അധികാരത്തിന്റെ പുതിയ വഴികള്‍

totalitarian systems in the modern era operate by controlling minds
മനസ്സുകളെ നിയന്ത്രിക്കുന്നതിലൂടെയാണ് ആധുനികകാലത്ത് എല്ലാതരം സമഗ്രാധിപത്യവ്യവസ്ഥകളും പ്രവര്‍ത്തിക്കുന്നത്AI Image
Updated on: 

അധികാരത്തിന്റെ കൊടുമുടിയില്‍നിന്ന് സ്വന്തം അബോധമനസ്സിന്റേയും കുറ്റബോധത്തിന്റെയും ഇരുട്ടിലേക്കുള്ള മനുഷ്യന്റെ ദാരുണമായ പതനത്തെ വരച്ചുകാട്ടുന്ന മികച്ചൊരു മനഃശാസ്ത്ര നാടകമാണ് 1920-ല്‍ പുറത്തിറങ്ങിയതും യുജീന്‍ ഒനീല്‍ എഴുതിയതുമായ 'ദി എംപറര്‍ ജോണ്‍സ്.' ലോകമെമ്പാടും ഇപ്പോള്‍ നടക്കുന്ന വലിയ രാഷ്ട്രീയമാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ അത് മറ്റൊരു രീതിയില്‍ കൂടി ആ നാടകം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. നാടകത്തിന്റെ രത്‌നച്ചുരുക്കം പറഞ്ഞിട്ടുവേണം അത് വിശദമാക്കാന്‍.

അമേരിക്കന്‍ ജയിലില്‍നിന്നും തടവുചാടി ഒരു വെസ്റ്റ് ഇന്ത്യന്‍ ദ്വീപില്‍ എത്തുന്ന, കൊലയാളിയായ ബ്രൂട്ടസ് ജോണ്‍സ് എന്ന ആഫ്രോ-അമേരിക്കക്കാരന്റെ കഥയാണ് ഈ നാടകം പറയുന്നത്. ദ്വീപുവാസികളുടെ അന്ധവിശ്വാസങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്ത്, തന്നെ കൊല്ലാന്‍ ഒരു സില്‍വര്‍ ബുള്ളറ്റുകൊണ്ടു മാത്രമേ സാദ്ധ്യമാകൂ എന്ന് ജനത്തെ വിശ്വസിപ്പിച്ച് അവിടെ സ്വയം ഒരു ചക്രവര്‍ത്തിയായി അവരോധിതനാകുകയാണ് ജോണ്‍സ്. എന്നാല്‍, അയാളുടെ ക്രൂരമായ ഭരണവും ചൂഷണവും സഹിക്കവയ്യാതെ തദ്ദേശീയര്‍ ഒടുവില്‍ അയാള്‍ക്കെതിരെ കലാപമുണ്ടാക്കുന്നു. തുടര്‍ന്ന് കാട്ടിലേക്ക് ഒളിച്ചോടാന്‍ ജോണ്‍സ് നിര്‍ബന്ധിതനാകുന്നു. കാടിന്റെ ഇരുട്ടിലൂടേയും ദ്വീപുവാസികളുടെ തുടര്‍ച്ചയായുള്ള ചെണ്ടമുട്ടുകളുടെ താളത്തിലൂടെയുമുള്ള അയാളുടെ പരിഭ്രാന്തമായ ഓട്ടം സ്വന്തം അബോധമനസ്സിലേക്കും ഭയങ്ങളിലേക്കുമുള്ള ഒരു യാത്ര കൂടിയായി മാറുന്നു.

The Emperor Jones cover
ദി എംപറര്‍ ജോണ്‍സ്amazon.com

കാട്ടിലെ ഏകാന്തതയിലും ഭയത്തിലും ജോണ്‍സിന്റെ മനോനില പൂര്‍ണമായും തകരുകയാണ്. അമേരിക്കയില്‍ താന്‍ ചെയ്ത പഴയ കൊലപാതകങ്ങളും സ്വന്തം പൂര്‍വികര്‍ അനുഭവിച്ച അടിമക്കച്ചവടത്തിന്റെ ഭയാനകമായ ഭൂതകാലവുമെല്ലാം മിഥ്യാദര്‍ശനങ്ങളായി -hallucinations അയാളെ അതിഭീകരമായി വേട്ടയാടുകയാണ്. അവ ഭ്രമാത്മകരൂപങ്ങള്‍ പൂണ്ട് അയാളെ പേടിപ്പെടുത്തുന്നു. തനിക്കു മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളിലേക്ക് വെടിയുതിര്‍ക്കാന്‍ ജോണ്‍സ് തന്റെ തോക്കിലെ ഓരോ തിരയും ഉപയോഗിക്കുകയാണ്. ഓരോ തിരയും ശൂന്യതയിലേയ്ക്കാണ് കുതിക്കുന്നത്. ഒടുവില്‍ ഒരു ഉണ്ട മാത്രം ബാക്കിയാകുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കരുതിവെച്ചിരുന്ന അവശേഷിച്ച വെള്ളികൊണ്ടുള്ള തിരയും ഉപയോഗിച്ച് നിരായുധനാകുകയും ചെയ്യുന്നു. ഒടുവില്‍ തദ്ദേശീയര്‍ തന്നെ പ്രത്യേകം നിര്‍മിച്ച വെള്ളികൊണ്ടുള്ള വെടിയുണ്ടകള്‍കൊണ്ട് ജോണ്‍സ് വധിക്കപ്പെടുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.

നാടകത്തില്‍, നമ്മള്‍ ആദ്യം ബ്രൂട്ടസ് ജോണ്‍സിനെ കാണുമ്പോള്‍, വെസ്റ്റ് ഇന്‍ഡീസിലെ പേരില്ലാത്ത ഒരു ചെറിയ ദ്വീപില്‍ അയാള്‍ ചക്രവര്‍ത്തിയായി സ്വയം അവരോധിതനായിരിക്കുകയാണ്. രാജകീയ പ്രതാപം ഭാവിച്ച് ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന അയാള്‍ക്ക് തന്റെ പ്രജകളുടെമേല്‍ പരമാധികാരമാണ് ഉള്ളത്. ഏറെ പുച്ഛത്തോടെയാണ് അയാള്‍ അവരെ കാണുന്നത്, മാത്രമല്ല, അവരെ വംശീയമായി അധിക്ഷേപിക്കുന്നതിലും അയാള്‍ക്ക് മനസ്സാക്ഷിക്കുത്തില്ല. അയാള്‍ വംശീയമായി അയാളുടെ തന്നെ ആളുകളായിട്ടുകൂടി. അമേരിക്കയില്‍ തനിക്കു നേരിടേണ്ടിവന്ന ക്രൂരമായ പെരുമാറ്റങ്ങളുടെ ഫലമായി, ജോണ്‍സ് തന്നെ ആധിപത്യ സ്വഭാവമുള്ള ഒരു രാക്ഷസരൂപിയായി മാറുന്നു. അമേരിക്കയില്‍ തന്റെ വംശത്തെ അടിച്ചമര്‍ത്തിയ വെള്ളക്കാരന്റെ അധികാരസ്വരൂപമാണ് അയാള്‍ എടുത്തണിയുന്നത്. അങ്ങനെ ദുര്‍ബലരായ ഒരു സമൂഹത്തില്‍നിന്ന് തനിക്ക് ആവശ്യമുള്ളതെല്ലാം ഒരു കുറ്റബോധവുമില്ലാതെ ചൂഷണം ചെയ്‌തെടുക്കുകയും അത്യാര്‍ത്തിയോടെ അധികാരം ആസ്വദിക്കുകയും ചെയ്യുന്ന ഒരു സ്വേച്ഛാധിപതിയായി തീര്‍ന്നിരിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ജോണ്‍സ്.

ജോണ്‍സ് എങ്ങനെയാണ് ഇത് സാദ്ധ്യമാക്കിയത്? എളുപ്പത്തില്‍ കാര്യങ്ങള്‍ വിശ്വസിക്കുന്ന പ്രകൃതമുള്ള ശുദ്ധഗതിക്കാരായ മനുഷ്യരാണ് ദ്വീപുനിവാസികള്‍. അവരുടെ ആ പ്രകൃതത്തേയും ആത്മീയമായ വിശ്വാസങ്ങളേയും ചൂഷണം ചെയ്തുകൊണ്ടാണ് ജോണ്‍സിന് സിംഹാസനത്തിലേറാനും അധികാരം സ്ഥാപിക്കാനും സാധിക്കുന്നത്. ഒരു അമേരിക്കക്കാരനായ ജോണ്‍സ് അവരുടെ ആചാരങ്ങളോടും വിശ്വാസങ്ങളോടും യാതൊരു ബഹുമാനവും കാണിക്കുന്നില്ല. അവ ആധുനിക യുക്തിക്കു താഴെ നില്‍ക്കുന്നതും അപരിഷ്‌കൃതവുമാണെന്നാണ് അയാള്‍ കരുതുന്നത്. ഒരു കൊലയാളിക്ക് തോക്കുപയോഗിച്ച് അയാളെ കൊല്ലാന്‍ കഴിയാതെ വരുമ്പോള്‍, വെള്ളികൊണ്ടു നിര്‍മിച്ച ഉണ്ടകളാല്‍ മാത്രമേ തന്നെ കൊല്ലാന്‍ കഴിയൂ എന്ന് ജോണ്‍സ് തന്റെ പ്രജകളോട് പറയുന്നുണ്ട്. മാന്ത്രികവിദ്യയിലുള്ള അവരുടെ വിശ്വാസത്തേയും തന്നെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല എന്ന അവരുടെ ധാരണയേയും ചൂഷണം ചെയ്യാനുദ്ദേശിച്ചുള്ള ഒരു നുണ മാത്രമായിരുന്നു അത്. എന്നിരുന്നാലും ദ്വീപുവാസികളുടെ ഈ നിഷ്‌കളങ്കതയോടുള്ള ജോണ്‍സിന്റെ പുച്ഛം ഒടുവില്‍ അയാള്‍ക്കുതന്നെ വിനയായി മാറുകയാണ്. കാട്ടിലെ ചില വിനാശകാരികളും അയഥാര്‍ത്ഥങ്ങളുമായ മാന്ത്രികശക്തികള്‍ക്ക് അയാള്‍ കീഴടങ്ങുകയും ദ്വീപുവാസികള്‍ നാണയങ്ങള്‍ ഉരുക്കി ഉണ്ടാക്കിയ തിരകളേറ്റ് അയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ജോണ്‍സ് എന്താണോ മണ്ടത്തരമായും ദുര്‍ബലതയായും കണ്ടത്, ആ വിശ്വാസം തന്നെ ഒടുവില്‍ ദ്വീപുവാസികളെ അയാള്‍ക്കെതിരെ അണിനിരത്താനും അയാളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നു.

രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ഒരു ജനസമൂഹത്തിന്റെ ആത്മീയമായ ധാരണകളെയാണ് ജോണ്‍സ് എന്ന കുതന്ത്രശാലി തന്റെ സ്വേച്ഛാധികാരം സ്ഥാപിക്കാനും അത് ഉറപ്പിക്കാനും മുതലെടുക്കുന്നത്. രണ്ടാമതായി ജനതയുടെ അത്തരത്തിലുള്ള അതേ വിശ്വാസം തന്നെയാണ് അയാളുടെ പതനത്തിനും വഴിയൊരുക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആദ്യത്തെ കാര്യത്തേക്കാള്‍ രണ്ടാമത്തെ കാര്യം കുറച്ചു കുഴപ്പം പിടിച്ചതാണ്. എന്തെന്നാല്‍ അത് ജോണ്‍സിനു ശേഷവും ആ ദ്വീപില്‍ പുതിയൊരു സമഗ്രാധിപത്യത്തിന് വഴി തുറന്നിടുന്നുണ്ട്. ഇനിയും മുതലെടുപ്പുകാര്‍ക്ക് അവരുടെ ആ പ്രകൃതം സൗകര്യം നല്‍കാം. മതവിശ്വാസത്തെ സാധാരണ മനുഷ്യര്‍ സത്യമായി കരുതുകയും ബുദ്ധിമാന്മാര്‍ കഴമ്പില്ലാത്തതെന്ന് മനസ്സിലാക്കുകയും ഭരണാധികാരികള്‍ (ഇവിടെ രാഷ്ട്രീയക്കാര്‍ എന്നും വായിക്കാം) ഉപയോഗമൂല്യമുള്ളതെന്ന് എണ്ണുകയും ചെയ്യുന്നുവെന്നു പറയാറുണ്ട് സെനെക്കയുടേതായി ഉദ്ധരിക്കപ്പെടുന്ന ഈ വാചകങ്ങള്‍ക്ക് നമ്മുടെ സോഷ്യല്‍ മീഡിയയിലൊക്കെ നല്ല പ്രചാരമാണ്. എന്നാല്‍, ഇതു പറഞ്ഞത് ആരെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരന്‍ എഡ്വേര്‍ഡ് ഗിബ്ബണ്‍ റോമന്‍ സാമ്രാജ്യത്വത്തിന്റെ പതനത്തെക്കുറിച്ച് വിശദമാക്കി എഴുതിയ പുസ്തകത്തില്‍ സമാനമായ ചിലത് എഴുതിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റ് പറയുന്നു.

ജനസമൂഹത്തിന്റെ വിശ്വാസത്തെയാണ് ജോണ്‍സ് തന്റെ സമഗ്രമായ അധികാരം ഉറപ്പിക്കാന്‍ ഉപാധിയാക്കുന്നത്. ഒരു നൂറ്റാണ്ടിനു മുന്‍പേ എഴുതപ്പെട്ട ഈ നാടകത്തിലെ മുഖ്യകഥാപാത്രം ഉപയോഗിച്ച അതേ ആയുധം തന്നെയാണ് ജനതതികളെ ഒന്നാകെ തങ്ങളുടെ സമഗ്രാധിപത്യത്തിനു കീഴില്‍ ഞെരിച്ചമര്‍ത്തിയൊതുക്കാന്‍ ഇപ്പോള്‍ ലോകമെമ്പാടും വലതുപക്ഷ ഭരണാധികാരികള്‍ വിനിയോഗിക്കുന്നത്. ഇതാണ് ലേഖനത്തിന്റെ തുടക്കത്തില്‍ മറ്റൊരു രീതിയില്‍ കൂടി 'ദി എംപറര്‍ ജോണ്‍സ്' എന്ന നാടകം പരാമര്‍ശിക്കേണ്ടതുണ്ട് എന്ന പറഞ്ഞതിന്റെ പൊരുള്‍.

രണ്ടുതരം സമഗ്രാധിപത്യങ്ങള്‍

ജനാധിപത്യം എന്ന സങ്കല്പത്തിനു സാധുതയും പ്രചാരവും സിദ്ധിച്ച കാലത്തിനു മുന്‍പേ സമഗ്രാധിപത്യം നിലനില്‍ക്കുന്നുണ്ട്. ജനാധിപത്യത്തിനും സാഹോദര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ സമഗ്രാധിപത്യത്തിലേക്ക് വഴിതെളിച്ച ചരിത്രസന്ദര്‍ഭങ്ങളുമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫ്രെഞ്ച് വിപ്ലവം.

എത്ര മര്‍ദ്ദകസ്വഭാവമാര്‍ജിച്ചാലും ഈ സംവിധാനത്തെ മറികടക്കാന്‍ അന്നാട്ടിലെ ജനങ്ങള്‍ക്കാകില്ല. എന്തെന്നാല്‍, അവരെ ഭരണകൂടം നിയന്ത്രിക്കുന്നത് മുഖ്യമായും മാനസികമായാണ്

എന്നാല്‍, 1990-കള്‍ വരെയുള്ള സമഗ്രാധിപത്യവും അതിനുശേഷമുള്ള സമഗ്രാധിപത്യവും (Modern or Technocratic Totalitarianism) തമ്മില്‍ അടിസ്ഥാനപരമായി ചില വലിയ വ്യത്യാസങ്ങളുണ്ട്. പഴയകാല സമഗ്രാധിപത്യത്തില്‍നിന്നും തികച്ചും വ്യത്യസ്തവും എന്നാല്‍, കൂടുതല്‍ സങ്കീര്‍ണവുമായ ഒരു പുതിയ തലത്തിലാണ് ഇന്നത്തെ ഭരണകൂട നിയന്ത്രണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഹിറ്റ്‌ലറെയോ പോള്‍പോട്ടിനെപോലെയോ ഉള്ള ക്രൂരരായ സ്വേച്ഛാധിപതികളാണ് പഴയകാലത്ത് ഈ വ്യവസ്ഥയെ നയിച്ചിരുന്നത്. ശാരീരികമായ അടിച്ചമര്‍ത്തല്‍, രഹസ്യപ്പൊലീസ്, തടങ്കല്‍പ്പാളയങ്ങള്‍, ഭീകരവാഴ്ച എന്നിവയിലൂടെ ജനങ്ങളില്‍ നേരിട്ട് ഭയം സൃഷ്ടിച്ചാണ് അവര്‍ അധികാരം നിലനിര്‍ത്തിയിരുന്നത്. ശത്രു ആരാണെന്നും അടിച്ചമര്‍ത്തല്‍ എങ്ങനെയെന്നും ജനങ്ങള്‍ക്കു വ്യക്തമായി അറിയാമായിരുന്നു. ശാരീരികമായ ഭയംകൊണ്ടാണ് ജനങ്ങള്‍ ഇത്തരം ഭരണകൂടങ്ങളെ അനുസരിച്ചിരുന്നത്.

ആധുനിക കാലത്താകട്ടെ ജനപ്രിയ നേതാക്കള്‍ക്കു പകരം ഉദ്യോഗസ്ഥര്‍, ടെക്നോക്രാറ്റുകള്‍, വന്‍കിട ടെക് കമ്പനികള്‍, ആഗോള കോര്‍പ്പറേറ്റുകള്‍ എന്നിവരാണ് ആധുനിക കാലത്തെ അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്. അത്തരത്തില്‍ നിയന്ത്രിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിന് ചിലപ്പോഴൊക്കെ ഒരു ജനാധിപത്യമേലാപ്പ് കണ്ടേക്കാം. പാര്‍ലമെന്ററി അടിസ്ഥാനത്തിലോ പ്രസിഡന്‍ഷ്യല്‍ രീതിയിലോ തെരഞ്ഞെടുപ്പുകള്‍ കണ്ടേക്കാം. പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയിരിക്കാം രാഷ്ട്രത്തെ നയിക്കുന്നത്. എന്നാല്‍, എത്ര മര്‍ദ്ദകസ്വഭാവമാര്‍ജിച്ചാലും ഈ സംവിധാനത്തെ മറികടക്കാന്‍ അന്നാട്ടിലെ ജനങ്ങള്‍ക്കാകില്ല. എന്തെന്നാല്‍, അവരെ ഭരണകൂടം നിയന്ത്രിക്കുന്നത് മുഖ്യമായും മാനസികമായാണ്.


Psychology of Totalitarianism  book cover
ദ സൈക്കോളജി ഒഫ് ടോട്ടാലിറ്റേറിയനിസംamazon.in

ശാരീരിക പീഡനങ്ങള്‍ക്കു പകരം ഡിജിറ്റല്‍ നിരീക്ഷണം, ഡാറ്റ അല്‍ഗോരിതങ്ങള്‍, മനഃശാസ്ത്രപരമായ സ്വാധീനം എന്നിവയിലൂടെയാണ് ഇന്നത്തെ നിയന്ത്രണം. വ്യാജവാര്‍ത്തകള്‍ തടയാനെന്ന പേരില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് സംസാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. പുതിയ കാലത്ത് പ്രത്യയശാസ്ത്രങ്ങള്‍ക്കു പകരം സുരക്ഷ, ആരോഗ്യം, സാങ്കേതികവിദ്യ, ശാസ്ത്രീയത എന്നിവയിലൂന്നിയുള്ള ന്യായീകരണങ്ങളാണ് നല്‍കപ്പെടുന്നത്. മൃദുവായ ഒരുതരം സമഗ്രാധിപത്യം. ഇങ്ങനെയൊരു വ്യവസ്ഥയില്‍ തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ജനങ്ങള്‍ക്ക് പലപ്പോഴും മനസ്സിലാകില്ല. തങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ എന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. അവര്‍ സ്വാതന്ത്ര്യം ഭരണകൂടങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കും സ്വമേധയാ അടിയറവ് വെയ്ക്കുകയും ചെയ്യുന്നു.

എന്താണ് ക്ലാസ്സിക്കല്‍ സമഗ്രാധിപത്യവും പുതുകാല സമഗ്രാധിപത്യവും തമ്മിലുള്ള പ്രധാന വ്യത്യാസം? പഴയകാല സമഗ്രാധിപത്യം മനുഷ്യന്റെ ശാരീരിക നിയന്ത്രണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇന്നത്തേത് മാനസിക നിയന്ത്രണത്തിലാണ് ശ്രദ്ധിക്കുന്നത്. മുന്‍പ് തോക്കിന്‍മുനയിലായിരുന്നു നിയന്ത്രണമെങ്കില്‍, ഇന്ന് അത് സ്മാര്‍ട്ട്ഫോണുകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് സംഭവിക്കുന്നത്. പഴയകാലത്ത് ഏകാധിപതിയെ ജനങ്ങള്‍ക്കു നേരിട്ട് കാണാമായിരുന്നു. എന്നാല്‍, ഇന്ന് അധികാരം എവിടെയാണെന്ന് വ്യക്തമല്ല. പലപ്പോഴും അദൃശ്യമായ സംവിധാനങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നത്.

ചുരുക്കത്തില്‍, പഴയകാല സമഗ്രാധിപത്യം മനുഷ്യന്റെ ശരീരത്തേയും ഭൗതിക സ്വാതന്ത്ര്യത്തേയുമാണ് തടവിലാക്കിയതെങ്കില്‍, ഇന്നത്തെ സാങ്കേതിക സമഗ്രാധിപത്യം മനുഷ്യന്റെ ചിന്തകളേയും ബോധത്തേയും അഹംബോധത്തേയും വളരെ അദൃശ്യവും എന്നാല്‍, കാര്യക്ഷമവുമായ രീതിയില്‍ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ് വിശ്വാസം വലിയൊരായുധമാകുന്നത്.

ബല്‍ജിയന്‍ മനഃശാസ്ത്രജ്ഞനായ മാറ്റിയാസ് ഡെസ്മെറ്റ് രചിച്ച ശ്രദ്ധേയമായ ഒരു പുസ്തകമുണ്ട്. 'ദ സൈക്കോളജി ഒഫ് ടോട്ടാലിറ്റേറിയനിസം' എന്നാണ് ആ പുസ്തകത്തിന്റെ പേര്. കേവലം ചില ഭരണാധികാരികളുടെ അധികാരക്കൊതിയില്‍ നിന്നല്ല, മറിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു മാനസികാവസ്ഥയില്‍ നിന്നാണ് ഏകാധിപത്യം ഉടലെടുക്കുന്നത് എന്ന് ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും ആധുനിക സമൂഹത്തിന്റെ പൊതുവായ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെയാണ് ഇത് വിശകലനം ചെയ്യുന്നത്.

totalitarian systems in the modern era operate by controlling minds
ഞാന്‍ പഠിച്ച 'വീടും' ഡോ. ജോണ്‍ മത്തായി എന്ന വീട്ടുകാരനും!

'മാസ് ഫോര്‍മേഷന്‍' (Mass Formation) അഥവാ ഒരു ജനക്കൂട്ടം ഒന്നടങ്കം ഒരേ മാനസികാവസ്ഥയിലേയ്ക്ക് ചുരുങ്ങുന്ന പ്രതിഭാസമാണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം. സ്വേച്ഛാധികാരശക്തികള്‍ക്കെതിരെ പൊരുതണമെന്ന ആഗ്രഹംപോലും ജനതയ്ക്കുണ്ടാകില്ല. അഥവാ അങ്ങനെ ആഗ്രഹിച്ചാല്‍പോലും മാന്ത്രികശക്തിയാലെന്നവണ്ണം വശീകരിക്കപ്പെട്ട് അധികാരത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും അവര്‍ അശക്തരായിരിക്കും. ഇത്തരത്തില്‍ ഭരണകൂടത്തിന്റേയും ജനതയുടേയും മേലുള്ള മാനസികവും 'മാന്ത്രികവുമായ' നിയന്ത്രണത്തിന്റെ മികച്ച പ്രതീകമായി വായിക്കാവുന്ന ചില സന്ദര്‍ഭങ്ങളേയും പ്രതീകങ്ങളേയും മുന്നോട്ടുവെയ്ക്കുന്ന ഒരു ഷേക്സ്പിയര്‍ നാടകമുണ്ട്. 'ദ ടെംപെസ്റ്റ്.' തന്റെ മാന്ത്രികവിദ്യ ഉപയോഗിച്ച് ദ്വീപിലെ സകലതിനേയും നിയന്ത്രിക്കുന്ന സര്‍വാധികാരിയായ പ്രോസ്പെറോയാണ് അതിലെ കേന്ദ്രകഥാപാത്രം. ആധുനിക കാലത്തെ വിവര സാങ്കേതികവിദ്യയും ഡാറ്റയും ഉപയോഗിച്ച് ജനങ്ങളുടെ യാഥാര്‍ത്ഥ്യത്തെ നിര്‍മിക്കുന്ന 'ടെക്നോക്രാറ്റിക്' ഏകാധിപതികള്‍ക്ക് സമാനന്‍. ദ്വീപിലെ ആദിമ നിവാസിയായ കാലിബന്‍ പ്രോസ്പെറോയെ അതിയായി വെറുക്കുകയും അയാള്‍ക്കെതിരെ എപ്പോഴും കലാപം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പ്രോസ്പെറോയുടെ കടുത്ത ശാപങ്ങളും മാന്ത്രിക പീഡനങ്ങളും അവനെ നിരന്തരം വേട്ടയാടുന്നു. തന്റെ അമ്മ ആരാധിച്ചിരുന്ന ദൈവത്തെപ്പോലും നിയന്ത്രിക്കാന്‍ മാത്രം വലിപ്പമുള്ളതാണ് പ്രോസ്പെറോയുടെ മാന്ത്രികശക്തി എന്നു തിരിച്ചറിയുന്ന കാലിബന്‍, ഉള്ളില്‍ കടുത്ത അമര്‍ഷമുണ്ടെങ്കിലും ഒടുവില്‍ നിസ്സഹായനായി ആ അധികാരത്തിനു കീഴടങ്ങുകയാണ് ചെയ്യുന്നത്. 'I must obey: his art is of such power, It would control my dam's god, Setebos, And make a vassal of him' എന്ന് ഒന്നാം അങ്കം രണ്ടാം രംഗത്തില്‍ കാലിബന്‍ ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്. മറ്റൊരവസരത്തില്‍ത്തന്നെ ഒരു ചാരനായി മുദ്രകുത്തി അടിമയാക്കാന്‍ ശ്രമിക്കുന്ന പ്രോസ്പെറോയ്‌ക്കെതിരെ നേപ്പ്ള്‍സിലെ രാജകുമാരനായ ഫെര്‍ഡിനാന്‍ഡ് തന്റെ വാളെടുത്ത് ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, പ്രോസ്പെറോ തന്റെ മാന്ത്രികവിദ്യ ഉപയോഗിച്ച് അവനെ അവിടെത്തന്നെ മരവിപ്പിച്ചു നിര്‍ത്തുന്നു. താന്‍ ഒരു സ്വപ്നത്തിലെന്നപോലെ പൂര്‍ണമായും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും സ്വന്തം ശരീരത്തിലെ പേശികള്‍ക്കുപോലും യാതൊരു ശക്തിയുമില്ലാതായെന്നും ഫെര്‍ഡിനാന്‍ഡ് തിരിച്ചറിയുന്നു നിരവധി ഉദാഹരണങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാനാകും. ശരീരങ്ങളെ തടവിലിടുന്നതിനേക്കാള്‍ ഭയാനകമാണ് മനുഷ്യന്റെ മനസ്സിനേയും ബോധത്തേയും അദൃശ്യമായി നിയന്ത്രിക്കുന്നത് എന്നതാണ് 'ദ ടെംപസ്റ്റ്' മുന്നോട്ടുവെക്കുന്ന പ്രധാന ദര്‍ശനം എന്നു പറയുന്നതില്‍ തെറ്റില്ല.

സമഗ്രാധിപത്യത്തിന്റെ മനഃശാസ്ത്രം

മനുഷ്യന്റെ മനസ്സിനേയും ബോധത്തേയും അദൃശ്യമായി നിയന്ത്രിക്കാനാകുന്നത് സമൂഹത്തില്‍ പ്രധാനമായും നാല് സാഹചര്യങ്ങള്‍ ഒത്തുചേരുമ്പോഴാണ് എന്ന് 'ദ സൈക്കോളജി ഒഫ് ടോട്ടാലിറ്റേറിയനിസം' എന്ന പുസ്തകത്തില്‍ ഡെസ്മെറ്റ് വ്യക്തമാക്കുന്നുണ്ട്. ആളുകള്‍ തമ്മിലുള്ള സാമൂഹിക ബന്ധങ്ങള്‍ തകരുകയും അവര്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ആദ്യത്തേത്. തങ്ങളുടെ ജീവിതത്തിന് യാതൊരു ലക്ഷ്യമോ അര്‍ത്ഥമോ ഇല്ലെന്ന തോന്നല്‍ ജനങ്ങളില്‍ ശക്തമാകുന്നതാണ് രണ്ടാമത്തെ കാര്യം. എന്തിനോടാണ് തങ്ങള്‍ക്കു പേടിയെന്നറിയാത്ത വിധത്തിലുള്ള അകാരണമായ ഉല്‍ക്കണ്ഠ (free-floating anxiety) സമൂഹത്തില്‍ പടരുന്നതാണ് മൂന്നാമത്തെ അവസ്ഥ. ഇതിന്റെ ഫലമായി ആളുകളില്‍ നിരാശയും ദേഷ്യവും വര്‍ദ്ധിക്കുന്നതാണ് അവസാനത്തെ ഘട്ടം.

പഴയകാലത്തെ കണ്ണില്‍ച്ചോരയില്ലാത്ത ഭരണാധികാരികള്‍ക്കു പകരം സാങ്കേതികവിദഗ്ദ്ധരും ഉദ്യോഗസ്ഥരുമാണ് ഇന്നു ലോകത്തെ നിയന്ത്രിക്കുന്നത്

ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തിലേയ്ക്ക് മാധ്യമങ്ങളിലൂടെയോ ഭരണകൂടത്തിലൂടെയോ ഒരു സവിശേഷ പ്രതിസന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തുമ്പോള്‍-ഉദാഹരണത്തിന് കോവിഡ്, ആളുകള്‍ തങ്ങളുടെ ഉല്‍ക്കണ്ഠ മുഴുവന്‍ ആ ഒറ്റ വിഷയത്തിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. ആ പ്രതിസന്ധിക്കെതിരെ പോരാടാന്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കണ്ണടച്ച് അനുസരിക്കുന്നതിലൂടെ തങ്ങള്‍ക്കു നഷ്ടപ്പെട്ട സാമൂഹിക ബന്ധങ്ങള്‍ വീണ്ടെടുക്കാനായെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. ഒരു പൊതുലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചുനില്‍ക്കുന്നു എന്ന മിഥ്യാബോധത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യം സ്വമേധയാ അടിയറവ് വെയ്ക്കാന്‍ അവര്‍ തയ്യാറാകുന്നു. ജനങ്ങളുടെ ഈ മാനസികാവസ്ഥയെ ഭരണകൂടങ്ങള്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നതിലൂടെയാണ് സമൂഹത്തില്‍ ഏകാധിപത്യം രൂപപ്പെടുന്നത്. കോവിഡിനു പകരം തങ്ങളുടെ ദേശരാഷ്ട്രം ആന്തരികവും വൈദേശികവുമായ ഭീഷണികളെ നേരിടുന്നു എന്ന പ്രതിസന്ധി ആയാലും മതി. അല്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മതപരമായ ഒരു വിശ്വാസപ്രതിസന്ധി.

മുന്‍കാലങ്ങളിലെപ്പോലെ സൈന്യത്തെ ഉപയോഗിച്ചുള്ള ഭീകരവാഴ്ചയല്ല ഇന്നുള്ളതെന്നും മറിച്ച് ഇതൊരു 'സാങ്കേതിക ഏകാധിപത്യം' (Technocratic Totalitarianism) ആണെന്നും ഡെസ്മെറ്റ് വാദിക്കുന്നുണ്ട്. പഴയകാലത്തെ കണ്ണില്‍ച്ചോരയില്ലാത്ത ഭരണാധികാരികള്‍ക്കു പകരം സാങ്കേതികവിദഗ്ദ്ധരും ഉദ്യോഗസ്ഥരുമാണ് ഇന്നു ലോകത്തെ നിയന്ത്രിക്കുന്നത്. മനുഷ്യനെ വെറുമൊരു യന്ത്രമായി മാത്രം കാണുന്ന ഭൗതികവാദപരവും യുക്തിസഹവുമായ ലോകവീക്ഷണമാണ് ഇതിന്റെ അടിസ്ഥാന കാരണം. എല്ലാത്തിനും വ്യക്തമായ കാരണങ്ങളും പരിഹാരങ്ങളും ഉണ്ടെന്നും, വിവരങ്ങളിലൂടേയും (data) സാങ്കേതികവിദ്യയിലൂടേയും മനുഷ്യജീവിതത്തെ പൂര്‍ണമായും നിയന്ത്രിക്കാമെന്നും ഇവര്‍ വിശ്വസിക്കുകയും സമൂഹത്തെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ വൈകാരികവും ആത്മീയവുമായ തലങ്ങളെ ഈ വ്യവസ്ഥ പൂര്‍ണമായും അവഗണിക്കുന്നു.

ഈ മാനസിക ഏകാധിപത്യത്തില്‍നിന്നു രക്ഷപ്പെടാനുള്ള വഴിയും പുസ്തകം നിര്‍ദേശിക്കുന്നുണ്ട്. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണമായ ഉറപ്പുകള്‍ തേടാതെ, ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും നാം തയ്യാറാകണം. അങ്ങനെയെങ്കില്‍ മാത്രമേ ഭരണകൂടങ്ങളുടേയും വന്‍കിട കോര്‍പ്പറേറ്റുകളുടേയും കുപ്രചരണങ്ങളെ ചെറുക്കാനും മനുഷ്യത്വമുള്ള ഒരു സമൂഹം നിലനിര്‍ത്താനും കഴിയുകയുള്ളൂ എന്ന് മാറ്റിയാസ് ഡെസ്മെറ്റ് ഈ പുസ്തകത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

മനസ്സുകളെ നിയന്ത്രിക്കുന്നതിലൂടെയാണ് ആധുനികകാലത്ത് എല്ലാതരം സമഗ്രാധിപത്യവ്യവസ്ഥകളും പ്രവര്‍ത്തിക്കുന്നത്

ഹന്നാ ആരെന്റ് പറയുന്നതുപോലെ ഹിറ്റ്ലറെപ്പോലുള്ള സ്വേച്ഛാധിപതികളല്ല ആധുനികലോകത്തുള്ളത്. മറിച്ച് അരസികരായ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരുമാണ്. ലോകത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആഗോള ഭരണകൂട സംവിധാനത്തെ, ഭൗതികവാദത്തിലും (materialism) യുക്തിയിലും അധിഷ്ഠിതമായ നമ്മുടെ അടിസ്ഥാന ലോകവീക്ഷണവുമായി ബന്ധിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. നാം നേരിടുന്ന പ്രശ്‌നം ഏതെങ്കിലും ഒരു ദുഷ്ട ഭരണവര്‍ഗത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, മറിച്ച് സമൂഹത്തിലെ എല്ലാവരുടേയും പ്രശ്‌നമാണിത് എന്ന് ആളുകളെ ബോധവല്‍ക്കരിക്കാനാണ് മാറ്റിയാസ് ഡെസ്മെറ്റ് തന്റെ പുസ്തകത്തില്‍ ശ്രമിക്കുന്നത്. ധാര്‍മിക അവബോധത്തിനും അന്തര്‍ജ്ഞാനത്തിനും പകരം യുക്തിപരമായ അറിവിന്റേയും ചിന്തയുടേയും അടിസ്ഥാനത്തില്‍ വേണം ആളുകള്‍ ജീവിക്കാന്‍ എന്നു തീരുമാനിക്കുമ്പോള്‍, നമ്മള്‍ അനിവാര്യമായും ഒരു സമഗ്രാധിപത്യ വ്യവസ്ഥയില്‍ ചെന്നെത്തും. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നാം പ്രപഞ്ചത്തെ ഒരു വലിയ യന്ത്രമായി കാണാന്‍ തുടങ്ങി. ലോകത്തെ ഒരു യന്ത്രമായി കാണാന്‍ തുടങ്ങുമ്പോള്‍, അത് സാങ്കേതിക വിദഗ്ദ്ധരാല്‍ നയിക്കപ്പെടണം എന്നത് അതിന്റെ അവസാനത്തെ യുക്തിയായി മാറുന്നു. നമ്മുടെ അടിസ്ഥാന ലോകവീക്ഷണം മാറ്റാതെ നമുക്ക് ഒരിക്കലും സമഗ്രാധിപത്യത്തെ മറികടക്കാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു ഭരണവര്‍ഗവും ഇതില്‍ വശംവദരാകുന്ന ഒറ്റപ്പെട്ട ഒരു ജനതയും ചേരുന്നതാണ് സമഗ്രാധിപത്യത്തിന്റെ കാതല്‍ എന്നു മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ഒരു സമഗ്രാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനം ഭരണവര്‍ഗമല്ല, മറിച്ച് ഈ തീവ്ര യുക്തിവാദ പ്രത്യയശാസ്ത്രത്തിന്റെ പിടിയിലകപ്പെട്ട ജനക്കൂട്ടമാണ് എന്നും മാറ്റിയാസ് ഡെസ്മെറ്റ് പറയുന്നു.

ഗാന്ധിയന്‍ ആദര്‍ശങ്ങളോട് സാദൃശ്യം തോന്നിക്കുന്ന ചിന്തകള്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് പോള്‍ കിംഗ്സ്നോര്‍ത്ത്. ഗാന്ധിജി ആധുനിക നാഗരികതയുടെ വിനാശകരമായ മുഖമായി വിലയിരുത്തുന്ന യന്ത്രവല്‍ക്കരണത്തെയാണ് കിംഗ്സ്നോര്‍ത്ത് 'ദ മെഷീന്‍' എന്നു വിളിക്കുന്ന ആഗോള മുതലാളിത്തമായും അമിത സാങ്കേതികവല്‍ക്കരണവുമായും തിരിച്ചറിയുന്നത്. ഈ മെഷീന്‍ പ്രാദേശിക സംസ്‌കാരങ്ങളേയും മനുഷ്യന്റെ സ്വത്വത്തേയും നശിപ്പിക്കുന്നതിനാല്‍ ലോകം പ്രാദേശികതയിലേയ്ക്ക് (Localism) മടങ്ങിപ്പോകണമെന്നും അദ്ദേഹം വാദിക്കുന്നു. ആധുനിക മനുഷ്യന്‍ പൂര്‍ണമായും ഒറ്റപ്പെട്ടവനാണെന്ന് കരുതുന്ന അദ്ദേഹം, ഇതിനു പരിഹാരമായി നാല് കാര്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. ഭൂതകാലം (Past), ജീവിക്കുന്ന ഇടം അഥവാ മണ്ണ് (Place), സമൂഹം (People), ആത്മീയത അഥവാ പ്രാര്‍ത്ഥന (Prayer). ഇവയിലൂടെ മാത്രമേ മനുഷ്യനു ഭൂമിയില്‍ അര്‍ത്ഥപൂര്‍ണമായി ജീവിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്നത്തെ ''പരിസ്ഥിതിവാദം പ്രകൃതിയെ രക്ഷിക്കാനല്ല, മറിച്ച് മനുഷ്യന്റെ വ്യവസായിക ആവശ്യങ്ങളെ നിലനിര്‍ത്താന്‍ (sustainability) മാത്രമുള്ളതാണെന്ന്'' അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. വന്‍കിട കാറ്റാടിപ്പാടങ്ങളും സോളാര്‍ പ്രൊജക്ടുകളും പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്നത് വെറും കാപട്യമാണെന്ന് കിംഗ്സ്നോര്‍ത്ത് വാദിക്കുന്നു. നമ്മള്‍ ഉദ്ഭവിച്ച ഭൂമിയുമായോ പ്രകൃതിയുമായോ ബന്ധമില്ലാത്തവരായി നാം മാറിയിരിക്കുന്നു. പണ്ടുകാലത്ത് ഭൂരിഭാഗം ആളുകളും തങ്ങള്‍ ജനിച്ച സ്ഥലത്തുനിന്ന് അഞ്ച് മൈലില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് പോയിരുന്നില്ല. എന്നാല്‍, ഇന്നു നമ്മള്‍ മറ്റു മനുഷ്യരില്‍നിന്നും പ്രകൃതിയില്‍നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. മനുഷ്യനാകുക എന്നതിന്റെ സത്തയെത്തന്നെ അവഗണിച്ച് അവനെ യുക്തി മാത്രമുള്ള ഒരു ജീവിയായി ചുരുക്കാനാണ് പലരും ശ്രമിക്കുന്നത്. ജി.കെ. ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞതുപോലെ, ഭ്രാന്തന്‍ തന്റെ യുക്തി നഷ്ടപ്പെട്ടവനല്ല, മറിച്ച് യുക്തി ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ടവനാണ്. മനുഷ്യബന്ധങ്ങളേയും വികാരങ്ങളേയും പ്രകൃതിയേയും അനിശ്ചിതത്വങ്ങളേയും പൂര്‍ണമായും അവഗണിച്ച്, ഡാറ്റയും സാങ്കേതികവിദ്യയും നിയമങ്ങളും മാത്രം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആധുനിക സാങ്കേതിക ഏകാധിപത്യം യഥാര്‍ത്ഥത്തില്‍ ഈ ഭ്രാന്തന്റെ യുക്തിയാണ് പ്രയോഗിക്കുന്നത്. അവര്‍ക്ക് യുക്തി മാത്രമാണുള്ളത്, മനുഷ്യത്വം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു.

യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത, എന്നാല്‍, കര്‍ശനമായ യുക്തിയിലധിഷ്ഠിതമായ ഒരു മിഥ്യാബോധമാണ് ഇന്നുള്ളത്. യുക്തിക്ക് പരിധികളുണ്ടെന്നും ജീവിതത്തിന്റെ സത്ത എപ്പോഴും യുക്തിക്കതീതമാണെന്നും ശാസ്ത്രലോകത്തെ പ്രഗത്ഭരായ മുന്‍നിര ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ജീവിതത്തിന്റെ ലക്ഷ്യം യുക്തിയിലൂടെ ലോകത്തെ മനസ്സിലാക്കുക മാത്രമാണെന്ന് വിശ്വസിക്കുമ്പോള്‍ നമുക്കു വഴിതെറ്റുന്നു. വിചിത്രമായ അയുക്തിയിലേയ്ക്ക് വഴുതിവീഴുകയും ചെയ്യുന്നു. മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ ജീവിതവും പുതിയൊരുതരം യുക്തിവാദ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെടണം എന്ന വിശ്വാസമാണ് എല്ലാ ഏകാധിപത്യ വ്യവസ്ഥകളുടേയും അടിസ്ഥാനം.

മനുഷ്യനെ, ഈ പ്രപഞ്ചത്തെ തന്നേയും ഒരു യന്ത്രമായി കാണാന്‍ നമ്മള്‍ എപ്പോഴും പ്രേരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വം വളരെ പ്രാധാന്യമുള്ള സംഗതിയാണ്. അടുത്തടുത്തേയ്ക്ക് ചെല്ലുന്തോറും അകന്നകന്നുപോകുന്ന ചക്രവാളമല്ല മുന്നിലെങ്കില്‍ നാം ഒരിക്കലും അന്വേഷണത്തിനു മുതിരുകയില്ല. ആ അനിശ്ചിതത്വം തന്നെയാണ് മനുഷ്യജീവിതത്തിന്റെ ആകര്‍ഷണീയത. മനുഷ്യന്റെ ഭാഷ മൃഗങ്ങളുടെ ആശയവിനിമയ സംവിധാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് എന്ന് സാമാന്യേന പറയാറുണ്ട്. മൃഗങ്ങളേയും പക്ഷികളേയും സംബന്ധിച്ചിടത്തോളം ഒരു ശബ്ദം ഒരു കാര്യത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, മനുഷ്യന്റെ ഒരു വാക്കിനു സന്ദര്‍ഭത്തിനനുസരിച്ച് അനന്തമായ അര്‍ത്ഥങ്ങളുണ്ടാകാം. 'പരിമിതമായ ശബ്ദങ്ങളുടെ ഒരു ശേഖരം' അല്ലെങ്കില്‍ 'സ്ഥിരമായ ചില സൂചനകളുടെ ഒരു കൂട്ടം' (A set of reportoire) മാത്രമാണ് പക്ഷിമൃഗാദികള്‍ക്കുള്ളത്. എന്നാല്‍, മനുഷ്യന്റെ ഒരു വാക്കിന് സന്ദര്‍ഭത്തിനനുസരിച്ച് അനന്തമായ അര്‍ത്ഥങ്ങളുണ്ടാകാം. ഭാഷയെ അനന്തവും അനിശ്ചിതവുമായി വികസിപ്പിച്ചുകൊണ്ടേയിരിക്കാം. അതുകൊണ്ടുതന്നെ അനിശ്ചിതത്വം മനുഷ്യജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ഈ അനിശ്ചിതത്വത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഏകാധിപത്യം ചെയ്യുന്നത്. അനിശ്ചിതത്വമില്ലാത്ത ലോകം മനുഷ്യത്വമില്ലാത്ത ലോകമാണ്.

ഈ സന്ദര്‍ഭത്തിലാണ് ജീവശാസ്ത്രപരമായ അറിവുകള്‍ പ്രസക്തമാകുന്നത്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയേണ്ടിവരുന്നത്. തലച്ചോറിന്റെ ഇടതുഭാഗത്തിന് എപ്പോഴും ഉറപ്പുകള്‍ ആവശ്യമായി വരുമ്പോള്‍, വലതുഭാഗം കാര്യങ്ങള്‍ അവ്യക്തമായിരിക്കുന്നതിനെ ഉള്‍ക്കൊള്ളുന്നു. എല്ലാം കൃത്യമായ നിയമങ്ങള്‍ക്കു വിധേയമാകണം എന്നു നാം ആഗ്രഹിക്കുന്നു. യുക്തി എന്നത് വികാരങ്ങളില്‍നിന്നാണ് ഉരുത്തിരിയുന്നത്. ദേഷ്യം, നാര്‍സിസം തുടങ്ങിയവ ഇടതുമസ്തിഷ്‌കത്തിന്റേതാണ്. എന്നാല്‍, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ സൂക്ഷ്മമായ വികാരങ്ങള്‍ വലതുമസ്തിഷ്‌കത്തിന്റേതുമാണ്. കൃത്രിമബുദ്ധി എന്നത് ഇടതുമസ്തിഷ്‌ക ചിന്തയുടെ ഒരു പ്രകടനമാണ്. പ്രവചിക്കാന്‍ കഴിയുന്നതും ശക്തവും നിയന്ത്രിക്കാന്‍ കഴിയുന്നതുമായ ഒന്നാണത്. എന്നാല്‍, അതിന് ഒരു ആത്മാവില്ല. മനുഷ്യന്‍ തന്റെ സൃഷ്ടികളിലൂടെ ദൈവങ്ങളെപ്പോലെ ആകാന്‍ ശ്രമിക്കുന്നതിന്റെ ദുരന്തമാണ് ഇന്നു നാം കാണുന്നത്.

കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഈ ഇടതുമസ്തിഷ്‌കത്തിന്റെ സ്വാഭാവികചോദനകള്‍ക്ക് ഉത്തരമായി വന്നതാണ് എന്നാണ് മനഃശാസ്ത്രപരമായ സാമൂഹ്യവിശകലനം. അനിശ്ചിതത്വം നല്‍കുന്ന ഉല്‍ക്കണ്ഠകള്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ ഇടതുഭാഗം പൊതുവെ ഇഷ്ടപ്പെടുന്നില്ല. കാര്യങ്ങളെ കറുപ്പും വെളുപ്പുമായി കാണാനും കാര്യങ്ങളെ ഘട്ടം ഘട്ടമായി വിശകലനം ചെയ്യാനും അതിഷ്ടപ്പെടുന്നു. കൃത്രിമബുദ്ധി പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ഇതേ രീതിയിലാണ്. ഡാറ്റയും അല്‍ഗോരിതങ്ങളും ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച നിയമങ്ങള്‍ക്കനുസരിച്ച് മാത്രമാണ് എ.ഐ പ്രവര്‍ത്തിക്കുന്നത്. അതിനു സ്വന്തമായി അന്തര്‍ജ്ഞാന (intuition) മൊന്നുമില്ല. സങ്കീര്‍ണതകളെ അതിഷ്ടപ്പെടുന്നുമില്ല. കുഴഞ്ഞതും ഗഹനമായതുമായ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഉറക്കം വരുന്ന കൂട്ടരെ കണ്ടിട്ടില്ലേ? അതുപോലെ സങ്കീര്‍ണതകള്‍ക്കു മുന്‍പില്‍ മസ്തിഷ്‌കത്തിന്റെ ഇടതുഭാഗം കോട്ടുവായിടും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മാത്രമല്ല, അനിശ്ചിതത്വത്തിനു പരിഹാരമുള്ളത്. എല്ലാതരത്തിലുള്ള ഏകാധിപത്യങ്ങളിലും അനിശ്ചിതത്വത്തിനു പരിഹാരമുണ്ട്. നമ്മള്‍ വിശേഷിച്ച് ചിന്തിച്ച് ബുദ്ധിമുട്ടേണ്ടതില്ല. നമുക്കുവേണ്ടിയുള്ള ധാര്‍മ്ികമായ തെരഞ്ഞെടുപ്പുകള്‍ ഞങ്ങള്‍ നടത്താമെന്ന് ഏകാധിപത്യ വ്യവസ്ഥ പറയും. അവിടെയാണ് അത് ആത്യന്തിക തിന്മയായി മാറുന്നത്.

ചുരുക്കത്തില്‍ മനസ്സുകളെ നിയന്ത്രിക്കുന്നതിലൂടെയാണ് ആധുനികകാലത്ത് എല്ലാതരം സമഗ്രാധിപത്യവ്യവസ്ഥകളും പ്രവര്‍ത്തിക്കുന്നത്. ജീവശാസ്ത്രപരമായ ചില കാരണങ്ങളും അതിനുണ്ട്.

Summary

All types of totalitarian systems in the modern era operate by controlling minds. There are also certain biological reasons behind it, writes Satish Suryan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER