്കിൽ നിലവിലെ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളാണ് സിപിഐ വിട്ടുപോയത്. രണ്ടുതവണ വൈക്കം എംഎൽഎ ആയിരുന്ന മുതിർന്ന നേതാവ് കെ അജിത് സിപിഎയിൽ നിന്നും ബിജെപിയിലേക്ക് പോയത് ദളിത് വിഭാഗങ്ങളോടുള്ള അവഗണന എന്ന ആരോപണം ഉയർത്തിയാണ്. എന്നാൽ കുറച്ചുകൂടി കൃത്യമായി സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ചാണ് നാട്ടികയിലെ സിപിഐയുടെ നിലവിലെ എംഎൽഎ ആയ സിസി മുകുന്ദൻ പുറത്തേക്ക് പോകുന്നത്. നാട്ടികയിൽ നേരത്തെ എംഎൽഎ ആയിരുന്ന ഗീതാഗോപിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മുകുന്ദൻ മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പാർട്ടിയിൽ നിന്ന് പുറത്താകുന്നതും.
സ്ഥാനാർത്ഥിമോഹികൾ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തു പോകുന്നതും പരസ്യ വെല്ലുവിളി ഉയർത്തുന്നത് തലേന്നുവരെ ഒപ്പമുണ്ടായിരുന്ന പാർട്ടിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടുന്നതും കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് ആദ്യമല്ല. എന്നാൽ അതിലേറെ പങ്കും വലതുപക്ഷത്തിലെ പാർട്ടികൾ അഥവാ കോൺഗ്രസിൽ നിന്നായിരുന്നു. ഒരുപക്ഷേ ആദ്യമായാണ് സിപിഎമ്മും സിപിഐയും ഇത്രയേറെ തുടർച്ചയും പരസ്യവുമായ കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിക്കുന്നത്.
തെറ്റിയത് ആർക്ക്?
പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് സീറ്റ് കിട്ടാത്തതിലുള്ള 'അധികാരമോഹവും ദുരാർത്തിയുമാണെന്ന് പാർട്ടി നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും ഉയരുന്ന ചോദ്യങ്ങൾ പലതാണ്.
എവിടെയാണ് നേതൃത്വത്തിന് പിഴച്ചത്? അഥവാ പാർട്ടി വിട്ടുപോയവരെ കൂടെ നിർത്തുന്നതിൽ നേതൃത്വത്തിന്റെ പരാജയം എന്തുകൊണ്ടാണ് ചർച്ചയാകാത്തത്? കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്ന് വിട്ടു പോയവരിൽ പലരും പരസ്യമായി പറഞ്ഞത് നിലവിലെ സിപിഎം നേതൃത്വത്തിന്റെ നേരെ ചൂണ്ടുവിരൽ ഉയർത്തുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ എന്ന പക്വമതിയും നയതന്ത്രജ്ഞനുമായിരുന്ന നേതാവിന്റെ അഭാവം സിപിഎമ്മിനെ ഒട്ടൊന്നുമല്ല കുഴപ്പത്തിലാക്കിയത്. പകരം വന്നവർക്ക് ആർക്കും ആ ശൂന്യത നികത്താനായില്ലെന്ന് മാത്രമല്ല, അത് കൂടുതൽ ആഴമുള്ളതാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു.
ജി സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ കേൾക്കാനും അവരുടെ പരാതികളെ വേണ്ടവിധം പരിഗണിക്കാനും ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര തുടർച്ചയായ കൊഴിഞ്ഞുപോക്ക് തടയാമായിരുന്നു എന്ന് പാർട്ടിക്കുള്ളിൽ പലരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.
പാർട്ടിക്കുള്ളിൽ തന്റെ വലം കൈയായിരുന്ന കോടിയേരിയുടെ മരണം സൃഷ്ടിച്ച വിടവ് നികത്താൻ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞിട്ടില്ല. പാർട്ടിയും ഭരണവും ഒരുമിച്ചു കൊണ്ടു പോകുന്നതിന്റെ താളപ്പിഴകളും ബുദ്ധിമുട്ടുകളും ഈ മുതിർന്ന നേതാവിനെ വലയ്ക്കുന്നുണ്ടെന്നതിൽ സംശയമില്ല. പരാതികൾ പലതും അതത് സമയം പരിഗണിച്ചിരുന്നെങ്കിൽ ഈ വിഷയങ്ങളൊന്നും ഇത്ര വഷളാകില്ലായിരുന്നുവെന്ന് എന്ന് നേതൃത്വത്തിലെ പലരും സമ്മതിക്കുന്നുമുണ്ട്.
ഒറ്റയാൾ പോരാട്ടമോ ഒറ്റയാന്റെ വിജയമോ?
കണ്ണൂരിൽ നിന്നും വന്ന് കേരളം കീഴടക്കിയ, അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ചോരപുരണ്ട കുപ്പായവുമായി നിയമസഭയുടെ അകത്തളങ്ങളെ നടുക്കിയ പിണറായി വിജയൻ എന്ന ഒറ്റയാനാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും കേരളത്തിലെ അനിഷേധ്യനായ നേതാവ്. വിഎസ് അച്യുതാനന്ദൻ എന്ന ജനനേതാവ് പാർട്ടിക്ക് അകത്തും പുറത്തും ഹൃദയങ്ങൾ കീഴടക്കിയപ്പോഴും പാർട്ടി ചട്ടക്കൂടിനകത്തെ ഏറ്റവും വലിയ നേതാവ് പിണറായി തന്നെയായിരുന്നു. കോടിയേരി കൂടി മൺമറഞ്ഞതോടെ ഭരണയന്ത്രം തിരിക്കാനും പാർട്ടി മെഷീനറി ചലിപ്പിക്കാനും ദേശീയ രാഷ്ട്രീയത്തിലെ ഇടതു മുഖം ആകാനും ഒക്കെ ബാക്കിയാകുന്നത് പിണറായി മാത്രമാണ്.
ആഭ്യന്തര ജനാധിപത്യമില്ലായ്മ എന്ന് വിമർശകരും കരുത്തന്റെ തലയെടുപ്പ് എന്ന് വാഴ്ത്തുപാട്ടുകാരും ആവർത്തിക്കുന്ന പിണറായി എന്ന് ഒറ്റയാൻ കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ചലനങ്ങളുടെ അച്ചുതണ്ടാണ്എന്ന് വ്യക്തം. ഒരു തരത്തിൽ പാർട്ടിയെയും സർക്കാരിനെയും മുന്നോട്ടു കൊണ്ടുപോകുന്ന, നിലവിൽ സിപിഎമ്മിലെ ഏറ്റവും മികച്ച ജനനേതാവും തന്ത്രജ്ഞനും ഭരണാധികാരിയുമായി പിണറായി നിൽക്കുമ്പോൾ, മറുവശത്ത് രണ്ടാം നിരയെ വളർത്തിയെടുക്കാത്ത, ഭാവിയെപ്പറ്റി ആകുലതകൾ ഇല്ലാത്ത, അഥവാ രണ്ടാം നിര വളരാൻ അനുവദിക്കാത്ത, ഒറ്റയാനായാണ് അദ്ദേഹം ചിത്രീകരിക്കപ്പെടുന്നത്.
സിപിഎമ്മിന്റെ വളർച്ചയിലും തളർച്ചയിലും പിണറായി എന്ന നേതാവിന് മാത്രം പങ്കുള്ള ഒരു കാലഘട്ടത്തിൽ അനിയന്ത്രിതമായ കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുന്ന ഈ ആഘാതത്തിൽ നിന്ന് പാർട്ടിയെയും ഇടതുമുന്നണിയും കരകയറ്റാൻ പിണറായിയുടെ കയ്യിൽ എന്തു വഴിയാണ് ഉണ്ടാവുക?
As elections approach, leaders from CPI and CPM are moving to other parties. Here’s a look at the reasons behind the developments in Left politics.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

